മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, March 29, 2011

സി. പി. കൃഷ്ണകുമാര്‍ സാഹിത്യവേദിയില്‍

|1 comments
പ്രിയപ്പെട്ട അക്ഷര സ്‌നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ഏപ്രില്‍ മാസം ആദ്യഞായറാഴ്ച (03-03-2011) മുംബൈയിലെ പ്രമുഖ ചെറുകഥാകൃത്തുക്കളിലൊരാളായ ശ്രീ സി. പി. കൃഷ്ണകുമാര്‍ തന്റെ രണ്ടു ചെറുകഥകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും പങ്കെടുക്കുന്നു. ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ഏപ്രില്‍ 03, 2011. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.

സസ്‌നേഹം
ഡോ. വേണുഗോപാല്‍
കണ്‍വീനര്‍, സാഹിത്യവേദി-മുംബൈ

നോട്ട്: ചര്‍ച്ചയക്ക് ആവശ്യം വേണ്ട സമയം അനുവദിക്കണമെന്നുള്ളതുകൊണ്ട് പരിപാടി കൃത്യം ആറുമണിക്കുതന്നെ തുടങ്ങുന്നതാണ്. ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യ സമയത്തുതന്നെ ഹാളില്‍ എത്തിച്ചേരാന്‍ ശ്രമിക്കുക.


സി. പി. കൃഷ്ണകുമാര്‍
മുംബൈയിലെ മുതിര്‍ന്ന ചെറുകഥാകൃത്തും നോവലിസ്റ്റുമായ ശ്രീ കൃഷ്ണകുമാറിന്റെതായി രണ്ടു കൃതികള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 2005-ല്‍ പെന്‍ ബുക്‌സ് പുറത്തിറക്കിയ 'സ്വത്വം' (നോവല്‍) ആണ് ആദ്യ കൃതി. 2009-ല്‍ 'സല്യൂട്ട്' ചെറുകഥാ സമാഹാരം പൂര്‍ണ്ണ പബ്ലിക്കേഷന്‍ പുറത്തിറക്കി.

ജോലി സംബന്ധമായി നാല്പതിലതികം വിദേശ രാജ്യങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്. സ്വന്തം യാത്രകളിലൂടെ ലഭിച്ച അനുഭവങ്ങളുടെ ആഴവും പരപ്പും സ്വന്തം കഥകളിലും ആവാഹിക്കാന്‍ കൃഷ്ണകുമാര്‍ ശ്രമിച്ചുകാണുന്നു. മുംബൈയുടെ സാംസ്‌കാരിക സര്‍ഗ്ഗാത്മക മണ്ഡലത്തില്‍ സജീവമായ ശ്രീ കൃഷ്ണകുമാര്‍ ഇപ്പോള്‍ തന്റെ 'ഉയരങ്ങളിലേക്ക്' എന്ന പുതിയ നോവല്‍ പൂര്‍ത്തിയാക്കി. പ്രസ്തുത കൃതി ഈ വര്‍ഷം തന്നെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

സ്വദേശം ആലപ്പുഴ, ചങ്ങനാശ്ശേരി എസ്. ബി. കോളേജ്, മുംബൈ യൂണിവാഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നായി കോളേജ് വിദ്യാഭ്യാസം. മുംബൈ ജമന്‍ലാല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നിന്ന് മാനേജ് മെന്റില്‍ മാസ്റ്റേഴ്‌സ് ബിരുദം. ഇപ്പോള്‍ മുംബൈയിലെ ഇന്‍ഫ്‌ലൈറ്റ് സര്‍വീസ് മേഖലയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. താമസം വെര്‍സോവ, മുംബൈ.

കൃഷ്ണകുമാറിന്റെ വേദിയിലവതരിപ്പിക്കുന്ന കഥകള്‍ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Monday, March 28, 2011

സി. പി. കൃഷ്ണകുമാറിന്റെ കഥകള്‍

|1 comments
അറിയപ്പെടുന്ന ചെറുകഥാകൃത്തും നോവലിസ്റ്റുമായ ശ്രീ സി. പി. കൃഷ്ണകുമാര്‍ മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചാപാരിപാടിയില്‍ എപ്രില്‍ മാസം അവതരിപ്പിക്കപ്പെടുന്ന രണ്ട് ചെറുകഥകള്‍. വേദിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയാത്ത മുംബൈയ്ക്ക് പുറത്തുള്ളവര്‍ കമെന്റ് വാളിലൂടെ വേദിയുടെ ചര്‍ച്ചയില്‍ പങ്കാളികളാവുക .

