മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, December 27, 2016

ജനുവരി മാസ സാഹിത്യ ചർച്ച

|1 comments


സുഭാഗാ
കെ. ആര്‍. നാരായണന്‍
വേലിയേറ്റവും, വേലിയിറക്കവും വന്‍തോതില്‍ സംഭവിക്കുന്ന ഉള്‍ക്കടലും, അവിടെ നിന്നും രാഷ്ട്രത്തിന്റെ വടക്കു -പടിഞ്ഞാറന്‍ അതിര്‍ത്തിവരെയും, അതിന്നപ്പുറവും നീണ്ടു കിടക്കുന്ന മരുഭൂമിയും കണ്ടു തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. പത്തൊന്‍പതാം വയസ്സില്‍ ഇവിടേയ്ക്ക് ആദ്യമായി കയറി വന്ന ദിവസം ഇന്നും ഓര്‍മ്മയില്‍ ഉണ്ട്.
മഞ്ഞുകാലത്തിലെ കൊടുംതണുപ്പുള്ള ഒരു സന്ധ്യക്കാണ്‌ ഇവിടെയെത്തിയത്. നഗരത്തില്‍ നിന്ന് മുപ്പത്തി അഞ്ചു മണിക്കൂര്‍ ട്രെയിനിലും, പിന്നെ മൂന്നു-നാലു മണിക്കൂര്‍ പൊടി നിറഞ്ഞ നിരത്തില്‍ കൂടി, ഉണങ്ങി വരണ്ട വളരെ വലിയൊരു നദിയും കടന്നു, ബസ്സിലും യാത്ര ചെയ്താണ് ഇവിടെ എത്തിച്ചേര്‍ന്നത്. അന്ന് ഇന്നത്തെ പോലെ ബ്രോഡ്ഗേജ് ട്രെയിനുകളോ, ടാറിട്ട റോഡുകളോ, ഹൈവേകളോ, എക്സ്പ്രസ് ബസ് സര്‍വീസുകളോ ഒന്നും ഉണ്ടായിരുന്നില്ല. പഴയ കാലത്തെ മീറ്റര്‍ഗേജു തീവണ്ടിയും, കുന്നും കുഴിയും നിറഞ്ഞ റോഡുകളും മാത്രം – നൂറിലധികം രാജാക്കന്മാര്‍ ഈ പ്രദേശം പങ്കിട്ടു ഭരിച്ചിരുന്നു എങ്കിലും.
പുതുതായി ഉണ്ടായ കടലോര സംസ്ഥാനത്തിലെ, പ്രോബേഷണര്‍ ആപ്പീസ്സര്‍മാര്‍ എല്ലാം ഇത്തരം പ്രദേശങ്ങളില്‍ മുപ്പതു ദിവസമെങ്കിലും താമസിച്ചു അവിടുത്തെ തീരദേശവാസികളുടെയും, മീന്‍ പിടുത്തക്കാരുടെയും, അതിര്‍ത്തിയിലെ താമസക്കാരുടെയും മറ്റും സാമൂഹ്യ – സാമ്പത്തിക വശങ്ങളെ കുറിച്ച് പഠിച്ചു ഒരു “ഡെസര്‍ട്ടെഷന്‍” സമര്‍പ്പിക്കണം എന്നു നിര്‍ബന്ധമുള്ള ആളായിരുന്നു അന്നത്തെ വകുപ്പദ്ധ്യക്ഷന്‍.
അതുകൊണ്ടാണ്, ഈ ഓണംകേറാ മൂലയിലേക്കു ഈ കടുത്ത മഞ്ഞു കാലത്ത് വന്നു താമസിക്കേണ്ടി വന്നത്.
വലിയൊരു ആല്‍ത്തറയും, അതിനു ചുറ്റും കുറച്ചു കടകളും മാത്രം ഉള്ള, ഗ്രാമത്തിന്റെ ബസ് സ്റ്റാന്‍ഡില്‍ ഭോജൂഭാ ലാഖാജി എന്ന നരച്ച കൊമ്പന്‍ മീശയുള്ള ഡര്‍ബാര്‍ - സ്ഥലത്തെ ഫീല്‍ഡ്മാന്‍ - പുതിയ മദ്രാസി സാഹെബിനെ കാത്തു നില്‍പ്പുണ്ടായിരുന്നു. അയാള്‍ നേരെ കൊണ്ടുപോയത്, പഴയ രാജവാഴ്ച്ചക്കാലത്തെ - “ഹൊറര്‍” സിനിമകളില്‍ കാണുന്ന പോലെയുള്ള - ഒരു പഴയ ബംഗ്ലാവിലേക്കായിരുന്നു. അകത്തു കയറിയപ്പോളാണ്‌ പണ്ടത്തെ നടുവാഴികളായിരുന്ന (ഥാക്കൂര്‍ സാഹെബ് എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന) സ്ഥാനി ഡര്‍ബാര്‍മാരുടെ കൊട്ടാരം ആയിരുന്നു അത് എന്ന് മനസ്സിലായത്‌. കൊമ്പന്‍ മീശയും, തലപ്പാവും, വെല്‍വെറ്റ് കുപ്പായവും, സില്‍ക്കിന്‍റെ മേലങ്കിയും മറ്റുമായി ഒരു നാടുവാഴി ഥാക്കൂര്‍ കഴുത്തു നിറയെ മുത്തുമാലകളും ധരിച്ചു, രാജകീയ പ്രൌഡിയോടെ വാളും പിടിച്ചു നില്‍ക്കുന്ന ഒരു വലിയ ചിത്രവും ഹാളില്‍ ഉണ്ടായിരുന്നു.
(ഭാഗ്യത്തിന്, ഇപ്പോഴത്തെ “മണിച്ചിത്ര താഴിലെ” പോലെ നാഗവല്ലിയുടെ ചിലങ്ക ശബ്ദമോ, “ഒരു മുറൈ വന്ത് പാത്തായാ.....?” എന്ന പാട്ടോ ഒന്നും ബാക്ക് ഗ്രൗണ്ടില്‍ ഉണ്ടായിരുന്നില്ല).
ഇതെന്താഡോ ഭൂത് ബംഗ്ലാവോ?” എന്ന ചോദ്യത്തിന് ഭോജൂഭാ പറഞ്ഞത്: “അല്ലാ ഹുസൂര്‍, മുസാഫരി ബംഗ്ലാവാണ്” (ട്രാവലേര്‍സ് ബംഗ്ലാവ്) എന്നായിരുന്നു.
