മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, August 31, 2010

വീണ്ടും ഒരു സാവിത്രി കഥ / സി. വി. ഭുവനേശ്വരി

സാഹിത്യവേദി സെപ്തബര്‍ മാസചര്‍ച്ചയില്‍ അവതരിപ്പിക്കപ്പെടുന്ന രണ്ടുകഥകള്‍ ഒന്നാമത്തേത്‌ കൂടുതല്‍വിവരങ്ങള്‍ ഇവിടെ


'നിബിഢമായ ഘോര വനങ്ങള്‍, ആകാശം മുട്ടുന്ന മഞ്ഞു മലകള്‍, തണുത്തുറഞ്ഞ കടലുകള്‍, പൊള്ളുന്ന മരുഭൂപ്രദേശങ്ങള്‍, ലാവ തിളച്ച് വഴിയുന്ന ആഗ്നിപര്‍വ്വതങ്ങള്‍, കുത്തിയൊലിക്കുന്ന വന്‍ നദികള്‍, കാല്‍ തെന്നി വീണാല്‍ അപ്രത്യക്ഷമാക്കുന്ന ചതുപ്പുനിലങ്ങള്‍, ഇവയെല്ലാംതാണ്ടി യമദേവന്‍ നടന്നു. തനിക്ക്, ദൈവത്തിനുപോലും ദുഷ്‌ക്കരമായ യാത്ര. ഭീതിദമായ യാത്ര; സാവിത്രി കൂടെയുണ്ട്. അവര്‍ പരലോകത്തിന്റെ വാതില്‍ക്കലെത്തി. ‍>

'അരുത്, സാവിത്രി കാല്‍ മുന്നോട്ട് വെക്കരുത്... ഈ ലോകത്ത് ജീവിച്ചിരിക്കുന്ന മനുഷ്യാത്മാക്കള്‍ക്ക് പ്രവേശനം ഇല്ല. തിരിച്ചു പോകൂ സാവിത്രി. നിന്റെ ധൈര്യത്തിലും ഭര്‍ത്തൃഭക്തിയിലും ഞാന്‍ അതീവസന്തുഷ്ടനായിരിക്കുന്നു. ലോകാന്ത്യം വരെ നീ സതി സാവിത്രിയായി അറിയപ്പെടും. നിനക്കെന്തുവേണമെങ്കിലും ഞാന്‍ വരദാനമായിത്തരാം. സത്യവാന്റെ ജീവനൊഴികെ'
സാവിത്രി ക്ഷീണത്തിലും ദുഖത്തിലും ഇടറിയ ശബ്ദത്തില്‍ പറഞ്ഞു. 'അസാദ്ധ്യമായത് സാദ്ധ്യമാക്കണം യമരാജന്‍!. എനിക്ക് സത്യവാന്റെ ജീവനല്ലാതെ മറ്റൊന്നും ആവശ്യപ്പെടാനില്ല'.
________________സാവിത്രിപുരാണം.

ഒരാധൂനിക ഗൃഹം. വിശാലമായ കിടപ്പുമുറി മരണത്തിന്റെ ആഗമം വിളിച്ചോതുന്ന മുഖവും ശരീരവുമുള്ള സത്യവാന്‍ എന്ന മദ്ധ്യവയസ്‌കന്‍ വിലകൂടിയ ഇരട്ടക്കട്ടിലില്‍ കിടക്കുന്നു. താന്‍ കിടക്കുന്ന ഇരട്ടക്കട്ടിലും, അത് ഉള്‍ക്കൊള്ളുന്ന ഈ മുറിയും, അത് സ്ഥിതിചെയ്യുന്ന ഈ എല്ലാ ആധൂനിക സൗകര്യങ്ങളുമുള്ള ഭവനവും സത്യവാന് സ്വന്തം പത്‌നിയുടെ അച്ഛനില്‍ നിന്ന് സ്ത്രീധനമായി കിട്ടിയതാണ്. അദ്ദേഹത്തിന് മാരകമായ അസുഖമാണ്. അദ്ദേഹത്തിന്റെ പത്‌നി സാവിത്രി ഭര്‍ത്താവിനെ ഒരു സതിയെപ്പോലെ ശുശ്രൂഷിച്ച് കാവലിരുന്നു. ഈ പ്രാവശ്യം സത്യവാന്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടില്ലെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. ആരും അടുത്തില്ലാത്തപ്പോള്‍ അവള്‍ കൈപ്പടം അയ്യാളുടെ മൂക്കിനടുത്തു വെച്ചുനോക്കും, ശ്വാസം നിലച്ചോ എന്നറിയാന്‍.

മൂന്നു മാസത്തെ കാന്‍സറിന്റെ ഭീകരമായ ആക്രമണത്തിനുശേഷം ഒരു അര്‍ദ്ധരാത്രി സത്യവാന്‍ ഇഹലോകവാസം വെടിഞ്ഞു. സാവിത്രി അപ്പോള്‍ ആയാളുടെ സമീപം ഒറ്റക്കായിരുന്നു. ഉടനെതന്നെ ആരോടും ഇക്കാര്യം പറയാതെ, അവള്‍ ഈ സംഭവം തന്റെ ബോധമണ്ഡലത്തില്‍, സ്മരണമണ്ഡലത്തില്‍ സൂക്ഷിച്ചുവെക്കാനായി ആയവിറക്കിക്കൊണ്ടിരിക്കാന്‍ തീര്‍ച്ചയാക്കി-കാരണം അവരുടെ മുഴുവന്‍ ജീവിതത്തില്‍ അത്രക്ക് വലയേറിയ ഒരസുലഭ നിമിഷമായിരുന്നു അത്. കുറച്ചുനേരം ഒറ്റയ്ക്കിരിക്കണം... ഈ നിമിഷം ആസ്വദിക്കണം.

പെട്ടെന്നൊരു രൂപം സാവിത്രിയുടെ മുമ്പില്‍ ആകാശത്തുനിന്നും പൊട്ടിവീണപോലെ ഭൂമിയില്‍ നിന്ന് സ്വയം ഭൂവായി പൊട്ടിമുളച്ചതുപോലെ പ്രത്യക്ഷപ്പെട്ടു. സാവിത്രിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല അമാനുഷികത്വമുള്ള ഒരു വ്യക്തി!. താന്‍ സ്വപ്‌നം കാണുകയാണോ...? ഇക്കണക്കിന് സത്യവാന്റെ മരണവും വെറും സ്വപ്‌നമാണോ...? ഈശ്വരാ...! അവര്‍ കണ്ണ് ഒന്നു നന്നായി തിരുമ്മി നോക്കി. ദൈവത്തിന്റെ പരിവേഷമുള്ള ഒരു രൂപം മുന്നില്‍ നില്‍ക്കുന്നു. ഹിന്ദുദൈവങ്ങള്‍ സുന്ദരന്മാരാണ്. സ്‌ത്രൈണഭാവം ഉണ്ടെന്നേയുള്ളു.
ഇതാരാണ്....? വിഷ്ണൂ.. ശിവന്‍, കാര്‍ത്തികേയന്‍..? തന്നെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകാന്‍ വന്നതാണോ..? സത്യവാന്റെ കൂടെ? സ്വര്‍ഗ്ഗമോ, വൈകുണ്ഡമോ, അതോ കൈലാസമോ? എന്താണ് ഈ മൂന്നും തമ്മിലുള്ള വ്യത്യാസം?. മരിച്ചാല്‍ നാം ഇതിലേതിലെങ്കിലും എത്തിച്ചേരുമെന്ന് കേട്ടിട്ടുണ്ട്. ഈ ദേവന്‍ എന്തിനാണ് ഇപ്പോള്‍ ഇവിടെ വന്നിരിക്കുന്നത്?


