മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Sunday, February 27, 2011

ഉന്നതങ്ങളെ ചുംബിക്കുന്ന കല - സജി എബ്രഹാം.

പതിമൂന്നാമത് വി.ടി. ഗോപാലകൃഷ്ണന്‍ പുരസ്‌കാരത്തിന് ശ്രീ സജി എബ്രഹാമിനെ അര്‍ഹമാക്കിയ ലേഖനം 'ഉന്നതങ്ങളെ ചുംബിക്കുന്ന കല'. സാഹിത്യവേദിയുടെ 43 ാം വാര്‍ഷകപരിപാടിയില്‍ അവതരിപ്പിച്ച പ്രസ്തുതലേഖനത്തിന്റെ പൂര്‍ണ്ണരൂപം.


സജി എബ്രഹാം.


ആമുഖം
ക്ഷമാപണത്തോടെ അല്ലെങ്കില്‍ ഒരു മുന്‍കൂര്‍ ജാമ്യത്തോടെ തുടങ്ങട്ടെ; കാരണം കഴിഞ്ഞ 2 പതിറ്റാണ്ടുകളിലെ കൃത്യമായി പറഞ്ഞാല്‍ ഉഗ്രന്‍ പ്രഭാവത്തോടെ വന്ന് നമ്മെ കീഴടക്കിക്കളഞ്ഞ ആധുനികതയുടെ കൊടിയിറക്കത്തിനുശേഷമുള്ള കാലയളവിലെ ചെറുകഥാ മേഖലയെ വിലയിരുത്തമ്പോള്‍ ഒട്ടേറെ പരിമിതികളുടെ ഇടവഴികളില്‍ ഞാന്‍ കുടുങ്ങിപ്പോവുന്നു. അക്കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലെ ഏറ്റവും സമഗ്രവും സമ്പന്നവുമായ സാഹിത്യ രൂപം മലയാളത്തെ സംബന്ധിച്ചിടത്തോളം ചെറുകഥയായിരുന്നു. പ്രശസ്തരും അപ്രശസ്തരുമായ ഒരുപാട് പുതിയ എഴുത്തുകാര്‍ ഈ മേഖലയിലേക്ക് കടന്നു വന്നു. കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമൊക്കെ ക്ലച്ചു പിടിച്ചു തുടങ്ങിയിട്ടും പ്രിന്റ് മീഡിയയുടെ രംഗത്ത് അസാധാരണമായ കുതിപ്പ് സംഭവിക്കകയുണ്ടായി. ഒരുപാട് പുതിയ പുതിയ പ്രസിദ്ധീകരണ ശാലക്കാര്‍ കടന്നു വന്ന് മികച്ച പുസ്തകങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഗണനീയമായ സാന്നിധ്യമായി മാറി. ബ്ലോഗുകളില്‍ മികച്ച രചനകള്‍ വന്നു തുടങ്ങി. ഇവയിലൂടെയൊക്കെ ധാരാളം കഥകള്‍ വന്നുകൊണ്ടേയിരുന്നു ഗവേഷണ പണ്ഡിതനല്ലാത്ത ഒരു സാഹിത്യാസ്വാദകന് ഈ ചാകരയ്ക്കിടക്ക് എല്ലാത്തിനേയും ശ്രദ്ധിക്കുവാനോ ആസ്വദിക്കുവാനോ പഠിക്കുവാനോ വിലയിരുത്തുവാനോ സാധിക്കുകയില്ല. പല കാരണങ്ങളാല്‍ ശ്രദ്ധാര്‍ഹമായ ചില കഥകളെപ്പറ്റി അറിവുണ്ടെങ്കിലും അത് വായിച്ചിട്ടില്ലാത്തതുമൂലം ഈ പ്രബന്ധത്തില്‍ പരാമര്‍ശിക്കാന്‍ കഴിയാതെ പോയിരിക്കുന്നു. നിശ്ചയമായും ഈ പരിമിതി ഈ പ്രബന്ധത്തിന്റെ സമഗ്രതയെ ബാധിച്ചിട്ടുണ്ടെന്ന് വിനയപൂര്‍വ്വം തുറന്നു സമ്മതിച്ചു കൊണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷയോടേയും കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലെ കഥാ ലോകത്തേക്ക് കടക്കട്ടെ.

ഭാവികത്വ പരിണാമങ്ങള്‍
നോവലും കവിതയും ആധുനികതയുടെ ജീവിത മൂല്യ നിഷേധത്തെ ഉയര്‍ത്തിപ്പിടിച്ച ചില കഥകളും അരങ്ങു കീഴടക്കിവാണ കാലമായിരുന്നു എണ്‍പതുകളുടെ ഒടുക്കം വരെ. നോവലിന്റേയും കവിതയുടേയും ആഡ്യ പ്രഭയ്ക്കിടയില്‍ കഥ ഒരു ദരിദ്ര ബന്ധുവായിപ്പോയതിലൂള്ള വലിയ വിഷമം ഒരു പൊട്ടിത്തെറിയായി ടി. പത്മനാഭന്റെ കാരൂര്‍ സ്മാരക പ്രഭാഷണത്തില്‍ മുഴങ്ങിയ ശേഷം മലയാള കഥയില്‍ വമ്പിച്ച ഒരു കുതിപ്പ് സംഭവിക്കുകയുണ്ടായി. കാഴ്ചപ്പാടില്‍, ശൈലിയില്‍, ഭാവുകത്വത്തില്‍, ക്രാഫ്റ്റില്‍, പ്രമേയത്തില്‍ വ്യത്യസ്തതയുമായി ഒട്ടേറെ പുതിയ എഴുത്തുകാര്‍ ഈ രംഗത്തേയ്ക്ക് കടുന്നു വന്നു. പഴയവര്‍ സ്വയം നവീകരിച്ച് യുവാക്കളായി. ആധുനികര്‍ തെറ്റ് എറ്റു പറഞ്ഞുകൊണ്ട് ഉത്തരാധുനികതയുടെ വണ്ടിയില്‍ സവാരി ചെയ്തു. ജീവിതത്തെ അതിന്റെ സമഗ്രതയില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ച ചില ഉജ്വല പ്രതിഭകള്‍ കഥാ രംഗത്ത് ഉദിച്ചുയര്‍ന്നു. ഏറ്റവും പ്രധാനപ്പെട്ട ഒരു സാഹിത്യരൂപമായി ഈ കലയളവില്‍ ചെറുകഥമാറി. കഥയെപ്പറ്റി മാത്രം ചര്‍ച്ച ചെയ്യുന്ന നിരൂപണ ഗ്രന്ഥങ്ങള്‍ നിരവധി രചിക്കപ്പെട്ടു. സംവാദങ്ങളുടെ മുന്‍ നിരയില്‍ കഥാകൃത്തുക്കള്‍ ഇരിപ്പടം നേടിയെടുത്തു. ദീനനും ദരിദ്രനുമായ ബന്ധുവില്‍ നിന്ന് ആഡ്യനായ ഒരു കരപ്രമാണിയുടെ സ്ഥാനത്തേക്കുള്ള കഥയുടെ മാറ്റം മലയാള ഭാവനയില്‍ പുതിയ ഭാവുകത്വത്തിലേക്കുള്ള പരിണാമമായി.

