പുസ്തകവും ചിത്രശലഭവും
ഇപ്പോൾ,
ശരീരം എന്നൊന്ന് ഇല്ലായിരുന്നു. ഉണ്ടായിരുന്നത് ധ്യാനലോകം മാത്രം.
മുറിയിൽ അവിടവിടെ ചിതറിക്കിടന്ന പുസ്തകങ്ങൾ വിശക്കുന്നവരെയും
ദാഹിക്കുന്നവരെയും കാത്ത് കിടന്നു. വെർഗോ പബ്ലിക്കേഷന്റെ വാതിൽ
അടയാതെയും.
പുറത്താക്കപ്പെട്ടവന്റെ
മനസ്സായിരുന്നു വെർഗോ ശിവന്. സഹപ്രവർത്തകരും സഹമുറിയന്മാരും പൂർണ്ണമായും
ഉപേക്ഷിച്ചുപോയിരുന്നു. ധ്യാനലോകത്തിൽ ശരീരം ഭാരരഹിതം.
ഈയിടെയായി
തോന്നിയിരുന്ന ഏതോ ദീനത്തിന്റേതായ ക്ഷീണം ഇപ്പോൾ ഇല്ലേയില്ല.
സുഹൃത്തുക്കൾ ഓരോന്നായി ഇറങ്ങിപ്പോയപ്പോൾ ശരീരത്തിൽനിന്ന് ഓരോരോ ഭാഗങ്ങൾ
നഷ്ടമാകുന്നത് അറിഞ്ഞു.
പലപ്പോഴായി
വെർഗോ പബ്ലിക്കേഷനിൽ അരങ്ങേറുമായിരുന്ന പൊടിപ്പൻ ചർച്ചകളിൽ
പുസ്തകങ്ങളിലെ ധ്യാനലോകം തിരയാൻ, പുറംചട്ടയിലെ മനോഹരചിത്രങ്ങളെപ്പോലെ
സുഹൃത്തുക്കളും സഹപ്രവർത്തകരുമുണ്ടായി. കടപുഴകിവീണ മരത്തിന്റെ
തായ്‌വേര് കാലത്തിന്റെ ഇരുട്ടുമുറിയിലേയ്‌ക്കെന്നപോലെ,
അയാളും തിരസ്കരിക്കപ്പെട്ടു. ധ്യാനലോകം തിരസ്‌ക്കാരത്തിന്റെ പുതിയ
വാത്മീകമായി.
ഉപേക്ഷിക്കപ്പെട്ടവന്
ധ്യാനത്തിലേക്ക് കടക്കാൻ എളുപ്പമായിരുന്നു. ശരീരം
തടസ്സമാകുന്നില്ല. ഇന്ദ്രിയങ്ങൾ ഉണർത്തുന്നില്ല. ഏകാഗ്രത
വേണമെന്നില്ല. സുഹൃത്തുക്കളോ സഹപ്രവർത്തകരോ അലങ്കാരങ്ങളോ ഒന്നും
വേണമെന്നില്ല.
അതുകൊണ്ടാവാം
ചില സത്യങ്ങൾ ചിട്ടവട്ടങ്ങളോ ഏകാഗ്രതയോയില്ലാത്ത ഈ ധ്യാനത്തിൽ
കടന്നുകൂടി ശിവനെ പിന്നോട്ട് വലിച്ചത്. തീരം വിടും മുൻപുള്ള
ഓർമ്മകളുടെ തിരതള്ളൽ. ഓർമ്മത്താളിൽ ജമന്തിയും
മുല്ലയും നാട്ടുപൂക്കളും മണക്കുമ്പോൾ ആകാശവെളുപ്പിലെ ശവക്കച്ച ശിവന്റെ
കാഴ്ചയെ മൂടി.
സ്‌കൂൾ
പിക്നിക് കഴിഞ്ഞെത്തിയ അന്ന് .... മുറ്റത്തെ ആൾക്കൂട്ടത്തിനിടയിലൂടെ
കയറുമ്പോൾ നടുമുറിയിൽ വെള്ള പുതച്ചു കിടക്കുന്ന അച്ഛൻ! അമ്മയോടൊപ്പം
കരയുന്ന കൊച്ചു പെങ്ങൾ. കണ്ണുകൾ നിറഞ്ഞപ്പോൾ എന്ത്
ചെയ്യണമെന്നറിയാതെ അമ്മയെ കെട്ടിപ്പിടിച്ചു. പിന്നെ അച്ഛനരികിൽ
കുത്തിയിരുന്നു.
അച്ഛനോടടുത്തിരിക്കുമ്പോൾ
ധമനികളെ തണുപ്പിച്ചരിച്ചുകയറുന്ന പൂക്കളുടെ തളർത്തുന്ന മണം. അരികിലെ
നിലവിളക്കിൽ ആരോ എണ്ണയൊഴിച്ച് ദീപങ്ങളെ ക്രമപ്പെടുത്തുന്നു.
'എഴുന്നേൽക്കൂ'യെന്ന് ആരോ? 'കർമ്മങ്ങൾ ചെയ്യൂ'വെന്ന് വീണ്ടും ആരോ?
ആരൊക്കെയോ എവിടെയൊ നിന്ന് ഉള്ളിൻ്റെയുള്ളിൽ കയറി സംസാരം
തുടങ്ങിയിരുന്നു.
പുസ്തകങ്ങൾക്കിടയിൽ
പുതുഗന്ധത്തിലാണ്ട് അയാൾ അച്ഛനെപ്പോലെ നീണ്ടുനിവർന്ന് കിടന്നു.