സാവിത്രി ദൈവത്തെ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. സ്‌ത്രൈണഭാവം ഒട്ടും ഇല്ലാത്ത വ്യക്തിത്വം; പൗരുഷം, ആരോഗ്യമുള്ള ശരീരം, ഇരുനിറം, ഒരു ദൈവം ഇപ്പോള്‍ ഇവിടെ..? ഈ മനുഷ്യന്റെ ശവം കൊണ്ടുപോകാന്‍ ഏതു ദൈവം വരും? രൂപം സംസാരിക്കാന്‍ തുടങ്ങി. 'സാവിത്രി... ഭയപ്പെടേണ്ട നിനക്കെന്നെ നന്നായി അറിയാം എന്റെ നാമം നിന്റെ പേരിനോട് അഭേദ്യമായ വിധം ബന്ധപ്പെട്ടുകിടക്കുന്നു. യമരാജനാണ് ഞാന്‍'' യമന്റെ ശബ്ദത്തില്‍ പഴയ പരിചയവും വാത്സല്യവും കലര്‍ന്നിരുന്നു.
'എന്റെ മരണത്തിന്റെ മുഹൂര്‍ത്തം ആയോ യമദേവാ? അങ്ങെന്തിനാണ് വന്നിരിക്കുന്നത്? എനിക്കിപ്പോള്‍ മരിക്കാന്‍ ഒട്ടും ആഗ്രഹമില്ല. മാത്രമല്ല, ജീവിക്കാന്‍ കൂടുതല്‍ ആഗ്രഹവും തോന്നുന്നു'
'ഞാന്‍ സത്യവാന്റെ മരണം സംബന്ധിച്ചാണ് ഭൂലോകത്ത് എത്തിയിരിക്കുന്നത്. സത്യവാന്റെ മരണം നടന്നാല്‍, എവിടെ സത്യവാന്‍ സാവിത്രിമാരുണ്ടോ, അവിടെ എനിക്കെത്തണം. പഴയ നാടകം ഒരിക്കല്‍ കൂടി അരങ്ങേറണം. ഞാനുമതില്‍ ഒരു പ്രധാന കഥാപാത്രമായിരുന്നല്ലോ. ആ നാടകം ഒന്നുകൂടി ആവര്‍ത്തിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്' യമന്‍ പറഞ്ഞു.
'ഏതു നാടകം'സാവിത്രി നെറ്റിചുളിച്ച് ചോദിച്ചു.
'ഇതെന്തു കഥ പുത്രി! നമ്മുടെ പഴയകഥ' തികഞ്ഞ നിഷ്‌കളങ്കതയോടെ, ആപല്‍ശങ്കയില്ലാതെ, സംശയമില്ലാതെ യമരാജന്‍ വിശദീകരിച്ചു.
'നീ മരണത്തെ ജയിച്ച കഥ. സത്യവാന്‍ മരിക്കുന്നു; നീ അദ്ദേഹത്തെ തിരിച്ചുതരാന്‍ യമനോട് അഭ്യര്‍ത്ഥിക്കുന്നു. ഭൂലോകം മുഴുവന്‍ യമനെ പിന്‍തുടരുന്നു. അവസാനം യമന്‍ തോറ്റ് സാവിത്രിക്ക് സത്യവാനെ വരദാനമായി നല്കുന്നു. എവിടെവിടെ സത്യവാന്മാര്‍ മരിക്കുന്നുവോ, എവിടെവിടെ സാവിത്രിമാര്‍ അവര്‍ക്ക് ഭാര്യമാരായി ഉണ്ടോ, അവിടെയെല്ലാം ഞാന്‍ എത്തിച്ചേരും. ഈ നാടകം അരങ്ങേറും സാവിത്രികള്‍ രക്ഷിക്കാന്‍ ഉള്ളപ്പോള്‍ ഒരു സത്യവാനും മരിച്ചുകൂടാ. ഇത് തലമുറയായിട്ടുള്ള പതിവാണ്. പണ്ടുനടന്നത് മുഴുവന്‍ നമ്മളാവര്‍ത്തിക്കുന്നില്ല. ഒരു 'സിമ്പോളിക്' 'റിപ്പീറ്റീഷന്‍'. ഞാന്‍ പത്തടി നടക്കുന്നു ഭവതി എന്നെ പിന്‍തുടരുന്നു. കരയുന്നു. ഞാന്‍ 'ഡെഡ് ബോഡി' റിലീസ് ചെയ്യുന്നു... അല്ല ആത്മാവ്! സിംപിള്‍!. ഈ കേസ് ചിത്രഗുപ്തന്റെ ലോഗ് ബുക്കില്‍ 'റെയറസ്റ്റ് ഓഫ് ദി റെയര്‍' കേസ് ആയി സ്ഥാനം പിടിക്കും. നാം പുറപ്പെടുകയല്ലേ സാവിത്രീ..'
ഇപ്പോഴാണ് ഭൂമിയിലെത്തിയതിനുശേഷം ആദ്യമായി യമരാജാവ് സാവിത്രിയെ ശ്രദ്ധിച്ചത്. കവിളുകളില്‍ കണ്ണീര്‍പ്പാടുകളോ, കരഞ്ഞു വീര്‍ത്ത മുഖമോ, കടുത്ത ദുഖമോ ഒന്നുമില്ല. ഒരു തരം നിര്‍വ്വികാരത, ഗൂഢമായ ഒരു സന്തോഷം എവിടെയോ ഒളിച്ചിരിപ്പുണ്ടോ..? യമന്‍ പറഞ്ഞു.
'ഇതെന്തുപറ്റി സാവിത്രീ? നീ യാതൊരു പ്രതികരണവും കൂടാതെ ഇങ്ങിനെ നില്ക്കുന്നതെന്താണ് സമയം വൈകുന്നു. എനിക്ക് പോകാന്‍ സമയമായി. നീ എന്റെ കൂടെ കുറച്ചുദൂരം വന്നാല്‍ മതി' യമന്‍ പറഞ്ഞു.


