മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, August 28, 2012

വിശ്വനാഥന്‍ പി. സാഹിത്യവേദിയില്‍

|0 comments
പ്രിയപ്പെട്ട അക്ഷര സ്‌നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ സെപ്തംബര്‍ മാസം ആദ്യഞായറാഴ്ച (02-09-2012) ശ്രീ വിശ്വനാഥന്‍ പി. കഥകള്‍ അവതരിപ്പിക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും.

ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.


സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: സെപ്തംബര്‍ 02, 2012. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.


സസ്‌നേഹം
ഡോ. വേണുഗോപാല്‍,
കണ്‍വീനര്‍, സാഹിത്യവേദി,
മുംബൈ


നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങുന്നതായിരിക്കും.ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കുക




വിശ്വനാഥന്‍. പി
സൗമ്യമായ കലാപങ്ങളാണ് വിശ്വനാഥന്റെ രചനാജീവിതം. കവിതയാണ് വിശ്വനാഥന്റെ മുഖ്യ തട്ടകം. വേറിട്ട നിരീക്ഷണങ്ങളിലൂടെ അദ്ദേഹത്തിന്റെ കവിതകള്‍ വായനക്കാരനെ നവ്യമായ ഒരു ദാര്‍ശനിക ലോകത്തേക്ക് ക്ഷണിക്കുന്നു. സാഹിത്യവേദിയല്‍ നിരവധി തവണ കവിതകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്വന്തം സര്‍ഗ്ഗാത്മക ജീവിതത്തിലെ കാവ്യനുശീലങ്ങളില്‍ നിന്ന് വല്ലപ്പോഴുമൊക്കെയുള്ള പുറത്തുകടക്കലിന്റെ സാക്ഷ്യങ്ങളായി എഴുതപ്പെട്ട അദ്ദേഹത്തിന്റെ രണ്ടു ചെറുകഥകളാണ് ഇത്തവണ സാഹിത്യവേദിയില്‍.

ട്രോംബെ ഭാഭ അറ്റോമിക് റിസേര്‍ച്ച് സെന്ററില്‍ സയന്റിഫിക് ഓഫീസറായി സേവനമനുഷ്ഠിക്കുന്നു. സ്വദേശം ആര്യാട്, ആലപ്പുഴ ജില്ല.







വിശ്വനാഥന്‍ വേദിയില്‍ അവതരിപ്പിക്കുന്ന രണ്ട് കഥകള്‍

അവസാനത്തെ  കാറ്റ് 
ജന്മാന്തരങ്ങളുടെ നൂലാമാലകള്‍ ജീവിതത്തിലേയ്ക്ക് പകര്‍ത്തേണ്ടി വരുക, എല്ലാ ജീവജാലകങ്ങള്‍ക്കും ബാധകമാകുമായിരിയ്ക്കും. അല്ലെങ്കില്‍ ഈ സസ്യങ്ങളൊന്നും ഇങ്ങനെ നശിച്ചു പോകില്ലായിരുന്നു". സ്വാമിജി പറഞ്ഞു വെച്ചു. ഒരു പുഴുവും പുഷ്പവും രണ്ടു ശരീരഘടനയുള്ള ജീവന്‍. അത് തന്നെ നാം മനുഷ്യരിലേയ്ക്കും നീളുന്നു. ജീവകോശങ്ങളുടെ നിലനില്പ്; ആത്യന്തികമായി പ്രകൃതിയ്ക്ക് വേണ്ടിവരുന്നതും അതുതന്നെയാണ്.

നീണ്ടു പോകുന്ന ആദ്ധ്യാത്മകാര്യങ്ങളില്‍ ലയിച്ച് ഭക്തരുടെ കൂട്ടത്തില്‍ ലളിതയും.

നിങ്ങള്‍ ആരെങ്കിലും ചിന്തിച്ചിരുന്നോ മനുഷ്യര്‍ വെറും ആനന്ദത്തിനു വേണ്ടി ജീവിയ്ക്കുന്ന ജീവികളാണെന്ന്‍. പരമാത്മാവിന്റെ പരമമായ ലക്‌ഷ്യം ആനന്ദ നിര്‍വൃതിയില്‍ ലയിച്ചു ചേരുക എന്നതാണ്. തുടര്‍ന്ന് സ്വാമിജി സത്സംഗത്തി ലേയ്ക്ക്  ഭക്തരെ സന്നിവേശിപ്പിച്ചു .
ലളിതയ്ക്ക് ആത്മീയതയുടെ ആന്തരികമായ അര്‍ത്ഥതലങ്ങള്‍ മനസ്സിലായില്ല. വെറും ഭജനപാട്ടും കാലികപ്രമേയങ്ങളില്‍ ഊന്നിയ സംസാരവും എത്രയോ മനുഷ്യരെയാണ് അകര്‍ഷിയ്ക്കുന്നത് . ഇവര്‍ക്കെല്ലാം എന്തായിരിയ്ക്കും ബാധിച്ചിരിയ്ക്കുന്ന പ്രാകൃതമായ മാന്ദ്യം. ലളിത മെല്ലെ എഴുന്നേറ്റ് പുറത്തേയ്ക്കിറങ്ങി. സത്സംഗവും പ്രഭാഷണങ്ങളുമായി പലരും സ്വാമിജിയുടെ ചുറ്റും ഉറച്ചിരിയ്ക്കുന്നുണ്ടായിരുന്നു.
പുറത്ത് തണുപ്പ് അതിശക്തമായിരുന്നു. ഒരു ഡിസംബര്‍ മാസത്തിനു സഹിക്കാവുന്നതിലും അപ്പുറം തണുപ്പ്. പാര്‍ക്കിംഗ് ഏരിയ നിറഞ്ഞു കവിഞ്ഞിരുന്നു. കാല്‍ നടക്കാര്‍ക്ക്  പൂന്തോട്ടങ്ങളില്‍ കൂടി പുറത്തു കടക്കാന്‍ കരിങ്കല്ലു പാകിയ നടവഴി. എന്തെല്ലാം തരം പൂക്കള്‍. വെള്ളമൊഴിക്കുന്നതും ചെടികള്‍ ട്രിം ചെയ്യുന്നതും നടപ്പാത വൃത്തിയാക്കുന്നതും എല്ലാം ഭക്തന്മാര്‍. അതുകൊണ്ട് ആശ്രമം പരിശുദ്ധം. ചെരിപ്പണിയാതെ നടന്ന് ആശ്രമ ഗോപുരത്തില്‍ ഭക്തന്മാരാല്‍ സൂക്ഷിയ്ക്കപ്പെട്ട റാക്കില്‍ നിന്നും ലളിത ചെരുപ്പ് തിരികെ വാങ്ങി. റോഡില്‍ ഞായറാഴ്ചയുടെ തിരക്ക് തുടങ്ങിയിരുന്നു.
കാഴ്ചയില്‍ അതിസുന്ദരി. ഭക്തിമാര്‍ഗ്ഗത്തില്‍ എത്തേണ്ട പ്രായം ആയിട്ടില്ല. എങ്കിലും ധര്‍മ്മാനന്ദന്‍റെ ആശ്രമത്തില്‍ എല്ലാ ഞായറാഴ്ചകളിലും നിത്യ സന്ദര്‍ശകയായിരുന്നു ലളിത. ഏറെനാളായിട്ടില്ല ഈ പതിവ് തുടങ്ങിയിട്ട്. ഭഗവത് ഗീതാപഠനം ഒരു ചാനലില്‍ നിന്ന് തുടങ്ങി ഗീതാവാഖ്യാന പുസ്തകത്തിലൂടെ അവസാനം എത്തിച്ചത് ഗുരുജിയിലായിരുന്നു.
ആശ്രമത്തിന്‍റെ ഏകാന്തതയില്‍ മനസ്സിനെ അഴിച്ചു വിടുമ്പോള്‍ പ്രസന്ന മാകുന്നത്  കഴിഞ്ഞുപോയ കാലങ്ങള്‍ വേട്ടയാടി കൊണ്ടിരുന്ന നിരാശാ പൂര്‍ണ്ണമായ ജീവിതമാണ്. ഒരു പക്ഷേ അവിടെയും എത്തപ്പെട്ടില്ലാ യിരുന്നു  എങ്കില്‍ ഒരമാവാസിപോലെ കാലയവനികയ്ക്കുള്ളില്‍ ഇതിനോടകം അഭയം പ്രാപിച്ചു പോയേനെ. ലളിതയ്ക്ക് പലപ്പോഴും തോന്നിയിരുന്നു.
എന്താണ് ലളിതയുടെ ഇപ്പോഴത്തെ പ്രശ്നം. കമലാഗോവിന്ദര്‍   ഇടയ്ക്കിടയ്ക്ക്  സംസാരിയ്ക്കുമ്പോള്‍  ചോദിച്ചിരുന്നു .
അതൊക്കെ അങ്ങനെ കിടക്കും. ഒന്ന് ഒഴിയുമ്പോള്‍ മറ്റൊന്ന്. ജീവിതമല്ലേ ജീവിച്ചു തന്നെ തിര്‍ക്കണം.
കമലേച്ചിയുടെ കൂടെ അടുത്തയാഴ്ചയില്‍ ഞാനും ഗീതക്ലാസ്സിന് വരുന്നുണ്ട്. ലളിത കൂടുതലൊന്നും വിവരിച്ചില്ല.
51 ഞായറാഴ്ചകള്‍ തുടര്‍ച്ചയായി എത്താം എന്നുണ്ടെങ്കില്‍ മാത്രം ഭക്തയ്ക്ക് ക്ലാസ്സില്‍ വരാം. സുഖമില്ലെങ്കില്‍ പോലും ഒരു ടാക്സിയില്‍ ആശരീരം ഇവിടെയെത്തിച്ചിരിയ്ക്കണം. അതാണ്‌ ഇപ്പോള്‍ വേണ്ട സമ്മതം. കൂട്ടത്തില്‍ ഒരുമണിക്കൂര്‍ സേവനം. അതാത് ആഴ്ചകളില്‍ അതെന്താണെന്ന് ആശ്രമത്തില്‍ വരുമ്പോള്‍ അറിയിയ്ക്കും. ബോധാനന്ദ സ്വാമികള്‍ ലളിതയെ അനുഗ്രഹിച്ചപ്പോള്‍ അരുളിചെയ്തു.

പുഞ്ചിരിച്ച്  സ്വാമിജിയെ തലകുനിച്ച്   തൊഴുത് സമ്മതം ലളിത അറിയിച്ചു.