സ്നേഹം അഴിഞ്ഞുവീഴുന്ന സംസാരങ്ങളിലെ മൂർച്ചയേറിയ വാക്കുകൾ അറവിന്റെ
ശക്തിയോടെ ഇപ്പോഴും വെട്ടിയുരിയുന്നു.... മുഴുവനും അമ്മയോടാണ്:
ഇവിടെനിന്നിറങ്ങൂ....
ദിവസങ്ങൾക്ക്
ശേഷം സഞ്ചയനം കഴിയുമ്പോൾ 'നീ... പോകൂ'വെന്ന് ആരോ. ആട്ടിയിറക്കാൻ
വെമ്പുന്ന പെരുത്ത ശബ്ദങ്ങൾ. ഉള്ളിലും പുറത്തും അതേ ശബ്ദങ്ങൾ.
ബലിക്കാക്കകൾ കരഞ്ഞും വറ്റ്കൊത്തിയും ചുറ്റിലും പറന്നപ്പോൾ,
അതിലൊന്ന് ഇതിലൊന്നുമേർപ്പെടാതെ തന്നെത്തന്നെ നോക്കി കരയുന്നു.
എല്ലാവരോടുമുള്ള വെറുപ്പായിരിക്കാം. ബഹളങ്ങളിൽ നിന്ന് എന്തെങ്കിലും
തന്നോട് പറയാൻ ശ്രമിക്കുന്നതാവാം.
ജീവിതം
പുറന്തള്ളിയ അന്ന്...വെറുപ്പോ സ്നേഹമോ തോന്നാതിരുന്നപ്പോൾ, എങ്ങോട്ടെ
ങ്കിലും പോയേ പറ്റുമായിരുന്നുള്ളൂ.അമ്മയോടോ പെങ്ങളോടോ പറയാതെ
വഴിമാറ്റിചവിട്ടിയ പുതുജീവിതത്തിൽ പുസ്തകങ്ങളെ കൈവിടാൻ
ഏറെ ബുദ്ധിമുട്ടായിട്ടും അതു തന്നെ ചെയ്തു.
നാടുവിട്ട്
എത്തി ചേർന്ന നഗരത്തിൽ പ്രായശ്ചിത്തമായി ദിനപത്രവും ആഴ്ചപ്പതിപ്പും
വിതരണം ചെയ്തു. വെർഗോയെന്ന കൊച്ചുപബ്ലിക്കേഷൻ ഒരു വാശിയായിരുന്നു:
പഠിച്ചെടുക്കാനാവാഞ്ഞത് പരിശ്രമിച്ചെടുക്കുക. ഒപ്പം ഓരോ വിജയവും വൻ
ആഘോഷങ്ങളാക്കുക.
അതുകൊണ്ടുതന്നെ
ഓരോ പുസ്തക പ്രസാധന പരിശ്രമവും വലിയ ആഘോഷ ങ്ങളാക്കി. പുസ്തകങ്ങളെ
മറ്റാരും ചെയ്യാത്തവിധം, വധൂവരന്മാരെ അണിയിച്ചൊരുക്കുംപോലെ മനോഹര
വർണ്ണങ്ങളിൽ പാക്കേജ് ചെയ്‌തു. വിശന്നവനും ദാഹിച്ചവനും വാങ്ങാവുന്ന വിലകൾ.
ജനൽപ്പാളിയിൽ
വിശന്നുകരയുന്ന കാക്കകൾ അയാളെ ഉണർത്തി. മേശപ്പുറത്തുകിടന്നിരുന്ന
ബിസ്കറ്റുതുണ്ടുകൾ വാരിയെടുത്ത് അയാൾ അവയ്ക്കുനേരെ നീട്ടി. കൈയിൽ
നിന്ന് കൊച്ചുതുണ്ടുകൾ കൊത്തിയെടുക്കുമ്പോൾ പഴയ വീട്ടുമുറ്റത്തെ
കാക്കക്കരച്ചിൽ മനസ്സിൽ നിറഞ്ഞു. പിന്നെ ഓരോന്നായി അവ പറന്നുപോകുമ്പോൾ,
സഹപ്രവർത്തകരുടെ പൊടിപിടിച്ച നെയിംബോർഡുകൾ മേശപ്പുറത്തുചിതറിക്കിടക്കുന്
നതും വിളറിയ പ്രകാശം അതിലേക്ക് ജനലിലൂടെ വീഴുന്നതും അയാൾ കണ്ടു.
ജനകീയമായ
പുസ്തക പ്രസാധനം! അണിയറ പ്രവർത്തകരായെത്തിയ അനേകർ. ഇത്രയും പേർ
വേണമായിരുന്നോയെന്ന് പലരും ചോദിച്ചിരുന്നു. പ്രതിഫലത്തിനാണെങ്കിലും,
പുസ്തകങ്ങളോട് അവർക്കുള്ള സ്നേഹം അപാരമായിരുന്നു. മുട്ടയിലടയിരുന്ന്
തള്ളക്കോഴി കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുമ്പോലെ, വെർഗോയുടെ ഓരോരോ മൂലകളിൽ
പ്രതിഫലം കാത്ത് അവർ പണിയെടുത്തു. ആരോടും 'ഇറങ്ങിപ്പോ'യെന്ന് പറയാൻ
മാത്രം മനസ്സ്‌വന്നില്ല.
ചലനം
സൃഷ്‌ടിച്ച അതേ വേഗത്തോടെയായിരുന്നു വെർഗോ പുബ്ലിക്കേഷൻ ഇല്ലാതായത്.
അധിക പ്രതിഫലം തേടി പലരും വെർഗോയെ ഉപേക്ഷിച്ച് മറ്റിടങ്ങളിൽ ചേക്കേറി.
