മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, August 31, 2010

ഒരമ്മ ചരിത്രം സൃഷ്ടിക്കുന്നു/സി. വി. ഭുവനേശ്വരി

|4 comments
സാഹിത്യവേദി സെപ്തബര്‍ മാസചര്‍ച്ചയില്‍ അവതരിപ്പിക്കപ്പെടുന്ന രണ്ടു കഥകളില്‍ രണ്ടാമത്തേത്‌
കൂടുതല്‍വിവരങ്ങള്‍ ഇവിടെ


അഭിമുഖം തുടങ്ങി.
“ജനനം ഏതു വര്‍ഷത്തില്‍”
“അറീല്ല്യാ മോനേ... ഷ്‌കോളില്‍ പോയെങ്കിലല്ലേ? ന്റമ്മ പറേന്ന് കേട്ടിട്ടുണ്ട്; കര്‍ക്കടകത്തില് നല്ല കാറ്റും കോളുണ്ടായിര്ന്ന കൊല്ലായ്‌ര്ന്നൂത്രേ”
ഈ വള്ളുവനാടന്‍ ഗ്രാമശൈലി തനിക്കൊട്ടും മനസ്സിലാവുന്നില്ല. മദ്ധ്യതിരുവിതാംകൂറിലെ അച്ചടിച്ച മലയാളം പറഞ്ഞു ശീലിച്ച ''ജ്യര്‍ണ്ണലിസ്റ്റ്'' പരിഭ്രമത്തോടെ ചിന്തിച്ചു.
അടുത്ത ചോദ്യം?. . . ഇപ്പോള്‍ ഒരു ചോദ്യവും മനസ്സിലില്ല. ആള്‍ക്കൂട്ടം 'കലപില' എന്ന് ശബ്ദമുണ്ടാക്കുന്നു. ശ്രദ്ധ കേന്ദീകരിക്കാന്‍ പറ്റുന്നില്ല. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല ഈ നാട്ടില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം നടക്കുന്നത്. താന്‍ സ്വയം ചരിത്രത്തിന്റെ ഒരു ഭാഗമാവുകയാണ്. ജര്‍ണ്ണലിസം വര്‍ത്തമാനകാല ചരിത്രമാണല്ലോ. ഇത് നാളെ സാമൂഹ്യ ചരിത്രമായി മാറുമ്പോള്‍ ഇന്ന് ഈ അവസരത്തില്‍ ഇവിടെ വന്ന്, ഈ വീരനായികയെ അഭിമുഖം ചെയ്തവനെന്ന നിലയ്ക്ക് തന്റെ പേരും ആള്‍ക്കാര്‍ ഓര്‍ക്കും.
ജര്‍ണ്ണലിസ്റ്റ് ഡയറി തുറന്നു, അടുത്ത ചോദ്യത്തിനായി പല വര്‍ണ്ണത്തിലുള്ള തൂവലുകള്‍ ഈ വൃദ്ധയുടെ തൊപ്പിയില്‍ പറന്നു വന്ന് പറ്റിച്ചേര്‍ന്നതില്‍ ഏറ്റവും അഴകുള്ള തൂവല്‍ താനിപ്പോള്‍ ചോദിക്കാന്‍ പോകുന്ന ചോദ്യമാണ്.
''അമ്മുമ്മ ഇരുപത്തിനാലു പ്രാവശ്യം പ്രസവിച്ചു എന്ന് കേള്‍ക്കുന്നു. ശരിയാണോ?''
''ഇക്കാര്യത്തിലേതുപെണ്ണെങ്കിലും നൊണപറയ്യ്വോ കുട്ട്യേ. . . ? ഞാന്‍ നമ്പറ് കൂട്ടീന്ന് വെക്യാ, കൊറച്ചൂന്ന് വെക്യാ, ന്റെ മോന്‍ നിക്ക് നൂറുറുപ്യ തര്വോ?''
കാണികള്‍ കൂവിച്ചിരിച്ചു.
''അമ്മുമ്മ ചരിത്രം സൃഷ്ടിച്ചത് ഈ ഏരിയായിലായിരിക്കും, പ്രസവത്തില്‍?'' ജര്‍ണ്ണലിസ്റ്റ് ചോദിച്ചു. അവര്‍ ഉത്തരം പറഞ്ഞില്ല.
''പി.ടി. ഉഷ ഓടി ചരിത്രം സൃഷ്ടിച്ചു, പാറുവമ്മ പെറ്റ് ചരിത്രം സൃഷ്ടിച്ചു'' ഒരാള്‍ ഉറക്കെ പറഞ്ഞു. ആണുങ്ങള്‍ കൂവിച്ചിരിച്ചു. പെണ്ണുങ്ങള്‍ മുണ്ടിന്റെ കൊന്തല കൊണ്ട് വായ പൊത്തി ചിരിച്ചു.
''എങ്ങിനെ പ്രസവിച്ചു?'' വായില്‍ നിന്ന് വീണയുടനെ തന്നെ ജര്‍ണ്ണലിസ്റ്റിന് ഈ ചോദ്യത്തിന്റെ അപകടസാദ്ധ്യതകള്‍ മനസ്സിലായി. അയാള്‍ ഉദ്ദേശിച്ചത് അവര്‍ ആധൂനിക വൈദ്യസഹായം പ്രസവങ്ങള്‍ക്കായി തേടിയോ എന്നായിരുന്നു.
''എങ്ങനെ പെറ്റൂന്നൊക്കെ ശോദിച്ചാ. . . അദിപ്പ കുട്ടീനോട് എങ്ങന്യാ ഞാന്‍ പറയ്യ്യാ? കുട്ടി നല്ല ബാല്യക്കാരന്‍, ശെറുപ്പക്കാരന്‍. ഇത് പേറിന്റെ, മൊലകൂടിയുടെ കാര്യം. എല്ലാ പെണ്ണുങ്ങളും പെറ്റപോലെ പാറൂം പെറ്റു''.
വീണ്ടും കാഴ്ചക്കാര്‍ കൂവിച്ചിരിക്കാന്‍ തുടങ്ങി. പാറുവും ചിരിച്ചു.
തന്റെ പെണ്‍ കൊളീഗ്‌സിനെ ആരെയെങ്കിലും വിട്ടാല്‍ മതിയായിരുന്നു പേറിന്റേയും, മാസക്കുളിയുടേയും കഥ ശേഖരിക്കാന്‍ അവരായിരിക്കും കൂടുതല്‍ നല്ലത്.
''അമ്മൂമ്മ ആധുനിക വൈദ്യസഹായം തേടിപ്പോയിരുന്നോ?''
അയാള്‍ ചോദ്യം വേറെതരത്തില്‍ ചോദിച്ചു.
''ക്ക് മനസ്സിലാവുന്ന ബാഷയില്‍ ചോദിക്കിന്‍ കുട്ട്യേ''
''പ്രസവങ്ങള്‍ ആസ്പത്രിയിലായിരുന്നോ എന്നാണയാള്‍ ചോദിക്കുന്നത്'' ഒരു കാണി വിശദീകരിച്ചു.
''പേറ് ആസ്പത്രീലോ! ന്റെ ദൈവേ! കുട്ട്യേ, പകലന്തിയോളം മുറ്റത്തിരുന്ന് മൊറം നെയ്യും; വേദനതുടങ്ങ്യാ കൂടിക്കേറും പെറും. ഒറ്റക്ക് - ന്റെ പറയനുങ്കൂടി അറീല്ല്യാ. അഞ്ചുമിനിട്ടില്‍ കഴിയും. ഒരു ദിവസം കെടക്കും. പിറ്റേന്ന് തൊട്ട് പായനെയ്യും. അല്ലെങ്കില്‍ പരമ്പും മൊറോം ഏറ്റിനടക്കും വിക്കാന്‍''
''ഇത്രയും കുട്ടികളെ പോറ്റിവളര്‍ത്താന്‍ കഷ്ടം സഹിക്കേണ്ടി വന്നില്ലേ? ചില ബുദ്ധിമുട്ടുകള്‍, പ്രശ്‌നങ്ങള്‍, ഒന്നു വിവരിക്കാമോ?''
പാറു മൗനം.
''ഇല്ല നല്ല സുഖമായിരുന്നു'' കാണികളിലൊരാളോതി. വീണ്ടും എല്ലാവരും കൂവിച്ചിരിച്ചു. സ്ത്രീകള്‍ കൂടുതല്‍ ചിരിച്ചു. പാറുവാകട്ടെ, ഈ ചോദ്യം ഉത്തരം അര്‍ഹിക്കുന്നില്ല എന്ന ഭാവത്തില്‍ പ്രതികരിക്കാതെ തികഞ്ഞ അവഗണന മുഖത്ത് കാണിച്ച്. മുഖം തിരിച്ച് ഇരുന്നു.
പെട്ടെന്ന് പത്രക്കാരന്‍ യുവാവിന് തന്റെ 'കോണ്‍ഫിഡന്‍സ്' ചോര്‍ന്ന് പോകുന്നപോലെ തോന്നി.
''കുട്ടികള്‍ എല്ലാവരും ഇന്ന് ജീവിച്ചിരിപ്പുണ്ടോ?''
പാറുകാര്യമാത്ര പ്രസക്തമായി പറഞ്ഞു ''അഞ്ചെണ്ണം വെള്ളം തോര്‍ന്ന് കിട്ടി. ബാക്കിയൊക്കെ പത്തുതെകേന്നെന്റെ മുമ്പ് ശത്തു. അപ്പോ എത്രെണ്ണം ശത്തൂന്ന് കൂട്ടിക്കോളിം, ഇങ്ങക്ക് കണക്കറിയൂല്ലോ!''.
ജര്‍ണ്ണലിസ്റ്റ് കണക്കുകൂട്ടി. ട്വന്റി ഫോര്‍ മൈനസ് ഫൈവ്; ണൈന്റീന്‍. പത്തൊമ്പത്. വണ്ടര്‍ ഓഫ് വണ്ടേര്‍സ്! കുറേയധികം ചരിത്രങ്ങള്‍ ഇവിടെ ഇന്ന് രേഖപ്പെടുത്തപ്പെടുന്നു. റെക്കോഡുകള്‍ സൃഷ്ടിക്കപ്പെട്ടതിന്റെ കണക്ക് എഴുതപ്പെടന്നു. ഈ സ്ത്രീ പത്തൊന്‍മ്പതു കുഞ്ഞുങ്ങളുടെ മരണം കണ്ടവളാണ്. 'വണ്ടര്‍ഫുള്‍!' സെന്‍സേഷണല്‍! ആന്‍ അണ്‍നാച്ചുറല്‍ സ്റ്റോറി! താന്‍ ലക്കിയാണ്. ആര്‍ക്കും ഇത്തരം ഒരു സ്റ്റോറി കിട്ടില്ല. റെയറസ്റ്റ് ഓഫ് ദി റെയറസ്റ്റ് ന്യൂസ്. ചീഫ് എഡിറ്റര്‍ക്ക് സന്തോഷമാവും; എന്നാല്‍ തനിക്ക് ഗുണമുണ്ടാവും തനിക്ക് ഗുണമുണ്ടാവും തീര്‍ച്ച.
''എന്തായിരുന്നു കുട്ടികള്‍ക്കെല്ലാം അസുഖം''
''അസുഖം ന്നോക്കെപ്പറഞ്ഞാ. . . ഞാനും പറേനും വൈന്നേരം പണികഴിഞ്ഞ,് പരമ്പ് വിറ്റ് കഴിഞ്ഞ് കുടീക്കേറുമ്പോ ഒന്ന് ചത്തുകെടക്ക്ന്ന്ണ്ടാകും. പന്യോ.. - തൂറ്റലോ - പറയന്‍ കൈക്കോട്ടെടുക്കും. ഞാന്‍ ചത്തകുട്ട്യേനെ തോളത്തിടും ഒന്നിനെ കുഴിക്ക് കൊടുത്തു. അങ്ങിനെ പത്തൊമ്പതെണ്ണം പോയി. അഞ്ചെണ്ണം ബാക്കി. കര്‍ക്കടകമാസത്തിലെ മഴേം തണുപ്പും വരുംമ്പോ പള്ളേലൊന്നും ല്ല്യാത്ത കാലത്ത്, ഒരു കുട്ടീനെ കുഴിക്ക് കൊടുക്കും''
പാറു പെട്ടെന്ന് നിര്‍ത്തി അവരുടെ ഭാവം മാറി. ''മതി ന്റെ മോന്‍ പോ. . .അഭിമോഗം മതി''
നിര്‍ബന്ധിച്ചിട്ടും പാറു പറയാന്‍ കൂട്ടാക്കിയില്ല. ജേര്‍ണ്ണലിസ്റ്റിന് നിരാശയായി. ഒരു നല്ല സ്റ്റോറിക്കുള്ള മാറ്റര്‍ കിട്ടിയെന്ന് വിചാരിച്ചതായിരുന്നു. പകുതി വിവരം പോലും ശേഖരിക്കാന്‍ കഴിഞ്ഞില്ല.

''ഇവരെപ്പറ്റി കൂടുതല്‍ വിവരം തരാനോ പറയാനോ കഴിവുള്ള ആരെങ്കിലും ഈ പ്രദേശത്തുണ്ടോ?'' ജര്‍ണ്ണലിസ്റ്റ് ചോദിച്ചു. എല്ലാവരും ഒരു ജാനകിയമ്മയെപ്പറ്റി പറഞ്ഞു.
''ദാ, ഈ തോട്ടു വരമ്പത്തു കൂടി പോയാല്‍ മതി. ശ്രീധരാ നീയ്യാളെ ആ കളത്തിലെ വളപ്പിലേക്ക് ഒന്ന് കൊണ്ടുചെന്നാക്ക്'' കൂട്ടത്തിലെ ഒരു നേതാവ് പറഞ്ഞു.
ജാനകിയമ്മയുടെ തറവാട്ടുവീട്ടിലെ ആദിത്യ മര്യാദ അനുഭവിച്ച് നല്ല അസ്സല്‍ ചൂടു ചായയും, കായവറുത്തതും ആസ്വദിക്കുന്നതിനിടയില്‍ പത്രകാരന്‍ വിവരങ്ങള്‍ എഴുതിയെടുത്തു. ജാനകിയമ്മക്ക് പാറുവിനെക്കാള്‍ വയസ്സുകൂടുമത്രേ. എന്നാലും സുരക്ഷിതമായ ജീവിതവും മക്കളുടെ ശ്രദ്ധയും സ്‌നേഹവും ഒരു മുപ്പത് വയസ്സ് കുറച്ചു തോന്നിച്ചു. അവരുടെ കഥനത്തിന്റെ തുടക്കം ഇങ്ങിനെയായിരുന്നു.
''പണ്ടെവിടെയോ വായിച്ചുകേട്ടിട്ടുണ്ട്, റഷ്യയില്‍ ഒരിക്കല്‍ വീരമാതാവിന് പാരിതോഷികം കൊടുത്തുവത്രേ. എറ്റവും കൂടുതല്‍ മക്കളെ പ്രസവിച്ചു വളര്‍ത്തിയതിന്. അവര്‍ക്ക് മക്കള്‍ പതിനാറ്. ഇവിടെ പാറുപെറ്റത് ഇരുപത്തിനാല് മക്കളെയായിരുന്നു. പാവം അതിന് ഒരു മെഡല്‍ കൊടുക്കാന്‍ ഈ നാട്ടില്‍ ആരും ഉണ്ടായില്ല. ഹാ. . . . മരിച്ച് സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ ദൈവങ്ങള്‍ കൊടുക്കുമായിരിക്കും''.
ജാനകിയമ്മ ജര്‍ണ്ണലിസ്റ്റ് പയ്യന്‍ വിചാരിച്ചതിലും 'റിസോര്‍സ്ഫുള്‍' ആയിരുന്നു. ബുദ്ധിമതിയായിരുന്നു, നല്ലപോലെ വായനയുള്ള ഒരു സ്ത്രീയായിരുന്നു. കഥാ കഥനം എന്നത് ഒരു കലയായി അവരുടെ കൈയ്യില്‍. ജര്‍ണ്ണലിസ്റ്റിന് ആവശ്യമുള്ളതിലും അതില്‍ കൂടുതലും വിവരങ്ങള്‍ പാറുവിനെപ്പറ്റി അവര്‍ നല്‍കി. പലപ്പോഴും 'ഇത്ര ഡീറ്റെയില്‍സ് വേണ്ട' എന്നു പറയാന്‍ അയാള്‍ക്കുതോന്നി. താന്‍ ഇത്ര ഡീറ്റെയില്‍ ആയി ഒരു അഭിമുഖം നടത്തുന്നത് ആദ്യമായാണ്.
ഈ കഥയിലെ നായിക 'അണ്‍കണ്‍വെന്‍ഷണല്‍' ആണ്! എഴുപതു വയസ്സുകഴിഞ്ഞു; സമുദായത്തിലെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന ഒരു സമൂഹത്തിലെ അംഗം. പറയ കുലത്തില്‍ ജനിച്ച പാറുവിന് പരമ്പും, പായും, മുറവും മുളകൊണ്ടുണ്ടാക്കി വിറ്റു നടക്കുന്ന ജോലിയായിരുന്നു. പരമ്പരാഗതമായ തൊഴില്‍ പട്ടിണികൊണ്ടും ഒരു ജീവിതകാലത്തെ കഠിനാദ്ധ്വാനം കൊണ്ടും ചുക്കിചുളിച്ച് ഉണങ്ങി ഒരു തൂവാല രണ്ടാക്കി മടക്കിയപോലെയായിരുന്നു അവരുടെ നടത്തം. ഒരു കീറിയ ബ്ലൗസും, ഒന്നരയും, തോര്‍ത്തും വേഷം. ചെറിയ തോര്‍ത്തിനെക്കാള്‍ നീളമുള്ള ഒന്നര അടിയില്‍, ബ്ലൗസിന്റെ മീതെ മാത്രം. മുലകള്‍ രണ്ടും രണ്ടു ചെറിയ ലതര്‍ പഴ്‌സ് പോലെ ബ്ലൗസിനടിയില്‍കൂടി കാണാം.
പക്ഷെ അസാധാരണമായ, തിളങ്ങുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമായായിരുന്നു പാറു. വിശപ്പിനും, മരണങ്ങള്‍ക്കും അവരുടെ ചൈതന്യം ഉത്സാഹം കെടുത്താന്‍ കഴിഞ്ഞില്ല. എപ്പോഴും വര്‍ത്തമാനം പറയും-ചരിക്കും.
തമാശകള്‍ പറയും മറ്റു പറയികള്‍ വന്നാല്‍ ആരും ശ്രദ്ധിക്കില്ല. പക്ഷെ പാറു വന്ന് വേലിക്കപ്പുറത്തു നിന്നാല്‍ എല്ലാ സ്ത്രീകളും പോയി നോക്കും. ഒരു കാരണം അവരുടെ വീരമാതൃത്വം ആണ്. ഇരുപത്തി നാലുപ്രസവിച്ച സ്ത്രീ നാട്ടിന്‍ പുറത്തെ ഉയര്‍ന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും ഒരത്ഭുതമായിരുന്നു. മക്കളും ഭര്‍ത്താവും കൂടെയുണ്ടാവും. അവരുടെ ചരിത്രമറിയാവുന്ന പെണ്ണുങ്ങള്‍ ചോദിക്കും. ഇതേതുമകനാണ്? അവര്‍ മക്കളെ നമ്പര്‍ പറഞ്ഞ് പരിചയപ്പെടുത്തും 'ഇതെന്റെ അഞ്ചാമന്‍' ഇത് 'പന്ത്രണ്ടാമന്‍' ഇത് 'ഇരുപത്തിമൂന്നാമന്‍' അങ്ങിനെ വലിയ വീടുകളില്‍ ചെന്നാല്‍ കഞ്ഞി ചോദിച്ചു വാങ്ങും. മക്കളെ കുടിപ്പിക്കും. വാര്‍ദ്ധക്യം ആയപ്പോള്‍ പല്ലെല്ലാം പോയി. മോണകാട്ടിച്ചിരിക്കും, ഹൃദ്യമായി; എന്തെങ്കിലും തമാശ പറയും, അങ്ങിനെ പ്രകാശമുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമ.
നായകന്‍, അല്ല, പ്രതിനായകന്‍, ഇരുപത്തിഏഴുവയസ്സുള്ള ആരോഗ്യവാനായ ഒരു യുവാവ്. ഇയാളുടെ വ്യക്തിചരിത്രം പാറുവെന്ന വ്യക്തിയുടെ വ്യക്തിചരിത്രത്തിന്റെ ഒരവിഭാജ്യഘടകമാണ്. അതുമായി കൊര്‍ത്തിണങ്ങിയതാണ്; അതിന്റെ തുടര്‍ച്ചയാണ്. ഇരുപത്തിമൂന്നാമന്‍ പാറുവിന്റെ പുത്രനാണ്. ചരിത്രം സത്യസന്ധമായി പറയണമല്ലൊ. ഈ കഥാപാത്രം ഇത്തരം ഒരു കഥയില്‍, വിവരണത്തില്‍, ചരിത്രത്തില്‍ സ്ഥലം പിടിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന് ഈ കഥയിലുള്ള പ്രധാന റോള്‍-പ്രതിനായകത്വത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. പാറുവും മകനും തമ്മിലുള്ള 'ട്രാജിക് കോണ്‍ഫ്‌ലിക്റ്റ്', അതില്‍ ഗ്രാമവാസികളുടെ ഒന്നടങ്കമുള്ള ഇടപെടല്‍, അത് ചരിത്ര പാഠത്തില്‍ പ്രവേശിക്കുന്നു.
ചരിത്രത്തില്‍ ഏതൊരു വലിയ പ്രസ്ഥാനം ഉണ്ടാവാനും, യുദ്ധമുണ്ടാവാനും ഒരു 'ഇമ്മീഡിയറ്റ് കോസ്' ഉണ്ട്. ഇവിടെ ഈ കഥയുണ്ടാവാന്‍ കാരണം ഈ കഥയുടെ ഇതിവൃത്തം ഒരമ്മയുടെ, മകനെതിരായുള്ള സമരവും അതിന്റെ കാരണങ്ങളും അനന്തരഫലങ്ങളും ആണ്. വളച്ചുകെട്ടില്ലാതെ പറഞ്ഞാല്‍ പാറുവിന് ഏക പുത്രന്‍ നീതി നിഷേധിക്കുന്നതോടെ കഥ തുടങ്ങുന്നു. വാര്‍ദ്ധക്യത്തില്‍ താങ്ങും തണലുമാകേണ്ട മകന്‍ ഏതൊരു വ്യക്തിയുടേയും അവകാശമായ-അമ്മയുടെ മകനില്‍ നിന്നുള്ള അവകാശമായ സുരക്ഷിതത്വം, ആഹാരം, തലക്കുമീതെ ഒരു കൂര ഇവ നിഷേധിക്കുന്നു. പാറു വൃദ്ധ. ദരിദ്രരില്‍ ദരിദ്ര. മകന്‍ സാമാന്യം ശമ്പളവും സ്ഥിര വരുമാനവും. അവനൊരു ഫാക്ടറിയില്‍ തൊഴിലാളിയുമാണ്.
ഇരുപത്തിനാലു പെറ്റ ഒരമ്മയ്ക്ക് ഇതൊക്കെ അനുഭവിക്കേണ്ടി വരിക! അവന്‍ ആരോടോ പറഞ്ഞുവത്രേ! “ഇതു നല്ല കൂത്ത്! തള്ളയോട് ഇരുപത്തിനാലു പെറാന്‍ ഞാന്‍ പറഞ്ഞോ?”

