മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, October 30, 2012

സി. പി. കൃഷ്ണകുമാര്‍ സാഹിത്യവേദിയില്‍

പ്രിയപ്പെട്ട അക്ഷര സ്‌നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ നവംബര്‍ മാസം ആദ്യഞായറാഴ്ച (04-11-2012) കഥാകൃത്ത് ശ്രീ സി. പി. കൃഷ്ണകുമാര്‍ കഥകള്‍ അവതരിപ്പിക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും.

ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.


സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: നവംബര്‍ 04, 2012. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.


സസ്‌നേഹം
സന്തോഷ് പല്ലശ്ശന,
കണ്‍വീനര്‍, സാഹിത്യവേദി,
മുംബൈ


നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങുന്നതായിരിക്കും.ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കുക


സി. പി. കൃഷണകുമാര്‍

ആധുനിക മനുഷ്യന്‍ അനുഭവിക്കുന്ന വിചിത്രവും ദുരന്തപൂര്‍ണ്ണവുമായ ജീവിതാവസ്ഥകളെ ഹൃദസ്പര്‍ശിയായി അവതരിപ്പിക്കുന്നതിലാണ് സി. പി. കൃഷ്ണകുമാറിന്റെ രചനാ വൈഭവം.  കേരളത്തിലെ സമകാലിക ചെറുകഥാ സാഹിത്യരംഗത്തെ എണ്ണപ്പെടുന്ന മുംബൈ കഥകാരന്മാരിലൊരാളാണ് ഈ പ്രവാസി എഴുത്തുകാരന്‍. ഈ വര്‍ഷത്തെ എസ്. കെ. പൊറ്റക്കാട് പുരസ്‌ക്കാരത്തിന് അദ്ദേഹത്തിന്റെ പുതിയ നോവലായ 'ഉയരങ്ങളിലേക്ക്' അര്‍ഹമായി. സ്വത്വം (നോവല്‍), സെല്യൂട്ട് (ചെറുകഥാ സമാഹാരം) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികള്‍.

സ്വദേശം ആലപ്പുഴ, ചങ്ങനാശ്ശേരി എസ്. ബി. കോളേജ്, മുംബൈ യൂണിവാഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നായി കോളേജ് വിദ്യാഭ്യാസം. മുംബൈ ജമന്‍ലാല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നിന്ന് മാനേജ് മെന്റില്‍ മാസ്‌റ്റേഴ്‌സ് ബിരുദം. ഇപ്പോള്‍ മുംബൈയിലെ ഇന്‍ഫ്‌ലൈറ്റ് സര്‍വീസ് മേഖലയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. താമസം വെര്‍സോവ, മുംബൈ.



സി. പി. കൃഷ്ണകുമാര്‍ വേദിയില്‍ അവതരിപ്പിക്കുന്ന കഥകള്‍
കുറ്റവും ശിക്ഷയും

ഇടി നാദം പോലെ മുഴങ്ങിയ അലര്‍ച്ച.
ഭ്രാന്തമായി മാറിയ മാതൃദുഃഖം ഒരു ഡയനാമിറ്റ് പൊട്ടും പോലെ ഒരു നിമിഷാര്‍ദ്ധത്തില്‍ പുറത്തേക്കു വന്നു.
അയല്‍വാസികള്‍ നീലം താമസിക്കുന്ന ഫഌറ്റിന്റെ  വാതില്‍ക്കലേക്ക് പാഞ്ഞെത്തി. ചിലര്‍ ശക്തിയോടെ വാതിലില്‍ മുട്ടി. നീലം വാതില്‍ തുറന്നു. കൂടി നില്‍ക്കുന്നവരെ ഒരു നിമിഷം നോക്കി. എന്നിട്ട് മുറിയുടെ നടുവിലേക്ക് ഓടി . വിരിച്ചിട്ട കരിമ്പടത്തില്‍ നിശ്ചലയായി കിടക്കുന്ന ഒന്‍പതു വയസ്സുകാരിയായ മകള്‍ക്കരികില്‍ ഇരുന്ന് അവള്‍ തേങ്ങി.
വാതില്‍ക്കല്‍ നില്‍ക്കുന്ന അയല്‍വാസികള്‍ മുഖത്തോടുമുഖം നോക്കി. എന്ത് എന്ന് വ്യക്തം ആവാത്ത ഒരു അത്യാഹിതത്തിനു വിമുഖതയോടെ സാക്ഷ്യം വഹിക്കുന്നവര്‍. അപരിചതത്വം എന്ന സുരക്ഷാ കവചത്തില്‍ ഇനിയും  ഒളിഞ്ഞിരിക്കാന്‍ പറ്റാത്ത അവസ്ഥയും.
തൊട്ടടുത്ത ഫ്‌ളാറ്റിലെ ഗൃഹനായകന്‍ ധര്‍മേന്ദ്രയാണ് നീലത്തിന്റെ ഫ്‌ളാറ്റിലേക്ക് ആദ്യം  കാല്‍ വച്ചത്. ഒരു ഭിത്തിക്കപ്പുറമാണ് താമസം എങ്കിലും നീലത്തിനോടോ കുട്ടികളോടോ ഒരിക്കല്‍ പോലും ഒന്ന് പുഞ്ചിരിക്കുക കൂടിയുണ്ടായിട്ടില്ല. ധര്‍മ്മേന്ദ്രക്ക് പിന്നാലെ കമല്‍ ഹൗസിംഗ് േെസാസൈയ്റ്റി സെക്രട്ടറി കൂടി ആയ രവീന്ദ്ര പവാര്‍ ഫ്‌ളാറ്റിലേക്ക് കയറി. അത് കഴിഞ്ഞു മറ്റുള്ളവരും.
ധര്‍മേന്ദ്ര, കരിമ്പടത്തില്‍ കിടക്കുന്ന കുട്ടിയുടെ നെറ്റിയില്‍ കയ്യ് വച്ച് നോക്കി. കയ്യിലേക്ക് തണുപ്പ് അരിച്ചു കയറിയത് അയാളുടെ മുഖത്ത് പ്രകടമായി. അയാള്‍ കയ്യ് കുട്ടിയുടെ മൂക്കിനു താഴെ വച്ചു. ധര്‍മേന്ദ്ര മുട്ടില്‍ കുത്തി നിന്നു ചുറ്റും നില്‍ക്കുന്നവരുടെ മുഖങ്ങളില്‍ മാറി മാറി നോക്കി. ആ നോട്ടത്തിന്റെ അര്‍ഥം ആര്‍ക്കും മനസ്സിലായില്ല. ധര്‍മേന്ദ്ര എഴുന്നേറ്റു നിന്ന് രവീന്ദ്ര പവാറിന്റെ ചെവിയില്‍ മന്ത്രിച്ചു.
'കുട്ടിക്ക് ജീവനില്ല. ദേഹം മരവിച്ചു കഴിഞ്ഞിരിക്കുന്നു..
കരിമ്പടത്തിന്റെ ഒരറ്റത്ത് മൂന്നു വയസ്സുള്ള കുട്ടി കിടന്നു ഞരങ്ങുന്നത് അപ്പോഴാണ് ആളുകള്‍ ശ്രദ്ധിച്ചത്. ധര്‍മേന്ദ്ര കൊച്ചു കുട്ടിയുടെ നെറ്റിയില്‍ തൊട്ടു നോക്കി.
'ശ്ശോ....പൊള്ളുന്ന ചൂട് ...'
കൂടി നിന്നവര്‍ പിന്നെയും പരസ്പരം നോക്കി . രവീന്ദ്ര പവാര്‍ മാത്രം അഭിപ്രായം പറഞ്ഞു. 'കുട്ടിയെ ആശുപത്രിയില്‍ കൊണ്ട് പോവണം'.
ധര്‍മേന്ദ്ര, രവീന്ദ്രപവാറിന്റെ നേരെ ശ്രദ്ധിച്ചു നോക്കി. എന്നിട്ട് ഫ്‌ളാറ്റിനു വെളിയിലേക്ക് നടന്നു. രവീന്ദ്ര പവാറും, മറ്റു കുറച്ചു പേരും ധര്‍മേന്ദ്രയെ അനുഗമിച്ചു.
ഫ്‌ളാറ്റിന്റെ വാതിലിനു വെളിയില്‍ കമല്‍ ഹൗസിംഗ് സോസൈറ്റിയുടെ കമ്മറ്റി അംഗങ്ങളുടെ അടക്കിപ്പിടിച്ച സംസാരം. പിന്നെ രവീന്ദ്ര പവാര്‍, തന്റെ ഫോണില്‍ ഫ്‌ളാറ്റ് ഉടമ അശ്വിന്‍ കേല്‍ക്കറന്റെ നമ്പര്‍ അമര്‍ത്തി. ഫോണിന്റെ സ്പീക്കറില്‍ അശ്വിന്‍ കേല്‍ക്കന്റെ ശബ്ദം. രവീന്ദ്ര പവാറും അശ്വിന്‍ കേല്‍ക്കറും സംസാരിച്ചു. ഫോണിനു ചുറ്റും നിന്നവര്‍ ശ്രദ്ധിച്ചു കേട്ടു.
ഈ വീട് വാടകക്ക് എടുത്ത ത്രിലോക് നാഥ് വീട്ടില്‍ ഇല്ല. അയാളെ മാസങ്ങളായി കമല്‍ ഹൗസിംഗ് സൊസൈറ്റിയിലെ ആരും കണ്ടിട്ടില്ല. അയാളുടെ വീട്ടില്‍ ഒരു കുട്ടി മരിച്ചിരിക്കുന്നു. മറ്റൊരു കുട്ടിക്ക് കടുത്ത പനി. അയല്‍ വാസികളില്‍ ആര്‍ക്കും ഈ കുടുംബവുമായി ഒരു അടുപ്പവും ഇല്ല.
അശ്വിന്‍ കേല്‍ക്കറും രവീന്ദ്ര പവാറും കൂടി ചില തീരുമാനങ്ങളില്‍ എത്തി.
ചിലര്‍ നീലം താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് കയറി. പുറത്ത് നിന്നവരുടെ എല്ലാം മൊബൈല്‍  ഫോണുകള്‍ തിരക്കിലായി. പോലീസ് സ്‌റ്റേഷന്‍, ആംബുലന്‍സ് തുടങ്ങി അത്യാവശ്യം വേണ്ടിടങ്ങളിലേക്ക് ചിലര്‍ വിളിച്ചു. മറ്റു പലര്‍ക്കും ടെലിവിഷനില്‍ 'ബ്രേക്കിംഗ് ന്യുസ്' വായിക്കുന്ന അവതാരകനെക്കാള്‍ ആവേശം. തിടുക്കത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ചെറു സന്ദേശം അയക്കാന്‍ ചിലര്‍ പണിപ്പെട്ടു. 
പോലീസിന്റെ ജീപ്പ് വന്നു. സബ് ഇന്‍സ്‌പെക്ടര്‍ പുറത്തിറങ്ങി. പിന്നെ ഒരു പോലീസു കോണ്‍സ്റ്റബിളും ഒരു വനിതാ പോലീസും.
പോലീസുകാര്‍ ഫ്‌ളാറ്റില്‍ കടന്ന് ഇത്തിരി കഴിഞ്ഞപ്പോള്‍ മൂന്നു വയസ്സുകാരി പൂര്‍ണിമയേയും കൊണ്ട് കെട്ടിടത്തിലെ മൂന്നു സ്ത്രീകള്‍ മുനിസിപ്പല്‍ ആശുപത്രിയിലേക്ക് പോയി.
എല്ലാ അയല്‍ വാസികളെയും ഫ്‌ളാറ്റില്‍ നിന്നും പുറത്ത് ആക്കിയ ശേഷം പോലീസുകാര്‍ നീലത്തിനോടു സംസാരിച്ചു. വീടിന്റെ ഉള്ളിലെ ഓരോ ഭാഗവും അവരുടെ നിരീക്ഷണത്തിനു വിധേയമായി. അസ്വാഭാവിക മരണം എന്ന സംശയം ഉള്ളപ്പോള്‍ , മൃതദേഹം എടുക്കും മുന്‍പുള്ള പോലീസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി.   
അപ്പോഴേക്കും ആംബുലന്‍സ് കെട്ടിടത്തിനു താഴെ വന്നു നിന്നു.
പൂജയുടെ മൃതദേഹം വച്ച സ്‌ട്രെച്ചര്‍, ആംബുലന്‍സിലേക്ക് എടുക്കാന്‍ ചില അയല്‍ വാസികള്‍ പോലീസിനെ സഹായിച്ചു .
ആശുപത്രിയില്‍ എത്തി. ആംബുലന്‍സില്‍ നിന്നും മൃതദേഹം ഒരു ചക്രക്കട്ടിലിലേക്കു ഇറക്കി കിടത്തി. ചക്രക്കട്ടില്‍ മുന്‍പോട്ടു തള്ളിയപ്പോള്‍ ലോഹം കരഞ്ഞു. 

