മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

വി. ടി. ഗോപാലകൃഷ്ണന്‍


വി.ടി. ഗോപാലകൃഷ്ണന്റെ ഓര്‍മ്മകളിലൂടെ.... 
(വി.ടി. സ്മാരക സമിതി 2003-ല്‍ പുറത്തിറക്കിയ സ്മരണികയില്‍ നിന്ന്)

വി. ടീ.. ഞങ്ങള്‍ ഒര്‍ക്കുന്നു - പ്രോഫ. പി.എ. വാസുദേവന്‍


എഴുപതുകളുടെ പകുതി പിന്നിട്ട കാലം. ഒരു ദിവസം പാലക്കാട്ടെ എന്റെ ലോഡ്ജില്‍ ഒരാള്‍ വന്നു പരിചയപ്പെട്ടു. വി. ടി. ഗോപാലകൃഷ്ണന്‍. ഞാന്‍ വിക്ടോറിയകോളജില്‍ ലക്ചററായി ചേര്‍ന്ന് അധികമായില്ല. ഇവിടുത്തെ സാഹിത്യ രംഗം ഞങ്ങള്‍ കുറച്ചുപേര്‍ ഒന്നു ചൂടാക്കിയിരുന്നു. മുണ്ടൂര്‍കാരായ കൃഷ്ണന്‍കുട്ടിയും സേതുവും, ശത്രുഘ്‌നനും, കാളിദാസ് പുതുമനയും ഒത്തുകൂടിയ കാലം. അവധിയില്‍ വരുമ്പോള്‍ വി.ടി.യും കൂട്ടത്തില്‍ ചേര്‍ന്നു.
വൈകുന്നേരമായാല്‍ വി.ടി. മുറിയിലെത്തും. പിന്നെ നടത്തം, സാഹിത്യ ചര്‍ച്ച. വളരെ 'ഷാര്‍പ്' ആയ നിരീക്ഷണങ്ങള്‍ നടത്തുന്ന ഇദ്ദേഹത്തെ ഞാന്‍ പെട്ടെന്നു ശ്രദ്ധിച്ചു. 'പ്രസാദ'വും 'മാംസനിബദ്ധമല്ല രാഗവും' ഞാന്‍ വായിച്ചു. ദുരൂഹവും അപ്രിയവുമായ പ്രയോഗങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. എന്നെ ആകര്‍ഷിച്ചത് നരീക്ഷണങ്ങളിലെ പുതുമയും യുക്തിയുമായിരുന്നു.

വി.ടി. യുടെ സാഹിത്യവിചാരങ്ങള്‍ എന്തുകൊണ്ടോ കേരളം ഏറ്റുവാങ്ങിയില്ല. നമ്മുടെ 'കണ്‍സര്‍വേറ്റീവ്' അനുശീലനത്തിന് വി.ടി. ശല്യമായിരുന്നു. ഇലയ്ക്കും മുള്ളിനും കേടുപറ്റാത്ത, സങ്കീര്‍ത്തനങ്ങള്‍ മാത്രം നടത്തുന്ന നിരൂപണത്തിന്, 'മാംസ നിബദ്ധമല്ല രാഗം' എന്ന കൃതിയോ, 'പ്രസാദ'മോ ഒരു 'ഹെററ്റിക്കി'ന്റെ വിഭ്രാമക വിചിന്തനങ്ങളായതില്‍ അത്ഭുതമില്ല. ആരേയും വല്ലാതെ തൊട്ടുകൂടാ- ആശാനായാലും, ശ്രീരാമചന്ദ്രനായാലും, കടമ്മനിട്ടയായാലും.

വി.ടി. അതേ ചെയ്യൂ. രാജപാതകളേക്കാള്‍ ഊടുവഴികളുടെ പുതുമയിലും ലഹരിയിലുമായിരുന്നു വി.ടി.ഗോപാലകൃഷ്ണന്‍, നമ്മള്‍ അങ്ങനെ വി.ടി.യെ അവഗണിച്ചു. എതിര്‍ത്താല്‍ മറുപടി പറയണം. അതിനുള്ള വൈഭവമില്ലെങ്കില്‍ നല്ലത് അവഗണന തന്നെ. തന്ത്രശാലികളായ നാമത് ചെയ്തു. വി.ടി. ഒരു ചര്‍ച്ചയ്ക്കുപോലും വിധേയനാവാതിരുന്നതിന് മറ്റെന്തു പറയാന്‍?

ഇതൊരു സാഹിത്യ പഠനമാക്കാനുദ്ദേശിക്കുന്നില്ല. ഞങ്ങള്‍ നിരന്തരം നീണ്ട കത്തുകളിലൂടെ ബന്ധപ്പെട്ടു. അവധികളില്‍ സംസാരിച്ചു കൂട്ടി. നീണ്ട സായാഹ്ന നടത്തങ്ങളില്‍ മനസ്സു തുറന്നു. പ്രമേഹം തന്നെ എന്നോ കടന്നു പിടിച്ച കഥകളും അദ്ദേഹം പറയുമായിരുന്നു. അതിനിടയില്‍ കത്തുകള്‍ കുറേ മുറിഞ്ഞു. എന്നാലും ബന്ധം അങ്ങിനെ ഇടയ്ക്കിടെ പുതുക്കി. പലതവണ അദ്ദേഹം ക്ഷണിച്ചെങ്കിലും ബോംബെയില്‍ പോവാന്‍ പറ്റിയില്ല. വടക്കന്തറയിലെ വീട്ടില്‍ പോയി.