പാറു ഭക്ഷണവും തണലുമില്ലാതെ അലഞ്ഞു. അവരുടെ സ്വന്തം വീടുണ്ടായിരുന്നു. അതില്‍ നിന്നുമാണ് ഇരുപത്തിമൂന്നും ഭാര്യയും അവരെ അടിച്ചിറക്കിയത്. ക്രൂരതയുടെ, മനുഷ്യന്‍ മൃഗത്തില്‍ നിന്നും തരം താഴുന്നതിന്റെ ഉത്തമ ഉദാഹരണം! ഒരിത്തിരി തണലില്ലാതെ, കുടിക്കാനിത്തിരി കഞ്ഞിയില്ലാതെ അവര്‍ തെരുവുപട്ടിയെപ്പോലെ അലഞ്ഞു. ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തണമെന്നു തന്നെ ചിലര്‍ തീര്‍ച്ചയാക്കി.
ഇതിലെ വിരോധാഭാസം എന്തെന്നു വെച്ചാല്‍ പാറുവിന് ഏറ്റവും പ്രിയങ്കരനായ പുത്രനായിരുന്നു ഇരുപത്തിമൂന്ന്. നമ്പര്‍ ഇരുപത്തിനാല്, അവസാന നമ്പര്‍ മരിച്ചുപോയിരുന്നു. അവര്‍ ഇവനെ വല്ലാതെ ലാളിച്ചു. മുലകുടിക്കുന്ന പ്രായം തൊട്ടുതന്നെ അവര്‍ ഇവനെ പിരിയാതെ കൂടെക്കൊണ്ടുനടന്നു. ആരോഗ്യംവും ചന്തവുമുള്ള കരുമാടിക്കുട്ടന്‍. പാറുഎവിടെയുണ്ടോ, ഈ ചെറുക്കന്‍ അവിടെ അമ്മയുടെ മുണ്ടില്‍ തൂങ്ങി നില്പുണ്ടാവും. ഭേദപ്പെട്ട, ദാനശീലനായ മുത്തശ്ശിമാരും, അമ്മാവനും പാറുവിന് കഞ്ഞിയോ ചോറോ കൊടുക്കും; ചിലപ്പോള്‍ അവള്‍ ചോദിച്ചു വാങ്ങും. ആ കിട്ടുന്നതുമുഴുവന്‍ അവള്‍ ഈ മകനെ ഊട്ടും. കഞ്ഞിയിലെ വറ്റ് അവന് ഊറ്റിയെടുത്തു കൊടുത്ത് വെള്ളം താന്‍ കുടിക്കും. പാറു അവനെ സ്‌കൂളില്‍ ചേര്‍ത്തു പക്ഷെ അവന്‍ ഒരു ദിവസം പോയി, പിന്നെ പോയില്ല. അവന്‍ പെട്ടെന്ന് വലുതായി. നല്ല ഉയരം, നല്ല തടി. കുറേക്കാലം അവന്‍ പനമ്പും, മുറവും വിറ്റ് അമ്മയുടെ കൂടെ നടന്നു, അതുകൊണ്ട് നാട്ടുകാര്‍ക്കെല്ലാം അവനെ അറിയാമായിരുന്നു. പാറു അവനെ ''ന്റെ ചെക്കന്‍'' എന്നാണ് എല്ലാവര്‍ക്കും പരിചയപ്പെടുത്തിക്കൊടുത്തിരുന്നത്.
പാറുവിന് വയസ്സായി പറയന്‍ അധികം വയസ്സാവാതെ മരിച്ചു. നമ്പര്‍ അഞ്ചും ഇരുപത്തിമൂന്നും, പാറുവും കൂടെ പാറുവിന്റെ ഭര്‍ത്താവിന്റെ കാരണവന്മാര്‍ ഉണ്ടാക്കിയ കുടിലില്‍ താമസിച്ചു. ആ വീട് അവരുടെ അവകാശമായിരുന്നു. നമ്പര്‍ അഞ്ച് മരിച്ചു. അവന്റെ ചെറുപ്പക്കാരി ഭാര്യയെ അവളുടെ വീട്ടുകാര്‍ കൊണ്ടുപോയി, വേറെ വിവാഹം ചെയ്തുകൊടുക്കണമെന്ന് പറഞ്ഞ്. ഇരുപത്തിമൂന്ന് ലൈന്‍ മാറ്റി. അവന്റെ ഒരു കൂട്ടുകാരന്‍ അവിടെ അടുത്തുള്ള ഒരു ഇരുമ്പുഫാക്ടറിയില്‍ ജോലിചെയ്യുന്നുണ്ടായിരുന്നു. സ്ഥിരം വരുമാനം. അറുപതു വരെ തുടരാം. അവന്‍ ഇരുപത്തിമുന്നിന് ഫാക്ടറിയില്‍ ജോലി ശരിയാക്കി കൊടുത്തു. പാറുവിന് വിഷമമായി. കുലത്തൊഴില്‍ ആരുചെയ്യും? പാക്കനാരുടെ വംശ പാരമ്പര്യം? ''പരമ്പും മുറവും നെയ്തും, വിറ്റ് നടന്നിട്ടും ഒന്നും ഇനിയുള്ള കാലം ജീവിക്കാന്‍ പറ്റില്ല തള്ളേ. . . അവന്‍ പറഞ്ഞു. പാറു മകന്‍ ചെയ്ത ഒരു കാര്യത്തിലും എതിരു പറഞ്ഞില്ല.
ഫാക്ടറിക്ക് പോകുന്ന വഴിക്ക് അവനൊരു കറുത്ത സുന്ദരിയെക്കണ്ട് ഇഷ്ടമായി. കല്യാണമൊന്നുണ്ടായില്ല. ഒരു ദിവസം അവന്‍ അവളേയും കൂട്ടിവന്നു. ആ വീട്ടില്‍ അവള്‍ താമസം തുടങ്ങി. പാറു എതിരൊന്നും പറഞ്ഞില്ല-രണ്ടു ദിവസം കഴിഞ്ഞ് പാറു പരമ്പു വില്ക്കാന്‍ പോയി വൈകുന്നേരം തിരിച്ചു വന്നപ്പോള്‍ കണ്ടത് വീട്ടിലുള്ള താന്‍ ഉപയോഗിച്ചിരുന്ന ചില അലുമിനിയപ്പാത്രങ്ങളും, മണ്‍ പാത്രങ്ങളുമെല്ലാം പുറത്തുകടക്കുന്നതാണ്. അയല്‍ക്കാര്‍ പറഞ്ഞു, മകനും മരുമകളും കുടി പുറത്തേക്ക് വലിച്ചെറിഞ്ഞതാണെന്ന്. മരുമകള്‍ അവരോട് വീട്ടില്‍ കയറേണ്ട എന്നും പറഞ്ഞു. മകന്‍ വന്ന് വാതില്‍ ഉള്ളില്‍ നിന്നടച്ചു. പാറു ചട്ടിയും കലവും ഒന്നു എടുക്കാതെ അവിടം വിട്ടു. അന്ന് തൊട്ട് അവര്‍ വഴിയാധാരമാണ്. എന്നിട്ടും പാറു മകനെ കുറ്റം പറഞ്ഞില്ല. ആരോടും ആവലാതി പറഞ്ഞില്ല കണ്ടുനിന്നവരാണ് ഇതെല്ലാം ചരിത്രമായി രേഖപ്പെടുത്തിയത്. പാറു എവിടെയെങ്കിലും കിടന്നുറങ്ങും. ആരെങ്കിലും ആഹാരം കൊടുക്കും. കേടുവന്നതോ, പുളിച്ചതോ, എന്തായാലും അമൃത് പോലെ കഴിക്കും. വല്ലാതെ വിശന്നാല്‍ ചോദിച്ചു വാങ്ങും. ആ നല്ലവരായ നാട്ടുകാര്‍ ആ വൃദ്ധക്ക് ഉഴക്ക് ഭക്ഷണം ഒരിക്കലും നിരസിച്ചില്ല. ഇതങ്ങിനെ കുറെ ദിവസം കഴിഞ്ഞപ്പോള്‍ സ്ഥലത്തെ രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവ് പറഞ്ഞു നാമെന്തെങ്കിലും ചെയ്‌തേ പറ്റൂ. ഇതങ്ങനെ വിട്ടുകൂടാ, ഈ നാട്ടിലും നീതിയും നിയമവുമെല്ലാം ഉണ്ടല്ലോ. ഒരു മകന്റെ അമ്മയോടുള്ള ക്രൂരതക്കെതിരെ നിഷേധത്തിനെതിരെ കാഹളമുയര്‍ത്താന്‍ അവര്‍ തീരുമാനിച്ചു. ഒരു ഗാന്ധിയന്‍ മോഡല്‍ സമരത്തിന് അവര്‍ പാറുവിനെ തയ്യാറാക്കി എടുത്തു. ഇതിനിടെ മകന്‍ വീടെല്ലാം പുതുക്കി വലുതാക്കി. അവന്റെ കയ്യില്‍ നല്ല സമ്പാദ്യമുണ്ടായിരുന്നു.

