മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, July 29, 2013

റോസിലി ജോയ് സാഹിത്യവേദിയില്‍ കഥകള്‍ അവതരിപ്പിക്കുന്നു

|1 comments
പ്രിയപ്പെട്ട അക്ഷര സ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ആഗസ്റ്റ് മാസം ആദ്യഞായറാഴ്ച (04/08/2013) കഥാകാരി ശ്രീമതി റോസിലി ജോയ് അവരുടെ 'കാറ്റേ നീ', 'ഗോപാലകൃഷ്ണന്‍ പത്ത് ബീ.' എന്നീ കഥകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ പ്രമുഖ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും.
ഈ സാഹിത്യ സായാഹ്നത്തിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്ഥലം: മാട്ടുംഗ കേരള ഭവന്‍ ഹാള്‍
തിയതി: ആഗസ്റ്റ്  04, 2013. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി

സസ്‌നേഹം
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി

അറിയിപ്പ്: സാഹിത്യവേദി ചര്‍ച്ച പതിവുപോലെ കൃത്യം ആറുമണിക്കുതന്നെ ആരംഭിക്കും. സഹൃദയ സുഹൃത്തുക്കള്‍ സമയത്തിന് തന്നെ എത്തിച്ചേരും എന്ന് പ്രതീക്ഷിക്കുന്നു.


റോസിലി ജോയ് 
എഴുത്തെന്നാല്‍ ആത്മാവിന്റെ കരകവിയിലാണ് ചിലര്‍ക്ക് . അനുഭവങ്ങളുടെ നീരോഴുക്കുകള്‍ സംഗമിക്കുമ്പോള്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ചിലകവിഞ്ഞൊഴുകലുകള്‍. വര്‍ഷകാല പെയ്ത്തില്‍ നിറഞ്ഞൊഴുകുന്ന ഒരു നദിയുടെ കവിഞ്ഞൊഴുകല്‍പോലെ ജൈവീകമായ ഒരു അനിവാര്യതയായി ശ്രീമതി റോസിലി ജോയുടെ കഥകള്‍ പിറക്കുന്നു. ഭര്‍ത്താവിനൊപ്പം അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ജീവിച്ച അനുഭവങ്ങളും, യാത്രകളും, പ്രവാസത്തിന്റെ ഗൃഹതുരതകളുമടങ്ങുന്നതാണ് റോസിലിയുടെ കഥാലോകം. സരളമായ ആഖ്യാനം, വേറിട്ട പ്രമേയങ്ങളിലൂടെ മാറുന്ന മലയാള കഥാലോകത്ത് സ്വന്തം കൈയ്യൊപ്പ് പതിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങള്‍....

ഓണ്‍ ലൈന്‍ മാഗസിനുകളിലും ആനുകാലികങ്ങളിലും കഥകള്‍ എഴുതുന്നു. 'കാലം തെറ്റി പൂത്ത ഗുല്‍മോഹറുകള്‍' എന്ന ചെറുകഥാ സമാഹാരവും 'പൂക്കളേക്കാള്‍ മണമുള്ള ഇലകള്‍' എന്ന സംയുക്ത ചെറു കഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
റോസിലിയുടെ 'കാറ്റെ നീ'  എന്ന കഥ ഈസ്റ്റ് കോസ്റ്റ് നടത്തിയ 'ഓണ്‍ലൈന്‍ ചെറുകഥാ മത്സരം 2012' ലെ മികച്ച കഥയ്ക്കുള്ള രണ്ടാം സമ്മാനം നേടിയിരുന്നു.

നവി മുംബൈ കാര്‍ഘരില്‍ താമസം. അഞ്ചു വര്‍ഷമായി 'റോസാപ്പൂക്കള്‍' എന്ന സ്വന്തം ബ്ലോഗില്‍ സജീവം.


റോസിലി വേദിയില്‍ അവതരിപ്പിക്കുന്ന കഥകള്‍

കാറ്റേ ...നീ...

കാറ്റ് കേള്‍ക്കുവാനും കാണുവാനും ഉള്ളതെന്ന പ്രിയങ്കയുടെ  സങ്കല്‍പ്പത്തെ ആകെ മാറ്റി മറിച്ചു കൊണ്ടാണ് ഇലപൊഴിച്ച മരങ്ങളുള്ള ഒരു മഞ്ഞു കാലത്തിന്റെ അവസാനത്തില്‍ മല മുകളിലെ ആ പട്ടണത്തില്‍ കാറ്റ് വീശി തുടങ്ങിയത്‌. ഉച്ച മയക്കത്തിന്റെ ആലസ്യത്തില്‍ വെറുതെ കിടക്കുമ്പോഴാണ് ഒരു വിമാനത്തിന്റെ ഇരമ്പല്‍ എന്നവണ്ണം  കാറ്റടിച്ചു തുടങ്ങിയത്. ജനല്‍ കര്‍ട്ടനുകള്‍ ചെറുതായി നീങ്ങി കിടന്നിരുന്ന വിടവിലൂടെ വെയില്‍ ഒരു വീതിയുള്ള ദണ്ഡ് പോലെ മുറിക്കുള്ളില്‍ സഞ്ചാരം നടത്തുന്നത് കൌതുകത്തോടെ നോക്കി കിടക്കുകയായിരുന്നു അവള്‍ അപ്പോള്‍. അതി ശൈത്യമുള്ള  ആ താഴ്വരയില്‍ വീടിന്‍റെ ജാലകങ്ങളും വാതായനങ്ങളും അടഞ്ഞു കിടന്നത് കൊണ്ട് അവള്‍ക്ക് പുറത്തെ അസാധാരണ  ശബ്ദം എന്തെന്നു ആദ്യം മനസ്സിലായില്ല.  ആകാംഷയോടെ  വരാന്തയില്‍ വന്നിട്ടും ശബ്ദത്തിന്റെ ഉറവിടം എന്തെന്നറിയാതെ പ്രിയങ്ക അവിടവിടെ നോക്കികൊണ്ടിരുന്നു.  

അവള്‍  ചുറ്റും കോട്ട തീര്‍ത്തു  ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വതത്തെ നോക്കി. അവക്ക്‌ മുകളില്‍ ഇനിയും ഉരുകി തീര്‍ന്നിട്ടില്ലാത്ത മഞ്ഞു പാളികളെ നോക്കി. അവളുടെ പരിഭ്രമം നിറഞ്ഞ നോട്ടം മനസ്സിലായി എന്നവണ്ണം വീടുകളിലെ പാര്‍ട്ട് ടൈം ജോലി കഴിഞ്ഞു റോഡിലൂടെ നടന്നു  പോകുന്ന അഷറബി ഉറക്കെ പറഞ്ഞു.

“മാഡം ജീ...തേജ് ഹവാ ആ രഹാ ഹെ.... ഷായദ്‌ തൂഫാന്‍ ഹോ ജായേഗാ.”

“ക്യാ.. അഷറബി....? യെ..ഹവാ ഹെ ക്യാ...? കുച്ച് നഹി ദിക്ക് രഹാഹെ..?”

അവള്‍ അമ്പരപ്പോടും സംശയത്തോടും ചോദിച്ചു.

അഷറബി നടന്നു കുറച്ചങ്ങു നീങ്ങിയതേ ഉള്ളു. വീണ്ടും ആ വലിയ ശബ്ദം കേട്ടു. അതോടെ അവള്‍ പല അടുക്കുകളിലെ കമ്പിളി വസ്ത്രങ്ങളിലും  വിറച്ചു. ചെവിക്കുള്ളിലേക്ക് തണുപ്പ് ചൂളം കുത്തി കയറുന്നു. പല്ലുകള്‍ കൂട്ടിയടിച്ചപ്പോള്‍ മുറിക്കുള്ളിലേക്ക് ഓടിപ്പോയി കമ്പിളി തൊപ്പിയും കയ്യുറയും ധരിച്ച് വീണ്ടും വരാന്തയില്‍ വന്നു നിന്നു.

കാറ്റിനെ അത്രയധികം സ്നേഹിച്ച അവള്‍ക്ക്‌ സഹിക്കാനാവാത്ത സങ്കടം സമ്മാനിച്ചു കൊണ്ടു  വന്‍ ഹുങ്കാരത്തോടെ വീണ്ടും അത് ആഞ്ഞടിച്ചു തുടങ്ങി. അനങ്ങാന്‍ ഒരു ഇലപോലും ഇല്ലാത്ത ഈ കാലത്ത് തന്നെ നിനക്കെന്തേ വരാന്‍ തോന്നി..? പ്രിയങ്ക പരിഭവത്തോടെ ആ ശബ്ദത്തോടു ചോദിച്ചു കൊണ്ടിരുന്നു. ഒന്നിനെ പോലും ചലിപ്പിക്കാതെ നീ ഇങ്ങനെ ശബ്ദമായി വന്നിട്ട് എന്ത് നേടാന്‍...? അവളുടെ ചോദ്യം ഗൌനിക്കാതെ കാറ്റ് വര്‍ധിച്ച ശക്തിയോടെ മലകള്‍ക്കിടെ അലറിക്കൊണ്ട് കയറി ഇറങ്ങി.



നാലു ബി. യിലെ പ്രിയങ്ക ജയചന്ദ്രന്‍റെ ഉത്തര കടലാസുമായി മാലതി ടീച്ചര്‍ ദേഷ്യത്തോടെ അവളെത്തന്നെ നോക്കുന്നത് അവള്‍ അറിയുന്നതേ  ഇല്ല. അടുത്തിരിക്കുന്ന മരിയ ഫിലിപ്പിന്റെ ഉത്തര കടലാസിലെ മാര്‍ക്ക് എത്രയെന്ന ആകാംഷയോടെ നോക്കുന്നതിനിടെ മാലതി ടീച്ചറുടെ ശബ്ദം ഉയര്‍ന്നു.

“പ്രിയങ്ക ജയചന്ദ്രന്‍ സ്റ്റാന്റ് അപ്പ്‌.”

പ്രിയങ്ക പരിഭ്രമത്തോടെ ടീച്ചറെ തന്നെ നോക്കിക്കൊണ്ട് എഴുന്നേറ്റു നിന്നു.
“വാട്ട്‌ ഈസ്‌ വിന്‍ഡ്‌..?”

“മൂവിംഗ് എയര്‍ ഈസ്‌ വിന്‍ഡ്‌.”

പ്രിയങ്ക വളരെ പെട്ടെന്ന് ഉത്തരവും കൊടുത്തു.

“ദേന്‍ സെ... വാട്ടീസ് ദ സ്പെല്ലിംഗ് ഓഫ് വിന്‍ഡ്‌..?”

ഡബ്ളിയു ഐ എന്‍ ഡി വിന്‍ഡ്‌.”

“എന്നിട്ട് നോക്ക് കുട്ടി... ഈ ഉത്തര പേപ്പറില്‍ എന്താ ഇത്..? ഡി ക്ക് പകരം ടി എഴുതിയാല്‍ എങ്ങനെ മാര്‍ക്ക് തരാനാകും..?”
“ഈ ഒരു മാര്‍ക്ക്‌ ഞാന്‍ കട്ട് ചെയ്യും. കഴിഞ്ഞ തവണ ഫുള്‍ മാര്‍ക്ക് മേടിച്ച നീ ഇപ്പ്രാവശ്യം എങ്ങനെ സ്കൂള്‍ ഫസ്റ്റാകും....? ഒരു സ്പെല്ലിങ്ങില്‍ പോകുന്നതാണ് ഫസ്റ്റ്റാങ്ക് എന്നൊക്കെ ഇനിയും അറിയില്ലേ..?”