മോചനം
സി. പി. കൃഷ്ണകുമാര്‍

മകന്‍ കൊണ്ടുവന്ന എന്‍വലപ്, തുറക്കാതെ മേശപ്പുറത്തു വച്ചു. അതിലുള്ള വിവാഹ മോചന ഉടമ്പടി വായിച്ചു നോക്കി, പെട്ടെന്ന് അഭിപ്രായം അറിയിക്കണമത്രെ. അമ്മ ആവശ്യപ്പെടും പ്രകാരം ഉടമ്പടിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്നും അവന്‍ അറിയിച്ചു.
“കൈപ്പറ്റി” എന്ന് ഒരു കടലാസില്‍ എഴുതി വാങ്ങി മടങ്ങുന്ന സന്ദേശവാഹകന്റെ നിര്‍വ്വികാരത കാട്ടാന്‍ അവനായില്ല. വളരെ ശ്രദ്ധയോടെ വാക്കുകള്‍ തിരഞ്ഞുപിടിച്ച് അവന്‍ സംസാരിച്ചു. എങ്കിലും അവന്റെ നാവില്‍ നിന്നും വീഴുന്ന വാക്കുകള്‍ ശുഷ്‌കം. മുഖത്തെ പേശികളിലെ ചലനങ്ങള്‍ വാചാലവും.
അവനൊപ്പം വന്നിരിക്കുന്ന അവന്റെ ഭാര്യ, അമ്മായിഅമ്മ കാണാതെ അവന്റെ ചെവിയില്‍ മന്ത്രിച്ചു. അച്ഛന്‍ കൊടുത്തുവിട്ട വിവാഹമോചന ഉടമ്പടിയില്‍ ഒപ്പുവയ്ക്കാന്‍ അമ്മയെ സ്വാധീനിക്കുന്ന മകന് സഹായമാവുന്ന ഉപദേശം. “അമ്മ നിശ്ചയിക്കുന്ന ന്യായമായ ഒരു തുക ജീവനാംശമായി നല്‍കാന്‍ അച്ഛന്‍ തയ്യാറാണ്” അവന്റെ സ്വരം. ജയശ്രീ മറുപടി ഒന്നും പറഞ്ഞില്ല.
താന്‍ മനസ്സില്‍ നിന്നും എന്നോ ഇറക്കിവിട്ട രഞ്ജിത്തില്‍ നിന്നും താന്‍ ഒരു സഹായവും ആഗ്രഹിക്കുന്നില്ല ആറു വര്‍ഷം മുമ്പ് രഞ്ജിത്തിന്റെ മന്ത്രി മന്ദിരത്തില്‍ നിന്നും ഇറങ്ങിപ്പോന്നത് വെറും കൈയ്യോടെ ആയിരുന്നു. ചില പ്രസാധകര്‍ പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തുന്ന ജോലി തന്നു. ലാഭേച്ഛയില്ലാത്ത ഒരു സന്നദ്ധ സംഘടനയുടെ അനാഥാലയത്തിലെ ജോലിയും, ജയശ്രീയുടെ ദിവസങ്ങളെ തിരക്കുള്ളതാക്കി. “അമ്മ നാളെ ഒരു മറുപടി തന്നാല്‍, വ്യഴാഴ്ച കുടുംബക്കോടതിയില്‍ വച്ച് ഉടമ്പടി ഒപ്പിടാന്‍ വേണ്ട ഏര്‍പ്പാടു ചെയ്യാം” ജയശ്രീ അതിനും പ്രതികരിച്ചില്ല. മരുമകളുടെ വീര്‍ത്ത വയറിലേക്കു നോക്കി വാത്സല്യത്തോടെ പറഞ്ഞു
“ഈ സമയത്ത് ധാരാളം കാത്സ്യം കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയും. കുഞ്ഞിന് നല്ല എല്ലും പല്ലുമൊക്കെ ഉണ്ടാവണമല്ലോ?” എന്നിട്ട് മകനെ ചൂണ്ടി ഒന്നു പുഞ്ചിരിച്ചുകൊണ്ടു തുടര്‍ന്നു “ഇവനെ ഗര്‍ഭമുണ്ടായിരുന്നപ്പോള്‍ ഞാന്‍ ധാരാളം കാത്സ്യം ഗുളികകള്‍ തിന്നിട്ടുണ്ട്”
മകന്‍, അവന്‍ പറഞ്ഞുവന്ന വിഷയത്തിലേക്ക് തന്നെ മടങ്ങി
“അമ്മയ്ക്ക് എക്കാലവും വാടകവീട്ടില്‍ കഴിയാനാവില്ലല്ലോ! ഉടമ്പടി പ്രകാരം അച്ഛന്‍ അമ്മയ്ക്ക് ഒരു വീടു തരുന്നുണ്ട്”
“അഞ്ചാറു വര്‍ഷമായി കഴിയുന്ന വീട് സ്വന്തമല്ലെന്ന് ഒരിക്കല്‍പോലും തോന്നിയിട്ടില്ല മോനേ”
“വാടകയ്ക്കും വീട്ടു ചിലവിനും ഒക്കെയായി പണമുണ്ടാക്കുവാന്‍ അമ്മ എത്ര കഷ്ടപ്പെടണം...?”
“മനസ്സിനു സന്തോഷമുള്ള കാര്യങ്ങള്‍ ചേയ്ത് സ്വന്തം ജീവിതം പുലര്‍ത്താനാവുമ്പോള്‍ സംതൃപ്തി തോന്നും. കഷ്ടപ്പാടാണെന്നു തോന്നില്ല...”
“അച്ഛന്റെ ഒരു സ്വത്തിലും ഇനിമേല്‍ ഒരു രീതിയിലുള്ള അവകാശവുമില്ലെന്ന് എഴുതി ഒപ്പിട്ടു കൊടുക്കുമ്പോള്‍, അമ്മയ്ക്കു സ്വന്തമായി....”
“സ്വന്തം കാലില്‍ നില്ക്കാമെന്ന് ചങ്കുറപ്പുള്ളവര്‍ക്ക് അനുകമ്പയും ഔദാര്യവും ആവശ്യമില്ല. കുറേക്കാലം ഒപ്പം കഴിഞ്ഞതിനും രണ്ടു കുട്ടികളെ പ്രസവിച്ചു വളര്‍ത്തിയതിനും അവകാശവാദങ്ങളും ഇല്ല”
“എല്ലാം സ്വന്തമാക്കാനാഗ്രഹിക്കുന്ന വര്‍ക്കിടയില്‍, ഒന്നും സ്വന്തമല്ലാത്തവളായി ജീവിക്കുന്ന വഴിയാണ് എനിക്കിഷ്ടം” എന്നിട്ട് മേശപ്പുറത്തുകിടക്കുന്ന കടലാസിലേക്കു ചൂണ്ടി ജയശ്രീ പറഞ്ഞു. “എഴുതിക്കഴിഞ്ഞ ഈ അക്ഷരങ്ങള്‍ ഇനി എന്റേതല്ല... എന്റെ സമൂഹത്തിന്റേതാണ്....”
മകന്റെ മഞ്ഞളിച്ച മുഖം കണ്ട ജയശ്രീ സംസാരം നിര്‍ത്തി. അവന്റെ മുഖത്തേക്കു ശ്രദ്ധിച്ചു നോക്കി. ഒന്നും സ്വന്തമായില്ലാത്ത അമ്മയെപ്പറ്റി അവന്‍ തൊട്ടുമുമ്പുപറഞ്ഞ വ്യാകുലതയില്‍ എവിടേയോ സ്‌നേഹത്തിന്റെ ധ്വനി ഉള്ള തോന്നല്‍....
ഇതുവരെ കണ്ട ഒരു മരീചികയിലും ജലം കണ്ടിട്ടില്ലാത്ത ഒട്ടകം, ഇപ്പോള്‍ കണ്ട മരീചികയില്‍ ജലം ഉണ്ടെന്ന് ഉറപ്പിച്ച്, ഓടി അടുക്കുന്നതു പോലെ.
മാതൃത്വം യുക്തിയെ ബലഹീനമാക്കിയ നിമിഷം.
മകനും മരുമകളും മുറ്റത്തു കിടന്നിരുന്ന കാറില്‍ കയറി. ജയശ്രീ വാതില്‍പ്പടിയില്‍ നിന്നു കൈവീശി. കാര്‍ വാതിലിലെ ചില്ല് താഴ്ത്തിയിട്ട് മകന്‍ ചോദിച്ചു “അപ്പോള്‍ വ്യാഴാഴ്ച്ച ഒപ്പിടത്തക്കവണ്ണം.....” ജയശ്രീയുടെ മറുപടിക്കായി കാക്കാതെ തന്നെ അവന്‍ കാര്‍ വാതിലിന്റെ ചില്ല് ഉയര്‍ത്തി. കാര്‍ മുമ്പോട്ട് നീങ്ങി.
മുറിയില്‍ എഴുത്തു മേശയ്ക്കരികില്‍ ജയശ്രീ ഇരുന്നു. പരിഭാഷ നടത്തുന്ന പുസ്തകത്തിന്റെ മൂലകൃതിയിലൂടെ കണ്ണുകള്‍ സഞ്ചരിച്ചു. വലതുകയ്യിലെ പേന കടലാസില്‍ എന്തോ എഴുതാന്‍ ശ്രമിച്ചു. മൂലകൃതിയിലെ വാക്കുകള്‍ക്കും ആശയങ്ങള്‍ക്കും തത്തുല്യമായ പദങ്ങള്‍ പേനത്തുമ്പില്‍ വരുന്നില്ല. പുസ്തകത്തില്‍ അടയാളം വയ്ക്കുന്ന കാര്‍ഡുവച്ച് പുസ്തകം അടച്ചു. കയ്യിലെ പേന കടലാസിനുമുകളില്‍ വച്ചു.
