മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, May 31, 2010

ജ്യോതിര്‍മയി ശങ്കരന്‍റെ കവിതകള്‍

|8 comments
പ്രിയപ്പെട്ട അക്ഷരസ്നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ജൂണ്‍ മാസം ആദ്യ ഞായറാഴ്ച്ച ശ്രീമതി ജ്യോതിര്‍മയി ശങ്കരന്‍ കവിതകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരള ഭവനത്തില്‍ വൈകുന്നേരം 6 മണിക്ക്‌ നടക്കുന പരിപാടിയില്‍ മുംബൈയിലെ പ്രമുഖ എഴുത്തുകാരും സാഹിത്യ ആസ്വാദകരും പങ്കെടുക്കും പ്രസ്തുതപാരിപാടിയിലേക്ക്‌ മുംബൈയിലെ എല്ലാ അക്ഷരസ്നേഹികളേയും വിനയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സ്ഥലം: മാട്ടുംഗ കേരളം ഭവനം
സമയം: വൈകുന്നേരം 6 മണി
തീയതി: ജൂണ്‍ 6, 2010ഞായറാഴ്ച്ച

കണ്‍വീനര്‍,
സാഹിത്യവേദിജ്യോതിര്‍മയി ശങ്കരന്‍
തൃശ്ശൂര്‍ ജില്ലയിലെ പ്രസ്സിദ്ധമായ മാടമ്പ്‌ മനക്കലെ കൃഷ്ണന്‍ നമ്പൂതിരിയുടേയും മഹാകവി കുലമായ വെണ്‍മണി തറവാട്ടിലെ മകളായ ലീലാദേവിയുടേയും ആദ്യ പുത്രിയാണ്‌ ശ്രീമതി ജ്യോതിര്‍മയി ശങ്കരന്‍. മലയാളം ബ്ളോഗ്ഗോസ്ഫിയറിലെ അറിയപ്പെടുന്ന എഴുത്തുകാരി - അനുഭവങ്ങളുടേയും നിരീക്ഷണങ്ങളുടേയും വളരെ ലളിതമായ പുനരാഖ്യാനങ്ങളാണ്‌ ജ്യോതിര്‍മയിക്ക്‌ എഴുത്ത്‌. പാരമ്പര്യത്തിന്‍റെ നേര്‍ന്നുലു പൊട്ടാതെ ചന്ദോബന്ധമായ കവിതകളും പുതുകവിതയുടെ രീതികളും ഈ എഴുത്തുകാരിക്ക്‌ ഒരുപോലെ വഴങ്ങുന്നു. കണിക്കൊന്ന എന്ന വെബ്‌ മാഗസിനില്‍ മുബൈജാലകം എന്നപേരി ഒരു കോളം എഴുതുന്നു. "മുംബൈ ജാലകം" ഈ അടുത്തിടെ പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തി. കവിതകള്‍ കൂടാതെ യാത്രാവിവരണങ്ങളും സിനിമാനിരൂപണങ്ങളും എഴുതാറുണ്ട്‌.ജ്യോതിര്‍മയിയുടെ കവിതകള്‍


