മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Sunday, October 14, 2012

മാധ്യമങ്ങള്‍ മണിമുഴക്കുന്നതാര്‍ക്കുവേണ്ടി..?

 എം. കെ. അച്യുതാനന്ദന്‍


ഇരുപത്തിയൊന്നാം നൂറ്റാണ്ട് രണ്ടാം ദശകത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് രംഗത്തുള്ള ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, ബ്ലോഗ്ഗ് എന്നീ ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ പരമ്പരാഗതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അച്ചടിമാധ്യമങ്ങളേയും ടെലിവിഷന്‍ ചാനലുകളേയും റേറ്റിംങ്ങിന്റെ കാര്യത്തില്‍ ബഹുദൂരം പിന്‍തള്ളി മുന്നേറുകയാണ്. ഇത് കൂടുതല്‍ പ്രകടമായത് ടുണീഷ്യ, ഈജിപ്ത്, ലിബിയ എന്നീ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ഏകാധിപതികളായി സസുഖം വാണിരുന്ന ബെന്‍ അലി, ഹോസ്‌നി മുബാരക്, കേണല്‍ ഗദ്ദാഫി എന്നിവരുടെ കിരാത ഭരണത്തിന് തിരശ്ശീല വീണപ്പോഴാണ്. അറബ് വസന്തം എന്ന പേരില്‍ ഉരുത്തിരിഞ്ഞ പുത്തനുണര്‍വ്വ്, ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പു നടത്തി സര്‍ക്കാരുകള്‍ രൂപീകരിക്കാനും സ്വേച്ഛാധിപ അധികാരകേന്ദ്രങ്ങളെ ഉന്മൂലനം ചെയ്യാനും സഹായകമായി. കാലാകാലങ്ങളായി ഭരണകൂടത്തിന്റെ വരുതിയിലായിരുന്ന അച്ചടി-ദൃശ്യമാധ്യമങ്ങള്‍ക്ക് സമാന്തരമായി ജനാധിപത്യ ബോധവല്ക്കരണത്തിന് അഹോരാത്രം പ്രയത്‌നിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളേയൊ, വിക്കീലീക്‌സ് പോലുള്ള “വിസില്‍ ബ്ലോവേഴ്‌സ്'' സൈറ്റുകളേയൊ തടയാന്‍ ഈ ഏകാധിപതികള്‍ക്കായില്ല. ഗള്‍ഫ് മേഖലയിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് ഈ രാജ്യങ്ങളില്‍ നിന്നും പകര്‍ന്നുകിട്ടിയ ആവേശം സിറിയ, ബഹ്‌റിന്‍, യെമന്‍ എന്നിവിടങ്ങളിലേക്കുകൂടി പടരുകയാണ്. ട്വിറ്റര്‍, ബ്ലോഗ്ഗ്, ഫേസ്ബുക്ക് തുടങ്ങിയ വാര്‍ത്താ വിനിമയ മാധ്യമങ്ങള്‍ക്ക് ജനാധിപത്യ പ്രക്ഷോഭകാരികളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ അധികാരികള്‍ മാധ്യമങ്ങള്‍ക്ക് ഈ കാരണം കൊണ്ടുതന്നെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നൂറ്റാണ്ടുകളായി തികച്ചും യാഥാസ്ഥിതികരായി അടിച്ചമര്‍ത്തലിന് വിധേയരായ അറബ് ജനതയ്ക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍ ആധൂനിക മാധ്യമങ്ങള്‍ വഴി ആശയ വിനിമയം നടത്തിയതിന്റെ ഫലമായി കിട്ടിയ അറിവാണ് മേഖലയിലെ ജനാധിപത്യത്തിന് കളമൊരുക്കിയത്.
 എം. കെ. അച്യുതാനന്ദന്‍
ഒരു മൗസ്‌ക്ലിക്കിലൂടെ ഒരു രാജ്യത്തിന്റെ വിപ്ലവ സമരങ്ങളുടെ മുന്നണിപ്പോരാളിയാകുന്ന പുതിയൊരു സൈബര്‍ ആക്ടിവിസം നമ്മുക്കിടയില്‍ വേരുപിടിച്ചുകഴിഞ്ഞു. സത്യമെന്തെന്നറിയാന്‍ രാവിലെ പത്രം വരുന്നതുവരെ കാത്തിരിക്കേണ്ട ഗതികേട് ഈ സൈബര്‍ ജീവികള്‍ക്കില്ല. അവര്‍ സിറ്റിസണ്‍ ജേര്‍ണ്ണലിസ്റ്റുകളാണ്, സ്വന്തം നാടിന്റെ സ്പന്ദനങ്ങളെ കണ്ടെത്തി സത്യത്തെ സത്യസന്ധമായി അവതരിപ്പിക്കാനുള്ള ഒരു പത്രപ്രവര്‍ത്തകന്റെ ജാഗ്രത്ത് ഇന്ന് അപൂര്‍വ്വം ചില സൈബര്‍ ജീവികളും എടുത്തണിയാന്‍ തുടങ്ങി. ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള കുപ്രചരണങ്ങളും സോഷ്യല്‍നെറ്റ് വര്‍ക്കുകള്‍ വഴി സുലഭം. അടുത്തകാലത്ത് മുംബൈയിലും അസാമിലും നടന്ന സംഭവങ്ങള്‍ സൈബര്‍ ലോകം കൊണ്ടാടിയതിനെ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് രണ്ടുകാര്യങ്ങളാണ്. കെട്ടഴിഞ്ഞ പട്ടംപോലെ ഇന്റര്‍നെറ്റ് മീഡിയ ഒരുവശത്തും. പെയ്ഡ് ന്യൂസും കോര്‍പ്പറേറ്റുകളുടെ റാന്‍ മൂളികളായി നല്ലൊരു മാധ്യമസംസ്‌ക്കാരത്തില്‍ നിന്ന് വ്യതിരിക്തമായി പത്രപ്രവര്‍ത്തനത്തെ ലാഭംകൊയ്യാവുന്ന ബിസിനസ്സായി കാണുന്ന പരമ്പാരഗത മാധ്യമങ്ങള്‍ മറുവശത്ത്. ഇതിനിടയ്ക്ക് ഞെരിഞ്ഞു തീരുന്നതെന്തൊ അതാണ് വാര്‍ത്തകള്‍. ഒരു ജനതയെ മുഴുവന്‍ ജാഗ്രത്താക്കേണ്ട എന്നും സത്യത്തെ സത്യസന്ധമായി അവതരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്രമാധ്യമങ്ങളും നവ മാധ്യമങ്ങളും സത്യത്തില്‍ ഈ ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നതെങ്ങിനെയാണ്?. അവര്‍ അവരുടെ മണിമുഴക്കുന്നത് ആര്‍ക്കുവേണ്ടിയാണ്.