നോവലിനെ പന്തള്ളുന്ന കഥ
ഒരു കാലത്ത് കവിതകള്‍ രചിക്കുന്നവര്‍ മാത്രമായിരുന്നു എഴുത്തകാരായി അഥവാ സാഹിത്യകാരന്മാരായി അംഗീകരിക്കപ്പെട്ടിരുന്നത്. ഫ്യൂഡലിസത്തിന്റെ പതനത്തോടെ ഗദ്യമെഴുത്തുകാര്‍ അഥവാ നോവലിസ്റ്റുകളും അംഗീകരിക്കപ്പെട്ടു. ഒരു വലിയ എഴുത്തുകാരനായി അംഗീകരിക്കപ്പെടണമെങ്കില്‍ കാവ്യമൊ അല്ലെങ്കില്‍ നോവലോ എഴുതണമെന്ന ഉറച്ചുപോയ ധാരണകള്‍ ഇക്കഴിഞ്ഞ പതിറ്റാണ്ടുകളില്‍ പിഴുതു മാറ്റപ്പെട്ടു. നല്ല നോവലുകള്‍ ഇവിടെ പിറവിയെടുത്തു. പി. പത്മരാജന്റെ 'പ്രതിമയും രാജകുമാരിയും' ആനന്ദിന്റെ 'ഗോവര്‍ദ്ധനന്റെ യാത്രകള്‍'' ''അപഹരിക്കപ്പെട്ട ദൈവങ്ങള്‍'' എം മുകുന്ദന്റെ ''ആദിത്യനും രാധയും മറ്റു ചിലരും'' ''നൃത്തം'' ''കേശവന്റെ വിലാപങ്ങള്‍'' സാറാ ജോസഫിന്റെ ''അലാഹയുടെ പെണ്‍മക്കള്‍'' എന്‍. എസ്. മാധവന്റെ ''ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍'' സേതുവിന്റെ ''അടയാളങ്ങള്‍'' അംബികാ സുതന്‍ മങ്ങാടിന്റെ ''മരക്കാപ്പിലെ തെയ്യങ്ങള്‍'' ടി. വി. കൊച്ചുബാവയുടെ ''വൃദ്ധസദനം'', എം ടി വാസുദേവന്‍ നായരുടെ ''വാരണസി'' തുടങ്ങി ബന്യാമിന്റെ ''ആടു ജീവിതം'' വരെ നല്ല രചനകള്‍ പ്രൗഢിയോടെ നിന്നിട്ടും ചെറുകഥയായിരുന്നു എറ്റവുമധികം ചര്‍ച ചെയ്യപ്പെട്ടതും നമ്മുടെ ഭാവുകത്വത്തെ പുഷ്ടിപ്പെടുത്തിയതും. ഈ എഴുത്തുകാരുടെ തന്നെ ചെറുകഥകള്‍ അവരുടെ നോവലുകളെ പിന്നിലാക്കിക്കൊണ്ട് ഗദ്യസാഹിത്യത്തിലെ വലിയ സംഭാവനകളായി. ഉദാഹരണത്തിന് എന്‍. എസ്. മാധവനെ നോക്കുക. ഹിഗ്വീറ്റ, കാര്‍മെന്‍, കപ്പിത്താന്റെ മകള്‍, നാലാം ലോകം തുടങ്ങിയ കഥകളള്‍ക്കുമുന്നില്‍ തന്റെ പ്രഥമ നോവലായ 'ലന്തന്‍ ബത്തേരിയിലെ ലുത്തനിയകള്‍' മുട്ടുമടക്കി നില്‍ക്കുന്നു. അംബികാ സുതന്‍ സാഹിത്യത്തിന്റെ മുഖ്യധാരയില്‍ തന്റേതായ ഇടം നേടിയത് കഥകളിലൂടെത്തന്നെയായിരുന്നു. 'വണ്ടിക്കാളകള്‍' എന്ന നോവല്‍ ഈ കാലയളവില്‍ എഴുതിയിട്ടും മാധവിക്കുട്ടി ചര്‍ച്ച ചെയ്യപ്പെട്ടത് 'ചന്ദനമരങ്ങള്‍' പോലുള്ള കഥകളിലൂടെയായിരുന്നു. മറ്റെല്ലാ സാഹിത്യരൂപങ്ങളേയും പിറകിലേക്ക് തള്ളിമാറ്റിക്കൊണ്ട് ചെറുകഥ അതിന്റെ ശക്തി സൗന്ദര്യങ്ങള്‍ പ്രകടിപ്പിച്ച രണ്ടു പതിറ്റാണ്ടുകളാണ് തൊണ്ണൂറുകളും രണ്ടായിരവും. മൗനത്തിന്റെ നീണ്ട കാലത്തെ ഭേദിച്ചുകൊണ്ട് എന്‍. എസ് മാധവനും എം. സുകുമാരനും തിരിച്ചെത്തിയ മാലയളവാണിത് യുവത്വം ദാനമായി ലഭിച്ച ആ പുരാണ കഥാപത്രത്തെപോലെ കാലത്തിന്റെ അനന്തതയില്‍ നിന്നും യുവത്വം നേടിയ എം. ടി. ബഷീറിനെപ്പോലെ മറ്റൊരു മാന്ത്രികപ്പൂച്ചയെ തന്ന വസന്തകാലമാണിത്. ഷെര്‍ലക് കൂടാതെ 'പെരുമഴയുടെ പിറ്റേന്ന്' 'വാനപ്രസ്ഥവും' എം.ടി. യുടെ തൂലിക തുറന്നുവിട്ടു. എം. മുകുന്ദനും സേതുവും പുനത്തില്‍ കുഞ്ഞബ്ദുള്ളയും ആനന്ദും സക്കറിയയും ആധുനികതയെ സമര്‍ത്ഥമായി മറികടന്ന് തങ്ങളുടെ കഥാജീവിതത്തിലെ മികച്ച ചില രചനകള്‍ നല്‍കിയ ഗദ്യകാലമാണിത്. രേഖയും സിതാരയും മുതല്‍ ഇന്ദുമേനോനും ധന്യാരാജും വരെയുള്ള ടീന്‍ എയ്ജുകാരികള്‍ വേറിട്ടൊരു സ്വരം തീര്‍ത്ത കഥയുടെ പതിറ്റാണ്ടുകളാണിത്. ജാടയില്ലാതെ ഭയപ്പെടുത്തുന്ന വെല്ലുവിളികളില്ലാതെ, അഹങ്കരിക്കുന്ന അവാകാശവാദങ്ങളില്ലാതെ സ്വച്ഛന്ദമായി കടന്നു വന്ന യുവനിര ഒരു ശാന്ത വിപ്ലവത്തിലൂടെ മലയാള കഥയെ ഉയരങ്ങളിലേക്ക് കൊണ്ടുപോയി. അതേ തീര്‍ച്ചയായും ഇത് കഥയുടെ കാലഘട്ടം തന്നെയാണ്.