പ്രിയങ്ക തലകുനിച്ചു കൊണ്ടു പിറു പിറുത്തു. “ഫസ്റ്റ് റാങ്ക് കിട്ടിയില്ലെങ്കില്‍ ഈ സ്റ്റാന്‍ഡില്‍ വെച്ചിരിക്കുന്ന വലിയ  ഭൂഗോളം ഉരുണ്ടു ടീച്ചറിന്റെ തലയില്‍ വീണു തല പതിഞ്ഞു പോകുമായിരിക്കും.”

ഒരു കാറ്റിങ്ങ് വന്നു മൂലയില്‍ ഇരിക്കുന്ന ഭൂഗോളത്തെ ഉരുട്ടി ടീച്ചറുടെ തലയില്‍ ഇട്ടാല്‍  മതിയായിരുന്നു. അപ്പോള്‍ ഈ വട്ട മുഖമൊരു സ്ട്രെയിറ്റ് ലയിനായി മാറിയേനെ. ടീച്ചറിന്റെ നെറ്റി വന്നു താടിയില്‍ മുട്ടും. അപ്പോള്‍ കണ്ണും മൂക്കും ചുണ്ടും എല്ലാം ചേര്‍ന്ന ഒരു നേര്‍ വര. പിന്നെ മാത്സ് ക്ലാസ്സില്‍ മുരളി സാര്‍ “സെ ആന്‍ എക്സാമ്പിള്‍ ഫോര്‍ സ്ട്രെയിട്ട് ലൈന്‍ ..?” എന്ന് ചോദിക്കുമ്പോള്‍ “മാലതി ടീച്ചറുടെ തല” എന്ന് ചാടി എഴുന്നേറ്റു നിന്ന് ഉത്തരം പറയാമായിരുന്നു. അവള്‍ അതോര്‍ത്തു പതുക്കെ ചിരിച്ചു. സാവധാനം തല ഉയര്‍ത്തി. ഇല്ല. ആ തല  സ്ട്രെയിട്ട് ലൈനായിട്ടില്ല. പോണി ടെയില്‍ കെട്ടിവെച്ചു അങ്ങനെ തന്നെ ഉണ്ട്. ഭൂഗോളവും അത് പോലെ തന്നെ സ്റ്റാന്‍ഡില്‍ തന്നെ ഇരിക്കുന്നു.

“ചിരിക്കുന്നോ നീ..?”

മാലതി മാലതി ടീച്ചറുടെ ശബ്ദം കുറച്ചു കൂടെ ഉച്ചത്തിലായി....”നാളെ പെരന്റ്സില്‍ ആരെയെങ്കിലും വിളിച്ചു കൊണ്ടു വന്നേക്കണം. എനിക്ക് കുറച്ചു പറയാനുണ്ട്. ഈ പ്രാവശ്യത്തെ സ്കൂള്‍ റാങ്ക് വേറെ ഏതെങ്കിലും ഡിവിഷന്‍ കാര് കൊണ്ടുപോയാലുണ്ടല്ലോ..?”

ടീച്ചറുടെ വട്ടമുഖത്തെ ഉണ്ടക്കണ്ണുകള്‍ ചുവന്നു വന്നു.

“സിറ്റ് ഡൌണ്‍ ദേര്‍...”

ദേഷ്യത്തോടെ പേപ്പര്‍ മേശമേല്‍ വെച്ചു .ടീച്ചര്‍ അടുത്ത കുട്ടിയുടെ ഉത്തര കടലാസുമായി യുദ്ധത്തില്‍ ഏര്‍പ്പെടുവാന്‍ തുടങ്ങിയതോടെ. പ്രിയങ്ക ആശ്വാസത്തോടെ ഇരുന്നു.

കാറ്റ് അവളുടെ ചങ്ങാതിയായി തുടങ്ങിയത്‌ അവള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു. അത് കൊണ്ടു തന്നെ പ്രിയപ്പെട്ട കൂട്ടുകാരന്‍റെ സ്പെല്ലിംഗ് തെറ്റിയത്തില്‍ അവള്‍ക്ക് ചെറിയൊരു സങ്കടം ഉണ്ടായിരുന്നു.

“ഞാന്‍ ടി എന്നെഴുതിയപ്പോള്‍ പെട്ടന്നങ്ങു വന്നു എന്റെ കയ്യില്‍ നിന്നും പേന തട്ടി താഴെ ഇടാന്‍ മേലാഞ്ഞോ നിനക്ക്...? അപ്പൊ എനിക്ക് കാര്യം മനസ്സിലായേനെ. തെറ്റെഴുതാന്‍ പോകുവാന്ന്.” പ്രിയങ്ക കാറ്റിനോട് കലമ്പി.

ഒന്നാം ക്ലാസ്സിലെ അവധിക്കാലത്ത് മുത്തച്ഛനോടൊപ്പം മുത്തശ്ശിയുടെ വീട്ടില്‍ പോകുവാന്‍ ഒരു കൊച്ചു തോണിയില്‍ കടത്ത് കടക്കുമ്പോഴാണ് കാറ്റ് അവളോടു ആദ്യമായി സൌഹൃദം കൂടാന്‍ വന്നത് .

“ഈ കാറ്റിന്റെ ഒരു ശല്യം എപ്പോ കടത്ത് കിട്ടിയാലും വീശാന്‍ തുടങ്ങും. അതും എതിരെ  ദിശയില്‍. മനുഷേന്റെ പതം വരും അക്കരെ എത്തുമ്പോ...” ശക്തിയില്‍ വള്ളം ഊന്നുന്നതിനിടെ വഞ്ചിക്കാരന്‍ ആരോടെന്നില്ലാതെ പിറുപിറുത്തു

അവള്‍ അത് ശ്രദ്ധിക്കാതെ വഞ്ചിക്ക് ചുറ്റും എങ്ങോട്ടോ ധൃതിയില്‍ നീങ്ങുന്ന തിരകളെ നോക്കിയിരുന്നു.

തോണിക്കാരന്‍ വിയര്‍ത്തൊലിച്ച് തോണി കടവത്ത് എത്തിക്കുമ്പോള്‍ കാറ്റും തീര്‍ന്നിരുന്നു.

“കണ്ടോ.....തീര്‍ന്നു...ഇതാ ഇവിടത്തെ ഏര്‍പ്പാട്. എപ്പോ വഞ്ചി ഊന്നാന്‍ തൊടങ്ങുമ്പോഴും അങ്ങ് വന്നോളും.”

കരിപോലെ തിളങ്ങുന്ന ദേഹത്ത്‌ ഉരുണ്ടു കൂടിയ വിയര്‍പ്പ് മണികളെ തുടച്ചു കൊണ്ടു കൂലി വാങ്ങി മടിക്കുത്തില്‍ വെക്കുന്നതിനിറെ അയാള്‍ പറഞ്ഞു കൊണ്ടിരുന്നു.

“തോണി യാത്ര ഇഷ്ടായോ..മോള്‍ക്ക്‌..?” അവളുടെ കൈ പിടിച്ചു നടക്കുന്നതിനിടെ മുത്തച്ഛന്‍ ചോദിച്ചു.

“എനിക്ക് കാറ്റാ ഇഷ്ടം.” എന്ന് പറഞ്ഞു കൊണ്ടു അവള്‍ പുഴയെ തിരിഞ്ഞു നോക്കി. പുഴക്കരയിലെ പേരറിയാത്ത മരത്തിലെ ഇലകള്‍ അപ്പോള്‍ ഇളകാന്‍ തുടങ്ങിയിരുന്നു. കുറെ മഞ്ഞ ഇലകളും താഴെ വീഴുന്നുണ്ട്. കാറ്റ് അവിടെ തന്നെ ചുറ്റി പറ്റി നില്‍ക്കയാണോ..? അതോ അവള്‍ക്കൊപ്പം കൂടെ വരുന്നുണ്ടോ..?

അന്ന് തൊട്ടു കാറ്റ് അവള്‍ക്കൊപ്പം കൂട്ടുകൂടി.
“ആ പഴുത്ത മാങ്ങാ അണ്ണാന്‍ കൊണ്ടു പോകുന്നതിനു മുന്‍പ് പറിച്ചു താ ചേട്ടാ..എന്ന് ചേട്ടനോട് കെഞ്ചിയ ഒരു മാമ്പഴക്കാലത്ത് കാറ്റ് അവളുടെ ചെവിയില്‍ വന്നു പറഞ്ഞു.

“ഓടി പോയി മാഞ്ചുവട്ടില്‍ നോക്കൂ..എത്രയെണ്ണം താഴെ കിടപ്പുണ്ടെന്ന്...?”

നിറയെ ചുവന്ന റോസാപ്പൂക്കളുടെ ചിത്രങ്ങളുള്ള കുഞ്ഞു ഫ്രോക്ക് വിടര്‍ത്തി പിടിച്ച് അതിനുള്ളില്‍ മാമ്പഴം നിറക്കുമ്പോള്‍ അവള്‍ കാറ്റിനോട് ചോദിച്ചു.

“നിനക്ക് വേണോ...ഒരെണ്ണം..?”

കാറ്റ് മറുപടി പറയാതെ അവളുടെ കവിളില്‍ മൃദുവായി തലോടിയ ശേഷം ചിറകുകള്‍ പറത്തി ദൂരേക്ക്‌ പോയി. അപ്പോഴും അവള്‍ക്കായി  രണ്ടു മൂന്നു മാങ്ങകള്‍ കൂടെ താഴെ വീണു.

അന്ന് വൈകുന്നേരം കിണറ്റില്‍ കരയില്‍ അമ്മ മേല്‍ കഴുകിക്കുമ്പോഴാണ് വിടര്‍ന്നു നില്‍ക്കുന്ന കുട മുല്ലകള്‍ അവള്‍ കണ്ടത്.

ഓടിച്ചെന്നു പൂ പറിക്കാന്‍ ആഞ്ഞ അവളോട് കാറ്റ്‌  ചോദിച്ചു.

“എന്തിനാ നിനക്കീ പൂക്കള്‍..?”

“ഞാന്‍  ഉറങ്ങുന്ന മുറീ വെക്കാന്‍. നല്ല മണായിരിക്കും മുറി നെറയെ.”

അവള്‍ ഉല്‍സാഹത്തോടെ പറഞ്ഞു.

“എങ്കില്‍  ആ പാവം പൂവിനെ വെറുതെ നുള്ളി വേദനിപ്പിക്കണ്ട. അതവിടെ നിന്നോട്ടെ. നിനക്ക് സുഗന്ധം പോരെ. ഇന്ന് രാത്രി ഞാന്‍ ആ സുഗന്ധം തരാം. മതിയോ ..?”

അന്ന് രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുറിയിലാകെ മുല്ലപ്പൂ സുഗന്ധം.

“എന്ത് നല്ല വാസന...മുല്ലപ്പൂ വിരിഞ്ഞോ..? "അച്ഛന്റെ ചോദ്യം.

