മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Sunday, September 29, 2013

മുംബൈ സാഹിത്യവേദിക്ക് 46 വയസ്സ്‌

|0 comments

പ്രിയ സുഹൃത്തുക്കളെ,
മുംബൈ സാഹിത്യവേദി അതിന്റെ 46 ാം വയസ്സിലേക്ക് കടക്കുകയാണ്; അതിന്റെ സമാനതകളില്ലാത്ത ചരിത്ര ഗരിമയിലേക്ക് ഒരു പൊന്‍തൂവല്‍കൂടി കൂട്ടിച്ചേര്‍ക്കുന്ന അഭിമാന നിമിഷം. മുംബൈ മലയാളികളുടെ അക്ഷരങ്ങളോടുള്ള സ്‌നേഹവും അര്‍പ്പണവും ഒന്നുകൊണ്ടുമാത്രം ഒരിക്കല്‍പോലും മുടങ്ങാതെ നടന്നു വന്ന സാഹിത്യവേദി പ്രതിമാസ ചര്‍ച്ചകള്‍ക്ക് ഈ വരുന്ന ഒക്ടോബര്‍ 6 ന് 46 വയസ് തികയുന്നു!!!. സാമ്പ്രദായികമായ ഒരു സംഘടനയുടെ ചട്ടക്കൂടൊ, അംഗത്വമൊ, വരിസംഖ്യയോ ഒന്നുമില്ലാത്ത ഈ കൂട്ടായ്മ മലയാള സാഹിത്യ ചരിത്രത്തില്‍ത്തന്നെ ഇടംപിടിച്ചിരിക്കുന്ന വേറിട്ടൊരു ഒരു സാഹിത്യ ചര്‍ച്ചാവേദിയാണ് മുംബൈ സാഹിത്യവേദി.
എല്ലാ മാസത്തിലേയും ആദ്യ ഞായറാഴ്ചകളില്‍ നടക്കുന്ന വേദിയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ചകള്‍ മുംബൈയിലെ എഴുത്തുകാരുടെ ആന്തരിക ജീവിതത്തിലെ സര്‍ഗ്ഗാത്മക തൃഷ്ണകളെ സജീവമായി നിലനിര്‍ത്തുന്നതിന് പ്രചോദനമാകുന്നു. അതുകൊണ്ടുതന്നെ മുംബൈ സാഹിത്യവേദിയുടെ ഈ വാര്‍ഷികാഘോഷം അക്ഷരങ്ങളെ സ്‌നേഹിക്കുന്ന ഓരോ മുംബൈ മലയാളിയുടേയും ആഘോഷമാണ്. ഈ വരുന്ന ഒക്ടോബര്‍ 6ാം തീയതി മാട്ടുംഗ കേരളഭവനത്തില്‍ നടക്കുന്ന 46 ാം വാര്‍ഷികം മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ ലളിതമായി ആഘോഷിക്കപ്പെടുന്നു.
ഒക്ടോബര്‍ 6ന് മുംബൈ മാട്ടുംഗ കേരള സമാജത്തില്‍ വൈകുന്നേരം 6 മണിക്ക് വേദിയുടെ വാര്‍ഷികാഘോഷത്തോടൊപ്പം നടക്കുന്ന പ്രതിമാസ ചര്‍ച്ചയില്‍ മുംബൈയിലെ യുവനിരയിലെ പ്രമുഖനായ കഥാകൃത്ത് ശ്രീ കണക്കൂര്‍ സുരേഷ് കുമാര്‍ അദ്ദേഹത്തിന്റെ ചെറുകഥകള്‍ അവതരിപ്പിക്കുന്നു. അഖ്യാനത്തിലും ആവിഷ്‌ക്കരണത്തിലും ഭാവുകത്വത്തിലും പുതിയ സമതലങ്ങള്‍ തേടുന്ന മലയാള ചെറുകഥാ സാഹിത്യത്തെക്കുറിച്ചുള്ള ഒരു സമഗ്രസംവാദമായി ഇത്തവണത്തെ ചര്‍ച്ചയെ മാറ്റിയെടുക്കാന്‍ നിങ്ങളെല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. എല്ലാ അക്ഷരസ്‌നേഹികളേയും ഈ ചര്‍ച്ചയിലേക്ക് വിനയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി



 കണക്കൂര്‍ സുരേഷ് കുമാര്‍

കഥപറയാന്‍ വേണ്ടി ഉരുവമെടുത്ത ഒരാള്‍. കഥകളെ വായനക്കാരുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിപ്പിച്ചെടുക്കുന്നതിലുള്ള ഈ കഥാകാരന്റെ കഴിവ് അഭിനന്ദിക്കപ്പെടേണ്ടതാണ്. മജ്ജയും മാംസ്യവും ആത്മാവുമുള്ള ദൈവത്തിന്റെ കൈയ്യൊപ്പുള്ള ജൈവസ്വരൂപവുമായി കണക്കൂരിന്റെ കഥാപാത്രങ്ങള്‍ വായനക്കാരന്റെ ആത്മാവിലേക്ക് സ്വയം ഇറങ്ങി വരുന്നു. ആഖ്യാനത്തിലും പാത്രസൃഷ്ടിയിലും പുലര്‍ത്തുന്ന മികവാണ് ഈ കഥാകരനെ പ്രവാസി മുംബൈ കഥാകൃത്തുക്കളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. പ്രവാസി ചെറുകഥാ ലോകത്തിന് ഒരു വാഗ്ദാനാമാണ് ഈ കഥാകൃത്തെന്ന് നിസ്സംശയം പറയാം.

ആലപ്പുഴ സ്വദേശി, എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് ബിരുദങ്ങള്‍. അണുശക്തി നിലയത്തില്‍ ഉദ്യോഗസ്ഥന്‍. സര്‍പാസ് യാത്ര (ഹിമാലയന്‍ യാത്രാ വിവരണം) ആള്‍മാറാട്ടം, ദൈവത്തിന്റെ എസ്സ്  എം എസ്സ് (ചെറുകഥാ സമാഹാരങ്ങള്‍) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

