സാഹിത്യവേദി സെപ്തബര്‍ മാസചര്‍ച്ചയില്‍ അവതരിപ്പിക്കപ്പെടുന്ന രണ്ടു കഥകളില്‍ രണ്ടാമത്തേത്
കൂടുതല്‍വിവരങ്ങള്‍ ഇവിടെ
അഭിമുഖം തുടങ്ങി.
“ജനനം ഏതു വര്‍ഷത്തില്‍”
“അറീല്ല്യാ മോനേ... ഷ്‌കോളില്‍ പോയെങ്കിലല്ലേ? ന്റമ്മ പറേന്ന് കേട്ടിട്ടുണ്ട്; കര്‍ക്കടകത്തില് നല്ല കാറ്റും കോളുണ്ടായിര്ന്ന കൊല്ലായ്‌ര്ന്നൂത്രേ”
ഈ വള്ളുവനാടന്‍ ഗ്രാമശൈലി തനിക്കൊട്ടും മനസ്സിലാവുന്നില്ല. മദ്ധ്യതിരുവിതാംകൂറിലെ അച്ചടിച്ച മലയാളം പറഞ്ഞു ശീലിച്ച ''ജ്യര്‍ണ്ണലിസ്റ്റ്'' പരിഭ്രമത്തോടെ ചിന്തിച്ചു.
അടുത്ത ചോദ്യം?. . . ഇപ്പോള്‍ ഒരു ചോദ്യവും മനസ്സിലില്ല. ആള്‍ക്കൂട്ടം 'കലപില' എന്ന് ശബ്ദമുണ്ടാക്കുന്നു. ശ്രദ്ധ കേന്ദീകരിക്കാന്‍ പറ്റുന്നില്ല. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല ഈ നാട്ടില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം നടക്കുന്നത്. താന്‍ സ്വയം ചരിത്രത്തിന്റെ ഒരു ഭാഗമാവുകയാണ്. ജര്‍ണ്ണലിസം വര്‍ത്തമാനകാല ചരിത്രമാണല്ലോ. ഇത് നാളെ സാമൂഹ്യ ചരിത്രമായി മാറുമ്പോള്‍ ഇന്ന് ഈ അവസരത്തില്‍ ഇവിടെ വന്ന്, ഈ വീരനായികയെ അഭിമുഖം ചെയ്തവനെന്ന നിലയ്ക്ക് തന്റെ പേരും ആള്‍ക്കാര്‍ ഓര്‍ക്കും.
ജര്‍ണ്ണലിസ്റ്റ് ഡയറി തുറന്നു, അടുത്ത ചോദ്യത്തിനായി പല വര്‍ണ്ണത്തിലുള്ള തൂവലുകള്‍ ഈ വൃദ്ധയുടെ തൊപ്പിയില്‍ പറന്നു വന്ന് പറ്റിച്ചേര്‍ന്നതില്‍ ഏറ്റവും അഴകുള്ള തൂവല്‍ താനിപ്പോള്‍ ചോദിക്കാന്‍ പോകുന്ന ചോദ്യമാണ്.
''അമ്മുമ്മ ഇരുപത്തിനാലു പ്രാവശ്യം പ്രസവിച്ചു എന്ന് കേള്‍ക്കുന്നു. ശരിയാണോ?''
''ഇക്കാര്യത്തിലേതുപെണ്ണെങ്കിലും നൊണപറയ്യ്വോ കുട്ട്യേ. . . ? ഞാന്‍ നമ്പറ് കൂട്ടീന്ന് വെക്യാ, കൊറച്ചൂന്ന് വെക്യാ, ന്റെ മോന്‍ നിക്ക് നൂറുറുപ്യ തര്വോ?''
കാണികള്‍ കൂവിച്ചിരിച്ചു.
''അമ്മുമ്മ ചരിത്രം സൃഷ്ടിച്ചത് ഈ ഏരിയായിലായിരിക്കും, പ്രസവത്തില്‍?'' ജര്‍ണ്ണലിസ്റ്റ് ചോദിച്ചു. അവര്‍ ഉത്തരം പറഞ്ഞില്ല.
''പി.ടി. ഉഷ ഓടി ചരിത്രം സൃഷ്ടിച്ചു, പാറുവമ്മ പെറ്റ് ചരിത്രം സൃഷ്ടിച്ചു'' ഒരാള്‍ ഉറക്കെ പറഞ്ഞു. ആണുങ്ങള്‍ കൂവിച്ചിരിച്ചു. പെണ്ണുങ്ങള്‍ മുണ്ടിന്റെ കൊന്തല കൊണ്ട് വായ പൊത്തി ചിരിച്ചു.
''എങ്ങിനെ പ്രസവിച്ചു?'' വായില്‍ നിന്ന് വീണയുടനെ തന്നെ ജര്‍ണ്ണലിസ്റ്റിന് ഈ ചോദ്യത്തിന്റെ അപകടസാദ്ധ്യതകള്‍ മനസ്സിലായി. അയാള്‍ ഉദ്ദേശിച്ചത് അവര്‍ ആധൂനിക വൈദ്യസഹായം പ്രസവങ്ങള്‍ക്കായി തേടിയോ എന്നായിരുന്നു.
''എങ്ങനെ പെറ്റൂന്നൊക്കെ ശോദിച്ചാ. . . അദിപ്പ കുട്ടീനോട് എങ്ങന്യാ ഞാന്‍ പറയ്യ്യാ? കുട്ടി നല്ല ബാല്യക്കാരന്‍, ശെറുപ്പക്കാരന്‍. ഇത് പേറിന്റെ, മൊലകൂടിയുടെ കാര്യം. എല്ലാ പെണ്ണുങ്ങളും പെറ്റപോലെ പാറൂം പെറ്റു''.
വീണ്ടും കാഴ്ചക്കാര്‍ കൂവിച്ചിരിക്കാന്‍ തുടങ്ങി. പാറുവും ചിരിച്ചു.
തന്റെ പെണ്‍ കൊളീഗ്‌സിനെ ആരെയെങ്കിലും വിട്ടാല്‍ മതിയായിരുന്നു പേറിന്റേയും, മാസക്കുളിയുടേയും കഥ ശേഖരിക്കാന്‍ അവരായിരിക്കും കൂടുതല്‍ നല്ലത്.
''അമ്മൂമ്മ ആധുനിക വൈദ്യസഹായം തേടിപ്പോയിരുന്നോ?''
അയാള്‍ ചോദ്യം വേറെതരത്തില്‍ ചോദിച്ചു.
''ക്ക് മനസ്സിലാവുന്ന ബാഷയില്‍ ചോദിക്കിന്‍ കുട്ട്യേ''
''പ്രസവങ്ങള്‍ ആസ്പത്രിയിലായിരുന്നോ എന്നാണയാള്‍ ചോദിക്കുന്നത്'' ഒരു കാണി വിശദീകരിച്ചു.
''പേറ് ആസ്പത്രീലോ! ന്റെ ദൈവേ! കുട്ട്യേ, പകലന്തിയോളം മുറ്റത്തിരുന്ന് മൊറം നെയ്യും; വേദനതുടങ്ങ്യാ കൂടിക്കേറും പെറും. ഒറ്റക്ക് - ന്റെ പറയനുങ്കൂടി അറീല്ല്യാ. അഞ്ചുമിനിട്ടില്‍ കഴിയും. ഒരു ദിവസം കെടക്കും. പിറ്റേന്ന് തൊട്ട് പായനെയ്യും. അല്ലെങ്കില്‍ പരമ്പും മൊറോം ഏറ്റിനടക്കും വിക്കാന്‍''
''ഇത്രയും കുട്ടികളെ പോറ്റിവളര്‍ത്താന്‍ കഷ്ടം സഹിക്കേണ്ടി വന്നില്ലേ? ചില ബുദ്ധിമുട്ടുകള്‍, പ്രശ്‌നങ്ങള്‍, ഒന്നു വിവരിക്കാമോ?''
പാറു മൗനം.
''ഇല്ല നല്ല സുഖമായിരുന്നു'' കാണികളിലൊരാളോതി. വീണ്ടും എല്ലാവരും കൂവിച്ചിരിച്ചു. സ്ത്രീകള്‍ കൂടുതല്‍ ചിരിച്ചു. പാറുവാകട്ടെ, ഈ ചോദ്യം ഉത്തരം അര്‍ഹിക്കുന്നില്ല എന്ന ഭാവത്തില്‍ പ്രതികരിക്കാതെ തികഞ്ഞ അവഗണന മുഖത്ത് കാണിച്ച്. മുഖം തിരിച്ച് ഇരുന്നു.
പെട്ടെന്ന് പത്രക്കാരന്‍ യുവാവിന് തന്റെ 'കോണ്‍ഫിഡന്‍സ്' ചോര്‍ന്ന് പോകുന്നപോലെ തോന്നി.
