മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, October 6, 2009

വായനയുടെ മാറിവരുന്ന അഭിരുചികള്‍ / ബാലകൃഷ്ണന്‍

|3 comments
(മുംബയിലെ മുതിര്‍ന്ന എഴുത്തുകാരനും നോവലിസ്റ്റുമായ ശ്രീ ബാലകൃഷ്ണന്‍ "സാഹിത്യവേദി" യുടെ നാല്‍പത്തി രണ്ടാമത്‌ വാര്‍ഷികാഘോഷദിനത്തില്‍ നടന്ന പ്രതിമാസ സാഹിത്യ ചര്‍ച്ചയില്‍ വായിച്ച ലേഖനത്തിന്‍റെ പൂര്‍ണ്ണ രൂപം)

ആഗസ്റ്റ്‌ ലക്കം ഭാഷാ പോഷിണിയില്‍ ടി.പി.രാജീവന്‍ എഴുതിയിരിക്കുന്ന ലേഖനത്തിണ്റ്റെ തലക്കെട്ട്‌ 'ഷേക്സ്പിയര്‍ പുറത്ത്‌ ജമീല അകത്ത്‌ ' എന്നാണ്‌. അത്‌ നമ്മുടെ സാഹിത്യത്തിലെ പുതിയ പ്രവണതകളെക്കുറിച്ച്‌ അര്‍ത്ഥവത്തായ സൂചന നല്‍കുന്നു. നളിനി ജമീലയുടെ 'ലൈംഗികത്തൊഴിലാളിയുടെ ആത്മകഥയും' മണിയന്‍ പിള്ളയുടെ 'തസ്ക്കരന്‍ മണിയന്‍ പിള്ളയുടെ ആത്മകഥയും' കേരള സര്‍വ്വകലാശാലയുടെ ബിരുദക്ളാസ്സുകളില്‍ പാഠപുസ്തകമാക്കാന്‍ പോവുകയാണെന്ന പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്‌ ടി.പി..രാജീവണ്റ്റെ ലേഖനം.കാളിദാസനും ഷേയ്ക്സ്പിയറും പഴഞ്ചന്‍മാരായ സ്ഥിതിക്ക്‌ പുതിയ ക്ളാസിക്ക്‌ എഴുത്തുകാരെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിചയപ്പെടുത്തുന്നതില്‍ എന്താണ്‌ കുഴപ്പം? ഹാംലെറ്റും മാക്ബെത്തും അഭിജ്ഞാനശാകുന്തളവും മേഘസന്ദേശവും ഇനി ആര്‍ക്ക്‌ വേണം.ഓണത്തിന്‌ രണ്ടു സ്ഥലങ്ങളില്‍ (ചാലക്കുടിയും മൂവാറ്റു പുഴയും ആണെന്ന്‌ തോന്നുന്നു) മാത്രം ൫൪ കോടി രൂപയുടെ മദ്യം കുടിച്ചു തീര്‍ത്ത ചെറുപ്പക്കാര്‍ക്ക്‌ അത്യാവശ്യം വേണ്ടത്‌ ലൈംഗികത്തൊഴിലാളികളെയാണെന്നതില്‍ സംശയത്തിനിടയില്ല. ആ പുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ ഏതെങ്കിലും ചൂടന്‍ പ്രൊഫസര്‍ പെട്ടെന്ന്‌ എടുത്ത തീരുമാനമല്ല. 'വിദ്യാഭ്യാസത്തിണ്റ്റെ മേന്‍മ വര്‍ദ്ധിപ്പിച്ചും വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്വാതന്ത്യ്രത്തിനൊരിടം നല്‍കിയും കഴിഞ്ഞ കാലങ്ങളില്‍ നിന്ന്‌ പൂര്‍ണ്ണമായൊരു വിട്ടു പോക്ക്‌' എന്നാണ്‌ ചരിത്രകാരനായ ഡോക്ടര്‍ കെ.എന്‍. പണിക്കര്‍ അഭിപ്രായപ്പെട്ടത്‌. ഡോക്ടര്‍ പണിക്കര്‍ ധിഷണാശാലിയും ചരിത്രപണ്ഡിതനുമായതു കൊണ്ട്‌ വിടുവായത്തം പറയില്ല.മഹാന്‍മാര്‍ പറയുന്നതിനെ നാം ആദരിക്കുക. അടുത്ത കാലം വരെ സ്ക്കൂള്‍ തലത്തിലും കോളേജ്‌ തലത്തിലും മഹാത്മാഗാന്ധി, നെഹറു,നാരായണഗുരു, ഗൌതമബുദ്ധന്‍, സ്വാമി വിവേകാനന്ദന്‍, അയ്യങ്കാളി, ഏകെജി, ഈ.എം. എസ്‌.മുതലായവരുടെ ജീവിതകഥകള്‍ പഠിച്ച കുട്ടികള്‍ അവരില്‍ നിന്ന്‌ എന്തെങ്കിലും മൂല്യം ഉള്‍ക്കൊണ്ടുവോ. നാട്ടില്‍ നടക്കുന്ന സ്ത്രീപീഡനങ്ങളും മദ്യപാനവും അരാജകത്വവും ഗുണ്ടാവിളയാട്ടവും സാക്ഷരതക്ക്‌ നൂറില്‍ നൂറുമാര്‍ക്കും നേടിയ ഒരു സംസ്ഥാനത്താണെന്ന്‌ ഓര്‍ക്കുമ്പോള്‍ അവര്‍ക്ക്‌ ചേര്‍ന്നത്‌ ലൈംഗികത്തൊഴിലാളികളുടേയും തസ്ക്കരവീരന്‍മാരുടേയും ആത്മകഥകളാണെന്നതില്‍ അഭിപ്രായഭിന്നതയുണ്ടാവാന്‍ ന്യായമില്ല. തണ്റ്റെ പുസ്തകം പഠിക്കുന്നതിലൂടെ കുട്ടികള്‍ക്ക്‌ ലൈംഗികതയെക്കുറിച്ച്‌ അവബോധമുണ്ടാവുമെന്നും അവര്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളുടെ ദൈന്യതകളെക്കുറിച്ച്‌ ബോധവാന്‍മാരാകുമെന്നും അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും സമൂഹം ബലിയാടുകളാക്കിയ ലൈംഗികത്തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച്‌ അര്‍ത്ഥവത്തായ ചര്‍ച്ചകളുണ്ടാവുമെന്നും നളിനി ജമീല പ്രത്യാശിക്കുന്നു. വരേണ്യസാഹിത്യകാരന്‍മാര്‍ അവരെക്കറിച്ച്‌ ഒന്നും എഴുതാത്തതുകൊണ്ടാണ്‌ സ്വയം ഒരെഴുത്തുകാരനെ കണ്ടെത്തി ഘോസ്റ്റ്‌ റൈറ്റിങ്ങ്‌ നടത്തിയതെന്നും അവര്‍ സമ്മതിക്കുന്നുണ്ട്‌. ഡോക്ടര്‍ എം.ഗംഗാധരന്‍ ഇത്തരം പുസ്തകങ്ങള്‍ സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കേണ്ടതാണ്‌ എന്ന്‌ അഭിപ്രായപ്പെടുന്നു. അദ്ദേഹം നിരത്തുന്ന ന്യായങ്ങള്‍ ഇവയാണ്‌:

ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രഹസ്യമായി വെക്കേണ്ടവയാണെന്ന നമ്മുടെ ധാരണ തിരുത്തി അത്തരം വിഷയങ്ങള്‍ തുറന്ന ചര്‍ച്ചക്ക്‌ വിധേയമാക്കണം. മഹതികളുടേയും മഹാന്‍മാരുടേയും ജീവചരിത്രങ്ങള്‍ മാത്രം പഠിച്ചതുകൊണ്ട്‌ നമ്മുടെ സാമൂഹികാവസ്ഥകളെക്കുറിച്ചുള്ള ജ്ഞാനം പൂര്‍ണ്ണമാകുന്നില്ല.