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂണ്‍ 25 അര്‍ദ്ധരാത്രി മുതല്‍ 19 മാസക്കാലം സ്വേച്ഛാധിപത്യത്തിന്റെ കയ്പുനീര്‍ ഇന്ത്യയിലും അനുഭവിച്ചറിഞ്ഞതാണല്ലൊ! ഭരണഘടന അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ 19 (1)(എ) യിലെ 'അഭിപ്രായം പറയാനും പ്രകടിപ്പിക്കാനുമുള്ള മൗലികാവകാശങ്ങള്‍ ഈ കാലയളവില്‍ ഇന്ത്യന്‍ പൗരന് നിഷേധിക്കുകയുണ്ടായി. ഈ രീതിയില്‍ തികച്ചും സ്വേച്ഛാധിപത്യ ഗര്‍വ്വ് നടപ്പിലാക്കുക വഴി ജനാധിപത്യ സമ്പ്രദായത്തെത്തന്നെ വെല്ലുവിളിക്കുകയാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ചെയ്തത്. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തെക്കുറിച്ചും അതു സംബന്ധിച്ച സത്യസന്ധമായ വാര്‍ത്തകളെക്കുറിച്ചും ഇന്ത്യന്‍ ജനതയെ അറിയിക്കാതിരിക്കാനായി അര്‍ദ്ധരാത്രിതന്നെ ഇന്ത്യയിലെ മൂന്നു പ്രമുഖ ദിനപ്രത്രങ്ങളായ ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ദി പട്രിയട്ട്, നാഷണല്‍ ഹെറാള്‍ഡ് എന്നിവ പ്രസിദ്ധീകരിക്കുന്ന ഡെല്‍ഹിയിലെ ബഹദൂര്‍ഷാ സഫര്‍ മാര്‍ഗ്ഗിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഹിന്ദുസ്ഥാന്‍ ടൈസ് ഓഫീസ് അടച്ചുപൂട്ടി സീല്‍ ചെയ്യുകയും ജൂണ്‍ 26ാം തീയ്യതി രാവിലെ ഇറങ്ങിയ ദി സ്റ്റേറ്റ്‌സ്മാന്‍ പത്രത്തിന്റെ കോപ്പികള്‍ വിതരണം ചെയ്യുന്നതിനുമുന്‍പ് പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന്  നടന്ന കിങ്കര ഭരണത്തിന്റെ ഭാഗമായി പല പ്രമുഖ പത്രമുടമകളേയും, എഡിറ്റര്‍മാരേയും ജയിലിലടച്ചു. മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും “മിസ'' (MISA) എന്ന കരിനിയമം വഴി വേട്ടയാടപ്പെട്ടു. മാധ്യമങ്ങളെ അടിയന്തിരാവസ്ഥക്കാലത്ത് ഭരണകൂടം എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണിത്. മാധ്യമങ്ങളെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനനുവദിച്ചാല്‍ ഇന്ദിരാഗാന്ധിയുടെ ചെയ്തികളെ ജനങ്ങള്‍ ചോദ്യം ചെയ്യുമെന്നും ജനാധിപത്യത്തിലേക്കുള്ള രാജ്യത്തിന്റെ തിരിച്ചുവരവ് തനിക്കനുകൂലമാകില്ലെന്നും അവര്‍ക്കറിയാമായിരുന്നു.
അടിയന്തിരാവസ്ഥക്ക് മുന്‍പുതന്നെ നിലവില്‍ വന്നിരുന്ന പത്രങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്ന പ്രസ്സ് കൗണ്‍സില്‍ ആക്ട് മരവിപ്പിക്കപ്പെട്ടു. തുടര്‍ന്ന് അടിയന്തിരാവസ്ഥ പിന്‍ വലിച്ചതിനുശേഷമാണ് ഈ ആക്ട് പുനസംഘടിപ്പിക്കപ്പെട്ടതും, മാധ്യമങ്ങള്‍ക്ക് കൂടുതല്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം നല്‍കിയതും. ഭരണ ഘടനയുടെ 19 (1) (എ) അനുസരിച്ചുള്ള, അഭിപ്രായം പറയാനും ആവിഷ്‌ക്കരിക്കാനുമുള്ള ഇന്ത്യന്‍ പൗരന്റെ സ്വാതന്ത്ര്യമാണ് പത്രപ്രവര്‍ത്തകര്‍ക്കുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ ആധാരശില. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു അര്‍ദ്ധ നീതിന്യായ സ്വഭാവത്തോടെ 1978 ല്‍ നിലവില്‍ വന്ന പ്രസ്സ് കൗണ്‍സില്‍ ആക്ട്. ഇത്തരത്തില്‍ ഒരു ആക്ട് നിലവിലുണ്ടെങ്കിലും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ദുര്‍വിനിയോഗം ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ തടയാന്‍ ഈ ആക്ട് ഫലപ്രദമല്ല. കാര്യമായ പിഴ ചുമത്താന്‍ പോലും കഴിയാത്ത വകുപ്പുകളുടെ അഭാവം ഈ ആക്ടിനെ ദുര്‍ബലമാക്കുന്നു. ഈ ബലഹീനതകളെയാണ് ഇന്ന് മാധ്യമപ്രവര്‍ത്തകരും ഉടമകളും വേണ്ടരീതിയില്‍ മുതലെടുക്കുന്നത്. മാത്രമല്ല പ്രസ്സ് കൗണ്‍സില്‍ ആക്ട് ഇന്ത്യയില്‍ ബാധകമായിട്ടുള്ളത് അച്ചടി മാധ്യമങ്ങള്‍ക്കു മാത്രമാണ്.
ഒരു ജനാധിപത്യ സംവിധാനത്തില്‍, പത്രാധിപര്‍ക്ക് ജനങ്ങള്‍ക്കുള്ള കടമകളെക്കുറിച്ചും പ്രത്രധര്‍മ്മത്തെക്കുറിച്ചും അറിവും ബോധവുമുണ്ടായിരുന്ന രാമനാഥ് ഗോയങ്കെ, കരഞ്ചിയ, വര്‍ഗ്ഗീസ് തുടങ്ങിയ പ്രമുഖര്‍ ദേശീയ പത്രങ്ങളിലും സ്വദേശാഭിമാനിയേയും, കേസരിയേയും, വര്‍ഗ്ഗീസ് മാപ്പിളയേയും, കെ. പി. കേശവമേനോനെയും പോലുള്ളവര്‍ മലയാള പ്രതങ്ങളിലും നിറഞ്ഞുനിന്ന ഒരു ഇന്നലെയില്‍ നിന്നും വാര്‍ത്തകള്‍ വിലപ്പേശുകയും വില്‍ക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തിലേക്ക് നാം എത്തിയിരിക്കുന്നു. മനു മോഡ്ഗില്‍ എന്ന പ്രവര്‍ത്തകന് വിവരാവകാശ നിയമം അനുസരിച്ച് പ്രസ്സ് കൗണ്‍സില്‍ നല്‍കിയ വിവരങ്ങള്‍ ഇന്ത്യന്‍ മാധ്യമ രംഗത്തെ നിലവിലുള്ള അഴിമതികളിലേക്ക് വെളിച്ചം വീശുന്നതാണ്.