ഇവരുടെ കാലം ഇവരുടെ കഥകള്‍
ജീവിതത്തെ അതിന്റെ സമഗ്രതയില്‍ വീക്ഷിക്കുവാന്‍ ഈ കഥയെഴുത്തുകാര്‍ക്കു കഴിഞ്ഞു. വര്‍ത്തമാന കാലത്തിന്റെ സങ്കടങ്ങളെ അവര്‍ കനിവോടെ ആവിഷ്‌ക്കരിച്ചു. ഭാവനയുടെ ഞെട്ടിപ്പിക്കുന്ന സുഖത്തിലേക്ക് അവര്‍ നമ്മെ കൊണ്ടുപോയി. ഗൃഹാതുരത്വത്തെ മുഖ്യപ്രമേയമാക്കിക്കൊണ്ട് ഓര്‍മ്മകളെ തിരിച്ചു പിടിച്ചുകൊണ്ട് പ്രതിരോധത്തിന്റെ വീറ് കാട്ടി. പുരഷ മേധാവിത്വത്തിന്റെ വിറയ്ക്കുന്ന ഗോപുരങ്ങള്‍ക്കു മീതെ ഇവര്‍ അഗ്നിയായി പെയ്തിറങ്ങി. പ്രത്യയ ശാസ്ത്രത്തിന്റെ മടുപ്പിക്കുന്ന ക്ലീഷേകളെ ഇവര്‍ ദയവില്ലാതെ വെട്ടിമാറ്റി. ഉപഭോഗ സംസ്‌കാരിത്തിന്റെ ഭീമന്‍ ശക്തികള്‍ക്കെതിരെ കവണികള്‍ ആയുധമാക്കിക്കൊണ്ടിവര്‍ പുതിയ ദാവീദുമാരായി. പാരിസ്ഥിതികമായ ഉത്കണ്ഠകളാല്‍ വ്രണിതരായ ഇവര്‍ തകഴിയുടെ 'വെള്ളപൊക്ക'ത്തിനും ബഷീറിന്റെ 'ഭൂമിയുടെ അവകാശി'കള്‍ക്കും അര്‍ത്ഥപൂര്‍ണ്ണമായ തുടര്‍ച്ച നല്‍കി. ഗദ്യത്തില്‍ പുതിയ തങ്കച്ചിറകടികള്‍ സൃഷ്ടിച്ചുകൊണ്ടിവര്‍ കഥയെ നാദോന്മീലിതമാക്കി. പെണ്ണെഴുത്തും മണ്ണെഴുത്തും ശക്തമായ തരംഗങ്ങളായി കഥയില്‍ അലയടിച്ചു.