സാവിത്രി പറഞ്ഞു 'ഞാനെന്നും ദൈവങ്ങള്‍ക്ക് ബുദ്ധികുറവാണെന്നും, നീതിബോധം ഇല്ലെന്നും വിശ്വസിച്ചിരുന്നു. പക്ഷെ താങ്കള്‍ ഈ കൂട്ടത്തില്‍ പെടുമെന്ന് കരുതിയില്ല. തുറന്നു പറയാം. എനിക്ക്, സാവിത്രിക്ക് ഈ മനുഷ്യനെ ഇനി ജീവിതത്തില്‍ വേണ്ട. ഈയാളുടെ കൂടെ ഒരു ജീവിതം വേണ്ട. എന്റെ സന്തോഷമാണ് നിങ്ങള്‍ ദൈവങ്ങളുടെ ഉദ്ദേശ്യമെങ്കില്‍ ഇയാളെ അങ്ങ് വേഗം പരലോകത്തേക്ക് കൊണ്ടുപോകുക. ഞാന്‍ കരഞ്ഞുതൊഴിച്ച് അങ്ങയെ പിന്തുടുമെന്ന് അങ്ങ് കുരുതുന്നുണ്ടെങ്കില്‍ അങ്ങേക്കും അങ്ങയുടെ ഇന്ദ്രനും തെറ്റി. ഇനി, ദൈവങ്ങള്‍ ഈ മനുഷ്യനെ അമൂല്യസ്വത്തായി കരുതുന്നുവെങ്കില്‍ അവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ഇദ്ദേഹത്തെ കണ്ണാടിക്കൂട്ടിലിട്ട് പ്രദര്‍ശിപ്പിക്കാം. ഉപ്പിലിട്ടു വയ്ക്കാം. ഞാന്‍ ഇയ്യാളുടെ മേല്‍ ഒരവകാശവാദവും ഉന്നയിക്കാന്‍ പോകുന്നില്ല; എന്നെ സംബന്ധിച്ചിടത്തോളം ഇയാള്‍ മരിച്ചു കഴിഞ്ഞു. എന്റെ ഇയാളുമായുള്ള ബന്ധങ്ങളും മരിച്ചു കഴിഞ്ഞു. മരണം പ്രകൃതി നിയമമാണെന്നും മരിച്ചതിനെ ജീവിപ്പിക്കുന്നത് പ്രകൃതിയോടുള്ള വെല്ലുവിളിയാണെന്നും ഞാന്‍ അങ്ങേക്ക് പറഞ്ഞു തരേണ്ടല്ലോ യമദേവാ' സാവിത്രി പെട്ടെന്ന് വാചാലയായി.

യമരാജന്‍ അത്ഭുതസ്തബ്ധനായി. ഈ സ്ത്രീ സാവിത്രിതന്നേയോ? സാവിത്രി പുരാണത്തിന്റെ പാഠഭേദം!. ഇതൊരു കഥയാക്കിയാല്‍ എന്തു തലക്കെട്ട് കൊടുക്കാം? യമരാജന്‍ ചിന്തിച്ചു. 'സാവിത്രി കാല് മാറുന്നു. അല്ലെങ്കില്‍ സത്യവാന്റെ വിധി തിരുത്തി എഴുതപ്പെടുന്നു. 'സത്യവാനൊരു ചരമഗീതം'
'സാവിത്രി ഒരു വിപ്ലവഗാഥ'
'സാവിത്രി; വിപ്ലവത്തിന്റെ നൂതന പാതയില്‍' നല്ല നല്ല തലക്കെട്ടുകള്‍.
തനിക്ക് എഴുതാന്‍ കഴിവില്ലാതെ പോയതില്‍ യമരാജാവ് ആദ്യമായി സ്വയം ശപിച്ചു.

യമന്‍ സാവിത്രിയുടെ മുഖത്തേക്ക് ഉറ്റുനോക്കി. ഒട്ടും കള്ളത്തരമില്ല. അവള്‍ പറയുന്നതെല്ലാം അവള്‍ ശരിക്കും ഉദ്ദേശിക്കുന്നുവെന്ന് യമന് തോന്നി. മുഖഭാവം യഥാര്‍ത്ഥ കോപത്തെ, ക്ഷോഭത്തെ വിളിച്ചോതി.
'ഞാനി കേള്‍ക്കുന്നതെന്താണ് സാവിത്രീ? നിനക്ക് സത്യവാനെ തിരിച്ചുവേണ്ടെന്നോ? ഇതേതു പുതിയ സാവിത്രിക്കഥയാണ്? സാവിത്രി, നിനക്കങ്ങിനെ തീരുമാനമെടുക്കാന്‍ പറ്റില്ല. ഇതിന് ചില നിയമങ്ങളും പാരമ്പര്യങ്ങളുമുണ്ട്. സാവിത്രിയും സത്യവാനും ഒന്നിച്ചിരിക്കണമെന്ന് ദേവന്മാരുടെ ആഗ്രഹമാണ് ആജ്ഞയാണ്' യമന്‍ ഒന്നു കയര്‍ക്കാന്‍ നോക്കി.

'അത് നിശ്ചയിക്കാന്‍ നിങ്ങള്‍ ആര്? ഇതെന്റെ ജീവിതമാണ്, എന്റെ സുഖവും സന്തോഷവുമാണ് നിങ്ങള്‍ തുലാസിലിട്ട് തൂക്കിക്കൊണ്ടിരിക്കുന്നത്. എനിക്കിയാളെ വേണ്ടെന്നു പറഞ്ഞാല്‍ വേണ്ടെന്നു തന്നെയാണര്‍ത്ഥം. എന്നിട്ടും എന്റെ മേല്‍ ഇയാളെ കെട്ടിവയ്ക്കാന്‍ ദൈവങ്ങള്‍ക്ക് എന്താണിത്ര താല്‍പര്യം?' സാവിത്രി ചോദിച്ചു.

യമരാജന് സാവിത്രിയുടെ ഭാവം കണ്ട് ഭയം തോന്നി. ചോദ്യങ്ങള്‍ കൂരമ്പുകളായാണ് വരുന്നത്. ഉത്തരമൊന്നും കിട്ടുന്നില്ല. തെല്ലു പരുങ്ങലോടെ യമരാജന്‍ പറഞ്ഞു.
'സത്യം പറഞ്ഞാല്‍ എനിക്കിതില്‍ കാര്യമായ പങ്കൊന്നും ഇല്ല സാവിത്രീ. ഞാന്‍ ഇന്ദ്രന്റെ വെറും ആജ്ഞാനുവര്‍ത്തിമാത്രം. ഇതദ്ദേഹത്തിന്റെ തീരുമാനമാണ്'.