അഭിമന്യുവിന്റെ ആത്മഗതം
അറിയാത്തവർ തെല്ലുമില്ലെങ്ങും പറയുകിൽ
അഭിമന്യുവെന്നെൻ പേർ, അർജ്ജുനപുത്രനിവൻ,
കൃഷ്ണ സോദരി സുഭദ്ര യ്ക്കെഴും പൊന്നോമന-
പ്പുത്ര,നെന്നാലോ , യുദ്ധരംഗത്തിൽ ചക്രവ്യൂഹ-
മൊന്നു ഭേദിച്ചുള്ളിലായ് കടന്നോൻ, പിന്നെപ്പുറ-
ത്തൊന്നു പോരുവാൻ കഴിയാതൊട്ടു കുഴങ്ങവേ
വന്നുകൂട്ടമായ് ആക്രമിച്ചൊരക്കൌരവരാൽ
അന്നു ദാരുണമായിക്കൊല്ലപ്പെട്ടവൻ ,പിന്നെ
ചെന്നു വീരസ്വർഗ്ഗത്തെപ്രാപിച്ചോൻ ഇതുവിധം
വീരനെങ്കിലുമൊരു ദാരുണകഥാപാത്ര-
മായി ഞാൻ മാറി ,സത്യമറിയുന്നവരില്ലേ?
അമ്മ തന്നുദരത്തിൽ ഞാൻ കിടക്കേ ,യമ്മാമ-
നമ്മയോടോതീ ചക്രവ്യൂഹത്തെക്കുറിച്ചെന്നും,
എങ്ങിനെ ഭേദിച്ചുള്ളിൽ കടക്കാമെന്നും ,പക്ഷേ
എങ്ങിനെ പുറത്തേയ്ക്കു കടക്കാമെന്നുള്ളതു
ചൊല്ലിയില്ലപ്പോഴേയ്ക്കുമുറങ്ങിപ്പോയമ്മയും,
എന്നുള്ള കഥകളും സത്യമെന്നുരച്ചിടാം
എല്ലാമേ ശ്രവിച്ചിട്ടങ്ങുദരേ കിടക്കും ഞാ-
നെല്ലാമേ ഗ്രഹിച്ചെന്ന കഥയും കേട്ടിട്ടില്ലേ?
അന്നു ചക്ര വ്യൂഹത്തിൽ കേറവേ, തടയുവാ-
നച്ഛ നുമമ്മാമനുമില്ലാതെ പോയെന്നതും
അവരെത്തടഞ്ഞു ചാവേർപ്പട ,യനസ്യൂത-
മവർ തൻ പോരങ്ങിനെ നീണ്ടുപോയതു സത്യം.
സുശർമ്മാവല്ലോ നയിച്ചന്നു സംസപ്തകരെ,
കളി കണ്ടില്ലന്നാരും, വ്യൂഹത്തെച്ചമച്ചന്നേ-
നേരത്തായ് തകർക്കുവാൻ വെല്ലിട്ടു വിളിച്ചതും,
കുരുന്നാം പതിനാറുകാരനാം ഞാനന്നതു
നിറഞ്ഞൊരാഹ്ലാദത്താൽ സ്വീകരിച്ചതും പിന്നെ
ചക്രവ്യൂഹത്തെ ഭേദിച്ചീടുവാൻ തുനിയവേ
യൊട്ടെന്നെത്തടയുവാൻ സാരഥി ശ്രമിച്ചപ്പോൾ
ഒട്ടഹങ്കാരത്താലെയാരെയും വെന്നീടുമെ-
ന്നട്ടഹാസം പോലെ ഞാൻ ചൊന്നതും ശരി തന്നെ.
ചക്രവ്യൂഹത്തെ ഭേദിച്ചുള്ളിലെ പ്പടയോട-
ന്നൊറ്റയ്ക്കായ് പൊരുതീ ഞാൻ ഭയമേതും കൂടാതെ
കൊന്നിതു ദുര്യോധനപുത്രനാം ലക്ഷണനെ-
പ്പിന്നെയും പല മഹാരഥികൾ പിന്നാലെ പോയ്
ഒന്നൊന്നായ് നഷ്ടപ്പെട്ടെന്നായുധം രഥത്തിന്റെ
പിന്നിലെച്ചക്രം പോലുമെനിയ്ക്കായുധമായി
പിന്നിലായ് വന്നെൻ തല വാളാലേ വെട്ടീ കർണ്ണൻ
മുന്നിൽ ദുശ്ശാസനൻ തൻ പുത്രനോ ഗദയാലെ
യെന്നെ താഡിച്ചു, മണ്ണിൽ വീഴ്വതിൻ മുൻപായ് ഞാനു-
മൊന്നങ്ങു തിരിച്ചേകി, പൂകിനാൻ പരലോകം.
യുദ്ധത്തിൽ പാലിയ്ക്കേണ്ടും നിയമം തെറ്റിച്ചപ്പോൾ
ക്രുദ്ധനായച്ഛൻ, കർണ്ണ വധത്തിന്നെളുപ്പമായ്
എന്റെ പുത്രനാം പരീക്ഷിത്തു പാണ്ഡവകുല-
മൊന്നു രക്ഷിയ്ക്കാൻ ജന്മമെടുത്തെന്നതും സത്യം.
സോമദേവൻ തൻ പ്രിയപുത്രനാം വർച്ചസ്സു ഞാൻ
ഭൂമിയിൽ ദേവന്മാർ തൻ ചൊല്ലിനാൽ പോകും നേരം
താങ്ങുവാൻ കഴിയാത്ത പുത്ര പ്രേമത്താലച്ഛൻ
ഓതിനാൻ, പതിനാറു വർഷത്തിൽ തിരിച്ചെത്താൻ