കഥ ഉന്നതങ്ങളെ ചുംബിച്ച കാലയളവായിരുന്നു ഇത്. അധോഗതിയുടെ നിശ്ചലതകളില്‍ നിന്ന് ഭാഷയെ സര്‍ഗ്ഗാത്മകമായി വീണ്ടെടുത്തത് ഈ കഥകളായിരുന്നു. അനുഭവമെഴുത്തിന്റെ, ആട്ടോ ഫിക്ഷന്റെ നാണം കെട്ട വര്‍ത്തമാനാവസ്ഥയില്‍ നിന്ന് സാഹിത്യകലയെ രക്ഷിച്ചെടുത്ത ശക്തമായ ശാഖ ചെറുകഥ തന്നെയായിരുന്നു. സത്യത്തിന്റെ സര്‍ഗ്ഗാത്മക പ്രതിഫലനങ്ങളായി കഥകള്‍മാറി. വിശക്കുന്നവന്റെ മുന്നില്‍ അപ്പമായി അവതരിക്കുന്ന ദൈവങ്ങളെപ്പോലെ ഉന്നതാഭിരുചിയുള്ള, നല്ല കൃതികള്‍ക്കായി വിശന്നു വലയുന്ന ആസ്വാദകന്റെ മുന്നിലേക്ക് അവതരിച്ചെത്തിയ ദൈവ രൂപങ്ങളായിരുന്നു കഥകള്‍. കഥയുടെ ചെറിയ ക്യാന്‍വാസില്‍ ജീവിതം അതിന്റെ എല്ലാവിധ സൗന്ദര്യത്തോടേയും തുടിച്ചുനിന്നു. എം.പി. പോളിനേയും എം. അച്യുതനേയും ഒക്കെ അതിശയിപ്പിച്ചുകൊണ്ട് പുതിയ നിര്‍വ്വചനങ്ങള്‍ നല്‍കി കഥകള്‍. കഥയുടെ കരുത്ത് അതിന്റെ ധാര്‍മ്മികവും സര്‍ഗ്ഗാത്മകവും സൗന്ദര്യാത്മകവുമായ കെട്ടുറപ്പിലാണ് കുടികൊള്ളുന്നത്. പ്രൗഢവും ആധികാരികവുമായൊരു ദര്‍ശനത്തെ പ്രക്ഷേപിക്കുമ്പോള്‍ കഥ ഗൗരവമാര്‍ന്നൊരു കലാസൃഷ്ടിയായി മാറുന്നു. പ്രതിഭാ ശാലികള്‍ക്കുമാത്രം വ്യാപരിക്കാവുന്ന മേഖലയായി കഥാരംഗം മാറുന്നത് ഇതുകൊണ്ടാണ്.

ചില പ്രധാന രചനകളിലൂടെ
ഈ കാലയളിവലെ ശ്രദ്ധേയമായ ചില രചനകളിലേക്ക് ഒരെത്തിനോട്ടത്തിന് ശ്രമിക്കുകയാണിവിടെ. ഗൗരവമായ പഠനമല്ല ലഘുവായ ആസ്വാദനം മാത്രം. 2010 മാതൃഭൂമി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പി. പത്മരാജന്റെ അപ്രകാശിത കഥകളിലൊന്നായ ''ബസ്സും ഗൗളികളും'' മലയാള കഥ എത്ര ഉയരങ്ങളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നു. അലിഗറിക്ക് ഇത്രയേറെ സൗന്ദര്യാത്മക മാനങ്ങള്‍ നല്‍കിയ പ്രതിഭാശാലിയായ ഈ കഥാകൃത്തിന്റെ അനന്യമായ ഭാവനയ്ക്ക് ഏറ്റവും മുന്തിയ സാക്ഷ്യപത്രമായി ഈ കഥ നിലകൊള്ളുന്നു.

ദില്ലി വാസകാലത്ത് സക്കറിയ കഥയുടെ ഒറ്റയടിപ്പാതയിലൂടെയാണ് സഞ്ചരിച്ചത്. ഈ സഞ്ചാരം മലയാള കഥയെ ധന്യമാക്കി. എന്നാല്‍ ദില്ലിവാസം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയ സക്കറിയ, ടെലിവിഷന്‍ മാധ്യമം, ലേഖനമെഴുത്ത്, യാത്രാവിവരണം, പ്രഭാഷണം എന്നീ നാലുവരി എക്‌സ്പ്രസ്സ് പാതയിലൂടെയാണ് സഞ്ചരിച്ചത്. എന്നാല്‍ അപൂര്‍വ്വമായി അദ്ദേഹം ചെറുകഥയുടെ സുന്ദര നക്ഷത്രങ്ങളെ നമുക്കു സമ്മാനിച്ചു. അത്തരമൊരു ശുഭ്രനക്ഷത്രമാണ് 2009-ല്‍ അദ്ദേഹമെഴുതിയ 'അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും' കാത്തലിക് സഭ വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യ കേരളീയ വ്യക്തിത്വത്തിന്റെ വിശുദ്ധിയെ, മരണത്തിലൂടെ, അവരുടെ ശവസംസ്‌കാര ശുശ്രൂഷയെക്കുറിച്ചുള്ള ആകര്‍ഷകമായ വിവരണത്തിലൂടെ പ്രമേയവല്‍ക്കരിച്ച ഈ കഥ ശില്‍പത്തികവിലൂടെ മറ്റൊരു സക്കറിയന്‍ ക്ലാസ്സിക് ആയി മാറി.


താത്വചിന്തയില്‍ കുളിച്ചുനില്‍ക്കുന്ന സാഹിത്യ കലയാണ് ആനന്ദിന്റേത്. അറുപതുകളില്‍ എം. ഗോവിന്ദന്റെ കരം പിടിച്ച് മലയാള സാഹിത്യത്തിലെത്തിയ ഈ പാന്‍ ഇന്ത്യന്‍ നോവലിസ്റ്റ് മലയാളിയുടെ ചിന്താപരമായ വിമുകതയ്‌ക്കെതിരെയുള്ള ശക്തമായ പ്രതിഷേധമാക്കി തന്റെ തത്വചിന്താപരമായ വിഷനെ മാറ്റി. ഈ കഴിഞ്ഞ രണ്ടു പതിറ്റാണ്ട് ആനന്ദിന്റെ സര്‍ഗ്ഗ ജീവിതത്തിലെ സമ്പന്നമായ കാലയളവാണ്. മികച്ച നോവലുകള്‍, കുറച്ചു കവിതകള്‍, ധൈഷണിക സംവാദങ്ങള്‍, നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള അഭ്യര്‍ത്ഥനകള്‍ ഇവയ്‌ക്കെല്ലാം മീതെ ശക്തമായ കുറെ കഥകള്‍ ''സംന്യാസം'', ''പില്‍ഗ്രംസ് പ്രോഗ്രസ്സ്'', ''ഷ്‌റോഡിംഗറുടെ പൂച്ച'', ''സംഹാരത്തിന്റെ പുസ്തകം'', ''തുന്നല്‍ക്കാരന്‍'' കഥയില്‍ ആനന്ദ് വലിയ സമ്മാനങ്ങല്‍ തന്നപ്പോള്‍ ഈ കാലയളവിനെ കഥ വശീകരിച്ചെടുക്കുകയായിരുന്നു.