'എന്റെ കാര്യത്തില്‍ നിങ്ങള്‍ ദേവന്മാര്‍ക്ക് എന്താണിത്ര താല്പര്യം?'
വേറൊരു ചോദ്യശരം സാവിത്രിയില്‍ നിന്ന്. യമരാജന്റെ സ്ഥിതി ചെകുത്താനും കടലിന്നും ഇടയ്ക്കായി. ഒരു ഭാഗത്ത് 'കൊണ്ടുപോകൂ... എനിക്കിയാളെ വേണ്ട എന്ന് വാശി പിടിക്കുന്ന സാവിത്രി, മറുഭാഗത്ത് ഒരു പുരാണ കഥയേയും കെട്ടിപ്പിടിച്ച് ആജ്ഞകള്‍ പുറപ്പെടുവിക്കുന്ന ഇന്ദ്രന്‍. യമന് ഇന്ദ്രനേക്കാള്‍ സാവിത്രിയെ അറിയാം. എവിടെയോ എന്തോ കുഴപ്പമുണ്ട്. ഈ ധീരവനിതയുടെ ഉദ്ദേശ്യശുദ്ധിമാനിക്കാതിരിക്കാന്‍ യമരാജനും കഴിയില്ല. അദ്ദേഹം അനുനയത്തോടെ പറഞ്ഞു. 'ഞാന്‍ ആ രാത്രി ഓര്‍ക്കുന്നു സാവിത്രി... ഭയാനകമായ ഇരുട്ട് മഴ, ഇടിവെട്ട്, മിന്നല്‍ ഞാന്‍ ഭൂലോകം താണ്ടി പരലോകത്തിലേക്കുള്ള പ്രവേശനകവാടത്തില്‍ എത്തുന്നു. എന്റെ കൂടെ ഭവതിയും ഉണ്ട്. പക്ഷെ നിനക്ക് ഭയമില്ല, പരിസരബോധമില്ല. കൂപ്പുകൈയ്യുമായി കണ്ണീരൊഴുകുന്ന കവിളുകളോടെ ശക്തിചോര്‍ന്നുപോകുന്ന ചുണ്ടുകള്‍. ഒരു മന്ത്രം പോലെ ഉരുവിടുന്നു. എനിക്കദ്ദേഹത്തെ തിരിച്ചു തരൂ... എന്റെ മാത്രമല്ല, ഈ ലോകത്തിലേയും പരലോകത്തിലേയും ജീവജാലങ്ങലുടേയെല്ലാം കരളലിയിപ്പിക്കാന്‍ പോന്നതായിരുന്നു ആ ദൃശ്യം. മരണദേവന് പോലും നിന്നെ ഭയമായിരുന്നു. അപ്പോള്‍. ഒരു ഭയവും നിന്നെ തീണ്ടിയില്ല. ഈ പ്രപഞ്ചം മുഴുവന്‍, ലോകാവസാനം വരെ... സത്യവാനു വേണ്ടി എന്റെ കൂടെ സഞ്ചരിക്കാന്‍ നീ തയ്യാറായിരുന്നു. നിന്റെ ധൈര്യവും നിശ്ചയദാര്‍ഢ്യവും കണ്ട് ഞാന്‍പോലും അതിശയിച്ചു. ഞാന്‍ തന്നത്താന്‍ പറഞ്ഞു 'എന്തൊരു സ്ത്രീ' ആ ഭവതിയാണ് ഇപ്പോള്‍ പറയുന്നത്, 'എനിക്കിയാളെ വേണ്ട; കൊണ്ടുപോകൂ... എന്ന്' ഇതെന്തു സംഭവിച്ചു സാവിത്രി.
'ഈ കള്ളക്കഥകള്‍! ഇവവരുത്തിവെയ്ക്കുന്ന വിനകള്‍! ആര്‍ക്കറിയാം അവ സത്യമാണോ എന്ന്! ആരും ദൃക്‌സാക്ഷികളായി ഇതൊന്നും കാണാന്‍ അവിടെയുണ്ടായിരുന്നില്ലൊ. നിങ്ങള്‍ ദൈവങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ തിന്നുകൊഴുത്ത് ജോലിയൊന്നുമില്ലാതെ ഇരിക്കുമ്പോള്‍ ഇത്തരം ഓരോ കഥകള്‍ മനുഷ്യനെപ്പറ്റി മെനഞ്ഞുണ്ടാക്കുന്നു. മനുഷ്യന്റെ മനസ്സും ജീവിതവും യാഥാര്‍ത്ഥ്യവുമായി ഒരു പൊരുത്തവുമില്ലാത്ത കഥകള്‍. അതനുസരിച്ച് മനുഷ്യന്‍ ഇന്നും നീങ്ങണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. മനുഷ്യന് ഇതെല്ലാം എത്ര ദുരിതം, ദുഖം, സൃഷ്ടിക്കും എന്നറിയാതെ. അല്ലെങ്കില്‍ മനുഷ്യന്റെ വിഷമം കണ്ട് പൊട്ടിച്ചിരിക്കാനായി' സാവിത്രി സാരിത്തലപ്പുകൊണ്ട് മുഖത്തെ വിയര്‍പ്പൊന്ന് അമര്‍ത്തിത്തുടച്ചു.
അവള്‍ തുടര്‍ന്നു 'യമരാജന്‍, ഈ മരിച്ചുകിടക്കുന്ന ആള്‍ എന്റെ ഭര്‍ത്താവാണെന്നതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. പക്ഷെ, ഇയാളുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനെ ഇത്ര ശക്തിയായി ഞാന്‍ ഏതിര്‍ക്കുന്നതെന്തുകൊണ്ടാണെന്ന് ഒരു നിമിഷം അങ്ങ് ആലോചിച്ചിട്ടുണ്ടോ? എന്നോട് ചോദിക്കാന്‍ തോന്നിയോ? എന്നാല്‍ കേട്ടുകൊള്ളുക, ഇരുപത്തഞ്ചുവര്‍ഷം! എന്റെ കഴുത്തില്‍ താലികെട്ടി എന്ന ഒരൊറ്റ അവകാശം കൊണ്ട് ഇയാളുടെ ശരീരം എന്റെ ശരീരത്തെ അടിമയാക്കിവെച്ചു; അവഹേളിച്ചു; എന്റെ ശരീരത്തിന്മേല്‍ എനിക്കുള്ള അവകാശം എനിക്ക് നഷ്ടപ്പെട്ടിരുന്നു. ഈ നാവ് എന്നെ തെറിയും അശ്ലീലവും മാത്രം പറഞ്ഞു. ഈ കാലുകള്‍ എന്നെ സ്ഥിരമായി തൊഴിച്ചു. ഈ വീട്ടിലെ സായാഹ്നങ്ങള്‍ ഇയാള്‍ മദ്യപ്പാര്‍ടികളാക്കിമാറ്റി. ഇയാളുടെ കാമാതുരരായ സുഹൃത്തുക്കളുടെ മുന്നില്‍ എന്നെ പ്രദര്‍ശിപ്പിച്ചു. ഇയാള്‍ മാറുമെന്നും നന്നായിത്തീരുമെന്നും ഞാന്‍ അവസാനം വരെ അന്ധമായി വിശ്വസിച്ചു. അതിനാല്‍ ഞാന്‍ അമ്പലങ്ങളായ അമ്പലങ്ങളിലെല്ലാം കയറിയിറങ്ങി. ദൈവങ്ങളോട് പ്രാര്‍ത്ഥിച്ചു, നോമ്പുകള്‍ നോറ്റു. ഇയാളെ ജീവിപ്പിക്കാനല്ല, ഒരു നല്ല മനുഷ്യനാക്കാനാണ് ഈ സാവിത്രി നോമ്പുനോറ്റത്. താങ്കളടക്കമുള്ള ഒരു ദൈവവും എന്റെ പ്രാര്‍ത്ഥന കേട്ടില്ല പിന്നെ ഞാന്‍ എന്നെ ഈ ബന്ധനത്തില്‍ നിന്ന് എങ്ങിനെയെങ്കിലും മോചിപ്പിക്കാനായി ദൈവങ്ങളെ വിളിച്ചു. അവര്‍ അന്ധരായിരുന്നു, ബധിരരായിരുന്നു. കാല്‍ നൂറ്റാണ്ട് ഒരു ചെറിയ കാലഘട്ടമല്ല. ആത്രയും കാലും ഞാനിത് സഹിച്ചു. അവസാനം ദുര്‍ന്നടപടികളാല്‍ അര്‍ബുദം ബാധിച്ച് ഇന്ന് രാത്രി ഇയാള്‍ മരിച്ചപ്പോള്‍, എന്റെ സ്വാതന്ത്ര്യത്തിന്റെ പുലരി ഉണര്‍ന്നപ്പോള്‍, ഏതോ ഒരു പഴങ്കഥയുടെ പേരില്‍ ദൈങ്ങള്‍ക്ക് ഇയാളെ എനിക്ക് തിരിച്ച് തരണം. എന്റെ ജീവിതമിട്ട് ഇനിയും പന്താടണം! ഈ കാലുകള്‍ക്ക് ജീവന്‍ കൊടുക്കണം എന്നെ വീണ്ടും തൊഴിക്കാന്‍; നാവിന് ജീവന്‍ ഉണ്ടാക്കണം എന്നെ തെറിവിളിക്കാന്‍! എന്റെ ദൈവങ്ങളേ! ഞാനിതിനു തക്കവണ്ണം നിങ്ങള്‍ക്കെന്തു ദ്രോഹം ചെയ്തു?'

