രഘുവരന് ബ്രഷുമായ് മുറിയുടെ പുറത്തിറങ്ങി.
ഒന്നാം നിലയുടെ കൈവരികളില്‍ ചാരി നിന്ന് താഴേക്കു നോക്കി. താഴെ ഉണരുവാന്‍ തുടങ്ങുന്ന തെരുവ്. അവിടെ നിരന്നുകിടക്കുന്ന തലേ ദിവസത്തെ കച്ചവടച്ചൂരിന്റേയും, പുകവലിയുടെയും, പാന്‍ മസാലയുടെയും, ഭാഗ്യം തുണയ്ക്കാതെ പോയ ഒറ്റനമ്പര്‍ ലോട്ടറികളുടേയും, പൊരികടലയുടെയും അവശിഷ്ടങ്ങള്‍ . വിശപ്പിന്റെയും ചൂരിന്റെയും ഉഷ്ണത്തിന്റെയും ചില ബാക്കിപത്രങ്ങള്‍. കുനിഞ്ഞുനിന്ന് അടഞ്ഞുകിടക്കുന്ന കടകളുടെ ഉമ്മറപ്പടികള്‍ ചൂലുകൊണ്ട് വ്യത്തിയാക്കുകയായിരുന്നു അവള്‍. ഒരു പാവാടക്കാരി. കാക്കകള്‍ ഉറക്കമകറ്റുവാന്‍ കലപില തുടങ്ങി. അവ കൈവരികളില്‍ കാഷ്ടിക്കുവാന്‍ ഇരുന്നു.
രഘുവരന്റെ കണ്ണുകള്‍ പാവാടക്കാരിയില്‍ ഉടക്കി. അടുത്താരുമില്ല എന്നുറച്ചുകൊണ്ട് അയാള്‍ ഒന്നു ചുമച്ചു. പെണ്‍കുട്ടി മുകളിലേക്ക് ഒന്നു പാളി നോക്കി. വീണ്ടും കുനിഞ്ഞുനിന്ന് ജോലി തുടര്‍ന്നു. അവള്‍ ചപ്പുചവറുകള്‍ ചൂലുകൊണ്ട് അടിച്ചു കൂട്ടി. പിന്നെ വാരി ചവറ്റുകുട്ടയിലിട്ടു.
രഘുവരന്‍ ഇതിനുള്ളില്‍ പല്ലുതേയ്പ് മതിയാക്കി, മുറിയില്‍ ചെന്ന് സ്വയംഭോഗം ആരംഭിച്ചു . പുറത്തുവന്ന് ആരും ശ്രദ്ധിക്കാത്ത കോണില്‍ പതുങ്ങിനിന്ന് അവളെ നോക്കിനിന്ന് ആ പ്രവര്‍ത്തി തുടര്‍ന്നു.
പെണ്‍കുട്ടി ചൂലുമായി ദൂരേയ്ക്ക് നീങ്ങിയപ്പോഴേക്കും രഘുവരന്‍ ക്ഷീണിച്ചിരുന്നു. അന്നേരമാണ് അയാള്‍ അല്പമകലെ തൂണില്‍ ചാരിനിന്ന റൂംബോയിയെ കണ്ടത്. 'ബോയ്' എന്നതു സ്ഥാനപ്പേരു മാത്രം. പ്രായം അമ്പതിലധികം വരുന്ന ഒരാള്‍. കുള്ളന്‍. പഴയ ഒരു കാക്കി നിക്കറിട്ട് കൈലിയും പുതച്ചു പ്രതിമ കണക്കെ നില്‍ക്കുന്നു. ഇയ്യാള്‍ മുഴുവന്‍ സമയവും ഇവിടെത്തന്നെ നില്‍ക്കുകയായിരുന്നോ ? രഘുവരന്‍ സംശയിച്ചു. അയാള്‍ മുറിയില്‍ പോയി കുളിക്കുവാന്‍ തുടങ്ങി. അപ്പൊഴേക്കും പൈപ്പില്‍ ചൂടുവെള്ളം എത്തുവാന്‍ തുടങ്ങിയിരുന്നു.
അന്നു ചെയ്യേണ്ട ജോലികള്‍ അയാള്‍ മനസ്സില്‍ ഒരുവട്ടം ഓര്‍ത്തു. വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക എടുത്തു വച്ചു. മടക്കയാത്രയ്ക്ക് ടിക്കറ്റു ശരിയാക്കണം. പിന്നെ മറ്റൊരു പ്രധാന കാര്യം, നാരായണനെ കണ്ടു പിടിക്കണം എന്നുള്ളതാണ്. ഇത്തവണ എന്തായാലും കാണാതെ പോകരുത്. സമയം കിട്ടിയാല്‍ ലോക്കല്‍ ടൂറും. കഴിഞ്ഞ തവണ വിശ്വേശരയ്യ ശാസ്ത്ര സാങ്കേതിക മ്യൂസിയം മുഴുവന്‍ ശരിക്കു കാണുവാന്‍ കഴിഞ്ഞില്ല . ഒരു മുഴുവന്‍ ദിവസം അതിനുതന്നെ വേണം. 100 വര്‍ഷം മുന്‍പുള്ള വണ്ടിയും എങ്ങോട്ടെറിഞ്ഞാലും കറങ്ങിത്തിരിഞ്ഞ് ഒരേ സ്ഥലത്തു വന്നു വീഴുന്ന പന്തുമെല്ലാം ഒരിക്കല്‍ കൂടി കാണണം.
വസ്ത്രം ധരിച്ചുകൊണ്ടിരിക്കുമ്പോള്‍ രത്തിനവേല്‍ -അതായിരുന്നു റൂം ബോയിയുടെ നാമധേയം- വന്നു വാതിലില്‍ തട്ടി.
'' സര്‍ , ടീ വേണമാ ? ''
വേണ്ട എന്ന് അംഗ്യം കാട്ടി.
നാരായണന്‍ പണ്ടെങ്ങൊ നല്‍കിയിരുന്ന മേല്‍വിലാസം മാറിയിട്ടുണ്ടാവുമൊ എന്ന സന്ദേഹവും അയാള്‍ക്ക് ഇല്ലാതിരുന്നില്ല. അവന്റെ ഒരു ഫോണ്‍നമ്പര്‍ പൊലും കയ്യില്‍ ഇല്ല. വര്‍ഷം രണ്ടിലേറെയായി നാരായണനെ രഘുവരന്‍ കണ്ടിട്ട്. ഉത്‌സവത്തലേന്ന് ഒരു കുപ്പി മദ്യവുമായി അവനെത്തും. കുറേ കഥകളും പറഞ്ഞ് മേളക്കൊഴുപ്പില്‍ പൂത്തുലഞ്ഞ് നില്‍ക്കും. പൊടുന്നനെ ഒരുദിവസം അവന്‍ തിരിച്ചു പോകും. പുതിയ കഥകളുമായി വീണ്ടും വരുവാനായി.. ജോലി കിട്ടി, ജോലിയുടെ ആവിശ്യങ്ങള്‍ക്കായി ഈ നഗരത്തില്‍ ആദ്യം എത്തിയപ്പോള്‍ അവന്‍ തന്ന ചില വിവരണങ്ങള്‍ സഹായമായിരുന്നു. നഗരത്തിലെ പല കണ്ടെത്തലുകള്‍ക്കും നാരായണന്റെ കഥാപാത്രങ്ങളുമായി സാമ്യം
കല്‍പ്പിച്ചു. കുറേ കാലമായി നാരായണന്‍ നാട്ടിലെത്തിയിട്ട്. ഒരു വേണ്ടാവേലയുടെ ഫലമായി നാട്ടുകാര്‍ തുരത്തി എന്നും പറയാം . ഇത്തവണ എങ്ങിനെയും അവനെ കണ്ടുപിടിക്കണമെന്ന് രഘുവരന്‍ ഉറച്ചു.
ഷൂസ് ധരിക്കുമ്പോള്‍ വീണ്ടും ആരോ കതകില്‍ മുട്ടുന്നു. രത്തിനവേല്‍ !
''സര്‍.....ശര്‍ട്ട് അയണ്‍ പണ്ണവേണമാ ? '' രഘുവരന് ദേഷ്യം വന്നു.