''കുട്ടികള്‍ എല്ലാവരും ഇന്ന് ജീവിച്ചിരിപ്പുണ്ടോ?''
പാറുകാര്യമാത്ര പ്രസക്തമായി പറഞ്ഞു ''അഞ്ചെണ്ണം വെള്ളം തോര്‍ന്ന് കിട്ടി. ബാക്കിയൊക്കെ പത്തുതെകേന്നെന്റെ മുമ്പ് ശത്തു. അപ്പോ എത്രെണ്ണം ശത്തൂന്ന് കൂട്ടിക്കോളിം, ഇങ്ങക്ക് കണക്കറിയൂല്ലോ!''.
ജര്‍ണ്ണലിസ്റ്റ് കണക്കുകൂട്ടി. ട്വന്റി ഫോര്‍ മൈനസ് ഫൈവ്; ണൈന്റീന്‍. പത്തൊമ്പത്. വണ്ടര്‍ ഓഫ് വണ്ടേര്‍സ്! കുറേയധികം ചരിത്രങ്ങള്‍ ഇവിടെ ഇന്ന് രേഖപ്പെടുത്തപ്പെടുന്നു. റെക്കോഡുകള്‍ സൃഷ്ടിക്കപ്പെട്ടതിന്റെ കണക്ക് എഴുതപ്പെടന്നു. ഈ സ്ത്രീ പത്തൊന്‍മ്പതു കുഞ്ഞുങ്ങളുടെ മരണം കണ്ടവളാണ്. 'വണ്ടര്‍ഫുള്‍!' സെന്‍സേഷണല്‍! ആന്‍ അണ്‍നാച്ചുറല്‍ സ്റ്റോറി! താന്‍ ലക്കിയാണ്. ആര്‍ക്കും ഇത്തരം ഒരു സ്റ്റോറി കിട്ടില്ല. റെയറസ്റ്റ് ഓഫ് ദി റെയറസ്റ്റ് ന്യൂസ്. ചീഫ് എഡിറ്റര്‍ക്ക് സന്തോഷമാവും; എന്നാല്‍ തനിക്ക് ഗുണമുണ്ടാവും തനിക്ക് ഗുണമുണ്ടാവും തീര്‍ച്ച.
''എന്തായിരുന്നു കുട്ടികള്‍ക്കെല്ലാം അസുഖം''
''അസുഖം ന്നോക്കെപ്പറഞ്ഞാ. . . ഞാനും പറേനും വൈന്നേരം പണികഴിഞ്ഞ,് പരമ്പ് വിറ്റ് കഴിഞ്ഞ് കുടീക്കേറുമ്പോ ഒന്ന് ചത്തുകെടക്ക്ന്ന്ണ്ടാകും. പന്യോ.. - തൂറ്റലോ - പറയന്‍ കൈക്കോട്ടെടുക്കും. ഞാന്‍ ചത്തകുട്ട്യേനെ തോളത്തിടും ഒന്നിനെ കുഴിക്ക് കൊടുത്തു. അങ്ങിനെ പത്തൊമ്പതെണ്ണം പോയി. അഞ്ചെണ്ണം ബാക്കി. കര്‍ക്കടകമാസത്തിലെ മഴേം തണുപ്പും വരുംമ്പോ പള്ളേലൊന്നും ല്ല്യാത്ത കാലത്ത്, ഒരു കുട്ടീനെ കുഴിക്ക് കൊടുക്കും''
പാറു പെട്ടെന്ന് നിര്‍ത്തി അവരുടെ ഭാവം മാറി. ''മതി ന്റെ മോന്‍ പോ. . .അഭിമോഗം മതി''
നിര്‍ബന്ധിച്ചിട്ടും പാറു പറയാന്‍ കൂട്ടാക്കിയില്ല. ജേര്‍ണ്ണലിസ്റ്റിന് നിരാശയായി. ഒരു നല്ല സ്റ്റോറിക്കുള്ള മാറ്റര്‍ കിട്ടിയെന്ന് വിചാരിച്ചതായിരുന്നു. പകുതി വിവരം പോലും ശേഖരിക്കാന്‍ കഴിഞ്ഞില്ല.
''ഇവരെപ്പറ്റി കൂടുതല്‍ വിവരം തരാനോ പറയാനോ കഴിവുള്ള ആരെങ്കിലും ഈ പ്രദേശത്തുണ്ടോ?'' ജര്‍ണ്ണലിസ്റ്റ് ചോദിച്ചു. എല്ലാവരും ഒരു ജാനകിയമ്മയെപ്പറ്റി പറഞ്ഞു.
''ദാ, ഈ തോട്ടു വരമ്പത്തു കൂടി പോയാല്‍ മതി. ശ്രീധരാ നീയ്യാളെ ആ കളത്തിലെ വളപ്പിലേക്ക് ഒന്ന് കൊണ്ടുചെന്നാക്ക്'' കൂട്ടത്തിലെ ഒരു നേതാവ് പറഞ്ഞു.
ജാനകിയമ്മയുടെ തറവാട്ടുവീട്ടിലെ ആദിത്യ മര്യാദ അനുഭവിച്ച് നല്ല അസ്സല്‍ ചൂടു ചായയും, കായവറുത്തതും ആസ്വദിക്കുന്നതിനിടയില്‍ പത്രകാരന്‍ വിവരങ്ങള്‍ എഴുതിയെടുത്തു. ജാനകിയമ്മക്ക് പാറുവിനെക്കാള്‍ വയസ്സുകൂടുമത്രേ. എന്നാലും സുരക്ഷിതമായ ജീവിതവും മക്കളുടെ ശ്രദ്ധയും സ്‌നേഹവും ഒരു മുപ്പത് വയസ്സ് കുറച്ചു തോന്നിച്ചു. അവരുടെ കഥനത്തിന്റെ തുടക്കം ഇങ്ങിനെയായിരുന്നു.
''പണ്ടെവിടെയോ വായിച്ചുകേട്ടിട്ടുണ്ട്, റഷ്യയില്‍ ഒരിക്കല്‍ വീരമാതാവിന് പാരിതോഷികം കൊടുത്തുവത്രേ. എറ്റവും കൂടുതല്‍ മക്കളെ പ്രസവിച്ചു വളര്‍ത്തിയതിന്. അവര്‍ക്ക് മക്കള്‍ പതിനാറ്. ഇവിടെ പാറുപെറ്റത് ഇരുപത്തിനാല് മക്കളെയായിരുന്നു. പാവം അതിന് ഒരു മെഡല്‍ കൊടുക്കാന്‍ ഈ നാട്ടില്‍ ആരും ഉണ്ടായില്ല. ഹാ. . . . മരിച്ച് സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ ദൈവങ്ങള്‍ കൊടുക്കുമായിരിക്കും''.
ജാനകിയമ്മ ജര്‍ണ്ണലിസ്റ്റ് പയ്യന്‍ വിചാരിച്ചതിലും 'റിസോര്‍സ്ഫുള്‍' ആയിരുന്നു. ബുദ്ധിമതിയായിരുന്നു, നല്ലപോലെ വായനയുള്ള ഒരു സ്ത്രീയായിരുന്നു. കഥാ കഥനം എന്നത് ഒരു കലയായി അവരുടെ കൈയ്യില്‍. ജര്‍ണ്ണലിസ്റ്റിന് ആവശ്യമുള്ളതിലും അതില്‍ കൂടുതലും വിവരങ്ങള്‍ പാറുവിനെപ്പറ്റി അവര്‍ നല്‍കി. പലപ്പോഴും 'ഇത്ര ഡീറ്റെയില്‍സ് വേണ്ട' എന്നു പറയാന്‍ അയാള്‍ക്കുതോന്നി. താന്‍ ഇത്ര ഡീറ്റെയില്‍ ആയി ഒരു അഭിമുഖം നടത്തുന്നത് ആദ്യമായാണ്.
ഈ കഥയിലെ നായിക 'അണ്‍കണ്‍വെന്‍ഷണല്‍' ആണ്! എഴുപതു വയസ്സുകഴിഞ്ഞു; സമുദായത്തിലെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന ഒരു സമൂഹത്തിലെ അംഗം. പറയ കുലത്തില്‍ ജനിച്ച പാറുവിന് പരമ്പും, പായും, മുറവും മുളകൊണ്ടുണ്ടാക്കി വിറ്റു നടക്കുന്ന ജോലിയായിരുന്നു. പരമ്പരാഗതമായ തൊഴില്‍ പട്ടിണികൊണ്ടും ഒരു ജീവിതകാലത്തെ കഠിനാദ്ധ്വാനം കൊണ്ടും ചുക്കിചുളിച്ച് ഉണങ്ങി ഒരു തൂവാല രണ്ടാക്കി മടക്കിയപോലെയായിരുന്നു അവരുടെ നടത്തം. ഒരു കീറിയ ബ്ലൗസും, ഒന്നരയും, തോര്‍ത്തും വേഷം. ചെറിയ തോര്‍ത്തിനെക്കാള്‍ നീളമുള്ള ഒന്നര അടിയില്‍, ബ്ലൗസിന്റെ മീതെ മാത്രം. മുലകള്‍ രണ്ടും രണ്ടു ചെറിയ ലതര്‍ പഴ്‌സ് പോലെ ബ്ലൗസിനടിയില്‍കൂടി കാണാം.
