മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Sunday, February 27, 2011

വി.ടി. ഗോപാലകൃഷ്ണന്‍ അവാര്‍ഡ് സമര്‍പ്പണം

|0 comments
സജി എബ്രഹാമിന്റെ പുരസ്‌കാരത്തനര്‍ഹമായ ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഉന്നതങ്ങളെ ചുംബിക്കുന്ന കല - സജി എബ്രഹാം.

|0 comments
പതിമൂന്നാമത് വി.ടി. ഗോപാലകൃഷ്ണന്‍ പുരസ്‌കാരത്തിന് ശ്രീ സജി എബ്രഹാമിനെ അര്‍ഹമാക്കിയ ലേഖനം 'ഉന്നതങ്ങളെ ചുംബിക്കുന്ന കല'. സാഹിത്യവേദിയുടെ 43 ാം വാര്‍ഷകപരിപാടിയില്‍ അവതരിപ്പിച്ച പ്രസ്തുതലേഖനത്തിന്റെ പൂര്‍ണ്ണരൂപം.


സജി എബ്രഹാം.


ആമുഖം
ക്ഷമാപണത്തോടെ അല്ലെങ്കില്‍ ഒരു മുന്‍കൂര്‍ ജാമ്യത്തോടെ തുടങ്ങട്ടെ; കാരണം കഴിഞ്ഞ 2 പതിറ്റാണ്ടുകളിലെ കൃത്യമായി പറഞ്ഞാല്‍ ഉഗ്രന്‍ പ്രഭാവത്തോടെ വന്ന് നമ്മെ കീഴടക്കിക്കളഞ്ഞ ആധുനികതയുടെ കൊടിയിറക്കത്തിനുശേഷമുള്ള കാലയളവിലെ ചെറുകഥാ മേഖലയെ വിലയിരുത്തമ്പോള്‍ ഒട്ടേറെ പരിമിതികളുടെ ഇടവഴികളില്‍ ഞാന്‍ കുടുങ്ങിപ്പോവുന്നു. അക്കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലെ ഏറ്റവും സമഗ്രവും സമ്പന്നവുമായ സാഹിത്യ രൂപം മലയാളത്തെ സംബന്ധിച്ചിടത്തോളം ചെറുകഥയായിരുന്നു. പ്രശസ്തരും അപ്രശസ്തരുമായ ഒരുപാട് പുതിയ എഴുത്തുകാര്‍ ഈ മേഖലയിലേക്ക് കടന്നു വന്നു. കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമൊക്കെ ക്ലച്ചു പിടിച്ചു തുടങ്ങിയിട്ടും പ്രിന്റ് മീഡിയയുടെ രംഗത്ത് അസാധാരണമായ കുതിപ്പ് സംഭവിക്കകയുണ്ടായി. ഒരുപാട് പുതിയ പുതിയ പ്രസിദ്ധീകരണ ശാലക്കാര്‍ കടന്നു വന്ന് മികച്ച പുസ്തകങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഗണനീയമായ സാന്നിധ്യമായി മാറി. ബ്ലോഗുകളില്‍ മികച്ച രചനകള്‍ വന്നു തുടങ്ങി. ഇവയിലൂടെയൊക്കെ ധാരാളം കഥകള്‍ വന്നുകൊണ്ടേയിരുന്നു ഗവേഷണ പണ്ഡിതനല്ലാത്ത ഒരു സാഹിത്യാസ്വാദകന് ഈ ചാകരയ്ക്കിടക്ക് എല്ലാത്തിനേയും ശ്രദ്ധിക്കുവാനോ ആസ്വദിക്കുവാനോ പഠിക്കുവാനോ വിലയിരുത്തുവാനോ സാധിക്കുകയില്ല. പല കാരണങ്ങളാല്‍ ശ്രദ്ധാര്‍ഹമായ ചില കഥകളെപ്പറ്റി അറിവുണ്ടെങ്കിലും അത് വായിച്ചിട്ടില്ലാത്തതുമൂലം ഈ പ്രബന്ധത്തില്‍ പരാമര്‍ശിക്കാന്‍ കഴിയാതെ പോയിരിക്കുന്നു. നിശ്ചയമായും ഈ പരിമിതി ഈ പ്രബന്ധത്തിന്റെ സമഗ്രതയെ ബാധിച്ചിട്ടുണ്ടെന്ന് വിനയപൂര്‍വ്വം തുറന്നു സമ്മതിച്ചു കൊണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷയോടേയും കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലെ കഥാ ലോകത്തേക്ക് കടക്കട്ടെ.

ഭാവികത്വ പരിണാമങ്ങള്‍
നോവലും കവിതയും ആധുനികതയുടെ ജീവിത മൂല്യ നിഷേധത്തെ ഉയര്‍ത്തിപ്പിടിച്ച ചില കഥകളും അരങ്ങു കീഴടക്കിവാണ കാലമായിരുന്നു എണ്‍പതുകളുടെ ഒടുക്കം വരെ. നോവലിന്റേയും കവിതയുടേയും ആഡ്യ പ്രഭയ്ക്കിടയില്‍ കഥ ഒരു ദരിദ്ര ബന്ധുവായിപ്പോയതിലൂള്ള വലിയ വിഷമം ഒരു പൊട്ടിത്തെറിയായി ടി. പത്മനാഭന്റെ കാരൂര്‍ സ്മാരക പ്രഭാഷണത്തില്‍ മുഴങ്ങിയ ശേഷം മലയാള കഥയില്‍ വമ്പിച്ച ഒരു കുതിപ്പ് സംഭവിക്കുകയുണ്ടായി. കാഴ്ചപ്പാടില്‍, ശൈലിയില്‍, ഭാവുകത്വത്തില്‍, ക്രാഫ്റ്റില്‍, പ്രമേയത്തില്‍ വ്യത്യസ്തതയുമായി ഒട്ടേറെ പുതിയ എഴുത്തുകാര്‍ ഈ രംഗത്തേയ്ക്ക് കടുന്നു വന്നു. പഴയവര്‍ സ്വയം നവീകരിച്ച് യുവാക്കളായി. ആധുനികര്‍ തെറ്റ് എറ്റു പറഞ്ഞുകൊണ്ട് ഉത്തരാധുനികതയുടെ വണ്ടിയില്‍ സവാരി ചെയ്തു. ജീവിതത്തെ അതിന്റെ സമഗ്രതയില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ച ചില ഉജ്വല പ്രതിഭകള്‍ കഥാ രംഗത്ത് ഉദിച്ചുയര്‍ന്നു. ഏറ്റവും പ്രധാനപ്പെട്ട ഒരു സാഹിത്യരൂപമായി ഈ കലയളവില്‍ ചെറുകഥമാറി. കഥയെപ്പറ്റി മാത്രം ചര്‍ച്ച ചെയ്യുന്ന നിരൂപണ ഗ്രന്ഥങ്ങള്‍ നിരവധി രചിക്കപ്പെട്ടു. സംവാദങ്ങളുടെ മുന്‍ നിരയില്‍ കഥാകൃത്തുക്കള്‍ ഇരിപ്പടം നേടിയെടുത്തു. ദീനനും ദരിദ്രനുമായ ബന്ധുവില്‍ നിന്ന് ആഡ്യനായ ഒരു കരപ്രമാണിയുടെ സ്ഥാനത്തേക്കുള്ള കഥയുടെ മാറ്റം മലയാള ഭാവനയില്‍ പുതിയ ഭാവുകത്വത്തിലേക്കുള്ള പരിണാമമായി.

നോവലിനെ പന്തള്ളുന്ന കഥ
ഒരു കാലത്ത് കവിതകള്‍ രചിക്കുന്നവര്‍ മാത്രമായിരുന്നു എഴുത്തകാരായി അഥവാ സാഹിത്യകാരന്മാരായി അംഗീകരിക്കപ്പെട്ടിരുന്നത്. ഫ്യൂഡലിസത്തിന്റെ പതനത്തോടെ ഗദ്യമെഴുത്തുകാര്‍ അഥവാ നോവലിസ്റ്റുകളും അംഗീകരിക്കപ്പെട്ടു. ഒരു വലിയ എഴുത്തുകാരനായി അംഗീകരിക്കപ്പെടണമെങ്കില്‍ കാവ്യമൊ അല്ലെങ്കില്‍ നോവലോ എഴുതണമെന്ന ഉറച്ചുപോയ ധാരണകള്‍ ഇക്കഴിഞ്ഞ പതിറ്റാണ്ടുകളില്‍ പിഴുതു മാറ്റപ്പെട്ടു. നല്ല നോവലുകള്‍ ഇവിടെ പിറവിയെടുത്തു. പി. പത്മരാജന്റെ 'പ്രതിമയും രാജകുമാരിയും' ആനന്ദിന്റെ 'ഗോവര്‍ദ്ധനന്റെ യാത്രകള്‍'' ''അപഹരിക്കപ്പെട്ട ദൈവങ്ങള്‍'' എം മുകുന്ദന്റെ ''ആദിത്യനും രാധയും മറ്റു ചിലരും'' ''നൃത്തം'' ''കേശവന്റെ വിലാപങ്ങള്‍'' സാറാ ജോസഫിന്റെ ''അലാഹയുടെ പെണ്‍മക്കള്‍'' എന്‍. എസ്. മാധവന്റെ ''ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍'' സേതുവിന്റെ ''അടയാളങ്ങള്‍'' അംബികാ സുതന്‍ മങ്ങാടിന്റെ ''മരക്കാപ്പിലെ തെയ്യങ്ങള്‍'' ടി. വി. കൊച്ചുബാവയുടെ ''വൃദ്ധസദനം'', എം ടി വാസുദേവന്‍ നായരുടെ ''വാരണസി'' തുടങ്ങി ബന്യാമിന്റെ ''ആടു ജീവിതം'' വരെ നല്ല രചനകള്‍ പ്രൗഢിയോടെ നിന്നിട്ടും ചെറുകഥയായിരുന്നു എറ്റവുമധികം ചര്‍ച ചെയ്യപ്പെട്ടതും നമ്മുടെ ഭാവുകത്വത്തെ പുഷ്ടിപ്പെടുത്തിയതും. ഈ എഴുത്തുകാരുടെ തന്നെ ചെറുകഥകള്‍ അവരുടെ നോവലുകളെ പിന്നിലാക്കിക്കൊണ്ട് ഗദ്യസാഹിത്യത്തിലെ വലിയ സംഭാവനകളായി. ഉദാഹരണത്തിന് എന്‍. എസ്. മാധവനെ നോക്കുക. ഹിഗ്വീറ്റ, കാര്‍മെന്‍, കപ്പിത്താന്റെ മകള്‍, നാലാം ലോകം തുടങ്ങിയ കഥകളള്‍ക്കുമുന്നില്‍ തന്റെ പ്രഥമ നോവലായ 'ലന്തന്‍ ബത്തേരിയിലെ ലുത്തനിയകള്‍' മുട്ടുമടക്കി നില്‍ക്കുന്നു. അംബികാ സുതന്‍ സാഹിത്യത്തിന്റെ മുഖ്യധാരയില്‍ തന്റേതായ ഇടം നേടിയത് കഥകളിലൂടെത്തന്നെയായിരുന്നു. 'വണ്ടിക്കാളകള്‍' എന്ന നോവല്‍ ഈ കാലയളവില്‍ എഴുതിയിട്ടും മാധവിക്കുട്ടി ചര്‍ച്ച ചെയ്യപ്പെട്ടത് 'ചന്ദനമരങ്ങള്‍' പോലുള്ള കഥകളിലൂടെയായിരുന്നു. മറ്റെല്ലാ സാഹിത്യരൂപങ്ങളേയും പിറകിലേക്ക് തള്ളിമാറ്റിക്കൊണ്ട് ചെറുകഥ അതിന്റെ ശക്തി സൗന്ദര്യങ്ങള്‍ പ്രകടിപ്പിച്ച രണ്ടു പതിറ്റാണ്ടുകളാണ് തൊണ്ണൂറുകളും രണ്ടായിരവും. മൗനത്തിന്റെ നീണ്ട കാലത്തെ ഭേദിച്ചുകൊണ്ട് എന്‍. എസ് മാധവനും എം. സുകുമാരനും തിരിച്ചെത്തിയ മാലയളവാണിത് യുവത്വം ദാനമായി ലഭിച്ച ആ പുരാണ കഥാപത്രത്തെപോലെ കാലത്തിന്റെ അനന്തതയില്‍ നിന്നും യുവത്വം നേടിയ എം. ടി. ബഷീറിനെപ്പോലെ മറ്റൊരു മാന്ത്രികപ്പൂച്ചയെ തന്ന വസന്തകാലമാണിത്. ഷെര്‍ലക് കൂടാതെ 'പെരുമഴയുടെ പിറ്റേന്ന്' 'വാനപ്രസ്ഥവും' എം.ടി. യുടെ തൂലിക തുറന്നുവിട്ടു. എം. മുകുന്ദനും സേതുവും പുനത്തില്‍ കുഞ്ഞബ്ദുള്ളയും ആനന്ദും സക്കറിയയും ആധുനികതയെ സമര്‍ത്ഥമായി മറികടന്ന് തങ്ങളുടെ കഥാജീവിതത്തിലെ മികച്ച ചില രചനകള്‍ നല്‍കിയ ഗദ്യകാലമാണിത്. രേഖയും സിതാരയും മുതല്‍ ഇന്ദുമേനോനും ധന്യാരാജും വരെയുള്ള ടീന്‍ എയ്ജുകാരികള്‍ വേറിട്ടൊരു സ്വരം തീര്‍ത്ത കഥയുടെ പതിറ്റാണ്ടുകളാണിത്. ജാടയില്ലാതെ ഭയപ്പെടുത്തുന്ന വെല്ലുവിളികളില്ലാതെ, അഹങ്കരിക്കുന്ന അവാകാശവാദങ്ങളില്ലാതെ സ്വച്ഛന്ദമായി കടന്നു വന്ന യുവനിര ഒരു ശാന്ത വിപ്ലവത്തിലൂടെ മലയാള കഥയെ ഉയരങ്ങളിലേക്ക് കൊണ്ടുപോയി. അതേ തീര്‍ച്ചയായും ഇത് കഥയുടെ കാലഘട്ടം തന്നെയാണ്.

