മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Thursday, January 21, 2010

ഇരുപത്‌ കഥകള്‍ - ഹന്‍ല്ലലത്ത്‌

|19 comments
സാഹിത്യവേദിയുടെ ഫെബ്രുവരി മാസ ചര്‍ച്ചയില്‍ ഹന്‍ല്ലലത്ത്‌ സ്വന്തം മിനിക്കഥകള്‍ അവതരിപ്പിക്കുന്നു.
തിയതി: ഫെബ്രുവരി 7, ഞായറാഴ്ച്ച
സമയം: വൈകുന്നേരം 6 മണി
സ്ഥലം: കേരളീയ സമാജ്‌ ഓഫീസ്‌, മാട്ടുംഗ

ഹന്‍ല്ലലത്ത്‌
വിസ്മയിപ്പിക്കുന്ന ബിംബങ്ങള്‍കൊണ്ടും ചുട്ടുപൊള്ളിക്കുന്ന പ്രയോഗങ്ങള്‍ കൊണ്ടും ബ്ളോഗോസ്ഫിയറില്‍ ശ്രദ്ദേയനായ ഹന്‍ല്ലലത്ത്‌ മുംബയിലെ പുതു നിരയില്‍ ശ്രദ്ദേയനായ ഒരു യുവകവിയാണ്‌. കവിതകള്‍ കൂടാതെ അദ്ദേഹം എഴുതിയ നൂറ്‌ മിനിക്കഥകളില്‍ നിന്നും തിരഞ്ഞെടുത്ത ഇരുപത്‌ കഥകള്‍ ആണ്‌ സാഹിത്യവേദിയില്‍ അവതരിപ്പിക്കുന്നത്‌. അവിവാഹിതന്‍, മുംബയിലെ ഒരു ട്രാവല്‍ ഏജന്‍സിയിലെ ജോലി ചെയ്യുന്നു, ജന്‍മ സ്ഥലം വയനാട്‌ മാനന്തവാടി
__________________________________________________________
1. വെല്ല മിഠായി
"...മിനിക്കുട്ടിക്ക് വെല്ല മിഠായി വാങ്ങിത്തരാന്നു പറഞ്ഞതല്ലേ......
ഈ എട്ടനെന്തിനാ മിനിക്കുട്ടിയെ ഇങ്ങനെ നോക്കുന്നെ...?
മിനിക്കുട്ടിക്ക് വെല്ല മിഠായി വല്യ ഇഷ്ടാ..........
ഏട്ടനെന്തിനാ മിനിക്കുട്ടിയെ അണച്ച് പിടിക്കുന്നെ......?
മിനിക്കുട്ടിക്ക് ശ്വാസം മുട്ടനുണ്ട് ...
മിനിക്കുട്ടിക്ക് വെല്ല മിഠായി വേണ്ട മിനിക്കുട്ടിയെ വിട്...
മിനിക്കുട്ടിയെ പിച്ചണ്ട....മിനിക്കുട്ടിക്ക് പേടിയാവണ് ..
മിനിക്കുട്ടി പാവ്വാ...ശ്വാസം മുട്ടനുണ്ട്..മിനിക്കുട്ടിയെ വിട്.......
ശ്വാസം കിട്ടണില്ല...മിനിക്കുട്ടീനെ വിട്...
അമ്മേ....... അമ്മ്...അ….."
__________________________________________________________

2. അമ്മിഞ്ഞ
വരണ്ട പാല്‍ക്കുപ്പിയുടെ നിപ്പിളില്‍ അമ്മിഞ്ഞയ്ക്ക് വേണ്ടി പരതിയ കുഞ്ഞിനു മുമ്പില്‍
ടെലിവിഷന്‍ സ്ക്രീനില്‍ ആര്‍ത്തു ചിരിക്കുന്ന പൂതന ബഹു വര്‍ണ പാല്‍ ചുരത്തി.
പൂതനയുടെ ആകാര ഭംഗിയില്‍ മുഴുകിയ അമ്മ, കരണ്ടു പോയപ്പോള്‍ കുഞ്ഞിനെ തിരക്കി.
അപ്പോഴേക്കും കുഞ്ഞു പൂതനയ്ക്കൊപ്പം പോയിരുന്നു.
____________________________________________________________