''എന്തേലും വേണേല് ഞാന്‍ അങ്ങട്ട് പറയും. ''
മുഖം കോട്ടി വര്‍ത്തമാനം പറയുമ്പോള്‍ തനിക്ക് ഒരു പുതിയ ഭാവം വരുമെന്ന് ആയിടയ്ക്കാണ് അയാള്‍ കണ്ടെത്തിയത്. പിന്നീട് ദേഷ്യം വരുമ്പോള്‍ മുഖം കോട്ടി സംസാരിക്കുന്നത് ഒരു ശീലമാക്കാന്‍ ശ്രമിച്ചുതുടങ്ങി.
നഗരത്തിന് പല വര്‍ണ്ണങ്ങള്‍ വന്നുതുടങ്ങിയിരുന്നു. ഇളം വെയിലില്‍ പൊടിപടലങ്ങള്‍ തട്ടിച്ചിതറി. രഘുവരന്‍ പുറത്തേക്കിറങ്ങി. തണുപ്പു മാത്രം മടങ്ങുവാന്‍ മടിച്ചു നിന്നു. എത്ര പെട്ടന്നാണ് നഗരം വേഷം മാറി സുന്ദരിയായി മാറുന്നത് !
കടയിലെ ബഹളങ്ങള്‍ക്കിടയില്‍ രഘുവരന്‍ പ്രവേശിച്ചു. വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക ഏല്‍പ്പിച്ചു. കുറഞ്ഞത് ഒരു ദിവസമാകും എല്ലാം പൊതിഞ്ഞ് വണ്ടിയില്‍ കയറ്റുവാന്‍ പാകമാകാന്‍. ചിലപ്പോള്‍ രണ്ടു ദിനമാകാനും മതി. മാനേജര്‍ ഒരു ജ്യൂസ് വരുത്തി. അയാളുടെ നേരിയ ഉടുപ്പിനുള്ളില്‍ കുടവയറില്‍ ഒട്ടിക്കിടക്കുന്ന തടിയന്‍ മാലയിലെ പുലിനഖം വീണ്ടും നാരായണനെ ഓര്‍മ്മിപ്പിച്ചു.
നാരായണനെ എങ്ങിനെ കണ്ടെത്തും ?
മാനേജര്‍ അഡ്രസ്സില്‍ കണ്ണോടിച്ചു. അയാള്‍ ബസ്സിന്റെ നമ്പര്‍ പറഞ്ഞത് രഘുവരന്‍ കൈവെള്ളയില്‍ കുറിച്ചിട്ടു. ബസ്റ്റാന്‍ഡ് വരെ ഓട്ടൊ പിടിച്ചു. സിറ്റി ബസ്റ്റാന്‍ഡ് അങ്ങിനെ പരന്നു കിടക്കുന്നു. ഉറുമ്പുകള്‍ പോലെ മനുഷ്യര്‍ ബസ്സിനെ പൊതിയുന്നു.
ഒരു പരിചയവും ഇല്ലാത്ത ഭാഷ. ഇംഗ്‌ളീഷില്‍ ബോര്‍ഡ് എഴുതാറില്ല. നമ്പര്‍ നോക്കി തിരിച്ചറിയാം . കുറെ തിരഞ്ഞ ശേഷം ബസ്സ് കണ്ടെത്തി. അതിനുള്ളില്‍ വെളിയിലുള്ളതിലേറെ തിരക്ക്. രഘുവരന്‍ കിതച്ചു. കണ്ടക്ടര്‍ അനങ്ങാപ്പാറ പോലെ ഒരിടത്ത് നില്‍ക്കുന്നു. ടിക്കറ്റിനുള്ള പണം പല കൈകള്‍ കൈമാറി കണ്ടക്ടര്‍ക്ക് അടുക്കലെത്തും. ടിക്കറ്റ് അതേവഴി തിരികെ വരും. കുരുക്കുകള്‍ക്കിടയിലൂടെ മുക്കിയും മൂളിയും ഓടുന്ന ബസ്സ്. തിരക്കില്‍ വിയര്‍പ്പു നാറി. മനസ്സിലാകാത്ത ഭാഷയില്‍ പല തരം ഉത്തരവുകള്‍. ശകാരങ്ങള്‍......!
ബസ്സ് ഏറെനേരം ഓടി. നഗരം പിന്നില്‍ അലിയുവാന്‍ തുടങ്ങി. തിരക്കല്‍പ്പം കുറഞ്ഞു. ആരോടെങ്കിലും ഇനി ചോദിക്കണം, സ്ഥലമായൊ എന്ന്. അടുത്തിരിക്കുന്ന മുഖങ്ങളില്‍ തികഞ്ഞ ഗൗരവം. രഘുവരന്‍ എന്തെങ്കിലും ചോദിക്കുവാന്‍ ഭയന്നു.
നഗരത്തിന്റെ അങ്ങേയറ്റത്തുള്ള ഒരു ഗ്രാമം. വയലുകള്‍ അവിടെ നിന്നാണ് ആരംഭിക്കുന്നത്. പകിട്ടില്ലാത്ത നരച്ച അനവധി വീടുകള്‍. നാരായണന്റെ അഡ്രസ്സ് അയാള്‍ കൈയില്‍ മുറുകെ പിടച്ച് വണ്ടിയില്‍ നിന്ന് ഇറങ്ങി. ഒരു ഉന്തുവണ്ടിയില്‍ നിരത്തിയ പലഹാരങ്ങള്‍ കണ്ടപ്പൊള്‍ രഘുവരന് വായില്‍ വെള്ളമൂറി. വിശപ്പ് കണ്‍മിഴിച്ചു. കടലാസില്‍ എഴുതിയിരുന്ന വിലാസം നോക്കി വണ്ടിക്കാരന്‍ കണ്ണു മിഴിച്ചു.
''നനഗു ഗൊത്തില്‍റീ ''
ഇനി എന്തുചെയ്യും ?
അല്‍പ്പം നടന്നപ്പോള്‍ ഒരു കടയിലിരുന്ന് യേശുദാസ് മലയാളത്തില്‍ അയ്യപ്പഭക്തിഗാനം പാടുന്നു. ഏതായാലും ഭാഗ്യമായി.
വീണ്ടും കുറച്ചുകൂടി നടക്കേണ്ടിവന്നു , നാരായണന്റെ താവളം കണ്ടെത്തുവാന്‍. തെരുവില്‍ ധാരാളം നാരായണന്‍മാര്‍ ഉണ്ടായിരുന്നു. തനിക്കറിയാവുന്ന നാരായണന്റെ താവളത്തില്‍ തിരഞ്ഞെത്തിയതും രഘുവരന്‍ നിരാശനായി.
അവിടെ കൂനിക്കൂടിയിരുന്ന ആള്‍ ചോദിച്ചു- '' നാരാണന്റെ ആരാ ?''
''കൂട്ടുകാരനാ..''
''അവന്‍ ഇവിടെയില്ല. ഇനി രാത്രീലേ വരൂ...'' . വേണമെങ്കില്‍ അവിടെ കാത്തിരിക്കുവാന്‍ അയാള്‍ പറഞ്ഞു. പക്ഷെ എത്രനേരം കാത്തിരിക്കും ? ഒരുപക്ഷെ രാത്രി നാരായണന്‍ വന്നില്ലെങ്കിലൊ ?
രഘുവരന്‍ ഒരു കടലാസില്‍ തന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ എഴുതിക്കൊടുത്തു. നാരായണന്‍ വന്നാല്‍ അതില്‍ വിളിക്കുവാന്‍ പറയണം എന്നും പറഞ്ഞു.
'' എന്റെ പേര് ദാമോദരന്‍.. നാരാണന്റെ ഒരു അടുത്ത ആളാ. ഞാന്‍ അവന്‍ വന്നിട്ടേ പോകൂ..മോന്‍ വന്ന കാര്യം പറയാം. നമ്പരും കൊടുക്കാം..''