വിവാഹമോചനമെന്ന രഞ്ജിത്തിന്റെ ആവശ്യം ജയശ്രീയെ അലട്ടുന്നില്ല. എങ്കിലും തന്റെ താരുണ്യത്തിന്റേയും യൗവ്വനത്തിന്റേയും ചില ഓര്‍മ്മകള്‍ മനസ്സിലെത്തുമ്പോള്‍ എഴുത്തില്‍ ശ്രദ്ധിക്കാനാവുന്നില്ല.
വിവാഹം എന്ന ചട്ടക്കൂടില്‍ തനിക്കു വിശ്വാസമില്ല. ഒരു വിവാഹ രജിസ്റ്ററിലും താനും രഞ്ജിത്തും ഒപ്പും വച്ചിട്ടില്ല. ഒരു ദേവാലയത്തില്‍ നിന്നും, പാര്‍ട്ടി പ്രമാണിമാരില്‍ നിന്നും തങ്ങള്‍ മാലവാങ്ങി പരസ്പരം ചാര്‍ത്തിയിട്ടില്ല. പരസ്പര സാമിപ്യം രണ്ടുപേര്‍ക്കും ആഹ്ലാദം നല്‍കിയ നാളുകളില്‍ ഒന്നിച്ചു ജീവിച്ചു. പൊരുത്തക്കേടുകള്‍ പെരുകിയപ്പോള്‍ രണ്ടു വഴിക്കു പിരിഞ്ഞു.
മുംബൈയിലെ ഒരു കോടതിവിധിയുടെ വാര്‍ത്ത പത്രത്തില്‍ വന്നതിനു പിറ്റേന്നാണ് രഞ്ജിത്ത്, മകന്‍ മുഖാന്തിരം വിവാഹമോചനം എന്ന ആവശ്യം തന്നെ അറിയിച്ചത്. കുറേക്കാലം ഒപ്പം കഴിഞ്ഞ ഒരു സ്ത്രീയെ ഔദ്യോഗികമായി വിവാഹം ചെയ്തില്ലെന്ന ന്യായത്താല്‍ ജീവനാംശം നല്കാതെ ഒഴിവാക്കാന്‍ ശ്രമിച്ച ഒരാള്‍ക്ക് എതിരെ വന്ന കോടതി ഉത്തരവായിരുന്നു വാര്‍ത്തയുടെ വിഷയം.
“ബന്ധം ബന്ധനമാകുമ്പോഴല്ലെ, മോചനം എന്ന വാക്കിനു പ്രസക്തിയുള്ളു? ഞാന്‍ നിന്റെ അച്ഛനെ ഒരു ബന്ധത്തിലും ആക്കിയിട്ടില്ല. ബന്ദിയെ മോചിപ്പിക്കാന്‍ വിലപേശല്‍ നടത്തുന്ന ഒരു പിടിച്ചു പറിക്കാരിയുടെ സംസ്‌ക്കാരമല്ല എനിക്കുള്ളത്”.
ജയശ്രീ പറഞ്ഞതിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലാക്കാതെ പകച്ചു നിന്ന മകനോട് കൃത്യമായി പറയേണ്ടിവന്നു” രഞ്ജിത്തിന്റെ ഒരു സ്വത്തിലും എനിക്ക് ഒരു അവകാശവാദവുമില്ല. ഒരിക്കലും രഞ്ജിത്ത് അത്തരമൊരു അവകാശവാദം ഭയപ്പെടേണ്ട”.
രഞ്ജിത്തിനുള്ള ബുദ്ധിസാമര്‍ത്ഥ്യം എന്റെ മകനില്ല. അല്ലായിരുന്നെങ്കില്‍ ഇക്കാര്യം ഇത്ര വിശദീകരിച്ചു പറയേണ്ടി വരില്ലായിരുന്നു. ചെറുപ്പത്തില്‍ രഞ്ജിത്തിന് തന്റെ മകനേക്കാള്‍ സൗന്ദര്യവും ആകര്‍ഷകത്വവും ഉണ്ടായിരുന്നു. തുടുത്ത കവിളും വാടിവൊത്ത ശരീരവും, സദാ പുഞ്ചിരിയുള്ള മുഖവും രഞ്ജിത്തിനെ പെണ്‍കുട്ടികളുടെ പ്രിയങ്കരനാക്കി. രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക വിഷയങ്ങളെപ്പറ്റി പ്രസംഗിക്കുന്ന രഞ്ജിത്തിനെ ഈ വിഷയങ്ങളില്‍ ആഴത്തില്‍ വായിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്ന ഒരു പണ്ഡിതന്‍ എന്ന് താനും ധരിച്ചുപോയി. ഒരേ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരായി പരസ്പരം ഇടപെട്ടപ്പോള്‍, വാക്കുകളില്ലാതെ സംവദിക്കപ്പെടുന്ന വാചാലമായ പ്രണയം അനുഭവിച്ചറിഞ്ഞു.
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വത്തിലെത്തിയ രഞ്ജിത്ത്, കോളേജ് യുണിയന്‍ തരഞ്ഞെടുപ്പില്‍ മത്സരിച്ച ജയശ്രീക്കു വേണ്ടി നടത്തിയ പ്രസംഗങ്ങള്‍ യുവ രാഷ്ട്രീയ നേതാവായും, രാഷ്ട്രീയ പാര്‍ട്ടിയുടെ യുവാവായ സംസ്ഥാന നേതാവായും ഉള്ള രഞ്ജിത്തിന്റെ സ്ഥാനക്കയറ്റങ്ങള്‍.
ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സാമാജികരില്‍ ഒരാളായിരുന്ന രഞ്ജിത്തിനൊപ്പം താന്‍ താമസം തുടങ്ങിയപ്പോള്‍ യാഥാസ്ഥിതികം എന്നു കരുതിയിരുന്ന സമൂഹത്തില്‍പ്പെട്ടവര്‍ പോലും ആശംസകള്‍ നേര്‍ന്നു. അടുത്ത തിരഞ്ഞെടുപ്പിലും വന്‍ ഭൂരിപക്ഷം നേടിയ രഞ്ജിത്തിന്റെ രാഷ്ട്രീയ സഞ്ചാരം. തങ്ങളുടെ രണ്ടു കുട്ടികളും സ്‌കൂളില്‍ പോകുന്ന പ്രായമായി. രഞ്ജിത്ത് ആദ്യമായി സംസ്ഥാന മന്ത്രിസഭയിലെ അംഗവും.
അധികാരവും അതുമായി ബന്ധപ്പെട്ട കക്ഷി രാഷ്ട്രീയവും രഞ്ജത്തിന് വ്യത്യസ്ഥമായ പ്രചോദനങ്ങള്‍ നല്‍കി. വോട്ടു ബാങ്കുകള്‍ സൃഷ്ടിക്കുന്നതിനും അവയെ തനിക്ക് അനൂകൂലമായി ഉപയോഗപ്പെടുത്തുന്നതിലും രഞ്ജിത്ത് പ്രാവിണ്യം കാട്ടി. യുക്തികളെ നിഷ്പ്രഭമാക്കുന്ന വൈകാരിക വിക്ഷോഭങ്ങളിലൂടെ വോട്ടു ബാങ്കുകളെ തനിക്കൊപ്പം നിലനിര്‍ത്താന്‍ രഞ്ജിത്തിന് വല്ലാത്ത നൈപുണ്യം. സ്വകാര്യ സംമ്പാദ്യങ്ങളില്ലാത്ത തന്റെ രാഷ്ട്രീയാചാര്യനോടുള്ള പുച്ഛം പുറത്തു കാട്ടാത്ത കൗശലവും.
വോട്ടുബാങ്കുകളുടെ ഭാഗമാവാത്തവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത് കണ്ട് ജയശ്രീ നൊമ്പരപ്പെട്ടു. അധികാരികളും, അവകാശ സംരക്ഷകരും കേള്‍ക്കാത്ത സാമൂഹ്യരോദനങ്ങളും, ഞരക്കങ്ങളും ജയശ്രീയെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു. പല വര്‍ഗ്ഗങ്ങളായി തരം തിരിച്ചു കാണുന്ന മുഷ്യരെല്ലാം ആത്യന്തികമായി ഒരേ സ്വത്വത്തിന്റെ വ്യത്യസ്ഥ രംഗപ്രവേശങ്ങളാണെന്നു താന്‍ പറഞ്ഞത് ആയാള്‍ക്ക് ഒട്ടും ഇഷ്ടപെട്ടില്ല. സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയെപ്പറ്റിമാത്രം ചിന്തിക്കുവാനും, അതു പ്രതിനിധാനം ചെയ്യുന്ന വര്‍ഗ്ഗത്തെപ്പറ്റി മാത്രം വ്യാകുലപ്പെടണമെന്നും അയാളുടെ ശക്തമായ താക്കീത്.
