പ്രതികരണശേഷി നഷ്ടപ്പെട്ടവർ
നിൻ കൊട്ടാരത്തിൻ
സ്പടികങ്ങളുടഞ്ഞുടഞ്ഞു
നിൻ മേനിയെ കുത്തിനോവിക്കുമ്പോൾ
എന്തേ...., നിൻ മുഖത്തു മൗനം തപസ്സിരിക്കുന്നു.
കണ്മുന്നിലൊരു കുഞ്ഞിന്റ പാതികരിഞ്ഞ ജഡം.
പിന്നെ ചൂഴ്നെടുത്ത
കൺ കുഴികളും
എന്നിട്ടുമെന്തേ.....,
നിൻ മിഴികളിൽ ഇരുണ്ട വരൾച്ച കൂടുകെട്ടുന്നു.
വേദനയുടെ നിലവിളി നിൻ
കാതിൽ കുരുക്കുംമ്പോഴും
എന്തേ നിൻ കാതിൽ
മൂകത അലയടിക്കുന്നു.
വിഷപ്പാമ്പുകൾ വിഷം കുത്തി ഈ മണ്ണിന്റെ മാറിലെ മുലപ്പാൽ കരിക്കുമ്പോഴും
എന്തേ നിൻ കൈകൾ മരവിച്ചിരിക്കുന്നു.
നീ നിന്റെ മൗനം അടിച്ചുടക്കുക.
നിൻ മിഴിയിലെ ഇരുണ്ട വരൾച്ച കത്തിച്ചു
ജ്വാല പ്രവാഹമാക്കുക.
നിൻ കാതിൽ കുരുത്ത
നിശ്ശബ്ദതയെ ശബ്ദത്താൽ ഉണർത്തുക.
മരവിച്ച കൈകൾ ചലിപ്പിച്ചു നീ വിഷപ്പാമ്പിനെ കൊന്നു,
മണ്ണിന്റെ മാറിലെ മുലപ്പാൽ കരിക്കാതെ,
കറുക്കാതെ കാത്തുകൊള്ളുക.......
********
വട്ടക്കണ്ണാടി
വട്ടക്കണ്ണാടിയിലൂടെ നോക്കി,നോക്കി
പറഞ്ഞു
ഇൻഡ്യയുടെ ആത്മാവ്
ഗ്രാമങ്ങളിലാണ്.
ഇപ്പോൾ എല്ലാവരും
ഭൂതക്കണ്ണാടിയിലൂടെ
ഗ്രാമത്തെ തിരയുകയാണ്.
********
മദ്യം
" മദ്യം "
ആദ്യം
വിരുന്നുകാരനായ്
ധമനികളെ ത്രസിപ്പിക്കുന്നു ഹൃദയത്തിൽ കൂടു കൂട്ടുന്നു
"മദ്യം"
ഹൃദയ ഹാരിയായ് വിട്ടുപിരിയാത്ത
കൂടുകാരനായ്
കൂടെ കൂടുന്നു.....
"മദ്യം"
മസ്തിഷ്കത്തിലെ
മാന്ത്രികനായ്
വിരാജിക്കുമ്പോൾ
തളരുന്ന കരളി ന്റെ
കരയുന്ന കണ്ണീർ
കാണാതെ പോകും.....?
"ഒരു ദിനം"
ഹൃദയത്തിൽ നിന്നും മധുചഷകത്തിലേക്ക്
വാർന്ന ചുവന്ന രക്തത്താൽ
മുങ്ങി, പൊങ്ങി
മരണമുഖത്തേക്കു
യാത്രയാകുന്നു........
********
ഞാനായിട്ടല്ല...
ശ്രീകോവിലിൽ, പ്രതിഷ്ഠിച്ചതും,
വിളക്ക് തെളിയിച്ചു
പൂജ നടത്തുന്നതും,
ഞാനായിട്ടല്ല....
ഏതോ ജന്മങ്ങളാണ്.
ചെണ്ട മേളത്തോടുകൂടി
എഴുന്നള്ളിച്ചപ്പൊഴും,
കാതടപ്പിക്കും ശബ്ദത്താൽ
കരിമരുന്നിൽ,കരി വീരന്മാർ വിരണ്ടോടാത്തതും
ഞാനായിട്ടല്ല.....
സഹിഷ്ണുതയാണ്.
ശ്രീകോവിലിന്റെ ചുറ്റുമതിലിന്റെ പുറത്തു
കോമരം തുള്ളുന്നതും
രക്തം ചിന്തുന്നതും
ഞാനായിട്ടല്ല.....
സഹിഷ്ണുതയില്ലാത്ത
ജന്മകളാണ്.
********
വർത്തമാന കാലം
കാലമേ..... കണ്ണീർ പൊഴിക്കാതെ
പുഞ്ചിരിച്ചണയുന്ന - നിൻമുഖം കാണുവാൻ
ഞാനിതാ തപ്തനായ്
ഈ തീരത്തലയുന്നു.
കാലത്തിൻ കവിളിൽ
കയ്പ്പ് നീർ നിറയുന്നു
കാണുവാൻ കഴിയില്ല, കാണുവാൻ കഴിയില്ല
ഇനി എനിക്ക്.
