skip to main |
skip to sidebar
സാഹിത്യവേദി മുംബൈയുടെ പന്ത്രണ്ടാമത് വി.ടി. ഗോപാലകൃഷ്ണന്‍ പുരസ്കാരത്തിന് നോവലിസ്റ്റ് ബാലകൃഷ്ണന്‍ അര്‍ഹനായി. കഴിഞ്ഞ വര്‍ഷം വേദിയില്‍ അവതരിപ്പിക്കപ്പെട്ട സൃഷ്ടികളില്‍ നിന്ന് തിരഞ്ഞെടുത്ത മികച്ച സൃഷ്ടിക്കാണ് അവാര്‍ഡ് നല്‍കുന്നത്. ശ്രീ ബാലകൃഷ്ണന്‍റെ വേദിയിലവതരിപ്പിക്കപ്പെട്ട "വായനയുടെ മാറിവരുന്ന അഭിരുചികള്‍" എന്ന പ്രബന്ധമാണ് അദ്ദേത്തിന് അവാര്‍ഡ് നേടിക്കൊടുത്തത്. 2500 രൂപയും ശില്‍പവുമടങ്ങുന്നതാണ് അവാര്‍ഡ്. മുംബൈ സാഹിത്യവേദിയുടെ സ്ഥാപകാംഗവും പ്രശസ്ത നിരൂപകനും ഭാഭ ആറ്റോമിക് റിസേര്‍ച്ച് സെന്‍ററിലെ ശാസ്ത്രജ്ഞനുമായിരുന്ന ശ്രീ വി. ടി. ഗോപാലകൃഷ്ണന്‍റെ ഓര്‍മ്മക്ക് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ ഏെര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. സി. രാധാകൃഷ്ണന്‍, വി. കെ. ശ്രീരാമന്‍ പ്രൊഫ. പി. എ. വാസുദേവന്‍ എന്നിവരടങ്ങിയ ജഡ്ജിഗ് കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. മാര്‍ച്ച് ഏെഴാം തിയതി വൈകുന്നേരം 5 ന് മാട്ടുംഗ കേരള ഭവനത്തില്‍ നടക്കുന്ന സാഹിത്യ വേദി ചടങ്ങില്‍ മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ ശ്രീ കെ. ശങ്കരനാരായണന്‍ ബാലകൃഷ്ണന് പുരസ്കാരം സമര്‍പ്പിക്കും. വി. കെ. ശ്രീരാമന്‍ പോയ വര്‍ഷം വേദിയില്‍ അവതരിപ്പിച്ച സൃഷ്ടികളെ വിലയിരുത്തി സംസാരിക്കും. പ്രശസ്ത നിരൂപകനും മാതൃഭൂമി പബ്ളിക് റിലേഷന്‍ മാനേജറുമായ ശ്രീ പി. എ. വാസുദേവന്‍ ചടങ്ങില്‍ സന്നിഹിതനായിരിക്കും.
ഇരിങ്ങാലക്കുടയിലെ മുരിയാടാണ് ശ്രി ബാലകൃഷ്ണന്‍റെ സ്വദേശം. അച്ഛന്‍ എ.പി. നാരയണമേനോന്‍ അമ്മ ജാനകിയമ്മ. രസതന്ത്രത്തില്‍ ബിരുദവും ഭൌതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. 1964 മുതല്‍ ഭാഭ പരമാണു ഗവേഷണ കേന്ദ്രത്തില്‍ ജോലിയില്‍ പ്രവേശിച്ചു 1998-ല്‍ സീനിയര്‍ സൈന്‍റിഫിക് ഒോഫീസറായി വിരമിച്ചു. 12 നോവലുകളും 5 നോവലെറ്റുകളും 6 ചെറുകഥാസമാഹാരങ്ങളും പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില കഥകള്‍ കന്നടയിലേക്കും തെലുങ്കിലേക്കും മറാത്തിയിലേക്കും മൊഴിമാറ്റം നടത്തി. “കുതിര” എന്ന നോവലിന് കുങ്കുമം നോവല്‍ മത്സരത്തില്‍ സമ്മാനം ലഭിച്ചു. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബോംബെകേരളീയ കേന്ദ്രസംഘടനയുടെ 'ഹരിഹരന്‍ പൂഞ്ഞാര്‍ സാഹിത്യ അവാര്‍ഡ് 1999-ല്‍ ലഭിച്ചു.
