മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, June 26, 2012

മനോജ് മേനോന്‍ സാഹിത്യവേദിയില്‍

|1 comments
പ്രിയപ്പെട്ട അക്ഷര സ്‌നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ജൂലൈ മാസം ആദ്യഞായറാഴ്ച (01-07-2012) യുവ കവി ശ്രീ മനോജ് മേനോന്‍ കവിതകള്‍ അവതരിപ്പിക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും.

ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.


സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ജൂലൈ 01, 2012. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.


സസ്‌നേഹം
ഡോ. വേണുഗോപാല്‍,
കണ്‍വീനര്‍, സാഹിത്യവേദി,
മുംബൈ


നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങുന്നതായിരിക്കും.ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കുകമനോജ് മേനോന്‍
സ്വന്തം കൈയ്യൊപ്പുള്ള ബിംബങ്ങളും നവീനമായ കാവ്യഭാഷയും കൊണ്ട് സംമ്പന്നമാണ് മനോജിന്റെ കവിതകള്‍. ലളിതമായ വാഗ്മയങ്ങള്‍കൊണ്ട് ഗഹനമായ പ്രമേയങ്ങളെ കാവ്യസാന്ദ്രമായി അവതരിപ്പിക്കുന്നതിലാണ് മനോജിന്റെ വിജയം. സ്വന്തം ബ്ലോഗിലും, മലയാളത്തിലെ ഏറ്റവും മികച്ച കാവ്യ ജാലികയായ 'ഹരിതകത്തിലും' മനോജിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. മനോജിന്റെ പ്രഥമ കവിതാ സമാഹാരം 'മരിച്ചവര്‍ കൊണ്ടുപോകുന്നത്' പായല്‍ ബുക്‌സ് ഉടന്‍ പുറത്തിറക്കും. വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ മുംബൈയ് സാംസ്‌കാരിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ മനോജ് നഗരത്തിലെ കാവ്യ സദസ്സുകളിലെ സജീവ സാന്നിദ്ധ്യമാണ്. സ്വദേശം പൊന്നാനി, മലപ്പുറം ജില്ല. ഇപ്പോള്‍ മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി.
ഇമെയില്‍: menoncmanoj@gmail.com
ബ്ലോഗ്: http://thonnyaksharagal.blogspot.com/ 

മനോജ് സാഹിത്യവേദിയില്‍ അവതരിപ്പിക്കുന്ന കവിതകള്‍

കീരി
ഓര്‍മ്മയില്‍ തങ്ങി നില്‍പ്പുണ്ട്
പറയന്റെ പറമ്പില്‍ നിന്ന്
വെള്ളുത്തേടത്തേയ്ക്കും
അവിടെ നിന്ന്‍ മനക്കിലേയ്ക്കുമുള്ള
നിന്റെ ശരവേഗപ്പാച്ചില്‍ .

പത്തി വിരിച്ച
ചീറിയടുത്ത ചിത്രവര്‍ണ്ണനെ
നീ ഒറ്റയടിക്ക് തീര്‍ത്തിട്ടുണ്ട് .

ആഞ്ഞില് കടഞ്ഞ
മരയഴി തകര്‍ത്ത്
കോഴി പറ്റങ്ങളെയെല്ലാം
മോചിപ്പിച്ചിട്ടുണ്ട്

കമ്മ്യുണിസ്റ്റ് പച്ചകളും
തിരുത്താളി വള്ളികളും നിറഞ്ഞ
ആവാസ കേന്ദ്രം സംരക്ഷിക്കാന്‍
വാഴത്തോട്ടത്തിലേക്ക്
വീറോടെ ജാഥ നയിച്ചിട്ടുണ്ട്