അന്ന് അഞ്ചാമത്തെ ഗീതാപ്രഭാഷണ ദിവസമായിരുന്നു. ഇത്രപെട്ടെന്ന് അതും മടുത്തുതുടങ്ങിയോ? ലളിത ലളിതയോടുതന്നെ ചോദിച്ചു. എല്ലാം സ്വന്തം മനസ്സാക്ഷിയെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അടിയറവ് വെയ്ക്കുന്നതിനുള്ള ഉപാധികള്‍. പലരൂപത്തില്‍ അവ ജീവിതത്തില്‍ കടന്നു വരുന്നു. സ്വാമിജിയെ പോലെ .. കമലേച്ചിയെ  പോലെ ... അച്ഛനെ പോലെ.. അമ്മയെ പോലെ... ശേഖറിനെ പോലെ... ചന്ദ്രനെ പോലെ... എല്ലാം ഓരോരുത്തരും അവരവരുടെ വിശ്വാസത്തില്‍ ഊന്നി സ്ഥാപിയ്ക്കാന്‍ ശ്രമിയ്ക്കുന്ന പാഴ് വേലകള്‍.
 ജിവിതം ഒരു യാത്ര മാത്രമാണ്. അമ്മയില്‍ നിന്ന് തുടങ്ങി എങ്ങോട്ടോ നിണ്ടു  പോകുന്ന യാത്ര . ഏകാന്തതകള്‍  കടന്നുവരുമ്പോള്‍  മാത്രം അവനവനെ തിരിച്ചറിയാന്‍ ശ്രമിയ്ക്കുന്ന യാത്ര.  ആള്‍കൂട്ടത്തില്‍ വെച്ച് പെട്ടെന്ന്  ഒറ്റപ്പെടുന്നു.  ഒറ്റപ്പെടലില്‍ നിന്ന് ആള്‍കൂട്ടത്തില്‍ തിരികെ ആഴ്ന്നുപോകുന്നു. 

പലതും അപ്രതീക്ഷിതങ്ങളായി കടന്നു വരുന്നു. എവിടെയെല്ലാമോ ചെന്നെത്ത പ്പെടുന്നു. അത് ഇങ്ങ് ബോധാനന്ദന്‍റെ  ആശ്രമം  വരെ എത്തി. ഈശ്വരന്‍ ചില മനുഷ്യരിലൂടെ പ്രത്യക്ഷപ്പെടുന്നതില്‍ വലിയ പ്രതീക്ഷ തോന്നിയില്ല. എഴുത്തും വായനയും സംസാരവും അറിയാവുന്ന മനുഷ്യാകാരം പൂണ്ട ദൈവങ്ങള്‍. അല്ലെങ്കില്‍ ദൈവത്തിന് മനുഷ്യ രൂപമാണോ? മറ്റു ജീവ ജാലങ്ങളുടെ ദൈവങ്ങള്‍ അതാതു ജീവജാലങ്ങളുടെ രൂപമായിരിയ്ക്കുമോ ? എല്ലാം ഒരു കൂട്ടം  ആള്‍ക്കാരെ  ഒന്നിച്ചു നിര്‍ത്താനുള്ള ചില തന്ത്രങ്ങള്‍ക്കപ്പുറം മറ്റൊ ന്നുമല്ലന്ന്‍ അവള്‍ക്കു തോന്നി. ഇനി അടുത്തത്  എങ്ങോട്ടെന്നുള്ളത്  ലളിതയ്ക്ക്  ഒരുവട്ടം കൂടി ആലോചിക്കേണ്ടിയിരിയ്ക്കുന്നു.

വെറും ആഴ്ചയ്ക്കുള്ളില്‍ ആശ്രമത്തിന്‍റെ  ഏകാന്തത നഷ്ടപ്പെട്ടു. വെറുതെ കുറച്ചുനേരം   തിരക്കില്‍ നടക്കുക. അവിടെയെല്ലാം കാണുന്ന ഓരോ മുഖങ്ങളും ഓരോ അപരിചിതരായ ദൈവങ്ങള്‍ തന്നെ ആയിരിയ്ക്കും. മിച്ചമുള്ള  സായാഹ്നം തിരിക്കിനുവേണ്ടി  അവള്‍ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചു. റോഡിന്റെ ഇരുവശത്തും നടപ്പാതകളിലായി  ആള്‍തിരക്ക് മുറിഞ്ഞു കിടക്കുന്നു. കസ്തൂര്‍ബാ ഗാര്‍ഡന്‍ ലക്ഷ്യമാക്കി അവള്‍ തിരക്കില്‍ കുടിയേറി. വഴി വാണിഭക്കാര്‍  സാധാരണ മറന്നു പോയേക്കാവുന്ന നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. വിലപേശി വാങ്ങാന്‍, വിലപേശി വാങ്ങാതിരിയ്ക്കാന്‍, അറിയാതെ കളിപ്പില്‍ ചാടാന്‍ എന്നുവേണ്ട എല്ലാവിധ സാധ്യതകളുമായി  വഴി നടക്കുന്നവര്‍. ചിലര്‍ വഴക്കുണ്ടാക്കും. ചിലര്‍ ചിരിച്ചു കടന്നു കളയും. ചിലര്‍ ഒന്ന് മുട്ടി കടന്നു പോകും. ചിലര്‍  ആരെയും ശ്രദ്ധിയ്ക്കാതെ നടന്നു പോകും.

ലളിത ശ്രദ്ധിയ്ക്കാത്തവരുടെ കൂട്ടത്തില്‍പെട്ട്  ശേഖറിനെ പറ്റി ഓര്‍ത്തു.

ആദ്യം ഈ തിരക്കില്‍ നടന്നത് ശേഖരിന്റെ കൂടെയാണ്. കസ്തൂര്‍ബ്ബാ പാര്‍ക്കിലും ബീച്ചിലുമായി എത്ര ദിവസങ്ങള്‍ കാത്തു നിന്നിരിയ്ക്കുന്നു. എത്ര കച്ചവടക്കാരുമായി ശേഖര്‍ വിലപേശിയിരുന്നു. എത്ര സാധനങ്ങള്‍ തിരിഞ്ഞു പെറുക്കി വാങ്ങിയിരിയ്ക്കുന്നു. ആ സംസാരത്തില്‍ എല്ലാ കച്ചവടക്കാരും വീഴുന്നതായിരുന്നോ? തനിയ്ക്കും  ആദ്യമൊക്കെ വല്ലാത്ത രസമുണ്ടാക്കി ആ വിലപേശലുകള്‍.

യാദൃശ്ചികമായാണ്  അയാളെ പരിചയപെട്ടത്.

രാജശേഖരന്‍ കടന്നുവന്നത് യൂണിവേഴ്സിറ്റിയുടെ പാര്‍ക്കിംഗ് ഏരി യായിലൂടെയായിരുന്നു. അഡ്മിഷന്‍ തീയതിയുടെ  അവസാനത്തെ ദിവസം താന്‍  തിരക്കിട്ട് കാര്‍ പുറകോട്ടെടുത്തപ്പോള്‍ കടന്നു പോയ വഴിപോക്കനെ ശരിയ്ക്കൊന്നു തട്ടി താഴെയിട്ടു.  ഇറങ്ങി വന്നപ്പോള്‍ കൈ മുട്ട് പൊട്ടി യൊലിപ്പിച്ചു തെറിച്ചു വീണ കണ്ണട എടുക്കുകയായിരുന്നു അയാള്‍. എണീറ്റുവന്ന  അയാളെ നോക്കി കുറ്റബോധത്തോടെ സോറി പറഞ്ഞു. നോക്കി എടുത്തുകൂടെ എന്ന്  അയാള്‍ ദേഷ്യപ്പെട്ടു. പിന്നെ പോകാനനുവദിച്ചു. തിരിച്ച് വരുമ്പോള്‍ ഇടനാഴിയില്‍ വെച്ച് അയാളാണ് ആദ്യം പറഞ്ഞത് 

എല്ലാം ഒരു സോറിയില്‍ ഒതുക്കിയത്  തീരെ ശരിയായില്ല .

താന്‍ ചിരിച്ചു കൈകൊണ്ടു വായപൊത്തി നടന്നു. പിന്നെപ്പോഴാണ്  ശേഖറിനെ കണ്ടത് . അവള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു.  ഒരു യാത്രയില്‍  താന്‍ കയറിയ ബസ്സില്‍   തന്‍റെ  അരികില്‍ വന്നിരുന്നത്  ശേഖറായിരുന്നു.

ഓ  സോറി  ഇരിയ്ക്കാമോ ?

പിന്നെയങ്ങോട്ട്  പലതും ചോദിച്ചു. പേര് അയാള്‍  പറയുകയായിരുന്നു. ശേഖര്‍ എന്ന് താന്‍ സംബോധനചെയ്തു.

ഇത്രയും  നീളമുള്ള  ഒരു പേര്  ഞാന്‍ മുറിയ്ക്കുന്നു . "ശേഖര്‍"  അതുപോരെ .

"പേര്"  മാത്രമേ  മുറിയ്ക്കാവൂ......... . അയാള്‍ ചിരിച്ചു .
 .
അന്ന് ഞങ്ങള്‍ ഒന്നിച്ചായിരുന്നു ഇറങ്ങിയത്‌ . ഈ  തിരക്കു  തന്നെയായിരുന്നു ഞങ്ങള്‍ ഒരുമിച്ചു നടന്ന ആദ്യ വഴി. വഴിയോരത്തെ  പുസ്തകങ്ങള്‍ക്ക് ശേഖര്‍ വില പറഞ്ഞു. എതെക്കൊയോ വാങ്ങിച്ചു. ഈ വഴിയുടെ  നീളവും  കസ്തൂര്‍ബ്ബാ  പാര്‍ക്കിലോട്ടുള്ള  വഴിയും  അന്നാണ് മനസ്സിലാകുന്നത്‌ .
പലപ്പോഴും അവര്‍ ബീച്ചില്‍ വെച്ച് കണ്ടുമുട്ടാന്‍ തുടങ്ങിയിരുന്നു. കടല്‍ കാറ്റിന്‍റെ തലോടല്‍, വല്ലാത്ത അനുഭവങ്ങള്‍ പകര്‍ന്നു നല്‍കി. ജീവിതത്തിന് പുതിയ മാനങ്ങളുണ്ടെന്നു  പഠിയ്ക്കാന്‍  തുടങ്ങുന്നതായി അവള്‍ക്കു തോന്നി .  ലളിതയില്‍ തുടര്‍ന്നുള്ള സായാഹ്നങ്ങളില്‍ ശേഖര്‍ ഒരു കുളിര്‍കാറ്റുപോലെ വീശാന്‍ തുടങ്ങി.
ഒരു ദിവസം താന്‍ തനിയെ  നടക്കുവാനിറങ്ങിയപ്പോള്‍ ചിരിച്ചു കളിച്ച് ശേഖര്‍ മറ്റൊരു സ്ത്രീയുമായി  നടക്കുന്നു . കണ്ണുകള്‍ അടയ്ക്കുപ്പോള്‍ വീണ്ടും വീണ്ടും   മനസ്സില്‍ ആ മുഖങ്ങള്‍  മായാതെ  തെളിഞ്ഞു കൊണ്ടിരുന്നു . പിന്നീട്  വിരക്തമായ  ദിവസങ്ങളായിരുന്നു. തന്നെ  തേടി വന്ന   ശേഖറിന്‍റെ  വിളികളില്‍ നിന്നും  ഒഴിഞ്ഞു മാറി . അല്ലെങ്കിലും  ഈ പുരുഷന്മാരെ എല്ലാം ഇങ്ങനെ വെറുതേ വിശ്വസിയ്ക്കാമോ എന്ന് ആരോ ചോദിച്ചു കൊണ്ടിരിയ്ക്കുന്നതായി തനിയ്ക്കു  തോന്നി . അതോടെ ലളിത ഏകാന്തതയുടെ അതിരുകള്‍ തേടി.