ഇവരുടെ കാലം ഇവരുടെ കഥകള്‍
ജീവിതത്തെ അതിന്റെ സമഗ്രതയില്‍ വീക്ഷിക്കുവാന്‍ ഈ കഥയെഴുത്തുകാര്‍ക്കു കഴിഞ്ഞു. വര്‍ത്തമാന കാലത്തിന്റെ സങ്കടങ്ങളെ അവര്‍ കനിവോടെ ആവിഷ്‌ക്കരിച്ചു. ഭാവനയുടെ ഞെട്ടിപ്പിക്കുന്ന സുഖത്തിലേക്ക് അവര്‍ നമ്മെ കൊണ്ടുപോയി. ഗൃഹാതുരത്വത്തെ മുഖ്യപ്രമേയമാക്കിക്കൊണ്ട് ഓര്‍മ്മകളെ തിരിച്ചു പിടിച്ചുകൊണ്ട് പ്രതിരോധത്തിന്റെ വീറ് കാട്ടി. പുരഷ മേധാവിത്വത്തിന്റെ വിറയ്ക്കുന്ന ഗോപുരങ്ങള്‍ക്കു മീതെ ഇവര്‍ അഗ്നിയായി പെയ്തിറങ്ങി. പ്രത്യയ ശാസ്ത്രത്തിന്റെ മടുപ്പിക്കുന്ന ക്ലീഷേകളെ ഇവര്‍ ദയവില്ലാതെ വെട്ടിമാറ്റി. ഉപഭോഗ സംസ്‌കാരിത്തിന്റെ ഭീമന്‍ ശക്തികള്‍ക്കെതിരെ കവണികള്‍ ആയുധമാക്കിക്കൊണ്ടിവര്‍ പുതിയ ദാവീദുമാരായി. പാരിസ്ഥിതികമായ ഉത്കണ്ഠകളാല്‍ വ്രണിതരായ ഇവര്‍ തകഴിയുടെ 'വെള്ളപൊക്ക'ത്തിനും ബഷീറിന്റെ 'ഭൂമിയുടെ അവകാശി'കള്‍ക്കും അര്‍ത്ഥപൂര്‍ണ്ണമായ തുടര്‍ച്ച നല്‍കി. ഗദ്യത്തില്‍ പുതിയ തങ്കച്ചിറകടികള്‍ സൃഷ്ടിച്ചുകൊണ്ടിവര്‍ കഥയെ നാദോന്മീലിതമാക്കി. പെണ്ണെഴുത്തും മണ്ണെഴുത്തും ശക്തമായ തരംഗങ്ങളായി കഥയില്‍ അലയടിച്ചു.

കഥ ഉന്നതങ്ങളെ ചുംബിച്ച കാലയളവായിരുന്നു ഇത്. അധോഗതിയുടെ നിശ്ചലതകളില്‍ നിന്ന് ഭാഷയെ സര്‍ഗ്ഗാത്മകമായി വീണ്ടെടുത്തത് ഈ കഥകളായിരുന്നു. അനുഭവമെഴുത്തിന്റെ, ആട്ടോ ഫിക്ഷന്റെ നാണം കെട്ട വര്‍ത്തമാനാവസ്ഥയില്‍ നിന്ന് സാഹിത്യകലയെ രക്ഷിച്ചെടുത്ത ശക്തമായ ശാഖ ചെറുകഥ തന്നെയായിരുന്നു. സത്യത്തിന്റെ സര്‍ഗ്ഗാത്മക പ്രതിഫലനങ്ങളായി കഥകള്‍മാറി. വിശക്കുന്നവന്റെ മുന്നില്‍ അപ്പമായി അവതരിക്കുന്ന ദൈവങ്ങളെപ്പോലെ ഉന്നതാഭിരുചിയുള്ള, നല്ല കൃതികള്‍ക്കായി വിശന്നു വലയുന്ന ആസ്വാദകന്റെ മുന്നിലേക്ക് അവതരിച്ചെത്തിയ ദൈവ രൂപങ്ങളായിരുന്നു കഥകള്‍. കഥയുടെ ചെറിയ ക്യാന്‍വാസില്‍ ജീവിതം അതിന്റെ എല്ലാവിധ സൗന്ദര്യത്തോടേയും തുടിച്ചുനിന്നു. എം.പി. പോളിനേയും എം. അച്യുതനേയും ഒക്കെ അതിശയിപ്പിച്ചുകൊണ്ട് പുതിയ നിര്‍വ്വചനങ്ങള്‍ നല്‍കി കഥകള്‍. കഥയുടെ കരുത്ത് അതിന്റെ ധാര്‍മ്മികവും സര്‍ഗ്ഗാത്മകവും സൗന്ദര്യാത്മകവുമായ കെട്ടുറപ്പിലാണ് കുടികൊള്ളുന്നത്. പ്രൗഢവും ആധികാരികവുമായൊരു ദര്‍ശനത്തെ പ്രക്ഷേപിക്കുമ്പോള്‍ കഥ ഗൗരവമാര്‍ന്നൊരു കലാസൃഷ്ടിയായി മാറുന്നു. പ്രതിഭാ ശാലികള്‍ക്കുമാത്രം വ്യാപരിക്കാവുന്ന മേഖലയായി കഥാരംഗം മാറുന്നത് ഇതുകൊണ്ടാണ്.

ചില പ്രധാന രചനകളിലൂടെ
ഈ കാലയളിവലെ ശ്രദ്ധേയമായ ചില രചനകളിലേക്ക് ഒരെത്തിനോട്ടത്തിന് ശ്രമിക്കുകയാണിവിടെ. ഗൗരവമായ പഠനമല്ല ലഘുവായ ആസ്വാദനം മാത്രം. 2010 മാതൃഭൂമി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പി. പത്മരാജന്റെ അപ്രകാശിത കഥകളിലൊന്നായ ''ബസ്സും ഗൗളികളും'' മലയാള കഥ എത്ര ഉയരങ്ങളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നു. അലിഗറിക്ക് ഇത്രയേറെ സൗന്ദര്യാത്മക മാനങ്ങള്‍ നല്‍കിയ പ്രതിഭാശാലിയായ ഈ കഥാകൃത്തിന്റെ അനന്യമായ ഭാവനയ്ക്ക് ഏറ്റവും മുന്തിയ സാക്ഷ്യപത്രമായി ഈ കഥ നിലകൊള്ളുന്നു.

ദില്ലി വാസകാലത്ത് സക്കറിയ കഥയുടെ ഒറ്റയടിപ്പാതയിലൂടെയാണ് സഞ്ചരിച്ചത്. ഈ സഞ്ചാരം മലയാള കഥയെ ധന്യമാക്കി. എന്നാല്‍ ദില്ലിവാസം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയ സക്കറിയ, ടെലിവിഷന്‍ മാധ്യമം, ലേഖനമെഴുത്ത്, യാത്രാവിവരണം, പ്രഭാഷണം എന്നീ നാലുവരി എക്‌സ്പ്രസ്സ് പാതയിലൂടെയാണ് സഞ്ചരിച്ചത്. എന്നാല്‍ അപൂര്‍വ്വമായി അദ്ദേഹം ചെറുകഥയുടെ സുന്ദര നക്ഷത്രങ്ങളെ നമുക്കു സമ്മാനിച്ചു. അത്തരമൊരു ശുഭ്രനക്ഷത്രമാണ് 2009-ല്‍ അദ്ദേഹമെഴുതിയ 'അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും' കാത്തലിക് സഭ വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യ കേരളീയ വ്യക്തിത്വത്തിന്റെ വിശുദ്ധിയെ, മരണത്തിലൂടെ, അവരുടെ ശവസംസ്‌കാര ശുശ്രൂഷയെക്കുറിച്ചുള്ള ആകര്‍ഷകമായ വിവരണത്തിലൂടെ പ്രമേയവല്‍ക്കരിച്ച ഈ കഥ ശില്‍പത്തികവിലൂടെ മറ്റൊരു സക്കറിയന്‍ ക്ലാസ്സിക് ആയി മാറി.


താത്വചിന്തയില്‍ കുളിച്ചുനില്‍ക്കുന്ന സാഹിത്യ കലയാണ് ആനന്ദിന്റേത്. അറുപതുകളില്‍ എം. ഗോവിന്ദന്റെ കരം പിടിച്ച് മലയാള സാഹിത്യത്തിലെത്തിയ ഈ പാന്‍ ഇന്ത്യന്‍ നോവലിസ്റ്റ് മലയാളിയുടെ ചിന്താപരമായ വിമുകതയ്‌ക്കെതിരെയുള്ള ശക്തമായ പ്രതിഷേധമാക്കി തന്റെ തത്വചിന്താപരമായ വിഷനെ മാറ്റി. ഈ കഴിഞ്ഞ രണ്ടു പതിറ്റാണ്ട് ആനന്ദിന്റെ സര്‍ഗ്ഗ ജീവിതത്തിലെ സമ്പന്നമായ കാലയളവാണ്. മികച്ച നോവലുകള്‍, കുറച്ചു കവിതകള്‍, ധൈഷണിക സംവാദങ്ങള്‍, നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള അഭ്യര്‍ത്ഥനകള്‍ ഇവയ്‌ക്കെല്ലാം മീതെ ശക്തമായ കുറെ കഥകള്‍ ''സംന്യാസം'', ''പില്‍ഗ്രംസ് പ്രോഗ്രസ്സ്'', ''ഷ്‌റോഡിംഗറുടെ പൂച്ച'', ''സംഹാരത്തിന്റെ പുസ്തകം'', ''തുന്നല്‍ക്കാരന്‍'' കഥയില്‍ ആനന്ദ് വലിയ സമ്മാനങ്ങല്‍ തന്നപ്പോള്‍ ഈ കാലയളവിനെ കഥ വശീകരിച്ചെടുക്കുകയായിരുന്നു.

ലാത്തൂരിലെ ഭൂമികുലുക്കം ഒരു കേരളീയ വിദ്യാര്‍ത്ഥിയുടെ ഭാവനയില്‍ ഞെട്ടലായപ്പോള്‍ അതി മനോഹരമായ ഒരു കഥ നമ്മുക്ക് ലഭിച്ചു. ''ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം'' സുഭാഷ് ചന്ദ്രനെ മലയാള കഥയുടെ വിസ്തൃതമായ ചരിത്രത്തില്‍ പരവാതാനി വിരിച്ചിരുത്തി. പൂര്‍വ്വികരോട് പേനയുടെ മത്സരവേദികളില്‍ വച്ച് ഏറ്റുമുട്ടിയ സുഭാഷിന്റെ കഥകള്‍ സൗന്ദര്യാനുഭവങ്ങള്‍ക്ക് പുതുഭാഷ്യമെഴുതി. സ്വന്തം കൈകളില്‍ നിന്ന് അമ്മയുടെ ഗര്‍ഭപാത്രം നഷ്ടപ്പെട്ടുപോയ ഒരു ചെറുപ്പക്കാരന്റെ വ്യഥകളെ ചിത്രീകരിച്ച 'പറുദീസാ നഷ്ടം' എന്ന പ്രസിദ്ധകഥയില്‍ സുഭാഷിന്റെ വാക്കിന്റെ തീ സ്പര്‍ശം നാമറിയുന്നുണ്ട്. ''ഭയം അതിന്റെ തീക്കനല്‍ പോലുള്ള നാക്കുകള്‍ കൊണ്ട് നരേന്ദ്രന്റെ നട്ടെല്ലില്‍ നക്കി''. 'ഉരുളക്കിഴങ്ങ് തിന്നുന്നവരിലൂടെ 'തല്പത്തിലൂടെ' ഈ കഥാകൃത്ത് തന്റെ ജീവിതത്തെ സാര്‍ത്ഥകമാക്കുകയാണ്.