ലാത്തൂരിലെ ഭൂമികുലുക്കം ഒരു കേരളീയ വിദ്യാര്‍ത്ഥിയുടെ ഭാവനയില്‍ ഞെട്ടലായപ്പോള്‍ അതി മനോഹരമായ ഒരു കഥ നമ്മുക്ക് ലഭിച്ചു. ''ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം'' സുഭാഷ് ചന്ദ്രനെ മലയാള കഥയുടെ വിസ്തൃതമായ ചരിത്രത്തില്‍ പരവാതാനി വിരിച്ചിരുത്തി. പൂര്‍വ്വികരോട് പേനയുടെ മത്സരവേദികളില്‍ വച്ച് ഏറ്റുമുട്ടിയ സുഭാഷിന്റെ കഥകള്‍ സൗന്ദര്യാനുഭവങ്ങള്‍ക്ക് പുതുഭാഷ്യമെഴുതി. സ്വന്തം കൈകളില്‍ നിന്ന് അമ്മയുടെ ഗര്‍ഭപാത്രം നഷ്ടപ്പെട്ടുപോയ ഒരു ചെറുപ്പക്കാരന്റെ വ്യഥകളെ ചിത്രീകരിച്ച 'പറുദീസാ നഷ്ടം' എന്ന പ്രസിദ്ധകഥയില്‍ സുഭാഷിന്റെ വാക്കിന്റെ തീ സ്പര്‍ശം നാമറിയുന്നുണ്ട്. ''ഭയം അതിന്റെ തീക്കനല്‍ പോലുള്ള നാക്കുകള്‍ കൊണ്ട് നരേന്ദ്രന്റെ നട്ടെല്ലില്‍ നക്കി''. 'ഉരുളക്കിഴങ്ങ് തിന്നുന്നവരിലൂടെ 'തല്പത്തിലൂടെ' ഈ കഥാകൃത്ത് തന്റെ ജീവിതത്തെ സാര്‍ത്ഥകമാക്കുകയാണ്.

ബലാത്സംഗമെന്നാല്‍ പുരുഷന്‍ സ്ത്രീക്കുമീതെ നടത്തുന്ന കടന്നാക്രമണമാണ്. അദീശത്വ വാഴ്ചയെക്കുറിച്ചുള്ള പ്രത്യയശാസ്ത്ര വിശകലനത്തില്‍ ഇത് ഏറ്റവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. എന്നാല്‍ ഇരുത്തം വന്ന എല്ലാ ധാരണകളുടേയും ആസ്ഥാനകല്ലുകളെ ഇളക്കി മാറ്റിക്കൊണ്ട് 'അഗ്നി' എന്ന ഗംഭീരമായ കഥയിലൂടെ എസ്. സിതാര പുരുഷ ദുര്‍ബലതയുടെ മുഷിഞ്ഞ അകങ്ങളെ പരിഹസിച്ച് ദൃശ്യമാക്കുന്നു. പെണ്ണെഴുത്ത് ആക്രമണ സന്നദ്ധമായ കലയായി സിതാരയുടെ കഥകളില്‍ മാറുന്നു.
എഴുത്തുകാരന്റെ പ്രതിബദ്ധതയും പ്രത്യയശാസ്ത്രാഭിമുഖ്യവും വിലയിരുത്തപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്ത ആധുനികതയുടെ യുഗത്തിനുശേഷം വന്ന കഥാകൃത്തുക്കള്‍ പ്രത്യയശാസ്ത്രത്തെ സര്‍ഗ്ഗാത്മകമായി തങ്ങളുടെ രചനകളില്‍ വീണ്ടെടുത്തു. അലോസരപ്പെടുത്തുന്ന മുദ്രാവാക്യങ്ങളായോ ഉപരിപ്ലവമായ കക്ഷിരാഷ്ട്രീയ ചായ്‌വുകളായോ അല്ല മറിച്ച സൗന്ദര്യാനുഭവങ്ങളായാണ് കഥകളില്‍ ഇവര്‍ തങ്ങളുടെ പ്രത്യയശാസ്ത്രത്തെ ആവിഷ്‌ക്കരിച്ചത്. തങ്ങളുടെ തട്ടകങ്ങളെ തച്ചുടയ്ക്കാനെത്തുന്ന ഉപഭോഗ സംസ്‌കാരത്തിന്റെ കടുത്ത ആസക്തികളെ അവര്‍ പേനകൊണ്ട് ചെറുത്തു. ഈ ചെറുത്തു നില്‍പിന്റെ നേതൃത്വനിരയില്‍ നിന്ന കഥാകൃത്താണ് സന്തോഷ് എച്ചിക്കാനം. പ്രതിരോധ രാഷ്ട്രീയത്തിന്റെ ശക്തി സൗന്ദര്യങ്ങള്‍ സര്‍ഗ്ഗാത്മകതയുടെ ശക്തി സൗന്ദര്യങ്ങളില്‍ ആകര്‍ഷകമായി ലയിച്ചപ്പോഴാണ് സന്തോഷിലെ കഥകള്‍ 'കൊമാല', 'ഒരു ചിത്രകഥയിലെ നായാട്ടുകാര്‍' 'ഉടലുകള്‍ വിഭവ സമൃദ്ധിയില്‍' 'കീറ്' രൂപം കൊണ്ടത്. തിന്മയ്‌ക്കെതിരായ പ്രക്ഷോഭങ്ങളുടെ പ്രവാഹ സമൃദ്ധിയാണ് സന്തോഷിന്റെ കഥാ വ്യക്തിത്വത്തെ വിഭിന്നമാക്കുന്നത്.