കണക്കൂരിന്റെ മൂന്ന് ചെറുകഥകള്‍

പുലിമനുഷ്യന്‍

ഉച്ചയൂണുകഴിഞ്ഞ് ഓഫീസില്‍ ചടഞ്ഞിരിക്കുമ്പോഴാണ്  പത്രം  നിവര്‍ത്തിക്കാട്ടി  സുഹൃത്ത് ശ്രദ്ധ ക്ഷണിച്ചത്. ''ഇത് നിങ്ങടെ നാട്ടിലെ വാര്‍ത്തയല്ലെ ? കണ്ടാരുന്നോ ? ''
      അഞ്ചുവയസ്സുകഴിഞ്ഞ ഒരു പെണ്‍കുട്ടിയെ പുലിമനുഷ്യന്‍ ആക്രമിച്ചു കൊന്നതായിരുന്നു ചെറിയ കോളത്തിലൊതുങ്ങിയ വിചിത്രമായ ആ വാര്‍ത്ത. തികച്ചും അവിശ്വസനീയം ! സംഭവം നടന്നിരിക്കുന്നത് എന്റെ ഗ്രാമത്തിലും.
വിശദവിവരങ്ങള്‍ക്കായി ഉടന്‍ നാട്ടിലേക്ക് വിളിച്ചു.
      മാതാപിതാക്കളോടൊപ്പം  പൂരം കണ്ടുനിന്ന് വൈകി, കാട്ടിറമ്പിലൂടെ നടന്നുവരികയായിരുന്നു ആ കുരുന്ന്.  എവിടെ നിന്ന് എന്നറിയില്ല, പൊടുന്നനെ ഒരാള്‍രൂപം..  ദേഹം മുഴുവന്‍ പുള്ളികള്‍ ഉണ്ടായിരുന്നത്രേ ! ചാടിവീണ് കുട്ടിയെ കൈക്കലാക്കിയിട്ട് വന്നതില്‍ വേഗം തിരികെ പോയി. അവരുടെ നിലവിളികള്‍ പിന്നിലാക്കി മരങ്ങളിലൂടെ ചാടിച്ചാടിയാണത്രേ അത് പോയത്. ആ പാവം അമ്മ ബോധരഹിതയായി വീണു. അച്ഛന്‍ ആര്‍ത്തലച്ച് കുറേ ദൂരം പിന്നാലെ ഓടി. ഇരുട്ടുവീണ കാട്ടില്‍ അയാള്‍ അന്ധാളിച്ചു കാണും.
ആളുകള്‍ കൂടി. അവര്‍ തിരച്ചില്‍ ആരംഭിച്ചു. കാടല്ലെ ? ഇരുട്ടല്ലെ ?
രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയിട്ടും കുട്ടിയേയൊ  പുലിമനുഷ്യനേയൊ കണ്ടെത്തിയില്ല. അടുത്ത ദിവസം പകല്‍ പുഴക്കരയിലെ പൊന്തകളിലും കാടിന്റെ വന്യതയിലുമൊക്കെ തിരഞ്ഞു. ഒടുക്കം  ദൂരെ ഒരിടത്തുനിന്ന് കുട്ടിയുടെ ചേതനയറ്റ ദേഹം കണ്ടുകിട്ടി. ഒരു മരത്തിന്റെ കവരത്തിലാണ്  മാന്തിക്കീറിയ നിലയില്‍ ആ കുരുന്നുദേഹം കണ്ടത്.
തികച്ചും അവിശ്വസിനീയമായ വാര്‍ത്ത തന്നെ!
അടുത്ത ദിവസം പത്രത്തില്‍ കൂടുതല്‍ വിവരണങ്ങള്‍ക്കായി പരതി. ഒന്നും കണ്ടില്ല. വടക്ക് ഒരു സന്യാസി സര്‍ക്കാരിനെതിരെ സത്യഗ്രഹം അനുഷ്ടിക്കുന്നതിനെ കുറിച്ചാണ് പത്രങ്ങള്‍ മുഴുവന്‍. സര്‍ക്കാര്‍ തങ്ങളുടെ ജീവനക്കാര്‍ക്കായി രണ്ടു ശതമാനം ക്ഷാമബത്ത പ്രഖ്യാപിച്ചതിന്റെ സന്തോഷം ലഭിച്ചമാത്രയില്‍ പുലിമനുഷ്യനെ ഞങ്ങള്‍ വിട്ടു.
പക്ഷെ രണ്ടുദിവസത്തിനുള്ളില്‍ പുലിമനുഷ്യന്‍ വീണ്ടും വാര്‍ത്തകളില്‍ നിരന്നു.
ആദ്യ ആക്രമണം നടന്നയിടത്തുനിന്നും അല്പം മാറിയ ഒരിടത്ത് അഞ്ചുവയസ്സിനടുത്ത് പ്രായമുള്ള ഒരു പെണ്‍കുട്ടിയാണ് വീണ്ടും ഇരയായത്. വീട്ടിനടുക്കല്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അവള്‍. അസ്തമയത്തിന് തൊട്ടുമുന്‍പുള്ള സമയം. കുട്ടിയുടെ കൂടെ കളിച്ചുകൊണ്ടിരുന്ന അല്പം മുതിര്‍ന്ന മറ്റ് രണ്ടുകുട്ടികള്‍ നോക്കിനില്‍ക്കെ മരങ്ങള്‍ മാറിമാറി ചാടിയെത്തിയ പുലിമനുഷ്യന്‍ കുട്ടിയെ തട്ടിയെടുത്ത് കടക്കുകയായിരുന്നു.
ഇത്തവണയും കഠിനമായ തിരച്ചില്‍ നടന്നെങ്കിലും വളരെ വൈകിയാണ് ഉള്‍ക്കാട്ടിലെ പാറക്കൂട്ടത്തില്‍ നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.  അതോടെ ജനങ്ങള്‍ ഇളകി.
പുലിമനുഷ്യന്‍ വെറും തോന്നലായിരുന്നു എന്നും കുട്ടിയെ തട്ടിയെടുത്തത് ഏതോ സാമൂഹ്യവിരുദ്ധനാണെന്നും പറഞ്ഞ പോലീസ് ഇതോടെ കുഴഞ്ഞു.
ദിവസവും പലവട്ടം ഫോണ്‍ ചെയ്തും മലയാളം ചാനലുകള്‍ പരതിയും ദൂരെനാട്ടിലിരുന്ന് ഞാന്‍ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞുകൊണ്ടിരുന്നു.
    ''അതേതാച്ഛാ ആ കുട്ടി ?'' ഞാന്‍ ഫോണിലൂടെ തിരക്കി.
    ''അത് നീയാ മന്തന്‍ വേലായ്ധനേ അറിയോ ? ആദ്യം തേമ്പിള്ളീലെ പണിക്കാരനാര്‍ന്നു. പണ്ട് നമ്മടെ കളത്തിലൊക്കെ പണിക്ക് കൂടാരുന്നു.  അയാടെ പത്താമത്തെ മോന്‍ സുമാരന്‍ ഒരുത്തനൊണ്ട്. അവന്‍ പണിക്കൊന്നും കുടാറില്ല. വിസിനസ്സ് ഒണ്ട്.  അവന്റെ എളേ മോളാ... ''
    കുറേ ശ്രമിച്ചിട്ടും എനിക്ക് ആക്കൂട്ടരെ മനസ്സിലായില്ല. ഒടുക്കം ഞാന്‍ അച്ഛനോട് സുല്ലിട്ട് പിന്‍മാറി. എങ്കിലും ഇവിടെ, വളരെ ദൂരെയുള്ള ദേശത്തിരുന്ന് ഞാന്‍ സഹപ്രവര്‍ത്തകരോട് വീമ്പുപറയാന്‍ മടിച്ചില്ല. 
    ''കഷ്ടം... ഞാന്‍ അടുത്തറിയുന്ന ഒരു കുടുമ്പാണ്. ഈ സുകുമാരനേം അയടച്ചന്‍ വേലായുധനേം അറിയും. ഞങ്ങടെ പണിക്കാരായിരുന്നു. ഈ സുകുമാരന്റെ രണ്ട് കുട്ടികളില്‍ എളേതിനെയാണ് ഇപ്പം പുലിമനുഷ്യന്‍ പിടിച്ചത്. പാവങ്ങള്‍. എങ്ങനെ സഹിക്കും ? ''
    ''ഈ നൂറ്റാണ്ടിലും ഇതൊക്കെ വിശ്വസിക്കാന്‍ ആളുണ്ടന്നതാ അതിശയം.  ഇതൊക്കെ വെറുതെ ഒരോ തോന്നലാ.. പുലിമനുഷനും ചെന്നായുമൊന്നുമല്ല ഇതിന്റെ പൊറകില്‍.. ഏതോ ഞരമ്പുരോഗിയാണ്. ഒരു ഇഡിയറ്റ്... '' ഒരു സുഹൃത്ത് രോഷം കൊണ്ടു.
    ''എങ്കിലും ഒരു കുട്ടിയേയും പൊക്കി ഇത്രവേഗം ഇത്രേം ദൂരം എത്തുവാന്‍ മനുഷ്യരേക്കൊണ്ടാവുമോ ? ''
    ''ഒരാള് ഒറ്റക്കാവില്ലന്നേ... ഒരു സംഘോണ്ടാവും പിന്നില്‍... ''
    ''സ്‌കോട്ട്‌ലണ്ടില് ഒരാളൊണ്ടത്രേ.. പക്ഷെ അത് ദേഹം മുഴുവന്‍ പുലീടെ പോലെ ചുട്ടി കുത്തിയ ഒരു മനുഷ്യനാണ്. ആളേക്കൊല്ലിയല്ല. '' മറ്റൊരാള്‍ പറഞ്ഞു.
    ''അമേരിക്കേല് ചുപ്പക്കബ്രാന്ന് പറഞ്ഞൊരുകൂട്ടോണ്ട് പോലും. നമ്മള് കാട്ടുമാക്കാന്‍ എന്നൊക്കെ വിളിക്കില്ലേ ? അതുപോലെ തന്നെ. വളര്‍ത്തുമൃഗങ്ങളെ കൊന്ന് ചോര കുടിക്കുന്നു എന്ന് കരുതുന്ന ഇതിനെ ഇതുവരെ ശരിക്കും പിടികിട്ടിയിട്ടില്ല.. അവിടേം ഇവിടേം കണ്ടൂന്ന് പറേന്നതല്ലാതെ... ''
    ''നമുക്കിനീം അറിയാത്ത എന്തൊക്കെ ഈ കൊച്ചുലോകത്തില്‍ തന്നെയുണ്ട് !''
    ഇത്തരത്തില്‍ ഞങ്ങളുടെ ചര്‍ച്ച പോയി.
    പത്രങ്ങള്‍ നിറം വച്ച് കഥകള്‍ പടച്ചു. ചാനല്‍ കാമറകള്‍ ഞങ്ങടെ കുഗ്രാമത്തിന്റെ മുക്കും മൂലയും ഒപ്പിയെടുത്ത് പ്രദര്‍ശ്ശിപ്പിച്ചു. രാഷ്ട്രീയക്കാര്‍ സംഗതി ഏറ്റെടുത്തതോടെ കഥ അല്പം മാറി.
    നാട്ടിലും കാട്ടിലും പുലിമനുഷ്യന് വേണ്ടി ശക്തമായ തിരച്ചില്‍ നടന്നു. പഞ്ചായത്താപ്പീസിനോട് ചേര്‍ന്ന് ഒരു പോലീസ് കണ്ട്രോള്‍ റൂം തുറന്നു. വൈദ്യുതിവകുപ്പുകാര്‍  കത്താതെ കിടന്ന വഴിവിളക്കുകള്‍ എല്ലാം ഒറ്റനാള്‍ കൊണ്ട് ശരിയാക്കി.
    സംശയം തോന്നിയ ചില സ്ഥലങ്ങളില്‍ സദാസമയവും മിഴി തുറന്നിരിക്കുന്ന നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. കൊച്ചുകുട്ടികളെയെല്ലാം വീട്ടുകാരും നാട്ടുകാരും പ്രത്യേകം ശ്രദ്ധിച്ചു.
    എന്നിട്ടും എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് വീണ്ടും അത്  സംഭവിച്ചു.
ഒരു വൈകിട്ട് വീടിന് പിന്നാമ്പുറത്ത് വെളിക്കിരിക്കുവാന്‍ വന്ന ഒരു  ആറുവയസ്സുകാരന്‍ ബാലനെയാണ് പുലിമനുഷ്യന്‍ പൊക്കിയെടുത്തത്. ശേഷം പുഴയരികിലുള്ള പൊന്തയിലേക്ക് ആ ജീവി ഒറ്റക്കുതിപ്പിന് കുട്ടിയുമായി മറഞ്ഞു.
    അവിടെനിന്നുയര്‍ന്ന നിലവിളി അല്പസമയത്തിനുള്ളില്‍ നാടുമുഴുവന്‍ പടര്‍ന്നു. ആദ്യത്തെ അന്ധാളിപ്പില്‍ ജനം പകച്ചു. എങ്കിലും പിന്നീട് നടന്നത് അതിശക്തമായ തിരച്ചില്‍ ആയിരുന്നു. 
    കാട്ടുമുക്കായതിനാല്‍ രാത്രിയിലെ തിരച്ചില്‍ എളുപ്പമല്ലല്ലൊ ? ദൂരെനിന്നും അഗ്നിശമന വകുപ്പിന്റെ വക വലിയ ലൈറ്റ് മാസ്റ്റുകൊണ്ടുവന്ന് പുഴയോരത്ത് സ്ഥാപിച്ചു.
നേരത്തെ നിശ്ചയിച്ചിരുന്ന ഒരു പാറ്റേണില്‍ ജനങ്ങളും പോലീസും അര്‍ദ്ധ സൈനികരും ഒക്കെച്ചേര്‍ന്ന് പല ഗ്രൂപ്പുകളായി തിരച്ചില്‍ നടത്തി. ഉന്നതറാങ്കിലുള്ള  പോലീസ് ഉദ്യോഗസ്ഥരാണ് തിരച്ചിലിന് മേല്‍നോട്ടം വഹിച്ചത്. 
    ഇത്തവണ  ആ ക്രൂരജീവി പിടിക്കപ്പെടുമെന്ന് ജനം കരുതി. പക്ഷെ ഒന്നും ഉണ്ടായില്ല.  ഞങ്ങളുടെ ഗ്രാമം ആകെയൊരു ഭീതിയുടെ നിഴലിലാണ്ടു. പിന്നെ അത് ഒരുതരം പകയായി മാറി.
    ജനം വല്ലാതെ ഇളകി.  ജില്ല മുഴുവന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
    സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും  ജാഥകള്‍ തെരുവുകള്‍ കീഴടക്കി. അവര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ വാശിയോടെ നശിപ്പിച്ചു. പ്രതിപക്ഷം പുലിമനുഷ്യനെ പിടിക്കുന്നതില്‍ പരാജയപ്പെട്ട ഭരണപക്ഷത്തിന്റെ രാജിയില്‍ കുറഞ്ഞ് മറ്റൊന്നും കൊണ്ട് തൃപ്തിയടയില്ല എന്ന് പ്രഖ്യാപിച്ചു.
      വാര്‍ത്തകള്‍ നിരന്തരം ടെലിവിഷന്‍ ചാനലുകളിലൂടെ  ഞാനും കണ്ടുകൊണ്ടിരുന്നു.
    ഒരു നെടുവീര്‍പ്പോടെ ഞാന്‍ അഞ്ചുവയസ്സ് കഴിഞ്ഞ എന്റെ മകളെ നോക്കി. അവള്‍ ഒന്നുമറിയാതെ തന്റെ ഹോംവര്‍ക്ക് ചെയ്യുന്ന തിരക്കിലാണ്. പാവം. നാട്ടില്‍ നിന്ന് സുരക്ഷിതമായ ഈ ദൂരത്തിരിക്കുന്ന അവളെ ഞാന്‍ ആശ്വാസത്തോടെ നോക്കി.  ആദ്യമായാണ് ഈ ദൂരം എനിക്കാശ്വാസം നല്‍കുന്നത്. പക്ഷെ രാത്രി മുഴുവന്‍ എനിക്ക് ഉറങ്ങുവാന്‍ കഴിഞ്ഞില്ല.
    ''നാട്ടിലൊന്ന് പോയാലോ എന്നോര്‍ക്കുവാണ് '' എന്ന് ഞാന്‍  ഭാര്യയോട് പറഞ്ഞു. എന്തെന്നറിയില്ല...,  അവള്‍ മകളെ അടക്കിപ്പിടിച്ച് കരഞ്ഞു.
    ഞങ്ങളുടെ നാട് ആകെ മാറിയിരിക്കുന്നു ! എവിടെയും പോലീസ്.... അര്‍ദ്ധസൈനികര്‍... നിരീക്ഷണ ക്യാമറകള്‍...ചെക്ക് പോസ്റ്റുകള്‍... ചാനല്‍കാരുടെ വാഹനങ്ങള്‍ ! എന്നെ വഴിയില്‍ പോലീസ് ചോദ്യം ചെയ്തു. ജനിച്ച നാടാണ് എന്നൊക്കെ പറഞ്ഞുനോക്കി. കാര്യമില്ല.  തിരിച്ചറിയല്‍ കാര്‍ഡിലെ അഡ്രസ്സ് വേറെയാണല്ലോ !  ഒടുക്കം അച്ഛന്‍ പരിചയമുള്ള ഒരു പോലീസുകാരനുമായി എത്തിയപ്പോഴാണ് പഞ്ചായത്ത് വഴിയിലൂടെ വീട്ടിലേക്ക് പോകുവാന്‍ അനുവാദം ലഭിച്ചത്.