സാവിത്രിക്ക്് തന്റെ ദുഖം നിയന്ത്രിക്കാനായില്ല. അവര്‍ അത് പെട്ടെന്ന് അനിയന്ത്രിതമായ കോപമാക്കി മാറ്റി ഉറഞ്ഞുതുള്ളി.
'ദൈവങ്ങള്‍! അവരുടെ ഒരു ക്രൂരവിനോദം!ഞങ്ങള്‍ മനുഷ്യരുടെ ജീവന്‍ വച്ച് നിങ്ങള്‍ ദൈവങ്ങള്‍ പന്താടുന്നു! രസിക്കുന്നു! നിങ്ങള്‍ ദൈവങ്ങള്‍ ഹൃദയമില്ലാത്തവരാണ്; അന്ധരാണ്! ഒരു പാവം സ്ത്രീയെ കണ്ണുനീര്‍ കുടിപ്പിച്ച് രസിക്കുന്നു! ഇയാളുടെ മരണശേഷവും എനിക്കിയാളില്‍ നിന്ന് മോചനം ഇല്ലെന്നോ? ഇതെന്തുവിധി!'
സാവിത്രി എല്ലാം മറന്ന് ആക്രോശിച്ചു. 'എടുത്തുമാറ്റൂ ഈ പിണത്തെ. ഇല്ലെങ്കില്‍ അങ്ങ് യമരാജനെന്ന കാര്യം മറന്ന് ഞാന്‍ വല്ലതും ചെയ്‌തെന്നുവരും. ഇയാളുടെ കൂടെ ഇനിയും ഒരു ജീവിതം കൂടെ ജീവിക്കാന്‍ അത് ദൈവങ്ങളുടെ ആഗ്രഹമായാല്‍ പോലും..., എനിക്ക് ഭ്രാന്തൊന്നുമില്ല'
യമരാജന് ഭയം തോന്നി, ഒപ്പം കുറ്റബോധവും ലജ്ജയും. ഇവള്‍ പറയുന്നത് ഓരോന്നും ശരിയാണ്, ഞങ്ങള്‍ ദൈവങ്ങള്‍ക്ക് മനുഷ്യരുടെ പ്രശ്‌നങ്ങള്‍, മാനസികവ്യാപാരങ്ങള്‍ ഒന്നിനെപ്പറ്റിയും ഒന്നും അറിയില്ല. എന്നിട്ടും ദൈവങ്ങള്‍ മനുഷ്യന്റെ കാര്യത്തില്‍ ഇടപെടുന്നു. അവരുടെ വിധി നിര്‍ണ്ണയിക്കുന്നു. ഇത് അനീതി തന്നെ. സാവിത്രി അറുത്തുമുറിച്ചു പറഞ്ഞു 'നിങ്ങള്‍ ദൈവങ്ങള്‍ ഒരു ലക്ഷം സ്വര്‍ണ്ണനാണയങ്ങള്‍ തരാമെന്ന് പറഞ്ഞാലും എനിക്കിനി ഇയാളെ എന്റെ ജീവിതത്തില്‍ വേണ്ട. യമരാജന്‍, അങ്ങേക്കറിയുമോ? ഇയാളുടെ കൂടെ കഴിഞ്ഞ ഇരുപത്തഞ്ചുവര്‍ഷക്കാലം ഓരോ ദിവസവും ഞാന്‍ ജീവിക്കുകയായിരുന്നില്ല, മരിക്കുകയായിരുന്നു... മരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ഇപ്പോള്‍ ജീവിതത്തിന്റെ സന്തോഷത്തിന്റെ ആശാനാളം എന്നില്‍ തെളിയുന്നു. ഇയാളില്‍ നിന്നുള്ള മോചനത്തിന്റെ, സ്വാതന്ത്യത്തിന്റെ, ആശയും പ്രതീക്ഷയും'
കുറച്ചുനേരം നിശബ്ദത പാലിച്ച ശേഷം സാവിത്രി പറഞ്ഞു 'നിങ്ങള്‍ക്കിയാളെ ജീവിപ്പിക്കണം അല്ലെ? ജീവിപ്പിച്ചുകൊള്ളുക. പക്ഷെ ഒരു നിബന്ധനയില്‍ മാത്രം. നിങ്ങള്‍ ഈ നിമിഷം എന്റെ ജീവനെടുക്കണം ഒന്നുകില്‍ ഇയാള്‍ ജീവിക്കണം ദേവന്മാര്‍ക്കുവേണ്ടി. അല്ലെങ്കില്‍ ഞാന്‍ മരിക്കുന്നു, എന്റെ ആഗ്രഹപ്രകാരം എന്നെ ഗ്രസിച്ച ഈ ശാപത്തില്‍ നിന്ന് രക്ഷപ്പെടാന്‍'.
യമരാജാവ് തികച്ചും നിശ്ശബ്ദനായി ആവനാഴിലെ വാദങ്ങളുടെ എല്ലാ അമ്പുകളും തീര്‍ന്നിരിക്കുന്നു. എന്തെങ്കിലും പറയണമല്ലോ എന്ന് കരുതി പറഞ്ഞു ' ഇന്ദ്രന്റെ ആഗ്രഹം... ഇന്ദ്രന്റെ നിര്‍ബന്ധം...'
മുഴുവനാക്കാന്‍ സമ്മതിക്കാതെ സാവിത്രി ഒരു ചാട്ടം ചാടി 'ഇന്ദ്രന്‍, ഇന്ദ്രന്‍, ഇന്ദ്രന്‍.... നിങ്ങള്‍ എല്ലാവുരും ആയാളെ ഭയപ്പെടുന്നുണ്ടായിരിക്കാം. എനിക്ക് നിങ്ങളുടെ ഇന്ദ്രനെ ഭയമില്ല. എന്റെ ജീവിതം വെച്ച് കളിക്കാന്‍ ഇന്ദ്രനാര് അധികാരം കൊടുത്തു? മനുഷ്യര്‍ ദൈവങ്ങളുടെ കയ്യില്‍ കുട്ടികളുടെ നേരമ്പോക്കില്‍ കത്തിതീരുന്ന ഇയ്യാംമ്പാറ്റകളെപ്പോലെയാണ്. അവരുടെ കല്ലേറുകൊണ്ട് ചാവുന്ന തെണ്ടിപ്പട്ടികളാണ്. വളരെ വളരെ ദൂരത്തിരുന്ന്, ഉയരത്തിലിരുന്ന്, ഈ ദൈവങ്ങള്‍ മനുഷ്യനായി നിയമനിര്‍മ്മാണം നടത്തുന്നു; വിധിനിര്‍ണ്ണയം നടത്തുന്നു. അങ്ങിനെ ചേരാത്തവരെ ചേര്‍ക്കുന്നു. വെറുക്കുന്നവരെ കൂട്ടിക്കെട്ടുന്നു. എന്നിട്ട് കൈകൊട്ടിച്ചിരിക്കുന്നു. ദുഷ്ടന്മാര്‍! അങ്ങ് ഇന്ദ്രനോട് പറയുക. മനുഷ്യരെ ദയവായി അവരുടെ വഴിക്ക് വിടുക എന്ന്. ആ പാവങ്ങള്‍ എങ്ങിനെയെങ്കിലും അവരുടെ സൗകര്യമനുസരിച്ച് ജീവിച്ചുകൊള്ളും. കാര്യങ്ങല്‍ നടത്തും, തീരുമാനങ്ങള്‍ എടുക്കും. നിങ്ങള്‍ ദൈവങ്ങല്‍ മനുഷ്യരുടെ പൂജയും, വെള്ളവും പുഷ്പാര്‍ച്ചനയും പായസവും, സുഗന്ധദ്രവ്യങ്ങളും മുടങ്ങാതെ സ്വീകരിക്കുന്നുണ്ടല്ലോ. എന്നിട്ട് ഒരവസരം കിട്ടിയാല്‍ മനുഷ്യന് വേണ്ടി ചെയ്യുന്നതെന്ത്? കടുത്ത ദ്രോഹം... നിങ്ങള്‍ ഒന്നടങ്കം മനുഷ്യ താല്പര്യങ്ങള്‍ക്കെതിരായി തിരിയുന്നു. വിഢി മനുഷ്യന്‍ ഇതൊന്നുമറിയാതെ ദൈവങ്ങളുടെ താളത്തിനൊത്തു തുള്ളുന്നു; ദൈവത്തിന്റെ കൈയ്യില്‍ വെറും പാവകളായി'.
ഒരു ചെറിയ നിശ്ശബ്ദതയ്ക്കുശേഷം സാവിത്രി വീണ്ടും പൊട്ടിത്തെറിച്ചു 'സമ്മതിക്കില്ല ഞാന്‍. ഇന്ദ്രനായാലും ശരി, മറ്റേതു ദൈവമായാലും ശരി, എന്റെ ജീവിതവും, സന്തോഷവും വെച്ച് പന്താടാന്‍ ഞാന്‍ സമ്മതിക്കില്ല!' സാവിത്രി തന്റെ സഹനശക്തിയുടെ, വാചാലതയുടെ പാരമ്യത്തില്‍ എത്തിയിരുന്നു. അവര്‍ പെട്ടെന്ന് പൊട്ടിക്കരഞ്ഞു. കൈകൂപ്പി യമരാജന് മുമ്പില്‍ നിന്നുകൊണ്ട് പറഞ്ഞു 'എന്റെ വേദന, ദുഖം, പ്രാണഭയം ഇവ മനസ്സിലാക്കൂ യമദേവാ! എന്റെ ഒരേ ഒരു പ്രാര്‍ത്ഥന ചെവിക്കൊള്ളൂ... അങ്ങ് ഇന്ദ്രനില്‍ നിന്ന് വ്യത്യസ്തനാണെന്ന് എനിക്കറിയാം. അങ്ങയുടെ നീതിബോധം എനിക്കായി പുറത്തെടുക്കൂ ദേവാ...! എന്റെ ജീവിതം ഇനിയും ദുരിതമയമാക്കാന്‍ ഇന്ദ്രനുവേണ്ടി അങ്ങ് ഇനിയും കൂട്ടുനില്‍ക്കരുതേ! ഇയാളെ ഇനിയും എന്റെ ജീവിതവുമായി കൂട്ടിക്കെട്ടരുതേ!'
സാവിത്രിയുടെ അവസാനത്തെ നിസ്സഹായത യമന്റെ മനസ്സ് തികച്ചും അലിയിച്ചു. ഇങ്ങിനെ കൈകൂപ്പി അവസാനം തന്റെ മുമ്പില്‍ നിന്ന് കരയാന്‍ ഈ സ്ത്രീ ഈ മനുഷ്യനില്‍ നിന്നും ഏത്ര ദുരിതം അനുഭവിച്ചു കാണണം! പക്ഷെ സത്യവാനേയും കൊണ്ടല്ലാതെ തിരിച്ചു ചെന്നാല്‍ ഉണ്ടാവാനിടയുള്ള ഇന്ദ്രന്റെ കോപം...! യമരാജന് സ്വന്തം കാര്യങ്ങളില്‍ പൊതുവേ ധൈര്യം കുറവായിരുന്നു. ഒന്നുകൂടി സാവിത്രിയെ പറഞ്ഞു മനസ്സിലാക്കാന്‍ നോക്കാം. അദ്ദേഹം പറഞ്ഞു 'പുത്രീ എനിക്ക് നിന്റെ അവസ്ഥയില്‍ വല്ലാത്ത വിഷമം തോന്നുന്നു. നിന്റെ ഇന്നത്തെ ജീവിതത്തെപ്പറ്റി യാതൊന്നും അറിയാന്‍ ശ്രമിച്ചില്ല എന്നത് ദേവന്മാരുടെ ഭാഗത്തുനിന്നുണ്ടായ ഒരു വലിയ അപരാധംതന്നെ. അതറിയാതെ ഇങ്ങിനെ ഒരു തീരുമാനം എടുത്തത് ശരിക്കും ദേവന്മാരുടെ കഴിവു കേടിനെ കാണിക്കുന്നു. പക്ഷെ, ഈ പ്രതിസന്ധിയെ നേരിടുക എന്ന ദൗര്‍ഭാഗ്യം ഇപ്പോള്‍ എന്റെ മേല്‍ വീണിരിക്കുന്നു. ഇന്ദ്രന് സത്യവാന്‍ ജീവിതത്തിലേക്ക് തിരിച്ചു പോകണം, അത് ആയാളുടെ നിര്‍ബ്ബന്ധം. അതു സംഭവിച്ചാല്‍ പിന്നെ നിനക്ക് ജീവിക്കേണ്ട, അതു നിന്റെ വശത്തുനിന്ന്!. ഞാനെന്തു ചെയ്യും...? സമയം വരുന്നതിന് മുന്‍പ് നിന്നെ പരലോകത്തേക്ക് കൊണ്ടുപോകാന്‍ എനിക്കനുവാദം ഇല്ല. ഞങ്ങളുടെ നിയമങ്ങള്‍ അതിനനുവദിക്കുന്നില്ല'.
'നിയമങ്ങള്‍! വകുപ്പുകള്‍!... നിയമങ്ങള്‍ നിങ്ങള്‍ ആര്‍ക്കുവേണ്ടി ഉണ്ടാക്കി? നിങ്ങള്‍ക്കറിയാത്ത കുറേ അപരിചിതരായ മനുഷ്യര്‍ക്കുവേണ്ടി. നിയമങ്ങള്‍ നിയമങ്ങള്‍ക്കു വേണ്ടിയോ, ദൈവങ്ങള്‍ക്കു വേണ്ടിയോ, അതോ അതിന്റെ ഗുണദോഷങ്ങള്‍ അനുഭവിക്കുന്ന മനുഷ്യനു വേണ്ടിയോ? മനുഷ്യര്‍ അവരുടെ പ്രശ്‌നങ്ങള്‍, വേദനകള്‍ ഇവയെപ്പറ്റി നിങ്ങള്‍ ദൈവങ്ങള്‍ക്ക് വല്ലതും അറിയാമോ? നിയമങ്ങള്‍ അവന്റെ സുഖത്തിനും സന്തോഷത്തിനും സൗകര്യത്തിനും വേണ്ടിയാവണം. ദൈവങ്ങളുടെ നിയമനിര്‍മ്മാണം മനുഷ്യന്റെ ജീവിതം നരകമാക്കാന്‍ വേണ്ടിമാത്രമാണ് ഇപ്പോള്‍ ഈ നിയമങ്ങള്‍. അല്ലെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു തീരുമാനം എടുക്കാന്‍ എങ്ങിനെ ഇന്ദ്രന് കഴിഞ്ഞു?
സാവിത്രി വീണ്ടും നിയന്ത്രണം വിട്ടുകരഞ്ഞു. 'ഇതെന്റെ തോല്‍വിയാണ് യമരാജന്‍. ഞാന്‍ തോറ്റിരിക്കുന്നു, ഇയാളെ എന്റെ കൂടെ ജീവിക്കാന്‍ വീണ്ടും അനുവദിച്ചാല്‍ അതെന്റെ തോല്‍വിയായിരിക്കും. അങ്ങയുടെ പഴയ കഥയില്‍ സാവിത്രി ജയിച്ചു. സാവിത്രിക്ക് തോറ്റുകൊടുക്കാന്‍ യമനുപോലും സന്തോഷമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദൈവങ്ങള്‍ എന്നെ തോല്പിക്കാന്‍ പോകുകയാണ്. നന്ദി! ദൈവങ്ങളേ.. നന്ദി! ഒരു പാവം സ്ത്രീയെ തോല്പിച്ച് അമാനുഷരായ വീരശൂര പരാക്രമികളായ നിങ്ങള്‍ ജയിക്കുക! യമരാജന്‍! സാവിത്രിക്ക് പഴയ കഥയില്‍ അങ്ങ് ഒരു വരദാനം കൊടുത്തു 'സത്യവാന്റെ ജീവന്‍'. ഞാന്‍ അഭിനവസാവിത്രി അങ്ങയോട് ഒരു വരദാനം ആവശ്യപ്പെടുന്നു. അങ്ങേക്ക് എളുപ്പം തരാന്‍ കഴിയുന്നത്. മറ്റൊന്നുമല്ല 'സത്യവാന്റെ മരണം'. ഒരു വെറും സ്ത്രീക്ക് യമരാജന് കൊടുക്കാന്‍ ഒരു വിഷമവുമില്ലാത്ത ഒരു ചെറിയ വരം'