വാര്‍ത്ത പരന്നു, പാറു മകനെതിരെ സത്യാഗ്രഹമിരിക്കാന്‍ പോവുന്നു. ചിലര്‍ പറഞ്ഞു ''നന്നായി'', അങ്ങിനെത്തന്നെ വേണം. രാഷ്ട്രീയപ്പാര്‍ട്ടി നേതാവ് സമരം ഉദ്ഘാടനം ചെയ്തു. അദ്ദേഹം വികാരധീനനായി, മുദ്രവക്യം വിളിച്ചു. കണ്ടു നിന്ന യുവാക്കളുടെ ചോര തിളച്ചു. സ്ത്രീകളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കുമാരികള്‍, അവിവാഹിതകള്‍, തങ്ങള്‍ അമ്മമാരാകുകയില്ലെന്ന് തീരുമാനം എടുത്തു.
പാറുവിനെ പന്തലിലേക്ക് ആനയിച്ചിരുത്തി. ചാക്കുകളിന്മേല്‍ പാറു ഇരുന്നു. വൃദ്ധ സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്നു. കുറച്ചു നേരത്തേക്ക് ഇതെല്ലാം മകനെതിരായാണ് ചെയ്യുന്നതെന്ന് അവര്‍ മറന്നു. അവര്‍ അവരുടെ ഹൃദയത്തില്‍ന്റെ അടിത്തട്ടില്‍ നിന്നു വരുന്ന പല്ലില്ലാത്ത ചരിയോടെ ആള്‍ക്കാരെ അഭിവാദ്യം ചെയ്തു. അവരോട് പ്രസംഗിക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് ഭയമായി. ആരോ ഒരാള്‍ കൂട്ടത്തില്‍ നിന്ന് ഒരു തമാശ തട്ടിവിട്ടു, ''പ്രസംഗിക്കാനറിയില്ല; പ്രസവിക്കാനറിയാം'' അതുകേട്ടവര്‍ക്ക് ഈ തമാശ ആ അവസരത്തില്‍ സ്വല്പം അരോചകമായി തോന്നി.
പട്ടിണിയും, വിശപ്പും പാറുവിന് പുത്തരിയല്ലായിരുന്നു. എഴുപത്തഞ്ചോളം വര്‍ഷം അവര്‍ ഏറ്റവും നന്നായി അറിഞ്ഞ കാര്യം വിശപ്പിന്റെ കരാളതയാണ്. പക്ഷെ ഈ സത്യാഗ്രഹം വേറെ ഒരു പരീക്ഷണമാണ്. ഒരു തുള്ളി കഞ്ഞുവെള്ളം പോലും കുടിക്കാതെ, ചായ വെള്ളം കൊണ്ട് തൊണ്ട നനക്കാതെ ഇരിക്കണം. അവര്‍ക്ക് കഞ്ഞിവെള്ളവും, ചായവെള്ളവും കൊണ്ടു കൊടുക്കാന്‍ തയ്യാറായി എത്രയോ കുടുംബങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ രാഷ്ട്രീയപ്പാര്‍ട്ടിയുടെ കര്‍ശ്ശനമായ വിലക്ക്. ''പാറുവമ്മ ഒരു തുള്ളിവെള്ളം പോലും കുടിക്കരുത്, എന്നാല്‍ മാത്രമേ നമ്മുക്ക് പെട്ടെന്ന് സമരം വിജയിക്കാന്‍ പറ്റു. നേതാവ് പറഞ്ഞു ആദ്യദിവസം വൈകുന്നേരമായപ്പോള്‍ അവര്‍ക്ക് എലികള്‍ വയറ് കരണ്ടു തീര്‍ന്നതുപോലെ തോന്നി, പക്ഷെ നാലുപുറവും കുട്ടികള്‍ ഉള്ളതുകൊണ്ട് വിശപ്പ് അത്ര തോന്നിയില്ല. ചിരിച്ചും കളിച്ചും സമയം പോയി.
എറ്റവും വിഷമം ഉറക്കമായിരുന്നു കിടന്നാല്‍ വിശപ്പ് എല്ലാ ഭീകരതയോടെയും വയറിനെ കീഴ്‌പ്പെടുത്തും; അത് പിന്നെ ശരീരത്തിനേയും കീഴ്‌പ്പെടുത്തും, ദേഹം കുഴഞ്ഞുപോകുന്നതുപോലെ തൊണ്ട വരളുന്നു, വെള്ളം കുടിക്കണം പക്ഷെ വെള്ളം എവിടെ? വെള്ളത്തിന് വിലക്ക് - രണ്ടാം ദിവസത്തേക്ക് സമരം നീങ്ങുന്നതിന് നാട്ടിന്‍ പുറം സാക്ഷ്യം വഹിക്കുന്നു. ഒന്നാം ദിവസം ഭയങ്കര വിജയം. ഉറക്കമില്ലാതേയും ഭക്ഷണമില്ലാതേയും പാറുവിന്റെ ശരീരം മറ്റൊരു വിപ്ലവത്തിന് തയ്യാറെടുക്കുകയായിരുന്നു. അവരുടെ ശരീരം അവരോട് അവരുടെ ബോധത്തോട്, ചേതനയോട് നിസ്സഹകരണം പ്രഖ്യാപിച്ചു. ജീവിത സായാഹ്നത്തില്‍ കഠിനാധ്വാനവും, നന്ദികേടും അനുഭവിച്ച് മുറിവേറ്റ്, തൊണ്ടായി മാറിയ പാറുവിന് സമരം ജയിച്ചാലും തോറ്റാലും ഒരു വ്യത്യാസവുമില്ല എന്ന മനസ്ഥിതിയില്‍ എത്തിയിരുന്നു. പക്ഷെ തന്റെ കൂടെ നിന്ന 'ഈ കുട്ട്യോളെ' ചതിക്കാന്‍, ഇടക്കുവച്ച് പിന്‍തിരിയാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.
പാറുവിന്റെ സമരവീര്യം നിലനിര്‍ത്താനായി സഖാക്കള്‍ പലതും ചെയ്തു. ആദ്യത്തെ രണ്ടു ദിവസങ്ങളില്‍ പന്തലില്‍ ശരിക്കും മേളമായിരുന്നു. വിപ്ലവഗാനങ്ങളും, സിനിമാഗാനങ്ങളും പാടി അവര്‍ സ്വയം ആസ്വദിച്ചു; വൃദ്ധയെ രസിപ്പിച്ചു. നാട്ടുകാര്‍ക്ക് ഒരു കലാപരിപാടി തന്നെ വിളമ്പി. പാറുവും ചിരിച്ചു. അവിടെ വന്നിരുന്ന് തമാശ പറഞ്ഞ് സത്യാഗ്രഹിക്ക് വീര്യം പകര്‍ന്നിരുന്നവര്‍ മൂന്നു നേരവും വീട്ടില്‍ നിന്ന് ഭാര്യയുടേയും മക്കളുടേയും കൂടെ മൂക്കുമുട്ടെ തിന്ന്, അല്ലെങ്കില്‍ അമ്മ വിളമ്പിക്കൊടുത്ത ആഹാരം കഴിച്ചാണ് വന്നിരുന്നത്. അവരെല്ലാം പാറുവിന് വേണ്ടുവോളം ഉപദേശങ്ങള്‍ നല്കി. ഉപദേശങ്ങളും, തമാശകളും കേട്ട് പാറുവിന്റെ ആഹാരമില്ലാത്ത വയര്‍ നിറഞ്ഞു. ''വല്യമ്മ നന്നായി ചിരിക്കണം. വരുന്നവരോടെല്ലാം വര്‍ത്തമാനം പറയണം. അവരുടെ സഹാനുഭൂതി നേടണം. നമ്മുടെ കേസിന്റെ ജയം തന്നെ ആള്‍ക്കാരുടെ സഹതാപം പിടിച്ചു പറ്റാനുള്ള വല്യമ്മയുടെ കഴിവിലാണ് കിടക്കുന്നത്. അത്യാവശ്യം കരയുകയും മൂക്കുപിഴിയുകയും ഒക്കെ ആവാം! പാറു കരഞ്ഞ് ആരും കണ്ടിട്ടില്ലായിരുന്നു. പത്തൊമ്പത് കഞ്ഞുങ്ങളെ ചുമന്ന് കുഴിയില്‍ നിക്ഷേപിച്ച വാര്‍ദ്ധക്യത്തില്‍ ദുരിതവും മകന്റെ തിരസ്‌കാരവും മാത്രം നേട്ടമായി കിട്ടിയ തന്റെ ആത്മാവിന്റെ സ്ഥായിയായുള്ള തേങ്ങള്‍ പുറത്ത് ആരും കേള്‍ക്കാതിരിക്കാന്‍, സ്വയം കേള്‍ക്കാതിരിക്കാന്‍ അവര്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.
ദിവസവും രാവിലേയും വൈകുന്നേരവും മുദ്രാവാക്യം വിളിയുണ്ട്. അതില്‍ വര്‍ഗ്ഗശത്രു ഇരുപത്തിമൂന്നിനെ അതികഠിനമായി കുറ്റപ്പെടുത്തും, മോശമായി പരാമര്‍ശിക്കും. പാറുവിനോടും വിളിക്കാന്‍ പറയും-അവര്‍ക്ക് നിന്ന് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കാനുള്ള ശക്തി നഷ്ടപ്പെട്ടിരുന്നു. അവര്‍ ഇരുന്നു മുദ്രാവാക്യം വിളിക്കുന്നത് പോലെ ചുണ്ടനക്കും. പാറുകാണക്കാണെ കൂടുതല്‍ പരവശയായിക്കൊണ്ടിരുന്നു. ഇത് ശ്രദ്ധിച്ച നേതാക്കള്‍ പറഞ്ഞു ''നല്ലത് വളരെ നല്ലത്'' വൃദ്ധ എത്രകണ്ട് പരവശയായിത്തീരുന്നുവോ അത്രക്ക് നമ്മുടെ സമരത്തിന്റെ വിജയ സാദ്ധ്യത കൂടും'' വിശപ്പ് ആവരുടെ ശരീരം കരണ്ടു തിന്നിരുന്നുവെങ്കിലും, തനിക്ക് ഇതുവരെ കിട്ടാത്ത, ഇപ്പോള്‍ കിട്ടുന്ന പ്രധാന്യവും, ശ്രദ്ധയും പാറുവിനെ അതിയായി ആഹ്ലാദിപ്പിക്കുകതന്നെ ചെയ്തു.
നിരാഹാര സമരം വിജയകരമായി മൂന്നാം ദിവത്തേക്ക് പ്രവേശിച്ചു. വിജയകരമായിത്തന്നെയാണ് സത്യാഗ്രഹം പുരോഗമിക്കുന്നതെന്ന് നേതാക്കള്‍ക്ക് ഉറപ്പായിരുന്നു.
പുതുമ ആഗ്രഹിക്കുക എന്നത് മനുഷ്യ സഹജമാണ്. രണ്ടു ദിവസം മാത്രമേ നാട്ടുകര്‍ക്ക് പാറു സംഭവത്തില്‍ കൗതുകവും പുതുമയും തോന്നിയുള്ളു. ഈ രസം കഴിഞ്ഞപ്പോള്‍ അവര്‍ 'ഫ്രെഷ്' ന്യൂസ്, കൂടുതല്‍ തമാശയുള്ള സംഭവങ്ങള്‍ അന്വേഷിച്ചുപോയി. പാര്‍ട്ടിയിലെ ചെറുപ്പക്കാര്‍ ഈ സമരം വലിയ നേതാക്കളുടെ ഒരു വലിയ തെറ്റായി കണക്കാക്കി. സമര മാര്‍ഗ്ഗം തെറ്റാണ്, അവര്‍ കുറച്ചുകൂടി 'ആക്ഷന്‍' 'ഡ്രാമ' പ്രതീക്ഷിച്ചു. അവര്‍ പരസ്പരം പറഞ്ഞു. ''ഇത് നാം പിടിച്ച പുലിവാലാണ്. ഈ തള്ളയെ ഇങ്ങിനെ എത്ര ദിവസം ഇരുത്താനാണ്? ഇതിനെ പുഴുങ്ങിത്തിന്നാന്‍ പറ്റുമോ? ഇരുപത്തിമൂന്നിന് യാതൊരു മാറ്റവും ഇല്ല. ഇതെങ്ങാന്‍ ചത്താല്‍ പിന്നെ അതുമതി. അത് പാര്‍ട്ടിയുടെ തലയിലാവും.
മൂന്നാം ദിവസം തൊട്ട് പാറു ഒറ്റക്കാവാന്‍ തുടങ്ങി. നാട്ടുകാര്‍ക്ക് പന്തലന്റെ ചുറ്റും രണ്ടുദിവസത്തില്‍ കൂടുതല്‍ നില്കാന്‍ പറ്റുമായിരുന്നില്ല നേതാക്കാള്‍ക്ക് അവരവരുടെ തിരക്കുകളുണ്ടല്ലൊ. പാറുവിന്റെ കണ്ണുകളിലുണ്ടായിരുന്ന തിളക്കം, ശബ്ദത്തിലെ മണിക്കിലുക്കം എവിടെയോ പോയി മറഞ്ഞിരുന്നു.
ചോട്ടാ നേതാക്കള്‍ക്ക് സമരത്തിലുള്ള താല്പര്യം കുറയുന്നത് വലിയ നേതാക്കള്‍ കണ്ടു. പിന്നെ ഇരുപത്തിമൂന്ന് അനങ്ങുന്നില്ല. ഈ രണ്ടു ഘടകങ്ങളും സമരത്തിന്റെ ഫലത്തെ ബാധിക്കാന്‍ പോന്നതാണ്. ഈ സമരം കൊണ്ട് തള്ളയേക്കാള്‍ നമ്മുക്ക് ലാഭമുണ്ടാക്കണം. നേതാക്കള്‍ രഹസ്യമായി കൂട്ടുകരോട് പറഞ്ഞു. അവര്‍ സമരം ഒന്നുകൂടി ഊര്‍ജ്ജിതമാക്കന്‍ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി അവര്‍ പത്രക്കാരെ സമീപിക്കാന്‍ തീര്‍ച്ചയാക്കി. പാറുവമ്മയുമായി ഒരു പത്രത്തിന്റെ അഭിമുഖം കുറച്ചു ഫോട്ടോകളോടെ ടൗണിലെ ഹരിതഭൂമി പത്രം ഓഫീസിനെ വിവരം അറിയിച്ചു. അടുത്ത ദിവസം ഒരു ജര്‍ണ്ണലിസ്റ്റ് ഹരിതഭൂമിയില്‍ നിന്ന് ഇന്റര്‍വ്യൂ ചെയ്യാനെത്തും. ഒരു പ്രസ് ഫോട്ടോഗ്രാഫര്‍ പടം പിടിക്കാനും ക്ഷീണം കൊണ്ട് കണ്ണുകള്‍ അടയുന്നുവെങ്കിലും പാറു സന്തോഷത്താല്‍ മതിമറന്നു. തന്നെ ഫോട്ടോ പിടിക്കാനായി പത്രത്തിലെ ഫോട്ടോ ഗ്രാഫര്‍ വരിക! തന്നോട് വര്‍ത്തമാനം പറയാനായി പട്ടണത്തില്‍ നിന്നും, വലിയ പത്രമാഫീസില്‍ നിന്നും ആള്‍ക്കാര്‍ വരിക! ഇന്ത്യാ രാജ്യത്തുതന്നെ ഏതെങ്കിലും ഒരു സ്ത്രീക്ക് ഇങ്ങിനെയൊരു ഭാഗ്യം ഉണ്ടായിട്ടുണ്ടൊ?
യുവസുന്ദരനായ പത്രക്കാരനും ശുഷ്‌കനായ പടം പിടുത്തക്കാരനും വന്നു. ആ നാട്ടിലെ പൂരത്തിനുള്ള ജനക്കൂട്ടം ഉണ്ടായിരുന്നു. പാറുവിന് ചുറ്റും ഫോട്ടോ സെഷന്‍ തുടങ്ങി. ഈ അസാധാരണ സംഭവം ഈ ചരിത്ര സൃഷ്ടി ഫോട്ടോകളിലൂടെ മാത്രമേ അനശ്വരമാക്കാന്‍ പറ്റൂ. പാറുവിന്റെ പല രസങ്ങളിലുള്ള, പോസിലുള്ള ഫോട്ടോകള്‍ വേണം. പാറു ജീവിതത്തിലാദ്യമായാണ് ക്യാമറക്ക് മുമ്പില്‍ നില്കുന്നത്. ആദ്യം വിസമ്മതിച്ചു; 'വേണ്ടായിരുന്നു പിന്നീട് കുട്ട്യോള് പറഞ്ഞപ്പോള് അനുസരിച്ചു'. രണ്ടു ഫോട്ടോകള്‍ നന്നായി ചിരിച്ച്. വിപ്ലവ വീര്യം പാറുവിന്റെയുള്ളില്‍ കത്തിയെരിയുന്നതിന്റെ ഉദാഹരണം, രണ്ടെണ്ണം കിടന്ന, സത്യാഗ്രഹി അവശനിലയില്‍, രണ്ട് ഫോട്ടോകള്‍ പാര്‍ട്ടിനേതാക്കളുടെകൂടെ. പാര്‍ട്ടിനേതാക്കള്‍ 'അമ്മയെ കെട്ടിപ്പിടിച്ച് ചിരിച്ചുകൊണ്ട് ഫോട്ടോയില്‍ ഇരുന്നുകൊടുത്തു. ഇത് പേപ്പറില്‍ വന്നാല്‍ തനിക്ക് കിട്ടാവുന്ന ഗുണം നേതാവ് ആലോചിച്ചുവെച്ചു. നാളെ പത്രം വാങ്ങണമെന്നും ഇത് വെട്ടിവെക്കണമെന്നും തീര്‍ച്ചയാക്കി. ഒരു യുവപ്രവര്‍ത്തകന്‍ പറഞ്ഞു ''അമ്മുമ്മ ചിരിച്ചുകൊണ്ടേയിരിക്കണം നാളെ പേപ്പറില്‍ അമ്മൂമ്മയുടെ പടം വരും, അപ്പോള്‍ കേരളം മുഴുവന്‍ അറിയും നമ്മുടെ കേസ് ഒന്നുകൂടി ശക്തമാവും. ഗവണ്മെന്റ്തന്നെ ഇടപെടും''
നാലാം ദിവസം രാത്രി. പാറുവിന്റെ മനസ്സില്‍ ഇപ്പോള്‍ ഒരേ ഒരു ചിന്തമാത്രം ആഹാരം പഴയതായാലും നാറിയതായാലും പുളിച്ചതായാലും കുപ്പയില്‍ കിടന്നതായാലും വേണ്ടില്ല വെറും ഒരുരുള ചോറ്, ഒരു കയിലു കഞ്ഞി. അതിപ്പോള്‍ കിട്ടി മരിച്ചാലും വരോധമില്ല. വിഷം ചേര്‍ത്തതായാലും വരോധമില്ല. സ്വല്പം ആഹാരം വായില്‍ ഇട്ട് വയറ്റില്‍ കിടന്ന് മരിച്ചാല്‍ തനിക്ക് സ്വര്‍ഗ്ഗം കിട്ടും എന്ന് അവര്‍ വിശ്വസിച്ചു. ഇത്ര ദിവസം അവര്‍ ആഹാരത്തെക്കുറിച്ച് ആലോചിക്കുമായിരുന്നു പക്ഷെ ഇന്ന് അവരുടെ മനസ്സ് ചേതന, ബോധം ഇവ ആഹാരം കൊണ്ടുമാത്രം നിറഞ്ഞു നിന്നു. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ണിനു മുമ്പില്‍ കൂടെ ചേതനയില്‍, ബോധമണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടു. ഒരു പ്രാവശ്യമെങ്കിലും അവര്‍ ജീവിതത്തില്‍ ഫ്രെഷ് ആയി ഉണ്ടാക്കിയ ഒരു വിഭവം അല്ലെങ്കില്‍ ഒരു മുഴുവന്‍ സദ്യ കഴിച്ചിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല. വല്ലവരും പകര്‍ന്ന് കൊടുക്കുന്ന കഞ്ഞി കുടിക്കും. നിലത്ത് കുഴികുത്തി ചേമ്പിന്റെ തലയോ, വാഴയിലയോ അതിലിട്ട് മനുഷ്യരാരും കഴിക്കാന്‍ തയ്യാറാവാത്ത വിധത്തില്‍. ചോറാണെങ്കില്‍ കുറേ പഴഞ്ചോറ്. അവരുടെ ഓര്‍മ്മയില്‍ പഴങ്കഞ്ഞിയും അളിഞ്ഞ ചോറും മാറിമാറിക്കളിച്ചു.
പാറുവിന്റെ മകന്റെ ഭാര്യ തേങ്ങ വറുത്തരച്ച, മീന്‍ കറിയും കാച്ചിയ പപ്പടവും കൂട്ടി ആവി പറക്കുന്ന ചോറ് ഭര്‍ത്താവിന് വിളമ്പിക്കൊടുത്ത്, കൊഞ്ചിക്കുഴഞ്ഞ് കൊച്ചുവര്‍ത്തമാനം പറഞ്ഞ് അടുത്തിരുന്നു. ഈ ഊട്ടലില്‍ ഇരുപത്തിമൂന്ന് ദിവസവും ആവശ്യത്തിലധികം ഭക്ഷണം കഴിക്കും. അവള്‍ പറഞ്ഞുകൊണ്ടേ ഇരിക്കും, ''കുറച്ചുകൂടി കഴിക്കൂന്നേ, എനിക്കുവേണ്ടി'' വയറില്‍ ആവശ്യത്തിലധികം ചോറും മീന്‍ കൂട്ടാനും കടത്തിവിട്ട് ഭാര്യയുടെ ശരീരത്തിന്റെ ഇളം ചൂടേറ്റ് അയാള്‍ ഉറങ്ങി.
വറും നാലടി അപ്പുറത്ത് പാറു ഉറങ്ങാന്‍ കഴിയാതെ തിരഞ്ഞും മറിഞ്ഞും കിടന്നു. രണ്ടു ശത്രുക്കളാണ് പാറുവിനെ അക്രമിച്ചിരുന്നത്. പാറുവിന് അവരോട് യുദ്ധം ചെയ്യേണ്ടിയിരുന്നു. തണുപ്പും വിശപ്പും. . . എഴുപതുകഴിഞ്ഞു; വര്‍ഷങ്ങളായി ശരിക്കാഹാരം കഴിക്കാത്ത, മൂന്നു ദിവസമായി ജലപാനം കഴിക്കാത്ത കുടല്‍ കരിഞ്ഞുണങ്ങിയ, ശരീരം വെറും എല്ലിന്‍ കുടായി മാറിയ ഈ വൃദ്ധ സ്ത്രീ ശരീരത്തെ ആക്രമിച്ച് കീഴടക്കാന്‍ വിശപ്പിനും തണുപ്പിനും വലിയ വിഷമം ഒന്നും ഉണ്ടായിരുന്നില്ല. പാറുവിന് തോന്നി തന്റെ വയറിനും ഉള്ളിലെ ഇറച്ചി ഒരുനൂറ് എലികള്‍ കരണ്ടുതിന്നുകയാണ് എന്ന്.
പാറുവിന് ഉറക്കം വരുന്നില്ല. പക്ഷെ, കണ്ണുകള്‍ക്കെന്തോ സംഭവിക്കുന്നു. കണ്ണുകള്‍ തനിയെ അടയുന്നു. ഒന്നും കാണാന്‍ കഴിയുന്നില്ല. പാറുവിനായി നാട്ടുകാര്‍ ഉണ്ടാക്കിയ പന്തലിന്റെ കുറച്ചപ്പുറത്ത് ഒരു വഴി വിളക്കുണ്ട്. നല്ല പ്രകാശമുള്ള ഒരു വഴിവിളക്ക്. എന്നും രാത്രി ഏകാന്തതയില്‍ ആ വഴി വിളക്ക് നോക്കികിടക്കും. തന്റെ അന്ധകാരം നിറഞ്ഞ ജീവിതത്തില്‍ വെളിച്ചം പരത്തുന്ന ഏകാന്തരാത്രികളില്‍ കൂട്ടിനിരിക്കുന്ന ഒരു സഖിയാണ് ഈ വഴിവിളക്കെന്ന് അവര്‍ക്ക് തോന്നാന്‍ തുടങ്ങിയിരുന്നു. അവര്‍ തമ്മില്‍ ഒരു ധാരണ ഉണ്ടായിരുന്നു. കണ്ണില്‍ തറക്കുന്ന പ്രകാശം ബുദ്ധിമുട്ടാകാറുണ്ടെങ്കിലും പാറു ആ പ്രകാശം കണ്ടു. കണ്ണില്‍ ആ രശ്മികള്‍ ഉള്‍കൊണ്ട് ദിവസേന ഉറങ്ങും. അതിന്റെ വെളിച്ചം കണ്ട് ചുടേറ്റ് ആ വെളിച്ചത്തിന്റെ സംരക്ഷണയില്‍ ഉറങ്ങുമ്പോള്‍ അവര്‍ക്ക് ഭയമോ ഏകാന്തതയോ തോന്നാറില്ല. വിളക്ക് തനിക്ക് കാവല്‍ നില്ക്കുന്നു. ഭയമില്ല ഏകാന്തതയില്ല.
ഈ തെരുവുവിളക്ക് എന്താണിന്ന് ഇങ്ങിനെ മുനിഞ്ഞു കത്തുന്നത്? വിളക്ക് കത്തുമ്പോളും തനിക്ക് കത്തുന്നില്ലെന്ന് തോന്നുകയാണോ? തനിക്ക് വെളിച്ചം ശരിക്ക് കാണാന്‍ കഴിയുന്നില്ലല്ലോ. വിളക്കിന്റെ കുഴപ്പമോ തന്റെ കണ്ണുകളുടെ കാഴ്ചമങ്ങിയിട്ടോ? പാറുവിന്റെ ചിന്തകള്‍ ചിന്നഭിന്നമായി, ശിഥിലമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. തനിക്ക് കാഴ്ചമങ്ങുന്നു, ഭ്രാന്തുപിടിക്കാന്‍ തുടങ്ങിയോ? വിളക്കാണെങ്കില്‍ കൂടുതല്‍ കൂടുതല്‍ മങ്ങിക്കൊണ്ടിരിക്കുന്നു. ഇരുട്ട് പരക്കുന്നു ഇരുട്ടില്‍ തണുപ്പില്‍ ഒരു റോഡരുകില്‍ താന്‍ തനിയെ. മകന്‍ തൊട്ടടുത്തുണ്ടെങ്കിലും അവന്‍ തന്റെ സഹായത്തിനെത്തില്ല എന്ന് തീര്‍ച്ചയാണ്. പാറു ഉറക്കെ കരയാന്‍ ശ്രമിച്ചു. ശബ്ദം കേട്ടാല്‍ ആരെങ്കിലും വരും. പക്ഷെ ശബ്ദം പുറത്തുവരുന്നില്ല. കാഴ്ച പോയതുപോലെ, തന്റെ ശബ്ദവും പോയോ?
വിളക്ക് കെടാന്‍ പോകുന്നു എന്ന് തോന്നി പാറുവിന് വെളിച്ചം ഇപ്പോള്‍ പേരിനു മാത്രമേ ഉള്ളു. അതിപ്പോള്‍ അണഞ്ഞു പോകും തന്റെ ചെങ്ങാതി വിളക്കും തന്നെ ചതിക്കുകയാണോ? പാറുവിന്റെ ജ്വരം പിടിച്ച തലച്ചോറില്‍ രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടു, ചില രംഗങ്ങള്‍ മാറിമാറി വന്നു. താന്‍ തന്റെ വീട്ടിലാണ്. തന്റെ മകന്‍ ഒരു പീഠത്തിലിരുത്തി, ദൈവത്തിനെ പൂജിക്കുന്നതുപോലെ തന്നെ പൂജിക്കുന്നു. പൂക്കള്‍ ശരീരത്തു വീഴുന്നു. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ പുക്കള്‍ കല്ലുകളായി മാറി. അടുത്ത ഒരു രംഗം, തന്റെ മരുമകള്‍ തന്നെ തോളിലേറ്റി നൃത്തം ചെയ്യുന്നു. പാറുവും മരുമകളും ഉറക്കെ ചിരിക്കുന്നു പെട്ടെന്ന് തന്റെ മരുമകള്‍ താന്‍ സംശയിക്കാതിരിക്കുമ്പോള്‍ തന്നെ നിലത്തെറിയുന്നു. തന്റെ തലപൊട്ടുന്നു. ചോര പൊടിയുന്നു.
അടുത്തതായി പാറുകണ്ടു; കുറേ ശിശുക്കളെ ഒരു വയസ്സു പോലും തികയാത്ത കുട്ടികള്‍. അവര്‍ക്ക് ജീവനുണ്ട്. മരിച്ചിട്ടില്ല. പാറു ഒരോന്നിനെയായി ചുമക്കുന്നു. മുമ്പില്‍ നടക്കുന്നു. നിറയെ കുഴികള്‍ തയ്യാറാക്കിയിരിക്കുന്നു. കുട്ടികളെ ഓരോരുത്തരെയായി പാറുകുഴിയില്‍ ഇടുന്നു. കുഴി മുടുന്നില്ല. തുറന്നുതന്നെ കിടക്കുന്നു. കുഴിയില്‍ മലര്‍ന്നു കിടന്ന് കൈകാലിട്ടടിക്കുന്ന ശിശു. കുറേ കുഴികള്‍ നിറഞ്ഞു. ഇനി രണ്ടു കുഴികള്‍ മാത്രമുണ്ട്. ഒന്നില്‍ തന്റെ പറയന്‍ ഉറങ്ങുന്നു. നീണ്ടു നിവര്‍ന്ന് കിടക്കുന്നു. അവസാനത്തെ കുഴിയില്‍ പാറു ഇറങ്ങുന്നു. . . കിടക്കുന്നു. വല്ലാത്ത തണുപ്പ്. താന്‍ കിടക്കുന്ന കുഴിയുടെ ആഴം കൂടിക്കൊണ്ടിരിക്കുന്നു. താന്‍ ആഗാധതയിലേക്ക് പോകുന്നു. വല്ലാത്ത തണുപ്പ് ഒപ്പം ഇരുട്ടും. വിളക്ക് മുഴുവനായി അണഞ്ഞുപോയി നാലുപാടും ഇരുട്ട്. കുഴിയില്‍ ഇരുട്ട് കൂടുന്നു. . . ഇരുട്ട് പാറുവിനെ വലയം ചെയ്തു.. . ഇരുട്ടു മാത്രം.
നിരാഹാര സത്യാഗ്രഹം അഞ്ചാം ദിവസത്തേക്ക് പ്രവേശിക്കന്നു രാവിലെ ഏഴുമണി, വിജയാകരമാണെന്നതില്‍ ഒരാള്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. ഇതിനെല്ലാം കാരണക്കാരനായ ആരുടെ മനം മാറ്റത്തിനു വേണ്ടിയായിരുന്നോ ഇതെല്ലാം ചെയ്തത് ആ ഇരുപത്തിമൂന്ന് അഞ്ചാം ദിവസം യാതൊന്നും സംഭവിക്കാത്തതുപോലെ തന്റെ ഫാക്ടറിയിലേക്ക് പോകാന്‍ ഒരുങ്ങി പുറത്തുവന്നു. അവന്റെ ഭാര്യ എന്നെത്തേയും പോലെ രാവിലെ നേരത്തെ എഴുന്നേറ്റ് ചോറും കൂട്ടാനും മീന്‍കറിയും വെച്ചുണ്ടാക്കി, നാലു തട്ടുള്ള സ്റ്റീല്‍ ചോറു പാത്രത്തിലാക്കികൊടുക്കുന്നു. തന്റെ ഭര്‍ത്താവ് മര്യാദക്ക് ഭക്ഷണം കഴിക്കണമെന്ന് അവള്‍ക്ക് നിര്‍ബന്ധമാണ്. പാവം-ഇരുമ്പിലല്ലേ പണിയെടുക്കുന്നത് നല്ല ആഹാരം കഴിച്ചേ പറ്റൂ.
രാവിലെ ഇറങ്ങുമ്പോള്‍ ഇരുപത്തിമൂന്നിനൊരു തമാശ തോന്നി. തള്ളയെ ഒന്നു നോക്കി പോകണം ഇന്നലെ വലിയ നേതാവായി ഞെളിഞ്ഞിരുന്നതല്ലെ? ഇന്ന് പത്രത്തില്‍ ഫോട്ടോ വരുമത്രേ. പറ്റുമെങ്കില്‍ രണ്ടു ചൂടുള്ള വര്‍ത്തമാനം പറഞ്ഞ് പോകണം. തിരിച്ചൊന്നും പറയില്ല. ആ വിഢിച്ചിരി ചിരിക്കും അത്രതന്നെ.
അയാള്‍ പന്തലില്‍ നിന്നും കുറച്ച് മാറിനിന്ന് അമ്മയെ വീക്ഷിച്ചു. എഴുന്നേറ്റിട്ടില്ല. ചെരിഞ്ഞ് കിടന്നുറങ്ങുന്നു. കിടപ്പില്‍ എന്തോ പന്തികേട്. അസാധാരണത്വം. അയാള്‍ കുറച്ചുകൂടി അടുത്ത് ചെന്നു നോക്കി. പാറു വായ് പൊളിച്ച് ഒരു വശം തിരിഞ്ഞ് കിടക്കുന്നു. അയാള്‍ അമ്മയെ പണ്ടു വിളിച്ചിരുന്ന പോലെ വിളിച്ചു. ''തള്ളേ. . . തള്ളേ. . . അമ്മോ! പ്രതികരണമില്ല. അയാള്‍ പന്തലില്‍ കയറി, അമ്മയെ കുലുക്കി നോക്കി. ചലനമറ്റ ശരീരം ഒന്നായി ഇളകി. തണുത്തു മരവിച്ചിരിക്കുന്ന ഒരു ഭാഗം ചെരിഞ്ഞ് വളഞ്ഞു കിടക്കുന്ന വൃദ്ധയുടെ മൂക്കില്‍ നന്ന് സ്രവിച്ചിരുന്ന, മണ്ണില്‍ കറുത്തു വളഞ്ഞ രേഖയുടെ ഉറവിടം അന്വേഷിച്ച് വരിവരിയായി അരിച്ചടുക്കന്ന ഉറമ്പുസേനയെ നോക്കി അയാള്‍ നിന്നു.
ഏഴു മണിയോടെ പത്രം വാങ്ങി. ആദ്യ പേജില്‍ത്തന്നെ ''ജേര്‍ണ്ണലിസ്റ്റിന്റെ' സ്റ്റോറി ''നാട്ടിന്‍ പുറം വീരാമാതാവിന്നൊരു സമരമൊരുക്കുന്നു'' എന്ന തലക്കെട്ടില്‍ അച്ചടിച്ചു വന്നു. പാറുവിന്റെ അതി മനോഹരമായ മോണമാത്രം കാട്ടി കൊച്ചുകുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ ചിരിക്കുന്ന ഫോട്ടോ പത്രത്തിന് അഴകുകൂട്ടി. നാട്ടുകാര്‍ അന്ന് പാറുവില്‍ ആദ്യമായി അഭിമാനം കൊണ്ടു.
പാറുവിന് ജീവിതത്തില്‍ ശേഷിച്ച ഏക ആശ ഫോട്ടോ പത്രത്തില്‍ വന്നത് ഒന്ന് കാണണമെന്നായിരുന്നു. കണ്ണുകള്‍ക്ക് കാഴ്ച മങ്ങിയാലും തന്റെ രൂപം വിരൂപമായാലും വാര്‍ദ്ധക്യമായാലും പേപ്പറില്‍ ഒരു ചിത്രം വരുക എന്നു പറഞ്ഞാല്‍! എത്ര വലിയ പട്ടിണിയിലും അവമതിയിലും നന്ദികേടും ദുഖവും ഒരു പത്രത്തില്‍ ഫോട്ടോ വരുന്നതിന്റെ മുമ്പില്‍ ഒന്നുമല്ല. അവിടേയും പാറുവിന് തോറ്റുകൊടുക്കേണ്ടി വന്നു. ആ ഫോട്ടോ കാണാന്‍ യഥാര്‍ത്ഥമായി ആഗ്രഹിച്ച രണ്ടു കണ്ണുകള്‍ അതു പുറത്തു വന്നപ്പോഴേക്കും അടഞ്ഞിരുന്നു. എല്ലാകാഴ്ചകളോടും എന്നെന്നേക്കുമായി വിടപറഞ്ഞിരുന്നു.