പക്ഷെ അസാധാരണമായ, തിളങ്ങുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമായായിരുന്നു പാറു. വിശപ്പിനും, മരണങ്ങള്‍ക്കും അവരുടെ ചൈതന്യം ഉത്സാഹം കെടുത്താന്‍ കഴിഞ്ഞില്ല. എപ്പോഴും വര്‍ത്തമാനം പറയും-ചരിക്കും.
തമാശകള്‍ പറയും മറ്റു പറയികള്‍ വന്നാല്‍ ആരും ശ്രദ്ധിക്കില്ല. പക്ഷെ പാറു വന്ന് വേലിക്കപ്പുറത്തു നിന്നാല്‍ എല്ലാ സ്ത്രീകളും പോയി നോക്കും. ഒരു കാരണം അവരുടെ വീരമാതൃത്വം ആണ്. ഇരുപത്തി നാലുപ്രസവിച്ച സ്ത്രീ നാട്ടിന്‍ പുറത്തെ ഉയര്‍ന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും ഒരത്ഭുതമായിരുന്നു. മക്കളും ഭര്‍ത്താവും കൂടെയുണ്ടാവും. അവരുടെ ചരിത്രമറിയാവുന്ന പെണ്ണുങ്ങള്‍ ചോദിക്കും. ഇതേതുമകനാണ്? അവര്‍ മക്കളെ നമ്പര്‍ പറഞ്ഞ് പരിചയപ്പെടുത്തും 'ഇതെന്റെ അഞ്ചാമന്‍' ഇത് 'പന്ത്രണ്ടാമന്‍' ഇത് 'ഇരുപത്തിമൂന്നാമന്‍' അങ്ങിനെ വലിയ വീടുകളില്‍ ചെന്നാല്‍ കഞ്ഞി ചോദിച്ചു വാങ്ങും. മക്കളെ കുടിപ്പിക്കും. വാര്‍ദ്ധക്യം ആയപ്പോള്‍ പല്ലെല്ലാം പോയി. മോണകാട്ടിച്ചിരിക്കും, ഹൃദ്യമായി; എന്തെങ്കിലും തമാശ പറയും, അങ്ങിനെ പ്രകാശമുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമ.
നായകന്‍, അല്ല, പ്രതിനായകന്‍, ഇരുപത്തിഏഴുവയസ്സുള്ള ആരോഗ്യവാനായ ഒരു യുവാവ്. ഇയാളുടെ വ്യക്തിചരിത്രം പാറുവെന്ന വ്യക്തിയുടെ വ്യക്തിചരിത്രത്തിന്റെ ഒരവിഭാജ്യഘടകമാണ്. അതുമായി കൊര്‍ത്തിണങ്ങിയതാണ്; അതിന്റെ തുടര്‍ച്ചയാണ്. ഇരുപത്തിമൂന്നാമന്‍ പാറുവിന്റെ പുത്രനാണ്. ചരിത്രം സത്യസന്ധമായി പറയണമല്ലൊ. ഈ കഥാപാത്രം ഇത്തരം ഒരു കഥയില്‍, വിവരണത്തില്‍, ചരിത്രത്തില്‍ സ്ഥലം പിടിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന് ഈ കഥയിലുള്ള പ്രധാന റോള്‍-പ്രതിനായകത്വത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. പാറുവും മകനും തമ്മിലുള്ള 'ട്രാജിക് കോണ്‍ഫ്‌ലിക്റ്റ്', അതില്‍ ഗ്രാമവാസികളുടെ ഒന്നടങ്കമുള്ള ഇടപെടല്‍, അത് ചരിത്ര പാഠത്തില്‍ പ്രവേശിക്കുന്നു.
ചരിത്രത്തില്‍ ഏതൊരു വലിയ പ്രസ്ഥാനം ഉണ്ടാവാനും, യുദ്ധമുണ്ടാവാനും ഒരു 'ഇമ്മീഡിയറ്റ് കോസ്' ഉണ്ട്. ഇവിടെ ഈ കഥയുണ്ടാവാന്‍ കാരണം ഈ കഥയുടെ ഇതിവൃത്തം ഒരമ്മയുടെ, മകനെതിരായുള്ള സമരവും അതിന്റെ കാരണങ്ങളും അനന്തരഫലങ്ങളും ആണ്. വളച്ചുകെട്ടില്ലാതെ പറഞ്ഞാല്‍ പാറുവിന് ഏക പുത്രന്‍ നീതി നിഷേധിക്കുന്നതോടെ കഥ തുടങ്ങുന്നു. വാര്‍ദ്ധക്യത്തില്‍ താങ്ങും തണലുമാകേണ്ട മകന്‍ ഏതൊരു വ്യക്തിയുടേയും അവകാശമായ-അമ്മയുടെ മകനില്‍ നിന്നുള്ള അവകാശമായ സുരക്ഷിതത്വം, ആഹാരം, തലക്കുമീതെ ഒരു കൂര ഇവ നിഷേധിക്കുന്നു. പാറു വൃദ്ധ. ദരിദ്രരില്‍ ദരിദ്ര. മകന്‍ സാമാന്യം ശമ്പളവും സ്ഥിര വരുമാനവും. അവനൊരു ഫാക്ടറിയില്‍ തൊഴിലാളിയുമാണ്.
ഇരുപത്തിനാലു പെറ്റ ഒരമ്മയ്ക്ക് ഇതൊക്കെ അനുഭവിക്കേണ്ടി വരിക! അവന്‍ ആരോടോ പറഞ്ഞുവത്രേ! “ഇതു നല്ല കൂത്ത്! തള്ളയോട് ഇരുപത്തിനാലു പെറാന്‍ ഞാന്‍ പറഞ്ഞോ?”
പാറു ഭക്ഷണവും തണലുമില്ലാതെ അലഞ്ഞു. അവരുടെ സ്വന്തം വീടുണ്ടായിരുന്നു. അതില്‍ നിന്നുമാണ് ഇരുപത്തിമൂന്നും ഭാര്യയും അവരെ അടിച്ചിറക്കിയത്. ക്രൂരതയുടെ, മനുഷ്യന്‍ മൃഗത്തില്‍ നിന്നും തരം താഴുന്നതിന്റെ ഉത്തമ ഉദാഹരണം! ഒരിത്തിരി തണലില്ലാതെ, കുടിക്കാനിത്തിരി കഞ്ഞിയില്ലാതെ അവര്‍ തെരുവുപട്ടിയെപ്പോലെ അലഞ്ഞു. ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തണമെന്നു തന്നെ ചിലര്‍ തീര്‍ച്ചയാക്കി.
ഇതിലെ വിരോധാഭാസം എന്തെന്നു വെച്ചാല്‍ പാറുവിന് ഏറ്റവും പ്രിയങ്കരനായ പുത്രനായിരുന്നു ഇരുപത്തിമൂന്ന്. നമ്പര്‍ ഇരുപത്തിനാല്, അവസാന നമ്പര്‍ മരിച്ചുപോയിരുന്നു. അവര്‍ ഇവനെ വല്ലാതെ ലാളിച്ചു. മുലകുടിക്കുന്ന പ്രായം തൊട്ടുതന്നെ അവര്‍ ഇവനെ പിരിയാതെ കൂടെക്കൊണ്ടുനടന്നു. ആരോഗ്യംവും ചന്തവുമുള്ള കരുമാടിക്കുട്ടന്‍. പാറുഎവിടെയുണ്ടോ, ഈ ചെറുക്കന്‍ അവിടെ അമ്മയുടെ മുണ്ടില്‍ തൂങ്ങി നില്പുണ്ടാവും. ഭേദപ്പെട്ട, ദാനശീലനായ മുത്തശ്ശിമാരും, അമ്മാവനും പാറുവിന് കഞ്ഞിയോ ചോറോ കൊടുക്കും; ചിലപ്പോള്‍ അവള്‍ ചോദിച്ചു വാങ്ങും. ആ കിട്ടുന്നതുമുഴുവന്‍ അവള്‍ ഈ മകനെ ഊട്ടും. കഞ്ഞിയിലെ വറ്റ് അവന് ഊറ്റിയെടുത്തു കൊടുത്ത് വെള്ളം താന്‍ കുടിക്കും. പാറു അവനെ സ്‌കൂളില്‍ ചേര്‍ത്തു പക്ഷെ അവന്‍ ഒരു ദിവസം പോയി, പിന്നെ പോയില്ല. അവന്‍ പെട്ടെന്ന് വലുതായി. നല്ല ഉയരം, നല്ല തടി. കുറേക്കാലം അവന്‍ പനമ്പും, മുറവും വിറ്റ് അമ്മയുടെ കൂടെ നടന്നു, അതുകൊണ്ട് നാട്ടുകാര്‍ക്കെല്ലാം അവനെ അറിയാമായിരുന്നു. പാറു അവനെ ''ന്റെ ചെക്കന്‍'' എന്നാണ് എല്ലാവര്‍ക്കും പരിചയപ്പെടുത്തിക്കൊടുത്തിരുന്നത്.