നിനക്ക് എന്താണ്  ഈയിടെയായി  ലൈബ്രറിയില്‍ ഒന്നും  പോകണ്ടേ?... ഒറ്റയ്ക്ക്  മുറിയിലോട്ട് കൂടു മാറ്റിയപ്പോള്‍ ഒരിയ്ക്കല്‍  അമ്മയാണ്  ചോദിച്ചത്.

പുതിയ പുസ്തകങ്ങളൊന്നും വരുന്നില്ല. ഇവിടെയുള്ളതൊക്കെ തന്നെ വായിച്ചു  തീര്‍ക്കാം. അതുകഴിഞ്ഞു  പോയാല്‍ പോരെ  .... അവള്‍ പറഞ്ഞു.
സ്ഥിരമായി വീട്ടിനകത്ത്  ഇരിപ്പ് തുടങ്ങിയപ്പോള്‍ അച്ഛന്‍  കണ്ടു പിടിച്ചതാണ്  വിവാഹം.

ഒരിയ്ക്കല്‍ എല്ലാവര്‍ക്കും ഒറ്റയ്ക്കുള്ള  ജീവിതം അവസാനിപ്പിയ്ക്കേണ്ടതായി വരും. അപ്പോള്‍  അല്പം നേരത്തെ വിവാഹം ആകുന്നതില്‍ എന്താണ്  തെറ്റ്?. അച്ഛന്‍  പറഞ്ഞു തുടങ്ങി .
ഇപ്പോള്‍ നിനക്ക് കാര്യമായ പഠന തിരക്കില്ല . 'വന്ന ഈ ആലോചന' ഒന്ന് നിനക്ക് നോക്കി കൂടെ ... എല്ലാം നിന്‍റെ  മാത്രം താല്പര്യത്തിനു വിട്ടും തരുന്നു .

ഒരു ബുധനാഴ്ച അച്ഛനൊപ്പം വന്നതായിരുന്നു ചന്ദ്രന്‍. ആ പരിചയപ്പെടല്‍ അച്ഛന്‍ ആഗ്രഹിച്ചതുപോലെ  അവസാനം വിവാഹത്തില്‍ തന്നെ കലാശിച്ചു . ശരിയ്ക്കും തനിയ്ക്ക് ഇഷ്ടമുണ്ടായിരുന്നോ? അവള്‍ വെറുതേ പുറകോട്ടു പോയി ചിന്തിച്ചു  നോക്കി. ഇഷ്ടം പലപ്പോഴും എത്തിച്ചേരുന്ന നിഗമനങ്ങളാണ്. ഒരു പുഞ്ചിരിയുടെ അര്‍ത്ഥം ചന്ദ്രന്‍ ലളിതയ്ക്കിഷ്ടപ്പെട്ട വ്യക്തിയാക്കി അച്ഛന്‍ തിരിച്ചറിഞ്ഞു. ഒരു ചോദ്യത്തിന് നല്‍കിയ മൌനം അവരെ ഒന്നിപ്പിച്ചു.

പ്രകടമായ പ്രായ വ്യത്യാസം കണ്ട്  അച്ഛനും മകളും ആണോ എന്നുപോലും ചിലര്‍ ചോദിച്ചു തുടങ്ങി. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ആരായിരുന്നു ആദ്യം ഒളിച്ചോടിയത്‌?

ഒരു വര്‍ഷത്തിനുള്ളില്‍ ചന്ദ്രന്‍ ഇവിടെയുണ്ടായിരുന്ന ജോലിയുപേക്ഷിച്ചു സിംഗപൂരിലോട്ടുതന്നെ തിരിച്ചുപോയി. തനിക്കുള്ള വിസ അയയ്ക്കാമെന്ന് പറഞ്ഞത്  രക്ഷപെടാനുള്ള പഴുതായി ചന്ദ്രന്‍ കണ്ടുപിടിച്ച മാര്‍ഗ്ഗമായിരുന്നു. അത് മനസ്സിലായത്‌ ഇടയ്ക്കിടയ്ക്ക് ഉണ്ടായിരുന്ന ഫോണ്‍  വിളിയും നിലച്ച പ്പോഴായിരുന്നു. അവസാനം  തന്‍റെ  ഫോണ്‍  വിളികള്‍ എടുക്കാതെയുമായി ചന്ദ്രന്‍.  ഒരൊളിച്ചോട്ടം. പിന്നീടയാള്‍  ലളിതയ്ക്കൊപ്പം നടന്നിട്ടില്ല. ലളിതയെ കണ്ടിട്ടില്ല. അവള്‍ക്കും ഒരകല്‍ച്ച ഉണ്ടായതുപോലെ. തുടര്‍ന്ന് ആ ബന്ധം മുറിഞ്ഞു.

അച്ഛന്‍ ആശ്വസിപ്പിച്ചത്‌ താന്‍ ഒറ്റയ്ക്ക്  ആയതിലുള്ള ബുദ്ധിമുട്ട് കൊണ്ടായിരുന്നില്ല. തന്‍റെ നിര്‍ബന്ധത്തിനു മുന്നില്‍ മകള്‍ വീണു പോയതിലുള്ള ദുഃഖം .   തെറ്റായ ഒരു തീരുമാനം എടുത്തതിലുള്ള  മനോവിഷമം താങ്ങാവുന്നതിലും അധികമായപ്പോള്‍ അച്ഛന്‍ യാത്രയായി. ഹൃദയാഘാതം. വളരെ താമസിയാതെ പെട്ടെന്നൊരു ദിവസം തണലായി ശേഷിച്ച അമ്മയും. ഒരാഴ്ചയോളം അമ്മ കിടപ്പിലായിരുന്നു. തന്നെ   തനിയെ  വിട്ടിട്ടു പോകുന്ന ദുഃഖം അവസാന ദിവസങ്ങളില്‍ അമ്മയെ വല്ലാതെ അലട്ടിയിരുന്നു. ബന്ധുക്കള്‍ ആശ്വസിപ്പിച്ചു കടന്നു പോയപ്പോള്‍  വിധിയെന്ന് പറഞ്ഞു നെടുവീര്‍പ്പിട്ടത്  ലളിതയെ തളര്‍ത്തിയില്ല .

പിന്നീടുള്ള നാളുകള്‍. ആദ്യമെല്ലാം അച്ഛന്‍റെയും അമ്മയുടെയും ബന്ധുക്കള്‍ വന്നും പോയുമിരുന്നു. പതിയെ എല്ലാവരും അവരവരിലേയ്ക്ക് തന്നെ  മടങ്ങി പോയി. തനിച്ചായപ്പോള്‍ ഒരു രാത്രി മുഴുവന്‍ കരഞ്ഞു. പിന്നെ മയങ്ങി. ഉണര്‍ന്നപ്പോള്‍ നേരം ഉച്ച കഴിഞ്ഞിരുന്നു. അച്ഛന്‍ ബാക്കി വെച്ചിട്ട് പോയ ബാങ്ക് ബാലന്‍സും സ്വന്തമായുള്ള വീടും. ലളിതയ്ക്കു സ്വന്തമായി ഒരു വഴി കൂടി തിരഞ്ഞെടുത്താല്‍ മതിയായിരുന്നു.

കുറച്ചുനാള്‍ ഒരു സ്കൂളില്‍ അദ്ധ്യാപികയായി ജോലി നോക്കി. എന്തു താല്പര്യത്തോടെയായിരുന്നു ലളിത ടീച്ചര്‍ കുട്ടികളെ പഠിപ്പിച്ചിരുന്നത്. ഓരോ കുട്ടിയിലും അവള്‍ ഭാവിയുടെ ചിത്രങ്ങള്‍ വ്യക്തമായി വരച്ചിടുവാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. കുട്ടികള്‍ നിഷ്കളങ്കതയുടെ അതിരുകള്‍ കടന്നെന്നുതോന്നിയപ്പോള്‍ അവിടം വിട്ടു. പിന്നീട് കുറച്ചുനാള്‍ പ്രകൃതി സ്നേഹം  കൊണ്ട് നടന്നു. ജീവജാലങ്ങള്‍, വൃക്ഷങ്ങള്‍ തുടങ്ങി മനുഷ്യര്‍ ഒഴികെയുള്ള എല്ലാ പ്രകൃതി വിഭവങ്ങളുടെയും മൊത്തം സംരക്ഷണം ഏറ്റെടുക്കുന്ന കൂട്ടരുമായി നാടു ചുറ്റി. സെമിനാറുകള്‍ നടത്തി. കരിഞ്ഞുണ ങ്ങിയ കണ്ടല്‍കാടുകള്‍ക്കു വേണ്ടി വിലപിച്ചു.  അവരവരുടെ നിലനില്പ് മാത്രമാണ് ഓരോ നാടകത്തിന്റെയും പുറകിലെന്ന് തിരിച്ചറിയാന്‍ ഏറെ താമസം ലളിതയ്ക്കു വേണ്ടി വന്നില്ല. എല്ലാം വെറും തരികിടകള്‍. ഒരു പേമാരിയേയും   വെള്ളപൊക്കത്തിനേയും  മറികടക്കാന്‍ ഒരു പ്രകൃതി സ്നേഹിയ്ക്കും കഴിയില്ല  എന്ന തിരിച്ചറിവ്. പതുക്കെ തന്നിലോട്ടു തന്നെ ഒതുങ്ങുകയായിരുന്നു. വായനയുടെ ലഹരി അവസാനം ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ എത്തിച്ചപ്പോള്‍ അടുത്ത പടിയായി സ്വാമിജിയുടെ ആശ്രമത്തില്‍ ഗീതാപഠനത്തിന് എത്തപ്പെടുകയായിരുന്നു.

ജീവിതം നീണ്ട ഒരു ഇടനാഴിപോലെ ലളിതയ്ക്ക്  തോന്നി. ചുറ്റിനും വെറും കാഴ്ചക്കാര്‍. താന്‍ ഒരിയ്ക്കലും പ്രതീക്ഷിയ്ക്കാത്ത  വഴികള്‍ പലപ്പോഴും മുന്നില്‍ തുറന്നു വരുന്നു. ആരോ മനപ്പൂര്‍വ്വം തന്നെ പല വഴികളിലൂടെ നടത്തുന്നതു  പോലെ.

ലളിത തിരക്കൊഴിഞ്ഞ കടപ്പുറത്തേയ്ക്കുള്ള വഴിയിലൂടെ നടന്നു.  സമയം അഞ്ചു മണി കഴിഞ്ഞിരുന്നു. ബീച്ചില്‍  തിരക്കുണ്ടായിരുന്നു. എത്രയോ കാലത്തെ പരിചയം കാണിച്ച് എവിടെനിന്നോ  ഒരു കാറ്റ് അവളുടെ ശരീരത്തെ ആകമാനം പൊതിഞ്ഞു. അവള്‍ പതിയെ തിരകളിലോട്ടിറങ്ങി. ഒരു പൂച്ചയെ പോലെ അവ അവളുടെ കാലുകളെ ഉരുമി തിരിച്ചു പോയി. വീണ്ടും  വീണ്ടും  ഓരോരോ  പൂച്ചകള്‍ സ്നേഹം പ്രകടിപ്പിച്ചു വന്നും പോയും ഇരുന്നു .