ബലാത്സംഗമെന്നാല്‍ പുരുഷന്‍ സ്ത്രീക്കുമീതെ നടത്തുന്ന കടന്നാക്രമണമാണ്. അദീശത്വ വാഴ്ചയെക്കുറിച്ചുള്ള പ്രത്യയശാസ്ത്ര വിശകലനത്തില്‍ ഇത് ഏറ്റവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. എന്നാല്‍ ഇരുത്തം വന്ന എല്ലാ ധാരണകളുടേയും ആസ്ഥാനകല്ലുകളെ ഇളക്കി മാറ്റിക്കൊണ്ട് 'അഗ്നി' എന്ന ഗംഭീരമായ കഥയിലൂടെ എസ്. സിതാര പുരുഷ ദുര്‍ബലതയുടെ മുഷിഞ്ഞ അകങ്ങളെ പരിഹസിച്ച് ദൃശ്യമാക്കുന്നു. പെണ്ണെഴുത്ത് ആക്രമണ സന്നദ്ധമായ കലയായി സിതാരയുടെ കഥകളില്‍ മാറുന്നു.
എഴുത്തുകാരന്റെ പ്രതിബദ്ധതയും പ്രത്യയശാസ്ത്രാഭിമുഖ്യവും വിലയിരുത്തപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്ത ആധുനികതയുടെ യുഗത്തിനുശേഷം വന്ന കഥാകൃത്തുക്കള്‍ പ്രത്യയശാസ്ത്രത്തെ സര്‍ഗ്ഗാത്മകമായി തങ്ങളുടെ രചനകളില്‍ വീണ്ടെടുത്തു. അലോസരപ്പെടുത്തുന്ന മുദ്രാവാക്യങ്ങളായോ ഉപരിപ്ലവമായ കക്ഷിരാഷ്ട്രീയ ചായ്‌വുകളായോ അല്ല മറിച്ച സൗന്ദര്യാനുഭവങ്ങളായാണ് കഥകളില്‍ ഇവര്‍ തങ്ങളുടെ പ്രത്യയശാസ്ത്രത്തെ ആവിഷ്‌ക്കരിച്ചത്. തങ്ങളുടെ തട്ടകങ്ങളെ തച്ചുടയ്ക്കാനെത്തുന്ന ഉപഭോഗ സംസ്‌കാരത്തിന്റെ കടുത്ത ആസക്തികളെ അവര്‍ പേനകൊണ്ട് ചെറുത്തു. ഈ ചെറുത്തു നില്‍പിന്റെ നേതൃത്വനിരയില്‍ നിന്ന കഥാകൃത്താണ് സന്തോഷ് എച്ചിക്കാനം. പ്രതിരോധ രാഷ്ട്രീയത്തിന്റെ ശക്തി സൗന്ദര്യങ്ങള്‍ സര്‍ഗ്ഗാത്മകതയുടെ ശക്തി സൗന്ദര്യങ്ങളില്‍ ആകര്‍ഷകമായി ലയിച്ചപ്പോഴാണ് സന്തോഷിലെ കഥകള്‍ 'കൊമാല', 'ഒരു ചിത്രകഥയിലെ നായാട്ടുകാര്‍' 'ഉടലുകള്‍ വിഭവ സമൃദ്ധിയില്‍' 'കീറ്' രൂപം കൊണ്ടത്. തിന്മയ്‌ക്കെതിരായ പ്രക്ഷോഭങ്ങളുടെ പ്രവാഹ സമൃദ്ധിയാണ് സന്തോഷിന്റെ കഥാ വ്യക്തിത്വത്തെ വിഭിന്നമാക്കുന്നത്.

ആഖ്യാനത്തില്‍, പ്രമേയ സ്വീകരണത്തില്‍ തന്റെ കൂട്ടാളികളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ഇ. സന്തോഷ് കുമാറിന്റെ രചനകളും സൂക്ഷ്മമായി രാഷ്ട്രീയ വിവക്ഷകളെ വികസ്വരമാക്കുന്നുണ്ട്. ''മുട്ടയോളം വലുപ്പമുള്ള ധാന്യമണികള്‍' മലയാള കഥയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ഈ ചെറുപ്പക്കാരന്റെ വിരലുകള്‍ മുഖ്യപങ്കുവഹിക്കും എന്ന് നമ്മെ ധരിപ്പിക്കുന്നു.
തികഞ്ഞ രാഷ്ട്രീയ ബോധം പുലര്‍ത്തുകയും തെളിഞ്ഞു തന്നെ രാഷ്ട്രീയത്തിലിടപെടുകയും ചെയ്യുമ്പോള്‍ തന്നെ അശോകന്‍ ചരുവില്‍ തന്റെ കഥകളെ റിയലിസത്തിന്റെ മുദ്രാവാക്യങ്ങള്‍ കൊണ്ട് നിബിഢവും അരോചകവുമാക്കുന്നില്ല. കഥകളുടെ അന്തര്‍ധാരയില്‍ രാഷ്ട്രീയബോധം പരിലസിക്കുമ്പോള്‍ തന്നെ ഭാവുകത്വത്തിലും അഭിരുചിയിലും ശുഭകരമായ മാറ്റം കൊണ്ടുവരാന്‍ അവ യത്‌നിക്കുന്നുണ്ട്. 2003 ഫെബ്രുവരി ലക്കം ഭാഷപോഷിണിയില്‍ പ്രസിദ്ധീകരിച്ച 'ദ്വാരകാ ടാക്കീസ്'' എന്ന കഥ അശോകന്റെ ദീര്‍ഘവും സമ്പന്നവുമായ കഥാലോകത്തിലെ ഒരു മുത്താണ്. പഴയ ടെക്‌നോളജിയെ പുതിയ ടെകനോളജി കീഴടക്കുമ്പോള്‍ സാമൂഹ്യ ജീവിതത്തില്‍ സംഭവിക്കുന്ന വിപല്‍ക്കരമായ മാറ്റങ്ങളെ ഈ ചെറുകഥ കോറിയിടുന്നു. മനുഷ്യത്വത്തിന്റെ പതനം, സംസ്‌കാരത്തിന്റെ പതനം, മൂല്യങ്ങളുടെ പതനം വ്യാധിയായി ദുഖമായി പ്രതിഷേധമായി അശോകന്റെ കഥകളുടെ അടിപ്പടവുകളെ നിര്‍മ്മിക്കുന്നു. 'ബര്‍മുഡ' എന്ന കഥാസമാഹാരത്തിനു ശേഷം വ്യക്തമായ പാരിസ്ഥിതിക അവബോധത്തിന്റെ ജ്വാലയില്‍ നിളങ്ങുന്ന പി സുരേന്ദ്രനും രാഷ്ട്രീയ മൂല്യത്തെ തിരിച്ചു പിടിക്കാനാണ് ശ്രമിക്കുന്നത്.

ജീവതമെന്ന അപാര യാത്രയിലെ ചില ബന്ധങ്ങളില്‍ നിന്ന് ചില നിമിഷങ്ങളില്‍ നിന്ന് ഉജ്വലമായൊരു ലോക ചിത്രം നിര്‍മ്മിക്കുമ്പോഴാണ് ചെറുകഥ അര്‍ത്ഥപുര്‍ണ്ണമാവുന്നതും ഗൗരവമായൊരു സാഹിത്യ ശാഖയാവുന്നതും. ലഘുവും സമ്പന്നവുമായ അനുഭവങ്ങള്‍ അസാധാരണമായൊരു വിവരണകലയിലേക്കാവാഹിക്കുമ്പോള്‍ കഥ കാന്തിചുരത്തുന്ന വിവരണകലയിലെ വ്യതിരിക്തതകൊണ്ടും വിഷയസ്വീകരണത്തിലെ പുതമ കൊണ്ടും കഥയെ പുളകോത്ഗമനമാക്കിയ എഴുത്തുകാരികളാണ് കെ. ആര്‍. മീരയും ഇന്ദുമേനോനും. തന്റെ കഥകളില്‍ രാഷ്ട്രീയമുണ്ടെന്ന് തുറന്നു സമ്മതിക്കുന്ന മീരയുടെ കഥകള്‍ ജീവിത യാത്രയിലെ ഏറ്റിറക്കങ്ങളെ ചാരുതയോടെ ചിത്രീകരിക്കുന്നു. 'മോഹമഞ്ഞ' 'ശൂര്‍പ്പണഖ' 'ആവേ മരിയ', 'ഓര്‍മയുടെ ഞരമ്പ്' തുടങ്ങിയ കഥകളിലൂടെ മൗലികമായൊരു വ്യക്തിത്വം മലയാള ഫിക്ഷനില്‍ സ്ഥാപിക്കുകയായിരുന്നു മീര. എഴുതിയ ചുരുക്കം കഥകളില്‍ പലതും ഹിറ്റായത് ഇന്ദുമേനോനെ പെട്ടെന്ന് പ്രശസ്തയാക്കി. 'ഒരു ലെസ്ബിയന്‍ പശു' 'ഹിന്ദുച്ഛായയുള്ള മുസ്ലീം പുരുഷന്‍' തുടങ്ങിയ കഥകള്‍ ക്രാഫിറ്റിന്റെ ചടുലതകൊണ്ടും ആശയങ്ങളുടെ വിശേഷതകള്‍ കൊണ്ടും ശ്രദ്ധേയമായി. പരിഹാസങ്ങള്‍ തീനാവുകളായി കഥയില്‍ വീശി. ഫോക്കസ് തെറ്റിയില്ലെങ്കില്‍ ഇവരില്‍ നിന്നും നല്ല കഥകള്‍ നമുക്ക് പ്രതീക്ഷിക്കാം.

വര്‍ത്തമാന കഥകള്‍ക്ക് ഒന്നും അന്യമല്ല. സങ്കുചിതമായൊരു ഇടവഴിയിലേക്കു ചുരുങ്ങുവാന്‍ ഈ കഥകള്‍ വിസമ്മതിക്കുന്നു. പാരിസ്ഥിതികത്തകര്‍ച്ച മുതല്‍ ദളിത് പീഡനം വരെ സൈബര്‍ വിസ്മയം മുതല്‍ ലൈഗിക അരാജകത്വം വരെ, ഇറാക് യുദ്ധം മുതല്‍ അച്ചുതാനന്ദന്റെ ഇടിച്ചു നിരത്തല്‍ വരെ പെണ്‍വാണിഭം മുതല്‍ തെരുവ് തല്ലുവരെ ഗഹനചിന്തകള്‍ മുതല്‍ മണ്ടന്‍ തമാശകള്‍വരെ കഥകളില്‍ നിര്‍ബാധം കടന്നു വന്നു. പോസ്റ്റ് മോഡേണിസം അതിന്റെ എല്ലാവിധ തോന്യാസങ്ങളോടെയും മലയാള കഥയില്‍ മേഞ്ഞു നടന്നു. ലിഖിതവും അലിഖിതവുമായ നിയമങ്ങളില്‍ നിന്ന് കഥ സ്വതന്ത്രമായി. കഥാകൃത്തുക്കള്‍ വലിയ സ്വാതന്ത്ര്യത്തോടെ എഴുതി. അമ്പരപ്പിക്കുന്ന വിഷയ വൈവിധ്യങ്ങള്‍ കഥയില്‍ പുതിയ മാനങ്ങള്‍ തീര്‍ത്തു. ചില ഉദാഹരണങ്ങള്‍ നോക്കു!