പാറുവിന് വയസ്സായി പറയന്‍ അധികം വയസ്സാവാതെ മരിച്ചു. നമ്പര്‍ അഞ്ചും ഇരുപത്തിമൂന്നും, പാറുവും കൂടെ പാറുവിന്റെ ഭര്‍ത്താവിന്റെ കാരണവന്മാര്‍ ഉണ്ടാക്കിയ കുടിലില്‍ താമസിച്ചു. ആ വീട് അവരുടെ അവകാശമായിരുന്നു. നമ്പര്‍ അഞ്ച് മരിച്ചു. അവന്റെ ചെറുപ്പക്കാരി ഭാര്യയെ അവളുടെ വീട്ടുകാര്‍ കൊണ്ടുപോയി, വേറെ വിവാഹം ചെയ്തുകൊടുക്കണമെന്ന് പറഞ്ഞ്. ഇരുപത്തിമൂന്ന് ലൈന്‍ മാറ്റി. അവന്റെ ഒരു കൂട്ടുകാരന്‍ അവിടെ അടുത്തുള്ള ഒരു ഇരുമ്പുഫാക്ടറിയില്‍ ജോലിചെയ്യുന്നുണ്ടായിരുന്നു. സ്ഥിരം വരുമാനം. അറുപതു വരെ തുടരാം. അവന്‍ ഇരുപത്തിമുന്നിന് ഫാക്ടറിയില്‍ ജോലി ശരിയാക്കി കൊടുത്തു. പാറുവിന് വിഷമമായി. കുലത്തൊഴില്‍ ആരുചെയ്യും? പാക്കനാരുടെ വംശ പാരമ്പര്യം? ''പരമ്പും മുറവും നെയ്തും, വിറ്റ് നടന്നിട്ടും ഒന്നും ഇനിയുള്ള കാലം ജീവിക്കാന്‍ പറ്റില്ല തള്ളേ. . . അവന്‍ പറഞ്ഞു. പാറു മകന്‍ ചെയ്ത ഒരു കാര്യത്തിലും എതിരു പറഞ്ഞില്ല.
ഫാക്ടറിക്ക് പോകുന്ന വഴിക്ക് അവനൊരു കറുത്ത സുന്ദരിയെക്കണ്ട് ഇഷ്ടമായി. കല്യാണമൊന്നുണ്ടായില്ല. ഒരു ദിവസം അവന്‍ അവളേയും കൂട്ടിവന്നു. ആ വീട്ടില്‍ അവള്‍ താമസം തുടങ്ങി. പാറു എതിരൊന്നും പറഞ്ഞില്ല-രണ്ടു ദിവസം കഴിഞ്ഞ് പാറു പരമ്പു വില്ക്കാന്‍ പോയി വൈകുന്നേരം തിരിച്ചു വന്നപ്പോള്‍ കണ്ടത് വീട്ടിലുള്ള താന്‍ ഉപയോഗിച്ചിരുന്ന ചില അലുമിനിയപ്പാത്രങ്ങളും, മണ്‍ പാത്രങ്ങളുമെല്ലാം പുറത്തുകടക്കുന്നതാണ്. അയല്‍ക്കാര്‍ പറഞ്ഞു, മകനും മരുമകളും കുടി പുറത്തേക്ക് വലിച്ചെറിഞ്ഞതാണെന്ന്. മരുമകള്‍ അവരോട് വീട്ടില്‍ കയറേണ്ട എന്നും പറഞ്ഞു. മകന്‍ വന്ന് വാതില്‍ ഉള്ളില്‍ നിന്നടച്ചു. പാറു ചട്ടിയും കലവും ഒന്നു എടുക്കാതെ അവിടം വിട്ടു. അന്ന് തൊട്ട് അവര്‍ വഴിയാധാരമാണ്. എന്നിട്ടും പാറു മകനെ കുറ്റം പറഞ്ഞില്ല. ആരോടും ആവലാതി പറഞ്ഞില്ല കണ്ടുനിന്നവരാണ് ഇതെല്ലാം ചരിത്രമായി രേഖപ്പെടുത്തിയത്. പാറു എവിടെയെങ്കിലും കിടന്നുറങ്ങും. ആരെങ്കിലും ആഹാരം കൊടുക്കും. കേടുവന്നതോ, പുളിച്ചതോ, എന്തായാലും അമൃത് പോലെ കഴിക്കും. വല്ലാതെ വിശന്നാല്‍ ചോദിച്ചു വാങ്ങും. ആ നല്ലവരായ നാട്ടുകാര്‍ ആ വൃദ്ധക്ക് ഉഴക്ക് ഭക്ഷണം ഒരിക്കലും നിരസിച്ചില്ല. ഇതങ്ങിനെ കുറെ ദിവസം കഴിഞ്ഞപ്പോള്‍ സ്ഥലത്തെ രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവ് പറഞ്ഞു നാമെന്തെങ്കിലും ചെയ്‌തേ പറ്റൂ. ഇതങ്ങനെ വിട്ടുകൂടാ, ഈ നാട്ടിലും നീതിയും നിയമവുമെല്ലാം ഉണ്ടല്ലോ. ഒരു മകന്റെ അമ്മയോടുള്ള ക്രൂരതക്കെതിരെ നിഷേധത്തിനെതിരെ കാഹളമുയര്‍ത്താന്‍ അവര്‍ തീരുമാനിച്ചു. ഒരു ഗാന്ധിയന്‍ മോഡല്‍ സമരത്തിന് അവര്‍ പാറുവിനെ തയ്യാറാക്കി എടുത്തു. ഇതിനിടെ മകന്‍ വീടെല്ലാം പുതുക്കി വലുതാക്കി. അവന്റെ കയ്യില്‍ നല്ല സമ്പാദ്യമുണ്ടായിരുന്നു.
വാര്‍ത്ത പരന്നു, പാറു മകനെതിരെ സത്യാഗ്രഹമിരിക്കാന്‍ പോവുന്നു. ചിലര്‍ പറഞ്ഞു ''നന്നായി'', അങ്ങിനെത്തന്നെ വേണം. രാഷ്ട്രീയപ്പാര്‍ട്ടി നേതാവ് സമരം ഉദ്ഘാടനം ചെയ്തു. അദ്ദേഹം വികാരധീനനായി, മുദ്രവക്യം വിളിച്ചു. കണ്ടു നിന്ന യുവാക്കളുടെ ചോര തിളച്ചു. സ്ത്രീകളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കുമാരികള്‍, അവിവാഹിതകള്‍, തങ്ങള്‍ അമ്മമാരാകുകയില്ലെന്ന് തീരുമാനം എടുത്തു.
പാറുവിനെ പന്തലിലേക്ക് ആനയിച്ചിരുത്തി. ചാക്കുകളിന്മേല്‍ പാറു ഇരുന്നു. വൃദ്ധ സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്നു. കുറച്ചു നേരത്തേക്ക് ഇതെല്ലാം മകനെതിരായാണ് ചെയ്യുന്നതെന്ന് അവര്‍ മറന്നു. അവര്‍ അവരുടെ ഹൃദയത്തില്‍ന്റെ അടിത്തട്ടില്‍ നിന്നു വരുന്ന പല്ലില്ലാത്ത ചരിയോടെ ആള്‍ക്കാരെ അഭിവാദ്യം ചെയ്തു. അവരോട് പ്രസംഗിക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് ഭയമായി. ആരോ ഒരാള്‍ കൂട്ടത്തില്‍ നിന്ന് ഒരു തമാശ തട്ടിവിട്ടു, ''പ്രസംഗിക്കാനറിയില്ല; പ്രസവിക്കാനറിയാം'' അതുകേട്ടവര്‍ക്ക് ഈ തമാശ ആ അവസരത്തില്‍ സ്വല്പം അരോചകമായി തോന്നി.