ആഖ്യാനത്തില്‍, പ്രമേയ സ്വീകരണത്തില്‍ തന്റെ കൂട്ടാളികളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ഇ. സന്തോഷ് കുമാറിന്റെ രചനകളും സൂക്ഷ്മമായി രാഷ്ട്രീയ വിവക്ഷകളെ വികസ്വരമാക്കുന്നുണ്ട്. ''മുട്ടയോളം വലുപ്പമുള്ള ധാന്യമണികള്‍' മലയാള കഥയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ഈ ചെറുപ്പക്കാരന്റെ വിരലുകള്‍ മുഖ്യപങ്കുവഹിക്കും എന്ന് നമ്മെ ധരിപ്പിക്കുന്നു.
തികഞ്ഞ രാഷ്ട്രീയ ബോധം പുലര്‍ത്തുകയും തെളിഞ്ഞു തന്നെ രാഷ്ട്രീയത്തിലിടപെടുകയും ചെയ്യുമ്പോള്‍ തന്നെ അശോകന്‍ ചരുവില്‍ തന്റെ കഥകളെ റിയലിസത്തിന്റെ മുദ്രാവാക്യങ്ങള്‍ കൊണ്ട് നിബിഢവും അരോചകവുമാക്കുന്നില്ല. കഥകളുടെ അന്തര്‍ധാരയില്‍ രാഷ്ട്രീയബോധം പരിലസിക്കുമ്പോള്‍ തന്നെ ഭാവുകത്വത്തിലും അഭിരുചിയിലും ശുഭകരമായ മാറ്റം കൊണ്ടുവരാന്‍ അവ യത്‌നിക്കുന്നുണ്ട്. 2003 ഫെബ്രുവരി ലക്കം ഭാഷപോഷിണിയില്‍ പ്രസിദ്ധീകരിച്ച 'ദ്വാരകാ ടാക്കീസ്'' എന്ന കഥ അശോകന്റെ ദീര്‍ഘവും സമ്പന്നവുമായ കഥാലോകത്തിലെ ഒരു മുത്താണ്. പഴയ ടെക്‌നോളജിയെ പുതിയ ടെകനോളജി കീഴടക്കുമ്പോള്‍ സാമൂഹ്യ ജീവിതത്തില്‍ സംഭവിക്കുന്ന വിപല്‍ക്കരമായ മാറ്റങ്ങളെ ഈ ചെറുകഥ കോറിയിടുന്നു. മനുഷ്യത്വത്തിന്റെ പതനം, സംസ്‌കാരത്തിന്റെ പതനം, മൂല്യങ്ങളുടെ പതനം വ്യാധിയായി ദുഖമായി പ്രതിഷേധമായി അശോകന്റെ കഥകളുടെ അടിപ്പടവുകളെ നിര്‍മ്മിക്കുന്നു. 'ബര്‍മുഡ' എന്ന കഥാസമാഹാരത്തിനു ശേഷം വ്യക്തമായ പാരിസ്ഥിതിക അവബോധത്തിന്റെ ജ്വാലയില്‍ നിളങ്ങുന്ന പി സുരേന്ദ്രനും രാഷ്ട്രീയ മൂല്യത്തെ തിരിച്ചു പിടിക്കാനാണ് ശ്രമിക്കുന്നത്.

ജീവതമെന്ന അപാര യാത്രയിലെ ചില ബന്ധങ്ങളില്‍ നിന്ന് ചില നിമിഷങ്ങളില്‍ നിന്ന് ഉജ്വലമായൊരു ലോക ചിത്രം നിര്‍മ്മിക്കുമ്പോഴാണ് ചെറുകഥ അര്‍ത്ഥപുര്‍ണ്ണമാവുന്നതും ഗൗരവമായൊരു സാഹിത്യ ശാഖയാവുന്നതും. ലഘുവും സമ്പന്നവുമായ അനുഭവങ്ങള്‍ അസാധാരണമായൊരു വിവരണകലയിലേക്കാവാഹിക്കുമ്പോള്‍ കഥ കാന്തിചുരത്തുന്ന വിവരണകലയിലെ വ്യതിരിക്തതകൊണ്ടും വിഷയസ്വീകരണത്തിലെ പുതമ കൊണ്ടും കഥയെ പുളകോത്ഗമനമാക്കിയ എഴുത്തുകാരികളാണ് കെ. ആര്‍. മീരയും ഇന്ദുമേനോനും. തന്റെ കഥകളില്‍ രാഷ്ട്രീയമുണ്ടെന്ന് തുറന്നു സമ്മതിക്കുന്ന മീരയുടെ കഥകള്‍ ജീവിത യാത്രയിലെ ഏറ്റിറക്കങ്ങളെ ചാരുതയോടെ ചിത്രീകരിക്കുന്നു. 'മോഹമഞ്ഞ' 'ശൂര്‍പ്പണഖ' 'ആവേ മരിയ', 'ഓര്‍മയുടെ ഞരമ്പ്' തുടങ്ങിയ കഥകളിലൂടെ മൗലികമായൊരു വ്യക്തിത്വം മലയാള ഫിക്ഷനില്‍ സ്ഥാപിക്കുകയായിരുന്നു മീര. എഴുതിയ ചുരുക്കം കഥകളില്‍ പലതും ഹിറ്റായത് ഇന്ദുമേനോനെ പെട്ടെന്ന് പ്രശസ്തയാക്കി. 'ഒരു ലെസ്ബിയന്‍ പശു' 'ഹിന്ദുച്ഛായയുള്ള മുസ്ലീം പുരുഷന്‍' തുടങ്ങിയ കഥകള്‍ ക്രാഫിറ്റിന്റെ ചടുലതകൊണ്ടും ആശയങ്ങളുടെ വിശേഷതകള്‍ കൊണ്ടും ശ്രദ്ധേയമായി. പരിഹാസങ്ങള്‍ തീനാവുകളായി കഥയില്‍ വീശി. ഫോക്കസ് തെറ്റിയില്ലെങ്കില്‍ ഇവരില്‍ നിന്നും നല്ല കഥകള്‍ നമുക്ക് പ്രതീക്ഷിക്കാം.