മുനിസിപ്പല്‍ ആശുപത്രിയിലെ ഓരോ ഇടത്തിനും  മരുന്നുകളും അണുനാശിനികളും കൂടി തീര്‍ക്കുന്ന വ്യത്യസ്ത കോക്ടെയില്‍ ഗന്ധങ്ങള്‍ ഉണ്ട്. പോസ്റ്റുമാര്‍ട്ടം മുറിക്കു ചുറ്റുമുള്ള വായുവിന് അസ്തമിച്ച പ്രതീക്ഷകളുടെയും, അസ്വസ്ഥ സത്യങ്ങളുടെയും ഗന്ധമാണ്.   
ചക്രക്കട്ടില്‍ പോസ്റ്റുമാര്‍ട്ടം മുറിയുടെ വാതിലിനു മുന്‍പില്‍ നിര്‍ത്തി. ജീവന്‍ ഇല്ലാത്ത ദേഹങ്ങളിലെ ജീവനുള്ള സത്യങ്ങള്‍ അനാവരണം ചെയ്യുന്ന മുറി. ഇവിടെ കീറി മുറിക്കപ്പെടുന്ന ദേഹങ്ങളിലെ അടയാളങ്ങളും ശേഷിപ്പുകളും, ജീവിച്ചിരിക്കുന്ന പലരുടെയും ജീവിതം മുറിവുള്ളതാക്കും.
പലപ്പോഴും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഡോക്ടര്‍ക്ക്, മരണ കാരണം തന്നെ മരണപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ എഴുതാനുള്ള സമ്മര്‍ദ്ദം ഉണ്ടാവാറുണ്ട്. പൂജയുടെ കാര്യത്തില്‍ അത്തരം ഒരു സമ്മര്‍ദവും ഇല്ല. ജീവന്‍ ഇല്ലാത്ത ദേഹത്ത് കണ്ട, ജീവന്‍ മരവിച്ചു പോവുന്ന സത്യം  നിര്‍ഭയം കുറിച്ചു. പൂജയുടെ അന്ന നാളത്തിലോ, ആമാശയത്തിലോ, കുടലുകളിലോ ഭക്ഷണത്തിന്റെ ഒരു കണിക പോലും കണ്ടില്ല. ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതാണ് പൂജയുടെ മരണത്തിനു കാരണം. അത് സ്ഥിതീകരിക്കുന്ന മറ്റു നിരീക്ഷണങ്ങളും. പട്ടിണിയില്‍ ജീവന്‍ ഒടുങ്ങി എന്ന് ഏഴുതി പൂര്‍ത്തിയാക്കിയ പോസ്ട്ടുമാട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ ഒപ്പിട്ടു. പോലീസ് ആദ്യം ചോദ്യം ചെയ്തത് അശ്വിന്‍ കേല്‍ക്കറേയാണ്. ഇവിടെ നിന്നും മുന്നൂറു കിലോ മീറ്റര്‍ അകലെ ഉള്ള നഗരത്തിലാണ് ഇപ്പോള്‍ അശ്വിന്‍ കുടുംബ സമേതം താമസിക്കുന്നത്. താന്‍ വാടകക്ക് കൊടുത്ത ഫ്‌ളാറ്റിലേക്ക് ഒരു വര്‍ഷമായി വന്നിട്ടില്ല. കുശാല്‍ ഭാവ്കര്‍ എന്ന റിയല്‍ എസ്‌റ്റേറ്റ് ഏജന്റാണ് ത്രിലോക് നാഥ് എന്ന വാടകക്കാരനെ പരിചയപ്പെടുത്തിയത്. രണ്ടു വര്‍ഷത്തെ വാടക മുന്‍കൂര്‍ ആയി വാങ്ങി തന്നതും, വാടക ഉടമ്പടി ഉണ്ടാക്കിയതും കുശാല്‍ ഭാവ്കര്‍ തന്നെ. ത്രിലോക് നാഥ് ഒരു ജല വൈദ്യുത പദ്ധതിയിലെ എന്‍ജിനിയറാണെന്നും, ഇപ്പോള്‍ ഈ നഗരത്തില്‍ സ്ഥലം മാറി എത്തിയതാണെന്നുമാണ്് കുശാല്‍ ഭാവ്കര്‍ പറഞ്ഞത്. വീടിന്റെ വാടകക്കരാര്‍ ഒപ്പിടുന്ന ദിവസം മാത്രമേ അശ്വിന്‍ കേല്‍ക്കര്‍ ത്രിലോക് നാഥിനെ കണ്ടിട്ടുള്ളൂ. നീണ്ട താടി ഉള്ള അയാള്‍ അന്ന് വെടിപ്പുള്ള വെള്ള ജുബ്ബയും ഇളം നീല ജീന്‍സ് പാന്റും ആയിരുന്നു ധരിച്ചിരുന്നത്. കാലിലെ ഷൂവും, കയ്യിലെ വാച്ചും വലിയ ബ്രാണ്ടുകളുടേത്. ത്രിലോക് നാഥ് സംസാരിച്ചത് വൈദ്യുതി എന്ന ഊര്‍ജ്ജത്തെ പറ്റിയും, നമ്മില്‍ ഒക്കെ ഉള്ള മാനസിക ഊര്‍ജ്ജത്തെ പറ്റിയുമായിരുന്നു. അവയുടെ സമാനതകളും വൈരുധ്യങ്ങളും സരസമായി പറഞ്ഞ ത്രിലോക് നാഥിന്റെ ബുദ്ധിയോടും അറിവിനോടും ആദരവ് തോന്നി. അതിനു ശേഷം  താന്‍ വാടകക്ക് കൊടുത്ത ഫ്‌ളാറ്റിനെ പറ്റിയോ, അവിടത്തെ താമസക്കാരനെ കുറിച്ചോ അശ്വിന്‍ കേല്‍ക്കര്‍ തീരെ ചിന്തിച്ചിട്ടില്ല.
എസ്‌റ്റേറ്റ് ഏജന്റു കുശാല്‍ ഭാവ്കര്‍ക്കും ഒരുപാടു  വിവരങ്ങള്‍ ഒന്നും പറയാനില്ല . വാടകക്ക് വീട് തേടി എത്തിയ ആളില്‍ നിന്നും അറിയണ്ട വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ആവശ്യത്തിനു പണമുള്ള ആള്‍. സസ്യ ഭുക്ക്. ലളിത ജീവിതം. സ്വയം പാചകം ചെയ്തു ഭക്ഷണം കഴിക്കും. ഇവിടെ താമസം തുടങ്ങുമ്പോള്‍, കുടുംബം ഒപ്പം ഉണ്ടാവില്ല. പിന്നീട് ഒപ്പം താമസം ആക്കുമോ എന്ന് ചോദിച്ചും ഇല്ല . നീലവും കുട്ടികളും ഫ്‌ളാറ്റില്‍ താമസം ആക്കിയത് കുശാല്‍ ഭാവ്കര്‍ക്ക് അറിയാത്ത കാര്യം.
ധര്‍മേന്ദ്രക്കും തൊട്ടടുത്ത ഫ്‌ളാറ്റിലെ ആളുകളെപ്പറ്റി നന്നേ കുറച്ചു മാത്രം അറിയാം. ത്രിലോക് നാഥ് താമസം തുടങ്ങി രണ്ടു  മാസം എങ്കിലും കഴിഞ്ഞാവണം നീലവും കുട്ടികളും അവിടെ എത്തിയത്. വേഗത്തില്‍ നടക്കുന്ന താടിക്കാരന്‍ കുറേക്കാലം കൂടി ഒക്കെ വല്ലപ്പോഴും പുറത്തു ഇറങ്ങി കണ്ടിട്ടുണ്ട് . കഴിഞ്ഞ കുറെ മാസമായി അയാളെ കണ്ടിട്ടേ ഇല്ല.