പിന്നെ ഒരിക്കല്‍ വി.ടി. മരിച്ച വിവരം വന്നു. എന്തോ വല്ലായ്മ തോന്നി. ശാന്തനും വാശിക്കാരനുമായിരുന്ന സുഹൃത്തിനോട് മനസാ യാത്ര പറഞ്ഞു.

പിന്നെയും കുറെ കഴിഞ്ഞാണ് വി.ടി. അവാര്‍ഡ് അനിയന്മാരായ വാസുദേവന്റെയും, ദാമുവിന്റെയും താല്പര്യത്തില്‍ നിലവില്‍ വന്നത്. അതിന്റെ പിന്നില്‍ നില്‍ക്കാന്‍ കഴിഞ്ഞതിലെ സന്തോഷം ഏറെയാണ്. ഒന്നാം പുരസ്‌ക്കാരദാനത്തിന് ബോംബെയിലെ അവരുടെ വീടിനു മുന്നില്‍ ചെന്നു നിന്നപ്പോള്‍ വാതിലില്‍ കണ്ട പേരില്‍ കുറേനേരം നോക്കി നിന്നു - വി.ടി. ഗോപാലകൃഷ്ണന്‍.

മനസ്സില്‍ പറഞ്ഞു 'വി.ടി. ഇന്നാണിവിടെ വരാന്‍ നേരമായത്. മരണത്തിലും ഞങ്ങള്‍ താങ്കളുടെ കൂടെയുണ്ട്.'

വി.ടി. ചിരിച്ചിട്ടുണ്ടാവും. എന്തിനും പുതിയൊരര്‍ത്ഥം കാണാന്‍ ശ്രമിച്ച വ്യക്തിയായിരുന്നല്ലോ.


പുറം പോലെ ഉള്ളും - മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി

പ്രോഫ. വാസുദേവനും ഞാനും ബോംബെയ്ക്ക് പുറപ്പെടുന്നു. ഒരു വൈകുന്നേരമാണ് പുറപ്പാട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ്. രണ്ടു വിധത്തില്‍ ഞാന്‍ ആ യാത്രയില്‍ തൃപ്തനായിരുന്നു. ഒന്ന് നമ്മോട് യാത്രപറഞ്ഞ് പിരിഞ്ഞ വി.ടി. ഗോപാലകൃഷ്ണന്റെ ഓര്‍മ്മ പുതുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് പോകുന്നത്. രണ്ട്, ഗോപാലകൃഷ്ണന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം കഥാകാരി മാനസിക്ക് നല്‍കാന്‍ എന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഗോപാലകൃഷ്ണന്‍ വീക്ഷണത്തില്‍ തെളിമയുള്ള ആളായിരുന്നു. തെളിമയെന്നു പറഞ്ഞാല്‍ പോര തീക്ഷ്ണമായ തെളിമയെന്നുതന്നെ പറയണം. മാനസി മറ്റാരും പറയാത്തവിധം കഥ പറഞ്ഞ് നമ്മുടെ ഉള്ളിലേയ്ക്ക് ഇറങ്ങി വന്ന ആളായിരുന്നു.

തീവണ്ടിയില്‍ ഇരിയ്ക്കുമ്പോള്‍ ഗോപാലകൃഷ്ണന്‍ എന്ന സുഹൃത്തുമായി പങ്കിട്ട സന്ദര്‍ഭങ്ങളില്‍ നിന്ന് മനസ്സിനെ അടര്‍ത്തിമാറ്റാന്‍ കഴിയുന്നില്ല.

മെയ് അഞ്ചിന് കുഞ്ചന്‍ദിനം. കിള്ളിക്കുറിശ്ശി മംഗലത്ത് കലക്കത്ത് ഭവനത്തില്‍ കുഞ്ചന്‍ ദിനം. അന്ന് വി.ടി. ലീവില്‍ നാട്ടിലുണ്ടായിരുന്നു.

വി. ടി. നമ്മുക്കൊന്ന് കലക്കത്തുവരെ പോയാലോ, എന്റെ ചോദ്യത്തിന് സന്തോഷത്തോടെ ചങ്ങാതി സമ്മതം മൂളി. ലക്കിടി കൂട്ടുപാതയില്‍ ബസ്സിറങ്ങുമ്പോള്‍ അതുവരെ ലാഘവത്തേടെ വര്‍ത്തമാനം പറഞ്ഞിരുന്ന സുഹൃത്തിനെയല്ല കണ്ടത്. ആകെ അസ്വസ്ഥനായിരുന്നു വി.ടി.
എന്താ വി.ടി. ?
നമുക്ക് ആ ചായ പീടികയിലേയ്ക്ക് പോകാം. വി.ടി. പറഞ്ഞു. എന്നിട്ട് ഒരു നേന്ത്രപ്പഴം പറിച്ചെടുത്തു തിന്നു തുടങ്ങി. പിന്നെ ചായയും കഴിച്ചുകൊണ്ട് ഇരുന്നു.