അവള്‍ കടപ്പുറത്തുകൂടെ നടന്നു. നൂറ്റാണ്ടുകളുടെ കഥ പറഞ്ഞ് കടല്‍പാലം  കടലിലോട്ടു കൈകള്‍ കുത്തി കിടക്കുന്നു. ലളിത  കടല്‍പാലത്തില്‍ കയറി. കടല്‍കാറ്റിലേയ്ക്ക്   കൈകള്‍ ഉയര്‍ത്തി വീശി. പിന്നീട്  കടല്‍ പാലത്തിലൂടെ ഉള്‍ക്കടലിലേയ്ക്ക് ഓരോ കാറ്റിനേയും ചുംബിച്ചു കൊണ്ട് മെല്ലെനടന്നു. ഇട യ്ക്കിടയ്ക്ക്  ചില തിരകള്‍ ഉയര്‍ന്നു പൊങ്ങി പാലത്തിന്റെ ഇരുമ്പു കാലുകളില്‍ തട്ടികളിച്ചു കൊണ്ടിരുന്നു. ഒരു സുഹൃത്തിനോടെന്നപോലെ ഒരു വലിയതിര  അവളുടെ  മുഖത്തേയ്ക്ക് വെള്ളം തട്ടി തെറുപ്പിച്ചു.

ലളിതയ്ക്ക് കടല്‍ വിളിയ്ക്കുന്നതായി തോന്നി. ഉള്‍ക്കടലിലെവിടെയോ  നിന്ന്  മറ്റൊരുതിര അവളെ ലക്ഷ്യമാക്കി പാഞ്ഞു വന്നു കൊണ്ടിരുന്നു. തിരകളൊഴിഞ്ഞ ഒരിടത്ത് കടല്‍പാലം തീര്‍ന്നു. ഹൃദയസ്പന്ദനം പോലെ  ഓളങ്ങള്‍ മാത്രം കടലില്‍. ലളിത ചുറ്റുപാടും നോക്കി. മുന്നില്‍ അനന്തമായ കടല്‍.  വിരിച്ചിട്ടിരുക്കുന്ന ഒരു നീല കിടക്ക പോലെ എത്ര  മനോഹരം. അവള്‍ കരയില്‍ നിന്നും വളരെ അകലെ എത്തിയിരിയ്ക്കുന്നു. ദൂരെ കടപ്പുറത്ത് ആളുകള്‍ ചെറുതായി ഉറുമ്പുകളെന്ന പോലെ കാണപ്പെട്ടു. അവ ജീവിതത്തിന്‍റെ പരക്കംപാച്ചിലില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിയ്ക്കുന്നതു പോലെ!. ഏകാന്തയുടെ വേലിയേറ്റം തിരകള്‍ക്കൊപ്പം അവളുടെ മനസ്സില്‍ ഉയര്‍ന്നു പൊങ്ങുന്നു. ഒരു കാറ്റ് കടലിലോട്ടു പിന്നെയും അവളെ വിളിച്ചു. അവള്‍ മടിക്കാതെ വീണ്ടും മുന്നോട്ടുതന്നെ നടന്നു. അതൊരു വീഴ്ചയായിരുന്നു. ഉള്‍കടലിലേയ്ക്ക് കാറ്റിനൊപ്പം ഒഴുകി. അവസാനം ഒരു തണുത്തകാറ്റ്  ജലശയ്യയില്‍ ലളിതയെ  തടവികൊണ്ടു  ആത്മാവിന്‍റെ  കഥ പറയാന്‍ തുടങ്ങി.
******************************************************************************************************

സെലന്തിനാ

ശ്രീനി പുസ്തകത്തിന്‍റെ  അവസാനപുറം ഒരിയ്ക്കല്‍കൂടി വായിച്ചുനോക്കി. വായിച്ചപുസ്തകങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു പര്യവസാനം. അയാള്‍ മുഖം ജനാലയ്ക്കപ്പുറം ബാല്‍ക്കണിയില്‍ കൂട്ടില്‍കിടക്കുന്ന  തത്തയിലേയ്ക്ക്   തിരിച്ചു. വെറുതെ ചിലയ്ക്കുന്ന പക്ഷി  കൂട്ടിലകപ്പെട്ടതിനിശേഷം എത്രമാത്രം മാറിയിരിയ്ക്കുന്നു. ശ്രീനി ഉറക്കെ "തത്തമ്മേ പൂച്ച പൂച്ച" എന്ന്ശബ്ദമുണ്ടാക്കി. തത്ത പതിവുശൈലിയില്‍ ബഹളം വെച്ചപ്പോള്‍ പുസ്തകത്തിന്‍റെ  പുറം ചട്ടയിലേയ്ക്കും പിന്നീട്  എഴുത്തുകാരനിലേയ്ക്കും അയാള്‍ തിരിച്ചെത്തി.

ഒരു തെരുവിന്‍റെ കഥ ഭംഗിയായി എഴുത്തുകാരന്‍ ആവിഷ്കരി ച്ചിരിയ്ക്കുന്നത്  അയാള്‍  ആദ്യമായാണ്  വായിക്കുന്നത്. നഗരം   ചുറ്റികറങ്ങുമ്പോള്‍ ഇങ്ങനെയും ഒരു പുസ്തകം ഒരെഴുത്തുകാരന്‍  എഴുതി യിരിയ്ക്കാമെന്ന്   അയാള്‍  വിചാരിച്ചിരുന്നതേയില്ല.

ഈ തെരുവിലെ തന്നെ   ഏതെങ്കിലും ഒരു ഹോട്ടലിലെ  മുറിയില്‍  ഇരുന്നായിരിയ്ക്കാം  പുസ്തകം  എഴുതിയിട്ടുള്ളത്  എന്നയാള്‍ക്ക് തോന്നി. മനപ്പൂര്‍വ്വം  മറ്റൊരു നഗരം ശ്രിഷ്ടിച്ച രചനാവൈഭവം ഈ നഗരത്തെ  കഥയില്‍നിന്നും മറച്ചുപിടിക്കുന്നു. ശ്രീനി അതിലെ പാളയംസ്ട്രീറ്റ്  ഇവിടത്തെ ശുക്ലാജിസ്ട്രീറ്റ് തന്നെയാവണം എന്ന് തിര്‍ച്ചപ്പെടുത്തി. നേരിട്ടിറങ്ങി പുസ്തകത്തില്‍പറയുന്ന  "ബില്‍ഡിംഗ് നമ്പര്‍ 6" ലെ "സെലനെ" അന്വേഷിയ്ക്കുവാന്‍  പുറപ്പെട്ടാലോ?. ആറ്  അല്ലെങ്കില്‍ ഒമ്പത്. സെലന്‍ അല്ലെങ്കില്‍  ഏതെങ്കിലും സമാനതയുള്ള  മറ്റൊരുപേര്. അന്നത്തെ  ദിവസം അതിനായിതന്നെ മാറ്റിവെയ്ക്കാന്‍  ശ്രീനി  തീരുമാനിച്ചു. കുളിയും മറ്റുജോലികളും  കഴിഞ്ഞ്   തേച്ചെടുത്ത വേഷങ്ങളില്‍ ഒളിച്ച്‌  രാവിലെ തന്നെ പുറത്തിറങ്ങി.
ചുണ്ടുകളില്‍ അമിതനിറം പൂശി വര്‍ണ്ണപകിട്ടേറിയ ഇറുകിയ വസ്ത്രങ്ങള്‍ ചുറ്റി തെരുവ് പെണ്ണുങ്ങള്‍ വശങ്ങളിലുള്ള കെട്ടിടങ്ങളുടെ വാതില്ക്കല്‍ ഇരുപ്പുതുടങ്ങിയിരുന്നു. അവരുടെ മുഖങ്ങള്‍  നിറം മങ്ങിയ കൊന്നപൂക്കളെ പോലെ   വിളറി വെളുത്തിരിയ്ക്കുന്നു. രാവും പകലും ആര്‍ക്കെക്കെയോ വേണ്ടി ചിരിച്ചു നില്‍ക്കാന്‍  വിധിയ്ക്കപ്പെട്ടവര്‍.

ശ്രീനി അയാളുടെ പതിവുചിട്ടകള്‍ മറികടന്നു. വഴിയില്‍കണ്ട തട്ടുകടയില്‍ നിന്നും ഒരുചായയും ഒരുസിഗരറ്റും വാങ്ങി. അയാള്‍ പുകവിട്ടുകൊണ്ട് ചായയൂതി.  തലേന്ന് കുറിച്ചിട്ട സ്ഥലങ്ങളുടെ ലിസ്റ്റ് പുറത്തെടുത്തു. തുടര്‍ന്ന്  മിനര്‍വ്വാ തീയേറ്ററിന്‍റെ  എതിരെയുള്ള റോഡിലൂടെ നടത്തം തുടങ്ങി.  ഇടയ്ക്ക് ചിലര്‍ വന്ന്  സാര്‍ എന്ന് നീട്ടിവിളിച്ചു കൊണ്ടിരുന്നു. കൂട്ടത്തില്‍ ഒരു പതിനാറുകാരിയും. അയാളുടെ  കണ്ണുകള്‍ അപ്പോഴും  "ബില്‍ഡിംഗ് നമ്പര്‍ 6" തിരയുകയായിരുന്നു.
തെരുവ്  വളര്‍ച്ച എത്തിയ ഒരു യക്ഷിയെപോലെ അയാള്‍ക്ക്‌ തോന്നി. തെരുവിന്‍റെ  ഇരുപുറവും   വാതിലുകള്‍ക്ക്  മുന്നില്‍  മുല്ലപ്പൂക്കള്‍ചൂടിയ പെണ്‍മലരുകള്‍  ഓരോ വഴിപോക്കനെയും മാടിവിളിച്ചു കൊണ്ടിരുന്നു. വെറുതെ ചുറ്റിതിരിയുവാന്‍  പറ്റിയ ഇടമേയല്ല ഇവിടം  എന്നതോന്നല്‍ ശ്രീനിയെ അമ്പരിപ്പിച്ചു. അയാള്‍ക്കൊപ്പം ആരെല്ലാമോ പുറകേകൂടി. അകലെകണ്ട ഒരു കോഫീഹൌസിനെ  നോക്കി  അയാള്‍ നടത്തത്തിനു വേഗം കൂട്ടി. തിരിഞ്ഞു നോക്കിയപ്പോള്‍  അയാളെ വലംവെയ്ക്കാന്‍  എത്തിയവര്‍ മറ്റാരെയോ പൊതിഞ്ഞ് എങ്ങോട്ടോ കൂട്ടികൊണ്ടുപോകുന്ന കാഴ്ചയാണ്  കണ്ടത് .