ഞാനിതാ തിരിച്ചങ്ങു പോകുന്നു, മുഴുമിച്ചെൻ
ഭാരിച്ച ചുമതല, പിതാവിൻ സവിധത്തിൽ.
മറക്കാൻ വയ്യ പുത്ര വത്സലനെന്നച്ഛനെ
പുറത്തേയ്ക്കിതാ മാർഗ്ഗം തകർക്കാം ചക്രവ്യൂഹം!!
അർജ്ജുന ചിന്തകൾ
യുദ്ധകാഹളമുയർന്നീടുവാൻ അതിദൂര-
മില്ല ഞാനശാന്തനാണെന്തു ഞാൻ ചെയ്തീടേണ്ടു?
എൻ ശിരസ്സിലായ് വച്ച ഭാരം ഞാനറിയുന്നി-
തെൻ കുലമെൻ വാളിന്റെ ശക്തിയിൽ താനോ ഭദ്രം?
കൃഷ്ണനെക്കാണാ,മെന്റെ തലയിൽ ചുമത്തിയ-
തൊക്കയുമവനുടെ പണിതന്നെയല്ലയോ,
എന്നുമാത്രമേ നിനച്ചുള്ളു , പള്ളിമെത്തയി-
ലന്നുറക്കവും നടിച്ചെന്നെയോർത്തിരുന്നതു-
മൊന്നുമേയറിഞ്ഞില്ല , ശിരസ്സിന്നരികിലായ്
നിന്നിടുമക്ഷമനാം കൌരവൻ , ദുര്യോധനൻ
വന്നതെന്തിനായിടാം, ചിന്തിയ്ക്കെ ക്കണ്ണും തുറ-
ന്നെന്നെ നോക്കിയ ശൌരി,മന്ദമായ് ചിരിച്ചല്ലോ?
വന്നതു ദുര്യോധനൻ മുന്നവേയോതീ ഞാനു -
മന്നു നീ ചിരിച്ചതിൽ പൊരുളുമറിഞ്ഞില്ല
വന്നിടും വിപത്തിൽ ഞാൻ നിന്നെ മാത്രമേവേണ്ടു-
വെന്നുര ചെയ്തീടവേ, യെണ്ണുവാനൊടുങ്ങാത്ത
നിൻ പട ദുര്യോധനൻ തന്നിലായർപ്പിയ്ക്കവേ,
നിന്നിൽ ഞാൻ കണ്ടൂ ജയം, സുരക്ഷ, സവ്വസ്വവു-
മെങ്കിലും കഴിഞ്ഞില്ല നേർക്കുനേർ പയറ്റുവാൻ
കൈയ്യുകൾ വിറച്ചെന്റെ തനുവും തളർന്നല്ലോ?
എന്റെ ബന്ധുക്കൾ, ഗുരുനാഥരെക്കൊല്ലാനായി-
ട്ടെങ്ങിനെ ഞാനാളാകുമെന്നോർത്തു ഞാൻ തളരവേ
വന്നു നീ തെളിച്ചെന്റെ തേരതിനൊപ്പം തന്നെ
തന്നു നീ ഗീതാമൃതം,തണുപ്പിച്ചെൻ മാനസം
അന്നു നിൻ വാക്കിൽ കണ്ടു സർവവും സ്വയമെന്നെ
നിന്നിലായർപ്പിച്ചല്ലോ, വിടരും മനക്കണ്ണിൽ
കണ്ടു ഞാൻ ബന്ധങ്ങൾ തൻ അർത്ഥശൂന്യത, സ്വയം
വെന്തിടാതിരിയ്ക്കുവാൻ പഠിച്ചു, കുതിച്ചിടാൻ
വെമ്പി, യെൻ രഥത്തിന്റെ കൊടിക്കൂറയിലിരു-
ന്നന്നെനിയ്ക്കേകീ ധൈര്യം മാരുതി,പല വിധം.
ഒന്നു മാത്രമേ തെറ്റായ് ക്കണ്ടുള്ളൂ മുരാരേ ,നീ-
യെന്തിനായ് നിൻ വാക്കുകൾ തെറ്റിച്ചു, പലവട്ടം?,
ഇല്ല ,ഞാൻ കൈയ്യാലേന്തില്ലായുധം, വരാം തുണ”-
യ്ക്കെന്നല്ലേ പറഞ്ഞതു യുദ്ധത്തിൻ മുന്നാലെയായ്
ഒന്നല്ല പലവട്ട മെന്നെ രക്ഷിപ്പാനായോ
നന്ദനന്ദനാ,മുതിർന്നെന്തിനു കഷ്ടം! കഷ്ടം!.
ഭീഷ്മരെക്കൊന്നീടുവാനോങ്ങിയില്ലയോ, സ്വയം
വൈഷ്ണവാസ്ത്രത്തെ മാറിൽ ഏറ്റുവാങ്ങിയില്ലയോ?
തടുക്കാൻ കഴിയാത്ത കർണ്ണബാണത്തെ രഥ-
മൊതുക്കിപ്പിടിച്ചു നീയെന്തിനായ് രക്ഷിച്ചോതൂ?
ശക്തിബാണത്തിൽ നിന്നുമെന്നെരക്ഷിപ്പാനായി
ശക്തനാം ഖടോൽക്കചൻ തന്നെ നീ ത്യജിച്ചില്ലേ?
മാധവാ നിൻ ചെയ്തികളിന്നുമെൻ മനസ്സിനെ
മഥിയ്ക്കുന്നല്ലോ, സ്വയമുരുകീടുന്നു ഞാനും
ഗീതയോതിടാൻ വീണ്ടും നീവന്നെത്തുമെങ്കിലോ,
കാതുമോർത്തിരിയ്ക്കുന്നു, ധർമ്മരക്ഷാർത്ഥം ഹരേ!