3. കനിവ്
അറവു മാടുകളിലൊന്നു ഗര്‍ഭിണിയാണെന്നറിഞ്ഞു
അയാള്‍ പറഞ്ഞു
"...വേണ്ട... ഇപ്പോള്‍ അറുക്കരുത് ..."
ആളൊഴിഞ നേരം പ്രസവത്തളര്‍ച്ചയില്‍ ഉണര്‍ന്നെണീക്കാനാഞ്ഞ പശു,
അറവു കത്തിയുടെ മൂര്‍ച്ചയറിഞ്ഞു .
തള്ളയില്ലാത്ത കുഞ്ഞിനു ദയാ വധം വിധിച്ച് അയാള്‍ ആര്‍ദ്രനായി.

____________________________________________________________
4. നാളെ
ഊര്‍ജ്ജം തീര്‍ന്ന് സ്പാര്‍ട്ടക്കസ് മരിച്ചു വീണത്‌ ഇന്നലെ .
ചെഗുവേരയുടെ കബറടക്കം നടന്നതും ഇന്നലെ
പ്രോമിത്യൂസിന്‍റെ കുഴിമാടത്തില്‍ നാരകം തളിര്‍ത്തിരിക്കുന്നു
ഒരു പക്ഷേ നാളെയ്ക്കായി അവ എന്തെങ്കിലും തന്നേക്കാം
_____________________________________________________________

5. പെണ്ണിന്‍റെ മണം
മുന്തിയ സോപ്പു തേച്ച് മേല്‍ കഴുകി
പരസ്യങ്ങളില്‍ മാടി വിളിച്ച സുഗന്ധങ്ങള്‍ വാരിപ്പൂശി
പ്രണയിനിക്കായൊരു കുഞ്ഞു കവിതയുമെഴുതി
ഇനിയും,ഉടുതുണി ബാക്കി വയ്ക്കാതെ കുടഞ്ഞെറിയപ്പെട്ട
ആ തെരുവു പെണ്ണിന്‍റെ മണമാണെനിക്കെന്ന് നിങ്ങള്‍ പറയരുത്
_____________________________________________________________

6. വിപണി
ആഗോള വത്കരണത്തില്‍ മനം നൊന്ത ഗാന്ധിയനായ അയാള്‍ മരിക്കാനുറച്ചു.
ആത്മഹത്യക്ക് പുതു വഴികള്‍ അയാള്‍ക്കന്യമായിരുന്നു.
ബഹുരാഷ്ട്ര കമ്പനിയുടെ പ്ലാസ്റ്റിക് കയര്‍, സ്വകാര്യവത്കരിച്ച റെയില്‍,
വിറ്റുകഴിഞ്ഞ പുഴകള്‍,അമേരിക്കന്‍ നിര്‍മ്മിത തോക്കുകളും വിഷങ്ങളും .......!!!
വൈദേശികര്‍ക്കെതിരെയുള്ള തന്‍റെ പോരാട്ടം
മരണത്തിലും തോല്‍വി സമ്മാനിക്കുന്നതറിഞ്ഞ് അയാള്‍ വിതുമ്പിപ്പോയി.
ഓരോ തുള്ളി കണ്ണുനീരും ഉപ്പും വേര്‍തിരിച്ചും അല്ലാതെയും ബഹുരാഷ്ട്ര കമ്പനികള്‍ വിപണിയിലിറക്കി...!
_____________________________________________________________

7. ചരിത്രം
ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു.
കൈകള്‍ക്ക് പകരം മുറിച്ചെടുത്ത കാലുകളും,
മൂക്കിനു പകരം ചൂഴ്ന്നെടുത്ത കണ്ണുകളും ഘടിപ്പിക്കപ്പെട്ട ഒരു വിചിത്ര രൂപം !
വാളോങ്ങിയ കയ്യില്‍ വീണയും അനുഗ്രഹിക്കാന്‍ നീട്ടിയ കയ്യില്‍ കഠാരയും
പിടിപ്പിച്ചിരിക്കുന്നു ...ഞാന്‍ മിഴിച്ചു നില്‍ക്കെ ,
പൊടുന്നനെ ഹെറഡോട്ടസ് പ്രത്യക്ഷപ്പെട്ടു പറഞ്ഞു. "...ഇതാണ് ചരിത്രം..."
_____________________________________________________________