തന്‍റെ  അനാവശ്യമായ അന്വേഷണങ്ങള്‍ നിര്‍ത്തി  തിരിച്ചു പോയാലോയെന്ന് അയാള്‍ക്ക്‌ തോന്നി.  കോഫീഹൌസില്‍ കയറി ഒരു  കോഫീയും വടാപാവും പറഞ്ഞ് ഒരു കസേരയില്‍ അയാള്‍ സ്ഥാനംപിടിച്ചു. ടേബിള്‍  തുടയ്ക്കാന്‍വന്ന പയ്യനോട് ശ്രീനി "ബില്‍ഡിഗ്  നമ്പര്‍- 6" അന്വേഷിച്ചു . അവന്‍  ഒരു വളിച്ചചിരി ചിരിച്ചു. പിന്നീട് വഴി  പറഞ്ഞുകൊടുത്തു. "ഡിംബിള്‍  അപാര്‍ട്ട്മെന്‍റ്-6" ആയിരിയ്ക്കും  എന്നു തിരുത്തി. അവന്‍ അടുത്ത ടേബിളിലോട്ടു പോയി. ശ്രീനി അവനെ വിളിച്ചു . ഇവിടെ അടുത്ത്  "സെലിന്‍ ടാക്കീസ്" ഉണ്ടോ  എന്നുതിരക്കി. അവന്‍ തലയാട്ടി. 11 മണിയ്ക്കേ മോര്‍ണിംഗ്ഷോ  തുടങ്ങുള്ളൂ  എന്നോര്‍മ്മിപ്പിച്ചു. ടിക്കറ്റ്  വേണമെങ്കില്‍ രണ്ടെണ്ണം  എടുത്തു തരാം  എന്നവന്‍  കൂട്ടിച്ചേര്‍ത്തു.
രണ്ടെണ്ണം!. തനിയ്ക്കെന്തിനാ  രണ്ടെണ്ണം? 

അവന്‍  വീണ്ടുംചിരിച്ചു. കൂടെ നല്ല ഒരു പെണ്ണ് തന്നെ ഉണ്ടാകും സിനിമാ കാണാന്‍. ഒറ്റയ്ക്കാരും അവിടെ സിനിമാകാണില്ലെന്നും  അവന്‍  പറഞ്ഞു .

വടാപാവും കോഫീയും എത്തി.

ടിക്കറ്റ് മോര്‍ണിംഗ്ഷോയ്ക്കുള്ളത് എടുപ്പിയ്ക്കട്ടെ?  സപ്ലേചെയ്തിരുന്ന  പയ്യന്‍ ചോദിച്ചു .  തുടര്‍ന്നവന്‍  ടിക്കറ്റ് ചാര്‍ജ്ജുകള്‍ പറയുവാന്‍ തുടങ്ങി.
തന്‍റെ മുന്നില്‍ വിശാലമായ  ഒരു സിനിമാഹാള്‍തന്നെ അയാള്‍  അപ്പോള്‍ കാണാന്‍  തുടങ്ങി. നായകനും നായികയും പാട്ടും പാടി  കാടുകള്‍ക്കിടയില്‍ നിന്ന്  ഇറങ്ങിവരുന്നു. വെള്ളിത്തിരയുടെ  മാറാലപിടിച്ച  ഇടങ്ങളില്‍  അവര്‍  പെട്ടെന്ന് അപ്രത്യക്ഷമാകുന്നു. എവിടെയോ നിന്ന് ഒരു വിസില്‍നാദം കേള്‍ക്കുന്നു. നായിക  മുഖം മറച്ചുപിടിച്ചുകൊണ്ട്  നായകനു  പിന്നില്‍ ഒതുങ്ങി  നില്‍കുന്നു. നായകന്‍റെ  കൈ വിലങ്ങില്‍  ഒരു പൊലീസുകാരന്‍  പിടിമുറുക്കി നായികയോടൊപ്പം നടന്നു നീങ്ങുന്നു. റോഡിനിരുപുറവും കാഴ്ചക്കാരായി  നിറയെ വഴി യാത്രക്കാര്‍.
250 രൂപയ്ക്ക്  രണ്ടുടിക്കറ്റ് . ഉള്ളതില്‍ നല്ലതാണ്. സിനിമാ തുടങ്ങുമ്പോള്‍ കൂടെയുണ്ടാകും. ചിരിച്ചിട്ട് ടിക്കറ്റും ബില്ലും വെച്ച് അവന്‍പോയി. ശ്രീനി 20 രൂപ  പയ്യന് ടിപ്പും നല്‍ക്കി  അവിടെ നിന്നും പുറത്തിറങ്ങി.
പുസ്തകത്തിലെ  അഞ്ചാമത്തെ  അദ്ധ്യായത്തില്‍ വിവരിച്ചിരിയ്ക്കുന്നത്    അന്വേഷിയ്ക്കാതെ തന്നെ ഒരു കോഫിയിലൂടെ  സത്യമായിരിയ്ക്കുന്നു.  അയാള്‍ക്ക്   തന്‍റെ  സംശയങ്ങള്‍ ശരിയാകുന്നതായി  തോന്നിതുടങ്ങി.
പുറത്തിറങ്ങിയപ്പോള്‍ എന്തെന്നില്ലാത്ത അത്മധൈര്യം  കൈവന്നതുപോലെ. ഇനിയും 11 മണിയാകാന്‍ ഒരു മണിക്കൂര്‍ ബാക്കിയുണ്ട്. ഒരു വട്ടംകൂടി തെരുവ് ചുറ്റിനടന്നു കാണുവാന്‍ ശ്രീനി തീരുമാനിച്ചു.  
ഓരോരോ  ലൈനുകളായി  തിരിക്കപ്പെട്ടിരിയ്ക്കുന്ന തെരുവ്. കൃത്യമായ വഴി അറിയാവുന്നവര്‍ അവരവരുടെ വഴികളിലൂടെ തന്നെ നടക്കുന്നു. എവിടെയും കച്ചവടത്തിന്‍റെ  പലവിധ മുഖങ്ങള്‍ കാണുവാന്‍ സാധിയ്ക്കും. ഇത്രയധികം മനുഷ്യര്‍ വെറുംമൃഗങ്ങളെ പോലെ  ഓരോ തെരുവുകളിലും ജീവിച്ചു കൊഴിഞ്ഞുപോകുന്നു. ഇങ്ങനെ എത്രയെത്ര  തെരുവുകള്‍ ഈ ലോകത്ത്‌ ഉണ്ടാകും!. ചിരിച്ചും കളിച്ചും ഇക്കിളിപ്പെടുത്തുന്ന ജീവികള്‍ ഒരു സമൂഹത്തിന്‍റെതന്നെ അവജ്ഞയും വേദനയും പേറി  അറിയാതെ ജീവിയ്ക്കുകയാകും. എല്ലാ മുഖങ്ങളിലും വ്യക്തമാകുന്നത്  കച്ചവടത്തിന്‍റെ മാത്രം  പരിചയം. ഇന്നത്തെ ആദ്യത്തെ കസ്റ്റമര്‍ അയാള്‍  തന്നെ ആണെന്ന്  കാണുന്ന  ഓരോ മുഖങ്ങളും അയാളോട് വിളിച്ചു  പറയുന്നതായി  ശ്രീനിയ്ക്ക്  തോന്നി.

എട്ടാമത്തെ  ലൈനിന്‍റെ തിരിവില്‍ എത്തിയപ്പോള്‍ ശ്രീനി ഡിംപിള്‍ അപാര്‍ട്ട്മെന്റിന്‍റെ  പഴകിതുടങ്ങിയ പേരെഴുതിയ ബോര്‍ഡ് ദൂരെകണ്ടു. അയാള്‍ അങ്ങോട്ടു നടന്നു. ഓരോനമ്പരും ഓരോ കവാടമാണ്. ഒന്നാമത്തെ കവാടത്തില്‍ കുറേ ട്രാവല്‍ ഏജന്സികളുടെ ബോര്‍ഡുകള്‍. രണ്ടാമത്തെ കവാടം ടൂവീലെര്‍ സ്പെയര്‍ പാര്‍ട്ടുകള്‍ വില്‍ക്കുന്ന കടകളാല്‍  നിറഞ്ഞിരിയ്ക്കുന്നു. അയാള്‍ അറാമത്തെ  കവാടം  തിരഞ്ഞു. അല്പം ഉള്ളിലേയ്ക്ക് കടന്ന് പൊതുവേ ശാന്തമായ  ഒരിടം. എല്ലാം താമസ സ്ഥലം ആണെന്ന്  തോന്നി. വീടിന്‍റെ വാതിലുകള്‍ അടച്ചിട്ടിരിയ്ക്കുന്നതായി കാണപ്പെട്ടു. ഇടയ്ക്കിടയ്ക്ക് ചിലര്‍ കയറിപോകുന്നതൊഴിച്ചാല്‍ മറ്റൊരു പ്രത്യേകതയും  അവിടെ അയാള്‍ കണ്ടില്ലായിരുന്നു.
 "സെലന്‍" എന്ന് പേരുള്ള ആരെങ്കിലും ഇവിടെ ഉണ്ടാകുമോ ? 
തെരുവില്‍കണ്ട ഒരു കുട്ടിയോട് ശ്രീനി സെലനെപറ്റി  അന്വേഷിച്ചു. അവന്‍ അടുത്ത ടാക്കീസ്  ചൂണ്ടികാട്ടി.
സെലന്‍  ഗയിത്തുണ്ടെ  . അയാള്‍ മുഴുവന്‍പേര്  വെറുതേ പറഞ്ഞു നോക്കി 
അവന്‍ കൈമലര്‍ത്തി  കാട്ടി
സെലന്‍  ഗെയ്ക്കുവാര്‍ഡ്‌ . അയാള്‍ പേരു മാറ്റി  മാറ്റി പറഞ്ഞു നോക്കി
അവന്‍ ചിരിച്ചു. ചിരിച്ചു നിന്നതൊഴിച്ചാല്‍ മറ്റൊരു  ഉത്തരവും   ആ ചോദ്യങ്ങളില്‍  നിന്നും അയാള്‍ക്ക് കിട്ടിയില്ല .

