മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, May 20, 2019

ജൂൺ മാസ സാഹിത്യ ചർച്ച

|0 comments


ഉഴവൂർ ശശിയുടെ കവിതകൾ


ഏകലവ്യൻ

(ന സ തം പ്രതിജഗ്രാഹ
നൈഷാദിരിതി ചിന്തയൻ
ശിഷ്യം ധനുഷി ധർമ്മ
ജ്ഞസ്തേഷാ
മേവാന്വവേഷയാ ★ (മഹാഭാരതം ആദിപർവ്വം അദ്ധ്യായം 132 ശ്ളോകം 32 )
(സാരം:- മറ്റു ശിഷ്യന്മാരുടെ ഹിതം നോക്കിയും അവൻ നിഷാദനാണെന്നു
ചിന്തിച്ചും ധർമ്മജ്ഞനായ ദ്രോണർ അവനെ (ഏകലവ്യനെ )
ശിഷ്യനായി
സ്വീകരിക്കു കയുണ്ടായില്ല)

* ഹിരണ്യധനുസ്സെന്ന നിഷാദരാജാവിന്റെ പുത്രൻ ഏകലവ്യൻ.


ഏകലവ്യൻ


(കവിത)

തൊടുത്തതതേ വിരല്‍
നമിക്കാൻ ഗുരുവിനെ  കൂപ്പിയതതേ കരം  എടുക്കാം , മഹാഗുരോ.
എനിക്കു തൊടുക്കുവാൻ മനസ്സില്‍ പിതൃചാപം
പറത്താൻ വിരലലോ  ശരത്തിൻ  മദവേഗം
ആട്ടിയോടിക്കുമ്പോഴും
അറിഞ്ഞു  പ്രതിഭതൻ
മൂർച്ചയിൽ തളിർക്കുന്ന
വില്ലിന്റെ മഹാവൃക്ഷം
എടുത്തുപോന്നീക്കാട്ടിൽ
തുടർന്നു നിഷാദന്റെ
ഒടുങ്ങാത്തതാം തൃഷ്ണ
അമ്പിന്റെ വമ്പും വീറും.
അറിയാം , എനിക്കെന്റെ വിധിയും വിഹിതവും
അറിയാം ദളിതന്റെ
അന്നവും കൊലച്ചോറും
ജ്ഞാനത്തിൽ പഴുപ്പിച്ച
ഞാണൊലി പ്രതിധ്വനി
അധികാരത്തില്‍ , ഗുരോ വിദ്യകൾ തൃണമെന്നും
വെളുത്ത ഗർവ്വങ്ങളിൽ ഗുരുത്വം ,പിണമെന്നും
പറഞ്ഞുകേട്ടിട്ടുണ്ട് !
എനിക്കും അതേ ഗതി
സമർത്ഥൻ അവൻ ശിഷ്യൻ സവ്യസാചിയാണവൻ.
അവനുമുന്നിൽ
' ഞാനോ
കർണ്ണനോ ..? '  സഹിക്കില്ല :
ഇന്ദ്രന്റെ രണനീതി,
എനിക്ക് തിട്ടം പോരാ
നേരിന്റെ ബാണങ്ങളെൻ
പോരുകൾ പോരായ്മയും
നീയല്ല, പ്രതിമയെന്നറിയാം .
പഠിക്കുമ്പോള്‍
ഞാനറിഞ്ഞതാണന്നേ
വിരലിൻ നിണപർവ്വം.
അറിഞ്ഞു വരിക്കുന്ന
ദുരന്തം അറിവെന്നു
പറഞ്ഞതെന്നാണമ്മ
ഒാർമ്മകൾ പിഴയ്ക്കുന്നു.
'കാടനു വിദ്യയെന്നോ ? '
ചിരിച്ചു ,ബുധജനം
ഏകനായ് നടന്നവൻ
വിൽപ്പിടി ഉറപ്പിച്ച് .
ആരാണ് ഗുരുവെന്ന്
ആരുമേ അറിഞ്ഞില്ല
കാലമാണല്ലോ നമ്മെ യൊറ്റുന്ന ജാലക്കാരൻ.
ശരവേഗങ്ങൾക്കൊപ്പം
ചരിക്കും സ്വധർമ്മങ്ങൾ
കാട്ടിലേമൃഗയയിൽ
സാരമേയത്തിൻ വായിൽ ചേര്‍ത്തത്
എതിർപ്പിന്റെ സപ്തസായകങ്ങളെ.
വരവുണ്ടറിഞ്ഞു ഞാന്‍
ശിഷ്യധിക്കാരത്തിന്റെ
കടയിൽ ശാപത്തിന്റെ
വീതുളി വീഴിക്കുവാൻ.
നിനവിൽ മുറിച്ചതെൻ ശിരസ്സുതന്നെയാണ്
പൊതിഞ്ഞുകൊടുത്തതോ
രുധിരപ്പെരുവിരൽ .
അറുത്തുകൊടുക്കുമ്പോൾ
പിഴച്ചതില്ലായുന്നം
ഗുരുവിൻ സ്മരണയിൽ
ലക്ഷ്യമെൻ മനം ദൃഢം .
തോറ്റതല്ലറിഞ്ഞപ്പോൾ
 അർജ്ജുനൻ
 നടുങ്ങിപ്പോയ് .
വാക്കിലെ ചോരപ്പാടിൽ
ഗുരുത്വം തളംകെട്ടി .
എടുത്തതില്ലാ ഗുരു
വിരലും ,ശിഷ്യപ്രേമോം
എടുക്കാനാവത്തതാം
വിരലിൻ ഗുരുത്വവും .
കഴിഞ്ഞൂ , ഏകലവ്യൻ
ബ്രാഹ്മണ്യം ചിരിക്കുമ്പോൾ ,
തുടങ്ങീ ഞങ്ങളെന്ന്
കാട്ടാറു കഥിക്കുന്നു.
തുരുമ്പിക്കാത്തയസ്ത്രം
കൈകളിലെടുപ്പതും
തൊടുക്കുന്നതും  മനസ്സത്രയും
വിരലാക്കി .

ഏകലവ്യനാരെന്ന മൊഴിക്കു മറുമൊഴി .....

'ഏകലവ്യനീക്കാട്ടിൻ
മലകൾ തടിനികൾ
മോഹവായ്പ്പുകൾ
പൂക്കും കാട്ടുചെമ്പകപ്പൂക്കൾ
അറിവിൻ ആദ്യക്ഷരം
മുറിക്കും കൂരമ്പിന്റെ
വാനനീതിയിൽ
ചിരം ജയിക്കും
വിദ്യാതൃഷ്ണ .'
മതിലിനിപ്പുറംമതിലിനപ്പുറം ആരൊക്കെ എന്നതാ
ണവർ മുഴക്കുന്ന ഗംഭീരമാം മൊഴി
മതിലിനിപ്പുറം
അമ്മയും ചേച്ചിയും
അരുമയാം സഖി
ഓപ്പോളുമോർമ്മയും

സ്മൃതി വളർത്തിയ
പ്രാവിൻ കുറുകലും
കരുതലാവു
മരിവാൾ മുനകളും
ഇളകിയാടും ചിലങ്കതൻ നാദവും
കിരുകിരുക്കുന്ന റാട്ടിന്റെ താളവും

അരങ്ങിലേക്കുതുറ
ക്കുമടുക്കള
എറിഞ്ഞു കാട്ടിൽ കളഞ്ഞ കാൽചങ്ങല
അമൃതകുംഭം മറയ്ക്കും കവചവും
പൊരുതിനേടിയ
പൂമുഖത്തൂൺതുണ.

മതിലിനിപ്പുറം
കല്ലും കവണയും
കരളുകൊത്തുന്ന
തീയും കരുതലും
വിധിയെഴുതുന്ന
 തൂലികത്തുമ്പുകൾ
മുനപഴുപ്പിച്ച
രക്ഷാകവചങ്ങൾ.

അവളെഴുതിയ സീതായനങ്ങളിൽ
ചോദ്യമായി തൊടുക്കും
തുടിപ്പുകൾ
മതിലിനിപ്പുറം
സ്മാർത്തവിചാരണ
അഹമഹമെന്ന
ആണിൻ പുളപ്പുകൾ

തെരുവിലട്ടിയായ്
വിൽക്കുന്ന മാനങ്ങൾ
നിലവിളിക്കുന്ന
ആത്മപ്രഹർഷങ്ങൾ
കവിതയായി പതിച്ച
മഴുമുന
കഥകളാവും
മതിലിലെ കാഴ്ചകൾ

ചതുരുപായത്തിലുന്തും
കാലാളുകൾ
പൊരുതിനേടിയതത്രയും
പെണ്ണിന്റെ
പുതിയ ശക്തികൾ
 വാക്കിൻ കനലുകൾ
വൻമതിലുകൾ
മുത്തശ്ശി മുകിലുകൾ

ഇവരൊടുക്കത്തെ
സഹനപർവ്വങ്ങളെ
പണികയാണാ
തകരാത്ത കോട്ടയിൽ
മലകളായി ചവിട്ടി കുതിക്കുവോർ
ഹൃദയമായി
ചുവപ്പിച്ചു കാക്കുവോർ.