    ചെറിയ കുട്ടികളുടെ സ്‌ക്കൂളുകള്‍ എല്ലാം പൂട്ടിയിരുന്നു. കുട്ടികള്‍ പുറത്തെങ്ങും ഇറങ്ങാറില്ല. അതിനിടെ പ്രതിപക്ഷനേതാവ് നാട് സന്ദര്‍ശ്ശിച്ചു. കുട്ടികള്‍ നഷ്ടപ്പെട്ട മാതാപിതാക്കളെ ആശ്വസിപ്പിച്ചു. ഇതറിഞ്ഞ് മുഖ്യമന്ത്രിയും  ആഭ്യന്തരമന്ത്രിയും പറന്നെത്തി. അവരും ആ ഹതഭാഗ്യരായ മാതാപിതാക്കളെ കണ്ടു. രണ്ടു ലക്ഷം വീതം അവര്‍ക്ക് സഹായധനം നല്‍കുവാന്‍ ഉത്തരവായി.
    കൂടാതെ ഉന്നത ബ്യൂറോക്രാറ്റ് തലത്തിലുള്ള ഒരു മീറ്റിങ് നടക്കുകയുണ്ടായി. അതിന്‍പ്രകാരം പുലിമനുഷ്യന്റെ നിജസ്ഥിതി അറിയുംവരെ നാട്ടിലെ മൂന്ന് വയസ്സിനും എട്ടുവയസ്സിനും ഇടയില്‍  പ്രായമുള്ള കുട്ടികളെ മുഴുവന്‍ ഫോഴ്‌സിന്റെ സുരക്ഷിതവലയത്തിനുള്ളില്‍ പാര്‍പ്പിക്കുവാന്‍ തീരുമാനമായി.
    ഇതിനകം ലോകം മുഴുവന്‍ ഇത് ഒരു സംസാരവിഷയമായ മട്ടുണ്ട്. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരച്ചില്‍ പുലിമനുഷ്യന്റെ വിവരങ്ങള്‍ക്കുവേണ്ടിയായി.  ഫേസ്ബുക്കില്‍ എന്റെ പാവം കുഗ്രാമത്തെ കുറിച്ച് ചൂടുള്ള പോസ്റ്റിങുകള്‍. ചാനലുകളില്‍ നിറയെ ചര്‍ച്ചകള്‍. രണ്ടുവട്ടം ഏതോ ക്യാമറയുടെ മുന്നില്‍ വന്നുപെട്ട എന്റെ തലയും ടെലിവിഷനില്‍ കണ്ടത്രെ!
    സര്‍ക്കാര്‍ ഒരുക്കിയ സുരക്ഷാവലയം അതിശക്തമായിരുന്നു. പൂരപ്പറമ്പില്‍ ഒരുക്കിയ വലിയ പന്തലിന് ചുറ്റും തോക്കേന്തിയ അര്‍ദ്ധസൈനികര്‍. സുസ്സജ്ജമായ ഒരു കണ്ട്രോള്‍ മുറി.  അവിടെ നിരത്തിയ മോനിട്ടറിലേക്ക് പരിസരം മുഴുവന്‍ ഒപ്പിയെടുത്ത് നല്‍കുവാന്‍ നിരീക്ഷണ ക്യാമറകള്‍.  ലൈറ്റ് മാസ്റ്റുകള്‍. വൈദ്യുതി സദാസമയവും ഉറപ്പാക്കുവാന്‍ അതിശക്തമായ ജനറേറ്ററുകള്‍.
    ശേഷം പോലീസ് അകമ്പടിയോടെ കുട്ടികളെ ഒന്നൊന്നായി അങ്ങോട്ട് മാറ്റി.  കുട്ടികളെ സന്ദര്‍ശിക്കുവാന്‍  രക്ഷകര്‍ത്താക്കള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി. അതില്ലാതെ ആരെയും അകത്ത് കടത്തിവിടില്ല. സുരക്ഷാക്യാമ്പില്‍ നിന്നുയര്‍ന്ന കലപില ഞങ്ങളുടെ ഗ്രാമാന്തരീക്ഷത്തെ മുഖരിതമാക്കി.
    അപ്പോഴാണ് ഒരു വാര്‍ത്ത കിട്ടിയത്. കാട്ടരികില്‍ ഒരു കുടിലില്‍ നിന്ന് 'പാച്ചന്‍' എന്ന  ആറുവയസ്സുകാരന്‍ കുട്ടി മാത്രം ക്യാമ്പിലെത്തുവാന്‍ കൂട്ടാക്കുന്നില്ല !  രോഗിയായ പിതാവിനും വികലാംഗയായ  മാതാവിനും ഏക ആശ്രയം ആ കുരുന്നാണത്രെ. ക്യാമ്പിലേക്ക് കുട്ടികളെ കൊണ്ടുവരേണ്ട ചുമതലയുള്ള പഞ്ചായത്ത് മെമ്പര്‍ ആകുന്നത്ര വിളിച്ചു. പാച്ചന്‍  മാതാപിതാക്കളെ വിട്ടുവരുവാന്‍ കൂട്ടാക്കിയില്ല. പോലീസ് സൂപ്രണ്ട് നേരിട്ട് വന്ന് വിളിച്ചു. കുട്ടിക്ക് എന്ത് സൂപ്രണ്ട് ?
    ''അത് സാരമില്ല. ബലമായിട്ട് എടുത്തുകൊണ്ടുപോകാം. '' എന്നായി സൂപ്രണ്ട്.
    ''അത് വേണ്ട... '' എന്നുപറഞ്ഞിട്ട് പഞ്ചായത്ത് മെമ്പര്‍ ശരിക്കും ഒന്നാലോചിച്ചു. അയാള്‍ ചുറ്റും നോക്കി. മൂന്നുവശവും  കറുത്തകാട് . കാട് മെമ്പറെ നോക്കി തലയിളക്കി.  എനിക്ക് പണ്ടേയറിയാം മെമ്പറിനെ. കാഞ്ഞ ബുദ്ധിയുള്ള ആളാണ്.  എവിടെ എന്തുചെയ്യണം എന്നൊക്കെ നന്നായി അറിയാം. അയാള്‍ എമ്മെല്ലേടെ ചെവിയില്‍ എന്തോ രഹസ്യമായി മൊഴിഞ്ഞു. എമ്മെല്ലെ അത് മന്ത്രിയെ അറിയിച്ചു. മന്ത്രി സൂപ്രണ്ടിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തു.
    പിന്നെ സൂപ്രണ്ടിന്റെ ഊഴമായിരുന്നു. അയാള്‍ അതൊക്കെ ഭംഗിയായി ചെയ്യും. പാച്ചന്റെ കുടിയുടെ ചുറ്റുമുള്ള  കാട്ടില്‍ പലയിടത്തും ആയുധധാരികള്‍ അലിഞ്ഞുചേര്‍ന്നു. വീട് വ്യക്തമായി കാണുന്ന രീതിയില്‍ അല്പം മാറി യന്ത്രക്കണ്ണുകള്‍ സ്ഥാനം പിടിച്ചു. എല്ലാം രഹസ്യമായിത്തന്നെ.
    പക്ഷെ ചാനലുകള്‍ സംഗതിയുടെ മണം പിടിച്ചെടുത്തു. അവര്‍ ചുറ്റുപാടും അല്പം മാറി സര്‍വ്വ സന്നാഹങ്ങളും ഒരുക്കി. ആര്‍ക്കാണ് പുലിമനുഷ്യന്റെ ചിത്രം ആദ്യം ലഭിക്കുന്നത് എന്ന വാശിയുണ്ടാവുമല്ലോ അവരുടെ ഇടയില്‍.
    ഇതിനിടെ സൈബര്‍ ലോകത്ത് കാടുകയറിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. ഒരു സൈബര്‍ ജോതിഷവിദഗ്ദ്ധന്‍ മുമ്പുനടന്ന ആക്രമണങ്ങളുടെ തീയതികള്‍ പഠിച്ചുകൊണ്ട്  അടുത്ത ആക്രമണം നടക്കുന്ന തീയതി ഗണിച്ചുപറഞ്ഞു. ഗണിതശ്രേണി നോക്കിയപ്പോള്‍ ആ ദിവസം ശരിയായിരിക്കുമെന്ന് എനിക്കും തോന്നി.
    പുലിമനുഷ്യനുവേണ്ടി  ജില്ല മുഴുവനുമായി  കാട് അടച്ചുള്ള സൈനികരുടെ വക തിരച്ചില്‍ ഫലം കാണാഞ്ഞത് കൊണ്ട് സമീപജില്ലകളിലേക്കും വ്യാപിപ്പിച്ചു.
    ഞാന്‍ കാടിനെ നോക്കി. അതെവിടെയാണ് ആ പുലിമനുഷ്യനെ ഇത്ര വിദഗ്ദ്ധമായി ഒളിപ്പിച്ചു പിടിക്കുന്നത് ? അതിന്റെ മരക്കൂട്ടങ്ങള്‍ക്കിടയിലെ ഇരുള്‍ച്ചക്ക് ഇത്ര വൈഭവം ഉണ്ടോ ? പക്ഷെ പാവം കാട്. അന്വേഷണസംഘങ്ങള്‍ അതിനെ മുഴുവനായി ചവിട്ടിമെതിച്ചു.  അവശേഷിച്ച മൃഗങ്ങള്‍ എവിടെയും നില്‍ക്കാന്‍ ഇട കിട്ടാതെ ഓടിത്തളര്‍ന്നു. പാടാന്‍ മറന്ന പക്ഷികള്‍ ഭയപ്പാടോടെ വികൃതമായി ചിലച്ചു.
    ഒടുക്കം ആ ദിവസം എത്തി. എന്നേപോലെ ഒക്കുമിക്കവരും ഇന്നുതന്നെ ആക്രമണം നടക്കുമെന്ന് വിശ്വസിച്ചു. അത് ഉറപ്പാക്കിക്കൊണ്ടാണ് ഞാന്‍ അടുത്ത ദിവസത്തെ തീവണ്ടിക്ക് മടക്കട്ടിക്കറ്റ്  തത്ക്കാല്‍ സംവിധാനത്തില്‍ എടുത്തത്.
    ഒരു മൂടിക്കെട്ടിയ പ്രഭാതമായിരുന്നു അത്. ഞങ്ങളുടെ ഗ്രാമം മാത്രമല്ല ലോകം മുഴുവനും പാച്ചന്‍ എന്ന കൊച്ചുകുട്ടിയെ കേന്ദ്രമാക്കി ചുറ്റിത്തിരിഞ്ഞു. അവന്‍ തന്റെ സുഖമില്ലാത്ത പിതാവിനൊപ്പം ഒന്നുരണ്ടുവട്ടം കുടിലിന് വെളിയില്‍ എത്തിയത് ഒളിച്ചിരുന്ന ക്യാമറക്കണ്ണുകളിലൂടെ ലോകം മുഴുവന്‍ കണ്ടു. അപ്പോഴൊക്കെയും ഒളിച്ചിരിക്കുന്ന ആയുധമേന്തിയ പോരാളികള്‍ക്കൊപ്പം ലോകവും ശ്വാസമടക്കി.
    സമയം ഏന്തിവലിഞ്ഞ് പൊയ്‌ക്കൊണ്ടിരുന്നു. മറവില്‍ ഇരുന്ന് ആയുധസഞ്ചയങ്ങള്‍ വിയര്‍ത്തു.
    ''കുട്ടി വീട്ടിനുള്ളില്‍ ഇരുന്നാല്‍ പറ്റില്ല... പുറത്ത് ഇറങ്ങണം..'' പോലീസ് മേധാവി പഞ്ചായത്ത് മെമ്പറോട് പറഞ്ഞു. പിന്നെയും വൈകിയപ്പോള്‍ മെമ്പര്‍ മെല്ലെ കുടിലിനെ സമീപിച്ചു.
    ചുറ്റുപാടും അസ്വാഭാവികമായി എന്തോ നടക്കുന്നത് അറിഞ്ഞ കുട്ടി പതിവുകളികള്‍ കൂടി ഉപേക്ഷിച്ച് ഉള്‍വലിഞ്ഞതായിരുന്നു. മെമ്പര്‍ ഒരു ചിരിയോടെ കുട്ടിയെ നേരിട്ടു.
    ''ചെക്കാ ... നീയിങ്ങനെ പൊരേല് തന്നെയിരിക്കാതെ പൊറത്ത് പോയി കളിക്കടാ... '' 
    പാച്ചന്‍ പകച്ചു. അവന്‍ അച്ഛന്റെ കിടക്കയുടെ പിന്നിലൊളിച്ചു. രണ്ടുദിവസത്തെ ബഹളത്തിനിടയില്‍ പതിവുതെണ്ടല്‍ നടക്കാഞ്ഞതുമൂലം അവിടെ  അടുപ്പെരിഞ്ഞിട്ടില്ല എന്ന് മെമ്പര്‍ക്ക് മനസ്സിലായി.
    അയാള്‍ പുറത്തുപോയി. അയാളുടെ നിര്‍ദ്ദേശാനുസരണം അല്‍പ്പസമയത്തിനകം വിവിധതരം തീറ്റപ്പണ്ടങ്ങള്‍ നിരത്തിയ ഒരു വണ്ടി  കാട്ടിറമ്പില്‍ എത്തി.  മെമ്പര്‍ വീണ്ടും കുടിലിലെത്തി പാച്ചനോട് പറഞ്ഞു.
    ''ഡാ... ചെക്കാ... ദേ പൊറത്ത് വണ്ടീല് തിന്നാനൊക്കെ കിട്ടും... പോയി നോക്ക് . വേണ്ടതെന്തെന്നാച്ചാല് എടുത്ത് തിന്ന് ''
    അവയുടെ ഗന്ധം പാച്ചന്റെ കുടില്‍ പിടിച്ചെടുത്തു. കുറച്ചുനേരം അനക്കമുണ്ടായില്ല.
പിന്നെ കുട്ടി മെല്ലെ വെളിയില്‍ ഇറങ്ങി. ഭക്ഷണപ്പൊതികള്‍ ഇരുന്ന വാഹനം അവന്‍ കണ്ടു. വിശപ്പ് പാച്ചനെ വല്ലാതെ മോഹിപ്പിച്ചു. അവന്‍ മെല്ലെ അതിനടുത്തേക്ക് നീങ്ങി. മുടന്തിക്കൊണ്ട് മാതാവ് പിന്നാലെയും. കുട്ടി  അടുക്കുന്നതിനൊത്ത് വാഹനവും മുന്നോട്ട് മെല്ലെ നീങ്ങി. വണ്ടി പരിധി വിട്ട് മുന്നൊട്ടുനീങ്ങുന്നത് കണ്ട് ദുര്‍ബലമായ ഒരു ചാട്ടത്തിലൂടെ പാച്ചന്‍ വണ്ടിയില്‍ പ്രവേശിച്ചു.
    പൊടുന്നനെ കാടൊന്ന് കുലുങ്ങി. ഒരു സംഭവത്തിന്റെ ഉദ്യോഗജനകമായ അന്ത്യം കാണുവാന്‍ ജനം ഉറ്റുനോക്കവെ,  പത്രങ്ങളും ചാനലുകളും ചൂടുവാര്‍ത്തക്കുവേണ്ടി ദാഹിച്ചുവലഞ്ഞ് കണ്ണുകഴച്ച്  ഇരിക്കവെ, പ്രതിപക്ഷത്തെ നേരിടുവാന്‍ ഇനിയെങ്കിലും വഴിതുറക്കുമെന്ന്  ഭരണപക്ഷം മോഹിക്കവെ, നാളുകള്‍ നീണ്ട തിരച്ചിലിന് ഒരു അറുതി വരുമെന്ന്  ആയുധമേന്തിയ ഭടന്മാര്‍ ചിന്തിക്കവെ, ചൂണ്ടയില്‍ കോര്‍ക്കപ്പെട്ട ഒരു ഞാഞ്ഞൂല്‍ പോലെ പാച്ചന്‍ ഭക്ഷണപ്പൊതിക്കായി വണ്ടിയില്‍ തിരയവെ, കാടുകുലുക്കിമറിച്ച് ഒരു ഹുങ്കാരമെത്തി.
    ഇതിനകം  വണ്ടി ക്യാമറക്കണ്ണുകളുടെ പരിധി വിട്ടകന്നുകഴിഞ്ഞിരുന്നു. ഒരു വികസ്വര രാഷ്ട്രത്തിന് ആര്‍ജിക്കാവുന്ന രണ്ടാംതരം ചിന്തകളുടെ ഗതിവേഗം മാത്രമുണ്ടായിരുന്ന സന്നാഹങ്ങള്‍ക്ക് കയ്യെത്തുന്നതിലും വേഗതയായിരുന്നു ആ വണ്ടിക്ക്.   വണ്ടിയോടിച്ചയാള്‍ ദൂരേക്ക് പിഴുതെറിയപ്പെട്ടു.
    നിയന്ത്രണക്കൂട്ടില്‍ ഒരുപറ്റം സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ഇരുന്ന് സൂപ്രണ്ട് അലറിവിളിച്ചു. അല്ലെങ്കിലും  ഒരു തോല്‍വി സമ്മതിക്കുവാന്‍ ആരും ഒരുക്കമല്ലായിരുന്നു. പകച്ചുനിന്ന സകല സന്നാഹങ്ങളും ഒരുമിച്ച് മുന്നോട്ട് നീങ്ങി. ദീര്‍ഘമായ ആകാശച്ചാട്ടങ്ങളിലൂടെ വന്‍കരകള്‍ ചാടിക്കടന്ന് മൂന്നാം ലോകത്തിന്റെ കുഞ്ഞുമായി മാഞ്ഞുപോയ ഒരു പ്രഹേളികയെ നിസ്സഹായതയോടെ നോക്കി എന്റെ ഗ്രാമം നാണിച്ചുനിന്നു.
     പരസ്പരം പഴി പറഞ്ഞും ചെളിയെറിഞ്ഞും ബ്യൂറോക്രസിയും നേതാക്കളും ചാനലുകളിലേക്ക് വീണ്ടും ചേക്കേറി. തിരികെ പോകേണ്ട തിരക്കുള്ളതിനാല്‍പാച്ചന്റെ മാതാപിതാക്കള്‍ക്ക് പിന്നെ എന്തുസംഭവിച്ചു എന്ന് അന്വേഷിക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല. മറ്റൊരു അവതാരം അടുത്ത ഒരാക്രമണം അഴിച്ചുവിടുംവരെ നമുക്ക് ഇനി സമയമുണ്ടല്ലൊ അല്ലെ ? ഒരു ഇടവേള.