അയാള്‍  വീണ്ടും  മുന്നോട്ടു തന്നെ നടന്നു.
"സിസില ബ്യൂട്ടി പാര്‍ലര്‍" എന്നൊരു ബോര്‍ഡ്  ശ്രീനിയുടെ കണ്ണില്‍പ്പെട്ടു.  സെലന്‍  എന്നത് എഴുത്തുകാരന്‍ ബോധപൂര്‍വ്വം മാറ്റി  പറഞ്ഞ   സിസില ആകാനുള്ള സാധ്യതയെ പറ്റി  ശ്രീനി ആലോചിച്ചു. കുറിച്ചിട്ടിരുന്ന  പുസ്തകത്തിലെ  വാചകങ്ങള്‍ പോക്കറ്റില്‍നിന്നും പുറത്തെടുത്ത്  ഒരു വട്ടം  വായിച്ചു. 
"സെലന്‍,  അവള്‍ മുറിയ്ക്കുള്ളിലോട്ടു കടന്നതും പുറത്തേയ്ക്കുള്ള അവളുടെ വഴികള്‍ ആ ബ്യൂട്ടിപാര്‍ലര്‍ ഓരോന്നായി അടച്ചു കൊണ്ടിരുന്നു" .
കഥ തീര്‍ന്ന  സൂചനകള്‍ വായനക്കാരനില്‍ എത്തുംമുമ്പേ തിര്‍ന്നുപോയ ദുഃഖം എഴുത്തുകാരന്‍ ബാക്കിവെച്ചിട്ട്‌ "തെരുവിന്‍റെ കഥ"  അവസാനിപ്പി ച്ചിരിയ്ക്കുന്നു.  ആ ബ്യൂട്ടിപാര്‍ലറില്‍  കുടുങ്ങിയത്  "സിസില ബ്യൂട്ടി പാര്‍ല" റില്‍ എത്തിയ ആരെങ്കിലും ആണോ എന്നറിയുവാന്‍ ഒരു ശ്രമം  നടത്താന്‍  ശ്രീനി  പാര്‍ലറിലേയ്ക്ക്  കയറി.
"ഫുള്‍ ബോഡി മസ്സാജ്" . അയാള്‍ ചാര്‍ജ്ജുകള്‍ തിരക്കി. 
രണ്ടുമണിക്കൂര്‍ കഴിഞ്ഞേ തരപ്പെടുള്ളൂ.  വേണമെങ്കില്‍ പേരു രജിസ്റ്റര്‍ ചെയ്യാം.  കൌണ്ടറില്‍ ഇരുന്നയാള്‍ ചാര്‍ജ്ജുകള്‍ പറഞ്ഞു.
ആരെല്ലാമാണ്  ഇന്ന്‍ ഡൂട്ടിയില്‍ ഉള്ളത്. ഒരു സ്ഥിരം സന്ദര്‍ശകനെപോലെ അയാള്‍ ചോദിച്ചു.
 പെട്ടെന്ന്  എവിടെയോ ഒളിപ്പിച്ചു വെച്ച  ഒരു ബ്രോഷര്‍ അയാള്‍ പുറത്തെടുത്തു ശ്രീനിയ്ക്ക് നേരെ നീട്ടി 
ഇതില്‍ എല്ലാവരുടെയും  വിവരങ്ങള്‍ ഉണ്ട് . നോക്കി പറയൂ. ലഭ്യത പറയാം 
അയാള്‍ അതിലുള്ള   ഒരോരുത്തരെയായി വായിച്ചു കൊണ്ടിരുന്നു.   അതില്‍ "സെലന്തിന- 18, വൈറ്റ്, സ്ലിം" എന്നെഴുതിയിരിയ്ക്കുന്നത് അയാള്‍ കണ്ടു . 

ഈ സെലന്തിനയാണോ യഥാര്‍ത്ഥത്തില്‍ സെലന്‍?.

അടയാളങ്ങള്‍ ബാക്കിവെച്ച്  എഴുതിപോകുന്ന എഴുത്തുകാരന്‍. കഥ മനസ്സിലാക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ എന്തൊക്കെയോ   ഓരോന്നായി  തെളിഞ്ഞു വരുന്നത് പോലെ ശ്രീനിയ്ക്കു  തോന്നി  .

സെലന്തിനയെ പറ്റി  ചോദിച്ചപ്പോള്‍  സെലന്തിനായുടെ  ഫോട്ടോയും കാണിച്ചു .

സെലന്തിനായ്ക്ക് വേണ്ടി  12 മണിയ്ക്കുള്ള സെഷന്  തയ്യാറായി കൊള്ളാന്‍ ശ്രീനിയോട്  കൌണ്ടറില്‍ ഇരുന്നയാള്‍ പറഞ്ഞു. കൂട്ടത്തില്‍ അധികം വരുന്ന ചാര്‍ജ്ജും.

എന്താണപ്പോള്‍ ഒരു പാര്‍ലര്‍കൊണ്ട്  അര്‍ത്ഥമാക്കുന്നത്. മുഖ സൌന്ദര്യത്തിനുപരി ആത്മസംതൃപ്തിയും  നല്‍കുന്നതായി പാര്‍ലറുകള്‍ വളര്‍ന്നിരിയ്ക്കുന്നു. ഒരു സ്വര്‍ഗ്ഗം  വിരല്‍ തുമ്പില്‍. എട്ടാമത്തെ  അദ്ധ്യായത്തിലെ  ചെകുത്താന്‍  സൂക്ഷിയ്ക്കുന്ന സ്വര്‍ഗ്ഗം  അതൊരുപക്ഷേ  ഇതായിരിയ്ക്കും. എഴുത്തുകാരന്‍  കയറിപോകുന്ന ഇടുങ്ങിയ കവാടം ഇവിടെ  എവിടെയെങ്കിലും  ആയിരിയ്ക്കും. അയാള്‍ സ്വര്‍ഗ്ഗത്തില്‍  വെച്ച് പരിചയപ്പെട്ട സെലിന്‍ അത് സെലന്തിനാ തന്നെയായിരിയ്ക്കും. ഒരു തത്തയെപ്പോലെ  കൂട്ടിലടയ്ക്കപ്പെട്ട്  കാണികളെ രസിപ്പിയ്ക്കുന്നവള്‍. പുറത്തിറങ്ങാനാവാത്തവിധം ബന്ധിത. എവിടെ നിന്നോ പറന്നു വന്ന് വലയില്‍ കുടിങ്ങിയവള്‍.

 11 മണിയുടെ സിനിമാകാഴ്ച ശ്രീനി  വേണ്ടെന്നുവെച്ചു. പണമെണ്ണികൊടുത്ത്  സെലനു വേണ്ടി കാത്തിരുന്നു .

ആരൊക്കെയോ  വരുകയും  പോകുകയും ചെയ്യുന്നു. അധികവും പുരുഷന്മാര്‍. അണിഞ്ഞൊരുങ്ങിയ  സ്ത്രീകള്‍ മാത്രമേ അവിടെ  വന്നിരുന്നുള്ളു. വന്നപാടെ പുഞ്ചിരിച്ച്  അകത്തെവിടെയോ പോയി മറഞ്ഞു.  അയാള്‍ക്കൊപ്പം  രണ്ടുപേര്‍ കൂടി കാത്തിരിയ്ക്കുന്നുണ്ടായിരുന്നു. ഇരുവരും 40 കഴിഞ്ഞവര്‍.  അധികം താമസിയാതെ  അതിലൊരാളെ അകത്തേയ്ക്ക് പോകാന്‍ അനുവദിച്ചു.

ശ്രീനിയ്ക്കു  തോന്നി 'താന്‍  ഒന്നുമറിയാത്ത ഒരു തുടക്കക്കാരന്‍'. ആരാകും ഈ സെലന്തിനാ? എങ്ങനെ പരിചയപ്പെടണം. എന്തൊക്കെ ചോദിയ്ക്കണം? ഏതൊക്കെ  വിഷയം  സംസാരത്തില്‍ കൊണ്ടുവരാം!. വെറുതേ  തിരഞ്ഞെടുത്ത  പേരിലുപരി താന്‍ അന്വേഷിച്ചുവന്ന  പേരുമായുള്ള സാമ്യം, അതായിരുന്നു അയാള്‍ക്ക് അറിയേണ്ടിയിരുന്നത് .

രണ്ടു മധ്യവയസ്കകളായ സ്ത്രീകള്‍ ശ്രീനിയെ വിളിച്ചുകൊണ്ട് അകത്തേയ്ക്ക് പോയി . അയാള്‍ കടന്നുപോകുന്ന ഇടനാഴിയുടെ ഇരുപുറവും  ഹോട്ടല്‍  മുറികളെപോലെ തോന്നിച്ചു. ചില മുറികള്‍ കടന്നായിരുന്നു ഉള്ളിലോട്ടു പോയികൊണ്ടിരുന്നത് . 
ഈ മുറിയില്‍ നിങ്ങള്‍ക്ക്  ഇവിടത്തെ വസ്ത്രം ധരിയ്ക്കാം. നിങ്ങളുടെ വസ്ത്രവും  മറ്റുസാധനങ്ങളും അവിടെയുള്ള ലോക്കറില്‍ സുരക്ഷിതമായിരിയ്ക്കും.     അവരില്‍  ഒരാള്‍ പറഞ്ഞു .

ശ്രീനി ചിരിച്ചു . അവരില്‍ പ്രായം  കുറഞ്ഞ സ്ത്രീ  അയാളുടെ കവിളില്‍ നുള്ളി.

സെലന്തിനാ ... അയാള്‍ ചോദിച്ചു

എന്താ  ഞാന്‍ പോരെ ..  വീണ്ടും ചിരിച്ചിട്ട്‌  അവള്‍ പുറത്തേയ്ക്ക് പോയി 

ശ്രീനി അയാളുടെ വേഷം മാറി. വസ്ത്രവും മറ്റു സാധനങ്ങളും ലോക്കറില്‍ സൂക്ഷിച്ചു. തുടര്‍ന്ന്  വെളിച്ചം മങ്ങിയ മറ്റൊരു മുറിയിലേയ്ക്ക് മുമ്പുകണ്ട സ്ത്രീകളാല്‍ ആനയിക്കപ്പെട്ടു. കിടക്കുവാന്‍ തരത്തില്‍ ഒരു കട്ടിലും അരികില്‍ ഒരു ഈസി ചെയറും. പിന്നെ വേറെ എന്തൊക്കെയോ കൂടി അവിടെ ഉള്ളതായി അയാളുടെ ശ്രദ്ധയില്‍ പെട്ടു.

കൂടെ വന്ന രണ്ടു സ്ത്രീകളും മുറിയില്‍ നിന്നും പുറത്തേയ്ക്കുപോയി.  ഒരു നിമിഷം അയാള്‍ ഒന്നുപകച്ചു. ഇനി എന്താകും അടുത്തഘട്ടം. നിമിഷങ്ങള്‍ മുറിയില്‍ നിലാവെളിച്ചം പോലെ ഒഴുകിനടക്കുന്നതായി അയാള്‍ക്ക്‌ തോന്നി. പെട്ടെന്നിറങ്ങി പോകാന്‍ കഴിയാത്തവിധം  തന്നെ ചുവന്ന മേഘങ്ങള്‍ ക്കിടയില്‍ തളച്ചിരിയ്ക്കുന്നു. ഈയൊരു അവസ്ഥ എഴുത്തുകാരന്‍ മനപ്പൂര്‍വ്വം എഴുതാതിരുന്നതാണോ? ഒരുപക്ഷെ ഇത്തരം ഒരുപരീക്ഷണത്തില്‍ അയാള്‍ അകപ്പെട്ടില്ലായിരിയ്ക്കാം.    അല്ലെങ്കില്‍  അവസാനത്തെ വാചകം മറ്റൊരു രൂപത്തില്‍ എഴുതി തീര്‍ത്തേനെ.

ഹായ് .. സോറി . വൈകിയില്ലല്ലോ?