വീണ്ടും ഒരു സാവിത്രി കഥ / സി. വി. ഭുവനേശ്വരി

|0 comments
സാഹിത്യവേദി സെപ്തബര്‍ മാസചര്‍ച്ചയില്‍ അവതരിപ്പിക്കപ്പെടുന്ന രണ്ടുകഥകള്‍ ഒന്നാമത്തേത്‌ കൂടുതല്‍വിവരങ്ങള്‍ ഇവിടെ


'നിബിഢമായ ഘോര വനങ്ങള്‍, ആകാശം മുട്ടുന്ന മഞ്ഞു മലകള്‍, തണുത്തുറഞ്ഞ കടലുകള്‍, പൊള്ളുന്ന മരുഭൂപ്രദേശങ്ങള്‍, ലാവ തിളച്ച് വഴിയുന്ന ആഗ്നിപര്‍വ്വതങ്ങള്‍, കുത്തിയൊലിക്കുന്ന വന്‍ നദികള്‍, കാല്‍ തെന്നി വീണാല്‍ അപ്രത്യക്ഷമാക്കുന്ന ചതുപ്പുനിലങ്ങള്‍, ഇവയെല്ലാംതാണ്ടി യമദേവന്‍ നടന്നു. തനിക്ക്, ദൈവത്തിനുപോലും ദുഷ്‌ക്കരമായ യാത്ര. ഭീതിദമായ യാത്ര; സാവിത്രി കൂടെയുണ്ട്. അവര്‍ പരലോകത്തിന്റെ വാതില്‍ക്കലെത്തി. ‍>

'അരുത്, സാവിത്രി കാല്‍ മുന്നോട്ട് വെക്കരുത്... ഈ ലോകത്ത് ജീവിച്ചിരിക്കുന്ന മനുഷ്യാത്മാക്കള്‍ക്ക് പ്രവേശനം ഇല്ല. തിരിച്ചു പോകൂ സാവിത്രി. നിന്റെ ധൈര്യത്തിലും ഭര്‍ത്തൃഭക്തിയിലും ഞാന്‍ അതീവസന്തുഷ്ടനായിരിക്കുന്നു. ലോകാന്ത്യം വരെ നീ സതി സാവിത്രിയായി അറിയപ്പെടും. നിനക്കെന്തുവേണമെങ്കിലും ഞാന്‍ വരദാനമായിത്തരാം. സത്യവാന്റെ ജീവനൊഴികെ'
സാവിത്രി ക്ഷീണത്തിലും ദുഖത്തിലും ഇടറിയ ശബ്ദത്തില്‍ പറഞ്ഞു. 'അസാദ്ധ്യമായത് സാദ്ധ്യമാക്കണം യമരാജന്‍!. എനിക്ക് സത്യവാന്റെ ജീവനല്ലാതെ മറ്റൊന്നും ആവശ്യപ്പെടാനില്ല'.
________________സാവിത്രിപുരാണം.

ഒരാധൂനിക ഗൃഹം. വിശാലമായ കിടപ്പുമുറി മരണത്തിന്റെ ആഗമം വിളിച്ചോതുന്ന മുഖവും ശരീരവുമുള്ള സത്യവാന്‍ എന്ന മദ്ധ്യവയസ്‌കന്‍ വിലകൂടിയ ഇരട്ടക്കട്ടിലില്‍ കിടക്കുന്നു. താന്‍ കിടക്കുന്ന ഇരട്ടക്കട്ടിലും, അത് ഉള്‍ക്കൊള്ളുന്ന ഈ മുറിയും, അത് സ്ഥിതിചെയ്യുന്ന ഈ എല്ലാ ആധൂനിക സൗകര്യങ്ങളുമുള്ള ഭവനവും സത്യവാന് സ്വന്തം പത്‌നിയുടെ അച്ഛനില്‍ നിന്ന് സ്ത്രീധനമായി കിട്ടിയതാണ്. അദ്ദേഹത്തിന് മാരകമായ അസുഖമാണ്. അദ്ദേഹത്തിന്റെ പത്‌നി സാവിത്രി ഭര്‍ത്താവിനെ ഒരു സതിയെപ്പോലെ ശുശ്രൂഷിച്ച് കാവലിരുന്നു. ഈ പ്രാവശ്യം സത്യവാന്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടില്ലെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. ആരും അടുത്തില്ലാത്തപ്പോള്‍ അവള്‍ കൈപ്പടം അയ്യാളുടെ മൂക്കിനടുത്തു വെച്ചുനോക്കും, ശ്വാസം നിലച്ചോ എന്നറിയാന്‍.

മൂന്നു മാസത്തെ കാന്‍സറിന്റെ ഭീകരമായ ആക്രമണത്തിനുശേഷം ഒരു അര്‍ദ്ധരാത്രി സത്യവാന്‍ ഇഹലോകവാസം വെടിഞ്ഞു. സാവിത്രി അപ്പോള്‍ ആയാളുടെ സമീപം ഒറ്റക്കായിരുന്നു. ഉടനെതന്നെ ആരോടും ഇക്കാര്യം പറയാതെ, അവള്‍ ഈ സംഭവം തന്റെ ബോധമണ്ഡലത്തില്‍, സ്മരണമണ്ഡലത്തില്‍ സൂക്ഷിച്ചുവെക്കാനായി ആയവിറക്കിക്കൊണ്ടിരിക്കാന്‍ തീര്‍ച്ചയാക്കി-കാരണം അവരുടെ മുഴുവന്‍ ജീവിതത്തില്‍ അത്രക്ക് വലയേറിയ ഒരസുലഭ നിമിഷമായിരുന്നു അത്. കുറച്ചുനേരം ഒറ്റയ്ക്കിരിക്കണം... ഈ നിമിഷം ആസ്വദിക്കണം.

പെട്ടെന്നൊരു രൂപം സാവിത്രിയുടെ മുമ്പില്‍ ആകാശത്തുനിന്നും പൊട്ടിവീണപോലെ ഭൂമിയില്‍ നിന്ന് സ്വയം ഭൂവായി പൊട്ടിമുളച്ചതുപോലെ പ്രത്യക്ഷപ്പെട്ടു. സാവിത്രിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല അമാനുഷികത്വമുള്ള ഒരു വ്യക്തി!. താന്‍ സ്വപ്‌നം കാണുകയാണോ...? ഇക്കണക്കിന് സത്യവാന്റെ മരണവും വെറും സ്വപ്‌നമാണോ...? ഈശ്വരാ...! അവര്‍ കണ്ണ് ഒന്നു നന്നായി തിരുമ്മി നോക്കി. ദൈവത്തിന്റെ പരിവേഷമുള്ള ഒരു രൂപം മുന്നില്‍ നില്‍ക്കുന്നു. ഹിന്ദുദൈവങ്ങള്‍ സുന്ദരന്മാരാണ്. സ്‌ത്രൈണഭാവം ഉണ്ടെന്നേയുള്ളു.
ഇതാരാണ്....? വിഷ്ണൂ.. ശിവന്‍, കാര്‍ത്തികേയന്‍..? തന്നെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകാന്‍ വന്നതാണോ..? സത്യവാന്റെ കൂടെ? സ്വര്‍ഗ്ഗമോ, വൈകുണ്ഡമോ, അതോ കൈലാസമോ? എന്താണ് ഈ മൂന്നും തമ്മിലുള്ള വ്യത്യാസം?. മരിച്ചാല്‍ നാം ഇതിലേതിലെങ്കിലും എത്തിച്ചേരുമെന്ന് കേട്ടിട്ടുണ്ട്. ഈ ദേവന്‍ എന്തിനാണ് ഇപ്പോള്‍ ഇവിടെ വന്നിരിക്കുന്നത്?


സാവിത്രി ദൈവത്തെ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. സ്‌ത്രൈണഭാവം ഒട്ടും ഇല്ലാത്ത വ്യക്തിത്വം; പൗരുഷം, ആരോഗ്യമുള്ള ശരീരം, ഇരുനിറം, ഒരു ദൈവം ഇപ്പോള്‍ ഇവിടെ..? ഈ മനുഷ്യന്റെ ശവം കൊണ്ടുപോകാന്‍ ഏതു ദൈവം വരും? രൂപം സംസാരിക്കാന്‍ തുടങ്ങി. 'സാവിത്രി... ഭയപ്പെടേണ്ട നിനക്കെന്നെ നന്നായി അറിയാം എന്റെ നാമം നിന്റെ പേരിനോട് അഭേദ്യമായ വിധം ബന്ധപ്പെട്ടുകിടക്കുന്നു. യമരാജനാണ് ഞാന്‍'' യമന്റെ ശബ്ദത്തില്‍ പഴയ പരിചയവും വാത്സല്യവും കലര്‍ന്നിരുന്നു.
'എന്റെ മരണത്തിന്റെ മുഹൂര്‍ത്തം ആയോ യമദേവാ? അങ്ങെന്തിനാണ് വന്നിരിക്കുന്നത്? എനിക്കിപ്പോള്‍ മരിക്കാന്‍ ഒട്ടും ആഗ്രഹമില്ല. മാത്രമല്ല, ജീവിക്കാന്‍ കൂടുതല്‍ ആഗ്രഹവും തോന്നുന്നു'
'ഞാന്‍ സത്യവാന്റെ മരണം സംബന്ധിച്ചാണ് ഭൂലോകത്ത് എത്തിയിരിക്കുന്നത്. സത്യവാന്റെ മരണം നടന്നാല്‍, എവിടെ സത്യവാന്‍ സാവിത്രിമാരുണ്ടോ, അവിടെ എനിക്കെത്തണം. പഴയ നാടകം ഒരിക്കല്‍ കൂടി അരങ്ങേറണം. ഞാനുമതില്‍ ഒരു പ്രധാന കഥാപാത്രമായിരുന്നല്ലോ. ആ നാടകം ഒന്നുകൂടി ആവര്‍ത്തിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്' യമന്‍ പറഞ്ഞു.
'ഏതു നാടകം'സാവിത്രി നെറ്റിചുളിച്ച് ചോദിച്ചു.
'ഇതെന്തു കഥ പുത്രി! നമ്മുടെ പഴയകഥ' തികഞ്ഞ നിഷ്‌കളങ്കതയോടെ, ആപല്‍ശങ്കയില്ലാതെ, സംശയമില്ലാതെ യമരാജന്‍ വിശദീകരിച്ചു.
'നീ മരണത്തെ ജയിച്ച കഥ. സത്യവാന്‍ മരിക്കുന്നു; നീ അദ്ദേഹത്തെ തിരിച്ചുതരാന്‍ യമനോട് അഭ്യര്‍ത്ഥിക്കുന്നു. ഭൂലോകം മുഴുവന്‍ യമനെ പിന്‍തുടരുന്നു. അവസാനം യമന്‍ തോറ്റ് സാവിത്രിക്ക് സത്യവാനെ വരദാനമായി നല്കുന്നു. എവിടെവിടെ സത്യവാന്മാര്‍ മരിക്കുന്നുവോ, എവിടെവിടെ സാവിത്രിമാര്‍ അവര്‍ക്ക് ഭാര്യമാരായി ഉണ്ടോ, അവിടെയെല്ലാം ഞാന്‍ എത്തിച്ചേരും. ഈ നാടകം അരങ്ങേറും സാവിത്രികള്‍ രക്ഷിക്കാന്‍ ഉള്ളപ്പോള്‍ ഒരു സത്യവാനും മരിച്ചുകൂടാ. ഇത് തലമുറയായിട്ടുള്ള പതിവാണ്. പണ്ടുനടന്നത് മുഴുവന്‍ നമ്മളാവര്‍ത്തിക്കുന്നില്ല. ഒരു 'സിമ്പോളിക്' 'റിപ്പീറ്റീഷന്‍'. ഞാന്‍ പത്തടി നടക്കുന്നു ഭവതി എന്നെ പിന്‍തുടരുന്നു. കരയുന്നു. ഞാന്‍ 'ഡെഡ് ബോഡി' റിലീസ് ചെയ്യുന്നു... അല്ല ആത്മാവ്! സിംപിള്‍!. ഈ കേസ് ചിത്രഗുപ്തന്റെ ലോഗ് ബുക്കില്‍ 'റെയറസ്റ്റ് ഓഫ് ദി റെയര്‍' കേസ് ആയി സ്ഥാനം പിടിക്കും. നാം പുറപ്പെടുകയല്ലേ സാവിത്രീ..'
ഇപ്പോഴാണ് ഭൂമിയിലെത്തിയതിനുശേഷം ആദ്യമായി യമരാജാവ് സാവിത്രിയെ ശ്രദ്ധിച്ചത്. കവിളുകളില്‍ കണ്ണീര്‍പ്പാടുകളോ, കരഞ്ഞു വീര്‍ത്ത മുഖമോ, കടുത്ത ദുഖമോ ഒന്നുമില്ല. ഒരു തരം നിര്‍വ്വികാരത, ഗൂഢമായ ഒരു സന്തോഷം എവിടെയോ ഒളിച്ചിരിപ്പുണ്ടോ..? യമന്‍ പറഞ്ഞു.
'ഇതെന്തുപറ്റി സാവിത്രീ? നീ യാതൊരു പ്രതികരണവും കൂടാതെ ഇങ്ങിനെ നില്ക്കുന്നതെന്താണ് സമയം വൈകുന്നു. എനിക്ക് പോകാന്‍ സമയമായി. നീ എന്റെ കൂടെ കുറച്ചുദൂരം വന്നാല്‍ മതി' യമന്‍ പറഞ്ഞു.


സാവിത്രി പറഞ്ഞു 'ഞാനെന്നും ദൈവങ്ങള്‍ക്ക് ബുദ്ധികുറവാണെന്നും, നീതിബോധം ഇല്ലെന്നും വിശ്വസിച്ചിരുന്നു. പക്ഷെ താങ്കള്‍ ഈ കൂട്ടത്തില്‍ പെടുമെന്ന് കരുതിയില്ല. തുറന്നു പറയാം. എനിക്ക്, സാവിത്രിക്ക് ഈ മനുഷ്യനെ ഇനി ജീവിതത്തില്‍ വേണ്ട. ഈയാളുടെ കൂടെ ഒരു ജീവിതം വേണ്ട. എന്റെ സന്തോഷമാണ് നിങ്ങള്‍ ദൈവങ്ങളുടെ ഉദ്ദേശ്യമെങ്കില്‍ ഇയാളെ അങ്ങ് വേഗം പരലോകത്തേക്ക് കൊണ്ടുപോകുക. ഞാന്‍ കരഞ്ഞുതൊഴിച്ച് അങ്ങയെ പിന്തുടുമെന്ന് അങ്ങ് കുരുതുന്നുണ്ടെങ്കില്‍ അങ്ങേക്കും അങ്ങയുടെ ഇന്ദ്രനും തെറ്റി. ഇനി, ദൈവങ്ങള്‍ ഈ മനുഷ്യനെ അമൂല്യസ്വത്തായി കരുതുന്നുവെങ്കില്‍ അവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ഇദ്ദേഹത്തെ കണ്ണാടിക്കൂട്ടിലിട്ട് പ്രദര്‍ശിപ്പിക്കാം. ഉപ്പിലിട്ടു വയ്ക്കാം. ഞാന്‍ ഇയ്യാളുടെ മേല്‍ ഒരവകാശവാദവും ഉന്നയിക്കാന്‍ പോകുന്നില്ല; എന്നെ സംബന്ധിച്ചിടത്തോളം ഇയാള്‍ മരിച്ചു കഴിഞ്ഞു. എന്റെ ഇയാളുമായുള്ള ബന്ധങ്ങളും മരിച്ചു കഴിഞ്ഞു. മരണം പ്രകൃതി നിയമമാണെന്നും മരിച്ചതിനെ ജീവിപ്പിക്കുന്നത് പ്രകൃതിയോടുള്ള വെല്ലുവിളിയാണെന്നും ഞാന്‍ അങ്ങേക്ക് പറഞ്ഞു തരേണ്ടല്ലോ യമദേവാ' സാവിത്രി പെട്ടെന്ന് വാചാലയായി.

യമരാജന്‍ അത്ഭുതസ്തബ്ധനായി. ഈ സ്ത്രീ സാവിത്രിതന്നേയോ? സാവിത്രി പുരാണത്തിന്റെ പാഠഭേദം!. ഇതൊരു കഥയാക്കിയാല്‍ എന്തു തലക്കെട്ട് കൊടുക്കാം? യമരാജന്‍ ചിന്തിച്ചു. 'സാവിത്രി കാല് മാറുന്നു. അല്ലെങ്കില്‍ സത്യവാന്റെ വിധി തിരുത്തി എഴുതപ്പെടുന്നു. 'സത്യവാനൊരു ചരമഗീതം'
'സാവിത്രി ഒരു വിപ്ലവഗാഥ'
'സാവിത്രി; വിപ്ലവത്തിന്റെ നൂതന പാതയില്‍' നല്ല നല്ല തലക്കെട്ടുകള്‍.
തനിക്ക് എഴുതാന്‍ കഴിവില്ലാതെ പോയതില്‍ യമരാജാവ് ആദ്യമായി സ്വയം ശപിച്ചു.

യമന്‍ സാവിത്രിയുടെ മുഖത്തേക്ക് ഉറ്റുനോക്കി. ഒട്ടും കള്ളത്തരമില്ല. അവള്‍ പറയുന്നതെല്ലാം അവള്‍ ശരിക്കും ഉദ്ദേശിക്കുന്നുവെന്ന് യമന് തോന്നി. മുഖഭാവം യഥാര്‍ത്ഥ കോപത്തെ, ക്ഷോഭത്തെ വിളിച്ചോതി.
'ഞാനി കേള്‍ക്കുന്നതെന്താണ് സാവിത്രീ? നിനക്ക് സത്യവാനെ തിരിച്ചുവേണ്ടെന്നോ? ഇതേതു പുതിയ സാവിത്രിക്കഥയാണ്? സാവിത്രി, നിനക്കങ്ങിനെ തീരുമാനമെടുക്കാന്‍ പറ്റില്ല. ഇതിന് ചില നിയമങ്ങളും പാരമ്പര്യങ്ങളുമുണ്ട്. സാവിത്രിയും സത്യവാനും ഒന്നിച്ചിരിക്കണമെന്ന് ദേവന്മാരുടെ ആഗ്രഹമാണ് ആജ്ഞയാണ്' യമന്‍ ഒന്നു കയര്‍ക്കാന്‍ നോക്കി.

'അത് നിശ്ചയിക്കാന്‍ നിങ്ങള്‍ ആര്? ഇതെന്റെ ജീവിതമാണ്, എന്റെ സുഖവും സന്തോഷവുമാണ് നിങ്ങള്‍ തുലാസിലിട്ട് തൂക്കിക്കൊണ്ടിരിക്കുന്നത്. എനിക്കിയാളെ വേണ്ടെന്നു പറഞ്ഞാല്‍ വേണ്ടെന്നു തന്നെയാണര്‍ത്ഥം. എന്നിട്ടും എന്റെ മേല്‍ ഇയാളെ കെട്ടിവയ്ക്കാന്‍ ദൈവങ്ങള്‍ക്ക് എന്താണിത്ര താല്‍പര്യം?' സാവിത്രി ചോദിച്ചു.