 മനസ്സിലത്രയും കാനനനേരുകൾ
കവിതയാക്കി ചമച്ചേ വരുന്നവർ
തളരുകില്ലവർ കന്മദം
തോറ്റിയോർ മുലയറുത്തവർ
നേരിൽ കിളിർത്തവർ

ഇവര്‍ വരുമ്പോൾ
പുരങ്ങളെരിഞ്ഞിടും
കാൽത്തളകളിൽ
യുഗസന്ധ്യ പൂത്തിടും 
പുലരിസൂര്യൻ
രചിച്ചിടും കൈരളി
പെണ്ണിനാർത്തവ
ചെന്നിണച്ചോപ്പിനാൽ ...കള്ളത്തിരുമാലികൾനിന്നോടുപറഞ്ഞതത്രയും
ഹിതം തന്നെ ...
അഹിതം , അവളോടുമാത്രം.
നിന്നോടു കൊഞ്ചുമ്പോൾ
ഞങ്ങളുടെ കുട്ടികള്‍ നിലവിളിക്കുകയായിരുന്നു.
മുറ്റത്തു
വീണുപൊട്ടിയ പാത്രങ്ങൾ
തൂത്തുവാരി  ,
പൊങ്ങാത്ത കാലുകള്‍
വലിച്ചു വലിച്ച്
എനിക്ക് വെള്ളം അനത്തുകയായിരുന്നു.
അവളപ്പോൾ.
കുളിമുറി വഴുകാതെ കഴുകുകയായിരുന്നു.
ചെകിടിൽ പതിച്ച
കൈപ്പാടുകളെ
അഴിച്ചെടുത്ത്
ഉപ്പുവെള്ളത്തിൽ മുക്കുകയായിരുന്നു.
മുഷിഞ്ഞ
മാക്സി തോർത്തുകൊണ്ട് തുടയ്ക്കുകയായിരുന്നു.
എന്റെ ഗൗരവത്തിലേക്ക്
മൗനത്തിലേക്ക്
മീൻകറിയും
ചോറും
ഉള്ളിത്തോരനും
നീക്കി വെച്ച് ചിരിയാൽ മെഴുക്കുപുരട്ടുകയായിരുന്നു.
നിന്റെ ക്യൂട്ടക്സ് അടർന്നതിൽ വേവലാതിപ്പെട്ട എന്നെ വരവീണകൈകൊണ്ട് തഴുകിത്തഴുകി
ഉടൽ വെക്ക കെട്ട് അവള്‍ ഉറങ്ങിയപ്പോൾ
നിന്റെ
ചെരിഞ്ഞുകിടപ്പിന്റെ , അടിവയറിന്റെ ,
 തത്സമയ ചിത്രങ്ങള്‍  ചോദിച്ച്
ഞാന്‍ വിരഹനാടകം
ആദ്യയങ്കം
രംഗത്തെടുത്തലക്കി .
ചാറ്റിച്ചാറ്റി
ജനൽപടിയിലുറങ്ങിയ
എന്നെ പുതപ്പായി
അവള്‍ പുതച്ചുറങ്ങി
അതിരാവിലെ
വെള്ളം പിടിച്ച്
മുറി അടിച്ച്
ചപ്പാത്തിയും
കുറുമയും ഉണ്ടാക്കി
കുട്ടികളെ ഒരുക്കി
ടിഫിൻ നിറച്ച്
ചുരിദാറിട്ട്
ചുന്നി മടക്കി
ബാഗില്‍ വെച്ച്
അടുക്കള അടച്ച്
ബ്രേക്ക് ഫാസ്റ്റ്
മേശയിൽ അടച്ചുവെച്ച്  8.45 ന്റെ 'സംഗീത 'പിടിക്കാന്‍
വേദനയുടെ നടപ്പുവേഗമായി
അവള്‍ പോകുമ്പോള്‍
ഞാന്‍ ഓഫീസില്‍  കള്ളക്കഥകൊണ്ട്
അവധി അപേക്ഷ കൊടുത്ത് രണ്ടാം പുലരിച്ചാറ്റ് തുടങ്ങി .
നിന്റെ ചേട്ടനപ്പോള്‍ ആസ്മയുടെ കുറുകലും
 കഫവും തുപ്പി
കുട്ടികളെ സൈക്കളിലിരുത്തി
അവരുടെ സ്ക്കൂളിലേക്കും
അയാളുടെ തൊഴിലുറപ്പിടത്തേക്കും
മയിൽ വാഹനം ചവിട്ടി ..
ഞാന്‍ നിന്നെ ഈളയും വീട്ടുചൊരുക്കും
ചേര്‍ത്ത് വിളിച്ചു ..
കള്ളീ..
നീയോ ഉടൽമുറുക്കങ്ങളും
അക്കമഞ്ഞയും
ചേർത്ത് വിളിച്ചു ..
കള്ളാ...
അങ്ങനെ
അങ്ങനെ ......
ഉച്ചയായി
വെയിൽ മാഞ്ഞു
സന്ധ്യവളർന്നു..
ആവർത്തനത്തിന്റെ
അഹിതം
ഹിതമാക്കി
കൂടണയും
വീട്ടിലെ കൂട്ടുകളേ
എത്ര വലിയ
നുണമരം
ഒളിപ്പിച്ചാണ് നാം
സത്യങ്ങളെ
കുടഞ്ഞുകളയുന്നത്...?

മിന്നാമിനുങ്ങ്
വാൽ തുമ്പിൽ ഒരു തരി
വെളിച്ചവുമായാണ്
പറന്നിറങ്ങിയത്...
പ്രകാശത്തിന്റെ
മഹാസമുദ്രമെന്ന
പ്രതീക്ഷയിൽ
       
എന്റെ ഇത്തിരി വെട്ടം
അധികപ്പറ്റാവുമെന്ന
വേവലാതിപ്പെട്ടു...

ഒരൊറ്റനക്ഷത്രം
വഴിതെറ്റിവന്നതിനെ
താൻ പോരുമയുടെ
ആന്ധ്യം ചൂഴ്ന്നുനിന്നു

വലിയ തമോഗർത്തങ്ങളിൽ തട്ടി
ചിറകുമുറിയുമ്പോഴും
വഴിതെറ്റിവന്ന ആ  ഉഡു
അടയാളം വെച്ച് പിച്ച നടന്നു...
അന്ധകാരനാഴി ഞങ്ങള്‍ക്ക്
താണ്ടാതിരിക്കാമായിരുന്നു...
എന്തോ ഞാന്‍ വെളിച്ചം ഓളപ്പാത്തിയിൽ തൂവി
ജലസമാധി സ്വപ്നം കണ്ടു
ഒറ്റനക്ഷത്രം രാവേറെയായ
പ്പോൾ കാലത്തിന്റെ
പാലത്തിലൂടെ
ഓളപ്പാത്തിയിലെത്തി
ഒളിപ്പിച്ചു വെച്ച ഇത്തിരി
വെട്ടം അവിടെ..

എടുത്ത് പറന്നുയരുക...

എനിക്ക് ഇനിയും
വെളിച്ചപ്പൊട്ടുകളൂതി
യജ്ഞവേദി
ജ്യോതിർമയമാക്കാനാവും

അനന്തമായ ചാക്രീകതയുടെ
തുടരെഴുത്താവുന്നു ഞാന്‍

*******************Wednesday, May 1, 2019

മെയ് മാസ സാഹിത്യ ചർച്ച

|0 comments


വഴിമാറിപ്പോയ മരണം
::::::::::::::::::::::::::::::

സുരേഷ് നായർ 


മുംബെയിൽ ഞങ്ങളുടെ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന ഹൗസിംഗ് സൊസൈറ്റിയുടെ ഗേറ്റിനു  സമീപം സ്ഥാപിച്ചിരിക്കുന്ന സി സി ടിവി ക്യാമറയിലെ ദൃശ്യങ്ങൾ സസൂക്ഷ്മം  പരിശോധിക്കയാണ് ഇൻസ്പെക്ടർ ദിലീപ് കാംബ്ലെയുടെ  നേതൃത്വത്തിലുള്ള പൊലീസ് സംഘം. സെപ്തംബർ പതിനേഴാം തിയതി ഉച്ചതിരിഞ്ഞ് ഒന്നിനും മൂന്നിനും ഇടയ്ക്ക്   കോമ്പൗണ്ടിനകത്ത്  വന്നവരാരൊക്കെയായിരുന്നു എന്നാണ് പൊലീസ് തിരഞ്ഞു കൊണ്ടിരുന്നത്.

ഉച്ചകഴിഞ്ഞ  നേരമായിരുന്നതുകൊണ്ട് പുറമേ നിന്നുള്ള  സന്ദർശകർ കുറവായിരുന്നു. വന്നവരിൽ അധികംപേരും ക്ലാസ്സു കഴിഞ്ഞ് വരുന്ന, അതേ സൊസൈറ്റിയിൽ തന്നെ താമസിക്കുന്ന  വിദ്യാർത്ഥികളായിരുന്നു. പിന്നെ ഒരാൾ പോസ്റ്റ്മാനും മറ്റൊരാൾ  ഒമ്പതാമത്തെ ഫ്ലോറിലെ ശങ്കരനാരായണന്റെ ഫ്ലാറ്റിൽ  ജോലിക്കു  വരുന്ന ശെൽവി എന്ന തമിഴത്തി സ്ത്രീയും. സൊസൈറ്റിയിലെ സെക്യൂരിറ്റി സൂപ്പർവൈസർ  ഹരിനാരായൺ തിവാരി അവരെയൊക്കെ തിരിച്ചറിയുകയും ചെയ്തു.