യമന്‍ കീഴടങ്ങി; അദ്ദേഹത്തിനു മനസ്സിലായി. നീതി നിഷേധിക്കപ്പെട്ട പാവം സ്ത്രീ. ദൈവങ്ങളുടെ കണക്കുകൂട്ടലിന്റെ തെറ്റുകളാല്‍ ചേരാന്‍ പാടില്ലാത്തവനോട് ചേര്‍ന്ന് ഇരുപത്തഞ്ചുകൊല്ലം നരകജീവിതം നയിച്ച സ്ത്രീ. അവര്‍ തന്റെ മുമ്പില്‍ നിന്ന് കണ്ണീര്‍ പൊഴിക്കുന്നു. ദൈവമെന്ന് പറഞ്ഞിട്ടെന്ത് കാര്യം! ഈ കണ്ണീര്‍ കാണാന്‍ കഴിയാത്തവന്‍ ദൈവസ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലാത്തവനാണ്. യമന്‍ ഇന്ദ്രന്റെ കല്പന മറന്നു, വജ്രായുധം മറന്നു, തലതിരിഞ്ഞ നീതി നിയമങ്ങള്‍ മറന്നു. തന്റെ 'പെഴ്‌സണല്‍' 'ലോ' ചില 'റെയറസ്റ്റ് ഓഫ് റെയര്‍' കേസുകളില്‍ യമന്‍ ഉപയോഗിക്കാറുണ്ട്. അല്ലെങ്കിലും സാവിത്രിക്കഥയും സാവിത്രിയും എന്നും 'റെയറസ്റ്റ് ഓഫ് റെയര്‍ കേസ്' ആയിരുന്നല്ലോ. ആ 'ലോ' ഉപയോഗിച്ച് സാവിത്രിയുടെ ഇംഗിതം നടപ്പിലാക്കാന്‍ യമരാജാവ് തീര്‍ച്ചയാക്കി. ഈ പാവം സ്ത്രീക്ക്-അല്ല ഈ ധീരവനിതയ്ക്ക്, ഈ മനുഷ്യന്റെ മരണം സുഖം, സ്വാതന്ത്ര്യം, സന്തോഷം ഇവ നല്‍കുമെങ്കില്‍ അങ്ങിനെത്തന്നെയാവട്ടെ. ഇന്ദ്രന്റെ ആജ്ഞയും നിയമവുമല്ല ഇവിടെ പ്രധാനം; ഈ സ്ത്രീയുടെ മനശ്ശാന്തിയാണ്, സന്തോഷമാണ്, ജീവിതമാണ്.