വര്‍ത്തമാന കഥകള്‍ക്ക് ഒന്നും അന്യമല്ല. സങ്കുചിതമായൊരു ഇടവഴിയിലേക്കു ചുരുങ്ങുവാന്‍ ഈ കഥകള്‍ വിസമ്മതിക്കുന്നു. പാരിസ്ഥിതികത്തകര്‍ച്ച മുതല്‍ ദളിത് പീഡനം വരെ സൈബര്‍ വിസ്മയം മുതല്‍ ലൈഗിക അരാജകത്വം വരെ, ഇറാക് യുദ്ധം മുതല്‍ അച്ചുതാനന്ദന്റെ ഇടിച്ചു നിരത്തല്‍ വരെ പെണ്‍വാണിഭം മുതല്‍ തെരുവ് തല്ലുവരെ ഗഹനചിന്തകള്‍ മുതല്‍ മണ്ടന്‍ തമാശകള്‍വരെ കഥകളില്‍ നിര്‍ബാധം കടന്നു വന്നു. പോസ്റ്റ് മോഡേണിസം അതിന്റെ എല്ലാവിധ തോന്യാസങ്ങളോടെയും മലയാള കഥയില്‍ മേഞ്ഞു നടന്നു. ലിഖിതവും അലിഖിതവുമായ നിയമങ്ങളില്‍ നിന്ന് കഥ സ്വതന്ത്രമായി. കഥാകൃത്തുക്കള്‍ വലിയ സ്വാതന്ത്ര്യത്തോടെ എഴുതി. അമ്പരപ്പിക്കുന്ന വിഷയ വൈവിധ്യങ്ങള്‍ കഥയില്‍ പുതിയ മാനങ്ങള്‍ തീര്‍ത്തു. ചില ഉദാഹരണങ്ങള്‍ നോക്കു!

1993 കേരള കൗമുദി ഓണപ്പതിപ്പില്‍ എസ്. വി. വേണുഗോപന്‍ നായരെഴുതിയ 'എന്റെ പരദൈവങ്ങള്‍', 1989 ഒക്‌ടോബര്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ ജോസഫ് മരിയന്‍ എഴുതിയ ''ജീവതം കൊത്താന്‍ ഒരു കല്ല്'' 1991 ഫെബ്രുവരി മാതൃഭൂമിയില്‍ കെ എല്‍ മോഹന വര്‍മ്മ എഴുതിയ 'റോസ് മേരി' 1993-94 ഇന്‍ഡ്യാ ടുഡെ വാര്‍ഷികപതിപ്പില്‍ ഒ. വി. വിജയന്‍ എഴുതിയ ''അവസാനത്തെ ഈയം പൂശല്‍'' 1994 സെപ്തംബര്‍ ലക്കം കലാകൗമുദിയില്‍ എം മുകുന്ദന്‍ എഴുതിയ 'ചാലകന്‍' 2001 മാതൃഭൂമി ഓണപ്പതിപ്പില്‍ മുണ്ടൂര്‍ എഴുതിയ കൃഷ്ണന്‍കുട്ടി എഴുതിയ 'ഇറച്ചിക്കോഴികള്‍' 2000-ലെ മലയാള മനോരമ ഓണപ്പതിപ്പില്‍ സേതു എഴുതിയ 'മറ്റൊരു ഡോട്ട് കോം സന്ധ്യയില്‍'' 2002 ഭാഷാപോഷിണി വാര്‍ഷികപ്പതിപ്പില്‍ മനോജ് ജാതവേദര് എഴുതിയ ''ഉറുമ്പുകളുടെ നാഗരികഥ''. 2004 ജൂലൈലക്കം ഭാഷാപോഷിണിയില്‍ എം.ജി രാധാകൃഷ്ണന്‍ എഴുതിയ ''ഐഡന്റിറ്റി'', 2004 ആഗസ്റ്റ് 27, മാധ്യമത്തില്‍ ഇ. സന്തോഷ് കുമാര്‍ എഴുതിയ ''കാറ്റാടിമരങ്ങള്‍'' 2005 മാതൃഭൂമി ഓണപ്പതിപ്പില്‍ പി. കെ ശ്രീവത്സന്‍ എഴുതിയ ''കുചേലവൃത്തം'' അതേവര്‍ഷം മനോരമ ഓണപ്പിതിപ്പില്‍ ധന്യാരാജ് എഴുതിയ ''ഞങ്ങളുടെ അയല്‍വീട്'' 2005 മാതൃഭൂമി മാര്‍ച്ച് ലക്കത്തില്‍ സോക്രട്ടീസ് വാലത്ത് എഴുതിയ ''മദനെല്ലൂരിലെ പെണ്‍കുട്ടികള്‍'' 2008 ഭാഷാപോഷിണിയുടെ ജൂലൈ ലക്കത്തില്‍ കെ. എ. സെബാസ്റ്റിയന്‍ എഴുതിയ ''യന്ത്ര സരസ്വതി നിലയം'' 2009 മനോരമ ഓണപ്പതിപ്പില്‍ ഇന്ദുമേനോന്‍ എഴുതിയ 'രക്തകാളീ രക്തകാളീ'' അതേ ലക്കത്തില്‍ത്തന്നെ പി. എ ഉത്തമന്‍ എഴുതിയ തന്റെ അവസാനത്തെ കഥ ''കുത്തിക്കുന്ന് ഒരു പുനരാഖ്യാനം'' 2010 മെയ് ലക്കം മാതൃഭൂമിയില്‍ ധന്യാരാജ് എഴുതിയ പച്ചയുടെ ആല്‍ബം, 2010 ജൂണ്‍ ലക്കം മാതൃഭൂമിയില്‍ ഉണ്ണി ആര്‍. എഴുതിയ ''കോട്ടയം 17'', എന്‍ പ്രദീപ് കുമാറിന്റെ ''ഒറ്റയ്‌ക്കൊരു കന്യക'' ജോസഫ് തെരുവന്റെ ''നിശബ്ദ സിനിമകളുടെ കാലം'' അഷിതയുടെ ''അപൂര്‍ണ്ണ വിരാമങ്ങള്‍'' ''അമ്മ എന്നോടു പറഞ്ഞ കൊച്ചുബാവയുടെ ബഗ്ലാവ്, കെ. പി. രാമനുണ്ണിയുടെ ''പ്രണയ പര്‍വ്വം, അഷിതയുട അപൂര്‍ണ്ണവിരാമങ്ങള്‍, 'അമ്മ എന്നോടു പറഞ്ഞ നുണകള്'' എം. രാജീവ് കുമാറന്റെ 'സൈബ്രോഗ്'' ടി. വി. കൊച്ചുവാവയുടെ 'ബംഗ്ലാവ്', കെ. പി. രാമനുണ്ണിയുടെ '' പ്രണയപര്‍വ്വം'', എബ്രഹാം മാത്യുവിന്റെ ''ഓറഞ്ച് തിന്നുന്നവര്‍'' യു. കെ. കുമാരന്റെ ''മുത്തേറന്‍'', എന്‍. പ്രഭാകരന്റെ ''അക്കരെ നിന്നുള്ള പൊന്ന്'' രാജന്‍ കാക്കനാടന്റെ ''കുംബളങ്ങ'' സുഹൃത്തുക്കളെ കഥകള്‍... കഥകള്‍... കഥകള്‍ അങ്ങനെ നീണ്ടു പരന്ന് സമൃദ്ധമായി ഒഴുകുകയാണ്. എത്രയെത്ര പുതിയ എഴുത്തുകാര്‍ പഴയ കാലത്തെ മറിയാമ്മയെപ്പോലെ ഒറ്റക്കഥകൊണ്ട് ഹൃദയത്തില്‍ സൂര്യമുദ്രകള്‍ തീര്‍ത്ത് അഞ്ജാത സ്ഥലികളിലേക്കു മറഞ്ഞവര്‍, മൗനത്തിലാണ്ടവര്‍, കഥയേ വേണ്ടെന്നു വച്ചവര്‍. . . ഇത് കഥയുടെ കാലം തന്നെ. കെ.രേഖ, അഷ്ടമൂര്‍ത്തി, അക്ബര്‍ കക്കട്ടില്‍, ബി. മുരളി, വിനു എബ്രഹാം, അര്‍ഷാദ് ബത്തേരി, പ്രയ എ. എസ്., എന്‍. രാജന്‍, ഗ്രേസി, സി.വി., സാറാജോസഫ്, സാറാതോസഫ്, ചന്ദ്രമതി, സി. അയ്യപ്പന്‍, പേരുകള്‍ പറഞ്ഞെന്റെ നാവു കഴയ്ക്കുന്നു. ഭാവികത്വത്തിലെ വികാസ പരിണാമങ്ങളെയാണ് ഇവരുടെ കഥകള്‍ സാക്ഷ്യപ്പെടുത്തുന്നത്.