പെട്ടെന്നാണ് വെളുത്തു മെലിഞ്ഞൊരു യുവാവ് ഗേറ്റ് കടന്ന് നടന്നു വരുന്നത് ക്യാമറയിൽ കണ്ടത്. "ജരാ ഥാമ്പാ ... ( ഒന്ന് നില്ക്ക് ) " ഇൻസ്പെക്ടർ കാംബ്ലെ പെട്ടെന്ന് പറഞ്ഞു.

സ്ക്രീനിൽ കണ്ട ചിത്രം നിശ്ചലമായി.

" അത്ത സൂം കരാ !( ഇനി സൂം ചെയ്യ്  !")

"ആരാണിവൻ ?" ക്യാമറയിൽ വലുതായിക്കണ്ട  ചെരുപ്പക്കാരന്റെ രൂപം  നോക്കി ഇൻസ്പെക്ടർ കാംബ്ലെ തിവാരിയോടു ചോദിച്ചു 

"സാബ്, അത്.... പതിമൂന്നാമത്തെ ഫ്ലോറിലെ അമർജിത് സിംഗ് ഖുറാനയുടെ ഫ്ലാറ്റിൽ ചില മരാമത്ത് പണികൾ നടക്കുന്നുണ്ട്. അവിടെ പണി ചെയ്യുന്ന ഹെൽപ്പർ പയ്യനാണെന്നു തോന്നുന്നു"

" തോന്നുന്നതേയുള്ളൂഉറപ്പില്ല അല്ലെ ?" ഇൻസ്പെക്ടർ ശബ്ദമുയർത്തി ചോദിച്ചു.

ഹരിനാരായൺ തിവാരി പരുങ്ങലോടെ തല താഴ്ത്തി നിന്നതേയുള്ളൂ.

" ശരി, വിസിറ്റേഴ്സ് രജിസ്റ്റർ കൊണ്ടു വാ. പതിനേഴാം തിയതി ഉച്ചക്ക് മെയിൻ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡിനേയും വിളിക്ക് "

പരിശോധനയിൽ സെക്യൂരിറ്റി ക്യാമ്പിനിലെ വിസിറ്റേഴ്സ് രജിസ്റ്ററിൽ കൃത്യമായ  വിവരങ്ങളൊന്നും രേഖപ്പെടുത്താറില്ലെന്ന് ഇൻസ്പെക്ടർ കാംബ്ലെയ്ക്കു മനസ്സിലായി. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡ് ഗോവിന്ദ് ദുബെയ്ക്കും പയ്യനെ സംബന്ധിക്കുന്ന  വിവരമൊന്നും നല്കാനായില്ല.

പൊലീസ് അന്വേഷണം വളരെ ഊർജ്ജിതമാക്കി. രണ്ടു ദിവസത്തിനകം അതിന്റെ ഫലം കാണുകയും ചെയ്തു. പിറ്റേന്ന്, സൊസൈറ്റി സെക്രട്ടറി ചന്ദ്രകാന്ത്  ധരേക്കറുടെ വീട്ടിൽ ഭക്ഷണം പാകം ചെയ്യാൻ വരുന്ന കാന്താ ബായി  എന്ന സ്ത്രീയായിരുന്നു ആ ചെറുപ്പക്കാരനെക്കുറിച്ചുള്ള വിലപ്പെട്ട ചില വിവരങ്ങൾ പൊലീസിനു കൈമാറിയത്
അത് കേസിനൊരു വഴിത്തിരിവാകുകയും ചെയ്തു....

കഥയുടെ ബാക്കി ഭാഗങ്ങളിലേയ്ക്ക് കടക്കുന്നതിനു മുമ്പ് ഞാൻ എന്നെ നിങ്ങൾക്കു  പരിചയപ്പെടുത്താം. ഞാൻ സുഷമാ മോഹൻ‌കുമാർ. ഭർത്താവും രണ്ടു മക്കളുമൊത്ത് മുപ്പതിലേറെ വർഷമായി മുംബെയിൽ സ്ഥിരതാമസമാക്കിയ ഒരു പ്രവാസി വീട്ടമ്മ.

നേർക്കുനേർ വന്ന  മരണം വഴി മാറിപ്പോയ  അനുഭവമാണ് ഇനി ഞാനിവിടെ കുറിക്കാൻ പോകുന്നത്. എന്റെ  പടിവാതില്ക്കൽ വരെ വന്ന മരണം ജീവനെടുക്കാതെ പോയത് ഒരു നടുക്കത്തോടുകൂടി മാത്രമേ എനിക്കിന്നും ഓർക്കാൻ സാധിക്കുകയുള്ളൂ.

രാവിലെ ഭർത്താവും മക്കളും ജോലിയ്ക്കു പോയിക്കഴിഞ്ഞാൽ പകൽ സമയം ഞാൻ ഫ്ലാറ്റിൽ തനിച്ചായിരിക്കും.

രണ്ടായിരത്തി പതിനഞ്ച് സെപ്തംബർ മാസത്തെ ലെ ഒരു സാധാരണ ദിവസമായിരുന്നു അത്.

ഉച്ചതിരിഞ്ഞ് ഏകദേശം രണ്ടു മണിയായിക്കാണും. ഉച്ചയുറക്കം പതിവില്ലാത്തതു കൊണ്ട് ഏതോ മാസിക വായിച്ചുകൊണ്ടിരിക്കുകയായിരുന്

 എന്തു വേണമെന്ന എന്റെ ചോദ്യത്തിനു മറുപടിയായി 'കൊറിയർ ബോയ്' ആണെന്നും, 'പിക് അപ് ' ഉണ്ടെന്ന് അവന്റെ ഓഫീസിൽ നിന്നു പറഞ്ഞതു പ്രകാരം വന്നതാണെന്നും അവൻ പറഞ്ഞു

ശരിയായിരുന്നു. മകൾ രണ്ടു ദിവസം മുമ്പ് ഓൺലൈൻ ആയി വരുത്തിയ വസ്ത്രം, ഫിറ്റിംഗ് ശരിയല്ലാത്തതു കൊണ്ട് തിരിച്ചയയ്ക്കാൻ അത് ഡെലിവറി ചെയ്ത കൊറിയർ കമ്പനിയിൽ അവൾ ഫോൺ ചെയ്തു പറഞ്ഞിരുന്നു. എന്നാൽ ഒരു മണിക്കൂർ മുമ്പ് ആ കൊറിയർ സ്ഥാപനത്തിലെ ഒരു പയ്യൻ വന്ന് അത് എടുത്തു കൊണ്ടുപോവുകയും അതിന്റെ രശീത് തരികയും ചെയ്തതാണ്.

ഞാനതു, പറഞ്ഞപ്പോൾ "അതേയോ ? അതിന്റെ രശീത് ഒന്നു കാണിക്കാമോ ? നമ്പർ കുറിച്ചെടുക്കാനാണ്. കമ്പ്യൂട്ടറിൽ എൻട്രി വന്നിട്ടില്ല" എന്നവൻ പറഞ്ഞു.

അവന്റെ സംസാരത്തിൽ എനിക്കൊരു പന്തികേടും തോന്നിയില്ല. മാത്രമല്ല ഈ പയ്യൻ പണ്ടൊരിക്കൽ 'പിക് അപി'നു വന്നിട്ടുള്ളതായി ഞാനപ്പോൾ ഓർക്കുകയും ചെയ്തു.

രസീത് എടുത്തു കൊണ്ടുവന്ന് സേഫ്റ്റി ഡോറിന്റെ അഴികൾക്കിടയിലൂടെ ഞാനവനു കൊടുത്തപ്പോൾ അതിലൊന്ന് ചുമ്മാ ഓടിച്ചു നോക്കി, ശരിയെന്നു പറഞ്ഞ് തിരികെ തരികയും ചെയ്തു.

രസീത് വാങ്ങി വാതിലടയ്ക്കാൻ ഭാവിക്കവേ, അവൻ പറഞ്ഞു "ഭാഭീ, കുടിക്കാൻ ഇത്തിരി വെള്ളം തരാമോ ?" 

ഞാൻ അകത്തു പോയി ഒരു ഗ്ലാസ് വെള്ളവുമായി വന്നു.

ഇവിടെയാണ് കഥയുടെ ഗതി മാറുന്നത്.....

വെള്ളം കൊടുക്കാൻ ഞാൻ സേഫ്റ്റി ഡോർ തുറന്നതും ,പയ്യൻ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ വാതിൽ  തള്ളിത്തുറന്ന് അകത്തേക്ക് ഇടിച്ചു കയറി

തികച്ചും അപ്രതീക്ഷിതമായ അവന്റെ പ്രവർത്തിയിൽ ഞാൻ അന്ധാളിച്ചു പോയി. വെള്ളം നിറച്ച ഗ്ലാസ്സ് എന്റെ കയ്യിൽ നിന്ന് തെറിച്ചു പോയി. എനിക്ക് ഏതെങ്കിലും തരത്തിൽ പ്രതികരിക്കാനാവുന്നതിനുമുമ്പ് ഒരു ജാലവിദ്യക്കാരന്റെ ചടുലതയോടെ തന്റെ പോക്കറ്റിൽ നിന്നെടുത്ത നീളമുള്ള ഒരു ഇലക്ട്രിക്ക് വയറിന്റെ കഷണം അവനെന്റെ കഴുത്തിലിട്ടു മുറുക്കി. അതോടൊപ്പം തന്നെ ഒരു കാൽ കൊണ്ട് വാതിൽ ചവിട്ടിയടച്ച്, കഴുത്തിൽ ചരടിട്ടു മുറുക്കിയ അവസ്ഥയിൽ എന്നെയും വലിച്ചുകൊണ്ട് മാസ്റ്റർ ബെഡ്റൂമിനടുത്തേയ്ക്കു നടന്നു. നടക്കുന്നതിനിടയിൽ എന്റെ കഴുത്തിലെ താലിമാല പൊട്ടിച്ചെടുക്കാനും അവൻ മറന്നില്ല

കഴുത്തിൽ കുരുങ്ങിയ ചരടിന്റെ മുറുക്കം അല്പമൊന്നയഞ്ഞ ഏതോ നിമിഷത്തിൽ ഞാൻ ഹിന്ദിയിൽ പറഞ്ഞു. "നീയാ മാല കൊണ്ടു പൊയ്ക്കോ..... എന്നെ ഒന്നും ചെയ്യരുത്..... "

മുറുകിയ ചരടിന്റെ തടസ്സം മൂലം ശബ്ദം പുറത്തു വരാതെ തൊണ്ടയിൽ തടഞ്ഞു നിന്നു.