“അഡ്വട്ടോറിയല്‍” എന്ന ഓമനപ്പേരില്‍, 2004 ലും 2009ലും നടന്ന ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പില്‍ പല രാഷ്ട്രീയപ്പാര്‍ട്ടികളല്‍ നിന്നും സ്ഥാനാര്‍ത്ഥികളില്‍ നിന്നും കോടിക്കണക്കിന് രൂപ കൈപ്പറ്റി ചില പത്രങ്ങള്‍ അവരുടെ സ്തുതിപാഠകരാവുകയും എതിര്‍സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കാതെ തോല്‍വി ഉറപ്പുവരുത്താന്‍ സാഹായിക്കുന്ന രീതിയില്‍ ഒത്താശകള്‍ ചെയ്തുകൊടുക്കുകയുമുണ്ടായി. ഇത്തരത്തില്‍ “Paid News” പ്രസിദ്ധീകരിച്ചും നെറികെട്ട മാധ്യമപ്രവര്‍ത്തനത്തിന് ജനാധിപത്യ ഇന്ത്യ സാക്ഷ്യം വഹിച്ചു. ഇതിനെ തുടര്‍ന്ന് കുല്‍ദീപ് നയ്യര്‍, പ്രഭാഷ് ജോഷി, ബി.ജി, വര്‍ഗ്ഗീസ് തുടങ്ങിയ പ്രമുഖ പത്രപവര്‍ത്തകര്‍ പ്രസ്സ് കൗണ്‍സിലിന് പരാതി നല്‍കുകയും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ജസ്റ്റീസ് ജി. എന്‍. റോയി ചെയര്‍മാനായി ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കമ്മീഷന്‍ ആദ്യം മടിച്ചെങ്കിലും പിന്നീട് പ്രസിദ്ധീകരിച്ച 71 പേജുകളുള്ള റിപ്പോര്‍ട്ട് ഇന്ത്യന്‍ ജനാധിപത്യത്തിനുതന്നെ തീരാക്കളങ്കമാണ്.
മാധ്യമങ്ങള്‍ നടത്തിയ ഈ അഴിമതി നിലവിലുള്ള ജനപ്രാതിനിധ്യ നിയമത്തിന്റേയും, ഇന്‍ഡ്യന്‍ ഇന്‍കം ടാക്‌സ് ആക്ട്, കമ്പനീസ് ആക്ട് എന്നിവയുടെ കൂടി ഗരുതരമായ ലംഘനമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്നത്തെ സെബി (സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ചെയര്‍മാന്‍ പ്രസ്സ് കൗണ്‍സിലിനോട് ആശങ്ക അറിയിക്കുകയുണ്ടായി. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഇത്തരത്തില്‍ “പെയ്ഡ് ന്യൂസ്” ആയി പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ക്ക് നല്‍കുന്ന പണം ഇലക്ഷന്‍ കമ്മീഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ചെലവു ചെയ്യാവുന്ന നിജപ്പെടുത്തിയ തുകയുടെ കണക്കില്‍ പെടുന്നില്ല. കൊടുക്കുന്നവനും വാങ്ങുന്നവനും വിനിമയം നടത്തുന്നത് കള്ളപ്പണമായതിനാല്‍ വരുമാന നികുതിയില്‍ ഉള്‍പ്പെടുത്തുകയൊ കണക്കില്‍ കാണിക്കുകയൊ ചെയ്യില്ല. അതുകൊണ്ടാണ് ഈ പങ്കുകച്ചവടത്തെ കുറിച്ച് സെബിയുടെ ചെയര്‍മാന്‍ ആശങ്ക പ്രകടിപ്പിച്ചത്.
എണ്‍പതുകളില്‍ ബെന്നറ്റ് കോള്‍മാന്‍ എന്ന അച്ചടി മാധ്യമ ശാഖയുടെ ചുമതല വിമല്‍ ജെയിന്‍ എന്ന കുശാഗ്ര ബുദ്ധിയുള്ള വ്യവസായി ഏറ്റെടുക്കുന്നതോടെയാണ് ഇന്ത്യന്‍ മാധ്യമരംഗത്ത് വ്യക്തമായ കച്ചവട മനോഭാവം പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്. ബെന്നറ്റ് കോള്‍മാന് ഓഹരി പങ്കാളിത്തമുള്ള മറ്റു പല ഉത്പന്നങ്ങളുടേയും സ്ഥാപനങ്ങളുടേയും പരസ്യങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യാ ഗ്രൂപ്പ് മാത്രമായി ഏറ്റെടുത്തു നടത്താന്‍ തുടങ്ങി. ഇത്തരം ഉത്പന്നങ്ങളുടേയും അതിന്റെ സംരംഭകരുടേയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി വാര്‍ത്തകള്‍ കൊടുക്കാതിരിക്കുകയും കിട്ടുന്ന അവസരങ്ങളിലെല്ലാം തന്നെ Sales Promotion നടത്തുകയും ചെയ്തതോടെ വാര്‍ത്തകള്‍ക്ക് പരസ്യച്ചുവ വന്നുതുടങ്ങി. 1993 ല്‍ റുപോര്‍ട്ട് മര്‍ഡോക്ക് സ്റ്റാര്‍ ടി.വി. ശൃംഖലയുടെ ഇന്‍ഡ്യന്‍ ഓപ്പറേഷനില്‍ 64% ഓഹരികള്‍ വാങ്ങുകയും കാലക്രമേണ പ്രാദേശിക ഭാഷ ചാനലുകളിലേക്ക് കടക്കുകയും ചെയ്തതോടെ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്വകാര്യ ചാനലായ എഷ്യാനെറ്റ് അടക്കമുള്ളവ ഈ മാധ്യമ ഭീമന്റെ കാല്‍ക്കീഴിലായി. അച്ചടി-ദൃശ്യ മാധ്യമരംഗത്ത് ഇന്ത്യയില്‍ 1991 മുതല്‍ നടപ്പിലായ ഉദാരവത്ക്കരണത്തിന്റെ തിക്തഫലങ്ങള്‍ ഇന്ന് ജനാധിപത്യത്തിനുവരെ ഭീഷണിയുയര്‍ത്തിക്കൊണ്ട് ഒരു മാധ്യമ സംസ്‌ക്കാരത്തകര്‍ച്ചയിലേക്ക് എത്തിച്ചു. ഇതില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് ഇന്ത്യയിലെ കുത്തക മുതലാളിമാരും രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും കൂടി കൈകോര്‍ക്കുമ്പോള്‍ സ്വാര്‍ത്ഥതാല്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നതും വളച്ചൊടിക്കപ്പെടുന്നതും വിഴുങ്ങുന്നതും ഇക്കാരണങ്ങളാല്‍ തന്നെയാണ്.
