സന്തോഷ് പല്ലശ്ശന
ചരിത്രത്തിന്‍റെ ഒരനിവാര്യതയാണ് ഈ സമയമുദ്രകള്‍. അക്ഷരങ്ങളിലൂടെ സര്‍ഗ്ഗാത്മക സൃഷ്ടികളിലൂടെ പ്രവാസികളുടെ ആന്തരിക ജീവിതത്തില്‍ കഴിഞ്ഞ നാല്‍പത്തിമൂന്ന് വര്‍ഷമായി പ്രകാശിക്കുന്ന മുംബൈ സാഹിത്യവേദി മലയാള സാഹിത്യ ചരിത്രത്തിലേക്ക് സുവര്‍ണ്ണ രേഖയായി സ്വയം രേഖപ്പെടുത്തിയ ധന്യ മുഹൂര്‍ത്തം; അതായിരുന്നു പന്ത്രണ്ടാമത് വി.ടി. ഗോപാലകൃഷ്ണന്‍ പുരസ്കാരസമര്‍പ്പണത്തിനായി മുംബൈ അക്ഷരസ്നേഹികള്‍ ഒത്തുകൂടിയ മാര്‍ച്ച് ഏെഴാം തിയതിയിലെ ദിവ്യ സായാഹ്നം.
അവാച്യമായ ഒരു അനുഭൂതിയായി മനസ്സില്‍ അറിവിന്‍റെ വെളിച്ചം കോരി നിറച്ച് കടന്നുപോയ ആ സാഹിത്യ സായാഹ്നം ഇനി ചരിത്രത്തിനു സ്വന്തം. ആയിരം കൃഷ്ണമേഘങ്ങളായി പെയ്യാന്‍ മുറ്റിനിന്ന വി.ടി. ഗോപാലകൃഷ്ണന്‍റെ ഓര്‍മ്മകള്‍ പിന്നെ മെല്ലെ മെല്ലെ ആര്‍ദ്രമായി പെയ്തിറങ്ങുകയായിരുന്നു. അരനൂറ്റാണ്ടിലേറെക്കാലം മുംബൈയുടെ ധൈഷണിക ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിരുന്ന വി.ടി. കലാതീതമായി അമൂര്‍ത്തവുമായ ഒരു ഊര്‍ജ്ജമായി ഓതിരം തുള്ളുന്ന ഒരു ഓര്‍മ്മപ്പെരുന്നാളായി ഓരോ മനസ്സും തിരിച്ചറിയുകയായിരുന്നു.
മാര്‍ച്ച് ഏെഴാം തിയതി ഞായറാഴ്ച്ച മാട്ടുംഗ കേരളഭവനത്തില്‍ ഒത്തുകൂടിയ ജനനിബിഢമായ സദസ്സിന്‍റെ ഹര്‍ഷാരവങ്ങള്‍ക്കുമുന്‍പില്‍ മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ ശ്രീ കെ. ശങ്കരനാരായണനില്‍ നിന്ന് നോവലിസ്റ്റ് ബാലകൃഷ്ണന്‍ പന്ത്രണ്ടാമത് വി.ടി. ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്കാരം ഏറ്റുവാങ്ങി. അദ്ധ്യക്ഷന്‍ പ്രൊഫ. ശ്രീ പി. എ. വാസുദേവന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ "അര്‍ഹതപ്പെട്ടവന്‍റെ കൈകളില്‍ നിന്ന് അര്‍ഹിക്കുന്നവന് അര്‍ഹതപ്പെട്ടവര്‍ തിരഞ്ഞെടുത്ത് നല്‍കുന്ന പുരസ്കാരം".