ശ്രീനി പുസ്തകത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് എടുത്തെറിഞ്ഞപോലെ. അയാള്‍ പതറി. മുന്നില്‍ ഒരു പതിനെട്ടുകാരി.

ഇതു തന്നെയാകും സെലന്‍. സ്വന്തം വിധിയ്ക്കുമുന്നില്‍ അടഞ്ഞവാതിലുകളില്‍ അഭയം കണ്ടെത്തിയ സുന്ദരി

അവളുടെ കൈകള്‍ ശ്രീനിയുടെ വലതു കൈയ്യില്‍ ഒരു പൂമ്പാറ്റയെപോലെ പറന്നിറങ്ങി. അയാള്‍ പേടിച്ച്  കൈവലിച്ചു. പിന്നീട് അയാള്‍  ആ മധുര പതിനെട്ടുകാരിയുടെ  മുഖത്തു  നോക്കി ചിരിച്ചു.

ഞാന്‍ സെലന്തിന.   നേര്‍ത്ത വസ്ത്രങ്ങള്‍ക്കിടയിലൂടെ അംഗലാവണ്യം  കാട്ടി  അവള്‍ പരിചയപ്പെടുത്തി.  മെല്ലെ അവള്‍ അയാളുടെ വസ്ത്രങ്ങള്‍  അഴിയ്ക്കാനായി  മുന്നോട്ട്  ചാഞ്ഞു.  ഒരു ചെറുചിരിയോടെ അവള്‍ അയാളുടെ മേല്‍വസ്ത്രം അഴിച്ചുമാറ്റി. തുടര്‍ന്ന് അയാളെ കട്ടിലിലോട്ടു മലര്‍ത്തിക്കിടത്തി. എവിടെയെല്ലാമോ  അയാള്‍ക്ക്‌ ഇക്കിളിപ്പെട്ടു.    ധൃതിയില്‍ ശ്രീനി കൈകള്‍ പുക്കിളിനു  താഴെപിടിച്ചു. കണ്ണുകള്‍ അവളുടെ മുഖത്തേയ്ക്കും അവിടെ നിന്ന്‍  താഴേയ്ക്കും അയാള്‍ പായിച്ചു.  വല്ലാത്ത ഒരു ദാഹം അയാളെ പിടികൂടി. 

അവള്‍ തിരിഞ്ഞ്  ഒലിവ്  ഓയില്‍ ഇരുന്ന കുപ്പിയും  പരന്നൊരു പാത്രവും എടുത്തപ്പോള്‍  അയാള്‍ അവിടെ വരാനുണ്ടായ കാരണത്തിലോട്ട്  വഴുതി വീണു.
പതിനാലാമത്തെ  അദ്ധ്യായം  വിവരിയ്ക്കുന്നത്‌  ഒരു പാവം  പെണ്‍കുട്ടിയുടെ ദയനീയമായ ജീവിതമാണ്. അവളുടെ ചുമലുകളിലെ തള്ളിനിന്ന എല്ലുകളില്‍ അയാള്‍ അന്നേരം തളര്‍ന്നു പഞ്ഞികെട്ടുമായി പുഴ നിന്തി കടക്കുവാന്‍ പ്രയാസപ്പെടുന്ന ഒരു  വളര്‍ത്തു മൃഗത്തിന്‍റെ  ദയനീയാവസ്ഥ വായിച്ചെടുത്തു . സ്ഥലകാലബോധം  വന്നപോലെ. അയാള്‍ പേടിച്ചു വിറയ്ക്കാന്‍ തുടങ്ങി. അയാള്‍ പെട്ടെന്നെഴുന്നേറ്റ്   വസ്ത്രങ്ങള്‍  വാരിപുതച്ചു. 


എന്തു  ചെയ്യേണ്ടതെന്നറിയാതെ  ഒരുനിമിഷം സെലന്തിനാ  പകച്ചുനിന്നു. ശ്രീനി വാക്കുകള്‍ കിട്ടാതെ  ആംഗ്യം കാണിച്ച്  അവളെ അടുത്തേയ്ക്ക്  വിളിച്ചു. കണ്ണുകള്‍ കൊണ്ടും കൈകള്‍ കൊണ്ടും  ഇനി കൂടുതലൊന്നും എടുക്കേണ്ടെന്ന്‍ അപേക്ഷിയ്ക്കാന്‍ തുടങ്ങി. അവള്‍ അയാളെ പിടിച്ച്  കസേരയില്‍ ഇരുത്തി. ഒരു കുപ്പിയിലിരുന്ന വെള്ളം കുടിയ്ക്കുവാന്‍ കൊടുത്തു. മടവീണ പാടവരമ്പുപോലെ  അത് മുഴുവന്‍ അയാളിലോട്ട് ഒഴുകി തീര്‍ന്നു. മറ്റൊരു കുപ്പികൂടി വേഗം ഒഴിഞ്ഞു. അയാള്‍ നേരെ  വാഷ് ബേസിനിലോട്ട് കുനിഞ്ഞു കിടന്നു. ഒരു വെള്ളപാച്ചിലില്‍. അയാളുടെ മുഖവും പിടലിയും നനഞ്ഞൊലിച്ചു. രണ്ടുകൈയ്യും കൊണ്ട്  അയാളെതാങ്ങി  സെലന്തിനാ കിടക്കയിലിരുത്തി.

ശ്രീനി അയാളുടെ കൈകള്‍ രണ്ടും  കട്ടിലിലൂന്നി  മുഖംതാഴ്ത്തി  കിതയ്ക്കാന്‍ തുടങ്ങി .

എന്തെങ്കിലും പ്രോബ്ലം. 

അവള്‍ വേഗം  വാതിലകത്തു നിന്നും പൂട്ടി. 

നിശബ്ദതയ്ക്കും പരിഭ്രാന്തിയ്ക്കും ഇടയില്‍പെട്ട് തുടര്‍ന്നുള്ള നിമിഷങ്ങള്‍  നിലച്ചുപോയി.

അയാള്‍ അവളുടെ മുഖത്തേയ്ക്ക്  തീഷ്ണമായി നോക്കാന്‍ തുടങ്ങി. ചുളുങ്ങിപോയ  കവിള്‍തടങ്ങള്‍. നീണ്ടുസുന്ദരമായ മൂക്ക്. വിശാലമായ നെറ്റി ത്തടം. തിളക്കമുള്ളതും വശീകരണ ശക്തിയുള്ളതുമായ കണ്ണുകള്‍. എവിടെയോ  കണ്ടു മറന്നമുഖം ഒരു ക്യാന്‍വാസില്‍ കാണുന്നതുപോലെ അയാള്‍ക്ക്‌ തോന്നി. വിയര്‍പ്പില്‍  നെറ്റിത്തടത്തിലൂടെ  ഒലിച്ചിറങ്ങുന്ന നിറങ്ങള്‍. കീഴ്താടിയുടെ  ഭാഗത്ത്‌  ബ്രഷ്  കൂടുതല്‍  അമര്‍ത്തി  തേച്ചതുപോലെ. ചുണ്ടുകള്‍ മെല്ലെ അയാളെ നോക്കി  അനങ്ങുന്നത് പോലെ. ജീവന്‍ തുളുമ്പുന്ന ജലചായകൂട്ട് അയാളോട്  സംസാരിയ്ക്കാന്‍ തുടങ്ങുന്നതുപോലെ .

ബഹളം കൂട്ടരുത്. അവള്‍ പെട്ടെന്ന്   തൊഴുകൈയ്യുമായി  മുന്നില്‍ മുട്ടു  കുത്തി. കവിളില്‍ കണ്ണീര്‍ചാലുകള്‍ ഒഴുകി നിന്നതിന്‍റെ നിറവ്യത്യാസം ആ  മുഖത്ത് അയാള്‍ അടുത്തു കണ്ടു.

പ്രസരിപ്പിനുള്ളില്‍ ഒളിച്ചു വെയ്ക്കപ്പെട്ട വേദനകള്‍ ഓരോന്നായി അവളുടെ ചുണ്ടില്‍നിന്നും പുറത്തേയ്ക്ക്  വീണു തുടങ്ങി. ഒരു നുണകഥ പോലെ അയാളിലൂടെ അവ ഓരോന്നും കടന്നു പോയി.

എന്നെ  ഇനിയും ഉപദ്രവിയ്ക്കാനായി ബഹളം വെയ്ക്കരുത്. രണ്ടു കയ്യും കൊണ്ട്  അവള്‍  കണ്ണുനീര്‍ തുടച്ചു. അതൊരു  അപേക്ഷ പോലെ അയാള്‍ക്ക്‌ തോന്നി.

ശ്രീനി എന്ത് ചെയ്യണമെന്നറിയാതെ ചുറ്റുപാടും നോക്കി. തുടര്‍ന്ന്‍  അവളെ മെല്ലെ  കട്ടിലില്‍  ഇരുത്തി . വലതു കൈ കൊണ്ടു  അവളുടെ കണ്ണീര്‍  തുടച്ചു . മുഖം മെല്ലെ അയാളുടെ നേരെ പിടിച്ചുയര്‍ത്തി. ഇത്രയുമേ ഉണ്ടായിരുള്ളോ ഒരു വീര വനിതയ്ക്ക് പറയുവാന്‍. അയാള്‍ സ്വയം ചോദിച്ചു നോക്കി.

ഒരു കാര്യം മാത്രം സത്യസന്ധമായി  എന്നോട്  പറയുമോ ? ശ്രീനിയ്ക്ക്  അവിടെ അയാളുടെ  വാക്കുകള്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല . അയാള്‍ തുടര്‍ന്നു .

ഞാന്‍ ഇവിടെ ഒരാളെ അന്വേഷിയ്ക്കുകയായിരുന്നു. മഞ്ഞുപോലെ നിര്‍മ്മലമായ ഒരു നാട്ടിന്‍ പുറത്തുകാരി . ഞാന്‍ വായിച്ചുതിര്‍ത്ത  ഒരു പുസ്തകത്തില്‍ അവള്‍  നിറഞ്ഞു നിന്നപ്പോള്‍ എനിയ്ക്ക്  അവളെ കണ്ടെത്താന്‍ പറ്റുമോയെന്ന സംശയം ബാക്കിയായി. ഈ വിശാലമായ  തെരുവ് അവളെ ഒളിപ്പിച്ചു  വെച്ചിയ്ക്കുന്നതുപോലെ  എനിയ്ക്ക്തോന്നി. ഒരുവേള  അവള്‍  ഈ തെരുവിന്‍റെ തന്നെ പേരായിരിയ്ക്കും. അങ്ങനെയാണ് ഈ ഇരുണ്ട മുറിയില്‍ 'സെലന്തിനാ' യെന്ന നിന്‍റെ മുന്നില്‍  ഞാന്‍  എത്തിയത്. .

അവള്‍ എന്തോ പറയാന്‍ ശ്രമിയ്ക്കുകയും  പിന്നീട് നിശബ്ദമായി അയാളുടെ വിരലുകളില്‍  തലോടുകയും  ചെയ്തു.