കൊല്ലന്റെ തീക്കനൽ ചൂളയിൽ
വെന്തതാം ലോഹ മൂർച്ചകൾ, മർത്ത്യ രക്തത്തിനായി
നാവുനീട്ടീടുന്നു
ലോഹത്തിൻ ദണ്ഡുകൾ വെന്തുരുകുന്നിതാ
ചെങ്കനൽ നിറമാർന്ന് മൗനത്താൽ ഗർജ്ജിക്കുന്നു.
വെട്ടിപ്പിടിച്ച നെൽപ്പാടങ്ങളത്രയും
മാനത്തു മുത്തമിടുന്ന
സൗധങ്ങളായ് മാറുന്നു
മണ്ണിന്റെ മക്കളോ
പട്ടിണിപ്പായ വിരിച്ചുറങ്ങീടുന്നു..
കാടും, മലകളും
മാന്തി വെളുപ്പിക്കും
യന്ത്രങ്ങൾ
ആർപ്പ് വിളിക്കുന്നു ശ്വാസം വലിക്കുന്നു.....
പക്ഷിയും,തുമ്പിയും,
ചിത്രശലഭങ്ങളും എങ്ങോ-
പറന്ന് പറന്ന് പോയ് മറയുന്നു..
കരിയുന്ന കാടിന്റെ വേരുകൾ മണ്ണിനെ കെട്ടിപ്പിടിച്ചു നിലവിളിക്കുന്നു മഴത്തുള്ളികൾ തേടി....
********
കുപ്പി
കഴുത്തോളം മദ്യം വിഴുങ്ങിയ
കുപ്പികൾ
ഷോകേയ്‌സിൽ
നെഞ്ചു നിവർത്തി
നിൽക്കുന്നു.
മദ്യം വാർന്നു പോയ
കുപ്പികൾ തെരുവിൽ
മുഴുക്കുടിയരെ പോലെ
വീണുകിടക്കുന്നു.
********
പ്രണയം മരിക്കുന്നത്...
ഭൂമിയുടെ നട്ടെല്ലുപോലെ നീണ്ടു
നിവർന്നു കിടക്കുന gv്ന
റെയിൽ പാളത്തിലൂടെ
വണ്ടി കൂകിക്കൂകി കടന്ന് പോയപ്പോൾ
അച്ഛൻ ആരാഞ്ഞു.
"ആ പോയ വണ്ടി ബോംബെ മെയിലാണോ?"
ഒന്നിനുമല്ല വെറുതെ
സമയം അറിയാൻ വേണ്ടി ചോദിച്ചതാ...
ഇപ്പോൾ തലങ്ങും,വിലങ്ങും
ചീറിപ്പായുന്ന റയിൽ വണ്ടിയോ?
വരുമ്പോൾ വന്നെന്നു പറയാം പോകുമ്പോൾ പോയെന്ന് പറയാം
പാവം യാത്രക്കാർക്കല്ലേ
വണ്ടിയുടെ സമയം വിഷയമാകുന്നുള്ളു?
സ്കൈ വാക്കിൽ നിന്ന്
ലോക്കൽ പ്ലാറ്റ് ഫോമിലേക്ക്
കണ്ണെറിയുമ്പോൾ
തേനീച്ച കൂട്ടിൽ കല്ലെറിഞ്ഞത്പോലെ
തലകൾ ചന്നം പിന്നം ചലിക്കുന്നു.
റാണിയില്ലാത്ത തേനീച്ചകൾ.
കാട് കാണാത്ത തേനീച്ചകൾ
കോൺക്രീറ്റ് മരത്തിൽ
കൂട് വെക്കുമ്പോഴും
അവയുടെ
പ്രതികരണശേഷി പൂർണ്ണമായും നഷ്ടമായിട്ടില്ല.
ലോക്കലിൽ കയറുന്ന,
പുഴുക്കളെ പോലുള്ള
പച്ച മനുഷ്യർ ഈ ലോകത്തോട് മുഴുവൻ പ്രതിഷേധിക്കും പോലെ "ഇൻക്വിലാബ് സിന്ദാബാദ്"
വിളിക്കും പോലെ
ചുരുട്ടിയ മുഷ്ടികൾ
കൈ പിടിയിലെക്ക് ഉയർത്തുമ്പോഴും
പ്രതികരണം ഉള്ളിൽ തിളയ്ക്കുന്നുണ്ട്.
വാട്സാപ്പിന്റെയും ഫേസ്ബുക്കിന്റെയും
മുന്നിൽ മാത്രം നട്ടെല്ല് പൊക്കിപ്പിടിച്ച് പ്രതികരിക്കുന്നവർ അവരുടെ ലോകത്ത്...
സ്കൈ വാക്കിൽ ഇപ്പോൾ
പ്രണയം ശവപ്പെട്ടിലാക്കുന്നത്
പ്രണയ മിഥുനങ്ങളല്ല,
കാമക്കോമരങ്ങളാണ്.
എനിക്ക് പറയാനുള്ളത്
അച്ഛൻ ചോദിച്ച
ആ മെയിൽ വണ്ടിയെ പറ്റി
മാത്രമാണ്.
ആ മെയിൽ
സന്തോഷവും,പരസ്പര സ്‌നേഹവും പൂത്തുലഞ്ഞിരുന്നു
"ഈ-മെയിലിൽ"…!
********
0 comments:
Post a Comment