“ആ..കിണറ്റില്‍ കരേലെ കുടമുല്ല പൂത്തിട്ടുണ്ട്. അതാ..”

അമ്മയുടെ മറുപടി.

ജനല്‍ കര്‍ട്ടനുകളില്‍ തിരകള്‍ സൃഷ്ടിച്ചു കൊണ്ടു മുറിക്കുള്ളിലേക്ക് കയറിയ കാറ്റ് അവളെ നോക്കി കണ്ണിറുക്കി  “മതിയോ...?” എന്ന് ചോദിച്ചു.

“ഉം....മതി....ഇങ്ങനെ മതി...”അവള്‍ മറുപടി പറഞ്ഞു.

“ഈ കുട്ടിയെന്താ സംസാരിക്കുന്നത്..?”

ശബ്ദം കേട്ട അച്ഛന്‍ അവള്‍ കിടക്കുന്നിടത്തു വന്നു  നോക്കി. അവള്‍ ഒന്നും അറിയാത്തവളെ പോലെ ഉറക്കം നടിച്ചു കിടന്നു.

“ഉറക്കത്തിലാണെന്ന് തോന്നുന്നു.” പുതപ്പ് നേരെ ഇട്ട അച്ഛന്‍ തിരികെ പോയി

ഏതൊരു പെണ്‍കുട്ടിയെ പോലെയും മുതിര്‍ന്നു  കഴിഞ്ഞപ്പോള്‍ അവള്‍ക്ക് കളി കൂട്ടുകാരനായ കാറ്റിനോടുള്ള ഇഷ്ടം പ്രണയമായി മാറി.

അതുകൊണ്ടു തന്നെ “പ്രവീണിന്‍റെ കണ്ണുകളില്‍ കാറ്റ് ഉണ്ട്” എന്നവള്‍ പറയുമ്പോള്‍ കൂട്ടുകാരികള്‍ പരസ്പരം നോക്കി അടക്കി ചിരിച്ചു.

“ഇവള്‍ക്ക് നല്ല കിറുക്ക് തന്നെ. ഇതെന്തു കണ്ടിട്ടാ അവളാ കോന്തന്‍ ചെക്കന്റെ പിന്നാലെ...? ഇവള്‍ അവന്റെ എത്രാമാത്തെയാണെന്ന്  അവനു പോലും അറിയില്ലായിരിക്കും. ഒളിച്ചോടി പോകും എന്നാ പറയുന്നേ..” അവര്‍ മൂക്കത്ത് വിരല്‍ വെച്ചു.

ഒടുവില്‍ ഒരു നാളില്‍ പ്രവീണിന്‍റെ കാറ്റടങ്ങിയ നിശ്ചലമായ കണ്ണുകളില്‍ നോക്കി

“ചതിയന്‍ ..”എന്നാക്രോശിച്ചു എന്നെന്നേക്കുമായി പിരിയുമ്പോഴും അവള്‍ ആശ്വാസത്തിനായി ചുറ്റും എവിടെയെങ്കിലും കാറ്റാടിക്കുന്നുണ്ടോ എന്ന് പരതി.

പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞു മനോജിന്റെ ഭാര്യയായി ജീവിച്ചു തുടങ്ങിയപ്പോഴും അവള്‍ അയാളോട് കാറ്റിനെ കുറിച്ചു വാചാലയായി.


നാലാം ക്ലാസിലെ മാലതി ടീച്ചറുടെ തല നേര്‍ രേഖയാക്കുവാന്‍ കാറ്റിനോട് പറഞ്ഞതെല്ലാം അയാളോട് പറഞ്ഞപ്പോള്‍  അവള്‍ക്കൊപ്പം അയാള്‍  ഉറക്കെ ചിരിച്ചു. അപ്പോള്‍ അയാളുടെ കണ്ണുകളിലെ കാറ്റോട്ടം കണ്ടു അവള്‍ അയാളുടെ തോളില്‍ തല ചായ്ച്ചു.


 “മനോജ്‌.... എന്റെ പ്രിയപ്പെട്ട കാറ്റ്  ഇപ്പോള്‍ നിങ്ങളുടെ കണ്ണുകളില്‍ ഉണ്ട്.എനിക്കത് കാണാം.” എന്ന് പറഞ്ഞു കൊണ്ടവള്‍ അയാളെ ചുംബിച്ചു.

പിന്നീട് കാലം മുന്നോട്ടു നീങ്ങവേ മനോജിന്‍റെ കാറ്റോട്ടം നിലച്ച കണ്ണുകള്‍ അവളെ വീണ്ടും കാറ്റിന്റെ അന്വേഷകയാക്കി. ഇടക്ക് അവളെ കാണുവാന്‍ കാറ്റ് എത്തിയെങ്കിലും അത് തിച്ചറിയുവാനുള്ള ത്രാണി ഇല്ലാത്ത ഒരവസ്ഥയിലേക്ക് എപ്പോഴോ അവള്‍ എത്തപ്പെട്ടു കഴിഞ്ഞിരുന്നു.


ഇന്നിപ്പോള്‍ ഇതാ അവളുടെ പ്രിയ ചങ്ങാതി അവളെ തേടി വന്നിരിക്കുന്നു. ആ വരവ് അവള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ശബ്ദം  മാത്രം കൊണ്ടു വന്നു ആദ്യം പരിഭവിച്ചു എങ്കിലും എങ്കിലും കാലങ്ങള്‍ക്ക്‌ ശേഷം കണ്ട ആ കൂട്ടുകാരനോട് അവള്‍ക്ക് എന്തെന്നില്ലാത്ത സ്നേഹം തോന്നി. എത്രയോ കാലങ്ങളായി ഉറഞ്ഞു പോയ ആ വികാരം തിരിച്ചു തന്ന കാറ്റിനോടവള്‍ നന്ദി പറഞ്ഞു. ഓഫീസ്‌ വിട്ടു വരുന്ന മനോജിനെ നാളുകള്‍ക്കു ശേഷം അവള്‍ കാത്തിരുന്നു. കാറ്റിനെ പറ്റി അയാളോട് സംസാരിക്കാന്‍ അവള്‍ വെമ്പല്‍ കൊണ്ടു.

 വൈകിട്ട് ഓഫീസ്‌ കഴിഞ്ഞു വരുന്ന മനോജിന്റെ കാറിന്റെ ശബ്ദം കേട്ട് ഉത്സാഹത്തോടെ ഓടി വന്നു ഗെയിറ്റ് തുറക്കുന്ന പ്രിയങ്കയെ അയാള്‍ അത്ഭുതത്തോടെ നോക്കി. ഉത്സാഹത്തോടെ അടുക്കളയില്‍ അവള്‍ ചായ എടുക്കുന്നു!!!! നാളുകള്‍ക്ക് ശേഷം ഒരു കൊച്ചു കുട്ടിയുടെ പ്രസരിപ്പില്‍ ഓടി നടക്കുന്നു!!!! ചോദ്യ ഭാവത്തില്‍ നോക്കിയ അയാളോട് അവള്‍ കാറ്റിനെകുറിച്ചു സംസാരിച്ചു തുടങ്ങി. ചലനമില്ലാത്ത ശബ്ദം മാത്രമായി വന്ന അതിന്റെ ഹുങ്കാരത്തെപ്പറ്റി പറഞ്ഞു. ചലനമില്ലാതെ വന്നപ്പോള്‍ ആദ്യം തോന്നിയ സങ്കടത്തെക്കുറിച്ചു പറഞ്ഞു. ഒന്നിനെയും ചലിപ്പിച്ചില്ലെങ്കിലും അതിന്‍റെ കുളിരില്‍  സന്തോഷം തോന്നിയത് പറഞ്ഞു. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തപോലെ അവള്‍ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.

മനോജിന്റെ കണ്ണുകളിലെ പഴയ കാറ്റോട്ടം പ്രതീക്ഷിച്ചു നിന്ന പ്രിയങ്കയെ അയാള്‍ പുച്ഛത്തോടെ നോക്കി.

“എന്താ നിന്‍റെ ഉദ്ദേശം..? തുടങ്ങിയോ പഴയ സൂക്കേട്..? എത്ര നാള്‌ ചികില്സിച്ചിട്ടാ ഒന്ന് നേരെ ആയതെന്ന് മറന്നോ..? എന്റെ എത്ര വര്‍ഷത്തെ ജീവിതമാണ് നീ സൈക്കോളജിസ്റ്റിന്റെ മുറിയില്‍ പാഴാക്കി കളഞ്ഞത്. മനോജിന്‍റെ ഭാര്യ നോര്‍മല്‍ അല്ല എന്ന് ഇനിയും ആളുകളെ ക്കൊണ്ട് പറയിപ്പിച്ച് എന്നെ നാണം കെടുത്തും നീ...മേലില്‍ ഇതും പറഞ്ഞു കൊണ്ടെന്‍റെ മുന്നില്‍ വന്നേക്കരുത്.”

വിഷാദ രോഗി എന്ന പേരിട്ട് ഡോക്ടറുടെ മുറിയില്‍ കയറി ഇറങ്ങിയ വര്‍ഷങ്ങള്‍ ഒരൊറ്റ നിമിഷം കൊണ്ടു വലിയൊരു ലാവാ പ്രാവഹമായി അവളിലേക്ക് പ്രവഹിച്ചു. അതിന്റെ ചൂടില്‍  അതിശൈത്യത്തിന്റെ ആ താഴ്വരയിലും താന്‍ ആ ലാവക്കൊപ്പം ഉരുകി ഒഴുകുന്നത് അവള്‍ അറിഞ്ഞു.  കൊടും ചൂടില്‍ ഉരുകി തീരും എന്ന് ഭയന്ന അവള്‍ തന്‍റെ രക്ഷകനെ തേടി  വരാന്തയിലേക്ക്‌ പാഞ്ഞു. അവനെ  കാതോര്‍ത്തു. ഒരിക്കലും ചതിക്കാത്ത കാറ്റ് മഞ്ഞു മലകള്‍ക്കിടെ ചുറ്റിക്കറങ്ങി അവളെ തേടി എത്തി... അവള്‍ക്കു ചുറ്റും  കുളിരിന്റെ കോട്ടയുണ്ടാക്കി, അവളെ തണുപ്പിച്ചു തുടങ്ങി.

""പോകണ്ടേ നമുക്ക്  ....?"  ഹുങ്കാരത്തിനിടെ കാറ്റ് അവളുടെ ചെവിയില്‍ ചോദിച്ചു.
"വേണം. ഞാന്‍ കൂടെ  വരുന്നു.  എന്നെ ഇവിടെ നിന്ന് രക്ഷപ്പെടുത്തൂ ..."  കാറ്റിന്റെ തണുത്ത ചിറകിലേറുന്നതിനിടെ അവള്‍ ഉല്സാഹത്തോടെ പറഞ്ഞു.

“നിന്നെ ഞാന്‍ സ്നേഹത്തിന്റെ പൂക്കള്‍ വിരിയുന്ന താഴ്വരയില്‍  കൊണ്ടു പോകാം. സന്തോഷത്തിന്റെ മഞ്ഞു പാളികള്‍ ഉരുകാത്ത മലമുകളിലേക്കും.” കാറ്റ് അവളോടു പറഞ്ഞു കൊണ്ടിരുന്നു.