പന്ത്രണ്ട്‌ എഡീഷനുകളിലായി ഇറങ്ങിയ പുസ്തകത്തിണ്റ്റെ പന്തീരായിരം കോപ്പികള്‍ വിറ്റഴിഞ്ഞെങ്കിലും അതിനോട്‌ പൊതുവേയുള്ള സമീപനം ഒരുല്‍ബുദ്ധസമൂഹത്തിന്‌ ചേര്‍ന്നതായിരുന്നില്ല.

ആ പുസ്തകത്തിനെ ചീത്ത പറയുന്ന തരത്തിലുള്ള എതിര്‍പ്പുകളല്ലാതെ അത്തരമൊരു കൃതി നല്‍കുന്ന സമൂഹാവസ്ഥയെക്കുറിച്ചുള്ള അറിവിനെ ആദരിക്കുന്ന ഒരു നിരൂപണം മലയാളത്തിലുണ്ടായിട്ടില്ല.

നാട്ടിലെ ജീവിതത്തിണ്റ്റെ ഒരു വശം തുറന്നു കാണിക്കുന്ന കൃതി എന്ന നിലയില്‍ സമൂഹനിരൂപകര്‍ ആരും ആ കൃതിയെ പരിഗണിച്ചിട്ടില്ല. ദൃശ്യമാധ്യമങ്ങള്‍ അത്‌ സംവാദവിഷയമാക്കിയില്ല.നമ്മുടെ ഫെമിനിസ്റ്റുകള്‍ പോലും ആ കൃതിയെ എതിര്‍ക്കുകയല്ലാതെ അതില്‍ തെളിയുന്ന സ്ത്രീ അവസ്ഥയെ യാഥാര്‍ഥ്യമായി കണ്ടില്ല....
തുടങ്ങിയ കാരണങ്ങള്‍ കൊണ്ട്‌ ഡോക്ടര്‍ ഗംഗാധരന്‍ ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ പാഠ പുസ്തകമാക്കുന്നതിനോട്‌ യോജിക്കുന്നു.

ഈ ലേഖനം എഴുതിയതിന്‌ ശേഷം മേല്‍ പറഞ്ഞ പുസ്തകങ്ങള്‍ സിലബസ്സില്‍ പെടുത്തിയിട്ടുണ്ടന്നുള്ളത്‌ തികച്ചും അവാസ്തവമായ പ്രസ്താവനയാണെന്ന്‌ ഭാഷാപോഷിണിയില്‍ തന്നെ ഡോക്ടര്‍ സി.സ്റ്റീഫണ്റ്റെ ഒരു കുറിപ്പു കണ്ടു. എന്നാല്‍ ബോര്‍ഡ്‌ ഓഫ്‌ സ്റ്റഡീസ്‌ ചെയര്‍മാണ്റ്റെ നിര്‍ദ്ദേശമനുസരിച്ച്‌ ആത്മകഥ, ജീവചരിത്രം,സ്മരണകള്‍എന്ന വിഷയത്തില്‍ അധികവായനക്ക്‌ സിലബസ്സിണ്റ്റെ കരടുപകര്‍പ്പില്‍ താനാണ്‌ ഈ പുസ്തകങ്ങള്‍ നിര്‍ദ്ദേശിച്ചതെന്ന്‌ അജിത്‌.എം.എസ്‌ .തിരൂറ്‍ രേഖപ്പെടുത്തുന്നു. വാസ്തവം ഇവക്കിടയിലെവിടെയോ ആവാം.

ഞാന്‍ നളിനി ജമീലയുടെ ആത്മകഥ വായിച്ചിട്ടില്ല. എന്നാല്‍ അതു പോലെ സ്ഫോടനാത്മകമായ മറ്റൊരാത്മകഥ- ഡോക്ടര്‍ ജെസ്മിയുടെ 'ആമേന്‍' വായിക്കുകയുണ്ടായി. കന്യാസ്ത്രീ മഠങ്ങളിലെ ഭരണവൈകല്ല്യങ്ങളേയും അന്തേവാസികളുടെ കൊള്ളരുതായ്മകളേയും അന്തര്‍നാടകങ്ങളേയും ലൈംഗികവൈകൃതങ്ങളേയും പറ്റി പ്രതിപാദിക്കുന്നു, ആമേന്‍. ഒരുകോളേജ്‌ പ്രിന്‍സിപ്പലും ഉന്നത ബിരുദധാരിയും ദൈവത്തിണ്റ്റെ അരുമ ശിഷ്യയുമായ ഒരു സ്ത്രീയുടെ കുമ്പസാരം ഉദ്വേഗപൂര്‍ണ്ണമായിരിക്കുമെന്ന മുന്‍വിധിയോടെ സമീപിച്ചതു കൊണ്ടാവാം ഈ കൃതി എന്നെ നിരാശപ്പെടുത്തി. ആദ്യമായി എനിക്ക്‌ അരോചകമായി തോന്നിയത്‌ അതിലെ വരണ്ടുണങ്ങിയ ഭാഷയാണ്‌.

എഴുത്തിന്‌ അഡ്വക്കേറ്റ്‌ ആര്‍.കെ.ആശയുടെ സഹായമുണ്ടായിട്ടും ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ തോന്നുന്ന പാരായണക്ഷമത ആമേന്‍ എന്ന കൃതിക്കില്ല. കന്യാസ്ത്രീമഠങ്ങളുടെ ഭരണത്തിലെ പാകപ്പിഴകളും, അസൂയയും കുന്നായ്മകളും സേവയും ശുപാര്‍ശയും മാത്രമല്ല, സ്വവര്‍ഗ്ഗരതിയും ഗ്രന്ഥകര്‍ത്രിയുടെ നിര്‍ദ്ദാക്ഷ്യണ്യമായ വിമര്‍ശനത്തിന്‌ ശരവ്യമാകുന്നുണ്ട്‌. ഒഴുക്കിനെതിരെ നീന്തി ഉന്നത ബിരുദങ്ങളെടുക്കാനും ഒരു കോളേജിണ്റ്റെ പ്രിന്‍സിപ്പല്‍ പദവി വരെ ചെന്നെത്താനും സിസ്റ്റര്‍ ജെസ്മിക്ക്‌ കഴിയുന്നത്‌ അവരുടെ അചഞ്ചലമായ ദൈവ വിശ്വാസം കൊണ്ടും യേശുവിണ്റ്റെ പ്രിയപുത്രിയായതുകൊണ്ടുമാണെന്ന്‌ അവര്‍ ആവര്‍ത്തിച്ച്‌ സൂചിപ്പിക്കുന്നുണ്ട്‌. എന്നാല്‍ അവരും ഒരു സാധാരണ സ്ത്രീയെപ്പോലെ പ്രലോഭനങ്ങള്‍ക്ക്‌ വഴങ്ങി ഒരച്ചണ്റ്റെ മുമ്പില്‍ ഒരു നിമിഷത്തേക്ക്‌ വിവസ്ത്രയാവുന്നതായി വിവരിച്ചിട്ടുണ്ട്‌. (പേജ്‌ 88-89).അവിടെ നാം വരികള്‍ക്കിടയില്‍ വായിച്ച്‌ കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതേയുള്ളു. കന്യാസ്തീ മഠങ്ങളിലെ ദുര്‍ഭരണത്തെക്കുറിച്ചും പാളിച്ചകളെക്കുറിച്ചും പ്രിയപ്പെട്ട ശിഷ്യകള്‍ക്ക്‌ 'മുലകൊടുക്കുന്ന' അമ്മമാരെക്കുറിച്ചും എഴുതിയതു കൊണ്ടു മാത്രം അവര്‍ വിശുദ്ധയാവുന്നില്ല. താന്‍ ഇച്ഛിച്ചതൊക്കെ നേടുന്നതു വരെ അവരും ഇതിണ്റ്റെയെല്ലാം ഭാഗമായിരുന്നു എന്ന സത്യം മുഴച്ചു നില്‍ക്കുന്നു.ഈ പുസ്തകത്തിനും നിരവധി പ്രിണ്റ്റുകളുണ്ടാവുകയും പതിനായിരമോ ഇരുപതിനായിരമോ കോപ്പികള്‍ വിറ്റു തീരുകയും ചെയ്യാം.ഇപ്പോള്‍ ഒമ്പതാം പതിപ്പിലെത്തിയിരിക്കുന്ന ആമേന്‍ എന്ന ഈ പുസ്തകം മറ്റു ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെടാം.