പട്ടിണിയും, വിശപ്പും പാറുവിന് പുത്തരിയല്ലായിരുന്നു. എഴുപത്തഞ്ചോളം വര്‍ഷം അവര്‍ ഏറ്റവും നന്നായി അറിഞ്ഞ കാര്യം വിശപ്പിന്റെ കരാളതയാണ്. പക്ഷെ ഈ സത്യാഗ്രഹം വേറെ ഒരു പരീക്ഷണമാണ്. ഒരു തുള്ളി കഞ്ഞുവെള്ളം പോലും കുടിക്കാതെ, ചായ വെള്ളം കൊണ്ട് തൊണ്ട നനക്കാതെ ഇരിക്കണം. അവര്‍ക്ക് കഞ്ഞിവെള്ളവും, ചായവെള്ളവും കൊണ്ടു കൊടുക്കാന്‍ തയ്യാറായി എത്രയോ കുടുംബങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ രാഷ്ട്രീയപ്പാര്‍ട്ടിയുടെ കര്‍ശ്ശനമായ വിലക്ക്. ''പാറുവമ്മ ഒരു തുള്ളിവെള്ളം പോലും കുടിക്കരുത്, എന്നാല്‍ മാത്രമേ നമ്മുക്ക് പെട്ടെന്ന് സമരം വിജയിക്കാന്‍ പറ്റു. നേതാവ് പറഞ്ഞു ആദ്യദിവസം വൈകുന്നേരമായപ്പോള്‍ അവര്‍ക്ക് എലികള്‍ വയറ് കരണ്ടു തീര്‍ന്നതുപോലെ തോന്നി, പക്ഷെ നാലുപുറവും കുട്ടികള്‍ ഉള്ളതുകൊണ്ട് വിശപ്പ് അത്ര തോന്നിയില്ല. ചിരിച്ചും കളിച്ചും സമയം പോയി.
എറ്റവും വിഷമം ഉറക്കമായിരുന്നു കിടന്നാല്‍ വിശപ്പ് എല്ലാ ഭീകരതയോടെയും വയറിനെ കീഴ്‌പ്പെടുത്തും; അത് പിന്നെ ശരീരത്തിനേയും കീഴ്‌പ്പെടുത്തും, ദേഹം കുഴഞ്ഞുപോകുന്നതുപോലെ തൊണ്ട വരളുന്നു, വെള്ളം കുടിക്കണം പക്ഷെ വെള്ളം എവിടെ? വെള്ളത്തിന് വിലക്ക് - രണ്ടാം ദിവസത്തേക്ക് സമരം നീങ്ങുന്നതിന് നാട്ടിന്‍ പുറം സാക്ഷ്യം വഹിക്കുന്നു. ഒന്നാം ദിവസം ഭയങ്കര വിജയം. ഉറക്കമില്ലാതേയും ഭക്ഷണമില്ലാതേയും പാറുവിന്റെ ശരീരം മറ്റൊരു വിപ്ലവത്തിന് തയ്യാറെടുക്കുകയായിരുന്നു. അവരുടെ ശരീരം അവരോട് അവരുടെ ബോധത്തോട്, ചേതനയോട് നിസ്സഹകരണം പ്രഖ്യാപിച്ചു. ജീവിത സായാഹ്നത്തില്‍ കഠിനാധ്വാനവും, നന്ദികേടും അനുഭവിച്ച് മുറിവേറ്റ്, തൊണ്ടായി മാറിയ പാറുവിന് സമരം ജയിച്ചാലും തോറ്റാലും ഒരു വ്യത്യാസവുമില്ല എന്ന മനസ്ഥിതിയില്‍ എത്തിയിരുന്നു. പക്ഷെ തന്റെ കൂടെ നിന്ന 'ഈ കുട്ട്യോളെ' ചതിക്കാന്‍, ഇടക്കുവച്ച് പിന്‍തിരിയാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.
പാറുവിന്റെ സമരവീര്യം നിലനിര്‍ത്താനായി സഖാക്കള്‍ പലതും ചെയ്തു. ആദ്യത്തെ രണ്ടു ദിവസങ്ങളില്‍ പന്തലില്‍ ശരിക്കും മേളമായിരുന്നു. വിപ്ലവഗാനങ്ങളും, സിനിമാഗാനങ്ങളും പാടി അവര്‍ സ്വയം ആസ്വദിച്ചു; വൃദ്ധയെ രസിപ്പിച്ചു. നാട്ടുകാര്‍ക്ക് ഒരു കലാപരിപാടി തന്നെ വിളമ്പി. പാറുവും ചിരിച്ചു. അവിടെ വന്നിരുന്ന് തമാശ പറഞ്ഞ് സത്യാഗ്രഹിക്ക് വീര്യം പകര്‍ന്നിരുന്നവര്‍ മൂന്നു നേരവും വീട്ടില്‍ നിന്ന് ഭാര്യയുടേയും മക്കളുടേയും കൂടെ മൂക്കുമുട്ടെ തിന്ന്, അല്ലെങ്കില്‍ അമ്മ വിളമ്പിക്കൊടുത്ത ആഹാരം കഴിച്ചാണ് വന്നിരുന്നത്. അവരെല്ലാം പാറുവിന് വേണ്ടുവോളം ഉപദേശങ്ങള്‍ നല്കി. ഉപദേശങ്ങളും, തമാശകളും കേട്ട് പാറുവിന്റെ ആഹാരമില്ലാത്ത വയര്‍ നിറഞ്ഞു. ''വല്യമ്മ നന്നായി ചിരിക്കണം. വരുന്നവരോടെല്ലാം വര്‍ത്തമാനം പറയണം. അവരുടെ സഹാനുഭൂതി നേടണം. നമ്മുടെ കേസിന്റെ ജയം തന്നെ ആള്‍ക്കാരുടെ സഹതാപം പിടിച്ചു പറ്റാനുള്ള വല്യമ്മയുടെ കഴിവിലാണ് കിടക്കുന്നത്. അത്യാവശ്യം കരയുകയും മൂക്കുപിഴിയുകയും ഒക്കെ ആവാം! പാറു കരഞ്ഞ് ആരും കണ്ടിട്ടില്ലായിരുന്നു. പത്തൊമ്പത് കഞ്ഞുങ്ങളെ ചുമന്ന് കുഴിയില്‍ നിക്ഷേപിച്ച വാര്‍ദ്ധക്യത്തില്‍ ദുരിതവും മകന്റെ തിരസ്‌കാരവും മാത്രം നേട്ടമായി കിട്ടിയ തന്റെ ആത്മാവിന്റെ സ്ഥായിയായുള്ള തേങ്ങള്‍ പുറത്ത് ആരും കേള്‍ക്കാതിരിക്കാന്‍, സ്വയം കേള്‍ക്കാതിരിക്കാന്‍ അവര്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.
ദിവസവും രാവിലേയും വൈകുന്നേരവും മുദ്രാവാക്യം വിളിയുണ്ട്. അതില്‍ വര്‍ഗ്ഗശത്രു ഇരുപത്തിമൂന്നിനെ അതികഠിനമായി കുറ്റപ്പെടുത്തും, മോശമായി പരാമര്‍ശിക്കും. പാറുവിനോടും വിളിക്കാന്‍ പറയും-അവര്‍ക്ക് നിന്ന് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കാനുള്ള ശക്തി നഷ്ടപ്പെട്ടിരുന്നു. അവര്‍ ഇരുന്നു മുദ്രാവാക്യം വിളിക്കുന്നത് പോലെ ചുണ്ടനക്കും. പാറുകാണക്കാണെ കൂടുതല്‍ പരവശയായിക്കൊണ്ടിരുന്നു. ഇത് ശ്രദ്ധിച്ച നേതാക്കള്‍ പറഞ്ഞു ''നല്ലത് വളരെ നല്ലത്'' വൃദ്ധ എത്രകണ്ട് പരവശയായിത്തീരുന്നുവോ അത്രക്ക് നമ്മുടെ സമരത്തിന്റെ വിജയ സാദ്ധ്യത കൂടും'' വിശപ്പ് ആവരുടെ ശരീരം കരണ്ടു തിന്നിരുന്നുവെങ്കിലും, തനിക്ക് ഇതുവരെ കിട്ടാത്ത, ഇപ്പോള്‍ കിട്ടുന്ന പ്രധാന്യവും, ശ്രദ്ധയും പാറുവിനെ അതിയായി ആഹ്ലാദിപ്പിക്കുകതന്നെ ചെയ്തു.
നിരാഹാര സമരം വിജയകരമായി മൂന്നാം ദിവത്തേക്ക് പ്രവേശിച്ചു. വിജയകരമായിത്തന്നെയാണ് സത്യാഗ്രഹം പുരോഗമിക്കുന്നതെന്ന് നേതാക്കള്‍ക്ക് ഉറപ്പായിരുന്നു.