ബാങ്ക് ലോണുകൾ തന്ന നക്ഷത്രരാശികൾ ധൂമകേതുക്കളെപ്പോലെ അയാളെ വഴി
തടഞ്ഞപ്പോൾ പുസ്തകങ്ങൾ പലതും പുറത്തിറങ്ങാതായി.
നിരന്തര
ഭീഷണികളിൽ ഉറ്റ സുഹൃത്തുക്കളും പിൻവാങ്ങി. എന്നെന്നേയ്ക്കുമായി
പിൻവാങ്ങാൻ അവർക്ക് ഇതൊക്കെ ധാരാളമായിരുന്നു. വെർഗോയിലെ ജീവിതവും
ചിന്തയും കേവലം പുസ്തകപ്പകുതികളും ഒഴിഞ്ഞ മുറികളും മാത്രമായി.
പൂർത്തീകരിക്കാൻ
ആരും കൂടെയുണ്ടായിരുന്നില്ല എന്നതിനേക്കാൾ ആരെയും കൂടെ കൂട്ടിയില്ല
എന്നതായിരുന്നു ശരി. ആട്ടിയിറക്കപ്പെട്ടവനെപ്പോലെ വീടുവിടേണ്ടിവന്നവന്
എന്തോ ഇതിനു മാത്രം കഴിയുമായിരുന്നില്ല. ആരോടും മമതയില്ലാതെ, കൂടെ
കൂട്ടിപ്പിടിക്കാൻ ഒരാൾ പോലും ഇല്ലാതെ ഒറ്റപ്പെട്ടു. ഒഴിഞ്ഞ മുറികൾ
ഭൂതബാധിതരായ അദൃശ്യ ജീവികളാൽ നിറഞ്ഞു: ഫാന്റം ശബ്ദങ്ങൾ വെർഗോയുടെ
ചുമരുകളിലും മുക്കിലും മൂലയിലും നിന്ന് അയാളോട് ഒഴിഞ്ഞുപോകാൻ മുരണ്ടു.
സുനന്ദയ്ക്കോ മകൾ പാർവതിക്കോ പോലും ഇവിടെ പ്രവേശനമില്ലായിരുന്നു.
അറിയാഞ്ഞിട്ടോ പറയാഞ്ഞിട്ടോ അല്ല. കൊച്ചുതെറ്റുകൾ, പൊറുക്കാൻ പറ്റാത്ത
തെറ്റുകളാവും മുൻപേ ജീവിതത്തിൽ നിന്ന് പെറുക്കി കളയാനാകുമായിരുന്നു.
എന്നിട്ടും, ഒന്നും ചെയ്തില്ല. ഇപ്പോൾ, 'നീ പോകൂ' വെന്ന് സമസ്ത
ജീവജാലങ്ങളും കൂടി ഉള്ളുമുറിഞ്ഞ വാക്കുകളിൽ ഉന്മാദം കലർത്തുന്നു.
അയാൾ
ഒരു പുഴുവിനെപോലെ പുസ്തകങ്ങളിൽ ഒട്ടി. പുസ്തകങ്ങൾ അയാൾക്ക് ചുറ്റും
ഒട്ടിച്ചേർന്ന് ആർക്കും കണ്ടെത്താനാവാത്ത വിധം സുരക്ഷാകവചം
ഒരുക്കിയിരുന്നു. രക്ഷാകവചത്തിനുള്ളിൽ സൗന്ദര്യമുള്ള ശൽക്കങ്ങളോടുകൂടിയ
ചിറകുകളും ശരീരം മുഴുവൻ ചെറുരോമങ്ങളും വളർന്നത് അയാൾ അറിഞ്ഞു. പിന്നെ
ചുരുണ്ട ഭംഗിയുള്ള ചിറകുകൾ വിടർത്തി അയാൾ പുറത്തേക്ക് പറന്നു.
****
ഓർമ്മിച്ചേക്കാവുന്നവർക്കും അന്വേഷിച്ചുവരുന്നവർക്കും വേണ്ടി അയാൾ മൾബറിയുടെ ഒരിലയും ഉപേക്ഷിച്ചിരുന്നു.
******************************************************************************
തിരികെ വന്ന ഒരാൾ
പലപ്പോഴായി
ടെലിവിഷനുമുന്നിൽ മിഴിച്ചിരുന്ന് കേണൽ രാമൻ എന്ന 'എക്സ് ആർമിപേഴ്സൺ'
അഭയാർത്ഥി പ്രളയത്തിലേക്ക് ഓർമ്മകൾ നഷ്ടപ്പെടുത്തുന്നത്, അയാളെ
ശുശ്രൂഷിക്കാനായി നിയോഗിക്കപ്പെട്ട ദാസൻ ഈയിടെ കണ്ടെത്തിയിരുന്നു.
കൃഷ്ണേട്ടനെന്ന ആത്‌മമിത്രം പ്രതീക്ഷയ്ക്ക് വിപരീതമായി മകന്റെ കൂടെ
അമേരിക്കയിലേക്ക് പോയതിനു പിന്നാലെയായിരുന്നു ഈ നഷ്ടപ്പെടലുകൾ.
മുൻജോലികളിലെന്നപോലെ എത്ര പെട്ടെന്നാണ് ശുശ്രൂഷിക്കപ്പെടേണ്ടവരെല്ലാം
ചുരുങ്ങിയ സമയത്തിനുള്ളിൽ വെറുമൊരു നിരീക്ഷണവസ്തുവാകുന്നതെന്ന ആത് മഗതം
ദാസനെ കുറച്ചൊന്നുമല്ല അപ്പോൾ അലട്ടിയത്.