മലയാളവായനക്കാരുടെ അഭിരുചികള്‍ മാറുന്നതിന്‌ മേല്‍ക്കാണിച്ച ഉദാഹരണങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ഒരു പക്ഷേ മറ്റൊരു വിമോചന സമരം ഭയന്നാവാം ഇത്‌ കോളേജില്‍ പാഠപുസ്തകമാക്കാന്‍ ആരും ശുപാര്‍ശ ചെയ്യാത്തത്‌. കേരളത്തില്‍ ഇന്ന്‌ വായനക്കാര്‍ക്ക്‌ ഏറ്റവും പ്രിയം ആത്മകഥകളും അനുഭവക്കുറിപ്പുകളും യാത്രാ വിവരണങ്ങളുമാണെന്ന്‌ അറിയുന്നു. വേണമെങ്കില്‍ ആര്‍ക്കും എന്തും എഴുതാവുന്ന,അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ബ്ളോഗാവുന്ന, ബ്ളോഗുകളും മലയാളത്തില്‍ വേരു പിടിക്കുന്നുണ്ട്‌ എന്ന്‌ പറയാം. അടുത്തു തന്നെ നമുക്ക്‌ കാരി സതീശണ്റ്റേയും, ഓംപ്രകാശിണ്റ്റേയും പുത്തന്‍പാലം രാജേഷിണ്റ്റേയും ആത്മകഥകള്‍ ചൂടോടെ വായിക്കാനാവും. അവര്‍ക്ക്‌ വേണ്ടി ആത്മകഥകളെഴുതാന്‍ കൂലി എഴുത്തുകാരെ കിട്ടാനും പഞ്ഞമുണ്ടാവില്ല. ആ പുസ്തകങ്ങള്‍ പത്തും പന്ത്രണ്ടും പതിപ്പുകളിലെത്തുമെന്നതിന്‌ സംശയം വേണ്ട. മറ്റൊരു പ്രധാന സാദ്ധ്യത ക്വട്ടേഷന്‍ സംഘങ്ങളേയും അവയുടെ പ്രവര്‍ത്തന രീതികളേയും വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്തകമാണ്‌. അതിനും അനേകം പ്രിണ്റ്റുകള്‍ ഉറപ്പാക്കാം.

വായനക്കാരുടെ അഭിരുചികള്‍ പെട്ടെന്ന്‌ ഒരു ദിവസം കൊണ്ട്‌ മാറിയതല്ല. അവരെ വായനയില്‍ നിന്ന്‌ അകറ്റിയതിന്‌ ദൃശ്യമാധ്യമങ്ങളും എഴുത്തുകാരും ഉത്തരവാദികളാണ്‌. ഇന്ന്‌ ഒരു കഥാസമാഹാരം പ്രസിദ്ധീകരിക്കുന്നതിന്‌ മുമ്പ്‌ പ്രസാധകന്‍ രണ്ടുവട്ടമല്ല, ഇരുനൂറുവട്ടം ആലോചിക്കും. അഥവാ പ്രസിദ്ധീകരിക്കുകയാണെങ്കില്‍ തന്നെ അഞ്ഞൂറോ ആയിരമോ കോപ്പികളാണ്‌ അടിക്കുന്നത്‌. ഇതിന്‌ അപവാദമായി ചുരുക്കം ചിലരേയുള്ളു. എംടി, വിജയന്‍, ആനന്ദ്‌, മാധവിക്കുട്ടി മുതലായവര്‍. നോവലുകള്‍ അതേ ശോച്യാവസ്ഥയില്‍ എത്തിയിട്ടില്ല.കവിതകളും ചിലരൊക്കെ പ്രാണ വായു നല്‍കുന്നതുകൊണ്ട്‌ ജീവിച്ചിരിക്കുന്നു. എങ്കില്‍ കൂടി നാം വീണ്ടും വീണ്ടും ഓര്‍മ്മിക്കാവുന്ന കവിതകള്‍ അപൂര്‍വമാണ്‌.

ആഗസ്റ്റ്‌ ലക്കം ഭാഷാപോഷിണിയില്‍തന്നെ പൂര്‍വഭാരങ്ങളില്ലാത്ത കവി എന്ന്‌ വിശേഷിപ്പിക്കപ്പെട്ട രാമന്‍ ആനുകാലികങ്ങളിലും ബ്ളോഗുകളിലും കവിതയെഴുതുന്ന മൂന്നു കവികളെ വായനക്കാര്‍ക്ക്‌ വേണ്ടിയോ പ്രസാധകര്‍ക്ക്‌ വേണ്ടിയോ ശുപാര്‍ശ ചെയ്യുന്നുണ്ട്‌.അവരുടെ പ്രത്യേകതയായി കവി എടുത്തുകാട്ടുന്നത്‌ 'ഒറ്റ വായനയ്ക്കുതന്നെ മനസ്സിലേക്ക്‌ കത്തിക്കയറുന്ന തരത്തില്‍ ഗദ്യത്തില്‍ കവിത എഴുതാന്‍ കഴിയുന്ന ഏറ്റവും പുതിയ ഒരു തലമുറ മലയാള കവിതയില്‍ കടന്നു വന്നിരിക്കുന്നു എന്ന ഉത്തമ ബോദ്ധ്യമാണ്‌ ഇങ്ങനെയൊരുകുറിപ്പ്‌ എഴുതാന്‍ കാരണം.' ഏതാണ്ട്‌ ഏഴു പേജ്‌ ദൈര്‍ഘ്യം ഒരു കുറിപ്പിനോ? കുറിപ്പില്‍ പരാമര്‍ശിക്കപ്പെടുന്ന കവികള്‍ സുനില്‍കമാര്‍എം.എസ്‌., അജീഷ്ദാസ്‌, വിഷ്ണു പ്രസാദ്‌ എന്നിവരാണ്‌. വിചിന്തനങ്ങള്‍ക്ക്‌ ശേഷം തീരുമാനിക്കപ്പെട്ടതല്ല പൊതുവേ ഇവരുടെ ഭാഷ. ധൃതി പിടിച്ച ഒരു താല്‍ക്കാലികതയില്‍ നിന്നും പൊട്ടി പുറപ്പെടുന്നതിണ്റ്റെ ആവേശവും സ്വാഭാവികതയുമാണ്‌ അതിണ്റ്റെ സവിശേഷത എന്ന്‌ രാമന്‍ തുടര്‍ന്നെഴുതുന്നു. സമയ പരിമിതിയാല്‍ അവരുടെ കവിതകള്‍ ഉദ്ധരിക്കാന്‍ ഒരുങ്ങുന്നില്ല. താല്‍പര്യമുള്ളവര്‍ക്ക്‌ ആഗസ്‌ററ്‌ ലക്കം ഭാഷാപോഷിണി വായിച്ചു നോക്കാം.എന്തായാലും ചില കവിതകള്‍ നന്നായിട്ടുണ്ട്‌ എന്നല്ലാതെ എണ്റ്റെ മനസ്സില്‍ ഒന്നും കത്തി കയറിയില്ല.എണ്റ്റെ മനസ്സിന്‌ എന്തോ തകരാറുണ്ട്‌, തീര്‍ച്ച.