യമന്‍ സാവിത്രിയുടെ മുഖത്തേക്ക് ഒന്നു നോക്കി, സാത്യവാന്റെ ആത്മാവ് പോളിത്തീന്‍ ബാഗിലിട്ടു. ഒരു ചിരിചിരിക്കാന്‍ ശ്രമം നടത്തി. സാവിത്രിയുടെ ചുണ്ടുകളും ചിരിക്കാന്‍ ശ്രമം നടത്തുന്നതുകണ്ട് യമന്‍ സന്തോഷിച്ചു. പാവം ആവള്‍ സന്തോഷവതിയാണ്. ഇതില്‍ കൂടുതല്‍ ധര്‍മ്മരാജാവായ തനിക്കെന്തുവേണം? അത്ഭുതമെന്ന് പറയട്ടെ, അന്ധകാരത്തില്‍കൂടി, ദുര്‍ഗ്ഗമങ്ങളായ ഭൂതലങ്ങളിലൂടെ തന്നെ പിന്നിട്ട, കൂപ്പുകൈയ്യുമായി കണ്ണീരൊലിപ്പിച്ച് സത്യവാന്റെ ജീവനുവേണ്ടി കേഴുന്ന സാവിത്രിയുടെ ചിത്രം ആ സമയം യമരാജന്‍ മറന്നു പോയിരുന്നു. ഇപ്പോള്‍ വേറൊരു രൂപം നിറഞ്ഞു നിന്നു. ഒറ്റയാള്‍ പട്ടാളമായ സാവിത്രി; തന്റെ ആത്മാഭിമാനത്തിനും സ്ത്രീത്വത്തിന്റെ മാന്യതയ്ക്കും വേണ്ടി പടവെട്ടുന്ന സ്ത്രീ; സത്യവാനെ വേണ്ട എന്ന് ദൈവങ്ങളോടുപോലും പറയാന്‍ മടിക്കാത്ത, സത്യസന്ധതയുള്ള സ്ത്രീ. ദൈവങ്ങള്‍ മനുഷ്യര്‍ക്ക് കുഴപ്പങ്ങള്‍ മാത്രമേ സൃഷ്ടിച്ചിട്ടുള്ളു എന്നും സ്ത്രീയായാല്‍ പോലും സന്തോഷത്തിനര്‍ഹതയുണ്ടെന്നും നിര്‍ഭയം ദൈവങ്ങളോട് ആക്രോശിക്കുന്ന ധീരവനിത. യമന്‍ മനസ്സില്‍ പറഞ്ഞു 'എന്തൊരു സ്ത്രീ!' ഇതെവിടെയോ പണ്ട് മറ്റൊരു സ്ത്രീക്കു വേണ്ടി താന്‍ ഉപയോഗിച്ച പദമാണല്ലോ; പക്ഷെ ആര്‍ക്കുവേണ്ടി? യമരാജന്‍ മറന്നുപോയിരുന്നു. യമന് പെട്ടെന്ന് ഇന്ദ്രനോട് ദേഷ്യം തോന്നി. വൃത്തികെട്ടവന്‍! എല്ലാകുഴപ്പങ്ങള്‍ക്കും കാരണം അയാളും അയാളുടെ കുറേ നിയമങ്ങളുമാണ്. 'ഇന്ദ്രാ! നിനക്ക് വെച്ചിട്ടൊണ്ട് ഞാന്‍!' യമന്‍ സ്വയം പറഞ്ഞു. സാവിത്രിയുടെ വാദങ്ങള്‍ ഒന്നും മറന്നിട്ടില്ല അതെല്ലാം ഓരോന്നായി ഇന്ദ്രനെതിരെ എടുത്തുപയോഗിക്കാം. ഇന്ദ്രന്‍ വീഴാതിരിക്കില്ല. സാവിത്രിയുടെ ബുദ്ധിയൊന്നും ഇന്ദ്രനില്ല; തനിക്കുണ്ടോ..? തനിക്കുമില്ല.