അമേരിക്കയിൽ
അങ്കത്തിനുള്ള പുറപ്പാടെന്നാണ് കൃഷ്ണേട്ടൻ തന്റെ ശിഷ്ട ജീവിതത്തിലേക്ക്
മൂന്നാം കണ്ണയച്ച് വിശേഷിപ്പിച്ചത്. കൃഷ്ണേട്ടൻ പോകുന്നുവെന്നത് ദാസനും
വിശ്വസിക്കാനായിരുന്നില്ല. മകൻ വരുമ്പോൾ ഇവിടെത്തന്നെയൊരു ഹോം
നേഴ്‌സുമായിക്കഴിയാൻ കൃഷ്ണേട്ടനും പദ്ധതിയിട്ടിരുന്നു. ദാസനോട് ഹോം
നേഴ്‌സിനെയന്വേഷിക്കാൻ പ്രത്യേകം പറഞ്ഞിരുന്നതുമാണ്. മകൻ വന്നപ്പോൾ
കൃഷ്ണേട്ടൻ ഒന്നും പറഞ്ഞിരിക്കില്ല. അഥവാ മകൻ കേട്ടിരിക്കില്ല.
വിശേഷിച്ചൊന്നും തന്നെ പാക്ക് ചെയ്യാതെ മനസില്ലാമനസോടെ പോകുന്നതുകണ്
ട് കേണൽ വരാന്തയിൽ നിന്ന് കൃഷ്ണേട്ടനെ വിളിച്ചു: എടോ കൃഷ്ണാ,
ഇതൊരങ്കമല്ലടോ. യു ആർ കിഡ്നാപ്പ്ഡ്! നിന്നെയവൻ തട്ടിക്കൊണ്ടുപോവുകയാണ്!
ദാസൻ
അത്ഭുതപെടുമ്പോൾ, തീ തുപ്പുന്ന കണ്ണുകളോടെ അയാളുടെ മകൻ
തറഞ്ഞുനോക്കുന്നതും, കേണൽ അവന്റെ ഉള്ളിന്റെയുള്ളിലേക്ക് ശത്രുവിന്റെ
ആഴങ്ങളിലേക്കെന്നപോലെ ഊളിയിടുന്നതും കാണാനായി. കൃഷ്ണേട്ടൻ ഒന്നും പറയാതെ
പതിയെ കാറിനടുത്തേക്ക് നടന്നു. കേണൽ വല്ലാത്തൊരു
വിമ്മിഷ്ടത്തോടെ അകത്തുവന്നിരു ന്ന് വാർത്തകളിൽ മനസ്സുറപ്പിക്കാൻ
ശ്രമിച്ചു: ബ്രേക്കിംഗ് ന്യൂസായി എവിടെയും അഭയാർത്ഥികൾ മാത്രം.
ദേശങ്ങളുടെ
അതിർത്തികളിൽ പ്രളയത്തിലേക്കെറിയപ്പെട്ട മു ഖമില്ലാത്ത
ജനതയായിരുന്നു, അവർ. കാലത്താൽ കിഡ്നാപ്പ് ചെയ്യപ്പെട്ടവർ. കപ്പൽ
ചേതങ്ങളുടെ തീരങ്ങളിൽ ചത്ത മീനുകളോടൊപ്പം അടിഞ്ഞുകൂടുന്നവർ. ദാസനെയത്,
പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ള രണ്ടാം ലോകമഹായുദ്ധകാലത്തെ പലായനങ്ങളെ
ഓർമ്മിപ്പിക്കുന്നതായിരുന്നു. നടന്നും വിശന്നും ദാഹിച്ചും ക്ഷീണിതരായ
അഭയാർത്ഥികൾ ടെലിവിഷൻ തകർത്ത് നടു മുറിയിലേക്ക്
ഇപ്പോൾത്തന്നെ തള്ളിക്കയറുമെന് ന് തോന്നി ദാസന്.
....അപ്പോൾ പുറത്ത് കൃഷ്ണേട്ടനും മകനും പോകാനുള്ള കാറ് പതിയെ മുരണ്ടു. ദാസൻ പതിയെ ജനലിനടുത്തേക്ക് നടന്നു.
പുറത്ത്
മുരണ്ടുതുടങ്ങിയ കാർ അന്യസംസ്ഥാനക്കാരെകൊണ്ട് നിറഞ്ഞ വഴിയിലൂടെ
എയർപോർട്ട് റോഡിലേക്ക് കയറുമ്പോൾ ദാസൻ വിളിച്ചു പറഞ്ഞു: അവർ പോവുകയാണ്!
അപ്പോൾ പിൻസീറ്റിൽ ഒരു തടവുകാരനെപോലെ കൃഷ്ണേട്ടൻ അന്യദേശമെന്ന
ദുരൂഹവികാരവുമായി തല കുനിച്ചിരിക്കുന്നുണ്ടായിരുന്നു .
എരിയുന്ന കനലുകളാണ്
ദുരൂഹത നിറഞ്ഞ യാത്രകൾ! പ്രത്യേകിച്ച് എല്ലാം അപരിചിതനെപ്പോലെ
പെരുമാറുന്ന കൃഷ്ണേട്ടന്റെ മകൻ നിയന്ത്രിക്കുമ്പോൾ! അന്യദേശങ്ങൾ.
കൂടുതൽ അപരിചിതർ. അപരിചിതരെക്കാൾ ദുരൂഹതയുള്ള മക്കൾ. അയല്പക്കത്ത്
നിന്ന് പലരും ഇങ്ങനെ മക്കളോടൊപ്പം പോയിട്ടുള്ളത് കേണൽ രാമൻ പറഞ്ഞിട്ടുണ്ട്:
ഇതുവരെ ആരും തിരിച്ചുവന്നില്ല. ചിലപ്പോഴൊക്കെ ഒരു മരണക്കുറി
വരുമായിരുന്നത് ഇപ്പോൾ ഫോൺകോളായി ചുരുങ്ങി.