പുതുമ ആഗ്രഹിക്കുക എന്നത് മനുഷ്യ സഹജമാണ്. രണ്ടു ദിവസം മാത്രമേ നാട്ടുകര്‍ക്ക് പാറു സംഭവത്തില്‍ കൗതുകവും പുതുമയും തോന്നിയുള്ളു. ഈ രസം കഴിഞ്ഞപ്പോള്‍ അവര്‍ 'ഫ്രെഷ്' ന്യൂസ്, കൂടുതല്‍ തമാശയുള്ള സംഭവങ്ങള്‍ അന്വേഷിച്ചുപോയി. പാര്‍ട്ടിയിലെ ചെറുപ്പക്കാര്‍ ഈ സമരം വലിയ നേതാക്കളുടെ ഒരു വലിയ തെറ്റായി കണക്കാക്കി. സമര മാര്‍ഗ്ഗം തെറ്റാണ്, അവര്‍ കുറച്ചുകൂടി 'ആക്ഷന്‍' 'ഡ്രാമ' പ്രതീക്ഷിച്ചു. അവര്‍ പരസ്പരം പറഞ്ഞു. ''ഇത് നാം പിടിച്ച പുലിവാലാണ്. ഈ തള്ളയെ ഇങ്ങിനെ എത്ര ദിവസം ഇരുത്താനാണ്? ഇതിനെ പുഴുങ്ങിത്തിന്നാന്‍ പറ്റുമോ? ഇരുപത്തിമൂന്നിന് യാതൊരു മാറ്റവും ഇല്ല. ഇതെങ്ങാന്‍ ചത്താല്‍ പിന്നെ അതുമതി. അത് പാര്‍ട്ടിയുടെ തലയിലാവും.
മൂന്നാം ദിവസം തൊട്ട് പാറു ഒറ്റക്കാവാന്‍ തുടങ്ങി. നാട്ടുകാര്‍ക്ക് പന്തലന്റെ ചുറ്റും രണ്ടുദിവസത്തില്‍ കൂടുതല്‍ നില്കാന്‍ പറ്റുമായിരുന്നില്ല നേതാക്കാള്‍ക്ക് അവരവരുടെ തിരക്കുകളുണ്ടല്ലൊ. പാറുവിന്റെ കണ്ണുകളിലുണ്ടായിരുന്ന തിളക്കം, ശബ്ദത്തിലെ മണിക്കിലുക്കം എവിടെയോ പോയി മറഞ്ഞിരുന്നു.
ചോട്ടാ നേതാക്കള്‍ക്ക് സമരത്തിലുള്ള താല്പര്യം കുറയുന്നത് വലിയ നേതാക്കള്‍ കണ്ടു. പിന്നെ ഇരുപത്തിമൂന്ന് അനങ്ങുന്നില്ല. ഈ രണ്ടു ഘടകങ്ങളും സമരത്തിന്റെ ഫലത്തെ ബാധിക്കാന്‍ പോന്നതാണ്. ഈ സമരം കൊണ്ട് തള്ളയേക്കാള്‍ നമ്മുക്ക് ലാഭമുണ്ടാക്കണം. നേതാക്കള്‍ രഹസ്യമായി കൂട്ടുകരോട് പറഞ്ഞു. അവര്‍ സമരം ഒന്നുകൂടി ഊര്‍ജ്ജിതമാക്കന്‍ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി അവര്‍ പത്രക്കാരെ സമീപിക്കാന്‍ തീര്‍ച്ചയാക്കി. പാറുവമ്മയുമായി ഒരു പത്രത്തിന്റെ അഭിമുഖം കുറച്ചു ഫോട്ടോകളോടെ ടൗണിലെ ഹരിതഭൂമി പത്രം ഓഫീസിനെ വിവരം അറിയിച്ചു. അടുത്ത ദിവസം ഒരു ജര്‍ണ്ണലിസ്റ്റ് ഹരിതഭൂമിയില്‍ നിന്ന് ഇന്റര്‍വ്യൂ ചെയ്യാനെത്തും. ഒരു പ്രസ് ഫോട്ടോഗ്രാഫര്‍ പടം പിടിക്കാനും ക്ഷീണം കൊണ്ട് കണ്ണുകള്‍ അടയുന്നുവെങ്കിലും പാറു സന്തോഷത്താല്‍ മതിമറന്നു. തന്നെ ഫോട്ടോ പിടിക്കാനായി പത്രത്തിലെ ഫോട്ടോ ഗ്രാഫര്‍ വരിക! തന്നോട് വര്‍ത്തമാനം പറയാനായി പട്ടണത്തില്‍ നിന്നും, വലിയ പത്രമാഫീസില്‍ നിന്നും ആള്‍ക്കാര്‍ വരിക! ഇന്ത്യാ രാജ്യത്തുതന്നെ ഏതെങ്കിലും ഒരു സ്ത്രീക്ക് ഇങ്ങിനെയൊരു ഭാഗ്യം ഉണ്ടായിട്ടുണ്ടൊ?
യുവസുന്ദരനായ പത്രക്കാരനും ശുഷ്‌കനായ പടം പിടുത്തക്കാരനും വന്നു. ആ നാട്ടിലെ പൂരത്തിനുള്ള ജനക്കൂട്ടം ഉണ്ടായിരുന്നു. പാറുവിന് ചുറ്റും ഫോട്ടോ സെഷന്‍ തുടങ്ങി. ഈ അസാധാരണ സംഭവം ഈ ചരിത്ര സൃഷ്ടി ഫോട്ടോകളിലൂടെ മാത്രമേ അനശ്വരമാക്കാന്‍ പറ്റൂ. പാറുവിന്റെ പല രസങ്ങളിലുള്ള, പോസിലുള്ള ഫോട്ടോകള്‍ വേണം. പാറു ജീവിതത്തിലാദ്യമായാണ് ക്യാമറക്ക് മുമ്പില്‍ നില്കുന്നത്. ആദ്യം വിസമ്മതിച്ചു; 'വേണ്ടായിരുന്നു പിന്നീട് കുട്ട്യോള് പറഞ്ഞപ്പോള് അനുസരിച്ചു'. രണ്ടു ഫോട്ടോകള്‍ നന്നായി ചിരിച്ച്. വിപ്ലവ വീര്യം പാറുവിന്റെയുള്ളില്‍ കത്തിയെരിയുന്നതിന്റെ ഉദാഹരണം, രണ്ടെണ്ണം കിടന്ന, സത്യാഗ്രഹി അവശനിലയില്‍, രണ്ട് ഫോട്ടോകള്‍ പാര്‍ട്ടിനേതാക്കളുടെകൂടെ. പാര്‍ട്ടിനേതാക്കള്‍ 'അമ്മയെ കെട്ടിപ്പിടിച്ച് ചിരിച്ചുകൊണ്ട് ഫോട്ടോയില്‍ ഇരുന്നുകൊടുത്തു. ഇത് പേപ്പറില്‍ വന്നാല്‍ തനിക്ക് കിട്ടാവുന്ന ഗുണം നേതാവ് ആലോചിച്ചുവെച്ചു. നാളെ പത്രം വാങ്ങണമെന്നും ഇത് വെട്ടിവെക്കണമെന്നും തീര്‍ച്ചയാക്കി. ഒരു യുവപ്രവര്‍ത്തകന്‍ പറഞ്ഞു ''അമ്മുമ്മ ചിരിച്ചുകൊണ്ടേയിരിക്കണം നാളെ പേപ്പറില്‍ അമ്മൂമ്മയുടെ പടം വരും, അപ്പോള്‍ കേരളം മുഴുവന്‍ അറിയും നമ്മുടെ കേസ് ഒന്നുകൂടി ശക്തമാവും. ഗവണ്മെന്റ്തന്നെ ഇടപെടും''
നാലാം ദിവസം രാത്രി. പാറുവിന്റെ മനസ്സില്‍ ഇപ്പോള്‍ ഒരേ ഒരു ചിന്തമാത്രം ആഹാരം പഴയതായാലും നാറിയതായാലും പുളിച്ചതായാലും കുപ്പയില്‍ കിടന്നതായാലും വേണ്ടില്ല വെറും ഒരുരുള ചോറ്, ഒരു കയിലു കഞ്ഞി. അതിപ്പോള്‍ കിട്ടി മരിച്ചാലും വരോധമില്ല. വിഷം ചേര്‍ത്തതായാലും വരോധമില്ല. സ്വല്പം ആഹാരം വായില്‍ ഇട്ട് വയറ്റില്‍ കിടന്ന് മരിച്ചാല്‍ തനിക്ക് സ്വര്‍ഗ്ഗം കിട്ടും എന്ന് അവര്‍ വിശ്വസിച്ചു. ഇത്ര ദിവസം അവര്‍ ആഹാരത്തെക്കുറിച്ച് ആലോചിക്കുമായിരുന്നു പക്ഷെ ഇന്ന് അവരുടെ മനസ്സ് ചേതന, ബോധം ഇവ ആഹാരം കൊണ്ടുമാത്രം നിറഞ്ഞു നിന്നു. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ണിനു മുമ്പില്‍ കൂടെ ചേതനയില്‍, ബോധമണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടു. ഒരു പ്രാവശ്യമെങ്കിലും അവര്‍ ജീവിതത്തില്‍ ഫ്രെഷ് ആയി ഉണ്ടാക്കിയ ഒരു വിഭവം അല്ലെങ്കില്‍ ഒരു മുഴുവന്‍ സദ്യ കഴിച്ചിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല. വല്ലവരും പകര്‍ന്ന് കൊടുക്കുന്ന കഞ്ഞി കുടിക്കും. നിലത്ത് കുഴികുത്തി ചേമ്പിന്റെ തലയോ, വാഴയിലയോ അതിലിട്ട് മനുഷ്യരാരും കഴിക്കാന്‍ തയ്യാറാവാത്ത വിധത്തില്‍. ചോറാണെങ്കില്‍ കുറേ പഴഞ്ചോറ്. അവരുടെ ഓര്‍മ്മയില്‍ പഴങ്കഞ്ഞിയും അളിഞ്ഞ ചോറും മാറിമാറിക്കളിച്ചു.