8. ഭീകരവാദി
മാനുകളും മുയലുകളും ഒത്തു കൂടി.
ചെന്നായ്ക്കളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നു.
ഇനിയെന്ത് ചെയ്യും ?
കൂട്ടം ചേര്‍ന്ന് നടക്കാനും ഒന്നിച്ചെതിര്‍ക്കാനും തീരുമാനമായി.
സിംഹം ഗര്‍ജ്ജിച്ചു കൊണ്ട് കുതിച്ചു വന്നു."...ഭീകരവാദികള്‍...വിടരുതവരെ..!"
പിറകെ ചെന്നായകളും.
പിന്നീട് മാനുകളും മുയലുകളും ഒത്തു കൂടിയിരുന്നിടത്ത്
കുറെ ഭീകരവാദികളുടെ ശവ ശരീരങ്ങള്‍ കിടന്നിരുന്നു.
_____________________________________________________________
9. പരിശോധനകള്‍
സ്തനാര്‍ബുദമാണ് തനിക്കെന്നവള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല..!
സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ ബസ്സിലെ കണ്ടക്ടറും കിളിയും നിത്യവും പരിശോധിച്ചിരുന്നു.
സേഫ്റ്റി പിന്നിന്റെ ഉപയോഗമറിയാവുന്നത് കൊണ്ട് അത് അധികം നീണ്ടു നിന്നിരുന്നില്ല.
പിന്നീട് മുഖങ്ങള്‍ മാറിയിരുന്നെങ്കിലും പരിശോധനകള്‍ തുടര്‍ന്നിരുന്നു.
അറിയാതെയന്ന വണ്ണം തിരക്കുണ്ടാക്കിയും അല്ലാതെയും ...!
അവസാനം ഇന്റെര്‍ണല്‍ മാര്‍ക്കെന്നു പറഞ്ഞ് പൌലോസ് സാറാണ് പരിശോധിരുന്നത്...!
എന്നിട്ടും തനിക്ക്‌..?!എത്ര ആലോചിച്ചിട്ടും അവള്‍ക്ക് ഒരു രൂപവും കിട്ടിയില്ല...!
_____________________________________________________________
10.അറിവ്
ഇലകള്‍ പൊഴിയുന്നത് കണ്ട്‌ മരത്തിനു സങ്കടം അടക്കാനായില്ല.
.എന്റെ മരണം അടുത്തു... അത് നെടുവീര്‍പ്പിട്ടു.
..പുതിയവയ്ക്കായി വഴി മാറുന്നതല്ലേ ...ആ ഇലകള്‍ ?! ഇനി പച്ചയായി മുളച്ചു വരില്ലേ ‍..എല്ലാം ...?
പക്ഷി മരത്തെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
..വഴിയൊഴിഞ്ഞു കൊടുക്കണമെന്നത് സത്യമല്ലേ..?
..അതേ...
എങ്കില്‍ ഒരു ദിവസം നീയും ഞാനുമെല്ലാം വഴിയൊഴിയണ്ടേ....മരം വിങ്ങി .
"..നീയെന്തിനു ദുഖിക്കണം... നീയെത്ര പറവകള്‍ക്ക് സാന്ത്വനമേകി..?!...
എത്ര ജീവികള്‍ക്ക് ഭക്ഷണം നല്‍കി...?! ഞാനോ...?...
അലസതയോടെ പറന്നു നടന്നു ജീവിതം തീര്‍ക്കുന്നു..!
എങ്കിലും എന്നെ അപേക്ഷിച്ച് നീയെത്ര നിസ്സാരനെന്ന് ഓര്‍ക്കുമ്പോഴാണ്
എനിക്ക് നിന്നോട് സഹതാപം തോന്നുന്നത് ..
വേരുകളാല്‍ ബന്ധിതനായ നീ എവിടെ...ആകാശം സ്വന്തമായ ഞാനെവിടെ...?!
എനിക്ക് നിമിഷ നേരം കൊണ്ട് ആകാശത്തേക്ക് കുതിക്കാമല്ലോ...!!.."
...പ്രിയ പക്ഷീ ...എനിക്കിപ്പോള്‍ എന്നെക്കുറിച്ച് ദുഖമില്ല..
കാരണം എനിക്കിപ്പോഴും ആത്മാവുണ്ട്....നിന്റെ ആത്മാവ് പണ്ടേ മരിച്ചു കഴിഞ്ഞു.
അതാണല്ലോ അഹങ്കാരം നിന്നില്‍ കൂട് കൂട്ടിയത്...
ഇനി ഞാന്‍ മരിച്ചോട്ടെ....എനിക്കെന്നെ അറിയാന്‍ കഴിഞ്ഞല്ലോ..!
_____________________________________________________________