ഗംഗ

ഗംഗയെക്കണ്ടു ഞാനെൻ മനസ്സിൽ പലവട്ടം,
ഗംഗയിൽ കുളിച്ചിന്നു, ധന്യയാ,യിവിടെ ഞാൻ
ഇന്നു കണ്ടൊരീ ദിവ്യ പരിവേഷത്തിൻ ചിത്ര-
മൊന്നുചൊല്ലീടാനാക, യെങ്കിലും പറയട്ടേ!

അകലെക്കാണ്മൂ ശൈവമൂർത്തി, സുന്ദരം, കൈയ്യി-
ലമരും ശൂലം, നീണ്ട ജടയും , പുലിത്തോലും
തവ തൃപ്പാദങ്ങളെത്തഴുകും ഗംഗാതട-
ക്കരയിൽ ഞാൻ കാണുന്നു, ഭക്തി തൻ രൂപങ്ങളും
പുലർകാലത്തിൻ സ്പന്ദമണിയും കാറ്റും, നല്ല-
തെളിനീരൊഴുക്കിന്റെ ശക്തിയും, കഠിനമാം
വിറ സൃഷ്ടിയ്ക്കും തണുപ്പേകിടും ഭാവങ്ങളെ-
യെഴുതാനാകാ, സ്വയമറിഞ്ഞേ കാണാനാകൂ.!

ഓർക്കുന്നു പിതൃക്കളെ, തർപ്പണം ചെയ്തീടുന്നു
നീർക്കുമിളയീ ജന്മമെന്നു നാമറിയുന്നു
മോക്ഷമാർഗ്ഗങ്ങൾ തേടിയലഞ്ഞീടുന്നു, ചില-
രാർത്തലയ്ക്കുന്നു, പ്രിയർ തന്റെ വേർപാടിൽ,പിന്നെ-
കാവിയും കാഷായവുമണിഞ്ഞീടുന്നു, ദൈവ-
നാമങ്ങൾ തെരുതെരെയുരുവീടുന്നു, ഗംഗ-
തേടിയെത്തുന്നു, പാപമോചനം നേടാനായി
കാലവേ പലവട്ടം മുങ്ങിയെത്തീടു,ന്നെന്നാൽ
മനസ്സിന്നടിയിലെച്ചളിയെക്കഴുകുവാ-
നൊരിയ്ക്കൽ കഴിഞ്ഞാലീ ഗംഗയും നീയും തുല്യം.