“പ്രിയങ്ക  നീ ആരോടാണ് സംസാരിക്കുനത്...? ഇപ്പൊ തനിച്ചു സംസാരവുംതുടങ്ങിയോ...? പുറത്തു നല്ല തണുപ്പാണെന്ന ഓര്‍മ്മ വേണം. വീണ്ടും എനിക്ക് ജോലിയുണ്ടാക്കരുത് നീ...”

മുറിക്കുള്ളില്‍ നിന്നും കേട്ട മനോജിന്റെ ദേഷ്യം നിറഞ്ഞ ശബ്ദം കാറ്റിന്റെ ഇരമ്പലില്‍ അലിഞ്ഞു പോയി. 
----------------------------------------------------------------------------------------------
ഗോപാലകൃഷ്ണന്‍, പത്ത് ബി


അമ്മയോട് സംസാരിച്ചു  ഏറെ സമയം കഴിഞ്ഞെങ്കിലും എന്റെ  മനസ്സില്‍ നിന്നും  ആ സംശയം അങ്ങ് മാറുന്നില്ല. എന്നെ അന്വേഷിച്ചു എന്റെ കൂടെ പത്താം ക്ലാസ്സില്‍ പഠിച്ച ഗോപാലകൃഷ്ണന്‍  ചെന്നിരുന്നത്രേ. "സുധീര്‍ കുമാറിന്റെ വീടല്ലേ..” എന്ന് ചോദിച്ച്. ഏത് ഗോപാലകൃഷ്ണന്‍ എന്ന് ചോദിച്ചപ്പോള്‍ കരയോഗം ലൈബ്രറിയില്‍ ജോലി ചെയ്യുന്ന നിന്റെ കൂടെ പഠിച്ച ഗോപാലകൃഷ്ണന്‍ എന്ന മറുപടിയും. എന്നെ കാണുവാന്‍ അതിയായ ആഗ്രഹം ഉണ്ടെന്നും എന്നാണിനി ലീവിന് വരുന്നതെന്ന് അന്വേഷിച്ചു പോയി എന്നും  അമ്മ പറഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ആലോചിക്കുവാന്‍ തുടങ്ങിയതാണ് ഇതേതു ഗോപാലകൃഷ്ണന്‍ എന്ന്.


പത്താം ക്ലാസ്സ് ബിയില്‍  രണ്ടു ഗോപാലകൃഷ്ണന്മാരാണ് ഉണ്ടായിരുന്നത്. ഒന്ന് കോലന്‍ എന്ന് വിളിച്ചിരുന്ന ക്ലാസ്സിലെ ഏറ്റവും പൊക്കമുള്ള  കുട്ടി ഗോപാലകൃഷ്ണന്‍ കെ. പി. പിന്നെ  ഒട്ടും പൊക്കമില്ലാത്ത കൊച്ചു കുട്ടികളുടെ മുഖവും ശബ്ദവുമുള്ള ട്രൌസറും ഇട്ടു നടന്നിരുന്ന ഗോപാലകൃഷ്ണന്‍ എസ്. അവനെ ഞങ്ങള്‍ കൊച്ചുഗോപാലകൃഷ്ണന്‍ എന്നാണു വിളിച്ചിരുന്നത്‌. ഇതിലേതു ഗോപാലകൃഷ്ണനായിരിക്കും അമ്മയെ കാണാന്‍ ചെന്നത്..? കോലന്‍ ഗോപന്‍ ആയിരിക്കില്ല അവന്‍ പോളിടെക്കിനിക്ക്‌ പഠിച്ചു ഗള്‍ഫില്‍ പോയ കാര്യം അറിയാം.  അങ്ങനെ എങ്കില്‍ അത്  കൊച്ചുഗോപനായിരിക്കും. അയാള്‍ക്ക്  ഇപ്പൊ എന്നെ കാണണമെന്ന് തോന്നിയത് എന്താണാവോ...?


ഈ കൊച്ചുഗോപാലകൃഷ്ണന്‍ ആളു ചെറുതായിരുന്നു  എങ്കിലും പത്തു എ യിലെ ശോഭനക്ക് കത്ത് കൊടുത്തതിനു  ക്ലാസ്സ്‌ ടീച്ചര്‍ സത്യപാലന്‍സാര്‍  കയ്യോടെ പിടിച്ചിട്ടുള്ളതാണ്. എല്ലാവരെയും നോക്കി  ഭംഗിയായി ചിരിക്കുന്ന ശോഭനക്ക് അവരോടൊക്കെ പ്രേമമാണെന്നു വിചാരിച്ചിരുന്ന പലരില്‍ അവള്‍ക്കു  കത്ത് കൊടുക്കുവാനുള്ള ധൈര്യം കൊച്ചുഗോപന് മാത്രമേ ഉണ്ടായുള്ളൂ. പ്രോഗ്രസ് കാര്‍ഡില്‍ മാര്‍ക്ക്  കുറഞ്ഞവര്‍ക്ക്  അച്ഛന്മാരുടെ പഴയ ഒപ്പ് നോക്കി ഒപ്പിട്ടു കൊടുക്കുന്നതിലും വിദഗ്ദനായിരുന്നു ആ കൊച്ചു ഗോപന്‍ .


ആ രണ്ടു ഗോപാലകൃഷ്ണന്മാരുമായിട്ടും എനിക്ക് അത്ര അടുപ്പം  ഉണ്ടായിരുന്നില്ല. രാജനായിരുന്നു എന്റെ കൂട്ടുകാരന്‍ .  ഇപ്പോള്‍ വര്‍ഷം എത്ര കഴിഞ്ഞിരിക്കുന്നു. നാല്പ്പത്തഞ്ചിനടുത്തു നില്‍ക്കുന്ന എനിക്ക് തന്നെ  എന്റെ പത്താം ക്ലാസ്സിലെ രൂപം ഓര്‍മ്മിപ്പിക്കുന്ന ഫോട്ടോ കാണുമ്പോള്‍ ചിരിവരും. ഷേവ് ചെയ്തു തുടങ്ങിയിട്ടില്ലാത്ത പൊടി മീശയുമായി.  പത്താം ക്ലാസ്സിലെ  പരീക്ഷക്ക് വേണ്ടി ഗീതാ സ്റ്റുഡിയോയില്‍ രാജനെയും കൂട്ടി പോയി എടുത്ത ആ ഫോട്ടോ ഇപ്പോഴും എന്റെ പഴയ ആല്ബത്തിലുണ്ട്. “അയ്യേ അച്ഛന്റെ ഒരു കോലം കണ്ടില്ലേ...കവിളെല്ലാം ഒട്ടി....” എന്നാണു ആ ചിത്രം കാണുമ്പോ എന്റെ മക്കള്‍ പറയാറുള്ളത്. അന്ന് സ്റ്റുഡിയോക്കാരന്‍  ആ പൊടി മീശ തെല്ലു കറുപ്പിച്ചു തന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു അഭിമാനമാണ് തോന്നിയത്.  ഒട്ടും മീശ മുളച്ചിട്ടില്ലാത്ത രാജനും ഫോട്ടോയില്‍  മീശ!!!. പിന്നെ ഒരു ഫോട്ടോ ഉള്ളത് ക്ലാസ് തീരുന്ന  ദിവസം എടുത്ത ഗ്രൂപ്പ്‌ ഫോട്ടോയാണ്. അത് ജോലി കിട്ടുന്നവരെ സൂക്ഷിച്ചു വെച്ചിരുന്നതാണ്. പിന്നീട് എപ്പോഴോ നഷ്ടപ്പെട്ടു. നാളെ ഫോണ്‍ ചെയ്യുമ്പോഴാകട്ടെ  അയാളുടെ രൂപം എങ്ങനെയെന്ന് ചോദിക്കണം. ആ പൊക്കം കുറഞ്ഞ ഗോപാലകൃഷ്ണന്‍ തന്നെയോ ആള് എന്നറിയണം.


പകല്‍ മുഴുവന്‍ വീട്ടില്‍ തനിച്ചിരിക്കുന്ന അമ്മയോട് ഉച്ചക്കുള്ള ലഞ്ച് ബ്രേക്കിനും വൈകിട്ടു നാല് മണി കഴിഞ്ഞുമാണ് ഞാന്‍  സംസാരിക്കാറുള്ളത്. അമ്മക്ക്  രണ്ടു കൊല്ലം മുമ്പ്  സ്ട്രോക്ക് വന്നതിനു ശേഷമാണ് മാലതിയും മക്കളും നാട്ടിലേക്ക് മാറിയത്. മാലതിക്ക് തീരെ താത്പര്യമുണ്ടായിരുന്നില്ല ആ മാറ്റം. ജോലിയുപേക്ഷിച്ച് പോകുന്നതിന്റെ വിഷമം. പിന്നെ തീരെ ഇഷ്ടമില്ലാത്ത അമ്മായിയമ്മയും. കുറെ നിര്‍ബന്ധിച്ച ശേഷമാണ് അവള്‍ സമ്മതിച്ചത്. അമ്മ ഒരു കൊല്ലം കൊണ്ട്  കുറേശ്ശെ ആരോഗ്യം വീണ്ടെടുത്ത് അരക്കു മുകളില്‍ ഉയരത്തില്‍ സ്റ്റീല്‍ റോഡുകള്‍ കൊണ്ടുണ്ടാക്കിയ വാക്കര്‍ എന്ന് പേരുള്ള ചക്രവണ്ടി ഉരുട്ടി  നടക്കാന്‍ തുടങ്ങിയപ്പോള്‍ മാലതി ജോലിക്ക് പോയേ പറ്റൂ എന്ന് വാശി പിടിക്കാന്‍ തുടങ്ങി. അമ്മയും അക്കാര്യത്തില്‍ അവളെ പ്രോല്സാഹിപ്പിച്ചു. പോകുന്നെങ്കില്‍ പോകട്ടെ, ഇനി അതിന്റെ പേരില്‍  വഴക്കിനു വരില്ല എന്ന് അമ്മക്ക് തോന്നിക്കാണും. അങ്ങനെ മാലതി ഈ സ്കൂള്‍ വര്‍ഷം മുതല്‍ ടൌണില്‍ രാഹുല്‍ പഠിക്കുന്ന സ്കൂളില്‍ ജോലിക്ക് പോയി തുടങ്ങി.


അമ്മ ഗവണ്മെന്റ് സ്കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്തതിനു ശേഷവും ഒരു പ്രൈവറ്റ് സ്കൂളില്‍ പോകുന്നുണ്ടായിരുന്നു. ആരോഗ്യമുള്ളിടത്തോളം കാലം ജോലി ചെയ്യാം എന്നാണു അമ്മയുടെ പക്ഷം. സ്കൂളില്ലാത്ത ദിവസങ്ങളില്‍ അമ്മ പറമ്പിലെ കൃഷികാര്യങ്ങളും ഭംഗിയായി നോക്കി നടത്തി. കൂടാതെ  നാട്ടിലെ ചില്ലറ പൊതുപ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. അത് കൊണ്ടു തന്നെ തനിച്ചു താമസിക്കുന്നതിന്റെ ഒരു പരാതിയും അമ്മക്ക് അക്കാലത്തുണ്ടായിരുന്നില്ല. കൂട്ട് വേണ്ടപ്പോള്‍ ഞാന്‍ പറയാം എന്നാണു  അമ്മ അപ്പോഴൊക്കെ പറഞ്ഞിരുന്നത്. ഇപ്പോഴും അമ്മക്ക് ആരോടും പരിഭവം ഇല്ല.