11. ദുര്‍ബലം
അന്ന് , ലൈബ്രറിയില്‍ നിന്നിറങ്ങുന്ന ഇട നാഴിയിലൂടെ ഞാന്‍ നടന്നു നീങ്ങുമ്പോഴൊക്കെ
കെമിസ്ട്രി ലാബില്‍ നിന്നും നിന്‍റെ രണ്ട്‌ കണ്ണുകള്‍ എന്നെ പിന്തുടരുന്നുണ്ടെന്ന്
ഞാന്‍ അറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു...അപ്പോഴേക്കും നിന്‍റെ കണ്ണുകളുടെ കാന്ത ശക്തിയില്‍
സ്വയം ആകര്‍ഷിക്കപ്പെട്ട എന്‍റെ ശരീരം നിന്‍റെ ഇച്ഛകള്‍ക്കൊത്തു ചലിക്കുവാന്‍ തുടങ്ങിയിരുന്നു .
നടപ്പിന്‍റെ വേഗത കുറച്ചു കാലുകള്‍ പ്രണയം അറിഞ്ഞു തുടങ്ങിയിരുന്നു .
കനലുകള്‍ വാരി വിതറുന്ന എന്‍റെ ചിന്തകളില്‍ നിന്നും എപ്പോഴോ
നെരൂദയും ജിബ്രാനും മാര്‍ക്വേസുമെല്ലാം ഇറങ്ങി നടന്നത് ഞാന്‍ പോലും അറിഞ്ഞില്ല ....
പകരം നിറഞ്ഞു നില്‍ക്കുന്ന നിന്‍റെ തുടുത്ത മുഖം ഉറക്കത്തിന്‍റെ
പുണരല്‍ കാത്തു കിടക്കേണ്ടി വരുന്ന രാവുകളില്‍ എന്നെ അസ്വസ്ഥനാക്കുകയായിരുന്നു....
ഇനിയും പറയാന്‍ എന്തൊക്കെയോ ബാക്കിയുണ്ട്......!
പക്ഷെ ...നിന്‍റെ ഭര്‍ത്താവ് അനുവദിച്ചു തന്ന സമയം കഴിഞ്ഞിരിക്കുന്നു.
ഇനി ഞാന്‍ യാത്ര പറയട്ടെ...?
എങ്കിലും...... പണക്കാരനായ അയാളുടെ ഹൃദയത്തിന്
എന്‍റെ ഹൃദയത്തെക്കാള്‍ വിശാലതയില്ലെന്നു ഞാന്‍ സമാധാനിച്ചോട്ടെ ...!
അയാളുടെ പ്രതാപത്തിന് മുമ്പില്‍ എന്‍റെ പ്രണയം
നുരുമ്പിച്ച കുരുത്തോല പോലെ ദുര്‍ബലമാവുന്നത് നീയും തിരിച്ചറിയുന്നുണ്ടോ....?
_____________________________________________________________