എല്ലാം ശരി തന്നെ..
.
ഇന്നീ പഞ്ചായത്ത് റോഡില്‍
നമ്പര്‍ പ്ലേറ്റില്ലാ
വാഹനമിടിച്ച്
ചത്ത്‌ മലച്ചു കിടക്കുമ്പോള്‍
പ്രിയ ചെങ്കീരി
നിന്റെ വേഗത, ശൂരത, കൂര്‍മ്മത
എന്നിവക്കെല്ലാമപ്പുറം
നീ പഠിക്കേണ്ടിയിരുന്നു
ആധുനികലോകത്തിന്റെ
ഉത്തരാധുനികസമയതാളം

_________________________________


റിസര്‍വ്
കയ്യെത്താവുന്നിടത്തൊക്കെ
തണലൊരുക്കാറുണ്ട്

തന്നാലാവും വിധം
പൂക്കുകയും കായ്‌ക്കുകയും ചെയ്യാറുണ്ട്

തല ചായ്കാന്‍ ഇടം തേടി വന്നവര്‍ക്കൊക്കെ
വീടും വിരുന്നും ഒരുക്കിയിട്ടുണ്ട്

കാലം തെറ്റി വന്ന്
ഇളം പൂക്കളെയെല്ലാം
കൊഴിച്ചിട്ടും
മഴയോടോ ,
 ഉണ്ണിക്കനികളെ മുഴുവന്‍
തള്ളി വീഴ്ത്തിയിട്ടിടും
കാറ്റിനോടോ
പരിഭവിച്ചിട്ടില്ല

പച്ചക്ക് നുറുങ്ങുമ്പോഴും
ഒരു കഷണം പോലും
പാഴായി പോകരുതെന്നേ
പ്രാര്‍ത്ഥിക്കൂ ..

തീര്‍ച്ചയായും
ചിത്ര ഗുപ്തന്റെ കണക്കു പുസ്തകത്തില്‍
ഇവരുടെ ഒക്കെ  സ്ഥാനം
സ്വര്‍ഗത്തില്‍ തന്നെ

അത് കൊണ്ടാണേ
മുറ്റത്ത്‌ കോടി കായ്ച്ചു നില്‍ക്കുന്നതിനെ
 ഞാന്‍ ഇപ്പോഴേ
"റിസര്‍വ്" ചെയ്തത് !

_________________________

തനി നിറം

 

മഹാനഗരത്തിന്റെ ജട്ടിയുടെ
നിറമെന്താണ് ?
ജുഹുവില്‍ നിരന്നു നില്‍ക്കുന്ന
വേശ്യകളോട് ചോദിച്ചു.
"നഗരം ഒരു പെണ്ണല്ലേ
അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കറിയില്ല
വേണമെങ്കില്‍ നഗരത്തിലെ ഓരോ പുരുഷന്റെയും
ജട്ടിയുടെ നിറം പറഞ്ഞു തരാം."

മാര്‍വാഡി പെണ്ണിന്റെ  കനത്ത
നിതംബം മറക്കുന്ന
പൂക്കളുള്ളതിന്റെ റോസ്‌ നിറമോ ,
വാഗിടിയുടെ  മെലിഞ്ഞ അരകെട്ടില്‍
പറ്റി കിടക്കുന്ന തുള വീണതിന്റെ
നരച്ച നിറമോ ?
പാര്‍ക്കിലെ ബഞ്ചില്‍,
പരിസരം മറന്നിരിക്കുന്ന പാര്‍സി പെണ്ണിന്റെ
നീല ജീന്‍സില്‍ നിന്നും എത്തി നോക്കുന്ന
വല പോലുള്ളതിന്റെ
ആകാശ നീലയോ ?

അതോ ഇതൊന്നുമല്ലയോ?