യമരാജന് സാവിത്രിയുടെ ഭാവം കണ്ട് ഭയം തോന്നി. ചോദ്യങ്ങള്‍ കൂരമ്പുകളായാണ് വരുന്നത്. ഉത്തരമൊന്നും കിട്ടുന്നില്ല. തെല്ലു പരുങ്ങലോടെ യമരാജന്‍ പറഞ്ഞു.
'സത്യം പറഞ്ഞാല്‍ എനിക്കിതില്‍ കാര്യമായ പങ്കൊന്നും ഇല്ല സാവിത്രീ. ഞാന്‍ ഇന്ദ്രന്റെ വെറും ആജ്ഞാനുവര്‍ത്തിമാത്രം. ഇതദ്ദേഹത്തിന്റെ തീരുമാനമാണ്'.

'എന്റെ കാര്യത്തില്‍ നിങ്ങള്‍ ദേവന്മാര്‍ക്ക് എന്താണിത്ര താല്പര്യം?'
വേറൊരു ചോദ്യശരം സാവിത്രിയില്‍ നിന്ന്. യമരാജന്റെ സ്ഥിതി ചെകുത്താനും കടലിന്നും ഇടയ്ക്കായി. ഒരു ഭാഗത്ത് 'കൊണ്ടുപോകൂ... എനിക്കിയാളെ വേണ്ട എന്ന് വാശി പിടിക്കുന്ന സാവിത്രി, മറുഭാഗത്ത് ഒരു പുരാണ കഥയേയും കെട്ടിപ്പിടിച്ച് ആജ്ഞകള്‍ പുറപ്പെടുവിക്കുന്ന ഇന്ദ്രന്‍. യമന് ഇന്ദ്രനേക്കാള്‍ സാവിത്രിയെ അറിയാം. എവിടെയോ എന്തോ കുഴപ്പമുണ്ട്. ഈ ധീരവനിതയുടെ ഉദ്ദേശ്യശുദ്ധിമാനിക്കാതിരിക്കാന്‍ യമരാജനും കഴിയില്ല. അദ്ദേഹം അനുനയത്തോടെ പറഞ്ഞു. 'ഞാന്‍ ആ രാത്രി ഓര്‍ക്കുന്നു സാവിത്രി... ഭയാനകമായ ഇരുട്ട് മഴ, ഇടിവെട്ട്, മിന്നല്‍ ഞാന്‍ ഭൂലോകം താണ്ടി പരലോകത്തിലേക്കുള്ള പ്രവേശനകവാടത്തില്‍ എത്തുന്നു. എന്റെ കൂടെ ഭവതിയും ഉണ്ട്. പക്ഷെ നിനക്ക് ഭയമില്ല, പരിസരബോധമില്ല. കൂപ്പുകൈയ്യുമായി കണ്ണീരൊഴുകുന്ന കവിളുകളോടെ ശക്തിചോര്‍ന്നുപോകുന്ന ചുണ്ടുകള്‍. ഒരു മന്ത്രം പോലെ ഉരുവിടുന്നു. എനിക്കദ്ദേഹത്തെ തിരിച്ചു തരൂ... എന്റെ മാത്രമല്ല, ഈ ലോകത്തിലേയും പരലോകത്തിലേയും ജീവജാലങ്ങലുടേയെല്ലാം കരളലിയിപ്പിക്കാന്‍ പോന്നതായിരുന്നു ആ ദൃശ്യം. മരണദേവന് പോലും നിന്നെ ഭയമായിരുന്നു. അപ്പോള്‍. ഒരു ഭയവും നിന്നെ തീണ്ടിയില്ല. ഈ പ്രപഞ്ചം മുഴുവന്‍, ലോകാവസാനം വരെ... സത്യവാനു വേണ്ടി എന്റെ കൂടെ സഞ്ചരിക്കാന്‍ നീ തയ്യാറായിരുന്നു. നിന്റെ ധൈര്യവും നിശ്ചയദാര്‍ഢ്യവും കണ്ട് ഞാന്‍പോലും അതിശയിച്ചു. ഞാന്‍ തന്നത്താന്‍ പറഞ്ഞു 'എന്തൊരു സ്ത്രീ' ആ ഭവതിയാണ് ഇപ്പോള്‍ പറയുന്നത്, 'എനിക്കിയാളെ വേണ്ട; കൊണ്ടുപോകൂ... എന്ന്' ഇതെന്തു സംഭവിച്ചു സാവിത്രി.
'ഈ കള്ളക്കഥകള്‍! ഇവവരുത്തിവെയ്ക്കുന്ന വിനകള്‍! ആര്‍ക്കറിയാം അവ സത്യമാണോ എന്ന്! ആരും ദൃക്‌സാക്ഷികളായി ഇതൊന്നും കാണാന്‍ അവിടെയുണ്ടായിരുന്നില്ലൊ. നിങ്ങള്‍ ദൈവങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ തിന്നുകൊഴുത്ത് ജോലിയൊന്നുമില്ലാതെ ഇരിക്കുമ്പോള്‍ ഇത്തരം ഓരോ കഥകള്‍ മനുഷ്യനെപ്പറ്റി മെനഞ്ഞുണ്ടാക്കുന്നു. മനുഷ്യന്റെ മനസ്സും ജീവിതവും യാഥാര്‍ത്ഥ്യവുമായി ഒരു പൊരുത്തവുമില്ലാത്ത കഥകള്‍. അതനുസരിച്ച് മനുഷ്യന്‍ ഇന്നും നീങ്ങണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. മനുഷ്യന് ഇതെല്ലാം എത്ര ദുരിതം, ദുഖം, സൃഷ്ടിക്കും എന്നറിയാതെ. അല്ലെങ്കില്‍ മനുഷ്യന്റെ വിഷമം കണ്ട് പൊട്ടിച്ചിരിക്കാനായി' സാവിത്രി സാരിത്തലപ്പുകൊണ്ട് മുഖത്തെ വിയര്‍പ്പൊന്ന് അമര്‍ത്തിത്തുടച്ചു.
അവള്‍ തുടര്‍ന്നു 'യമരാജന്‍, ഈ മരിച്ചുകിടക്കുന്ന ആള്‍ എന്റെ ഭര്‍ത്താവാണെന്നതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. പക്ഷെ, ഇയാളുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനെ ഇത്ര ശക്തിയായി ഞാന്‍ ഏതിര്‍ക്കുന്നതെന്തുകൊണ്ടാണെന്ന് ഒരു നിമിഷം അങ്ങ് ആലോചിച്ചിട്ടുണ്ടോ? എന്നോട് ചോദിക്കാന്‍ തോന്നിയോ? എന്നാല്‍ കേട്ടുകൊള്ളുക, ഇരുപത്തഞ്ചുവര്‍ഷം! എന്റെ കഴുത്തില്‍ താലികെട്ടി എന്ന ഒരൊറ്റ അവകാശം കൊണ്ട് ഇയാളുടെ ശരീരം എന്റെ ശരീരത്തെ അടിമയാക്കിവെച്ചു; അവഹേളിച്ചു; എന്റെ ശരീരത്തിന്മേല്‍ എനിക്കുള്ള അവകാശം എനിക്ക് നഷ്ടപ്പെട്ടിരുന്നു. ഈ നാവ് എന്നെ തെറിയും അശ്ലീലവും മാത്രം പറഞ്ഞു. ഈ കാലുകള്‍ എന്നെ സ്ഥിരമായി തൊഴിച്ചു. ഈ വീട്ടിലെ സായാഹ്നങ്ങള്‍ ഇയാള്‍ മദ്യപ്പാര്‍ടികളാക്കിമാറ്റി. ഇയാളുടെ കാമാതുരരായ സുഹൃത്തുക്കളുടെ മുന്നില്‍ എന്നെ പ്രദര്‍ശിപ്പിച്ചു. ഇയാള്‍ മാറുമെന്നും നന്നായിത്തീരുമെന്നും ഞാന്‍ അവസാനം വരെ അന്ധമായി വിശ്വസിച്ചു. അതിനാല്‍ ഞാന്‍ അമ്പലങ്ങളായ അമ്പലങ്ങളിലെല്ലാം കയറിയിറങ്ങി. ദൈവങ്ങളോട് പ്രാര്‍ത്ഥിച്ചു, നോമ്പുകള്‍ നോറ്റു. ഇയാളെ ജീവിപ്പിക്കാനല്ല, ഒരു നല്ല മനുഷ്യനാക്കാനാണ് ഈ സാവിത്രി നോമ്പുനോറ്റത്. താങ്കളടക്കമുള്ള ഒരു ദൈവവും എന്റെ പ്രാര്‍ത്ഥന കേട്ടില്ല പിന്നെ ഞാന്‍ എന്നെ ഈ ബന്ധനത്തില്‍ നിന്ന് എങ്ങിനെയെങ്കിലും മോചിപ്പിക്കാനായി ദൈവങ്ങളെ വിളിച്ചു. അവര്‍ അന്ധരായിരുന്നു, ബധിരരായിരുന്നു. കാല്‍ നൂറ്റാണ്ട് ഒരു ചെറിയ കാലഘട്ടമല്ല. ആത്രയും കാലും ഞാനിത് സഹിച്ചു. അവസാനം ദുര്‍ന്നടപടികളാല്‍ അര്‍ബുദം ബാധിച്ച് ഇന്ന് രാത്രി ഇയാള്‍ മരിച്ചപ്പോള്‍, എന്റെ സ്വാതന്ത്ര്യത്തിന്റെ പുലരി ഉണര്‍ന്നപ്പോള്‍, ഏതോ ഒരു പഴങ്കഥയുടെ പേരില്‍ ദൈങ്ങള്‍ക്ക് ഇയാളെ എനിക്ക് തിരിച്ച് തരണം. എന്റെ ജീവിതമിട്ട് ഇനിയും പന്താടണം! ഈ കാലുകള്‍ക്ക് ജീവന്‍ കൊടുക്കണം എന്നെ വീണ്ടും തൊഴിക്കാന്‍; നാവിന് ജീവന്‍ ഉണ്ടാക്കണം എന്നെ തെറിവിളിക്കാന്‍! എന്റെ ദൈവങ്ങളേ! ഞാനിതിനു തക്കവണ്ണം നിങ്ങള്‍ക്കെന്തു ദ്രോഹം ചെയ്തു?'

സാവിത്രിക്ക്് തന്റെ ദുഖം നിയന്ത്രിക്കാനായില്ല. അവര്‍ അത് പെട്ടെന്ന് അനിയന്ത്രിതമായ കോപമാക്കി മാറ്റി ഉറഞ്ഞുതുള്ളി.
'ദൈവങ്ങള്‍! അവരുടെ ഒരു ക്രൂരവിനോദം!ഞങ്ങള്‍ മനുഷ്യരുടെ ജീവന്‍ വച്ച് നിങ്ങള്‍ ദൈവങ്ങള്‍ പന്താടുന്നു! രസിക്കുന്നു! നിങ്ങള്‍ ദൈവങ്ങള്‍ ഹൃദയമില്ലാത്തവരാണ്; അന്ധരാണ്! ഒരു പാവം സ്ത്രീയെ കണ്ണുനീര്‍ കുടിപ്പിച്ച് രസിക്കുന്നു! ഇയാളുടെ മരണശേഷവും എനിക്കിയാളില്‍ നിന്ന് മോചനം ഇല്ലെന്നോ? ഇതെന്തുവിധി!'
സാവിത്രി എല്ലാം മറന്ന് ആക്രോശിച്ചു. 'എടുത്തുമാറ്റൂ ഈ പിണത്തെ. ഇല്ലെങ്കില്‍ അങ്ങ് യമരാജനെന്ന കാര്യം മറന്ന് ഞാന്‍ വല്ലതും ചെയ്‌തെന്നുവരും. ഇയാളുടെ കൂടെ ഇനിയും ഒരു ജീവിതം കൂടെ ജീവിക്കാന്‍ അത് ദൈവങ്ങളുടെ ആഗ്രഹമായാല്‍ പോലും..., എനിക്ക് ഭ്രാന്തൊന്നുമില്ല'
യമരാജന് ഭയം തോന്നി, ഒപ്പം കുറ്റബോധവും ലജ്ജയും. ഇവള്‍ പറയുന്നത് ഓരോന്നും ശരിയാണ്, ഞങ്ങള്‍ ദൈവങ്ങള്‍ക്ക് മനുഷ്യരുടെ പ്രശ്‌നങ്ങള്‍, മാനസികവ്യാപാരങ്ങള്‍ ഒന്നിനെപ്പറ്റിയും ഒന്നും അറിയില്ല. എന്നിട്ടും ദൈവങ്ങള്‍ മനുഷ്യന്റെ കാര്യത്തില്‍ ഇടപെടുന്നു. അവരുടെ വിധി നിര്‍ണ്ണയിക്കുന്നു. ഇത് അനീതി തന്നെ. സാവിത്രി അറുത്തുമുറിച്ചു പറഞ്ഞു 'നിങ്ങള്‍ ദൈവങ്ങള്‍ ഒരു ലക്ഷം സ്വര്‍ണ്ണനാണയങ്ങള്‍ തരാമെന്ന് പറഞ്ഞാലും എനിക്കിനി ഇയാളെ എന്റെ ജീവിതത്തില്‍ വേണ്ട. യമരാജന്‍, അങ്ങേക്കറിയുമോ? ഇയാളുടെ കൂടെ കഴിഞ്ഞ ഇരുപത്തഞ്ചുവര്‍ഷക്കാലം ഓരോ ദിവസവും ഞാന്‍ ജീവിക്കുകയായിരുന്നില്ല, മരിക്കുകയായിരുന്നു... മരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ഇപ്പോള്‍ ജീവിതത്തിന്റെ സന്തോഷത്തിന്റെ ആശാനാളം എന്നില്‍ തെളിയുന്നു. ഇയാളില്‍ നിന്നുള്ള മോചനത്തിന്റെ, സ്വാതന്ത്യത്തിന്റെ, ആശയും പ്രതീക്ഷയും'
കുറച്ചുനേരം നിശബ്ദത പാലിച്ച ശേഷം സാവിത്രി പറഞ്ഞു 'നിങ്ങള്‍ക്കിയാളെ ജീവിപ്പിക്കണം അല്ലെ? ജീവിപ്പിച്ചുകൊള്ളുക. പക്ഷെ ഒരു നിബന്ധനയില്‍ മാത്രം. നിങ്ങള്‍ ഈ നിമിഷം എന്റെ ജീവനെടുക്കണം ഒന്നുകില്‍ ഇയാള്‍ ജീവിക്കണം ദേവന്മാര്‍ക്കുവേണ്ടി. അല്ലെങ്കില്‍ ഞാന്‍ മരിക്കുന്നു, എന്റെ ആഗ്രഹപ്രകാരം എന്നെ ഗ്രസിച്ച ഈ ശാപത്തില്‍ നിന്ന് രക്ഷപ്പെടാന്‍'.
യമരാജാവ് തികച്ചും നിശ്ശബ്ദനായി ആവനാഴിലെ വാദങ്ങളുടെ എല്ലാ അമ്പുകളും തീര്‍ന്നിരിക്കുന്നു. എന്തെങ്കിലും പറയണമല്ലോ എന്ന് കരുതി പറഞ്ഞു ' ഇന്ദ്രന്റെ ആഗ്രഹം... ഇന്ദ്രന്റെ നിര്‍ബന്ധം...'
മുഴുവനാക്കാന്‍ സമ്മതിക്കാതെ സാവിത്രി ഒരു ചാട്ടം ചാടി 'ഇന്ദ്രന്‍, ഇന്ദ്രന്‍, ഇന്ദ്രന്‍.... നിങ്ങള്‍ എല്ലാവുരും ആയാളെ ഭയപ്പെടുന്നുണ്ടായിരിക്കാം. എനിക്ക് നിങ്ങളുടെ ഇന്ദ്രനെ ഭയമില്ല. എന്റെ ജീവിതം വെച്ച് കളിക്കാന്‍ ഇന്ദ്രനാര് അധികാരം കൊടുത്തു? മനുഷ്യര്‍ ദൈവങ്ങളുടെ കയ്യില്‍ കുട്ടികളുടെ നേരമ്പോക്കില്‍ കത്തിതീരുന്ന ഇയ്യാംമ്പാറ്റകളെപ്പോലെയാണ്. അവരുടെ കല്ലേറുകൊണ്ട് ചാവുന്ന തെണ്ടിപ്പട്ടികളാണ്. വളരെ വളരെ ദൂരത്തിരുന്ന്, ഉയരത്തിലിരുന്ന്, ഈ ദൈവങ്ങള്‍ മനുഷ്യനായി നിയമനിര്‍മ്മാണം നടത്തുന്നു; വിധിനിര്‍ണ്ണയം നടത്തുന്നു. അങ്ങിനെ ചേരാത്തവരെ ചേര്‍ക്കുന്നു. വെറുക്കുന്നവരെ കൂട്ടിക്കെട്ടുന്നു. എന്നിട്ട് കൈകൊട്ടിച്ചിരിക്കുന്നു. ദുഷ്ടന്മാര്‍! അങ്ങ് ഇന്ദ്രനോട് പറയുക. മനുഷ്യരെ ദയവായി അവരുടെ വഴിക്ക് വിടുക എന്ന്. ആ പാവങ്ങള്‍ എങ്ങിനെയെങ്കിലും അവരുടെ സൗകര്യമനുസരിച്ച് ജീവിച്ചുകൊള്ളും. കാര്യങ്ങല്‍ നടത്തും, തീരുമാനങ്ങള്‍ എടുക്കും. നിങ്ങള്‍ ദൈവങ്ങല്‍ മനുഷ്യരുടെ പൂജയും, വെള്ളവും പുഷ്പാര്‍ച്ചനയും പായസവും, സുഗന്ധദ്രവ്യങ്ങളും മുടങ്ങാതെ സ്വീകരിക്കുന്നുണ്ടല്ലോ. എന്നിട്ട് ഒരവസരം കിട്ടിയാല്‍ മനുഷ്യന് വേണ്ടി ചെയ്യുന്നതെന്ത്? കടുത്ത ദ്രോഹം... നിങ്ങള്‍ ഒന്നടങ്കം മനുഷ്യ താല്പര്യങ്ങള്‍ക്കെതിരായി തിരിയുന്നു. വിഢി മനുഷ്യന്‍ ഇതൊന്നുമറിയാതെ ദൈവങ്ങളുടെ താളത്തിനൊത്തു തുള്ളുന്നു; ദൈവത്തിന്റെ കൈയ്യില്‍ വെറും പാവകളായി'.
ഒരു ചെറിയ നിശ്ശബ്ദതയ്ക്കുശേഷം സാവിത്രി വീണ്ടും പൊട്ടിത്തെറിച്ചു 'സമ്മതിക്കില്ല ഞാന്‍. ഇന്ദ്രനായാലും ശരി, മറ്റേതു ദൈവമായാലും ശരി, എന്റെ ജീവിതവും, സന്തോഷവും വെച്ച് പന്താടാന്‍ ഞാന്‍ സമ്മതിക്കില്ല!' സാവിത്രി തന്റെ സഹനശക്തിയുടെ, വാചാലതയുടെ പാരമ്യത്തില്‍ എത്തിയിരുന്നു. അവര്‍ പെട്ടെന്ന് പൊട്ടിക്കരഞ്ഞു. കൈകൂപ്പി യമരാജന് മുമ്പില്‍ നിന്നുകൊണ്ട് പറഞ്ഞു 'എന്റെ വേദന, ദുഖം, പ്രാണഭയം ഇവ മനസ്സിലാക്കൂ യമദേവാ! എന്റെ ഒരേ ഒരു പ്രാര്‍ത്ഥന ചെവിക്കൊള്ളൂ... അങ്ങ് ഇന്ദ്രനില്‍ നിന്ന് വ്യത്യസ്തനാണെന്ന് എനിക്കറിയാം. അങ്ങയുടെ നീതിബോധം എനിക്കായി പുറത്തെടുക്കൂ ദേവാ...! എന്റെ ജീവിതം ഇനിയും ദുരിതമയമാക്കാന്‍ ഇന്ദ്രനുവേണ്ടി അങ്ങ് ഇനിയും കൂട്ടുനില്‍ക്കരുതേ! ഇയാളെ ഇനിയും എന്റെ ജീവിതവുമായി കൂട്ടിക്കെട്ടരുതേ!'
സാവിത്രിയുടെ അവസാനത്തെ നിസ്സഹായത യമന്റെ മനസ്സ് തികച്ചും അലിയിച്ചു. ഇങ്ങിനെ കൈകൂപ്പി അവസാനം തന്റെ മുമ്പില്‍ നിന്ന് കരയാന്‍ ഈ സ്ത്രീ ഈ മനുഷ്യനില്‍ നിന്നും ഏത്ര ദുരിതം അനുഭവിച്ചു കാണണം! പക്ഷെ സത്യവാനേയും കൊണ്ടല്ലാതെ തിരിച്ചു ചെന്നാല്‍ ഉണ്ടാവാനിടയുള്ള ഇന്ദ്രന്റെ കോപം...! യമരാജന് സ്വന്തം കാര്യങ്ങളില്‍ പൊതുവേ ധൈര്യം കുറവായിരുന്നു. ഒന്നുകൂടി സാവിത്രിയെ പറഞ്ഞു മനസ്സിലാക്കാന്‍ നോക്കാം. അദ്ദേഹം പറഞ്ഞു 'പുത്രീ എനിക്ക് നിന്റെ അവസ്ഥയില്‍ വല്ലാത്ത വിഷമം തോന്നുന്നു. നിന്റെ ഇന്നത്തെ ജീവിതത്തെപ്പറ്റി യാതൊന്നും അറിയാന്‍ ശ്രമിച്ചില്ല എന്നത് ദേവന്മാരുടെ ഭാഗത്തുനിന്നുണ്ടായ ഒരു വലിയ അപരാധംതന്നെ. അതറിയാതെ ഇങ്ങിനെ ഒരു തീരുമാനം എടുത്തത് ശരിക്കും ദേവന്മാരുടെ കഴിവു കേടിനെ കാണിക്കുന്നു. പക്ഷെ, ഈ പ്രതിസന്ധിയെ നേരിടുക എന്ന ദൗര്‍ഭാഗ്യം ഇപ്പോള്‍ എന്റെ മേല്‍ വീണിരിക്കുന്നു. ഇന്ദ്രന് സത്യവാന്‍ ജീവിതത്തിലേക്ക് തിരിച്ചു പോകണം, അത് ആയാളുടെ നിര്‍ബ്ബന്ധം. അതു സംഭവിച്ചാല്‍ പിന്നെ നിനക്ക് ജീവിക്കേണ്ട, അതു നിന്റെ വശത്തുനിന്ന്!. ഞാനെന്തു ചെയ്യും...? സമയം വരുന്നതിന് മുന്‍പ് നിന്നെ പരലോകത്തേക്ക് കൊണ്ടുപോകാന്‍ എനിക്കനുവാദം ഇല്ല. ഞങ്ങളുടെ നിയമങ്ങള്‍ അതിനനുവദിക്കുന്നില്ല'.
'നിയമങ്ങള്‍! വകുപ്പുകള്‍!... നിയമങ്ങള്‍ നിങ്ങള്‍ ആര്‍ക്കുവേണ്ടി ഉണ്ടാക്കി? നിങ്ങള്‍ക്കറിയാത്ത കുറേ അപരിചിതരായ മനുഷ്യര്‍ക്കുവേണ്ടി. നിയമങ്ങള്‍ നിയമങ്ങള്‍ക്കു വേണ്ടിയോ, ദൈവങ്ങള്‍ക്കു വേണ്ടിയോ, അതോ അതിന്റെ ഗുണദോഷങ്ങള്‍ അനുഭവിക്കുന്ന മനുഷ്യനു വേണ്ടിയോ? മനുഷ്യര്‍ അവരുടെ പ്രശ്‌നങ്ങള്‍, വേദനകള്‍ ഇവയെപ്പറ്റി നിങ്ങള്‍ ദൈവങ്ങള്‍ക്ക് വല്ലതും അറിയാമോ? നിയമങ്ങള്‍ അവന്റെ സുഖത്തിനും സന്തോഷത്തിനും സൗകര്യത്തിനും വേണ്ടിയാവണം. ദൈവങ്ങളുടെ നിയമനിര്‍മ്മാണം മനുഷ്യന്റെ ജീവിതം നരകമാക്കാന്‍ വേണ്ടിമാത്രമാണ് ഇപ്പോള്‍ ഈ നിയമങ്ങള്‍. അല്ലെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു തീരുമാനം എടുക്കാന്‍ എങ്ങിനെ ഇന്ദ്രന് കഴിഞ്ഞു?
സാവിത്രി വീണ്ടും നിയന്ത്രണം വിട്ടുകരഞ്ഞു. 'ഇതെന്റെ തോല്‍വിയാണ് യമരാജന്‍. ഞാന്‍ തോറ്റിരിക്കുന്നു, ഇയാളെ എന്റെ കൂടെ ജീവിക്കാന്‍ വീണ്ടും അനുവദിച്ചാല്‍ അതെന്റെ തോല്‍വിയായിരിക്കും. അങ്ങയുടെ പഴയ കഥയില്‍ സാവിത്രി ജയിച്ചു. സാവിത്രിക്ക് തോറ്റുകൊടുക്കാന്‍ യമനുപോലും സന്തോഷമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദൈവങ്ങള്‍ എന്നെ തോല്പിക്കാന്‍ പോകുകയാണ്. നന്ദി! ദൈവങ്ങളേ.. നന്ദി! ഒരു പാവം സ്ത്രീയെ തോല്പിച്ച് അമാനുഷരായ വീരശൂര പരാക്രമികളായ നിങ്ങള്‍ ജയിക്കുക! യമരാജന്‍! സാവിത്രിക്ക് പഴയ കഥയില്‍ അങ്ങ് ഒരു വരദാനം കൊടുത്തു 'സത്യവാന്റെ ജീവന്‍'. ഞാന്‍ അഭിനവസാവിത്രി അങ്ങയോട് ഒരു വരദാനം ആവശ്യപ്പെടുന്നു. അങ്ങേക്ക് എളുപ്പം തരാന്‍ കഴിയുന്നത്. മറ്റൊന്നുമല്ല 'സത്യവാന്റെ മരണം'. ഒരു വെറും സ്ത്രീക്ക് യമരാജന് കൊടുക്കാന്‍ ഒരു വിഷമവുമില്ലാത്ത ഒരു ചെറിയ വരം'