'' വളരെ ഉപകാരം. നാളെ ഉച്ചയോടെ ഞാന്‍ വരാം. അവന്‍ വരുമ്പോ, നാട്ടില്‍നിന്നും രഘുവരന്‍ എന്ന സുഹൃത്തു വന്നിരുന്നു എന്നു പറഞ്ഞാമതി. ഈ മൊബൈലില്‍ വിളിക്കാന്‍ പറയണം നാളെ ഉച്ചയോടെ ഇവിടെ തീര്‍ച്ചയായും ഉണ്ടാകണം എന്നും. ''
'' ഒക്കെ ഏറ്റു. '' രഘുവരന്‍ പോകുവാന്‍ തുടങ്ങിയപ്പൊ അയാള്‍ മെല്ലെ വിളിച്ചു. തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു- '' മോനെ...ഒന്നും തോന്നരുത്. അത്യാവിശ്യമാണ്. നൂറു രൂപ വേണം. നാളെ വരുമ്പോ തരാം. വിശ്വാസമില്ലേല് വേണ്ട കേട്ടൊ. ''
മനസ്സില്ലാമനസ്സോടെ നൂറുരൂപ കൊടുത്തു.
നഗരത്തിന്റെ ഹൃദയത്തില്‍ തിരികെ എത്തുമ്പോള്‍ സന്ധ്യ മയങ്ങിയിരുന്നു. വര്‍ണ്ണമിഴികള്‍ ചിമ്മിച്ചുകൊണ്ട് ബാറുകള്‍ പുഞ്ചിരി തൂകുന്നു. പകല്‍ നഷ്ടപ്പെട്ടതില്‍ രഘുവരന് നന്നെ നിരാശ തോന്നി. കുറഞ്ഞപക്ഷം നാരായണന്റെ വീട് കണ്ടുപിടിയ്ക്കാനായല്ലൊ എന്നു സമാധാനിച്ചു.
സന്ധ്യ നഷ്ടപ്പെടുത്തുവാന്‍ അയാള്‍ തീരെ തയ്യാറല്ലായിരുന്നു. ഒരു പബ്ബില്‍ കയറി വയര്‍ നിറയെ ബിയര്‍ കുടിച്ചു. ചിക്കണ്‍ മഞ്ചൂരി കഴിച്ചു. തല പെരുത്തപ്പൊള്‍ പുറത്തെ ജനപ്രവാഹത്തില്‍, ഒഴുക്കില്‍ ഒരു പൊങ്ങുതടിപോലെ നീങ്ങി.
കൊടുംതണുപ്പും കൊണ്ട് രാത്രിയെത്തി. രഘുവരന്‍ മുറിയില്‍ തിരികെ പ്രവേശിച്ചു. മുറിയില്‍ കൊതുകുതിരി ഇല്ല എന്ന കാര്യം അയാള്‍ വീണ്ടും വീണ്ടും മറന്നുകൊണ്ടിരുന്നു. ചോരക്കൊതിയന്മാര്‍ പറന്നു തിമിര്‍ക്കാന്‍ തുടങ്ങി. കുടിച്ചു തീര്‍ത്ത ബിയര്‍ മൂത്രമായി പോകുവാന്‍ തുടങ്ങി. ആ രാത്രിയെ രഘുവരന്‍ വെറുതെ സ്‌നേഹിക്കുവാന്‍ തുനിഞ്ഞു. നാട്ടിലെ തിരക്കുപിടിച്ച ജീവിതത്തേയും, ധൃതി പിടിച്ച ഉറക്കത്തേയും, ഉറക്കം മതിയാവാതെയുള്ള എഴുനേക്കലിനേയും അയാള്‍ മറക്കുവാന്‍ ശ്രമിച്ചു. കൈകള്‍ മാറത്ത് കെട്ടിയമര്‍ത്തി അയാള്‍ വെറുതെ ആഗ്രഹിച്ചു- ഇപ്പോള്‍ കൂട്ടിന് ഒരു ഇണ ഉണ്ടായിരുന്നെങ്കില്‍....
രാത്രി ഗാഢമാകുന്നതേയുള്ളു. നഗരങ്ങള്‍ അങ്ങിനെയാണ്. അവയ്ക്ക് എപ്പോഴും ഉറങ്ങുവാന്‍ മടിയാണ്. കതകില്‍ ആരോ മുട്ടുന്നു. അതോ തോന്നിയതാവുമൊ ? അല്ല. വീണ്ടും മുട്ടുന്നത് കേട്ടു. രഘുവരന് ചെറിയ ഭയം തോന്നി. അയാള്‍ വാച്ചിനായി പരതി. പിന്നെ ലൈറ്റിട്ടു. പതുക്കെ കതകു തുറന്നപ്പോള്‍ ഒന്നു ഞെട്ടി. ഒരു വലിയ സത്വം !
പുതച്ചുമൂടിയ രത്തിനവേല്‍! പുറകില്‍ ഇനിയും ഒരു രൂപം നില്‍പ്പുണ്ടെന്നും അത് ഒരു പെണ്ണാണ് എന്നും മനസ്സിലാക്കാന്‍ രഘുവരന്‍ അല്പം കൂടി സമയം എടുത്തു.
''സാര്‍.....നീങ്ക കാലേ പാത്തില്ലയാ..അന്ത പെണ്ണുതാനിത്....ഇന്നേക്ക് ഇന്ത റൂമുക്കുള്ളെ ഉന്‍ കൂടെ തങ്ങിടുവേന്‍...എല്ലാം ഞാന്‍ ശൊല്ലിയിരിക്ക്.'' രത്തിനവേല്‍ ഗൂഡമായ ചിരിയോടെ മന്ത്രിക്കുന്നപോല്‍ പറഞ്ഞു.
വീണ്ടും കുറച്ചുസമയമെടുത്തു രഘുവരന് സമചിത്തത കൈവരുവാന്‍. വിവാഹം വരെ ബ്രഹ്മചാരിയായി ഇരിക്കണം എന്ന ചിന്തയൊന്നും ഒരിക്കലുമില്ലാത്ത ആളാണ് രഘുവരന്‍. പലപ്പോഴും ഒരു സംഭോഗം ആഗ്രഹിച്ചിക്കുണ്ട്. പട്ടണത്തിലെ വഴിവക്കുകളില്‍ നില കൊള്ളുന്ന തെരുവു വേശ്യകളെ ആശയോടെ സൂക്ഷിച്ചു നോക്കാറുണ്ട്. ചിലപ്പോളൊക്കെ നോട്ടം മനസ്സിലായി അവര്‍ 'ഏന്‍ ബേക്കൂ...' എന്ന് ചോദിക്കുമ്പോള്‍
ഞെട്ടി, വെട്ടിത്തിരിഞ്ഞു നടന്നു കളയാറുമുണ്ട്. . പേരറിയാത്ത പല ഭയങ്ങള്‍ അയാളെ ഭരിച്ചിരുന്നു എന്നതാണ് സത്യം.
എന്തെങ്കിലും പറയുകയൊ, പ്രവര്‍ത്തിക്കുകയൊ ചെയ്യും മുന്‍പ് പെണ്‍കുട്ടി മുറിയില്‍ കടക്കുകയും കതവ് അടയുകയും ചെയ്തു. രഘുവരന്‍ ഒരിട്ടല്‍ കൂടി ഞെട്ടി. അയാള്‍ തിരിഞ്ഞ് കതക് തുറക്കുവാന്‍ ശ്രമിച്ചു. അതു പുറമെ നിന്നും പൂട്ടിയിരുന്നു.
'' അത് വെളിയില് ലോക്ക് പോട്ടിരിപ്പാര്..'' അവള്‍ പറഞ്ഞു.
'' എന്തിന് ? '' അയാള്‍ ഞെട്ടി.
''പോലീസ് വന്തിച്ചെന്നാല്‍ തൊന്തരവ് സാര്‍...ലോക്ക് പോട്ടിരുന്നാല്‍ അന്ത റൂം റെയിഡ് പണ്ണമാട്ടെ. അതുക്കാഹെ. അന്ത കിളവന്‍ കീഴെ കൗണ്ടര്‍ പക്കത്തില്‍ തൂങ്കിയിരുപ്പാര്. എല്ലാം മുടിഞ്ചതില്‍ പിറകെ കൗണ്ടറില്‍ ഫോണ്‍ പണ്ണിയാല്‍ പോതും സാര്‍. അവരു വന്തു തുറക്കും.''