ഡെല്‍ഹിയിലെ പയനീര്‍ പത്രത്തിന്റെ ലേഖകനായ മലയാളികൂടിയായ ഗോപീകൃഷ്ണന്‍ 2ജി അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ പത്ര പ്രവര്‍ത്തനം വഴി ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്. നീരാ റാഡിയ എന്ന അധികാര ദല്ലാള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടി നടത്തിയ വിലപേശലുകളും ഉടമ്പടികളും നമ്മുടെ മാധ്യമ പ്രവര്‍ത്തകരായ വീര്‍ സാംഘ്‌വി, ബര്‍ക്ക ദത്ത് എന്നിവര്‍ കൂടി ഉള്‍പ്പെട്ടതായിരുന്നു എന്ന് ആരോപിക്കപ്പെടുകയും തെളിയിക്കാനായി ടേപ്പിലെ ഉള്ളടക്കം “ഔട്ട്‌ലുക്ക്” മാഗസിന്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതേ ഇടപാടില്‍ രത്തന്‍ ടാറ്റയുടെ പേര്‍കൂടി കേസില്‍ ഉള്‍പ്പെട്ടതായി മാഗസിന്‍ പ്രസിദ്ധീകരിച്ചതോടെ ഇനി മേലാല്‍ “ഔട്ട് ലുക്ക്” ഗ്രൂപ്പിന് ടാറ്റ സ്ഥാപനങ്ങളുടെ യാതൊരു പരസ്യങ്ങളും നല്‍കുന്നതല്ലെന്ന് പ്രഖ്യാപിച്ചു. കോര്‍പ്പറേറ്റ് മാധ്യമ കക്ഷിരാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന്റെ 2ജി, കോള്‍ഗേറ്റ് അഴിമതിക്കഥകള്‍ സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ്. 1987ല്‍ സ്വീഡിഷ് റേഡിയൊ പുറത്തുവിട്ട ഒരു വാര്‍ത്തയെ പിന്‍തുടര്‍ന്ന് സ്വതന്ത്ര പത്രപ്രവര്‍ത്തകയായ ചിത്രാ സുബ്രമഹ്ണ്യം ജെനീവയില്‍ നിന്നും കണ്ടെടുത്ത് ഇന്ത്യന്‍ എക്‌സ്പ്രസ്സും ദി ഹിന്ദുവും പ്രസിദ്ധീകരിച്ച ബോഫോഴ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട രേഖകള്‍, അന്വേഷണ പത്ര പ്രവര്‍ത്തനത്തിന്റെ ഇന്ത്യയിലെ ഏറ്റവും മഹനീയ ഉദാഹരണമാണ്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ “മിസ്റ്റര്‍ ക്ലീന്‍” ഇമേജ് തകര്‍ന്നു തരിപ്പണമാകാന്‍ കാരണമായത് ബോഫോഴ്‌സ് അഴിമതിയുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഈ വാര്‍ത്തകളും രേഖകളുമായിരുന്നു.
ജനപക്ഷത്ത് നില്‍ക്കേണ്ട മാധ്യമങ്ങള്‍ പലപ്പോഴും മാധ്യമ പ്രവര്‍ത്തനത്തെ മറ്റു ബിസിനസ്സ് രീതിയില്‍ കൈകാര്യം ചെയ്യുമ്പോള്‍ തകര്‍ന്നുവീഴുന്നത് മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം സ്തംഭമാണ് എന്ന വിശേഷണമാണ്. ഇത്തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനം സംരക്ഷിക്കുന്നത് സ്വാര്‍ത്ഥ ലാഭത്തേയും, വിലപ്പെട്ട മാധ്യമ പാരമ്പര്യത്തേയുമാണെന്ന കാര്യം വേദനാജനകമാണ്. ഐ.ഐസ്.ആര്‍.ഓ ചാരക്കേസ് ഭരണകൂടത്തിന്റെയും മാധ്യമങ്ങളുടേയും സൃഷ്ടിയായിരുന്നു എന്ന് ഇന്ന് നമ്മള്‍ മനസ്സിലാക്കുന്നു. അതിന്റെ ദുരന്തചിത്രമായിരുന്നു നമ്പി നാരായണന്‍ എന്ന ഇന്ത്യകണ്ട പ്രഗ്ത്ഭനായ ശാസ്ത്രജ്ഞന്‍. കാളപെറ്റു എന്നു കേട്ട മാത്രയില്‍ കയറെടുക്കുന്ന ദേശീയ മാധ്യമങ്ങളും വിശേഷിച്ച് മലയാളത്തിലെ മാധ്യമങ്ങള്‍ പിന്‍തുടരുന്ന പ്രവര്‍ത്തനശൈലിയുടെ ഇരയായിരുന്നു നമ്പി നാരായണന്‍. ഔദ്യോഗിക ജീവിതവും കുടുംബജീവിതവും ചാരക്കേസുമായി ബന്ധപ്പെടുത്തി തകര്‍ത്തെറിയപ്പെട്ടപ്പോള്‍ നിഷ്‌ക്രിയമായിരുന്ന കോടതി വര്‍ഷങ്ങള്‍ക്കു ശേഷം കുറ്റ വിമുക്തമാക്കി വിധി പ്രഖ്യാപിക്കുമ്പോഴേക്കും കേരളത്തിലെ മാധ്യമങ്ങള്‍ അവരുടെ കങ്കാണിപ്പണി എന്നേ പൂര്‍ത്തിയാക്കിയിരുന്നു.