1993 കേരള കൗമുദി ഓണപ്പതിപ്പില്‍ എസ്. വി. വേണുഗോപന്‍ നായരെഴുതിയ 'എന്റെ പരദൈവങ്ങള്‍', 1989 ഒക്‌ടോബര്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ ജോസഫ് മരിയന്‍ എഴുതിയ ''ജീവതം കൊത്താന്‍ ഒരു കല്ല്'' 1991 ഫെബ്രുവരി മാതൃഭൂമിയില്‍ കെ എല്‍ മോഹന വര്‍മ്മ എഴുതിയ 'റോസ് മേരി' 1993-94 ഇന്‍ഡ്യാ ടുഡെ വാര്‍ഷികപതിപ്പില്‍ ഒ. വി. വിജയന്‍ എഴുതിയ ''അവസാനത്തെ ഈയം പൂശല്‍'' 1994 സെപ്തംബര്‍ ലക്കം കലാകൗമുദിയില്‍ എം മുകുന്ദന്‍ എഴുതിയ 'ചാലകന്‍' 2001 മാതൃഭൂമി ഓണപ്പതിപ്പില്‍ മുണ്ടൂര്‍ എഴുതിയ കൃഷ്ണന്‍കുട്ടി എഴുതിയ 'ഇറച്ചിക്കോഴികള്‍' 2000-ലെ മലയാള മനോരമ ഓണപ്പതിപ്പില്‍ സേതു എഴുതിയ 'മറ്റൊരു ഡോട്ട് കോം സന്ധ്യയില്‍'' 2002 ഭാഷാപോഷിണി വാര്‍ഷികപ്പതിപ്പില്‍ മനോജ് ജാതവേദര് എഴുതിയ ''ഉറുമ്പുകളുടെ നാഗരികഥ''. 2004 ജൂലൈലക്കം ഭാഷാപോഷിണിയില്‍ എം.ജി രാധാകൃഷ്ണന്‍ എഴുതിയ ''ഐഡന്റിറ്റി'', 2004 ആഗസ്റ്റ് 27, മാധ്യമത്തില്‍ ഇ. സന്തോഷ് കുമാര്‍ എഴുതിയ ''കാറ്റാടിമരങ്ങള്‍'' 2005 മാതൃഭൂമി ഓണപ്പതിപ്പില്‍ പി. കെ ശ്രീവത്സന്‍ എഴുതിയ ''കുചേലവൃത്തം'' അതേവര്‍ഷം മനോരമ ഓണപ്പിതിപ്പില്‍ ധന്യാരാജ് എഴുതിയ ''ഞങ്ങളുടെ അയല്‍വീട്'' 2005 മാതൃഭൂമി മാര്‍ച്ച് ലക്കത്തില്‍ സോക്രട്ടീസ് വാലത്ത് എഴുതിയ ''മദനെല്ലൂരിലെ പെണ്‍കുട്ടികള്‍'' 2008 ഭാഷാപോഷിണിയുടെ ജൂലൈ ലക്കത്തില്‍ കെ. എ. സെബാസ്റ്റിയന്‍ എഴുതിയ ''യന്ത്ര സരസ്വതി നിലയം'' 2009 മനോരമ ഓണപ്പതിപ്പില്‍ ഇന്ദുമേനോന്‍ എഴുതിയ 'രക്തകാളീ രക്തകാളീ'' അതേ ലക്കത്തില്‍ത്തന്നെ പി. എ ഉത്തമന്‍ എഴുതിയ തന്റെ അവസാനത്തെ കഥ ''കുത്തിക്കുന്ന് ഒരു പുനരാഖ്യാനം'' 2010 മെയ് ലക്കം മാതൃഭൂമിയില്‍ ധന്യാരാജ് എഴുതിയ പച്ചയുടെ ആല്‍ബം, 2010 ജൂണ്‍ ലക്കം മാതൃഭൂമിയില്‍ ഉണ്ണി ആര്‍. എഴുതിയ ''കോട്ടയം 17'', എന്‍ പ്രദീപ് കുമാറിന്റെ ''ഒറ്റയ്‌ക്കൊരു കന്യക'' ജോസഫ് തെരുവന്റെ ''നിശബ്ദ സിനിമകളുടെ കാലം'' അഷിതയുടെ ''അപൂര്‍ണ്ണ വിരാമങ്ങള്‍'' ''അമ്മ എന്നോടു പറഞ്ഞ കൊച്ചുബാവയുടെ ബഗ്ലാവ്, കെ. പി. രാമനുണ്ണിയുടെ ''പ്രണയ പര്‍വ്വം, അഷിതയുട അപൂര്‍ണ്ണവിരാമങ്ങള്‍, 'അമ്മ എന്നോടു പറഞ്ഞ നുണകള്'' എം. രാജീവ് കുമാറന്റെ 'സൈബ്രോഗ്'' ടി. വി. കൊച്ചുവാവയുടെ 'ബംഗ്ലാവ്', കെ. പി. രാമനുണ്ണിയുടെ '' പ്രണയപര്‍വ്വം'', എബ്രഹാം മാത്യുവിന്റെ ''ഓറഞ്ച് തിന്നുന്നവര്‍'' യു. കെ. കുമാരന്റെ ''മുത്തേറന്‍'', എന്‍. പ്രഭാകരന്റെ ''അക്കരെ നിന്നുള്ള പൊന്ന്'' രാജന്‍ കാക്കനാടന്റെ ''കുംബളങ്ങ'' സുഹൃത്തുക്കളെ കഥകള്‍... കഥകള്‍... കഥകള്‍ അങ്ങനെ നീണ്ടു പരന്ന് സമൃദ്ധമായി ഒഴുകുകയാണ്. എത്രയെത്ര പുതിയ എഴുത്തുകാര്‍ പഴയ കാലത്തെ മറിയാമ്മയെപ്പോലെ ഒറ്റക്കഥകൊണ്ട് ഹൃദയത്തില്‍ സൂര്യമുദ്രകള്‍ തീര്‍ത്ത് അഞ്ജാത സ്ഥലികളിലേക്കു മറഞ്ഞവര്‍, മൗനത്തിലാണ്ടവര്‍, കഥയേ വേണ്ടെന്നു വച്ചവര്‍. . . ഇത് കഥയുടെ കാലം തന്നെ. കെ.രേഖ, അഷ്ടമൂര്‍ത്തി, അക്ബര്‍ കക്കട്ടില്‍, ബി. മുരളി, വിനു എബ്രഹാം, അര്‍ഷാദ് ബത്തേരി, പ്രയ എ. എസ്., എന്‍. രാജന്‍, ഗ്രേസി, സി.വി., സാറാജോസഫ്, സാറാതോസഫ്, ചന്ദ്രമതി, സി. അയ്യപ്പന്‍, പേരുകള്‍ പറഞ്ഞെന്റെ നാവു കഴയ്ക്കുന്നു. ഭാവികത്വത്തിലെ വികാസ പരിണാമങ്ങളെയാണ് ഇവരുടെ കഥകള്‍ സാക്ഷ്യപ്പെടുത്തുന്നത്.

ദുഖകരമായ തിരോധാനം
90-കളിലേയും 2000-ലേയും ഇനി വാരാനിക്കുന്ന ദശകങ്ങളേയും കഥയില്‍ കുളിര്‍പ്പിക്കുവാന്‍ ശേഷിയുണ്ടായിരുന്ന ചില ഉന്നത പ്രതിഭകളുടെ വേര്‍പാട്, കഥയുടെ സാമ്രാജ്യത്തിലെ അസാധാരണമായ കഥകള്‍ എഴുതിയ വികടര്‍ ലീനസ്, അക്കിനാവയിലെ പതിവ്രതകളെ സൃഷ്ടിക്കുന്ന ടി. വി. കൊച്ചുബാവ ഒടുവില്‍ കഥകള്‍ മാത്രമെഴുതാന്‍ വെമ്പിയ പ. എ. ഉത്തമനും. അകാലത്തില്‍ അവിചാരിതമായി വിട പറഞ്ഞപ്പോള്‍ കഥയുടെ തട്ടകം ദുഖഭരിതമായി മാറി.

ഉപസംഹാരം

പേരുകളും കഥകളും ഒരുപാട് വിട്ടുപോയി 2 പതിറ്റാണ്ടുകളുടെ കൃത്യമായൊരു കണക്കെടുപ്പല്ല ഇത്. ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ മറ്റെല്ലാഗദ്യ പദ്യശാഖകളേയും പിറകിലാക്കിക്കൊണ്ട് ചെറുകഥ ഒരു ഗംഭീര ജൈത്രയാത്രയിലായിരുന്നു ഈ കാലയളവില്‍. ക്ലേശങ്ങള്‍, സങ്കടങ്ങള്‍, പോരായ്മകള്‍, ഉദാസീനതകള്‍, ആഴമില്ലായ്മകള്‍, ന്യൂനതകള്‍ ഏറേയുള്ള കഥകളും ഇവയ്ക്കിടയിലുണ്ടായിരുന്നു. എന്നാല്‍ നവഭാവുകത്വ നിര്‍മ്മിതിയില്‍ ഇക്കാല കഥകള്‍ വലിയ സംഭാവനകള്‍ നല്‍കി എന്ന് സമ്മതിക്കുന്നതില്‍ സന്തോഷമുണ്ട്. 'ചെറുകഥ ഇന്നലെ ഇന്ന്' എന്ന ആധികാരിക ഗ്രന്ഥം എം. അച്ചുതന്‍ അവസാനിപ്പിക്കുന്നത് ഒരു സദ് ഉപദേശത്തോടെയാണ്. ചേരികള്‍ക്കും പ്രത്യയ ശാസ്ത്രങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും മുറവിളികള്‍ക്കും അതീതരായി, വിഭാഗീയ വിക്ഷണം വര്‍ജിച്ച് അനുഭവങ്ങളോട് മാത്രം നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്താന്‍ കഴിയട്ടെ എന്ന ഉപദേശത്തെ തികഞ്ഞ ആദരവോടെ ഉള്‍ക്കൊള്ളുകയായിരുന്നു. 90 കളിലേയും 2000 ത്തിലേയും കഥയെഴുത്തുകാര്‍.

Saturday, February 26, 2011

കഥാകൃത്ത് യു. എ. ഖാദര്‍ സാഹിത്യവേദിയില്‍

|0 comments
മുബൈ സാഹിത്യവേദിയുടെ പതിമൂന്നാമത് വി.ടി. ഗോപാലകൃഷ്ണന്‍ പുരസ്‌കാരം കഥാകൃത്ത് യു. എ. ഖാദറില്‍ നിന്ന് ശ്രീ സജി എബ്രഹാം ഏറ്റുവാങ്ങും. അവാര്‍ഡ് സമര്‍പ്പണത്തിനുശേഷം 'എന്റെ കഥ എന്റെ തട്ടകം' എന്ന വിഷയത്തെ മുന്‍നിര്‍ത്തി യു. എ. ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തും. മാര്‍ച്ച് 6 ന് ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക് മാട്ടുംഗ കേരളഭവനത്തില്‍ വച്ചുനടക്കുന്ന പ്രസ്തുത അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ മാതൃഭൂമി പബ്ലിക് റിലേഷന്‍ ഓഫീസറും സാമ്പത്തിക ശാസ്ത്രഞ്ജനുമായ പ്രൊഫ. പി. എ. വാസുദേവന്‍, സാഹിത്യവേദി മുന്‍ കണ്‍വീനറും കവിയുമായ ശ്രീ ചേപ്പാട് സോമനാഥന്‍ എന്നിവര്‍ പങ്കെടുക്കും. മാതൃഭൂമി പുനപ്രസാധനം നിര്‍വ്വഹിക്കുന്ന ശ്രീ വി. ടി. ഗോപാലകൃഷ്ണന്റെ ആദ്യ കൃതിയായ 'മാംസ നിബദ്ധമല്ല രാഗം' വേദിയില്‍ പ്രകാശനം ചെയ്യപ്പെടും.അവാര്‍ഡ് സമര്‍പ്പണം

യു എ. ഖാദര്‍

പ്രശസ്തനായ ചെറു‍കഥാകൃത്തും നോവലിസ്റ്റും ചിത്രകാരനുമാണ്‌ യു.എ. ഖാദർ.പത്രാധിപരായും സർക്കാർ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിട്ടുണ്ട്.പുരാവൃത്തങ്ങളെ പ്രതിപാദ്യതലത്തിലും പ്രതിപാദനരീതിയിലും പിൻപറ്റുന്ന സവിശേഷമായ രചനാശൈലിയിലൂടെ ശ്രദ്ധേയനായി. മലയാളത്തിലെ അസ്തിത്വവാദാധിഷ്ഠിതമായ ആധുനികതയുടെ രീതികളിൽ നിന്ന് വേറിട്ടു നില്ക്കുന്ന യു.എ.ഖാദറിന്റെ രചനകൾ വ്യാപകമായ അംഗീകാരം നേടിയവയാണ്.