അങ്ങനെ എന്റെ പരിഭ്രമം കുറച്ചുകൊണ്ട്, കുറച്ചു കഴിഞ്ഞതോടെ വി.ടി. പഴയ വി.ടി. യായി. രക്തത്തിലെ പഞ്ചസാരയുടെ തോത് പെട്ടെന്ന് ഇടിഞ്ഞു പോയതായിരുന്നു ആ അസ്വസ്ഥതയ്ക്ക് കാരണം. എന്റെ പരിഭ്രമം പക്ഷേ വി.ടിയ്ക്കുണ്ടായിരുന്നില്ല. വിഹിതം കിട്ടിയ ജീവിതത്തോട് സമരസപ്പെടാന്‍ അയാള്‍ നേരത്തെ ശീലിച്ചിരുന്നു.

പ്രമേഹം വല്ലാതെ അലട്ടുമ്പോഴും വി.ടി., തോറ്റുകൊടുത്തില്ല. ജയിച്ചു നിന്നതേയുള്ളു. ഒരു വിവാഹം ചെയ്തുകൂടേ എന്ന അന്വേഷണത്തിന് ഒരു നിരാശന്റെ മറുപടിയല്ല കിട്ടിയത്. ചിരിച്ചുകൊണ്ട് വി.ടി പറഞ്ഞു.

'ഒരു പെണ്ണിന് ഈ ആണ് ബാധ്യതയായിക്കൂടാ. പിന്നെ എപ്പോഴെങ്കിലും സെക്‌സ് ചെയ്യണമെന്നു തോന്നിയാല്‍ അതിന് സൗകര്യവുമുണ്ട്. പോരെ ?'
ഒതുങ്ങിയ മദ്യപാനം അയാള്‍ക്ക് നിഷിദ്ധമായിരുന്നില്ല. കൂട്ടുകാര്‍ ഒതുക്കത്തോടെ കഴിയ്ക്കുന്നവരാവണം എന്നേയുള്ളു. ഒരിക്കല്‍ സാന്ദര്‍ഭികമായി വി.ടി. പറഞ്ഞത് ഓര്‍മ്മവരുന്നു.
'കഴിക്കുമ്പോള്‍ രസം കൂട്ടാന്‍ കുറച്ച് പരദൂഷണം നല്ലതാണ്. അതുകൊണ്ട് നമുക്ക് പരദൂഷണം തുടങ്ങാം.'
നല്ല വായനക്കാരനായിരുന്ന വി.ടി.ക്ക് മിക്കവാറും കാര്യങ്ങളില്‍ സ്വന്തമായ അഭിപ്രായമുണ്ടായിരുന്നു. ആ അഭിപ്രായം തുറന്നു പറയാന്‍ ഒരിയ്ക്കലും മടിച്ചിരുന്നില്ല. തൃശ്ശൂരില്‍ നിന്നും നല്ല നിലയില്‍ ഇറങ്ങിയിരുന്ന എക്‌സ്പ്രസ്സ് ദിനപത്രത്തില്‍ വി.ടി. സ്ഥിരമായി എഴുതിയിരുന്നു. പലര്‍ക്കും തീരെ രുചിയ്ക്കാത്ത കാര്യങ്ങല്‍ അയാള്‍ വെട്ടിത്തുറന്ന് പറഞ്ഞു. ഭാരതപ്പുഴയുടെ വടക്കേ സാഹിത്യം ഉള്ളു. തെക്ക് അത് കഷ്ടിയാണ്. എന്ന് വി.ടി ഒരിക്കല്‍ എഴുതിയത് ആക്ഷേപമായി. അപ്പോഴും വി.ടി. കുലുങ്ങിയില്ല.


പാലക്കാട്ടു വരുമ്പോള്‍ വി.ടിക്ക് ഞങ്ങള്‍ നാലോ അഞ്ചോ പേരോടേ അടുപ്പം ഉണ്ടായിരുന്നുള്ളു. ഞങ്ങളുമായി ഒത്തുചേരും. പതിഞ്ഞ സ്വരത്തില്‍ സൗമ്യമായി സംസാരിച്ചുകൊണ്ടിരിയ്ക്കും മറ്റുള്ളവരെ മുഷിപ്പിയ്ക്കാതിരിയ്ക്കാന്‍ വേണ്ടി അപ്പോഴും തന്റെ അഭിപ്രായങ്ങള്‍ മൂടിവയ്ക്കുകയില്ല. മുഷിഞ്ഞാല്‍ മുഷിഞ്ഞോട്ടെ എന്ന ഭാവമായിരുന്നു വി.ടി.ക്ക്. അതുകൊണ്ട് പുറം പോലെതന്നെ വി.ടി.യുടെ ഉള്ളും ഒരു തുറന്ന പുസ്തകമായിരുന്നു.

വി.ടി. യുടെ പല അഭിപ്രായങ്ങളോടും എനിക്ക് വിയോജിപ്പുണ്ടായിട്ടുണ്ട്. അത്തരം വിയോജിപ്പുകളില്‍ നിന്നുകൊണ്ട് ഞങ്ങള്‍ ധാരാളം സംസാരിക്കുകയും ചെയ്യുമായിരുന്നു. പലപ്പോഴും വി.ടി. കടും പിടുത്തക്കാരനാണെന്ന് തോന്നിയിട്ടുമുണ്ട്.