"ഞാൻ ഒന്നും ചെയ്യില്ല ഭാഭീ ..... ലോക്കറിന്റെ ചാവി തരൂ.... " അവൻ മറാഠിച്ചുവയുള്ള ഹിന്ദിയിൽ പറഞ്ഞു.

അവിടെ നിന്നു നോക്കിയാൽ ബെഡ്റൂമിലെ കബോർഡു കാണാം. അവന്റെ നോട്ടം അതിന്മേലായിരുന്നു. കുറച്ചു സ്വർണ്ണവും പണവുമുള്ളത് അതിനകത്താണ്. ചാവി അതിന്മേൽത്തന്നെ ഉണ്ടായിരുന്നു. അല്പം മുമ്പ് എന്തോ ആവശ്യത്തിന് കബോർഡ് തുറന്നിട്ട് പൂട്ടിയിരുന്നില്ല

" അതിനകത്തൊന്നുമില്ല." ഞാൻ ബദ്ധപ്പെട്ട് പറഞ്ഞു. കഴുത്തിലെ ചരട് കൂടുതൽ മുറുകി..... അടുത്ത നിമിഷം ഒരഭ്യാസിയേപ്പോലെ എന്റെ കാലിന്റെ പിൻഭാഗത്തു തട്ടി അവനെന്നെ തറയിൽ മറച്ചിട്ടു.... മലർന്ന്, തല ചുമരിൽ ചാരിയ നിലയിലാണ് ഞാൻ  വീണത്

അവനെന്നെ ആക്രമിക്കാനുള്ള പുറപ്പാടാണ്. മരണം അടുത്തെങ്ങോ ഉണ്ടെന്ന് എനിക്കു തോന്നിത്തുടങ്ങി.....

എന്റെയരുകിൽ മുട്ടുകുത്തി നിന്ന് കൈപ്പത്തി കൊണ്ട് അവനെന്റെ മൂക്കും വായയും ഊക്കോടെ ഞെരിച്ചു. അതോടൊപ്പം തന്നെ രണ്ടു വിരലുകൾ ഉപയോഗിച്ച് എന്റെ ഇരു ചെന്നികളിലും അമർത്താനും തുടങ്ങി.....

പതിയെ ബോധതലത്തിൽ ഇരുൾ പരക്കുന്നത് ഞാനറിഞ്ഞു.ഇരുട്ടിന്റെ നനുത്ത  പ്രതലത്തിൽക്കൂടി താഴോട്ട് .... താഴോട്ട് ....

ബോധം തെളിയുമ്പോൾ ബെഡ്റൂമിനു വെളിയിലെ തറയിൽ, തല ചുമരിന്മേൽ ചാരിയ നിലയിൽ ഇരിക്കുകയാണ് ഞാൻ. ഏതോ സ്വപ്നത്തിന്റെ അന്ത്യത്തിലുള്ള ഉണർവ്വു പോലെ തോന്നി. കഴുത്തിനും മുഖത്തിനും ഭയങ്കര വേദന. കൈ കൊണ്ട് കഴുത്തും തടവി നോക്കിയപ്പോൾ കയ്യിൽ ഈർപ്പം പറ്റി. അടുത്ത നിമിഷം, ഒരു നടുക്കത്തോടെ ഞാനറിഞ്ഞു: എന്റെ കയ്യിൽ പറ്റിയിരിക്കുന്നത് ചോരയാണ്...... ശ്വസിക്കുന്ന വായുവിൽ ചോരയുടെ ഗന്ധം

പെട്ടെന്ന് സംഭവങ്ങൾ പുകമഞ്ഞിനുള്ളിൽ നിന്നെന്ന പോലെ അവ്യക്തമായി തെളിയാൻ തുടങ്ങി..... വീട്ടിൽ കള്ളൻ കയറിയിരിക്കുന്നു ! ഈശ്വരാ.... വിഹ്വലമായ മനസ്സോടെ കൈകുത്തി എണീക്കാൻ ശ്രമിച്ചു. സാധിക്കുന്നില്ല. ഒരു തരത്തിൽ നേരെയിരുന്നു. അടിവയറ്റിൽ ശക്തിയായ വേദന.... കൈ കൊണ്ട് തടവി നോക്കി. ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ ചോരയിൽ കുതിർന്നിരിക്കുന്നു. മൂർച്ചയേറിയ ഏതോ ആയുധം കൊണ്ട് അടിവയറ്റിൽ കുത്തേറ്റിരിക്കുന്നു..... തറയിൽ ഞാനിരിക്കുന്നതിനു ചുറ്റും രക്തം തളംകെട്ടിക്കിടക്കുന്നു

ഒരു കണക്കിന് ഞാനെണീറ്റു...

അടിവയറ്റിൽ കയ്യമർത്തിക്കൊണ്ട് ബെഡ്റൂമിലേക്ക് നോക്കി. അവിടെക്കണ്ട കാഴ്ച...... കബോർഡും ലോക്കറും തുറന്നു കിടന്നിരുന്നു. അതിനകത്തുണ്ടായിരുന്ന വസ്ത്രങ്ങൾ വാരിവലിച്ചു പുറത്തിട്ടിരിക്കുന്നു. സ്വർണ്ണം സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടികളും, പഴ്സുമെല്ലാം തുറന്നു കിടക്കുന്നു !

വീട്ടിലുണ്ടായിരുന്ന സ്വർണ്ണവും പണവുമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു.....

ഞാൻ ഫോൺ ഇരിക്കുന്നിടത്തേയ്ക്കു നടന്നു. മൊബൈൽ ഫോൺ കാണുന്നില്ല. ഇന്റർകോം വഴി സെക്യൂരിറ്റിയെ വിളിക്കണമെന്നായിരുന്നു മനസ്സിൽ. പക്ഷെ ചെന്നെത്തിയത് ലാൻറ് ഫോണിനരുകിൽ..... മനസ്സു വിചാരിക്കുന്നതും ശരീരം പ്രവർത്തിക്കുന്നതും പരസ്പരപൂരകങ്ങളാവുന്നില്ല !

ഫോണിന്റെ റിസീവർ കയ്യിലെടുത്തു. മകളേയോ മകനേയോ വിളിക്കാമെന്നു വെച്ചാൽ അവർ ജോലിസ്ഥലത്തു നിന്നെത്താൻ കുറഞ്ഞത് അര മണിക്കൂറെങ്കിലുമെടുക്കും. ഭർത്താവിന്റെ ജോലിസ്ഥലം അതിലും ദൂരെയാണ്. അതുവരെ മരണത്തെ അകറ്റിനിർത്തുക അസാദ്ധ്യമായിരിക്കും.

അടുത്ത വിംഗിൽ സുഹൃത്തായ ഒരു മലയാളി സ്ത്രീയുണ്ട്. അവരുടെ നമ്പർ ഡയൽ ചെയ്യാൻ ശ്രമിച്ചു. ആദ്യത്തെ രണ്ടക്കം അമർത്തിയപ്പോഴാണ് 'ഡയൽ ടോൺ' ഇല്ലെന്നറിയുന്നത്. ഫോൺ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു!

രക്തം അപ്പോഴും ഇറ്റിറ്റ് തറയിൽ വീഴുന്നുണ്ട്. വാതിൽ തുറന്ന് പുറത്തിറങ്ങി, അടുത്ത ഫ്ലാറ്റിലുള്ളവരെ വിളിച്ച് സഹായമഭ്യർത്ഥിക്കാം....  ഞാൻ വിചാരിച്ചു. പക്ഷേ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കാൻ പറ്റുന്നില്ല. പോകുന്ന പോക്കിൽ മോഷ്ടാവ് വാതിൽ പുറമേ നിന്ന് കുറ്റിയിട്ടിട്ടാണ് പോയത്

രക്ഷപ്പെടാനുള്ള വഴികൾ കൂടുതൽ സങ്കീർണ്ണമാവുകയാണ്.

ഒന്നാമത്തെ നിലയിലാണ് ഞങ്ങളുടെ ഫ്ലാറ്റ്. ഞാൻ ബാൽക്കണിയിലേയ്ക്കു നടന്നു. ധാരാളം രക്തം വാർന്നു പോയതു മൂലം ശരീരം തളരുന്നു. ഒരു കണക്കിന് ബാൽക്കണിയിലെത്തി

ബാൽക്കണിയിൽ നിന്നു കൊണ്ട് അടുത്ത ഫ്ലാറ്റിലെ മറാഠി സ്ത്രീയെ പേരു പറഞ്ഞു വിളിച്ചു. ശബ്ദം വൃക്തമായി പുറത്തേക്ക് വരുന്നില്ല. അയൽക്കാരിയുടെ പേരിനു പകരം വായിൽ വരുന്നതാവട്ടെ, ഓർമ്മയിൽ നിന്ന് തികട്ടി വന്ന മറ്റേതോ പെൺകുട്ടിയുടെ പേരും !