വായനക്കാരുടെ മാറുന്ന അഭിരുചികള്‍ക്കൊത്ത്‌ ആനുകാലിക പ്രസിദ്ധീകരണങ്ങളും ചുവടുമാറ്റാന്‍ തുടങ്ങിയിട്ടുണ്ട്‌. സമകാലികമലയാളം 2004 മുതല്‍ അതിണ്റ്റെവാര്‍ഷിക പതിപ്പുകളില്‍ നിന്നും ഓണപ്പതിപ്പുകളില്‍ നിന്നും കഥയെ നിഷ്ക്കാസനം ചെയ്തു തുടങ്ങി. പകരം സ്ഥല പുരാണങ്ങളും പ്രശസ്ത വ്യക്തികളുടെ ജീവചരിത്ര രേഖകളും മറ്റും പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. എം.ടി .യോടുള്ള ബഹുമാനവും ആദരവും നിലനിര്‍ത്തിക്കൊണ്ട്‌ തന്നെ പറയട്ടെ, അദ്ദേഹത്ത കുറിച്ച്‌ മറ്റുള്ളവര്‍ എഴുതുന്ന ലേഖനങ്ങള്‍ ആവര്‍ത്തന വിരസത കൊണ്ട്‌ മടുപ്പുളവാക്കുന്നു. മാതൃഭൂമിയുടെ 2007 ലെ ഓണപ്പതിപ്പുകള്‍ അഭിമുഖ സംഭാഷണങ്ങള്‍ കൊണ്ട്‌ നിറഞ്ഞിരുന്നു. കാമ്പില്ലാത്ത കുറെ വാചകക്കസര്‍ത്തുകള്‍. അവര്‍ക്കിഷ്ടമുള്ള ചിലരെ വിളിച്ച്‌ അവര്‍ക്ക്‌ തന്നെ ഇഷ്ടമുള്ളവരുമായി എന്തെങ്കിലുമൊക്കെ സംസാരിപ്പിക്കുക ,അല്ലെങ്കില്‍ സല്ലപിക്കുക. അതൊക്കെ അച്ചടിച്ച്‌ പാവം വായനക്കാരുടെ തലയില്‍ കമിഴ്ത്തുക. ഒരെഴുത്തുകാരന്‍ തെക്കോട്ട്‌ തല വെച്ച്‌ കിടന്നാലും വടക്കോട്ട്‌ തല വെച്ച്‌ കിടന്നാലും വായനക്കാര്‍ക്ക്‌ ഒന്നുമില്ല. അയാള്‍ മദ്യപാനവും രതിയും കഴിഞ്ഞതിന്‌ ശേഷം എഴുതിയാലും ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തന്നെ ഉണര്‍ന്നിരുന്ന്‌ എഴുതിയാലും ഉച്ച വരെ കിടന്നുറങ്ങിയാലും വായനക്കാരന്‌ ഒന്നുമില്ല. അയാള്‍ പടച്ചു വിടുന്ന സാധനം വായിക്കാന്‍ കൊള്ളാമോ എന്ന്‌ മാത്രമാണ്‌ നൂറും നൂറ്റമ്പതും കൊടുത്ത്‌ പുസ്തകം വാങ്ങുന്ന വായനക്കാരണ്റ്റെ താല്‍പര്യം.

2008 ലെ ഓണപ്പതിപ്പ്‌ പ്രണയത്തിന്‌ വേണ്ടി നീക്കി വെച്ചിരിക്കുന്നു. പ്രണയത്തെക്കുറിച്ച്‌ ശക്തമായ രചനകള്‍ സമ്മാനിച്ച സ്നഹഗായികയായ മാധവിക്കുട്ടിയുടെ നിര്യാണമാണോ പ്രണയപ്പതിപ്പിണ്റ്റെ പ്രേരണ? അറിഞ്ഞു കൂടാ. പ്രേരണ എന്തായാലും പ്രണയത്തെക്കുറിച്ച്‌ ഇതു വരെ ആരും എഴുതാത്ത സത്യങ്ങളോ സിദ്ധാന്തങ്ങളോ ഉള്‍ക്കാഴ്ചകളോ നല്‍കുന്ന ലേഖനങ്ങള്‍ അതില്‍ കണ്ടെത്താനായില്ല. ഭേദപ്പെട്ടതായി തോന്നിയത്‌ ഒരു സ്തീയുടെ പ്രായഭേദങ്ങള്‍ക്കനുസരിച്ച്‌ പ്രണയ സങ്കല്‍പ്പങ്ങളില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച്‌ ശാരദക്കുട്ടി എഴുതിയ ലേഖനമാണ്‌.മൈന ഉമൈബാണ്റ്റെ പ്രണയലേഖനത്തിനും പാരായണക്ഷമതയുടെ സുഖമുണ്ട്‌. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഓര്‍മ്മകളിലേക്കുള്ള മടക്കയാത്ര(കാട്ടുകോഴികളുടെ സംക്രാന്തി) വ്യതിരിക്തമായ ഒരനുഭവത്തിണ്റ്റെ മറ നീക്കുന്നു. ഉണ്ണി.ആര്‍ സ്വവര്‍ഗ്ഗ പ്രേമികളെക്കുറിച്ചെഴുതുന്ന ലേഖനം സ്വവര്‍ഗ്ഗപ്രണയത്തിന്‌ നിയമസാധുത നല്‍കാനുള്ള ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പ്രസക്തമാണെന്ന്‌ പറയാം. മറ്റെല്ലാം ശരാശരി നിലവാരം പുലര്‍ത്തുന്നു.പോരാ, സുഭാഷ്‌ ചന്ദ്രനെഴുതുന്ന 'മനുഷ്യന്‌ ഒരാമുഖം' എന്ന നോവലിലെ കാമം എന്ന അദ്ധ്യായം കൂടി പ്രണയത്തോട്‌ ചേര്‍ത്ത്‌ വായിക്കാം.പുരുഷാര്‍ത്ഥങ്ങളെക്കുറിച്ച്‌ അദ്ദേഹം എഴുതുന്ന നോവലിണ്റ്റെ ഒരദ്ധ്യായമാണിതെന്ന്‌ സൂചിപ്പിച്ചിട്ടുണ്ട്‌.ഒരദ്ധ്യായം കൊണ്ട്‌ ഒരു നോവലാകുന്നില്ലല്ലോ. സുകുമാര്‍ അഴിക്കോടിണ്റ്റെ ആത്മകഥ കൂടി ചേര്‍ത്ത്‌ ആ കുറവും പരിഹരിച്ചിട്ടുണ്ട്‌,മാതൃഭൂമി. വ്യത്യസ്തമായ വായനക്ക്‌ വിഭവമൊരുക്കുന്നു, വി.ആര്‍. സുധീഷ്‌. സ്വയം പ്രകാശനം എന്ന ദോഷാരോപണം ഉണ്ടാകാമെങ്കിലും നമ്മുടെ അതി പ്രശസ്തരും പ്രഗല്‍ഭരുമായ നിരവധി സാഹിത്യകാരന്‍മാരുടേയും കലാകാരന്‍മാരുടേയും വ്യക്തി വൈശിഷ്ട്യങ്ങളിലേക്കും വിചിത്ര സ്വഭാവങ്ങളിലേക്കും വെളിച്ചം വീശുകയും കവചങ്ങളില്ലാതെ, കാപട്യമില്ലാതെ, സുതാര്യതയോടെ അവരെ അവതരിപ്പിക്കുകയും ചെയ്യുന്നു. തനിക്ക്‌ ലഭിച്ച നിരവധി കത്തുകളില്‍ നിന്ന്‌ ഓരോരരുത്തരുടേയും ജിവിതത്തെ സ്പര്‍ശിച്ചറിയുകയും അത്‌ ആര്‍ജവമുള്ള ഭാഷയില്‍ അവതരിപ്പിക്കുകയും ചെയ്യുന്നത്‌ കഥയെഴുത്തിനേക്കാളൊക്കെ ഭാരിച്ച പണിയാണ്‌.അതു പോലെ ടി.പി. രാജീവണ്റ്റെ പ്രണയശതകത്തിലുള്ള ഭൂരിഭാഗം കവിതകളും ഹൃദയഹാരിയായിരിക്കുന്നു. ചുരുക്കത്തില്‍ കഥകളെ ഉള്‍ക്കൊള്ളിക്കാതെ തന്നെ വായനയ്ക്ക്‌ പുതിയ വിഭവങ്ങളൊരുക്കിയിരിക്കുന്നു, മാതൃഭൂമി.