രഞ്ജിത്ത് പ്രതിനിധാനം ചെയ്യുന്ന കക്ഷിയും, അവരെ എതിര്‍ക്കുന്ന കക്ഷിയും സാമൂഹ്യ നീതിയുടെ പേരില്‍ ചെയ്യുന്നതു പലതും രാഷ്ട്രീയ പ്രീണിപ്പിക്കലും വിലപേശാത്തവന്റെ മനുഷ്യാവകാശങ്ങളുടെ അപഹരണവുമാണെന്നു പറഞ്ഞപ്പോള്‍, അയാള്‍ തന്നെ അരാഷ്ട്രീയക്കാരി എന്നു വിളിച്ച് അപഹസിച്ചു.
കുറച്ചു കാലം അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായിക്കഴിഞ്ഞാല്‍ ചിന്തകളും ദര്‍ശനങ്ങളും ചില ചട്ടക്കൂടുകളുടെ പരിധി ഭേദിക്കാന്‍ ശക്തിയില്ലാത്തവയാകുമെന്ന് തെളിയിച്ച അനുഭവങ്ങള്‍. ഭൂമിയിലെ എല്ലാറ്റിന്റേയും നിയന്ത്രണം രാഷ്ട്രീയമേലാളന്മാര്‍ക്കു വേണമെന്നു ശഠിക്കുന്നതു മൂഢത്വമാണെന്ന് താന്‍ പറഞ്ഞതു കേട്ട് പൊട്ടിത്തെറിച്ച രഞ്ജിത്തിന്റെ അപക്വമായ രാഷ്ട്രീയ സഹിഷ്ണുത.
അധികാര രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്തവര്‍ ചെയ്ത പോരാട്ടങ്ങളുടെ അവകാശവാദം ഉയര്‍ത്തുന്നതിനായി ചരിത്രം പോലും തങ്ങള്‍ പറയുന്ന രീതിയിലെഴുതിക്കുന്ന നേതാക്കള്‍. തങ്ങള്‍ എതിര്‍ത്ത സാമൂഹ്യ പരിഷ്‌ക്കരണങ്ങള്‍ സ്വന്തം നേട്ടങ്ങളായി ചിത്രീകരിച്ച് വോട്ടുപിടിക്കുന്നതില്‍ തെറ്റില്ലെന്നു പറയുന്ന രഞ്ജിത്തിന്റെ ന്യായവാദങ്ങള്‍. മൂല്യങ്ങള്‍ കൈമോശം വന്ന രഞ്ജിത്തിനെ പോലെയുള്ളവരുടെ കക്ഷി രാഷ്ട്രീയത്തിന് സമൂഹം കീഴ്‌പ്പെട്ടു. പ്രണയമില്ലാത്ത കാമവുമായി രഞ്ജിത്ത് ജയശ്രീയുടെ ശരീരത്തേയും നിരന്തരം കീഴ്‌പ്പെടുത്തി. വലിയ പര്‍വ്വതം എന്ന് സ്വയം അഭിമാനിക്കുന്ന കുന്നിനു മുകളിലൂടെ പറന്ന് കുന്നിന്റെ ഉയരം കൃത്യമായി കണ്ടറിഞ്ഞ പക്ഷിയുടെ മനസ്സായിരുന്നു ജയശ്രീയുടേത്. കുന്നിന്റെ ഉയരം തനിക്ക് ഒരു വിഷയമേ അല്ലെന്നു തിരിച്ചറിയുന്ന പക്ഷിയുടെ മനസ്സ്.
സിദ്ധാന്തങ്ങളുടെ മുഖംമൂടി, ഭയാനാകമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കു കവചമാകുന്നതു കണ്ടപ്പോള്‍ ജയശ്രീ രഞ്ജിത്തിനെ അവളുടെ മനസ്സില്‍ നിന്നും പുറത്താക്കി. മന്ത്രിമന്ദിരത്തില്‍ നിന്നും വാടക വീട്ടിലേക്കു താമസം മാറിയപ്പോള്‍ മനസ്സ് തടവറയ്ക്ക് പുറത്തെ സുഖം അനുഭവിച്ചു.
പിന്നെ രഞ്ജിത്തിനെ നേരില്‍ കണ്ടിട്ടില്ല ടെലിവിഷനില്‍ അയാളുടെ മുഖം കാണുമ്പോഴും ശബ്ദം കേള്‍ക്കുമ്പോഴും, അയാള്‍ സംസാരിക്കുന്ന വിഷയങ്ങളുടെ സാമൂഹ്യ പ്രസക്തിയെപ്പറ്റി മാത്രമെ ജയശ്രീ ചിന്തിച്ചിട്ടുള്ളു.
ക്രിക്കറ്റു കളിച്ചും സിനിമയില്‍ അഭിനയിച്ചും പ്രശസ്തി നേടാനാവാതെ വന്ന മകന്‍ നിയമസഭാസാമാജികത്വം പൈതൃകമായി കിട്ടിയവരുടെ പാതയിലെത്തി. രാഷ്ട്രീയ പ്രബുദ്ധര്‍ എന്നു സ്വയം വിശേഷിപ്പിച്ചവര്‍ അവന് ജയ് വിളിച്ചു. ഒരു വമ്പന്‍ വ്യവസായിയുടെ മകളുമായുള്ള അവന്റെ വിവാഹം വലിയൊരു ആഘോഷമായിരുന്നു. ദമ്പതിമാരെ മനസ്സുകൊണ്ട് അനുഗ്രഹിച്ച ജയശ്രീ വിവാഹചടങ്ങിന് എത്താത്തതില്‍ മകന് ഒട്ടും പരിഭവവുമില്ല. വിവാഹം എന്ന ആശയത്തെപ്പോലും അംഗീകരിക്കാത്ത അമ്മയ്ക്ക് തന്നോട് സ്‌നേഹക്കുറവില്ലെന്ന് മകനറിയാം. വല്ലപ്പോഴും സന്ദര്‍ശകനായി വരുന്ന മകന്‍ ഒരിക്കല്‍പോലും അഞ്ചു മനിട്ടിലേറെ അമ്മയോടൊപ്പം സമയം ചിലവിട്ടിട്ടില്ല.
വിദേശത്തു പഠിക്കുന്ന മകള്‍ എല്ലാവര്‍ഷവും അച്ഛനെ കാണാന്‍ നാട്ടില്‍ എത്താറുണ്ട്. അവധിക്കാലം അച്ഛനോടൊപ്പം ചില സാമൂഹ്യ ചടങ്ങുകളിലൊക്കെ പങ്കെടുത്ത് ടെലിവിഷനിലും പത്രങ്ങളിലും സ്വന്തം ചിത്രം കാണാന്‍ അവള്‍ മറക്കാറില്ല. അമ്മയുടെ ലളിത ജീവിതത്തേക്കാള്‍ അവള്‍ക്ക് അഭികാമ്യം അച്ഛന്റെ സാമൂഹ്യ മാന്യതയാണ്. കഴിഞ്ഞ രണ്ടു വരവുകളില്‍ അമ്മയെ ഒന്നു കാണാനുള്ള സമയം കണ്ടെത്താന്‍ അവള്‍ക്കു സാധിച്ചില്ല. രഞ്ജിത്ത് തനിക്ക് ഇന്നൊരു അന്യനാണ്. പക്ഷെ മകളെ മനസ്സില്‍ നിന്നും പൂര്‍ണ്ണമായി പുറത്താക്കാനാവുന്നില്ല.
ജയശ്രീ ചിന്തകളെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. മനസ്സിനെ ശാന്തമാക്കി. പിന്നെ ശൂന്യവും.
മേശപ്പുറത്തു വച്ചിരുന്ന പരിഭാഷക്കായുള്ള മൂലഗ്രന്ഥം തുറന്നു വായിച്ചു. പലപ്രവശ്യം വായിച്ച് ഏതാണ്ട് ഹൃദിസ്തമായ വരികള്‍. എങ്കിലും എഴുതുന്നതിനു തൊട്ടു മുന്‍പ് പരിഭാഷപ്പെടുത്തുന്ന ഭാഗങ്ങള്‍ വീണ്ടും വായിക്കണമെന്ന് ജയശ്രീക്കു നിര്‍ബന്ധമുണ്ട്.
മൂലകൃതിയിലെ ഭാവതലങ്ങള്‍ ജയശ്രീയുടെ മനസ്സില്‍. ഓരോ കഥാപ്രത്രവും ജയശ്രീയുടെ മാതൃഭാഷയിലെ വാക്കുകളിലൂടെ പുനര്‍ജ്ജനിച്ചു.
മറ്റൊരു ചിന്തയും അലോസരപ്പെടുത്താതെ ജയശ്രീ എഴുത്തു തുടര്‍ന്നു.
മകന്‍ കൊണ്ടുവന്ന കടലാസുകള്‍, മേശപ്പുറത്തു കിടക്കുന്ന പൊട്ടിക്കാത്ത എന്‍വലപ്പിന് ഉള്ളില്‍ത്തന്നെ.അഭയാര്‍ത്ഥിപ്പാളയം
സി. പി. കൃഷ്ണകുമാര്‍

