മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Thursday, August 22, 2019

സെപ്റ്റംബർ മാസ സാഹിത്യ ചർച്ച

|1 comments


ഉറുമ്പുകൾ


മുറ്റത്തും തൊടിയിലുമെല്ലാം ഉറുമ്പുകളാണ്.
വരിവരിയായി, ഒരുപാട് തിടുക്കത്തിൽ
ഓടിയോടിപ്പോയിക്കൊണ്ടിരിക്കുന്ന ഉറുമ്പുകൾ.

കണങ്കാലിലൂടെ കയറി
തുടവരെയെത്തിയ ഉറുമ്പിനെ
തട്ടിമാറ്റി
മുറ്റമടിക്കുന്ന നാണി തള്ളയെ ഞാൻ നോക്കിനിന്നു.

ഉറുമ്പുകൾ അടുക്കളയിലുമെത്തിയെന്നു
അമ്മയുടെ ഉച്ചത്തിലുള്ള
ശാപവാക്കുകളിലൂടെയറിഞ്ഞു.
പഞ്ചസാര ഭരണിയിലും,അരിക്കലത്തിലും
ഗോതമ്പുമാവിലും ഓടി നടക്കുന്ന ഉറുമ്പുകൾ.
എണ്ണപ്പാത്രത്തിലെ സന്ദർശകർ ആത്‌മാഹുതിക്കിരയായി.

ഉറുമ്പുകളുടെ ഉറവിടമറിയാൻ
അവയുടെ വരിക്കരികിലൂടെ ഞാൻ നടന്നു.
അടുക്കളയിൽനിന്നും മുറ്റത്തേയ്ക്കും പിന്നെ,
തൊടിയിലേക്കും വരി നീണ്ടുപോയി.
ആദിയുമന്തവുമില്ലാതെ
വളഞ്ഞും പുളഞ്ഞും പോകുന്ന വരിനോക്കി
ഞാനും നടന്നു.

ഉറുമ്പുകൾ പലതരത്തിലുണ്ടെന്നതും
ഒരുതരത്തിലുള്ളവ മാത്രം
ഒരു വരിയിലൂടെ പോകുന്നുവെന്നതും
എന്നിൽ അത്ഭുതമുളവാക്കി.

വലിയ തലയും ചെറിയ ഉടലുമുള്ളവ,
ചെറിയ തലയും വലിയ ഉടലുമുള്ളവ,
കടിച്ചാൽ നോവുന്നതും കടിക്കാത്തതുമായവ,
കറുത്തതും ചുവന്നതുമായവ,

ഉറുമ്പുകൾ എന്നിൽ അത്ഭുത ജീവികളാകുകയായിരുന്നു.


എന്റെ മനസ്സിൽ ഉറുമ്പുകൾക്കെന്നും
ഒരേ രൂപമായിരുന്നു ഇതുവരെ
ആറു കാലുകളും ഒട്ടിയ വയറും
വലിയ തലയുമുള്ള ഒരു അനാവശ്യ ജന്മം.

(മനുഷ്യജന്മത്തിന്റെ ആവശ്യകത?
ഒരു നിമിഷം ഞാൻ ഉറുമ്പുകളെ മറന്നു)

ഈ തിരക്കിലും കിന്നരിക്കുന്ന അത്ഭുത ജീവി!

(എനിക്ക് അമ്മയോടു പോലും
മിണ്ടാൻ നേരമില്ലാതായിരിക്കുന്നു.
വാട്സാപ്പിലും എഫ്ബിയിലും
ശുഭദിനം നേരുന്നവരെക്കണ്ടാൽ
തിരിച്ചറിയാതായിരിക്കുന്നു.
ലോകം കൈപ്പിടിയിലൊതുങ്ങിയപ്പോൾ
ഒരുപാട് അകന്നു പോയ മനുഷ്യബന്ധങ്ങൾ!
മുഖത്തുനിന്നും മാഞ്ഞുപോയ പുഞ്ചിരി
ഏതു ശൂന്യാകാശത്താണ് തിരയേണ്ടത്?
എന്നിലേക്ക്‌ നോക്കാനാണെങ്കിൽ
ഞാൻ മറന്നും പോയിരിക്കുന്നു.)