വയോവൃദ്ധയായ ദേവകി നിലയങ്ങോട്‌ ഗതകാലസ്മരണകള്‍ അയവിറക്കി സ്വന്തം ജീവിതം വരച്ചുകാട്ടാന്‍ തുടങ്ങിയതോടെയാണ്‌ ആത്മകഥക്ക്‌ പുനരുജ്ജീവനം ലഭിച്ചത്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ ആത്മകഥയായ കവിയുടെ കാല്‍പ്പാടുകള്‍, കെ.പി കേശവമേനോന്‍, ചെറുകാട്‌, വി.ടി.ഭട്ടതിരിപ്പാട്‌ തുടങ്ങി പലരുടേയും ആത്മകഥകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അത്‌ വായനക്കാര്‍ ഇത്രയും ആവേശത്തോടെ സ്വീകരിച്ചിട്ടില്ല.ഒരപവാദമായി പറയാവുന്നത്‌ തിക്കൊടിയണ്റ്റെ 'അരങ്ങു കാണാത്ത നടന്‍' എന്ന രചനയാണ്‌. അടുത്തകാലത്ത്‌ ഇറങ്ങിയ ജസ്റ്റീസ്‌ കെ.ടി.തോമസ്സിണ്റ്റെ ആത്മകഥയും മനോരമയുടെ മുഖ്യപത്രാധിപര്‍ കെ.എം.മാത്യുവിണ്റ്റെ 'എട്ടാമത്തെ മോതിരം' എന്ന ആത്മ കഥയും വായനക്കാര്‍ കൈ നീട്ടി സ്വീകരിക്കുകയുണ്ടായി.തുടര്‍ന്ന്‌, രാഷ്ട്രീയ നേതാക്കളായ ജനാര്‍ദ്ദനക്കുറുപ്പ്‌, വി.വിശ്വനാഥമേനോന്‍ തുടങ്ങിയവരുടെ ആത്മകഥകളും ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.പൂര്‍ണാ പബ്ളിക്കേഷന്‍സിണ്റ്റെ ഉടമസ്ഥനായ എന്‍. ഇ. ബാലകൃഷ്ണമാരാരുടെ 'കണ്ണീരിണ്റ്റെ മാധുര്യം', ബോംമ്പെ നാടക കൃത്തായിരുന്ന പരേതനായ പി.വി. കുര്യാക്കോസിണ്റ്റെ 'യാത്രക്കിടയില്‍ നിന്നൊരു മടക്ക യാത്ര', കലാകാരനും നടനുമായ കെ.ഡി.ചന്ദ്രണ്റ്റെ 'മധുരലഹരി' എന്ന ജീവിത കഥ മുതലായവ വായനക്കാരുടെ കൈകളിലെത്തുകയുണ്ടായി. ഇവയെ കൂടാതെ ആത്മകഥ എന്ന ആത്മരതിയിലേര്‍പ്പെടുന്ന ചില കലാകാരന്‍മാരും ആത്മകഥകള്‍ രചിച്ചിട്ടുണ്ട്‌. തന്നില്‍ നിന്ന്‌ മാറിനിന്ന്‌ സ്വയം വിലയിരുത്താനും ജീവിതാനുഭവങ്ങളെ സുതാര്യമായ രീതിയില്‍ വരും തലമുറകള്‍ക്ക്‌ മാര്‍ഗ്ഗദര്‍ശിയാകും വിധത്തില്‍ അവതരിപ്പിക്കാനും കഴിവുള്ളവരേ ആ സാഹസത്തിന്‌ മുതിരാവൂ.അല്ലെങ്കില്‍ തോട്ടം രാജശേഖരനും മറ്റും സര്‍വ്വീസ്‌ സ്റ്റോറി എഴുതിയതു പോലെ അപഹാസ്യമാവും. വി.കെ. കൃഷ്ണമേനോന്‍ ആത്മകഥകള്‍ എഴുതുന്നതിനോട്‌ യോജിച്ചിരുന്നില്ല. വിഡ്ഢികളാണ്‌ ആത്മകഥയെഴുതുന്നത്‌ എന്നദ്ദേഹം അഭിപ്രായപ്പെട്ടു.

ആത്മകഥകള്‍ കൂടാതെ സഞ്ചാരക്കുറിപ്പുകള്‍ക്കും പ്രിയം ഏറി വരുന്നതായി പ്രസാധകന്‍മാര്‍ പറയുന്നു. പണ്ട്‌ കാലത്ത്‌ റീഡേഴ്സ്‌ ഡൈജസ്റ്റും മറ്റ്‌ ചില മാധ്യമങ്ങളും ഉദാരമായി സഹായിച്ചതു കൊണ്ടാണ്‌ കറുത്ത അമേരിക്കക്കാരനായ അലക്സ്‌ ഹാലിക്ക്‌ ആഫ്രിക്കയില്‍ പോയി അടിമകളും, കൊല്ലന്‍മാരും സ്വാതന്ത്യ്രസമര പോരാളികളും ഉള്‍പ്പെടുന്ന ആറു തലമുറകളുടെ ജീവിതത്തിലൂടെ സഞ്ചരിച്ച്‌ പന്ത്രണ്ടുകൊല്ലത്തെ ഗവേഷണം നടത്തി തണ്റ്റെ വേരുകള്‍ തോണ്ടി എടുക്കാനായത്‌. അതിണ്റ്റെ ഫലമായാണ്‌ 'റൂട്സ്‌' എന്ന മനോഹര ഗ്രന്ഥം നമുക്ക്‌ ലഭിച്ചത്‌. അതു പോലെയല്ലെങ്കിലും മാതൃഭൂമിയുടെ സാമ്പത്തികസഹായം കൊണ്ടാണെന്ന്‌ പറയപ്പെടുന്നു,.സക്കറിയ ദക്ഷിണാഫ്രിക്കയില്‍ പോയി യാത്രാവിവരണം എഴുതിയത്‌.മാതൃഭൂമി തന്നെ പലരുടേയും യാത്രകള്‍ സ്പോണ്‍സര്‍ ചെയ്ത്‌ അവരെക്കൊണ്ട്‌ യാത്രാനുഭവങ്ങള്‍ എഴുതിച്ച്‌ അത്‌ പ്രസിദ്ധീകരിക്കാന്‍ 'യാത്ര' എന്നൊരു പ്രസിദ്ധീകരണവും ആരംഭിച്ചിട്ടുണ്ട്‌. അടുത്ത കാലത്ത്‌ വില്‍പനയില്‍ റെക്കോഡ്‌ സൃഷ്ടിച്ച എം.പി. വീരേന്ദ്രകുമാറിണ്റ്റെ 'ഹിമവല്‍ സാനുക്കളില്‍' എന്ന പുസ്തകം സഞ്ചാരസാഹിത്യം എന്നതു കൂടാതെ ഇന്ത്യയെ ആഴത്തില്‍ അറിയുന്നതിനും ഉപകരിക്കുന്നു. ആ പുസ്തകത്തിനാണ്‌ ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡ്‌ ലഭിച്ചത്‌. എം. പി .വീരേന്ദ്രകുമാറിണ്റ്റെ പുസ്തകത്തിന്‌ ലഭിച്ച പരസ്യ വിപണന സൌകര്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും ലഭിക്കുന്നത്‌ പ്രയാസമാണ്‌. പ്രശസ്തരായ പലരും അതിനെക്കുറിച്ച്‌ നിരൂപണങ്ങളും അഭിപ്രായങ്ങളും എഴുതുകയുണ്ടായി.ശ്രീ എം.കെ. രാമചന്ദ്രണ്റ്റെ ഹിമാലയ യാത്രയും രണ്ടോ മൂന്നോ ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. .ഈ പുസ്തകത്തിനും ധാരാളം വായനക്കാരുണ്ടന്നാണ്‌ അറിയുന്നത്‌. ഇങ്ങനെയൊക്കെയാണെങ്കിലും സഞ്ചാരസാഹിത്യത്തിണ്റ്റെ ഉപജ്ഞാതാവായ എസ്‌.കെ. പൊറ്റെക്കാട്ടു തന്നെയാണ്‌ ഇന്നും അഗ്രഗണ്യന്‍. അദ്ദേഹത്തെ കടത്തി വെട്ടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നാണ്‌ എണ്റ്റെ വിശ്വാസം.