പക്ഷേ ഇതൊന്നും ഞങ്ങളുടെ സൗഹൃദത്തിന്റെ കനം കുറയ്ക്കാന്‍ കാരണമായിട്ടില്ല. കനം കൂടുകയേ ചെയ്തിട്ടുള്ളു. അതിനുള്ള കാരണം വി.ടി. എപ്പോഴും ഒറ്റ മനുഷ്യനായിരുന്നു, രണ്ടു മനുഷ്യനായിരുന്നില്ല.

വണ്ടിയിലിരുന്ന് പി.എ. വാസുദേവനും ഞാനും വി.ടി. എന്ന നഷ്ടത്തെക്കുറിച്ച് സങ്കടപ്പെട്ടു. തനിക്ക് കിട്ടിയ ജീവിതം ഇങ്ങനെയൊക്കെയാണെന്ന് അറിയിക്കുകയും ആ ജീവിതത്തെ കുലുക്കപ്പെടാതെ സ്വീകരിക്കുകയും ചെയ്ത ഞങ്ങളുടെ ചങ്ങാതിയുടെ ഓര്‍മ്മയിലേക്ക് തീവണ്ടി ഞങ്ങളെ അടുപ്പിച്ചുകൊണ്ടേയിരുന്നു.

'വീട്ടി' ബാക്കിയാക്കിയ അനന്യമാതൃക - സി. രാധാകൃഷ്ണന്‍
വീട്ടി എന്നാല്‍ ഏറെ ഉറപ്പുള്ള മരം. രണ്ടാമതൊരു വീട്ടി മലയാളക്കരയില്‍ ഉണ്ടായത് വി.ടി. ഭട്ടതിരിപ്പാട്. അദ്ദേഹത്തിനും കരിവീട്ടിയുടെ നിറവും ഉറപ്പും. മൂന്നാമതൊരു വീട്ടിയെ എനിക്കു കണ്ടുകിട്ടിയത് വി.ടി. ഗോപാലകൃഷ്ണനിലാണ്. ഉറപ്പിന് ഒരു കുറവുമില്ലാത്ത ജനുസ്സ്. കണ്ടാലോ, ഏത് ഉളിക്കും എളുപ്പം വഴങ്ങുമെന്ന് വൃഥാ തോന്നിക്കുന്ന മിനുപ്പും സൗമ്യതയും. കൊത്തിനോക്കിയാലേ കടുപ്പമറിയൂ.

ഈ ചെറിയ ആയുഷ്‌ക്കാലത്ത് എനിക്ക് വീണുകിട്ടിയ സുഹൃത്തുക്കളില്‍ ഞാന്‍ എന്നും ഒരു തവണയെങ്കിലും ഓര്‍ക്കാറുള്ള ചുരുക്കം ചലരില്‍ ഓരാളാണ് ഈ വീട്ടി. ആ തുറന്ന ചിരി വെറുതെ മുന്നില്‍ വന്നു നില്‍ക്കും. ആലീസിന്റെ അത്ഭുതലോകത്തിലെ ചെഷയര്‍ പൂച്ചയുടെ ചിരിപോലെ.

ആ ചിരി അറിവിന്റെ ചിരിയാണ്. അതിന്റെ കൂടെ കണ്‍മണികളില്‍ സവിശേഷമായ ഒരു തിളക്കവും ഉണ്ടാവും. തിരിച്ചറിവിന്റെ തിളക്കം. തിളക്കം നര്‍മ്മത്തിന്റെ പൂവ്. അതിന്റെ വേരുകള്‍ അന്വേഷിച്ചാല്‍ ഒട്ടേറെ ആഴത്തില്‍ ചെല്ലും. അവിടെ ഒരുപാട് വേദനകളുടെ വളം കണ്ടെത്താം. തന്റെ എല്ലാ വേദനകളേയും തന്റെ ചിരിക്ക് വളമാക്കിയ അപൂര്‍വ്വം തത്ത്വദര്‍ശികളില്‍ ഒരാള്‍കൂടിയാണ് വീട്ടി.

പ്രമേഹം എന്ന മാറാവ്യാധി നന്നേ ചെറുപ്പത്തിലേ പിടിപെട്ടതിന്റെ സങ്കടം ആ കുട്ടി ആരോട് പറഞ്ഞിരിക്കും? സ്വാഭാവികമായും തന്നോടുതന്നെ. മരണം ജനനം മുതല്‍ ഏവരുടേയും കൂടെ ഉണ്ടെന്ന് പറയാറുണ്ടെന്നാലും, തിരിച്ചറിയാവുന്ന ഒരു നിഴലായി അതിനെ മുന്‍നിര്‍ത്തിയുള്ള നടപ്പ് ഒട്ടും സുഖകരമല്ല, തീര്‍ച്ച. ജീവിച്ചിരിക്കുക എന്നതുതന്നെ ഒരു വലിയ വെല്ലുവിളിയായിത്തീര്‍ന്നപ്പോള്‍ സ്വാഭാവികമായും മരണം, പുനര്‍ജന്മം, നീതി, ദൈവപക്ഷം എന്നിവയെക്കുറിച്ചൊക്കെ വീട്ടി ആലോചിച്ചിരിക്കും. ആ ആലോചനയില്‍നിന്ന് ഉയിര്‍ത്ത കൂര്‍ത്തുമൂര്‍ത്ത എല്ലാ ചോദ്യങ്ങള്‍ക്കും സ്വയം ഉത്തരം കണ്ടെത്തേണ്ട ഗതികേടിലായിരിക്കണം വീട്ടി കുട്ടിക്കാലം പിന്നിട്ടത്. ഓടിച്ചാടി കളിക്കുന്ന കൂട്ടുകാരുടെ കൂടെ കൂടാന്‍ വയ്യ. ശരീരത്തില്‍ എവിടെയെങ്കിലും ചെറുതായി തോലരങ്ങിയാല്‍ സംഭവിക്കാവുന്ന അത്യാപത്ത് നിത്യശത്രു. ഇഷ്ടപ്പടി ഭക്ഷണം കഴിക്കാന്‍ വയ്യ. അവിടേയും ഭീതിതടയിടുന്നു. വളര്‍ന്ന് വലുതായാല്‍ ഒരു നല്ല ജോലി കിട്ടാന്‍ പഴുതില്ല. നിത്യ രോഗിക്ക് ജോലിയോ! വൈദ്യപരിശോധന കടന്നു കിട്ടണ്ടെ?.