ഉറുമ്പുകൾക്കും പേരുകളുണ്ടെന്ന്
നാണിത്തള്ള.
ഗൂഗിൾ തുറന്നു തന്ന
ഉറുമ്പുകളുടെ അതിവിശാല ലോകം
എനിക്ക് ആലീസിന്റെ അത്ഭുതലോകമായി.

പലതരത്തിലുള്ള ഉറുമ്പുകളെ
ഞാനൊന്നായി കുപ്പിയിലടച്ചു വച്ചു.
കുപ്പിക്കകത്തും അവ പരക്കം പാഞ്ഞുകൊണ്ടിരിന്നു.
അടപ്പു തുറന്നപ്പോൾ എങ്ങോ ഓടി മറഞ്ഞു.

കരുതലിന്റെ, ഒരുമയുടെ പ്രതീകങ്ങൾ,
ഒരു കുഞ്ഞു വയറു നിറക്കാൻ
ഓടിയോടി നടക്കുന്ന ഉറുമ്പുകൾ

ഉറുമ്പുകൾ എന്നിൽ നിറയുകയായിരുന്നു.
ശരീരത്തിനിരുവശവും മൂന്നു വീതം കാലുകൾ വളർന്ന്;
തലയിൽ രണ്ടു കൊമ്പുകൾ വളർന്ന്;

വയറൊട്ടി; തലയും പിന്ഭാഗവും വളർന്ന്;
ഞാനൊരു വലിയ ഉറുമ്പായിത്തീരുകയായിരുന്നു.


നീണ്ടു പോകുന്ന വരിയിൽ
ഞാനുമൊരു യാത്രികയായി.
എതിരെ വരുന്ന ഉറുമ്പുകളോട് മിണ്ടിയപ്പോൾ;
വലിയ അരിമണി ചുമക്കുന്ന
മറ്റൊരുറുമ്പിനു താങ്ങായപ്പോൾ;
എവിടെയോ നഷ്ടമായ പുഞ്ചിരി
എന്നിൽ നിറയുന്നത്
ഞാൻ തിരിച്ചറിയുകയായിരുന്നു.

******വെള്ളാരങ്കല്ല്

പുഴ ഒഴുകിക്കൊണ്ടേയിരുന്നു.
അലകളിളക്കി, കുണുങ്ങിക്കുണുങ്ങി
കൂടെ വെള്ളാരങ്കല്ലും.

പുഴ വളർന്നുകൊണ്ടിരുന്നു,
ഉരുളുന്നതിനൊപ്പം
സ്വയം ഇല്ലാതാകുന്നത്
കല്ലറിഞ്ഞില്ല.
ഒടുവിലൊരുപിടി മണലായി
ഏതോ തീരത്തടിഞ്ഞപ്പോൾ
പണ്ടൊരു വെള്ളാരങ്കല്ലായിരുന്നെന്നു
മറന്നേ പോയിരുന്നു.

******
പൂജ

മന്ത്രധ്വനികൾ നിറഞ്ഞ
ശ്രീകോവിലിൽ പുഷ്‌പാലംകൃതമായ
ജീവസറ്റ വിഗ്രഹം
പൂജകൾ ഏറ്റുവാങ്ങുകയായിരുന്നു

തൊട്ടടുത്ത മുറിയിൽ
എട്ടുവയസ്സുകാരിയുടെ ശരീരവും
പൂജിക്കപ്പെടുകയായിരുന്നു.
ഒലിച്ചിറങ്ങിയ രക്തവും
ഇറ്റിവീണ രേതസ്സും
അലംകൃതമാക്കിയിരുന്നു
അവളുടെ കുരുന്നു ദേഹത്തേയും

*******
കണ്ണീർ

നഷ്ടങ്ങളുടെ കുത്തൊഴുക്കിൽ
ലയിച്ചൊന്നായിത്തീർന്നു
വേർതിരിച്ചറിയാനാവാതെ
എന്നിൽ നിന്നുമൊഴുകുന്ന
കണ്ണീർ പ്രവാഹം

കണ്ണീരിനു ഉപ്പുരസമല്ല;
രക്തത്തിന്റെ രുചിയാണെന്നും
നിറം ചുവപ്പാണെന്നും
ഞാൻ അറിഞ്ഞതെന്നാണ്?