'നിവർത്തിയില്ലാതാകുമ്പോൾ
മറ്റൊരു ദേശത്തേയ്ക്ക് പറിച്ചുനടപ്പെട് ടവർ അവിടെ ഇണങ്ങി ചേരുന്നു.
അതല്ലെ സാറേ അതിന്റെ ശെരി. അതെങ്ങിനെ ഒരു പോരായ്മയാകും?' ദാസൻ കേണലിനോട്
പലവട്ടം പറയുകയും ചോദിക്കുകയുമൊക്കെ ചെ യ്തതാണ്: 'അതുകൊണ്ട്, കൃഷ്ണേട്ടനും
അവിടെ ഇണങ്ങിച്ചേരും'. കേണലിനോട് ഇങ്ങനെയൊക്കെ
ഉറപ്പിച്ചു പറയുമ്പോൾ മടുപ്പു തോന്നിച്ചുവെങ്കിലും അത് തന്റെ
സ്വന്തംജീവിതം തന്നോട്തന്നെയാണ് പറയുന്നതെന്ന് ദാസന് തോന്നി.
മറ്റാരുടെയോ കൂടെ കൂട്ടുകാരനായോ വേലക്കാരനായോ ചിലപ്പോഴൊക്കെ മകനായോ പല
പല വേഷങ്ങളിൽ ജീവിക്കുക. എല്ലാം തനിക്ക് എത്ര പെട്ടെന്നു ഇണങ്ങി ചേരുന്നു.
'നീ
വിചാരിക്കുന്നത് പോലല്ലോ ദാസാ, വയസ്സായവരുടെ ജീവിതം. അവരോട് ഇണങ്ങി ചേരാൻ
പറ്റാതാകുമ്പോഴല്ലേ, മക്കൾ വന്ന് അവരെ കൊണ്ടുപോവുക. പരിചയമുള്ള സ്ഥലത്തു
നിന്ന് അപരിചിതമായ ഇടങ്ങളിലേക്ക്. ഓർമ്മകളുടെ മ്യൂസിയത്തിൽ നിന്ന്
നമ്മുക്ക് കണക്ട് ചെയ്യാനാവാത്ത അത്യന്താധുനിക ഭവനത്തിലേക്ക്. അല്ലെങ്കിൽ
നിരാസം എന്ന വൃദ്ധസദനങ്ങളിൽ. നാം ആസ്വദിക്കുന്ന ജീവിതം ഇവിടെ ഉപേക്ഷിച്ച്
വേറൊരിടത്തേയ്ക്ക് പോകേണ്ടി വരുന്നു. എന്നിട്ടവിടെ ഓർമ്മകൾ നഷ്ടപ്പെട്ട്
വാക്കുകൾ നഷ്ടപ്പെട്ട് ജീവിക്കുന്നു. ജീവിതം എത്ര പെട്ടെന്ന് അവിടെ
അവസാനിക്കുന്നു.' കേണൽ കണ്ണുകളടച്ച് കസേരയിൽ നിസ്സഹായനായി.
കേണലിന്റെ
ഈ ചിന്തയാണ് തന്റെ തന്നെ നിലനിൽപ്പ്. ഓർമ്മകളുടെ മ്യൂസിയത്തിൽ കേണലിനു
സഹായിയായി ഈയുള്ളവനെന്ന ഒരേയൊരാൾ. ദാസൻ വലിയ നടുമുറിയിലിരുന്ന് ചുറ്റും
നോക്കി. ഈയടുത്ത കാലം വരെ കേണൽ ഒറ്റയ്ക്കായിരുന്നു. പിന്നീടാണ്
ഒരു പത്രപരസ്യത്തിലൂടെ താൻ നിയമിതനായത്. ഒരു സൂക്ഷിപ്പുകാരനെപ്പോലെ
എല്ലാം തുടച്ച് വൃത്തിയാക്കി വയ്ക്കുന്നു. മനോഹരമായ ഭിത്തികളിലെ അനേകമായ
ഫോട്ടോ ഫ്രയിമുകളിൽ നിന്ന് പൊടി തട്ടുന്നു. കുടുംബചിത്രങ്ങളും അലങ്കാര
വസ്തുക്കളും നിറഞ്ഞ അനേകമായ മുറികളിൽ നിത്യ സന്ദർശകനാവുന്നു. യുദ്ധകാല
ചിത്രങ്ങൾ തൂങ്ങുന്ന നടുമുറിയിൽ കേണലെന്ന പോരാളിയുടെ
വീര്യമറിയുന്നു. രണ്ടാം ലോകമഹാ യുദ്ധത്തിൽ കേണലിനെ വീഴ്ത്തിയ
ചില്ലുകുപ്പിയിലടച്ചു സൂക്ഷിച്ചിരുന്ന കുഞ്ഞ് ജർമ്മൻ ബുള്ളറ്റ് ദാസന്
അത്ഭുതവും, അയൽപക്കത്തെ മിത്രങ്ങളുടെ പഴയ ചിത്രങ്ങൾ അസൂയയും,
സുഹൃദ് വലയത്തിലെ അവസാന കണ്ണിയായ കൃഷ്ണേട്ടൻ പഴയൊരു ഫ്രയിമിൽ
നിന്ന് നൊമ്പരവും നൽകുന്നു.