യമന്‍ കീഴടങ്ങി; അദ്ദേഹത്തിനു മനസ്സിലായി. നീതി നിഷേധിക്കപ്പെട്ട പാവം സ്ത്രീ. ദൈവങ്ങളുടെ കണക്കുകൂട്ടലിന്റെ തെറ്റുകളാല്‍ ചേരാന്‍ പാടില്ലാത്തവനോട് ചേര്‍ന്ന് ഇരുപത്തഞ്ചുകൊല്ലം നരകജീവിതം നയിച്ച സ്ത്രീ. അവര്‍ തന്റെ മുമ്പില്‍ നിന്ന് കണ്ണീര്‍ പൊഴിക്കുന്നു. ദൈവമെന്ന് പറഞ്ഞിട്ടെന്ത് കാര്യം! ഈ കണ്ണീര്‍ കാണാന്‍ കഴിയാത്തവന്‍ ദൈവസ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലാത്തവനാണ്. യമന്‍ ഇന്ദ്രന്റെ കല്പന മറന്നു, വജ്രായുധം മറന്നു, തലതിരിഞ്ഞ നീതി നിയമങ്ങള്‍ മറന്നു. തന്റെ 'പെഴ്‌സണല്‍' 'ലോ' ചില 'റെയറസ്റ്റ് ഓഫ് റെയര്‍' കേസുകളില്‍ യമന്‍ ഉപയോഗിക്കാറുണ്ട്. അല്ലെങ്കിലും സാവിത്രിക്കഥയും സാവിത്രിയും എന്നും 'റെയറസ്റ്റ് ഓഫ് റെയര്‍ കേസ്' ആയിരുന്നല്ലോ. ആ 'ലോ' ഉപയോഗിച്ച് സാവിത്രിയുടെ ഇംഗിതം നടപ്പിലാക്കാന്‍ യമരാജാവ് തീര്‍ച്ചയാക്കി. ഈ പാവം സ്ത്രീക്ക്-അല്ല ഈ ധീരവനിതയ്ക്ക്, ഈ മനുഷ്യന്റെ മരണം സുഖം, സ്വാതന്ത്ര്യം, സന്തോഷം ഇവ നല്‍കുമെങ്കില്‍ അങ്ങിനെത്തന്നെയാവട്ടെ. ഇന്ദ്രന്റെ ആജ്ഞയും നിയമവുമല്ല ഇവിടെ പ്രധാനം; ഈ സ്ത്രീയുടെ മനശ്ശാന്തിയാണ്, സന്തോഷമാണ്, ജീവിതമാണ്.

യമന്‍ സാവിത്രിയുടെ മുഖത്തേക്ക് ഒന്നു നോക്കി, സാത്യവാന്റെ ആത്മാവ് പോളിത്തീന്‍ ബാഗിലിട്ടു. ഒരു ചിരിചിരിക്കാന്‍ ശ്രമം നടത്തി. സാവിത്രിയുടെ ചുണ്ടുകളും ചിരിക്കാന്‍ ശ്രമം നടത്തുന്നതുകണ്ട് യമന്‍ സന്തോഷിച്ചു. പാവം ആവള്‍ സന്തോഷവതിയാണ്. ഇതില്‍ കൂടുതല്‍ ധര്‍മ്മരാജാവായ തനിക്കെന്തുവേണം? അത്ഭുതമെന്ന് പറയട്ടെ, അന്ധകാരത്തില്‍കൂടി, ദുര്‍ഗ്ഗമങ്ങളായ ഭൂതലങ്ങളിലൂടെ തന്നെ പിന്നിട്ട, കൂപ്പുകൈയ്യുമായി കണ്ണീരൊലിപ്പിച്ച് സത്യവാന്റെ ജീവനുവേണ്ടി കേഴുന്ന സാവിത്രിയുടെ ചിത്രം ആ സമയം യമരാജന്‍ മറന്നു പോയിരുന്നു. ഇപ്പോള്‍ വേറൊരു രൂപം നിറഞ്ഞു നിന്നു. ഒറ്റയാള്‍ പട്ടാളമായ സാവിത്രി; തന്റെ ആത്മാഭിമാനത്തിനും സ്ത്രീത്വത്തിന്റെ മാന്യതയ്ക്കും വേണ്ടി പടവെട്ടുന്ന സ്ത്രീ; സത്യവാനെ വേണ്ട എന്ന് ദൈവങ്ങളോടുപോലും പറയാന്‍ മടിക്കാത്ത, സത്യസന്ധതയുള്ള സ്ത്രീ. ദൈവങ്ങള്‍ മനുഷ്യര്‍ക്ക് കുഴപ്പങ്ങള്‍ മാത്രമേ സൃഷ്ടിച്ചിട്ടുള്ളു എന്നും സ്ത്രീയായാല്‍ പോലും സന്തോഷത്തിനര്‍ഹതയുണ്ടെന്നും നിര്‍ഭയം ദൈവങ്ങളോട് ആക്രോശിക്കുന്ന ധീരവനിത. യമന്‍ മനസ്സില്‍ പറഞ്ഞു 'എന്തൊരു സ്ത്രീ!' ഇതെവിടെയോ പണ്ട് മറ്റൊരു സ്ത്രീക്കു വേണ്ടി താന്‍ ഉപയോഗിച്ച പദമാണല്ലോ; പക്ഷെ ആര്‍ക്കുവേണ്ടി? യമരാജന്‍ മറന്നുപോയിരുന്നു. യമന് പെട്ടെന്ന് ഇന്ദ്രനോട് ദേഷ്യം തോന്നി. വൃത്തികെട്ടവന്‍! എല്ലാകുഴപ്പങ്ങള്‍ക്കും കാരണം അയാളും അയാളുടെ കുറേ നിയമങ്ങളുമാണ്. 'ഇന്ദ്രാ! നിനക്ക് വെച്ചിട്ടൊണ്ട് ഞാന്‍!' യമന്‍ സ്വയം പറഞ്ഞു. സാവിത്രിയുടെ വാദങ്ങള്‍ ഒന്നും മറന്നിട്ടില്ല അതെല്ലാം ഓരോന്നായി ഇന്ദ്രനെതിരെ എടുത്തുപയോഗിക്കാം. ഇന്ദ്രന്‍ വീഴാതിരിക്കില്ല. സാവിത്രിയുടെ ബുദ്ധിയൊന്നും ഇന്ദ്രനില്ല; തനിക്കുണ്ടോ..? തനിക്കുമില്ല.

ആവൂ...! കുറച്ചധികം സംസാരിക്കേണ്ടി വന്നു യമരാജനോട്, സാവിത്രി ചിന്തിച്ചു. എന്നാലും കാര്യ നേടി. ഈ ദൈവം പാവമാണ്. നല്ലവനും! പക്ഷെ ആ ഇന്ദ്രന്‍! വേണ്ട! ഇന്ദ്രനെപ്പോലുള്ള വ്യക്തികള്‍ക്കുവേണ്ടി അവളുടെ വികാരങ്ങള്‍ പാഴാക്കിക്കളയാതിരിക്കാന്‍ സാവിത്രി തീരുമാനിച്ചു. തന്റെ പുതിയ ജീവിതം, സ്വാതന്ത്ര്യം.... എവിടെ തുടങ്ങണം? ഈ പിണം ഇവിടെ കിടക്കട്ടെ. അത് വെറും പിണമാണ്. ശ്രദ്ധയര്‍ഹിക്കുന്നില്ല. പക്ഷെ താന്‍ ജീവിച്ചിരിക്കുന്ന പിണമല്ല. തനിക്കിപ്പോള്‍ വേണ്ടത് ഒരു നല്ല ഉറക്കമാണ്. ഇരുപത്തിയഞ്ചുകൊല്ലത്തിനുശേഷം സാവിത്രി സ്വാതന്ത്ര്യത്തോടെ ഉറങ്ങാന്‍ പോകുന്നു. നീണ്ടു നിവര്‍ന്ന് വിലങ്ങുകളില്ലാതെ, വിലക്കുകളില്ലാതെ ഇതാ സാവിത്രി ഉറങ്ങാന്‍ പോകുന്നു-കൈകാലുകള്‍ സ്വാതന്ത്രമായി ചലിപ്പിച്ച് നടക്കുന്നു ഒരു നാളെയിലേക്ക്... ഉണര്‍ന്നെഴുന്നേല്ക്കാന്‍ ആ നാളെയെ കാണാനുള്ള ഉത്സാഹത്തോടെ, നാളെ ഉണ്ടാകുമെന്ന തീര്‍ച്ചയോടെ സാവിത്രി ഉറങ്ങി.

പെണ്‍നോവുകളും പുരാവൃത്തങ്ങളും

|5 comments
പ്രിയപ്പെട്ട അക്ഷരസ്നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്ച്ചയില് സെപ്തബര്‍‌ മാസം ആദ്യ ഞായറാഴ്ച്ച കഥാകാരി സി. വി. ഭുവനേശ്വരി സ്വന്തം കഥകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരള ഭവനത്തില് വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില് മുംബൈയിലെ പ്രമുഖ എഴുത്തുകാരും സാഹിത്യ ആസ്വാദകരും പങ്കെടുക്കും. പ്രസ്തുതപാരിപാടിയിലേക്ക് മുംബൈയിലെ എല്ലാ അക്ഷരസ്നേഹികളേയും വിനയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സ്ഥലം: മാട്ടുംഗ കേരളം ഭവനം
സമയം: വൈകുന്നേരം 6 മണി
തീയതി: സെപ്തബര്‍‌ 5, 2010 ഞായറാഴ്ച്ച

ചേപ്പാട്‌ സോമനാദന്‍
കണ്‍വീനര്‍,
സാഹിത്യവേദി


C. V. Bhuvaneshwari

Born at Chembra Vadakke Kalam, Kulappulli, Shornur, Kerala. Father: Damodaran Nair, Mother: Shreedevi, Education: St. Therasa Convent, Shornur, NSS College Ottappalam, Delhi University, Ph. D. from Jawaharlal Nehru University. Worked in various Research Projects with eminent academics from India and USA; Worked as a faculty member of the Department of English for more than twenty years at K. V. Pendharkar College, Mumbai, and held position as the Head of the Department. Worked and researched actively in areas like Sociology and literature, Social History, Oral History, Women's History etc. Participated in many Seminars and presented papers at various universities and academic institutions. Has written scripts on social issues, directed and made her students present them in various platforms. The script and presentations of Stribharata based on the lives of the women characters in Mahabharata and Sitayana based on the life of Sita of Ramayana were much appreciated in Mumbai academic circled. Apart from the drama scripts and short stories, has regularly written poems too.

സി വി ഭുവനേശ്വരി വേദിയില്‍ അവതരിപ്പിക്കുന്ന കഥകള്‍

1. വീണ്ടും ഒരു സാവിത്രി കഥ - വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക download>>
2.
ഒരമ്മ ചരിത്രം സൃഷ്ടിക്കുന്നു - വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക download>>

സി. വി. ഭുവനേശ്വരിയുമായി സന്തോഷ് പല്ലശ്ശന നടത്തിയ ദീര്‍ഘമായ സംഭാഷണത്തിന്റെ പ്രസക്തഭാഗം ചുവടെ


പെണ്‍നോവുകളും പുരാവൃത്തങ്ങളും
__________________സന്തോഷ് പല്ലശ്ശന

മനുഷ്യനിര്‍മ്മിതമായ ചില സാംസ്‌കാരിക പരിക്രമങ്ങളുടെ നിരന്തര സ്വാധീനങ്ങള്‍ക്ക് വഴങ്ങി പുതിയ എഴുത്തുകാര്‍ രൂപപ്പെടുന്നത് കണ്ടിട്ടുണ്ട്. ചില ഫ്യൂഡല്‍ തറവാടുകളില്‍ ഉടവാളും ചെങ്കോലുംപോലെ പരമ്പരകളിലൂടെ കൈമറിയുന്ന വരേണ്യസാഹിത്യത്തിന്റെ വംശമാലകളും യഥേഷ്ടം. എന്നാല്‍ വേറെ ചില എഴുത്തുകാരുണ്ട് ഒരു നിയോഗം പോലെ കാലം കരുതിവയ്ക്കുന്ന ചില പ്രത്യേക ഇടങ്ങളില്‍ അവര്‍ പിറവിയെടുത്തുകൊണ്ടേയിരിക്കുന്നു. ജീവിതത്തിന്റെ പരുപരുക്കനായ യാഥാര്‍ത്ഥ്യങ്ങള്‍ വേട്ടയാടിയില്ലെങ്കിലും അവരും എഴുത്തിന്റെ അശാന്തമായ വഴികളുലുടെ നടക്കുന്നവരാണ്. പാരമ്പര്യത്തിന്റെ വര്യണ്യ സാഹിത്യത്തെവിട്ട് പ്രന്തവല്‍ക്കരിക്കപ്പെടുന്നവരുടെ ജീവിതത്തിലേക്ക് അവര്‍ പ്രതിലോമകരമായ യാത്രകള്‍ നടത്തിക്കൊണ്ടേയിരിക്കും. സുഖകരമായ ആവാസവ്യവസ്ഥയിലാണ് അവര്‍ ജീവിക്കുന്നതെങ്കിലും തിളച്ചു മറിയുന്ന ഭൂമിയുടെ കാണാ ദൂരങ്ങളില്‍ നിന്നുള്ള നിലവിളികള്‍ അവരെ തേടി വന്നുകൊണ്ടേയിരിക്കും. സി. വി. ഭുവനേശ്വരി എന്ന എഴുത്തുകാരിയെ എഴുത്തിന്റെ അശാന്തമായ വഴിയില്‍ തളച്ചിട്ടത് കാലത്തിന്റെ നിയോഗമല്ലാതെന്താണ്. സാമ്പത്തികമായി ഉയര്‍ന്ന ഒരിടത്തരം നായര്‍ തറവാട്ടിലെ ഫ്യൂഡല്‍ സ്വത്വത്തിനകത്ത് വളര്‍ന്നപ്പോഴും ജന്മ നിയോഗത്തിന്റെ അന്തര ലക്ഷ്യങ്ങളിലേക്ക് ഈ എഴുത്തുകാരി യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഷൊര്‍ണ്ണൂര്‍ കൊളപ്പുള്ളി ചെമ്പ്ര വടക്കേ കളത്തില്‍ ഭുവനേശ്വരി ഇന്ന് മുംബൈ നഗരത്തില്‍ അറിയപ്പെടുന്ന അദ്ധ്യാപികയും ചെറുകഥാകാരിയുമാണ്. എന്‍. എസ്. എസ്. ഒറ്റപ്പാലം, ഡല്‍ഹി യൂണിവാഴ്‌സിറ്റി തുടങ്ങിയ സര്‍വ്വകാലാശാലകളില്‍ നിന്ന് കോളജ് തല വിദ്യാഭ്യാസം. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവാഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്. ഇന്ത്യയിലേയും വിദേശത്തേയും അതി പ്രശസ്തരായ അക്കാഡമിക്കുകളുമായി ചേര്‍ന്ന് സാമൂഹിക-വരമൊഴി-സ്ത്രീ-ചരിത്രപഠനങ്ങള്‍, ധാരാളം ഗവേഷണ പ്രബന്ധങ്ങള്‍ അങ്ങിനെ നീണ്ടുകിടക്കുകയാണ് സി. വി. ഭുവനേശ്വരി എന്ന എഴുത്തുകാരിയുടെ ജീവിതം. ഇരുപതുവര്‍ഷക്കാലം മുംബയിലെ കെ. വി. പെന്താര്‍ക്കര്‍ കോളജിലെ അദ്ധ്യാപികയും ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവിയുമായിരുന്നു. ജീവിതത്തിന്റെ വലിയൊരുഭാഗം ഡല്‍ഹിയിലും മുംബൈയിലുമായി കഴിഞ്ഞു. 2009-ല്‍ തന്റെ പതിനെട്ട് കഥകള്‍ അടങ്ങുന്ന ഒരു സമാഹാരം (a grandmother's tale) ഒലീവ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ചു. പതിറ്റാണ്ടുകളോളം ഇംഗ്ലീഷ് സാഹിത്യവും ഇംഗ്ലീഷ് സാഹിത്യവിദ്യര്‍ത്ഥികളുമായുള്ള ഇടപഴക്കമായിരിക്കണം ഭുവനേശ്വരിയെ ഇംഗ്ലീഷില്‍ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിച്ച ഘടകം. എങ്കിലും സ്വന്തം നാടിനോടും മാതൃഭാഷയോടുമുള്ള സ്‌നേഹത്തെ ഈ എഴുത്തുകാരി മനസ്സില്‍ ഇന്നും തിരികെടാതെ നിലനിര്‍ത്തുന്നു. മുംബൈ സാഹിത്യവേദിയുടെ സെപ്തബര്‍ മാസ ചര്‍ച്ചയില്‍ ഭുവനേശ്വരി തന്റെ കഥകള്‍ അവതരിപ്പിക്കുന്നതിലൂടെ സ്വന്തം നാടിനേയും ഭാഷയേയും തിരിച്ചുപിടിക്കാനും ആത്മാവിനൊപ്പം അതിനെ നിലനിര്‍ത്താനുമുള്ള ഒരു ശ്രമമാണ് നടത്തുന്നത്.


- എങ്ങിനെയാണ് എഴുത്തിലേക്ക് വരുന്നത്?