യുവാവായതോടെ ഈ സങ്കടങ്ങളുടെ പട്ടിക ഒന്നുകൂടി പെരുകി. ജീവിക്കാന്‍ വേണ്ട പഠിത്തവും ജോലിയും ആയാല്‍ത്തന്നെ മറ്റുള്ളവരെപ്പോലെ കഴിയാന്‍ തനിക്ക് സാധിക്കില്ല. കുട്ടികളുണ്ടായാല്‍ അവര്‍ക്കും ഈ അസുഖം വരാനുള്ള സാദ്ധ്യത വളരെ ഉയര്‍ന്നത്. തനിക്ക് കിട്ടിയ ദുരിതം ഇനി മറ്റൊരാള്‍ക്കുമുണ്ടാകരുത് എന്നല്ലെ കരുതാനാവൂ? ആങ്ങനെ, കൗമാരത്തിന്റെ സ്വാഭാവിക കൂട്ടുകാരായ ലൗകിക സങ്കല്പങ്ങള്‍ വിടരാതെ പുഴുതിന്നു പോയി.

എന്നാലോ തനിക്കു ധാരാളം സഹോദരങ്ങള്‍. അവര്‍ക്കൊന്നും ആവശ്യമായ പരിരക്ഷയൊ സൗകര്യങ്ങളൊ ഇല്ല. അച്ഛന്‍ നേരത്തെ മരിക്കുകകൂടി ആയതോടെ ജീവിതം ഇടതടവില്ലാത്ത കമ്പിവേലിതന്നെ ആയി. എല്ലാ കടപ്പാടും സ്‌നേഹവും അമ്മയില്‍ കുറ്റിയടിച്ചു കെട്ടി. തന്റെ ഒരു ചിന്തയും വികാരവും പുറത്തു കാട്ടാതെ ജീവിക്കാന്‍ അഭ്യസിച്ചു. വേദനകള്‍ സദാനേരവും നേരിപ്പോടിലുരുക്കി പുഞ്ചിരി വാര്‍ത്ത് മുഖത്തണിഞ്ഞു.

കുട്ടിത്തം കുസൃതിയായി മൊട്ടിട്ടു. പ്രായോഗികഫലിതങ്ങള്‍ ജീവിതരീതിയായി. നാറാണത്ത് ഭ്രാന്തനും ഇതേ മൂശയിലായിരിക്കാം വാര്‍ക്കപ്പെട്ടത്. സാഹിത്യത്തിലും ജീവിതത്തിലും കുസൃതിക്ക് ആവിഷ്‌കാരം കണ്ടെത്താനാണ് വീട്ടി ശ്രമിച്ചത്. പൊയ്മുഖങ്ങള്‍ തിരിച്ചറിയാന്‍ വീട്ടിക്ക് അസാമാന്യമായ കഴിവുണ്ടായിരുന്നു. അത്രത്തോളം തന്നെ ഉണ്ടായിരുന്നു, ഏത് പൊയ്മുഖവും വലിച്ചു ചീന്താനുള്ള വാശിയും. ചിരിച്ചുകൊണ്ടാണ് അത് ചെയ്യുകയെന്നാലും ആ ചെയ്തത് ആടിമുടി അരിയുന്ന തരത്തിലാവും.

വീട്ടിയുടെ ഏറ്റവും വലിയ ബന്ധുവും ശത്രുവും മരണമായിരുന്നു. അതൊരു സ്‌നേഹ-വിദ്വേഷ ബന്ധമായിരുന്നു. ജീവിതവും മരണവും തമ്മിലുള്ള യഥാര്‍ത്ഥ അന്തരം കണ്ടെത്താന്‍ വീട്ടി പല തരം പരീക്ഷണങ്ങളും രഹസ്യമായി നടത്തി. ജോലിസ്ഥലത്തു നിന്ന് പൊട്ടാസ്യം സൈയനൈഡ് കൊണ്ടുവന്ന് പക്ഷികളിലും പട്ടികളിലും പൂച്ചകളിലും പ്രയോഗിച്ച് മരിക്കാനുള്ള ഏറ്റവും കുറഞ്ഞ സമയം കണ്ടെത്തി. തന്നെ ഒരു അവശനായി കിടത്താന്‍ തന്റെ സന്തതസഹചാരിയായ രോഗം എപ്പോഴെങ്കിലും തുനിഞ്ഞാല്‍ ഉപയോഗിക്കാനുള്ള മരുന്നും അറിവുമാണ് അങ്ങനെ നേടി കൈവശം വെച്ചുപോന്നത്.