സാഹിത്യ വേദിയുടെ കഥാചര്‍ച്ച - ഒരു റിപ്പോര്‍ട്ട്
സമകാലീന സാഹിത്യത്തിന്‍റെ പൊതുവായ ചില ധാരകളെ സമന്വയിപ്പിച്ചുകൊണ്ടും വീറുറ്റ ആശയ സംവാദങ്ങള്‍ കോണ്ടും മുംബയ് സഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയിലെ ഫെബ്രുവരിമാസ "കഥാചര്‍ച്ച" അര്‍ത്ഥവത്തായി. യുവസാഹിത്യകാരന്‍ ശ്രീ ഹന്‍ല്ലലത്ത് തന്‍റെ ഇരുപത് മിനിക്കഥകള്‍ വേദിയില്‍ അവതരിപ്പിച്ചു. കഥാകൃത്ത് ശ്രീ സി. പി. കൃഷ്ണകുമാര്‍ അദ്ധ്യക്ഷനായിരുന്നു. കഥാകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ ശ്രീ കെ. രാജന്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ഒറ്റ നോട്ടത്തില്‍ കവിതകളെന്നു തോന്നിപ്പിക്കുന്ന ഹന്‍ല്ലലത്തിന്‍റെ ഈ ഇരുപതു മിനിക്കഥകള്‍ അതിന്‍റെ ആവിഷ്ക്കരണ ചാരുതകൊണ്ട് മികച്ചു നില്‍ക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആവിഷ്ക്കരണമാണ് പ്രധാനം തികച്ചും സമകാലിക പരിതോവസ്ഥകളോട് സജീവമായി സംവദിക്കുന്ന ഹന്‍ല്ലലത്തിന്‍റെ കഥകള്‍ അത് പ്രകടിപ്പിക്കുന്ന സാമൂഹിക പ്രതിബദ്ധതകൊണ്ടുതന്നെ അംഗീകരിക്കപ്പെടേണ്ടതാണ് എന്ന് ശ്രീ രാജന്‍ തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് ജി. ആര്‍. കവിയൂര്‍ പ്രസംഗിച്ചു. 'അപ്രതീക്ഷിതമായ ട്വിസറ്റുകള്‍കൊണ്ടും ധ്വന്യാത്മകതകൊണ്ടും പ്രശസ്തമായ "ഹൈക്കു" കവിതകളോട് ഈ കഥകള്‍ക്ക് സാദൃശ്യമുണ്ട്. ഈ കഥകള്‍ ഫലത്തില്‍ കവിതകള്‍ തന്നെയാണെ് ' അദ്ദേഹം അഭിപ്രയപ്പെട്ടു.
കവിതയുടേയും കഥയുടേയും നിയതമായ അതിരുകള്‍ എന്ത് എന്നത് അന്വേഷിക്കുന്നത് കൌതുകകരമായിരിക്കും എന്ന് ഇടതുപക്ഷ ചിന്തകനും കവിയുമായ ശ്രീ ഇ. എസ്. ഐ. തിലകന്‍ പറഞ്ഞു. 'പാറക്കടവിന്‍റെ സുന്ദരമായ കഥകളുടെ തുടര്‍ച്ചയാണ് ഹന്‍ല്ലലത്തിന്‍റെ കഥകള്‍. ആധിമ ചരിത്രം പരിശോധിക്കുമ്പോള്‍ വെറും ഫലിതത്തിനു വേണ്ടി മാത്രം എഴുതപ്പെട്ടവയായിരുന്നു കഥകള്‍ എന്നു മനസ്സിലാക്കാം. നവോദ്ധാനത്തിന്‍റെ ആവിര്‍ഭാവത്തോടെ കഥകള്‍ മുഖ്യധാരയിലേക്ക് പ്രവേശിക്കുന്നത് പിന്നീട് നാം കണ്ടു' ശ്രീ തിലകന്‍ പറഞ്ഞു. മനുഷ്യന്‍റെ മുറിവുകളെ തൊടാന്‍ കഥകള്‍ക്ക് കഴിയണം അതോടൊപ്പം സ്വയം മുറിപ്പെടുത്തുന്നതാണ് ശക്തമായ കഥകള്‍ 'ഒ. ഹെന്‍ട്രിയുടെ ലോകപ്രശ്സതമായ പലകഥകളും മിനിക്കഥകളുടെ രൂപത്തില്‍ എഴുതപ്പെട്ടവയാണ്' ശ്രീ തിലകന്‍ ഓര്‍മ്മിപ്പിച്ചു. കഥകള്‍ മിനിക്കഥകള്‍ ആയിക്കോട്ടെ അതുകൊണ്ട് കുഴപ്പമൊന്നുമില്ല പക്ഷെ അത് സമകാലിക സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തുമ്പോഴാണ് മികച്ച കഥകളായി അറിയപ്പെടുന്നത് അദ്ദേഹം പറഞ്ഞു നിര്‍ത്തി.