“ ഒന്ന് മൂത്രം ഒഴിക്കാന്‍ പോകണെങ്കിലോ ഭക്ഷണമെടുത്തു കഴിക്കണെങ്കിലോ  എനിക്ക് യാതൊരു പ്രശ്നവും ഇല്ലാലോ. മുറിക്കുള്ളിലൂടെ നടക്കാന്‍  ഈ കൈവണ്ടിയല്ലേ ഉള്ളത്. “ എന്നാണു അമ്മ പറയുന്നത്.



 ജനലിനരുകില്‍ ഇരുന്നു ടി. വി. കാണുന്ന അമ്മയോടു സംസാരിച്ച ഗോപാലകൃഷ്ണനെക്കുറിച്ചായിരുന്നു വൈകുന്നേരം വീട്ടിലെത്തിയിട്ടും എന്റെ ചിന്ത. ഒരു വൃദ്ധ പകല്‍ മുഴുവനും  വീട്ടില്‍ തനിയെ എന്നറിഞ്ഞ് ആരെങ്കിലും ദുരുദ്ദേശത്തോടു കൂടി വന്നതായിരിക്കുമോ. ആരു വന്നാലും അമ്മ വാതില്‍  തുറക്കില്ല. ജനാല വിരി മാറ്റി സംസാരിക്കുകയേയുള്ളു. എന്നാലും സൂക്ഷിക്കണം എന്ന് പറയേണ്ടതായിരുന്നു. മാലതിയോടും ഇക്കാര്യം ഒന്ന് സൂചിപ്പിക്കണോ...? അല്ലെങ്കില്‍ വേണ്ടാ. ആരു വന്നാലും വിടാതെ പിടിച്ചിരുത്തി സംസാരിക്കും എന്ന് പറഞ്ഞു അവള്‍ അമ്മയെ കുറ്റപ്പെടുത്തുകയേ ഉള്ളു. നാളെ വിളിക്കുമ്പോള്‍ അമ്മയോട് തന്നെ പറയാം അയാളോട് വലിയ അടുപ്പത്തിനൊന്നും പോകേണ്ട എന്ന് . എന്റെ കൂട്ടുകാരന്‍ എന്ന് പറഞ്ഞു അമ്മയെ പറ്റിക്കാന്‍ അടുത്തു കൂടിയതല്ല  എന്നെങ്ങനെയറിയാം....? ജനലിലൂടെ കയ്യിട്ടു കഴുത്തില്‍ കിടക്കുന്ന ഗുരുവായൂരപ്പന്റെ  ലോക്കറ്റുള്ള  പഴുതാര ചെയിനോ കയ്യില്‍ കിടക്കുന്ന വളയോ മറ്റോ...അത്ര പെട്ടെന്ന് എഴുന്നേറ്റു മാറാനാവാത്ത ആളെ ആക്രമിക്കാനും എളുപ്പം. എന്തായാലും ആ ഗോപാലകൃഷ്ണന്‍ കാരണം ഉണ്ടായിരുന്ന മനസ്സമാധാനം പോയി.


പിറ്റേന്ന്   അമ്മ വലിയ ഉത്സാഹത്തില്‍ സംസാരിച്ചു തുടങ്ങി.


‘മോനേ, ഇന്നും അയാള്‍ ഇവിടെ വന്നു വായനശാലയിലേക്ക് പോകും വഴി. നിന്റെ വിശേഷങ്ങളൊക്കെ എത്ര സ്നേഹത്തോടെയാണ് തിരക്കുന്നത്...? . സുധീര്‍ കുമാറിന് എത്ര മക്കളുണ്ട് എന്നൊക്കെ ചോദിച്ചു.”



“എന്റമ്മേ...എനിക്കിതുവരെ അയാള്‍  ആരെന്ന്  മനസ്സിലായിട്ടില്ല. അമ്മ  അയാളോട് ചങ്ങാത്തത്തിന്  നില്ക്കുന്നതെന്തിനാ.? വെറുതെയല്ല മാലതി ഓരോന്ന് പറയുന്നത്."


എനിക്ക് ദേഷ്യമാണ് വന്നത്.


“അങ്ങനെ ഒന്നും അല്ല എന്റെ സുധിക്കുട്ടാ.. അയാള്‍ നിന്റെട കൂട്ടുകാരനല്ലേ. പാവം ഇത് വരെയും കല്യാണം കഴിച്ചിട്ടും ഇല്ല. പത്താം ക്ലാസ്സ് കഴിഞ്ഞു പ്രീഡിഗ്രീ പഠിക്കുമ്പോ ചിത്തഭ്രമം വന്നു എന്നാണ് പറഞ്ഞത്. അത് കൊണ്ടു തന്നെ പിന്നീടു പഠിച്ചും ഇല്ല. പെണ്ണും  കിട്ടിയില്ല. കൂടപ്പിറപ്പുകള്‍ ഓരോന്നായി കല്യാണം കഴിഞ്ഞു കുടുംബമായി പലയിടത്തായി. അച്ഛനും അമ്മയും മരിച്ചും പോയി . അയാള്‍ ഇപ്പോള്‍ തറവാട്ടു  വീട്ടില്‍ തനിയെ.  പാവം കരയോഗത്തിലെ ഈ ജോലികൊണ്ട് അങ്ങ് കഴിഞ്ഞു കൂടുന്നു എന്ന് മാത്രം. നാളെ മുതല്‍  എനിക്ക് വായിക്കാന്‍ പുസ്തകങ്ങളും കൊണ്ടു തരാം എന്ന് പറഞ്ഞിട്ടുണ്ട്.”


“പൊക്കം ഇത്തിരി കുറവുള്ള ആളാണോ അമ്മേ അയാള്‍..? പണ്ടെന്റെ ക്ലാസ്സില്‍ പൊക്കം കുറഞ്ഞ ഒരു ഗോപാലകൃഷ്ണന്‍ ഉണ്ടായിരുന്നു. മഹാ വില്ലനായിരുന്നു ആള്. അവനാണെങ്കില്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.”


“ഏയ്‌..പൊക്കക്കുറവുള്ള ആളല്ല. ആവശ്യത്തിനു ഉയരം  ഉണ്ട്. കുറച്ചു കഷണ്ടി  കയറിടിട്ടുണ്ട്.”


ഹോ...ഞാനൊരു  വിഡ്ഢി. പതിനഞ്ചു വയസ്സിനു ശേഷം ഞാനെത്ര പൊക്കം വെച്ചു..? പിന്നെ ഈ പറഞ്ഞ ഗോപാലകൃഷ്ണനും അതുപോലെ പൊക്കം വെച്ച് കാണില്ലേ. പ്രായമേറിയപ്പോള്‍  കഷണ്ടിയും വന്നു കാണും. അതിനു അയാള്‍ ആ ഗോപാലകൃഷ്ണനാണെങ്കിലല്ലേ ഇങ്ങനെയൊക്കെ ചിന്തിക്കേണ്ട കാര്യമുള്ളൂ. അത് ഏതോ ചിത്തഭ്രമം വന്നയാള്‍ വീട് തെറ്റി വന്നു അമ്മയോട് സംസാരിക്കുന്നതാണ്. ചിത്തഭ്രമം ഉള്ള ഒരാള്‍ക്ക് ‌ കരയോഗംകാര്‍ ജോലി കൊടുക്കുമോ..? എന്തോ ഒന്നും മനസ്സിലാകുന്നില്ല.


“എങ്കില്‍ ഇത്രേം നാള്‍ എന്നെ അന്വേഷിക്കാതിരുന്ന ആള്‍ ഇപ്പൊ എങ്ങനെ ഇവിടെ പ്രത്യക്ഷപ്പെട്ടു..? അമ്മ ചോദിച്ചില്ലേ ഇത് വരെ..?”


“ഒക്കെ ചോദിച്ചു സുധീ. നമ്മളിവിടെ വീട് വെച്ചിട്ട് രണ്ടു കൊല്ലമല്ലേ ആയുള്ളൂ. ഇത് നിന്റെ വീടാണെന്ന് അയാള്‍ ഈയിടെയാണ് അറിഞ്ഞത്. അതൊരാളുടെ കുറ്റാ...?”



“പിന്നെ ഒരു കാര്യം കൂടി” അമ്മ തുടര്‍ന്നു . “ ഞാന്‍ അയാളോട് പറഞ്ഞു നിനക്ക് അയാളെ  ഓര്‍മ്മകിട്ടുന്നില്ല എന്നൊക്കെ. അപ്പോള്‍ അയാള്‍ പറയുവാ പണ്ടു നിനക്ക് സമ്മാനമായി കിട്ടിയ ‘ഒരു കുടയും കുഞ്ഞു പെങ്ങളും‘എന്ന പുസ്തകം ഇല്ലേ അത് വായിക്കാന്‍ കൊടുത്ത അയാള്‍ക്ക്‌  ഇതെടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ അത് കൊടുത്തത്രേ. ഇപ്പൊ നിനക്ക് ഓര്‍മ്മവരുന്നുണ്ടോ  സുധീ..?”


“ഇല്ലമ്മേ..ഞാന്‍ അങ്ങനെ എന്റെ  ആ ബുക്ക് ആര്‍ക്കും  സ്വന്തമാക്കാന്‍ കൊടുത്തിട്ടില്ല."


ഒരു കാര്യം ശരിയാണ്. എനിക്ക് സമ്മാനം കിട്ടിയിട്ടുണ്ട് ആ പുസ്തകം. ഒമ്പതാം ക്ലാസ്സില്‍ വെച്ച് കഥയെഴുത്ത് മല്സരത്തിന്. പക്ഷെ ഞാനവന് അത് കൊടുത്തെന്നോ..? അതിപ്പോഴും വീട്ടിലില്ലേ ..?പത്താം ക്ലാസ്സില്‍ വെച്ച്  അത്   ഉഷാദേവിക്ക് വായിക്കാന്‍ കൊടുത്തത് ഓര്‍മ്മയുണ്ട്. തിരകെ തന്നപ്പോള്‍ “ഇതിലെ ഇരുപത്തി രണ്ടാം പേജില്‍ കുറച്ചു കുങ്കുമം വീണു. സോറീട്ടോ... “എന്ന് പറഞ്ഞവള്‍ അത് തിരികെ തന്നത്. പിന്നീട് എല്ലാ ദിവസവും   നേര്‍ത്ത  സുഗന്ധമുള്ള ആ കുങ്കുമച്ചോപ്പ് വീണ പുസ്തകത്താള് മറിച്ചെടുത്തു മൂക്കിനോടു ചേര്ത്തു വെക്കുമായിരുന്നു.  ക്ലാസു കഴിയാറായ ദിവസങ്ങളില്‍ ഒരിക്കല്‍ ആരും കാണാതെ പേടിച്ച് പേടിച്ച്  “ഒരു ഫോട്ടോ തരുമോ..?” എന്ന് ചോദിച്ചപ്പോള്‍ നാളെ കൊണ്ടു തരാം എന്നവള്‍ പറഞ്ഞത്. പിറ്റേ ദിവസം ഉച്ചക്ക് ചോറുണ്ടു കൈകഴുകുമ്പോള്‍ “ഡസ്കിന് മുകളിലിരിക്കുന്ന ബയോളജി നോട്ടു ബുക്കില്‍ വെച്ചിട്ടുണ്ട്” എന്ന് അടുത്തു വന്നു അവള്‍ രഹസ്യമായി  പറഞ്ഞിട്ടും വീട്ടില്‍ ചെന്നിട്ടേ ആ നോട്ബുക്ക്‌ തുറക്കാന്‍ ധൈര്യമുണ്ടായുള്ളൂ. അവസാന പരീക്ഷയുടെ ദിവസം "ഇനിയും  കാണാം” എന്ന് പറഞ്ഞു പിരിഞ്ഞ അവളെ പിന്നെ കണ്ടിട്ടേ ഇല്ല.