12. തലാഖ്
വഴി തെറ്റിയെത്തുന്ന ഒരു വാക്ക് മതി ജീവിതത്തിന്‍റെ ചരടറുത്ത് കളയാന്‍ എന്നവളറിഞ്ഞിരുന്നില്ല..
പ്രണയത്തിന്റെ അഗാധതകളെ സ്വപ്നം കണ്ടവള്‍ക്ക് നീ കാത്തു വെച്ചത്
തിരസ്കരണത്തിന്റെ മൂന്നു വാക്കുകള്‍..
കാരണത്തിന് ഒരു കാരണം ഇസ്തിരിയിട്ടത് നന്നായില്ലെന്നത് മീന്‍ കറിയില്‍ ഉപ്പു കൂടിയതിന്‌...
പിന്നെ കാരണമില്ല..
ഉള്ളത് പുറത്തു പറയാനൊക്കില്ലല്ലോ..അനിയത്തിയൊരു മൊഞ്ചത്തി തന്നെയാണ്..
പിന്നെയെന്തിനാനിവളെ പേറുന്നത്..!
_____________________________________________________________

13. റിയാലിറ്റി
പച്ചക്കറി വാങ്ങാന്‍ ചന്തയില്‍ പോയ മകളെ ടിവിയില്‍ കണ്ട് അമ്മ കണ്ണ് മിഴിച്ചു.
റിയാലിറ്റിയുടെ എസ്.എം.എസ് പ്രളയത്തില്‍ അയല്‍പക്കത്തെ പയ്യനുമൊത്തു മകള്‍,
കോടികള്‍ വിലയുള്ള ഫ്ലാറ്റുകള്‍ മനക്കോട്ടയില്‍ കണ്ടു.

ഒടുവിലൊടുവില്‍ പപ്പടം വില്‍ക്കാന്‍ പോകുന്നതു നിറുത്തി അമ്മയും
'റിയാലിറ്റിയുടെ' ലോകം പടി ചവിട്ടിക്കടന്നു.
മൊന്തയില്‍ നിറച്ച വെള്ളവും പപ്പടത്തിന്‍റെ ഉഴുന്നും നോക്കി
കട്ടിലില്‍ തളര്‍ന്നു കിടക്കുന്ന അച്ചന്‍ മാത്രം ഒരു റിയാലിറ്റി അല്ലാതായി ....!
_____________________________________________________________

14. ലാവയുറവകള്‍.
എന്റെ ചുണ്ടിലെ സ്നേഹം തീര്‍ന്നപ്പോള്‍ എന്റെ ടീച്ചറുടെ കണ്ണില്‍ നിന്നും
സിഗരറ്റ് കത്തിച്ച് അവന്‍ നടന്നു പോയി .
പിറ്റേന്ന് തീ തേടി അഗ്നി പര്‍വ്വതങ്ങളെ തിരഞ്ഞു നടക്കുന്നത് കണ്ടു .
പെണ്ണെന്നാല്‍ അഗ്നി പര്‍വ്വതമാണെന്നാണവന്റെ മതം
പൊട്ടിത്തെറിക്കും വരെ ആരുമറിയില്ല ഉള്ളിലുറങ്ങുന്ന ലാവയുറവകള്‍...
_____________________________________________________________

15. തലയണ
പുര നിറഞ്ഞ പെണ്ണും മാറി മാറി വരുന്ന ചെക്കനും സംസാരിക്കുന്നത് കേട്ടു കേട്ട് ചുമരുകളിപ്പോള്‍
കരയാന്‍ കൊതിക്കാറുണ്ട്. സംസാരങ്ങളുടെയെല്ലാം ഒടുക്കം
നെഞ്ചില്‍ നിന്നുയരുന്ന ഞരക്കം അവളെവിടെയാണ് ഒതുക്കുന്നതെന്ന്
വീട് ആകുലപ്പെടാറുണ്ട്.അവളുടെ തലയണക്കു മാത്രമറിയാം,
പുര നിറഞ്ഞാല്‍ പൊന്നിന്റെ കണക്കില്‍ പെണ്ണ് തീര്‍ക്കുന്ന
കണ്ണു നീരിന്റെ ഉപ്പ്‌ ..!
_____________________________________________________________