_____________________________________________________________________________________

മേരിയുടെ മൗനമുദ്രകള്‍
''തോമാച്ചന്‍ ഒരാണല്ലച്ചോ....''
മേരി കുമ്പസാരക്കൂട്ടിനുള്ളിലെ ചെവിയിലേക്ക് മെല്ലെ ഓതുമ്പോള്‍ കുരിശില്‍ ഒരു പിടച്ചിലുണ്ടായി.
ഫാദര്‍ കല്ലൂപ്പറമ്പന്‍ പ്രധാന അദ്ധ്യാപകന്‍ ആയ സ്‌ക്കൂളില്‍ തന്നെയാണ് മേരിക്ക് തൂപ്പുജോലി.  ഇരുനിറത്തില്‍, മെല്ലിച്ച ദേഹവുമായി ചൂലും കുട്ടയും കൈകളിലേന്തി രാവിലെ തന്നെ സ്‌ക്കൂളില്‍ എത്തിച്ചേരുന്ന മേരിയുടെ കണ്ണുകളില്‍ അസാമാന്യമായ ഒരു തിളക്കം ഉണ്ടെന്ന് ഫാദര്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
ആയിടെയാണ് മാഞ്ചോടുമുക്കില്‍ പലചരക്കുകട നടത്തുന്ന സ്വാമിനാഥന്‍ എന്ന അണ്ണാച്ചിയോടൊപ്പം മേരിയെ വള്ളപ്പുരയില്‍ നിന്നും നാട്ടുകാര്‍ പിടികൂടുന്നത്.
വലിയ പണികളൊന്നും ഇല്ലാതെ 28 കളിച്ച് സമയം കൊന്നുകൊണ്ടിരുന്ന റൂറല്‍ പോലീസ് സ്റ്റേഷനിലെ ഏമാന്മാര്‍ അത് ശരിക്കും ആഘോഷിച്ചു. അകലെ പട്ടണത്തില്‍, എരിവും പുളിയും കൊണ്ടെത്താറുള്ള അന്തിപ്പത്രത്തില്‍ മേരിയുടെ ലഘു ജീവിതചരിത്രവും അച്ചടിച്ചുവന്നു !
തോമാച്ചന്‍ തന്നെയാണ് അവളെ സ്റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ടുവന്നത്. അയാള്‍ തലയും കുനിച്ച് വഴിയരികിലൂടെ നടന്നു. അല്പം പിന്നില്‍ മാറി തലയിടറാതെ മേരിയും.
അടുത്ത ദിവസം സ്‌ക്കൂളില്‍ വന്ന അവളോട് ഫാദര്‍ പറഞ്ഞു- ''മേരിയേ... നീയ് പള്ളിയില്‍ വന്ന് കുമ്പസരിക്കണം'' അങ്ങിനെയാണ് അവള്‍ തിരുദേവാലയത്തിലെത്തിയത്.  കുമ്പസാരക്കൂട്ടിറമ്പില്‍ മുട്ടുകുത്തിയത്.
അള്‍ത്താരയില്‍ നിന്നും മുനിഞ്ഞിറങ്ങിയ മെഴുകുതിരി വെട്ടത്തില്‍ ഫാദര്‍ മേരിയെ മേടയിലേക്ക് ആനയിച്ചു. കുശിനിക്കാരന്‍ തോട്ടത്തില്‍ ആണെന്ന് അദ്ദേഹം കൗശലപൂര്‍വ്വം ഉറപ്പുവരുത്തി.
വിവസ്ത്രയാക്കപ്പെട്ടപ്പോള്‍ അവള്‍ ഒരു കനല്‍വിഗ്രഹമായി പഴുത്തു.
ഫാദര്‍ കല്ലൂക്കാരന്റെ വലത്തേ കൈ അവളുടെ മുതുകില്‍ ഉഴിഞ്ഞ് താഴേക്കിഴുകി.
പൊടുന്നനെ എവിടെയോ അത് തടഞ്ഞുനിന്നു.
മേരിയുടെ കൂമ്പിയ മുഖത്ത് ഒരു കള്ളച്ചിരി...!
''എന്താ മേരീ ഇത്... ?''
''അതെനിക്ക് ഒള്ളതാ അച്ചോ. കുഞ്ഞില് ച്ചിരിയേ ഒള്ളാരുന്നു. ഇപ്പോ വളന്ന് ഇത്രെം ആയി'' പിന്നില്‍ മൂന്നിഞ്ച് നീളത്തില്‍ വാലുപോലെ ഒരെണ്ണം ! അല്ല. വാലുതന്നെ!
ഫാദര്‍ കൗതുകത്തോടെ അതില്‍ പിടിച്ചുനോക്കി. തട്ടിയും വലിച്ചും പരിശോധിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ പാപവിമുക്തയായ മേരിയെ അദ്ദേഹം കുശിനിക്കാരന്റെ കണ്ണില്‍പ്പെടാതെ പറഞ്ഞയച്ചു.
മേരി രണ്ടുദിവസങ്ങള്‍ കഴിഞ്ഞ് ഒരുച്ചനേരം മാഞ്ചോടുമുക്കുവരെ  നടന്നു. തലേദിവസം അണ്ണാച്ചി കടയൊഴിഞ്ഞ് എവിടേക്കോ പോയിരുന്നു. അയാള്‍ കുറച്ച് അരി തരാമെന്ന് പറഞ്ഞതാണ്. അതിനി  കിട്ടില്ല.  അവള്‍ ചെറുതായി സങ്കടപ്പെട്ടു.
തിരികെ കായലരികിലൂടെ അവള്‍ കൂരയിലേക്ക് നടന്നു. തിങ്ങിക്കിടന്ന പോളപ്പായല്‍  ഓളത്തിനൊത്ത് തലയനക്കി. എരണ്ടപ്പക്ഷികള്‍ മുങ്ങാങ്കുഴിയിടുന്നത് നോക്കി നടന്ന് നടന്ന് മേരി തന്റെ കൂരയുടെ മുന്നിലെത്തി. അവിടെ തുറന്നുപിടിച്ച വായുമായി ചുമര് ചാരി ഉറങ്ങുകയായിരുന്നു തോമാച്ചന്‍.
പിന്നാമ്പുറത്ത് മൂത്രമൊഴിക്കുവാന്‍ ഇരുന്ന മേരി കല്‍ത്തിട്ടകളുടെ അടുക്കല്‍ ഇലയനക്കം കണ്ടു. അവള്‍ കരുതിയതുപോലെ നായയോ കഴുന്നയോ ആയിരുന്നില്ല. ഒരു മനുഷ്യമുഖം. ആ കണ്ണുകള്‍ തന്റെ യോനിയില്‍ മിഴിനട്ട് അന്തം വിട്ടിരിക്കുകയാണ് എന്ന് അവള്‍ അറിഞ്ഞു. 
മൂത്രം കഴിഞ്ഞപ്പോള്‍ എഴുനേറ്റ് തുണി നേരെയാക്കി അവള്‍ കായല്‍ക്കരയിലേക്ക് നടന്നു. അയാള്‍ അല്പം മുമ്പുണ്ടായ ആ കാഴ്ചയില്‍ നിന്നും വിടുതി കിട്ടാന്‍ പെടാപ്പാട് പെട്ട് തോറ്റ് കല്‍ത്തിട്ടയില്‍ തന്നെ തറഞ്ഞിരുന്നു.
അവള്‍ ആളെ മുന്‍പ് കണ്ടിട്ടുണ്ട്. ഹൗസ് ബോട്ടിലെ പാചകക്കാരന്‍.
''ഉം ? എന്താ ? '' അവള്‍ ചോദിച്ചു.  അല്പം മാറി തെങ്ങില്‍ ബന്ധിച്ചിട്ടിരുന്ന ഹൗസ്‌ബോട്ടും മേരി കണ്ടു.
    ''തോമാച്ചന്റെ പാര്യ...യല്ലേ ? '' അയാള്‍ വിറച്ചുകൊണ്ടാണ് അത് ചോദിച്ചത്.
അവള്‍ മറുപടി പറയാതെ  സൂക്ഷിച്ചുനോക്കി. അയാള്‍ ചൂളുന്നുണ്ടെന്ന് അവള്‍ അറിഞ്ഞു. അയാളുടെ കഴുത്തില്‍ ഞാന്നുകിടന്ന വെന്തിങ്ങ നെഞ്ചിനൊപ്പം വേഗത്തില്‍ ഉയര്‍ന്നുതാന്നുകൊണ്ടിരുന്നു.
    ''പട്ടാക്കലെ ടോമികുഞ്ഞിന് ഒന്ന് കാണണോന്ന് പറഞ്ഞാരുന്നു.''
അവള്‍ പിന്നെയും ഒന്നും മിണ്ടിയില്ല.  മീനുകള്‍ കായല്‍പ്പരപ്പില്‍ നിന്ന് ശ്വാസം എടുക്കുന്നതുപോലെ ഒരിക്കല്‍കൂടി ശ്വാസം എടുത്തിട്ട് അയാള്‍ തുടര്‍ന്നു-
    ''ടോമികുഞ്ഞിനെ അറിയില്ലേ ? പണയക്കമ്പനീം ബേക്കറീമൊക്കെ ഒള്ള പട്ടാക്കലെ... പിന്നെ ആ ബോട്ടും ടോമിക്കുഞ്ഞിന്റെയാ...ആ ബോട്ടില്‍ വച്ച് കണ്ടാമതി..''
    ''തനിക്ക് കാണണ്ടെ ? '' മേരി അയാളുടെ കണ്ണുകളില്‍ നോക്കി ചോദിച്ചു. അയാള്‍ തരിച്ചുനിന്നു. മേരി ചോദ്യം ആവര്‍ത്തിച്ചു.
    ''അതിപ്പം... ഞാങ്കേറീടത്ത് ടോമികുഞ്ഞ് കേറുന്നത് ശരിയാവൂല്ല...''
    ''അത് ടോമികുഞ്ഞ് അറിയാണ്ടിരുന്നാമതി.. ''
    ''അത് ചെലപ്പോ... ശരിയാവൂല്ല...'' അയാള്‍ സംശയിച്ച് സംശയിച്ച് പറഞ്ഞു.
    ''ശരി. നാളെ വരാം.. '' അവള്‍ തിരിഞ്ഞ് കുടിലിലേക്ക് മടങ്ങി. അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ അയാള്‍ നിലത്തിരുന്നു. അയാള്‍ക്ക് എന്തുകൊണ്ടെന്നറിയില്ല പൊട്ടിക്കരയുവാന്‍ തോന്നി.
    പിറ്റേന്ന് ഉച്ചസമയത്ത് അയാള്‍ വീണ്ടുമെത്തി. തോമാച്ചന്‍ അതേസ്ഥലത്ത് വായും തുറന്നുപിടിച്ച് ഉറങ്ങുന്നുണ്ടായിരുന്നു.
    മേരി അയാളുടെ പുറകെ നടന്നു. അയാള്‍  കയ്യില്‍ പിടിച്ചാണ് കരയിലേക്ക് ചേര്‍ത്തടുക്കുവാന്‍ മടി കാണിച്ച ബോട്ടിലേക്ക് അവളെ കയറ്റിയത്. അവളുടെ മെലിഞ്ഞ  കൈകളിലെ കറുത്ത രോമങ്ങളില്‍ അയാള്‍ ചുറ്റിപ്പറ്റി.
    പട്ടാക്കലെ ടോമിച്ചന്‍ അവളെ കിടപ്പറയിലേക്ക് വലിച്ചെടുത്ത് കതകടച്ചു. അതിനകം ബോട്ടിന്റെ കെട്ടുകള്‍ അഴിയുകയും അത് കായലിന്റെ വിരിമാറില്‍ നീന്തിത്തുടിക്കുകയും ചെയ്തു.  
    ടോമിക്കുഞ്ഞ് സത്യത്തില്‍  ഇത്രയെളുപ്പം ഇത് ഒത്തുകിട്ടുമെന്ന് കരുതിയിരുന്നില്ല. ഒരു നീണ്ട ചുറ്റിയടിക്കലിന് ശേഷം ബോട്ട് തിരികെ അതേ സ്ഥലത്ത് അടുത്തു. മേരി തിരികെ ഇറങ്ങുമ്പോള്‍ കൈ താങ്ങിക്കൊടുത്ത പാചകക്കാരന് ആര് ആര്‍ക്കാണ് കൈത്താങ്ങ് നല്‍കിയത് എന്ന കാര്യത്തില്‍ സംശയമായി.
    ബോട്ടിന്റെ അമരത്തിരുന്ന് ഒരു സിഗരറ്റ് കൊളുത്തി ചുണ്ടില്‍ വച്ച് ടോമിക്കുഞ്ഞ് കായലിനെ നോക്കി.
ദൂരെ ഒരു വാലുപോലെ പാതിരാമണല്‍ എന്ന കായല്‍ദ്വീപ്. 
ആദ്യമായാണ്  ഇത്തരത്തില്‍ ഒരു വാല്‍ ! ടോമിക്കുഞ്ഞ് എത്ര ശ്രമിച്ചിട്ടും മൊബൈലില്‍ ആ വിചിത്ര ഭാഗത്തിന്റെ ചിത്രം പകര്‍ത്തുവാന്‍ അവള്‍ സമ്മതിച്ചില്ല. ആ വാല്‍ അയാളുടെ മനസ്സില്‍ കിടന്ന് പുളഞ്ഞു. ആരോടെങ്കിലും അതേപ്പറ്റി പറയുവാനും പറ്റില്ലല്ലൊ എന്ന നിസ്സഹായതയുടെ മൂടുപടത്തിനുള്ളില്‍ അയാള്‍ കിടന്നുരുണ്ടു.  
    അടുത്തൊരു നാള്‍ അവള്‍ ടോമിക്കുഞ്ഞിന്റെ പട്ടാക്കല്‍ ഫൈനാന്‍സിയേഴ്‌സില്‍ എത്തി. ഗ്‌ളാസ്സ് കാബിനിലിരുന്ന് അവളെ കണ്ടപ്പോള്‍ തന്നെ  അയാള്‍ക്ക് ഭോഗതൃഷ്ണ ഉണ്ടായി. എന്തുചെയ്യാം... സ്റ്റാഫും പണയസംബന്ധമായി വന്ന വേറെ കസ്റ്റമേഴ്‌സും ഉണ്ട്.
    ''ഇന്ന് മേരി നല്ല സുന്ദരിയാണല്ലോ ? ''  അവള്‍ അകത്ത് വന്നപ്പോള്‍ അയാള്‍ മെല്ലെപ്പറഞ്ഞു.
    ''ഇതുപറയാനാണോ ടോമിസാറ് വരാമ്പറഞ്ഞേ ? ഇതൊന്നും കേട്ട് സുകിക്കില്ല മേരി ...''
    ''... ഞാന്‍ വിളിപ്പിച്ചത് ഒരു ജോലിക്കാര്യം പറയാനാണ്. ചേര്‍ത്തലേല് എന്റെ ഫ്രണ്ടിന്റെ കടയൊണ്ട്. അവിടെ ഒരു ജോലിക്കാരിയേ വേണം...''
    ടോമിക്കുഞ്ഞ് മൊബൈലില്‍ ജോര്‍ജ്ജൂട്ടിയുമായി സംസാരിച്ചു. കാര്യങ്ങള്‍ എല്ലാം പെട്ടന്ന്  ശരിയായി. അവള്‍ പോകുവാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ എഴുനേറ്റു.
    ''ഒരു ഉപകാരം ചെയ്തതല്ലേ ? അങ്ങനെ പോയാലോ ? ''
    അയാള്‍ കാബിന്റെ കതവ് കുറ്റിയിട്ടിട്ട് മേരിയെ അടുക്കല്‍ നിര്‍ത്തി ഉടുതുണിക്കിടയിലൂടെ കൈ കയറ്റി അവളുടെ വാലില്‍ പിടിച്ച് അല്പനേരം ഓമനിച്ചു. ഇറങ്ങുമ്പോള്‍ അരി വാങ്ങുവാന്‍ കാശും.
    പറഞ്ഞുറപ്പിച്ചത് പ്രകാരം രണ്ടുനാള്‍ കഴിഞ്ഞ് അവള്‍ പുതിയ ജോലിക്ക് പോയി. ആദ്യദിവസം ഒരു തുണക്കാരനായി തോമാച്ചന്‍ അവളെ അനുഗമിച്ചു. തിരക്കുള്ള സര്‍ക്കാര്‍ബസ്സിലായിരുന്നു യാത്ര. കോളേജ് പിള്ളാര്‍ മേരിയെ തടകിനിന്ന് നിര്‍വൃതിയടഞ്ഞപ്പോള്‍ തോമാച്ചന്‍ ഒരു കമ്പിയില്‍ തൂങ്ങിനിന്ന് മയങ്ങുകയായിരുന്നു.
    ഇറങ്ങിക്കഴിഞ്ഞ് അയാള്‍ ചോദിച്ചു- ''എന്നും ഇതുപോലെ ഇടിയാവും. അല്ലേ മേരീ... ''
    ''അയിന് നിങ്ങ എന്നും കൊള്ളുന്നില്ലല്ലോ ? '' അവള്‍ ആരെല്ലാമോ അമര്‍ത്തി ഞെരിടിയ മുലകളുടെ വേദനയറിഞ്ഞ് പറഞ്ഞു.
 കൂടുതലും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഒരു വലിയ കടയായിരുന്നു അത്. കടയുടെ പിന്നില്‍ തന്നെ ഉടമസ്ഥന്റെ വീടും. ആദ്യദിവസങ്ങളില്‍ മേരിക്ക് തൂത്തും തുടച്ചും ഇടുന്നതായിരുന്നു ജോലി. അവിടെ അല്പംകൂടി ചെറുപ്പമായ മറ്റൊരു യുവതികൂടി ഉണ്ടായിരുന്നു. പ്രവീണ എന്നായിരുന്നു അവളുടെ പേര്‍. ജോലിക്ക് ചേര്‍ന്നയന്നുതന്നെ അവള്‍ മേരിയുമായി യുദ്ധം പ്രഖ്യാപിച്ചു.
    എങ്കിലും ജോര്‍ജ്ജൂട്ടിക്ക് മേരിയെ വല്ലാതെ ഇഷ്ടപ്പെട്ടു. അവള്‍ക്ക് എന്തോ വല്ലാത്ത ഒരുമണം ഉണ്ട് എന്ന് അയാള്‍ക്ക് ആദ്യദിനം തന്നെ തോന്നിപോലും. പിന്നെ മേരിയുടെ ജോലി കടയില്‍ നിന്നും ഭവനത്തിലേക്കായി. അവിടെ നിന്നും ഫീല്‍ഡ് സപൈ്‌ളയിലേക്കും.  പെമ്പറന്നോര്‍ ആവുംവിധം നോക്കിയിട്ടും നടക്കേണ്ടത് നടന്നു!  ജോര്‍ജ്ജൂട്ടി മേരിയുടെ വാല്‍ കണ്ട് അതിശയം കൂറി. വീട്ടുസാമാനങ്ങള്‍ എത്തിച്ചുകൊടുക്കുവാന്‍ മേരിയോട് വണ്ടിയില്‍ പോകുവാന്‍ പറഞ്ഞു. പുറകെ മറ്റൊരു വണ്ടിയില്‍ ജോര്‍ജ്ജൂട്ടിയും വരുമെന്ന മേരിയുടെ ഊഹം വളരെ ശരിയായിരുന്നു.
    സപ്‌ളൈ ചെയ്യുവാനുള്ള  അഡ്രസ്സ് ജോര്‍ജ്ജൂട്ടിയുടെ തന്നെ കണിച്ചുകുളങ്ങരെയുള്ള ഒരു വീടും.     ''ഇതാദ്യാ അല്ലെ ?'' അയാള്‍ മേരിയോട് ചോദിച്ചു.
    അവള്‍ തല കുലുക്കിയോ ? ടോമിക്കുഞ്ഞ് ഒന്നും പറഞ്ഞിട്ടില്ല എന്നവള്‍ക്ക് മനസ്സിലായി.
    ''അപ്പം കെട്ടീതാന്ന് പറഞ്ഞത് ? ''
    ''അയാള്‍ ഒന്നും ചെയ്യില്ല...''
    ജോര്‍ജ്ജൂട്ടിക്ക് തനിക്ക് കൈവന്ന ഭാഗ്യം ഓര്‍ത്ത് വല്ലാത്ത സന്തോഷം തോന്നി. അയാള്‍ക്ക് ആ ചെറിയ വാല്‍ ഭാഗ്യലക്ഷണമായി തോന്നി. അത് കൈവിട്ട് കളയാതിരിക്കാന്‍ എന്താണ് മാര്‍ഗ്ഗം എന്ന് ആലോചിച്ചിരിക്കെ പ്രവീണ എന്ന അരസിക എല്ലാം പൊളിച്ചു. അവള്‍ ജോര്‍ജ്ജൂട്ടീടെ ഭാര്യയെ രംഗത്ത് അവതരിപ്പിച്ച് തെളിവ് സഹിതം പെടുത്തി.  പോത്തിറച്ചി ആവൊളം ഭക്ഷിച്ച കൈകൊണ്ട് ലഭിച്ച അടിയില്‍ മേരി തെറിച്ചുവീണത് തിരികെ കായലോരത്തെ കൂരയിലായിരുന്നു.
    പാര്‍ട്ടിപ്രവര്‍ത്തനം ശിരസ്സില്‍ പിടിച്ചതുമൂലം നല്ല ഒരു യൗവനം നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന വിലാപകാവ്യം എഴുതി തുടങ്ങിയ പ്രദീപന്‍ ഇനി ആകുന്നകാലം കുറച്ചെങ്കിലും അടിച്ചുപൊളിക്കണം എന്ന് കരുതി ഒരു വല വിരിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് മേരി തന്നെ ജോലിക്ക് തിരികെ കയറ്റുന്നില്ല എന്ന് സ്‌ക്കൂളധികൃതര്‍ക്കെതിരെ  പരാതിയുമായി ആ വഴി വന്നത്. അതില്‍ ഇടപെട്ട വകയില്‍ അയാള്‍ ഇരുചെവിയറിയാതെ അവളെ ടൗണിലുള്ള പരിചയക്കാരന്‍ വക റിസോട്ടിലെത്തിച്ചു.
    റിസോട്ടെന്ന് പറയുമെങ്കിലും നാഷണല്‍ ഹൈവേയുടെ വശത്ത് പേയിങ് ഗസ്റ്റുകള്‍ക്കും ഇടക്കാല വേശ്യകള്‍ക്കുമായി നടത്തുന്ന ഒരു സ്ഥാപനം ആയിരുന്നു അത്. അവിടെവച്ച് വിചിത്രമായ ആ വാലില്‍ തൂങ്ങി പ്രദീപന്‍ ലോകം മുഴുവന്‍ കറങ്ങി.
    ''ഇത് തോമാച്ചന്‍ അല്ലാണ്ട് വേറെ ആരും കണ്ടിട്ടില്ലേ ? ''
    അവള്‍ വെറുതെ തലയിളക്കി. പ്രദീപന്‍ അവളെ അമര്‍ത്തിച്ചുംബിച്ചു.
    ''നിന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം '' അയാള്‍ ആവേശം പൂണ്ട് പറഞ്ഞു. തിരികെ വരുമ്പോള്‍ അയാള്‍ തന്റെ ഐ ടൊന്റി കാറില്‍ വെച്ചും അവളെ ഓമനിച്ചു.
    ''കെട്ടിയ പെണ്ണുങ്ങളാവുമ്പോ  അത്രേം പേടിക്കണ്ട. അല്ലങ്കി പീഡനക്കേസൊന്നൊക്കെ പറഞ്ഞ് പിന്നെ പണി കിട്ടും.''
    പറഞ്ഞിട്ടെന്താ കാര്യം !? അങ്ങനിരിക്കുമ്പം ഒരസമയത്ത് മേരി വയറ്റിലുണ്ടെന്നറിഞ്ഞു. ഏതായാലും തൊമാച്ചനല്ലല്ലൊ ? പോരാത്തതിന് ബിസിനസ്സ് പിടിച്ചുവരുന്ന സമയവും. കളയുകതന്നെ എന്ന് അവള്‍ തീരുമാനിച്ചു.
    ദൈവം ഉണ്ടെന്ന് ഡോക്ടര്‍ സിബിച്ചന്‍ മനസ്സിലാക്കുന്നത് ഇങ്ങനൊക്കെ ഉള്ള സമയത്താണ്. ഉപരിപഠനത്തിനായി ഭാര്യ ഡെയ്‌സിയെ എയര്‍പോര്‍ട്ടില്‍ ബൈ പറഞ്ഞ് തിരികെ വണ്ടിയോടിച്ച് വീടിന്റെ ഗയ്റ്റില്‍ എത്തുന്ന സമയം തന്നെയാണ് മേരിയും വന്നത്.
    അവളുടെ ഇരുനിറത്തില്‍ മെല്ലിച്ച ദേഹം കണ്ടതും ഒരു കടഞ്ഞെടുത്ത ദാരുശില്പം  മുന്നില്‍ വച്ചതുപോലെ ഡോക്ടര്‍ക്ക് തോന്നി. അദ്ദേഹം ശില്പത്തെ അകത്തേക്ക് കൂട്ടികൊണ്ടുപോയി. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ചില കാര്യങ്ങള്‍ ചോദിക്കാതെയും. സീറോ വാട്ട് ബള്‍ബിന്റെ പിന്നിലെ തിരുരൂപത്തേയും പ്രിയതമയുടെ ഫോട്ടോയേയും സാക്ഷിയാക്കി മേരിയുടെ തുണികള്‍ അദ്ദെഹം അടര്‍ത്തിമാറ്റി.
    പരമാത്മാവായ ശില്പിക്ക് കൈത്തെറ്റുപറ്റിയോ ? ഡോക്ടര്‍ കണ്ണുമിഴിച്ചു. പിന്നെ അവളുടെ ചെവിയില്‍ ചുണ്ടുചേര്‍ത്ത് അയാള്‍ മെല്ലെ ചോദിച്ചു-
    ''ഈ അഭംഗി ഞാന്‍ മുറിച്ചുകളയട്ടെ ? ''
    അവള്‍ അല്പനേരം ആലോചിച്ചു. നല്ല അവസരമാണ്. പിന്നെയോര്‍ത്തു. വേണ്ട. അതവിടെ തൂങ്ങിക്കിടക്കട്ടെ. ''ഡോക്ടര്‍ വയറ്റിലുള്ളത് കളഞ്ഞുതന്നാല്‍ മതി. '' അവള്‍ അപേക്ഷിച്ചു.
    ഒരു ഞായറാഴ്ച... പള്ളിമുറ്റത്ത്  ടോമിക്കുഞ്ഞും ജോര്‍ജ്ജൂട്ടിയും ഡോക്ടര്‍ സിബിച്ചനും പിന്നെ പലരും പലരും നിരന്നുനില്‍ക്കെ മേരി തട്ടം കൈകളില്‍ കൂട്ടിപ്പിടിച്ച് നടന്നുവന്നു. എല്ലാവരും അവളുടെ പുറകില്‍ നീണ്ടു കിടക്കുന്ന വാല്‍ കാണുന്നുണ്ടായിരുന്നു. ഓരോരുത്തരും ധരിച്ചത് അയാള്‍ മാത്രമെ അത് ദര്‍ശ്ശിക്കുന്നൊള്ളു എന്നാണ്.
    എന്നാല്‍  ആ വാല്‍ വഴിയിലൂടെ, തൊടിയിലൂടെ നീണ്ടുനീണ്ട് നാടുമുഴുവന്‍ ചുറ്റിപ്പിണയുവാന്‍ തുടങ്ങിയിരുന്നു.