ഉപ്പു പടിഞ്ഞ ചതുപ്പുകളുള്ള കടല്‍തീരത്തു റോഡുകള്‍ ഒന്നും ഉണ്ടായിട്ടില്ലായിരുന്നു അക്കാലത്ത്; തീരങ്ങള്‍ നിറയെ അഗാരിയകളുടെ (ഉപ്പുണ്ടാക്കുന്ന ജാതിക്കാര്‍) ഉപ്പളങ്ങള്‍ മാത്രം ആയിരുന്നു. വാഹനങ്ങള്‍ക്ക് അവിടങ്ങളില്‍ പോകാനും സാധ്യമല്ല.
അതുകൊണ്ട്, അടുത്ത ദിവസം തീരദേശവാസികളെ കാണാന്‍ എങ്ങിനെയാണ് പോകേണ്ടത് എന്നു ആലോചിച്ചു കൊണ്ടിരുന്നപ്പോള്‍ ആണു ഭോജുബാ കയറി വന്നത്. വലിയ തലക്കെട്ടും, കൊമ്പന്‍ മീശയും, മഷി എഴുതിയ കണ്ണുകളും ഉള്ള ആജാനുബാഹുക്കളായ അവിടത്തെ രണ്ടു മൂന്നു വാഘേര്‍ കാരണവന്മാരുo ഉണ്ടായിരുന്നു കൂടെ.
ഭോജൂബാ വിശദമായി തന്നെ അടുത്ത ദിവസത്തെ പരിപാടി അറിയിച്ചു:
കാല്‍ നീ മുസാഫരി മാട്ടെ കോയീ തക്ലീഫ് നഥി, സാഹെബ്; ജ്ഞാത് പട്ടേല്‍ ബേ ഊട്ട് മാട്ടെ വ്യവസ്ഥാ കരീ ച്ഹേയ്” (നാളത്തെ യാത്രയ്ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാ,സര്‍. ഇവരുടെ സമുദായത്തിന്റെ പട്ടേല്‍, രണ്ടു ഒട്ടകങ്ങളെ തയ്യാറാക്കിയിട്ടുണ്ട്).
സാത്ത് വാഗെ നാശ്ത്താ കരീനെ ഉപഡിയെ” (ഏഴു മണിക്ക് പ്രാതല്‍ കഴിഞ്ഞു പുറപ്പെടാം).
രാവിലെ തന്നെ കാവയും (പാലില്ലാത്ത ചായ), ‘ഗാംഠിയ’ എന്ന കടലമാവ് കൊണ്ടുള്ള, എണ്ണയില്‍ വറുത്ത, ഒരു തരം പലഹാരവും കഴിച്ചു പുറപ്പെട്ടു ഞങ്ങള്‍. ഒരു ഒട്ടകത്തില്‍ ഭോജൂബയും, വഴികാട്ടിയായ വാഘെരും, സ്വല്‍പ്പം ഭക്ഷണവും വെള്ളവുമായി മുമ്പിലും, ഞാനും മറ്റൊരു ഒട്ടകം തെളിക്കുന്നവനുo പുറകിലുമായി, എഴര മണിയോടെ, കടലോരത്തിലൂടെ യാത്രയായി.
ഉപ്പളങ്ങള്‍ എല്ലാം കടന്നു, വടക്കോട്ടു പിന്നെയും പോയിക്കൊണ്ടിരുന്നപ്പോള്‍, അങ്ങകലെ ഉള്‍ക്കടലും, ഉണങ്ങി വരണ്ട നദിയും കൂടി ചേരുന്ന സംഗമസ്ഥാനവും, അതിനു കുറച്ചു മുമ്പേ, ഏതാണ്ട് ഒരു കിലോമീറ്റര്‍ വിസ്ഥാരത്തില്‍, മുക്കുവന്‍മാരുടെ കൊച്ചു കൊച്ചു കുടിലുകളും, കരയോടടുത്തു അങ്ങിങ്ങായി കിടന്നിരുന്ന കൊച്ചു വഞ്ചികളും കണ്ടു തുടങ്ങി.
സൂര്യന്‍റെ പോലും ചൂട് കിട്ടാത്ത ആ ശീതകാലത്ത് കടല്‍ കാറ്റ് വീശിയടിച്ചു കൊണ്ടിരുന്നു. കറുപ്പും, ചുകപ്പും ചേര്‍ന്ന നിറമുള്ള ഒരു തടിച്ച കമ്പിളികൊണ്ട്‌, ഒട്ടകക്കാരന്‍ പുതപ്പിച്ചിട്ടും, തണുപ്പ് വജ്രസൂചി പോലെ ശരീരത്തില്‍ കുത്തിക്കേറിക്കൊണ്ടിരുന്നു. എങ്കിലും ആ മുക്കുവന്മാരുടെ ചേരിയില്‍ എത്തുന്നതുവരെ അതു സഹിക്കാതെ നിവൃത്തിയില്ലായിരുന്നു.
ആടി ഉലഞ്ഞു നടന്നിരുന്ന ഒട്ടകങ്ങള്‍ ഒരു വിധത്തില്‍ ഞങ്ങളെ മുക്കുവന്മാരുടെ സങ്കേതത്തില്‍ എത്തിച്ചു. പഴകി കീറിയ ചുകന്ന പാവാടയും, കറുത്ത, നീണ്ട കൈയുള്ള, പിന്‍ഭാഗം തുറന്ന കുപ്പായവും ധരിച്ച ചില സ്ത്രീകള്‍ ബാജ്ര (മില്ലറ്റ്) കുഴച്ചുണ്ടാക്കിയ തടിച്ച റോട്ട്ലകള്‍ കഷ്ണങ്ങളാക്കി കമ്പിളി കഷ്ണങ്ങള്‍ പുതച്ച അഴുക്കു പുരണ്ട കുട്ടികളെ തീറ്റിക്കുന്നതും, പുരുഷന്മാര്‍ ഉണങ്ങിയ കണ്ടലും, ബാവളും കത്തിച്ചുള്ള തീയും കാഞ്ഞു, രൂക്ഷഗന്ധമുള്ള ഒരു തരo പുകയില നിറച്ച മണ്ണിന്റെ ഹുക്കകളില്‍ നിന്ന് പുകയെടുത്തു കൊണ്ടിരിക്കുന്നതും ആയ കാഴ്ചയാണ് കണ്ണില്‍ പെട്ടത്.


ഞങ്ങളെ ഓര്‍ക്കാപ്പുറത്ത് കണ്ടതുകൊണ്ടു അവര്‍ക്ക് പരിഭ്രമമായി. നികുതി പിരിക്കാന്‍ എന്ന പേരില്‍ വന്നു അവര്‍ പിടിക്കുന്ന മത്സ്യo എല്ലാം പിടിച്ചു പറിച്ചു കൊണ്ട് പോകുന്ന റെവന്യൂ ആപ്പീസ്സര്‍മാരോ, കള്ളക്കടത്ത് സാധനങ്ങള്‍ അന്വേഷിച്ച് വന്ന കസ്റ്റoസുകാരോ എന്നു വിചാരിച്ചിട്ടായിരിക്കും ഈ പരിഭ്രമം എന്ന് ഒട്ടകക്കാരന്‍ പറഞ്ഞു.