എന്താണ്  കുട്ടി നിന്‍റെ  യഥാര്‍ത്ഥ പേര്? . അയാള്‍  അവളെ  സ്നേഹപൂര്‍വ്വം നോക്കി

അവള്‍ ഒന്നും മിണ്ടിയില്ല. 

പിന്നെയും ശ്രീനി  എന്തെക്കൊയോ  പറഞ്ഞുകൊണ്ടിരുന്നു . അവള്‍ മൂളിയും മുഖംതുടച്ചും ഒരു കേള്‍വിക്കാരിയായി.

സെലിന്‍  ആരാണ്?   അയാള്‍ ചോദിച്ചു .
അറിയില്ല .
എന്താണ് ഈ  വഴി തിരഞ്ഞെടുക്കാന്‍  കാരണം?
സാഹചര്യം
സെലന്തിനാ ആരാണ് ?
എന്‍റെ കോട് നയിം .
എന്താണ്  യഥാര്‍ത്ഥ  പേര് ?
പേരിലിപ്പോള്‍ എന്തിരിയ്ക്കുന്നു

എങ്കിലും  ഇഷ്ടമുള്ള  ആ പേര് ?

അവള്‍ പറഞ്ഞു . പിന്നെയും  അവള്‍ പറയുവാന്‍ തുടങ്ങി . ഇഷ്ടപ്പെട്ട വേഷം... ഇഷ്ടപ്പെട്ട  ആഹാരം.... ഇഷ്ടപ്പെട്ട ബുക്ക്.... ഇഷ്ടപ്പെട്ട സ്ഥലം....ഇഷ്ടപ്പെട്ട ജോലി.... . ഇഷ്ടപ്പെട്ട ആള്‍...അങ്ങനെ ഓരോന്നും. ഒരു പതിനെട്ടുകാരിയ്ക്ക് പറയുവാനുള്ളതെല്ലാം. അതിലൊരിടത്തും ഒരു ബ്യൂട്ടിപാര്‍ലര്‍  കടന്നുവന്നില്ല

അയാള്‍ ചോദിച്ചു

വിളിച്ചാല്‍ കൂടെ വരുമോ?  നിനക്ക് ഇഷ്ടപ്പെട്ട  ആളിന്‍റെ പേരിനോപ്പം എന്‍റെ  പേരും എഴുതി ചേര്‍ക്കാമോ ?

അവള്‍ ഒന്നും  പറയാതെ നിശബ്ദമായി കരയുവാന്‍  തുടങ്ങി.

ഒരണക്കെട്ടുപൊട്ടി ഒഴുകിയെത്തുന്ന വെള്ളത്തില്‍ സാവധാനം താന്‍  മുങ്ങിമുങ്ങി പോകുന്നതായി ശ്രീനിയ്ക്കു  തോന്നി. അയാള്‍ എണീറ്റ്  അടുത്ത മുറിയിലോട്ടിറങ്ങി. മധ്യവയസ്കകളായ സ്ത്രീകള്‍ രണ്ടുപേരും അയാളെ അനുഗമിച്ചു. അയാള്‍ വേഷംമാറി. അയാള്‍ക്ക്‌ പിന്നില്‍  'സെലന്തിനാ' യിലേയ്ക്കുള്ള വാതിലുകള്‍ ഓരോന്നായി  അടഞ്ഞുകൊണ്ടിരുന്നു. ഒപ്പം തെരുവിലെ  ഓരോവിളക്കും ആളികത്തുന്നതായി അയാള്‍ക്ക്‌ അനുഭവപ്പെട്ടു . ശ്രീനി ധൃതിയില്‍ തന്‍റെ ഹോട്ടല്‍ മുറിയിലേയ്ക്ക് തിരിച്ചുനടന്നു.  കൂട്ടില്‍ കിടന്ന  തത്ത ഏറുകണ്ണിട്ട്  അയാളെതന്നെ  നോക്കി  പതിവിലും  ഉച്ചത്തില്‍ ചിലച്ചു കൊണ്ടിരുന്നു.

Sunday, August 26, 2012

ചേപ്പാട് സോമനാഥന്റെ കവിതകള്‍

|0 comments


എന്‍. ശ്രീജിത്ത്


ചേപ്പാട് എന്ന നാമം സ്ഥലനാമമെന്നതിനെക്കാള്‍, മുംബൈ സഹൃദയലോകത്തെ തീക്ഷണമായി അടയാളപ്പെടുത്തിയ പേരാണ് ചേപ്പാട് സോമനാഥന്‍. സാഹിത്യവേദിയുടെ ദീര്‍ഘകാലത്തെ സാരഥി, വിശാലകേരളം പത്രാധിപര്‍ എന്നതിനൊപ്പം ഭാഭാ ആറ്റോമിക് സെന്ററിലെ സീനിയര്‍ സയന്റിഫിക് ഓഫീസറായി സേവനമനുഷ്ഠിക്കുകയും ചെയ്തു. സാഹിത്യലോകത്തെപ്പറ്റി, നഗരത്തില്‍ ഉണ്ടാവുന്ന പുതിയ തുടിപ്പുകളെപ്പറ്റി എന്നും സംസാരിച്ചിരുന്ന ഒരാളായിരുന്നു ചേപ്പാട്. കവിതയെ മാത്രം പരിണയിച്ച് കഴിയുകയായിരുന്നു ചേപ്പാട് ഇക്കാലമത്രയും. അദ്ദേഹത്തിന്റെ കവിതകള്‍, ബാലകവിതകള്‍, ഗാനങ്ങള്‍, ഏകാംങ്ക നാടകം, അനുബന്ധ കുറിപ്പുകള്‍ എന്നിവ സമാഹരിച്ച് പരിധി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ചേപ്പാട് സോമനാഥന്റെ രചനകള്‍ എന്ന പുസ്തകം അദ്ദേഹം മുംബൈ മഹാനഗരത്തിലിരുന്ന് നടത്തിയ സര്‍ഗ്ഗ സപര്യയുടെ ശ്രദ്ധേയമായ ശേഷിപ്പുകളാണ്.
അകത്തും പുറത്തും ചിരിയോടെയല്ലാതെ ചേപ്പാടിനെ കാണാനാവില്ല. ആ ചിരി നിറഞ്ഞു നില്‍ക്കുന്നത് അദ്ദേഹത്തിന്റെ ബാലകവിതകളിലാണ്. തന്നിലെ നിഷേധിയെ വലിയ കവിതകളില്‍ അദ്ദേഹം ചേര്‍ത്തു നിര്‍ത്തിയിരിക്കുകയാണ്.
തന്നിലെ കുട്ടിക്ക് തൃപ്തികരമാകുന്നതോടൊപ്പം മറ്റു കുട്ടികളുടെ മനസ്സ് കാണാനുള്ള ശേഷിയും ഇതിലെ കുസൃതിയും ചേപ്പാടിന്റെ ബാലകവിതകളിലുണ്ട്. മുത്തച്ഛന്‍ എന്ന കവിത നോക്കുക. മുത്തച്ഛനെപ്പറ്റിയാണ് പറയുന്നതെന്ന തോന്നല്‍ നിലനിര്‍ത്തി ഹിമാലയത്തിലേക്ക് കാവ്യബിംബത്തെ അടര്‍ത്തിമാറ്റി പ്രതിഷ്ഠിക്കാന്‍ കഴിയുന്ന വിദ്യ ചേപ്പാട് ഈ കവിതയില്‍ മനോഹരമാക്കി പരീക്ഷിക്കുന്നുണ്ട്.
തലയെടുപ്പുള്ളൊരു മുത്തച്ഛന്‍
തലയാകെ നരച്ചൊരു മുത്തച്ഛന്‍
പാരാകെ പുകള്‍കൊണ്ടു മുത്തച്ഛന്‍
പാറാവുകാരനാം മുത്തച്ഛന്‍
നദികളിലാകെ പുതുജലമേറ്റി
സമതലഭൂവിനെ വിളയിപ്പൂ
നമ്മുടെ നാടിനെ രക്ഷിപ്പൂ
പര്‍വ്വതരാജന്‍ ഹിമവാന്‍

ഇത്തരം കവിതകളുടെ സഞ്ചയമാണ് ചേപ്പാടിന്റെ ബാലകവിതകള്‍.
എന്നാല്‍ കുറുങ്കവിതകളിലേക്ക് എത്തുമ്പോള്‍ കുഞ്ഞുണ്ണിക്കവിതയും എടുത്തണിയുന്നുണ്ട്.

വിരോധാഭാസം എന്ന കവിത നോക്കുക

ഞാന്‍ ഞാനായപ്പോള്‍ മുതല്‍
ഞാന്‍ ഞാനല്ലാതെയായി
എന്നിലെയെന്നെ എന്നിലെ ഞാന്‍
കണ്ടില്ലിതുവരെയെന്തു കഷ്ടം!

കരള്‍ എന്ന കവിതയില്‍
കഴുമരത്തിനു കാവല്‍ നില്‍ക്കുന്നവന്റെ
കരളൊരു കരിങ്കല്ലായിരിക്കണം
കാര്യങ്ങള്‍ ഗ്രഹിക്കും കവിയുടെ കരള്‍
കത്തിമുനയിലാണിരിപ്പതിപ്പോഴും

പ്രത്യാശ എന്ന കവിതയില്‍:

പ്രതികരിക്കാന്‍ ശക്തി നശിച്ച
പ്രേതലോകത്തില്‍ വസിപ്പവര്‍
പ്രത്യേയശാസ്ത്രങ്ങളേതിനി നമ്മെ
പ്രത്യാശയിലേക്ക് നയിച്ചിടും
എന്ന് മുമ്പ് കുറിക്കുമ്പോള്‍ തോന്നാത്ത ദാര്‍ശ്ശനിക മാനം ചേപ്പാട് ഓര്‍ക്കാതെ പോലും ഈ കവിതയില്‍ കടന്നുവരുന്നു.

മുംബൈ നഗരത്തില്‍ അരങ്ങേറുന്ന നാടകങ്ങള്‍ക്കുവേണ്ടി എഴുതിയ ഗാനങ്ങളിലും തന്നിലെ കവിയെ മനോഹരമായി ചേപ്പാട് ഒളിപ്പിച്ചു നിര്‍ത്തിയിട്ടുണ്ട്. കവി എന്നതിനുപുറമേ, താന്‍ ഒരു നാടകകൃത്താണെന്ന് തെളിയിക്കാന്‍ കഴിയുന്ന കടല്‍ എന്ന ഒരു ഏകാങ്കവും ഈ സമാഹാരത്തിലുണ്ട്.
ഉത്തരാധൂനികതയുടെ മലവെള്ളപ്പാച്ചിലില്‍ ഇത്തരം കവിതകളോട് വിയോജിക്കുന്നവരുണ്ടാകാം. എന്നാല്‍ ഡോ. എം. രാജീവ് കുമാര്‍ അവതാരികയില്‍ കുറിച്ചിട്ടതുപോലെ പ്രവാസി എഴുത്തുകാരന്റെ ഉള്‍ത്തുടിപ്പുകള്‍ അറിയാന്‍ ഈ ഗ്രന്ഥം ഉപകരിക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല.

Followers