മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, March 20, 2012

പി. കെ. സുരേന്ദ്രന്‍ സാഹിത്യവേദിയില്‍

|0 comments
പ്രിയപ്പെട്ട അക്ഷര സ്‌നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ഏപ്രില്‍ മാസം ആദ്യഞായറാഴ്ച (01-04-2012) സിനിമാ നിരൂപകന്‍ പി. കെ. സുരേന്ദ്രന്‍ 'സൂപ്പര്‍താരങ്ങള്‍-കച്ചവടത്തിന്റെ രസതന്ത്രം' എന്ന പ്രബന്ധം അവതരിപ്പിക്കുന്നു. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യ-സിനിമാ പ്രവര്‍ത്തകരും പങ്കെടുക്കും.

ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.


സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ഏപ്രില്‍ 01, 2012. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.


സസ്‌നേഹം
ഡോ. വേണുഗോപാല്‍,

കണ്‍വീനര്‍, സാഹിത്യവേദി,
മുംബൈ


നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങുന്നതായിരിക്കും.ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കുക


പി. കെ. സുരേന്ദ്രന്‍
സിനിമയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് ഗൗരവമായ പഠനങ്ങള്‍ നടത്തുന്ന എഴുത്തുകാരനാണ് പി. കെ. സുരേന്ദ്രന്‍. ഇന്ത്യന്‍-ലോക സിനിമയുടെ ഭാവുകത്വ വികാസപരിണാമങ്ങളെ വിലയിരുത്തുന്നതോടൊപ്പം  സിനിമ നേരിടുന്ന മൂല്യപരമായ അപചയങ്ങളെ സുരേന്ദ്രന്‍ കണ്ടെത്തുകയും രൂക്ഷമായി വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നു. സുരേന്ദ്രന്റെ സിനിമാ നിരൂപണങ്ങള്‍ കലാകൗമുദി, മലയാളം വാരിക തുടങ്ങി, സിനിമയുമായി ബന്ധപ്പെട്ട മറ്റ് സമാന്തര പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ചലചിത്രോത്സവങ്ങളില്‍ പങ്കെടുക്കുകയും ഫിലിം സൊസൈറ്റികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി സുരേന്ദ്രന്‍ തന്റെ ധൈഷണിക ജീവിതത്തെ കൂടുതല്‍ കൂടുതല്‍ സാര്‍ഗ്ഗാത്മകമായി നിലനിര്‍ത്തുന്നു.
പി.കെ. സുരേന്ദ്രന്റെ ഈ മെയില്‍ വിലാസം: suren@cmie.com
സുരേന്ദ്രന്‍ വേദിയില്‍ അവതരിപ്പിക്കുന്ന പ്രബന്ധം 
'സൂപ്പര്‍ താരങ്ങള്‍ - കച്ചവടത്തിന്റെ രസതന്ത്രം' 
വായിക്കാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക

______________________________________________________________________________

പി. കെ. സുരേന്ദ്രന്റെ വേദിയില്‍ അവതരിപ്പിക്കപ്പെടുന്ന ലേഖനത്തിന് മുംബൈയിലെ മുതിര്‍ന്ന എഴുത്തുകാരനും ഇടതുപക്ഷ സഹയാത്രികനുമായി ശ്രീ ഇ.ഐ.എസ്. തിലകന്‍ പ്രതികരിക്കുന്നു. ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 


Saturday, March 3, 2012

കവിത എനിക്ക് മനുഷ്യനിലെത്താനുള്ള വഴി

|0 comments
കവയത്രിയും സാഹിത്യവേദിയുടെ ഈ വര്‍ഷത്തെ പുരസ്‌കാര ജേതാവും ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ഗവേഷണ വിദ്യാര്‍ത്ഥിനിയുമായ കെ. പി. ചിത്രയുടെ സാഹിത്യവഴികളിലൂടെ

(കടപ്പാട്: മാതൃഭൂമി ദിനപത്രം)

മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ അഞ്ചാം നിലയിലുള്ള ഹോസ്റ്റല്‍ മുറിയിലാണ് കഴിഞ്ഞ മൂന്നു കൊല്ലത്തിനു മേലെയായി ജീവിതം. കുറഞ്ഞത് മൂന്നു പേര്‍ക്കെങ്കിലും ഇരിക്കാന്‍ സൌകര്യമുള്ള ഒരു ജനല്പ്പടിയുണ്ട് മുറിയില്‍.  സ്ഥലപരിമിതി ഒരു പ്രശ്നമല്ലാതിരുന്ന കാലത്ത് സൌന്ദര്യബോധമുള്ള ആരോ ചെയ്ത സുകൃതം. അഴികളില്ലാത്ത ജനല്ക്കാഴ്ച തരുന്നത് മുംബൈ എന്ന മഹാനഗരത്തിന്റെ അടയാളങ്ങളല്ല. കണ്ണെത്തുന്ന കുറച്ചിടമെങ്കിലും പരന്നു കിടക്കുന്ന പച്ചപ്പുണ്ട്. നഗരത്തില്‍ ഋതുക്കള്‍ മാറി മാറി വരുന്നത് ഇവിടെ ഇരുന്നറിയാം. അല്പം ദൂരെയായ് കാണാം നഗരത്തിന്റെ എടുപ്പുകള്‍. ഹോസ്റ്റല്‍ മുറിയുടെ നാല് ചുമരുകള്‍ക്കുള്ളില്‍ ഇരുന്നു കൊണ്ടേ ഈ നഗരത്തെ ഞാന്‍ അറിഞ്ഞിട്ടുള്ളൂ. പതിവ് വിനോദ കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരങ്ങളും ചുരുക്കം ചില യാത്രകളും ഒഴിച്ചാല്‍ കാമ്പസിന്റെ  മതില്‍ക്കെട്ടിനു പുറത്തുള്ള മുംബൈ ഇപ്പോഴും എനിക്ക് അപരിചിതമാണ്. എങ്കിലും അങ്ങോട്ടന്വേഷിച്ച് ചെല്ലാത്തതിന്റെ പരിഭവങ്ങളില്ലാതെ ഏത് മതില്‍ക്കെട്ടുകളും ഭേദിച്ച് നമ്മെത്തേടിയെത്താന്‍ പ്രത്യേകിച്ച് ഒരു കഴിവുള്ള ഒരു നഗരമാണ് മുംബൈ. 

ഈ നഗരവും കവിതയും തമ്മില്‍ ഒരുപാട് സാദൃശ്യങ്ങളുണ്ട്. ഏറെ വര്‍ഷങ്ങള്‍ താമസിച്ച് പരിചയിച്ച നഗരമാണെങ്കിലും ഇത് വരെയും കാണാത്ത കാഴ്ചകള്‍ കൊണ്ട് അത് വീണ്ടും വീണ്ടും നിങ്ങളെ  അദ്ഭുതപ്പെടുത്തും. പുതിയ തെരുവുകളുണ്ടായ് വരും. പഴയ തെരുവുകള്‍ മാഞ്ഞു പോകും. കണ്ടു കണ്ടിരുന്നവര്‍ എവിടെപ്പോയെന്നറിയില്ല.പുതിയ മുഖങ്ങള്‍ തെളിയും . നിങ്ങള്‍ അലിഞ്ഞലിഞ്ഞില്ലാതാവുകയും ഉരുത്തിരിഞ്ഞു വരികയും ചെയ്യും. കവിതയിലും ഇതെല്ലാം സംഭവിക്കുന്നുണ്ട്. പറഞ്ഞു പറഞ്ഞു തേഞ്ഞ ഒരു പ്രയോഗമാണെങ്കിലും നഗരത്തിലെ കവിത പച്ചയുടെ ഒരു തുരുത്താണ്. നഗരത്തിനുള്ളിലെ കാടുകളെ, ചോലകളെ, വള്ളിപ്പടര്പ്പുകളെ അത് കാണിച്ച് തരുന്നു. കണ്ണാല്‍ കാണാന്‍ കഴിയാത്ത നഗരത്തിനുള്ളിലെ നഗരങ്ങളെ, ഗ്രാമങ്ങളെ, ചേരികളെ. നമ്മള്‍ പിന്നില്‍ ഉപേക്ഷിച്ച് വന്ന നാടുകളെ, മനുഷ്യരെ.