ജീവിതരേഖ

1935 - റംഗൂണിലെ ബില്ലിൻ എന്ന ഗ്രാമത്തിൽ ജനിച്ചു. മാതാവ് ബർമ്മാക്കാരിയായ മാമെദി. പിതാവ് കേരളീയനായ മൊയ്തീൻ‌കുട്ടി ഹാജി. കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്ന് ഫൈനൽ എക്സാം പൂർത്തിയാക്കി. മദ്രാസ് കോളെജ് ഓഫ് ആർട്ട്‌സിൽ നിന്ന് ചിത്രകലാ പഠനം.

മദിരാശിവാസക്കാലത്ത് കേരളസമാജം സാഹിത്യസംഘവുമായുള്ള ബന്ധം എഴുത്തിനു പ്രോത്സാഹനമായി. 1953 മുതൽ ആനുകാലികങ്ങളിൽ കഥയെഴുതിത്തുടങ്ങി. 1956-ൽ നിലമ്പൂരിലെ ഒരു മരക്കമ്പനിയിൽ ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു. 1957 മുതൽ ദേശാഭിമാനി ദിനപ്പത്രത്തിന്റെ പ്രപഞ്ചം വാരികയുടെ സഹപത്രാധിപർ. പിന്നീട് ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളെജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആന്റ് ചൈൽഡ് ഹെൽത്തിലും ഗവണ്മെന്റ് ആശുപത്രിയിലും ജോലിചെയ്തു. 1990-ൽ സർക്കാർ സർവ്വീസിൽ നിന്നു വിരമിച്ചു. നോവലുകൾ, കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ തുടങ്ങി 40-ൽ ഏറെ കൃതികളുടെ കർത്താവ്.

കൃതികൾ

അഘോരശിവം, കൃഷ്ണമണിയിലെ തീനാളം, തൃക്കോട്ടൂർ കഥകൾ, കഥപോലെ ജീവിതം, കളിമുറ്റം, തൃക്കോട്ടൂർ പെരുമ, ഒരു പടകാളിപ്പെണ്ണിന്റെ ചരിത്രം, നടവരമ്പുകളിലൂടെ, ചെമ്പവിഴവും ഓട്ടുവളയും, വള്ളൂരമ്മ, സ്വപ്നകുമ്പസാരം, ശത്രു, കലശം, ഖാദറിന്റെ പത്തുനോവലുകൾ, ഒരുപിടി വറ്റ്, ഒരു മാപ്പിളപ്പെണ്ണിന്റെ ലോകം, റസിയ സുൽത്താന, ചെങ്കോൽ, ചങ്ങല, അനുയായി, സർപ്പസന്തതി, പവന്മാറ്റ്, ആഴം, ഖുറൈഷികൂട്ടം, അറബിക്കടലിന്റെ തീരം, ഇണയുടെ വേദാന്തം, മിസ്സിസ് മേനോൻ, യമുനയുടെ ഉറകൾ, കൊടിമരച്ചുവട്ടിലെ മേളം, അരിപ്രാവിന്റെ പ്രേമം, ചെമ്പവിഴം, മാണിക്യം വിഴുങ്ങിയ കാണാരൻ, വായേപ്പാതാളം, പൂമരത്തളിരുകൾ, കളിമുറ്റം, പന്തലായിനിയിലേക്ക് ഒരു യാത്ര, അടിയാധാരം, നാണിക്കുട്ടിയുടെ നാട്, സ്രഷ്ടാവിന്റെ ഖജാന, ഭഗവതി ചൂട്ട് (നോവലൈറ്റുകൾ), ഇത്തിരി പൂമൊട്ടുകൾ, കാട്ടിലെ കഥകൾ, കോഴി മൂന്നുവെട്ടം കൂകും മുൻപ്, ഏതാനും യുവതികൾ, രാഗലോല, ഇണതേടൽ, പ്രേമപൂർവ്വം, കോയ, പൂക്കൾ വിരിയുമ്പോൾ, ധന്യ, പൊങ്ങുതടികൾ, ഖാദർ കഥകൾ, ഖാദറിന്റെ കഥാലേഖനങ്ങൾ, ഖാദർ എന്നാൽ (ആത്മകഥാ കുറിപ്പുകൾ), പ്രകാശനാളങ്ങൾ, നന്മയുടെ അമ്മ (ബാലസാഹിത്യം)അദ്ധ്യക്ഷന്‍

പ്രൊഫ. പി. എ. വാസുദേവന്‍, സാമ്പത്തിക ശാസ്ത്രഞ്ജന്‍, നിരൂപകന്‍, മാതൃഭൂമി പബ്ലിക് റിലേഷന്‍ ഓഫീസര്‍, വേദിയുടെ ചിരകാല സുഹൃത്തും മുഖ്യ സഹകാരിയും.മുഖ്യാദിതിചേപ്പാട് സോമനാഥന്‍, കവി, കോളമിസ്റ്റ്, സാഹിത്യവേദി മുന്‍ കണ്‍വീനര്‍

അവാര്‍ഡ് ജേതാവ്‌സജി എബ്രഹാം, നിരൂപകന്‍, 'ധിഷണയുടെ ജ്വലനം' എന്ന പേരില്‍ ഒരു പുസ്തകം പരധി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്‌

മുബൈയിലെ പ്രമുഖ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കുന്നു.

സ്ഥലം: മാട്ടുംഗ കേരളീയ സമാജം ഹാള്‍
തീയതി: മാര്‍ച്ച് 6, 2011
സമയം: വൈകുന്നേരം 5 മണി


കൂടുതല്‍ വിവരങ്ങള്‍ക്ക്: 9920410030, 8767955545


നോട്ട്: ഇത്തവണത്തെ പുരസ്‌കാരം ലഭിച്ച സജി എബ്രഹാമിന്റെ 'ഉന്നതങ്ങളെ ചുംബിക്കുന്ന കല' എന്ന പ്രബന്ധം ഉടനെ അടുത്ത പോസ്റ്റായി ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.
NOTE: യു. എ. ഖാദറിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് വിക്കിപീഡിയയോട് കടപ്പാട്‌

Sunday, February 20, 2011

വി. ടി. ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സജി എബ്രഹാമിന്

|0 comments

മുംബൈ സാഹിത്യവേദിയുടെ പതിമൂന്നാമത് വി. ടി. ഗോപാലകൃഷ്ണന്‍ പുരസ്‌കാരത്തിന് സാഹിത്യ നിരൂപകന്‍ ശ്രീ സജി എബ്രഹാം അര്‍ഹനായി. സാഹിത്യവേദിയുടെ സ്ഥാപകാംഗവും നിരൂപകനും കോളമിസ്റ്റും, ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റെറിലെ ശാസ്ത്രഞ്ജന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ശ്രീ വി. ടി. ഗോപാലകൃഷ്ണന്റെ പേരില്‍ നല്‍കുന്ന പുരസ്‌കാരമാണിത്.
പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ ശ്രീ യു. എ. ഖാദര്‍, കേരള സാഹിത്യ അക്കാഡമി മുന്‍ സെക്രട്ടറി ഡോ. പി. വി. കൃഷ്ണന്‍ നായര്‍, നിരൂപകനും, സാമ്പത്തിക ശാസ്ത്രഞ്ജനുമായ പ്രൊഫ. പി. എ. വാസുദേവന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. മാര്‍ച്ച് മാസം 6 ാം തീയതി ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക് (06-03-2011) മാട്ടുംഗ കേരളഭവനത്തില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ ശ്രീ യു. എ. ഖാദര്‍ അവാര്‍ഡ് സമര്‍പ്പണം നിര്‍വ്വഹിക്കും. പ്രൊഫ. പി. എ. വാസുദേവന്‍ ചടങ്ങില്‍ സംബന്ധിക്കും.

മാതൃഭൂമി ബുക്‌സ് പുനപ്രസാധനം ചെയ്യുന്ന ശ്രീ വി. ടി. ഗോപാലകൃഷ്ണന്റെ ആദ്യ കൃതിയായ ''മാംസ നിബദ്ധമല്ല രാഗം'' എന്ന പുസ്തകത്തിന്റെ പ്രകാശനവും ഈ അവസരത്തില്‍ നടക്കും.

വി.ടി ഗോപാലകൃഷ്ണന്‍ പുരസ്‌കാരം

വി. ടി. ഗോപാലകൃഷ്ണന്‍

സാഹിത്യവേദി

Wednesday, February 2, 2011

വില്‍സന്‍ കുര്യാക്കോസ് സാഹിത്യവേദിയില്‍

|0 comments
പ്രിയപ്പെട്ട അക്ഷര സ്‌നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ഫെബ്രുവരി മാസം ആദ്യഞായറാഴ്ച (06-2-2011) യുവകഥാകൃത്ത് ശ്രീ വില്‍സന്‍ കുര്യാക്കോസ്‌ തന്റെ രണ്ടു ചെറുകഥകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും പങ്കെടുക്കുന്നു. ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ഫെബ്രുവരി 6, 2011. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.

സസ്‌നേഹം
ഡോ. വേണുഗോപാല്‍
കണ്‍വീനര്‍, സാഹിത്യവേദി-മുംബൈ

നോട്ട്: ചര്‍ച്ചയക്ക് ആവശ്യം വേണ്ട സമയം അനുവദിക്കണമെന്നുള്ളതുകൊണ്ട് പരിപാടി കൃത്യം ആറുമണിക്കുതന്നെ തുടങ്ങുന്നതാണ്. ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യ സമയത്തുതന്നെ ഹാളില്‍ എത്തിച്ചേരാന്‍ ശ്രമിക്കുക.വില്‍സന്‍ കുര്യാക്കോസ്‌


സാഹിത്യവേദിക്ക് സുപരിചിതനാണ് വില്‍സന്‍ കുര്യാക്കോസ്. ആഴത്തിലുള്ള വായനയും നിരൂപണസിദ്ധിയുമാണ് വില്‍സന്‍ കുര്യാക്കോസിന്റെ കൈമുതല്‍. വേദിയുടെ സാഹിത്യ ചര്‍ച്ചകളില്‍ സജിവ സാന്നിധ്യമാണ് ഇദ്ദേഹം. വിരലിലെണ്ണാവുന്ന കഥകള്‍ മാത്രം എഴുതിയിട്ടുള്ള വില്‍സന്‍ സാഹിത്യവേദിയില്‍ ആദ്യമായിട്ടാണ് സൃഷ്ടികള്‍ അവതരിപ്പിക്കുന്നത്. നാട് മൂവ്വാറ്റുപുഴയ്ക്കടുത്ത് പാമ്പാക്കുട. മൂവ്വാറ്റുപുഴ നിര്‍മ്മാ കോളേജിലും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലുമായി ബിരുദം. കോഴിക്കോട് പോളിടെക്‌നിക്കില്‍ നിന്നും കെമിക്കല്‍ എഞ്ചിനിയറിംഗില്‍ ഡിപ്ലോമ. ഇപ്പോള്‍ ഭാഭ ആറ്റോമിക് സെന്ററില്‍ ഉന്നത ഉദ്യോഗം. കുടുംബത്തോടൊപ്പം അണുശക്തിനഗറില്‍ താമസിക്കുന്നു.

സാഹിത്യവേദി പ്രതിമാസ ചര്‍ച്ചയില്‍ (ഫെബ്രുവരി) യുവകഥാകൃത്ത് ശ്രീ വില്‍സന്‍ കുര്യാക്കോസ് അവതരിപ്പിക്കുന്ന രണ്ടുകഥകള്‍ ഇവിടെ>>>.

വില്‍സന്റെ രണ്ടു ചെറുകഥകള്‍

|2 comments
സാഹിത്യവേദി പ്രതിമാസ ചര്‍ച്ചയില്‍ (ഫെബ്രുവരി) യുവകഥാകൃത്ത് ശ്രീ വില്‍സന്‍ കുര്യാക്കോസ് അവതരിപ്പിക്കുന്ന രണ്ടുകഥകള്‍.