ജീവിതത്തില്‍ ആദ്യമായി ഈ പ്രദേശത്തു കാലുകുത്തിയ മദ്രാസി ആപ്പീസ്സര്‍ക്ക് അവരുടെ ഭാഷ മനസ്സിലായില്ല. എങ്കിലും, അവരുടെ ഭാഷയും, കാഠിയാവാഡിയും കൂട്ടിക്കുഴച്ച സങ്കരഭാഷയില്‍ അവരുടെ വര്‍ത്തമാനങ്ങള്‍ ഭോജൂബാ അയാളെ മനസ്സിലാക്കി കൊടുത്തു.
അതില്‍ നിന്നും ഇവിടുത്തെ സ്ഥിതിഗതികള്‍ ചിലതെല്ലാം മനസ്സിലാക്കാന്‍ കഴിഞ്ഞു അയാള്‍ക്ക്‌.
പക്ഷെ, അയാള്‍ക്ക്‌ തീരെ മനസ്സിലാക്കാന്‍ കഴിയാത്തതായ ഒന്നുണ്ടായിരുന്നു - ആ പ്രദേശത്തു മൈലുകളോളം നീണ്ടു കിടന്ന ഈ ഉണങ്ങി വരണ്ട നദി.
ഭോജൂബയും കൂട്ടരും പറഞ്ഞാണു ഈ നദിയുടെ പേര് “സുഭാഗാ” എന്നാണെന്ന് അറിയുന്നത് തന്നെ. ഈ വരണ്ട നദിക്കു ചരിത്രകഥയിലെ സുന്ദരിയും, വിദുഷിയും, യോദ്ധാവും ആയിരുന്ന ഒരു രാജകുമാരിയുടെ പേര് എങ്ങിനെ കിട്ടി എന്ന് പറഞ്ഞു തന്നത്, വൈകീട്ട് വിരുന്നിനു ക്ഷണിച്ച താക്കൂര്‍സാബിന്റെ പിന്‍ഗാമിയായ വിരെന്ദ്രസിന്‍ഹ്ജി ‍ആയിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിലെ ഈ പ്രദേശത്തെ പേരും, പ്രസിദ്ധിയും ഉണ്ടായിരുന്ന രഘുവീര്‍സിന്‍ഹ് എന്ന ഒരു നാട്ടുരാജാവിന്റെ മകളായിരുന്നു അതിസുന്ദരിയും, വിദുഷിയും, എല്ലാo ആയിരുന്ന സുഭാഗാ കുമാരി. മഹാവീരനും യോദ്ധാവും സുന്ദരനും ആയിരുന്ന ജൂനാനഗര്‍ സംസ്ഥാനത്തെ യുവരാജാവായിരുന്ന വിക്രംസിന്‍ഹില്‍ അവള്‍ക്കു അനുയോജ്യനായ വരനെ കണ്ടെത്തി രഘുവീര്‍ സിന്‍ഹ്. അവരുടെ വിവാഹം വളരെ ഗംഭീരമായി നടന്നു. അതിനു ശേഷം സുഭാഗാ കുമാരി ഭര്‍തൃഗൃഹത്തില്‍ ചെന്നു സന്തോഷത്തോടെ ജീവിച്ചിരുന്ന കാലത്താണ് പാട്ടന്‍പൂര്‍ സംസ്ഥാനത്തെ ദുരാഗ്രഹിയായ രാജാവിന്റെ ആക്രമണം ഉണ്ടാകുന്നത്.
മണ്ണിനും, പെണ്ണിനും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത അയാള്‍, ജൂനാനഗര്‍ ആക്രമിച്ചു നശിപ്പിച്ചു. വിക്രംസിന്ഹിനെയും കുടുംബത്തെയും, അനവധി നാട്ടുകാരെയും കൊന്നോടുക്കി. വിഭാഗയെ തന്‍റെ വെപ്പാട്ടി ആക്കി കൊണ്ടുപോകാന്‍ സന്നാഹവുമായി എത്തി. പക്ഷെ രാജപുത്രരക്തത്തില്‍ ജനിച്ച സുഭാഗ കൂട്ടാക്കിയില്ലാ. അവള്‍ നാട്ടിലെ യുവാക്കളെയും, പോരാളികളെയും കൂട്ടി വലിയൊരു യുദ്ധം തന്നെ നയിച്ചു. നദിക്കരയില്‍ നടന്ന ഘോര യുദ്ധത്തില്‍ അവര്‍ പിടിക്കപ്പെട്ടു. എങ്കിലും, പാട്ടന്‍പൂര്‍ രാജാവിനു കീഴടങ്ങുന്നതിന് മുമ്പ് തന്നെ അവളും സൈന്യവും തീയില്‍ ചാടി ആത്മഹത്യ ചെയ്തു. പക്ഷെ, മരിക്കുന്നതിനു മുമ്പ് അവള്‍ പാട്ടന്‍പൂര്‍ രാജാവിനെയും, അയാളുടെ വംശത്തെയും ശപിച്ചുവത്രേ:
പാട്ടന്‍പൂര്‍ നരേശന്റെ എല്ലാ ഐശ്വര്യങ്ങളും അസ്തമിക്കട്ടെ; അവന്‍റെ രാജ്യത്തെ ഫലഭുയിഷ്ട്ടമാക്കുന്ന “ഐശ്വര്യാ എന്ന ഈ നദി” എന്നെന്നേക്കുമായി വറ്റി പോയി, എന്‍റെ ഗതി തന്നെ അതിനുo വരട്ടെ!!”
ഇതായിരുന്നുവത്രേ ഐശ്വര്യാ നദി ഉണങ്ങി വരണ്ട സുഭാഗാ ആയി തീര്‍ന്നതിന്റെ പശ്ചാത്തലം.
മദ്രാസി ആപ്പീസ്സരുടെ ഡെസര്‍ട്ടെഷനിലെ ബാക്ക് ഗ്രൗണ്ട് ഇന്ഫര്‍മെഷനില്‍ കൊടുത്തിരുന്ന “സുഭാഗാ” എന്ന ഒരു പാരഗ്രാഫിനു ചുറ്റും പച്ച മഷിയില്‍ ഒരു വട്ടം വരച്ചു വകുപ്പദ്ധ്യക്ഷന്‍ എഴുതി:
ഇന്ത്യന്‍ ചരിത്രത്തിന്റെ അസ്തിവാരക്കല്ലുകള്‍ ഇത്തരം ഉണങ്ങിയ ഭൂപ്രദേശങ്ങളും, വരണ്ട പുഴകളും, നിര്‍ഭാഗ്യ സംഭവങ്ങളും, ഐതിഹ്യങ്ങളും, ത്യാഗങ്ങള്‍ അനുഭവിച്ച അക്കാലത്തെ ചില സ്ത്രീ-പുരുഷന്മാരുo ഒക്കെ ആയിക്കൂടെന്നില്ലല്ലോ......”