വായനയിലെ അഭിരുചികള്‍ മാറുന്നത്‌ ആദ്യമായിട്ടല്ല. വായനക്കാര്‍ വിവേചന പൂര്‍വ്വം വേണ്ടതിനേയും വേണ്ടാത്തതിനേയും തിരിച്ചറിഞ്ഞിട്ടുണ്ട്‌. മൂന്നുകോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത്‌ പത്തോ ഇരുപതോ ആയിരം പേര്‍ ഒരു പുസ്തകംവാങ്ങി വായിച്ചതുകൊണ്ടു മാത്രം അതിനെ ഉല്‍ക്കൃഷ്ട കൃതിയെന്ന്‌ വാഴ്ത്താമോ? നോവലുകള്‍ക്കും തുടര്‍ക്കഥകള്‍ക്കും ചെറുകഥകള്‍ക്കും വേണ്ടി ആര്‍ത്തി പിടിച്ചിരുന്ന വായനക്കാര്‍ അവയെ കൈകൊണ്ട്‌ തൊടാതായതിന്‌ കുററക്കാര്‍ നളിനി ജമീലയോ ഡോക്ടര്‍ ജെസ്മിയോ അല്ല. നമ്മുടെ മുഖ്യധാരാ എഴുത്തുകാരാണ്‌. വായനക്കാരുടെ ഈ ചുവടുമാറ്റം ഇതിന്‌ മുമ്പും ഉണ്ടായിട്ടുണ്ട്‌. നമുക്ക്‌ അല്‍പം പുറകോട്ട്‌ പോകേണ്ടിയിരിക്കുന്നു. മുപ്പതുകളിലും നാല്‍പതുകളിലുമാണ്‌ നവോത്ഥാന കാഥികന്‍മാരായ തകഴിയും ദേവും കാരൂരും ബഷീറുമൊക്കെ സമൂഹത്തിലേയും കുടുംബത്തിലേയും നീറുന്ന പ്രശ്നങ്ങളെ പ്രമേയമാക്കി കഥകളും നോവലുകളും രചിച്ചത്‌. അവരുടെ കഥകളില്‍ വായനക്കാര്‍ സ്വന്തം ജീവിതാനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ്‌ കണ്ടത്‌. സമൂഹത്തിന്‌ നേരെ പിടിക്കുന്ന കണ്ണാടിയായിരിക്കണം സാഹിത്യം എന്ന വിശ്വാസം പരക്കെ അംഗീകരിക്കപ്പെട്ടു. അന്ന്‌ ദൃശ്യമാധ്യമങ്ങളും സീരിയലുകളും ഇല്ലാതിരുന്നതു കൊണ്ട്‌ ജനം മണ്ണെണ്ണ വിളക്കിണ്റ്റെ വെളിച്ചത്തില്‍, ഉറക്കമൊഴിച്ചിരുന്ന്‌ രണ്ടിടങ്ങഴിയും,ഓടയില്‍ നിന്നും, പാത്തുമ്മായുടെ ആടും, ഉമ്മാച്ചുവുമൊക്കെ വായിച്ചു. ഇവരുടെ ചെറുകഥകളില്‍ വായനക്കാര്‍ ജീവിതത്തിണ്റ്റെ ഒരു ഖണ്ഡം തന്നെ കണ്ടെത്തി. എന്നാല്‍ ഇതിന്‌ പുറകെ വന്ന എം.ടിയും, പത്മനാഭനും,മാധവിക്കുട്ടിയും രാജലക്ഷ്മിയും നന്തനാരും കോവിലനും അവരുടെ രചനകളില്‍ ജീവിതത്തിണ്റ്റെ തിളക്കമുള്ള ഒരു നിമിഷത്തെ ഊതിക്കത്തിച്ച്‌ പൊള്ളുന്ന ജ്വാലയാക്കി മാറ്റി.എം.ടി. ഒരിക്കല്‍ സൂചിപ്പിച്ചതു പോലെ വയറിണ്റ്റെ പ്രശ്നം ഏറെനാള്‍ കേട്ട വായനക്കാര്‍ക്ക്‌ മനസ്സിണ്റ്റെ അന്തര്‍ഗൃഹങ്ങളിലേക്കുള്ള യാത്ര ഒരു പുതിയ അനുഭവമായി മാറി.അവര്‍ സ്വന്തം മനസ്സിണ്റ്റെ ഇരുണ്ട ഗുഹകളും കിടങ്ങുകളും കണ്ടു പിടിച്ചു. ഒരു വലിയ വായനാ സമൂഹം അവരുടെ കൃതികളെ നെഞ്ചേറ്റി ലാളിച്ചു.കഥക്ക്‌ പുതിയൊരു ശില്‍പഘടനയും സൌന്ദര്യശാസ്ത്രവുമുണ്ടായി. അവരോടൊപ്പവും അവരെ തുടര്‍ന്നും ഒരു പറ്റം ഡെല്‍ഹി കഥാകൃത്തുക്കള്‍ കഥയ്ക്ക്‌ ആധുനിക പരിവേഷംകൊണ്ടു വന്നു. അവര്‍ക്ക്‌ മുമ്പേ നടന്നവരില്‍ നിന്ന്‌ തികച്ചും വ്യത്യസ്തമായ ജീവിതപരിസരങ്ങളും അനുഭവങ്ങളും പുതിയ വാങ്മയങ്ങളിലൂടെ ഈ കഥാകൃത്തുക്കള്‍ അവതരിപ്പിച്ചു. അവരില്‍ പ്രഖ്യാതരായവരെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.വിജയന്‍ കാക്കനാടന്‍, മുകുന്ദന്‍, എം.പി. നാരായണ പിള്ള തുടങ്ങിയവര്‍. ഇവരോടൊപ്പം എഴുതിയവരെങ്കിലും വിഭിന്നമായ പന്ഥാവിലൂടെയാണ്‌ സേതുവും സക്കറിയയും പുനത്തില്‍ കുഞ്ഞബ്ദുള്ളയും ചരിച്ചത്‌.ആനന്ദ്‌ കഥയുടേയോ നോവലിണ്റ്റേയോ രൂപഘടനയേക്കാളുപരി അനന്യമായ പ്രമേയങ്ങള്‍ തിരഞ്ഞെടുത്ത്‌ സ്വന്തമായ രീതിയില്‍ അവതരിപ്പിച്ച്‌ ഒറ്റയാനായി നിലകൊള്ളുന്നു. അതു പോലെ തന്നെ ഹാസ്യത്തിണ്റ്റെ മഹാമേരു പോലെ ഇന്നും ഉയര്‍ന്നു നില്‍ക്കുന്നു, വി.കെ.എന്‍. എഴുപതുകളിലും എണ്‍പതുകളിലും നല്ല കഥകളെഴുതിയ ടി.വി. കൊച്ചുബാവ, എന്‍.പ്രഭാകരന്‍, സി.വി.ബാലകൃഷ്ണന്‍, എം.സുകുമാരന്‍, എന്‍.എസ്‌ മാധവന്‍, വി.പി.ശിവകുമാര്‍, അശോകന്‍ ചെരുവില്‍ , അഷ്ടമൂര്‍ത്തി, സാറാ ജോസഫ്‌, ചന്ദ്രമതി, ഗ്രേസി തുടങ്ങിയവരേയും വായനക്കാര്‍ സ്വീകരിച്ചു.എന്നാല്‍ ഇവരോടൊപ്പം രചനയില്‍ മികവു കാണിച്ച അഷിത എന്ന കഥാകാരി തമസ്ക്കരിക്കപ്പെടുകയും കഥാരചനയില്‍ നിന്ന്‌ പിന്‍വാങ്ങുകയും ചെയ്തിരിക്കുന്നു.