കമല്‍ സോസൈറ്റിയുടെ സെക്രട്ടറി രവീന്ദ്ര പവാര്‍, ത്രിലോക് നാഥിനോട് രണ്ടു വട്ടം സംസാരിച്ചിട്ടുണ്ട് . എസ്‌റ്റേറ്റ് ഏജന്റ് കുശാല്‍ ഭാവ്കര്‍ക്കൊപ്പം വാടകക്ക് വീട് തേടി വന്നപ്പോള്‍. പിന്നെ വാടക ഉടമ്പടി ഒപ്പിട്ട ശേഷം ഒരിക്കല്‍. നീലം താമസമാക്കിയതില്‍ പിന്നെ ത്രിലോക് നഥിനോട് സംസാരിക്കാന്‍ ഇട വന്നിട്ടില്ല .
മഹാ സമുദ്രങ്ങളില്‍ മനുഷ്യന്റെ കണ്ണ് നേരിട്ട് പതിഞ്ഞിട്ടില്ലാത്ത ഒരുപാടു ദ്വീപുകള്‍ ഉണ്ട്. മഹാ നഗരങ്ങളില്‍ രണ്ടാമത് ഒരാള്‍ക്ക് അല്‍പ്പം പോലും അറിയാനാവാത്ത ചില മനുഷ്യരും. ത്രിലോക് നാഥ് അങ്ങനെ ഒരാളാണ്.          
നീലത്തിനെ ചോദ്യം ചെയ്തത് പൂജയുടെ മൃതദേഹം അടക്കിയതിനു പിറ്റേന്നാണ്. ഉദ്യോഗസ്ഥര്‍ ഏറെ ശ്രദ്ധയും സൂക്ഷ്മതയും കാട്ടി.
ഈ കേസില്‍ വളരെ നിര്‍ണായക വിവരങ്ങള്‍ ഇവരില്‍ നിന്ന് തന്നെയാണ് അറിയണ്ടത്. ഇവര്‍ ഒരു സാക്ഷിയാണോ, അതോ പ്രതി തന്നെയാണോ എന്നു പറയാന്‍ ആയിട്ടില്ല .
മകള്‍ നഷ്ടപ്പെട്ട അമ്മ അനുകമ്പയും മാനുഷിക പരിഗണനയും അര്‍ഹിക്കുന്നു. ഇളയ മകള്‍ ഇപ്പോഴും ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലെ കട്ടിലില്‍ ബോധ ഹീനയായി കിടക്കുന്നു എന്നതും ചോദ്യങ്ങളുടെ മൂര്‍ച്ച പരിമിതപ്പെടുത്തും
മകളെ പട്ടിണിക്കിട്ടു കൊന്ന അമ്മ എന്ന് സംശയിക്കാനാവുന്ന സാഹചര്യങ്ങള്‍.  തെളിയിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്ന കുറ്റം..പിഴവില്ലാതെ ചോദ്യം ചെയ്തു സത്യം അറിയണം.
അന്വേഷണ ഉദ്യോസ്ഥന്‍ തന്റെ ഓഫീസിലെ കസേരയില്‍ ഇരുന്നു. മേശയുടെ മറു വശത്ത് ഉള്ള കസേരയില്‍ നീലം.
അവള്‍ക്കടുത്ത് മൂന്നു വനിതാ പോലീസുകാര്‍.
അന്വേഷണ ഉദ്യോഗസ്ഥന്‍ സംസാരം തുടങ്ങി.
'കുട്ടിയുടെ ഉള്ളില്‍ ഒരു തരി ഭക്ഷണം പോലും കണ്ടില്ല . '
നീലം കേട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ തുടര്‍ന്നു .
'ഇളയ കുട്ടിയും ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങള്‍ ആയി. അപകട നില തരണം ചെയ്യാനാവട്ടെ എന്നാണു ഞങ്ങളുടെയും പ്രാര്ത്ഥന 'ഒന്ന് നിര്‍ത്തിയിട്ടു അദ്ദേഹം തുടര്‍ന്നു.
'നിങ്ങളുടെ ഭര്‍ത്താവ് എവിടെയാണ്. ഇതുവരെ എന്താണ് വരാത്തത് ?' 
നീലം അന്വേഷണ ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് നോക്കി. വീണ്ടും മുഖം കുനിച്ചു.
'ത്രിലോക് നാഥ്, എവിടെയാണ് ?' അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദിച്ചു.
അതിനും ഉത്തരം ഇല്ല.
അന്വേഷണ ഉദ്യോഗസ്ഥന്റെ ശബ്ദം ഇത്തിരി പരുക്കന്‍ ആയി.
'ത്രിലോക് നാഥിനോടും പലതും ചോദിക്കാനുണ്ട്. ഞങ്ങള്‍ക്ക് അദ്ദേഹത്തെയും ഇവിടെ വിളിപ്പിക്കണം. അയാള്‍ എവിടെ ആണ് '.