അവാര്‍ഡുകള്‍ തേടി ഞാന്‍ നടന്നിട്ടില്ലെന്നും അവാര്‍ഡുകളുമായി താന്‍ സമദൂരസിദ്ധാന്തത്തിലായിരുന്നു എന്നും ബാലകൃഷ്ണന്‍ തന്‍റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. വി.ടി.യെ ഓര്‍മിക്കാന്‍ ഈ പുരസ്കാരത്തിന്‍റെ ആവശ്യമില്ലെന്നായിരുന്നു മുമ്പ് തോന്നിയിരുന്നത് എന്നാല്‍ ഈ അവാര്‍ഡ് കിട്ടിയപ്പോള്‍ ഒരു പാട് മലയാളികള്‍ വിളിച്ച് സന്തോഷം പങ്കുവെച്ചതായും, അത് വലിയ പുരസ്കാരമായി തോന്നുവെന്നും അദ്ദേഹം പറഞ്ഞു.
അംഗത്വമൊ വരിസംഖ്യയൊ ഭാരവാഹികളൊ ഇല്ലാതെ സാഹിത്യവേദി കഴിഞ്ഞ നാല്‍പ്പത്തിമൂന്നു വര്‍ഷമായി നടന്നുവരുന്നത് മുംബൈയിലെ നല്ലവരായ സഹൃദയരുടെ താല്‍പര്യം ഒന്നുകൊണ്ടുമാത്രമാണെന്ന് സാഹിത്യവേദി കണ്‍വീനര്‍ ശ്രീ ചേപ്പാട് സോമനാഥന്‍ തന്‍റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.
അരനൂറ്റാണ്ടുകാലം മുബൈയുടെ ധൈഷണികലോകത്ത് തിളങ്ങി നിന്ന തീക്ഷ്ണ യൌവ്വനമായിരുന്നു വി.ടി. എന്ന് ശ്രീ സി.എന്‍.എന്‍. നായര്‍ തന്‍റെ ആശംസാ പ്രസംഗത്തില്‍ വി.ടി.യെ അനുസ്മരിച്ചു. സാഹിത്യവേദിയുടെ മുടങ്ങാതെയുള്ള നടത്തിപ്പിനായി സമാജം നല്‍കിവരുന്ന സേവനം തങ്ങളുടെ കടമായാണെന്നും അതു തുടര്‍ന്നും വേദിക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ഉണ്ടാവുമെന്നും മുംബൈ കേരളിയ സമാജം സെക്രട്ടറി. ശ്രീ ദേവദാസ് പി. നായര്‍ തന്‍റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.
സാഹിത്യവേദിയുടെ എല്ലാ അവാര്‍ഡു സമ്മേളനങ്ങളിലും മുംബൈയില്‍ വന്നു പോകുന്ന പ്രൊഫ. ശ്രീ പി. എ. വാസുദേവന്‍ വേദിയുടെ ഒരു അഭ്യുദ്ദയകാംക്ഷിയാണ്. "ഒരു നിയോഗം പോലെ ഞാനിവിടെ വന്നുപോകുന്നു. നാട്ടില്‍ ഒരുമ്മിച്ചുണ്ടായിരുന്ന തന്‍റെ പ്രിയസ്നേഹിതന്‍ വി.ടി. ഗോപാലകൃഷ്ണനുള്ള ഒരു ബലിതര്‍പ്പണത്തിനെന്നപോലെ. ഉത്സവകാലത്ത് വെളിച്ചപ്പാട് തന്‍റെ കര്‍മ്മം ഏറ്റെടുക്കുന്നതുപോലെ. പഴയമുഖങ്ങളെ മനസ്സില്‍ ഒന്നു കൂടി ഉറപ്പിക്കാന്‍ കൂടിയാണ് ഈ വരവ്" തന്‍റെ അദ്ധ്യക്ഷപ്രസംഗത്തില്‍ ശ്രീ പി. എ. വാസുദേവന്‍ പറഞ്ഞു.