എന്റെ പുതിയ പുസ്തകത്തിന്റെ ആമുഖത്തില്‍ ഞാന്‍ എന്റെ കുട്ടിക്കാലത്തെക്കുറിച്ചും അമ്മയെക്കുറിച്ചുമൊക്കെ വളരെ വിശദമായി പങ്കുവയ്ക്കുന്നുണ്ട്. വളരെ ഫ്യൂഡലായ ഒരു ജീവിത ചുറ്റുപാടുകളില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഒരു ഫ്യൂഡല്‍ ചിഹ്നങ്ങളും ഞാന്‍ ജീവിതത്തില്‍ അണിഞ്ഞിട്ടില്ല. എല്ലാ വിഭാഗത്തോടും തുറന്നിടപഴകാനും സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും ഞാന്‍ എന്നും ഉത്സാഹം കാണിച്ചിരുന്നു. ചെറുപ്പത്തില്‍ തന്നെ ഞാനറിയാതെ എന്റെയുള്ളില്‍ ഒരു ''ഒരു റിബല്‍'' വളര്‍ന്നു വരുന്നുണ്ടായിരുന്നു എന്നുവേണം കരുതാന്‍. എനിക്ക് ശരിയല്ല എന്ന് തോന്നുന്നതിനോട് ഞാന്‍ കലഹിക്കുമായിരുന്നു. അപാരകഴിവുകള്‍ ഉണ്ടായിരുന്നിട്ടും ഒരു പെണ്ണായി ജനിച്ചുപോയി എന്നൊരൊറ്റ കാരണം കൊണ്ട് ആരാലും അിറയപ്പെടാതെപോയ ഒരമ്മയുടെ മകളാണ് ഞാന്‍. ചെറുപ്പത്തില്‍ തന്നെ ഇഷ്ടമില്ലാത്ത പല വ്യവസ്ഥാപിതമായ സംഗതികളേയും ഞാന്‍ എതിര്‍ത്തിരുന്നു. തികച്ചും ബയോളജിക്കലായ ഒരു സംഗതിയാണ് പെണ്‍കുട്ടികളുടെ മാസമുറ. മാസമുറയുള്ള പെണ്‍കുട്ടികള്‍ക്ക് വീട്ടില്‍ ഒരുപാട് റസ്ട്രിക്ഷന്‍സ് ആണ്. അത് ചെയ്യാന്‍ പാടില്ല ഇതു ചെയ്യാന്‍ പാടില്ല അങ്ങിനെ ഒരുപാടൊരുപാട്. ഇതിനൊടെക്കെ ഞാന്‍ കലഹിക്കുമായിരുന്നു. തറവാട്ടിന് ചീത്തപ്പേര്‍ വരാതെ നോക്കണ്ടത് വീട്ടിലെ പെണ്‍കുട്ടികളുടെ ബാധ്യതയാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഞാന്‍ ഡല്‍ഹിയിലേക്ക് പോയി ഒറ്റക്ക് താമസിച്ചു പഠിച്ചു ഒരുപാട് റിസേര്‍ച്ച് ചെയ്തു... അന്നത്തെക്കാലത്ത് ഇതൊക്കെ വലിയ കാര്യമാണ്. വീട്ടില്‍ അമ്മുമ്മയും അമ്മയുമൊക്കെ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അമ്മ ധാരാളം വായിക്കുന്ന കൂട്ടത്തിലായിരുന്നു. പല മാസ്റ്റര്‍പീസ് പുസ്തകങ്ങളും വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ വായിച്ചിരുന്നു. ഉറൂബ്, കാരൂര്‍ പിന്നെ ബംഗാളി സാഹിത്യത്തിലെ മഹാശ്വേതാദേവി, ആശാപൂര്‍ണ്ണാദേവി, താരാശങ്കര്‍ ബാനര്‍ജി, വിഭൂതി ഭൂഷണ്‍ തുടങ്ങിയവരെ വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ വായിച്ചിരുന്നു. ബംഗാളി സാഹിത്യം എന്നിലെ എഴുത്തുകാരിയെ ഒരു പാട് സ്വാധീനിച്ചിട്ടുണ്ട്. ഒറ്റപ്പാലം എന്‍. എസ്. എസ്. കോളജിലാണ് ഞാന്‍ പഠിച്ചത്. അവിടെ പണ്ട് പഠിപ്പിച്ചിരുന്ന പ്രശസ്ത എഴുത്തുകാരി രാജലക്ഷ്മിയുടെ പേരിലുള്ള രാജലക്ഷ്മി എന്‍ഡോവ്‌മെന്റ് പുരസ്‌കാരം എനിക്ക് കിട്ടിയിരുന്നു. ഇതൊക്കെ സാഹിത്യവുമായി എന്നെ കൂടുതല്‍ അടുപ്പിച്ചു. ഡല്‍ഹിയില്‍ ജീവിതത്തില്‍ വിവിധ ഭാഷക്കാരയ ചില അക്കാഡമിക്കുകളുമായുള്ള സൗഹൃദം എന്നെ ഏറെക്കുറെ ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് തിരിച്ചുവിട്ടു.


-ഫെമിനിസത്തിലേക്ക് തിരിയുന്നതെപ്പോഴാണ്?


വ്യവസ്ഥാപിതമായ രീതികള്‍ക്ക് അകത്തുകറങ്ങുന്ന ഒരു തരം ഫെമിനിസമല്ല എന്റേത്. ഹാര്‍മ്മണി മാഗസ്സിനില്‍ എന്റെ പുസ്തകത്തെക്കുറിച്ച് ശ്രീമതി അമിത ബട്ടി എഴുതിയ റിവ്യുവില്‍ എന്നെ ഫെമിനിസ്റ്റ് എന്നു വിശേഷിപ്പിക്കുകയുണ്ടായി. ഫെമിനിസം എന്നു പറയുമ്പോള്‍ അതിന്റെ സൈദ്ധാന്തികമായ കാര്യങ്ങള്‍ എന്തുമാകട്ടെ. എന്റെ ചുറ്റുപാടുമുള്ള സ്ത്രീകള്‍ അനുഭവിക്കുന്ന വേദനകളും ദുരിതങ്ങളും എന്നിലുണ്ടാക്കുന്ന സ്വാഭാവിക ചലനങ്ങളാണ് എന്റെ ഫെമിനിസം. അതിനെ ഫെമിനിസം എന്നു വിളിക്കാമോ എന്നറിഞ്ഞുകൂടാ. എന്റെ കാഴ്ചപ്പാടില്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ എത്രയോ ഭാഗ്യവതികളാണ്. ബീഹാറിലും ഒറീസയിലുമൊക്കെ സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ വെച്ചുനോക്കുമ്പോള്‍ കേരളം എത്രയോ ഭേദമാണ്. എന്റെ തന്നെ സ്റ്റുഡന്‍സില്‍ പലരും ഈ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. സ്വാതന്ത്ര്യം കിട്ടി അന്‍പതുകൊല്ലം കഴിഞ്ഞിട്ടും ഇവിടെ സ്ഥിതി ഒട്ടും മെച്ചപ്പെട്ടിട്ടില്ല. ഫെമിനിസം തന്നെ ഏറെ തെറ്റീധരിക്കപ്പെടുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഈയിടെ ''റിവൈവല്‍ ഓഫ് ബ്രഹ്മണിസം''എന്ന പേരില്‍ പുരുഷന്മാരെപ്പോലെ പൂണൂല്‍ ധരിക്കണമെന്ന് പറഞ്ഞ് ഒരു കൂട്ടം പെണ്‍കുട്ടികള്‍ മുന്നോട്ട് വന്നിരുന്നു. ഇതൊക്കെ എങ്ങിനെയാണ് ഫെമിനിസമാകുന്നത്. സ്ത്രീ സ്വാതന്ത്യത്തിന്റെ പേരില്‍ പഴയ അന്ധവിശ്വാസങ്ങളേയും പാരതന്ത്ര്യങ്ങളേയും തിരിച്ചുകൊണ്ടുവരാനാണ് സത്യത്തില്‍ ഇവര്‍ ശ്രമിക്കുന്നത്. നാട്ടില്‍ സ്ത്രീ സ്വാതന്ത്ര്യം എന്നു വച്ചാല്‍ ബ്യൂട്ടി പാര്‍ലറില്‍ പോകാനും പുരികം പ്ലക്കുചെയ്യാനും ലിപ്സ്റ്റിക്കിടാനും, സ്‌മോക്ക് ചെയ്യാനും, ജീന്‍സിടാനുമുള്ള പെണ്ണിന്റെ സ്വാതന്ത്ര്യം എന്നാണ് പൊതു ധാരണ.

- തൊണ്ണൂറുകളില്‍ സാഹിത്യത്തില്‍ പെണ്ണെഴുത്തിലൂടെ അനുഭവിച്ച എക്‌സ്പീരിയന്‍സ് ആണ് കേരളത്തിലുള്ളവര്‍ക്ക് ഫെമിനിസത്തെക്കുറിച്ചുള്ളത്. കുറച്ചെങ്കിലും ആക്ടിവിസത്തിന്റെ പാതയില്‍ കണ്ട പേരുകള്‍ സാറാ ജോസഫ്, സുഗതകുമാരി, പി. ഗീത തുടങ്ങിയവരാണ്..

അതേ. . . ഞാന്‍ നേരത്തെ പറഞ്ഞപോലെ കേരളത്തില്‍ ഇതിന്റെ അടിയൊഴുക്ക് കുറവാണ്. എല്ലാ ദേശത്തും ഫെമിനിസത്തിന്റെ ശക്തി സാന്ദ്രതകള്‍ വേറെ വേറെയാണ്. അമേരിക്കയില്‍ ഇത് ബ്ലാക്ക് ഫെമിനിസം എന്നറിയപ്പെടുന്നു. അവിടുത്തെ നീഗ്രോകളായ സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ കേട്ടാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് മനം പെരട്ടല്‍ ഉണ്ടാകും അത്രക്ക് ഭീകരമാണ്. കേരളത്തില്‍ ഉണ്ടാകുന്ന സ്ത്രീ പീഢനങ്ങള്‍ക്ക് കാരണം ആ സമൂഹത്തിലെ വൃത്തികെട്ട വ്യവസ്ഥാപിത രീതികള്‍കൊണ്ടാണ് അത് തകര്‍ക്കപ്പെടണം. നാട്ടില്‍ ആങ്ങളയും പെങ്ങളുമൊരുമിച്ചു റോട്ടിലൂടെ നടക്കാന്‍ പറ്റാത്ത ഒരു സ്ഥിതിയാണ് വന്നിരിക്കുന്നത്. കുടുംബം എന്ന സ്ഥാപനത്തിലാണെങ്കില്‍ ഒരിക്കലും അംഗീകരിച്ചുകൊടുക്കാനാവാത്ത സ്ത്രീ വിവേചനങ്ങളാണ് ഉള്ളത്. ഒരു ഭര്‍ത്താവ് എന്നാല്‍ സ്വന്തം ഭാര്യയുടെ മേല്‍ ആധിപത്യം ഉള്ളവനായി സമൂഹം അംഗീകരിച്ചിരിക്കുന്നു. സിന്ദൂരം, മാംഗല്യസൂത്രം, കുന്തം കൊടചക്രം തുടങ്ങി എല്ലാ ചിഹ്നങ്ങളും അണിയേണ്ടവളാണ് സ്ത്രീ. എന്നാല്‍ പുരുഷന് അങ്ങിനെ ഒരു ചിഹ്നങ്ങളും കൊണ്ടു നടക്കേണ്ട ആവശ്യമില്ല. ഒരു പെണ്ണിന്റെ മേലെ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് ഉള്ളവനാണ് ഭര്‍ത്താവ് എന്നാണ് ഇവിടുത്തെ സ്ഥിതി. ഒരു സ്ത്രീ തന്റെ പുരുഷനെ പ്രതീകാത്മകമായി മാംഗല്യസൂത്രമണിഞ്ഞ് ബഹുമാനിക്കുന്നതുപോലെ ഭാര്യയുടെ പേരില്‍ ഭര്‍ത്താവ് മാംഗല്യസൂത്രം ധരിക്കാത്തതെന്തുകൊണ്ടാണ്. കേരളത്തിലെക്കാള്‍ ദയനീയമാണ് മറ്റു സംസ്ഥാനങ്ങളിലെ സ്തിതി. ഇവിടെ മഹാരാഷ്ട്രയില്‍ ഒരു യുവതി കല്യാണത്തിനു ശേഷം ഭര്‍തൃവീട്ടുകാര്‍ നിശ്ചയിക്കുന്ന പുതിയപേര് സ്വീകരിക്കണം. കല്യാണത്തോടെ സ്ത്രീയുടെ സ്വന്തം ഐഡന്റിറ്റി തകര്‍ക്കപ്പെടുകയാണ്. സ്ത്രീ ജോലിക്കാരിയാണെങ്കില്‍ ഒന്നാം തിയതി ശംമ്പളം കിട്ടുമ്പോള്‍ ശമ്പളത്തുക മുഴുവന്‍ അവള്‍ വീട്ടില്‍ എല്‍പ്പിക്കണം. പണം മുഴുവന്‍ വാങ്ങിവയ്ക്കുന്നത് ഭര്‍ത്താവല്ല അമ്മായിയമ്മയാണ്.

- കേരളത്തിലെ നായര്‍ സ്ത്രീകളില്‍ സ്ത്രീ സ്വാതന്ത്ര്യം മറ്റു സമൂദായങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നു തോന്നുന്നു. എന്താണ് അനുഭവം?

നായര്‍ സ്ത്രീകള്‍ കുറച്ചുകൂടി സ്വതന്ത്രരാണ് ഇക്കാര്യത്തില്‍ എന്നാല്‍ ഇപ്പോള്‍ സ്ഥിതി ഇവിടേയും ദയനീയമാവുകയാണ്. നായര്‍ സ്ത്രീകളില്‍ താലിയുടെ ഏര്‍പ്പാടില്ല. പെണ്ണിന്റെ കഴുത്തില്‍ താലികെട്ടുന്നതോടെ പുരുഷന്‍ നടത്തുന്നത് ''ആലഹഹ ീംിലൃവെശു ലേെമയഹശവൊലി'േ' ആണ്.

- സ്ത്രീയുടെ പ്രശ്‌നങ്ങള്‍ അവതിരിപ്പിക്കാന്‍ കൂടുതല്‍ ഉചിതം സ്തീകള്‍ തന്നെയാണ് എന്ന് തോന്നിയിട്ടുണ്ടോ? പെണ്ണെഴുത്ത് എന്നൊരു വിഭാഗം തന്നെ സാഹിത്യത്തില്‍ ഉണ്ടല്ലോ.

അങ്ങിനെ പറയാനാവില്ല. സ്ത്രീയെക്കുറിച്ച്, സ്ത്രീയുടെ പ്രശ്‌നങ്ങളെക്കുറിച്ച് ബര്‍ണാഡ്ഷാ, ക്ഷേക്‌സ്പിയര്‍ എന്നിവര്‍ വളരെ ഇഫക്ടീവ് ആയി എഴുതിയിട്ടുണ്ട്. അവരൊക്കെ ഊന്നുന്ന ഹ്യൂമനിസത്തില്‍ സ്ത്രീയുടെ പ്രശ്‌നങ്ങളും നന്നായി കൈകാര്യം ചെയ്യപ്പെടുന്നുണ്ട്. സോഫോക്ലിസ്സിന്റെ ആന്റീഗണി തുടങ്ങിയകൃതികള്‍ വായിക്കുമ്പോള്‍ നമ്മുക്കു കൂടുതല്‍ വ്യക്തമാകും.

- കേരളത്തിലെ ഫെമിനിസം പെണ്ണെഴുത്ത് . . .


നാട്ടിലെ ഫെമിനിസത്തെക്കുറിച്ച് കാര്യമായി അറിയില്ല. ഫെമിനിസം എന്നാല്‍ വല്ലവന്റേയും കിടക്ക പങ്കിടലാണ് എന്ന തെറ്റീധാരണയാണ് പലര്‍ക്കും. ഞാന്‍ ഒരുപാട് ഫെമിനിസ്റ്റുകളുമായി അടിത്തുടപഴകാറുണ്ട്. അവരൊക്കെ പെരുമാറ്റത്തിലും വേഷത്തിലുമൊക്കെ വളരെ സിംപിള്‍ ആണ്. എഴുതുന്നത് പെണ്ണോ ആണോ ആവട്ടെ പെണ്ണിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് സത്യസന്ധമായി സമീപിക്കാന്‍ ആവണമെന്നു മാത്രം. നല്ല ശക്തമായ ഒരു പെണ്‍കഥാപാത്രത്തെയെങ്കിലും സൃഷ്ടിക്കാനായാല്‍ മതി. സാറാജോസഫിന്റെ അലാഹയുടെ പെണ്‍മക്കള്‍ വായിച്ചത് ഈയിടെയാണ് എനിക്ക് ആ കൃതി വളരെ ഇഷ്ടപ്പെട്ടു. പിന്നെ പി. വത്സലയുടെ കൃതികള്‍ ഏറെ ഇഷ്ടമാണ്. മാധവിക്കുട്ടിയുടെ കൃതികള്‍ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.

- കഥകള്‍ കൂടതലും എഴുതുന്നത് ഇംഗ്ലീഷില്‍ ആണല്ലോ. മലയാളത്തില്‍ എഴുത്തു നടക്കുന്നില്ലെ. മാധവിക്കുട്ടിയെപോലുള്ളവര്‍ ഇംഗ്ലീഷിലും മലയാളത്തിലും സജീവ സാന്നിധ്യം അറിയിച്ചവരാണ്. അതുപോലെ ഒരു ഡ്യുവല്‍ പെര്‍സണാലിറ്റി മാഡത്തിന് കഴിയില്ലെ?

നാടിനെ അടുത്തറിയുന്നത് മലയാളത്തിലൂടെയാണ്. ചെറുപ്പം മുതല്‍ മാതൃഭൂമി ആഴചപ്പതിപ്പിന്റെ ഒരു സ്ഥിരം വായനക്കാരിയായിരുന്നു ഞാന്‍. എന്നെ എഴുത്തിലേക്കും വായനയിലേക്കും അടുപ്പിച്ചതില്‍ ഒരു പങ്ക് മാതൃഭൂമിക്കും ഉണ്ടെന്നു പറയാം (പക്ഷെ മാതൃഭൂമിയുടെ ഇപ്പോഴത്തെ രൂപം അത്രക്ക് ഇഷ്ടമല്ല). അമ്മ നല്ല വായനക്കാരിയായിരുന്നു. മലയാളം കൂടാതെ തമിഴിലും അമ്മയ്ക്ക് നല്ല പാണ്ഡിത്യം ഉണ്ടായിരുന്നു. 1980- മുതലാണ് ശ്രദ്ധ ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് തിരിയുന്നത്. കാരണം ഞാന്‍ ഒരു ഇംഗ്ലീഷ് അദ്ധ്യാപികയാണ്. ജോലിയുടെ ഭാഗമായും റിസര്‍ച്ചുമൊക്കെ ഇംഗ്ലീഷിലായതോടെ കൂടുതല്‍ എഴുത്ത് ഇംഗ്ലീഷിലായി എന്നു മാത്രം. ഇപ്പോള്‍ പതുക്കെ മലയാളത്തിലേക്ക് വിണ്ടും ഒരു തിരിച്ചു വരവിനു ശ്രമിക്കുകയാണ്.


- ഏറെക്കാലം ഡല്‍ഹിയിലുണ്ടായിരുന്നല്ലോ. ഒരു കാലത്ത് മലയാള സാഹിത്യത്തില്‍ ഉണ്ടായിരുന്ന ഡല്‍ഹി സാന്നിധ്യം വളരെ വലുതായിരുന്നു. ഏതാണ്ട് ഇതേകാലത്ത് മാഡം അവിടെ ഉണ്ടായിരുന്നത്.


അന്ന് പഠിപ്പുമായി ബന്ധപ്പെട്ടാണ് ഞാന്‍ ഡല്‍ഹിയില്‍ ജീവിക്കുന്നത്. എനിക്ക് ഇരുപത് വയസ്സ് പ്രയമാണ് അപ്പോള്‍. എന്നിരുന്നാലും അന്ന് ഡല്‍ഹിയില്‍ ഉണ്ടായിരുന്ന മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ഒ. വി. വിജയനുമായി നല്ല ബന്ധമുണ്ടായിരുന്നു. ഒ. വി. ഉഷക്കും എനിക്കും ഒരേ പ്രയമാണ് അതുകൊണ്ട് എന്നെ അദ്ദേഹത്തിന് നല്ല വാത്സല്യമായിരുന്നു. അദ്ദേഹത്തിന് നല്ല സെന്‍സോഫ് ഹ്യൂമറാണ് കാണാന്‍ നല്ല പര്‍സണാലിറ്റിയുള്ള ആളാണ്. മുണ്ടിന്റെ രണ്ടുകോന്തലകള്‍ കയറ്റിയും ഇറക്കിയുംമാണ് അദ്ദേഹം ഉടുക്കുന്നത്. നടന്നുപോകുന്നത് കണ്ടാല്‍ ആരും ഒന്നു നോക്കിപോകും അത്രയ്ക്ക് എന്തൊ ഒരു ആകര്‍ഷണിയത അദ്ദേഹത്തിനുണ്ട്. ഒരിക്കല്‍ അന്ന് മുംബൈയിലുണ്ടായിരുന്ന കെ. എമ്. മേനോനുമൊത്ത് വിജയന്റെ വീട്ടിലിരിക്കുന്നു അപ്പോള്‍ പുറത്ത് റൊട്ടിലൂടെ ഒരു ബാജിവാല ''ബെണ്ടി ലോ.. . പൊട്ടറ്റ ലോ. . .'' എന്നു വിളിച്ചു പറഞ്ഞുകൊണ്ട് പോകുന്നു അപ്പോള്‍ വിജയന്റെ കമന്റെ ''നാളെ എഴുത്തുകാര്‍ ഇതുപോലെ ലിറ്ററേച്ചര്‍ ലോ. . . ഫിലോസഫി ലോ. . . . എന്നു വിളിച്ചു പറയേണ്ടിവരും'' എന്തു പറയുമ്പോഴും നര്‍മ്മം അതിന്റെ മേമ്പൊടിയായി ഉണ്ടാകും.