വിദേശ മലയാളികളെ പ്രത്യേകിച്ച് ഗള്‍ഫ്‌ മലയാളികളെയാണ് പൊതുസമൂഹം പ്രവാസികളായി കാണുന്നത്. കേരളം വിട്ടു ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ പലപ്പോഴും ഈ വകുപ്പില്‍ പെടാറില്ല. മുംബൈയില്‍   താമസിക്കുമ്പോഴും ഞാന്‍ കേരളത്തില്‍ ആണ് ജീവിക്കുന്നതെന്ന് എന്റെ ഒരു ചങ്ങാതി പറയാറുണ്ട്. അങ്ങനെ എത്രയോ പേരുണ്ട് ഈ നഗരത്തില്‍. സ്വന്തം നാടിനോടുള്ള, ഭാഷയോടുള്ള അഭിനിവേശം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടത് നാട് വിട്ട് വന്നപ്പോഴാണ്. നാട് വിടുമ്പോഴാണ്‌  സ്വന്തം നാടിനെ കൂടുതല്‍ മനസ്സിലാവുക, അല്ലെങ്കില്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക എന്ന് തോന്നുന്നു. പല പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് എഴുത്തും വായനയും തുടരുകയും വിട്ട് പോന്ന പരിചിത പരിസരങ്ങള്‍ സാഹിത്യ കൂട്ടായ്മകളിലൂടെ പുന:സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ചിലരെയെങ്കിലും ഇവിടെ വച്ച് കണ്ടു . നാട്ടില്‍ സാധാരണമെന്ന് തോന്നുന്ന ഒരു പ്രവൃത്തി മറുനാട്ടില്‍ അസാധാരണമാകുന്നു. മറുനാടിന്റെ അസാധാരണതയാണ് ഈ നാടിന്റെ ഭംഗി.

സ്വകാര്യതകള്‍ക്ക് പുല്ലു വില കല്പിക്കുന്ന ഈ നഗരത്തില്‍ തന്നെയാണ് മറപ്പുരകള്‍ വിട്ട്‌ പുറം ലോകത്തേക്ക് കവിത ഇറങ്ങി വരുന്നത്. വര്‍ഷങ്ങളോളം ഡയറിയുടെ താളുകളില്‍ ഒതുങ്ങിയിരുന്ന കവിത ബ്ലോഗിലൂടെയും മറ്റ് വെബ് പ്രസിദ്ധീകരണങ്ങളിലൂടെയും ജീവിതം തുറന്നു വച്ച് തുടങ്ങിയത് ഇവിടെയാണ്. എഴുതിത്തുടങ്ങിയത് പ്രസിദ്ധീകരിക്കാന്‍ വേണ്ടിയായിരുന്നില്ല. ഉള്ളിലുള്ളത് എഴുതി വയ്ക്കാന്‍ ഒരിടം. ഒരു ഡയറി എഴുത്തിന്റെ സ്വകാര്യത. അപ്പൂപ്പന്‍ എഴുതുമായിരുന്നു. ലഘുനോവല്‍, കവിത, ലേഖനങ്ങള്‍, അപ്പൂപ്പന്‍ കൈവയ്ക്കാത്ത മേഖലകള്‍ ചുരുക്കമാണ്. കുട്ടിക്കാലം മുതല്‍ അപ്പൂപ്പന്‍ എഴുതുകയും വായിക്കുകയും ചെയ്യുന്നത് കണ്ട് വളര്‍ന്നതിന്റെ സ്വാധീനം ഏറെയുണ്ട്. പിന്നീടാണ് പ്രസിദ്ധീകരിക്കണം എന്ന് തോന്നുന്നത്. 'ഒരു പൂവ് കയ്യിലെടുത്ത് നോക്കുമ്പോള്‍ അതില്‍ ഞാന്‍ കാണുന്ന ഒരു ലോകമുണ്ട്. ആ ലോകം എനിക്ക് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കണം' - അമേരിക്കന്‍ ചിത്രകാരിയായ ജോര്‍ജിയ ഓ കഫെയുടെ വാക്കുകളാണിത്.സ്വന്തം കാഴ്ചകള്‍,അനുഭവങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാനുള്ള വെമ്പല്‍ തന്നെയാണ് എഴുത്തിന്റെ കാതല്‍. ആദ്യം എനിക്കിടം തന്നത്  ഇന്റര്‍നെറ്റ്‌ തുറന്നു വച്ച സാധ്യതകളുടെ ലോകമാണ്. നിരവധി വെബ്‌ മാഗസീനുകള്‍. പുഴ, ചിന്ത, സൈകതം, നാലാമിടം എന്നിവ. കവിതയ്ക്ക് മാത്രമായി ഹരിതകം, പുതുകവിത തുടങ്ങിയ വെബ്‌ സൈറ്റുകള്‍.  സ്വയം പ്രസിദ്ധീകരണത്തിന്റെ കൌതുകങ്ങളായി പിന്നീട്. ബ്ലോഗ്‌ തുടങ്ങുന്നത് മുംബൈയില്‍ വന്ന ശേഷമാണ്. പത്താം ക്ലാസ് വരെ മാത്രം പഠിച്ച മലയാളവും ചെറിയ തോതിലുള്ള  വായനയും എഴുതുമ്പോഴുള്ള അനുഭൂതിയും അപരിചിതരായ പലരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിന്റെ കൌതുകവും  ഇതെല്ലാമായിരുന്നു തുടക്കത്തില്‍.ഇപ്പോഴുള്ളത് എഴുതുമ്പോള്‍ കൂടുതല്‍ വായിക്കാനും വായിക്കുമ്പോള്‍ എഴുതാനും തോന്നുന്ന ഒരു മാനസികാവസ്ഥ. വായനയെ കൂടുതല്‍ ഗൌരവമായി കാണാന്‍ തുടങ്ങിയത് മുംബൈയില്‍ വന്ന ശേഷമാണ്. ഇപ്പോള്‍ മലയാള കൃതികള്‍ മാത്രമല്ല മറ്റ് ഭാഷകളിലെ എഴുത്തും വായിക്കാന്‍ ശ്രമിക്കുന്നു. കവിതകള്‍ വായിക്കുന്നവര്‍ പൊതുവെ കുറവാണ്. മറ്റ് സാഹിത്യ രൂപങ്ങള്‍ വായിക്കുന്നവര്‍ പോലും കവിതയെ ഉപേക്ഷിക്കാറാണ് പതിവ്. സൌന്ദര്യത്തിന്റെ ഒരു അപാര ലോകമാണ് അവര്‍ക്ക് നഷ്ടപ്പെടുന്നതെന്ന് ഇടയ്ക്ക് തോന്നാറുണ്ട്. വായനയോളം ലഹരി മറ്റൊന്നിനില്ലാത്തത് കൊണ്ട് മുക്കില്‍ മുക്കില്‍ ബുക്ക്‌ ബാറുകള്‍ (Book Bar) തുടങ്ങണം എന്ന് കവി ശ്രീകുമാര്‍ കരിയാടിന്റെ ഒരു ഫേസ് ബുക്ക്‌ നോട്ടുണ്ടായിരുന്നു കുറച്ച് നാള്‍ മുന്പ്. കവിതയോടുള്ള ഇഷ്ടം കൊണ്ടാവാം കവിതയോളം ലഹരി മറ്റൊന്നിനില്ല എന്ന് തോന്നുന്നത്.