കുറിപ്പ്:
ഉത്തര തായ്‌ലാന്റില്‍ മിയാന്‍മാര്‍ അതിര്‍ത്തിയില്‍ നിന്നും അധികം ദൂരത്തല്ലാതെ ഒന്‍പത് അഭയാര്‍ത്ഥി ക്യാമ്പുകളുണ്ട്. പട്ടാള ഭരണം നിലവിലുള്ള മിയാന്‍മാറില്‍ നിന്നും എത്തിയ 110,000 ല്‍പരം അഭയാര്‍ത്ഥികള്‍, ഈ ക്യാമ്പുകളില്‍ കഴിയുന്നു. “ബാന്‍മയി നായിസോയി” എന്ന സ്ഥലത്താണ് ഈ ക്യാമ്പുകളില്‍ ഒന്ന്. അതിര്‍ത്തിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ മാത്രം അകലത്തില്‍. യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷന്‍ ഫോര്‍ റഫ്യൂജീസ് (യു.എന്‍.എച്ച്.സി.ആര്‍) ന്റെ “ഗുഡ് വില്‍” അമ്പാസഡറായി ഓസ്‌കാര്‍ അവാര്‍ഡു ജേതാവായ അഞ്ജലീനാ ജോയി, 2009 ല്‍ ഇവിടെ സന്ദര്‍ശിച്ചപ്പോള്‍ ക്യാമ്പില്‍ ജനിച്ചു വളര്‍ന്ന ഒരു 21 വയസ്സുകാരി പുറം ലോകം എങ്ങനെയിരിക്കും എന്ന് അറിയില്ലാന്നു പറഞ്ഞത്രെ. ക്യാമ്പിലുള്ളവര്‍ക്ക് അതിന്റെ അതിര്‍ത്തിക്കു പുറത്തു കടക്കാന്‍ അവകാശം ഇല്ല. ലോകത്തെ വ്യത്യസ്ത ദേശങ്ങളില്‍ യുദ്ധങ്ങളും അധികാര മത്സരങ്ങളും സൃഷ്ടിക്കുന്ന ആരും അറിയാത്ത ഇത്തരം അശരണര്‍ക്കൊപ്പം... സ്വന്തം ചിന്തകള്‍ പോലും അന്യര്‍ക്കു വിധേയപ്പെട്ടുപോയവര്‍ക്കൊപ്പം.... ഒരിത്തിരി നേരം.