നീലം അന്വേഷണ ഉദ്യോഗസ്ഥനെ നോക്കി. പിന്നെ ചുറ്റും നില്‍ക്കുന്ന വനിതാ പോലീസുകാരുടെ മുഖങ്ങളിലേക്കും . എന്നിട്ട് ശക്തി സംഭരിച്ചു പറഞ്ഞു .
'സ്വാമിജി ജലസമാധി പ്രാപിച്ചിരിക്കണം '
കുറച്ചു നേരം ആരും സംസാരിച്ചില്ല.
'സ്വാമിജി എന്ന് പറഞ്ഞത് ത്രിലോക് നാഥ്‌നെ ആണോ ?'.
'അതെ' എന്ന് നീലം തല ആട്ടി.
പിന്നെയും നിശ്ശബ്ദത. അതിനു ശേഷം ചോദ്യങ്ങളും ഉത്തരങ്ങളുമായി രണ്ടു മണിക്കൂറിലേറെ.
തെരുവോരത്ത് ജനിച്ചു വളര്‍ന്ന നീലത്തിനു സ്വന്തമായി ഒന്നും ഇല്ലായിരുന്നു. പലരും തന്ന ഭക്ഷണം കഴിച്ചു വളര്‍ന്നു .ആരൊക്കെയോ ഉടുത്ത വസ്ത്രങ്ങള്‍ അവള്‍ ധരിച്ചു. ആര്‍ക്കൊക്കെയോ വേണ്ടി അത് അഴിച്ചു. അച്ഛന്‍ ആര്‍ എന്നറിയാത്ത രണ്ടു കുഞ്ഞുങ്ങളുടെ മാതൃത്വം അവള്‍ക്കു സ്വന്തമായി.
മുനിസിപ്പല്‍ പാര്‍ക്കിന്റെ വേലിയോട് ചേര്‍ന്ന് ഉള്ള വഴിയരികിലെ തറയോട് ഇട്ട  നടപ്പാതയില്‍ വിരിച്ച കരിമ്പടത്തിലാണ് അവളുടെ അന്തി ഉറക്കം. രാത്രി, പാര്‍ക്കിന്റെ വാതില്‍ പൂട്ടിക്കഴിയുമ്പോള്‍ കാമാസക്തിയോടെ എത്തുന്ന പുരുഷന്മാരെയും കൊണ്ട്, വേലി പൊളിഞ്ഞ ഭാഗത്തുകൂടി അകത്തു കടക്കും.
ഒരു രാത്രി ഒരു മദ്യപന് ഒപ്പം ശയിച്ചു കിട്ടിയ നൂറു രൂപയുമായി ഉറങ്ങാനായി മടങ്ങുമ്പോള്‍ വേലി പോളിഞ്ഞതിനു അടുത്തുള്ള സിമന്റു ബഞ്ചില്‍ ഒരു പുരുഷന്‍ ആകാശത്തേക്ക് നോക്കി ചാരി ഇരിക്കുന്നു. തന്റെയൊപ്പം ശയിചിട്ടുള്ള പലരും വന്നു, തന്നെ കാത്തിരിക്കുന്ന വെളിച്ചം ഇല്ലാത്ത ഇടം.   
മദ്യപന്‍ ഉത്തേജിപ്പിച്ച അവളിലെ കാമം ആളി. അവള്‍ അയാളുടെ തൊട്ടടുത്ത് ചെന്നിരുന്നു. അയാള്‍ അനങ്ങിയില്ല. അവള്‍ വസ്ത്രം ഉരിഞ്ഞിട്ട് അയാളുടെ മടിയില്‍ കിടന്നു.
പുരുഷന്റെ കയ്യുകള്‍ അവളെ സ്പര്‍ശിച്ചു. അവളിലെ കാമം അപ്രത്യക്ഷമായി. ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത അച്ഛന്റെയും അമ്മയുടെയും വാല്‍സല്യം ഒന്നിച്ചു അനുഭവിക്കുന്ന ഒരു കുട്ടിയായി അവള്‍ കരഞ്ഞു. ആ താടിക്കാരന്‍ അവളുടെ തലയില്‍ കയ്യ് വച്ച് അനുഗ്രഹിച്ചു. അവളുടെ താടിയില്‍ പിടിച്ചു, മുഖം അടുപ്പിച്ചു വച്ച് വാത്സല്യത്തോടെ അദ്ദേഹം പറഞ്ഞു.
' എന്റെയൊപ്പം വരൂ '.
'കുട്ടികള്‍...?'
'അവരെയും ഒപ്പം കൂട്ടണം '.
ദൈവത്തെ അനുസരിക്കുന്ന ഒരു ഭക്തയെ പോലെ അവള്‍ അദ്ദേഹത്തെ പിന്‍ തുടര്‍ന്നു. കട്ടിലോ, കസേരയോ അലമാരയോ ഒന്നുമില്ലാത്ത അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍, നിലത്ത് വിരിച്ച കരിമ്പടത്തില്‍ അവളും കുട്ടികളും കിടന്നുറങ്ങി. അടുക്കളയില്‍ നിലത്ത് വിരിച്ച പായില്‍ ത്രിലോക് നാഥും. 
പുലര്‍ന്നപ്പോള്‍, അദ്ദേഹം ഉപ്പുമാവും ചായയും ഉണ്ടാക്കി അവള്‍ക്കും കുട്ടികള്‍ക്കും നല്‍കി. അദ്ദേഹം കുളിച്ചു, വെള്ള വസ്ത്രം ധരിച്ചിരുന്നു. അധികം സംസാരിക്കാതെ അദ്ദേഹം ധ്യാനത്തിനായി ഇരുന്നു. ഉച്ചക്ക് മുന്‍പ് അദ്ദേഹം ഒരു തുണി സഞ്ചിയുമായി പുറത്തു പോയി. മടങ്ങി വന്നത് നാല് ആളുകള്‍ക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനു വേണ്ട ധാന്യവും,പച്ചക്കറികളും ,പഴങ്ങളും ഒക്കെ ആയി ആണ്.
ത്രിലോക് നാഥ് പാചകം ചെയ്തു. നീലം സഹായിച്ചു. കുട്ടികള്‍ വയറു നിറച്ചു ഭക്ഷണം കഴിച്ചു. അദ്ദേഹത്തെ നീലം സ്വാമിജി എന്ന് വിളിച്ചു. കുട്ടികളും. അന്ന് മുതല്‍ ഭക്ഷണം പാകം ചെയ്യുന്നത് നീലം ആയിരുന്നു.
മുഷിഞ്ഞ വസ്ത്രവും മുറിവു പറ്റിയ സ്ത്രീത്വവുമായി സ്വാമിജിക്ക് ഒപ്പം വന്ന നീലം പലതും പഠിച്ചു തുടങ്ങി. പരുക്കന്‍ പ്രതലമുള്ള വജ്രത്തില്‍ വീഴുന്ന മാലിന്യങ്ങള്‍ അതില്‍ പറ്റി പിടിക്കും. ഉരച്ചു തിളക്കം വരുത്തിക്കഴിഞ്ഞാല്‍  അത് മാലിന്യങ്ങളെ തെറിപ്പിച്ചു കളയും.
മനസ്സും അങ്ങനെ തന്നെയാണ് .
തെരുവോരം തനിക്ക് തന്ന തിക്തമായ പലതും ദൂരെ തെറിപ്പിക്കാന്‍ മനസ്സിന് ഇത്തിരി കൂടി ശക്തി മതിയായിരുന്നു എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു.
ദിവസത്തില്‍ കൂടുതല്‍ സമയവും സ്വാമിജി ധ്യാനത്തില്‍ ആവും. പിന്നെ കുറെ നേരം വീടിന്റെ  ബാല്‍ക്കണിയില്‍ എന്തൊക്കെയോ ചിന്തിച്ചു കൊണ്ടു നില്‍ക്കും. ചിന്തിച്ചു നില്‍ക്കുമ്പോഴും മുഖത്ത് പുഞ്ചിരി.

നിലനില്‍പ്പിന് വേണ്ടത് മാത്രം പ്രകൃതിയില്‍ നിന്നും എടുക്കാന്‍ അവകാശമുള്ള മനുഷ്യന്‍ എന്തിനു മേലും ആര്‍ത്തി കാട്ടുന്നു എന്ന് സ്വാമിജി പറയുന്നു. ആര്‍ത്തി ആപത്ത് ക്ഷണിച്ചു വരുത്തും. എല്ലാം വില്‍ക്കപ്പെടുന്ന ഈ ലോകത്ത് എല്ലാം ഉപേക്ഷിക്കാനുള്ള ശക്തിക്ക് വേണ്ടിയാണത്രേ അദ്ദേഹം ധ്യാനിക്കുന്നത്.
ഒരു ദിവസം സ്വാമിജി നീലത്തിനെ അടുത്തു വിളിച്ചു. അദ്ദേഹം അന്ന് അളവറ്റ ആനന്ദത്തില്‍ ആയിരുന്നു. പുഞ്ചിരിക്കുന്ന മുഖത്തുനിന്നും പ്രകാശ രശ്മികള്‍ പുറത്തേക്ക് വരുന്നതായി നീലത്തിനു തോന്നി. അദ്ദേഹം അവളെ മൂന്നു പണക്കെട്ടുകള്‍ ഏല്‍പ്പിച്ചു. എന്നിട്ട് പറഞ്ഞു .
'ഞാന്‍ വാരാണസിക്ക് പോവുന്നു. മനസ്സ് പറയുന്നു, പവിത്ര ഗംഗയില്‍ ജലസമാധിക്കുള്ള സമയമായി എന്ന്. ജലത്തിലെ ഊര്‍ജ്ജം .....യന്ത്രങ്ങള്‍ പരിവര്‍ത്തനം ചെയ്യും മുന്‍പുള്ള ഊര്‍ജം .....' അദ്ദഹം പറയുന്നത് നീലത്തിനു ഒട്ടും മനസ്സിലാവാത്ത പലതും ആയിരുന്നു . എങ്കിലും അവള്‍ കേട്ടു കൊണ്ടു നിന്നു .
പിന്നെ അദ്ദേഹം പറഞ്ഞു
''ഈ പണക്കെട്ടുകളില്‍ നിന്നും നിത്യേന രണ്ടു കറന്‍സികള്‍ എടുക്കുക''. 
സാത്വികമായ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മാത്രം അത് ചെലവാക്കുക.
രണ്ടു കറന്‍സികള്‍ ഒരു ദിവസത്തെ ആവശ്യങ്ങള്‍ക്ക് അപര്യാപ്തമായി വരുന്ന ദിവസം അദ്ധ്വാനിച്ചു വരുമാനം ഉണ്ടാക്കാന്‍ തുടങ്ങണം. ജോലി തേടി ചെന്നാല്‍ തീര്‍ച്ചയായും തൊഴില്‍ നല്‍കുന്ന ഒരു അഗതി മന്ദിരത്തിന്റെ പേരും അവിടേക്കുള്ള വഴിയും അദ്ദേഹം പറഞ്ഞു കൊടുത്തു. എഴുത്തും വായനയും അറിയാത്ത നീലം, അത് തന്റെ മനസ്സില്‍ തന്നെ കുറിച്ചു വച്ചു.
ഒരിക്കലും രണ്ടില്‍ കൂടുതല്‍ കറന്‍സികള്‍ എടുക്കാന്‍ ചിന്തിക്കുക പോലും ചെയ്യരുത് എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
സ്വാമിജി അന്ന് രാത്രി തന്നെ ഫ്‌ളാറ്റില്‍ നിന്നും പോയി.
അടുത്ത ദിവസം നീലം രണ്ടു കറന്‍സി വലിച്ചെടുത്തു. കുട്ടികള്‍ വയറു നിറയെ ഭക്ഷണം കഴിച്ചു. അങ്ങനെ പല ദിവസങ്ങള്‍. മനസ്സില്‍ കുറിച്ചു വച്ച അഗതി മന്ദിരത്തിന്റെ പേരും അവിടേക്കുള്ള വഴിയും കുറേശ്ശെ അവ്യക്തമായി തുടങ്ങി .
ഒരു ദിവസം വലിച്ചെടുത്ത കറന്‍സികള്‍ മൂല്യം കുറഞ്ഞവ ആയിരുന്നു. രണ്ടെണ്ണം കൊണ്ട് ഭക്ഷണത്തിനു വേണ്ട സാധനങ്ങള്‍ പോലും വാങ്ങാന്‍ ആവില്ല. കൂടുതല്‍ കറന്‍സികള്‍ എടുത്തു സാധനങ്ങള്‍ വാങ്ങി. അടുത്ത ദിവസം രണ്ടു പണക്കെട്ടുകള്‍ മാത്രം കണ്ടു. മൂന്നാമത്തെ കെട്ടിന്റെ ചരട് മാത്രം ശേഷിച്ചിരിക്കുന്നു.
രണ്ടാമത്തെ കെട്ടില്‍ നിന്നും ദിവസം രണ്ടു കറന്‍സികള്‍ മാത്രം എടുത്തു. മൂല്യം കുറഞ്ഞ കറന്‍സികള്‍ കയ്യില്‍ വന്ന ദിവസം, സ്വാമിജി പറഞ്ഞുതന്ന അഗതി മന്ദിരത്തിന്റെ പേര് ഓര്‍ക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും അത് പൂര്‍ണമായും മറന്നിരുന്നു. വിമുഖതയോടെ അന്ന് മൂന്നാമത്തെ കറന്‍സി കൂടി വലിച്ചെടുത്തു. അടുത്ത ദിവസം തന്റെ കയ്യില്‍ ഒരു പണക്കെട്ട് മാത്രം ശേഷിച്ചിരിക്കുന്നു എന്ന് അവള്‍ അറിഞ്ഞു.