ഏതാണ്ട്‌ ഇതേ കാലത്ത്‌ ബോംമ്പെയിലിരുന്ന്‌ കഥയെഴുതി പ്രശസ്തിയിലേക്കുയരുകയും അവരവരുടെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത കുറെ കഥാകൃത്തുക്കളുണ്ട്‌: പി.ഇ. ദിവാകരന്‍. മാനസി, പ്രഭാശങ്കര്‍, എം. ചന്ദ്രശേഖരന്‍, എം.ജി.രാധാകൃഷ്ണന്‍, എം. ഗോകുല്‍ ദാസ്‌, മേഘനാഥന്‍, ഗിരിജാവല്ലഭന്‍ തുടങ്ങിയവര്‍. സൃഷ്ടി കാമനയുള്ള പലരും ഇപ്പോഴും ഈ നഗരത്തിലുണ്ടെന്നുള്ളത്‌ നിസ്തര്‍ക്കമാണ്‌. നിര്‍ഭാഗ്യവശാല്‍ വായനക്കാരും ആനുകാലികങ്ങളും കഥയെ ഒഴിവാക്കാന്‍ തുടങ്ങുന്ന കാലത്താണ്‌ അവര്‍ എഴുത്തു തുടങ്ങിയത്‌. ആധുനിക സാഹിത്യകാരന്‍മാരുടെ കാലത്താണ്‌ വായനക്കാര്‍ കഥകളില്‍ നിന്ന്‌ അകന്നു പോയത്‌. കഥകളുടെ ക്ളിഷ്ടമായ രൂപഘടനയും ദുര്‍ഗ്രഹതയും വായനക്കാരെ അകറ്റിയ ഘടകങ്ങളായിരുന്നു.എങ്കിലും സാഹിത്യത്തെ ഗൌരവമായി സമീപിക്കുന്ന ഒരു കൂട്ടം വായനക്കാര്‍ അന്നും ഇന്നും ഇവരുടെ വിശ്വസ്തരായ വായനക്കാരായി തുടര്‍ന്നു.

പക്ഷേ നല്ലൊരു ഭാഗം ജനപ്രിയസാഹിത്യത്തിണ്റ്റെ പിന്നാലെ പോയി.അവര്‍ക്ക്‌ പുറകെ എത്തിയ ഉത്തരാധുനികര്‍ക്ക്‌ കഥയുടെ നഷ്ടപ്പെട്ട വായനക്കാരെ തിരിച്ചു പിടിക്കാനായില്ല. വാസ്തവത്തില്‍ കഥാശില്‍പ്പത്തിലും അതിനുപയോഗിക്കുന്ന ഭാഷയിലും അഴിച്ചു പണികള്‍ നടത്തി നവീകരിക്കാന്‍ ഉത്തരാധുനികര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രാപ്തി കൈ വരുന്നില്ല. ഉത്തരാധുനികരില്‍ വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിഞ്ഞിട്ടുള്ള കഥാകുത്തുക്കള്‍ എണ്ണത്തില്‍ കുറവല്ല. സന്തോഷ്‌ ഏച്ചിക്കാനം, കെ.ആര്‍ മീര,. കെ സുഭാഷ്ചന്ദ്രന്‍, സന്തോഷ്കുമാര്‍, സുസ്മേഷ്‌ ചന്ത്രോത്ത്‌, വി,ജെ ജയിംസ്‌, ബി.മുരളി, സിതാര, ഇന്ദുമേനോന്‍... തുടങ്ങിയവര്‍.കഥയുടെ വിലയിടിവിന്‌ അവരെ മാത്രം കുറ്റപ്പെടുത്താനാവില്ല.

പുതിയ തലമുറയുടെ കഥകളെക്കുറിച്ച്‌ കാര്യമായ പഠനങ്ങള്‍ നടക്കുന്നില്ല. അവരുടെ കഥാസമാഹാരങ്ങള്‍ക്ക്‌ നല്ലനിരൂപണം ഉണ്ടാകുന്നില്ല. പുസ്തക നിരൂപണം എന്നത്‌ കൈപ്പറ്റിയ കുറിപ്പുകളില്‍ പരിമിതപ്പെടുത്തുന്നു. ഇതൊക്കെ ഉത്തരാധുനിക കഥാകൃത്തുക്കളുടെ കടമ്പകളാണ്‌. പണ്ട്‌, എന്‍വിയും എംടിയും പത്രാധിപത്യം വഹിച്ചിരുന്ന കാലത്ത്‌ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പുസ്തക നിരൂപണത്തിന്‌ രണ്ടും മൂന്നും പേജുകള്‍ മാറ്റി വച്ചിരുന്നു. മാതൃഭൂമിയില്‍ കഥകള്‍ പ്രസിദ്ധീകരിക്കുന്നതും തണ്റ്റെ പുസ്തകത്തിണ്റ്റെ നിരൂപണം വരുന്നതും വലിയ അംഗീകാരവും അഭിമാനവുമായി എഴുത്തുകാര്‍ കരുതിയിരുന്നു. ഇന്ന്‌ അതിന്‌ പകരം വായനക്കാരുടെ കത്തുകള്‍ക്കാണ്‌ പ്രാധാന്യം കൊടുക്കുന്നത്‌. ഇതിനെ പ്രകീര്‍ത്തിച്ച്‌ ആനന്ദ്‌ എഴുതിയിരുന്നു. വായനക്കാരുടെ അഭിരുചികള്‍ മാറുന്നതിണ്റ്റെ സൂചികയാണ്‌ ഇതും. മലയാളത്തില്‍ നിരൂപണത്തിണ്റ്റെ ദാരിദ്യ്രാവസ്ഥയും പ്രകടമാണ്‌. ശക്തിയുള്ള നിരൂപണത്തിണ്റ്റെ പ്രയോക്താക്കളായ എം.എന്‍. വിജയനും കെ.പി .അപ്പനും അന്തര്‍ദ്ധാനം ചെയ്തതോടെ നിരൂപണരംഗത്ത്‌ ഒരു ശൂന്യത അനുഭവപ്പെടുന്നുണ്ട്‌.ഡോക്ടര്‍ എം.ലീലാവതി, കെ.പി.ശങ്കരന്‍, വി.രാജകൃഷ്ണന്‍, കെ.എസ്‌.രവികുമാര്‍ തുടങ്ങിയവരെ മറന്നുകൊണ്ടല്ല, ഞാന്‍ ഇങ്ങനെ പറയുന്നത്‌.അവരുടെ സംഭാവനകള്‍ തുലോം വിരളമായിരിക്കുന്നു എന്ന്‌ സൂചിപ്പിക്കാനാണ്‌. എം.കെ .ഹരികുമാര്‍, വിസി.ശ്രീജന്‍, സുനില്‍പി.ഇളയിടം, ബാലചന്ദ്രന്‍ വടക്കേടത്ത്‌ തുടങ്ങിയവരുടെ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്‌ എന്നതും വിസ്മരിക്കുന്നില്ല.വിവാദങ്ങള്‍ക്ക്‌ വഴിമരുന്നിട്ട്‌ തിരി കൊളുത്താന്‍ വി സി. ശ്രീജന്‍ ബഷീറിനെക്കുറിച്ച്‌ ഒരു ലേഖനമെഴുതിയെങ്കിലും എന്‍.എസ്‌.മാധവന്‍ പണ്ടേ ഒരു യാഗാശ്വത്തെ അഴിച്ചു വിട്ടിരുന്നതുകൊണ്ട്‌ ഇത്തവണ എതിര്‍പ്പുകളോ പ്രത്യാക്രമണങ്ങളോ ഇല്ലാതെ പോയി. നിരൂപണരംഗം ശാന്തമായി തുടരുന്നു. .