മകളുടെ പ്രസവ ശസ്ത്രക്രിയക്കുള്ള സമ്മത പത്രത്തില്‍ ഒപ്പിട്ട ശേഷം അവളുടെ അച്ഛന്‍ മടങ്ങിപ്പോയി. പിറക്കാന്‍ പോവുന്ന കുഞ്ഞിന്റെ പിതൃത്വം എഴുതിയിട്ടില്ലാത്ത രേഖ അഭയാര്‍ത്ഥിക്യാമ്പില്‍ അസാധാരണമല്ല. തങ്ങള്‍ മാതൃരാജ്യം എന്നു വിളിക്കുന്ന രാജ്യത്തെ പൗരനാവാന്‍ ഈ കുട്ടിക്കും അവകാശം കിട്ടും. അധികം വൈകാതെ, അവിടത്തെ ഭരണ സംവിധാനത്തില്‍ മാറ്റം ഉണ്ടാവുമെന്നും, അഭയാര്‍ത്ഥിക്യാമ്പിലുള്ളവര്‍ക്കൊക്കെ ജനാധിപത്യവും സ്വാതന്ത്ര്യവുമുള്ള ഒരു സാമൂഹ്യ ജീവിതം സ്വന്തമാവുമെന്നുമുള്ള വാഗ്ദാനം പുതിയതൊന്നുമല്ല.
അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും രണ്ടോ മൂന്നോ കിലോമീറ്ററിനപ്പുറത്താണ് തങ്ങള്‍ മാതൃരാജ്യം എന്നു വിളിക്കുന്ന രാജ്യത്തിന്റെ അതിര്‍ത്തി. അതു കഴിഞ്ഞാല്‍ കുറെ കുന്നുകള്‍. കുന്നുകള്‍ക്കിടയിലൂടെ കാണുന്ന പഗോഡയില്‍ അവസാനമായി പ്രാര്‍ത്ഥിച്ചിട്ട് ഇരുളേറിയ കാടുകള്‍ താണ്ടി. അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തിയ അനുഭവം അവളുടെ അച്ഛന്‍ പറഞ്ഞുകേട്ടിട്ടുണ്ട്. വൃദ്ധരും മദ്ധ്യവയസ്‌കരുമായ ഒട്ടേറെപ്പേര്‍ക്ക് സമാനമായ കഥകള്‍ പറയാനുണ്ട്. ഹ്രസ്വമായൊരു അഭയാര്‍ത്ഥി ജീവിതം കഴിഞ്ഞ് ഈ ജന്മനാട്ടിലേക്കു മടങ്ങാന്‍ കൊതിച്ചവരില്‍ പലരും അഭയാര്‍ത്ഥി ക്യാമ്പിനുള്ളില്‍ ജീവിച്ചു മരിച്ചു. സുഹൃത്തിന്റെ ദേഹം അടക്കം ചെയ്തു മടങ്ങുമ്പോള്‍ ദൂരെക്കാണുന്ന പഗോഡയിലേക്കു നോക്കി നെടുവീര്‍പ്പിടുന്ന വൃദ്ധര്‍.
തങ്ങളുടെ മോഹങ്ങള്‍ക്കു ചുറ്റുമുള്ള നിസ്സംഗതയുടെ കവചത്തിനു മേല്‍ ഒരു വലയം കൂടി രൂപപ്പെടുന്നത് അവര്‍ അറിയുന്നു. മുപ്പതിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മോഹങ്ങള്‍ക്കും വീര്‍പ്പുമുട്ടി. ചില മനസ്സുകളില്‍ മോഹത്തിന്റെ സ്ഫുലിംഗങ്ങള്‍ അണഞ്ഞും പോയി.
ഈ ക്യാമ്പില്‍ത്തന്നെ ജനിച്ചു വളര്‍ന്ന അടുത്ത തലമുറയ്ക്ക് ഈ വേലിക്കെട്ടുകള്‍ക്കു പുറത്തെ ലോകം തികച്ചും അപരിചിതം. ക്യാമ്പിലെ ആശുപത്രിയിലോ, ഏതെങ്കിലും കുടിലിലോ ആവും പിറന്നു വീണത്. ഇവിടത്തെ സ്‌കൂളില്‍ത്തന്നെ പഠിക്കും. അധികം പേരും പത്തു ക്ലാസ്സിനപ്പുറം പഠിക്കാറില്ല. മുളം പായുകള്‍ ഉണ്ടാക്കുക, കുട്ട നെയ്യുക, തൊപ്പി തുന്നുക, മാല കോര്‍ക്കുക തുടങ്ങിയ പരമ്പാരാഗത തൊഴില്‍ ചെയ്ത് നിത്യവൃത്തിക്കുള്ള വരുമാനം ഉണ്ടാക്കും. വിവാഹം, പ്രസവം തുടങ്ങിയവയൊക്കെ സ്വാഭാവികമായ ജൈവശാസ്ത്ര പ്രക്രിയകള്‍.
പത്തു ക്ലാസ്സിനപ്പുറം പഠിച്ചവര്‍ക്ക് ഇംഗ്ലീഷ് ഭാഷ കുറെയൊക്കെ അറിയാം. പന്ത്രണ്ടു ക്ലാസ്സുവരെ പഠിച്ചവര്‍ക്ക് ക്യാമ്പിലെ സ്‌കൂളില്‍ അദ്ധ്യാപകരായും, ക്യാമ്പ് ആഫീസിലെ ക്ലാര്‍ക്കായുമൊക്കെ ജോലികിട്ടും. പഠിപ്പുള്ള അഭയാര്‍ത്ഥികള്‍ പാശ്ചാത്യരാജ്യങ്ങളില്‍ കുടിയേറ്റക്കാരാവാനുള്ള അപേക്ഷ നല്കും. ഭാഗ്യം തുണച്ച പലരും ക്യാമ്പിനോടു വിടപറഞ്ഞ് പോയി. കുടിയേറ്റ പ്രതീക്ഷയുമായി പിന്നേയും ഒരുപാടുപേര്‍.
ഏതൊക്കെയോ സമ്പന്ന രാജ്യങ്ങളില്‍ ഉള്ളവരുടെ ഔദാര്യം മൂലമാണ് ഞങ്ങളുടെ ആരോഗ്യപരിപാലനവും, വിദ്യാഭ്യാസവും ഒക്കെ സാദ്ധ്യമാകുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ചിലരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിഗൂഢ ലക്ഷ്യമുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഞങ്ങളുടെ ചിന്തകളെപ്പോലും വിധേയപ്പെടുത്തുന്നതില്‍ അവര്‍ വിജയിക്കുന്നു.
പ്രസവ സമയം വരെ ആശുപത്രിയില്‍ നില്ക്കാന്‍ അച്ഛനാവില്ല. ഉടനെ തന്നെ മടങ്ങി എത്താം എന്നു പറഞ്ഞാണത്രെ അച്ഛന്‍ ഇപ്പോഴത്തെ ഭാര്യയില്‍ നിന്നും അനുവാദം വാങ്ങി, ആശുപത്രിയിലേക്ക് വന്നത്.