കൃഷ്ണേട്ടൻ
തൻറെ കൂടി സുഹൃത്തായത് എത്ര പെട്ടെന്നാണെന്ന് ദാസനോർത്തു. പെട്ടെന്നുള്ള
കൃഷ്ണേട്ടന്റെ പറിഞ്ഞുപോക്ക് കേണലിനിലെന്നപോലെ തന്നിലും ചലനങ്ങൾ
സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ
എന്തെങ്കിലുമൊക്കെ പറഞ്ഞാൽ ഇഷ്ടമാവില്ല, പകരം പുറത്തേയ്ക്കുള്ള ആ കൊച്ചു
യാത്രയാകാം. ഇപ്പോൾ ഭിത്തിയിലെ ജർമ്മൻ ചിത്രങ്ങളും പിന്നെ ആ ബുള്ളറ്റും
കേണലിനെ കീഴ്‌പ്പെടുത്തി യിരിക്കുകയാണെന്ന് തോന്നി. ആ ബുള്ളറ്റ്
അയാളുടെ നേർക്ക് പാഞ്ഞുചെല്ലുന്നത് നോക്കി കാത്തിരിക്കുകയാവാം.
ഇറ്റാലിയൻ
പട്ടണമായ മോണ്ടി കാസിനോയിലാണ് ആ ബുള്ളറ്റിനോടൊപ്പം കേണൽ വീണത്. ലോകം
വെട്ടിപ്പിടിക്കാനുള്ള പുറപ്പാടിൽ ജർമ്മൻ സൈന്യം നടത്തിയ ശക്തമായ
ആക്രമണങ്ങളിൽ ബ്രിട്ടീഷിന്ത്യൻ സേനയുടെ റീഇൻഫോഴ്‌സ്‌മെൻറ് യൂണിറ്റ്
തകർന്നു. മരണത്തിൻറെ ചതുപ്പിൽ രക്തംവാർന്ന് കിടന്ന അനേകർക്കിടയിലേക്ക്
കേണലും വെടിയേറ്റ് വീണു. അവിടെ അലർച്ചകളും ഞരക്കങ്ങളും മാത്രം.
അതിനിടെ ആരോ അയാളെ വലിച്ചെടുത്ത് കുതിച്ചുവന്ന വാഹനത്തിൽ കിടത്തിയത്
മാത്രം പിന്നീടയാൾ ഓർത്തെടുക്കുകയുണ് ടായി.
കുറച്ചു
നാൾ ബോധരഹിതനായി കിടന്ന ശേഷം പതിയെ കണ്ണുതുറന്നത് ജർമ്മൻ സേന
കൈയ്യടക്കിയ ആശുപത്രിയിലായിരു ന്നു. യുദ്ധത്തിൽ അതിന്റെ പല ഭാഗങ്ങളും
തകർന്നിരുന്നു. ഒരാശ്രമം താത്ക്കാലികമായി ആശുപത്രിയാക്കിയതാണ്.
മുറിവേറ്റ് ശിഖരങ്ങൾ നഷ്ടമായ ഒലിവുമരങ്ങളെപ്പോലെ അനേകർ കാമില്ല
വോൾസിയെന്ന ഇറ്റാലിയൻ നേഴ്സിന്റെ കീഴിൽ അയാൾക്കൊപ്പം സുഖം
പ്രാപിച്ചുകൊണ്ടിരുന്നു.
കുറച്ചൊക്കെ
നടക്കാനായപ്പോൾ ആശുപത്രി വാതിലിൽ പതിച്ചിരുന്ന മുറിവേറ്റ സൈനികരുടെ
പേരുകളിലൂടെ കേണൽ കണ്ണോടിച്ചു. സഹപ്രവർത്തകരുടെ പേരുകളൊന്നും അതിൽ കാണാതെ
കണ്ണുകവിഞ്ഞപ്പോൾ, ബ്രിട്ടീഷി ന്ത്യൻ സേനയിൽ അവിടെയവശേഷിച്ച
ഒരേയൊരാൾ താൻ മാത്രമെന്നറിഞ്ഞു. അന്ന്, തന്നിൽ തുളഞ്ഞു കയറിയ
ബുള്ളറ്റ് കൊച്ചു കുപ്പിയിലടച്ച് കൈയിലേക്ക് വച്ച് തരുമ്പോൾ കാമില്ല
പറഞ്ഞു: ഇവിടെനിന്ന് നിങ്ങൾ തിരിച്ചുപോകുന്നു എന്നതിൻറെ സ്മാരകമാണ് ഇത്.
ഘനീഭവിക്കുന്ന
ഓർമ്മകളിൽ നിന്ന് കേണലിനെ ഉണർത്തി 'ഇന്ന് തൊട്ടടുത്ത ഗാന്ധി
മാർക്കറ്റിലേക്ക് നടക്കാൻ പോകാ'മെന്ന് ദാസൻ പറഞ്ഞു. കേണൽ കൂടെക്കൂടെ
സന്ദർശിക്കാനാഗ്രഹിച്ചിരുന്ന പുരാതനമായ യുദ്ധസ്മാരകങ്ങളുള്ള
സ്ഥലമായിരുന്നു അത്. യാത്രയ്ക്ക് മുന്നോടിയായി, യുദ്ധാനന്തരം കേണലിനു
സമ്മാനിച്ച കൊച്ചുമെഡൽ അയഞ്ഞുകിടന്ന ഷർട്ടിൽ യൂണിഫോമിലെന്നപോലെ
ദാസൻ പതിച്ചു. പിന്നെ വാക്കിങ് സ്റ്റിക് കൈയിൽക്കൊടുത്ത് കേണലിനൊപ്പം
പതിയെ നടന്നു. ഈയടുത്തുവരെ കൃഷ്ണേട്ടനും കൂടെയുണ്ടായിരുന്നു, ഈ നടപ്പിൽ.