പക്കീരിപ്പത്രോസ്

വില്‍സന്‍ കുര്യക്കോസ്

'പക്കീരിപ്പത്രോസിന്റെ ഭാര്യ മറിയക്കുട്ടിക്ക് ആറാമതും ഗര്‍ഭോണ്ടായപ്പഴാ അവനിവിടെ നിന്നും വിറ്റേച്ച് നിലമ്പൂര്‍ക്ക് പോയത്''
ഗ്രാമത്തിലെ മനുഷ്യരുടെ മുഴുവന്‍ കഥ എലമ്മച്ചേടത്തിക്ക് ഹൃദിസ്ഥമാണ്. എന്റെ വീടിന്റെ വരാന്തയില്‍ കാലും നീട്ടിയിരുന്ന് മറവിയുടെ പുകപടലം നീക്കി സാന്ദ്രമായ ഓര്‍മ്മയില്‍ തിരഞ്ഞ് അവര്‍ പറഞ്ഞു തുടങ്ങി.
''പത്രോസ് ഓപ്പറേഷനൊക്കെ ചെയ്തതായിരുന്നു. ഓപ്പറേഷനും കഴിഞ്ഞ് വക്കറ്റും മേടിച്ചോണ്ടവന്‍ വരണതെല്ലാവരും കണ്ടതല്ലെ? ഏതാണ്ടു പത്തറുപതു രൂപേം അന്നു കിട്ടിയതാ. പറഞ്ഞിട്ടെന്താ അവനതിനു മുഴുവന്‍ കുടിച്ചേച്ചല്ലേ വന്നേ. അന്നും മറിയക്കുട്ടീനെപ്പൊതിരെത്തല്ലീന്നാ കേട്ടേ. അവനിതെന്തിന്റെ കേടാരുന്നു എന്റൊടേ തമ്പുരാനേ, കുടിച്ചാ ആളൂള് ഇങ്ങനെ ചീത്തയാവ്വോ?.
മറിയക്കുട്ടീം അത്രശരിയല്ലന്നാ അളോള് പറഞ്ഞോണ്ടിരുന്നെ. ആളൂള്‌ടെ വരവും പോക്കൂക്കെ ഒണ്ടായിരുന്നൂന്നാ കേട്ടെ. സത്യം പറയാല്ലോ ഒരു മുറ്റം പോലെ ആയിരുന്നെങ്കിലും ഞാനാരേം കണ്ടിട്ടില്ല. അതിനെനിക്കെവിടെയാര്‍ന്നു ഇതൊക്കെ നോക്കയിരിക്കാന്‍ നേരം.
കൂലിപ്പണിക്കു പോവാതെ ജീവിക്കാന്‍ പറ്റ്വാര്‍ന്നോ? മറിയക്കുട്ടീനേം പറയണ്ട. അതെങ്ങനാ ഒരിയ്ക്കലെങ്കിലും സൊര്യം കൊടുക്ക്വാര്‍ന്നോ? രാത്രിമുഴുവന്‍ കുടിച്ചേച്ചുവന്നിട്ടു തല്ലും കുത്തുവല്ലാര്‍ന്നോ?
രാവിലെ പരപരാന്നു വെളുക്കുമ്പം അവന്‍ കാളവണ്ടിംകൊണ്ടു കുത്താട്ടുകളത്തിനു പോവൂല്ലാര്‍ന്നോ? പിന്നെ രാത്രിയിലെപ്പഴോ വരും.
കോരച്ചേട്ടനും അവനയത്ര പിടിക്കണില്ലാര്‍ന്നു. പിന്നെ ആരുല്ലാത്തോണ്ടാ അവനെക്കൊണ്ട് കാളവണ്ടി അടിപ്പിച്ചെ.
കോരച്ചേട്ടനു മകനൊരാളുണ്ടാര്‍ന്നത് ലഹളേംകൂട്ടി കാക്കുര്‍ക്കു പോയിത്താമസിക്ക്വല്ലാര്‍ന്നോ? അവനവിടെ എന്താര്‍ന്നു കൊഴപ്പം? പറമ്പിന്റെ അരീക്കടെ ചാലുപോലെ വെള്ളൊഴുക്കൊണ്ടാര്‍ന്നു. കിണറ്റിലാണെങ്കി തേവാന്‍മാത്രം വെള്ളോം. അവനവിടെ ആറുപറക്കണ്ടം കൃഷിയൊണ്ടാര്‍ന്നു. കരപ്പറമ്പു മുഴുവന്‍ റബ്ബറും. റബറിനന്നൊന്നും വല്ല്യ വെലയില്ലാര്‍ന്നു. ഇവിടത്തെ ഏലിക്കുട്ടിം തങ്കമ്മേയൊക്കെ അവിടെ ഞാറുപറിക്കാനും നടാനുവൊക്കെപ്പോയിക്കൊണ്ടിരുന്നതല്ലെ?
കോരച്ചേട്ടനിവിടേം മൂന്നാലേക്കറു പറമ്പോക്കെയുണ്ടായിരുന്നു. മോന്റെ പിള്ളേരൊക്കെയിവിടെയായിരുന്നു. ദൈവദോഷം പറയരുതല്ലൊ, പിള്ളേരെ പൊന്നുപോലെ നോക്കുവാര്‍ന്നു. ദാ, ആ പറമ്പിന്റെ അറ്റത്തല്ലായിരുന്നോ കോരച്ചേട്ടന്റെ വീട്. ഇപ്പോ, അതു പൂട്ടിക്കിടക്ക്വാ. കോരച്ചേട്ടന്‍ മരിച്ചിട്ടിപ്പോ പത്തുമുപ്പതു കൊല്ലായില്ലെ?
കോരച്ചേട്ടനെന്നെ വല്ല്യ കാര്യാര്‍ന്നു. എന്നാ, ഇച്ചിപെഴച്ചാ നല്ല തെറിം പറയും. എന്നാ നല്ല തങ്കപ്പെട്ട മനുഷ്യനല്ലാര്‍ന്നോ? ആ കുഞ്ഞിക്കാര്‍ത്തിക അവിടെക്കിടന്നു ചത്തുപോവണ്ടതല്ലാര്‍ന്നോ? ഉടുത്തേക്കണ മുണ്ടുമുഴുവന്‍ ചോരയാര്‍ന്നു. കോരച്ചേട്ടനല്ലെ, ആള്‍ക്കാരേം കൂട്ടി ആശൂത്രീലാക്കിയെ? ഡാക്ക്ട്ടറൊരുപാടു വഴക്കുപറഞ്ഞൂന്നാ കേക്കണെ. ഊത്തുഴി വൈദ്യരാ ചെയ്തത്. വല്ലോം അറഞ്ഞോണ്ടാണോ ഇതക്കെ ചെയ്യണേന്നാ ഡോക്ട്ടറു ചോദിച്ചെ. മൂന്നാലുമാസം ഗര്‍ഭോണ്ടാര്‍ന്നു. ആശൂത്രീന്നു വന്നപ്പം കുമാരനേം കൂട്ടി പെരേം വച്ച് താമസിക്കാനേര്‍പ്പാടാക്കീതും കോരച്ചേട്ടനല്ലാര്‍ന്നോ?
പക്കിരിടപ്പറേ വേലത്തക്കുഞ്ഞുപേണ്ണിന്റെ സലം മേടിച്ചല്ലെ അന്നവരു പെര വെച്ചു താമസിച്ചിരുന്നെ. കുമാരനു വേറെകുടീല് കെട്ട്യോളും മക്കളുവൊക്കെ ഒണ്ടാര്‍ന്നു. പറഞ്ഞിട്ടെന്താ! ആ കുടീലൊണ്ടായ മൂന്നു പിള്ളേരും തളര്‍ന്നു കിടക്ക്വല്ലാര്‍ന്നോ? എന്റെ പൊന്നേ, ആ ചോവത്തീനെ സമ്മതിക്കണം. മൂന്നു പിള്ളേരടെ തീട്ടോം മൂത്രോം അവളൊറ്റക്കു കോരണം. ഒരു കൈത്താങ്ങിനാരെങ്കിലും ഒണ്ടാര്‍ന്നോ?
ചൊവത്തീടെ ഗര്‍ഭപാത്രത്തിനെന്തോ തകരാറായിരുന്നു. അല്ലാണ്ടിങ്ങനെ വര്വോ? കുമാരനീക്കുടീലും മൂന്നാലു പിള്ളേരൊക്കെ ഒണ്ടായില്ലെ? ആര്‍ക്കെങ്കിലും വല്ലകൊഴപ്പണ്ടാര്‍ന്നോ?
കുമാരനോപ്പറേഷനൊന്നും ചെയ്തില്ല. ഓപ്പറേഷന്‍ ചെയ്താ പനേക്കേറാന്‍ പറ്റൂല്ലന്നാ അവര്‍ പറഞ്ഞോണ്ടിരുന്നെ. പുള്ളേരിരിക്കുന്നു. അല്ലെങ്കി ഞാന്‍ പറഞ്ഞേനെ. അണ്‍ഡ്രോയറിടാതെയാ അവന്‍ പനേക്കേറണെ. കോണകൊടുക്കൂല്ല. കോണകോന്നും അന്നു പാഷനല്ലാര്‍ന്നു. എന്നാ, അണ്‍ഡ്രോറിടാണ്‍ടെ ആതൂല്ല.
പക്കീരിടെ പനേം ചെത്തിക്കൊണ്ടിരുന്നതവനാ. അവന്‍ മറിയക്കുട്ടിക്കു മതുരക്കള്ളു കൊടുക്വാര്‍ന്നു. ദേഹം മുഴുവന്‍ ഏതാണ്ടു കുരുവന്നു പൊട്ടി കുറെനാളു കെടപ്പിലായിട്ടാ അവന്‍ മരിച്ചത്.
ഏലമ്മച്ചേടത്തി ഒന്നു നിര്‍ത്തി. പിന്നെ നെടുവിര്‍പ്പിട്ടു. വീണ്ടും പറഞ്ഞുതുടങ്ങി.
പക്കിരിക്കിവിടെനിന്നു വിറ്റേച്ചു പോവണ്ട വല്ല കാര്യൊണ്ടാര്‍ന്നോ? മൂന്നേക്കറു സലം പെരയിരിക്കണ്ടേടത്തൊണ്ടാര്‍ന്നു. പിന്നെ മെയിന്‍ റോഡിന്റെ സൈഡിലൊരു പീടികേം. ആ. . . . ഒരു കണക്കിനു വിറ്റേച്ചു പോയതും നന്നായി. ഇവിടെ മാനമായിട്ടു ജീവിക്കാന്‍ പറ്റ്വാര്‍ന്നോ?
ഓപ്പറേഷന്‍ തകരാറാണെന്നാ ഡോക്ട്ടറു പറഞ്ഞെ. ആള്‍ക്കാരു വിശ്വസിക്കോ?
മറിയക്കുട്ടീനേം പറയണ്ട. അവര്‍ക്കു കുടുംബ ജീവിതം ഒണ്ടാര്‍ന്നോ? കാര്യം അഞ്ചാറുപിള്ളേരൊക്കെ ഒണ്ടായി. പത്രോസിനു പിള്ളേരോടും സ്‌നേഹവില്ലാര്‍ന്നു. പിള്ളേരെ തെങ്ങേക്കെട്ടിയല്ലെ തല്ലിക്കൊണ്ടിരുന്നെ! ഇവിടത്താമ്പ്രന്നോന്‍ പോയി അവനെ വഴക്കും പറഞ്ഞഴിച്ചുവിടും.
എന്നാ പുള്ളേരു ഗൊണം പിടിച്ചോ? കെട്ട്യോളു ഗൊണം പിടിച്ചോ? തല്ല്യാലും കൊട്ട്യാലുവൊന്നും ആരും ഗൊണം പിടിക്കില്ല. കൊണം പിടക്കാനൊള്ളതാണെങ്കിലേ കൊണം പിടിക്കൂ.
ഇവിടത്താമ്പ്രന്നോനും ആദ്യം കുടിയല്ലാര്‍ന്നോ? എന്റെ പൊന്നേ, വൈകുന്നേരം കള്ളും ചാരായോം കുടിച്ചേച്ചുവന്ന് എന്നെ എന്തോരുവാ തല്ലിയേക്കണെ! കയ്യും കണക്കൂല്ല. അവസാനം വെള്ളറെങ്ങാതെയല്ലെ മരിച്ചത്. വായിക്ക്യാന്‍സറായിരുന്നു. ഇവിടത്താമ്പ്രാന്നോന്‍ കൂടി നിര്‍ത്തിയെപ്പിന്നെ മരിക്കുന്നതു വരെ കുടിച്ചിട്ടില്ല. മുറുക്കുവാര്‍ന്നു. മുറുക്കുകാരണാ വായിക്കാന്‍സറു വന്നേന്നാ ഡാക്കിട്ടറു പറഞ്ഞെ.
പക്കീരിം അന്നു പള്ളീലുവച്ചു സത്യം ചെയ്തതാ കുടിക്കൂല്ലാന്ന്. മൂന്നാലു മാസം കുടിച്ചില്ല. പിന്നേം അവന്‍ കുടിതൊടങ്ങി. കാളവണ്ടിം കൊണ്ട് നാടുനീളെ നടക്കുമ്പം കുടിയ്ക്കാതെ പറ്റൂല്ലന്നാ അവന്‍ പറഞ്ഞോണ്ടിരിക്കുന്ന ന്യായം.
അവന്റെ പുളുവടികേട്ടാ ആരും മയങ്ങിപ്പോവും.
ഒരീസം കാളവണ്ടീം കൊണ്ടു വരുമ്പം നേരം വെളുക്കാനായി കാളേന്മാരാണെങ്കി, വായീന്ന് പതേം ഒലിപ്പിച്ച് തളര്‍ന്ന അതൂങ്ങടെ വയറ് തണ്ടെല്ലോടൊട്ടിക്കിടക്കുന്നു.
കോരച്ചേട്ടനു സകിക്ക്വോ? അങ്ങേരു പുള്ളേരെപ്പോലെ നോക്കണ കാളേന്മാരല്ലെ! അന്നവിടെ നിന്നിറക്കി വിട്ടൂന്നാ കേക്കണേ.
അവന്‍ പറയണ ന്യായം കേക്കണം.
കാളവണ്ടിംകൊണ്ടു ലോഡെറക്കിയേച്ചു വരുമ്പം വഴീലൊരു മരം വീണു കെടക്ക്വാര്‍ന്നൂന്നോ, അതു വെട്ടി മാറ്റിച്ചിട്ടു വണ്ടിംകൊണ്ടു പോന്നപ്പം കാശെല്ലാം തീര്‍ന്നൂന്നോ. . .പക്കീരി ആരാ മോന്‍! അവന്‍ കള്ളു കുടിച്ചു കാണും
പിന്നെയാ അവന്‍ കൂലിപ്പണിക്കുപോവാന്തൊടങ്ങിയെ. അതുകൊണ്ടു വല്ലോം അവനു കുടിക്കാന്‍ തെകയുവാര്‍ന്നോ? പിന്നെ സലം വിറ്റു കുടിതൊടങ്ങി. പത്തുസെന്റു ചുമ്മാരിനു കൊടുത്തു. അതിന്റെ കാശു തീര്‍ന്നപ്പം പത്തു സെന്റു ഓനച്ചനു കൊടുത്തു. അങ്ങനെ സലം മക്കവാറും വിറ്റു മുടിച്ചു. മറിയക്കുട്ടിക്കു ഗര്‍ഭോണ്ടെന്നു കേട്ടപ്പം പിന്നെ നാട്ടിലും നിക്കാമ്മേലാണ്ടായി. അങ്ങനെയാ പെരേം ബാക്കിയൊള്ള സലോം വിറ്റേച്ച് നിലമ്പൂര്‍ക്കുപോയേ.
ഒന്നും പറയാതിരിക്കുവാ ഭേദം. ഞാനൊരൂസം അവിടെപ്പോയതല്ലെ. എന്റെ ദൈവം തമ്പുരാനേ, എന്നാ കുന്നിന്റെ മോളിലാ വീട്, കറന്റൂല്ല, വെള്ളോല്ല. വെള്ളത്തിനാണെ രണ്ടുനാഴിക നടക്കണം. പേടിച്ചിട്ടവിടെയെങ്ങനെയാ കിടക്കണേന്നറിയില്ല!
പറമ്പിന്റരീന്നേ കാടല്ലെ! എന്നാ, വെറകെടുക്കാമ്പോലും വനത്തിക്കേറാന്‍ പറ്റൂല്ലാത്രെ. റിസേറു പോറസ്റ്റാന്നാ പറഞ്ഞെ. ഉള്ളില്‍ പോയാ പോറസ്റ്റുകാരു പിടിച്ചിടിക്കൂത്രേ. എന്നാലും പക്കീരി പോറസ്റ്റുകാരുടെ കുടെപ്പോകും കണ്ട മുയലിനേം പക്ഷീനേയൊക്കെ പിടിച്ചോണ്ടു വരൂന്നാ മറിയക്കുട്ടി പറഞ്ഞെ. അല്ലാതെ കൂലിപ്പണിയ്‌ക്കൊന്നും പോവാന്‍ പറ്റൂല്ലാര്‍ന്നൂന്ന്.
മറിയ്ക്കുട്ടീനെക്കാണണം, എല്ലരിച്ചിരിക്കുണു. മൂത്ത രണ്ടാമ്പിള്ളേരും കൂലിപ്പണിക്കു പോവാറുണ്ടെന്നാ പറഞ്ഞെ. ആ തത്തപ്പെണ്ണിന്റെ കാര്യം ചോദിച്ചപ്പോ മറിയക്കുട്ടി അങ്കപ്പൊഴുകാലെ കരഞ്ഞു. എന്റോടേ തമ്പുരാനേ, അതു തൂങ്ങിച്ചത്തില്ലേ? ഞാനിതൊന്നും അറിഞ്ഞോണ്ടല്ല ചോദിച്ചത്.
നാട്ടുകാരു പറയണത് ചാവുമ്പം മൂന്നുമാസം ഗര്‍ഭോണ്ടാര്‍ന്നൂന്നാ. ആരാണ് ആങ്ങളച്ചെറക്കന്‍ ചോദിച്ചപ്പൊ പെണ്ണ് ദേഷ്യപ്പെട്ട് നീയല്ലേടാന്നു ചോദിച്ചുത്രേ. ആ ചേറുക്കന്‍ ആപ്പപ്പോയി വെഷം കഴിച്ചു ചത്തു.
ഒരു ചെറുക്കന്‍ വീട്ടിലൊന്നും കൊടുക്കൂല്ലന്നാ കേട്ടെ. അവനോടാരു ചോദിക്കാനാ. പത്രോസിനു വയസ്സായില്ലെ. മറിയക്കുട്ടി ചോദിച്ചാ അവന്‍ വകവയ്ക്കുവോ? അവളേം തെറീം പറഞ്ഞിട്ട് വീട്ടിലൊള്ളതു കൂടി എടുത്തോണ്ടു പോകൂന്നാകേട്ടേ.