16. വര്‍ഗ്ഗീയം
കുഞ്ഞ് വണ്ടിക്കടിയില്‍ പെടും .
എന്ത് ചെയ്യണമെന്നറിയാതെ ആള്‍ക്കൂട്ടം വീര്‍പ്പടക്കി നില്‍ക്കുകയാണ്‌...
"....കുട്ടി ഏതാ ആള് ..?.."
അടുത്ത നിന്ന ഒരാളുടെ ചെവിയില്‍ പതുക്കെ ചോദിച്ചു.
"....നമ്മുടെ ആളു തന്നെയാ.."
പിന്നെയൊന്നും നോക്കിയില്ല.
കുതിച്ചു വരുന്ന വണ്ടിക്കു മുന്നിലേക്ക് എടുത്തു ചാടി കുഞ്ഞിനെ വാരിയെടുത്ത്
ഉരുണ്ടു മാറിക്കഴിഞ്ഞപ്പോഴേക്കും ആളുകള്‍ ഈച്ചകളെ പോലെ പൊതിഞ്ഞു കഴിഞ്ഞിരുന്നു.
ആള്‍ക്കൂട്ടത്തില്‍ തോളിലേറ്റപ്പെടുമ്പോഴും 'നമ്മുടെ ആളാണെന്നു' പറഞ്ഞത്
സത്യമാവണെയെന്നു പ്രാര്‍ഥിക്കുകയായിരുന്നു ഞാന്‍...!
____________________________________________________________

17. കുറുക്കു വഴി
കുറുക്കു വഴികള്‍ അവള്‍ക്കിഷ്ടമായിരുന്നു
അനിയന് മുമ്പെ വീട്ടിലെത്താനും‍.അന്തി കറുക്കുമ്പോള്‍ വേഗം വീടണയാനും.
ഇണ ചേരുന്ന പാമ്പുകളെക്കണ്ട് ഇടവഴിയില്‍ ഭയന്നോടിയതില്‍ പിന്നെ
കുറുക്കു വഴി ആശ്വാസമായിരുന്നു
കുറുക്കു വഴിയിലാണ് അയാളെയവള്‍ കണ്ടത് ചിരിക്കുന്ന മുഖവും മധുര മിഠായികളും നീട്ടുന്നൊരാള്‍
വീട്ടിലെത്താന്‍ ഇനിയുമൊരുകുറുക്കു വഴിയുണ്ടെന്ന് അയാള്‍ പറഞ്ഞതു കേട്ടാണവളമ്പരന്നത്
പിന്നെ മൊബൈല്‍ സ്ക്രീനില്‍ പിടയുന്ന തന്നെ തന്നെ കണ്ട് അവള്‍ തുറിച്ചു നോക്കി.
ഉടുപ്പില്ലാത്ത ഉടല്‍ കണ്ട് അവള്‍ക്കപ്പോള്‍ നാണം തോന്നിയതേയില്ല
_____________________________________________________________

18. വാക്കിന്റെ ദൈവം
പല്ലുകളുടെ മുന തട്ടി മുറിവേറ്റ വാക്കിന്‍ കുഞ്ഞുങ്ങള്‍
ഇന്നലെ എന്റെ ബോധത്തില്‍ കൈകാലിട്ടടിച്ചു .
അമര്‍ത്തിയ ചുണ്ടുകള്‍ക്കിടയില്‍ ശ്വാസം മുട്ടിപ്പിടഞ്ഞ വാക്കുകള്‍ക്കായി
അവയെന്നോട് കണക്കു ചോദിച്ചു.
തെരുവിലൂടെ വാക്കിന്റെ ഗര്‍ഭപാത്രം തുറന്നിട്ട് ഞാന്‍ നടക്കുമ്പോള്‍
വാക്കുകളുടെ വകതിരിവ് തേടി ആള്‍ക്കൂട്ടമെന്നെ പൊതിയുന്നില്ല..
അവരുടെ ചിറിക്കോണിലെ പുച്ഛച്ചിരിയില്‍ ഞാനുണ്ട്
_____________________________________________________________