2.മെര്‍മേയ്ഡ് പോയിന്‍റ്
കെ. ആര്‍. നാരായണന്‍
കടല്‍ എന്നും ഒരു ഒബ്സെഷന്‍ ആയിരുന്നു അയാള്‍ക്ക്‌; ഒരു തരം ദൌര്‍ബല്ല്യം.
അതുകൊണ്ടായിരിക്കണം ട്രെയിനിങ്ങും, പ്രോബെഷനും എല്ലാം കഴിഞ്ഞു, വകുപ്പദ്ധ്യക്ഷന്‍ പുതിയ ആപ്പീസ്സര്‍മാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കിടയില്‍ ചോദിച്ചപ്പോള്‍, അയാള്‍ ആ കടലോര ജില്ലയില്‍ ജോലി ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതും, അദ്ദേഹം അത് കാര്യമായി തന്നെ എടുത്തു, അയാളെ അതിര്‍ത്തിപ്രദേശത്തെ ആ കടല്‍തീര ജില്ലയുടെ ആപ്പീസ്സറായി തന്നെ നിയമിച്ചതും എന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
നല്ല വരായയുo, വളരെ അധികാരങ്ങളും, പ്രാധാന്യവും ഉള്ള പോസ്റ്റുകള്‍ ചോദിച്ചു വാങ്ങാതെ, പഴയ ചരിത്രങ്ങളിലും, ഇതിഹാസങ്ങളിലും, ഐതിഹ്യങ്ങളിലും മറ്റും മയങ്ങി കിടക്കുന്ന - ഒരു വികസനത്തിനും വഴങ്ങാത്ത – ഈ പഴയ തുറമുഖ പ്രദേശത്തിലേക്ക് പോസ്റ്റിംഗ് ചോദിച്ചു വാങ്ങിയ ഇവന്‍ വല്ലാത്ത ഒരു മണ്ടനാണ് എന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞത്.
സര്‍വ്വജ്ഞാനി എന്ന് സ്വയം വിശ്വസിച്ചിരുന്ന ദേവി ദയാല്‍ സാബ് എന്ന ഒരു സീനിയര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു പരത്തിയ പഴയ ഒരു പഴയ പ്രേമ കഥയാകാം ഇതിന്‍റെ കാരണം എന്നു പലരും സംശയിച്ചു. പക്ഷെ, മറ്റൊരു കാരണവും കിട്ടാത്ത സ്ഥിതിയ്ക്ക്, ആ കഥ തന്നെ തല്‍ക്കാലം കാരണമായി എല്ലാവരും അംഗീകരിച്ചു.
കടലോരത്തിന്നടുത്തായി പൊട്ടി പൊളിഞ്ഞ പഴയ ബന്ധറിന്റെ -തുറമുഖത്തിന്‍റെ- പത്തു-പന്ത്രണ്ടു മൈല്‍ ദൂരെ വടക്ക്-പടിഞ്ഞാറന്‍ കടലില്‍ ഒരു സുന്ദരമായ ദ്വീപുണ്ട്. ഇയാള്‍ കുറേക്കാലം സര്‍വ്വേകളും ഗവേഷണവും, മറ്റുമായി അവിടെ ആയിരുന്നു. അധികം ആള്‍ താമസം ഇല്ലാത്ത അവിടെ പഴയ ഒരു രാജാവിന്റെ ബംഗ്ലാവുണ്ട്. അതിന്‍റെ ഒന്നാം നിലയിലായിരുന്നു അക്കാലത്തെ സര്‍ക്കാര്‍ ആപ്പീസ്സര്‍മാര്‍ക്ക് താമസിക്കാനുള്ള മുസാഫരി ബംഗ്ലാവ്. അധികം ആളുകളും, ശല്യങ്ങളും ഒന്നും ഇല്ലാത്ത അതിന്‍റെ ഗ്രൌണ്ട് ഫ്ലോറില്‍ ആയിരുന്നു അയാളുടെ ആപ്പീസ്സും, ഗവേഷണ കേന്ദ്രവും, താമസവും എല്ലാം.
മുകളിലെത്തെ നിലയില്‍ രണ്ടു-മൂന്നു വീ..പീ. മുറികള്‍ ആണ്. അത് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാര്‍ ഗസ്റ്റ് ഹൌസായി ഉപയോഗിച്ചിരുന്നു. ഈ കെയര്‍ ഓഫില്‍ അയാള്‍ക്ക്‌ പല വീ..പീ.കളും ആയി പരിചയവും അടുപ്പവും ഉണ്ടായിരുന്നു. അവരെല്ലാം പലപ്പോഴും അയാളോടു ചോദിക്കുമായിരുന്നു:
ഷാല്‍ ഐ ഗെറ്റ് യു എ ട്രാന്‍സ്ഫെര്‍ ടു എ ബെറ്റര്‍ പ്ലേസ്?”
പക്ഷെ, അപ്പോഴെല്ലാം അയാള്‍ “നോ, സര്‍. വെരി കൈന്ഡ് ഓഫ് യു” എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയും, “ ഐ വാസ് ലോന്ഗിംഗ് ഫോര്‍ ദിസ്‌ പ്ലേസ്” എന്ന് മനസ്സില്‍ പറയുകയും പതിവായിരുന്നു
അപ്രതീക്ഷിതമായാണ്, രേണുക ഗാംഗുലി എന്ന ഒരു പുത്തന്‍ ഐ..എസ്സുകാരി ആ ജില്ലയില്‍ കലക്ക്ട്ടര്‍ക്കു കീഴില്‍ പ്രോബെഷണര്‍ ആയി എത്തിയത്. കലക്ക്ട്ടര്‍വഴി രേണുകയും അയാളും പരിചയപ്പെടുകയും ചെയ്തു.
തുടക്കം മുതല്‍ക്കു തന്നെ അയാളില്‍ എന്തോ ഒരു പ്രത്യേകത അവള്‍ക്ക് തോന്നിയിരുന്നു. ഇയാളെ ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ എന്നും ഒരു തോന്നല്‍ പലപ്പോഴും ഉണ്ടായിരുന്നു അവള്‍ക്കു.
ഈ സ്ഥലത്തോടുള്ള അയാളുടെ മമതയെ കുറിച്ച് ചോദിച്ചറിയാന്‍, പലപ്പോഴും രേണുക ഒരുങ്ങിയിട്ടുണ്ട്. പക്ഷെ, എന്തുകൊണ്ടോ, അതിനു വേണ്ട അവസരം ലഭിച്ചിരുന്നില്ല. .