മാധ്യമ പ്രവര്‍ത്തകര്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ദുരൂപയോഗം ചെയ്യുന്നത് ഇന്ത്യയില്‍ പുതിയ കാര്യമല്ല. മാധ്യമ പ്രവര്‍ത്തനത്തെ സംബന്ധിച്ച് അടിസ്ഥാന യോഗ്യതപോലുമില്ലാതെയാണ് പലരും ഈ രംഗത്തേക്ക് കടന്നു വരുന്നത്. വ്യക്തമായ ഒരു Code of Conduct വഴി മാധ്യമ സ്ഥാപനങ്ങള്‍ തന്നെ ഇവരെ നിയന്ത്രിക്കേണ്ടതാണ് പക്ഷെ നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ല. ഇതിനപവാദമായി പറയാവുന്നത് ഹിന്ദുസ്ഥാന്‍ ടൈംസ് ഗ്രൂപ്പിന്റെ ബിസിനസ്സ് വാര്‍ത്താ പ്രസിദ്ധീകരണമായ “മിന്റ്” മാത്രമാണെന്നറിയുമ്പോള്‍ അത്ഭുതം തോന്നാം. ഇക്കാര്യത്തില്‍ പ്രസ്സ് കൗണ്‍സില്‍ സംവിധാനങ്ങള്‍ വെറും നോക്കുകുത്തികളാണ്. അനുവാദമില്ലാതെ ഏതെങ്കിലും വ്യക്തികളുടെ ഫോട്ടോയൊ സംഭാഷണമൊ എടുക്കാനോ റെക്കോര്‍ഡ് ചെയ്യാനോ ശ്രമിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. മോഷണമൊ, കൊലക്കുറ്റമൊ ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുക്കുമ്പോഴേക്കുതന്നെ കുറ്റവാളിയായി ചിത്രീകരിക്കാനുള്ള പ്രവണത ഇന്നത്തെ പുത്തന്‍കൂറ്റുകാരുടെ മാധ്യമസംസ്‌ക്കാരമാണ്. മാത്യു സാമുവല്‍ എന്ന പ്രത്രപ്രവര്‍ത്തകന്‍ തെഹല്‍ക്ക പോര്‍ട്ടലിനുവേണ്ടി 2001 ല്‍ West End Sting ഓപ്പറേഷന്‍ വഴി ഇന്‍ഡ്യന്‍ ഡിഫന്‍സിനുവേണ്ടി ആയുധക്കരാര്‍ ഉറപ്പിക്കാനെന്ന വ്യാജേന ബംഗാരു ലക്ഷമണനെന്ന ബി.ജെ.പി. നേതാവിനെ കുടുക്കിയത്  പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമെന്ന് പറയാന്‍ കഴിയില്ല. പക്ഷെ രാജ്യത്തിന്റെ സുപ്രധാന വുകുപ്പായ പ്രതിരോധ മേഖലയില്‍ ഇങ്ങിനെ പല പകല്‍ക്കൊള്ളകളും നടക്കുമ്പോള്‍ മാത്യും സാമുവല്‍ എന്ന ഈ പത്രപ്രവര്‍ത്തകന്‍ യഥാര്‍ത്ഥ പത്രമധര്‍മ്മത്തിന്റെ നിയതമായ മാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിച്ചുവെന്ന് പ്രത്യക്ഷത്തില്‍ പറയാമെങ്കിലും ചെയ്തത് വലിയൊരു കാര്യമാണ്. ഒളിക്യാമറവയ്ക്കലും സ്വകാര്യതയിലേക്കുള്ള കടന്നുയറ്റവുമൊക്കെ നല്ലൊരു പത്രപ്രവര്‍ത്തകന്റെ വഴിയല്ലങ്കിലും സമൂഹ നന്മയ്ക്കുവേണ്ടി ചില പ്രത്യേക സാഹചര്യത്തില്‍ പത്രപ്രവര്‍ത്തകന് വേറിട്ട വഴികളിലൂടെ നടക്കേണ്ടി വരുന്നു. പക്ഷെ സമീപകാലത്ത് നടന്ന പല പത്രറിപ്പോര്‍ട്ടിങ്ങുകള്‍ പരിശോധിക്കുമ്പോള്‍ ഈയൊരു പൊതുനന്മ കാണാനാവില്ല. റേറ്റിംഗ് വര്‍ദ്ധിപ്പിക്കുന്നതിനും ലാഭമുണ്ടാക്കുന്നതിനുംവേണ്ടി നിരാപരാധികളായ മനുഷ്യരുടെ സ്വകാര്യതകളെ ചൂഴ്‌ന്നെടുക്കുന്ന നവലോക പത്രപ്രവര്‍ത്തനത്തെ എന്തുപേരിട്ട് വിളിക്കണം. അടുത്തയിടെ അസമില്‍ നടന്ന കലാപത്തിനു മുന്നോടിയായി ഗോഹട്ടി നഗരത്തിലെ തിരക്കുപിടിച്ച തെരുവില്‍ കുറച്ചു ചെറുപ്പക്കാര്‍ ഒരു പെണ്‍കുട്ടിയെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. ഒരു സ്വകാര്യ ചാനലിന്റെ റിപ്പോര്‍ട്ടറായ ഗൗരവ് ജ്യോതി നിയോഗ്, ആ സംഭവം വാര്‍ത്തക്കുവേണ്ടി അയാള്‍തന്നെ മുന്‍ പദ്ധതി പ്രകാരം തയ്യാറാക്കിയതായിരുന്നുവെന്ന് പിന്നീട് പോലീസിനോട് സമ്മതിച്ചു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ഇത്തരത്തില്‍ ദുരൂപയോഗം ചെയ്യപ്പെടുമ്പോള്‍ പലര്‍ക്കും നഷ്ടപ്പെടുന്നത് ജീവനും, കുടുംബബന്ധങ്ങളും, അഭിമാനവുമാണ്. കഴിഞ്ഞ ആഗസ്റ്റ് 30 നാണ് ശിവാലി എന്ന 21 വയസ്സുകാരിയായ ജലന്ധര്‍ എസ്.ഡി. കോളജ് വിദ്യാര്‍ത്ഥിനിയെ അതേ കോളജില്‍ തന്നെ പഠിക്കുന്ന ഒരു ആണ്‍കുട്ടിയുടെ വാഹനത്തില്‍ യാത്ര ചെയ്തതിന് ബല്‍വിന്ദര്‍ കൗര്‍ എന്ന ഇന്‍സ്‌പെക്ടര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതും. ഫോട്ടോ അടക്കമുള്ള വാര്‍ത്ത പത്രങ്ങളില്‍ അടിച്ചുവന്നതോടെ അപമാനിതയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തും മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു!.