കവിത കൊണ്ടുണ്ടായ സൌഹൃദങ്ങള്‍, പരിചയങ്ങള്‍ പലതാണ്. അച്ചടി മാധ്യമങ്ങളെ വെല്ലു വിളിച്ച് കൊണ്ട് ഇന്റര്‍നെറ്റ്‌ മാധ്യമങ്ങള്‍ ഉയിര്‍ത്ത് വന്ന വര്‍ഷങ്ങള്‍. മുംബൈയിലെ ഈ ചെറിയ ഹോസ്റ്റല്‍   മുറിയില്‍ ഇരുന്നു കൊണ്ട് പരിചയപ്പെട്ടത് ലോകത്തിന്റെ പല കോണിലുള്ളവരെ. എഴുതിത്തുടങ്ങുന്നവരും എഴുതിത്തെളിഞ്ഞവരും വായനക്കാരും നിരൂപകരും എല്ലാം ഒരേ വേദിയില്‍ ഇരിക്കുന്ന കാവ്യനീതി. ഒരിക്കലും വായിക്കപ്പെടാന്‍ സാധ്യത ഇല്ലാതെ പോകുമായിരുന്ന പലരെയും വായിക്കാനുള്ള അവസരം. നല്ല കവികളല്ല, നല്ല കവിതകളാണുള്ളത് എന്നാണു പലപ്പോഴും തോന്നാറ്. ബ്ലോഗിന്റെയും കാലം കഴിഞ്ഞു തുടങ്ങി എന്ന് തോന്നുന്നു. ഫേസ് ബുക്കിലെ കവിതക്കൂട്ടായ്മകള്‍ ആണ് ഇപ്പോള്‍ സജീവമായി നില്‍ക്കുന്നത്. കാവ്യകേളി, മലയാള കവിത, അക്ഷരഗംഗ, കാവ്യനീതി എന്നിങ്ങനെ വിവിധ ഗ്രൂപ്പുകള്‍. ഏത് കൂട്ടായ്മകളിലും ഉള്ള പോലെ ഈ വെര്‍ച്വല്‍ ലോകത്തും ഉണ്ട് പടലപ്പിണക്കങ്ങള്‍, പോരുകള്‍. അവ ചിലപ്പോള്‍ ചെടിപ്പിക്കുമെങ്കിലും എഴുത്തിന്റെയും വായനയുടെയും ലോകത്ത്  ഇ -മാധ്യമങ്ങള്‍ നടത്തിയിട്ടുള്ള ഇടപെടല്‍ ചരിത്രപരമാണ്. 