സാമൂഹ്യ ബോധം തീരേയില്ലാത്ത യുവതലമുറയ്ക്കിടയില്‍ ഇത്രയും സാമൂഹികമായി ഇടപെടല്‍ നടത്തുന്ന കഥകള്‍ എഴുതുന്ന ഹന്‍ല്ലലത്ത് തന്നെ അതിശയിപ്പിക്കുന്നു എന്ന് ശ്രീ വില്‍സന്‍ ബി. എ. ആര്‍. സി. പറഞ്ഞു.
മിനിക്കഥകളെ കഥകള്‍ ആയിപ്പോലും താന്‍ കാണാന്‍ ഇഷ്ടപ്പെടുന്നില്ല. നുറുങ്ങു കവിതകള്‍ മാത്രം എഴുതിയ കുഞ്ഞുണ്ണിയെ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെ അഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ അദ്ദേഹത്തിന്‍റെ കവിതകളെ അഗീകരിക്കാന്‍ താന്‍ തയ്യാറല്ല എന്ന് മുംബൈ മലയാളഭൂമി പ്രത്രാധിപര്‍ ശ്രീ ശശീധരന്‍ നായര്‍ അഭിപ്രയപ്പെട്ടു. യുനിക്കോട് അക്ഷരങ്ങളില്‍ ടൈപ്പുചെയ്ത് വിതരണം ചെയ്യപ്പെട്ട പകര്‍പ്പുകളിലെ അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാട്ടി യുവതലമുറയുടെ അക്ഷരജ്ഞാനമില്ലായമയെ അദ്ദേഹം കളിയാക്കിയത് ചര്‍ച്ചയില്‍ ചുടേറിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിവച്ചു.
മനസ്സില്‍ കൊളുത്തി വലിക്കുന്ന ചില കഥകള്‍ മാത്രം കണക്കിലെടുത്താല്‍ മാത്രം മതി ശ്രീ ഹന്‍ല്ലലത്തിന്‍റെ പ്രതിഭയെ തൊട്ടറിയാന്‍ എന്ന് ശ്രീ ചേപ്പാട് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെ പറഞ്ഞു.
തുടര്‍ന്ന് ദേവന്‍ തറപ്പില്‍, ഹരിലാല്‍, സിബിച്ചന്‍ നെടുമുടി, ആശിഷ്, വിജയാ മേനോന്‍, ബാബു ശ്രീകാര്യം, സന്തോഷ് പല്ലശ്ശന, നാരായണന്‍കുട്ടി, സിന്ധു സന്ദീപ്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അപാരമായ സിദ്ധികള്‍കൊണ്ട് അനുഗ്രഹീതനായ ശ്രീ ഹന്‍ല്ലലത്തിന്‍റെ ഒട്ടുമിക്ക കഥകളും നല്ലതാണ് എങ്കിലും ചിലയിടങ്ങലില്‍ ആശങ്ങളില്‍ ആവര്‍ത്തനം കാണുന്നുണ്ട് എന്ന് നോവലീസ്റ്റ് ശ്രീ സി. പി. കൃഷ്ണകുമാര്‍ തന്‍റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ചര്‍ച്ച ഉപസംഹരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിനിക്കഥകള്‍ മനസ്സിനെ സ്പര്‍ശിക്കുന്നില്ല എന്ന ആരോപണം വെറും ദുരാരോപണം മാത്രമാണ് പാറക്കടവിന്‍റെ വെറും രണ്ടേരണ്ടു വാചകങ്ങളില്‍ എഴുതപ്പെട്ട ഒരു കഥ ആഗോളീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സമൂഹത്തില്‍ ശക്തമായി ഇടപെടുന്നുണ്ട് എന്ന് പാറക്കടവിന്‍റെ പ്രസ്തുതകഥയെ ഉദ്ധരിച്ചുകൊണ്ട് ഹന്‍ല്ലലത്ത് തണ്റ്റെ മറുപടി പ്രസംഗം ആരംഭിച്ചു. മലയാളത്തില്‍ തൊണ്ണൂറു ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കു വാങ്ങി പാസ്സായ തനിക്ക് മലായാളം നല്ല പോലെ കൈകാര്യം ചെയ്യാനറിയാം തനിക്ക് അതിനു കഴിവില്ല എന്ന പറഞ്ഞാല്‍ അത് അംഗീകരിച്ചു കൊടുക്കാന്‍ വിഷമമുണ്ട്. തനിക്ക് മാര്‍ക്കിട്ടു തന്ന അദ്ധ്യാപകര്‍ ബുദ്ധിശൂന്യരല്ല എന്ന് ശ്രീ ശശീധരന്‍ നായരുടെ ചര്‍ച്ചയിലെ ചില പരാമര്‍ശങ്ങളെ ഹന്‍ല്ലലത്ത് ഖണ്ഡിച്ചു.