രഘുവരന്റെ മുഖം ദേഷ്യം കൊണ്ട് കോടി. അയാള്‍ പൊടുന്നനെ ഫോണിന്റെ റിസീവര്‍ കൈയെത്തിയെടുത്തു. അവള്‍ ഉടന്‍ രഘുവരന്റെ കൈയില്‍ കയറി പിടിച്ചു.
'' എന്നാ സാര്‍ ? എതുക്ക്............ ? ''
രഘുവരന്റെ ലഹരി മുഴുവന്‍ ഇറങ്ങിയിരുന്നു. അയാള്‍ ഒന്നും മിണ്ടാതെ ഫോണ്‍ തിരികെ വച്ചു. അയാള്‍ക്ക് വല്ലാതെ ദാഹിച്ചു.
'' എന്താ നിന്റെ പേര് ?'' അയാള്‍ മുഖത്തു നോക്കാതെ ചോദിച്ചു.
'' മീന ''
കുറേ നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. സീല്‍ക്കാരത്തോടെ പറന്ന കൊതുകുകള്‍ ഒഴികെ. അയാള്‍ അവളുടെ മുഖത്ത് മെല്ലെ നോക്കി. അവള്‍ നിറം മങ്ങിയ ടെലിഫോണില്‍ മിഴികള്‍ നട്ട് വെറുതെ ഇരിക്കുകയായിരുന്നു. അവളുടെ മുഖത്ത് ചിക്കണ്‍പോക്‌സ് വന്നു മടങ്ങിയ പാടുകള്‍ തീരെ മങ്ങിവരുന്നുണ്ടായിരുന്നു എന്ന് അയാള്‍ അരണ്ട വെളിച്ചത്തില്‍ കണ്ടെത്തി.
വാച്ചിലെ കിളി മണി പന്ത്രണ്ട് എന്നു ചിലച്ചു. തന്റെ വിരലുകള്‍ അവളുടെ വിരലുകളില്‍ കോര്‍ക്കപ്പെട്ടിരിക്കുകയാണ് എന്ന് ഒരമ്പരപ്പോടെ അയാള്‍ അപ്പോള്‍ മനസ്സിലാക്കി.
'' എന്നേ ഇഷ്ടമായോ ? '' അങ്ങിനെയാണ് അയാളില്‍ നിന്നും ചോദ്യം പുറത്തു വന്നത്. അവള്‍ ഒന്നും മിണ്ടാതെ ചിരി അമര്‍ത്തി. ആ ചോദ്യം ഭയങ്കര വിഢിത്തമായി എന്ന് അയാള്‍ക്കു തോന്നി. ഒരുപക്ഷെ ഇനിയും അത്തരം വിഢിത്തങ്ങളെ അയാള്‍ ചോദിക്കുവാന്‍ തരമുള്ളൂ.
'' എന്താ നിന്റെ റേറ്റ് ?''
അവള്‍ തുക പറഞ്ഞു. രത്തിനവേലിന് കമ്മീഷന്‍ വേറെയും. അവള്‍ എന്തോ ഓര്‍ത്ത് വെറുതെ ചിരിച്ചു. എന്തിരിപ്പാണ് ഇത് എന്നാകും ആ ചിരിയുടെ പൊരുള്‍. നല്ല അഴകുള്ള ചിരി. രാവിലെ ആ പാതവക്കില്‍ ചൂലും പിടിച്ചു നിന്ന ആ പാവാടക്കാരിയൊ ഇത് ? രഘുവരന്‍ അതിശയിച്ചു.
അയാള്‍ വീണ്ടും ആലോചനയില്‍ മുഴുകി. മീന കോട്ടുവായ ഇട്ടു. അവള്‍ അയാളെ ചോദ്യഭാവത്തില്‍ നോക്കി. അയാള്‍ക്ക് പരിസരബോധം വന്നു.
''നീ ശാപ്പാട് കഴിച്ചതാണോ ? ''
''ആമാ സാര്‍..''
''വീട്ടില്‍ ആരൊക്കെയൊണ്ട് ?''
''എതുക്ക് സാര്‍ ഇതെല്ലാം കേക്കറെ ? '' അവള്‍ ചോദിച്ചു.
അയാള്‍ ഒന്നും മിണ്ടിയില്ല. അയാള്‍ അവളെ വീണ്ടും സൂക്ഷിച്ചു നോക്കി. അവള്‍ സുന്ദരിയാണ് എന്ന് രഘുവരന്‍ മനസ്സില്‍ ആവര്‍ത്തിച്ചു. ഒരിക്കലും തനിക്കില്ലാതെ പോയ ഒരു കാമുകി. തന്റെ മാത്രം കാമുകി!
''എന്താ സാര്‍...എന്നെ പുടിക്കില്ലയാ ? ''
അവന്‍ മെല്ലെ പറഞ്ഞു- ''നീ എന്റെ കാമുകിയാണ്...എന്റെ മാത്രം...''
അവള്‍ ആ പറഞ്ഞത് മനസ്സിലാകാതെ അയാളെ തുറിച്ചു നോക്കി.
സമയം മെല്ലെ ഇഴഞ്ഞു നീങ്ങുന്നു. തെരുവ് നായകള്‍ ഭരിക്കുവാന്‍ തുടങ്ങി. അവര്‍ കള്ളന്‍മാരെ ഗൗനിക്കാതെ ഇണകള്‍ക്കായി കടിപിടി കൂട്ടുകയായിരുന്നു.
''മീനാ...നാളെ എനിക്ക് ഒരു ഹെല്‍പ്പു ചെയ്യുമോ ? ''
അവള്‍ അമ്പരപ്പോടെ എന്ത് എന്നു ചോദിച്ചു.
'' നാളെ നീ എന്റെ കൂടെ കറങ്ങാന്‍ വരണം. വെറുതെ.....നഗരം ചുറ്റാന്‍... ചുറ്റി കണുവാന്‍... വരുമോ ? '' അവള്‍ക്ക് കാര്യം മനസ്സിലായില്ല. രഘുവരന്‍ അല്പം കൂടി കാര്യം വിവരിച്ചു. രണ്ടാളും കൂടി നാളെ ഭാര്യാഭര്‍ത്താക്കളെ പോലെ നഗരം ചുറ്റുന്നു.
' അതുക്ക് നമ്മള് അന്തമാതിരിയല്ലല്ലൊ ' :അവള്‍ പുലമ്പി.
'' സാരമില്ല. ഞാന്‍ ഈ രാത്രി നിന്നെ കല്യാണം കഴിക്കാം. ''
അവള്‍ ചിരിച്ചുകൊണ്ട് വാപൊത്തി.
'' ആനാല്‍ നാളെ നിറയെ വേലയിരിക്ക് സാര്‍....''
''അതെല്ലാം കഴിഞ്ഞിക്ക് മതി. ''
രഘുവരന്‍ ഒരു കഷണം നൂല് എടുത്ത് അവളുടെ കഴുത്തില്‍ കെട്ടി. അവള്‍ ചിരിച്ചുകൊണ്ടേയിരുന്നു. അയാള്‍ ഫോണ്‍ എടുത്ത് ഡയല്‍ ചെയ്യുവാന്‍ തുടങ്ങി. അവള്‍ക്ക് അതിശയമായി.
'' സാര്‍ ? അപ്പോ ഇന്നേക്കിനി ? ''
'' ഇന്നേക്കിനി ഒന്നുമില്ല പൊന്നെ.'' അവളെ അയാള്‍ ചുംബിച്ചു . അവള്‍ക്ക് മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു നാണം തോന്നി. അയാള്‍ പേഴ്‌സ് എടുത്തിട്ട് തുടര്‍ന്നു- ''ഇതാ നീ പറഞ്ഞ റേറ്റ്. നൂറുരൂപ കൂടുതല്‍ ഉണ്ട്. അത് നാളത്തേക്കുള്ള അഡ്വാന്‍സ് ആണ്. നാളെ ഒരു നല്ല ഡ്രസ്സ് ഇട്ട് വാ.''