“എന്താ സുധീ നീ ഒന്നും മിണ്ടാത്തേ...? നീയും തുടങ്ങിയോ മാലതിയെപ്പോലെ..? നീ വിചാരിക്കുന്ന പോലെ കള്ളനൊന്നും ഒന്നും അല്ല അയാള്‍. മനുഷ്യര്‍ക്ക് ‌ മനുഷ്യരെ കണ്ടാല്‍ അറിഞ്ഞു കൂടെ..?.നല്ല മനുഷ്യപ്പറ്റുള്ള പയ്യന്‍ .”



“പത്തുനാല്പ്പത്തഞ്ചു വയസ്സുള്ള ഒരാളെയാണോ അമ്മക്ക് പയ്യനായി തോന്നിയെ..? എന്തായാലും ഞാന്‍ ഒന്ന് അന്വേഷിക്കട്ടെ അയാളെപ്പറ്റി. ആളു ഫ്രോഡാണോ എന്നറിയണമല്ലോ”



“നീ എനിക്ക് കുട്ടിയല്ലേ...? അപ്പൊ നിന്റെ കൂട്ടുകാരനും എനിക്ക് കുട്ടി തന്നെ. ന്റെ സുധീ..നീ ഇതാരോടും ചോദിക്കാനൊന്നും നില്ക്കണ്ട."



ആരോടെങ്കിലും ചോദിക്കും എന്ന് പറഞ്ഞത് അമ്മയെ ശുണ്ഠി പിടിപ്പിച്ചു എന്ന് തോന്നി. വേണ്ട പോകട്ടെ. അപ്പര്‍ പ്രൈമറി സ്കൂളിലെ മലയാളം ടീച്ചറായിരുന്ന പുസ്തകങ്ങള്‍ ജീവനായിരുന്ന അമ്മ. രാത്രി പഠിക്കാനിരിക്കുന്ന എനിക്കും ചേച്ചിക്കും ഒപ്പമിരുന്നു പുസ്തകങ്ങള്‍ വായിച്ചിരുന്ന അമ്മയുടെ ബാഗില്‍ ചോറ്റുപാത്രത്തിനൊപ്പം ഏതെങ്കിലും ഒരു പുസ്തകവും കാണും. എന്തായാലും ആളു വിരുതന്‍ തന്നെ അമ്മയുടെ വീക്ക്‌ പോയന്റില്‍ തന്നെ കയറി പിടിച്ചിരിക്കുന്നു.


“എങ്കില്‍ അമ്മ ഒരു കാര്യം ചെയ്യൂ. എന്റെ  ഫോണ്‍ നമ്പര്‍ അയാള്‍ക്ക് ‌ കൊടുക്കൂ. എന്നോടു സംസാരിക്കാന്‍ പറയ്‌. ഇയാള്‍ ആരെന്നറിഞ്ഞിട്ടു തന്നെ കാര്യം.”


പിറ്റേന്ന് അമ്മ ഫോണ്‍ ചെയ്തപ്പോഴേ ഞാന്‍ ചോദിച്ചു.


“ഇന്ന് വന്നോമ്മേ അയാള്‍...?”


”പിന്നെന്താ...വന്നു, കുറെ നേരം ജനാലക്കരികില്‍ നിന്ന് സംസാരിച്ചു. ആളൊരു ശുദ്ധനാ സുധീ... ഞാന്‍ നിന്റെ ഫോണ്‍ നമ്പറു കൊടുക്കാന്‍ തുനിഞ്ഞിട്ട് അയാള്‍ വാങ്ങാന്‍ കൂട്ടാക്കുന്നില്ല . നിങ്ങള്‍ തമ്മില്‍ നേരില്‍ കാണുമ്പോ സംസാരിച്ചോളാം എന്ന്. എന്റെ മോനെ നീ അയാളെ വെറുതെ അവിശ്വസിക്കല്ലേ...” അമ്മ തുടര്‍ന്നും അയാളുടെ പക്ഷം പിടിച്ചു  പറഞ്ഞു കൊണ്ടിരുന്നു.


ഞാന്‍ വല്ലാത്തൊരു  വിഷമ വൃത്തത്തിലകപ്പെട്ടു. ഫോണ്‍ ചെയ്യാന്‍ പറഞ്ഞിട്ട് സമ്മതിക്കാത്ത ഇയാള്‍ക്ക് എന്തോ ദുരുദ്ദേശം ഉണ്ട്. ഉറപ്പ്‌. എന്നും പുസ്തങ്ങള്‍ കൊടുത്തു അമ്മയെ പാട്ടിലാക്കി എന്തോ കാര്യം സാധിക്കാന്‍ തന്നെയാണീ പുറപ്പാട്. മാലതിയെ അറിയിക്കാമെന്ന് വിചാരിച്ചാല്‍ ഇത്രേം ദിവസം മൂടി വെച്ചതെന്തുകൊണ്ടെന്നു ചോദിച്ചു അമ്മയോടവള്‍ തട്ടിക്കയറും. എന്തായാലും ഇനി ഇതങ്ങനെ നീട്ടിക്കൊണ്ടു പോകാന്‍ പറ്റില്ല. രാഹുലിനോടോ അമ്മുവിനോടോ ചോദിക്കാനേ നിവൃത്തിയുള്ളൂ. അവരില്ലാത്ത നേരത്തു വരുന്ന സന്ദര്‍ശകനെപ്പറ്റി അവരും എങ്ങനെ അറിയാന്‍ ..?. അമ്മുവിനോടു തന്നെ പറയാം. അമ്മയുടെ പ്രൈവറ്റ് സെക്രട്ടറി അവള്‍ തന്നെ. അവളോടു കാര്യം വിശദമായി പറഞ്ഞു കേള്‍പ്പിച്ചു കഴിഞ്ഞപ്പോഴാണ് ആകെ സമാധാനമായത്. ഇനി അവള്‍ നോക്കിക്കൊള്ളും. അച്ഛമ്മക്കെതിരായി അവള്‍ നീങ്ങുകയും ഇല്ല. മാലതി അച്ഛമ്മയോടു ശണ്ഠ കൂടുമ്പോള്‍ അച്ഛമ്മയുടെ പക്ഷമേ അവള്‍ പിടിക്കാറുള്ളു.


പിറ്റേന്ന് വൈകിട്ട് അമ്മു വിളിച്ചു.


“എന്റെ അച്ഛാ..അച്ഛനെന്തിനാ ഈ ഒരു നിസ്സാര കാര്യത്തിനു ഇങ്ങനെ വറിയാകുന്നത്..? ആരോ  ഒരാള്‍ അച്ഛമ്മയുടെ അടുത്തു വരുന്നുണ്ട്. അച്ഛമ്മക്ക് പുസ്തകങ്ങളും കൊടുക്കുന്നുണ്ട്. പാവം അത് ഹാപ്പിയായി ഒരിടത്ത് ഇരുന്നോളുമല്ലോ. ഞാന്‍ ചോദിച്ചു അച്ചമ്മക്ക് ആരാ ഈ ബുക്സൊക്കെ തരുന്നതെന്ന്. ന്റെ സുധിക്കുട്ടന്റെ കൂട്ടുകാരന്‍ ,ഗോപാലകൃഷ്ണന്‍ എന്ന സന്തോഷത്തോടെയുള്ള മറുപടി കേട്ടിട്ട് എനിക്ക് ആ പാവത്തിനെ ക്വസ്റ്റ്യന്‍  ചെയ്യാന്‍ തോന്നിയില്ല. അയാളിപ്പോ ആരായാലെന്താ..? ?”



എങ്കില്‍ അങ്ങനെ ആരെങ്കിലുമാകട്ടെ. അമ്മക്ക് സന്തോഷം നല്കുന്ന ഒരാള്‍. എന്നാലും അയാള്‍ പറഞ്ഞ കാര്യങ്ങള്‍ ...ആള് എന്റെ കൂടെ പഠിച്ച ഗോപാലകൃഷ്ണന്‍ തന്നെയായിരിക്കുമോ..? പക്ഷെ പൊക്കം കുറഞ്ഞ  ഗോപാലകൃഷ്ണന്‍ ...?  ഉഷാദേവിയുടെ കുങ്കുമചോപ്പ് വീണ ആ പുസ്തകം ഞാന്‍ ആര്‍ക്കും  കൊടുത്തിട്ടും ഇല്ല. പത്താം ക്ലാസ്സിലെ റിസള്‍ട്ട്  കാത്തിരുന്ന വേനലവധിക്ക് ആ ചുവപ്പ് വീണ താളുകളില്‍ വെച്ചിരിക്കുന്ന അവളുടെ ഫോട്ടോ നോക്കി കുറേ നേരം ഇരിക്കുമായിരുന്നു. കുങ്കുമം മണത്തു നോക്കുമ്പോള്‍ അവളുടെ ചിത്രത്തിനടുത്തു മുഖം ചേര്‍ക്കുമായിരുന്നു. പിന്നെ എപ്പോഴാണ് ഞാന്‍ അയാള്‍ക്ക് ‌ ആ പുസ്തകം കൊടുത്തത്. പത്താം ക്ലാസ്സിനു ശേഷമോ..?  ഇനിയിപ്പോ എനിക്ക് ഓര്‍മ്മയില്ലാത്തതാണോ...?