അക്കാഡമിക്ക് ഡിഗ്രികള്‍കൊണ്ടുമാത്രം ഒരാള്‍ക്ക് സാഹിത്യ രചന നടത്താന്‍ കഴിയില്ല ഹന്‍ല്ലലത്ത് പറഞ്ഞു. തന്‍റെ വാക്കുകളെ ക്ഷമയോടെ കേള്‍ക്കുകയും തണ്റ്റെ നന്‍മയെ കരുതി മാത്രം വിമര്‍ശിക്കുകയും ചെയ്ത എല്ലാ സാഹത്യ വേദി പ്രവര്‍ത്തകര്‍ക്കും, വേദിയുടെ ബ്ളോഗ്ഗില്‍ തന്നെ വായിച്ച എല്ലാ ബ്ളോഗ്ഗ് വായനക്കാര്‍ക്കും ഹന്‍ല്ലലത്ത് തണ്റ്റെ നിസ്സീമമായ നന്ദി അറിയിച്ചു. വേദിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ അക്ഷര സ്നേഹികള്‍ക്കും ശ്രീ ചേപ്പാട് സോമനാഥന്‍ നന്ദി പറഞ്ഞു.
മാര്‍ച്ച് മാസം ആദ്യ ഞായറാഴ്ച്ച സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലുള്ള ശ്രീ വി. ടി. ഗോപാലകൃഷണന്‍ സ്മാരക പുരസ്കാരദാനമാണ്. അതാതു വര്‍ഷങ്ങളിലായി വേദിയില്‍ അവതരിപ്പിക്കപ്പെട്ട കൃതികളില്‍ നിന്ന് മികച്ച കൃതിക്ക് വി. ടി. പുരസ്കാരം നല്‍കുന്നു. നിരൂപകനും ഭാഭാ ആറ്റോമിക അന്‍ഡ് റിസര്‍ച്ച് സെന്‍ററിലെ ശാസ്ത്രജ്ഞനുമായിരുന്ന ശ്രീ വി. ടി. ഗോപാലകൃഷ്ണന്‍റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിണ്റ്റെ കുടുംബാംഗങ്ങള്‍ നല്‍കിവരുന്നതാണ് ഈ പുരസ്കാരം. നാട്ടിലുള്ള പ്രശസ്തരായ എഴുത്തുകാരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തുന്നത്.
അടുത്തമാസം നടക്കുന്ന അവാര്‍ഡ് ദാന സമ്മേളനത്തില്‍ പ്രസ്തുത ജൂറിയിലെ എഴുത്തുകാര്‍ പങ്കെടുക്കുന്നതും കഴിഞ്ഞ ഒരു വര്‍ഷം വേദിയല്‍ അവതിരിപ്പിച്ച സൃഷ്ടികളെ വിലയിരുത്തി സംസാരിക്കുന്നതുമായിരിക്കും. ഈ മാസം അവസാനം ശ്രീ വി. ടി. ഗോപാലകൃഷണന്‍റെ സഹോദരങ്ങളായ ശ്രീ വി. ടി. വാസുദേവന്‍, ശ്രീ വി. ടി. ദാമോദരന്‍ എന്നിവരടങ്ങുന്ന വി. ടി. സ്മാരക ട്രസ്റ്റ് ഭാരവാഹികള്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യപിക്കുന്നതായിരിക്കും.
മുബൈ സാഹിത്യവേദിക്കു വേണ്ടി
സന്തോഷ് പല്ലശ്ശന