ദു:ഖങ്ങളേഇനിയുറങ്ങൂ…..

ഉറങ്ങിക്കിടക്കുമെന്നാത്മ നൊമ്പരങ്ങളേ
യെനിയ്ക്കോതിടാനില്ലയൊന്നും,സുഖമാ-
യുറങ്ങൂ, വിളിച്ചില്ലയാരും ,പതുക്കെ
മറന്നൊട്ടു നാളെ തൻ സ്വപ്നങ്ങൾ കാണൂ!
സഹിയ്ക്കാൻ പഠിപ്പിച്ചു നീയെന്നെ,യൊട്ടു
ത്യജിയ്ക്കാൻ, മറക്കാൻ, മനസ്സിന്റെയുള്ളി-
ലൊരൊട്ടു മറച്ചിതു വയ്ക്കാൻ, കഴിഞ്ഞി-
ല്ലൊരിയ്ക്കലും വാളൊന്നു മൂർച്ചകൂട്ടീടാൻ.
മനസ്സിൽ വിദ്വേഷത്തിൻ വിത്തൊന്നു പാകാൻ,
കഴുത്തൊന്നുവെട്ടാൻ, കുതിച്ചുപൊങ്ങീടും-
കടുത്ത വിഷാദം കടിഞ്ഞാണിലേറ്റാൻ
എനിക്കാവതില്ലല്ലോ,യിന്നും നിനച്ചാ-
ലെനിയ്ക്കില്ല ധൈര്യം പലതും നിനച്ചീ-
കരുക്കളെ നീക്കാൻ, കുരുക്കാ,നരിയ്ക്കു
തലയ്ക്കു മുകളിലായ് ഖഡ്ഗം പിടിയ്ക്കാൻ,
തനിയ്ക്കു താൻപോരിമയിന്നിതു കാട്ടാൻ!
എനിയ്ക്കു വഴി നേരെയൊന്നിതുമാത്രം,
എനിയ്ക്കു തുണയായിതെൻ നിഴൽ മാത്രം,
മിഴിയ്ക്കു നനവെൻ വിധി തന്റെ കോട്ടം,
മൊഴിയ്ക്കു മധുരമതിന്നെന്റെ നേട്ടം!