മറാഠി,
മാര്‍വാഡി, മലബാറി, മദ്രാസി, പഞ്ചാബി,  ഗുജറാത്തി,
ബീഹാറി, ബംഗാളി, ഭയ്യേ.....
എരിഞ്ഞമ്മര്‍ന്നിട്ടും,
പൊട്ടിചിതറിയിട്ടും, ഹൃദയം തുളഞ്ഞിട്ടും,
ഉയര്‍ത്തി പിടിച്ചവാള്‍
തെല്ലൊന്ന് ചലിപ്പിക്കാത്ത
ശിവജി പ്രതിമേ...
"ഗേറ്റ് വേ"യില്‍ അലഞ്ഞു നടക്കുന്ന
കാതറീന്‍ രാജകുമാരിയുടെ ആത്മാവേ..
ട്രാക്കില്‍ നിന്നും
മാംസ തുണ്ടുകള്‍ അടിച്ചു കൂട്ടുന്ന
ചരസ്സി നാഥുറാമേ...
പിലാ ഹൌസിലെ തിണ്ണയില്‍
വിറച്ചു വിറച്ചു കിടക്കുന്ന
പേരില്ലാത്ത എയിഡ്സ് രോഗീ..
പ്രായത്തിലും കൂടുതല്‍
ശരീരം വളര്‍ന്ന
കെട്ടിടങ്ങളെ......
കാറ്റേ......കടലേ ....തെരുവ് പൊറ്റകളെ ....
വയസ്സറിയിക്കാത്ത  ചെടികള്‍ മാത്രമുള്ള
ഉദ്യാനങ്ങളെ ....
നിങ്ങള്‍ക്കറിയാമോ .........നിങ്ങള്‍ക്കറിയാമോ .........

അതിര് കടന്നെത്തിയ ചിതല്‍ കൂട്ടം
വേരോടെ വിഴുങ്ങിയ കോളി കോളനിയിലെ
ശേഷിച്ച വയസ്സി കാറ്റ്
പിറു റുത്തു.
"മഹാനഗരത്തിന് ജട്ടിയേ
ഇല്ല!
ഉള്ളത്
ഇടയ്ക്കിടെ ചോര പൂക്കുന്ന
യോനി മാത്രം !

___________________

പാരായണം

മാഞ്ചോട്ടിലെ
ചാരുക്കസേരയില്‍ കിടന്ന്,
ഉച്ചത്തില്‍ പത്രപാരായണം ചെയ്യുന്നു,
മദ്ധ്യാഹ്നവെയില്‍.....

ആരയോ പേടിച്ച്
എവിടെയോ ഒളിച്ചിരുന്ന
കരിമൂര്‍ഖന്‍
പത്തി വിടര്‍ത്തി,
നെല്ല്  ചികയുകയായിരുന്ന
കോഴിയമ്മയിലേക്ക്....

നെല്ലിത്തയ്യോട് ചേര്‍ന്നിരുന്ന്,
 കിസ പറയുകയായിരുന്ന കാറ്റ്,
ഡാര്‍വ്വിനെ പഠിക്കുകയായിരുന്ന
വെള്ളരി പ്രാവിലേക്ക് ....

ഏറുകൊണ്ടും,പട്ടിണിക്കിടന്നും
ചാവാറായ ചാവാലി നായ
ഇളം പുല്ലു രുചിച്ചുകൊണ്ടിരിക്കുന്ന
നന്ദിനിക്കുട്ടിയിലേക്ക് .....

കിട്ടാന്‍ പോകുന്ന മുള്ളിന്‍റെ
രുചിയോര്‍ത്ത് ,
കൈ നുണഞ്ഞിരുന്ന കണ്ടന്‍
വിറളിപിടിച്ച്, കാക്ക പറ്റത്തിലേക്ക് ...

ഓലത്തുഞ്ചത്ത് ,
കൊട്ടുവായിട്ടിരുന്ന പ്രാപ്പിടിയന്‍
മണ്ണുവാരി കളിച്ചിരിക്കുന്ന
അണ്ണാറക്കണ്ണനിലേക്ക് ....

മാഞ്ചോട്ടിലെ
ചാരുക്കസേരയില്‍ കിടന്ന്,
ഉച്ചത്തില്‍ പത്രം വായിച്ചു ,
രസിച്ചിരിക്കയാണ് , ഇപ്പോഴും .
മദ്ധ്യാഹ്നവെയില്‍.....

____________________

വീണ പൂവ് 


ചോന്ന പൂവിനെ
ഇരുട്ടില്‍
ഇതളറുത്തിട്ടത്       ആരായിരിക്കും ?