കിനാവിൽ കണ്ടതല്ല
മറ്റാരോ രചിച്ച തിരക്കഥയാണ്
ജീവിതമെന്നു
മനസ്സിലാക്കിയപ്പോഴോ?

സ്നേഹിക്കുന്നവർ
ഹൃദയത്തിലേൽപ്പിക്കുന്ന മുറിവുകളാണ്
വേദന കൂടുതലേകുന്നതെന്നു
തിരിച്ചറിഞ്ഞപ്പോഴോ?


തിരക്കിനിടയിലും
ഒറ്റപ്പെടലിന്റെ ശൂന്യത
മനസ്സിനെ കാർന്നു തിന്നാൻ
തുടങ്ങിയപ്പോഴോ?

കത്തിയെരിയുന്ന സൂര്യൻ
നിന്റെയുള്ളിലെ ചൂട്
എന്റെ ചൂടിനേക്കാളേറെയെന്നു
വിലപിച്ചപ്പോഴോ?

എരിയുന്ന ചൂടിൽ
വിങ്ങി നിൽക്കുമാകാശം
എന്നേക്കാൾ വിങ്ങൽ
നിൻ മനസിനല്ലോയെന്നു
മന്ത്രിച്ചപ്പോഴോ?

ഇരുളിമ കൂടുതൽ
നിൻ മുഖത്തിനല്ലോയെന്നു
ഇരുളിനെ പുൽകാൻ കാത്തുനിൽക്കും
സന്ധ്യ പറഞ്ഞപ്പോഴോ?

അലയടിക്കും തിരമാലകൾ
എന്റെ മനസ്സിന്നലകൾ കണ്ടു
ആഴക്കടലിലേക്കു
പിൻവാങ്ങിയപ്പോഴോ ?

പെയ്യാൻ വിതുമ്പും കാർമേഘങ്ങൾ
നിറഞ്ഞു പെയ്യുന്ന
എൻമിഴികൾക്കു മുന്നിൽ
തോറ്റു ചിതറിപ്പോയപ്പോഴോ?

വിടവാങ്ങും തിരകൾക്കൊപ്പം
കാലടിക്കീഴിൽ നിന്നും
ഒലിച്ചുപോകുന്ന മണലുപോലെ
മനസ്സ് പിടിവിട്ടുപോകുന്നത്
കവിൾത്തടത്തെ പുണർന്നിറങ്ങുന്ന
കണ്ണീരുപോലെ വേർതിരിച്ചറിയാനാകുന്നു.

കണ്ണീരിലും പ്രതീക്ഷയുടെ തിളക്കമുണ്ടെന്നു
അപ്പോഴും ആരോ ഉള്ളിലിരുന്നെന്നോട് അടക്കം പറഞ്ഞു;
കണ്ണീരിനും മധുരമുണ്ടത്രേ

*******


രസം

മറ്റുള്ളവരുടെ ജീവിതത്തിലേക്ക്
എത്തിനോക്കുന്നതൊരു രസം

ആ ജീവിതത്തെ
എത്തിനോക്കി
തൊട്ടുനോക്കി
തലോടി നോക്കി
മണത്തു നോക്കി
ചുംബിച്ചു നോക്കി
ഒടുവിൽ
കൈപ്പിടിയില്ലെന്നുറയ്ക്കുമ്പോൾ
ഒടിച്ചു തിരിച്ചു പിഴിഞ്ഞ്
വെറും മാംസ പിണ്ഡമാക്കി
തട്ടിക്കളിക്കുന്നതൊരു രസം.


കളിപ്പാവയെ വച്ച്
കളിക്കുന്നതൊരു രസം
അതിനെ തുണിയുരിച്ചു
മാനഭംഗപ്പെടുത്തി
ഗുഹ്യത്തിൽനിന്നും
ഒലിച്ചിറങ്ങുന്ന രക്തത്തിൽ
വിരലുകൾ മുക്കി
ദൈവങ്ങളുടെ നഗ്നചിത്രങ്ങൾ
വരച്ചാസ്വദിക്കുന്നത്
വികൃതമായൊരു രസം.

*****

******

Followers