സ്വന്തം

നിർവ്വചനങ്ങളിലെന്തിരിയ്ക്കുന്നു?
അവ ആർക്കും സൃഷ്ടിയ്ക്കാം
താണ്ടുന്ന വഴികളിൽകണ്ടെത്തുന്നവ
മനസ്സിൽ കൊത്തിയിടാം
ഓർമ്മകളുടെ കൂമ്പാരത്തിന്നടിയിൽ നിന്നും
ആവശ്യാനുസരണം വലിച്ചെടുക്കാം
ഉപയോഗിച്ച ശേഷം വലിച്ചെറിയാം
ഇനിയും വലിച്ചെടുക്കാനായി.
സ്വന്തമല്ലേ, സ്വന്തം.
സ്ഥാനമാനങ്ങൾ വില നിശ്ചയിക്കുന്ന
ചോരയുടെ സാന്ദ്രത
കണ്ടിട്ടും കണ്ടില്ലെന്നു നടിയ്ക്കാൻ
എന്തെളുപ്പം !
വരും , വരാതിരിയ്ക്കില്ല
നിന്നെയും കൂമ്പാരത്തിൽ നിന്നും
വലിച്ചെടുക്കുന്ന നാൾ
അതല്ലെ എന്നും കണ്ടിട്ടുള്ളതും
സ്വന്തത്തെ കണ്ടെത്തൽ.
കണ്ടെത്തി സ്വന്തമാക്കാനല്ല
ഉപയോഗിയ്ക്കാൻ.
തലയ്ക്കു മുകളിലെ ആകാശം
സ്വന്തമായ്ക്കരുതുന്ന വിഡ്ഡികൾ
നടന്നുപോകും വഴിത്താര
മറന്നുപോകുന്ന മനസ്സുകൾ
തണുത്തുറഞ്ഞ ചോര
ശിഥിലമാക്കുന്ന ബന്ധങ്ങൾ
മടുപ്പിന്റെ ആവർത്തനങ്ങൾ
മനസ്സിന്റെ നെടുവീർപ്പിടലുകൾ
ഒടുക്കം മനസ്സിലാക്കാനാകും
സ്വന്തമെന്ന വിരോധാഭാസം.
മഹാനഗരി അനസ്യൂതമായി ഒഴുകുന്നു
മഹാനഗരി അനസ്യൂതമായി ഒഴുകുന്നു
വിയർപ്പും കിതപ്പും നെടുവീർപ്പുമായ്
ഒതുക്കിപ്പിടിച്ച മനസ്സും
മുറുക്കിപ്പിച്ച മടിശ്ശീലയും
കരത്തിൽ ഒതുങ്ങാത്ത മോഹങ്ങളുമായി
മഹാനഗരി അനസ്യൂതമായി ഒഴുകുന്നു
തട്ടലുകളും മുട്ടലുകളും ശബ്ദമുണ്ടാക്കുമ്പോഴും
തന്റേതല്ലാത്തവ തട്ടിപ്പറിയ്ക്കപ്പെടുമ്പോഴും
തെരുവുസന്തതികൾ സൃഷ്ടിയ്ക്കപ്പെടുമ്പോഴും
അകവും പുറവും തിരിച്ചറിയാനാവാതെ
അകലങ്ങളെ ലക്ഷ്യം വെച്ചു
മഹാനഗരി അനസ്യൂതമായി ഒഴുകുന്നു.
നഷ്ടപ്പെട്ട കൌമാരത്തിന്റെ നിഷ്ക്കളങ്കത
മുന്നിൽ നിന്നു കൊഞ്ഞനം കാട്ടുമ്പോഴും
നിത്യജീവിതത്തിന്റെ കനത്തപിടിയിലമർന്നു
മനുഷ്യത്വം മുരടിയ്ക്കുമ്പോഴും
അടുത്തുള്ള ബന്ധു ശത്രുവായി മാറുമ്പോഴും
മഹാനഗരി അനസ്യൂതമായി ഒഴുകുന്നു
പെണ്ണിനെ പൊൻപണമാക്കുന്ന രാത്രികളിലും
മണ്ണിനെ കോൺക്രീറ്റാക്കുന്ന പകലുകളിലും
തുമ്പികൾ പറക്കുന്ന ഇളം വെയിലിലും
സിന്ദൂരം തുടുക്കുന്ന സന്ധ്യകളിലും
തെറ്റും ശരിയും ചോദ്യം ചെയ്യാതെ
മഹാനഗരി അനസ്യൂതമായി ഒഴുകുന്നു..

ഒരു വാക്കു……

ഒരു വാക്കിലെന്തിരിയ്ക്കുന്നു……?
ഇഴയൊടുമിനുക്കി,ക്കദനമതൊളിപ്പി-
ച്ചഴകിനൊടു ചടുലമായ് കുത്തിത്തുളച്ചിടും
ഒരു വാക്കിലെന്തിരിയ്ക്കുന്നു…?

അറിയാത്ത കാര്യങ്ങ, ളറിവിൻ നറുവെട്ട-
മണയുന്ന ദീപത്തിനവസാന പോരാട്ട-
മൊരുകൊച്ചു കൊഞ്ചലുമൊ
രു തപ്ത നിശ്വാസ,മൊരു തേങ്ങൽ
പൊട്ടിക്കരച്ചിൽ, വിതുമ്പലും
കരളുരുകുമൊരു കദന കഥ,
കവിത , യൂഷ്മള-
പ്രണയകഥ,ദുരിതമെഴു-
മൊരു ജീവ യുദ്ധമോ
പലതുമിഹ പറയുവാനാകുന്നിതെങ്കിലും
ഒരു വാക്കിലെന്തിരിയ്ക്കുന്നു….?