സ്വന്തം സൃഷ്ടികാമനയെ തൃപ്തിപ്പെടുത്താന്‍ സാങ്കേതികമായ ഒരു മാദ്ധ്യമം ഉപയോഗിക്കുന്നതിണ്റ്റെ നൂതന സാദ്ധ്യതകള്‍ കണ്ടെത്തിക്കൊണ്ടാണ്‌ ബ്ളോഗെഴുത്തുകാരുടെ അരങ്ങേറ്റം. മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ അമിത പ്രാധാന്യത്തോടെ പിന്‍തുണ നല്‍കുന്നുണ്ടെങ്കിലും അവര്‍ക്ക്‌ വിപുലമായ ഒരു വായനാസമൂഹമുണ്ടെന്ന്‌ തോന്നുന്നില്ല. മലയാളം വായിക്കുന്ന കേരളജനതയില്‍ കംപ്യൂട്ടറും ഇണ്റ്റര്‍നെറ്റ്‌ സൌകര്യങ്ങളുമുള്ളവര്‍ എത്ര ശതമാനം ഉണ്ടാവും. വിദഗ്ദ്ധനായ ഒരു പത്രാധിപരുടെ എഡിറ്റിങ്ങിന്‌ വിധേയമാവാത്ത സൃഷടികള്‍ക്ക്‌ അതിണ്റ്റേതായ വൈകല്യങ്ങള്‍ ഉണ്ടാവാതെ വയ്യ. ആര്‍ക്കും എന്തും എഴുതി നിറയ്ക്കാനുള്ള സ്വാതന്ത്യ്രം ബ്ളോഗുകളിലുള്ളത്‌ നല്ല സൃഷ്ടികള്‍ ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ കാരണമായിക്കൂടെന്നില്ല. എന്തായാലും വായനയുടെ മാറി വരുന്ന അഭിരുചികളില്‍ ബ്ളോഗുകളും ഉള്‍പ്പെടുന്നു എന്നുള്ളത്‌ നിഷേധിക്കാനാവില്ല.അല്‍പം അത്യുക്തി കലര്‍ത്തി പറഞ്ഞാല്‍ കേരളത്തിലെ ഓരോ വീട്ടിലും ഒരെഴുത്തുകാരന്‍ അല്ലെങ്കില്‍ പാട്ടുകാരനുണ്ട്‌.സംഗീതത്തില്‍ സംഭവിക്കുന്നതുപോലെ വായനയുടെ രീതികളും അഭിരുചികളും സാങ്കേതിക വളര്‍ച്ചക്കൊപ്പം സമൂലമായ പരിവര്‍ത്തനത്തിന്‌ വിധേയമായേക്കാം.

മുംബയ്‌ സാഹിത്യ വേദിക്ക്‌ 42 വയസ്സ്‌

|2 comments

മുംബയിലെ എഴുത്തുകാരുടേയും സാഹിത്യ ആസ്വാദകരുടേയും സംഗമവേദിയായ "സാഹിത്യവേദി മുംബൈയുടെ 42 - മത്‌ വാര്‍ഷികാഘോഷം ഒക്ടോബര്‍ 4 - നു ശ്രീ സി. എന്‍. എന്‍. നായരുടെ അദ്ധ്യക്ഷതയില്‍ മാട്ടുംഗാ കേരളീയ സമാജം ഹാളില്‍ നടന്നു.നോവലിസ്റ്റ് ബാലകൃഷ്ണന്‍ പ്രബന്ധം അവതരിപ്പിക്കുന്നു ..വിഷയം "വായനയുടെ മാറി വരുന്ന അഭിരുചികള്‍"..സമീപം ഡോക്ടര്‍ സീ എന്‍ എന്‍ നായര്‍ , ചേപ്പാട് സോമനാതന്‍ ... സദസ്സ്‌ (ചുവടെ)(ചിത്രങ്ങള്‍ക്ക്‌ കടപ്പാട്‌: മുരളീദാസ്‌ പെരളശ്ശേരി, വൈറ്റ്‌ ലൈന്‍ ജേര്‍ണ്ണല്‍, റിപ്പോര്‍ട്ടര്‍. )
തുടര്‍ന്നുള്ള പ്രതിമാസ സാഹിത്യ ചര്‍ച്ചയില്‍ മുംബൈയിലെ മുതിര്‍ന്ന എഴുത്തുകാരനും നോവലിസ്റ്റുമായ ശ്രീ ബാലകൃഷ്ണന്‍ "വായനയുടെ മാറിവരുന്ന അഭിരുചികള്‍"എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. എഴുത്തിലും വായനയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ പ്രവണതകളേയും കേരളാ സര്‍വ്വകലാശാലയുടെ പാഠപുസ്തക വിവാദം ഉണ്ടാക്കിയ സമകാലിക ചര്‍ച്ചകളേയും പരാമര്‍ശിക്കുന്ന ലേഖനം ചെറുകഥ, നിരൂപണം, ആത്മകഥാ സാഹിത്യം തുടങ്ങിയ സാഹിത്യ ശാഖകളേയും വായനക്കാരുടെ മാറിവരുന്ന അഭിരുചികളേയും ഭംഗ്യന്തരേണ പ്രതിപാദിച്ചു. തുടര്‍ന്നുള്ള ചര്‍ച്ച ശ്രീ ഈ. ഐ. എസ്സ്‌. തിലകന്‍ ഉല്‍ഘാടനം ചെയ്തു. ഡോ വേണുഗോപാല്‍, സി. വി. ശശീന്ദ്രന്‍, എന്‍. കെ. എന്‍. ചെമ്മനാട്‌, എം. കെ. പുഷ്പാംഗദന്‍, കെ. രാജന്‍, സന്തോഷ്‌ പല്ലശ്ശന, സി. പി. കൃഷ്ണകുമാര്‍, എസ്‌. ഹരിലാല്‍, ദേവന്‍ തറപ്പില്‍, ജീ. ആര്‍. കവിയൂറ്‍, എസ്‌. രാജശേഖരന്‍ നായര്‍, സിബിച്ചന്‍ നെടുമുടി, ചേപ്പാട്‌ സോമനാദന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്‌ സംസാരിച്ചു.


മറുനാട്ടിലെന്നല്ല കേരളത്തിലും ഇതുവരെയുണ്ടായിട്ടുള്ള സാഹിത്യ സംഘടനകളില്‍ നിന്നൊക്കെ വ്യത്യസ്തമായ "സാഹിത്യ വേദി" അതിന്‍റേ ചരിത്ര ഗരിമയ്ക്ക്‌ ഒരു വയസ്സുകൂടി കൂട്ടിച്ചേര്‍ത്തു. വളരെ ഹൃദ്യമായ സായാഹ്നത്തില്‍ അവിടെ എത്തിയ അക്ഷര സ്നേഹികള്‍ക്ക്‌ വേദിയുടെ കണ്‍വീനറായ ചേപ്പാട്‌ സോമനാദന്‍ നന്ദി പ്രകാശിപ്പിച്ചു.
------സാഹിത്യ വേദിക്കുവേണ്ടി സന്തോഷ്‌ പല്ലശ്ശന

Followers