പക്ഷെ, ഭാഗ്യം എന്റെ പക്ഷത്തായിരുന്നു. ആ വീട്ടിലെ ഗൃഹനാഥൻ അപ്പോൾ എന്തോ ആവശ്യത്തിന് അയാളുടെ ബാൽക്കണിയിൽ വരുകയും യാദൃച്ഛികമായി ഞങ്ങളുടെ ബാൽക്കണിയിലേക്ക് നോക്കിയപ്പോൾ  രക്തത്തിൽക്കുളിച്ച് ഒരു പ്രതിമ പോലെ ചലനമറ്റു നില്ക്കുന്ന എന്നെ കാണുകയും ചെയ്യുന്നു.

"ഭാഭീ, എന്തായിത് ?" അയാൾ അമ്പരപ്പോടെ ചോദിച്ചു.

" വീട്ടിൽ കള്ളൻ കയറി . അവൻ കുത്തിയതാണ്. വാതിൽ പുറമെ നിന്ന് താഴിട്ടിരിക്കുന്നു. എന്നെ വേഗം ഹോസ്പിറ്റലിലെത്തിക്കൂ" ഞാൻ എങ്ങിനെയോ പറഞ്ഞൊപ്പിച്ചു

സംഭവത്തിന്റെ ഗൗരവം അയാൾ പെട്ടെന്ന് മനസ്സിലാക്കി. മുൻഭാഗത്തെ വാതിൽ തുറക്കാനായി അയാളോടി. ഫ്ലാറ്റിന്റെ വാതിൽ വെളിയിൽ നിന്ന് കുറ്റിയിട്ടതിനു പുറമേ, സേഫ്റ്റിഡോറും വലിച്ചടച്ചിട്ടാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. താക്കോലില്ലാതെ അതു തുറക്കാനാവില്ല. അകത്തു നിന്നും പുറത്തു നിന്നും വാതിൽ തുറക്കാനാവാത്ത അവസ്ഥ !

ആ മനുഷ്യൻ വീണ്ടും ഓടി ബാൽക്കണിയിലെത്തി. കൂടെ അയാളുടെ ഭാര്യയുമുണ്ടായിരുന്നു.

 ഞങ്ങളുടെ ബാൽക്കണികളെ വേർതിരിക്കുന്ന ഗ്രിൽ എങ്ങിനെയോ തുറന്ന ശേഷം ഭാര്യയുടെ സഹായത്തോടെ എന്നെ താങ്ങി ബാൽക്കണി വഴി അയാളുടെ ഫ്ലാറ്റിലെത്തിച്ച ശേഷം, ഒരു പ്ലാസ്റ്റിക് കസേരയിൽ എന്നെയിരുത്തി. എന്നിട്ട് അടുത്തെവിടെയോ താമസിക്കുന്ന തന്റെ സുഹൃത്തിനെ അയാൾ  മൊബൈലിൽ വിളിച്ചു. "എന്റെ വണ്ടി വർക്ക്ഷോപ്പിലാണ്. നീയുടനെ നിന്റെ വണ്ടിയുമായി താഴെ വരണം. ഹോസ്പിറ്റലിൽ പോകാനാണ്. വേഗം ...." പിന്നെ, ഞങ്ങളുടെ എതിർവശത്തെ ഫ്ലാറ്റിൽ താമസിക്കുന്ന സ്ത്രീയേയും കൂട്ടിനു വിളിച്ചു.അതിനു ശേഷം അവർ മൂന്നു പേരും ചേർന്ന് കസേരയോടു കൂടിത്തന്നെ എന്നെ പൊക്കിയെടുത്ത്  ലിഫ്റ്റുവഴി താഴെയെത്തിച്ചു. മേൽ വിവരിച്ച പ്രവർത്തികൾക്കെല്ലാം കൂടി പത്തു മിനിറ്റിൽ കുറവു സമയമേ എടുത്തൂള്ളൂ.

താഴെ അയാളുടെ സുഹൃത്തിന്റെ കാർ തയ്യാറായി നില്ക്കുന്നുണ്ടായിരുന്നു. പിന്നെ, രണ്ടു കിലോമീറ്റർ ദൂരെയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേയ്ക്ക് കാർ പറക്കുകയായിരുന്നു......

പോകുന്ന പോക്കിൽ കാറിലിരുന്ന് അയാൾ മൊബൈലിൽ എന്റെ ഭർത്താവിനേയും മകനേയുമടക്കം അരെയൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു.

വീണ്ടും പ്രജ്ഞയിൽ ഇരുൾ നിറയുന്നത് ഞാനറിഞ്ഞു..... എന്റെ ബോധം പൂർണ്ണമായും നഷ്ടപ്പെട്ടു.

അബോധാവസ്ഥയിൽ, ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലെ (casualty) ഡ്യൂട്ടി ഡോക്ടർ നല്കിയ പ്രഥമ ശുശ്രൂഷയിൽ രക്തപ്രവാഹം നിലച്ചു.ശ്വാസഗതി സാധാരണ നിലയിലായി

പിന്നെ വിദഗ്ദ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നാല്പത്തെട്ടോളം തുന്നിക്കെട്ടലുകൾ.... രണ്ടു മണിക്കൂറിലേറെ നീണ്ടു നിന്ന ഓപ്പറേഷനു ശേഷം തീവ്രപരിചരണ വിഭാഗ (ICU)ത്തിലേയ്ക്ക്..... 

ജീവിതവും മരണവും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ ചുരുക്കം ചിലപ്പോഴൊക്കെ മരണം തോറ്റു പിൻമാറുകയോ മറ്റു ചിലപ്പോൾ കൂടുതൽ കടുപിടുത്തം കാണിക്കാതെ  ഒഴിഞ്ഞുമാറിപ്പോവുകയോ ചെയ്യാറുണ്ട്. എന്റെ കാര്യത്തിലും അങ്ങിനെയാണ് സംഭവിച്ചത് . അത് തീർച്ചയായും  ദൈവത്തിന്റെ അദൃശ്യമായ ഇടപെടൽ കൊണ്ടാണെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

നല്ലവനായ ഒരയൽക്കാരന്റെ രൂപത്തിലോ, സമർത്ഥനായ ഡോക്ടറുടെ രൂപത്തിലോ അതുല്ലെങ്കിൽ കൊലയാളിയായ മോഷ്ടാവിന്റെ കത്തിയുടെ പിഴവിന്റെ രൂപത്തിലോ ഒക്കെ ദൈവം എന്റെ ജീവിതം നീട്ടിത്തന്നതാണെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം ! ഒപ്പം ദാഹനീരിനായി നമ്മുടെ വീട്ടു വാതില്ക്കൽ വന്നു നില്ക്കുന്നത് ഒരു പക്ഷേ, മരണമായിരിക്കാം എന്ന തിരിച്ചറിവും.....

സി സി ടിവി ദൃശ്യങ്ങളിൽ സംശയാസ്പദമായി കണ്ട ആ ചെറുപ്പക്കാരനെ  ചുറ്റിപ്പറ്റിയുള്ള  അന്വേഷണഫലമായി സംഭവം നടന്ന് നാല്പത്തെട്ട് മണിക്കൂറിനകം അവനെ തൊണ്ടി സഹിതം പൊലീസ് പിടികൂടി. കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.

ഗണപത് റാവ് വിത്തൽ  എന്ന കൗമാരക്കാരനായ ആ കുറ്റവാളി പൂനെയിലെ യെർവാഡാ സെൻട്രൽ ജയിലിൽ ഇപ്പോൾ ജീവപര്യന്തം ശിക്ഷ  അനുഭവിക്കുന്നു

 ആർഭാട ജീവിതം നയിക്കാനുള്ള പണം കണ്ടെത്താൻ എന്ത് ക്രൂരതയും കാണിക്കാൻ മടിക്കാത്ത കൗമാരക്കാരുടെ എണ്ണം കൂടി വരുന്ന കാലമാണിത്ദാഹിച്ചു വരുന്നവന് കുടിവെള്ളം കൊടുക്കാൻ പോലും രണ്ടു വട്ടം ആലോചിക്കേണ്ട നെറികെട്ട കാലം !

*************
ഗോസ്റ്റ് റൈറ്റർ

സുരേഷ് നായർവളരെക്കാലം കൂടിയാണ് ജയമോഹൻ ആ നഗരത്തിൽ വരുന്നത്. പണ്ട്, നാട്ടിലുണ്ടായിരുന്ന കാലത്ത് എത്രയോ വട്ടം വന്നിട്ടുള്ളതാണെങ്കിലും വർഷങ്ങൾക്കു ശേഷം വരുമ്പോൾ പരിചയമില്ലാത്ത ഒരിടത്തെത്തിപ്പെട്ടതു പോലെ !

പുതുതായി പണികഴിപ്പിച്ച ബസ്സ്റ്റാന്റിനു പുറത്തെ ഓട്ടോ ഡ്രൈവറോട് , പണ്ടെന്നോ വന്നപ്പോൾ  താമസിച്ച ലോഡ്ജിന്റെ  പേര് ഓർമ്മയിൽ നിന്ന് ചികഞ്ഞെടുത്ത് പറഞ്ഞപ്പോൾ 
"ആ ലോഡ്‌ജ് പൊളിച്ചു സാറേ, അവിടെയിപ്പോഴൊരു  സൂപ്പർ മാർക്കറ്റാ...." എന്നാണയാൾ പറഞ്ഞത്.