ദുഖകരമായ തിരോധാനം
90-കളിലേയും 2000-ലേയും ഇനി വാരാനിക്കുന്ന ദശകങ്ങളേയും കഥയില്‍ കുളിര്‍പ്പിക്കുവാന്‍ ശേഷിയുണ്ടായിരുന്ന ചില ഉന്നത പ്രതിഭകളുടെ വേര്‍പാട്, കഥയുടെ സാമ്രാജ്യത്തിലെ അസാധാരണമായ കഥകള്‍ എഴുതിയ വികടര്‍ ലീനസ്, അക്കിനാവയിലെ പതിവ്രതകളെ സൃഷ്ടിക്കുന്ന ടി. വി. കൊച്ചുബാവ ഒടുവില്‍ കഥകള്‍ മാത്രമെഴുതാന്‍ വെമ്പിയ പ. എ. ഉത്തമനും. അകാലത്തില്‍ അവിചാരിതമായി വിട പറഞ്ഞപ്പോള്‍ കഥയുടെ തട്ടകം ദുഖഭരിതമായി മാറി.

ഉപസംഹാരം

പേരുകളും കഥകളും ഒരുപാട് വിട്ടുപോയി 2 പതിറ്റാണ്ടുകളുടെ കൃത്യമായൊരു കണക്കെടുപ്പല്ല ഇത്. ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ മറ്റെല്ലാഗദ്യ പദ്യശാഖകളേയും പിറകിലാക്കിക്കൊണ്ട് ചെറുകഥ ഒരു ഗംഭീര ജൈത്രയാത്രയിലായിരുന്നു ഈ കാലയളവില്‍. ക്ലേശങ്ങള്‍, സങ്കടങ്ങള്‍, പോരായ്മകള്‍, ഉദാസീനതകള്‍, ആഴമില്ലായ്മകള്‍, ന്യൂനതകള്‍ ഏറേയുള്ള കഥകളും ഇവയ്ക്കിടയിലുണ്ടായിരുന്നു. എന്നാല്‍ നവഭാവുകത്വ നിര്‍മ്മിതിയില്‍ ഇക്കാല കഥകള്‍ വലിയ സംഭാവനകള്‍ നല്‍കി എന്ന് സമ്മതിക്കുന്നതില്‍ സന്തോഷമുണ്ട്. 'ചെറുകഥ ഇന്നലെ ഇന്ന്' എന്ന ആധികാരിക ഗ്രന്ഥം എം. അച്ചുതന്‍ അവസാനിപ്പിക്കുന്നത് ഒരു സദ് ഉപദേശത്തോടെയാണ്. ചേരികള്‍ക്കും പ്രത്യയ ശാസ്ത്രങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും മുറവിളികള്‍ക്കും അതീതരായി, വിഭാഗീയ വിക്ഷണം വര്‍ജിച്ച് അനുഭവങ്ങളോട് മാത്രം നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്താന്‍ കഴിയട്ടെ എന്ന ഉപദേശത്തെ തികഞ്ഞ ആദരവോടെ ഉള്‍ക്കൊള്ളുകയായിരുന്നു. 90 കളിലേയും 2000 ത്തിലേയും കഥയെഴുത്തുകാര്‍.

0 comments:

Followers