-ഡല്‍ഹിയിലും മുബൈയിലും ജീവിച്ചിട്ടുണ്ടല്ലൊ രണ്ടിടത്തേയും സാഹിതീയ സാഹചര്യങ്ങളെ എങ്ങിനെ തുലനം ചെയ്യുന്നു?

ഡല്‍ഹിക്കാണ് സര്‍ഗ്ഗാത്മകതയുടെ കാര്യത്തില്‍ മുന്‍തൂക്കം. കാരണം ഡല്‍ഹിയിലേക്ക് വണ്ടികേറുന്ന മലയാളികളും മുംബൈ മലയാളികളും തമ്മില്‍ അക്കാഡമിക്കലി ഒത്തിരി വ്യത്യാസമുണ്ട്. മാത്രമല്ല മുംബൈയില്‍ അധികവും ഇടത്തരം മലയാളി കുടുംബങ്ങളാണ്. അവര്‍ ഇവിടെ വരുന്നത് അവരവരുടെ അന്നന്നത്തെ അപ്പം തേടിയാണ് ജീവിതം ഇവിടെ ഒരു സ്ട്രഗ്ള്‍ ആണ്. അതിന്റെ ചില വ്യത്യാസങ്ങള്‍ കാണും അത്രയേ ഉള്ളു.
സാഹിത്യവേദിയില്‍ പുതിയ ഒരു എഴുത്തുകാരികൂടി വന്നുചേരുകയാണ്. വേദിയില്‍ പൊതുവെ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു പരാതി ചിലര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിക്കാന്‍ മാത്രമെ വരുന്നുള്ളു മറ്റുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ വരാറില്ല. പക്ഷെ ഭുവനേശ്വരി പറയുന്നു ''എല്ലാവര്‍ക്കും അവരവരുടെ സമയം വിലപ്പെട്ടതാണ് സാഹിത്യവേദിയുടെ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് സാഹിത്യവേദി പുതിയ ഒരു അനുഭവമായിരിക്കും. സാഹിത്യവേദിയില്‍ സജീവമായി പങ്കെടുക്കാനാവും എന്നുതന്നെ ഞാനും പ്രതീക്ഷിക്കുന്നു.
എഴുത്ത് ലളിതമായിരിക്കണമെന്നും താന്‍ എഴുതുന്നത് ഏതൊരു സാധാരണക്കാരനും ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ സുതാര്യമായിരിക്കണം എന്നും ഭുവനേശ്വരിക്കു നിര്‍ബന്ധമുണ്ട്. അവര്‍ പറയുന്നു ''എഴുത്തു എനിക്ക് സമൂഹത്തോടുള്ള കമ്മിറ്റ് മെന്റ് ആണ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഞാന്‍ എന്റെ ഗുരുസ്ഥാനത്തു കാണുന്ന മഹാശ്വേതാ ദേവി എന്ന അനുഗ്രഹിത എഴുത്തുകാരിയുടെ വാക്കുകള്‍ കടമെടുത്താല്‍

I have always believed that the real history is made by ordinary people. I constantly come across the reappearance, in various forms, of folklore, ballads, myths and legends, carried by ordinary people across generations....The reason and inspiration for my writing are those people who are exploited and used, and yet do not accept defeat. For me, the endless source of ingredients for writing is in these amazingly, noble, suffering human beings. Why should I look for my raw material elsewhere, once I have started knowing them? Sometimes it seems to me that my writing is really their doing.

ഈ എഴുത്തുകാരിയുടെ വാക്കും നോക്കുമാണ് എന്നെ എഴുത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തത്.

Friday, August 13, 2010

സംവേദനത്തിന്റെ പുതിയ ശീലങ്ങളിലേക്ക്.....!!!

|1 comments
________________________________സന്തോഷ് പല്ലശ്ശന

മുബൈ സാഹിത്യ ആസ്വാദക ലോകത്തിന്റെ സംവേദനശീലങ്ങളില് പ്രകടമായ മാറ്റങ്ങള് കണ്ടുതുടങ്ങിയതിന്റെ ചില സൂചനകള് കഴിഞ്ഞ സാഹിത്യ വേദിയുടെ പ്രതിമാസ ചര്ച്ചയില് കാണാനായി. കാല്പനികതയ്ക്കും താളാത്മകതയ്ക്കുമപ്പുറം പുതുകവിതയുടെ ധ്വനിസാന്ദ്രതകളെ അടയിരുത്തിയ മനോജ് മേനോന്റെ പുതിയ കവിതകളെ തലമുറകളുടെ കാലഭേദമെന്യേ ഒരു പോലെ ആസ്വദിക്കുന്ന കാഴ്ച രസകരമായിരുന്നു. കവിത്രയങ്ങളുടെ ഗതകാല മധുരങ്ങളെ തൊട്ടു നുണയാതെ ഒരു വാക്കുപോലും പറയാനാവാത്ത പഴയതലമുറയുടെ പ്രതിനിധിയായ ശ്രീ എന്. കെ. എന്. ചെമ്മനാട് മുതല് പുതു കവികളിലെ തലമുതിര്ന്ന യുവകവി സിബിച്ചന് നെടുമുടിവരെയുള്ളവര് ഒരു പോലെ കവിതാസ്വാദനം നടത്തിയ ഒരു കവിതാ ചര്ച്ച മുംബൈ സാഹിത്യവേദിക്ക് ഒരു അപൂര്വ്വതയായി. ആഗസ്റ്റ് മാസം ഒന്നാം തിയതി മാട്ടുംഗ കേരള സമാജം ഹാളില് നടന്ന പ്രസ്തുത കവിതാ ചര്ച്ചയില് മനോജ് മേനോന് സ്വന്തം കവിതകള് അവതരിപ്പിച്ചു. ഡോ. വേണുഗോപാല് അദ്ധ്യക്ഷനായിരുന്നു.

ഏതൊരു
വായനക്കാരന്റേയും സംവേദനശീലങ്ങളുമായും പൊരുത്തപ്പെടുന്ന ഒരു രചനാ സങ്കേതമാണ് മനോജ് മേനോന്റേതെന്ന് ഡോ. വേണുഗോപാല് അഭിപ്രായപ്പെട്ടു. ഒരിക്കല് സാഹിത്യവേദിയില് സൃഷ്ടികള് അവതരിപ്പിച്ചവരില് പലരും പിന്നീടൊരിക്കല് വേദിയില് അവതരിപ്പിക്കാന് തയ്യാറാവാറില്ല. സത്യസന്ധവും മൂര്ച്ചയുള്ളതുമായ വിമര്ശനങ്ങളെ അതിജീവിക്കാന് പലര്ക്കും കഴിയാതെപോവുന്നതാവാം കാരണം. എന്നാല് അടുത്ത കാലത്തായി വേദിയില് കൂര്ത്തുമൂര്ത്ത വിമര്ശനങ്ങള് കേള്ക്കാതായിട്ടുണ്ട്. ഒന്നുകില് വേദി മനപ്പൂര്വ്വം എഴുത്തുകാരെ തലോടുകയാവാം. അല്ലെങ്കില് വേദിയില് അവതരിപ്പിക്കുന്ന സൃഷ്ടികളുടെ നിലവാരത്തില് കാര്യമായ മെച്ചം ഉണ്ടായതായിരിക്കാം. രണ്ടാമത് പറഞ്ഞതാണ് സത്യം. കാരണം, ഇപ്പോള് വേദിയില് അവതരിപ്പിക്കപ്പെടുന്ന സൃഷ്ടികള് പലതും ശരാശരിയിലും ഉയര്ന്ന നിലവാരം കണ്ടവരുന്നുണ്ട്. ഇതുണ്ടാക്കിയ ഒരുണര്വ്വ് സാഹിത്യവേദിയില് പ്രകടമാണ്. മാത്രമല്ല പുതു തലമുറ വേദിയില് സജീവമാകുന്നതും അങ്ങേയറ്റം ആഹഌദകരമായ ഒന്നാണ്. ഡോ. വേണുഗോപാല് തന്റെ അദ്ധ്യക്ഷപ്രസംഗത്തില് അഭിപ്രായപ്പെട്ടു.

മനോജ് മേനോന് എന്ന കവി പ്രതിനിധീകരിക്കുന്നത് കാലത്തിന്റെ ഏതു സത്തയെയാണ്, അടയിരിക്കുന്നത് ഏതു സമസ്യകളിലാണ് എന്നതിനെ അന്വേഷിക്കപ്പെടാതെ പോയത് ചര്ച്ചയുടെ ഒരു പരാജയമായിരുന്നു എന്നു കാണാവുന്നതാണ്. സരളവും മധുരവുമായ മനോജിന്റെ വാഗ്മയങ്ങളില് കാലിടറിപ്പോയ ചര്ച്ചയെ തിരിച്ചു പിടിക്കാന് ചെറിയ ചില ശ്രമങ്ങളെങ്കിലും നടത്തിയത് ഡോ. ഹരികുമാറാണ്. 'സ്വന്തം വൈയ്യക്തികതയില് നിന്ന് കുറച്ചുകൂടി സാമൂഹികമായ ഉള്ക്കാഴ്ച്ചയോടെ പുതുകവിതയുടെ സാധ്യതകളെ പ്രയോജനപ്പെടുത്താന് മനോജിന് കഴിയേണ്ടതുണ്ട്' ഹരികുമാര് അഭിപ്രായപ്പെട്ടു. പ്രണയകവിതകള് മാത്രം എഴുതിക്കൊണ്ടിരുന്ന മനോജ് മേനോന്, ജീവിതത്തിന്റെ പുതിയ സമസ്യകളിലേക്ക് സ്വന്തം കവിതകളെ മാറ്റി നടുന്നത് കാണുന്നത് തികച്ചും സന്തോഷകരം തന്നെ. പക്ഷെ കെ. ജി. എസ്സ്. കവിതകളെ പോലെ ധ്വനി സാന്ദ്രതയും വാക്കുകളുടെ ബഹുമാനങ്ങളും ഉത്പാദിപ്പിക്കാന് മനോജ് പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിഷ്ക്കളങ്ക സാരള്യംകൊണ്ട് അനുവാചകരെ വിസ്മയിപ്പിക്കുന്നുണ്ട് മനോജിന്റെ കവിതകളില് പലതും. പക്ഷെ അതുമാത്രം പോരല്ലോ. . . സാരള്യം കൊണ്ടുമാത്രം ഒരു കവിത വിജയമാകണമെന്നില്ല. പുതുകവിതയെ ഒരുപോലെ ആസ്വദിക്കുന്ന സാഹിത്യ വേദിയുടെ പുതിയ രൂപമാറ്റത്തെക്കുറിച്ചുള്ള സന്തോഷം ഡോ. ഹരികുമാര് മറച്ചുവച്ചില്ല അദ്ദേഹം പറഞ്ഞു ' പുതുകവിതയുടെ നന്മയെ കണ്ടെടുക്കാനുള്ള മനസ്സ് വേദിയിലെ പലര്ക്കും ഉണ്ടായിരിക്കുന്നു. കവിത ഉത്താരാധൂനികമെന്ന് കേട്ടാല് കണ്ണുമടച്ചുവിമര്ശിക്കുന്ന ശീലങ്ങള്ക്ക് മാറ്റം വന്നിരിക്കുന്നു'. മനോജ് മേനോന് എന്ന കവിയുടെ വളര്ച്ചയുടെ ഘട്ടങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകള് നല്കാന് ഡോ. ഹരികുമാറിനു കഴിഞ്ഞു. വായന എന്നാല് ഓരോ തീര്ത്ഥയാത്രയാണ് സാഹിത്യ നിരൂപകനും സാഹിത്യ വേദിയുടെ ചര്ച്ചകളില് സജീവ സാന്നിധ്യവുമായ കെ. രാജന്. ചര്ച്ചയില് അവതരിപ്പിക്കപ്പെടുന്ന സൃഷ്ടികളില് പദാനുപദം യാത്ര ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ നിരൂപണം നടത്താറുള്ളത്. ഓരോ വാക്കിന്റേയും സാംഗത്യമന്വേഷിക്കുന്ന അദ്ദേഹത്തിന്റെ വായനയുടെ സൂക്ഷമ സിദ്ധി അല്ഭുതപ്പെടുത്തുന്ന ഒന്നാണ്. വേദിയില് അവതരിപ്പിക്കപ്പെട്ട മനോജിന്റെ ഏഴുകവിതകളിലെ ഒരു വാക്കുപോലും വിട്ടുകളയാതെ മനോജിലെ കവിയുടെ സ്വത്ത്വത്തെ അദ്ദേഹം കണ്ടെടുക്കാന് ശ്രമിച്ചു. സങ്കീര്ണ്ണതകളെ ലളിതവല്ക്കരിക്കാനും കാഴ്ചകളെ സൗന്ദര്യവല്ക്കരിക്കാനുമുള്ള മനോജിന്റെ കഴിവിനെ അദ്ദേഹം അഭിനന്ദിച്ചു. 'സാഹിത്യ വേദിയുടെ സാഹിത്യ സായാഹ്നത്തെ ധന്യമാക്കിയ മനോജ് തീര്ച്ചയായും വളര്ച്ചയുടെ പാതയിലാണ്' അദ്ദേഹം പറഞ്ഞു.

ഒറ്റ വായനയ്ക്കു ശേഷം അടച്ചുവയ്ക്കാവുന്നതല്ല മറിച്ച് പല വായനകളില് ഒരുപാട് പുതിയ അര്ത്ഥങ്ങള് ഉത്്പാദിപ്പിക്കുന്നതാണ് മനോജിന്റെ കവിതകള് എന്ന് കഥാകൃത്ത് കൃഷ്ണകുമാര് അഭിപ്രായപ്പെട്ടു. വേദിയില് അവതരിപ്പിക്കപ്പെടുന്ന ഏതൊരു കൃതിയെടേയും ഭാഷാപരമായ തികവുകളെ തലനാരിഴ കീറി പരിശോധിക്കുന്ന യുവകവി ഹരിലാല് ഇത്തവണ മനോജ് മേനോനേയും വെറുതെ വിട്ടില്ല. വരിമുറിച്ചെഴുതിക്കോട്ടെ പക്ഷെ ഭാഷയുടെ ഗതാനുഗതികമായ ചില ഉണ്മകളെ തകര്ക്കപ്പെടുന്നത് ശരിയല്ലല്ലോ. ഭാഷയെക്കുറിച്ച് മുറവിളികൂട്ടാന് മാത്രമെ നമ്മള് മലയാളികള്ക്ക് കഴിയൂ. പക്ഷെ ഭാഷയുടെ സൗന്തര്യശാസ്ത്രത്തെ അതിന്റെ പാരമ്പര്യമായ നേരറിവുകളെ ഹൃദിസ്ഥമാക്കാന് പലരും മെനക്കെടാറേയില്ല. മലയാളത്തിന് ക്ലാസ്സിക് പദവി നല്കണം എന്ന് വെറുതെ മുറവിളിച്ചതുകൊണ്ടായില്ലല്ലോ. ഹരിലാലിന്റെ മതം ശരിയാണ്. നല്ലൊരു ഭാഷാദ്ധ്യപകന്റെ ആത്മാര്ത്ഥതയുണ്ടായിരുന്നു ഹരിലാലിന്റെ വിമര്ശനത്തില്.

ഇത്തവണത്തെ വേദിയില് അഞ്ചു പുതുമുഖങ്ങള് ഉണ്ടായിരുന്നു. പുതു തലമുറയെ പ്രതിനിധീകരിക്കുന്ന ഇവരഞ്ചുപേരും സജീവമായി ചര്ച്ചയില് പങ്കെടുത്തത് വേദിക്ക് പുതിയ പ്രതീക്ഷകള് നല്കി. മനോജ് മേനോന്റെ ഏതാണ്ട് എല്ലാ കവിതകളും സമൂഹത്തേട് നേരിട്ട് സംവദിക്കുന്ന വളരെ വായനാക്ഷമതയുള്ള സൃഷ്ടികളാണ് എന്ന് ശ്രീ ആശിഷ് എബ്രഹാം അഭിപ്രായപ്പെട്ടു
. സാമൂഹ്യമായ തിന്മകളോട് സത്യസന്തമായി പ്രതികരിക്കുന്നതാണ് കവിതകള്. ഇന്ന് സമൂഹം ഭാഷയെ വ്യഭിചരിക്കുന്നതിനെക്കുറിച്ച് മനോജിന്റെ 'നാഗരികത' എന്ന കവിതയെ ഉദാഹരിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു.

തഴുകിയും തലോടിയും മനോജിന്റെ കാവ്യഭാവിയെ തകര്ത്തുകളയുമൊ എന്ന സഹോദരതുല്യമായ ആധിയോടെയാണ് മുംബൈയിലെ പ്രമുഖ കവിയും സാഹിത്യാസ്വാദകനുമായ ശ്രീ പി. വിശ്വനാഥന് സംസാരിക്കാന് തുടങ്ങിയത്. പക്ഷെ മനോജിന്റെ കവിതയിലെ ചില മാസ്മര പ്രയോഗങ്ങളില് അഭിരമിക്കുന്ന വിശ്വേട്ടനേയാണ് വേദി പിന്നീട് കണ്ടത്. ഭാഗവതത്തിലെ കൃഷ്ണനില് നിന്ന് മഥുരയിലേക്കെന്നു പറഞ്ഞ് വിതുരയിലേക്ക് കൊണ്ടുപോയി പ്രണയിനിയെ വഞ്ചിക്കുന്ന പുതിയ കണ്ണനിലേക്കുള്ള പ്രണയത്തിന്റെ പരിവര്ത്തനത്തെ 'കണ്ണനും രാധയും' എന്ന കവിത തുറന്നു കാണിക്കുന്നു. പക്ഷെ കവിതയില് 'വിതുര' എന്ന പദം ഏറെ സമകാലികമായ ഒരു പദമായതിനാല് കാലത്തെ അതിജീവിക്കാനുള്ള അതിന്റെ സാധ്യതകളെ ഇല്ലാതാക്കുന്നു എന്ന് വിശ്വനാഥന് അഭിപ്രയപ്പെട്ടു. സാഹിത്യവേദിയുടെ മുഖമുദ്രയായ വിമര്ശനത്തിന്റെ രീതിയിലൂടെ മുന്നോട്ടുപോയെങ്കിലും മനോജിന്റെ കവിതകളുടെ നന്മയെ പ്രകീര്ത്തിക്കാതിരിക്കാന് വിശ്വനാഥനു കഴിഞ്ഞില്ല. 'മനോജിലെ കവി ഒരു വളര്ച്ചയുടെ പാതയിലാണ്' എന്ന് ശ്രീ വിശ്വനാഥന് അഭിപ്രായപ്പെട്ടു.

കനമില്ലായ്മയാണ് പുതിയ കവിതയുടെ കനം എന്ന പുതിയകാലത്തിന്റെ ചൊല്ലിനെ ശരിവയ്ക്കുന്നതാണ് മനോജിന്റെ കവിതകള് എന്ന് സാഹിത്യവേദിയുടെ കവിതാ ചര്ച്ചയെ ഉപസംഹരിച്ചുകൊണ്ട് സാഹിത്യവേദി കണ്വീനര് ശ്രീ ചേപ്പാട് സോമനാദന് പറഞ്ഞു. കൂടാതെ എന്. കെ. എന്. ചെമ്മനട്, വില്സന്, പ്രസന്നകുമാര്, സായി നാഥ്, സിബിച്ചന് നെടുമുടി, സന്തോഷ് പല്ലശ്ശന, എസ്. രാജേഷ്, രാജേഷ് നായര് എന്നിവര് ചര്ച്ചയില് പങ്കെടുത്തു.

മുംബയിലെ സര്ഗ്ഗാത്മക ജീവിതത്തിന്റെ തികച്ചും ജൈവീകമായ പ്രതിഭാസമാണ് സാഹിത്യവേദി. ആകാശത്ത് ഒരു മഴയ്ക്കായി മേഘങ്ങള് ഘനീഭവിക്കുന്നതുപോലെ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച്ച പ്രത്യേകിച്ച് ഒരൗപചാരിക ക്ഷണത്തിനും കാത്തു നില്ക്കാതെ സാഹിത്യാസ്വാദകര് മാട്ടുംഗാ കേരളഭവനത്തിലെ കുടുസ്സുമുറിയില് ഒത്തുകൂടുന്നു. വിമര്ശ്ശനങ്ങള് കൊണ്ടും കൊടുത്തും സ്വന്തം സര്ഗ്ഗാത്മക സിദ്ധികളെ പലവട്ടം പരിഷ്ക്കരിച്ചും കാലത്തിനൊപ്പം നടക്കാന് മുംബൈ സാഹിത്യലോകം പരിശ്രമിക്കുകയാണ് സാഹിത്യവേദിയിലൂടെ ഇവിടുത്തെ എഴുത്തുകാര്.

ചര്ച്ചയുടെ മറുപടിയായി മനോജ് മേനോന് പറഞ്ഞ വാചകങ്ങള് ഏറെ പ്രസക്തമാണ് 'സാഹിത്യവേദിയാണ് എന്റെ കവിതകളെ നിങ്ങള്ക്ക് ഇത്ര ആസ്വാദ്യകരമാക്കി തീര്ത്തത്' പഴയതില് നിന്ന് കുറച്ചെങ്കിലും ഒരു പുരോഗതി എന്റെ കവിതകള്ക്ക് ഉണ്ടായിട്ടുണ്ട് എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടെങ്കില് അതിന്റെ നല്ലൊരു പങ്ക് സാഹിത്യവേദിക്കുള്ളതാണ്'. വളരെ പക്വവും രസകരവുമായ മറുപടികള്കൊണ്ട് ഒരു നല്ല സാഹിത്യ സംവാദത്തിന് ശുഭ പര്യവസായിയായി തിരശ്ശീലയിടാന് മനോജിനായി.

സാഹിത്യവേദിക്ക് വേണ്ടുന്ന സഹായ സഹകരണങ്ങള് തന്നു വന്നിരുന്ന മലയാള മനോരമയുടെ മുഖ്യപത്രാധിപര് ശ്രീ കെ. എം. മാത്യുവിന്റെ നിര്യാണത്തില് വേദി അനുശോചനം രേഖപ്പെടുത്തി.

Followers