ആവൂ...! കുറച്ചധികം സംസാരിക്കേണ്ടി വന്നു യമരാജനോട്, സാവിത്രി ചിന്തിച്ചു. എന്നാലും കാര്യ നേടി. ഈ ദൈവം പാവമാണ്. നല്ലവനും! പക്ഷെ ആ ഇന്ദ്രന്‍! വേണ്ട! ഇന്ദ്രനെപ്പോലുള്ള വ്യക്തികള്‍ക്കുവേണ്ടി അവളുടെ വികാരങ്ങള്‍ പാഴാക്കിക്കളയാതിരിക്കാന്‍ സാവിത്രി തീരുമാനിച്ചു. തന്റെ പുതിയ ജീവിതം, സ്വാതന്ത്ര്യം.... എവിടെ തുടങ്ങണം? ഈ പിണം ഇവിടെ കിടക്കട്ടെ. അത് വെറും പിണമാണ്. ശ്രദ്ധയര്‍ഹിക്കുന്നില്ല. പക്ഷെ താന്‍ ജീവിച്ചിരിക്കുന്ന പിണമല്ല. തനിക്കിപ്പോള്‍ വേണ്ടത് ഒരു നല്ല ഉറക്കമാണ്. ഇരുപത്തിയഞ്ചുകൊല്ലത്തിനുശേഷം സാവിത്രി സ്വാതന്ത്ര്യത്തോടെ ഉറങ്ങാന്‍ പോകുന്നു. നീണ്ടു നിവര്‍ന്ന് വിലങ്ങുകളില്ലാതെ, വിലക്കുകളില്ലാതെ ഇതാ സാവിത്രി ഉറങ്ങാന്‍ പോകുന്നു-കൈകാലുകള്‍ സ്വാതന്ത്രമായി ചലിപ്പിച്ച് നടക്കുന്നു ഒരു നാളെയിലേക്ക്... ഉണര്‍ന്നെഴുന്നേല്ക്കാന്‍ ആ നാളെയെ കാണാനുള്ള ഉത്സാഹത്തോടെ, നാളെ ഉണ്ടാകുമെന്ന തീര്‍ച്ചയോടെ സാവിത്രി ഉറങ്ങി.

0 comments:

Followers