എഴുത്തും വായനയും സമൂഹത്തില്‍ ഒരു വ്യക്തിയുടെ ഇടപെടല്‍ കൂടിയാണ്. വളരെ യാദൃശ്ചികമായാണ് യെവ്ഗെനി യെവ്തുഷെങ്കോ എന്ന റഷ്യന്‍ കവിയുടെ ആത്മകഥ കയ്യില്‍ കിട്ടിയത്.മുംബൈയിലെ  ഒരു പലവകക്കടയില്‍ കൂട്ടി വച്ചിരുന്ന പഴഞ്ചന്‍ പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് ആ പുസ്തകം വലിച്ചെടുക്കുമ്പോള്‍ വലിയ പ്രത്യേകതയൊന്നും തോന്നിയില്ല.പുറം ചട്ടയില്‍ ഇറങ്ങിയ കാലത്ത് - 1963 - വിവാദമായ പുസ്തകം എന്ന ന്യൂ യോര്‍ക്ക്‌ ടൈംസിന്റെ വിലയിരുത്തല്‍ മാത്രമാണ് മനസിലുടക്കിയത്. പിന്നെ ഒരു കവിയുടെ ആത്മകഥയാണല്ലോ എന്ന ചിന്തയും. അവിടെ പുസ്തകത്തിന്റെ വലിപ്പമനുസരിച്ചാണ് വില. പത്ത് രൂപ. കവിയുടെ ആത്മകഥയാണ് അയാളുടെ കവിത എന്നെഴുതിക്കൊണ്ടാണ് യെവ്തുഷെങ്കോ തന്നെക്കുറിച്ച് എഴുതിത്തുടങ്ങുന്നത്.  ജീവിതകാലത്തെ സാമൂഹികരാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും അവ സ്വന്തം എഴുത്തിനെ  സ്വാധീനിച്ചതിനെക്കുറിച്ചുമൊക്കെ  യെവ്തുഷെങ്കോ എഴുതുന്നുണ്ട്. ഏത് ആത്മകഥയും ഒരാളെക്കുറിച്ചെന്നതിനേക്കാള്‍ അയാള്‍ ജീവിക്കുന്ന സാമൂഹിക ചുറ്റുപാടുകളെ പ്രതിഫലിപ്പിക്കുന്നതാവും. കവിതയിലും കാണാം വ്യക്തിപരവും സാമൂഹികവുമായ അടയാളങ്ങള്‍. കേരള സാഹിത്യ അക്കാദമിയുടെ ക്യാമ്പില്‍ പങ്കെടുത്തു ഒരിക്കല്‍. ചര്‍ച്ചകള്‍ കൂടുതലും എഴുത്തുകാരുടെ സാമൂഹിക പ്രതിബദ്ധതയുടെ ആവശ്യകതയെ കുറിച്ചായിരുന്നു. അരാഷ്ട്രീയമായ എഴുത്ത് പോലെ തന്നെ അപകടകരമാണ് സാമൂഹിക പ്രശ്നങ്ങളെ  അധികരിച്ച് മാത്രമേ എഴുതാവൂ എന്ന ശാസനയും. വ്യക്തിപരമായ വിഷയങ്ങളും  സാമൂഹികമാണ്. സാമൂഹിക പ്രശ്നങ്ങള്‍   വ്യക്തിപരം കൂടി ആണ്, ആവേണ്ടതാണ് എന്നത് പോലെ. എന്നാല്‍ പലപ്പോഴും വൈകാരികമായ അരക്ഷിതത്വങ്ങളിലേക്ക്  ചുരുങ്ങിപ്പോകുന്നു എന്ന പരാധീനതയും എഴുത്തിനുണ്ട്.

മറ്റൊരു മനുഷ്യനിലേക്കെത്താന്‍ പല വഴികളുണ്ട്. അവയിലൊന്ന്  മാത്രമാണ്  കവിത. ഒരുപക്ഷെ ഏറെ ഉദാത്തമായ ഒരു വഴി. കവിത സ്വയം ഒരു ഭാഷയാണ്‌. ഒരാള്‍ തനിക്കറിയാവുന്ന ഭാഷയില്‍ സംസാരിക്കുമ്പോള്‍ ഒരുപാട് പേര്‍ അവരവരുടെ ഭാഷയില്‍ അത് ഉള്‍ക്കൊള്ളുന്ന മനോഹരമായ ഒരു അവസ്ഥ. ആ ഭാഷ ചിലപ്പോള്‍ കയ്യിലൊതുങ്ങിയെന്നു തോന്നും. ചിലപ്പോള്‍ വഴുതിപ്പോയെന്നും.

Followers