ഓട്ടോയിൽ കയറി 'എങ്കിൽ മറ്റേതെങ്കിലും ഇടത്തരം  ലോഡ്ജിലെത്തിക്കാൻ' നിർദ്ദേശം കൊടുത്തുകൊണ്ട് ജയമോഹൻ ഒരു സിഗരറ്റിന് തീ പിടിപ്പിച്ചു.

'നഗരം വല്ലാതെ മാറിയിരിക്കുന്നു' അയാളോർത്തു. ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയതിനു ശേഷം, കൃത്യമായി പറഞ്ഞാൽ നീണ്ട ഇരുപത്തിരണ്ടു വർഷങ്ങൾക്കു ശേഷമാണ് താനീ നഗരത്തിൽ വരുന്നതെന്നും അതുകൊണ്ടുതന്നെ ഇത്തരം മാറ്റങ്ങൾ സ്വാഭാവികമാണെന്നും ഉടനെ തന്നെ അയാൾ സ്വയം തിരുത്തി

ചെറുതെങ്കിലും സാമാന്യം ഭേദപ്പെട്ടതെന്നു തോന്നിക്കുന്നൊരു ലോഡ്‌ജിലായിരുന്നു  ഓട്ടോഡ്രൈവർ അയാളെ കൊണ്ടുചെന്നെത്തിച്ചത്.

ലോഡ്ജിലെ രജിസ്റ്റർ പൂരിപ്പിച്ച്, അഡ്വാൻസ് കൊടുത്തു കഴിഞ്ഞപ്പോൾ വെളുത്തു  സുന്ദരനായൊരു പയ്യൻ അയാളുടെ ബാഗ് ചുമലിലിട്ട്, മുറിയുടെ താക്കോലുമായി അയാളെ മുകളിലെ നിലയിലേക്ക് നയിച്ചു

രണ്ടാം നിലയിലായിരുന്നു അയാൾക്കുള്ള മുറി

മുറി തുറന്ന് ബാഗ് മുറിയിലെ ടീപോയിന്മേൽ വെച്ചശേഷം പയ്യൻ ശബ്ദം താഴ്ത്തി പറഞ്ഞു. "സൗകര്യമൊക്കെ അല്പം  കുറവാണ് സർ.... സാറിന് എന്താവശ്യമുണ്ടായാലും  എന്നെ വിളിച്ചാൽ മതി ! " എന്നിട്ടവൻ ഒരു പെൺകട്ടിയേപ്പോലെ ലജ്ജ പുരണ്ട ഒരു ചിരി സമ്മാനിച്ചു.

ഒരു പത്തു രൂപാ നോട്ട് അവന്റെ കയ്യിൽ വെച്ചു കൊടുത്ത ശേഷം അയാൾ ബാഗ് തുറന്ന് ഒരു ലുങ്കിയെടുത്തു.

"ഞാൻ പൊയ്ക്കോട്ടെ സർ ?" എന്നു ചോദിച്ച്  പയ്യൻ വിധേയത്വത്തോടെ തല ചൊറിഞ്ഞു നിന്നു.

"ഇപ്പൊഴൊന്നും വേണ്ടാ " പയ്യനെ പറഞ്ഞയച്ച ശേഷം അയാൾ മേശപ്പുറത്തെ ജഗ്ഗിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം പകർന്നു കടിച്ചു.

മദ്യത്തിന്റെയും, വില കുറഞ്ഞ ഏതോ സുഗന്ധദ്രവ്യങ്ങളുടെയുമൊക്കെ ഗന്ധങ്ങൾ പലവട്ടം മുറിയുടെ വാതില്ക്കൽ വന്നെത്തി പോയതോടൊപ്പം ഒരു ജമന്തിപ്പൂവിന്റെ ഗന്ധം മാത്രം പോവാൻ കൂട്ടാക്കാതെ അവിടെയൊക്കെ ചുറ്റിപ്പറ്റി നില്ക്കന്നതായി അയാൾക്കു തോന്നി !

ലോഡ്ജിനെപ്പറ്റി വന്നപ്പോഴുണ്ടായ അഭിപ്രായം മാറിയിരിക്കുന്നു !

പെട്ടെന്ന് ഒരു നിലാവിന്റെ കീറ് പോലെ ഗൗരിയുടെ മുഖം അയാളുടെ മനസ്സിൽ തെളിഞ്ഞു വന്നു, ഒരോർമ്മപ്പെടുത്തൽ  പോലെ ! അടുത്ത നിമിഷത്തിൽത്തന്നെ മനസ്സിൽ അവൾ ഇരുന്നിടം ശൂന്യമായതും  അയാളറിഞ്ഞു.

കുളിച്ച്, ഒന്ന് പുറത്തിറങ്ങി നടന്നിട്ടു വരാം.അയാളോർത്തു. വരുന്ന വഴിക്ക് ഏതെങ്കിലും ഹോട്ടലിൽ നിന്ന് അത്താഴവും കഴിക്കാം

ബാഗിൽ നിന്ന് തോർത്തും സോപ്പും തപ്പിയെടുത്ത് ജയമോഹൻ ബാത്റൂമിൽ കയറി.

ചെറിയൊരു നടപ്പിനും രാത്രി ഭക്ഷണത്തിനും ശേഷം തിരിയെ ലോഡ്‌ജിലേയ്ക്കു നടക്കുമ്പോൾ ലോഡ്ജിനു മുമ്പിലെ, മങ്ങിയ മഞ്ഞവെളിച്ചം വിതറുന്ന ഇലക്ട്രിക് പോസ്റ്റിനു താഴെ, കുടുംചുവപ്പു സാരിയുടുത്ത് തലയിൽ മുല്ലപ്പൂവും ചുണ്ടിൽ  ചായവുമായി നിന്ന പെൺകട്ടി മുരടനക്കിയത്  അവഗണിച്ച് അയാൾ നടന്നു.

മുറി തുറന്ന് കസേരയിലിരുന്നു കൊണ്ട് ജയമോഹൻ ഒരു സിഗരറ്റ് കത്തിച്ചു. അപ്പോൾ അടുത്ത ദിവസം ചെറിയാൻ ഫിലിപ്പിനെ കാണുന്നതിനെക്കുറിച്ചായിരുന്നു അയാൾ ചിന്തിച്ചത്.

അന്നും ഉറക്കത്തിലയാൾ ഗൗരിയെ സ്വപ്നം കണ്ടു. എന്നത്തെയും പോലെ, ഉറക്കത്തിനും ഉണർവ്വിനും ഇടയ്ക്കുള്ള ഭ്രമാത്മകമായ ഒരവസ്ഥയിൽ ഗൗരിയുടെ സാമീപ്യം അയാളനുഭവിക്കയായിരുന്നു. ഏതാനും നിമിഷം അയാളെ ആർദ്രമായി നോക്കിയിരുന്ന ശേഷം ഗൗരി എന്തോ പറഞ്ഞിരുന്നതായി അയാളോർത്തു "നദിയെ വഴിമാറിയൊഴുകാൻ അനുവദിക്കരുത് ! " എന്നോ മറ്റോ ആയിരുന്നു അവൾ പറഞ്ഞത്.

അതങ്ങിനെയാണ്. അയാളുടെ ജീവിതത്തിലെ എല്ലാ തുടക്കങ്ങൾക്കും മുമ്പ്  ഒരു സ്വപ്നദർശനമായോ, നിമിത്തമായോ, വഴികാട്ടിയായോ അനുഭവിച്ചറിയുന്ന  അവളുടെ സമീപ്യം.....

ഒരു കവിതാ സമാഹാരം  പ്രസിദ്ധീകരിക്കാനായി ടെലഫോൺ വഴി പരിചയപ്പെട്ടൊരു  പ്രസാധകനുമായുള്ള  കൂടിക്കാഴ്ചയ്ക്കായിരുന്നു ജയമോഹൻ ആ നഗരത്തിലെത്തിയത്. ഒരായുഷ്ക്കാല രചനകളായ ഇരുന്നൂറിലേറെ  കവിതകൾ ഒരു സമാഹാരമാക്കിയിറക്കുക എന്നത് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നുഎന്നാൽ പ്രസാധകർ പറഞ്ഞ  ഭാരിച്ച തുക  തുച്ഛവരുമാനക്കാരനായ ജയമോഹനെ സംബന്ധിച്ചിടത്തോളം വലിയൊരു കടമ്പ തന്നെയായിരുന്നു.