ഗാന്ധി
മാർക്കറ്റിൽ പച്ചക്കറി വില്പനക്കാരും വഴിയോര കച്ചവടക്കാരും കയ്യേറിയ
നൂറ്റാണ്ടുകൾ പഴക്കമുള്ള യുദ്ധ സ്മാരകത്തിനു മുന്നിൽ കേണൽ നിന്നു.
സ്മാരകത്തിൽ പതിച്ച പഴഞ്ചൻ ഫലകത്തിലൂടെ കണ്ണോടിച്ച് തനിക്ക് മാത്രം
കേൾക്കാൻ പറ്റുംവിധം കേണൽ വായിച്ചു: 'ഇവിടെ നിന്ന് യുദ്ധത്തിന് പോയവരിൽ
ഒരാൾ മാത്രം തിരിച്ചു വന്നു!'
...എന്നിട്ട്,
അകത്തിരമ്പുന്ന യുദ്ധാരവങ്ങളും നെഞ്ചു തകർക്കുന്ന നിലവിളികളും
അടക്കിപ്പിടിച്ച് പുരാതനമായ ആ സ്മാരകത്തെ നോക്കി നിവർന്നു നിന്ന് സല്യൂട്ട്
ചെയ്തു. പിന്നിൽ ദാസനും. ഫലകത്തിൽ പഴഞ്ചൻ അക്ഷരത്തിലെഴുതപ്പെട്ട
'തിരിച്ചെത്തിയ ആ ഒരാൾ' ആരെന്ന് ആർക്കും അറിയില്ലായിരുന്നു. പൂർവ
കാലങ്ങളിലെ ഏതോ ഒരു യുദ്ധത്തിന്റെ ഓർമ്മ അതുണർത്തുമ്പോഴും ആ ഫലകത്തിൽ കേണൽ
തന്റെ ജീവിതം വായിക്കുന്നത് മാത്രം നനഞ്ഞ മനസോടെ ദാസനറിഞ്ഞു. തിരിച്ചെത്
തിയ ഒരാൾ തിരികെയെത്താതിരുന്ന അനേകരെ ഓർമിപ്പിക്കുന്നു.
തിരികെ
പോരുമ്പോൾ നിന്നത് കൃഷ്ണേട്ടന്റെ അടഞ്ഞ വീടിനു മുന്നിലാണ്. കൃഷ്ണേട്ടൻ
കൂടെയില്ലെങ്കിലും യാത്ര പറയാതെ മുന്നോട്ട് പോവാൻ പറ്റില്ലായിരുന്നു.
അടുത്തുള്ള പലവീടുകളും അടഞ്ഞുതന്നെ കിടക്കുന്നു. ചപ്പുചവറുകൾ നിറഞ്ഞ
മുറ്റത്ത് മഴയിൽ പടർന്നു പന്തലിച്ച പച്ചപ്പ്. ഓരോ വീടുകളും ഓരോരുത്തരെ
ഓർമിപ്പിച്ചു. മക്കൾ വന്ന് ഓരോരുത്തരെ തട്ടിയെടുത്ത് ഫ്ലാറ്റിലും വൃദ്ധ
സദനത്തിലുമൊക്കെ ആക്കിയതാണ്. അവർക്കു ശേഷം കുറച്ച് വാടകക്കാർ വന്ന്
താമസിച്ചുവെന്നതല്ലാതെ മറ്റൊന്നും ഈ വീടുകൾക്ക് പറയാനില്ലാതായിരിക്കുന്നു.
പൊടുന്നനെയാണ്
ദാസൻ ചോദിച്ചത്: 'സർ, നിങ്ങൾക്കുശേഷം ഈ വീടിന് എന്ത് സംഭവിക്കും.' കേണൽ
പതിയെ ചിരിച്ചു:' പലരോടും പറഞ്ഞു മടുത്തതാണ്. ഇതിനവകാശികൾ ഉണ്ട് ദാസാ. ഞാൻ
വളരെക്കാലമായി കാത്തിരിക്കുന്ന അവകാശികൾ'.
അപ്പോൾ
കേണൽ, തന്റെ സഹോദരൻ ജോലിക്കെന്ന് പറഞ്ഞ് കൽക്കത്തയിൽ സുഭാഷ്
ചന്ദ്രബോസിന്റെ സേനയിൽ ചേരാൻ പോയ പഴയകാലത്ത് എത്തപ്പെട്ടു. യുദ്ധാനന്തരം
മോണ്ടികാസിനോയിലെ ആശുപത്രിയിൽ നിന്ന് സുഖം
പ്രാപിച്ച് തിരികെയെത്തിയപ്പോൾ കൽക്കത്തയിൽ അവനെക്കാണാൻ ചെന്നു. ഇതിനകം
അവന്റെ വിവാഹം കഴിഞ്ഞിരുന്നു. ഐ എൻ എ ക്കാരുടെ കുടുംബങ്ങൾ താമസിച്ചിരുന്ന
സുഭാഷ് കോളനിയിലെ കൊച്ചുവീട്ടിൽ അവന്റെ ജർമ്മൻ ഭാര്യയും കുട്ടികളും
ഉണ്ടായിരുന്നു. യുദ്ധാനന്തര പ്രതികൂല സാഹചര്യങ്ങളിൽ ഐ എൻ എ പോരാളികളെ
ദേശദ്രോഹികളായി ചിത്രീകരിച്ച് ക്രൂര പീഡനങ്ങൾ അഴിച്ചുവിട്ടിരുന്നതുകൊണ്ട്
അവനെ മാത്രം കണ്ടെത്താനായില്ല. അവൻ ഒളിവിലായിരുന്നു. ബംഗാളിലെവിടെ
യും ഭക്ഷ്യക്ഷാമം മൂലം ലക്ഷ ക്കണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
പൂഴ്ത്തിവെപ്പുകാർക്കെതിരെ പോരാടിയ അവന്റെ, എല്ലും തോലുമായി കഴിഞ്ഞിരുന്ന
ജർമ്മൻ ഭാര്യ തന്റെ പേര് കേട്ടപ്പോൾ അകത്ത് കയറ്റി ഇരുത്തി. എണ്ണം
പറഞ്ഞ വാക്കുകളിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അവരധികം സംസാരിക്കുകയോ
ചിരിക്കുകയോ ചെയ്തില്ല. മക്കൾക്ക് അച്ഛന്റെയും തന്റെയും പേരുകൾ അവർ
നൽകിയിരുന്നത് അയാളെ ആശ്ചര്യപ്പെടുത്തി. കുട്ടികളുടെ കണ്ണുകളിൽ
ആളിയ ഭയം കണ്ട് അവർ സ്വരം താഴ്ത്തി ആംഗലേയത്തിൽ പറഞ്ഞു: നിങ്ങളൊരു
പട്ടാളക്കാരനാണെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. നിങ്ങൾക് അറിയാമല്ലോ. ഈ
വീട് നിരന്തരം സേനയുടെ നിരീക്ഷണത്തിലാണ്. എപ്പോൾ വേണമെങ്കിലും അവർ
കയറിവന്ന് അസഭ്യം പറയാം. കുട്ടികൾ ഉണ്ടായത് കൊണ്ടാണ് അവരെന്നെ
ഇവിടെയുപേക്ഷിച്ചത്. നിങ്ങളുടെ സഹോദരൻ എവിടെയാണെന്ന് അറിയില്ല.