രത്തിനവേല്‍ വന്ന് കതവു തുറന്നു. അവള്‍ തുണികൊണ്ട് തല മറച്ച് ഇറങ്ങി പോയി. കിളവന്‍ അഭിമാനപൂര്‍വ്വം കതകില്‍ ചാരി നിന്നു. കമ്മീഷന്‍ പണം കൈയില്‍ വച്ചു കൊടുത്തിട്ട് രഘുവരന്‍ കിളവനെ പുറത്തേക്ക് തള്ളി. അയാള്‍ വീഴാതിരിക്കാന്‍ നന്നെ പാടുപെട്ടു. രഘുവരന്‍ കതകടച്ചു. പിന്നീട് അയാള്‍ സ്വസ്ഥമായി ഉറങ്ങി.
പറഞ്ഞതുപോലെ അടുത്ത ദിവസം രാവിലെ മീന വന്നു. അത്ര നിറപ്പകിട്ട് ഉള്ള വസ്ത്രമായിരുന്നില്ല അവള്‍ ധരിച്ചിരുന്നത്. ചേരിനിവാസികള്‍ക്ക് അല്ലെങ്കില്‍ തന്നെ എന്തു നിറപ്പകിട്ട് ! വണ്ടികള്‍ നിരന്നുനില്‍ക്കുന്നിടം വരെ അവര്‍ യാതൊന്നും പരസ്പരം ഉരിയാടിയിരുന്നില്ല. അവിടെ എത്തിക്കഴിഞ്ഞപ്പോള്‍ അയാള്‍ തിരിഞ്ഞുനിന്ന് അവളെ നോക്കി. അവള്‍ അരിമണികള്‍ കൊത്തിപ്പെറുക്കുന്ന പ്രാവുംകൂട്ടത്തെ കൗതുകത്തോടെ നോക്കുകയായിരുന്നു. അയാള്‍ അവളോട് ചോദിച്ചു- '' എവിടെ പോകണം നമുക്ക് ? ''
'' എനിക്ക് തെരിയാത് ''
രഘുവരനും പ്രത്യേകിച്ച് ലക്ഷ്യമില്ല. ലക്ഷ്യമില്ലായ്മയുടെ സുഖം അയാള്‍ ആദ്യമായി അറിഞ്ഞു. അവര്‍ ഒരു ഓട്ടോയില്‍ കയറി. പണം കൊടുത്തു വാങ്ങിയ കാമുകിയെ അയാള്‍ മുട്ടിയുരുമി ഇരുന്നു. അവളുടെ കാതുകളില്‍ ചുണ്ടുകൊണ്ട് ഉരുമി ഇക്കിളിപ്പെടുത്തുവാന്‍ അയാള്‍ക്ക് തോന്നി.
പലരും അവളെ കൊതിച്ച് നോക്കുന്നുവൊ എന്ന് അയാള്‍ക്ക് പലപ്പോഴും സന്ദേഹം ഉളവായി .
കൃഷ്ണന്റെ ഒരു വലിയ ക്ഷേത്രം. അന്താരാഷ്ട്ര തലത്തിലുള്ള ഒരു ഫൗണ്ടേഷന്‍ വക. ഇരുവരും അവിടെ എത്തിച്ചേര്‍ന്നു. തോളില്‍ കയ്യിട്ട് നടക്കുമ്പോള്‍ വസ്ത്രങ്ങളുടെ പകിട്ടിന്റെ അന്തരം എടുത്തു കാണിക്കപ്പെടുന്നതായി തോന്നി. ചെരുപ്പു സൂക്ഷിക്കുന്നയാള്‍ അവളുടെ വില കുറഞ്ഞ, തേഞ്ഞ റബ്ബര്‍ചെരുപ്പും അയാളുടെ വില കൂടിയ കാന്‍വാസ് ഷൂസും തമ്മില്‍ താരാമ്മ്യപ്പെടുത്തുവാന്‍ തുനിഞ്ഞില്ല. ചെരുപ്പു സൂക്ഷിക്കുന്നയാള്‍ക്ക് അതിനൊക്കെ എവിടെ നേരം ?
ആ ക്ഷേത്രത്തില്‍ അവര്‍ തൊഴുതു. അവളുടെ കണ്ണില്‍ സൂര്യകാന്തിപ്പൂക്കള്‍ വിടരുവാന്‍ തുടങ്ങുകയായിരുന്നു. ഒരു കുട്ടിയെ പോലെ അവള്‍ അതിശയക്കാഴ്ചകള്‍ കാണുകയായിരുന്നു.
മീനയുടെ ചരിത്രമൊ, ചാരിത്രമോ ഒന്നും രഘുവരന്‍കൂടുതല്‍ അന്വേഷിച്ചില്ല. അതൊന്നും അത്ര സുഖമുള്ള കഥകളാവില്ല എന്ന് അയാള്‍ക്ക് ഊഹിക്കാമായിരുന്നു. അവളുമായി പൂര്‍ണ്ണമായും താദാത്മ്യം പ്രാപിക്കുവാന്‍ അയാള്‍ ആഗ്രഹിച്ചുകൊണ്ടിരുന്നു. പക്ഷെ മനസ്സിന്റെ ഏതോ കോണിലിരുന്നു ആരൊ ഓര്‍മ്മപ്പെടുത്തികൊണ്ടിരുന്നു- ഇവള്‍ വേശ്യ,..... ഇവള്‍ വേശ്യ.........
രഘുവരനില്‍ അത് അലോസരം ഉണ്ടാക്കാതിരുന്നില്ല. സമയം പോകും തോറും ആ അലോസരം ചെറുതായി വര്‍ദ്ധിച്ചു കൊണ്ടുമിരുന്നു.
ഹോട്ടലിലെ ക്യാബിനില്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തിട്ട് ഇരിക്കുമ്പോള്‍ അവളുടെ കണ്ണില്‍ നിന്നും പൊട്ടിയൊഴുകുന്ന കണ്ണീര്‍ച്ചാലുകള്‍ അയാള്‍ കണ്ടു. കാരണം അയാള്‍ ചോദിച്ചില്ല. പാവം പെണ്ണ്. സമൃദ്ധമായ, വിലയേറിയ ആ ഭക്ഷണം അവള്‍ക്ക് കഴിച്ചിറക്കുവാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. ജീവിതത്തില്‍ ആദ്യമായി ഉണ്ടായ വയറുഭാഗ്യം, സമൃദ്ധിയുടെ അന്ധാളിപ്പിനു മുന്നില്‍ തോറ്റുകാണും. കാഴ്ച മങ്ങിയ കുരുടി കണക്കെ ഭക്ഷണപാത്രങ്ങള്‍ക്കു മുന്നില്‍ അവള്‍ ഇരുന്നു.
'ഇതു മതിയാക്കാം' നട്ടുച്ചയ്ക്കും ഇരുട്ട് വീണുനിന്ന പാര്‍ക്കിലെ ബഞ്ചില്‍ ചാരിയിരുന്ന് രഘുവരന്‍ മനസ്സില്‍ നിനച്ചു. അടുത്ത ബഞ്ചുകളില്‍ പരിസരം മറന്ന് പുണര്‍ന്നും ചുംബിച്ചും മുലഞെട്ടുകളില്‍ മെല്ലെ തടവിയും ഇരിക്കുന്ന അനേകം കമിതാക്കളെ അയാള്‍ അന്ന് നോക്കിയതേയില്ല. പലരും തങ്ങളെ തന്നെ നോക്കുന്നു എന്ന് അയാള്‍ക്ക് വെറുതെ തോന്നി. തൊട്ടുരുമി അടുത്തു വഴങ്ങിയിരിക്കുന്ന പെണ്ണിനെ തൊടാനാവാതെ അയാളുടെ കൈകള്‍ കുഴഞ്ഞു. എത്ര ശ്രമിച്ചിട്ടും മീനയുടെ സത്യാവസ്ഥയെ കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നും രക്ഷ പെടുവാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നില്ല.
അയാള്‍ അവള്‍ക്ക് വര്‍ണ്ണപ്പകിട്ടുള്ള ഒരു ചുരീദാര്‍ വാങ്ങി നല്‍കി.