വാര്‍ത്തകളെ വളച്ചൊടിക്കുന്നതിലും പലരുടേയും ജീവിതം തകര്‍ക്കുന്നരീതിയില്‍ തെറ്റായി വാര്‍ത്തകള്‍ “ബ്രേക്കിംഗ് ന്യൂസ്”, “എക്‌സ്‌ക്ലൂസിവ്” എന്ന ഓമനപ്പേരുകള്‍ നല്‍കി ജനങ്ങളെ തെറ്റീദ്ധരിപ്പിക്കുന്നതിലും കേരളത്തിലെ മാധ്യമങ്ങളും മുന്‍പന്തിയില്‍തന്നെയാണ്. അന്തര്‍ സംസ്ഥാന നദി ജലതര്‍ക്കവും, അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള വിവാദങ്ങളും ഇടക്കാല തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ചിലര്‍ രാഷ്ട്രീയ ലാഭത്തിനായി മീഡിയയെ കൂട്ടുപിടിച്ച് നടത്തിയ കസര്‍ത്തുകളുടെ ഭാഗമായിരുന്നു. ഒടുവില്‍ രണ്ടു സംസ്ഥാനത്തേയും ആളുകള്‍ക്കിടെ സ്പര്‍ദ്ദ വളര്‍ത്താന്‍ മാധ്യമങ്ങള്‍ക്കു കഴിഞ്ഞു. നമ്പിനാരായണനെ ചാരനാക്കി ആഘോഷിച്ചു തിമിര്‍ത്ത മാധ്യമങ്ങള്‍ മാറാട് കലാപത്തില്‍ സാമുദായിക വൈരം വളര്‍ത്തുന്ന രീതിയിലാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്തത്. ടി.പി. ചന്ദ്രശേഖരന്‍ വധം, ഷുക്കൂര്‍ വധം, ഫസല്‍ വധം എന്നീ കേസുകളില്‍ കേരളത്തിലെ മിക്കവാറും മാധ്യമങ്ങള്‍ നടത്തിയ മീഡിയ ആക്ടിവിസം ന്യായീകരിക്കത്തക്കതല്ല. ഒരേ സമയം തന്നെ പോലീസ് നായയുടേയും, പോലീസിന്റേയും ന്യായാധിപന്റേയും റോളുകള്‍ മാധ്യമങ്ങള്‍ തന്നെ ഏറ്റെടുക്കുകയായിരുന്നു. കൊലപാതകങ്ങള്‍ ആരുടേതായാലും അപലപിക്കേണ്ടതും കുറ്റക്കാര്‍ മാതൃകാപരമായി ശിക്ഷിക്കപ്പേടേണ്ടതാണെന്നതിലും തര്‍ക്കമില്ല. പത്രമുടമയുടെ പാര്‍ട്ടി ഇടതുപക്ഷത്താകുമ്പോള്‍ ഇടതുപക്ഷത്തെ പ്രകീര്‍ത്തിച്ചും മറിച്ച് വലതുപക്ഷത്താകുമ്പോള്‍ വലതുപക്ഷത്തിനുവേണ്ടി പാദസേവ ചെയ്യുന്നതിനായി മാധ്യമ സ്ഥാപനത്തേയും പ്രവര്‍ത്തകരേയും ഉപയോഗിക്കുന്ന മാധ്യമ സംസ്‌ക്കാര പ്രവണത തികച്ചും മ്ലേച്ഛമാണ്. “വായില്‍ എല്ലിന്‍ കഷ്ണം വെച്ച പട്ടിക്ക് കുരക്കാനാവില്ല” എന്ന മാധ്യമ ലോകത്തെ പ്രസിദ്ധ പ്രയോഗം ഇത്തരത്തില്‍ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന പലര്‍ക്കും യോജിച്ചതാണ്.
കേരളത്തില്‍ സദാചാര പോലീസ് വിളയാട്ടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയൊ പ്രക്ഷേപണം ചയ്യുകയൊ ചെയ്ത തെറ്റായ വാര്‍ത്തകളുടെ പേരില്‍ തകരുന്നത് പലരുടേയും കുടുംബബന്ധങ്ങളും ജീവിതവുമാണ്. കൊലപാതകങ്ങളില്‍ മാധ്യമങ്ങള്‍ എടുക്കുന്ന നിലപാടുകള്‍ പലപ്പോഴും കേസിന്റെ തെളിവെടുപ്പിനേയും കോടതിവിധിയേയും പരോക്ഷമായെങ്കിലും സ്വാധീനിക്കാറുണ്ട്. നവംബര്‍ 26 ന് മുംബൈയില്‍ നടന്ന തീവ്രവാദി ആക്രമണങ്ങളില്‍ താജ് ഹോട്ടലില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാനായി നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്  നടത്തിയ ഓപ്പറേഷന്റെ തത്സമയ സംപ്രേഷണം ഉണ്ടായതുകൊണ്ട് തീവ്രവാദികളുടെ നേതാക്കള്‍ക്ക് സൗകര്യമായി. താജില്‍ കടന്നുകൂടിയ തീവ്രവാദികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നമ്മുടെ മാധ്യമങ്ങളുടെ അപക്വമായ പ്രവൃത്തിമൂലം കഴിഞ്ഞതായി 'കസബ്' എന്ന പിടിയിലായ ഭീകരന്‍ അന്വേഷണ ഏജന്‍സികള്‍ മുമ്പാകെ മൊഴി നല്‍കി. ഇത്തരത്തില്‍ രാജ്യ സുരക്ഷക്കുതന്നെ ഭീഷണിയുയര്‍ത്തുന്ന രീതിയിലുളള ലൈവ് സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍ സാമാന്യബുദ്ധിയെങ്കിലും ഉപയോഗിച്ചിരുന്നെങ്കില്‍ നന്നായേനെ.
നവോദ്ധാന പ്രസ്ഥാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച ഇപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ പടുത്തുയര്‍ത്തിയ സാമൂഹ്യ രാഷ്ട്രീയ-വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ മാറ്റം കേരളത്തിലെ ജനജീവിതത്തെയും രാജ്യത്തെഒട്ടാകെയും മുഖ്യധാരയില്‍ നിന്നും ഉയര്‍ന്ന നിലവാരത്തിലേക്കുയര്‍ത്തി. ഇതിനായി അന്ന് കേരളത്തില്‍ സക്രിയമായിരുന്ന മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. എന്നാല്‍ നൂറ്റാണ്ടിന്റെ അവസാനത്തോടെതന്നെ ഈ മാറ്റം പരിതാപകരമായ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നു. വര്‍ഗ്ഗീയ സംഘട്ടനങ്ങളും, അമിത മദ്യപാനവും, സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളും, രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയുംകൊണ്ട് നമ്മള്‍ കരുതി വച്ചിരുന്ന സാംസ്‌ക്കാരിക പാര്യമ്പര്യത്തിന്റെ തിരുശേഷിപ്പുകളെ കൈവിട്ടുകളഞ്ഞു. ഇന്ന് അന്ധവിശ്വാസങ്ങളുടേയും ഭൂമാഫിയകളുടേയും നടുവില്‍പ്പെട്ട് നട്ടം തിരിയുന്ന കേരള ജനതയെ രക്ഷിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മാധ്യമങ്ങള്‍ക്കാവില്ല. മാധ്യമങ്ങള്‍ പലപ്പോഴായി എടുക്കുന്ന പ്രതിലോമ രാഷ്ട്രീയ നിലപാടുകള്‍ ജനവിരുദ്ധ തീരുമാനങ്ങളെടുക്കാനും കുതന്ത്രങ്ങള്‍ മെനയാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറ്റു ഛിദ്രശക്തികള്‍ക്കും സഹായകമാകുന്നുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പക്ഷം പിടിക്കാത്ത ഒരു മാധ്യമസ്ഥാപനവും ഇല്ലെന്ന് നിസ്സംശയം പറയാം. അതിനാല്‍ തന്നെ നേരറിയാനും നേരത്തെ അറിയാനും പത്രം  വായിച്ചിരുന്ന കഴിഞ്ഞകാലം വിസ്മൃതിയിലാണ്ടു പോകുന്നു.