മൂന്നാമത്തെ പണക്കെട്ടില്‍ നിന്നും ദിവസവും രണ്ടു കറന്‍സിയില്‍ കൂടുതല്‍ എടുക്കാതെ ശ്രദ്ധിച്ചു.
പൂജക്കു കലശലായ പനി വന്നു. കൂടുതല്‍ പണം കെട്ടില്‍ നിന്നും എടുക്കാന്‍ മടി ആയതിനാല്‍ അവളെ ഡോക്ടറുടെ അടുത്ത് പോലും കൊണ്ട് പോയില്ല. പണി ചെയ്തു ഇത്തിരി പണം കൂടി ഉണ്ടാക്കണം .
സ്വാമിജി പറഞ്ഞ അഗതി മന്ദിരം കണ്ടെത്തുവാനായി, നീലം തെരുവിലൂടെ നടന്നു. വായിക്കാന്‍ അറിയാത്ത അവള്‍, മുഷിഞ്ഞ വസ്ത്രം ധരിച്ച പലരോടും, അടുത്ത് ഒരു അഗതി മന്ദിരമുണ്ടോ എന്ന് തിരക്കി. ആരും ഉത്തരം നല്‍കിയില്ല. മടങ്ങി ഫ്‌ളാറ്റില്‍ എത്തിയപ്പോഴേക്കും കുട്ടികള്‍ ഉറങ്ങിയിരുന്നു. അടുത്ത ദിവസം പിന്നെയും തൊഴില്‍ കിട്ടുന്ന അഗതി മന്ദിരം കണ്ടെത്താന്‍ അവള്‍ ശ്രമിച്ചു. ക്ഷീണം തോന്നിയപ്പോള്‍ വഴി അരികില്‍ ഇരുന്നു. അവള്‍ക്കു മുന്‍പില്‍ വശ്യമായ പുഞ്ചിരിയുമായി ഒരു പുരുഷന്‍ നിന്നു. തെരുവോരത്തെ ജീവിത കാലത്ത് അവളെ ഭോഗിച്ചിട്ടുള്ള ഒരാള്‍. സഹായം തേടുന്ന കണ്ണുകളുമായി അവള്‍ അയാളെ ഒന്ന് നോക്കി. അയാളുടെ പുഞ്ചിരി ഒന്ന് കൂടി വശ്യമായി. അടുത്ത നിമിഷം അവളുടെ മുഖത്ത് ഭയം. ശബ്ദം ഇല്ലാത്ത ഒരു തേങ്ങലോടെ അവള്‍ ചാടി എഴുന്നേറ്റു. അയ്യാളെ ഒന്ന് കൂടി ഭയത്തോടെ നോക്കിയിട്ട് അവള്‍ തെരുവോരത്തു കൂടി ഓടി. ഇത്തിരി ദൂരം ചെന്നിട്ട് പിന്നോക്കം നോക്കി. അയാള്‍ പിന്തുടരുന്നില്ല. അഗതി മന്ദിരം തേടി പിന്നെ പോയിട്ടില്ല.  
മരുന്നുകളില്ലാതെ നീലം ശുശ്രൂഷിച്ചു. പൂജയുടെ പനി കുറഞ്ഞു  
ഒരുദിവസം പെട്ടെന്ന്, പൂര്‍ണിമ കടുത്ത പനി കൊണ്ട് വിറച്ചു വീണു. ബോധം കെടുകയും വായില്‍ നിന്നും നുരയും പതയും വരുകയും ചെയ്തു, അവളെയും കൊണ്ട് നീലം ഡോക്ടറുടെ അടുത്ത് പോയി. അന്ന് കൂടുതല്‍ കറന്‍സികള്‍ എടുക്കാതെ നിവൃത്തി ഇല്ലാതെ വന്നു . അടുത്ത ദിവസം പണക്കെട്ട് നോക്കിയപ്പോള്‍ അതില്‍ ഒട്ടും കുറവ് ഇല്ല.
പിന്നത്തെ ദിവസം പൂര്‍ണ്ണിമയേയും കൊണ്ട് ആശുപത്രിയില്‍ പോയി വരുമ്പോള്‍ നീലം രണ്ടാഴ്ചയിലേക്ക് വേണ്ട ധാന്യങ്ങളും കുറച്ചു ദിവസത്തേക്കുവേണ്ട പച്ചക്കറികളും മറ്റും വാങ്ങി. പൂണിമയ്ക്ക് ഒരു കളിപ്പാട്ടവും. അന്ന് കുറച്ചേറെ പണം കെട്ടില്‍ നിന്നും എടുത്തു.
തന്റെ കയ്യിലിരുന്ന അവസാനത്തെ പണക്കെട്ടും ചരട് മാത്രം ആയി ശേഷിച്ചിരിക്കുന്നു എന്ന് അടുത്ത പ്രഭാതത്തില്‍ നീലം കണ്ടു. പിന്നെ ഡോക്ടറെ കാണാന്‍ പോയില്ല. നീലം രണ്ടു കുട്ടികളെയും ആവുന്നത്ര ശ്രദ്ധിച്ചു. 
വീട്ടിലെ ധാന്യം കുറഞ്ഞപ്പോള്‍ നീലം ഭക്ഷണം ഉപേക്ഷിച്ചു. പിന്നെയും ധാന്യം കുറഞ്ഞപ്പോള്‍ പൂജയും പട്ടിണിയില്‍. അത് കഴിഞ്ഞപ്പോള്‍ മൂന്നു പേരും ഭക്ഷണം ഇല്ലാതെ കഴിഞ്ഞു.  
പണക്കെട്ടിന്റെ ചരടുകള്‍ നീലം സൂക്ഷിച്ചു വച്ചു . സ്വാമിജിയെ കണ്ടത് പോലെ മറ്റൊരു അത്ഭുതം അവള്‍ പ്രതീക്ഷിച്ചു. മുറിയുടെ കോണില്‍ ഒരു അത്ഭുതവും കാണിക്കാതെ ആ ചരടുകള്‍, കിടന്നു.
പനിയും പട്ടിണിയും മൂലം അവശരായ മക്കളെ ഫ്‌ളാറ്റില്‍ ആക്കിയിട്ട്, നീലം ഒരു തൊഴില്‍ തേടി ഇറങ്ങി. ഫ്‌ളാറ്റില്‍ നിന്നും അധികം ദൂരെ അല്ലാതെ ഒരു കെട്ടിടം പണി നടക്കുന്നിടത്ത് പോയി സംസാരിച്ചു. അടുത്ത ദിവസം മുതല്‍ ദിവസക്കൂലിക്ക് ജോലി കിട്ടി. അടുത്ത പുലര്ച്ചയില്‍ പൂജ ഉണര്‍ന്നില്ല .....
ഇത്രയും പറഞ്ഞിട്ട് നീലം വിങ്ങി പൊട്ടി കരഞ്ഞു.
അടുത്ത് നിന്ന വനിതാ പോലീസുകാരില്‍ ഒരാള്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
നീലം നിശ്ശബ്ദയായി ഇരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു .
'നീലം, നിങ്ങള്‍ ഒരുപാടു സംസാരിച്ചു. പക്ഷെ ഒന്നും സത്യം ആണെന്നു തോന്നുന്നില്ല. '.
നീലം മറുപടി പറഞ്ഞില്ല. അവള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ നേര്‍ക്ക് നോക്കി. അവളുടെ കൃഷ്ണമണികള്‍ പുറത്തേക്ക് വരാന്‍ ശ്രമിച്ചു. പിന്നെ കണ്ണുകള്‍ അടഞ്ഞു. അവള്‍ക്കു ബോധം നഷ്ടപ്പെട്ടു. ഇരുന്ന കസേരയോടെ അവള്‍ നിലത്ത് വീണു .
മുനിസിപ്പല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കിടക്കുന്ന അവളുടെ ജീവന്‍  അപകടത്തില്‍ ആണ് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുടല്‍ സുതാര്യമായ നേര്‍ത്ത പ്ലാസ്റ്റിക്ക് കുഴലുപോലെയായിരിക്കുന്നു. ശരീരത്തിലെ എല്ലാ കൊഴുപ്പുകളും അപ്രത്യക്ഷമായിരിക്കുന്നു. പല നനുത്ത ആന്തരിക ശരീര ഭാഗങ്ങളും തകര്‍ന്നു കഴിഞ്ഞിരിക്കുന്നു. കൊടും പട്ടിണി ശരിവെക്കുന്ന ലക്ഷണങ്ങള്‍. ചികിത്സിച്ചു രക്ഷേപെടുത്താന്‍ ആവും എന്ന് ഒരു പ്രതീക്ഷയും ഇല്ല.
മഫ്ടിയിലുള്ള ഒരു പോലീസുകാരനും പോലീസുകാരിയും നീലത്തിനെ പല വട്ടം സന്ദര്‍ശിച്ചു. ചിലപ്പോള്‍ ചിന്തകളും മഫ്ടിയില്‍ ആവുമ്പോള്‍ പോലീസുകാരി ചോദിക്കും, ' പട്ടിണി മരണം, വധ ശിക്ഷക്കുവരെ കാരണം ആവുന്ന കുററം ആണോ ?'. മൗനമായിരുന്നു എന്നും പോലീസുകാരന്റെ മറുപടി.
ആറാം ദിവസം നീലം മരിച്ചു. ബലാല്‍സംഗം നിമിത്തം ഉണ്ടായ മാനസിക ആഘാതത്താല്‍ ഹൃദയം സ്തംഭിച്ചതാണോ അതോ ബലാല്‍സംഗ സമയത്ത് ശ്വാസം മുട്ടിയതിനാല്‍ ആണോ മരണം സംഭവിച്ചത് എന്ന് ഉറപ്പിച്ചു പറയാന്‍ ആവാത്ത റിപ്പോര്‍ട്ടില്‍ പോസ്റ്റുമാര്‍ട്ടം ചെയ്ത ഡോക്ടര്‍ ഒപ്പിട്ടില്ല. അപ്പോഴേക്കും, പട്ടിണി മൂലം മരിച്ചു എന്ന പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ മുതിര്‍ന്ന ഡോക്ടര്‍ തയ്യാറാക്കിക്കഴിഞ്ഞിരുന്നു .
മഫ്ടിയില്‍ വരാറുള്ള പോലീസുകാരനും പോലീസ്‌കാരിയും ഇന്ന് യൂണിഫോം ധരിച്ചിരിക്കുന്നു.
മൃതദേഹം ആശുപത്രിയില്‍ നിന്നും പുറത്തേക്ക് എടുക്കുമ്പോള്‍ പോലീസുകാരി ചോദിച്ചു. 'പട്ടിണി, വധ ശിക്ഷയെക്കാള്‍ വലിയ ശിക്ഷ അര്‍ഹിക്കുന്ന കുററമാണോ?'.   പോലീസുകാരന്റെ മുഖം വിളറി. അടുത്ത നിമിഷത്തില്‍ അയാള്‍ ക്രൂരത മുറ്റിയ ഗൗരവത്തിലും.
ഇപ്പോഴും മൂന്നു വയസ്സുള്ള പൂര്‍ണിമ മുനിസിപ്പല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ ആണ്. ബോധ രഹിതയായ അവളുടെ മുഖത്ത് ഒരു പുഞ്ചിരി. വാര്‍ഡിലെ നര്‍സുമാര്‍ കണ്ണുകളില്‍ ഒരുപാടു ചോദ്യങ്ങളുമായി പരസ്പരം നോക്കി.