കേരളത്തിന്‍റെ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്ന് ഒരു രുദ്രനക്ഷത്രമായി ഉയര്‍ന്നു വന്ന മഹാരഷ്ട്ര ഗവര്‍ണ്ണര്‍ ശ്രീ കെ ശങ്കരനാരായണന്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ചതിനുശേഷം സദസ്സിനെ അഭിസംബോധന ചെയ്തു. നാടു വിട്ടാല്‍ പ്രാവാസിയെന്നാണ് എല്ലാ മലയാളികളും അറിയപ്പെടുന്നത്. എന്തു ജോലിയും ചെയ്യാന്‍ പ്രാപ്തിയും കഴിവും ഉള്ളവരാണ് മലയാളികളെന്ന് ശ്രീ ശങ്കരനാരായണന്‍ അഭിപ്രായപ്പെട്ടു. ഒരു പാലക്കാട്ടുകാരനായിരുന്നിട്ടും വി.ടി.യെ താന്‍ പരിചയപ്പെട്ടിട്ടില്ല. താനോരു എഴുത്തുകാരനല്ല പക്ഷെ എന്നെങ്കിലും താന്‍ എഴുതുകയാണെങ്കില്‍ അത് തികച്ചും സത്യസന്ധമായിരിക്കും. വിദ്യാഭ്യാസ ബില്ല് അവതരിപ്പിച്ച മുണ്ഡശ്ശേരി മാസ്റ്റര്‍ പറഞ്ഞത് താന്‍ ആരുടേയും മുന്‍പില്‍ തലകുനിക്കില്ല എന്നാണ്. പക്ഷെ അദ്ദേഹം പുസ്ത്കത്തിന്‍റെ മുന്‍പില്‍ തനകുനിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. സാഹിത്യം അടിസ്ഥാനപരമായി മനുഷ്യനെ സംസ്കൃതനാക്കാനും പക്വതയുള്ളവനാക്കാനും വേണ്ടിയാണ് എന്ന് ശ്രീ ശങ്കരനാരായണന്‍ പറഞ്ഞു.
മുഖ്യപ്രഭാഷണം
കഴിഞ്ഞ വര്‍ഷം വേദിയില്‍ അവതരിപ്പിക്കപ്പെട്ട സൃഷ്ടികളെ വിലയിരുത്തിക്കൊണ്ട് പ്രശസ്ത സിനിമാനടനും എഴുത്തുകാരനുമായ ശ്രീ വി. കെ. ശ്രീരാമന്‍ മുഖ്യ പ്രഭാഷണം നടത്തി. എഴുത്തിന്‍റെ സമകാലിക പരിതോവസ്ഥകളേയും വേറിട്ട രീതിയില്‍ എഴുതപ്പെടുകയും പുതിയൊരു രൂപലാവണ്യങ്ങള്‍ മലയാള സാഹിത്യം എടുത്തണിയുകയും ചെയ്യേണ്ടതിനെ സമര്‍ത്ഥിച്ചുകൊണ്ട് വി. കെ ശ്രീരാമന്‍റെ നടത്തിയ മുഖ്യ പ്രഭാഷണം മുംബൈയിലെ സഹൃദയരിലേക്ക് തീപോലെ ആളിപ്പടര്‍ന്നു. ഉപരി വര്‍ഗ്ഗത്തിന്‍റെ കഥകള്‍ മാത്രം പറയുന്ന സാഹിത്യവും സിനിമയും സാമ്പ്രദായികമായ ചട്ടക്കൂടില്‍ നിന്ന് വിടുതല്‍ പ്രാപിക്കുന്നില്ല. ജീവിതത്തിന്‍റെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നവരുടെ കഥകളെഴുതാന്‍ താന്‍ നിര്‍ബന്ധിതനായത് സാമ്പ്രദായിക സാഹിത്യ സങ്കല്‍പങ്ങളെ വായിച്ചുമടുത്തതുകൊണ്ടാണ്. മലയാളിയുടെ സാഹിത്യം ശരിയായ മര്‍മ്മത്തില്‍ നിന്ന് മാറിപോകുന്നു.