ഒരിക്കല്‍ രേണുകയ്ക്കു ഒരാഴ്ചയോളം കാലം അവിടെ തങ്ങേണ്ടി വന്നു. ഫ്രീ സമയങ്ങളില്‍ അയാളുടെ കൂടെ ദ്വീപിലെ കടലോരത്തു പവിഴ പുറ്റുകള്‍ നിറഞ്ഞ തീരങ്ങളിലെ പൊത്തുകളും, ഗുഹകളും തീര്‍ക്കുന്ന പാറക്കൂട്ടങ്ങളില്‍ ചെന്നിരിക്കാറൂണ്ട് അവള്‍ . അപ്പോഴെല്ലാം അയാള്‍ വളരെ “ഇമോഷണല്‍” ആവുന്നതും, ഈ കടലിന്‍റെയും, കടല്‍ പ്രദേശത്തിന്‍റെയും കഥകളും, ചരിത്രങ്ങളും മറ്റും ഉദ്വേഗത്തോടെ പറയുകയും പതിവായിരുന്നു.
ഒരിക്കല്‍ അയാള്‍ രേണുകയെ തിരമാലകള്‍ കയറി ഇറങ്ങുന്ന ഒരു വിസ്തൃതമായ ഗുഹ കാണിച്ചു കൊടുത്തു. അവിടെ പാറയില്‍ പണ്ടു ആരോ കൊത്തി വച്ച മത്സ്യകന്യകയുടെ രൂപവും കാണിച്ചു കൊടുത്തു.
പാറകള്‍ക്കുള്ളിലെ വളരെ വിശാലമായ ആഴം കുറഞ്ഞ വിചിത്രമായ ഒരു ഗുഹയും, അതില്‍ കയറി ഇറങ്ങുന്ന തിരകളും, ആ രൂപങ്ങളും എല്ലാം അവളുടെ മനസ്സില്‍ അലൌകികമായ ഒരു വികാരം ജനിപ്പിക്കുക പതിവായിരുന്നു.
ഈ സ്ഥലങ്ങളെല്ലാം കാണുമ്പോള്‍, ഇതെല്ലാം താന്‍ പണ്ടെങ്ങോ കണ്ടു മറന്ന പോലെ ഒരു തോന്നല്‍ അവള്‍ക്കു എപ്പോഴും ഉണ്ടാകാറുണ്ട്. എവിടെയാണ്, എപ്പോഴാണ് കണ്ടത് എന്നവള്‍ ഓര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ ഓര്‍മ്മകള്‍ എവിടെയെല്ലാമോ തട്ടി തടഞ്ഞു വീണു പൊടിയുകയാണ് പതിവ് – ഒന്നിനും ഒരു വ്യക്തത ഇല്ലായിരുന്നു.
സ്വല്‍പ്പം പരിഭ്രമത്തോടെ ചിലപ്പോള്‍ അവള്‍ ചോദിക്കാറുണ്ട്: “എന്താണിതെല്ലാം? എന്നെ എന്തിനാണ് ഇതെല്ലാം കാണിക്കുന്നത്?”.
അവളുടെ അസ്വസ്ഥത അയാളുടെ മുഖത്ത് സംതുഷ്ടിയുടെ ചില കിരണങ്ങള്‍ പടര്‍ത്തും. അവളുടെ പ്രതികരണങ്ങള്‍ നോക്കി കൊണ്ട് അയാള്‍ ഏതോ സ്വപ്നത്തില്‍ ലയിച്ചു പോകാറുണ്ട്. ഒരു ദിവസം, ഇത്തരം ഒരു സ്വപ്നത്തിന്റെ മയക്കത്തില്‍ ആയിരുന്നു അയാള്‍ മത്സ്യകന്യകയുടെ കഥ അവളോട്‌ പറഞ്ഞത്.
വളരെ പണ്ടു കാലത്ത് പാറകളും, പായലുകളും നിറഞ്ഞിരുന്ന ഈ കടലില്‍ ധാരാളം മത്സ്യകന്യകള്‍ ഉണ്ടായിരുന്നുവത്രേ. അടുത്തെങ്ങും ആളുകള്‍ ഇല്ലാത്ത സമയത്ത് അവര്‍ ഈ പാറകളില്‍ വന്നിരിക്കുകയും, ആഴം കുറഞ്ഞ പാറക്കെട്ടുകള്‍ക്കിടയില്‍ നീന്തി കളിക്കുകയും പതിവായിരുന്നു. അങ്ങിനെ ഒരു ദിവസം അവരുടെ ജലക്രീഡകള്‍ എല്ലാം കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ അവരില്‍ ഒരുത്തി ഈ ഗുഹയിലെ പാറക്കെട്ടില്‍ പെട്ടുപോയീ.
വേലിയിറക്ക സമയമായിരുന്നതുകൊണ്ട്, കടല്‍ വലിഞ്ഞു, ആ പ്രദേശം, ഉണങ്ങി തുടങ്ങിയിരുന്നു. ഭാഗ്യവശാല്‍, ആ സമയത്താണ് അവിടെ ഒരു മുക്കുവന്‍ വരാന്‍ ഇടയായതും അവളെ കാണാന്‍ ഇടയായതും. കടലിന്‍റെ സ്വഭാവം നല്ലവണ്ണം അറിയാമായിരുന്ന മുക്കുവന്‍ അവളെ പാറകള്‍ക്കിടയില്‍ നിന്നും പൊക്കി എടുത്തു കടലിലെ ആഴമുള്ള ഭാഗത്ത് കിടത്തി കൊടുത്തു. കടല്‍ കാറ്റിന്‍റെയും, കരയിലെ ചൂടിന്‍റെയും വരള്‍ച്ചയില്‍ നിന്നും രക്ഷപ്പെട്ടു അവള്‍ കടല്‍ വെള്ളത്തില്‍ നീന്തിയകന്നു. പോകുന്നതിനു മുമ്പ്, അയാളോട് നന്ദി പറയുവാന്‍ കഴിഞ്ഞില്ല അവള്‍ക്കു .
അതുകൊണ്ട്, അടുത്ത ദിവസം അവിടെ വന്നു, മുക്കുവനെ കാത്തിരുന്നു അവള്‍. പക്ഷെ, മുക്കുവന്‍ വന്നില്ല. അന്ന് മുതല്‍ ദിവസവും അവള്‍ അവനെ അന്വേഷിച്ചു അവിടെ വരുമായിരുന്നു. പക്ഷെ ഒരിക്കലും അവനെ കാണാന്‍ പറ്റിയില്ല.. അവള്‍ക്കു നിരാശയും, ദു:ഖവുമായി. സമുദ്രത്തിലേക്ക് തിരിച്ചു പോകാന്‍ മനസ്സ് വന്നില്ല ; അവിടെ തന്നെ ജീവിച്ചു, അവനെയും കാത്തു. പിന്നീട്, ഒരിക്കല്‍ കടല്‍ പിന്‍വാങ്ങിയപ്പോള്‍, അവളുടെ ശരീരം ഉണങ്ങി വരണ്ടു; ചൂട് സഹിക്കാനാകാതെ, അവള്‍ അവിടെ കിടന്നു തന്നെ മരിച്ചു.