കൈരളി കാക്ക ത്രൈമാസികയില്‍ പ്രസിദ്ധീകരിച്ചത്‌



__________________________________________________________________________________
ലേഡീസ് ബാര്‍
ഈ ചെറിയ കഥ എന്റെമാത്രമല്ല... എന്നേപ്പോലെ ചെറിയ ജോലിയും വലിയ ചിന്തകളുമായി ജീവിക്കുന്ന ഒരുപാടുപേരുടെ കഥയാണ്. അവരുടെ  ജീവിതത്തില്‍ നിന്ന്  പച്ചയായ ഒരു ഏട്.
സാമുവല്‍ എന്ന എന്റെ ഗുരുവിനെ നിങ്ങളറിയോ ? നിങ്ങളെങ്ങനെ അറിയാന്‍ ? പുള്ളിയെ കണ്ടാല്‍ വലിയ പാവത്തെ പോലെ തൊന്നും. പക്ഷെ ആള് ഒരു ഉശിരനാണ്. ഞാന്‍  ജോലി ചെയ്തിരുന്ന  ദാദറിലെ 'പളനിയാണ്ടവന്‍' മെസ്സില്‍ അയാള്‍ ജോലി  എടുത്തുകൊണ്ടിരിക്കുന്നു. നാട്ടീന്ന് ബോമ്പേല് എത്തിയ അന്ന് തുടങ്ങി ആളെ ഞാനറിയും. ഏതായാലും ഈ കഥ അവിടെനിന്നും തുടങ്ങാം.
നാട്ടില്‍നിന്ന് വണ്ടി കയറി കുര്‍ലയില്‍ എത്തിയപ്പോള്‍ അതിശയിച്ചു. ഒരു വലിയ തീവണ്ടിനിലയം! എറണാകുളത്തെ സ്റ്റേഷനില്‍ തീവണ്ടി കേറാന്‍ ചെന്നപ്പോള്‍ മുതല്‍ മൂക്കില് അരിച്ചെത്തിയ ഒരു മണം ഉണ്ടായിരുന്നു. വണ്ടിയിലും ചെറിയ തോതില്‍ അതേ മണം.  ഇവിടെ എത്തിയപ്പോള്‍ അത് കലശലായി. പിന്നീട് സാമുവലാണ് പറഞ്ഞുതന്നത് അതാണ് പ്രവാസത്തിന്റെ മണം എന്ന്.           തീവണ്ടിയില്‍ നല്ല തിരക്കായിരുന്നു. എന്റെ പെട്ടിയും ചാക്കും സഞ്ചിയും ഒക്കെ ഒരുതരത്തില്‍ പലയിടത്തായി ഒതുക്കിവച്ചു. അണ്‍ റിസര്‍വേഡില്‍ തിരക്കൊണ്ടായിരിക്കും എന്ന് മാമന്‍ പറഞ്ഞപ്പോള്‍ ഇത്രേം കരുതിയില്ല. ഓരോ സ്റ്റേഷന്‍ കഴിയുമ്പോഴും അത് കൂടിക്കൂടി വന്നുകൊണ്ടിരുന്നു. എന്റെ ചാക്കൊക്കെ യാത്രക്കാര്‍ ഇരിപ്പിടമാക്കി. അതിലെ തേങ്ങേം മരച്ചിനീമൊക്കെ ഉടനീളം പലവിധം പീഢനങ്ങള്‍ ഏറ്റുകൊണ്ടിരുന്നു.
കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഈ തീവണ്ടിയില്‍ കയറുന്നോ എന്നു തൊന്നിപ്പോയി. നിലത്തും നടവഴീലും എന്നുവേണ്ട കക്കൂസ്സിന്റെ വാതിലിലെ ഇത്തിരി സ്ഥലത്തുവരെ ജനം !  
ഏതോ മയക്കത്തിന്റെയും തളര്‍ച്ചയുടെയും ഒടുവില്‍ തീവണ്ടി കാതങ്ങള്‍ താണ്ടി എന്നെ ബോമ്പെയില്‍ എത്തിച്ചു. അത് ഓടിത്തളര്‍ന്ന് കിതച്ച് നിന്നപ്പോള്‍ ഞാന്‍ തിരക്കിലൂടെ നൂണ്ട്  പുറത്തിറങ്ങി. ചുമട്ടുകാരൊന്നും അങ്ങോട്ട് അടുക്കുന്നില്ല. എല്ലാവരും റിസര്‍വേഷന്‍ ബോഗികളുടെ മുന്നിലാണ് തിക്കുന്നത്. ആളൊഴിഞ്ഞപ്പൊള്‍ സീറ്റിന്റെ ഇടയില്‍ കിടന്ന എന്റെ സാമാനങ്ങളെ ഞാന്‍ നിസ്സഹായനായി നോക്കി.
സ്റ്റേഷനില്‍ മാമന്‍ കാത്തുനിക്കാമെന്ന് പറഞ്ഞതാണ്. പക്ഷെ ആരേം കണ്ടില്ല. നാട്ടീന്ന് കൊണ്ടുവന്ന വല്യ ചാക്കും കാര്‍ട്ടണ്‍ പെട്ടീമൊക്കെ ഒറ്റക്ക് എങ്ങനെ പൊക്കും ? മാമന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പേപ്പറില് എഴുതി വച്ചിട്ടുണ്ട്. പക്ഷെ ഞാനാണെങ്കില് എന്റെ പഴയ മൊബൈല്‍ ഫോണ്‍ മുന്നൂറ് രൂപക്ക് വിറ്റിട്ടാണല്ലൊ പോന്നത് !  തീവണ്ടിയുടെ വാതിക്കല്‍ നിന്ന് ചുറ്റും നോക്കി. ഫോണ്‍ബൂത്ത് അടുത്തുണ്ടോ എന്ന്.
അപ്പോള്‍ ആരോ എന്നെ പുറകീന്ന് തട്ടിവിളിച്ചു. മാമന്‍ ആയിരിക്കും എന്ന് കരുതി വെട്ടിത്തിരിഞ്ഞു. ഞാന്‍ ശരിക്കും ഞെട്ടി. ഒരു പോലീസുകാരന്‍. ഹിന്ദിയില്‍ എന്തോ ചോദിക്കുന്നു. യാത്ര തീരുമാനിച്ച അന്നുതന്നെ ഒരു ഹിന്ദി മലയാളം ഭാഷാസഹായി വാങ്ങി പഠനം തുടങ്ങിയിട്ടും എന്റെ ഹിന്ദി പഴയ യു പി സ്‌ക്കൂളിലെയത്രയെ ഉണ്ടായിരുന്നൊള്ളൂ. ഭാഷ മനസ്സിലായില്ല എങ്കിലും എനിക്ക് കാര്യം മനസ്സിലായി. എന്റെ വലിയ ചാക്കിലും പെട്ടീലും എന്താന്നാണ് ചോദ്യം. അന്നേരമാണ് ഒരാള്‍ ഞങ്ങളുടെ ഇടയില്‍ കടന്നുവന്നത്. അയാള്‍ ഉഗ്രന്‍ ഹിന്ദിയില് പോലീസുകാരനോട് എന്തൊക്കെയോ തട്ടുന്നു. എന്നിട്ട് എന്നോട് ചാക്കിലെന്താണ് എന്ന് സ്‌നേഹം തഴുകിയ മലയാളത്തില്‍ ഒരു  ചോദ്യം. മരച്ചീനീം മറ്റുമാണ് എന്ന് ഞാന്‍ സങ്കോചത്തോടെ പറഞ്ഞു. അയാള്‍ കാര്യം പോലീസുകാരനെ ധരിപ്പിച്ചു കാണും.  ചാക്കഴിച്ചുനോക്കാതെ പോലീസുകാരന്‍ തലകുലുക്കിക്കൊണ്ട് വേറൊരാളുടെ പുറകേ പോയി.
    ''ബോമ്പേല് ആദ്യാണോ ? '' അയാള്‍  ചോദിച്ചു. ഇവിടെ മലയാളികളും തമിഴന്മാരുമൊക്കെ ആളെ പറ്റിക്കുന്നവരാണെന്നും അതിനാല്‍ യാത്രയില്‍ ആരുമായിട്ടും കൂട്ടുകൂടരുത് എന്നും മാമന്‍ പലവട്ടം പറഞ്ഞത് ഓര്‍ത്തു.
    എങ്കിലും പോലീസില്‍ നിന്നും രക്ഷിച്ച  ദൈവദൂതന്‍ ആണയാള്‍. ഞാന്‍ കാര്യം പറഞ്ഞു. അയാളും ആന്റോപ്പ് ഹില്ലിലേക്കാണത്രേ ! അയാള്‍ മാമന്റെ നമ്പര്‍ വിളിക്കുവാന്‍ മൊബൈല്‍ ഫോണ്‍ എനിക്ക് നീട്ടി.  മാമനെ ലൈനില്‍ കിട്ടി. സ്റ്റേഷന്റെ വെളിയില്‍ എത്തി നില്‍ക്കുവാന്‍ അപ്പോള്‍ എനിക്ക് കല്‍പ്പന കിട്ടി. അയാള്‍ എന്റെ സാമഗ്രികള്‍ അവിടെവരെ എത്തിക്കുവാനും ഒരുകൈ സഹായം നല്‍കി. മാമന്‍ എത്തുംവരെ എങ്ങും പോകാതെ അവിടെ നില്‍ക്കുവാന്‍ എനിക്ക് ഉപദേശവും നല്‍കിയിട്ടാണ് അയാള്‍ സ്ഥലം വിട്ടത്.   'നല്ല മനുഷ്യന്‍' എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. ഇതിനിടെയെല്ലാം  ഊഴംവച്ച് എന്നെ  വളഞ്ഞുകൊണ്ടിരുന്ന  ടാക്‌സി ഡ്രൈവര്‍മാര്‍ കാര്യമില്ല എന്നറിഞ്ഞാകണം, എന്നെ  ഉപേക്ഷിച്ച് മറ്റ് ഇരകള്‍ക്കുവേണ്ടി പോയി. അവിടെ തനിച്ചുനില്‍ക്കവെ ഞാന്‍ ആ അത്ഭുത നഗരം കണ്ണുമിഴിച്ച് നോക്കി. ഇനി എന്റെ പോറ്റമ്മ ആകേണ്ട മഹാനഗരം.
    പൊടി ഉയരുന്ന വഴികളില്‍ എന്തിനോ വേണ്ടി തിരക്കിട്ട് നീങ്ങുന്ന മനുഷ്യര്‍. ആണും പെണ്ണുമായി കുട്ടികള്‍, യുവാക്കള്‍, വൃദ്ധന്മാര്‍ ... എല്ലാവരും ഓടുകയാണ്. എന്തിന് എന്ന് ചോദിച്ചാല്‍ ഏവര്‍ക്കും ഒരേ ഉത്തരം ആയിരിക്കും. 'ജീവിക്കുവാന്‍...' എന്ന്.   കാത്തുനില്‍ക്കവെ എനിക്ക് ഉറക്കം തോന്നി. പൊടുന്നനെ ചുറ്റുവട്ടത്തെ  ആള്‍ക്കൂട്ടത്തില്‍ നിന്ന് മാമന്‍ എന്റെ മുന്നില്‍ എത്തി. മാമന്റെ കണ്ണുകള്‍ ചുവന്നിരിക്കുന്നതുകണ്ടു.
    മാമന്റെ വീട്ടില്‍ ഭാര്യയും  ഇരുപതിലെത്താറായ ഒരു മകളും ഉണ്ടായിരുന്നു. എന്റെ മുറപ്പെണ്ണ്. മാമനെ കൂടാതെ മാമിയും മകളുമൊക്കെ  ജോലി ചെയ്തിരുന്നു. ബോമ്പെയില്‍ എല്ലാവര്‍ക്കും ജോലി കിട്ടുമെന്ന് അങ്ങനെയാണ് ഞാന്‍ മനസ്സിലാക്കിയത്.  പിന്നെ രണ്ടുമുറി മാത്രമുള്ള അതേ വീട്ടില്‍ മറ്റൊരു മൂന്നംഗ കുടുംബവും ! കുളിമുറിയും  കക്കൂസും ചേര്‍ന്ന ഭാഗം മുന്‍മുറിയേയും പിന്‍മുറിയേയും രണ്ടായി വിഭജിക്കുന്നു. ഉള്ളിലെ മുറിയാണ് മാമനും കുടുബവും ഉപയോഗിച്ചിരുന്നത്. പുറത്തെ മുറിയില്‍ താമസിക്കുന്നത് മറാത്തികള്‍ ആണെന്ന് അറിഞ്ഞപ്പോള്‍ കുറച്ചു സമാധാനം തോന്നി. ഒന്നുമില്ലെങ്കിലും ഞങ്ങടെ മലയാള വര്‍ത്തമാനങ്ങള്‍ അവര്‍ക്ക് മനസ്സിലാകില്ലല്ലോ ?
    മാമി  എന്റെ കൈയില്‍ നിന്നും  ചാക്കും ബോക്‌സും ഏറ്റുവാങ്ങി.. അവര്‍ കാഴ്ചയില്‍  ചെറുപ്പം. വണ്ണം കുറഞ്ഞ്  ഷെയ്‌പ്പൊത്ത ശരീരം . കണ്ടാല്‍ ഇന്ദിരേടെ ചേച്ചി എന്നേ പറയൂ.  ''എന്തിനാ ഇത്രേം സാധനോക്കെ ചൊമന്നോണ്ടു വന്നത്... വല്യ ബുദ്ധിമുട്ടായില്ലേ..''  എന്ന് പറഞ്ഞ  മാമിയോട് ഞാന്‍ വിനീതനായി- '' ഓ... കൊഴപ്പോന്നുമില്ലാരുന്നു. '' മാമി ഒരു ഗ്‌ളാസ്സ് ചായ കൊണ്ടുത്തന്നു.  ഭാവിയില്‍ എന്റെ ഭാര്യ ആകേണ്ട ഇന്ദിര അമ്മയുടെ പുറകില്‍നിന്ന്  എന്നെ നോക്കി ചിരിച്ചു. പണ്ട് നാട്ടില്‍ വച്ചുകണ്ട ഇന്ദിര വളന്ന് വലിയ പെണ്ണായിരിക്കുന്നു !
    മാമന്‍  ഇടയ്ക്ക് വല്ലപ്പോഴും ഒറ്റയ്ക്ക് നാട്ടില്‍ പ്രത്യക്ഷപ്പെടും. പണ്ടെപ്പോഴൊ  കുടുംബസമേതം  നാട്ടില്‍ വന്നതാണ്.  അന്ന് ബാലികയായിരുന്ന ഇന്ദിരയോട് കടുത്ത ബഹുമാനം തോന്നിയിരുന്നു. ബോമ്പെ പട്ടണത്തില്‍ പഠിച്ചവള്‍! ഇംഗ്‌ളീഷും ഹിന്ദീമൊക്ക മലയാളം പോലെ പറയുന്നവള്‍ ! പക്ഷെ ഇവിടെ കണ്ടപ്പോള്‍ സഹതാപം തോന്നി. കഷ്ടം! മുതിര്‍ന്ന പെണ്ണായിട്ടും തുണി മാറാന്‍ കൂടി ഒരു മുറിയില്ല. ആകെ ഉള്ള മറ കുളിമുറി തന്നെ.  'പ്രൈവസി' എന്ന് പറയുന്നത് ഒരു വലിയ കാര്യം തന്നെ എന്ന് എനിക്കുറപ്പായത് ആ സമയത്താണ്.  നാട്ടിലെ തോട്ടിന്‍കരയിലാണെങ്കിലും ഒരു ലുങ്കിമറയിലോ അല്ലെങ്കില്‍ കമൂണിസ്റ്റ് പച്ചയുടെ മറവിലൊ പ്രൈവസി ധാരാളമായി ലഭിച്ചിരുന്നല്ലൊ ?
 മറ്റൊരു പ്രശ്‌നം കുളിമുറിയിലെ ചിട്ടകളാണ്. അതില്‍ ഉണ്ടായിരുന്ന വലിയ ഡ്രമ്മില്‍ രാവിലെ മാത്രം കുറച്ചുനേരം പൈപ്പില്‍ നിന്ന് വെള്ളം നിറയുമായിരുന്നു. അതേസമയം തന്നെ എല്ലാ അംഗങ്ങളും കുളിയും നനയുമെല്ലാം തീര്‍ക്കണം എന്ന് ഒരു അലിഖിതനിയമം അവിടെ നിലനിന്നിരുന്നു. അല്ലാത്തപക്ഷം ഡ്രമ്മിലെ ആകെ വെള്ളത്തിന്റെ അളവില്‍ കുറവ് വരുമെന്നും അത് ആ ദിവസത്തെ മുഴുവന്‍ പ്രശ്‌നത്തിലാക്കുമെന്നും രാജമാമി ആദ്യമേതന്നെ  എനിക്ക് വിവരിച്ചുതന്നിരുന്നു.
 ഇത് എല്ലാവരുടെയും കുളിയുടെ സമയത്തെ ക്രമപ്പെടുത്തി. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഓരോരുത്തര്‍ക്കും അത്യാവിശ്യം കുളിച്ചിറങ്ങേണ്ട സമയം മാത്രമെ ലഭിച്ചിരുന്നൊള്ളു. ഇത് എനിക്ക് പിന്നീടുള്ള നഗരജീവിതത്തില്‍ മറ്റൊരു വലിയ പ്രശ്‌നം ഉണ്ടാക്കിയിരുന്നു.  ഓരോവട്ടവും രാവിലെ കുളിമുറിയുടെ അകത്തെ കൊളുത്തുകളില്‍ തൂങ്ങിയും പ്‌ളാസ്റ്റിക്ക് ബക്കറ്റുകളില്‍ പാതി മുങ്ങിയും  കിടക്കാറുള്ള സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ കാഴ്ച എനിക്ക്  ലൈഗിക  ഉദ്ദീപകമായി. പക്ഷെ കുളിമുറിയില്‍ അല്പം വൈകിയാല്‍ പുറത്തുനിന്ന് കതവില്‍  തട്ടുകളും മുട്ടുകളും വിളികളും തുടങ്ങുമായിരുന്നു. 
    എങ്കിലും ഓരോ അടിവസ്ത്രങ്ങളും ആരുടേതാണ് എന്ന് നിരീക്ഷിച്ച് കണ്ടുപിടിക്കുക എന്ന വിനോദത്തില്‍ ഞാന്‍ ഏര്‍പ്പെട്ടു. മുന്‍മുറിയിലെ മറാത്തി കുടുംബത്തിലെ ഏകദേശം മുപ്പത് വയസ്സുതോന്നുന്ന  സ്ത്രീ സുന്ദരിയായിരുന്നു. പക്ഷെ അവരുടെ അടിവസ്ത്രങ്ങള്‍ എല്ലാം പഴയതും ചിലയിടങ്ങളില്‍ സുഷിരങ്ങള്‍ ഉള്ളതുമായിരുന്നു എന്ന് ഞാന്‍ നിരീക്ഷിച്ചെടുത്തു. എന്നാല്‍ എന്റെ മുറപ്പെണ്ണ് ഇന്ദിര  മേലുടുപ്പുകള്‍ പോലെതന്നെ  കിന്നരിവെച്ചതും ഭംഗിയുള്ളതുമായ അടിയുടുപ്പുകളാണ് എപ്പോഴും അണിയാറുള്ളത്. കൂട്ടത്തില്‍ കുറ്റബോധത്തോടെ പറയട്ടെ, രാജമാമിയുടെ  വസ്ത്രങ്ങളും എന്നെ  ആകര്‍ഷിച്ചിരുന്നു. അവര്‍ നാല്‍പ്പത് പണ്ടേ പിന്നിട്ടെങ്കിലും ചെറുപ്പക്കാരികളുടെ തരം അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നു എന്നുകണ്ട് ഞാന്‍ അമ്പരന്നു.