മൂന്നുമാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് സുന്ദരനായ മറ്റൊരു കാമുകനോടൊപ്പം പോയ തന്റെ അമ്മയായിരുന്നു അച്ഛന്റെ ആദ്യഭാര്യ. രണ്ടുകുട്ടികളെ പ്രസവിച്ച രണ്ടാമത്തെ ഭാര്യയെ അച്ഛന്‍ ഉപേക്ഷിക്കുകയായിരുന്നു. മുത്തമാലകള്‍ കോര്‍ത്തു വില്‍ക്കുന്ന സുന്ദരിയാണ് അച്ഛന്റെ ഇപ്പോഴത്തെ ഭാര്യ. അവര്‍ക്ക് അച്ഛനെക്കാള്‍ നന്നെ ചെറുപ്പം. പാവക്കൂത്തുകാരിയുടെ ഞാണിലെ പാവയെപ്പോലെ അവര്‍ക്കൊപ്പം തന്റെ അച്ഛനും.
ഈ അഭയാര്‍ത്ഥി ക്യാമ്പ് പുറം ലോകത്തുനിന്നും തികച്ചും ഒറ്റപ്പെട്ടതാണ്. കുന്നിന്‍ മുകളിലെ അഭയാര്‍ത്ഥിക്യാമ്പിനുചുറ്റും നല്ല ബലമുള്ള സംരക്ഷണവേലി. അതു കഴിഞ്ഞാല്‍ നിബിഢമായ വനം. ക്യാമ്പില്‍ നിന്നും പുറത്തേക്കുള്ള ഇടുങ്ങിയ റോഡിലൂടെ ഇരുപതോളം കിലോമീറ്റര്‍ യാത്ര ചെയ്താലെ തൊട്ടടുത്ത ജനവാസകേന്ദ്രത്തില്‍ എത്താനാവൂ. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലുള്ള ഈ റോഡിലൂടെ സഞ്ചരിക്കുന്നത്, ക്യാമ്പ് അധികൃതര്‍ നല്കുന്ന പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡോ, സന്ദര്‍ശനാനുമതി പത്രമോ ഉള്ളവര്‍ മാത്രമാണ്. അഭയാര്‍ത്ഥികള്‍ക്ക് ക്യാമ്പിന്റെ വേലിക്കെട്ടിനു പുറത്തുപോകാന്‍ അനുവാദമില്ല.
പണ്ടൊക്കെ ഈ രാജ്യത്തെ ആളുകളുടെ വീടുകളില്‍ ജോലി ചെയ്ത് തുച്ഛമായ പ്രതിഫലം സംമ്പാദിക്കാന്‍ അഭയാര്‍ത്ഥികളെ അനുവദിച്ചിരുന്നു. അഭയാര്‍ത്ഥിക്യാമ്പിലെ പെണ്‍കുട്ടികള്‍ തദ്ദേശവാസികളുമായി പ്രണയബന്ധത്തില്‍ ഏര്‍പ്പെടുന്നത് സാമൂഹ്യവ്യവസ്ഥിതിയെ ബാധിക്കുമെന്ന കാരണത്താല്‍ ഈ അനുവാദം പിന്‍വലിച്ചു.
പത്തുക്ലാസ്സുവരെ അവള്‍ പഠിച്ചു. അതിനുശേഷം അഭയാര്‍ത്ഥി ക്യാമ്പിലെ ആശുപത്രിയില്‍ ചില്ലറ ജോലി. അവളുടെ വരുമാനം അച്ഛനു സഹായമായി. ഒപ്പം ജോലിചെയ്യുന്ന ചെറുപ്പക്കാരനുമായുള്ള അടുപ്പം കൂടിവന്ന സമയത്താണ്, ക്യാമ്പില്‍ പുതുതായി വന്ന ബോസിന്റെ ഓഫീസിലെ സഹായിയായി ജോലികിട്ടിയത്. ഓഫീസിലെ ജോലിക്കൊപ്പം ബോസിന്റെ വീട്ടിലെ ജോലിയും കൂടി ചെയ്തു തുടങ്ങിയപ്പോള്‍, ബോസിന്റെ വീട്ടിലെ ഒരു മുറിയില്‍ താമസിക്കാന്‍ അനുവാദം കിട്ടി. അച്ഛന്റെ കുടിലിനെക്കാള്‍ സൗകര്യങ്ങള്‍ കൂടിയ വീട്ടിലെ താമസം സുഖമുള്ളതായി. താന്‍ പ്രണയിച്ച ചെറുപ്പക്കാരനെ അവള്‍ക്ക് പിന്നെ കാണാന്‍ സമയം ഒത്തു വന്നില്ല.
ബോസ് പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കുവാനും ജോലികള്‍ ഭംഗിയായി ചെയ്യുവാനും അവള്‍ക്കറിയുന്നത്ര ഇംഗ്ലീഷ് പരിജ്ഞാനം സഹായമായി. ബോസ് പറയുന്ന ജീവിതാനുഭവങ്ങള്‍ നിത്യേന കേട്ടപ്പോള്‍, ഒരു പാടു പുതിയ ഇംഗ്ലീഷ് വാക്കുകള്‍ അവളുടെ നാവിലെത്തി.
ആഫ്രിക്കയിലെ ഒരു രാജ്യത്ത് രണ്ടു ഗോത്രങ്ങള്‍ പടവെട്ടി. അന്താരാഷ്ട്ര സംഘടനയുടെ സമാധാന ശ്രമവുമായി ബോസ് അവിടെ എത്തി. അനാഥ മൃതദേഹങ്ങള്‍ സംസ്‌കരിച്ചും മുറിവേറ്റവരെ ശുശ്രൂഷിച്ചും കടന്നുപോയ നാളുകള്‍. ഒരു ഗോത്രത്തെ ഉന്മൂല നാശത്തില്‍ നിന്നും രക്ഷിച്ചശേഷം മടങ്ങി. അതേ ഭൂഖണ്ഡത്തിലെ മറ്റൊരു രാജ്യത്ത് വറുതിയും പട്ടിണിയും. കുളിരില്ലെങ്കിലും തളിര്‍ക്കുന്ന വൃക്ഷത്തിലെ അവസാനത്തെ കിളിര്‍പ്പ് തിന്നാന്‍ കൊതിച്ച്, മരത്തിന്റെ ശിഖരത്തിലിരുന്നു മരിച്ചുപോയ എല്ലുമാത്രം ശേഷിച്ച കറുത്ത ബാലന്റെ കഥ ബോസ് പറഞ്ഞു.
ഇരുപത്തി എട്ടു വയസ്സിനകം അദ്ദേഹം കണ്ട മനുഷ്യനൊമ്പരങ്ങള്‍!. അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും ജോലി ചെയ്യാനായത് ഭാഗ്യമെന്ന് അവള്‍ കരുതി. ബോസ് ഇവിടെ എത്തിയിട്ട് മൂന്നു വര്‍ഷത്തിലേറെയായി. അദ്ദേഹത്തിന്റെ ഗന്ധം അവളുടെ നാസികയ്ക്ക് എറ്റവും പ്രിയമുള്ളതും.
കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹത്തെ വിരളമായെ അവള്‍ കണ്ടിട്ടുള്ളു അദ്ദേഹത്തിനു വല്ലാത്ത തിരക്കാണ്. മനസ്സില്‍ ഒരുപാടു പിരിമുറുക്കങ്ങളുണ്ടെന്നു സൂചന നല്കുന്ന മുഖം. സ്വകാര്യ സംസാരങ്ങള്‍ക്കായി തീരെ സമയമില്ല.
അവളുടെ കിടപ്പറയുടെ വാതില്‍ക്കല്‍ കണ്ട ബോസിനോട് ഒരു രാത്രി അവള്‍ ചോദിച്ചു.