കാലം കുറെ കഴിഞ്ഞു. ഒരു ദിവസം ഒരു ശാസ്ത്രജ്ഞന്‍ ആ വഴി വന്നു. അവളുടെ ഉണങ്ങിയ അസ്ഥികൂടം കാണുകയും അത് സൂക്ഷിച്ചു എടുത്തു വയ്ക്കുകയും, അയാള്‍ ഭാവനയില്‍ കണ്ട അവളുടെ ഒരു ചിത്രം പാറയില്‍ കൊത്തി വയ്ക്കുകയും ചെയ്തു. ആ സ്ഥലത്തിനു അയാള്‍ ഒരു പേരും കൊടുത്തു – “മെര്‍മേയ്ഡ് പോയിന്‍റ്”


കഥ കേട്ടപ്പോള്‍ രേണുകയുടെ മനസ്സില്‍ നേരിയ വെളിച്ചം വീശി; അവള്‍ അയാളോട് ചേര്‍ന്നിരുന്നുകൊണ്ട് അയാളുടെ ചെവിയില്‍ മന്ത്രിച്ചു: “ആ മത്സ്യകന്യക ഞാന്‍ ആയിരുന്നില്ലേ; ഞാന്‍ കാത്തിരുന്ന ആ മുക്കുവന്‍ നീ തന്നെ ആയിരുന്നില്ലേ?”


3..മരുതായി പെത്ത മകന്‍
കെ. ആര്‍. നാരായണന്‍
തെക്കു-കിഴക്കന്‍ കടല്‍തീരം ആദ്യമായി കാണുകയായിരുന്നു ആ മലയാളത്താന്‍. അലതല്ലുന്ന കടലും, മൈലുകളോളം നീളത്തില്‍ വെള്ളിമണല്‍ വിരിച്ച കടല്‍തീരങ്ങളും, കടലോരങ്ങളിലെ കട്ടുമരങ്ങളും, വലകളും വെയ്യില്‍ കായുന്ന ശെമ്പടവ മുക്കുവരുടെ ‘കുപ്പങ്ങളും’ (ഗ്രാമം) എല്ലാം ജീവിതത്തിലെ പുതിയ അനുഭവങ്ങള്‍ ആയിരുന്നു അയാള്‍ക്ക്‌. ശിലപ്പതികാരവും, ശൈവപുരാണങ്ങളും പാടി പുകഴ്ത്തിയ പാണ്ഡ്യസാമ്രാജ്യത്തിന്റെ മുത്തും പവിഴവും വിളയുന്ന കടല്‍ തീരമാണ് ഇത്. തന്നോട് വഴക്കടിച്ചു പോയി ശെമ്പടവ രാജാവിന്റെ മകളായി ജനിച്ച പാര്‍വതിയെ തിരിച്ചു കിട്ടാന്‍ സാക്ഷാല്‍ പരമേശ്വരന്‍ തന്നെ ഈ കുപ്പത്തില്‍ ശെമ്പടവ-മുക്കുവന്‍ ആയി അവതരിച്ചു എന്നൊരു കഥയും ഉണ്ട്‌ ശിവ പുരാണങ്ങളില്‍.
ഇത്രയും സുന്ദരമായ കടലോരഗ്രാമം ഇതിനു മുമ്പ് കണ്ടിരുന്നില്ല അയാള്‍. സന്ധ്യ മയങ്ങുന്നതോടെ, കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിന്റെ ആഴങ്ങളിലെ മത്സ്യങ്ങളെ തേടി പോകുന്ന ശെമ്പടവ-മുക്കുവര്‍ തിരിച്ചെത്തുന്നത് അടുത്ത ദിവസം കിഴക്കന്‍ കടലില്‍ വെള്ളി വീശുമ്പോള്‍ ആണ്. കടപ്പുറത്തില്‍ തിരക്ക് അനുഭവപ്പെടുന്നതും അപ്പോള്‍ മാത്രം. അത് കഴിഞ്ഞാല്‍ കടലിന്റെ ഇരച്ചല്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ - ഇടയ്ക്കും തലക്കും മീന്‍ പിടിത്തക്കാരുടെ വിശേഷങ്ങളോ, പൂജകളോ, കണ്ണാളങ്ങളോ(വിവാഹം), ഇഴവോ (മരണമോ) സമയത്തുള്ള കോലാഹലങ്ങള്‍ ഒഴികെ.
അയാളെ അങ്ങോട്ട്‌ കൊണ്ട് വന്ന സുഹൃത്ത്, ആദ്യമായി കുപ്പത്തിലെ “പെരിയവര്‍” എന്ന സമുദായ തലവന്റെ അടുത്തേക്കാണ് കൊണ്ടു പോയത്.
ഒരു കഷ്ടവും ഇല്ലീങ്ക, ചാമി... സന്തോഷമാ ഇങ്കെയേ നമ്മ കുപ്പത്തിലെയെ തങ്കലാം” എന്ന് വരെ പറഞ്ഞു പെരിയവര്‍.
പക്ഷെ, അത് വേണ്ടി വന്നില്ല; കുപ്പത്തിനു അടുത്തായി താമസിച്ചിരുന്ന ഒറ്റത്തടിയായ വേലായുധം എന്ന സാള്‍ട്ട് സൂപ്പര്‍വൈസറുടെ ഓഫീസും, വീടും ഒക്കെയായ കെട്ടിടത്തില്‍ തന്നെ താമസം ശരിപ്പെടുത്തി തന്നു സുഹൃത്ത്. വേലായുധത്തിന്റെ അഛനും ഈ വകുപ്പില്‍ തന്നെ ആയിരുന്നുവത്രേ. അയാള്‍ മരിച്ചപ്പോള്‍ അയാളുടെ ഉദ്യോഗം വേലായുധത്തിനു കിട്ടിയതാണത്രേ. മാസം ഇരുപത്തി അഞ്ചു രൂപയ്ക്ക് മൂന്നു നേരം ഭക്ഷണം, ചായ-കാപ്പി എല്ലാം ഉണ്ടാക്കി തരാം എന്നും, താമസം ഫ്രീ ആണെന്നും വേലായുധം ഏറ്റിരുന്നു.