അഴിമതിക്കാരും കരിഞ്ചന്തക്കാരും പതിവായി ബുദ്ധിമുട്ടിക്കുന്നതുകൊണ്ട്
പുറത്തിറങ്ങാൻ പറ്റാതായിരിക്കുന്നു.
പലവട്ടം
അവിടെ പോയെങ്കിലും അവനെ കാണാനായില്ല. ഒപ്പം അവരാരും തന്നെ
കേരളത്തിലുള്ള ഈ തറവാട്ടിലേക്ക് വരാൻ താൽപ്പര്യം കാണിച്ചില്ല. ഒരിക്കൽ
തന്നോടൊപ്പം അച്ഛനും വന്നു. അച്ഛനെക്കണ്ട് അവർ മുന്നോട്ടുവന്ന് കാൽ
തൊട്ടു വന്ദിച്ചു. അവർക്കു പിന്നാലെ മക്കളും. ഇതിനകം അവർ ഒരു ജർമ്മൻ
കാരിയെന്ന് തോന്നാത്തത്രയ്ക്ക് മാറിപ്പോയിരുന്നു. കുട്ടികൾ അടുത്തുള്ള
സ്‌കൂളിൽ പഠിക്കുന്നുണ്ടായിരുന്നു. വീട് അതുപോലെതന്നെ
ഒരോർമ്മയായി സൂക്ഷിക്കപ്പെട്ടി രുന്നു: അവൻ വരുമ്പോൾ ഒരു
തടസ്സവുമില്ലാതെ അപ്പോൾ വീട് കണ്ടുപിടിക്കാനാവും.
വൈകുന്നേരം
ആയപ്പോഴേക്കും കുട്ടികൾ പതിയെ ഇണങ്ങുകയും ചിരിക്കുകയും ഒക്കെ ചെയ്തു.
കുട്ടികൾ ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു. പോരുന്നതിനുമുന്നെ അച്ഛന്റെ
നിർദേശപ്രകാരം ഇവിടത്തെ അഡ്രസ് എഴുതി കൊടുത്തു. വീട്ടിലേക്ക് വരണമെന്ന്
പറഞ്ഞു: ഏതാണ്ട് പത്തറുപതു കൊല്ലമായി ഇതെല്ലാം കഴിഞ്ഞിട്ട്. ഇന്നേ വരെ
അവരോ, ആ കുട്ടികളോ, പേരക്കുട്ടികളോ വന്നിട്ടില്ല. അച്ഛൻ പോകുന്നതിനുമുന്നേ
വീണ്ടും ഓർമിപ്പിച്ചിരുന്നു: ഈ വീട് അവർക്ക് കൊടുക്കണം. എന്നെങ്കിലും അവർ
വരാതിരിക്കില്ല.
അവർ
വരുമെന്ന പ്രതീക്ഷയിലാണ് കേണൽ. ഭിത്തിയിൽ തൂങ്ങുന്ന കൽക്കത്തയിൽ
വച്ചെടുത്ത പഴയ ചിത്രം അയാൾ ദാസന് കൊടുത്തു. അവർ വരുമ്പോൾ നീയീ ചിത്രം
കാണിച്ചു കൊടുക്കണം. ഈ വീട് താമസിക്കാൻ കൊടുക്കണം.അവരെ ഞങ്ങൾ
കാത്തിരുന്നുവെന്ന് പറയണം. അതുവരെ നീ നിന്റെ കുടുംബവുമായി ഇവിടെയ്ക്ക്
വരൂ. നിങ്ങളുടെ കുട്ടികൾ ഇവിടെ ഓടിനടക്കുമ്പോൾ, മിണ്ടാനും പറയാനും
ആളുണ്ടാകുമ്പോൾ വീടടയാതെ കിടക്കും...
അപ്പോൾ കണ്ണുകവിഞ്ഞ് തന്റെ കാഴ്ച മങ്ങിയത് ദാസൻ അറിഞ്ഞിരുന്നില്ല.
*************
0 comments:
Post a Comment