കാലില്‍ പുരണ്ട
പൂമ്പൊടിയുടെ തെളിവില്‍
പൂമ്പാറ്റയാണെന്ന് ...

ഇടയ്ക്കിടെ
വഴക്കിട്ടിരുന്നു വെന്ന
ദൃക്സാക്ഷി മൊഴിയില്‍
കാറ്റാണെന്ന്...

ഒരു കരിവണ്ട്
തണ്ടുകള്‍ക്കിടയിലൂടെ
പൂവിനെ ലക്ഷ്യമാക്കി
നീങ്ങിയിരുന്നുവേത്രേ !

ഒരു കരിവണ്ട്
തണ്ടുകള്‍ക്കിടയിലൂടെ
പൂവിനെ ലക്ഷ്യമാക്കി
നീങ്ങിയിരുന്നുവേത്രേ !


ഇലകള്‍ക്കടിയില്‍
അങ്ങിങ്ങ്
ഉറുമ്പിന്‍ പറ്റങ്ങള്‍
തമ്പടിച്ചിരുന്നുവെത്രേ !


പകല്‍ മുഴവന്‍
വെളുക്കെ ചിരിച്ച്
കൂടെ തന്നെ ഉണ്ടായിരുന്ന
വെയിലിനെ
അന്തിക്ക് ശേഷം
കാന്മാനില്ലത്രേ !


ചോന്ന പൂവിനെ
ഇരുട്ടില്‍
ഇതളറുത്തിട്ടത്      
ഇവര്‍ ആരുമല്ലാതെ
ആരായിരിക്കും ?

_____________________________

അതിനിടയില്‍ സംഭവിച്ചത്
പുലരി വന്നു
കാറ്റിനെ കൂട് തുറന്ന് വിട്ടു
പൂക്കളെ കുലുക്കിയുണര്‍ത്തി
മഴയെ സ്കൂളിലേക്കും
വെയിലിനെ പാടത്തേക്കും
പറഞ്ഞു വിട്ടു ..

നട്ടുച്ച വന്നു
വഴി നീളെ വെളുത്ത പീലികള്‍ കൊഴിച്ചു .
പൂച്ചയെ പോലെ ഉത്തരത്തിലൂടെ
നൂഴ്ന്നിറങ്ങി
അടുക്കള പഴുതിലൂടെ പുറത്തു ചാടി ..

അന്തി വന്നു
ചെമ്പരത്തി കാട്ടിലെ ഇഴജാതി ക്കൊപ്പം
കരിയിലകളില്‍ ഒളിച്ചു കളിച്ചു
തുളസി ചോട്ടിലെ തിരി കൊത്തി
മേലോട്ടുയര്‍ന്നു
ആകാശത്തിലെ കൂരകള്‍ക്കെല്ലാം
തീപിടിച്ചു ..

അതിനിടയില്‍ എന്തൊക്കെയാണ്
സംഭവിച്ചത് ?

ആരോക്കയോ മരണപെട്ടു
പലരും കൊലചെയ്യപെട്ടു
ചിലരെയൊക്കെ കാണാതായി
മറ്റു ചിലര്‍ സ്വയമോടുങ്ങി .

നോക്കിക്കേ
വല്ല കൂസലും ഉണ്ടോയെന്ന്!!!

ഏതെങ്കിലും ഒരു ആക്രമണത്തില്‍
കാലത്തിനും പരിക്ക് പറ്റണം
അലെങ്കില്‍
ഒരു  മാറാരോഗം പിടിപെട്ടു
കിടപ്പിലാവണം..

നോക്കാമല്ലോ
അന്നും കാറ്റ് വീശുമോയെന്ന് ,
നട്ടുച്ച വഴി നീളെ വെളുത്ത പീലികള്‍
പോഴിക്കുമോ യെന്ന് ,
അന്നും
ആകാശത്തിലെ കൂരകള്‍ക്കെലാം
തീ പിടിക്കുമോയെന്ന് .
Followers