അങ്ങിനെയാണ് “മങ്കമാരി കുപ്പം” എന്നു റെവന്യൂ റെക്കോര്‍ഡില്‍ പേരുള്ള മുക്കുവ ഗ്രാമത്തില്‍, ശെമ്പടവരെ കുറിച്ച് പഠിക്കാനായി ആ മലയാളത്താന്‍ ചേക്കേറുന്നത്.
പൊതുവേ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ എല്ലാം മീനും കൊണ്ട് രാവിലെ വന്നു, ഭക്ഷണവും കഴിഞ്ഞു ഉറങ്ങി പോകാറുള്ളത് കൊണ്ട് അവരില്‍ അധികം പേരെയും കാണാനും, സംസാരിക്കാനും ഉള്ള അവസരങ്ങള്‍ കുറവായിരുന്നു. അതുകൊണ്ട്, പെരിയവരും, അതു പോലുള്ള പ്രായമായ കാരണവന്മാരും, പിന്നെ സ്വന്തം അന്നധാതാവും, ലോക്കല്‍ ഗാര്‍ഡിയനും മറ്റുമായ വേലായുധവും മാത്രമായിരുന്നു അയാളുടെ സുഹൃത്തുക്കള്‍.


കറുത്തിരുണ്ട തോലും, വെളുത്തു മിന്നുന്ന പല്ലുകളും ഉള്ള ശെമ്പടവര്‍, കടലിലേക്ക്‌ പോകുമ്പോഴോ, തിരിച്ചു വരുമ്പോഴോ കണ്ടാല്‍, വെളുത്ത പല്ല് കാട്ടി ചിരിക്കും, ചിലര്‍ കൈകൂപ്പി, തല കുനിച്ചു പറയും: “കുമ്പിടറെനുങ്ക, ചാമി”.
അക്കൂട്ടത്തില്‍ വ്യത്യസ്ഥനായ ഒരുത്തന്‍ ഉണ്ടായിരുന്നു; മുപ്പതു നാല്‍പ്പതു തോന്നിക്കുന്ന സ്വല്‍പ്പം വെളുത്തു, തിളക്കമുള്ള കണ്ണുകളുള്ള, അധികം സംസാരിക്കാത്ത ഒരു ഒറ്റയാന്‍ - ചിന്നദുരൈ എന്ന് നാട്ടുകാര്‍ വിളിക്കുന്നവന്‍. കാണുമ്പോള്‍ ഒരു നേര്‍ത്ത ചിരി മാത്രം സമ്മാനിക്കും ചിന്നദുരൈ.
എന്തു കൊണ്ടോ അയാളോടു അല്‍പ്പം താല്‍പ്പര്യം തോന്നി മലയാളത്താന്; ഇയാള്‍ ഇവിടെക്ക് ഒരു “മിസ്ഫിറ്റല്ലേ” എന്നൊരു തോന്നല്‍ ആദ്യം മുതല്‍ക്കേ ഉണ്ടായിരുന്നു. പല തവണ അടുക്കാന്‍ ശ്രമിച്ചു. പക്ഷെ വഴുതി പോകുന്ന പ്രകൃതം ആയിരുന്നു ശിന്ന ദുരൈയുടെതു.
ഒരു സന്ധ്യക്ക്‌ പതിവുപോലെ, നാടന്‍ ചാരായവും, വെള്ളവും, തൊട്ടു നക്കാന്‍ മീന്‍ അച്ചാറുമായി വേലായുധം ഇരുന്നപ്പോള്‍ മലയാളത്താന്‍ അടുത്തു കൂടി. എന്ത് ചോദിച്ചാലും മടി കൂടാതെ പറഞ്ഞു തന്നിരുന്ന വേലായുധത്തോട് ചോദിച്ചു:
വേലായുധം ഒരു വിഷയം കേട്ടാ, ശോല്ലി കുടുപ്പയാ..?”
കട്ടായമാ ശൊല്ലിക്കുടുക്കറെന്‍ സാര്‍” പതിവുള്ള മറുപടി കൊടുത്തു വേലായുധം.
ഇന്ത ദുരൈ എന്‍ ഇപ്പടി?” ( ഈ ദുരൈ എന്താണിങ്ങനെ?). അവന്‍ മറ്റു ശെമ്പടവന്മാരെ പോലെ അല്ലല്ലോ; കാണാനും വ്യത്യസ്ഥന്‍ !!


എല്ലാ ചോദ്യങ്ങള്‍ക്കും ഉടനെ തന്നെ മറുപടി തരാറൂള്ള വേലായുധം പെട്ടെന്ന് നിശബ്ദനായി, ദൂരെ ആര്‍ത്തിരമ്പുന്ന കടലിലേക്ക്‌ കണ്ണും നട്ടിരുന്നു... “ങ്കമ്മാടിയോ” എന്ന് ഒരു തരം ദീര്‍ഘശ്വാസവും പുറപ്പെടുവിച്ചു.
വേലായുധത്തിന്റെ മനസ്സില്‍ എന്തോ കുരുങ്ങി കിടക്കുന്നു, മലയാളത്താനു മനസ്സിലായി. അയാള്‍ പതുക്കെ എഴുനേറ്റു മുറിയില്‍ പോയി. തന്റെ പെട്ടിയില്‍ ഉണ്ടായിരുന്ന, കോസ്റ്റ്‌ഗാര്‍ഡ്കാരന്‍ സമ്മാനിച്ച, ഹെര്‍ക്യുലസ് റമ്മിന്റെ പൊട്ടിക്കാത്ത കുപ്പി എടുത്തു കൊണ്ടു വന്നു. ഒരു ഗ്ലാസ്സെടുത്ത് സ്വയം ഒരു വലിയ പെഗ് ഒഴിച്ച്, വേലായുധത്തോട് ചോദിച്ചു:
ഇന്ത മിലിട്ടറി റം പിടിക്കുമാ ഒനക്ക്‌? (ഈ മിലിട്ടറി റം ഇഷ്ടമാണോ?)
അതെയെന്നു തലയാട്ടി വേലായുധം. കുപ്പി നീട്ടിയപ്പോള്‍, കൈ എത്തിച്ചു വാങ്ങി അയാള്‍. ഗ്ലാസ്സില്‍ മുക്കാല്‍ ഭാഗത്തോളം ഒഴിച്ച്, വെള്ളം പോലും ചേര്‍ക്കാതെ ഒറ്റ വലിക്കു തീര്‍ത്തു.
അയ്യോ...നിധാനമാ ശാപ്പിട്, ഡാ; എമ്പിട്ടു ശീക്കിരമാ കുടിക്കറെ, ശെത്തു പൂടുവേഡാ. (പതുക്കെ..എന്ത് വേഗത്തില്‍ ആണ് കുടിക്കുന്നത്, ചത്തു പോകും നീയ്).