അമ്മക്കാണെങ്കില്‍ ഇപ്പോള്‍ ഒരു കുട്ടിയുടെ പ്രസരിപ്പ്. അത് ഞാന്‍ ആ ശബ്ദത്തില്‍ നിന്നും തിരിച്ചറിയുന്നുണ്ട്. എല്ലാ ദിവസവും അമ്മ ഗോപാലകൃഷ്‌ണന്റെ വിവരങ്ങള്‍ ഓരോന്നായി പറഞ്ഞു കൊണ്ടിരുന്നു. അയാള്‍ക്ക് ‌ പനിയായ ദിവസം  വായനശാലയില്‍ പോയില്ലെങ്കിലും ജനലക്കരികെ വന്നു വിശേഷം  തിരക്കി പോയത്. അമ്മ ഇപ്പോള്‍ വായിക്കുന്ന പുസ്തകത്തിലെ വിശേഷങ്ങള്‍, ശനിയും ഞായറും മാത്രം അയാള്‍ വരില്ലത്രേ. മാലതിക്ക് ഇഷ്ടപ്പെടില്ലല്ലോ. ഗോപാലകൃഷ്ണന്റെ വിശേഷങ്ങള്‍ പറഞ്ഞവസാനിപ്പിക്കുന്ന അമ്മ എന്നും ഒരേ ചോദ്യം ചോദിക്കും. “ഇപ്പൊ എങ്ങനെ ഉണ്ട് സുധീ...? ഞാന്‍ പറഞ്ഞതല്ലേ ശരി...? എന്തൊക്കെയായിരുന്നു നീ ആദ്യം പറഞ്ഞത് അയാള് കള്ളനാണ് പിടിച്ചു പറിക്കാരനാണ്. നിനക്കൊക്കെ ഇത്രേം പ്രായം ആയി എന്നെ ഉള്ളു. മനുഷ്യരെ കണ്ടാല്‍ തിരിച്ചറിയാന്‍ പാകമായിട്ടില്ല.”


എനിക്ക് ചിരിവന്നു. കാണാത്ത ഒരാളെ എങ്ങനെ ഞാന്‍ കണ്ടു തിരിച്ചറിയും..? ഇനി ഒന്നും പറയുന്നില്ല. അമ്മയുടെ ലോകത്ത് ഒരാള്‍ കൂടെ ഉണ്ടായിരിക്കുന്നു. അയാള്‍ അവിടെ തന്നെ നില്ക്കട്ടെ. ഞാന്‍ ലീവിന് ചെല്ലുന്ന വരെയെങ്കിലും.



ഇപ്പോള്‍ ഫോണ്‍ ചെയ്യുമ്പോള്‍ ഞാന്‍ അയാളെക്കുറിച്ച് ഒന്നും ചോദിക്കാറില്ല. പക്ഷേ അമ്മക്ക് സംസാരിക്കാനുള്ളത് അയാളെക്കുറിച്ച് മാത്രം. അയാള്‍ ശബരിമലക്ക് പോകാന്‍ മാല ഇട്ടിരിക്കുന്നത്, അവര്‍ക്ക്  പോകുവാനായി ട്രാവല്‍ എജന്‍സിക്കാര്‍ ബുക്ക് ചെയ്തു കൊടുത്ത ബസ്സ്‌ രണ്ടു മണിക്കൂര്‍ വൈകി എത്തിയത്. അമ്മു അരവണ മുഴുവന്‍ തിന്നശേഷം മാലതിയും രാഹുലും കാണാതെ ദൂരെ തെങ്ങിന്‍ ചുവട്ടിലേക്ക് കുപ്പി എറിഞ്ഞത്. അങ്ങനെ പലതും. ഞാന്‍ അടുത്ത ആഴ്ച നാട്ടില്‍ ചെല്ലുന്നു എന്നറിഞ്ഞപ്പോള്‍ അയാള്‍ക്ക്  വര്‍ഷങ്ങള്‍ കൂടി എന്നെ  കാണുന്നതില്‍ വളരെ സന്തോഷം ഉണ്ടെന്നും പറഞ്ഞത്രേ. ഹും.. ഒന്ന് ഫോണ്‍ ചെയ്യുന്നതില്‍ സമ്മതിക്കാത്ത ആളുടെ ഒരു സന്തോഷം. അയാള്‍ എന്താണെകിലും നേര്‍വഴിക്കാരനല്ല, ഉറപ്പ്. അമ്മയെ വിഷമിപ്പിക്കേണ്ട എന്നോര്‍ത്ത് ക്ഷമിക്കുന്നു എന്ന് മാത്രം. ഞാന്‍ നാട്ടില്‍ ചെന്നാല്‍ അയാള്‍ വരവു നിര്‍ത്തും. ഫോണിലൂടെ സംസാരിക്കാന്‍ മടിയുള്ള ആള് നേരേ വരുമോ..?



നാട്ടില്‍ ചെന്നു രണ്ടു  പ്രവൃത്തി ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും  അമ്മയുടെ ഗോപാലകൃഷ്ണന്‍ അത് വഴി വന്നതേ ഇല്ല. ആ രണ്ടു ദിവസങ്ങളിലും രാവിലെ അയാളെ കാത്തു ഞാന്‍ പുറത്തേക്കിറങ്ങിയില്ല എന്നാതായിരുന്നു സത്യം.


“ഇപ്പോള്‍ മനസ്സിലായില്ലേ അമ്മേ അയാള്‍ ശരിയല്ല എന്ന്. കണ്ടോ..? ഞാന്‍ വന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ അയാള്‍ വരുന്നില്ല. മര്യാദ ഉണ്ടെങ്കില്‍ അയാള്‍ ഇവിടെ വരുമായിരുന്നു.  ഒക്കെ അമ്മയെ പാട്ടിലാക്കാനുള്ള തന്ത്രമായിരുന്നു.”


“എന്നെ പാട്ടിലാക്കിയിട്ട് അയാള്‍ക്കെന്ത് കിട്ടാനാ..?”


“അയാള്‍ക്ക് എന്തെങ്കിലും ഉദ്ദേശം കാണും. അല്ലെങ്കില്‍ അമ്മയെ കണ്ടപ്പോള്‍ ഒന്ന് കൊരങ്ങു കളിപ്പിക്കാം എന്ന് തോന്നിക്കാണും. ഇത് പോലുള്ള വില്ലന്മാര്‍ക്ക് കളിപ്പിക്കാന്‍ പറ്റിയ ആളുകളെ കണ്ടാല്‍ വേഗം മനസ്സിലാകും. ഇനി അയാളെ ഈ പടി കയറാന്‍ സമ്മതിക്കരുത്.”


അമ്മ ഉത്തരം മുട്ടി ഒന്നും മിണ്ടാതിരുന്നു. പെട്ടെന്നാണ് അയാള്‍ പറഞ്ഞ എന്റെ പഴയ പുസ്തകത്തെക്കുറിച്ച് എനിക്കോര്‍മ്മ  വന്നത്.  പുതിയ വീട് വെച്ചപ്പോള്‍ പഴയ കുറേ പുസ്തകങ്ങള്‍ മുകളിലെ ഒരു മുറിയിലെ അലമാരയില്‍ അടുക്കി വെച്ചതായി ഓര്‍മ്മയുണ്ട്. അതവിടെ ഉണ്ടെങ്കില്‍ ഇന്ന് ഞാന്‍ അയാളുടെ കള്ളി പൊളിക്കും..


തിടുക്കത്തില്‍ ഗോവണി കയറി മുകള്‍ നിലയിലെ അലാമാരി തുറന്നപ്പോള്‍ കണ്ടു ഭിത്തിയാകെ  ഈര്‍പ്പം . പുതിയ വീടാണ് എന്നിട്ടും ഷെയ്ഡ് വാര്‍ത്തിരിക്കുന്നതിലൂടെ മഴ വെള്ളം ഇറങ്ങുന്നുണ്ട്. പുസ്തകങ്ങള്‍ക്കാകെ ഒരു തണുപ്പ്. ഇതെല്ലാം ഇവടെ നിന്നും ഇപ്പൊത്തന്നെ മാറ്റണം. എല്ലാ പുസ്തകങ്ങളും അലമാരയില്‍ നിന്നും താഴേക്കു ഇടുന്നതിനിടെ കണ്ടു, മങ്ങിയ പുറം താളുള്ള പണ്ടത്തെ പ്രിയ പുസ്തകം.   ഒരു കുടയും കുഞ്ഞു പെങ്ങളും....മുട്ടത്ത് വര്‍ക്കി .... മഴയില്‍ നനഞ്ഞു നില്‍ക്കുന്ന കുട്ടികളുടെ തണുപ്പുമായി നിലത്ത് കിടക്കുന്ന ആ പുസ്തകം ഞാന്‍ പെട്ടെന്ന് കയ്യില്‍ എടുത്തു. നനവ് കാരണം പേജുകള്‍ പെട്ടെന്ന് മറിയുന്നില്ല. വളരെ ശ്രദ്ധിച്ചു ഞാന്‍ ഇരുപത്തി രണ്ടാമത്തെ താള്‍ തുറന്നു. ആ കുങ്കുമ ചോപ്പ് ഇപ്പോഴും അവിടെയുണ്ട്. ഈര്‍പ്പംആ മൂലം അടുത്ത പേജുകളിലേക്കും അത് പടര്‍ന്നിരിക്കുന്നു. അതിനുള്ളില്‍ ചിത്രം പൂര്‍ണ്ണുമായി മാഞ്ഞു പോയ ചുവപ്പ് നിറം പടര്‍ന്ന   ഒരു ചെറിയ ചതുരക്കഷണത്തിലുള്ള  കട്ടി കടലാസ്‌ ഒട്ടിപ്പിടിച്ചിരിപ്പുണ്ടായിരുന്നു. പേജു കീറാതെ അത് സാവധാനം അടര്‍ത്തിയെടുത്തു. ഉഷാദേവി എന്ന് പുറകില്‍ എഴുതിയിരുന്ന നീല മഷി പടര്‍ന്നിട്ടുണ്ടെങ്കിലും അവ്യക്തമായി വായിക്കാം. കൌമാരത്തില്‍ ആവേശത്തോടെ നോക്കിയിരുന്ന ആ ചിത്രം പൂര്‍ണ്ണമായി മാഞ്ഞു പോയിട്ടും എനിക്ക് യാതൊരു നഷ്ട ബോധവും തോന്നില്ല. എന്നെ പറ്റിക്കാന്‍ നോക്കിയ ആ മനുഷ്യനെക്കുറിച്ചാണ് ഞാന്‍ അപ്പോഴും ഓര്‍ത്തത്. അയാള്‍ കള്ളന്‍ ..ഒരു ഗോപാലകൃഷ്ണന്‍ .. ഈ പുസ്തകവുമായി തന്നെ വേണം ആ തട്ടിപ്പുകാരനെ കാണുവാന്‍ .  ഉടനെ പോകണം. ഒരു വൃദ്ധയെ കള്ളം പറഞ്ഞു പറ്റിച്ചിട്ടു അയാള്‍ക്ക് ‌ എന്ത് കിട്ടിയെന്നു ഇപ്പോള്‍ അറിയണം.



താഴെ കോണിച്ചുവട്ടില്‍ അമ്മ വാക്കറില്‍ പിടിച്ചു നില്‍പ്പു ണ്ടായിരുന്നു. പുസ്തകവുമായി ഇറങ്ങി വന്ന എന്നെ ആശങ്കയോടെ നോക്കുന്നത് കണ്ടപ്പോള്‍ എന്റെ ദേഷ്യം കൂടുകയാണ് ചെയ്തത്.