പത്രോസ്സെത്ര തല്ലീതാ ചെറുപ്പത്തില്?
എന്നിട്ടു ഗൊണം പിടിച്ചോ? ഒക്കെ ഓടേ തമ്പുരാന്‍ നിശ്ചയിക്കണപോലെ വരൂന്നിതാ പറയണെ.
പത്രോസിനെന്നെ വല്ല്യകാര്യാര്‍ന്നു. എന്നാ വിശേഷവെന്റേലമ്മച്ചേടത്തിയേന്നും പറഞ്ഞവനോടിവന്നു. അവന്റെ കോലം കണ്ടാ സകിക്കൂല്ല. എനിക്കു കരച്ചിലു വന്നു ഞാങ്കരണ കണ്ടപ്പം അവനും കരഞ്ഞു. ഞങ്ങളിവിടെ ഒരേ പെരേപ്പോലെ കഴിഞ്ഞതല്ലെ.
രണ്ടീസം താമസിച്ചിട്ടു പോയാമതീന്ന് മറിയക്കുട്ടിക്കൊരേ നിര്‍ബ്ബന്തം. അത്താഴം വെയ്ക്കാനരിയില്ലാര്‍ന്നു. കപ്പ പുഴുങ്ങി മീങ്കറീം ഒണ്ടാര്‍ന്നു. പത്രോസെവിടെനിന്നോ പിടിച്ചോണ്ടുവന്നതാന്നു പറഞ്ഞു. മൂന്നു നേരോം കപ്പയാ.
ഞാഞ്ചെന്നതല്ലേന്നും പറഞ്ഞ് അരീം സമാനോം മേടിക്കാന്നു പറഞ്ഞതാ. ഞാനാ പറഞ്ഞത് വേണ്ടാന്ന് റേഷങ്കടേപ്പോവാനാണെങ്കി അഞ്ചെട്ടുനാഴികനടന്നു ടൗണിപ്പോണം. ഞാമ്പിറ്റേ ദിവസം പോന്നു. പോരാന്നേരം നൂറുറുപേം കൊടുത്തു. രൂപവേണ്ടാന്നവളൊരുപാടു പറഞ്ഞു.
ഇനിയെന്നാ കാണുന്നേന്റെലമ്മച്ചേടത്തിയേന്നും പറഞ്ഞ് അവളു കരയാന്തൊടങ്ങി. ഞങ്ങളൊരുപാടുനേരം കെട്ടിപ്പിടിച്ചു കരഞ്ഞു.
ഇപ്പൊ, അവരൊക്കെ അവടെയൊണ്ടോ ആവോ? കൊല്ലം പത്തു മുപ്പത്തഞ്ചായില്ലേ! പത്രോസ്സിന്റെ പെരയിരിക്കണേടത്തിപ്പം വാര്‍ക്കപ്പെരയാ. പറമ്പിന്റെ മൂലേല് രണ്ടു കാളിപ്പന കൊലയ്ക്കാറായി നിപ്പൊണ്ട്. ചെത്താന്‍ കൊടുക്കുവോ ആവോ! അല്ലെങ്കി, ആരുചെത്താനാ! അവിടെത്താമസിക്കണോരുവായിട്ടു ഞാനൊന്നും മിണ്ടാറൂല്ല, അവിടെപ്പോവാറൂല്ല.
*********
ഏലമ്മച്ചേടത്തിയുടെ തലച്ചോറില്‍ ഒരു കാളവണ്ടിവന്നു നിന്നു. കാളവണ്ടിയില്‍നിന്നും പത്രോസ് ചാടിയിറങ്ങുന്നത് നിഴലുപോലെ അവര്‍ കണ്ടു. അവര്‍ക്കു പേടിയായി. പറമ്പിന്റെ മൂലയില്‍ നില്ക്കുന്ന കാളിപ്പനേം, പനയില്‍ കള്ളുചെത്തുന്ന കുമാരനേം, അടുക്കള വരാന്തയിലിരുന്നു കറിയ്ക്കരിയുന്ന മറിയക്കുട്ടീനേം അവര്‍ കണ്ടു. അവരുടെ മനസ്സൊന്നു കാളി. പത്രോസിന്നേരത്ത് കാളവണ്ടീമായിവിടെ! പത്രോസിന്റെ കണ്ണില്‍ ആനാദിയായ കോപം തളം കെട്ടിനിന്നിരുന്നു. മറിയക്കുട്ടി പേടിച്ച് അടുക്കളയില്‍ കയറി ഒളിക്കുന്നതവര്‍ കണ്ടു കുമാരനെ നോക്കിപ്പത്രോസലറി.
''അണ്‍ഡ്രോറിടാതെയാണോടാ പട്ടി പനേക്കേറണത്?''
ആ അക്രോശം ഏലമ്മച്ചേടത്തിയുടെ തലച്ചോറില്‍ ഇടിമിന്നലായി. അവര്‍ പിറകോട്ടു മലച്ചുവീണ് അനന്തതയില്‍ കണ്ണും നട്ട് കിടന്നു.ഒരു ശുഭാപ്തി വിശ്വാസിയുടെ ആത്മഹത്യ
വില്‍സന്‍ കുര്യക്കോസ
ഈയിടെയായി തനിക്കെന്തോ കുഴപ്പമുണ്ടെന്ന് ആയാള്‍ക്കു തോന്നിത്തുടങ്ങി. ഭാര്യ അയാളോട് അങ്ങനെ സൂചിപ്പിക്കുകയുമുണ്ടായി. നിങ്ങള്‍ ഇപ്പോള്‍ അകാരണമായി കോപിക്കുന്നു എന്തുപറ്റിയെന്ന് ഭാര്യ ചോദിക്കാറുണ്ട്, പിന്നെ അവള്‍ വിധിയെപ്പഴിച്ചുകൊണ്ടിരിക്കും.
താന്‍ പണ്ടത്തെതിനേക്കാള്‍ ഉദാസീനനായി എന്ന് അയാള്‍ക്കും തോന്നിത്തുടങ്ങി. എപ്പോഴും ഉറങ്ങാന്‍ തോന്നുന്നു. ഉറക്കം വരാന്‍ എന്താണു മാര്‍ഗ്ഗമെന്ന് അയാള്‍ ചിന്തിച്ചു തുടങ്ങി. ഉറക്കം തൂങ്ങിയിരിക്കുന്ന ആള്‍ക്ക് ആരും ഉറക്ക ഗുളിക കൊടുക്കില്ലല്ലൊ. അതുകൊണ്ട് ഡോക്ടറെ കാണാനുള്ള പദ്ധതി ഉപേക്ഷിച്ചു.
തനിക്ക് അസാധാരണമായി ഒന്നുമില്ലെന്ന് ഉറപ്പുവരുത്താന്‍ അയാള്‍ പലപ്പോഴും ശ്രമിച്ചുനോക്കി. എന്നാല്‍ നിസ്സാര കാര്യത്തിന് തന്നെ കുറ്റം പറയുകയും തന്നോട് കോപിക്കുകയും ചെയ്യുന്നുവെന്ന് ഭാര്യ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
ഒരു സ്വപ്നം കണ്ടതു മുതലാണ് താന്‍ അസാധാരണമായി പെരുമാറാന്‍ തുടങ്ങിയതെന്ന് അയാള്‍ക്കു തോന്നി. ആ സ്വപ്നം ആവര്‍ത്തിച്ചുകാണാനും തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ സ്വപ്നം വരുന്നതും കാത്ത് വെറുതെ കിടക്കാനും തുടങ്ങി. ഓഫീസില്‍ പോലും കണ്ണടച്ചിരുന്ന് സ്വപ്നത്തിനു വേണ്ടി കാത്തിരിക്കും.
സഹപ്രവര്‍ത്തകര്‍ പലപ്പോഴും എന്താ സ്വപ്നം കാണുകയാണോ എന്നു ചോദിക്കാറുണ്ട്. അപ്പോള്‍ തന്റെ ശ്രമം തിരിച്ചറിഞ്ഞതിലുള്ള ജാള്യതയോടെ ''നല്ല സുഖം തോന്നുന്നില്ല'' എന്നു പറയുകയാണ് പതിവ്.
അയാള്‍ അസുഖത്തിന്റെ മുഖം മൂടി അണിയാന്‍ ശ്രമിച്ചു ''എന്റെ കൈകള്‍ വേദനിക്കുന്നു, എനിക്കു നല്ല സുഖം തോന്നുന്നില്ല'' എന്നിങ്ങനെ ഭാര്യ കേള്‍ക്കെ പറഞ്ഞു തുടങ്ങി.
''നിങ്ങള്‍ക്ക് വെറുതെ തോന്നുന്നതാ'' എന്നു ഭാര്യ പരിഹസിച്ചു.
''സാര്‍, ഞാനൊരു സ്വപ്നം കാണുന്നു, എപ്പോഴും സ്വപ്നം കാണാന്‍ കൊതിക്കുന്നു എന്നോ മറ്റോ ഒരു ഡോക്ടറോട് പറയുന്നതിനെപ്പറ്റി സ്ങ്കല്പിച്ചു നോക്കി. വിദഗ്ധനായ ഒരു മനശാസ്ത്രജ്ഞനെപ്പോലും വിഷമിപ്പിക്കുന്നതായിരിക്കും ആ ചോദ്യം എന്നയാള്‍ക്കുതോന്നി. 'സുഹൃത്തേ, നിങ്ങള്‍ക്കൊരസുഖവുമില്ല, എല്ലാം നിങ്ങളുടെ തോന്നലാണ്' എന്നായിരിക്കും ഉത്തരം. ചിലപ്പോള്‍ വിചിത്രമായ ഒരു ഇംഗ്ലീഷു പദംകൊണ്ട് അസുഖത്തിന്റെ പേരും പറഞ്ഞെന്നിരിക്കും.
അതുകൊണ്ടാണ് അയാള്‍ സ്വപ്നത്തെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. ഒരു പക്ഷെ, തന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഈ സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ കിട്ടിയേക്കുമെന്ന് അയാള്‍ക്കു തോന്നി. സ്വപ്നങ്ങള്‍ വ്യഖ്യാനിച്ചു പഠിക്കുന്ന ചില വൈജ്ഞാനിക ശാഖകളെപ്പറ്റി അയാള്‍ കേട്ടിട്ടുണ്ട്. അയാള്‍ എന്നും ഒരേ സ്വപ്നം കാണുന്നു, സ്വപ്നം ഓര്‍ത്തിരിക്കുകയും വീണ്ടും കാണാന്‍ കോതിക്കുകയും ചെയ്യുന്നു.
അയാള്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്ത് പ്രേമിച്ചിട്ടുള്ള ഒരു പെണ്ണിന്റെ രൂപമാണ് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 'നിന്റെ കണ്ണുകള്‍ നീലത്തടാകമാണ്' നിന്റെ ചുണ്ടിലെ മാണിക്യക്കല്ലുണ്ട് എനിക്കു തരുമോ?' എന്നും മറ്റും പ്രേമലോലനായി അയാള്‍ അവളോട് പറഞ്ഞിട്ടുണ്ട്.
അതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് അയാള്‍ തീര്‍ച്ചപ്പെടുത്തി. ഇപ്പോള്‍ സ്വപ്നത്തില്‍ അവള്‍ സദാ കടന്നു വന്ന് സമനില തെറ്റിക്കുന്നതാണ് മനസ്സിലാകാത്തത്. ഏതായാലും അവളെപ്പറ്റികൂടൂതല്‍ ചിന്തിക്കുന്നതാണ് ഒരു പക്ഷെ സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കാന്‍ സാഹായിക്കുക എന്നും അയാള്‍ക്ക് തോന്നിത്തുടങ്ങി.
അതുകൊണ്ട് അയാള്‍ തന്റെ പ്രേമത്തെക്കുറിച്ചും അതിലെ നായികയെക്കുറിച്ചും ഓര്‍ക്കാന്‍ തുടങ്ങി. ഒരു വര്‍ഷമേ അവളെ പ്രേമിച്ചുട്ടുള്ളു. എങ്കിലും അവളെക്കുറിച്ചെല്ലാം അവള്‍ പറഞ്ഞിട്ടുണ്ടായിരുന്നു. സ്‌നേഹം പിടിച്ചുപറ്റാനാവാം, അവളുടെ അമ്മ പ്രസവത്തോടെ മരിച്ചതും അച്ഛന്‍ വേറെ വിവാഹം കഴിച്ചതും, അമ്മാവന്‍ അവളെ വളര്‍ത്തിയതും മറ്റും. . . ആലോചിച്ചപ്പോള്‍ അയാള്‍ക്കു വളരെ രസം തോന്നി. തന്റെ ഭാര്യയുടെ സ്ഥാനത്ത് അവളെ സങ്കല്പിച്ചു നോക്കി. ഉറക്കത്തില്‍ ഒരിക്കള്‍ അവളുടെ പേരെടുത്തു വിളിച്ചതായി ഭാര്യ പറഞ്ഞിരുന്നു. വളരെ കൗതുകമായ ഒരു പേരായിരുന്നു അവള്‍ക്ക്. അയാള്‍ അവളെ ഒരു പ്രത്യേക പേരിലാണ് വിളിച്ചിരുന്നത്. നീ ചേര്‍ത്തല കാര്‍ത്ത്യായനി ആണോ? എന്നോ മറ്റോ അയാള്‍ അവളെ കളിയാക്കിയിട്ടുമുണ്ട്. പിന്നെ അയാള്‍ കാര്‍ത്ത്യായനിയെന്നാണ് അവളെ വിളിക്കാണ്.
അവിടെയാണ് കുഴപ്പം ആരംഭിച്ചതെന്ന് തോന്നുന്നു. 'പ്രേമ ലോലര്‍ സ്വപ്നലോകം ചമയ്ക്കുന്നു' എന്നോ മറ്റോ അര്‍ത്ഥത്തിലുള്ള ഒരു കവിത വായിച്ചിട്ടുള്ളത് അയാളോര്‍ത്തു. ഈയിടെക്ക് ചില കവിതകള്‍ അയാള്‍ ഉറക്കെ പാടാനും തുടങ്ങിയിട്ടുണ്ട്.
ഒരിയ്ക്കല്‍ ഭാര്യ അയാളുടെ വായ് പൊത്തിപ്പിടിക്കുക പോലും ഉണ്ടായി.