പല പ്രസാധകരുമായി സംസാരിച്ചതിൽ, പ്രായേണ മെച്ചമെന്നു തോന്നിയ ഒരു പ്രസിദ്ധീകരണ സ്ഥാപനവുമായി  ബന്ധപ്പെട്ടപ്പോഴാണ് ആ സ്ഥാപനത്തിന്റെ പ്രൊപ്രൈറ്റർ കം മാനേജർ ആയ ചെറിയാൻ ഫിലിപ്പിനെ  പരിചയപ്പെടുന്നത്

പണം വാങ്ങി കൃത്യസമയത്ത് പുസ്തകം അച്ചടിച്ചു തരാത്തവരും, ആയിരം കോപ്പിയുടെ പണം പറ്റി നൂറ് കോപ്പി മാത്രം അടിക്കുന്നവരും  പ്രസാധകലോകത്തുണ്ട്. മിക്ക പ്രസാധകരും എഴുത്തുകാർക്ക് പുസ്തകത്തിന്റെ പത്തോ ഇരുപതോ കോപ്പികളേ കൊടുക്കുകയുള്ളൂ. ബാക്കി വിറ്റശേഷം ഇരുപതു മുതൽ നാല്പതു ശതമാനം വരെയൊക്കെ  റോയൽറ്റിയിനത്തിൽ കൊടുക്കുമെന്നായിരിക്കും വാഗ്ദാനം. കൃത്യമായി വാക്കുപാലിക്കുന്ന ചുരുക്കം ചിലരുണ്ട്. കളിപ്പിക്കുന്നവരും ധാരാളം !

കവിതയ്ക്കിപ്പോൾ വലിയ മാർക്കറ്റില്ലെന്നും നോവൽ, ചെറുകഥ, ജീവചരിത്രം ഇതൊക്കെയാണ് ഇക്കാലത്ത്  വായനക്കാർക്കാവശ്യമെന്നും ചെറിയാൻ ഫിലിപ്പ് സൂചിപ്പിച്ചപ്പോൾ അയാൾക്ക് നേരിയ നിരാശ തോന്നാതിരുന്നില്ല
കാരണം ആഴക്കടലിൽ തോണിയും തുഴയും നഷ്ടപ്പെട്ടവന് കിട്ടിയ പൊങ്ങുതടിക്കഷണം  പോലെയായിരുന്നു ജീവിതത്തിൽ അയാൾക്ക് കവിത

"താങ്കളുടെ കവിതകൾ വായിച്ചതിനു ശേഷം മാത്രമേ എന്തേലും ചെയ്യാനൊക്കുമോ എന്ന് എനിക്ക് പറയാൻ പറ്റത്തൊള്ളൂ. രൊക്കം പണം തന്ന് കവിതാ സമാഹാരങ്ങൾ  അച്ചടിപ്പിക്കാൻ ആളുകൾ ക്യൂ നില്ക്കുവാണ് സർ... ഇക്കാലത്ത് എഴുതുന്നതൊക്കെ കവിതേം, എഴുതുന്നവരൊക്കെ കവികളും എന്നാല്യോ വെപ്പ് ! എന്തായാലും അടുത്തെങ്ങാനും നാട്ടിൽ വരുന്നൊണ്ടെങ്കി സാറ് ഇതു വഴി വാ ...... നമുക്ക് അന്നേരം സംസാരിക്കാം !"

ചെറിയാൻ ഫിലിപ്പ് ഇട്ടു കൊടുത്ത ആ കച്ചിത്തുരുമ്പിൽ പിടിച്ചാണ് നാട്ടിൽ വരാൻ പരിപാടിയില്ലാതിരുന്നിട്ടു കൂടി അയാളാ യാത്രയ്ക്കു തയ്യാറായത്.

രാവിലെ കുളിച്ച് തയ്യാറായി ചെറിയാൻ ഫിലിപ്പിനെ കാണാനിറങ്ങുമ്പോൾ അയാൾ ഗൗരിയെ ഓർത്തു. ഒരു കവിയായി താൻ അറിയപ്പെടണം എന്ന് ആരേക്കാളുമധികം  മോഹിച്ചവൾ.... ജയമോഹൻ എന്ന കവിയെ ഒരു ചുംബനത്തിലൂടെ ആദ്യമായി അംഗീകരിച്ചവൾ.... ഒരുമിച്ച് ജീവിക്കാനാഗ്രഹിച്ച് ഒരു പാട് സ്വപ്നങ്ങളൂമായി ജയമോഹന്റെ  ജീവിതത്തിലേയ്ക്ക് കടന്നു വന്നവൾ.... ഒടുവിൽ മധുവിധു തീരുംമുമ്പേ  ആകാശവാതിൽ തുറന്ന് വെളിച്ചത്തിലേയ്ക്ക് നടന്നകന്നവൾ..... 

എങ്കിലും ഇന്നും ഒരു പൂനിലാവു പോലെയോ, ഒരു കാർമേഘച്ചുരുൾ  പോലെയോ, ഒരു  കുളിർതെന്നൽ പോലെയോ ഒക്കെ കഴിഞ്ഞ പത്തൊമ്പതു വർഷമായി  ജയമോഹനോടൊപ്പം അവളുമുണ്ട് !

പലരോടും ചോദിക്കേണ്ടി വന്നു, ഇടുങ്ങിയതെങ്കിലും  തിരക്കേറിയ തെരുവിലെ  ആ പഴയ ഒറ്റനിലക്കെട്ടിടം കണ്ടു പിടിക്കാൻ

ഒരു കൗശലക്കാരന്റെ മുഖഭാവമുള്ള മദ്ധ്യവയസ്കനായിരുന്നു ചെറിയാൻ ഫിലിപ്പ്

ജയമോഹനാണ്   സംഭാഷണം തുടങ്ങിയത് "ഞാൻ ജയമോഹൻ...."

" വന്നാട്ടെ, വന്നാട്ടെ.... " ചെറിയാൻ ഫിലിപ്പ് സ്നേഹപൂർവ്വം ക്ഷണിച്ചു. പിന്നെ തന്റെ മുന്നിലെ കസേരയിൽ ഇരിക്കാൻ ആംഗ്യം കാണിച്ച ശേഷം ഒന്നു രണ്ടു നിമിഷം എന്തോ ആലോചിച്ചിരുന്നു. പിന്നെ പതിയെ  ചോദിച്ചു " സാറ് കവിത മാത്രമേ എഴുതത്തൊള്ളോഅതോ കഥകളും എഴുതുമോ ?"

 "കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. മുഖ്യധാരയിൽ കാര്യമായ   അവസരങ്ങൾ  ലഭിച്ചിട്ടില്ലെങ്കിലും  സമാന്തര പ്രസിദ്ധീകരണങ്ങളിൽ സജീവമായിട്ടുണ്ട്. ഹൈദരാബാദിൽ നിന്നിറങ്ങുന്ന ഒരു മാസികയിൽ മൂന്നു വർഷത്തോളം രാഷ്ട്രീയ ലേഖകനായിരുന്നു

"കൊള്ളാം, സാറ് വന്നത് നല്ല സമയത്താ.... കവിതാ സമാഹാരം  ഞാനൊന്നു വായിച്ചു നോക്കട്ടെ. അതിനു മുമ്പ് ഇതുമായി ബന്ധപ്പെടാത്ത ഒരു കാര്യം കൂടി നമുക്ക് ചർച്ച ചെയ്യുകേം ആവാം". ഒരു നിമിഷം നിർത്തി അയാൾ തുടർന്നു "സാറ് കിനാവ് വാരിക വായിക്കാറൊണ്ടോ ?" ജയമോഹന്റെ മറുപടിയ്ക്കു കാത്തു നിലക്കാതെ ചെറിയാൻ ഫിലിപ്പ് തന്റെ മേശപ്പുറത്തു കിടന്നിരുന്ന അസംഖ്യം തപാലുരുപ്പടികളിൽ നിന്ന് ഒരു വാരിക തപ്പിയെടുത്ത ശേഷം ശ്രദ്ധാപൂർവ്വം ഒരു പേജ് അയാൾക്ക് മുമ്പിൽ തുറന്നു വെച്ചു.

'പൂമരം'.... ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന ഏതോ നോവലാണെന്നു തോന്നുന്നു. തലക്കെട്ടിനു താഴെ  പത്രസ്ഥാപനത്തിലെ ആർട്ടിസ്റ്റ് വരച്ചതടിച്ചുകൊഴുത്ത ശരീരമുള്ള ഒരു ഹാഫ് സാരിക്കാരിയുടെ നിതംബ ഭംഗി എടുത്തുകാട്ടുന്ന ചിത്രവും !

ജയമോഹൻ ചോദ്യരൂപേണ ചെറിയാൻ ഫിലിപ്പിനെ നോക്കി.

"സാറ് ഇട്ടിച്ചൻ പള്ളിമുറ്റം എന്ന നോവലിസ്റ്റിനെപ്പറ്റി  കേട്ടിട്ടൊണ്ടോ? ഒരു കാലത്ത് അഞ്ചും ആറും വാരികകളിൽ ഒരേ സമയം എഴുതിക്കൊണ്ടിരുന്ന ജനപ്രിയ നോവലിസ്റ്റാരുന്നു ഇട്ടിച്ചൻ സാറ്. പ്രായമായപ്പോൾ അങ്ങേര് എഴുത്തങ്ങ് കൊറച്ചു. അദ്ദേഹത്തിന്റെ മാസ്റ്റർപീസ് നോവലാണ് പൂമരം. വാരികേൽ ഈ നോവൽ പ്രസിദ്ധീകരിച്ചു തൊടങ്ങിയിട്ട് ഏതാനും ആഴ്ചകളേ ആയിട്ടൊള്ളു. ഇനി കാര്യത്തിലേക്ക് കടക്കാം." ചെറിയാൻ ഫിലിപ്പ് ഇന്റർകോമിലൂടെ ആരെയോ വിളിച്ച് ചായയ്ക്ക് പറഞ്ഞശേഷം തുടർന്നു "കഴിഞ്ഞയാഴ്ച ഇട്ടിച്ചൻ പള്ളിമുറ്റം അന്തരിച്ചു ! ഒരു ഹാർട്ട് അറ്റാക്... ഇപ്പം  വാരികയ്ക്ക് നോവൽ തുടരാൻ പറ്റാത്ത അവസ്ഥയാണ്."