അതുകഴിഞ്ഞ് ഒരു ചെരിപ്പു വാങ്ങുവാന്‍ കടയില്‍ കയറാന്‍ ഒരുങ്ങവെ 'ഒരുപാടു നല്കി. ഇനി വേണ്ട' എന്നു പറഞ്ഞു അവള്‍ തടഞ്ഞു. ഇനിയും അവള്‍ കരഞ്ഞേക്കും എന്നു തോന്നി.
''തിരികെ ഒറ്റയ്ക്കു പോകുമോ ? '' അയാള്‍ ചോദിച്ചു. അവള്‍ തല കുലുക്കി. പണം എടുക്കുവാന്‍ പേഴ്‌സ് തുറക്കവെ, അവള്‍ വേണ്ട എന്നു തടഞ്ഞു.
''സര്‍, ഉങ്കള്‍ക്ക് നല്ലത് വരും. '' അവള്‍ പൊടുന്നനെ തിരിഞ്ഞ് നടന്നു. അവള്‍ ജനസമുദ്രത്തില്‍ ലയിച്ചു പോകുന്നത് രഘുവരന്‍ ചെറുവേദനയോടെ നോക്കി നിന്നു. അയാള്‍ക്ക് നന്നായി മദ്യപിക്കുവാന്‍ തോന്നി. ബാര്‍ തിരഞ്ഞപ്പോഴാണ് നാരായണനെ ഓര്‍മ്മ വന്നത്. അവനെ കാണണമെന്നും അവനോട് മീനയുടെ കഥ പറയണം എന്നും രഘുവരന്‍ ഉടന്‍ തീരുമാനമെടുത്തു.
ബസ്സില്‍ തലേദിവസത്തെ പോലെ തിരക്ക് ഇല്ലായിരുന്നു എങ്കിലും പാതയില്‍ നല്ല തിരക്ക് ആയിരുന്നു. ബസ്സ് മുക്കിയും മൂളിയും മുന്നേക്ക് നീങ്ങി. മദ്യപിക്കാതിരുന്നതില്‍ രഘുവരന്‍ വ്യസനിച്ചു. മുമ്പില്‍ സീറ്റിലിരുന്ന കമിതാക്കളെ കണ്ടപ്പോള്‍ അയാള്‍ക്ക് മീനയെ വീണ്ടും ഓര്‍മ്മ വന്നു. വഴിയരികിലെ സൂര്യകാന്തിപ്പൂക്കള്‍ കൂമ്പുവാന്‍ തുടങ്ങിയിരുന്നു.
തലേദിവസം യേശുദാസിന്റെ പാട്ട് ഉയര്‍ന്നുകേട്ട കടയില്‍ നിന്നും ഇന്ന് കേള്‍ക്കുന്നത് ഒരു തട്ടുപൊളിപ്പന്‍ ഹിന്ദി ഗാനം എന്ന് അയാള്‍ തിരിച്ചറിഞ്ഞു.
നാരായണനെ കണ്ടപ്പോള്‍ രഘുവരന്റെ പകുതി വിഷമം മാറി.
''എന്താ വിളിക്കാഞ്ഞത് ? ഇന്നലെ നമ്പര്‍ കൊടുത്തിരുന്നല്ലൊ ?
''നീ ഇന്നലെ വന്നിരുന്നോ ? ഞാന്‍ അറിഞ്ഞില്ല. ''
''അപ്പോള്‍ അയാള്‍ ഒന്നും പറഞ്ഞില്ലെ ? ദാമോദരേട്ടന്‍..? ''
''ദാമോദരേട്ടനോ ? അതാരാ ? എനിക്കറിയില്ലല്ലൊ! ''
രഘുവരന്‍ ഒന്നും മിണ്ടിയില്ല.
നാരായണന്‍ ആഗതന്റെ കൈകളില്‍ പിടിച്ചു. പരുക്കന്‍ കൈകള്‍. നാരായണന്‍ കൂടുതല്‍ കറുമ്പനായി എന്ന് രഘുവരന് തോന്നി. തലയിലെ മുടി ഏറെയും കൊഴിഞ്ഞിരിക്കുന്നു. വന്‍ കഷണ്ടി !
'' നീ ഇന്നലെ എവിടെ പോയി ? ''
''ങ്ഹാ. ജോലി സംബന്ധമായി. ''
''നിനക്കിപ്പോള്‍ എന്താ പണി ? '' രഘുവരന്‍ വീണ്ടും ചോദിച്ചു.
അതൊക്കെ പിന്നീട് പറയാം എന്നു പറഞ്ഞ് നാരായണന്‍ നാട്ടുവിശേഷങ്ങള്‍ ചോദിക്കുവാന്‍ തുടങ്ങി. മീനയെ കുറിച്ച പറയുവാന്‍ ഇടക്ക് പലവട്ടം രഘുവരന്‍ തുനിഞ്ഞതാണ്. പക്ഷെ പിന്നീട് വിശദമായിട്ടാകാം എന്നു മനസ്സില്‍ പറഞ്ഞ് അയാള്‍ മാറ്റിവച്ചു.
''നാളെ നീ ഫ്രീയാണോ ? '' നാരായണന്‍ ചോദിച്ചു.
'' വേണമെങ്കില്‍ ഫ്രീയാകാം.''
'' ശരി. നാളെ ഒരിടം വരെ പോകണം. നീയും കൂടെ വാ. ''
വിളിക്കുന്നത് സാക്ഷാല്‍ നാരായണനാണ്. എങ്ങോട്ട് എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. തീര്‍ച്ചയായും നല്ല സ്ഥലമാകും. നല്ല യാത്രയും. സംശയലേശമില്ല.
കൊട്ടാരത്തിന്റെ ഗര്‍ഭമുള്‍ക്കൊണ്ട നാരായണന്റെ ആ കുടിലില്‍ രഘുവരന് ലേശമല്ലാത്ത സുഖം തോന്നി. നാരായണന്‍ പുതിയ ചില പെണ്‍കഥകള്‍ പറഞ്ഞു. രാത്രിയ്ക്ക് ഇത്ര മാധുര്യമുണ്ടെന്ന് രഘുവരന്‍ അന്നേവരെ അറിഞ്ഞിരുന്നില്ല. വാറ്റുചാരായത്തില്‍ അയാളുടെ തല നഷ്ടപ്പെടുവാന്‍ തുടങ്ങി. നാരായണന്‍ അതുവരെ രഘുവരന്‍ കേട്ടിട്ടില്ലാത്ത താളത്തില്‍ വയലാറിന്റെ ഒരു കവിത ചൊല്ലുവാന്‍ തുടങ്ങി. കുടില്‍ മുഴുവന്‍ ഉരുകി അവര്‍ക്കിരുവര്‍ക്കും മീതെ ലയിച്ചിറങ്ങി.
രാത്രി സ്വപ്നത്തില്‍ മീന എത്തി. പുതിയ ചുരിദാര്‍ അണിഞ്ഞ അവളെ രഘുവരന്‍ ആദ്യം തിരിച്ചറിഞ്ഞില്ല. നടക്കാതിരുന്ന സംഭോഗം നടന്നു. അയാള്‍ക്ക് സ്വപ്ന സ്ഖലനം ഉണ്ടായി. കൈകള്‍ കൊണ്ട് കൈലി കൂട്ടിപിടിച്ച് അയാള്‍ ഞെട്ടി ഉണര്‍ന്നു. പരിസര ബോധം വന്നപ്പോള്‍ രഘുവരന്‍ അമ്പരന്നു- നാരായണന്‍ കിടക്കയില്‍ ഉണ്ടായിരുന്നില്ല !
രഘുവരന്‍ മൊബൈല്‍ ഫോണ്‍ എടുത്തുനോക്കി. മണി രണ്ടു കഴിഞ്ഞിരിക്കുന്നു. അയാള്‍ പായയില്‍ ഇരുന്നു. പുറത്ത് ആരൊ സംസാരിക്കുന്നുണ്ട് എന്ന് തോന്നി. അയാള്‍ മെല്ലെ എഴുനേറ്റ് ജാലകം തുറന്നു. ഇരുട്ടില്‍ നിന്നും കൂടു തുറന്നു വന്ന തണുപ്പ് മുറിയിലേക്ക് ഇരച്ചുകയറി.