സത്യങ്ങളിലേക്ക് - അസുഖകരമെങ്കിലും യഥാര്‍ത്ഥ്യങ്ങളിലേക്ക് ഒരു വായനക്കാരനെ നയിക്കുന്നതാവണം എഴുത്ത്. ഒരു പാലക്കാട്ടുകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ എഴുതിയ “ഫ്രാന്‍സിസ് ഇട്ടിക്കോര” എന്ന പുസ്തകം അത്തരത്തിലുള്ള ഒന്നാണ്. എഴുത്ത് തടരുന്നതിനു മുന്‍പ് നമ്മുടെ ഇന്ത്യ പുലരുന്നതെങ്ങിനെ എന്ന് നാം അറിയേണ്ടതുണ്ട്. അരുന്ധതിറോയി എന്ന പ്രശസ്ത എഴുത്തുകാരിയെ നമ്മുക്കു ലഭിക്കുന്നത് അവര്‍ അതിജീവിച്ച തിക്ത യാഥാര്‍ത്ഥ്യങ്ങള്‍ രൂപപ്പെടുത്തിയ ഒരു അടിത്തറ അവര്‍ക്കുള്ളതുകൊണ്ടാണ്. മനുഷ്യന്‍ അടിസ്ഥാനപരമായി ഒരു മൃഗമണ്. അവസരം കിട്ടുമ്പോഴൊക്കെ മനുഷ്യനിലെ അക്രമകാരിയായ കാമാസക്തനായ മൃഗം ഉണരുന്നു. ഭരണകൂടങ്ങളെ ഉലയ്ക്കുന്നതും, സാംസ്കാരിക മണ്ഡലങ്ങളെ സംഭവ ബഹുലമാക്കുന്നതും ഈ മൃഗമാണ്. ഈ മൃഗീയതയെ ആവിഷ്ക്കരിക്കുന്ന സൃഷ്ടികള്‍ വളരെ അപൂര്‍വ്വമായ വേറിട്ട എഴുത്താണ്. മനുഷ്യന്‍ കര്‍മ്മം ചെയ്യുന്നു താന്‍ ചെയ്യുന്ന കര്‍മ്മത്തിന്‍റെ ഉടമസ്ഥന്‍ താനാണ് എന്നുള്ള അഹങ്കാരമാണ് മനുഷ്യന്. ഈ അഹന്തകള്‍ക്ക് പിടികൊടുക്കാതെ വേറിട്ട വഴികളിലൂടെ നടക്കുന്നവരെ കണ്ടെത്തലാണ് എന്‍റെ എഴുത്തിന്‍റെ അടിസ്ഥാനം.
സമകാലിക എഴുത്ത് മാറ്റങ്ങളോട് മുഖം തിരിക്കുന്നതിന്‍റെ പ്രധാനകാരണം ഒരു എഴുത്തുകാരനെ രൂപപ്പെടുത്തുന്ന ചില സ്ഥിരം ഘടകങ്ങളുടെ സ്വാധീനമാണ്. ജാതി, മതം, വിശ്വാസം, സദാചാരം തുടങ്ങിയ ഘടകങ്ങളുടെ പൂര്‍വ്വാര്‍ജ്ജിത സ്വരൂപങ്ങളില്‍ ഓരോ എഴുത്തുകാരനും കുടുങ്ങി കിടക്കുകയാണ്.
പുരസ്കാര സമര്‍പ്പണത്തിനു മുന്‍പും പിന്‍പുമായി രണ്ടു ഘട്ടങ്ങളില്‍ നടന്ന ശ്രീ വി. കെ. ശ്രീരാമന്‍റെ പ്രഭാഷണം മുംബൈക്കാര്‍ക്ക് പുതിയ ഒരു സാഹിത്യ അനുഭവം സമ്മാനിച്ചു. ഒരു സിനിമാ നടന്‍ എന്നതിലുപരി വാക്ക്‌ദേവിയുടെ പ്രസാദം സിദ്ധിച്ചവനായിരുന്നു ശ്രീരാമന്‍ എന്നതിന്‍റെ തെളിവായിരുന്നു അദ്ദേഹത്തിന്‍റെ അര്‍ത്ഥ സംമ്പുഷ്ടമായ പ്രഭാഷണം.