കുശാഗ്ര ബുദ്ധിയായിരുന്നു. സയന്‍സില്‍ ഉറച്ച നില്പും നേടിയിരുന്നു. പക്ഷേ, ജന്മവാസന കാരണമാകാം, സാഹിത്യമാണ് നിത്യ ജീവിതത്തില്‍ ഐശ്ചികമായി തെരഞ്ഞെടുത്തത്. പരന്ന വായന അതിന് ആധാരമാക്കി. നിലവിലുള്ള വിമര്‍ശനധാരണകള്‍ മലയാളസാഹിത്യത്തെ ശരിയായ കാഴ്ചപ്പാടിലല്ല ആവതരിപ്പിക്കുന്നതെന്ന് വീട്ടി കണ്ടെത്തി. അത് തിരുത്താന്‍ തന്നാലാവത് നിര്‍ഭയം ശ്രമിക്കയും ചെയ്തു.

ഉപജീവനത്തിന് മഹാനഗരത്തിലെത്തിയ വീട്ടിക്ക് തന്റെ ജോലി എന്ന കെട്ടുകുറ്റിയും മഹാനഗരവും വിടാതെ വേണമായിരുന്നു സാഹിത്യോപാസന ചെയ്യാന്‍. അന്നത്തെ മഹാനഗരം വ്യത്യസ്തമായിരുന്നു. സാഹിത്യകാരന്മാരുടെ പുതുതലമുറ ഡെല്‍ഹിയില്‍ ചേക്കേറിയ കാലം. ബോംബെ പ്രായേണ ശുഷ്‌കമായിരുന്നു, സൃഷ്ടിപരതയില്‍. നഗരത്തിന്റെ പരപ്പ് പരസ്പരം ബന്ധപ്പെടാന്‍ തടസ്സവുമായിരുന്നു. എന്നിട്ടും വീട്ടി അന്ന് നഗരത്തിലുണ്ടായിരുന്ന എഴുത്തുകാലുമായി അടുത്ത ബന്ധം സ്ഥാപിച്ചു. അക്ഷരം ചര്‍ച്ച ചെയ്യപ്പെടുന്നേടത്തെല്ലാം ചെന്നു. മുഖം നോക്കാതെ അഭിപ്രയങ്ങള്‍ പറഞ്ഞു.

അങ്ങനെയാണ് ഞങ്ങള്‍ തമ്മില്‍ വീണ്ടും കണ്ടുമുട്ടുന്നത്. വീണ്ടും എന്നു പറയുമ്പോള്‍ അതിനു മുമ്പ് ഒരു തവണ കണ്ടു എന്നു വരുന്നുണ്ട്. ഉവ്വ്. അതൊരു പ്രത്യേകതരം പരിചയപ്പെടലായിരുന്നു. അണുഗവേഷണ കേന്ദ്രത്തില്‍ അഭിമുഖത്തിനായി വന്നതായിരുന്നു ഞാന്‍. സിലക്ഷന്‍ കിട്ടിയാല്‍ ഉടന്‍ മെഡിക്കല്‍ ചെക്കപ്പും അഡ്മിഷനും എന്നായിരുന്നു അവിടെ അന്നത്തെ മുറ. പരിശോധനക്കായി നല്‍കുന്നതിന് മൂത്രമെടുക്കാന്‍ പാത്രവുമായി ബാത്ത്‌റൂമിലെത്തിയ എന്നോട് ഒരു അപരിചിതന്‍, അതുപോലൊരു പാത്രം നീട്ടി, അല്പം മൂത്രം ആവശ്യപ്പെട്ടു. തമാശയാണെന്നേ ആദ്യം തോന്നിയുള്ളു. ആ ചിരി അന്നാണ് ഞാന്‍ ആദ്യമായി കാണുന്നത്. ആ സമവയസ്‌കന്‍ പറഞ്ഞു, 'മൊറാര്‍ജി ദേശായിയുടെ പരിപാടിക്കുവേണ്ടി ഒന്നും അല്ല. ഒരു ജീവന്‍ മരണപ്രശ്‌നം പരിഹരിക്കാനാണ്. മൂത്രം തരികയും, അത് തന്ന കാര്യം ഇവിടെയെങ്ങും ആരോടും പറയാതിരിക്കയും, രണ്ടും വേണം'.

പിന്നെ മടിച്ച എന്നെ, 'തമാശയല്ല, പഌസ്...' എന്ന അപേക്ഷ വിധേയനാക്കി. എന്റെ യൂറിന്‍ സാമ്പിളുമായി പോയ വീട്ടി അതിന്റെ ബലത്തില്‍ മെഡിക്കലി ഫിറ്റായി ജോലിക്കു ചേര്‍ന്നു. പിറ്റേന്നു തന്നെ സിക്കായി തന്റെ രോഗത്തിനുള്ള ചികിത്സ സര്‍ക്കാറിന്റെ ബാദ്ധ്യതയാക്കി മാറ്റി. ഇന്‍സുലിന്‍ ഇറക്കുമതി ചെയ്യേണ്ടിയിരുന്ന ആ കാലത്ത് ചെലവേറിയതായിരുന്നു ആ ചികില്‍സ. അതിനൊരു അത്താണി കണ്ടെത്താനാണ് സര്‍ക്കാര്‍ ജോലിയെ മുഖ്യമായും ആശ്രയിച്ചത്. ജീവന്‍മരണപ്രശ്‌നം തന്നെ.