    അവിടെ എത്തി മൂന്നാംദിവസം മാമന്റെ ഫോണില്‍ എനിക്കൊരു വിളി വന്നു.  മാമന്‍ ഫോണ്‍ എന്റെ നേര്‍ക്ക് എറിഞ്ഞുകൊണ്ട് പറഞ്ഞു-''ഇന്നാടാ ബാലാ.. ..നെനക്കാ.. ദാദറീന്നാണ്.... '' ബോമ്പേന്ന് എന്നെ ആര് വിളിക്കാന്‍ ! ഞാന്‍ മെല്ലെ ആ ചെറിയ യന്ത്രം ചെവിയോട് ചേര്‍ത്തു.
 ''എന്നെ മനസ്സിലായില്ലെ ? ഇത് ഞാനാ.... സാമുവല്‍. കഴിഞ്ഞ ദെവസം കുര്‍ള സ്റ്റേഷനില്‍ വച്ച് നമ്മള് പരിചയപ്പെട്ടില്ലേ ? ''
    എനിക്ക് ആളെ അപ്പോള്‍ മനസ്സിലായി. പേര് ഞാന്‍ ചോദിച്ചില്ലായിരുന്നല്ലൊ ? .
    ''എന്താ ജോലിവല്ലോം ശരിയായൊ ? '' അയാള്‍ ചോദിച്ചു.
ഞാന്‍ മാമനെ നോക്കി. മാമന്‍ ഞങ്ങടെ സംഭാഷണം ശ്രദ്ധിക്കാത്ത മട്ടില്‍ ഇരിക്കുന്നു. ഞാന്‍  ഒന്നും ശരിയായില്ല എന്ന് മെല്ലെ പറഞ്ഞു. 
    ''ഞാന്‍ ഇവിടെ ഒരു മെസ്സില്‍ ജോലിയെടുക്കുവാണ്. ദാദറില്‍. ഇവിടെ  പണിക്ക് ആളുവേണം. എടുത്തുകൊടുക്കണ പണിയാണ്. പിന്നെ ചില്ലറ ക്‌ളീനിങ്.. പോരുന്നോ ? ''
    ഞാന്‍ ഒന്നും മിണ്ടാതെ മാമനെ നോക്കി. അങ്ങേര് പുകയില ചുണ്ണാമ്പുകൂട്ടി ഞെരടുന്ന ജോലിയില്‍ മുഴുകിയിരിക്കുവാരുന്നു.
    '' ആഴ്ചയില്‍ ആയിരം രൂപ തരും. ഇത് ഇപ്പോ അത്ര കൊറവല്ല.  മറുപടി ഏതായാലും വൈകിട്ട് ഈ നമ്പരില്‍ വിളിച്ച് പറയണം.'' സാമുവല്‍ ഒരിക്കല്‍ക്കൂടി മൊബൈല്‍നമ്പര്‍ പറഞ്ഞു. ഞാനത് ഒരു വാരികയുടെ കവര്‍പേജില്‍ കുറിച്ചിട്ടു.
    മാമന്‍ കാര്യങ്ങള്‍ കേട്ടിട്ട് അല്പസമയം ആലോചിച്ചിരുന്നു. എന്നിട്ട് പറഞ്ഞു: ''ഞാന്‍ പറഞ്ഞുവച്ച പണി ശരിയാവാന്‍ കൊറച്ചു ദെവസം എടുക്കും. അതുവരെ എന്ന് കരുതിയാല്‍ മതി. പിന്നെ ഹിന്ദീം പഠിക്കാല്ലൊ ..''
    ഞാന്‍ നാട്ടില്‍ പല പണിയും ചെയ്തിട്ടുണ്ട്. തടിപ്പണി.. പൊടിമില്ല്.. വാര്‍പ്പുപണി.. തുടങ്ങി എന്തെല്ലാം ! ഹോട്ടല്‍പ്പണി ഇതുവരെ ചെയ്തിട്ടില്ല. ഈ മെസ്സിലെ ജോലീന്ന് പറഞ്ഞാല്‍ ശരിക്കും  ഹോട്ടല്‍പണി ആണല്ലൊ ?  അതിന് ഒരു വെയ്റ്റ് ഇല്ലല്ലൊ എന്ന് എനിക്ക് തോന്നാതിരുന്നില്ല.  തന്നെയുമല്ല, മാമന്‍ പറഞ്ഞുവെച്ച പണി ആകുംവരെ എനിക്ക് സമയം കളയുവാന്‍ ധാരാളം സാമഗ്രികള്‍ ആ ചുറ്റുവട്ടത്ത് ഉണ്ടാരുന്നു. കഴിഞ്ഞുപോയ ഒറ്റദിവസം കൊണ്ട് ഞാന്‍ എന്റെ മുന്നോട്ടൊള്ള  ബോംമ്പെ ജീവിതത്തില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ പ്‌ളാനാക്കിയിരുന്നു. ഇന്ദിരയോട് തോന്നിയ പ്രണയമാണ് അതില്‍ പ്രധാനം എന്ന് കരുതിയെങ്കില്‍ തെറ്റി.  മറാത്തിചേച്ചി തന്നെയായിരുന്നു അതില്‍ മുന്നില്‍. സുനന്ദ എന്നായിരുന്നു അവരുടെ  പേര്. എന്നേപോലുള്ള ചെറുപ്പക്കാരുടെ മനസ്സിനെ വലിച്ചെടുക്കാന്‍ പോന്ന എന്തോ ഒന്ന് അവരില്‍ ഉണ്ടാരുന്നു. അവരുടെ ഭര്‍ത്താവ് രാവിലെ നേരത്തെ പോകുകയും രാത്രി വൈകിമാത്രം തിരികെ എത്തുകയും ചെയ്തിരുന്ന ഒരാളായിരുന്നു. പുത്രന്‍ ഒരു സ്‌കൂള്‍ക്കുട്ടി വിളഞ്ഞ വിത്താണെങ്കിലും സ്‌കൂളും ടൂഷനുമൊക്കെയായി പകല്‍സമയം മുഴുവന്‍ അവന്‍ അവിടെ ഉണ്ടായിരുക്കില്ല എന്നത് എന്റെ മനസ്സിന്  സമാധാനം നല്‍കി. ഇന്ദിര രാവിലെ തീവണ്ടി പിടിക്കാനുള്ള ധൃതിയില്‍ ഉടുത്തൊരുങ്ങി ഇറങ്ങി ഓടും. ആ ബഹളത്തിനിടെ പത്തുവട്ടം അവള്‍ എന്നെ തട്ടുകേം മുട്ടുകേം ചെയ്‌തെങ്കിലും എനിക്ക് അത്ര ആവേശം തോന്നിയില്ല. മാമി വളരെ വൈകിയാണ് ഇറങ്ങുന്നത്. പിന്നെ രാത്രിയിലെ വരൂ. നിറമുള്ള ചുരീദാറും ഇട്ട് മുഖം മുഴുവന്‍ പൗഡറും പൂശി കിന്നരിവെച്ച ഒരു ഹാന്‍ഡ്ബാഗും തൂക്കി  അവര്‍  ഇറങ്ങി പോകുന്നത് കാണാന്‍ കൗതുകം തോന്നി. ഇറങ്ങുന്നതിന് മുന്‍പ്  'ഉച്ചഭക്ഷണം സുനന്ദ വിളമ്പിത്തരും' എന്ന്  എന്നോട് പറഞ്ഞിട്ട് മാമി സുനന്ദക്ക് അവളുടെ ഭാഷയില്‍ നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. അന്ന് ഓരോ വട്ടവും ഞാന്‍ മുന്‍മുറിയിലൂടെ അകത്തും പുറത്തും നടന്നപ്പോള്‍ സുനന്ദ പുഞ്ചിരിക്കുന്ന മുഖത്തോടെ എന്നെ നേരിട്ടു. ഉച്ചയായപ്പോള്‍ അതേ മുഖത്തോടെ ഭക്ഷണം വിളമ്പിത്തന്നു. ഇടയ്ക്കിടെ അവര്‍ എന്തൊക്കെയൊ പറഞ്ഞു ചിരിച്ചു. ഞാന്‍ മുറിഹിന്ദിയില്‍ മറുപടി പറഞ്ഞപ്പോള്‍ അവര്‍ പിന്നെയും ചിരിക്കുന്നു. എനിക്ക് സുഖമുള്ള പിരിമുറുക്കം തോന്നി.
    അന്ന് ഉച്ചയ്ക്ക് ടെലിവിഷനില്‍ ഞാന്‍ ഓരോ ചാനലുകളായി തെരഞ്ഞു. ഇംഗ്‌ളീഷ് സിനിമകളിലെ മസാല രംഗങ്ങള്‍ക്കായി. പക്ഷെ ഇത്തരം അവശ്യഘട്ടങ്ങളില്‍ ചാനലുകള്‍ വളരെ ഡീസന്റായ കാഴ്ചകളായിരിക്കും കാട്ടുക.
    ആ പകലില്‍ ഞാന്‍ ഒന്നു തീരുമാനിച്ചു. എത്രയും വേഗം ഭാഷ പഠിക്കണമെന്ന്. സുനന്ദയോട് വരും പകലുകളില്‍ എങ്ങനെ മേളിക്കണം എന്നെല്ലാം അന്ന് മുഴുവന്‍ ഞാന്‍ സ്വപ്നം കണ്ടിരുന്നു. മാമന്‍ ശരിയാക്കുന്ന ജോലി നീണ്ടുപോകുന്തോറും എന്റെ മോഹങ്ങള്‍ നിറവേറ്റുവാന്‍ കൂടുതല്‍ സാഹചര്യവും ലഭിക്കുമല്ലൊ? ഈ ജോലിക്ക് പോയാല്‍  ആ സ്വപ്നങ്ങള്‍ തുടക്കത്തില്‍ തന്നെ താറുമാറാകും .
     'ബോംമ്പെയില്‍ ഇപ്പം ഒരു ജോലി കിട്ടുക എന്നത് വളരെ പാടാണെന്നും ആഴ്ചയില്‍ ആയിരംരൂപ തരക്കേടില്ല' എന്നും മാമി പറഞ്ഞു. ഇന്ദിര മാത്രം ഒന്നും പറഞ്ഞില്ല.   
    അങ്ങനെ ഞാന്‍ ദാദറിലുളള പളനിയാണ്ടവന്‍ മെസ്സില് ജോലിക്കാരനായി. രാവിലെ പറഞ്ഞതിലും  വൈകിയാണ് ഞാന്‍ അവിടെ ജോയിന്‍ ചെയ്യാന്‍ ചെന്നെത്തിയത്. കൂടെ വരാം എന്നുപറഞ്ഞ മാമന്‍ അവസാന നിമിഷം ജോലിത്തിരക്ക് പറഞ്ഞ് കാലുമാറിയതു കാരണം ബസ്സില്‍ കയറി വഴി തിരക്കിപ്പിടിച്ച് എത്തിയപ്പോള്‍ വൈകി.
    ''എട്ടുമണിക്ക് എന്നു പറഞ്ഞിട്ട് ? ''  കാത്തുനിന്ന സാമുവല്‍ ചോദിച്ചു. ബസ്സില്‍ യാത്ര ചെയ്താല്‍  വൈകിപ്പോകുമെന്നും തിരക്കുണ്ടെങ്കിലും തീവണ്ടിയാത്രയാണ് നല്ലത് എന്നും അയാള്‍ പറഞ്ഞു. ''ബാലന്‍  സീസണ്‍ ടിക്കറ്റെടുത്താല്‍ മതി. ബസ്സില് വന്നാ എത്ര പൈസ കൊടുക്കണം. ടൈമും കൊറേയാകും. ''   അയാള്‍ ആ രണ്ടുദിവസത്തിനിടെ താടിയൊക്കെ വെട്ടി സുന്ദരന്‍ ആയിരുന്നു.  സാമുവല്‍ മെസ്സിന്റെ മാനേജര്‍ കം ഓണര്‍ അറുമുഖത്തിന് എന്നെ പരിചയപ്പെടുത്തി. ഒരു പൊണ്ണത്തടിയനായിരുന്നു അയാള്‍. പക്ഷെ ചെറിയ തല. അയാള്‍ ഉയരം കൂടിയ  ഒരു പഴയ കസേരയില്‍ തിങ്ങിനിറഞ്ഞ് ഇരുന്നു.  പുറകില്‍ മുരുകന്‍, അയ്യപ്പന്‍, ഗുരുവായുരപ്പന്‍ എന്നീ ദൈവങ്ങളുടെ ഫോട്ടൊ. മലയാളി ദൈവങ്ങളാണല്ലോ കൂടുതല്‍ എന്ന് ഞാന്‍ ഓര്‍ത്തു.  പളനിയാണ്ടവന്‍ മെസ്സ് നല്ല തിരക്കുള്ള ഒരു ഭക്ഷണശാലയായിരുന്നു . ഊണിന്റെ കുറഞ്ഞ നിരക്ക് കാരണം കൂലിപ്പണിക്കാരും ടാക്‌സി ഡ്രൈവര്‍മാരും ഒക്കെയായി അവിടുത്തെ സ്ഥിരം പറ്റുകാര്‍ കുറെ ഉണ്ടായിരുന്നു. മറ്റു ഹോട്ടലുകളില്‍ നിന്നും വ്യത്യസ്ഥമായി ആള്‍ക്കാരെ ഒരു ബാച്ചായി നിരത്തിയിരുത്തിയതിന് ശേഷം വെള്ളം, പ്‌ളേറ്റ്, ചെറിയ പാത്രങ്ങളില്‍ കറികള്‍, പിന്നെ ചപ്പാത്തി...ചാവല്‍ എന്ന് ക്രമത്തില്‍ കൊടുക്കുന്നതായിരുന്നു അവിടുത്തെ രീതി. സാമുവല്‍ വിളമ്പുകാരന്‍ എന്നതിലുപരി ഒരു സൂപ്പര്‍വൈസറായിരുന്നു. മലയാളികളായി ഞങ്ങളെ കൂടാതെ ഒരു വെപ്പുകാരനും അവിടെ ഉണ്ട്. ആശാന്‍.  മറ്റുള്ളവര്‍ എല്ലാം തമിഴന്മാര്‍ ആയിരുന്നെന്ന് സാമുവല്‍ പറഞ്ഞ് ഞാന്‍ അറിഞ്ഞു.
    എനിക്ക്  കറികള്‍ വിളമ്പാനും കൂടാതെ അടുക്കളയില്‍ നിന്ന് പകര്‍പ്പുടേബിളിലേക്ക് പാത്രങ്ങള്‍ കാലിയാകും മുന്‍പ് ചപ്പാത്തി, ചാവല്‍ എന്നിവ പകരുവാനും  ഡ്യൂട്ടി കിട്ടി. തുടക്കക്കാരന്‍ എന്ന നിലയില്‍ വളരെ കാര്യക്ഷമത കാണിക്കണമെന്ന് സാമുവല്‍ പറഞ്ഞിരുന്നു. കൂടാതെ തിരക്ക് ഏറുന്ന വേളകളില്‍ ഊണുമേശയില്‍ നിന്ന് പാത്രങ്ങള്‍ പെറുക്കിമാറ്റുന്ന ചുമതലയും എനിക്ക് തന്നു. മെസ്സിലെ ജോലി ആദ്യ ദിവസങ്ങളില്‍ ചെറിയ ബുദ്ധിമുട്ടായി തോന്നി. എന്നെ ഞെട്ടിച്ച ഒരു സംഭവം ആയിടെ നടന്നു. തുടയ്ക്കാന്‍ നിന്ന ഒരു  കൊച്ചുപയ്യന്റെ കൈതട്ടി വിളമ്പുപാത്രം മറിഞ്ഞ് കറി മുഴുവന്‍ തറയില്‍ ആയി. ഒരു കസ്റ്റമറിന്റെ പാന്റിലും കുറച്ച് വീണു. അറുമുഖം ഒരു ആനയെ പോലെ കൊമ്പുകുലുക്കി ചെന്ന് പയ്യനെ തല്ലി.  ഒടുക്കം ആ കസ്റ്റമര്‍ ഇടപെട്ട് അറുമുഖത്തെ ശാന്തനാക്കിയപ്പോളാണ് പയ്യനെ വിട്ടത്.  പയ്യന്‍ വിതുമ്പിക്കൊണ്ട് അവന്റെ ജോലി തുടര്‍ന്നു..
    ഞാന്‍ ദയനീയമായി സാമുവലിനെ നോക്കി. അയാള്‍ എന്നെ കണ്ണടച്ചുകാട്ടി.  വൈകിട്ട് തിരക്കുകുറഞ്ഞു. അവസാനത്തെ കസ്റ്റമറും പണം കൊടുത്ത ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ഷട്ടര്‍ പകുതിയിട്ടു. ''വാ.. വല്ലതും കഴിച്ചിട്ടിറങ്ങാം... '' സാമുവല്‍ എന്നോട് പറഞ്ഞു. എന്റെ വിശപ്പ് കെട്ടിരുന്നു. അറുമുഖം തന്റെ കസേര വിട്ട് മെല്ലെയിറങ്ങി. അടുക്കളയിലേക്ക് നടന്നു.  സാമുവല്‍ എന്നോട് അടുക്കളയില്‍ പോയി നോക്കാന്‍ ചെവിയില്‍പ്പറഞ്ഞു. എനിക്ക് കാര്യം പിടികിട്ടിയില്ല. ഞാന്‍ മെല്ലെ അടുക്കളയിലേക്ക് നടന്നു. അവിടെ കണ്ട കാഴ്ച എന്നെ അമ്പരപ്പിച്ചു!  വൈകിട്ട് അടി വാങ്ങിയ പയ്യനെ അറുമുഖം സമാധാനിപ്പിക്കുന്നു. കൈകൊണ്ട് തലോടുകയും മാപ്പുചോദിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അവസാനം ഒരു പത്തുരൂപ നോട്ട് എടുത്ത് കൊടുക്കുകയും ചെയ്യുന്നത് കണ്ടു.
    ഞാന്‍ തിരികെ ഹാളിലേക്ക് ചെന്നപ്പോള്‍ സാമുവല്‍ എന്നെ നോക്കി പുഞ്ചിരിച്ചു. ഞാന്‍ ഒരു മറുപുഞ്ചിരി നല്‍കി.
    കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ആ ജോലിയുടെ ഒരു ഭാഗമായി. ചെയ്യുന്ന ജോലി എന്താണെങ്കിലും വൃത്തിയായി ചെയ്യണം എന്ന  ധാരണ എനിക്ക് പണ്ടേ ഉണ്ടാരുന്നു. അതിനാല്‍ മെസ്സില്‍ ഞാന്‍ വളരെ ഉത്സാഹത്തോടെ പണിയെടുത്തു. ''യേ നയാ ബന്താ ബഹൂത്ത് അച്ഛാഹെ ..'' എന്ന് ഒരു തലപ്പാവുകാരന്‍ ടാക്‌സിഡ്രൈവര്‍ അറുമുഖത്തിനോട് പറയുന്നത് ഞാന്‍ കേട്ടു. അതുതന്നെ ഇത്തരം ചെറിയ ജോലിയെടുക്കുന്നവര്‍ക്ക് കിട്ടുന്ന വലിയ ബഹുമതിയല്ലേ ?     രാവിലെ തിരക്കിട്ടിറങ്ങാനും സബര്‍ബന്‍ തീവണ്ടിയില്‍ തള്ളിക്കയറാനും പെട്ടന്ന് പഠിച്ചു. വീട്ടിലെ കുളിമുറിയിലെ പ്രൈവസിയുമായി പൊരുത്തപ്പെട്ടു. ഇന്ദിരയെയും സുനന്ദയേയും ഒക്കെ വഴിപാടുപോലെ നോക്കിയാലായി എന്ന സ്ഥിതിയും വന്നു. സാമുവലായിരുന്നു ഏറ്റവും വലിയ ഉത്സാഹം. ജോലിത്തിരക്കിലും അയാള്‍ ഓരോ തമാശകള്‍ പറഞ്ഞ് ഞങ്ങളെ ചിരിപ്പിച്ചു. മലയാളവും തമിഴും മറാത്തിയും ഹിന്ദിയും അയാള്‍ക്ക് നന്നായി വഴങ്ങി.
    ആദ്യ അവധിദിനം വന്നു. കൈയില്‍ കിട്ടിയ പണം പകുതി ഒരു മണിയോഡര്‍ ആക്കി നാട്ടിലയക്കണം എന്ന് വിചാരിച്ചു. ചെറിയ തുക എങ്കിലും  നാട്ടില്‍ അമ്മയ്ക്ക് ഒരുരൂപ കിട്ടിയാല്‍ അതും വലിയ ആശ്വാസമാണ്. സാമുവല്‍ പറഞ്ഞതനുസരിച്ച്  കുറച്ച് പഴങ്ങള്‍ വാങ്ങി വീടെത്തി. മാമന്‍ 'നന്നായി' എന്ന് പറഞ്ഞു. മാമി മുഖം കറുപ്പിച്ചു. എന്തോ  അവര്‍ക്ക് അത് ഇഷ്ടായില്ല. അവര്‍ വീട്ടുവാടകയുടെ കണക്കെല്ലാം ആരോട് എന്നില്ലാതെ പറയുവാന്‍ തുടങ്ങി.
    അടുത്ത ആഴ്ചയില്‍ ഉടനീളം  രാവിലെയും രാത്രിയിലും കിട്ടിയിരുന്ന സമയമത്രയും  മാമി അതുമിതും എന്നെ കൊള്ളിച്ച് പറഞ്ഞുകൊണ്ടിരുന്നു.
    ''എന്റെ ആങ്ങളേടെ മോന്‍ വരാന്ന് കൊറേ നാളായി പറേന്നു.  ബീയെ കഴിഞ്ഞ ചെറുക്കനാ... വന്നാല്‍ നല്ല ജോലി കിട്ടും. ഞാന്‍ സമ്മതിച്ചില്ല. ഇന്ദിര പ്രായമായ പെണ്ണാണ്... നാളെ അവക്കൊരു ആലോചന വരുമ്പോ ഇതൊക്കെ വലിയ പ്രശ്‌നാ.....''
    പണ്ട് നാട്ടില്‍ വരുമ്പോള്‍ മാമി ഇന്ദിരേ വലിച്ചുനിര്‍ത്തി പറയുമായിരുന്നു പോലും- ''എവക്ക് മലയാളം പഠിക്കാണ്ട് പറ്റുവൊ.. നാളെ ബാലന്റെ കൂടെ കഴിയേണ്ടവളല്ലെ ? '' ഞാന്‍ മാമീടെ വായീന്ന് കേട്ടിട്ടില്ല എങ്കിലും  ഇത് അമ്മ അഭിമാനത്തോടെ പലവട്ടം പറഞ്ഞിട്ടുണ്ട്. എനിക്ക് അമ്മയെ അവിശ്വസിക്കേണ്ടി വരും എന്ന് തോന്നി.
    മെസ്സ് അടയ്ക്കുമ്പൊള്‍ നന്നായി ഇരുട്ടും.  ഞങ്ങള്‍ കസേരകള്‍ അടുക്കിയിട്ട് തൂത്തുവാരി ഇറങ്ങുമ്പോള്‍ പിന്നേയും വൈകും. പാതയിലെ ചെറുവെട്ടത്ത് നടന്ന് റയില്‍വേ സ്റ്റേഷന്റെ മുമ്പിലെത്തുന്നതുവരെ ഞാനും സാമുവലും ഒന്നിച്ചായിരിക്കും. പിന്നെ ഒരു തമിഴന്‍ ചെറുക്കന്‍ ഞങ്ങളുടെ കൂടെ പാതിവഴിവരെ ചിലപ്പോള്‍ കാണും.  മറ്റുള്ളവരെല്ലാം രാത്രി മെസ്സില്‍തന്നെ കിടന്നുറങ്ങുന്നു. ഞങ്ങളുടെ മലയാളി ചീഫ് കുക്ക് ആശാനും പിന്നെ മുതലാളിയും സൈക്കിളില്‍ ആണ് വീട്ടില്‍ പോകുക. അറുമുഖം ഒരു മെല്ലിച്ച സൈക്കിളില്‍ തന്റെ തടിച്ച ശരീരത്തെ ഒതുക്കിയിരുത്തി പോകുന്നത് എനിക്ക് രസമുള്ള കാഴ്ചയായിരുന്നു. 
    മെസ്സില്‍ നിന്നും ഇറങ്ങി സ്റ്റേഷന്‍ വരെയുള്ള യാത്രയില്‍ ഞങ്ങള്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്യുമായിരുന്നു. അന്ന് കടയില്‍ വന്ന ഒരാള്‍ പറഞ്ഞ ഏതെങ്കിലും കാര്യം സാമുവലൊ ഞാനൊ എടുത്തിടും. 'എടാ ബാലാ... ഇന്ന് വൈകിട്ട് വന്ന ആ കെട്ടിയോനെം പെണ്ണിനേം നീ ശ്രദ്ധിച്ചോ ? .. അവര്‍ക്ക് എന്തോ കാര്യായ വെഷമോണ്ട്. ...ഊണ് കഴിക്കുമ്പൊ രണ്ടാളും ഒന്നും മിണ്ടുന്നില്ലാരുന്നു.'  ' വൈകിട്ടു വന്ന ആ സര്‍ദാറിനെ കണ്ടോ... അയാള്‍ പയങ്കര കുണ്ടനാ... ഇവ്‌ടെ വരുമ്പോക്കെ നമ്മടെ മണിയെ അയാള് കൊതിയോടെ നോക്കും . നീ ഇനി നോക്കിക്കോണം...' പിന്നെ അതിന്റെ ചരിത്രോം സാദ്ധ്യതകളുമൊക്കെ ഞങ്ങള്‍ ചികയും. സ്റ്റേഷന്‍ എത്തുന്നത് അറിയില്ല.
    സുനന്ദയെ കുറിച്ച് എന്റെ വര്‍ണ്ണന കേട്ട് അയാള്‍ ഉറപ്പിച്ചു പറയുകയുണ്ടായി.   '' പെറ്റ പെണ്ണല്ലെ ? അവള് വീഴും. പക്ഷെ നിന്റെ മൊറപെണ്ണിനെ വളരെ സൂക്ഷിക്കണം. ചെറിയ അനക്കം പോലും അവറ്റകള് കണ്ടുപിടിക്കും. ''
    ''ഓ.. ഇന്തൂന് അതിനൊന്നും നേരമില്ല... വീട് - ജോലി - ടീ വീ.. ഇത്രേ ഒള്ളു... ''
    ''അതൊക്കെ നെന്റെ തോന്നലാ... എപ്പോഴും ഒരു കണ്ണ് നെന്റെ പൊറത്ത് കാണും മോനെ... നീ അത് അറിയില്ല.. അങ്ങിനാ ഈ കാമുകിമാര്..''
    ''സാമുവലേട്ടന് കാമുകിമാരൊണ്ടാരുന്നോ ? ''
    ''എടാ പഹയാ... നീ ഇത് എത്രവട്ടം ചോദിച്ചു. '' ഇരുട്ടിലേക്ക് മുഖമൊതുക്കിപ്പിടിച്ച് അയാള്‍ പറയും. എനിക്ക് ഈ പ്രേമത്തിലും  കെട്ടിലും ഒന്നും തീരെ  വിശ്വാസമില്ല. പണ്ടേയില്ല. ''
      ആ യാത്രാമുഹൂര്‍ത്തങ്ങളില്‍ ആണ് ഞാന്‍ ശരിക്കും മഹത്തായ പല ജീവിതകാര്യങ്ങളും മനസ്സിലാക്കിയത്. മാമിയുടെ ഒളിയമ്പുകളെ കുറിച്ച് ഒരുദിവസം ഞാന്‍ സാമുവലിനോട് വിഷമത്തോടെ പറഞ്ഞു. കൂട്ടത്തില്‍ ഇന്ദിരയോട് എനിക്കുള്ള ആശയും.        ''ഇതൊക്കെ ഒള്ളതാടാ...  മനുഷന്റെ സ്വഭാവം ഒരിക്കലും വിശ്വസിക്കാന്‍ പറ്റില്ല. ഇപ്പൊ നെനക്ക് ഒരു നല്ല കാശുകിട്ടുന്ന പണി കിട്ടീന്ന് ഇരിക്കട്ടെ. ഈ മാമി കളറ് മാറും. ഈ വര്‍ഗ്ഗം അങ്ങിനാ..  നമക്ക് പിടിച്ചു നിക്കാന്‍വേണ്ടി ഇതൊക്കെ കൊറേശ്ശെ കണ്ടില്ല എന്ന് നടിക്കണം. ''
    പക്ഷെ എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. സാമുവല്‍ അവിടെ  'ചാല്‍' എന്ന് അറിയപ്പെടുന്നതരം വീടുകളില്‍ എവിടെയോ താമസ്സം ശരിയാക്കാന്ന് ഏറ്റു. പക്ഷെ ഇന്ദു...! ഇവിടെ നിന്നും പോയാല്‍  അവളെ നഷ്ടപ്പെടും. ആയിടക്ക് സാധാരണ സിനിമേലൊക്ക കാണുന്നപോലെ ഒരു വില്ലനും രംഗത്ത് എത്തി. മാമീടെ പരിചയത്തിലുള്ള ആരുടേയൊ മകനാണ്. ഒരു പാതി മലയാളി. ''അവന്റെ അമ്മ നല്ല ഒരു ഫാമിലീന്നാ...അച്ചന്‍ മറാട്ടിയാണേല്‍ എന്താ.. അവനു നിന്നേക്കാള്‍ മലയാളം അറിയാം...'' മാമി അവളോട് വിവരിച്ചു.
    ''ശ്ശീ...അതൊരു ഫ്രോഡ് കരിമ്പൂച്ച.. എനിക്കറിയാം'' അവള്‍ ചീറുന്നത് കേട്ടു.
    മെസ്സിലെ തിരക്കുകള്‍ക്കിടയില്‍ ഞങ്ങള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്തു. ഒരാള്‍ക്ക് സാമ്പാറു വിളമ്പിക്കൊണ്ട് സാമുവല്‍ ചോദിച്ചു-  ''അതിന് അവളുമായി നീ ഭാവികാര്യങ്ങള്‍ സംസാരിച്ചുവോ.. ? ''
ഞാന്‍ ഒരു പത്രത്തില്‍ കൂട്ടുകറി ഇട്ട് മെല്ലെ തട്ടിക്കൊണ്ട് പറഞ്ഞു- ''അങ്ങനെ തൊറന്നൊന്നും പറഞ്ഞിട്ടില്ല... ''
    ഒരു കസ്റ്റമര്‍ ചിരിച്ചുകൊണ്ട് ചോദിച്ചു- ''ക്യാ ദോനോം മല്ലൂ ബഹൂത്ത് കുലുകുലു കര്‍ത്തേ രഹേ..........''
    ''ബാക്കി വൈകിട്ട് പറയാം '' എന്ന് ഞാന്‍ പറഞ്ഞെങ്കിലും കിട്ടുന്ന ഇടകളിലെല്ലാം ഞങ്ങള്‍ ഈവിധം സംസാരിച്ചു. അറുമുഖം ഇടയ്ക്ക് ''എന്താ തമ്പീ... യതാവത് പ്രച്‌നം ഇരിക്കാ ? '' എന്നോമറ്റൊ  ചോദിച്ചു. അയാളോട് എന്തു പറയാന്‍..!
     ഞാന്‍ രാത്രി കൂടുതല്‍  വെളളം ഉപയോഗിച്ചെന്ന് രാജമാമി പരാതി പറഞ്ഞു. ''നെനക്ക് രാത്രി വന്നിട്ട് എന്താ കക്കൂസില്... രാവിലെ  പൈപ്പില്‍ വെള്ളോള്ള നേരം നോക്കിയാണ് ഞങ്ങള്‍ എല്ലാവരും അതൊക്കെ ഉപയോഗിക്കന്നത്...''     എനിക്ക് പിന്നെ വൈകിക്കുവാന്‍ കഴിയുന്നില്ലായിരുന്നു. ഞാന്‍ സാമുവല്‍ പറഞ്ഞ ചാലില്‍ കുടിയേറാന്‍ തീരുമാനിച്ചു. സുനന്ദയെന്ന ഞങ്ങടെ അയല്‍മുറിയിലെ മറാത്തിസ്ത്രീയോട് ഞാന്‍ മനസ്സുകൊണ്ട് യാത്ര പറഞ്ഞു. എന്റെ മുറപ്പെണ്ണിനോടും.
    എടുക്കുവാന്‍ എന്റെ കൈയില്‍ അധികം സാധനങ്ങള്‍ ഇല്ലായിരുന്നു. മാമന്‍ വീട്ടിലില്ലാത്ത സമയം നോക്കി ഞാന്‍ മാമിയോടും ഇന്ദുവിനോടും യാത്ര ചൊല്ലി. '' ഇവിടെത്തന്നെ അഡ്ജസ്റ്റ് ചെയ്യാരുന്നു ബാലാ... പക്ഷെ ഇന്തൂന്റെ കല്യാണം അടുത്തില്ലെ ? അതോണ്ടാ..  പിന്നെ നീ വല്ലപ്പോഴൊക്കെ ഈവഴി വരണം. ഗോപാലേട്ടനെ ഏപ്പിച്ചാ  അമ്മ നിന്നെ ഇങ്ങോട്ടയച്ചെ... '' മാമി പറഞ്ഞു.
    ''അച്ചനോട് പറഞ്ഞിട്ട് പോയാപ്പോരെ ഭയ്യാ ? '' ഇന്ദിര ചോദിച്ചു.
    ''അതൊക്കെ ഞാന്‍ പറഞ്ഞോളാം. '' മാമി പറഞ്ഞു. എന്നേപോലെ മാമിക്കും പേടികാണും  വേറെ താമസ്സമാക്കാന്‍ മാമന്‍ സമ്മതിക്കുമൊ എന്ന്. ഞാന്‍ ഉള്ള സാമാനങ്ങളുമായി ഇറങ്ങി. അയല്‍മുറിയിലെ സുനന്ദ ഞങ്ങളെ മൂവരേയും മാറിമാറി നോക്കി. പാവം. അവര്‍ക്ക് കാര്യം മനസ്സിലായില്ല.  പുറത്ത് അല്പംമാറി സാമുവല്‍ എന്നെ കാത്ത് നിന്നിരുന്നു. 
    അപ്പോള്‍ എവിടെ നിന്ന് എന്നറിയില്ല, മാമന്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അത് എന്നെ വല്ലാത്ത ഒരു അവസ്ഥയിലെത്തിച്ചു. മാമന്‍ എന്നെ തറപ്പിച്ചു നോക്കി.
    ''പോടാ തിരികെ വീട്ടില്...'' മാമന്റെ മദ്യം മണക്കുന്ന വാക്കുകള്‍ ഉയര്‍ന്നു..
    എനിക്ക് വളരെ വിഷമം തോന്നി. മാമി പിന്നീടുള്ള ദിനങ്ങളില്‍ ഒരു ശത്രുവിനോട് എന്നപോലെയാണ് എന്നോട്  പെരുമാറിയത്. എന്റെമുന്നില്‍ ഇന്ദിരയെ തല്ലിയും അവര്‍ എന്നോടുള്ള പക വെളിവാക്കി. ഇന്ദിര ഒരു ദിവസം ഒറ്റക്ക് കിട്ടയപ്പോള്‍ എന്നോട് പറഞ്ഞു.     '' ഭയ്യ വേറെ ഏതെങ്കിലും ജഗേല് താമസ്സമാക്ക്. ഇവിടെ എല്ലാരും ഫ്രോഡ്‌സ് ആണ്..''
    രാത്രിയില്‍ പല ദിവസവും മാമന്‍ വീട്ടില്‍ എത്തിയില്ല. രണ്ടു സ്ത്രീകള്‍ മാത്രം ഉള്ള മുറിയില്‍ കിടന്നുറങ്ങുന്നതില്‍ എനിക്കും അഭംഗി തോന്നി. ഇന്ദിരയെ അടുത്തദിവസം ഗാന്ധിമാര്‍ക്കറ്റില്‍ ഒറ്റയ്ക്ക് കണ്ടു. അവള്‍ എന്നോട് എന്തോ പറയാനുണ്ട് എന്ന് തോന്നി. അവിടെ നിന്നും തിരികെ വീട്ടിലേക്ക് നടക്കാനുള്ള ദൂരമെ ഉണ്ടായിരുന്നൊള്ളൂ. ഞാന്‍ അഞ്ചുരൂപയുടെ  നിലക്കടല വറുത്തത് വാങ്ങി അവള്‍ക്ക് വീതിച്ചുനല്‍കി.
    ''ഭയ്യാ.. ഭയ്യാടെ വിഷ് എനിക്കറിയാം.  അച്ഛന്റെ വിഷും അതാണ്.....  കുച്ച് നഹി ഹോഗാ.   എനിക്ക് മമ്മിയെ അനുസരിക്കേണം.  അല്ലാതെ പറ്റില്ല.  ''
    ജീവിതത്തില്‍ അതുവരെ തോന്നാത്ത ഒരു ആകാംഷയോടെ ഞാന്‍ ചോദിച്ചു ''മാമിടെ കാര്യം വിട്. നീ   നിന്റെ ആഗ്രഹം പറ ...''
    ''ഭയ്യാ.....ഞാന്‍ അമ്മേടെ മോളാണ്. അച്ഛന്റെയല്ല.'' ടാക്‌സിക്കാരും കൂലിപ്പണിക്കാരും തെരുവുസവാരിക്കാരും ഒരു പ്രത്യേക താളത്തില്‍ നടക്കുന്നു. തിരക്കിനിടയില്‍ ഞാന്‍ അല്പനേരം താളം മുറിഞ്ഞ് ഒറ്റപ്പെട്ടു. പിന്നെ അവര്‍ക്കൊപ്പം അതേതാളത്തില്‍ നടന്നു.
    അടുത്ത ദിവസം മെസ്സിന്റെ അടുക്കളയില്‍ വച്ച് ഞാന്‍ മെല്ലെ പറഞ്ഞു.     ''എനിക്ക് തിരികെ നാട്ടില്‍ പോണം എന്ന തോന്നല്... ''