**********************************************************************











മായാ സീത

സരയുവില്‍ കുളിച്ചു സന്ധ്യാവന്ദനം നടത്തി ആശ്രമത്തിലേക്ക് മടങ്ങിയ ഒരു മുനികുമാരന്‍ ആല്‍മര ചുവട്ടില്‍ കൊളുത്തിയ ദീപത്തിന്റെ നാളം, വെള്ളത്തില്‍ തട്ടി പ്രതിഫലിച്ചു.
രാത്രിയുടെ മൂന്നാം യാമം ആയിട്ടും ഈ ചെറിയ മണ്‍ വിളക്ക് എണ്ണ വറ്റാതെ കത്തുന്നു.
തീരത്തെ ചന്ദന മരത്തില്‍ തട്ടി വരുന്ന കാറ്റിനു വശ്യ സുഗന്ധം.
ശുഭ്ര വസ്ത്രം ധരിച്ച ശ്രീ രാമചന്ദ്രന്‍ ഏകനായി സരയൂ തീരത്ത് എത്തി. രാജ വസ്ത്രം ഉപേക്ഷിച്ചിട്ടും, വിട്ടു മാറാത്ത പ്രജാസ്‌നേഹം മനസ്സില്‍ തളച്ചിട്ട രാമന്‍. മറ്റുള്ളവര്‍ക്കായി മാത്രം ജീവിച്ച പുരുഷോത്തമന്‍. ജീവന്റെ അര്‍ഥവും രഹസ്യവും അറിയുന്ന രാമന്‍.
നിര്‍വ്വികാരനായി നിന്ന് നദീ ജലം തൊട്ടു വണങ്ങുന്ന രാമനെ നോക്കി പ്രകൃതി നിശ്ചലയായി. ഒപ്പം വിളക്കിലെ ദീപ നാളവും. ദീപ നാളത്തിനുള്ളില്‍ നിര്‍ന്നിമേഷയായി മായാസീത. തൊഴുകയ്യോടെ  നില്‍ക്കുന്ന മായാ സീതക്ക് ചുറ്റുമുള്ള അഗ്‌നിക്കും കൂപ്പിയ കയ്യുകളുടെ രൂപം.
രാമ ദര്‍ശനത്തിനുള്ള വരവും അഗ്‌നി ദേവന്റെ സംരക്ഷണവും തനിക്ക് കിട്ടിയത്, മായാ സീതക്ക് സ്വയം നിമഗ്‌നമായിപ്പോവുന്ന ഓര്‍മ്മകളാണ്.
സ്വന്തം ജന്മ രഹസ്യങ്ങളെ പറ്റി വളരെ കുറച്ചു മാത്രമേ അറിയുള്ളൂ. പഞ്ചവടിയില്‍ സീതയെ അപഹരിക്കാന്‍ എത്തുന്ന രാവണന് മുന്‍പില്‍ സീതയുടെ രൂപത്തില്‍ എത്താന്‍ സ്രഷ്ടാവ് തന്നെ നിയോഗിച്ചു .രാവണന് ഒപ്പം ലങ്കയിലേക്ക് താന്‍ പോകുമ്പോള്‍ അഗ്‌നി ദേവന്റെ സംരക്ഷണത്തില്‍ പതിവ്രതാരത്‌നമായ സീതാദേവി സുരക്ഷിത. രാവണ നിഗ്രഹത്തിനു ശേഷം, അഗ്‌നി ശുദ്ധി വരുത്തിയ സീതാദേവി, രാമനോടൊപ്പം അയോധ്യയിലേക്ക് പോകുമ്പോള്‍; തന്റെ ജന്മം സാര്‍ഥകം ആകുന്നു. ശ്രീരാമ ചന്ദ്രനെ കണ്ടു വണങ്ങാന്‍ ഉള്ള അവസരം, സൃഷ്ടാവ് തനിക്ക് കല്‍പ്പിച്ചിരുന്നില്ലത്രെ.!.
യുദ്ധം കഴിഞ്ഞുള്ള ഭീകര രംഗം ഓര്‍ത്തു . ഇനിയും ജീവന്‍ വിട്ടു പോവാത്ത കബന്ധങ്ങളിലെ അടയ്ക്കാന്‍  കൂട്ടാക്കാത്ത കണ്ണുകള്‍. മരണം കീഴ്‌പ്പെടുത്തിയിട്ടും ജീവന്‍ കൈമോശം വന്നു എന്ന് സമ്മതിക്കാത്ത ശരീരങ്ങള്‍.  ഉണങ്ങിയ രക്ത പാളികള്‍ക്കുമേല്‍ തളം കെട്ടിയ രാക്ഷസ രക്തത്തില്‍, ഇനിയും പോയി മറയാന്‍ തയ്യാറല്ലാത്ത ആത്മാക്കളുടെ അവസാനത്തെ ശാപങ്ങള്‍ ഉറ കൂടുന്നു.
ബീഭത്സതയും, ദാരുണതയും ഇഴുകി ചേര്‍ന്ന, ചുവന്ന പൂഴി പരപ്പില്‍ വിജയോന്മാദികളായ വാനരന്മാര്‍  നൃത്തം ആടുന്നു.
അശോക വനികയിലെ ശിംശിപാ വൃക്ഷ ചോട്ടില്‍ തനിക്ക് കൂട്ട് നിന്ന രാക്ഷസ സ്ത്രീകള്‍ക്ക്  ഒപ്പം, മറ്റ് അനേകായിരം വിധവകള്‍ വാവിട്ടു കരയുന്നത് കണ്ടാണ് യുദ്ധ ഭൂവിനു അടുത്തുള്ള അഗ്‌നികുണ്ഡത്തിനടുത്തേക്ക് ചെന്നത്. അവരുടെയെല്ലാം മനസ്സിലെ ശാപമത്രയും താന്‍ സ്വന്തമാക്കി. തന്നോടൊപ്പം എല്ലാ ശാപങ്ങളും എരിഞ്ഞടങ്ങട്ടെ. സീതാദേവി ശാപ വിമുക്തയാവട്ടെ. !
അഗ്‌നിശുദ്ധി വരുത്തിയ ശേഷം മാത്രമേ സീതയെ ശ്രീരാമചന്ദ്രന്‍ കാണുകയുള്ളു എന്ന് മാരുതി പറഞ്ഞപ്പോള്‍ നെഞ്ചു വിങ്ങി. നിയോഗം ഇല്ല എന്നറിയാമെങ്കിലും ശ്രീരാമനെ പ്രണമിക്കണം എന്ന അദമ്യ വാഞ്ച അങ്ങനെ തന്നെ ശേഷിക്കുന്നു. എന്നിട്ടും താന്‍ സീതാദേവി തന്നെ, എന്ന് ഏവര്‍ക്കും തോന്നും വിധം മുഖത്ത് പുഞ്ചിരി വരുത്തി.
വേരോടെ പിഴുതെടുത്ത വമ്പന്‍ കാട്ടു മരങ്ങള്‍ കൂട്ടിയിട്ടു തീര്‍ത്ത അഗ്‌നികുണ്ഡത്തിന്റെ ജ്വാലകള്‍ ആകാശം മുട്ടുന്നതായിരുന്നു . അഗ്‌നി ജ്വാലകള്‍ക്കുള്ളില്‍ വളരെ ഉയരത്തില്‍ നിന്ന്, അഗ്‌നികുണ്ഡത്തിന്റെ മറു വശത്ത് നില്ക്കുന്ന ശ്രീരാമചന്ദ്രനെ പ്രണമിക്കുന്ന സീതാദേവിയുടെ പിന്‍വശം തനിക്ക് കാണാന്‍ ആവുമായിരുന്നു.
താന്‍ അഗ്‌നികുണ്ഡത്തിനടുത്തേക്ക് വരുന്നതിനൊപ്പം, സീതാദേവി അഗ്‌നി ജ്വാലയുടെ മുകളില്‍ നിന്നും താഴേക്കു വന്നുകൊണ്ടിരുന്നു. അഗ്‌നിയോട് അടുക്കുമ്പോള്‍ ചൂടു കൂടി കൂടി വരുന്നതായി അനുഭവപ്പെട്ടു. കണ്ണടച്ചു തൊഴുകയ്യുകളോടെ അഗ്‌നിയിലേക്ക് തന്നെ നടന്നു. താന്‍ സീതാദേവി അല്ല എന്ന് ആര്‍ക്കും  തോന്നല്‍ ഉണ്ടാവാത്ത വണ്ണം തന്നെ.
അന്ന് അഗ്‌നി തന്നില്‍ നിന്നും പിന്നോക്കം മാറിക്കൊണ്ടിരുന്നു എന്നും; സീതാ ദേവി അഗ്‌നിദേവനെ ആശ്വസിപ്പിച്ച ശേഷം മാത്രമേ, തനിക്ക് അഗ്‌നിയെ സ്പര്‍ശിക്കാനായുള്ളൂ എന്നും  പിന്നീടൊരിക്കല്‍ സീതാ ദേവിയുടെ സംഭാഷണത്തില്‍ കേട്ടിട്ടുണ്ട് .