ഇക്കഥയൊന്നും പക്ഷേ ഞാന്‍ നാലഞ്ചു വര്‍ഷത്തേക്ക് അറിഞ്ഞില്ല. മഹാനഗരത്തില്‍ കിട്ടിയ ജോലി സ്വീകരിക്കാതെ ഞാന്‍ തുടര്‍ന്നു പഠിക്കാന്‍ പോയി. പിന്നെ കൊടൈക്കനാലിലും പുനെയിലും രണ്ടും മൂന്നും വീതം വര്‍ഷം കഴിച്ച് ടൈസ് ഓഫ് ഇന്ത്യയില്‍ സയന്‍സ് ടുഡെ മാസികയുടെ പണിക്ക് ചേര്‍ന്ന് ഏറെ കവിയും മുന്‍പ് ഒരു രാവിലെ വീട്ടി എന്റെ ഓഫീസില്‍ പ്രത്യക്ഷപ്പെട്ടു. അതിനിടെ 1962-ല്‍ കേരളസാഹിത്യ അക്കാദമിയുടെ ആവാര്‍ഡിന് ഞാന്‍ അര്‍ഹനായതിനാല്‍ വീട്ടി എന്റെ പടം പത്രത്തില്‍ കണ്ട് തിരിച്ചറിയുകയും ടൈസില്‍ വന്ന പുതുമാസികയുടെ പരസ്യങ്ങളില്‍ നിന്ന് എന്റെ നഗരപ്രവേശത്തെപ്പറ്റി മനസ്സിലാക്കുകയും ചെയ്തിരുന്നു.

ഒറ്റ നോട്ടത്തില്‍ ആ ചിരി തിരിച്ചറിയാന്‍ സാധിച്ചതിനാല്‍ രണ്ടാമതൊരു പരിചയപ്പെടുത്തല്‍ വേണ്ടുവന്നില്ല. താനെഴുതിയ കുറേ ലേഖനങ്ങളുമായാണ് വീട്ടി വന്നത്. പ്രസിദ്ധീകരിച്ചതും അല്ലാത്തതും അതില്‍ ഉണ്ടായിരുന്നു. കരിവീട്ടിത്തടിയുടെ ഉറപ്പുള്ള മലയാളഗദ്യശൈലി ഞാന്‍ അവയില്‍ കണ്ടു. മൗലികമായ ആലോചനയുടെ തിളക്കം കണ്ടു, നിര്‍ഭീകരതയുടെ നില്പും കണ്ടു.

അന്നു തുടങ്ങിയ പരസ്പരസ്‌നേഹവും വിശ്വാസവും ആജീവനാന്തം നീളാനുള്ളതായി. സാഹിത്യ ചര്‍ച്ചകള്‍ക്കായി ഒരു വേദി വേണമെന്ന ആശയം വീട്ടിയാണ് എന്റെ മുന്നില്‍ വെച്ചത്. ഉള്ള വേദികളിലൊക്കെ സ്ഥാനമാനങ്ങള്‍ക്കായി പിടിവലി നടക്കുന്നതിനാല്‍ സ്ഥാനമാനങ്ങള്‍ ഇല്ലാത്ത ഒരു വേദി ആയാലെന്തെന്ന് ഞാന്‍ ചോദിച്ചു. പ്രസിഡണ്ടും സെക്രട്ടറിയും ഒന്നും ഇല്ലാത്ത ഒരു പ്രസ്ഥാനം. എവിടെയെങ്കിലും ഒത്തുകൂടുക, കൂട്ടത്തില്‍ പ്രായക്കൂടുതലുള്ള ആളെ അദ്ധ്യക്ഷനാക്കുക. സൃഷ്ടികള്‍ ചര്‍ച്ച ചെയ്യുക. അടുത്ത യോഗത്തിന്റെ സ്ഥലവും തീയതിയും അപ്പോഴേ നിശ്ചയിക്കുക. ശുഭം. മംഗളം!.

ബോംബെ കേരളീയ സമാജം അവരുടെ ആസ്ഥാനമന്ദിരത്തില്‍ ഒരു മുറി മാസത്തിലൊരിക്കല്‍ സൗജന്യമായി വിട്ടുതരാമെന്ന് ദയാപുരസ്സരം സമ്മതിച്ചു. യോഗത്തിന് ചായ നല്‍കണമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കൈകാശെടുത്ത് അങ്ങനെ ചെയ്യാം. പക്ഷെ, ചായ തന്ന ആളുടെ സൃഷ്ടിയെ വിമര്‍ശിക്കുമ്പോള്‍ ഉപകാരസ്മരണ ഉണ്ടായിരിക്കുന്നതല്ല!

ഭാരവാഹികളായിരിക്കാനുള്ള ചാന്‍സൊ കൈകാര്യം ചെയ്യാന്‍ ആസ്തിയൊ ഇല്ലാത്തതിനാലാവാം, ആ വേദി, അതായത് ബോംബെ സാഹിത്യ വേദി, ഇപ്പോഴും നിലനില്‍ക്കുന്നു. അതിന്റെ സംവിധാനത്തില്‍ വലിയ അന്തരം വന്നിട്ടില്ലെന്നു തോന്നുന്നു.