“ഒരു രാജ്യത്തേയും പൗരനല്ലാത്ത അഭയാര്‍ത്ഥിയായിത്തന്നെയാണോ എന്റെ കുഞ്ഞു പിറക്കേണ്ടത് ?”
“ഈ അഭയാര്‍ത്ഥി ക്യാമ്പില്‍ പിറന്നുവീണ എല്ലാ കുഞ്ഞുങ്ങള്‍ക്കും നിന്റെ മാതൃരാജ്യത്തെ പൗരത്വം അവകാശപ്പെട്ടതല്ലെ?”
“എന്റെ ബാല്യത്തിലും ഞങ്ങള്‍
അങ്ങനെ പ്രതീക്ഷിച്ചു”.
“സഹജീവികള്‍ക്കൊപ്പം നേടേണ്ട അവകാശം നിനക്കു കുറുക്കു വഴിയിലൂടെ നേടണമോ?”
“എന്റെ ജനനത്തിനു മുമ്പു തന്നെ തുടങ്ങിയ പോരാട്ടത്തിന്റെ വിജയത്തിന് അനിവാര്യമാണെങ്കില്‍ എന്റെ കുഞ്ഞ് അഭയാര്‍ത്ഥിയായിത്തന്നെ പിറക്കട്ടെ”. അവളുടെ മറുപടി.
തിരക്കുണ്ടായിരുന്നതിനാല്‍ ബോസ് മറുപടി പറയാതെ അദ്ദേഹത്തിന്റെ കിടപ്പുമുറിയിലേക്കു നടന്നു.
അടുത്ത ദിവസം അവള്‍ ആശുപത്രിയില്‍ പോയി. പ്രസവ സമയം അടുത്തതിനാല്‍ അവള്‍ ആശുപത്രിയില്‍ നിന്നും മടങ്ങണ്ട എന്നാണ് ഡോക്ടര്‍ ഉപദേശിച്ചത്.
കുറേ എറെ കട്ടിലുകള്‍ ഇട്ടിരിക്കുന്ന വിശാലമായ ഹോള്‍. അതിന്റെ ഒരറ്റത്തെ ജനലിനോടു ചേര്‍ന്നുള്ള കട്ടിലാണ് അവള്‍ക്ക് അനുവദിച്ചത്. കട്ടിലിനോടു ചേര്‍ത്ത് ഒരു സ്റ്റാന്റ് അതില്‍ തൂക്കിയിട്ട കുപ്പിയിലെ ദ്രാവകം ഇടത്തെ കയ്യില്‍ കുത്തിവച്ച സൂചിയിലൂടെ അവളുടെ ശരീരത്തിലേക്കു കടക്കുന്നു.
ഒരു രാത്രി കടന്നുപോയി.
രാവിലെ പരിശോധന നടത്തിയ ഡോക്ടര്‍, അവള്‍ക്ക് ശസ്ത്രക്രിയ ആവശ്യമായേക്കും എന്നു പറഞ്ഞു. അതിനായി അവളുടെ അച്ഛനെക്കൊണ്ട് സമ്മത പത്രത്തില്‍ ഒപ്പിടുവിച്ചു.
കയ്യില്‍ സൂചികുത്തിയ ഭാഗത്തിന് നല്ല വേദന. അതിനു ചുറ്റുമുള്ള ഭാഗത്ത് ഇത്തിരി നീരുവച്ചതുപോലെ തടിപ്പ്. വയറിനുള്ളിലെ ചലനം സാവകാശം കൂടിക്കൂടിവരുന്നു. ഈ ചലനം കുറേക്കൂടി വര്‍ദ്ധിച്ചു കഴിഞ്ഞാല്‍ പ്രസവവേദന ആരംഭിക്കുമെന്നാണ് നഴ്‌സുമാര്‍ പറഞ്ഞുതന്നിരിക്കുന്നത്. ആനന്ദം തരുന്ന വേദനയ്ക്കായുള്ള കാത്തിരിപ്പിനും സുഖം. കട്ടിലിനപ്പുറത്തെ ജനല്‍ പാളികള്‍ക്കിടയിലൂടെ വരുന്ന നേര്‍ത്ത ശബ്ദം അവള്‍ ശ്രദ്ധിച്ചു.
തന്റെ ബോസിന്റെ ശബ്ദം.
എത്ര കേട്ടാലും മതിവരാത്ത ശബ്ദം.
അടഞ്ഞ ജനലിനപ്പുറം ആശുപത്രിയുടെ ഓഫീസാണ്. ജനല്‍വാതിലുകള്‍ക്കിടയിലുള്ള വിടവിനോടു ചേര്‍ത്ത് ചെവി വച്ചു. കയ്യില്‍ കുത്തിവച്ചിരിക്കുന്ന സൂചി ഊരിപ്പോവാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. ബോസിന്റെ വാക്കുകള്‍ ഇപ്പോള്‍ കേള്‍ക്കാനാവുന്നുണ്ട്. തന്റെ ബോസ് ഈ ക്യാമ്പ് വിട്ടുപോവുന്നത്രെ!. അദ്ദേഹത്തിനു പകരക്കാരനായി വന്ന ആളിനെ ചുമതലകള്‍ എല്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇവിടെ നിന്നും ബോസ് എയര്‍പോര്‍ട്ടിലേക്കുപോവും. പിന്നെ ഒരിക്കലും മടങ്ങിവരില്ലത്രെ!.
ജനല്‍ പാളികള്‍ക്കിടയിലൂടെ അവള്‍ നോക്കി. ദൂരെയാത്രക്കുള്ള വേഷം ധരിച്ച് കയ്യില്‍ സൂട്ട് കേസുമായി നില്‍ക്കുന്ന ബോസിനെ ഒന്നു കണ്ടു.
തനിക്കു ചുറ്റുമുള്ളതെല്ലാം അതിവേഗം കറങ്ങുന്നതായി അവള്‍ക്കു തോന്നി.
ശരീരമാകെ വല്ലാത്ത വേദന.
ഇടതു കയ്യിലെ സൂചിയിലൂടെ തന്നിലേക്കു കടക്കുന്നത് കൊടും വേദനയുടെ ലായനിയാണെന്നു തോന്നി. വയറിനുള്ളിലെ ചലനം അതിവേഗത്തിലായി. അടിവയറ്റില്‍ മൂര്‍ച്ചയേറിയ കുന്തങ്ങള്‍ വന്നു പതിക്കുന്നത് പോലെയുള്ള വേദന.
അവള്‍ ഉച്ചത്തില്‍ അലറി.
കരച്ചിലിനിടെ അവള്‍ പറയാന്‍ ശ്രമിച്ചു.
“എന്റെ കുട്ടിയുടെ അച്ഛന്‍....കുട്ടിയുടെ അച്ഛന്‍....കുട്ടിയുടെ....”
ഇടതുകൈയ്യിലെ സൂചി വലിച്ചൂരി. മുറിപാടിലൂടെ രക്തം വാര്‍ന്നു. അവള്‍ കട്ടിലില്‍ നിന്നും ഇറങ്ങി ഓടാന്‍ ശ്രമിച്ചു. നെഴ്‌സുമാരും സഹായികളും ഓടിയെത്തി. അവളെ ചക്രക്കട്ടിലില്‍ കിടത്തി.
ചക്രക്കട്ടില്‍ ലേബര്‍ റൂമിലേക്ക് വേഗത്തില്‍ ഉരുട്ടി.
ബഹളം കേട്ട്, പുതിയ ബോസ് അവിടേക്ക് വന്നു. ഒപ്പം വന്ന ഉദ്യോഗസ്ഥനോട് അദ്ദേഹം പറഞ്ഞു.

“ഇവളുടെ പഴയ ബോസ് ഒരു മാഹാമനസ്‌കനാണ്. യുദ്ധം മൂലം ഒട്ടേറെ സ്ത്രകള്‍ വിധവകളായൊരു ദ്വീപിലേക്കുള്ള സ്ഥലം മാറ്റം അദ്ദേഹം ചോദിച്ചു വാങ്ങിയതാണ്".

Followers