ഒന്നും ആകാത്, സാര്‍. എന്‍ മനസ്സിലെ അതൈ വിട പെരിയ നെരുപ്പു എരിയുത്. (ഒന്നും ഉണ്ടാകില്ല, സാര്‍. എന്റെ മനസ്സില്‍ ഇതിനേക്കാള്‍ വലിയ തീയാണ് എരിയുന്നത്).
കുറച്ചു നേരം എന്തോ ആലോചിച്ചിരുന്നു അയാള്‍. പിന്നെ സാവധാനം പറഞ്ഞു:
എല്ലാം എങ്ക അപ്പന്‍ പണ്ണിന പാപം, സാര്‍”. (എല്ലാം എന്റെ അപ്പന്‍ ചെയ്ത പാപം ആണ് സാര്‍).
അതിനു ശേഷമാണ് ദുരൈയുടെ കഥയുടെ ചുരുള്‍ അഴിഞ്ഞു തുടങ്ങിയത്. ദുരൈയുടെ അമ്മ മരുതായി കറുത്ത ഒരു സുന്ദരി ആയിരുന്നു. അപ്പന്‍ ആ കുപ്പത്തിലെ പൊന്നയ്യ എന്ന മുക്കുവനും. പക്ഷെ വിവാഹം കഴിഞ്ഞു മൂന്നാല് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ക്ക് കുട്ടികള്‍ ഉണ്ടായില്ല. ഒരുപാടു നേര്‍ച്ചകളും, വഴിപാടുകളും നടത്തി നോക്കി. ഫലം ഒന്നും ഉണ്ടായില്ല.
പിന്നെ രണ്ടുപേരും ആ ആശകള്‍ എല്ലാം കൈവെടിഞ്ഞു മനസ്സ് കൊണ്ട് വേര്‍പെട്ടു ജീവിക്കുകയായിരുന്നു. പൊന്നയ്യ വൈകീട്ട് കടലില്‍ പോയാല്‍ അടുത്ത ദിവസം ഉച്ചക്കെ എത്തുകയുള്ളൂ. വന്നാല്‍ പിന്നെ ചാരായവും കുടിച്ചു, വല്ലതും തിന്നു കിടന്നുറങ്ങും, വൈകും വരെ. പിന്നെയും എഴുന്നേറ്റു, മരുതായി കൊടുക്കുന്ന ഭക്ഷണവും വാങ്ങി, കൂട്ടുകാരുമായി കട്ടുമരത്തില്‍ പോകും. അയാള്‍ തിരിച്ചു വരുന്ന വരെ മരുതായി ഒറ്റയ്ക്ക് എന്തൊക്കെയോ ആലോചിച്ചു കിടക്കും.
ആയിടക്കാണ്, വേലായുധത്തിന്റെ അപ്പന്‍, പഴയ സാള്‍ട്ട് സൂപ്പര്‍വൈസര്‍, മുസാഫരി ബംഗ്ലാവില്‍ താമസിക്കാന്‍ വരുന്ന ആപ്പീസ്സര്‍മാര്‍ക്ക് ഭക്ഷണം കൊടുത്തയക്കാമോ എന്ന് മരുതായിയോടു ചോദിച്ചത്. വെറുതെയിരിക്കുമ്പോള്‍, നാല് ദുട്ട് കയ്യില്‍ വന്നോട്ടെ എന്ന് പെരിയവരും പറഞ്ഞപ്പോള്‍ അവള്‍ സമ്മതിച്ചു.


അങ്ങിനെ ഇടയ്ക്കും, തലക്കും വന്നു പോകുന്ന ആപ്പീസ്സര്‍മാര്‍ക്ക്, ചോറും, മീന്‍ കറിയും, കറൂവാട് വറുത്തതും അവള്‍ ഉണ്ടാക്കി വയ്ക്കും; വേലായുധത്തിന്റെ അപ്പന്‍ വന്നു കൊണ്ട് പോകുo.
ആയിടക്കാണ്, കമ്മീഷണര്‍ ആയ, വെളുത്തു തുടുത്ത, ഫെര്‍ണാണ്ടോ ദേവസുന്ദരം മുസാഫരി ബംഗ്ലാവില്‍ ക്യാമ്പ് ചെയ്യാന്‍ വന്നത്. വേലായുധത്തിന്റെ അപ്പന്‍, പട്ടണത്തില്‍ നിന്നും ബ്രഡും, ബട്ടറും, മുട്ടയും, ആട്ടിറച്ചിയും എല്ലാം കൊണ്ടു വന്നു മരുതായിയെ ഏല്‍പ്പിച്ചു. കമ്മീഷണരുടെ മൂന്നു നേരത്തെ ഭക്ഷണവും മരുതായിയുടെ കുപ്പത്തില്‍ നിന്നായിരുന്നു. ഇടയ്ക്കു ഭക്ഷണം വിളമ്പാന്‍ സഹായിക്കാനും മറ്റുമായി മരുതായിക്കും പോകേണ്ടി വന്നിരുന്നു.
ഒരു രാത്രിയില്‍ ഭക്ഷണം വിളമ്പാന്‍ ചെന്ന മരുതായിയെയും സായിപ്പിനെയും കരുതിക്കൂട്ടി മുസാഫരി ബംഗ്ലാവില്‍ തനിച്ചാക്കി, ഇരുട്ടിലേക്ക് മുങ്ങി വേലായുധത്തിന്റെ അപ്പന്‍. പിന്നീട്, ഫെര്‍ണാണ്ടോ വരുമ്പോഴെല്ലാം ഇത് പതിവായി. “മലടി”(മച്ചി) എന്ന് ചീത്തപ്പേരുണ്ടായിരുന്ന മരുതായി ഗര്‍ഭിണിയായി.
കുപ്പത്തിലെ കുശുകുശുപ്പുകളില്‍ നിന്നും ചിലതെല്ലാം മനസ്സിലായി എങ്കിലും പൊന്നയ്യ പ്രതികരിച്ചതായി തോന്നിയില്ല. എന്ന് മാത്രമല്ലാ, മരുതായി പെറ്റ കുട്ടിയെ തലയില്‍ എറ്റി കൊണ്ടു നടന്നു അയാള്‍. മരുതായി പെറ്റ ദുരൈയുടെ കുട്ടിയേ കുപ്പത്തില്‍ ഉള്ളവര്‍ ശിന്ന ദുരൈ എന്ന് രഹസ്യമായി വിളിച്ചു കളിയാക്കി. എങ്കിലും പൊന്നയ്യ കൂട്ടാക്കിയില്ല.
മരുതായി പെത്തതിനാലെ അവന്‍ എന്‍ മവന്‍ താനുങ്ക” (മരുതായി പെറ്റത്കൊണ്ട്, അവന്‍ എന്റെ മകന്‍) എന്നായിരുന്നുവത്രേ പൊന്നയ്യന്‍ എല്ലാവരോടും പറയാറ്!!


*******

Followers