തനിക്കു പറയാനുള്ളതൊക്കെ പറഞ്ഞ്, എഴുതാനുള്ളതൊക്കെ എഴുതി, തന്റെ കുടുംബത്തോടും ഭാഷയോടും കടം വീട്ടി, അവസാനം തന്റെ കാലശേഷം പെന്‍ഷന്‍ തുക അമ്മയ്ക്ക് കിട്ടാനുള്ള കടലാസ്സുകള്‍ വരെ തയ്യാറാക്കി വീട്ടി ഈ ലോകത്തോട് യാത്ര പറഞ്ഞു. പൂ കൊഴിയുന്നപോലെ ഒരു പിരിഞ്ഞുപോക്കായിരുന്നു അത്. താനിനി തനിക്കും ലോകത്തിനും ഭാരമേ ആകൂ എന്നു തോന്നിയിരിക്കാം. 'ഞാനൊരു പ്രമേഹ രോഗിയാണ്, ഇന്‍സുലിന്‍ കുത്തിവെച്ചിട്ടുണ്ട്, അബോധാവസ്ഥയില്‍ എന്നെ കണ്ടാല്‍ ദയവായി എന്റെ പോക്കറ്റിലെ പഞ്ചസാരക്കെട്ടുകള്‍ എടുത്ത് എന്റെ വായില്‍ ബലമായി ഇടുക' എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും മറാഠിയിലും എഴുതിയ കാര്‍ഡ് പോക്കറ്റിലുമായി ഇത്രയുമൊക്കെ നഗരപരിക്രമണം മതി എന്നു നിശ്ചയിച്ചതാവാം.

നാം നമുക്കായി നിര്‍മ്മിക്കുന്ന മായയാണ് അനുഭൂതിയും എന്ന് വീട്ടി പറയുമായിരുന്നു. ഒരിക്കലിത് തെളിയിക്കുകയും ചെയ്തു. ലോഡ്ജില്‍ പുതുതായി വന്ന ഒരു ശേഷാമണിക്ക് മദ്യപാനം എന്തെന്ന് അറിയണം. വീട്ടി അതിന്റെ ചുമതല ഏറ്റെടുത്തു. ഒരു ഞായാറാഴ്ച അതിനായി നിശ്ചയിക്കയും അന്ന് രാവിലെ മുതല്‍ വ്യാപകമായ ഒരുക്കം തുടങ്ങുകയും ചെയ്തു. ബോധം കെടും, കുറച്ചേ കഴിക്കാവൂ എന്നൊക്കെ ശേഷാമണിയെ കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചു. നഗരത്തില്‍ മദ്യനിരോധനമുള്ള കാലം. അഞ്ചാറാളുകള്‍ വൈകുന്നേരം ശേഷാമണിയുടെ മുറിയില്‍ വട്ടമിട്ടിരുന്നു. ഗോപ്യമായി സൂക്ഷിച്ച കുപ്പി വീട്ടി പുറത്തെടുത്ത് ഗ്ലാസ്സുകളില്‍ കുറേശ്ശെ പകര്‍ന്നു. സോഡ ചേര്‍ത്ത് ചിയേഴ്‌സ് പറഞ്ഞ് പാര്‍ട്ടി തുടങ്ങി. രണ്ട് റൗണ്ട് കഴിഞ്ഞതും ഓരോരുത്തര്‍ ബോധമില്ലായ്മയിലായി. ശേഷാമണിയും ബോധമില്ലായ്മയിലായി. ഒരു വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. ബ്രാന്റിക്കുപ്പിയില്‍ ഉണ്ടായിരുന്നത് ബ്രാന്റിയല്ല, ഇഞ്ചിനീര് ചേര്‍ത്ത കടുകട്ടന്‍ ചായ! ബാക്കിയെല്ലാരും ബോധക്കേട് അഭിനയിക്കുകയായിരുന്നു, പക്ഷെ, ശേഷാമണി ശരിക്കും അബോധാവസ്ഥയിലായിരുന്നു!

അകാരണമായുണ്ടായ, നാം സ്വയം നമുക്കായി ഉണ്ടാക്കുന്ന, മായ മാത്രമാണ് ഈ ജീവിതം എന്നു തന്നെയായിരുന്നു വീട്ടിയുടെ നിലപാട്. മരണത്തെ അനുഗമിച്ചു ജീവിച്ച വീട്ടി നചികേതസ്സിനെപ്പോലെ ജ്ഞാനിയും സ്ഥിത പ്രജ്ഞനും ആയിരുന്നു. ആ ആഴത്തില്‍ നിന്നാണ് ആ ചിരി ഉറവെടുത്തത്. അതിനാല്‍ ഒരു കാര്യം തീര്‍ച്ചയാണ്. വീട്ടി മരിച്ചിട്ടില്ല. അത്തരമൊരാള്‍ക്ക് മരണമില്ലല്ലൊ. മലയാള ഗദ്യത്തിന്റെ നാള്‍വഴി നാളെ കുറിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും വീട്ടിയുടെ അനന്യമാതൃക അടയാളപ്പെടുത്തപ്പെടും. അതിലൂടെ ഈ മായാപ്രപഞ്ചത്തില്‍ത്തന്നെ ചിരഞ്ജീവിയായിരിക്കയും ചെയ്യും.

Followers