തൊഴുകയ്യുകളുടെ  അറ്റം അഗ്‌നിയില്‍ സ്പര്‍ശിച്ചപ്പോള്‍ അതുവരെ തോന്നിയ ചൂട് പെട്ടെന്ന് ഇല്ലാതായി. അഗ്നിക്കുള്ളില്‍ എത്തിയപ്പോള്‍ തന്റെ കയ്യുകള്‍ സീതാ ദേവി ഗ്രഹിച്ചിരിക്കുന്നു എന്ന് മനസ്സിലായി. സീതാ ദേവിയുടെ സ്പര്‍ശത്തില്‍ അഗ്‌നി തന്നെ സംരക്ഷിക്കുന്നതായും.
തന്റെ കയ്യിലെ പിടി വിടാതെ സീതാ ദേവി ചോദിച്ചു.
'എനിക്ക് വേണ്ടി എല്ലാ പീഡനങ്ങളും സഹിച്ച നിനക്ക് എന്ത് വരം ആണ് വേണ്ടത് ?'.
അപ്രതീക്ഷിതമായ ചോദ്യത്തിനു താന്‍ അറിയാതെ തന്റെ നാവില്‍ നിന്നും ഉത്തരം.
'ശ്രീ രാമചന്ദ്ര സ്വാമിയെ കണ്ടു തൊഴാന്‍ ഉള്ള ഭാഗ്യം തരുമോ ?'.
അഗ്‌നികുണ്ഡത്തിലെ കാട്ടു മരങ്ങള്‍ കൂടുതല്‍ ശക്തിയില്‍ ജ്വലിച്ചു . സീതാ ദേവി തന്നെ മാറോടണച്ചു. രാമനും സീതയും ഉള്ളിടത്തോളം കാലം, അവരുടെ സ്വകാര്യതകളൊഴിച്ച്, ഏതു നേരവും തനിക്ക് അവരെ കാണാനാവും എന്ന വരം തന്നു. അഗ്‌നിനാളങ്ങള്‍ക്ക്  ഉള്ളിലുള്ള മായാ സീതയെ അഗ്‌നി ദേവന്‍ അതിനായി സംരക്ഷിക്കുമെന്നും. സീതാദേവി തന്റെ കയ്യുകളില്‍ നിന്നും പിടി വിടര്‍ത്തിയിട്ട്  അഗ്‌നിനാളങ്ങള്‍ക്കു പുറത്തേക്ക് നടന്നു. അഗ്‌നി ജ്വാലകള്‍ക്കുള്ളില്‍ പൂര്‍ണ്ണ സുരക്ഷിതയായി താനും.
തീ ജ്വാലകളുടെ മുകള്‍ ഭാഗത്ത് ചെന്ന് നിന്ന് അഗ്‌നികുണ്ഡത്തിനു മുന്‍പില്‍ നില്‍ക്കുന്ന ശ്രീരാമ ചന്ദ്രനെ തൊഴുതു . ശ്രീരാമന് അടുത്തെത്തിയ സീതാദേവി, ചുറ്റുമുള്ള വാനര സേനയെ വന്ദിക്കുന്നതും നോക്കി നിര്‍ന്നിമേഷയായി നിന്നു. രാമസീതാ സംഗമം കണ്ടു കൊതി തീരും മുന്‍പ് പുഷ്പക വിമാനം അയോദ്ധ്യയിലേക്കുള്ള യാത്ര ആരംഭിച്ചു .
അന്നുമുതല്‍ തീ നാളങ്ങള്‍ക്കുള്ളില്‍, താന്‍ പുതിയൊരു ജീവിതം നേടി. ഹൃദയം തുറന്നാല്‍ രാമനെയും സീതയെയും കാട്ടിക്കൊടുക്കാനാവുന്ന മാരുതിക്കുപോലും കിട്ടാത്ത ഭാഗ്യം. ഏതൊക്കെ രാജ വീഥികളിലും , മണിഹര്‍മ്യങ്ങളിലും, കൊട്ടാരങ്ങളിലും ഒക്കെ രാമനും സീതയും എത്തുന്നുവോ, അവിടെ എല്ലാം തെളിയുന്ന ദീപനാളങ്ങളില്‍ തൊഴുകയ്യുകളോടെ താനും എത്തി.
ഗര്‍ഭിണിയായ രാമപത്‌നി കാട്ടില്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍, പരിക്ഷീണയായി രാജ സദസ്സിന്റെ കോണിലെ വെളിച്ചം കുറഞ്ഞ ദീപങ്ങളിലിരുന്ന് രാമനെ ദര്‍ശിച്ചു. രാജ്ഞിക്കു പകരമായി കൊട്ടാരത്തില്‍ സ്ഥാനം പിടിച്ച സീതയുടെ പ്രതിമക്കു മുന്‍പില്‍ കത്തിയിരുന്ന ദീപങ്ങളിലെ പ്രജ്ഞയറ്റ നാളങ്ങളില്‍, വിരളമായി മാത്രം വന്നുപോയ തന്നിലെ ആലസ്യം, ആകുലതകള്‍  മറയ്ക്കാനുള്ള ആവരണമായിരുന്നു.
സീത ഭൂമിയിലേക്ക് ആഴ്ന്നു അപ്രത്യക്ഷയാവുന്നത് നേരില്‍ കാണേണ്ടി വന്നതും അഗ്‌നി ദേവന്റെ സംരക്ഷണയിലുള്ള ഈ ജീവിതത്തില്‍. എല്ലാ വരപ്രസാദങ്ങളിലും ദുഃഖം ഒളിഞ്ഞിക്കുന്നു എന്ന് അനുഭവം സാക്ഷ്യപ്പെടുത്തുന്നു.
ഭരണ നിപുണനും പ്രജാ വല്‍സലനുമായ ശ്രീരാമന്‍, പകുതി ശൂന്യമായ പള്ളി മെത്തയില്‍ ചിന്താ ഗ്രസ്തനായി കിടക്കുന്നത് കണ്ടു നൊമ്പരപ്പെട്ടിട്ടുണ്ട്. സ്വകാര്യതകള്‍ കാണാന്‍ അവകാശം ഇല്ലാത്തതിനാല്‍ ശ്രീരാമന്റെ വിങ്ങലുകളും കണ്ണീരും കാണും മുന്‍പ് അന്തപ്പുരത്തിലെ ദീപനാളങ്ങളില്‍ നിന്നു സ്വയം പിന്‍വാങ്ങും. രാജശയ്യയിലെ കണ്ണീരില്‍ നനഞ്ഞ തലയിണ കണി കണ്ടു തുടങ്ങിയ ദിവസങ്ങള്ക്ക്  എണ്ണമില്ല. എന്നിട്ടും സമചിത്തനായി രാജധര്‍മ്മം നടത്തുന്ന ശ്രീരാമനെ അത്ഭുതത്തോടെ വണങ്ങി നില്ക്കും .
ഇന്നും, സന്ധ്യാ വന്ദനം നടത്തുന്ന ശ്രീരാമചന്ദ്രന്റെ സമീപത്തുള്ള അഗ്‌നി നാളത്തിനുള്ളിലിരുന്ന് അദ്ദേഹത്തെ തൊഴുതു.
നിമിഷത്തിനുള്ളില്‍ മനസ്സില്‍ തെളിഞ്ഞ ഒരുപാടു സചേത ചിത്രങ്ങള്‍ക്കൊപ്പം, ഇതാ മറ്റൊരു ശ്രീരാമ ദര്‍ശനം.
മുനികുമാരന്‍  സന്ധ്യക്ക് കൊളുത്തിയ വിളക്കിന്റെ പ്രകാശം ഒട്ടും കുറഞ്ഞിട്ടില്ല. സരയുവിലേക്ക് ഇറങ്ങുന്ന ശ്രീരാമനെ ശ്രദ്ധയോടെ പ്രണമിച്ചുകൊണ്ട് ആ ദീപ ശകലത്തിനുള്ളില്‍ ഇരുന്നു.
അരയറ്റം വെള്ളത്തില്‍ എത്തിയപ്പോള്‍ ശ്രീരാമന്‍ നിന്നു. കയ്യ് കൂപ്പി ചുറ്റുപാടും നോക്കി, പ്രകൃതിയെ പ്രണമിച്ചു. വീണ്ടും കയത്തിലേക്ക് ഇറങ്ങി. കഴുത്തറ്റം വെള്ളത്തില്‍ നിന്ന് ആകാശത്തേക്ക് നോക്കി. തലയ്ക്കു മുകളില്‍ കൂപ്പിയ കയ്യ്. വീണ്ടും രാമന്‍ ആഴത്തിലേക്ക് ഇറങ്ങി. ശിരസ്സ് വെള്ളത്തില്‍ നിമഗ്‌നമായി. ശ്രീരാമന്‍ മുങ്ങിയപ്പോള്‍ ഉണ്ടായ ചെറിയ ഓളം സ്പര്‍ശിച്ചപ്പോള്‍ സരയുവിന്റെ  തീരങ്ങളില്‍ മിന്നല്‍ പോലെ ഒരു തിളക്കം. പിന്നെ ഓളങ്ങളില്ല. സരയൂ നിശ്ചല.