സ്വപ്നത്തില്‍ കാര്‍ത്ത്യായനി തന്നെയാണ് പ്രത്യക്ഷപ്പെടുന്നതെന്ന് അയാള്‍ക്കുറപ്പായി. അടുത്തിടെ കണ്ട സ്വപ്നത്തില്‍ അവള്‍ തന്നോടെന്തോ പറയാന്‍ ഭാവിക്കുന്നുമുണ്ടായിരുന്നു. മറ്റൊരവസരത്തില്‍ അവള്‍ മാലാഖമാരോടൊത്ത് ഒരു കുഞ്ഞുമായി പ്രത്യക്ഷപ്പെട്ട് അയാളുടെ നേരേ കുട്ടിയെ നീട്ടുകയുമുണ്ടായി.
സ്വപ്നങ്ങള്‍ എപ്പോഴും അപ്രതീക്ഷിതമായി അവസാനിക്കുമായിരുന്നു 'തനിക്കു നേരേ നീട്ടിയ കുട്ടിയ്‌ക്കെന്തുപറ്റി? മാലാഖമാരോടൊത്ത് അവള്‍ എന്തു ചെയ്യുന്നു? എന്നൊക്കെ ആലോചിച്ച് അയാള്‍ വിഷമിച്ചു. ഒരു പക്ഷെ തന്റെ പ്രേമം അപ്രതീക്ഷിതമായി അവസാനിച്ചതു കൊണ്ടായിരിക്കാം. സ്വപ്നങ്ങളും അങ്ങനെയാകുന്നതെന്ന് അയാള്‍ക്കുതോന്നി.
സ്വപ്നങ്ങള്‍ക്ക് നൈരന്തര്യമായി ഒരു നീണ്ട കഥാ സ്വഭാവമുണ്ടായതായി അയാള്‍ കേട്ടിട്ടില്ല. സ്വപ്നങ്ങള്‍ അപ്രതീക്ഷിതമായി അവസാനിച്ചില്ലായിരുന്നെങ്കില്‍, ഇടമുറിഞ്ഞ് പോകാതിരുന്നെങ്കില്‍ അയാള്‍ക്ക് അസാധാരണത്വം ഒന്നുമുണ്ടാകുമായിരുന്നില്ല.
എന്തുതന്നെയായാലും ചില ടിവി സീരിയലുകളുടെ ആകാംക്ഷയും കൗതുകവുമാണ് സ്വപ്നങ്ങള്‍ ഉണ്ടാക്കുന്നതെന്ന് അയാള്‍ക്കു തോന്നി. അതുകൊണ്ടായിരിക്കാം അയാള്‍ കൂടുതല്‍ സ്വപ്നം കാണാന്‍ കൊതിച്ചത്. സ്വപ്നം കാണണമെങ്കില്‍ ഉറങ്ങണം. അയാള്‍ നിരുത്സാഹിയും ഉറക്കം തൂങ്ങിയുമായി മറ്റുള്ളവര്‍ക്കും തോന്നിയത് അതുകൊണ്ടായിരിക്കാം. അതോര്‍ത്തപ്പോള്‍ അയാള്‍ ഉറക്കെച്ചിരിച്ചു. നിങ്ങള്‍ ഉറക്കെച്ചിരിക്കുന്നതെന്തിനാണെന്ന് ഭാര്യ അയോളോടു ചോദിച്ചു തുടങ്ങി. അയാള്‍ പലപ്പോഴും ചിരിച്ചൊഴിയുകയാണ് പതിവ്. ചിരി ആരോഗ്യത്തിനു നല്ലതാണ് അതുകൊണ്ട് ചിരിച്ചു എന്നു പറയുകയായിരുന്നു കൂടുതല്‍ നല്ലതെന്ന് ഇപ്പോളയാള്‍ക്കു തോന്നി.
അങ്ങനെ ഉറക്കം തുങ്ങിയും ഉറക്കം അഭിനയിച്ചും അയാള്‍ക്കിപ്പോള്‍ ഉറക്കം വരാതെയായി.
''നിങ്ങള്‍ക്കൊരു ഡോക്ടറെക്കണ്ടുകൂടെ ഇപ്പോള്‍ തീരെ ഉറങ്ങുന്നില്ലല്ലോ'' എന്ന് ഭാര്യ അയാളെ ഉപദേശിച്ചു.
മഞ്ഞനിറത്തിലുള്ള ഈ ഗുളിക മൂന്നു നേരം ഓരോന്നും വെളുത്ത ചെറിയ ഗുളിക കിടക്കാന്‍ നേരത്ത് ഒരെണ്ണം വീതവും കഴിക്കാന്‍ ഡോക്ടര്‍ ഉപദേശിച്ചു. പക്ഷെ, ഓരോ രാത്രിയും ഉറങ്ങി സ്വപ്നങ്ങള്‍ മുറിഞ്ഞുപോയി തന്റെ കാര്‍ത്ത്യായനിയ്‌ക്കെന്തുപറ്റി എന്നറിയാതെ വരുന്നത് അയാളുടെ പ്രശ്‌നം സങ്കീര്‍ണ്ണമാക്കി. അതുകൊണ്ട് വെളുത്ത ഗുളികകള്‍ ഒന്നിച്ചു വിഴുങ്ങി അയാള്‍ ഇടമുറിയാത്ത സ്വപ്നത്തിനായി കാത്തു കിടന്നു.


Followers