"അതെന്തേ ? സാധാരണയായി നോവൽ മുഴുവൻ വാങ്ങി വായിച്ച് അപ്രൂവ് ചെയ്ത ശേഷമായിരിക്കുമല്ലോ പത്രാധിപർ പ്രസിദ്ധീകരണമാരംഭിക്കുക... " 

" , അതൊക്കെ ശരി  തന്നാ. പക്ഷേങ്കി ഇട്ടിച്ചൻ പള്ളിമുറ്റം എഴുത്തു കൊറച്ചപ്പോ  അദ്ദേഹത്തിന്റെ നോവലുകൾക്ക് വൻ ഡിമാന്റാവുകയുംപത്രാധിപന്മാർ ഇട്ടിച്ചന്റെ ഒരു വാക്കിനായി   കാത്തുകെട്ടിക്കെടക്കേണ്ട  ഒരവസ്ഥ വരികേം ചെയ്തു

ശാരീരിക പ്രശ്നങ്ങൾ മൂലം എഴുതുന്നതനുസരിച്ച്  വാരികയ്ക്ക് കൊടുക്കാമെന്ന് അദ്ദേഹം കണ്ടീഷൻ വെച്ചത് നിവൃത്തികേടുകൊണ്ട് കിനാവ് വാരികയുടെ പത്രാധിപർക്ക് അംഗീകരിക്കേണ്ടി വന്നുനോവലിന്റെ  എട്ടോ പത്തോ അധ്യായങ്ങൾ പത്രമാപ്പീസിലെത്തിച്ചിട്ടൊണ്ടെ

ചെറിയാൻ ഫിലിപ്പിന്റെ സംസാരം ഇത്രയുമായപ്പോൾ 'ഇതിൽ തനിക്കെന്തു കാര്യം' എന്നമട്ടിൽ ജയമോഹൻ വാച്ചിൽ നോക്കി. അയാളുടെ മുഖത്തെ താല്പര്യക്കുറവ് വായിച്ചറിഞ്ഞ പോലെ ചെറിയാൻ ഫിലിപ്പ് സംസാരിക്കാൻ തുടങ്ങി. " കഴിഞ്ഞ ദെവസി കിനാവ് വാരികയുടെ പത്രാധിപർ സഹദേവൻ എന്നെ വിളിച്ചാരുന്നു. ഇട്ടിച്ചന്റെ മരണത്തോടെ നോവലിന്റെ പ്രസിദ്ധീകരണം മൊടങ്ങുന്ന കാര്യം അയാൾക്കാലോചിക്കാൻ പോലും വയ്യാ. അപൂർണ്ണമായ ആ നോവൽ എഴുതി മുഴുമിപ്പിക്കാൻ പറ്റിയ ഒരെഴുത്തുകാരനെ അയാക്കു വേണം. ഞാൻ ചെലരോടൊക്കെ സംസാരിച്ചു നോക്കി. കഴിവുള്ള എഴുത്തുകാർക്ക് മറ്റൊരാൾ പകുതി എഴുതി വെച്ച ഒരു പൈങ്കിളി നോവൽ (അവരുടെ ഭാഷയിൽ) എഴുതി മുഴുമിപ്പിക്കാൻ താല്പര്യമില്ല. എഴുതാൻ തയ്യാറായി വന്നവരാവട്ടെ, തീരെ നിലവാരം കൊറഞ്ഞവരും... സാറ് കഥകളും ലേഖനങ്ങളുമൊക്കെ എഴുതി കൈത്തഴക്കം വന്ന ആളല്ലേ .ഒന്നു ശ്രമിച്ചു നോക്കരുതോ ?"

"ഗോസ്റ്റ് റൈറ്റിംഗ് ?"

"ഏതാണ്ടതു തന്നെ ! ഇത് ക്ലിക്കായാൽ പലരും രക്ഷപ്പെടും. കിനാവ് വാരികേടെ റേറ്റിംഗ് കൂടും. സാറിന് പ്രതിഫലമായി പത്രാധിപരിൽ നിന്ന് നല്ലൊരു തുക ഞാൻ വാങ്ങിത്തരാം. ഇട്ടിച്ചൻ സാറിന്റെ ഭാര്യയുമായി സംസാരിച്ച് നോവൽ അച്ചടിച്ചു വിതരണം ചെയ്യാനൊള്ള അവകാശവും പുസ്തകത്തിന്റെ  പകർപ്പവകാശോം  എനിക്ക് വാങ്ങിത്തരാമെന്ന് പത്രാധിപർ സഹദേവൻ സമ്മതിച്ചിട്ടൊണ്ട്. തരക്കേടില്ലാത്തൊരു തുക ഇട്ടിച്ചൻ സാറിന് അസ്വാൻസായി പത്രാധിപർ കൊടുത്തിട്ടൊണ്ട്. കുറച്ചു പണം കൂടി അവർക്കു കൊടുക്കാൻ സഹദേവൻ തയ്യാറുമാണ്. പുസ്തകം ചൂടപ്പം പോലെ വിറ്റു  പോകുമെന്നൊറപ്പ് ! സാറ് തയ്യാറാണെങ്കി കിനാവ് വാരികേടെ പഴയ ലക്കങ്ങൾ ഞാൻ എത്തിച്ചു തരാം...." ഒരു നിമിഷം നിറുത്തി, അയാൾക്കു മാത്രമായി ചെയ്യുന്ന ഒരു സൗജന്യം പോലെ ചെറിയാൻ ഫിലിപ്പ് തുടർന്നു പറഞ്ഞു
" മാത്രമല്ലാ, സാറിന്റെ കവിതാ സമാഹരം പ്രസിദ്ധീകരിക്കുന്നതിൽ ചില ഇളവുകൾ ചെയ്തു തരാനും ഞാൻ തയ്യാറാണ്."

പെട്ടെന്നാണ് ചെറിയാൻ ഫിലിപ്പിന്റെ മൊബൈൽ ശബ്ദിച്ചത്.

"സർ, ഒരു മിനിറ്റ് ..." എന്ന ക്ഷമാപണത്തോടെ ചെറിയാൻ ഫിലിപ്പ് ഫോണുമായി അല്പം അകലേയ്ക്കു മാറി നിന്ന് സംസാരമാരംഭിച്ചു.

ചെറിയാൻ ഫിലിപ്പിന്റെ ടെലഫോൺ സംഭാഷണം നീണ്ടു പോയി.

അപ്പോൾ, ഒരു വെൺപിറാവിനേപ്പോലെ  ഗൗരിയക്കുറിച്ചുള്ള ചിന്തകൾ അയാളുടെ മനസ്സിന്റെ ജാലകത്തിലൂടെ അകത്തേക്ക് പറന്നിറങ്ങി.

"വലിയ  സന്തോഷത്തിലാണല്ലോ ! " അവളുടെ ശബ്ദം ഒരു അശരീരി പോലെ  അയാൾ കേട്ടു.

 "ഞാനെന്തു ചെയ്യണം ?" അയാൾ നെഞ്ചകത്തിരുന്ന് കുറുകുന്ന പിറാവിനോട് പതിയെ ചോദിച്ചു.

 ''ആലോചിച്ച് യുക്തം പോലെ ചെയ്യൂ.... "

 അടുത്ത നിമിഷം  ചിറകടി ശബ്ദം അകന്നുപോയി !

ഫോൺ സംഭാഷണം അവസാനിപ്പിച്ച് ചെറിയാൻ ഫിലിപ്പ് ജയമോഹനെ നോക്കി മന്ദഹസിച്ചു. "സഹദേവനാരുന്നു. ഞാൻ സാറിന്റെ കാര്യം സൂചിപ്പിച്ചിട്ടൊണ്ട് !"

ഇട്ടിച്ചൻ പള്ളിമുറ്റം എന്ന ജനപ്രിയനോവലിസ്റ്റെഴുതിയ പൈങ്കിളിനോവലിന്റെ  ആയിരക്കണക്കിന് കോപ്പികൾ അച്ചടിച്ച് സാക്ഷരകേരളമാകെ വിറ്റഴിച്ച് ധനികനാവുന്ന നിമിഷത്തെ മനസ്സിൽ ആവാഹിച്ചിട്ടെന്ന പോലെ ചെറിയാൻ ഫിലിപ്പ്  മിഴികൾ പൂട്ടി ഒന്നുരണ്ടു നിമിഷം ധ്യാനത്തിലിരുന്നു.

പിന്നെ, ധ്യാനത്തിൽ നിന്നുണർന്ന് ജയമോഹനെ നോക്കി പറഞ്ഞു " സാറ് ഒന്നാലോചിച്ച് നോക്ക്. മറുപടി ഒടനേ വേണ്ട. നാളെ നമുക്കു വീണ്ടും കാണാം."  പ്രത്യാശയോടെ ചെറിയാൻ ഫിലിപ്പ് നീട്ടിയ കൈപിടിച്ച് മെല്ലെ  കുലുക്കി ജയമോഹൻ എണീറ്റു

പിന്നെ പുറത്ത്മധ്യാഹ്ന സൂര്യനു താഴെ ചുട്ടുപഴുത്ത ഒരു ലോഹപാളി പോലെ കിടക്കുന്ന  നിരത്തിലെ തിരക്കിൽ  അയാളും അലിഞ്ഞു ചേർന്നു.

*************

Followers