ഇത് കേരളത്തിലേയൊ അല്ലെങ്കില്‍ ഇന്ത്യയില്‍ മാത്രമായൊ ഒതുങ്ങി നില്‍ക്കുന്ന സവിശേഷതയല്ല, ലോകത്തിന്റെ പല ഭാഗത്തും മാധ്യമ സ്ഥാപനങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത് ചില കുത്തക മുതലാളിമാരാലാണ്. അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലും ബ്രീട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിലും കുത്തകകളായ ടൈം വാര്‍ണര്‍, വാള്‍ട്ട് ഡിസ്‌നി, വയാകോം, റൂപോര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പറേഷന്‍ എന്നിവരുടെ തീരുമാനങ്ങളാണ് പലപ്പോഴും നിര്‍ണ്ണായകമാവുന്നത്. അതിനിടെ കണ്ണിലെ കരടുപോലെ കയറിവന്ന വിക്കീലീക്‌സ് സ്ഥാപകനായ ജൂലിയന്‍ അസാന്‍ഞ്ചെ, ബ്രാഡ്‌ലി മാനിംഗ് തുടങ്ങിയ “വിസില്‍ ബ്ലോവേര്‍സ്” ന്റെ വെളിപ്പെടുത്തലുകള്‍ ഈ കണക്കുകൂട്ടലുകളെയെല്ലാം തകിടം മറിക്കുന്നു. വിക്കിലീക്‌സ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവിട്ട അതീവ രഹസ്യസ്വഭാവമുള്ള വാര്‍ത്തകള്‍ പല നേതാക്കളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും ഉറക്കം കെടുത്തിയതിനാലാണ് ഇല്ലാത്ത ബലാത്സംഗ കുറ്റം ചുമത്തി അസന്‍ഞ്ചെ ഇംഗ്ലണ്ടില്‍ വെട്ടയാടപ്പെടുന്നത്. താല്‍ക്കാലികമായി ലണ്ടനിലെ ഇക്വഡോര്‍ എമ്പസ്സി അസാഞ്ചെക്ക് രാഷ്ട്രീയാഭയം നല്‍കിയിട്ടുണ്ടെങ്കിലും ഭാവിയിലെ ജീവ സുരക്ഷയ്ക്ക് യാതൊരു ഉറപ്പുമില്ല.
ഉദാരവത്ക്കരണത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ച റൂപെര്‍ട്ട് മര്‍ഡോക്കിന്റെ 33 ചാനലുകള്‍ എട്ട് ഇന്ത്യന്‍ ഭാഷകളിലായി 40 കോടി വ്യൂവേഴ്‌സ് ഉള്ള ഒരു മാധ്യമ സാമ്രാജ്യം കെട്ടിപ്പൊക്കിയിട്ടുണ്ട്. കൂടാതെ ഇന്ത്യയിലെ അംബാനി സഹോദരന്മാര്‍ക്ക് പങ്കാളിത്തമുള്ള ടി.വി. 18, നെറ്റ് വര്‍ക്ക് 18 തുടങ്ങിയ മീഡിയ സ്ഥാപനങ്ങള്‍ക്ക് സി.എന്‍.എന്‍, സി.എന്‍.ബി.സി, സി.എന്‍.എന്‍.-ഐ.ബി.എന്‍ എന്നിങ്ങനെയുള്ള വിവിധ ചാനലുകളുണ്ട്. ഓഹരിക്കമ്പോളത്തില്‍ കൃത്രിമമായി കയറ്റിറക്കങ്ങള്‍ സൃഷ്ടിച്ച് നിക്ഷേപകരെ കബളിപ്പിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ കൊടുത്ത് രാജ്യത്തെ സാമ്പത്തിക ഭദ്രതയെ തന്നെ താറുമാറാക്കാന്‍ ഇവര്‍ക്ക് കഴിയും. സാമ്പത്തികരംഗം കൈകാര്യം ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ സ്വാധീനിച്ചും അവര്‍ക്ക് വിലയേറിയ പാരിതോഷികങ്ങള്‍ നല്‍കിയും വേണ്ടരീതിയില്‍ സന്തോഷിപ്പിച്ചും ഓഹരിക്കമ്പോളത്തെ വരുതിയില്‍ നിര്‍ത്താന്‍ ഇക്കൂട്ടര്‍ക്ക് കഴിയുന്നു. ഒരു പ്രാദേശിക ഭാഷയായ തെലുങ്കില്‍ മാത്രം 37 വാര്‍ത്താചാനലുകളാണ് പ്രക്ഷേപണ രംഗത്ത് ഇന്ന് നിലവിലുള്ളത്. ഇതില്‍ 31 എണ്ണം ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടേയൊ അവരുടെ ബിനാമികളുടേയൊ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയാണെന്നറിയുമ്പോഴാണ് മാധ്യമരംഗത്തുള്ള ഇവരുടെ വാണിജ്യ താല്പര്യങ്ങള്‍ നമ്മുക്ക് വ്യക്തമാകുന്നത്. ഇവര്‍ക്കെല്ലാം മാധ്യമപ്രവര്‍ത്തനുവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് തെറ്റീദ്ധരിക്കരുത്; ഇത് വെറും ലാഭക്കൊതിയോടെയുള്ള ഒരു കച്ചവടം മാത്രം. ഇത്തരത്തിലുള്ള വഴിവിട്ട രാഷ്ട്രീയ ബന്ധങ്ങളും കച്ചവടതാല്പര്യങ്ങളുമാണ് “ഡെക്കാന്‍ ക്രോണിക്കിള്‍” പോലുള്ള ശക്തമായ അടിത്തറയുണ്ടായിരുന്ന ഒരു മാധ്യമസ്ഥാപനത്തിന്റെ ചരമക്കുറിപ്പെഴുതിയത്.