        അടുപ്പിലിരുന്ന പാത്രത്തിലെ കാബേജ് സബ്ജിയില്‍ ചട്ടുകം കൊണ്ട് ആഞ്ഞിളക്കി സാമുവല്‍ പ്രതികരിച്ചു. ''ബോമ്പെയില് വന്ന അന്നുമുതല്‍ എന്റെ ചിന്ത അതാണ്. പക്ഷെ നടക്കില്ല മോനെ.. ഈ മണിയന്‍ മുതല്‍ സാക്ഷാല്‍ അറുമുഖം വരെ അത് മനസ്സിലിട്ടാണ് ഓരോ ദിവസോം കഴിയുന്നെ.. അതാടാ ഈ ബോംമ്പെ..'' അയാള്‍ പിന്നെ ചട്ടുകം കൊണ്ട് പാത്രത്തിന്റെ വക്കില്‍ തല്ലി. അതില്‍ നിന്ന് കലങ്ങിയ കാബേജിന്റെ അടരുകള്‍ പാത്രത്തിലേക്ക് മലര്‍ന്നടിച്ച് വീണു.  ചുവപ്പുരാശി പടര്‍ന്ന മഞ്ഞനിറത്തിലെ സബ്ജിക്ക് തെരുവിന്റെ  മുഖം. മണം.
    ചീഫ്കുക്ക് ആശാന്‍ ഉച്ചത്തില്‍ എന്നെ നോക്കി ചിരിച്ചുകൊണ്ട് നീട്ടിപ്പറഞ്ഞു-  '' മൂ....മ്പെ... മൂ...മ്പെയ്.....ഊ...ഊ... ഹ ഹ ഹ...'' വാശിയില്‍ അയാള്‍  സാമ്പാര്‍ തിളയ്ക്കുന്ന പാത്രത്തില്‍ തവിയിട്ട് ഇളക്കി.
    ''നെനക്ക് കാശൊണ്ടാക്കണ്ടെ ? മൊബൈല് വാങ്ങണ്ടെ ? കള്ളു കുടിക്കണ്ടെ ? പെണ്ണു കെട്ടണ്ടെ ? അതിന് നീ ഇവിടെ നിക്കണം. നാട്ടില്‍ പോയി നീ എന്തു '............' ചെയ്യാനാണ് ? ജീവിക്കാന്‍ വാശി വേണമെടാ... വാശി. '' സാമുവല്‍ തുടര്‍ന്നു ''ഈ മണിയനെ കണ്ടൊ? തന്ത ആരാണെന്നവന് അറിയില്ല. എങ്കിലും ഈ കുട്ടിപ്രായത്തില്‍ പണിയെടുക്കുന്നു. അവനോട് ചോദിക്ക് ആരാകണമെന്നാ മോഹോന്ന് . പന്നിക്ക് പോലീസ് എസൈ ആകണമെന്നാ മോഹം. സ്വന്തമായി ഒരു അഡ്രസ്സ് പോലുമില്ലാത്ത തെണ്ടിയാണ്. ''   കടുകെണ്ണയുടെ മോഹിപ്പിക്കുന്ന ഗന്ധമേറ്റ്  സാമുവലിന്റെ വാക്കുകള്‍ കിറുങ്ങി.
    ഒരു അവധിദിവസം ഞാന്‍ അതിരാവിലെ തുണികഴുകിയിട്ട് വീട്ടില്‍ നിന്നും ഇറങ്ങി. സാമുവലിന്റെ ചാലില്‍ ചെന്ന് എന്റെ സങ്കടങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ പട്ടണത്തിലെ അഴുക്കുചാലുകളുടെ ഓരങ്ങളിലൂടെ നടന്നു. ചേരികളുടെ മത്തു പിടിപ്പിക്കുന്ന മണം. 
    സാമുവല്‍ എനിക്ക് മദ്യം ഒഴിച്ചുതന്നു. വിലകുറഞ്ഞ ദേശി മദ്യം. ''ഫോറിനൊക്കെ കഴിച്ചാല്‍ വെറുതെ കരള് വാടും.'' സാമുവല്‍ വിരല്‍ കൊണ്ട് അച്ചാര്‍ തോണ്ടിയെടുത്ത് നക്കി. പുഴുങ്ങിയ മുട്ടയെ പല്ലുകള്‍ കൊണ്ട് കൃത്യമായി മുറിച്ചു. ''കാശൊള്ളപ്പോള്‍  ഞാന്‍ നിര്‍മല്‍ബാറില്‍ പോവും. അവിടെ ഒത്തിരി കാശു വേണം.'' 
    ''അതെന്താ പ്രത്യേകിച്ച് ? ''
    ''എടാ അതൊരു ലേഡീസ് ബാറാണ്. പെണ്ണുങ്ങളാണ് വെളമ്പിത്തരുന്നത്.  അവിടെ ഒരു പ്രത്യേക രസാണെടാ. അവളമ്മാര് നമ്മളെ  ഇങ്ങനെ തലോടിത്തലോടി ഹാ..'' സാമുവല്‍ ഗ്‌ളാസ്സെടുത്ത് ഒരെണ്ണം പിടിപ്പിച്ച് ആ ഓര്‍മ്മയുടെ നിര്‍വൃതിയില്‍ ലയിച്ചിരുന്നു.  പിന്നെ കണ്ണുതുറന്ന് എന്നെ നോക്കിത്തുടര്‍ന്നു :
''അവിടെ ഒരു മലയാളിപ്പീസ് ഒണ്ട്. എത്ര കാശാ ഞാനവക്ക് കൊടുത്തിരിക്കുന്നെ ?! ''
    ''കൊഴപ്പമൊന്നുമില്ലെ ? '' എനിക്ക് കുഴഞ്ഞു തുടങ്ങിയ തലയിലും ആകാംഷ വന്നു.
    '' ഇതൊക്കെ സര്‍ക്കാര്‍ ലൈസന്‍സിലല്ലെ നടക്കുന്നത്. നിയമം ഒണ്ട്. ഒരു ബാറില്‍ അഞ്ചു ചരക്കില്‍ കൂടുതല്‍ പാടില്ല. രാത്രി എട്ടുമണി കഴിഞ്ഞാല്‍ ചരക്കുകള്‍ ഒക്കെ ഇറങ്ങിക്കൊള്ളണം എന്നൊക്കെ ...... അതൊരെട്ടര ഒമ്പത് മണിവരെ പോവും. ''
    ഞാന്‍ വെറും മണ്ടനാണെന്ന് എനിക്ക്  തോന്നി. ഇരുപത്തിമൂന്ന് വര്‍ഷം ഭൂമിയില്‍ വെറുതെ ജീവിച്ച മണ്ടന്‍.  തലയ്ക്ക് വെളിവ് നഷ്ടപ്പെട്ടപ്പോള്‍ ഞാന്‍ കരഞ്ഞു. അന്തുക്കാടെ കൊപ്രാമില്ലില്‍ വേലയെടുക്കുന്ന നാളുകളില്‍ ഞാന്‍ കരഞ്ഞിട്ടുണ്ട്. മില്ലടച്ചുകഴിഞ്ഞാല്‍ എണ്ണ കഴുകിക്കളയുവാന്‍ ഞാനും അന്തുക്കയും കൂടെ പുറകിലെ കുളിപ്പുരയില്‍ ചെല്ലും. അവിടെ എന്നെ കുനിച്ചുനിര്‍ത്തി അന്തുക്ക കരയിക്കും. ഗോപിമേസ്ത്തരിയുടെ കൂടെ പണിക്കു നിന്നകാലത്തും ചന്തക്കവലയില്‍ പണിയില്ലാതെ അലഞ്ഞ നാളിലും ഞാന്‍ കരഞ്ഞിട്ടുണ്ട്.
    അടുത്തനാള്‍ ഞാന്‍ പ്രഖ്യാപിച്ചു : ''ഒരുദിവസം എനിക്ക്  ആ നിര്‍മല്‍ ബാറില്‍ പോണം. ''
    “ അത് കൊള്ളാവല്ലൊ ? കാശ് കൊറച്ചാകും. ചെലപ്പൊ നിന്റെ ഒരാഴ്ചത്തെ ശമ്പളം വേണ്ടിവരും ! കുപ്പിക്ക് എല്ലാം എരട്ടി വെലയാണ്. പിന്നെ അവളുമ്മാര്‍ക്കും കള്ളും തീറ്റപ്പണ്ടോം വാങ്ങി കൊടുക്കണം. ടിപ്പ് വേറെ...''
    എനിക്ക് ജീവിതം മടുത്തു. ഇനി പണം കൊണ്ട് ഒരു കുന്തവുമുണ്ടാകുവാന്‍ പോകുന്നില്ല. പണം എന്നത് എനിക്ക് ഒരു മരീചികയാണ്. ഒരു നല്ല മൊബൈല്‍ ഫോണ്‍ വാങ്ങുവാന്‍പോലും ഇനിയും പറ്റിയില്ല ! തറയും മേശയും തുടക്കാന്‍ നില്‍ക്കുന്ന മണിയനുവരെ ഒരെണ്ണം ഉണ്ട്. സ്വന്തമായി മേല്‍വിലാസം ഇല്ലാത്തവനൊക്കെ അത് സംഘടിപ്പിക്കുന്നു. ഏതായാലും അടുത്തയാഴ്ചത്തെ ശമ്പളത്തിന് സാമുവല്‍ മോഹവില പറഞ്ഞ നിര്‍മല്‍ ബാര്‍ സന്ദര്‍ശ്ശിക്കണം എന്ന് ഞാന്‍ ഉറച്ചു.
    ''വളരെ സൂക്ഷിക്കണം. കൈയില്‍ കണ്ടമാനം കാശ് കൊണ്ടുപോവരുത്..''
    എനിക്ക് ലേഡീസ് ബാറിന്റെ അന്തരംഗം കണ്ടറിയുവാന്‍ കൊതിയായി. കുറച്ച് ദിനങ്ങളെങ്കിലും അത് എന്റെ ദിവാസ്വപ്നങ്ങളില്‍ നിറഞ്ഞുനിന്നു.  ''ഡാ.. ഈ ലേഡീസ് ബാറില്‍ ഒരു ചിക്കണ്‍ വറുത്തേന്റെ പ്‌ളേറ്റിന് കാശെന്താണെന്നറിയോ ? ...'' സാമുവല്‍ ഒരു കസ്റ്റമറിന് കറി വിളമ്പിക്കോണ്ടാകും എന്നോട് അക്കാര്യം പതുക്കെ പറയുന്നത്..
    ഒരു വൈകുംന്നേരം ഞാന്‍ നിര്‍മല്‍ബാര്‍ എന്നെഴുതിയ ബോര്‍ഡിന്റെ മുന്നിലെത്തി. എനിക്ക് ലേശമല്ലാത്ത അങ്കലാപ്പ് ഉണ്ടായിരുന്നു. അടച്ചിട്ട ഗ്‌ളാസ്സ് കതകിനു വെളിയില്‍ തലപ്പാവുവച്ച തടിയന്‍ പാറാവുകാരന്‍... അയാള്‍ എന്നെ നോക്കി ആദ്യം കണ്ണുരുട്ടി. ഞാന്‍ ഒരു വിളറിയ ചിരി പാസ്സാക്കി. ആ ചില്ലുകതകുകള്‍ എനിക്കുമുന്നില്‍ തുറക്കപ്പെട്ടു.
    ബാറിന്റെ അകത്ത് ഇരുട്ടില്‍ പുതുമയുള്ള ഒരു ഗന്ധം തിങ്ങിനിന്നു. അത് നാട്ടിലെ ബാറുകളില്‍ എനിക്ക് മുമ്പുപരിചയമുണ്ടായിരുന്ന എന്തെങ്കിലും ഗന്ധം ആയിരുന്നില്ല. നാട്ടില്‍ ഞാന്‍ കയറിയിട്ടുള്ള ബാറുകളില്‍ പലതിലും മടുപ്പിക്കുന്ന പുകച്ചുരുളിന്റെയൊ നിലതെറ്റിയെത്തിയ ഛര്‍ദ്ദിയുടെയോ പുളിച്ച അച്ചാറിന്റെയൊ  മണമായിരുന്നു . ഇതാണല്ലൊ സാമുവല്‍ എന്നെ പറഞ്ഞുമോഹിപ്പിച്ച നിര്‍മല്‍ബാര്‍ !. എവിടെയൊ വളകിലുക്കം കേട്ടു. ഒരു പുരുഷന്‍ എന്നെ എതിരേറ്റു. കണ്ണുകള്‍ ആ മങ്ങിയ വെളിച്ചവുമായി പൊരുത്തപ്പെട്ടപ്പോള്‍ എനിക്ക് ചില സ്ത്രീരൂപങ്ങളെ കാണാമെന്നായി. ആ പുരുഷന്‍ ചൂണ്ടിക്കാണിച്ച സീറ്റില്‍ ഞാന്‍ ഇരുന്ന് പതുക്കെ തല തിരിച്ചു നോക്കി.. ഓരോ മേശയ്ക്കിരുവശത്തുമായി രണ്ടുപേര്‍ വീതം ഇരിക്കാവുന്ന    സീറ്റുകള്‍.        ഞാന്‍ ഇരുന്ന സീറ്റിന്റെ വശത്ത് നിന്ന യുവതി എന്നെ നോക്കി ചിരിച്ചു. അവള്‍ എന്റെ ഇടതുവശത്ത് ഇരുന്നു. ഞാന്‍ അല്പംകൂടി ഒതുങ്ങിക്കൊടുത്തു. എതിര്‍വശത്തെ കസേരയിലേക്ക് അവള്‍ ഹാന്‍ഡ്ബാഗ്് എറിഞ്ഞു. എന്നോട് എന്തുവേണമെന്ന് ചോദിച്ചു.       “ബിയര്‍...? ഹോട്ട്...?”  അവള്‍ പിന്നെയും വെറുതെ കുലുങ്ങിച്ചിരിച്ചുകൊണ്ടിരുന്നു.
    'നീ ഏതുനാട്ടുകാരിയാണ് ?' എന്ന് ഞാന്‍ ആരാഞ്ഞു. അവള്‍ ഒറീസക്കാരിയാണത്രെ.  എന്റെ അനുവാദമില്ലാതെ തന്നെ തന്റെ കൈനീട്ടി അവള്‍ എന്റെ ഉടുപ്പിന്റെ ചില ബട്ടണുകള്‍ അഴിച്ചു. പിന്നെ ആ മെലിഞ്ഞ കൈകള്‍ കൊണ്ട് എന്റെ നെഞ്ചില്‍ തഴുകി. എനിക്ക് രസിച്ചു. പക്ഷെ സാമുവല്‍ പറഞ്ഞ മലയാളി സ്ത്രീയെ കുറിച്ച് അന്വേഷിക്കുകയാണ് ഞാന്‍ ചെയ്തത്.
    ''ഓ.. ചേച്ചീ കാ ആദ്മീയെക്യാ ? '' അവര്‍ കൈ വലിച്ചു. '' ചേച്ചീ അഭി  ഫ്രീഹെ.   ബുലാവും ക്യാ ? ''
    ഞാന്‍ തല കുലുക്കി. അവള്‍ ചേച്ചീ...എന്ന് വിളിച്ചിട്ട് കൈയെത്തി തന്റെ ബാഗെടുത്ത് ഇരുണ്ട ഏതൊ കോണിലേക്ക്  മറഞ്ഞു. എന്റെ കൂടെ ആ ഒറീസക്കാരി തന്നെ മതിയായിരുന്നു എന്ന് എനിക്ക് അപ്പോള്‍ തോന്നിയതാണ്. ആ ഞൊടികള്‍ക്കുള്ളില്‍ മങ്ങിയ വെളിച്ചത്തില്‍ നിന്നൂം മറ്റൊരു  സ്ത്രീയെത്തി.
     എത്ര മങ്ങിയ വെളിച്ചത്തിലും അവരെ ഞാന്‍ തിരിച്ചറിയും. അവര്‍ എന്നേയും. എന്നിട്ടും അവര്‍ സങ്കോചം കൂടാതെ വന്നു. അവര്‍ എനിക്ക് വളരെ പരിചയമുള്ള ആ ബാഗ് ടേബിളില്‍ വച്ചു. എനിക്ക് തലയിലൂടെ ഒരു ഇരപ്പ് കടന്നുപോയി. അവര്‍ മെല്ലെ പറഞ്ഞു-
        ''വളരെ തിരക്കേറിയ ഒരു നഗരമാണ് ഇത് എങ്കിലും ഒന്ന് എനിക്കുറപ്പുണ്ടാരുന്നു. ഇത്തരം ജോലിയെടുക്കുമ്പം നിന്നെ പോലുള്ള ഒരു യുവാവിനെ എന്നെങ്കിലും ഒരു ദിവസം ഇവിടെ മുമ്പില്‍ കാണേണ്ടിവരുമെന്ന്. ''
    നിറയെ വെളിച്ചം ഉള്ള അറയില്‍ ഇരുട്ട് നിര്‍മിച്ച രൂപങ്ങളാണ് ചുറ്റും എന്ന് ഞാന്‍ തിരിച്ചറിയവെ അവര്‍ പറഞ്ഞു-    ''ഇതെന്റെ തൊഴിലാണ്. എന്റെ ജീവിതമാര്‍ഗ്ഗം...''
    അവര്‍ ഒരു കൈകൊണ്ട് എന്നെ ചേര്‍ത്തുപിടിച്ചു.  കൈവിരല്‍ കൊണ്ട് എന്റെ നെഞ്ചില്‍ തലോടി. എനിക്ക് അവരുടെ വിരലുകളില്‍ തണുപ്പ് അനുഭവപ്പെട്ടു. അവരുടെ കൈകള്‍ മെല്ലെ താഴ്ന്നുവന്നു. കുട്ടിക്കാലത്ത് മാമി തോട്ടുവക്കില്‍ എന്നെ തുണിയില്ലാതെ  നിര്‍ത്തി   കുളിപ്പിച്ചത് ഓര്‍മ്മയില്‍ എത്തി. അന്ന് എന്റെ ഇത്തിരിയില്ലാത്ത ലിംഗത്തില്‍ അവര്‍ സോപ്പു പതപ്പിച്ച്  ഇക്കിളിയാക്കിയ ഓര്‍മ്മ ആ  ചെറിയ ഇരുട്ടില്‍ എന്നില്‍ തെളിനീക്കിയെത്തി.
    സമയം വാച്ചില്‍ തറഞ്ഞുനില്‍ക്കുന്നത് ഞാന്‍ അറിഞ്ഞു. വളരെക്കാലങ്ങള്‍ക്ക് മുന്‍പ് മനുഷ്യന്‍ ബന്ധങ്ങളുടെ വലക്കെട്ടില്ലാതെ കഴിഞ്ഞത് എങ്ങിനെ ? ഞാന്‍ കുഴങ്ങി.
    രാവില്‍ ഏറെവൈകി, തപ്പിത്തടഞ്ഞാണ് വീടെത്തിയത്. മുന്‍മുറിയിലെ മറാത്തി തെറിപറഞ്ഞുകൊണ്ട് വാതില്‍ തുറന്നുതന്നു. ഇരുട്ടിലൂടെ കിടക്കുവാന്‍ സ്ഥലം തിരഞ്ഞ് അകത്തെ മുറിയില്‍  എത്തിയപ്പോള്‍ കാലിടറി. മാമന്‍ അന്ന് വന്നിട്ടില്ല.  ഇവിടെ ഉള്ളപ്പോള്‍ മാമന്‍ ഉറങ്ങാറുള്ള ചെറിയ മടക്കുകട്ടിലിന്റെ താഴെ ഇന്ദിര ചുരുണ്ടുകൂടി ഉറങ്ങുന്നു. മാമി താന്‍ സ്ഥിരം കിടക്കാറുള്ള കോണില്‍ നിന്നും മാറി, ഭിത്തിക്ക് അഭിമുഖമായി കിടക്കുകയാണ്. അവര്‍ ഉറങ്ങുകയാണൊ ?
ഞാന്‍  അതറിയുവാന്‍ ബദ്ധപ്പെട്ട് കാത്തുകിടന്നു.  കാലങ്ങളോളം ...  ഉറങ്ങാതെ.

ലയാളി വിഷന്‍ മാസികയില്‍ പ്രസിദ്ധീകരിച്ചത്‌

Followers