ഒരു വാക്കിലെല്ലാമിരിപ്പിന്നു നോക്കുകിൽ
ഒടുവിലിതു കഴിവിയലുമൊരു മാനദണ്ഡത്തി-
നടിയറവു പറകയല്ലെന്നുഞാൻ ചൊൽകിലും
ഒരു മാത്രയെങ്കിലുമെൻ വികാരത്തിനെ
ഒരുവാക്കിലൂടെയറിയിയ്ക്കുവാൻ മോഹ-
മൊരുനാൾ മനസ്സിലും കൊണ്ടു നടന്നതു
മൊരുസ്വപ്നമായവശേഷിച്ചു പോയതു
മൊരു ദു:ഖമായെന്നെ വേട്ടയായീടവേ,
ഒരു വാക്കിലെന്തിരിയ്ക്കുന്നു……?

നിവേദനം

കണ്ടതു സത്യം തന്നെ ,
കണ്ടില്ലെന്നു പറഞ്ഞതും സത്യം!
കാണാനിഷ്ടപ്പെടാത്തതാണല്ലോ ഞാൻ കണ്ടതും!
കേട്ടതു സത്യം തന്നെ,
കേട്ടില്ലെന്നു നടിച്ചതും സത്യം!
കേൾക്കാനിഷ്ടപ്പെടാത്തതാണല്ലോ ഞാൻ കേട്ടതും!
പറഞ്ഞതു സത്യം തന്നെ,
പറഞ്ഞുവെന്നു പറഞ്ഞതും സത്യം!
പറയേണ്ടതു പറയാതെ പറ്റില്ലല്ലോ!
കണ്ടതും, കേട്ടതും, പറഞ്ഞതും
കണ്ണും, ചെവിയും, നാക്കുമല്ലേ?
കാണാനല്ലേ കണ്ണു?
കേൾക്കാനല്ലേ ചെവി?
പറയാനല്ലേ നാക്കു?
പിന്നെ ഞാനെന്തു തെറ്റു ചെയ്തു?
കണ്ണും ,കാതും, വായുമടച്ചു
ഒന്നുമേ കാണാതെ,
കേൾക്കാതെ, പറയാതെ
തെറ്റിനെ ശരിയാക്കി,
എനിയ്ക്കു ജീവിയ്ക്കണ്ടാ!
ഇന്നലയുടെ തെറ്റിനെ ,
ഇന്നിന്റെ ശരിയാക്കി,
നാളെയുടെ തത്ത്വമാക്കാൻ എനിയ്ക്കാവില്ല!
മറക്കാം ,പക്ഷേ മറയ്ക്കാനാവില്ല
കരയാം ,പക്ഷേ കരയിയ്ക്കാനാവില്ല,
താഴാം, പക്ഷെ താഴ്ത്താനാവില്ല!
എന്റെ മോഹങ്ങളെ കെട്ടിപ്പിടിച്ചു
എന്റെ സ്വപ്നങ്ങളിൽ മുഴുകി
ഞാൻ ഒന്നൊഴുകിക്കോട്ടെ?
എന്തിനാണീ തടവറ?
എന്തിനാണീ ബന്ധനം?
എന്നെയൊന്നു മോചിപ്പിയ്ക്കില്ലേ?

പോർവിളി
ഒരു നെടുവീർപ്പുയരുമ്പോൾ
ഒരായിരം സ്വപ്നങ്ങളുടെ ചിതയെരിയുന്നു
ഒരുക്കിക്കൂട്ടിയ സ്വപ്നങ്ങൾ
കൊരുത്ത നൂലിൻ ശക്തിക്കുറവാൽ.
എനിയ്ക്കു തെളിയ്ക്കാനൊരു തേരു തരൂ
ജയിയ്ക്കാനൊരു പോരാളിയേയും
എന്റെ സാരഥ്യം ഒന്നു കാണിയ്ക്കാൻ
ഒരല്പം സമയവും.
ഇന്നിന്റെ തോല്വിയെ,
ഇന്നലെയുടെ സ്വപ്നങ്ങളെ
നാളെയുടെ വിജയമാക്കാൻ
എനിയ്ക്കാത്മ വിശ്വാസമേകൂ!
എനിയ്ക്കിനിയുമുണ്ടല്ലോ ഒരുപാടു സ്വപ്നങ്ങൾ
ഉറപ്പുള്ള നൂലിൽ കോർക്കാനായി
അവയെനിയ്ക്കു നഷ്ടപ്പെടാനാവില്ല
എവിടെയെൻ പോരാളി? തേരിതു തയ്യാറല്ലോ!

Followers