“ഇത് കണ്ടോ അമ്മെ...? ആ കള്ളന്‍ പറഞ്ഞ പുസ്തകമാണിത്. ഇപ്പൊ മനസ്സിലായില്ലേ അയാള്‍ ആരാ എന്ന്...?  ഞാനൊന്ന് കാണട്ടെ അയാളെ. ഇതിന്റെ പരിഹാരം ഇപ്പോള്‍ത്തന്നെ കണ്ടിട്ടേ ഉള്ളു"



ചുരുട്ടിപ്പിടിച്ച പുസ്തകവുമായി വായനശാലയിലേക്ക് നടക്കുമ്പോള്‍ വഴിയില്‍ കുശലം പറയാന്‍ വന്നവരെ ഒഴിവാക്കി വേഗത്തില്‍ ഞാന്‍ നടന്നു. പതിനൊന്നു മണി സമയത്തെ ചൂടും വല്ലാത്ത ദേഷ്യം മനസ്സില്‍ പതഞ്ഞു പൊങ്ങുന്നത് കൊണ്ടും വിയര്‍ത്തു  കിതച്ചാണ് അവിടെ ചെന്ന് കയറിയത്. വാതില്‍ അടഞ്ഞു കിടന്ന ആ കെട്ടിടത്തില്‍ ആരും ഉള്ളതായി തോന്നിയില്ല.  തൊട്ടടുത്തുള്ള കരയോഗം ഓഫീസില്‍ ആരോ ഉണ്ട് അവരോട് ചോദിക്കാം.


“ലൈബ്രറി ഇപ്പൊ കുറെ നാളായി അടച്ചിട്ടിരിക്കുകയാണ്. പഴയ മെംബേര്‍സ് എല്ലാരും പല വഴിക്കായി. പുതിയ പുസ്തകങ്ങളും ഇപ്പോള്‍ കുറവ്. വെറുതെ ഒരാളെ ശമ്പളത്തിനു വെച്ചാലും നഷ്ടം.”


“അപ്പോള്‍ ഇവിടെ ജോലി ചെയ്തിരുന്ന ഗോപാലകൃഷ്ണന്‍ ..?”


“ഗോപാലകൃഷ്ണനോ..? അതാരാ..? സാവിത്രി എന്നൊരു കുട്ടിയാണ് ഇവിടെ പുസ്തകമെടുത്തു കൊടുക്കാന്‍ നിന്നിരുന്നത്. അവള്‍ വേറെ ജോലി കിട്ടി പോകുകയും ചെയ്തു. എന്തേ...? ബുക്ക് വല്ലതും എടുക്കണോ..? ഇവിടെ മെമ്പര്‍ഷിപ്പ്‌ ഉള്ള ആളാ..?”


“ഇല്ല..ഞാന്‍ വെറുതെ ഇത് വഴി ഒന്ന് വന്നു എന്ന് മാത്രം...”


“അപ്പോള്‍ ഒരു ഗോപാലകൃഷ്ണനെ അന്വേഷിച്ചതോ ..? ആരാ ഈ ഗോപാലകൃഷ്ണന്‍.?”


“ആ.... അറിയില്ല.”


 റോഡിലിറങ്ങി നിന്ന ഞാന്‍ ചുറ്റും നോക്കി. ആരോടു ചോദിക്കും ഗോപാലകൃഷ്ണനെപ്പറ്റി...? ആരാണെനിക്ക് അയാളെപ്പറ്റി പറഞ്ഞു തരിക...? ഉച്ചവെയിലിന്റെ കടുത്ത ചൂട് ശരീരത്തെ പെള്ളിക്കുന്നതറിയാതെ വഴിതെറ്റിയ  യാത്രികനെപ്പോലെ ഞാന്‍ അവിടെ പകച്ചു നിന്നു.


 തിരികെ വീട്ടിലേക്ക് നടന്നപ്പോള്‍   അമ്മയെക്കുറിച്ചാണ് ഞാന്‍  ആലോചിച്ചത്. പാവം. ആ പുസ്തകം കാണിച്ചു കൊടുത്തപ്പോള്‍ തന്നെ വല്ലാതെ തകര്‍ന്നുപോയിരുന്നു. ഏതോ  ഒരു ഗോപാലഷ്ണനെക്കുറിച്ചു മാത്രം സംസാരിക്കുന്ന അമ്മ. അയാളുടെ പുസ്തകങ്ങള്‍ പുതുജീവന്‍ കൊടുത്ത അമ്മ. നിര്‍ദോഷമായ ചെറു നുണകള്‍ പറഞ്ഞെങ്കിലും ആ മനസ്സിനെ കീഴ്പ്പെടുത്താന്‍ ആയാള്‍ക്കായല്ലോ. ഒരു മനസ്സിനെ  കീഴ്പ്പെടുത്തുന്നതിനു മുമ്പ്‌  അതിനെ പഠിക്കേണ്ടേ..? സ്വന്തം മക്കള്‍ക്ക്  കഴിയാകാത്തത് സാധിച്ചെടുത്ത ആ മനുഷ്യന്‍ അമ്മക്ക് ആരോ ആണ്.  ഏകാന്തതയുടെ മരുഭൂവില്‍ തുള്ളി വെള്ളം ഇറ്റിച്ചു കൊടുക്കുവാന്‍ കനിവ് തോന്നിയവന്‍ . അയാള്‍ ഗോപാലകൃഷ്ണനോ വേറെ ആരോ ആയാലെന്താ...?


ബെല്ലടി കേട്ട് മെല്ലെ വക്കറുരുട്ടി വന്നു വാതില്‍ തുറന്ന അമ്മയുടെ മുഖത്ത് കണ്ണുനീരിന്റെ നനവും ഉല്ക്കണ്ഠയുടെ പിടച്ചിലും ഉണ്ടായിരുന്നു. ഒന്നും മിണ്ടാതെ സോഫയിലേക്കിരുന്ന എന്റെ അടുത്തു വന്നു അമ്മ ചോദ്യഭാവത്തില്‍ നിന്നു.


ഞാന്‍ എഴുന്നേറ്റു വാക്കര്‍ നീക്കിവെച്ച് അമ്മയെ പിടിച്ചടുത്തിരുത്തി. മുതിര്‍ന്നതിനു ശേഷം ഞാന്‍ ആദ്യമായിട്ടാണ് അമ്മയുടെ അടുത്തു ഇത്രയും ചേര്‍ന്നിരിക്കുന്നത്.


“അത്... അമ്മേ, അയാള്‍ എന്റെ കൂടെ പഠിച്ച ഗോപാലകൃഷ്ണന്‍ തന്നെ . പണ്ടത്തേതിലും പൊക്കം വെച്ചു എന്ന് മാത്രം. ഈ പുസ്തകം അയാള് പണ്ടു തന്നെ എനിക്ക് തിരികെ തന്നിരുന്നു. പാവം  ഇടക്ക് ചിത്തഭ്രമം വന്ന ആളല്ലേ. മറന്നു പോയിക്കാണും. വെറുതെ ഞാനയാളെ തെറ്റിദ്ധരിച്ചു. ഇപ്പോഴമ്മക്ക് വീട്ടിലാളുണ്ടല്ലോ എന്നു വിചാരിച്ചു അയാള്‍ വരുന്നില്ലെന്നേയുള്ളു.  ഞാന്‍ ലീവ് കഴിഞ്ഞു പോയാല്‍ അയാള്‍ പഴേ പോലെ എത്തിക്കൊള്ളാമെന്ന് പറഞ്ഞിട്ടുണ്ട്. ”


ആശ്വാസത്തോടെ കണ്ണു തുടച്ചു അരികിലിരുന്ന അമ്മയോട് ഞാന്‍ ഓരോന്ന് പറഞ്ഞിരുന്നു.  ഇനിയും ധാരാളം വിശേഷങ്ങള്‍ എനിക്ക് അമ്മയോട് പറയണം. ഞാന്‍ തിരിച്ചു പോകുന്ന സമയം വരെ  ഒരു നിമിഷം കളയാതെ ഞങ്ങള്‍ക്ക് സംസാരിക്കണം. ഒരാഴ്ച അവധിയിലെ രണ്ടു ദിവസങ്ങള്‍ കടന്നു പോയിരിക്കുന്നു. ശേഷിക്കുന്ന ദിവസങ്ങളെങ്കിലും ഞാന്‍ പാഴാക്കാതെ നോക്കണം.

Monday, July 1, 2013

ഗോവിന്ദന്‍ ഉണ്ണി സാഹിത്യവേദിയില്‍

|0 comments
പ്രിയപ്പെട്ട അക്ഷര സ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ജൂലൈ മാസം ആദ്യഞായറാഴ്ച (07/07/2013) കഥാകൃത്ത് ശ്രീ ഗോവിന്ദന്‍ ഉണ്ണി അദ്ദേഹത്തിന്റെ 'പ്രയാണം', 'യാത്രാവേളയില്‍' എന്നീ കഥകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും.
ഈ സാഹിത്യ സായാഹ്നത്തിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്ഥലം: മാട്ടുംഗ കേരള ഭവന്‍ ഹാള്‍
തിയതി: ജൂലൈ 07, 2013. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി

സസ്‌നേഹം
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി

അറിയിപ്പ്: സാഹിത്യവേദി ചര്‍ച്ച പതിവുപോലെ കൃത്യം ആറുമണിക്കുതന്നെ ആരംഭിക്കും. സഹൃദയ സുഹൃത്തുക്കള്‍ സമയത്തിന് തന്നെ എത്തിച്ചേരും എന്ന് പ്രതീക്ഷിക്കുന്നു.

ഗോവിന്ദന്‍ ഉണ്ണി
വച്ചുകെട്ടുകളില്ലാത്ത ഭാഷ, ഗഹനമായ നിരീക്ഷണങ്ങള്‍, ആധുനിക സാഹിത്യകൃതികളില്‍ നമ്മള്‍ കണ്ടുമറന്ന ഭാഷാ സുഗന്ധം, ഇത്രയും കൊണ്ട് ഗോവിന്ദന്‍ ഉണ്ണി തന്റെ ഓരോ കഥകളേയും വായനാപൂര്‍ണ്ണമാക്കുന്നു. എഴുപതുകളില്‍ എംടിയും വിജയനും മുകുന്ദനുമൊക്കെ തീര്‍ത്ത ഭാവുകത്വങ്ങളെ പച്ചയുണങ്ങാതെ കൂടുതല്‍ ഭാവതീവ്രമായി ഇന്നും ആഘോഷിക്കപ്പെടുതായൊരു അനുഭവം ഗോവിന്ദന്‍ ഉണ്ണിയുടെ കഥകള്‍ വായിക്കുമ്പോള്‍ നമുക്കുണ്ടാകുന്നു. കഥയുടെ ആഖ്യാനകലയിലെ കാല ഗണനകളെ നിഷ്പ്രഭമാക്കുന്ന ഏതുകാലത്തും വായിക്കപ്പെടാവുന്ന കഥകളെന്ന് നമുക്ക് ഗോവിന്ദനുണ്ണിയുടെ കഥകളെ പൊതുവെ വിലയിരുത്താം.

മുംബൈയിലെ ചെറു പ്രസിദ്ധീകരണങ്ങളിലും, ഇംഗ്ലീഷ് മാധ്യമങ്ങളിലും ഫീച്ചറുകളും കഥകളും ലേഖനങ്ങളും എഴുതുന്നു. എം.എ. ബിരുദധാരി. ഇപ്പോള്‍ മുംബൈയില്‍ ഒരു സ്വകാര്യ എക്‌സ്‌പോര്‍ട്ടിങ്ങ് കമ്പനിയില്‍ മാനേജര്‍. കുടുംബ സമേതം മലാഡില്‍ താമസിക്കുന്നു.





Followers