19. ബ്രാന്‍ഡ്
വിയര്‍പ്പില്‍ മുങ്ങുന്ന രാവുകള്‍ ഉണര്‍വ്വിനെ മാടി വിളിക്കുന്നു.
കിനാവുണങ്ങിയ നിദ്രയില്‍ നിലാവ് നിഴലാകുന്നു
പേറ്റന്റുകള്‍ നേടിയ കമ്പനി കിനാവുകള്‍ക്ക് തീ വിലയൊടുക്കി.
ഇനി നമുക്ക് സ്വപ്നം കാണാന്‍ പണം വേണം..
പക്ഷെ, ഒരു മുഴം കയറ് ...അതെവിടുന്നു കിട്ടും..ഏതു ബ്രാന്‍ഡ്...?!
_____________________________________________________________
20. കാല്പനികം
നാളെ ഞാന്‍ മരിക്കും..!
അവളോട്‌ ഞാന്‍ പറഞ്ഞു
മരിക്കാനോ..?
അതേ..എനിക്കു മടുത്തു..
എങ്കില്‍ എനിക്കായി ഒരു കവിതയെഴുതാമോ..?
എഴുതാം...
നാളെ ഞാന്‍ മരിക്കും...
ആയിക്കോട്ടെ...എനിക്ക് കവിത കിട്ടണം കേട്ടോ..
മ്മ്മ്...ശെരി...
ദൈവത്തില്‍ അര്‍പ്പിക്കാതെ എല്ലാം സ്വപ്‌നങ്ങള്‍ മാത്രമായി കരുതിയതിന് എന്നെ
സ്വര്‍ഗത്തില്‍ നിന്നും ഇറക്കി വിട്ടു..!
എപ്പോഴും പെയ്യുന്ന കണ്ണുകളാണെന്നതിനാല്‍ നരകം കെട്ടു പോകുമെന്ന് ഭയന്ന്
നരകത്തോട്‌ അടുപ്പിച്ചില്ല..
അരൂപിയായ് ഞാന്‍ പിന്നെയും ഭൂമിയിലേക്ക്...!
മരണത്തിന്റെ പതിനഞ്ചാം നാള്‍ എന്റെ ഉള്ളു നിറയെ തിരസ്കരണത്തിന്റെ മുള്ളുകള്‍ തറപ്പിച്ച്
എന്നെ മരണത്തിലേക്ക് കവിത വാങ്ങി പറഞ്ഞയച്ചവള്‍ ടൌണ്‍ ഹാളില്‍ പ്രസംഗിക്കുന്നത് കേട്ടു ...എന്റെ സ്നേഹത്തെക്കുറിച്ച്...!
അതും കഴിഞ്ഞ് കാമുകനൊത്തു കാറില്‍ പോകുമ്പൊള്‍ എന്നെ ഭ്രാന്തനെന്നു വിളിക്കുന്നതും ഞാന്‍ കേട്ടു..!
മരണം എന്തില്‍ നിന്നാണ് രക്ഷപ്പെടുത്തിയതെന്ന ബോധ്യത്തോടെ ഞാന്‍ തിരിഞ്ഞു നടന്നു
_____________________________________________________________
അറിയിപ്പ്‌: മാര്‍ച്ച്‌ മാസം ഏെഴാം തിയതി പന്ത്രണ്ടാമത്‌ വി.ടി. ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്കാര ദാന ചടങ്ങാണ്‌. കഴിഞ്ഞ ഒരു വര്‍ഷം വേദിയില്‍ അവതരിപ്പിക്കപ്പെട്ട സൃഷ്ടികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന കൃതിക്ക്‌ വി.ടി. ഗോപാലകൃഷ്ണന്‍ പുരസ്കാരം നല്‍കി വരുന്നു. വി.ടി. സ്മാരക ട്രസ്റ്റ്‌ ഏെര്‍പ്പെടുത്തിയ നാട്ടില്‍ നിന്നുള്ള അവാര്‍ഡ്‌ ജൂറിയാണ്‌ സൃഷ്ടികള്‍ വിലയിരുത്തുന്നത്‌

Followers