അച്ചടി ദൃശ്യമാധ്യമരംഗത്തെ പഴക്കവും തഴക്കവും ചെന്ന പലരും ഇന്ന് കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്ന ഇവര്‍ക്ക് സ്ഥാപനത്തോടുള്ള പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും ഒരു സ്ഥിരം പത്രപ്രവര്‍ത്തകന്റെ അത്രയും കാണണമെന്നില്ല. അയതിനാല്‍ തന്നെ മാധ്യമ ധര്‍മ്മം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധത എന്ന നിലക്ക് മാധ്യമ പ്രവര്‍ത്തനം ഏറ്റെടുക്കുന്നവരുടെ എണ്ണം ഈ കാലഘട്ടത്തില്‍ വളരെ കുറവാണ്. പലരും ജീവിക്കാന്‍ ഒരു തൊഴില്‍ എന്ന രീതിയില്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന മൂല്യങ്ങളെപോലും മനസ്സിലാക്കാതെ ഈ രംഗത്തേക്ക് കടന്നുവരുന്നത് സമൂഹത്തിനുതന്നെ ഭീഷണിയാകും. ഇനി ആരെങ്കിലും അത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാം എന്ന കരുതിയാല്‍ തന്നെ എഴുതുന്ന റിപ്പോര്‍ട്ടുകളും സ്‌കൂപ്പും ഡെസ്‌കില്‍ എത്തിയാല്‍ ആട് പട്ടിയായും പട്ടി ആടായും പുറത്തുവരും. ഇത്തരം സാഹചര്യങ്ങളില്‍ മാധ്യമ പ്രവര്‍ത്തകന്‍ വെറുമൊരു എഴുത്തു തൊഴിലാളിയായി അധപതിക്കുന്നു.
പെയ്ഡ് ന്യൂസ് വിവാദത്തില്‍ പ്രത്രമാധ്യമങ്ങള്‍ കോഴ വാങ്ങിയതായി തെളിഞ്ഞതോടെ തകര്‍ന്നടിഞ്ഞത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാമത്തെ സ്തംഭമാണ്. മറ്റ് മൂന്നു സ്തംഭങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ലെജിസ്ലേച്ചര്‍, എക്‌സിക്യുട്ടീവ്, ജ്യുഡീഷ്യറി എന്നിവയില്‍ നേരത്തെതന്നെ വിശ്വാസം നഷ്ടപ്പെട്ടിരുന്ന ഇന്ത്യന്‍ ജനത, മീഡിയക്ക്  സംഭവിച്ചിരിക്കുന്ന അപചയത്തെക്കുറിച്ച് ഇനി എന്ത് എന്ന പുനര്‍വിചിന്തനത്തിലാണ്. നൂതന സാങ്കേതിക വിദ്യയുടേയും, വിവരാവകാശ നിയമത്തിന്റേയും സഹായത്തോടെ മാധ്യമങ്ങള്‍ സമൂഹത്തിലെ പല നെറികേടുകളുടേയും തെളിവുകള്‍ അന്വേഷണ മാധ്യമപ്രവര്‍ത്തനം എന്ന പേരില്‍ നടത്തുന്നുണ്ട്. പക്ഷെ ഇത്തരത്തില്‍ ശേഖരിക്കുന്ന തെളിവുകളും വാര്‍ത്തകളും വിലപേശലുകളിലൂടെ വില്‍ക്കപ്പെടുകയാണ് ചെയ്യുന്നത്. വില്‍ക്കപ്പെട്ട വാര്‍ത്തകളും തെളിവുകളും ഒരിക്കലും ജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടില്ല. ഇത്തരത്തില്‍ നടത്തുന്ന കൂട്ടുകച്ചവടമാണ് ആധുനിക മാധ്യമ പ്രവര്‍ത്തനത്തിന്റെ രസതന്ത്രം.
ഫോര്‍ത്ത് പില്ലറിന്റെ ഇത്തരത്തിലുള്ള അധപതനവും ടുണീഷ്യ, ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ അറബ് വസന്തം വിരിയിക്കാന്‍ കരുത്തേകിയ, ജനാധിപത്യം സാക്ഷാത്ക്കരിച്ച പുത്തന്‍ വെബ് മാധ്യമങ്ങളുടെ കരുത്ത് നല്‍കുന്ന സൂചനകള്‍ പലതാണ്. ഇത് ലോകവ്യാപകമായി ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളുടേതായ ജനാധിപത്യത്തെ താങ്ങി നിര്‍ത്താന്‍ കെല്പ്പുള്ള സുസജ്ജമായ ഒരു പുതിയ സ്തംഭത്തിന്റെ പിറവിയിലേക്ക് നമ്മുടെ പ്രതീക്ഷയെ ഉണര്‍ത്തുന്നു. ഇതിനു ശക്തിപകരാനായി ചുരുങ്ങിയ കാലംകൊണ്ട് അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ് ചങ്കൂറ്റം തെളിയിച്ച ജൂലിയന്‍ അസാന്‍ഞ്ചെയുടെ വിക്കിലീക്‌സ്‌പോലുള്ള വെബ് പോര്‍ട്ടലുകളും ആഗോളതലത്തില്‍ നിലവില്‍ വരുന്നുണ്ട്. അസാന്‍ഞ്ചെയുടെ എ.ഡബ്ല്യു.പി.സി (ദി അസ്സോസിയേറ്റഡ് വിസില്‍ ബ്ലോവര്‍ പ്രസ്സ്) യുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഐസ്‌ലാന്റ് ഗവണ്‍മെന്റ് ഒരു പാര്‍ലമെന്റ് റെസലൂഷന്‍ പാസ്സാക്കി. ഐ.എം.എം.ഐ (ഐസ്‌ലാന്റ് മോഡേര്‍ണ്‍ മീഡിയ ഇനിഷ്യേറ്റിവ്) എന്ന പേരില്‍ ഒരു വിസില്‍ ബ്ലോവേര്‍സ് മീഡിയയ്ക്ക് ഇക്കഴിഞ്ഞ സെപ്തംബര്‍ 26ന് രൂപം നല്‍കിയിട്ടുണ്ട്. മീഡിയ ആക്ടിവിസത്തെ തടയിടാനായി ജനാധിപത്യത്തിന് കരുത്തേകാന്‍ സിവില്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒരു അഞ്ചാമത്തെ സ്തംഭത്തിന് ഇന്ത്യയിലും തുടക്കം കുറിക്കുന്നുണ്ടെന്നത് ആശാവഹമാണ്. പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുകയും അതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നീക്കങ്ങളെ ചെറുത്തു തോല്പിച്ച് ജനാധിപത്യത്തിന് കരുത്തേകാന്‍, അര്‍പ്പണബോധമുള്ള സ്വയം അച്ചടക്കം പാലിക്കുന്ന, വിശ്വസ്ഥരായ, മാധ്യമപ്രവര്‍ത്തകരും അത്തരത്തിലുള്ള ഒരു മാധ്യമസംസ്‌ക്കാരവുമാണ് ഇന്നത്തെ സമൂഹത്തിന്റെ മുഖ്യമായ ആവശ്യം.

(മുംബൈ സാഹിത്യവേദിയുടെ 45ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മാധ്യമ ചര്‍ച്ചയില്‍ ശ്രീ എം.കെ. അച്യുതാനന്ദന്‍ അവതരിപ്പിച്ച ലേഖനം.)

1 comments:

  • Anonymous says:
    October 21, 2012 at 9:51 PM

    This article while it enumerates the ills of the current position of the journalistic profession, it fails to outline remedial measures other than individual integrity. but anyhow a good and knowledgeable article

    Anil Menon
    Nerul

Followers