പാറുവിന്റെ മകന്റെ ഭാര്യ തേങ്ങ വറുത്തരച്ച, മീന്‍ കറിയും കാച്ചിയ പപ്പടവും കൂട്ടി ആവി പറക്കുന്ന ചോറ് ഭര്‍ത്താവിന് വിളമ്പിക്കൊടുത്ത്, കൊഞ്ചിക്കുഴഞ്ഞ് കൊച്ചുവര്‍ത്തമാനം പറഞ്ഞ് അടുത്തിരുന്നു. ഈ ഊട്ടലില്‍ ഇരുപത്തിമൂന്ന് ദിവസവും ആവശ്യത്തിലധികം ഭക്ഷണം കഴിക്കും. അവള്‍ പറഞ്ഞുകൊണ്ടേ ഇരിക്കും, ''കുറച്ചുകൂടി കഴിക്കൂന്നേ, എനിക്കുവേണ്ടി'' വയറില്‍ ആവശ്യത്തിലധികം ചോറും മീന്‍ കൂട്ടാനും കടത്തിവിട്ട് ഭാര്യയുടെ ശരീരത്തിന്റെ ഇളം ചൂടേറ്റ് അയാള്‍ ഉറങ്ങി.
വറും നാലടി അപ്പുറത്ത് പാറു ഉറങ്ങാന്‍ കഴിയാതെ തിരഞ്ഞും മറിഞ്ഞും കിടന്നു. രണ്ടു ശത്രുക്കളാണ് പാറുവിനെ അക്രമിച്ചിരുന്നത്. പാറുവിന് അവരോട് യുദ്ധം ചെയ്യേണ്ടിയിരുന്നു. തണുപ്പും വിശപ്പും. . . എഴുപതുകഴിഞ്ഞു; വര്‍ഷങ്ങളായി ശരിക്കാഹാരം കഴിക്കാത്ത, മൂന്നു ദിവസമായി ജലപാനം കഴിക്കാത്ത കുടല്‍ കരിഞ്ഞുണങ്ങിയ, ശരീരം വെറും എല്ലിന്‍ കുടായി മാറിയ ഈ വൃദ്ധ സ്ത്രീ ശരീരത്തെ ആക്രമിച്ച് കീഴടക്കാന്‍ വിശപ്പിനും തണുപ്പിനും വലിയ വിഷമം ഒന്നും ഉണ്ടായിരുന്നില്ല. പാറുവിന് തോന്നി തന്റെ വയറിനും ഉള്ളിലെ ഇറച്ചി ഒരുനൂറ് എലികള്‍ കരണ്ടുതിന്നുകയാണ് എന്ന്.
പാറുവിന് ഉറക്കം വരുന്നില്ല. പക്ഷെ, കണ്ണുകള്‍ക്കെന്തോ സംഭവിക്കുന്നു. കണ്ണുകള്‍ തനിയെ അടയുന്നു. ഒന്നും കാണാന്‍ കഴിയുന്നില്ല. പാറുവിനായി നാട്ടുകാര്‍ ഉണ്ടാക്കിയ പന്തലിന്റെ കുറച്ചപ്പുറത്ത് ഒരു വഴി വിളക്കുണ്ട്. നല്ല പ്രകാശമുള്ള ഒരു വഴിവിളക്ക്. എന്നും രാത്രി ഏകാന്തതയില്‍ ആ വഴി വിളക്ക് നോക്കികിടക്കും. തന്റെ അന്ധകാരം നിറഞ്ഞ ജീവിതത്തില്‍ വെളിച്ചം പരത്തുന്ന ഏകാന്തരാത്രികളില്‍ കൂട്ടിനിരിക്കുന്ന ഒരു സഖിയാണ് ഈ വഴിവിളക്കെന്ന് അവര്‍ക്ക് തോന്നാന്‍ തുടങ്ങിയിരുന്നു. അവര്‍ തമ്മില്‍ ഒരു ധാരണ ഉണ്ടായിരുന്നു. കണ്ണില്‍ തറക്കുന്ന പ്രകാശം ബുദ്ധിമുട്ടാകാറുണ്ടെങ്കിലും പാറു ആ പ്രകാശം കണ്ടു. കണ്ണില്‍ ആ രശ്മികള്‍ ഉള്‍കൊണ്ട് ദിവസേന ഉറങ്ങും. അതിന്റെ വെളിച്ചം കണ്ട് ചുടേറ്റ് ആ വെളിച്ചത്തിന്റെ സംരക്ഷണയില്‍ ഉറങ്ങുമ്പോള്‍ അവര്‍ക്ക് ഭയമോ ഏകാന്തതയോ തോന്നാറില്ല. വിളക്ക് തനിക്ക് കാവല്‍ നില്ക്കുന്നു. ഭയമില്ല ഏകാന്തതയില്ല.
ഈ തെരുവുവിളക്ക് എന്താണിന്ന് ഇങ്ങിനെ മുനിഞ്ഞു കത്തുന്നത്? വിളക്ക് കത്തുമ്പോളും തനിക്ക് കത്തുന്നില്ലെന്ന് തോന്നുകയാണോ? തനിക്ക് വെളിച്ചം ശരിക്ക് കാണാന്‍ കഴിയുന്നില്ലല്ലോ. വിളക്കിന്റെ കുഴപ്പമോ തന്റെ കണ്ണുകളുടെ കാഴ്ചമങ്ങിയിട്ടോ? പാറുവിന്റെ ചിന്തകള്‍ ചിന്നഭിന്നമായി, ശിഥിലമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. തനിക്ക് കാഴ്ചമങ്ങുന്നു, ഭ്രാന്തുപിടിക്കാന്‍ തുടങ്ങിയോ? വിളക്കാണെങ്കില്‍ കൂടുതല്‍ കൂടുതല്‍ മങ്ങിക്കൊണ്ടിരിക്കുന്നു. ഇരുട്ട് പരക്കുന്നു ഇരുട്ടില്‍ തണുപ്പില്‍ ഒരു റോഡരുകില്‍ താന്‍ തനിയെ. മകന്‍ തൊട്ടടുത്തുണ്ടെങ്കിലും അവന്‍ തന്റെ സഹായത്തിനെത്തില്ല എന്ന് തീര്‍ച്ചയാണ്. പാറു ഉറക്കെ കരയാന്‍ ശ്രമിച്ചു. ശബ്ദം കേട്ടാല്‍ ആരെങ്കിലും വരും. പക്ഷെ ശബ്ദം പുറത്തുവരുന്നില്ല. കാഴ്ച പോയതുപോലെ, തന്റെ ശബ്ദവും പോയോ?
വിളക്ക് കെടാന്‍ പോകുന്നു എന്ന് തോന്നി പാറുവിന് വെളിച്ചം ഇപ്പോള്‍ പേരിനു മാത്രമേ ഉള്ളു. അതിപ്പോള്‍ അണഞ്ഞു പോകും തന്റെ ചെങ്ങാതി വിളക്കും തന്നെ ചതിക്കുകയാണോ? പാറുവിന്റെ ജ്വരം പിടിച്ച തലച്ചോറില്‍ രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടു, ചില രംഗങ്ങള്‍ മാറിമാറി വന്നു. താന്‍ തന്റെ വീട്ടിലാണ്. തന്റെ മകന്‍ ഒരു പീഠത്തിലിരുത്തി, ദൈവത്തിനെ പൂജിക്കുന്നതുപോലെ തന്നെ പൂജിക്കുന്നു. പൂക്കള്‍ ശരീരത്തു വീഴുന്നു. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ പുക്കള്‍ കല്ലുകളായി മാറി. അടുത്ത ഒരു രംഗം, തന്റെ മരുമകള്‍ തന്നെ തോളിലേറ്റി നൃത്തം ചെയ്യുന്നു. പാറുവും മരുമകളും ഉറക്കെ ചിരിക്കുന്നു പെട്ടെന്ന് തന്റെ മരുമകള്‍ താന്‍ സംശയിക്കാതിരിക്കുമ്പോള്‍ തന്നെ നിലത്തെറിയുന്നു. തന്റെ തലപൊട്ടുന്നു. ചോര പൊടിയുന്നു.