വളരെ രാവിലെ തന്നെ അവര്‍ യാത്രയ്ക്ക് തയ്യാറായി.
ഇപ്പോഴും പ്രവര്‍ത്തന സജ്ജമായ ഒരു പഴയ ലാംബി സ്‌ക്കൂട്ടര്‍ മൂടല്‍മഞ്ഞിലേക്ക് കറുത്ത പുക തുപ്പിക്കൊണ്ട് സ്റ്റാര്‍ട്ടായി.
വഴി കുറെ കഴിഞ്ഞാണ് നാരായണന്‍ പദ്ധതി വെളിപ്പെടുത്തിയത്. ഒരു കഴുകനെ പിടിക്കണം. ആദ്യം രഘുവരന്‍ അമ്പരന്നു. കാഴ്ചബംഗ്‌ളാവിലെ കഴുകന്‍ ചത്തുപോയത്രെ.
''കുറച്ചു പണം അഡ്വാന്‍സ് വാങ്ങിയതാണ്. പിടിച്ചുകൊടുത്തേ പറ്റൂ...''
''അതെങ്ങനെ ? നീ ഇതിനു മുമ്പ് പിടിച്ചിട്ടുണ്ടൊ ? ''
''ഇല്ല. ആദ്യമായി പിടിക്കാന്‍ പോകുന്നു. ''
സ്‌കൂട്ടര്‍ വരണ്ട റോഡിലൂടെ ഓടിക്കൊണ്ടിരുന്നു. വഴിക്കിരുവശവും മുന്തിരിത്തോട്ടങ്ങളുടെ അസ്ഥിപഞ്ചരങ്ങള്‍. ഇടയ്ക്ക് ചെറു കോളനികളായി വീടുകളും.
'' എവിടെയാണ് കഴുകന്‍ ഒള്ളത് ? '' കൊച്ചു കുട്ടികളെ പോലെ രഘുവരന്‍ ചോദിച്ചു.
നാരായണന്‍ ഒന്നും മിണ്ടിയില്ല. ഇനി കുറച്ചുകൂടി മുന്നോട്ട് ചെല്ലുമ്പൊള്‍ കാടു തുടങ്ങുമെന്നും, കാട്ടില്‍ വന്‍മരങ്ങളുടെ മുകളില്‍ കഴുകന്‍മാര്‍ കൂടുകെട്ടി മുട്ട വിരിച്ച് താമസ്സമുണ്ടാകാം എന്നുമെല്ലാം അവന്റെ മനസ്സ് വെളുപ്പെടുത്തുവാന്‍ തുടങ്ങി.
കാട് പക്ഷെ ഒരിക്കലും കാണാന്‍ കഴിയില്ല, അത് ദൂരെ ദൂരെയെവിടെയൊ ആണ് എന്നും അയാള്‍ക്കു തോന്നി. സ്‌കൂട്ടറിന്റെ പെട്രോള്‍ തീരുമൊ എന്ന് രഘുവരന്‍ ഭയന്നു. തീര്‍ന്നാല്‍ ?
മുകളില്‍ ആകാശവും താഴെ വരണ്ട കുന്നുകളും മാത്രം. ഇടയ്ക്കിടെ ഒറ്റപ്പെട്ട മരങ്ങള്‍.
പലയിടങ്ങളിലും ഒറ്റപ്പെട്ട പക്ഷികള്‍ ചുറ്റിപ്പറക്കുന്നു. അത് പരുന്തുകള്‍ ആണ് എന്ന് നാരായണന്‍ പറഞ്ഞു.
'' എങ്ങനെ തിരിച്ചറിയാം ? '' രഘുവരന്‍ ചോദിച്ചു.
''കണ്ടാല്‍ അറിയാം.''
അവര്‍ ഒരു മരത്തണലില്‍ വിശ്രമിക്കാനിരുന്നു. സ്‌കൂട്ടറില്‍ പൊടിമണ്ണിന്റെ ചിത്രപണി കാണാമായിരുന്നു. രഘുവരന്‍ ഇന്നലത്തെ പകല്‍ ഓര്‍ത്തു. ദൂരെ കുറ്റിച്ചെടികളുടെ മറവില്‍ ആളനക്കം കണ്ടു. ഒരു ചെറിയ പെണ്‍കുട്ടി. മുട്ടോളം എത്തുന്ന ബഹുവര്‍ണ്ണ പാവാട. മുലകള്‍ വിടര്‍ന്നു മാത്രം തുടങ്ങിയ ദേഹത്ത് ഒട്ടിക്കിടന്ന പൊടി പുരണ്ട മേലാട. കയ്യില്‍ ഒരു കുപ്പി വെള്ളം മാത്രം. രഘുവരന്‍ കൗതുകത്തോടെ ആ പെണ്‍കുട്ടിയെ നോക്കി. അവള്‍ അവരെ കണ്ടു പരുങ്ങി വഴി മാറുവാന്‍ തുടങ്ങി.
നാരായണന്‍ മെല്ലെ സ്വയം എന്നവണ്ണം ചോദിച്ചു- '' ഇതെന്താ കാട്ടില്‍ ഒറ്റക്ക് ഒരു കിളി '' അവന്‍ മെല്ലെ എഴുനേറ്റുകൊണ്ടു തുടര്‍ന്നു- ''അവിടെ ലമ്പാടകള് തമ്പ് അടിച്ചിട്ടുണ്ട്. അക്കൂട്ടത്തിലൊള്ളതാണ്. തൂറാന്‍ വന്നതാവും. അങ്ങു പൊക്കിയാലൊ ?''
''പോട്ടെഡാ.. വിട്.. കൊച്ചു കൊച്ചാണ്..'' രഘുവരന്‍ പറഞ്ഞു.
''ഒന്നു മിണ്ടാതിരി.. നീ ഇവിടെ നിന്ന് ആരേലും വരുന്നോ എന്ന് നോക്ക്..ഞാന്‍ അവളെ ഒന്നു പൊക്കിനോക്കട്ടെ. ''
എല്ലാം വളരെ വേഗത്തിലായിരുന്നു. ഒരു പ്രാപ്പിടിയന്‍ കുരുവിയെ പോലെ നാരായണന്‍ ആ കൊച്ചു പെണ്‍കുട്ടിയെ റാഞ്ചിയുയര്‍ത്തി. രഘുവരന് നാരായണന്റെ പ്രവര്‍ത്തിയിലെ ഓരോരൊ രംഗങ്ങളെ വേര്‍തിരിച്ചെടുക്കുവാന്‍ കഴിഞ്ഞില്ല. ഒരു കയ്യ് കൊണ്ട് വായ പൊത്തി മറ്റെ കൈ കൊണ്ട് അവളെ ഉയര്‍ത്തി പിടിച്ചിരിക്കുന്നു. ഒരു മുയലിനെ സിംഹം പിടിക്കുന്നതു പോലെ. ആ പെണ്‍കുട്ടി നാരായണന്റെ ബലിഷ്ഠ കരങ്ങളില്‍ കിടന്നു പിടച്ചു. അയാള്‍ ഇരയുമായി കുറ്റിക്കാട്ടിലേക്ക് കയറിമറഞ്ഞു.
രഘുവരന്‍ വെറുതെ ആഗ്രഹിച്ചു. ആരെങ്കിലും ആവഴി ഒന്നു വന്നിരുന്നെങ്കില്‍ ! പക്ഷെ ആരും ആ വഴി പിന്നെ വന്നില്ല. കുറ്റിക്കാട്ടില്‍ നിന്ന് പലതരം ശബ്ദങ്ങള്‍ ഉയര്‍ന്നു. ഇരയുടെ നിസ്സഹായതയുടെ ശബ്ദങ്ങള്‍... നായാട്ടില്‍ ജയിച്ച വേടന്റെ ശബ്ദങ്ങള്‍...
ഒടുക്കം നാരായണന്‍ ഓടി വന്നു. ''ബാ... വേഗം വിടാം.'' വണ്ടി സ്റ്റാര്‍ട്ടാക്കി. രഘുവരന് തിരിഞ്ഞ് നോക്കുവാന്‍ തോന്നിയില്ല. അവിടെ പിന്നില്‍ കുറ്റിക്കാട്ടില്‍ നിന്ന് കരച്ചില്‍ കേള്‍ക്കുന്നുണ്ടൊ ?
രഘുവരന്‍ ശരിക്കും പരിക്ഷീണനായി. യാത്ര തുടര്‍ന്നപ്പോള്‍ ഇരുവരും ഉരിയാടിയില്ല. അന്തരീക്ഷം നന്നായി പഴുത്തു നിന്നിരുന്നു. പൊടുന്നനെ സ്‌കൂട്ടര്‍ നിന്നു. പെട്രോള്‍ തീര്‍ന്നുവൊ ? അല്ല, നാരായണന്‍ നിര്‍ത്തിയതാണ്.
'' അതാ .. കണ്ടോ....അത് കഴുകനാണ്. '' നാരായണന്‍ പറഞ്ഞു. രഘുവരന്റെ തലയുടെ ഉള്ളില്‍ പിന്നില്‍ വിട്ടെറിഞ്ഞുവന്ന ഒരു നേര്‍ത്ത കരച്ചില്‍ മാത്രമായിരുന്നു. ഭീതിയില്‍ പൊതിഞ്ഞ, ചേറില്‍ പുരണ്ട രോദനം.
ദൂരെ ആകാശത്തിന്റെ അങ്ങെ കരയില്‍ ചില പക്ഷികള്‍ വട്ടമിട്ട് പറക്കുന്നു. അതെല്ലാം കഴുകന്‍മാര്‍ ആണൊ ? തലയില്‍ പൂടയില്ലാത്ത വളഞ്ഞ കൊക്കുകള്‍ ഉള്ള പക്ഷികള്‍ ? അയാള്‍ സംശയിച്ചു.
''എവിടെയെങ്കിലും എന്തെങ്കിലും ചത്തുകിടക്കുന്നുണ്ടാവും.''- നാരായണന്റെ ആത്മഗതം.
കാറ്റില്‍ ചീഞ്ഞ മാംസത്തിന്റെ ഗന്ധമുണ്ടൊ ? ഉണ്ടെന്നു തോന്നി രഘുവരന്.
പിന്നില്‍ നിന്നും കരച്ചില്‍ പിന്‍തുടരുന്നുവൊ ? അയാള്‍ മടിയോടെ തിരിഞ്ഞു നോക്കി. അവര്‍ കുന്നിന്റെ മറുപുറത്ത് എത്തിയിരുന്നു. അവിടെ വന്‍ മരങ്ങള്‍ നിരന്നു നില്‍ക്കുന്നത് കണ്ടു.
കാറ്റില്‍ മാംസത്തിന്റെ ഗന്ധം കൂടി വരുന്നു. രഘുവരന് എന്തോ ഭയം അനുഭവപ്പെടാന്‍ തുടങ്ങി. ഒരു വലിയ ചുടുകാട്ടിലാണ് നില്‍ക്കുന്നത് എന്ന തോന്നല്‍ മനസ്സില്‍ തികട്ടുവാന്‍ തുടങ്ങി.
ഒരു വലിയ വൃക്ഷത്തിന്റെ ചുവട്ടില്‍ നാരായണന്‍ നിന്നു. അല്പനേരം അയാള്‍ മുകളിലേക്ക് നോക്കി നിന്നു. പിന്നെ ഒരു തികഞ്ഞ അഭ്യാസിയെ പോലെ അതില്‍ പിടിച്ചു കയറുവാന്‍ തുടങ്ങി. ഒരു ദൃഢഗാത്രയായ സ്ത്രീയില്‍ പടര്‍ന്നു കയറുന്നതു പോലെ.
അയാള്‍ മരത്തിന്റെ മുകളില്‍ ഇലപ്പടര്‍പ്പുകളില്‍ മറഞ്ഞു. സമയം നീങ്ങികൊണ്ടിരുന്നു. രഘുവരന് നന്നെ വിശക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും ഭക്ഷണം കിട്ടിയിരുന്നെങ്കില്‍ എന്ന് അയാള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു.
അപ്പോള്‍ ഒരു വലിയ പക്ഷി മാനത്തുനിന്ന് ആ മരത്തിലേക്ക് പറന്നിറങ്ങി. അതാവും മാംസതീനിപ്പക്ഷി !
നാരായണന്‍ എവിടെ ? രഘുവരന്‍ മരത്തിന്റെ ഔന്നത്യത്തിലേക്ക് കണ്ണുകള്‍ പായിച്ചു. ശബ്ദമുണ്ടാക്കി വിളിച്ചാലൊ ? വേണ്ട. കഴുകന്‍ പറന്നു കളയും. പക്ഷെ സമയം പിന്നെയും മുന്നോട്ടാഞ്ഞപ്പൊള്‍ രഘുവരന് വിളിക്കാതിരിക്കുവാന്‍ കഴിഞ്ഞില്ല. അയാള്‍ മുകളിലെ ഇലച്ചിലുകളില്‍ മിഴികള്‍ നട്ട് ഉറച്ചു വിളിച്ചു-
'' നാരായണാ..........''
മറുപടിയായി ഒരു വലിയ തൂവല്‍ മാത്രം മുകളില്‍ നിന്നും പറന്നിറങ്ങി. കാറ്റിന്റെ താളത്തിനൊത്ത് നൃത്തം ചെയ്തുകൊണ്ട്.
അല്പം ദൂരെ നിന്നും ഒരു സ്ത്രീശബ്ദം. രഘുവരന്‍ അങ്ങോട്ടേക്ക് മെല്ലെ നീങ്ങി. ഒരു സാധുയുവതി ചുള്ളിക്കമ്പുകള്‍ പെറുക്കി കെട്ടുകയാണ്. അവിടെ എവിടെയും മറ്റാരുമില്ലെ ? അയാള്‍ ചുറ്റും നോക്കി. മറ്റാരെയും കണ്ടില്ല.
രഘുവരന്‍ മരങ്ങളിലേക്ക് നോക്കി. ഏതു മരത്തിലാണ് നാരായണന്‍ കയറിയത്. പല മരങ്ങളും ഒരുപോലെ ! യുവതി രഘുവരനെ നോക്കിയിട്ട് ഒന്നും അറിയാത്ത മട്ടില്‍ തന്റെ ജോലി തുടരുകയായിരുന്നു. അവള്‍ കുനിഞ്ഞുനിന്ന് കാട്ടുവള്ളികൊണ്ട് പെറുക്കിവച്ച ചുള്ളിവിറകുകള്‍ കെട്ടുകയായിരുന്നു. മരത്തില്‍ നിന്ന് ചാടിയിറങ്ങിയെത്തുന്ന ഒരു കഴുകന് ഇരയാകുവാനുള്ള നിയോഗം പേറി വനത്തില്‍ ഒറ്റപ്പെട്ട്!
പെട്ടന്ന് ഉണ്ടായ തോന്നലില്‍ അയാള്‍ അവളോട് ''പോ.. ദൂരെ പോ...'' എന്ന് കടുത്ത സ്വരത്തില്‍ പറഞ്ഞു. മെലിഞ്ഞു ചുള്ളിക്കമ്പുപോലെ ഉണങ്ങിയ ആ യുവതി അമ്പരന്നു. രഘുവരന്‍ ചുള്ളിക്കെട്ടെടുത്ത് അവളുടെ തലയില്‍ വച്ച് ''പോ...ഓടി പോ...'' എന്നു പറഞ്ഞു തള്ളി. അവള്‍ അയാള്‍ക്ക് തീരെ മനസ്സിലാകാത്ത ഭാഷയില്‍ എന്തൊ പുലമ്പിക്കൊണ്ട് കുന്ന് കയറി മറഞ്ഞു.
അത് കഴിഞ്ഞപ്പോള്‍ അയാള്‍ മാംസതീനിപ്പക്ഷിയെ കാണുവാനായി തിരിഞ്ഞു . മരങ്ങളായ മരങ്ങള്‍ തോറും കണ്ണെറിഞ്ഞ് അയാള്‍ ഭൂമിയില്‍ ഒറ്റപ്പെട്ട് നടന്നു.