നദിയില്‍ മുങ്ങിയ ശ്രീരാമന്റെ ശിരസ്സ് മുകളിലേക്ക് വരുമ്പോള്‍ ജലപ്പരപ്പിലെ ഓളങ്ങളില്‍ പ്രസരിക്കുന്ന കാന്തി കാണാന്‍ കാത്തിരിക്കുന്ന ദീപനാളം. കൂടിയ ഏകാഗ്രതയോടെ താനും.
എങ്ങും നിശ്ശബ്ദത. ചലനമറ്റ പ്രകൃതി.
അന്തരീക്ഷത്തിലെ സുഗന്ധം ഇല്ലാതായി.
നിശ്ചലതയും മൂകതയും, ഭയം ഉണ്ടാക്കുന്ന ശൂന്യതയായി മാറി.
മനസ്സില്‍ ആകാംക്ഷ കൂടിക്കൂടി വന്നു. ശ്രീരാമന്‍ എന്തേ ഇനിയും കരയിലേക്ക് വരുന്നില്ല?. ദിവ്യ പട്ടാംബരങ്ങള്‍ അണിഞ്ഞ ശ്രീരാമനെ തൊഴുതു നില്‍ക്കാറുള്ള തനിക്ക് വിവസ്ത്രനായ രാമന്‍ ഗോചരനല്ല. നീരാട്ട് വേഷത്തിലുള്ള രാമനെ കാണാന്‍ ആഗ്രഹവും ഇല്ല. പക്ഷെ സരയുവില്‍ മുങ്ങിയ രാമനെ പിന്നെ കാണുന്നതേയില്ല . ഉല്‍ക്കണ്ഠ വര്‍ധിച്ചു. പുഴയോരത്തെ ദീപനാളത്തില്‍ കാത്തിരിക്കാനുള്ള ക്ഷമ നഷ്ടപ്പെട്ടു. അസ്വസ്ഥ മനസ്സുമായി. നദീ തീരത്തെ നടപ്പാതകള്‍ക്കരികിലെ  ഓരോ വിളക്കിലുമെത്തി നാലുപാടും നോക്കി. ഊടു വഴികളിലും, വീടുകളിലും, കുടിലുകളിലും എല്ലാം മിന്നുന്ന ഓരോ ചെറു ദീപത്തിന്റെ നാളത്തിലും വേഗത്തില്‍ പാഞ്ഞെത്തി. അവിടെങ്ങും രാമന്‍ ഇല്ല.
പര്‍ണ്ണാശ്രമങ്ങളിലും, രാജവീഥികളിലും, കൊട്ടാരങ്ങളിലും, എല്ലാമുള്ള ദീപനാളങ്ങള്‍ക്കു ഉള്ളില്‍ നിന്നും ചുറ്റും പരതി. എങ്ങും രാമനെ കണ്ടില്ല .
തന്നെ സംരക്ഷിക്കുന്ന അഗ്‌നി ദേവനോടു പരിഭ്രമത്തോടെ ചോദിച്ചു. 'അഗ്‌നി ദേവാ.....ശ്രീരാമചന്ദ്രന്‍ എവിടെ ?'
അഗ്‌നി ദേവന്‍ മറുപടി നല്കിയില്ല.
സീതാദേവി ഭൂമിയിലേക്ക് താഴ്ന്നുപോയപ്പോള്‍ തന്നോടു കാട്ടിയ, അതേ മൌനം. 
സംഭീതയായ തന്റെ ചോദ്യങ്ങള്‍ തീ നാളത്തിന് ഉള്ളില്‍ ആക്രോശമായി മാറുന്നു.
മുനികുമാരന്‍  കൊളുത്തി വച്ച ദീപത്തിന്റെ നാളം വല്ലാതെ ആടി ഉലഞ്ഞു. അത് ആളിക്കത്തി. ഉയരത്തിലേക്ക് പൊങ്ങിയ ജ്വാലയില്‍ നിന്നും അഗ്‌നിച്ചിറകുകള്‍ വിടര്‍ന്നു. കനല്‍ക്കട്ടകള്‍ നാലുപാടും തെറിച്ചു. തീപ്പൊരികളില്‍ നിന്നും കരിയിലയിലേക്ക് തീ പടര്‍ന്നു. നൂറ്റാണ്ടുകള്‍ ജീവിച്ച ആല്‍മരത്തിന്റെ പുറം തോടിനു തീ പിടിച്ചു പിന്നെ തടിയിലേക്കും. കരയുന്ന ശബ്ദത്തോടെ  ആല്‍മരത്തിന്റെ തടി വിണ്ടുകീറി. തീ ശിഖരങ്ങളിലേക്ക് പടര്‍ന്നു. ആല്‍മരം മുഴുവനായി ആളിക്കത്തി.
ഉത്തരം നല്‍കാത്ത അഗ്‌നി ദേവന്റെ കാതില്‍ ആകുല ഹൃദയത്തിന്റെ ചോദ്യം മുഴങ്ങി.
'അഗ്‌നിദേവാ, രാമനെ കാണാന്‍ മാത്രമായല്ലേ അങ്ങ് എന്നെ അഭയം തന്നു സംരക്ഷിക്കുന്നത്? ശ്രീരാമനെ കാണാനാവില്ല എങ്കില്‍ എനിക്ക് ഈ സുരക്ഷ എന്തിനാണ് ..?'
വാക്കുകള്‍ മുറിഞ്ഞു പോവുന്ന വിങ്ങലോടെയായിരുന്നു പിന്നത്തെ ചോദ്യം. 
'വല്ലാത്ത ഭയം തോന്നുന്നു അഗ്‌നി ദേവാ. ഒന്ന് പറയൂ ശ്രീരാമ ചന്ദ്രന് എന്ത് സംഭവിച്ചു .....?.'
അഗ്‌നിദേവന് അതിനും മറുപടി ഇല്ല.
ആല്‍മരത്തില്‍ നിന്നും തീ ചന്ദന മരത്തിലേക്ക് പടര്‍ന്നു. പിന്നെയും മരം കരയുന്ന ശബ്ദം . പൊട്ടിക്കീറിയ ചന്ദനമരം ആളിക്കത്തി . 
'ശ്രീരാമനെ കാണാന്‍ മാത്രമായി കിട്ടിയ ജീവിതം ഇനിയും തുടരാന്‍ അര്‍്ഹതയുണ്ടോ അഗ്‌നി ദേവാ?. .' 
ഉള്ളു പൊട്ടിയുള്ള ചോദ്യം സരയൂ തീരത്ത് പ്രതിധ്വനിച്ചു  .
അഗ്‌നിദേവന്‍ എന്ന പിതാവിന് മകള്‍ക്ക് നല്‍കുവാന്‍ ഉത്തരം ഉണ്ടായിരുന്നില്ല. ചൂടും വെളിച്ചവും ചേര്‍ന്ന തന്റെ അസ്തിത്വത്തില്‍ നിന്നും താപം അന്യമാവാന്‍ അഗ്‌നിദേവന്‍ കൊതിച്ച നിമിഷം.!
തന്റെ ശരീരരത്തില്‍ അഗ്‌നിയുടെ ചൂടേല്‍ക്കുന്നതായി മായാ സീത അറിഞ്ഞു. അത് അല്പാല്പമായി കൂടി. അതി ശക്തമായി മാറിയ ചൂടില്‍ മായാസീത വെന്ത് ഉരുകി ചാമ്പല്‍ ആയി.
സരയൂ തീരത്തെ കാട് ആളിക്കത്തി.
വെളുത്ത പുക മാത്രം ഉണ്ടായിരുന്ന അഗ്‌നിയില്‍ നിന്നും അന്ന് ആദ്യമായി കറുത്ത പുക  പുറത്തേക്ക് വന്നു. ആ ധൂമപടലം അയോദ്ധ്യയുടെ ദിശയിലേക്ക് സഞ്ചരിച്ചു.

0 comments:

Followers