അടുത്തതായി പാറുകണ്ടു; കുറേ ശിശുക്കളെ ഒരു വയസ്സു പോലും തികയാത്ത കുട്ടികള്‍. അവര്‍ക്ക് ജീവനുണ്ട്. മരിച്ചിട്ടില്ല. പാറു ഒരോന്നിനെയായി ചുമക്കുന്നു. മുമ്പില്‍ നടക്കുന്നു. നിറയെ കുഴികള്‍ തയ്യാറാക്കിയിരിക്കുന്നു. കുട്ടികളെ ഓരോരുത്തരെയായി പാറുകുഴിയില്‍ ഇടുന്നു. കുഴി മുടുന്നില്ല. തുറന്നുതന്നെ കിടക്കുന്നു. കുഴിയില്‍ മലര്‍ന്നു കിടന്ന് കൈകാലിട്ടടിക്കുന്ന ശിശു. കുറേ കുഴികള്‍ നിറഞ്ഞു. ഇനി രണ്ടു കുഴികള്‍ മാത്രമുണ്ട്. ഒന്നില്‍ തന്റെ പറയന്‍ ഉറങ്ങുന്നു. നീണ്ടു നിവര്‍ന്ന് കിടക്കുന്നു. അവസാനത്തെ കുഴിയില്‍ പാറു ഇറങ്ങുന്നു. . . കിടക്കുന്നു. വല്ലാത്ത തണുപ്പ്. താന്‍ കിടക്കുന്ന കുഴിയുടെ ആഴം കൂടിക്കൊണ്ടിരിക്കുന്നു. താന്‍ ആഗാധതയിലേക്ക് പോകുന്നു. വല്ലാത്ത തണുപ്പ് ഒപ്പം ഇരുട്ടും. വിളക്ക് മുഴുവനായി അണഞ്ഞുപോയി നാലുപാടും ഇരുട്ട്. കുഴിയില്‍ ഇരുട്ട് കൂടുന്നു. . . ഇരുട്ട് പാറുവിനെ വലയം ചെയ്തു.. . ഇരുട്ടു മാത്രം.
നിരാഹാര സത്യാഗ്രഹം അഞ്ചാം ദിവസത്തേക്ക് പ്രവേശിക്കന്നു രാവിലെ ഏഴുമണി, വിജയാകരമാണെന്നതില്‍ ഒരാള്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. ഇതിനെല്ലാം കാരണക്കാരനായ ആരുടെ മനം മാറ്റത്തിനു വേണ്ടിയായിരുന്നോ ഇതെല്ലാം ചെയ്തത് ആ ഇരുപത്തിമൂന്ന് അഞ്ചാം ദിവസം യാതൊന്നും സംഭവിക്കാത്തതുപോലെ തന്റെ ഫാക്ടറിയിലേക്ക് പോകാന്‍ ഒരുങ്ങി പുറത്തുവന്നു. അവന്റെ ഭാര്യ എന്നെത്തേയും പോലെ രാവിലെ നേരത്തെ എഴുന്നേറ്റ് ചോറും കൂട്ടാനും മീന്‍കറിയും വെച്ചുണ്ടാക്കി, നാലു തട്ടുള്ള സ്റ്റീല്‍ ചോറു പാത്രത്തിലാക്കികൊടുക്കുന്നു. തന്റെ ഭര്‍ത്താവ് മര്യാദക്ക് ഭക്ഷണം കഴിക്കണമെന്ന് അവള്‍ക്ക് നിര്‍ബന്ധമാണ്. പാവം-ഇരുമ്പിലല്ലേ പണിയെടുക്കുന്നത് നല്ല ആഹാരം കഴിച്ചേ പറ്റൂ.
രാവിലെ ഇറങ്ങുമ്പോള്‍ ഇരുപത്തിമൂന്നിനൊരു തമാശ തോന്നി. തള്ളയെ ഒന്നു നോക്കി പോകണം ഇന്നലെ വലിയ നേതാവായി ഞെളിഞ്ഞിരുന്നതല്ലെ? ഇന്ന് പത്രത്തില്‍ ഫോട്ടോ വരുമത്രേ. പറ്റുമെങ്കില്‍ രണ്ടു ചൂടുള്ള വര്‍ത്തമാനം പറഞ്ഞ് പോകണം. തിരിച്ചൊന്നും പറയില്ല. ആ വിഢിച്ചിരി ചിരിക്കും അത്രതന്നെ.
അയാള്‍ പന്തലില്‍ നിന്നും കുറച്ച് മാറിനിന്ന് അമ്മയെ വീക്ഷിച്ചു. എഴുന്നേറ്റിട്ടില്ല. ചെരിഞ്ഞ് കിടന്നുറങ്ങുന്നു. കിടപ്പില്‍ എന്തോ പന്തികേട്. അസാധാരണത്വം. അയാള്‍ കുറച്ചുകൂടി അടുത്ത് ചെന്നു നോക്കി. പാറു വായ് പൊളിച്ച് ഒരു വശം തിരിഞ്ഞ് കിടക്കുന്നു. അയാള്‍ അമ്മയെ പണ്ടു വിളിച്ചിരുന്ന പോലെ വിളിച്ചു. ''തള്ളേ. . . തള്ളേ. . . അമ്മോ! പ്രതികരണമില്ല. അയാള്‍ പന്തലില്‍ കയറി, അമ്മയെ കുലുക്കി നോക്കി. ചലനമറ്റ ശരീരം ഒന്നായി ഇളകി. തണുത്തു മരവിച്ചിരിക്കുന്ന ഒരു ഭാഗം ചെരിഞ്ഞ് വളഞ്ഞു കിടക്കുന്ന വൃദ്ധയുടെ മൂക്കില്‍ നന്ന് സ്രവിച്ചിരുന്ന, മണ്ണില്‍ കറുത്തു വളഞ്ഞ രേഖയുടെ ഉറവിടം അന്വേഷിച്ച് വരിവരിയായി അരിച്ചടുക്കന്ന ഉറമ്പുസേനയെ നോക്കി അയാള്‍ നിന്നു.
ഏഴു മണിയോടെ പത്രം വാങ്ങി. ആദ്യ പേജില്‍ത്തന്നെ ''ജേര്‍ണ്ണലിസ്റ്റിന്റെ' സ്റ്റോറി ''നാട്ടിന്‍ പുറം വീരാമാതാവിന്നൊരു സമരമൊരുക്കുന്നു'' എന്ന തലക്കെട്ടില്‍ അച്ചടിച്ചു വന്നു. പാറുവിന്റെ അതി മനോഹരമായ മോണമാത്രം കാട്ടി കൊച്ചുകുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ ചിരിക്കുന്ന ഫോട്ടോ പത്രത്തിന് അഴകുകൂട്ടി. നാട്ടുകാര്‍ അന്ന് പാറുവില്‍ ആദ്യമായി അഭിമാനം കൊണ്ടു.
പാറുവിന് ജീവിതത്തില്‍ ശേഷിച്ച ഏക ആശ ഫോട്ടോ പത്രത്തില്‍ വന്നത് ഒന്ന് കാണണമെന്നായിരുന്നു. കണ്ണുകള്‍ക്ക് കാഴ്ച മങ്ങിയാലും തന്റെ രൂപം വിരൂപമായാലും വാര്‍ദ്ധക്യമായാലും പേപ്പറില്‍ ഒരു ചിത്രം വരുക എന്നു പറഞ്ഞാല്‍! എത്ര വലിയ പട്ടിണിയിലും അവമതിയിലും നന്ദികേടും ദുഖവും ഒരു പത്രത്തില്‍ ഫോട്ടോ വരുന്നതിന്റെ മുമ്പില്‍ ഒന്നുമല്ല. അവിടേയും പാറുവിന് തോറ്റുകൊടുക്കേണ്ടി വന്നു. ആ ഫോട്ടോ കാണാന്‍ യഥാര്‍ത്ഥമായി ആഗ്രഹിച്ച രണ്ടു കണ്ണുകള്‍ അതു പുറത്തു വന്നപ്പോഴേക്കും അടഞ്ഞിരുന്നു. എല്ലാകാഴ്ചകളോടും എന്നെന്നേക്കുമായി വിടപറഞ്ഞിരുന്നു.
ജയ് ഗണേശാ
10 hours ago
great.
ഈ കഥ ഇഷ്ട്ടപെട്ടു ..ഒരുപാടൊരുപാട് ..
മലയാളത്തിലെ പെണ്‍കഥകള്‍ക്കൊപ്പം ചേര്‍ത്തു വയ്ക്കാന്‍ ഇതാ ഒരു കഥകൂടി.
നന്നായിടുണ്ട് ഒട്ടും മുഷിച്ചില്‍ അനുഭാപെടാതെ വായിച്ചു ..
നല്ല ഫീല്‍ ഉണ്ടാരുന്നു...വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍ ...