മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Saturday, December 25, 2010

കണക്കൂര്‍ ആര്‍ സുരേഷ് കുമാര്‍ സാഹിത്യവേദിയില്‍

|0 comments
പ്രിയപ്പെട്ട അക്ഷര സ്‌നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ജനുവരി മാസം ആദ്യഞായറാഴ്ച (02-01-2011) യുവകഥാകൃത്ത് ശ്രീ കണക്കൂര്‍ ആര്‍ സുരേഷ്‌കുമാര്‍ തന്റെ രണ്ടു ചെറുകഥകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും പങ്കെടുക്കുന്നു. ഈ പുതുവര്‍ഷത്തില്‍ നടക്കാന്‍ പോകുന്ന വേദിയുടെ പ്രഥമ ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ജനുവരി 2, 2011. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.

വേദിയുടെ എല്ലാസുഹൃത്തുക്കള്‍ക്കും സാഹിത്യവേദിയുടെ നന്മയുടേയും ഐശ്യര്യത്തിന്റേയും നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു.

സസ്‌നേഹം
ഡോ. വേണുഗോപാല്‍
കണ്‍വീനര്‍, സാഹിത്യവേദി-മുംബൈ

നോട്ട്: ചര്‍ച്ചയക്ക് ആവശ്യം വേണ്ട സമയം അനുവദിക്കണമെന്നുള്ളതുകൊണ്ട് പരിപാടി കൃത്യം ആറുമണിക്കുതന്നെ തുടങ്ങുന്നതാണ്. ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യ സമയത്തുതന്നെ ഹളില്‍ എത്തിച്ചേരാന്‍ ശ്രമിക്കുക.

കണക്കൂര്‍ ആര്‍ സുരേഷ് കുമാര്‍
സ്വദേശം ആലപ്പുഴ.
എന്‍ജിനീയറിംഗില്‍ ബിരുദം, മാനേജുമെന്റില്‍ മാസ്റ്റര്‍ബിരുദം.
കര്‍ണ്ണാടകത്തിലെ കൈഗ ആണവനിലയത്തില്‍ അഗ്നി സംരക്ഷണ വിദഗ്ദ്ധന്‍.
ഇപ്പോള്‍ മുംബൈ സെന്‍ട്രല്‍ ലേബര്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ ഉപരിപഠനം.
ആനുകാലികങ്ങളില്‍ കഥകളും ശാസ്ത്ര ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹിമാലയന്‍ യാത്രാവിവരണമായ 'സര്‍പ്പാസ് യാത്ര' പ്രസിദ്ധീകരിച്ചു.
Email: kanakkoor@gmail.com

സുരേഷ് കുമാറിന്റെ വേദിയില്‍ അവതരിപ്പിക്കുന്ന കഥകള്‍ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക (മാംസം, ഊഴം)>>>>

രണ്ടുകഥകള്‍ - കണക്കൂര്‍ ആര്‍ സുരേഷ്‌കുമാര്‍

|5 comments
മുബൈയ് സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ജനുവരി മാസത്തില്‍ കണക്കൂര്‍ ആര്‍ സുരേഷ്‌കുമാര്‍ അവതരിപ്പിക്കുന്ന രണ്ടു കഥകള്‍. മാംസം, ഊഴം.

മാംസം

രചന- കണക്കൂര്‍ ആര്‍ സുരേഷ്‌കുമാര്‍
രഘുവരന്‍ ബ്രഷുമായ് മുറിയുടെ പുറത്തിറങ്ങി.
ഒന്നാം നിലയുടെ കൈവരികളില്‍ ചാരി നിന്ന് താഴേക്കു നോക്കി. താഴെ ഉണരുവാന്‍ തുടങ്ങുന്ന തെരുവ്. അവിടെ നിരന്നുകിടക്കുന്ന തലേ ദിവസത്തെ കച്ചവടച്ചൂരിന്റേയും, പുകവലിയുടെയും, പാന്‍ മസാലയുടെയും, ഭാഗ്യം തുണയ്ക്കാതെ പോയ ഒറ്റനമ്പര്‍ ലോട്ടറികളുടേയും, പൊരികടലയുടെയും അവശിഷ്ടങ്ങള്‍ . വിശപ്പിന്റെയും ചൂരിന്റെയും ഉഷ്ണത്തിന്റെയും ചില ബാക്കിപത്രങ്ങള്‍. കുനിഞ്ഞുനിന്ന് അടഞ്ഞുകിടക്കുന്ന കടകളുടെ ഉമ്മറപ്പടികള്‍ ചൂലുകൊണ്ട് വ്യത്തിയാക്കുകയായിരുന്നു അവള്‍. ഒരു പാവാടക്കാരി. കാക്കകള്‍ ഉറക്കമകറ്റുവാന്‍ കലപില തുടങ്ങി. അവ കൈവരികളില്‍ കാഷ്ടിക്കുവാന്‍ ഇരുന്നു.

രഘുവരന്റെ കണ്ണുകള്‍ പാവാടക്കാരിയില്‍ ഉടക്കി. അടുത്താരുമില്ല എന്നുറച്ചുകൊണ്ട് അയാള്‍ ഒന്നു ചുമച്ചു. പെണ്‍കുട്ടി മുകളിലേക്ക് ഒന്നു പാളി നോക്കി. വീണ്ടും കുനിഞ്ഞുനിന്ന് ജോലി തുടര്‍ന്നു. അവള്‍ ചപ്പുചവറുകള്‍ ചൂലുകൊണ്ട് അടിച്ചു കൂട്ടി. പിന്നെ വാരി ചവറ്റുകുട്ടയിലിട്ടു.
രഘുവരന്‍ ഇതിനുള്ളില്‍ പല്ലുതേയ്പ് മതിയാക്കി, മുറിയില്‍ ചെന്ന് സ്വയംഭോഗം ആരംഭിച്ചു . പുറത്തുവന്ന് ആരും ശ്രദ്ധിക്കാത്ത കോണില്‍ പതുങ്ങിനിന്ന് അവളെ നോക്കിനിന്ന് ആ പ്രവര്‍ത്തി തുടര്‍ന്നു.
പെണ്‍കുട്ടി ചൂലുമായി ദൂരേയ്ക്ക് നീങ്ങിയപ്പോഴേക്കും രഘുവരന്‍ ക്ഷീണിച്ചിരുന്നു. അന്നേരമാണ് അയാള്‍ അല്പമകലെ തൂണില്‍ ചാരിനിന്ന റൂംബോയിയെ കണ്ടത്. 'ബോയ്' എന്നതു സ്ഥാനപ്പേരു മാത്രം. പ്രായം അമ്പതിലധികം വരുന്ന ഒരാള്‍. കുള്ളന്‍. പഴയ ഒരു കാക്കി നിക്കറിട്ട് കൈലിയും പുതച്ചു പ്രതിമ കണക്കെ നില്‍ക്കുന്നു. ഇയ്യാള്‍ മുഴുവന്‍ സമയവും ഇവിടെത്തന്നെ നില്‍ക്കുകയായിരുന്നോ ? രഘുവരന്‍ സംശയിച്ചു. അയാള്‍ മുറിയില്‍ പോയി കുളിക്കുവാന്‍ തുടങ്ങി. അപ്പൊഴേക്കും പൈപ്പില്‍ ചൂടുവെള്ളം എത്തുവാന്‍ തുടങ്ങിയിരുന്നു.
അന്നു ചെയ്യേണ്ട ജോലികള്‍ അയാള്‍ മനസ്സില്‍ ഒരുവട്ടം ഓര്‍ത്തു. വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക എടുത്തു വച്ചു. മടക്കയാത്രയ്ക്ക് ടിക്കറ്റു ശരിയാക്കണം. പിന്നെ മറ്റൊരു പ്രധാന കാര്യം, നാരായണനെ കണ്ടു പിടിക്കണം എന്നുള്ളതാണ്. ഇത്തവണ എന്തായാലും കാണാതെ പോകരുത്. സമയം കിട്ടിയാല്‍ ലോക്കല്‍ ടൂറും. കഴിഞ്ഞ തവണ വിശ്വേശരയ്യ ശാസ്ത്ര സാങ്കേതിക മ്യൂസിയം മുഴുവന്‍ ശരിക്കു കാണുവാന്‍ കഴിഞ്ഞില്ല . ഒരു മുഴുവന്‍ ദിവസം അതിനുതന്നെ വേണം. 100 വര്‍ഷം മുന്‍പുള്ള വണ്ടിയും എങ്ങോട്ടെറിഞ്ഞാലും കറങ്ങിത്തിരിഞ്ഞ് ഒരേ സ്ഥലത്തു വന്നു വീഴുന്ന പന്തുമെല്ലാം ഒരിക്കല്‍ കൂടി കാണണം.
വസ്ത്രം ധരിച്ചുകൊണ്ടിരിക്കുമ്പോള്‍ രത്തിനവേല്‍ -അതായിരുന്നു റൂം ബോയിയുടെ നാമധേയം- വന്നു വാതിലില്‍ തട്ടി.
'' സര്‍ , ടീ വേണമാ ? ''
വേണ്ട എന്ന് അംഗ്യം കാട്ടി.
നാരായണന്‍ പണ്ടെങ്ങൊ നല്‍കിയിരുന്ന മേല്‍വിലാസം മാറിയിട്ടുണ്ടാവുമൊ എന്ന സന്ദേഹവും അയാള്‍ക്ക് ഇല്ലാതിരുന്നില്ല. അവന്റെ ഒരു ഫോണ്‍നമ്പര്‍ പൊലും കയ്യില്‍ ഇല്ല. വര്‍ഷം രണ്ടിലേറെയായി നാരായണനെ രഘുവരന്‍ കണ്ടിട്ട്. ഉത്‌സവത്തലേന്ന് ഒരു കുപ്പി മദ്യവുമായി അവനെത്തും. കുറേ കഥകളും പറഞ്ഞ് മേളക്കൊഴുപ്പില്‍ പൂത്തുലഞ്ഞ് നില്‍ക്കും. പൊടുന്നനെ ഒരുദിവസം അവന്‍ തിരിച്ചു പോകും. പുതിയ കഥകളുമായി വീണ്ടും വരുവാനായി.. ജോലി കിട്ടി, ജോലിയുടെ ആവിശ്യങ്ങള്‍ക്കായി ഈ നഗരത്തില്‍ ആദ്യം എത്തിയപ്പോള്‍ അവന്‍ തന്ന ചില വിവരണങ്ങള്‍ സഹായമായിരുന്നു. നഗരത്തിലെ പല കണ്ടെത്തലുകള്‍ക്കും നാരായണന്റെ കഥാപാത്രങ്ങളുമായി സാമ്യം
കല്‍പ്പിച്ചു. കുറേ കാലമായി നാരായണന്‍ നാട്ടിലെത്തിയിട്ട്. ഒരു വേണ്ടാവേലയുടെ ഫലമായി നാട്ടുകാര്‍ തുരത്തി എന്നും പറയാം . ഇത്തവണ എങ്ങിനെയും അവനെ കണ്ടുപിടിക്കണമെന്ന് രഘുവരന്‍ ഉറച്ചു.
ഷൂസ് ധരിക്കുമ്പോള്‍ വീണ്ടും ആരോ കതകില്‍ മുട്ടുന്നു. രത്തിനവേല്‍ !
''സര്‍.....ശര്‍ട്ട് അയണ്‍ പണ്ണവേണമാ ? '' രഘുവരന് ദേഷ്യം വന്നു.
''എന്തേലും വേണേല് ഞാന്‍ അങ്ങട്ട് പറയും. ''
മുഖം കോട്ടി വര്‍ത്തമാനം പറയുമ്പോള്‍ തനിക്ക് ഒരു പുതിയ ഭാവം വരുമെന്ന് ആയിടയ്ക്കാണ് അയാള്‍ കണ്ടെത്തിയത്. പിന്നീട് ദേഷ്യം വരുമ്പോള്‍ മുഖം കോട്ടി സംസാരിക്കുന്നത് ഒരു ശീലമാക്കാന്‍ ശ്രമിച്ചുതുടങ്ങി.
നഗരത്തിന് പല വര്‍ണ്ണങ്ങള്‍ വന്നുതുടങ്ങിയിരുന്നു. ഇളം വെയിലില്‍ പൊടിപടലങ്ങള്‍ തട്ടിച്ചിതറി. രഘുവരന്‍ പുറത്തേക്കിറങ്ങി. തണുപ്പു മാത്രം മടങ്ങുവാന്‍ മടിച്ചു നിന്നു. എത്ര പെട്ടന്നാണ് നഗരം വേഷം മാറി സുന്ദരിയായി മാറുന്നത് !
കടയിലെ ബഹളങ്ങള്‍ക്കിടയില്‍ രഘുവരന്‍ പ്രവേശിച്ചു. വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക ഏല്‍പ്പിച്ചു. കുറഞ്ഞത് ഒരു ദിവസമാകും എല്ലാം പൊതിഞ്ഞ് വണ്ടിയില്‍ കയറ്റുവാന്‍ പാകമാകാന്‍. ചിലപ്പോള്‍ രണ്ടു ദിനമാകാനും മതി. മാനേജര്‍ ഒരു ജ്യൂസ് വരുത്തി. അയാളുടെ നേരിയ ഉടുപ്പിനുള്ളില്‍ കുടവയറില്‍ ഒട്ടിക്കിടക്കുന്ന തടിയന്‍ മാലയിലെ പുലിനഖം വീണ്ടും നാരായണനെ ഓര്‍മ്മിപ്പിച്ചു.
നാരായണനെ എങ്ങിനെ കണ്ടെത്തും ?
മാനേജര്‍ അഡ്രസ്സില്‍ കണ്ണോടിച്ചു. അയാള്‍ ബസ്സിന്റെ നമ്പര്‍ പറഞ്ഞത് രഘുവരന്‍ കൈവെള്ളയില്‍ കുറിച്ചിട്ടു. ബസ്റ്റാന്‍ഡ് വരെ ഓട്ടൊ പിടിച്ചു. സിറ്റി ബസ്റ്റാന്‍ഡ് അങ്ങിനെ പരന്നു കിടക്കുന്നു. ഉറുമ്പുകള്‍ പോലെ മനുഷ്യര്‍ ബസ്സിനെ പൊതിയുന്നു.
ഒരു പരിചയവും ഇല്ലാത്ത ഭാഷ. ഇംഗ്‌ളീഷില്‍ ബോര്‍ഡ് എഴുതാറില്ല. നമ്പര്‍ നോക്കി തിരിച്ചറിയാം . കുറെ തിരഞ്ഞ ശേഷം ബസ്സ് കണ്ടെത്തി. അതിനുള്ളില്‍ വെളിയിലുള്ളതിലേറെ തിരക്ക്. രഘുവരന്‍ കിതച്ചു. കണ്ടക്ടര്‍ അനങ്ങാപ്പാറ പോലെ ഒരിടത്ത് നില്‍ക്കുന്നു. ടിക്കറ്റിനുള്ള പണം പല കൈകള്‍ കൈമാറി കണ്ടക്ടര്‍ക്ക് അടുക്കലെത്തും. ടിക്കറ്റ് അതേവഴി തിരികെ വരും. കുരുക്കുകള്‍ക്കിടയിലൂടെ മുക്കിയും മൂളിയും ഓടുന്ന ബസ്സ്. തിരക്കില്‍ വിയര്‍പ്പു നാറി. മനസ്സിലാകാത്ത ഭാഷയില്‍ പല തരം ഉത്തരവുകള്‍. ശകാരങ്ങള്‍......!
ബസ്സ് ഏറെനേരം ഓടി. നഗരം പിന്നില്‍ അലിയുവാന്‍ തുടങ്ങി. തിരക്കല്‍പ്പം കുറഞ്ഞു. ആരോടെങ്കിലും ഇനി ചോദിക്കണം, സ്ഥലമായൊ എന്ന്. അടുത്തിരിക്കുന്ന മുഖങ്ങളില്‍ തികഞ്ഞ ഗൗരവം. രഘുവരന്‍ എന്തെങ്കിലും ചോദിക്കുവാന്‍ ഭയന്നു.
നഗരത്തിന്റെ അങ്ങേയറ്റത്തുള്ള ഒരു ഗ്രാമം. വയലുകള്‍ അവിടെ നിന്നാണ് ആരംഭിക്കുന്നത്. പകിട്ടില്ലാത്ത നരച്ച അനവധി വീടുകള്‍. നാരായണന്റെ അഡ്രസ്സ് അയാള്‍ കൈയില്‍ മുറുകെ പിടച്ച് വണ്ടിയില്‍ നിന്ന് ഇറങ്ങി. ഒരു ഉന്തുവണ്ടിയില്‍ നിരത്തിയ പലഹാരങ്ങള്‍ കണ്ടപ്പൊള്‍ രഘുവരന് വായില്‍ വെള്ളമൂറി. വിശപ്പ് കണ്‍മിഴിച്ചു. കടലാസില്‍ എഴുതിയിരുന്ന വിലാസം നോക്കി വണ്ടിക്കാരന്‍ കണ്ണു മിഴിച്ചു.
''നനഗു ഗൊത്തില്‍റീ ''
ഇനി എന്തുചെയ്യും ?
അല്‍പ്പം നടന്നപ്പോള്‍ ഒരു കടയിലിരുന്ന് യേശുദാസ് മലയാളത്തില്‍ അയ്യപ്പഭക്തിഗാനം പാടുന്നു. ഏതായാലും ഭാഗ്യമായി.
വീണ്ടും കുറച്ചുകൂടി നടക്കേണ്ടിവന്നു , നാരായണന്റെ താവളം കണ്ടെത്തുവാന്‍. തെരുവില്‍ ധാരാളം നാരായണന്‍മാര്‍ ഉണ്ടായിരുന്നു. തനിക്കറിയാവുന്ന നാരായണന്റെ താവളത്തില്‍ തിരഞ്ഞെത്തിയതും രഘുവരന്‍ നിരാശനായി.
അവിടെ കൂനിക്കൂടിയിരുന്ന ആള്‍ ചോദിച്ചു- '' നാരാണന്റെ ആരാ ?''
''കൂട്ടുകാരനാ..''
''അവന്‍ ഇവിടെയില്ല. ഇനി രാത്രീലേ വരൂ...'' . വേണമെങ്കില്‍ അവിടെ കാത്തിരിക്കുവാന്‍ അയാള്‍ പറഞ്ഞു. പക്ഷെ എത്രനേരം കാത്തിരിക്കും ? ഒരുപക്ഷെ രാത്രി നാരായണന്‍ വന്നില്ലെങ്കിലൊ ?
രഘുവരന്‍ ഒരു കടലാസില്‍ തന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ എഴുതിക്കൊടുത്തു. നാരായണന്‍ വന്നാല്‍ അതില്‍ വിളിക്കുവാന്‍ പറയണം എന്നും പറഞ്ഞു.
'' എന്റെ പേര് ദാമോദരന്‍.. നാരാണന്റെ ഒരു അടുത്ത ആളാ. ഞാന്‍ അവന്‍ വന്നിട്ടേ പോകൂ..മോന്‍ വന്ന കാര്യം പറയാം. നമ്പരും കൊടുക്കാം..''
'' വളരെ ഉപകാരം. നാളെ ഉച്ചയോടെ ഞാന്‍ വരാം. അവന്‍ വരുമ്പോ, നാട്ടില്‍നിന്നും രഘുവരന്‍ എന്ന സുഹൃത്തു വന്നിരുന്നു എന്നു പറഞ്ഞാമതി. ഈ മൊബൈലില്‍ വിളിക്കാന്‍ പറയണം നാളെ ഉച്ചയോടെ ഇവിടെ തീര്‍ച്ചയായും ഉണ്ടാകണം എന്നും. ''
'' ഒക്കെ ഏറ്റു. '' രഘുവരന്‍ പോകുവാന്‍ തുടങ്ങിയപ്പൊ അയാള്‍ മെല്ലെ വിളിച്ചു. തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു- '' മോനെ...ഒന്നും തോന്നരുത്. അത്യാവിശ്യമാണ്. നൂറു രൂപ വേണം. നാളെ വരുമ്പോ തരാം. വിശ്വാസമില്ലേല് വേണ്ട കേട്ടൊ. ''
മനസ്സില്ലാമനസ്സോടെ നൂറുരൂപ കൊടുത്തു.


നഗരത്തിന്റെ ഹൃദയത്തില്‍ തിരികെ എത്തുമ്പോള്‍ സന്ധ്യ മയങ്ങിയിരുന്നു. വര്‍ണ്ണമിഴികള്‍ ചിമ്മിച്ചുകൊണ്ട് ബാറുകള്‍ പുഞ്ചിരി തൂകുന്നു. പകല്‍ നഷ്ടപ്പെട്ടതില്‍ രഘുവരന് നന്നെ നിരാശ തോന്നി. കുറഞ്ഞപക്ഷം നാരായണന്റെ വീട് കണ്ടുപിടിയ്ക്കാനായല്ലൊ എന്നു സമാധാനിച്ചു.

സന്ധ്യ നഷ്ടപ്പെടുത്തുവാന്‍ അയാള്‍ തീരെ തയ്യാറല്ലായിരുന്നു. ഒരു പബ്ബില്‍ കയറി വയര്‍ നിറയെ ബിയര്‍ കുടിച്ചു. ചിക്കണ്‍ മഞ്ചൂരി കഴിച്ചു. തല പെരുത്തപ്പൊള്‍ പുറത്തെ ജനപ്രവാഹത്തില്‍, ഒഴുക്കില്‍ ഒരു പൊങ്ങുതടിപോലെ നീങ്ങി.
കൊടുംതണുപ്പും കൊണ്ട് രാത്രിയെത്തി. രഘുവരന്‍ മുറിയില്‍ തിരികെ പ്രവേശിച്ചു. മുറിയില്‍ കൊതുകുതിരി ഇല്ല എന്ന കാര്യം അയാള്‍ വീണ്ടും വീണ്ടും മറന്നുകൊണ്ടിരുന്നു. ചോരക്കൊതിയന്മാര്‍ പറന്നു തിമിര്‍ക്കാന്‍ തുടങ്ങി. കുടിച്ചു തീര്‍ത്ത ബിയര്‍ മൂത്രമായി പോകുവാന്‍ തുടങ്ങി. ആ രാത്രിയെ രഘുവരന്‍ വെറുതെ സ്‌നേഹിക്കുവാന്‍ തുനിഞ്ഞു. നാട്ടിലെ തിരക്കുപിടിച്ച ജീവിതത്തേയും, ധൃതി പിടിച്ച ഉറക്കത്തേയും, ഉറക്കം മതിയാവാതെയുള്ള എഴുനേക്കലിനേയും അയാള്‍ മറക്കുവാന്‍ ശ്രമിച്ചു. കൈകള്‍ മാറത്ത് കെട്ടിയമര്‍ത്തി അയാള്‍ വെറുതെ ആഗ്രഹിച്ചു- ഇപ്പോള്‍ കൂട്ടിന് ഒരു ഇണ ഉണ്ടായിരുന്നെങ്കില്‍....
രാത്രി ഗാഢമാകുന്നതേയുള്ളു. നഗരങ്ങള്‍ അങ്ങിനെയാണ്. അവയ്ക്ക് എപ്പോഴും ഉറങ്ങുവാന്‍ മടിയാണ്. കതകില്‍ ആരോ മുട്ടുന്നു. അതോ തോന്നിയതാവുമൊ ? അല്ല. വീണ്ടും മുട്ടുന്നത് കേട്ടു. രഘുവരന് ചെറിയ ഭയം തോന്നി. അയാള്‍ വാച്ചിനായി പരതി. പിന്നെ ലൈറ്റിട്ടു. പതുക്കെ കതകു തുറന്നപ്പോള്‍ ഒന്നു ഞെട്ടി. ഒരു വലിയ സത്വം !
പുതച്ചുമൂടിയ രത്തിനവേല്‍! പുറകില്‍ ഇനിയും ഒരു രൂപം നില്‍പ്പുണ്ടെന്നും അത് ഒരു പെണ്ണാണ് എന്നും മനസ്സിലാക്കാന്‍ രഘുവരന്‍ അല്പം കൂടി സമയം എടുത്തു.
''സാര്‍.....നീങ്ക കാലേ പാത്തില്ലയാ..അന്ത പെണ്ണുതാനിത്....ഇന്നേക്ക് ഇന്ത റൂമുക്കുള്ളെ ഉന്‍ കൂടെ തങ്ങിടുവേന്‍...എല്ലാം ഞാന്‍ ശൊല്ലിയിരിക്ക്.'' രത്തിനവേല്‍ ഗൂഡമായ ചിരിയോടെ മന്ത്രിക്കുന്നപോല്‍ പറഞ്ഞു.
വീണ്ടും കുറച്ചുസമയമെടുത്തു രഘുവരന് സമചിത്തത കൈവരുവാന്‍. വിവാഹം വരെ ബ്രഹ്മചാരിയായി ഇരിക്കണം എന്ന ചിന്തയൊന്നും ഒരിക്കലുമില്ലാത്ത ആളാണ് രഘുവരന്‍. പലപ്പോഴും ഒരു സംഭോഗം ആഗ്രഹിച്ചിക്കുണ്ട്. പട്ടണത്തിലെ വഴിവക്കുകളില്‍ നില കൊള്ളുന്ന തെരുവു വേശ്യകളെ ആശയോടെ സൂക്ഷിച്ചു നോക്കാറുണ്ട്. ചിലപ്പോളൊക്കെ നോട്ടം മനസ്സിലായി അവര്‍ 'ഏന്‍ ബേക്കൂ...' എന്ന് ചോദിക്കുമ്പോള്‍
ഞെട്ടി, വെട്ടിത്തിരിഞ്ഞു നടന്നു കളയാറുമുണ്ട്. . പേരറിയാത്ത പല ഭയങ്ങള്‍ അയാളെ ഭരിച്ചിരുന്നു എന്നതാണ് സത്യം.
എന്തെങ്കിലും പറയുകയൊ, പ്രവര്‍ത്തിക്കുകയൊ ചെയ്യും മുന്‍പ് പെണ്‍കുട്ടി മുറിയില്‍ കടക്കുകയും കതവ് അടയുകയും ചെയ്തു. രഘുവരന്‍ ഒരിട്ടല്‍ കൂടി ഞെട്ടി. അയാള്‍ തിരിഞ്ഞ് കതക് തുറക്കുവാന്‍ ശ്രമിച്ചു. അതു പുറമെ നിന്നും പൂട്ടിയിരുന്നു.
'' അത് വെളിയില് ലോക്ക് പോട്ടിരിപ്പാര്..'' അവള്‍ പറഞ്ഞു.
'' എന്തിന് ? '' അയാള്‍ ഞെട്ടി.
''പോലീസ് വന്തിച്ചെന്നാല്‍ തൊന്തരവ് സാര്‍...ലോക്ക് പോട്ടിരുന്നാല്‍ അന്ത റൂം റെയിഡ് പണ്ണമാട്ടെ. അതുക്കാഹെ. അന്ത കിളവന്‍ കീഴെ കൗണ്ടര്‍ പക്കത്തില്‍ തൂങ്കിയിരുപ്പാര്. എല്ലാം മുടിഞ്ചതില്‍ പിറകെ കൗണ്ടറില്‍ ഫോണ്‍ പണ്ണിയാല്‍ പോതും സാര്‍. അവരു വന്തു തുറക്കും.''
രഘുവരന്റെ മുഖം ദേഷ്യം കൊണ്ട് കോടി. അയാള്‍ പൊടുന്നനെ ഫോണിന്റെ റിസീവര്‍ കൈയെത്തിയെടുത്തു. അവള്‍ ഉടന്‍ രഘുവരന്റെ കൈയില്‍ കയറി പിടിച്ചു.
'' എന്നാ സാര്‍ ? എതുക്ക്............ ? ''
രഘുവരന്റെ ലഹരി മുഴുവന്‍ ഇറങ്ങിയിരുന്നു. അയാള്‍ ഒന്നും മിണ്ടാതെ ഫോണ്‍ തിരികെ വച്ചു. അയാള്‍ക്ക് വല്ലാതെ ദാഹിച്ചു.
'' എന്താ നിന്റെ പേര് ?'' അയാള്‍ മുഖത്തു നോക്കാതെ ചോദിച്ചു.
'' മീന ''
കുറേ നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. സീല്‍ക്കാരത്തോടെ പറന്ന കൊതുകുകള്‍ ഒഴികെ. അയാള്‍ അവളുടെ മുഖത്ത് മെല്ലെ നോക്കി. അവള്‍ നിറം മങ്ങിയ ടെലിഫോണില്‍ മിഴികള്‍ നട്ട് വെറുതെ ഇരിക്കുകയായിരുന്നു. അവളുടെ മുഖത്ത് ചിക്കണ്‍പോക്‌സ് വന്നു മടങ്ങിയ പാടുകള്‍ തീരെ മങ്ങിവരുന്നുണ്ടായിരുന്നു എന്ന് അയാള്‍ അരണ്ട വെളിച്ചത്തില്‍ കണ്ടെത്തി.
വാച്ചിലെ കിളി മണി പന്ത്രണ്ട് എന്നു ചിലച്ചു. തന്റെ വിരലുകള്‍ അവളുടെ വിരലുകളില്‍ കോര്‍ക്കപ്പെട്ടിരിക്കുകയാണ് എന്ന് ഒരമ്പരപ്പോടെ അയാള്‍ അപ്പോള്‍ മനസ്സിലാക്കി.
'' എന്നേ ഇഷ്ടമായോ ? '' അങ്ങിനെയാണ് അയാളില്‍ നിന്നും ചോദ്യം പുറത്തു വന്നത്. അവള്‍ ഒന്നും മിണ്ടാതെ ചിരി അമര്‍ത്തി. ആ ചോദ്യം ഭയങ്കര വിഢിത്തമായി എന്ന് അയാള്‍ക്കു തോന്നി. ഒരുപക്ഷെ ഇനിയും അത്തരം വിഢിത്തങ്ങളെ അയാള്‍ ചോദിക്കുവാന്‍ തരമുള്ളൂ.
'' എന്താ നിന്റെ റേറ്റ് ?''
അവള്‍ തുക പറഞ്ഞു. രത്തിനവേലിന് കമ്മീഷന്‍ വേറെയും. അവള്‍ എന്തോ ഓര്‍ത്ത് വെറുതെ ചിരിച്ചു. എന്തിരിപ്പാണ് ഇത് എന്നാകും ആ ചിരിയുടെ പൊരുള്‍. നല്ല അഴകുള്ള ചിരി. രാവിലെ ആ പാതവക്കില്‍ ചൂലും പിടിച്ചു നിന്ന ആ പാവാടക്കാരിയൊ ഇത് ? രഘുവരന്‍ അതിശയിച്ചു.
അയാള്‍ വീണ്ടും ആലോചനയില്‍ മുഴുകി. മീന കോട്ടുവായ ഇട്ടു. അവള്‍ അയാളെ ചോദ്യഭാവത്തില്‍ നോക്കി. അയാള്‍ക്ക് പരിസരബോധം വന്നു.
''നീ ശാപ്പാട് കഴിച്ചതാണോ ? ''
''ആമാ സാര്‍..''
''വീട്ടില്‍ ആരൊക്കെയൊണ്ട് ?''
''എതുക്ക് സാര്‍ ഇതെല്ലാം കേക്കറെ ? '' അവള്‍ ചോദിച്ചു.
അയാള്‍ ഒന്നും മിണ്ടിയില്ല. അയാള്‍ അവളെ വീണ്ടും സൂക്ഷിച്ചു നോക്കി. അവള്‍ സുന്ദരിയാണ് എന്ന് രഘുവരന്‍ മനസ്സില്‍ ആവര്‍ത്തിച്ചു. ഒരിക്കലും തനിക്കില്ലാതെ പോയ ഒരു കാമുകി. തന്റെ മാത്രം കാമുകി!
''എന്താ സാര്‍...എന്നെ പുടിക്കില്ലയാ ? ''
അവന്‍ മെല്ലെ പറഞ്ഞു- ''നീ എന്റെ കാമുകിയാണ്...എന്റെ മാത്രം...''
അവള്‍ ആ പറഞ്ഞത് മനസ്സിലാകാതെ അയാളെ തുറിച്ചു നോക്കി.
സമയം മെല്ലെ ഇഴഞ്ഞു നീങ്ങുന്നു. തെരുവ് നായകള്‍ ഭരിക്കുവാന്‍ തുടങ്ങി. അവര്‍ കള്ളന്‍മാരെ ഗൗനിക്കാതെ ഇണകള്‍ക്കായി കടിപിടി കൂട്ടുകയായിരുന്നു.
''മീനാ...നാളെ എനിക്ക് ഒരു ഹെല്‍പ്പു ചെയ്യുമോ ? ''
അവള്‍ അമ്പരപ്പോടെ എന്ത് എന്നു ചോദിച്ചു.
'' നാളെ നീ എന്റെ കൂടെ കറങ്ങാന്‍ വരണം. വെറുതെ.....നഗരം ചുറ്റാന്‍... ചുറ്റി കണുവാന്‍... വരുമോ ? '' അവള്‍ക്ക് കാര്യം മനസ്സിലായില്ല. രഘുവരന്‍ അല്പം കൂടി കാര്യം വിവരിച്ചു. രണ്ടാളും കൂടി നാളെ ഭാര്യാഭര്‍ത്താക്കളെ പോലെ നഗരം ചുറ്റുന്നു.
' അതുക്ക് നമ്മള് അന്തമാതിരിയല്ലല്ലൊ ' :അവള്‍ പുലമ്പി.
'' സാരമില്ല. ഞാന്‍ ഈ രാത്രി നിന്നെ കല്യാണം കഴിക്കാം. ''
അവള്‍ ചിരിച്ചുകൊണ്ട് വാപൊത്തി.
'' ആനാല്‍ നാളെ നിറയെ വേലയിരിക്ക് സാര്‍....''
''അതെല്ലാം കഴിഞ്ഞിക്ക് മതി. ''
രഘുവരന്‍ ഒരു കഷണം നൂല് എടുത്ത് അവളുടെ കഴുത്തില്‍ കെട്ടി. അവള്‍ ചിരിച്ചുകൊണ്ടേയിരുന്നു. അയാള്‍ ഫോണ്‍ എടുത്ത് ഡയല്‍ ചെയ്യുവാന്‍ തുടങ്ങി. അവള്‍ക്ക് അതിശയമായി.
'' സാര്‍ ? അപ്പോ ഇന്നേക്കിനി ? ''
'' ഇന്നേക്കിനി ഒന്നുമില്ല പൊന്നെ.'' അവളെ അയാള്‍ ചുംബിച്ചു . അവള്‍ക്ക് മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു നാണം തോന്നി. അയാള്‍ പേഴ്‌സ് എടുത്തിട്ട് തുടര്‍ന്നു- ''ഇതാ നീ പറഞ്ഞ റേറ്റ്. നൂറുരൂപ കൂടുതല്‍ ഉണ്ട്. അത് നാളത്തേക്കുള്ള അഡ്വാന്‍സ് ആണ്. നാളെ ഒരു നല്ല ഡ്രസ്സ് ഇട്ട് വാ.''
രത്തിനവേല്‍ വന്ന് കതവു തുറന്നു. അവള്‍ തുണികൊണ്ട് തല മറച്ച് ഇറങ്ങി പോയി. കിളവന്‍ അഭിമാനപൂര്‍വ്വം കതകില്‍ ചാരി നിന്നു. കമ്മീഷന്‍ പണം കൈയില്‍ വച്ചു കൊടുത്തിട്ട് രഘുവരന്‍ കിളവനെ പുറത്തേക്ക് തള്ളി. അയാള്‍ വീഴാതിരിക്കാന്‍ നന്നെ പാടുപെട്ടു. രഘുവരന്‍ കതകടച്ചു. പിന്നീട് അയാള്‍ സ്വസ്ഥമായി ഉറങ്ങി.
പറഞ്ഞതുപോലെ അടുത്ത ദിവസം രാവിലെ മീന വന്നു. അത്ര നിറപ്പകിട്ട് ഉള്ള വസ്ത്രമായിരുന്നില്ല അവള്‍ ധരിച്ചിരുന്നത്. ചേരിനിവാസികള്‍ക്ക് അല്ലെങ്കില്‍ തന്നെ എന്തു നിറപ്പകിട്ട് ! വണ്ടികള്‍ നിരന്നുനില്‍ക്കുന്നിടം വരെ അവര്‍ യാതൊന്നും പരസ്പരം ഉരിയാടിയിരുന്നില്ല. അവിടെ എത്തിക്കഴിഞ്ഞപ്പോള്‍ അയാള്‍ തിരിഞ്ഞുനിന്ന് അവളെ നോക്കി. അവള്‍ അരിമണികള്‍ കൊത്തിപ്പെറുക്കുന്ന പ്രാവുംകൂട്ടത്തെ കൗതുകത്തോടെ നോക്കുകയായിരുന്നു. അയാള്‍ അവളോട് ചോദിച്ചു- '' എവിടെ പോകണം നമുക്ക് ? ''
'' എനിക്ക് തെരിയാത് ''
രഘുവരനും പ്രത്യേകിച്ച് ലക്ഷ്യമില്ല. ലക്ഷ്യമില്ലായ്മയുടെ സുഖം അയാള്‍ ആദ്യമായി അറിഞ്ഞു. അവര്‍ ഒരു ഓട്ടോയില്‍ കയറി. പണം കൊടുത്തു വാങ്ങിയ കാമുകിയെ അയാള്‍ മുട്ടിയുരുമി ഇരുന്നു. അവളുടെ കാതുകളില്‍ ചുണ്ടുകൊണ്ട് ഉരുമി ഇക്കിളിപ്പെടുത്തുവാന്‍ അയാള്‍ക്ക് തോന്നി.
പലരും അവളെ കൊതിച്ച് നോക്കുന്നുവൊ എന്ന് അയാള്‍ക്ക് പലപ്പോഴും സന്ദേഹം ഉളവായി .
കൃഷ്ണന്റെ ഒരു വലിയ ക്ഷേത്രം. അന്താരാഷ്ട്ര തലത്തിലുള്ള ഒരു ഫൗണ്ടേഷന്‍ വക. ഇരുവരും അവിടെ എത്തിച്ചേര്‍ന്നു. തോളില്‍ കയ്യിട്ട് നടക്കുമ്പോള്‍ വസ്ത്രങ്ങളുടെ പകിട്ടിന്റെ അന്തരം എടുത്തു കാണിക്കപ്പെടുന്നതായി തോന്നി. ചെരുപ്പു സൂക്ഷിക്കുന്നയാള്‍ അവളുടെ വില കുറഞ്ഞ, തേഞ്ഞ റബ്ബര്‍ചെരുപ്പും അയാളുടെ വില കൂടിയ കാന്‍വാസ് ഷൂസും തമ്മില്‍ താരാമ്മ്യപ്പെടുത്തുവാന്‍ തുനിഞ്ഞില്ല. ചെരുപ്പു സൂക്ഷിക്കുന്നയാള്‍ക്ക് അതിനൊക്കെ എവിടെ നേരം ?
ആ ക്ഷേത്രത്തില്‍ അവര്‍ തൊഴുതു. അവളുടെ കണ്ണില്‍ സൂര്യകാന്തിപ്പൂക്കള്‍ വിടരുവാന്‍ തുടങ്ങുകയായിരുന്നു. ഒരു കുട്ടിയെ പോലെ അവള്‍ അതിശയക്കാഴ്ചകള്‍ കാണുകയായിരുന്നു.
മീനയുടെ ചരിത്രമൊ, ചാരിത്രമോ ഒന്നും രഘുവരന്‍കൂടുതല്‍ അന്വേഷിച്ചില്ല. അതൊന്നും അത്ര സുഖമുള്ള കഥകളാവില്ല എന്ന് അയാള്‍ക്ക് ഊഹിക്കാമായിരുന്നു. അവളുമായി പൂര്‍ണ്ണമായും താദാത്മ്യം പ്രാപിക്കുവാന്‍ അയാള്‍ ആഗ്രഹിച്ചുകൊണ്ടിരുന്നു. പക്ഷെ മനസ്സിന്റെ ഏതോ കോണിലിരുന്നു ആരൊ ഓര്‍മ്മപ്പെടുത്തികൊണ്ടിരുന്നു- ഇവള്‍ വേശ്യ,..... ഇവള്‍ വേശ്യ.........
രഘുവരനില്‍ അത് അലോസരം ഉണ്ടാക്കാതിരുന്നില്ല. സമയം പോകും തോറും ആ അലോസരം ചെറുതായി വര്‍ദ്ധിച്ചു കൊണ്ടുമിരുന്നു.
ഹോട്ടലിലെ ക്യാബിനില്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തിട്ട് ഇരിക്കുമ്പോള്‍ അവളുടെ കണ്ണില്‍ നിന്നും പൊട്ടിയൊഴുകുന്ന കണ്ണീര്‍ച്ചാലുകള്‍ അയാള്‍ കണ്ടു. കാരണം അയാള്‍ ചോദിച്ചില്ല. പാവം പെണ്ണ്. സമൃദ്ധമായ, വിലയേറിയ ആ ഭക്ഷണം അവള്‍ക്ക് കഴിച്ചിറക്കുവാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. ജീവിതത്തില്‍ ആദ്യമായി ഉണ്ടായ വയറുഭാഗ്യം, സമൃദ്ധിയുടെ അന്ധാളിപ്പിനു മുന്നില്‍ തോറ്റുകാണും. കാഴ്ച മങ്ങിയ കുരുടി കണക്കെ ഭക്ഷണപാത്രങ്ങള്‍ക്കു മുന്നില്‍ അവള്‍ ഇരുന്നു.
'ഇതു മതിയാക്കാം' നട്ടുച്ചയ്ക്കും ഇരുട്ട് വീണുനിന്ന പാര്‍ക്കിലെ ബഞ്ചില്‍ ചാരിയിരുന്ന് രഘുവരന്‍ മനസ്സില്‍ നിനച്ചു. അടുത്ത ബഞ്ചുകളില്‍ പരിസരം മറന്ന് പുണര്‍ന്നും ചുംബിച്ചും മുലഞെട്ടുകളില്‍ മെല്ലെ തടവിയും ഇരിക്കുന്ന അനേകം കമിതാക്കളെ അയാള്‍ അന്ന് നോക്കിയതേയില്ല. പലരും തങ്ങളെ തന്നെ നോക്കുന്നു എന്ന് അയാള്‍ക്ക് വെറുതെ തോന്നി. തൊട്ടുരുമി അടുത്തു വഴങ്ങിയിരിക്കുന്ന പെണ്ണിനെ തൊടാനാവാതെ അയാളുടെ കൈകള്‍ കുഴഞ്ഞു. എത്ര ശ്രമിച്ചിട്ടും മീനയുടെ സത്യാവസ്ഥയെ കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നും രക്ഷ പെടുവാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നില്ല.
അയാള്‍ അവള്‍ക്ക് വര്‍ണ്ണപ്പകിട്ടുള്ള ഒരു ചുരീദാര്‍ വാങ്ങി നല്‍കി.
അതുകഴിഞ്ഞ് ഒരു ചെരിപ്പു വാങ്ങുവാന്‍ കടയില്‍ കയറാന്‍ ഒരുങ്ങവെ 'ഒരുപാടു നല്കി. ഇനി വേണ്ട' എന്നു പറഞ്ഞു അവള്‍ തടഞ്ഞു. ഇനിയും അവള്‍ കരഞ്ഞേക്കും എന്നു തോന്നി.
''തിരികെ ഒറ്റയ്ക്കു പോകുമോ ? '' അയാള്‍ ചോദിച്ചു. അവള്‍ തല കുലുക്കി. പണം എടുക്കുവാന്‍ പേഴ്‌സ് തുറക്കവെ, അവള്‍ വേണ്ട എന്നു തടഞ്ഞു.
''സര്‍, ഉങ്കള്‍ക്ക് നല്ലത് വരും. '' അവള്‍ പൊടുന്നനെ തിരിഞ്ഞ് നടന്നു. അവള്‍ ജനസമുദ്രത്തില്‍ ലയിച്ചു പോകുന്നത് രഘുവരന്‍ ചെറുവേദനയോടെ നോക്കി നിന്നു. അയാള്‍ക്ക് നന്നായി മദ്യപിക്കുവാന്‍ തോന്നി. ബാര്‍ തിരഞ്ഞപ്പോഴാണ് നാരായണനെ ഓര്‍മ്മ വന്നത്. അവനെ കാണണമെന്നും അവനോട് മീനയുടെ കഥ പറയണം എന്നും രഘുവരന്‍ ഉടന്‍ തീരുമാനമെടുത്തു.
ബസ്സില്‍ തലേദിവസത്തെ പോലെ തിരക്ക് ഇല്ലായിരുന്നു എങ്കിലും പാതയില്‍ നല്ല തിരക്ക് ആയിരുന്നു. ബസ്സ് മുക്കിയും മൂളിയും മുന്നേക്ക് നീങ്ങി. മദ്യപിക്കാതിരുന്നതില്‍ രഘുവരന്‍ വ്യസനിച്ചു. മുമ്പില്‍ സീറ്റിലിരുന്ന കമിതാക്കളെ കണ്ടപ്പോള്‍ അയാള്‍ക്ക് മീനയെ വീണ്ടും ഓര്‍മ്മ വന്നു. വഴിയരികിലെ സൂര്യകാന്തിപ്പൂക്കള്‍ കൂമ്പുവാന്‍ തുടങ്ങിയിരുന്നു.
തലേദിവസം യേശുദാസിന്റെ പാട്ട് ഉയര്‍ന്നുകേട്ട കടയില്‍ നിന്നും ഇന്ന് കേള്‍ക്കുന്നത് ഒരു തട്ടുപൊളിപ്പന്‍ ഹിന്ദി ഗാനം എന്ന് അയാള്‍ തിരിച്ചറിഞ്ഞു.
നാരായണനെ കണ്ടപ്പോള്‍ രഘുവരന്റെ പകുതി വിഷമം മാറി.
''എന്താ വിളിക്കാഞ്ഞത് ? ഇന്നലെ നമ്പര്‍ കൊടുത്തിരുന്നല്ലൊ ?
''നീ ഇന്നലെ വന്നിരുന്നോ ? ഞാന്‍ അറിഞ്ഞില്ല. ''
''അപ്പോള്‍ അയാള്‍ ഒന്നും പറഞ്ഞില്ലെ ? ദാമോദരേട്ടന്‍..? ''
''ദാമോദരേട്ടനോ ? അതാരാ ? എനിക്കറിയില്ലല്ലൊ! ''
രഘുവരന്‍ ഒന്നും മിണ്ടിയില്ല.
നാരായണന്‍ ആഗതന്റെ കൈകളില്‍ പിടിച്ചു. പരുക്കന്‍ കൈകള്‍. നാരായണന്‍ കൂടുതല്‍ കറുമ്പനായി എന്ന് രഘുവരന് തോന്നി. തലയിലെ മുടി ഏറെയും കൊഴിഞ്ഞിരിക്കുന്നു. വന്‍ കഷണ്ടി !
'' നീ ഇന്നലെ എവിടെ പോയി ? ''
''ങ്ഹാ. ജോലി സംബന്ധമായി. ''
''നിനക്കിപ്പോള്‍ എന്താ പണി ? '' രഘുവരന്‍ വീണ്ടും ചോദിച്ചു.
അതൊക്കെ പിന്നീട് പറയാം എന്നു പറഞ്ഞ് നാരായണന്‍ നാട്ടുവിശേഷങ്ങള്‍ ചോദിക്കുവാന്‍ തുടങ്ങി. മീനയെ കുറിച്ച പറയുവാന്‍ ഇടക്ക് പലവട്ടം രഘുവരന്‍ തുനിഞ്ഞതാണ്. പക്ഷെ പിന്നീട് വിശദമായിട്ടാകാം എന്നു മനസ്സില്‍ പറഞ്ഞ് അയാള്‍ മാറ്റിവച്ചു.
''നാളെ നീ ഫ്രീയാണോ ? '' നാരായണന്‍ ചോദിച്ചു.
'' വേണമെങ്കില്‍ ഫ്രീയാകാം.''
'' ശരി. നാളെ ഒരിടം വരെ പോകണം. നീയും കൂടെ വാ. ''
വിളിക്കുന്നത് സാക്ഷാല്‍ നാരായണനാണ്. എങ്ങോട്ട് എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. തീര്‍ച്ചയായും നല്ല സ്ഥലമാകും. നല്ല യാത്രയും. സംശയലേശമില്ല.
കൊട്ടാരത്തിന്റെ ഗര്‍ഭമുള്‍ക്കൊണ്ട നാരായണന്റെ ആ കുടിലില്‍ രഘുവരന് ലേശമല്ലാത്ത സുഖം തോന്നി. നാരായണന്‍ പുതിയ ചില പെണ്‍കഥകള്‍ പറഞ്ഞു. രാത്രിയ്ക്ക് ഇത്ര മാധുര്യമുണ്ടെന്ന് രഘുവരന്‍ അന്നേവരെ അറിഞ്ഞിരുന്നില്ല. വാറ്റുചാരായത്തില്‍ അയാളുടെ തല നഷ്ടപ്പെടുവാന്‍ തുടങ്ങി. നാരായണന്‍ അതുവരെ രഘുവരന്‍ കേട്ടിട്ടില്ലാത്ത താളത്തില്‍ വയലാറിന്റെ ഒരു കവിത ചൊല്ലുവാന്‍ തുടങ്ങി. കുടില്‍ മുഴുവന്‍ ഉരുകി അവര്‍ക്കിരുവര്‍ക്കും മീതെ ലയിച്ചിറങ്ങി.
രാത്രി സ്വപ്നത്തില്‍ മീന എത്തി. പുതിയ ചുരിദാര്‍ അണിഞ്ഞ അവളെ രഘുവരന്‍ ആദ്യം തിരിച്ചറിഞ്ഞില്ല. നടക്കാതിരുന്ന സംഭോഗം നടന്നു. അയാള്‍ക്ക് സ്വപ്ന സ്ഖലനം ഉണ്ടായി. കൈകള്‍ കൊണ്ട് കൈലി കൂട്ടിപിടിച്ച് അയാള്‍ ഞെട്ടി ഉണര്‍ന്നു. പരിസര ബോധം വന്നപ്പോള്‍ രഘുവരന്‍ അമ്പരന്നു- നാരായണന്‍ കിടക്കയില്‍ ഉണ്ടായിരുന്നില്ല !
രഘുവരന്‍ മൊബൈല്‍ ഫോണ്‍ എടുത്തുനോക്കി. മണി രണ്ടു കഴിഞ്ഞിരിക്കുന്നു. അയാള്‍ പായയില്‍ ഇരുന്നു. പുറത്ത് ആരൊ സംസാരിക്കുന്നുണ്ട് എന്ന് തോന്നി. അയാള്‍ മെല്ലെ എഴുനേറ്റ് ജാലകം തുറന്നു. ഇരുട്ടില്‍ നിന്നും കൂടു തുറന്നു വന്ന തണുപ്പ് മുറിയിലേക്ക് ഇരച്ചുകയറി.
വളരെ രാവിലെ തന്നെ അവര്‍ യാത്രയ്ക്ക് തയ്യാറായി.
ഇപ്പോഴും പ്രവര്‍ത്തന സജ്ജമായ ഒരു പഴയ ലാംബി സ്‌ക്കൂട്ടര്‍ മൂടല്‍മഞ്ഞിലേക്ക് കറുത്ത പുക തുപ്പിക്കൊണ്ട് സ്റ്റാര്‍ട്ടായി.
വഴി കുറെ കഴിഞ്ഞാണ് നാരായണന്‍ പദ്ധതി വെളിപ്പെടുത്തിയത്. ഒരു കഴുകനെ പിടിക്കണം. ആദ്യം രഘുവരന്‍ അമ്പരന്നു. കാഴ്ചബംഗ്‌ളാവിലെ കഴുകന്‍ ചത്തുപോയത്രെ.
''കുറച്ചു പണം അഡ്വാന്‍സ് വാങ്ങിയതാണ്. പിടിച്ചുകൊടുത്തേ പറ്റൂ...''
''അതെങ്ങനെ ? നീ ഇതിനു മുമ്പ് പിടിച്ചിട്ടുണ്ടൊ ? ''
''ഇല്ല. ആദ്യമായി പിടിക്കാന്‍ പോകുന്നു. ''
സ്‌കൂട്ടര്‍ വരണ്ട റോഡിലൂടെ ഓടിക്കൊണ്ടിരുന്നു. വഴിക്കിരുവശവും മുന്തിരിത്തോട്ടങ്ങളുടെ അസ്ഥിപഞ്ചരങ്ങള്‍. ഇടയ്ക്ക് ചെറു കോളനികളായി വീടുകളും.

'' എവിടെയാണ് കഴുകന്‍ ഒള്ളത് ? '' കൊച്ചു കുട്ടികളെ പോലെ രഘുവരന്‍ ചോദിച്ചു.
നാരായണന്‍ ഒന്നും മിണ്ടിയില്ല. ഇനി കുറച്ചുകൂടി മുന്നോട്ട് ചെല്ലുമ്പൊള്‍ കാടു തുടങ്ങുമെന്നും, കാട്ടില്‍ വന്‍മരങ്ങളുടെ മുകളില്‍ കഴുകന്‍മാര്‍ കൂടുകെട്ടി മുട്ട വിരിച്ച് താമസ്സമുണ്ടാകാം എന്നുമെല്ലാം അവന്റെ മനസ്സ് വെളുപ്പെടുത്തുവാന്‍ തുടങ്ങി.
കാട് പക്ഷെ ഒരിക്കലും കാണാന്‍ കഴിയില്ല, അത് ദൂരെ ദൂരെയെവിടെയൊ ആണ് എന്നും അയാള്‍ക്കു തോന്നി. സ്‌കൂട്ടറിന്റെ പെട്രോള്‍ തീരുമൊ എന്ന് രഘുവരന്‍ ഭയന്നു. തീര്‍ന്നാല്‍ ?
മുകളില്‍ ആകാശവും താഴെ വരണ്ട കുന്നുകളും മാത്രം. ഇടയ്ക്കിടെ ഒറ്റപ്പെട്ട മരങ്ങള്‍.
പലയിടങ്ങളിലും ഒറ്റപ്പെട്ട പക്ഷികള്‍ ചുറ്റിപ്പറക്കുന്നു. അത് പരുന്തുകള്‍ ആണ് എന്ന് നാരായണന്‍ പറഞ്ഞു.
'' എങ്ങനെ തിരിച്ചറിയാം ? '' രഘുവരന്‍ ചോദിച്ചു.
''കണ്ടാല്‍ അറിയാം.''
അവര്‍ ഒരു മരത്തണലില്‍ വിശ്രമിക്കാനിരുന്നു. സ്‌കൂട്ടറില്‍ പൊടിമണ്ണിന്റെ ചിത്രപണി കാണാമായിരുന്നു. രഘുവരന്‍ ഇന്നലത്തെ പകല്‍ ഓര്‍ത്തു. ദൂരെ കുറ്റിച്ചെടികളുടെ മറവില്‍ ആളനക്കം കണ്ടു. ഒരു ചെറിയ പെണ്‍കുട്ടി. മുട്ടോളം എത്തുന്ന ബഹുവര്‍ണ്ണ പാവാട. മുലകള്‍ വിടര്‍ന്നു മാത്രം തുടങ്ങിയ ദേഹത്ത് ഒട്ടിക്കിടന്ന പൊടി പുരണ്ട മേലാട. കയ്യില്‍ ഒരു കുപ്പി വെള്ളം മാത്രം. രഘുവരന്‍ കൗതുകത്തോടെ ആ പെണ്‍കുട്ടിയെ നോക്കി. അവള്‍ അവരെ കണ്ടു പരുങ്ങി വഴി മാറുവാന്‍ തുടങ്ങി.
നാരായണന്‍ മെല്ലെ സ്വയം എന്നവണ്ണം ചോദിച്ചു- '' ഇതെന്താ കാട്ടില്‍ ഒറ്റക്ക് ഒരു കിളി '' അവന്‍ മെല്ലെ എഴുനേറ്റുകൊണ്ടു തുടര്‍ന്നു- ''അവിടെ ലമ്പാടകള് തമ്പ് അടിച്ചിട്ടുണ്ട്. അക്കൂട്ടത്തിലൊള്ളതാണ്. തൂറാന്‍ വന്നതാവും. അങ്ങു പൊക്കിയാലൊ ?''
''പോട്ടെഡാ.. വിട്.. കൊച്ചു കൊച്ചാണ്..'' രഘുവരന്‍ പറഞ്ഞു.
''ഒന്നു മിണ്ടാതിരി.. നീ ഇവിടെ നിന്ന് ആരേലും വരുന്നോ എന്ന് നോക്ക്..ഞാന്‍ അവളെ ഒന്നു പൊക്കിനോക്കട്ടെ. ''
എല്ലാം വളരെ വേഗത്തിലായിരുന്നു. ഒരു പ്രാപ്പിടിയന്‍ കുരുവിയെ പോലെ നാരായണന്‍ ആ കൊച്ചു പെണ്‍കുട്ടിയെ റാഞ്ചിയുയര്‍ത്തി. രഘുവരന് നാരായണന്റെ പ്രവര്‍ത്തിയിലെ ഓരോരൊ രംഗങ്ങളെ വേര്‍തിരിച്ചെടുക്കുവാന്‍ കഴിഞ്ഞില്ല. ഒരു കയ്യ് കൊണ്ട് വായ പൊത്തി മറ്റെ കൈ കൊണ്ട് അവളെ ഉയര്‍ത്തി പിടിച്ചിരിക്കുന്നു. ഒരു മുയലിനെ സിംഹം പിടിക്കുന്നതു പോലെ. ആ പെണ്‍കുട്ടി നാരായണന്റെ ബലിഷ്ഠ കരങ്ങളില്‍ കിടന്നു പിടച്ചു. അയാള്‍ ഇരയുമായി കുറ്റിക്കാട്ടിലേക്ക് കയറിമറഞ്ഞു.
രഘുവരന്‍ വെറുതെ ആഗ്രഹിച്ചു. ആരെങ്കിലും ആവഴി ഒന്നു വന്നിരുന്നെങ്കില്‍ ! പക്ഷെ ആരും ആ വഴി പിന്നെ വന്നില്ല. കുറ്റിക്കാട്ടില്‍ നിന്ന് പലതരം ശബ്ദങ്ങള്‍ ഉയര്‍ന്നു. ഇരയുടെ നിസ്സഹായതയുടെ ശബ്ദങ്ങള്‍... നായാട്ടില്‍ ജയിച്ച വേടന്റെ ശബ്ദങ്ങള്‍...
ഒടുക്കം നാരായണന്‍ ഓടി വന്നു. ''ബാ... വേഗം വിടാം.'' വണ്ടി സ്റ്റാര്‍ട്ടാക്കി. രഘുവരന് തിരിഞ്ഞ് നോക്കുവാന്‍ തോന്നിയില്ല. അവിടെ പിന്നില്‍ കുറ്റിക്കാട്ടില്‍ നിന്ന് കരച്ചില്‍ കേള്‍ക്കുന്നുണ്ടൊ ?
രഘുവരന്‍ ശരിക്കും പരിക്ഷീണനായി. യാത്ര തുടര്‍ന്നപ്പോള്‍ ഇരുവരും ഉരിയാടിയില്ല. അന്തരീക്ഷം നന്നായി പഴുത്തു നിന്നിരുന്നു. പൊടുന്നനെ സ്‌കൂട്ടര്‍ നിന്നു. പെട്രോള്‍ തീര്‍ന്നുവൊ ? അല്ല, നാരായണന്‍ നിര്‍ത്തിയതാണ്.
'' അതാ .. കണ്ടോ....അത് കഴുകനാണ്. '' നാരായണന്‍ പറഞ്ഞു. രഘുവരന്റെ തലയുടെ ഉള്ളില്‍ പിന്നില്‍ വിട്ടെറിഞ്ഞുവന്ന ഒരു നേര്‍ത്ത കരച്ചില്‍ മാത്രമായിരുന്നു. ഭീതിയില്‍ പൊതിഞ്ഞ, ചേറില്‍ പുരണ്ട രോദനം.
ദൂരെ ആകാശത്തിന്റെ അങ്ങെ കരയില്‍ ചില പക്ഷികള്‍ വട്ടമിട്ട് പറക്കുന്നു. അതെല്ലാം കഴുകന്‍മാര്‍ ആണൊ ? തലയില്‍ പൂടയില്ലാത്ത വളഞ്ഞ കൊക്കുകള്‍ ഉള്ള പക്ഷികള്‍ ? അയാള്‍ സംശയിച്ചു.
''എവിടെയെങ്കിലും എന്തെങ്കിലും ചത്തുകിടക്കുന്നുണ്ടാവും.''- നാരായണന്റെ ആത്മഗതം.
കാറ്റില്‍ ചീഞ്ഞ മാംസത്തിന്റെ ഗന്ധമുണ്ടൊ ? ഉണ്ടെന്നു തോന്നി രഘുവരന്.
പിന്നില്‍ നിന്നും കരച്ചില്‍ പിന്‍തുടരുന്നുവൊ ? അയാള്‍ മടിയോടെ തിരിഞ്ഞു നോക്കി. അവര്‍ കുന്നിന്റെ മറുപുറത്ത് എത്തിയിരുന്നു. അവിടെ വന്‍ മരങ്ങള്‍ നിരന്നു നില്‍ക്കുന്നത് കണ്ടു.
കാറ്റില്‍ മാംസത്തിന്റെ ഗന്ധം കൂടി വരുന്നു. രഘുവരന് എന്തോ ഭയം അനുഭവപ്പെടാന്‍ തുടങ്ങി. ഒരു വലിയ ചുടുകാട്ടിലാണ് നില്‍ക്കുന്നത് എന്ന തോന്നല്‍ മനസ്സില്‍ തികട്ടുവാന്‍ തുടങ്ങി.
ഒരു വലിയ വൃക്ഷത്തിന്റെ ചുവട്ടില്‍ നാരായണന്‍ നിന്നു. അല്പനേരം അയാള്‍ മുകളിലേക്ക് നോക്കി നിന്നു. പിന്നെ ഒരു തികഞ്ഞ അഭ്യാസിയെ പോലെ അതില്‍ പിടിച്ചു കയറുവാന്‍ തുടങ്ങി. ഒരു ദൃഢഗാത്രയായ സ്ത്രീയില്‍ പടര്‍ന്നു കയറുന്നതു പോലെ.
അയാള്‍ മരത്തിന്റെ മുകളില്‍ ഇലപ്പടര്‍പ്പുകളില്‍ മറഞ്ഞു. സമയം നീങ്ങികൊണ്ടിരുന്നു. രഘുവരന് നന്നെ വിശക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും ഭക്ഷണം കിട്ടിയിരുന്നെങ്കില്‍ എന്ന് അയാള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു.
അപ്പോള്‍ ഒരു വലിയ പക്ഷി മാനത്തുനിന്ന് ആ മരത്തിലേക്ക് പറന്നിറങ്ങി. അതാവും മാംസതീനിപ്പക്ഷി !
നാരായണന്‍ എവിടെ ? രഘുവരന്‍ മരത്തിന്റെ ഔന്നത്യത്തിലേക്ക് കണ്ണുകള്‍ പായിച്ചു. ശബ്ദമുണ്ടാക്കി വിളിച്ചാലൊ ? വേണ്ട. കഴുകന്‍ പറന്നു കളയും. പക്ഷെ സമയം പിന്നെയും മുന്നോട്ടാഞ്ഞപ്പൊള്‍ രഘുവരന് വിളിക്കാതിരിക്കുവാന്‍ കഴിഞ്ഞില്ല. അയാള്‍ മുകളിലെ ഇലച്ചിലുകളില്‍ മിഴികള്‍ നട്ട് ഉറച്ചു വിളിച്ചു-
'' നാരായണാ..........''
മറുപടിയായി ഒരു വലിയ തൂവല്‍ മാത്രം മുകളില്‍ നിന്നും പറന്നിറങ്ങി. കാറ്റിന്റെ താളത്തിനൊത്ത് നൃത്തം ചെയ്തുകൊണ്ട്.
അല്പം ദൂരെ നിന്നും ഒരു സ്ത്രീശബ്ദം. രഘുവരന്‍ അങ്ങോട്ടേക്ക് മെല്ലെ നീങ്ങി. ഒരു സാധുയുവതി ചുള്ളിക്കമ്പുകള്‍ പെറുക്കി കെട്ടുകയാണ്. അവിടെ എവിടെയും മറ്റാരുമില്ലെ ? അയാള്‍ ചുറ്റും നോക്കി. മറ്റാരെയും കണ്ടില്ല.
രഘുവരന്‍ മരങ്ങളിലേക്ക് നോക്കി. ഏതു മരത്തിലാണ് നാരായണന്‍ കയറിയത്. പല മരങ്ങളും ഒരുപോലെ ! യുവതി രഘുവരനെ നോക്കിയിട്ട് ഒന്നും അറിയാത്ത മട്ടില്‍ തന്റെ ജോലി തുടരുകയായിരുന്നു. അവള്‍ കുനിഞ്ഞുനിന്ന് കാട്ടുവള്ളികൊണ്ട് പെറുക്കിവച്ച ചുള്ളിവിറകുകള്‍ കെട്ടുകയായിരുന്നു. മരത്തില്‍ നിന്ന് ചാടിയിറങ്ങിയെത്തുന്ന ഒരു കഴുകന് ഇരയാകുവാനുള്ള നിയോഗം പേറി വനത്തില്‍ ഒറ്റപ്പെട്ട്!
പെട്ടന്ന് ഉണ്ടായ തോന്നലില്‍ അയാള്‍ അവളോട് ''പോ.. ദൂരെ പോ...'' എന്ന് കടുത്ത സ്വരത്തില്‍ പറഞ്ഞു. മെലിഞ്ഞു ചുള്ളിക്കമ്പുപോലെ ഉണങ്ങിയ ആ യുവതി അമ്പരന്നു. രഘുവരന്‍ ചുള്ളിക്കെട്ടെടുത്ത് അവളുടെ തലയില്‍ വച്ച് ''പോ...ഓടി പോ...'' എന്നു പറഞ്ഞു തള്ളി. അവള്‍ അയാള്‍ക്ക് തീരെ മനസ്സിലാകാത്ത ഭാഷയില്‍ എന്തൊ പുലമ്പിക്കൊണ്ട് കുന്ന് കയറി മറഞ്ഞു.
അത് കഴിഞ്ഞപ്പോള്‍ അയാള്‍ മാംസതീനിപ്പക്ഷിയെ കാണുവാനായി തിരിഞ്ഞു . മരങ്ങളായ മരങ്ങള്‍ തോറും കണ്ണെറിഞ്ഞ് അയാള്‍ ഭൂമിയില്‍ ഒറ്റപ്പെട്ട് നടന്നു.




ഊഴം

കഥ- കണക്കൂര്‍ ആര്‍. സുരേഷ്‌കുമാര്‍


രാത്രി ഏറെ വൈകിയാണ് മീറ്റിംഗ് അവസാനിപ്പിച്ച് എല്ലാവരും പിരിഞ്ഞത്. പത്രക്കുറിപ്പിനു വന്നവരും ചാനല്‍റിപ്പോര്‍ട്ടര്‍മാരും പിന്നെയും തങ്ങിനില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഹരീന്ദ്രന്‍ മുറിയില്‍ കയറി കതകടച്ചു. ഡൂട്ടിയിലുള്ള രണ്ടു പോലീസുകാര്‍ സമയത്തെ ശപിച്ചുകൊണ്ട് അടുക്കളയില്‍ നിന്നും ഐസ്‌ട്രെ എടുത്ത് പിന്നാമ്പുറത്തെ ചായ്പിലേക്ക് ഓടി.

ഉറക്കം മുറിഞ്ഞ ഒരു നേരത്ത് ലക്ഷ്മി നഗര്‍ കോളനിയുടെ പിന്നില്‍ നിന്നും ദുര്‍ഗന്ധം വഹിച്ച കാറ്റ് ഇന്‍സ്‌പെക്ഷന്‍ ബംഗ്‌ളാവിലെ നാലാം നമ്പര്‍ മുറിയുടെ ജാലകപഴുതിലൂടെ ഹരീന്ദ്രനെ തേടിയെത്തി. മുറിയുടെ തറയില്‍ പുല്ലുപായ വിരിച്ച് കിടക്കുകയായിരുന്നു അയാള്‍. തലയ്ക്കു മുകളില്‍ തറയില്‍ തിരഞ്ഞ് അയാള്‍ തന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത് സമയം നോക്കി. നേരം വെളുത്തു കഴിഞ്ഞിരിക്കുന്നു.
നാലാംനമ്പര്‍ മുറി ഹരീന്ദ്രന്റെ പ്രീയപെട്ട മുറിയായിരുന്നു . മാനേജര്‍ ജേക്കബ് ഹരിസാറിനായി ആ മുറി സൂക്ഷിക്കും. വളരെ അപൂര്‍വ്വമായി മാത്രമെ മറ്റുള്ളവര്‍ക്ക് ആ മുറി അലോട്ട് ചെയ്തിരുന്നൊള്ളു. അതും ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മാത്രം.
രാവിലെ പതിവുപോലെ രജിത മൊബൈലില്‍ വിളിച്ചു. അവളുടെ ശബ്ദത്തില്‍ വേവലാതികള്‍ ഉണ്ടായിരുന്നു. '' ഹരിയേട്ടാ... അവിടെ ആകെ കുഴപ്പമാണെന്ന് വാര്‍ത്തയിലൊക്കെ കണ്ടു. സൂക്ഷിക്കണം ''
പിന്നില്‍ ജാലകത്തിലൂടെ പുഴ കാണാമായിരുന്നു. അവിടെ കോളനിയിലെ അന്തേവാസികള്‍ കുളിക്കുന്ന കുളിക്കടവ്. അവര്‍ തുണി അലക്കിവിരിച്ച് പുഴക്കരയില്‍ തോരണം തൂക്കിയിടും.
ഇവിടെ വരുമ്പോഴെല്ലാം രാവിലെ ഇളംസൂര്യപ്രകാശം ഏറ്റുകൊണ്ട് ഹരീന്ദ്രന്‍ പുഴക്കരയില്‍ കൂടി മെല്ലെ നടന്നു. തന്റെ 300 എം എം ലെന്‍സുള്ള വലിയ നിക്കോണ്‍ ക്യാമറയും കഴുത്തില്‍ തൂക്കിയിട്ടുകൊണ്ട് അയാള്‍ പുഴവക്കിലൂടെ നടന്നപ്പോള്‍ പൊന്തക്കാട്ടിലിനു താഴെ സന്യസിച്ചുകൊണ്ടിരുന്ന മുണ്ടികള്‍ അകലേക്ക് പറന്നു മാറി. പൊന്തവക്കില്‍ തൂറുവാനിരുന്ന ചില ലക്ഷ്മി നഗര്‍ കോളനിവാസികള്‍ കഷ്ടപ്പെട്ട് കുന്തിച്ചു വശം തിരിഞ്ഞിരുന്നു. പുഴവക്കില്‍ മീനിനെ ഉന്നം നോക്കിയിരുന്ന പൊന്മകള്‍ ചില്ലകള്‍ മാറിയിരുന്നു. അയാള്‍ ക്യാമറയിലൂടെ പുഴയുടെ അങ്ങേക്കര വെറുതെ സൂം ചെയ്തു. ആ പഴയ അനലോഗ് ക്യാമറ വെറുതെ കൊണ്ടുനടക്കുന്നതാണ് അയാള്‍. പണ്ട് എന്നോ ലോഡുചെയ്ത ഫിലിംറോള്‍. മൂന്നു നാലു ക്‌ളിക്കു ചെയ്തിട്ടുണ്ടാവും അതില്‍.
പിന്നില്‍ ഒരു അനക്കം കേട്ട് തിരിഞ്ഞുനോക്കി. ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മുരുകന്‍ എന്ന പയ്യന്‍.
''സാര്‍ യതാവത് പടം കെടച്ചിതാ ?''
ഹരീന്ദ്രന്‍ അവനെ നോക്കി ചിരിച്ചു. റോഡുവക്കില്‍ സൈക്കിള്‍ വര്‍ക്ക്‌ഷോപ്പു നടത്തുന്ന താമിയുടെ മകന്‍. ഡാംസൈറ്റിലും കാട്ടിലും ഹരീന്ദ്രന് വഴികാട്ടി ആണ് ചുറുചുറുക്കുള്ള ആ കുട്ടി. അവന്റെ അമ്മ ഇന്‍സ്‌പെക്ഷന്‍ ബംഗ്‌ളാവിലെ അടുക്കളയില്‍ ചെറിയ ജോലികള്‍ക്കായി വരുമായിരുന്നു. കൂടെ ചിലപ്പോഴൊക്കെ അവനും അനുജനും. ജേക്കബ്ബാണ് അവനെ ഹരിസാറിന് വഴികാട്ടിയായി തരപ്പെടുത്തി കൊടുത്തത്. അവനെ ഹരീന്ദ്രന് വളരെ ഇഷ്ടപ്പെട്ടു. ആവിശ്യത്തിനു മാത്രം സംസാരിക്കുകയും ആവിശ്യമില്ലാത്തിടത്ത് സംസാരിക്കാതെയിരിക്കുകയും ചെയ്യുന്ന അവന്റെ പ്രകൃതം. അവിടെ അവനറിയാത്ത കാട്ടുപാതകള്‍ ഇല്ല എന്നുതന്നെ പറയാം.

ഹരീന്ദ്രന്‍ കഴിഞ്ഞ ഏതോവട്ടം രജിതയോടു പറഞ്ഞു- ''എനിക്കറിയല്ല എന്തുകൊണ്ടാണ് എനിക്കവനോട് ഒത്തിരി അടുപ്പം തോന്നുന്നത് എന്ന്. അവനെ കാണുമ്പാള്‍ എനിക്ക് ഒരു സമാധാനം അനുഭവപ്പെടുന്നു. കൃത്യമായി എനിക്ക് വേണ്ടത് മാത്രം അവന്‍ കാട്ടിത്തരുന്നു. ''
ദേഹത്ത് ഒട്ടിക്കിടന്നുകൊണ്ട് അവള്‍ ചിരിച്ചു. ''ഹരിയേട്ടന് ഈ ആദിവാസി ലുക്കുള്ളതിനെയൊക്കെ പണ്ടേ ഇഷ്ടമാണ്.''
''അവന്റെ ഫോട്ടൊ നീ കണ്ടതല്ലെ ? അവന്റെ ലുക്കിനെന്താ കുഴപ്പം ? നിറം അല്പം കുറവാണെന്നല്ലാതെ... ഞാനൊരിക്കല്‍ അവനെ ഇങ്ങോട്ട് കൊണ്ടുവരട്ടെ ? ''
''അത് ഏതായാലും വേണ്ട. രണ്ടുപേരും കൂടെ അവിടെ കാട്ടില്‍ കാക്കേം ചുട്ടുതിന്ന് സ്‌നേഹിച്ചു നടന്നാല്‍ മതി. ''

മുരുകന്‍ 'സാര്‍ ' എന്ന് മെല്ലെ വിളിച്ചപ്പോള്‍ ഹരീന്ദ്രന്‍ ഓര്‍മ്മയില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. അയാള്‍ പുഴയുടെ അങ്ങേക്കരയില്‍ മിഴിനട്ട് നില്‍ക്കുകയായിരുന്നു.
''മുരുകാ.. നീ പിന്നെ പുലിയെ കണ്ടോ '' ഹരീന്ദ്രന്‍ ചോദിച്ചു.
'' ആമാ സാര്‍. സാറു കയിഞ്ഞ തവണ പോയിട്ട് അടുത്ത ദിവസോം കണ്ടു. ഞങ്ങ ചൂണ്ടയിടുകാരുന്നു വെളുപ്പിനെ. അന്നേരം പുയേക്കുടെ നീന്തി അതു വന്നു. ''
പുലി വന്ന വഴി അവന്‍ അയാളെ ചൂണ്ടിക്കാണിച്ചു. അവന്‍ കള്ളം പറയില്ല എന്ന് അറിയാമെങ്കിലും അയാള്‍ വെറുതെ ചോദിച്ചു.
'' സത്യമാണോടാ ? ''
'' ആമാ സാര്‍... എല്ലാരും കണ്ടു. ''
'' എന്നിട്ട് പേടിച്ചോ ? ''
'' പുലി ഒന്നും ശെയ്യില്ല സാറെ. അതൊക്കെ പാവങ്ങളാ.''
''നിനക്ക് മുയലിനെ ഒന്നും കിട്ടുന്നില്ലെ ? ഒക്കെത്തിനേം പുലി കൊണ്ടുപോയോ ? ''
''എനക്ക് കടലേം പരിപ്പൊക്കെ തിന്നാല്ലൊ സാറേ.. മൊയലനെ പുലി കൊണ്ടോട്ടെ. '' അവന്‍ ചിരിച്ചു.
ഒരു പറ്റം കൊറ്റിക്കൂട്ടം വെള്ളത്തില്‍ തൊട്ടു തൊട്ടില്ല എന്നമട്ടില്‍ ജലനിരപ്പിനു സമാന്തരമായി പറന്നു നീങ്ങുന്നത് കണ്ട് ഹരീന്ദ്രന്‍ ക്യാമറ എടുത്തു.
അവിടെ നിന്നു നോക്കിയാല്‍ ദൂരെ ഡാംസൈറ്റില്‍ മഞ്ഞ പെയിന്റടിച്ച ക്രയിനുകള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് അവ്യക്തമായി കാണാമായിരുന്നു.

നടക്കുന്നതിനിടെ, ദിവസങ്ങള്‍ മുന്‍പ് ഭാര്യയുമായി നടന്ന സംഭാഷണം ഹരിന്ദ്രന്റെ ഓര്‍മ്മയില്‍ വിടര്‍ന്നു : '' ഈവട്ടം ചെന്നപ്പോള്‍ അവന്‍ എന്നോട് ചോദിച്ചു- സാര്‍, ഡാമിന്റെ പണി കഴിഞ്ഞാല്‍ ഒക്കെയിടോം വെള്ളം പൊങ്ങീട്ട് ഞങ്ങന്റേക്കെ വീടൊക്കെ പോവോ എന്ന്. രജീ... ഞാനെന്താ പറയുക ?''
'' അപ്പോത്തന്നെ എക്‌സിക്കൂട്ടീവ് എന്‍ജിനീര്‍ ഒരു ഓഡറിട്ട് പണി നിര്‍ത്താമ്മേലാരുന്നൊ ? ഉറ്റ സുഹൃത്തായ ആ ചെക്കന്റെ വിഷമം തീരുമായിരുന്നല്ലൊ ? ''
'' രജീ... നിനക്കൊക്കെ എല്ലാം തമാശ. അവറ്റകള്‍ക്ക് ആകെ ഉള്ളത് പട്ടയം കൂടിയില്ലാത്ത ആ തുണ്ടു ഭൂമിയില് മഴയത്ത് ചോര്‍ന്നൊലിക്കുന്ന ആ തകരപ്പുരകളാണ്.''
''എന്റെ ഹരിയേട്ടാ... ലോഡ് ഷെഡിങ്, പവര്‍ക്കട്ട് എന്നിങ്ങനെ പറഞ്ഞും ബാക്കിസമയം പറയാതെയും സര്‍ക്കാര്‍ കറണ്ട് കട്ടുചെയ്യുകയാണ്. നിങ്ങടെ ഡാമിലാണ് പ്രതീക്ഷ എന്ന് മന്ത്രി ഇന്നലെക്കൂടെ പത്രസമ്മേളനത്തില്‍ പറഞ്ഞതാണ്. ''
''ശരിയാണ്. നമുക്ക് സുഖസൗകര്യങ്ങള്‍ വേണം. അതിന് ഈ പാവങ്ങള്‍ നലകുന്ന വില എത്രമാത്രം എന്നറിയുമൊ ?''

നടന്നുനടന്ന് അവര്‍ ഇരുവരും പുഴക്കരയിലെ ചെറു കവലയിലെത്തി . ദൂരെ സമരപ്പന്തലില്‍ രണ്ടുമൂന്നുപേര്‍ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. ഒരാള്‍ ബാനര്‍ കെട്ടിയിരുന്ന തുണി അഴിച്ചെടുത്ത് പുതച്ചു കിടക്കുന്നു. കൊതുകിനെ അകറ്റുവാന്‍ പുകച്ചതിന്റെ കരിക്കട്ടകള്‍ അവിടെ ചിതറി കിടക്കുന്നുണ്ടായിരുന്നു. രാവിലെ തുറന്ന പെട്ടിക്കടയില്‍ കാലിച്ചായ കുടിക്കുവാന്‍ വന്ന തൊഴിലാളികള്‍ ഹരീന്ദ്രനെ കണ്ട് വണങ്ങി . ഒരാള്‍ മാത്രം ഹരീന്ദ്രനെ ഗൗനിക്കാതെ അല്പംമാറി ഒരു പലകബഞ്ചില്‍ ഇരുന്ന് ചായകുടിച്ചുകൊണ്ടിരുന്നു. നേരിയ കൗതുകം തോന്നിയതിനാല്‍ ഹരീന്ദ്രന്‍ അയാളെ സൂക്ഷിച്ചു നോക്കി.
''നോക്കണ്ട സാറെ. അത് കുണ്ടയാ '' ഹരീന്ദ്രന്‍ മാത്രം കേള്‍ക്കുന്ന വിധം വളരെ പതുക്കെയാണ് അവന്‍ അത് പറഞ്ഞത്.
''ഗുണ്ടയോ ?''
മുരുകന്‍ ഒന്നും മിണ്ടാതെ തിരിഞ്ഞു നോക്കി. അവന്റെ കുഞ്ഞുകണ്ണുകളില്‍ ഭയം കണ്ടു. രാവിലെ പാറയും കൊണ്ട് ലോറികള്‍ വരവു തുടങ്ങിയിരുന്നു. കയറ്റം കയറി ഇറങ്ങി വരുന്ന ലോറികള്‍ തുടക്കത്തില്‍ തന്നെ അണച്ചു തളര്‍ന്നിരുന്നു. തിരിച്ചു നടക്കുന്നതിനിടയില്‍ അയാള്‍ അവനോട് ചോദിച്ചു-
''ആരാ ആ ഗുണ്ട ? മുരുകന്‍ എന്തിനാ പേടിച്ചത് ? ''
''അയാള് കൂപ്പിലെ കുണ്ടയാണ്. പയങ്കരനാ സാര്‍. നാട്ടുകാരുക്കും കോളനിക്കാരുക്കും അയാളെ പേടിയാ. വെട്ടേം കുത്തേം കൊല്ലേം ചെയ്യും. ''
'' എന്താ അയാടെ പേര് ? ''
'' പേര് എനക്കറിയില്ല...''


തിരികെ ഇന്‍സ്‌പെക്ഷന്‍ ബംഗ്‌ളാവിലെത്തിയപ്പോള്‍ മാനേജര്‍ പറഞ്ഞു-
'' സാറ് സമരപ്പന്തലിന്റെ അടുക്കലൊന്നും പോകണ്ട. വകതിരിവില്ലാത്ത കൂട്ടരാണ്. ''
ഹരീന്ദ്രന്‍ പെട്ടിയില്‍ എല്ലാം അടുക്കുവാന്‍ തുടങ്ങി. റിപ്പോര്‍ട്ടുകള്‍ അടങ്ങിയ ഫയല്‍ കൈയിലെടുത്തു. അതിന് വല്ലാത്ത ഘനം തോന്നി. സത്യം കുത്തിനിറച്ചതിന്റെ ഘനം. അതു തിരുത്തി എഴുതുവാന്‍ തനിക്കാവില്ല എന്ന് മനസ്സ് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു.
ഇരുട്ടിനൊടാണ് പോര്. ആപത്ത് എവിടെ എന്നു തിരിച്ചറിയാന്‍ കഴിയില്ല. രജിതയുടെ വിളിയില്‍ മൊബൈല്‍ ഫോണ്‍ വിറച്ചു- ''ഇറങ്ങിയില്ലെ ? ''
''ദേ. ഇറങ്ങുകയാണ്.''
''എനിക്ക് ആകെ പേടിയാകുന്നു ഹരിയേട്ടാ..''
''നിനക്ക് വേറെ ജോലിയൊന്നും ഇല്ലല്ലൊ അവിടെ ?'' ഹരീന്ദ്രന്‍ ഫോണിലൂടെ ചിരിച്ചു.
'' പിന്നെ...ആ തോഴന്‍ എവിടെ ? വരുമ്പോ അവനെ കൂടെ കൊണ്ടുവാ.. ഞങ്ങള്‍ ഒന്നു കാണട്ടെ.''
''ഇനി ഏതു കാട്ടീന്ന് തപ്പിയെടുക്കും. അടുത്ത തവണ ആകട്ടെ മോളെ. ''

ജീപ്പിന് കാത്തുനില്‍ക്കുമ്പോള്‍ മാനേജര്‍ ജേക്കബ്ബ് കിതപ്പോടെയെത്തി. ''സാര്‍ ...അവര്‍ കുറച്ചുപേര്‍ കാണാന്‍ വന്നിരിക്കുന്നു.'' ജേക്കബ്ബിന്റെ മുഖത്ത് ഭയം വെളിപ്പെട്ടു- '' ആ നേതാവും കൂട്ടരും...''
കൂട്ടത്തില്‍ ആ ഗുണ്ടയുമുണ്ടായിരുന്നു. ഹരീന്ദ്രന്‍ അവരോട് ലോബിയില്‍ ഇരിക്കുവാന്‍ പറഞ്ഞു. നേതാവ് കണ്ടനാര്‍ കൊടിയ ഒരു ചിരിയോടെ തുടങ്ങി- ''ഇരിക്കുന്നില്ല. സാര്‍ പോകുവാന്‍ ഒരുങ്ങിനില്‍ക്കുവാന്ന് മാനേജര്‍ പറഞ്ഞു. ഞങ്ങള്‍ അധികം സമയം കളയുന്നില്ല. സാര്‍ ആ റിപ്പോര്‍ട്ടിന്റെ കാര്യം ഫൈനലായി ഒന്നു പറയണം.''
''മിസ്റ്റര്‍ കണ്ടനാര്‍...സര്‍ക്കാര്‍ കാര്യങ്ങളാണ്. കൊണ്‍ഫിഡന്‍ഷ്യല്‍ മാറ്റേഴ്‌സ്. വേറെന്തെങ്കിലും പറയാനുണ്ടെങ്കില്‍ ആവാം. '' ഹരീന്ദ്രന്‍ പിറകില്‍ മീശയില്‍ ചൊറിഞ്ഞുകൊണ്ടിരുന്ന ഗുണ്ടയെ സൂക്ഷിച്ചു നോക്കുകയായിരുന്നു.
അതുകണ്ട് പുഞ്ചിരിയോടെ നേതാവ് പറഞ്ഞു- ''ഓ സോറി. സാറിവനെ അറിയില്ലല്ലൊ ? പഴയ സാറന്‍മാര്‍ക്ക് ശരിക്കും അറിയാം. നമ്മുടെ ഒരാളാ. കൂപ്പില്‍ പണിയായിരുന്നു. ഇപ്പം എന്റെ കൂടെയാ. എല്‍ദോ എന്നാ എവന്റെ പേര്. ആരും ഹരിസാറിനോട് പറഞ്ഞിട്ടില്ലെ ? '' - ജീപ്പ് റെഡിയായി നില്‍ക്കുന്നത് കണ്ട് കണ്ടനാര്‍ തുടര്‍ന്നു. '' എങ്കിപിന്നെ സാറ് ചെന്നാട്ടെ. പിന്നെ വഴി ഭയങ്കര മോശമാ. ഇന്നലേം ആനയിറങ്ങി. പുലി പെറ്റുകിടക്കുന്നെന്നും കേട്ടു. സാറ് ഒറ്റയ്ക്കു പോണ്ട. എഡാ എല്‍ദോ.. നീ കൂടെ കേറിക്കോ...സാറിനെ ടൗണില്‍ ടാക്‌സിസ്റ്റാന്‍ഡില്‍ വിട്ടിട്ട് വൈകിട്ട് വന്നാമതി. ''
''വേണ്ട ..എന്റെ കൂടെ ആരും വരണ്ട. '' ഹരീന്ദ്രന്‍ പെട്ടിയുമായി ജീപ്പില്‍ കയറി.
കണ്ടനാര്‍ എല്‍ദോയെ പിന്നില്‍ തള്ളിക്കയറ്റി- '' സാറ് എളിമകൊണ്ട് അങ്ങനെയൊക്കെ പറയും . നി പോയിട്ടു വാ എല്‍ദോ..'' മാനെജര്‍ ജെക്കബ്ബ് പോലീസുകാരെ തിരഞ്ഞുപൊകുന്നനേരം ജീപ്പ് വിട്ടുകഴിഞ്ഞിരുന്നു.

ഭയങ്കരങ്ങളായ വളവുകളിലൂടെ വെട്ടിത്തിരിഞ്ഞ് ആടിയുലഞ്ഞ് ജീപ്പ് ഒരു പുതിയ കാട്ടുവഴിയിലേക്ക് നീങ്ങുവാന്‍ തുടങ്ങി. ഒരു വളവിലെത്തിയപ്പോള്‍ മുരുകനെ വഴിയില്‍ കണ്ട് ഹരീന്ദ്രന്‍ വണ്ടി നിര്‍ത്തുവാന്‍ പറഞ്ഞു.
ഹരീന്ദ്രനെ കണ്ട് ഓടിവന്ന മുരുകന്‍ പിന്നിലിരിക്കുന്ന ഗുണ്ടയെ കണ്ടു ഞെട്ടി നിന്നു.
''സാറെ വന്ന് വണ്ടിയില്‍ കയറ്. സമയം പോകുന്നു. '' എല്‍ദോ പരുക്കന്‍ ശബ്ദത്തില്‍ പറഞ്ഞു.
''തനിക്ക് ധൃതി ഉണ്ടെങ്കില്‍ താന്‍ പൊയ്‌ക്കൊ '' ഹരീന്ദ്രന്‍ കടുത്ത ശബ്ദത്തില്‍ പ്രതിവചിച്ചു.
''അതു പറഞ്ഞാല്‍ പറ്റില്ല. കണ്ടനാര്‍സാര്‍ പറഞ്ഞേല്‍പ്പിച്ച പണി എനിക്ക് ഉത്തരവാദത്തോട് ചെയ്യാണ്ടിരിക്കാന്‍ പറ്റോ ? വാ... വന്ന് വണ്ടീല്‍ കേറ്... ഏയ് എടാ പാണ്ടീ... നീ ദൂരെ പോ...''
മുരുകന്‍ ഹരീന്ദ്രനെ ദയനീയമായി നോക്കി. വിഹ്വലമായ അവന്റെ കൊച്ചു കണ്ണുകളില്‍ ഭയത്തിന്റെ കാട് പടര്‍ന്നു കയറുന്നുണ്ടായിരുന്നു. ഹരീന്ദ്രന്‍ എല്‍ദോയെ ഗൗനിക്കാതെ മുരുകന്റെ തോളില്‍ തട്ടി. '' മുരുകന്‍ എവിടേക്കാ ?... ഞാന്‍ നിന്നെ തിരക്കുകയായിരുന്നു . ''
അവന്‍ വിക്കിവിക്കി ഉത്തരം പറഞ്ഞു. '' ഇവിടെ .... ഇവിടെ.... ''
കാടിന്റെ മൂളിച്ച വല്ലാതെ ഉയര്‍ന്നു വന്നിരുന്നു. വശത്തുനിന്ന് ഉയര്‍ന്നു പൊങ്ങിയ കാലിന്റെ ബലത്താല്‍ അവന്‍ പറന്ന് കാട്ടിലേക്ക് പോയി. ഒഴുകിയകന്ന ഒരു നിലവിളിയോടെ.
''അയ്യോ താന്‍ എന്താ ഈ കാട്ടുന്നേ?.... ആ കുട്ടി....'' ഹരീന്ദ്രനും നിലവിളിച്ചു. എല്‍ദോ വികലമായ ഒരു ചിരിയോടെ ഹരിന്ദ്രനെ നോക്കി. അതിനകം ഡ്രൈവര്‍ ജീപ്പുമായി അടിവാരത്തേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു.
വനത്തിന്റെ തടവറയില്‍ ഒരുപാട് ആത്മാക്കള്‍ കുരുങ്ങി കിടപ്പുണ്ട്. ജൈവതയില്‍ ലയിച്ച് മുഴുകി നിശബ്ദമായി നിലകൊള്ളുന്ന അവ ഇടയ്ക്കിടെ ചീവീടുകളുടെ ശബ്ദത്തില്‍ കലഹിക്കും. മലമുഴക്കികളുടെ നിലവിളിയായി ഉയരും. ഒരു ഉരുള്‍പൊട്ടലായി ഊറ്റം കൊള്ളും.

ആദ്യമായി ആ സൈറ്റില്‍ വന്ന എക്‌സിക്കൂട്ടീവ് എന്‍ജിനീര്‍ സജി തോമസ്സിന് നാലാം നമ്പര്‍ മുറി തുറന്നുകൊടുത്ത് മാനേജര്‍ ജേക്കബ് പറഞ്ഞു- '' ഈ മുറി ഞാന്‍ സാറിനായി സൂക്ഷിക്കും. എന്തെങ്കിലും ആവിശ്യത്തിന് പുറത്തു പോണമെങ്കില്‍ സാര്‍ പറഞ്ഞാല്‍ മതി. ആരെങ്കിലും എപ്പഴും കൂടെ വേണം. കാട്ടുമൃഗങ്ങള്‍ ഒരുപാട് ഉണ്ട്. മുന്‍പുണ്ടായിരുന്ന എന്‍ജിനീയറുടെ കഥ അറിയാമല്ലൊ ? ''
അപ്പോള്‍ എല്ലുന്തിയ ഒരു കുട്ടി അവിടെ വന്നു. മാനേജര്‍ അവനെ ചൂണ്ടി പറഞ്ഞു- '' ഇത് തേവന്‍. ഇവിടെ ചില്ലറ സഹായത്തിന് വരുന്ന ഒരു തമിഴത്തീടെ മോനാണ്. സാറിന് സൈറ്റിലേക്ക് പോകാന്‍ നേരം പറഞ്ഞാല്‍ മതി. വഴി കാണിക്കാന്‍ അവന്‍ വരും. ''

Tuesday, November 30, 2010

വളരണം, ഒരു സമാന്തര മാധ്യമ സംസ്‌കാരം! - പ്രൊഫ. പി. കെ. മുരളീകൃഷ്ണന്‍

|1 comments
പ്രൊഫ. പി. കെ. മുരളീകൃഷ്ണന്‍
സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ഡിസംബര്‍മാസ ചര്‍ച്ചയ വായിക്കാനുള്ള പ്രബന്ധം വേദിയില്‍ വരുന്നവര്‍ക്കും ബ്ലോഗ്ഗുവായനക്കാര്‍ക്കുമായി ഇവിടെ കൊടുക്കുന്നു

ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ അംസസ്ഥലിയാണ് മാധ്യമം. അതുകൊണ്ടുതന്നെ ഒരു സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രധാനതയും വര്‍ദ്ധിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തോടെ ലോക മാധ്യമരംഗത്ത് അഭൂതപൂര്‍വ്വമായ മാറ്റം സംഭവിച്ചു കഴിഞ്ഞു. ബോധിത പൗരന്മാരെന്ന നിലയില്‍ വിവേചന ശക്തിയോടെ മാധ്യമോപയോക്താക്കളെല്ലാം അതായത്, റേഡിയോ ശ്രോതാക്കള്‍, ടെലിവിഷന്‍ പ്രേക്ഷകര്‍, പത്രവായനക്കാര്‍, എല്ലാം തന്നെ ബൗദ്ധികമായും സൂക്ഷ്മമായും വസ്തുതകളെ നോക്കിക്കാണാന്‍ തുടങ്ങി. ഇന്ന് മാധ്യമ അപ്പത്തിന്റെ വലിയൊരു പങ്കും സമകാലിക സമൂഹം തന്നെ തിന്നു തീര്‍ക്കുന്നുവെന്നത് രാജ്യത്തിന്റെ ജനാധിപത്യ ക്രമങ്ങളെ വലിയൊരളവില്‍ ശക്തിപ്പെടുത്താനുതകുകയും ചെയ്യുന്നു. ഇത് ഒരു സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ ആവശ്യകത അരക്കിട്ടുറപ്പിക്കുമ്പോള്‍, മാധ്യമ പ്രവര്‍ത്തനം ദിനംപ്രതി വളരെ ഗൗരവമേറിയതായിക്കൊണ്ടിരിക്കുന്നു. സാങ്കേതികവും സാമ്പത്തികവും ഭൂമിശാസ്ത്രപരവും രാഷ്ട്രീയ- സാമൂഹിക-പുരോഗമനപരവുമായ ദ്രുതഗതി മാറ്റങ്ങളോട് മാധ്യമം എങ്ങനെ സമരസപ്പെട്ടുപോകുന്നുവെന്നതുതന്നെയാണ് ഇന്നത്തെ സമൂഹം നേരിടുന്ന വലിയ വെല്ലുവിളി. മാറ്റമെന്നത് കാലത്തിന്റെ പ്രധാന ഘടകമാകുമ്പോള്‍, നമുക്ക് ഒരു പുതിയ വ്യതിചലനത്തിന്റേയോ മൗനാവസ്ഥയുടേയോ സൂചന ഭാവിയുടെ കലണ്ടറില്‍ കാണാന്‍ കഴിയുന്നുമില്ല.

മാധ്യമങ്ങളും സാമൂഹ്യ പ്രതിബദ്ധതയും
നമ്മുടെ സമൂഹത്തെ രൂപപ്പെടുത്തുകയും സ്വാധീനിക്കുകയുമൊക്കെ ചെയ്യുന്ന വ്യത്യസ്ഥ മാധ്യമങ്ങളെക്കുറിച്ച് വിശകലനം ചെയ്യുമ്പോള്‍, മാധ്യമത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ചാലോചിക്കാതെ വയ്യ. കാരണം, സാമൂഹ്യ പ്രതിബദ്ധതയുടെ അസ്തിവാരം ഏതുതരം മാധ്യമം ഏതുതരത്തിലുള്ള ജനതയെ അഥവാ സദസ്സിനെ അഭിമുഖീകരിക്കുന്നു എന്നുള്ളതിനെ ആശ്രയിച്ചിരിക്കുന്നുവെന്നതുതന്നെ. ചുറ്റുപാടുമുള്ള സംഭവ വികാസങ്ങളെക്കുറിച്ചറിയുവാനും ജീവിതം ക്രമീകരിക്കുവാനും അതിജീവനത്തിനും വിശ്വപൗരന് വാര്‍ത്തകള്‍ നല്‍കുകയെന്ന ഉത്തരവാദിത്വത്തിനപ്പുറം ''സത്യം പറയുക'' എന്ന വാക്കിന് കൂടുതല്‍ ശക്തിയേറുന്നു. എല്ലാ സത്യങ്ങളും പറയാന്‍ പാടില്ലെന്നും പറയുന്നത് സത്യമായിരിക്കണമെന്നുമാണ് ഇതിനര്‍ത്ഥമാക്കേണ്ടത്.

പ്രധാനമായും രണ്ടുതരത്തിലാണല്ലോ നമ്മള്‍ മാധ്യമങ്ങളെ വേര്‍തിരിച്ചിട്ടുള്ളത്. ഇതില്‍ അന്വേഷണാധിഷ്ടിത വാര്‍ത്താ ലേഖന (Investigative Reporting) മെന്നത് വൈയക്തികമായൊരു വ്യായാമമാണ്. പ്രധാന്യമര്‍ഹിക്കേണ്ടതും അവഗണിക്കപ്പെട്ടതുമായ സംഭവങ്ങളിലേക്ക് ജനശ്രദ്ധയെ ഏകോപിപ്പിച്ച് തിരിച്ചു വിടാനും സത്യം തുറന്നു പറയാനുമുള്ള ധൈവത്യമാണ് അന്വേഷണാധിഷ്ടിത വാര്‍ത്താ ലേഖനത്തിന്റെ അടിസ്ഥാനം. പുരോഗമന വാര്‍ത്താ ലേഖനം (Development Reporting) ജീവിത രീതി, കലാകായിക രംഗങ്ങള്‍, വ്യവസായം മുതലായ മേഖലയിലുള്ള പുരോഗതിയെ ജനങ്ങളെ നിരന്തരം അറിയിച്ചുകൊണ്ടിരിക്കുകയെന്നതും. ഈ രണ്ടുരീതികളിലും സ്വതന്ത്രവും സജീവവുമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ അഭാവമുണ്ടെങ്കില്‍, അത് ജനതക്ക് കഷ്ടത വരുത്തുക മാത്രമല്ല, ജനങ്ങളെ വഴിതെറ്റിക്കുകകൂടി ചെയ്യുമെന്ന് വര്‍ത്തമാനകാല ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
നേരും നെറിയുമില്ലാതെ പക്ഷം പിടിക്കുന്ന വാര്‍ത്തകളും ചിത്രക്കാഴ്ചകളും ജനതയെ അപകടപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. സി.എന്‍.എന്‍ പോലുള്ള വാര്‍ത്താ മാധ്യമങ്ങള്‍ ലോകാവസ്ഥ കാണാന്‍ നാം ആശ്രയിക്കുന്നുണ്ടെങ്കില്‍ പോലും, മൈക്രോ മുതല്‍ മാക്രോ വരെയുള്ള വിവിധതരം പ്രസിദ്ധീകരണങ്ങളും കാക്കത്തൊള്ളായിരം ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും പകര്‍ന്നു നല്‍കുന്നത് മറ്റെന്തൊക്കേയോ ആണെന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇവിടെയാണ്, മുകളില്‍ പ്രതിപാദിച്ച പോലെ, എല്ലാ സത്യങ്ങളും വിളിച്ചു പറയുന്നതിനേക്കാള്‍ പറയുന്നത് സത്യമാകുന്നുണ്ടോ എന്ന അന്വേഷണത്തിന്റ പ്രസക്തിയും.

ആഗോള മാധ്യമരംഗം

അന്തര്‍ദ്ദേശിയ തലത്തില്‍ രാഷ്ട്രീയത്തോടും സാമ്പത്തിക സ്ഥിതിയോടും സമൂഹത്തിനോടുമൊക്കെയുള്ള പൊതുജനാഭിപ്രായത്തെ ശക്തമായി ബാധിക്കാനും സ്വാധീനം ചെലുത്താനും കഴിയത്തക്കവണ്ണം കൂടുതല്‍ ഉത്തരവാദിത്വത്തോടെ മാധ്യമങ്ങള്‍ പെരുമാറേണ്ട (ഭാഗികമായി പെരുമാറുന്ന) കാലത്തിലൂടെയാണ് നമ്മള്‍ അതിജീവിച്ചുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങളും അധികാരകേന്ദ്രങ്ങളും തമ്മിലുള്ള ബന്ധം അതിശക്തമാണ്. ഇനിയൊരു യുദ്ധം വേണമോ വേണ്ടയോ എന്നുപോലും തീരുമാനിക്കാന്‍ മാധ്യമത്തിനു കഴിയുന്നു. ലോകത്തിന്റെ സമസ്ത മേഖലകളിലും എന്തും ഏതും ഇന്ന് മാധ്യമത്തിന് വിഷയമാണ്. ഒഴിവാക്കാന്‍ കഴിയാത്ത മദ്ധ്യവര്‍ത്തിയായി മാധ്യമം മാറിക്കഴിഞ്ഞു. സ്വത്വാന്വേഷണത്തിനുതകുകയും സ്വയംഭരണത്തെ സഹായിക്കകയും മാത്രമല്ല, ഏതു സ്ഥാപനത്തേയും വിമര്‍ശിക്കാനും മാധ്യമത്തിന് ഇന്ന് സ്വാതന്ത്ര്യമുണ്ട്. പക്ഷെ ഈ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്നുണ്ടോ? രാജ്യത്തിന്റെ രാഷ്ട്രീയോല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ഒരുപാധിയായി അധികാരി വര്‍ഗ്ഗം മാധ്യമങ്ങളെ തീറെടുത്തു കഴിഞ്ഞിരിക്കുന്നുവോ? കൊഴുത്തു തടിക്കുന്ന മാധ്യമ മുതലാളിമാരുടെ വളര്‍ച്ച ഈ സന്ദേഹത്തിന് ബലം നല്‍കുന്നു. ഇന്ന് മാധ്യമ മേഖല ഏറ്റവും ശക്തമായി വളരുന്ന വ്യാവസായിക മേഖലയായി മാറിക്കഴിഞ്ഞു. ഡിജിറ്റല്‍ മീഡിയയുടെ കാര്യമെടുത്താല്‍ 'ബ്ലോഗിംഗ്' ഇന്ന് കരുത്തുള്ള ആയുധമാണ്. ആശയങ്ങളും വിചാരങ്ങളും അസംതൃപ്തിയും സമ്മതവും വിയോജിപ്പുമെല്ലാം പ്രതിഫലിപ്പിക്കുന്നതിനുളള പുത്തനുപാധി. ഇന്ന് മാധ്യമമില്ലാതെ ലോകത്തിന് പ്രവര്‍ത്തിക്കാനോ ചലിക്കാനോ കഴിയില്ല. ഈ തിരിച്ചറിവുതന്നെയാണ് മാധ്യമങ്ങളെ പക്ഷഭേദത്തോടേയും ഇഷ്ടാനിഷ്ടാനുസരണവും ഉപയോഗപ്പെടുത്തുവാന്‍ കച്ചവടക്കാരനെ പ്രേരിപ്പിക്കുന്നതും.

മാധ്യമ വ്യവസായവും സാമൂഹ്യ പ്രതിബദ്ധതയും

ഒരു മാധ്യമ വ്യവസായ ശാലയുടെ സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ച് ചിന്തിക്കാം. ''സത്യം പറയുക, സ്വകാര്യവും ആദരണീയവുമായ പൊതു ജനപ്രതീക്ഷയെ അംഗീകരിക്കുക, തെറ്റുപുറത്തു പറയുന്നതോടൊപ്പം ആരും പൂര്‍ണ്ണരല്ലായെന്ന് കൂട്ടിച്ചേര്‍ക്കുകകൂടി ചെയ്യുക, കൂടെ, നിക്ഷിപ്ത താല്പര്യങ്ങളുടെ സംഘര്‍ഷം ഒഴിവാക്കുകയും ചെയ്യുക'' എന്നൊക്കെത്തന്നെയാണെന്നുമിരിക്കട്ടെ. ഒരു സ്വതന്ത്ര സ്ഥാപന സാമ്പത്തിക ക്രമത്തില്‍, ഒരു ടെലിവിഷന്‍ സ്റ്റേഷന്‍ ഉടമയുടെ സന്തോഷം സാമൂഹ്യ പ്രതിബദ്ധമായ ആശയങ്ങളുമായി സംഘര്‍ഷത്തിലാകുന്നുവെങ്കില്‍, മാധ്യമ ഉടമസ്ഥന്റെ അവകാശമോ പൊതു ജനത്തോടുള്ള കടമയോ ഏതാണ് നമ്മള്‍ കാര്യമാക്കുക? മാധ്യമ ഉടമയുടെ അവകാശങ്ങള്‍ തന്നെയാണെന്നതില്‍ സംശയമില്ല. ആ സ്ഥാപനം ഒരു സ്വതന്ത്ര സാമ്പത്തിക ക്രമത്തിലാണ് എന്നതുകൊണ്ടാണിത്. ഒരു ചരക്കു കച്ചവടക്കാരന് തന്റെ ശേഖരത്തിന്റെ വിലയേക്കാള്‍ കൂടിയ വിലക്ക് ചരക്കുകള്‍ വിറ്റഴിഞ്ഞാലേ ലാഭം ലഭിക്കുകയുള്ളു. ഈ തത്വശാസ്ത്രം തന്നെയാണ് മാധ്യമ വ്യവസായത്തിന്റെ കാര്യത്തിലുമുള്ളത്. പ്രവര്‍ത്തനച്ചിലവിനേക്കാള്‍ കൂടുതല്‍ പണം ഉത്പാദിപ്പിക്കുന്ന ഒരു സേവനം അത് വാഗ്ദാനം ചെയ്യുന്നു. ഇവിടെ മാധ്യമത്തിന്റെ കാര്യത്തില്‍ വ്യതിരിക്തമാക്കുന്നത് അതിന്റെ ശബ്ദശക്തി മാത്രമാണ്. ചില സാഹചര്യങ്ങളില്‍, മറ്റു വ്യവസായങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ഒരു സ്വാധീനം അതിന് ആവശ്യമായേ തീരൂ. സാമൂഹ്യ പ്രതിബദ്ധത മുന്നോട്ടു വെച്ച് ജനങ്ങളെ സ്വാധീനിച്ച മാധ്യമങ്ങള്‍ പിന്നീട് കൃത്രിമമായ മൂല്യസൃഷ്ടികളിലേക്കും സാമൂഹ്യ നിയമങ്ങളിലേക്കും ശ്രദ്ധ തിരിച്ച് ഒരു പുതിയ സാമ്രാജ്യത്വശക്തിയായി രാഷ്ട്രത്തേയും രാഷ്ടീയത്തേയും സങ്കുചിത താല്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിമറിക്കുന്നു. ഒരു സമാധാന കാംക്ഷിയെന്ന നിലയില്‍ മാധ്യമബാധയേല്‍ക്കാത്ത ഒന്നും തന്നെ ലോകത്തിലില്ല.

മാധ്യമ ഇടപെടലുകളും സമ്മര്‍ദ്ദവും

ഇന്ന് മാധ്യമ ഇടപെടലുകള്‍ ഏകാധിപത്യ ഭരണസംവിധാനത്തിന്റേയും പട്ടാള ഭരണ സംവിധാനങ്ങളുടേയും ജാതി-മത-വര്‍ഗ്ഗീയ സംഘടനകളുടേയും സാമ്രാജ്യത്വ മനശാസ്ത്രത്തിന്റേയും സ്വാധീനത്തിലുള്ള കങ്കാണിമാരുടെ സമ്മര്‍ദ്ദംമൂലം മാത്രമാണ് സംഭവിക്കുന്നത്. അതിനാല്‍ ഒരു സങ്കര സാംസ്‌കാരിക ഭൂമികയില്‍ ബുദ്ധി ശക്തികൊണ്ടും മൂല്യാങ്കനമനോഭാവംകൊണ്ടും ഉറച്ച ദൂരക്കാഴ്ചകൊണ്ടും രാജ്യങ്ങളും സമുദായങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കരുതിയിരിക്കുവാനും പരിഹാരം കണ്ടെത്തുവാന്‍ സാഹായിക്കാനും കഴിയാതെ വരുന്നു. വംശീയപ്പോരാട്ടങ്ങളോ വര്‍ണ വിവേചനമോ ആവട്ടെ, ഒരു സങ്കര സാംസ്‌കാരിക ജനാധിപത്യത്തിനും യുക്തിഭദ്രമായ ഒരു മനുഷ്യസമൂഹത്തിനും ഭീഷണിയുയര്‍ത്തുന്ന ഏത് നീക്കങ്ങളേയും നേരിടാനുള്ള പടവാളോങ്ങിനിന്നുകൊണ്ട് നിയമോര്‍ജ്ജത്തിന്റെ നേര്‍ഗതിയെ ഗുണകരമായി തിരിച്ചുവിട്ട് സായുധ സംഘട്ടന രംഗങ്ങളില്‍ മധ്യവര്‍ത്തിയായും ആന്തരിക സംഘര്‍ഷങ്ങളില്‍ സംയമനം പാലിച്ചും ആവശ്യമുള്ളപ്പോള്‍ പൊതുജനാഭിപ്രായത്തെ പൊതുധാരണയില്‍ കൊണ്ടെത്തിച്ചും ചിലപ്പോള്‍ മധ്യസ്ഥനായും പ്രവര്‍ത്തിക്കേണ്ട മാധ്യമങ്ങള്‍ എന്താണ് ചെയ്യുന്നത്?

സാമ്രാജ്യത്വമോ പ്രാദേശികപ്പോരാട്ടങ്ങളോ തീവ്രവാദ-വിഘടനവാദ-വിഭാഗീയ ഭ്രാന്തോ സ്വാതന്ത്ര്യത്തിനോ നീതിക്കോ വേണ്ടിയുള്ള ജാതി-മത-വര്‍ഗ്ഗാടിസ്ഥാനത്തിലുള്ള മനുഷ്യലഹളകളുടെ അപ്രതീക്ഷിതമായ പൊട്ടിപ്പുറപ്പെടലുകളോ ഏതുമായിക്കോട്ടെ, മാധ്യമത്തിന്റെ നീതിയില്ലാത്ത, നിരുത്തരവാദപരവും വ്യതിചലിക്കപ്പെട്ടതുമായ കാറ്റും കോളുമേറ്റ ചേരിതിരിവില്‍ നിന്ന് സായുധപ്പോരാട്ടങ്ങളും ആന്തരിക സംഘര്‍ഷങ്ങളും ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇറാന്‍-ഇറാക്ക് യുദ്ധകാലത്തും കുവൈത്ത് പ്രതിസന്ധിയിലും അമേരിക്കയില്‍ 11/9 ലെ തീവ്രവാദാക്രണത്തെത്തുടര്‍ന്നുള്ള കാലയളവിലും അഫ്ഗാനിസ്ഥാനുമേലുള്ള യുദ്ധസമയത്തും ഇന്ത്യയില്‍, ബാബ്‌റി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കദിനങ്ങളിലും മുംബൈയിലേയും ഗുജറാത്തിലേയും സ്‌ഫോടന പരമ്പരകളുടെ ഭീതിതമായ ചോരപ്പകലുകളിലും മനപ്പുര്‍വ്വം പക്ഷം ചേര്‍ന്ന മാധ്യമങ്ങള്‍ തങ്ങളുടെ അവ്യക്തമായ നിലപാടുകളില്‍ സ്വന്തം സാമൂഹ്യപ്രതിബദ്ധത മറന്നുപോകുകയും സെന്‍സേഷനുകളുണ്ടാക്കി മാധ്യമ മുതലാളിമാര്‍ക്ക് കൂടുതല്‍ തടിച്ചുകൊഴുക്കാന്‍ അവസരമൊരുക്കിക്കൊടുക്കുകയുമാണ് ചെയ്തത്. ഇന്ന്, രാഷ്ട്രീയ വൈരം തീര്‍ക്കാനും സാമ്രാജ്യത്വവല്‍ക്കരണത്തിനും മനുഷ്യാവകാശ ധ്വംസനത്തിനും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനും വംശീയാക്രമണങ്ങള്‍ക്കും പേരും പ്രശസ്തിയും ലഭിക്കാനും ചൂഷണവും ചതിയും പരിശീലിക്കാനുമൊക്കെയുള്ള ആഹവ ഭൂമിയായി മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നു.

യുദ്ധവും സിവില്‍ സമൂഹത്തിന്റെ പ്രതികരണവും വാര്‍ത്തയാക്കുന്നതിലുള്ള പത്രമാധ്യമങ്ങളുടെ മാത്രമല്ല ദൃശ്യമാധ്യമങ്ങളുടെ പങ്കുകൂടി കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. തീവ്രവാദത്തിനെക്കുറിച്ചും അമേരിക്കന്‍ സാമ്രാജ്യത്വത്തിനെക്കുറിച്ചും മാധ്യമങ്ങളിലൂടെ വരുന്ന പണ്ഡിതാഭിപ്രായങ്ങള്‍ കൃത്രിമാരോപണ-പ്രത്യാരോപണങ്ങളിലേക്ക് വെളിച്ചം വീശൂന്നുമുണ്ട്. ജൂതരുടേയും മുസ്ലീം സമുദായത്തിന്റേയും വൈരുദ്ധ്യാധിഷ്ടിത പ്രതീകവല്‍ക്കരണത്തിലൂടെ പശ്ചിമേഷ്യയുടേയും മധ്യപൂര്‍വ്വേഷ്യയുടേയും സംഘട്ടനമാക്കി, ഇറാക്കിലേക്കും അഫ്ഗാനിസ്ഥാനിലേക്കുമുള്ള അമേരിക്കയുടെ കടന്നാക്രമണങ്ങളും ഇസ്രയേലിന്റെ പാലസ്തീന്‍ ആക്രമണങ്ങളും മറച്ചുവെക്കുന്ന രീതിയിലാണ് കുത്തക മാധ്യമങ്ങള്‍ ബുദ്ധിപരമായി തങ്ങളുടെ ഭാഗം കളിച്ചു തീര്‍ത്തത്. തിന്മചെയ്യാനനുയോജ്യമായ അന്തരീക്ഷമൊരുക്കി ഉന്മുദ്രിതവും ഗോപ്യവുമായ പ്രവര്‍ത്തനങ്ങളെ സന്ദര്‍ഭത്തിനനുസരിച്ച് പ്രോത്സാഹിപ്പിച്ചും സ്വയം സംതൃപ്തിക്കുവേണ്ടി രാഷ്ട്രീയവും സാംസ്‌കാരികവുമായ അജണ്ടയെ തിരുത്തിക്കൊണ്ടും ഈ വ്യതിക്രമ മാധ്യമ പ്രവര്‍ത്തനം ഇന്നും അനുസ്യൂതം തുടര്‍ന്നു പോരുന്നു.

മാധ്യമങ്ങളും ദേശഭക്തിയും

വളരെയധികം പേരെ തൊഴില്‍ രഹിതരാക്കി ലോകത്തെ പിടച്ചുകുലുക്കിയ സാമ്പത്തികമാന്ദ്യം അനുഭവിച്ച ഒരു കാലയളവ് തരണം ചെയ്യുന്നതിനു മുന്‍പുതന്നെ വീണ്ടും ശത്രുവിന്റെ ആക്രമണത്തിനും നരഹത്യക്കും ഇരയായവരാണ് നമ്മള്‍. താജിലും ഓബ്‌റോയിയിലുമൊക്കെയായി പലരേയും നഷ്ടപ്പെട്ടവര്‍. വിലപ്പെട്ട നഷ്ടങ്ങളെ മാറോടുചേര്‍ത്ത് നമ്മള്‍ തേങ്ങിയപ്പോഴും, നമ്മുടെ ശത്രുവിനെ തിരിച്ചടിക്കാന്‍ ഒരു സമൂഹം മാത്രം കാതോര്‍ത്തിരുന്നു. ഫോര്‍ത്ത് എസ്റ്റേറ്റ് അഥവാ നാലാം തൂണ്‍ എന്നൊക്കെ വിളിക്കപ്പെടുന്ന നമ്മുടെ മാധ്യമങ്ങള്‍. അതിനെ അഭിമാനത്തോടെയും നന്ദിപൂര്‍വ്വവും സ്മരിച്ചുകൊണ്ടുതന്നെ അധാര്‍മ്മികവും സെന്‍സര്‍ചെയ്യാത്തതുമായ വാര്‍ത്തകള്‍ക്കുനേരെ വിരല്‍ചൂണ്ടപ്പെട്ടു. കാരണം, അതിവൈകാരികമായ ഒരു ദേശഭക്തി ''പ്രൊഫഷണലിസ'' ത്തെക്കാളധികം നമുക്കതില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞുവെന്നതാണ്. അധികമായാല്‍ അമൃതും വിഷമെന്നല്ലേ ശാസ്ത്രം. വാര്‍ത്തകള്‍ ഹൈജാക്കുചെയ്യപ്പെടുകയും മനമിളക്കുന്നതാക്കുകയും ചെയ്യപ്പെട്ടു. ടെലിവിഷന്‍ മാധ്യമങ്ങള്‍പോലും ''യുദ്ധത്തിന് അമേരിക്കന്‍ തന്ത്രം പിന്‍തുടരുക'' എന്നുല്‍ഘോഷിക്കുകയും തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യ ഇസ്രായേലിനെ കണ്ടുപഠിക്കണമെന്നുപോലും ചര്‍ച്ചചെയ്യുകയും തര്‍ക്കിക്കുകയും ചെയ്തു. ഗവണ്‍മെന്റിന്റെ ''Options on table” എന്ന പ്രസ്താവനയെപ്പോലും കുറച്ചുകാണിച്ചും തണുപ്പിച്ചും തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ക്കുനേരെ ''അതിര്‍ത്തിലംഘനാക്രമണം'' എന്ന ഒരു പ്രത്യേക പോയന്റില്‍, വിശന്നു വെറിപിടിച്ച ടി.വി. ചാനലുകള്‍ ഒരു യുദ്ധത്തിന്റെ ഹിസ്റ്റീരിയ (ഭീതി) സൃഷ്ടിക്കാന്‍ വീണ്ടും വീണ്ടും വാര്‍ത്തകളെ അഴിച്ചു പണിതു. ഇസ്രയേലിന്റെ പാലസ്തിന്‍ ആക്രമണം ലോകം മുഴുവന്‍ പുച്ഛിച്ചുതള്ളിയതാണ്. എന്നിട്ടും യുദ്ധകാര്യത്തില്‍ പരാജയപ്പെട്ട പാശ്ചാത്യ തന്ത്രങ്ങള്‍ ഇന്ത്യയെപോലുള്ള ഒരു പരിഷ്‌കൃത ജനാധിപത്യ രാജ്യം എന്തിനു മാതൃകയാക്കണമെന്ന് ആലോചിക്കേണ്ടതാണ്. ഇതില്‍ നിന്നൊക്കെ നാം മനസ്സിലാക്കേണ്ടത് നമ്മുടെ പത്രപ്രവര്‍ത്തകരുടേയും ടി.വി. അവതാരകരുടേയും സെന്‍സിബിലിറ്റിയുടെയും ധാര്‍മ്മികതയുടേയും അഭാവം തന്നെയാണ്. ഇങ്ങിനെയൊക്കെയാണെങ്കിലും അവര്‍ ഇന്ത്യയുടെ നിലപാടിനെ ശരിവയ്ക്കുകയും പാക്കിസ്ഥാനുമായുള്ള അജ്മല്‍ കസബിന്റെ ബന്ധത്തെ പുറത്തുകാണിക്കുകയും ചെയ്തുവെന്നത് ഇവിടെ വിസ്മരിക്കുന്നുമില്ല.

മാധ്യമങ്ങളുടെ രാഷ്ട്രീയം

ഇന്ന് മാധ്യമങ്ങള്‍ രാഷ്ട്രീയവിപണനോപാധിയായാണ് പ്രതിസന്ധിഘട്ടങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത്. പൊതുജനാഭിപ്രായം സ്വരൂപിക്കാനായുള്ള ''ഇന്‍സ്റ്റന്റ് മീഡിയ കവറേജി''ലേക്കാണ് മിക്ക മാധ്യമങ്ങളുടേയും ശ്രദ്ധ. മാധ്യമത്തിന്റെ സ്വാധീനം ഇന്ന് മനുഷ്യജീവിതത്തില്‍ പരിഗണിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. മനുഷ്യന്റെ ഓരോ പ്രവൃത്തിയും പ്രതിഫലിപ്പിക്കുക മാത്രമല്ല, നിയന്ത്രിക്കപ്പടുന്നതും ഭരിക്കപ്പെടുന്നതും ഇന്ന് മാധ്യമങ്ങളിലൂടെയാണ്. പത്ര സ്വാതന്ത്ര്യം ആവശ്യപ്പെടുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ് (freedom of speech and expression). അത് അടിസ്ഥാനപരമായി സാമൂഹ്യനിയമമാണ്, വിശ്വാസമാണ്. അപ്പോള്‍ സമൂഹത്തോട് കടമയുള്ള ഒരു ശക്തമായ മാധ്യമം ജനനന്മയ്ക്കും സംരക്ഷണത്തിനും ഉപയോഗപ്പെടണം. നീതി, സ്വാതന്ത്ര്യം, സമത്വം, സംഘാടനം, സമാധാനം, മനുഷ്യാവകാശം എന്നിവയെ പ്രോല്‍സാഹിപ്പിക്കുകതന്നെയാണ് മാധ്യമത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം. എങ്കിലും അവകാശങ്ങളും കടമയും നടപ്പിലാക്കേണ്ട സമയത്ത് മാധ്യമങ്ങള്‍ക്ക് നിരന്തരമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നുണ്ടുതാനും. വര്‍ഗ്ഗീയവും വംശീയവും രാഷ്ട്രീയവുമായ വസ്തുതകളോടൊപ്പം സാംസ്‌കാരികവും മതപരവും സാമ്പത്തികവുമായ കാര്യങ്ങളുടെ തന്ത്രപരമായ മുന്‍വിധിയോടെ, സമൂഹത്തിന്റെ കാവല്‍നായയെപ്പോലെ സാമൂഹ്യപ്രതിബദ്ധതയോടെ സായുധാക്രമണങ്ങളുടേയും ഉള്‍പ്പോരാട്ടങ്ങളുടേയും പ്രകൃതത്തെക്കുറിച്ച് മാധ്യമത്തിന് വിലയിരുത്താന്‍ കഴിയും. നാളെയുടെ വെല്ലുവിളികളെക്കുറിച്ചും സംഘര്‍ഷസാദ്ധ്യതയെക്കുറിച്ചും സമവായചര്‍ച്ചകളുടെ പുരോഗതിയെക്കുറിച്ചും നിയമങ്ങളുടെ രൂപപ്പെടുത്തലിനെക്കുറിച്ചും സംസാരിക്കാന്‍ കഴിയും.

ഒരു വംശത്തിന്റെ അല്ലെങ്കില്‍ വര്‍ഗ്ഗത്തിന്റേയോ രാജ്യത്തിന്റേയോ നായകന്റെ നിയമങ്ങളും പോളിസികളും വിളിച്ചറിയിക്കാന്‍ ഹിറ്റ്‌ലര്‍ മുതലിങ്ങോട്ട് പലരും മാധ്യമങ്ങളെ ഉപയോഗിച്ചിരുന്നുവെന്നതാണ് ചരിത്രം. ജോര്‍ജ് ബുഷ് ജൂനിയര്‍ ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകള്‍ക്കെതിരേയും തീവ്രവാദത്തിന്റെ പേരില്‍ മറ്റു സ്വതന്ത്ര രാഷ്ട്രങ്ങള്‍ക്കുനേരേയും മാധ്യമയുദ്ധം പ്രഖ്യപിച്ചത് നാം കണ്ടതാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ മാധ്യമത്തിന്റെ ആത്മാര്‍ത്ഥതയും മൂല്യവും ഉപയുക്തതയും ഉദ്ദേശ്യവും ഉല്‍ഗ്രഥനത്തോടേയും അര്‍പ്പണ മനോഭാവത്തോടേയും ജനങ്ങളുടെ സ്വാതന്ത്ര്യത്തേയും അവകാശങ്ങളേയും സംരക്ഷിച്ചുകൊണ്ട് ജനങ്ങളിലേക്ക് നീതി എത്തിക്കുകയെന്നത് തന്നെയാണ്.

രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം, അവയുടെ വിദേശ പോളിസികള്‍, നിലപാടുകള്‍, പട്ടാളങ്ങളുടെ സ്ഥാനം, നീക്കങ്ങള്‍, വിഘടനവാദം, തീവ്രവാദം പോലുള്ള ഭീഷണികള്‍, ആണവായുധ ഭീഷണി, അധികാര സംതുലനം, അന്തര്‍ദ്ദേശിയ ആയുധ ഇടപാടുകളെക്കുറിച്ചുള്ള തുറന്ന ചര്‍ച്ച എന്നിവയിലൂടെ ആഗോള സുരക്ഷയെ പ്രോത്സാഹിപ്പിക്കുവാന്‍ മാധ്യമങ്ങള്‍ക്കു കഴിയും. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ക്കുള്ള പുതിയ യന്ത്ര സംവിധാനങ്ങളിലൂടെ വിവര സാങ്കേതിക വിദ്യയെ കൂടുതല്‍ പ്രയോജനപ്പെടുത്തി രാഷ്ട്രീയ സാമൂഹ്യ സംഘടനകളടക്കമുള്ള വിവിധ അധിവേശന ങ്ങളുടെ മനസ്സറിഞ്ഞ് പൗരന്റേയും രാജ്യത്തിന്റേയും പ്രശ്‌നങ്ങളിലേക്കിറങ്ങിച്ചെല്ലേണ്ട മാധ്യമങ്ങള്‍, വാര്‍ത്തകളിലും അനുഭവങ്ങളിലും ലേഖനങ്ങളിലും സാമൂഹ്യ രാഷ്ട്രീയ പ്രതിസന്ധികളില്‍ പുറത്തു വിടുന്ന പ്രത്ര മുഖപ്രസംഗങ്ങളിലും സ്വയം വിമര്‍ശന പരീക്ഷണങ്ങള്‍ നടത്തി പരാജയപ്പെടുന്നു. ഇത് അപകര്‍മ്മം തന്നെയാണ്. അവ്യക്തവും കൃത്രിമത്വം നിറഞ്ഞതും വളരെ ലോലവുമായ (Sensitive) വാര്‍ത്തകള്‍ പൊതു ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ അനന്തരഫലം മാധ്യമങ്ങള്‍ കാണാതെ പോകുകയും പലപ്പോഴും അവഗണിക്കുകയും ചെയ്യുന്നു. ഇത് തെറ്റിദ്ധാരണകളിലേക്കും വെറുപ്പിലേക്കും വര്‍ഗ്ഗീയ വംശീയ സംരക്ഷണ ചിന്തയിലേക്കും ജനക്കൂട്ടത്തെ നയിക്കുമ്പോള്‍, സ്വാഭാവികമായും ഈ പ്രവര്‍ത്തനം യുദ്ധത്തിനും ആക്രമണങ്ങള്‍ക്കുമുള്ള ഒരു അനുലോമ വേദിയൊരുക്കിക്കൊടുക്കലാണ്. ഇത്തരം അപകരണത്തിനേയാണ് അധമമായ മാധ്യമ പ്രവര്‍ത്തനം എന്നു വിളിക്കേണ്ടതും. രാജ്യങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ക്കുള്ളിലുള്ളതുമായ സംഘര്‍ഷങ്ങളുടെ ഉല്‍ഭവവും പ്രകൃതവും തുറന്നുപറയുവാനും അതിനെ ചെറുക്കുവാനും അനന്തര ഫലങ്ങളോടിടപെടാനും പണ്ഡിതോചിതമായ ഗവേഷണങ്ങളിലൂടെ മാധ്യമങ്ങള്‍ക്കു കഴിയും. അത്തരം പ്രവര്‍ത്തനങ്ങള്‍ സംഘര്‍ഷം കുറക്കുന്നതിനും കൂടുതല്‍ നീതിയും സമാധാനവും ഉറപ്പുവരുത്തുന്ന ലോക നിര്‍മ്മിതിക്ക് ഏറെ സഹായിക്കുകയും ചെയ്യും.

വിനോദ മാധ്യമങ്ങളും വ്യതിക്രമപ്രവര്‍ത്തനവും

മാധ്യമങ്ങളുടെ വ്യതിക്രമ പ്രവര്‍ത്തനത്തെക്കുറിച്ചു പറയുമ്പോള്‍, ഇന്നത്തെ വിനോദ മാധ്യമങ്ങളെ (Entertainment Media) ക്കുറിച്ച് പ്രതിപാദിക്കാതെ കടന്നുപോകാനാവില്ല. വിനോദത്തിന്റെ ഉറവിടം മാത്രമാണ് ഈ മാധ്യമം. അപാകതകളില്ലാത്ത അസ്ഖലിത സത്യമാണിത് എന്നല്ല അര്‍ത്ഥം ''ടെലിവിഷന്‍ ടോക് ഷോ'' ആയാലും “സെലിബ്രിറ്റി ഷോ” ആയാലും റേഡിയോ സാറ്റലൈറ്റ് പ്രക്ഷേപണമായാലും ഈ മാധ്യമങ്ങളൊന്നും തന്നെ വസ്തുനിഷ്ഠം മാത്രമല്ല. അവര്‍ വിനോദം അന്വേഷിക്കുന്നു. സത്യമോ അസത്യമോ എന്നത് അവരുടെ മുന്‍ഗണനയിലേയില്ല. സത്യത്തെ, കുറച്ച് ഭാവനയും കഥകളും ചേര്‍ത്ത് പൊലിപ്പിച്ച് പ്രത്യക്ഷപ്പെടുത്തുന്നു. കാഴ്ചക്കാരനെ കൊളുത്തിവലിക്കുക തന്നെയാണ് ലക്ഷ്യം. ഗോസിപ്പു മാഗസിനുകളിലെ കവര്‍ പേജുകള്‍ വിലപിടിപ്പുള്ളതാക്കുന്നത് വായനക്കാരനെ ഉള്‍ത്താളുകളിലേക്ക് ആകര്‍ഷിക്കുവാന്‍ തന്നെയാണ്. രതിച്ചുവയുള്ള പുതിയൊരു വിപണനത്രന്ത്രം. അതാണ് വലിയ കച്ചവടം. അമേരിക്കക്കാരന് ഗോസിപ്പുകളിലും (Gossips) കുംഭകോണങ്ങളിലും (Scandals) അടക്കാനാവാത്ത കൊതിയാണെന്ന് നമുക്കറിയാം. അതൊരു സംസ്‌കാരത്തിന്റെ ഭാഗമാണ്. നമ്മുടെ ഇഷ്ടതാരങ്ങളുടെ സ്വകാര്യങ്ങളും നിര്‍ഭാഗ്യങ്ങളുടെ കഥകളും മയക്കു മരുന്നുപോലെ നമുക്കു പകര്‍ന്നുതരാന്‍ വിനോദ മാധ്യമങ്ങള്‍ മല്‍സരിക്കുന്നു. ''ആന്‍ ഐഡിയ ക്യാന്‍ ചേയ്ഞ്ച് യുവര്‍ വൈഫ്'' (An idea can change your WIFE) എന്നൊരു പുതിയ പരസ്യവാചകം പുറത്തുവന്നാല്‍പോലും അത് വിശ്വസനീയതയുടെ സത്യവചനമാക്കി ജീവിതമാഘോഷിക്കുന്നതിന് വായനക്കാരനേയോ പ്രേക്ഷകനേയോ പ്രേരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിയും. അങ്ങനെ കബളിപ്പിക്കപ്പെട്ട ഒരു ജനതയുടെ അബോധാവസ്ഥയില്‍ ഒരു മാധ്യമസംസ്‌കാരത്തിന്റെ ധാര്‍മ്മികത ചവിട്ടിയരക്കപ്പെടുമ്പോള്‍ തടിച്ചുകൊഴുക്കുന്നത് പുത്തന്‍ മാധ്യമ മുതലാളിമാരും അവരോടു ബന്ധപ്പെട്ട പുത്തന്‍ കച്ചവട താല്പര്യങ്ങളുമാണ്.

ഇലക്‌ട്രോണിക് മീഡിയ, പ്രിന്റ് മീഡിയ, ഡിജിറ്റല്‍ മീഡിയ, ബ്രോഡ്കാസ്റ്റിംഗ് മീഡിയ, ന്യൂസ് മീഡിയ തുടങ്ങി വിവിധതരം മാധ്യമോപാധികള്‍ ലോകത്തിലുണ്ട്. പരസ്യമേഖലയില്‍ ഉല്‍പ്പാദനവും പ്രോത്സാഹവും നേടാന്‍ മാധ്യമങ്ങള്‍ സഹായിച്ചിട്ടുണ്ട്. കായികരംഗത്തും വിനോദരംഗങ്ങളിലും രാഷ്ട്രീയ രംഗത്തും മാധ്യമങ്ങളുടെ സംഭാവനയുണ്ടായിട്ടുണ്ട്. ആരോഗ്യരംഗത്ത് എയ്ഡ്‌സിനെക്കുറിച്ചും സാമൂഹ്യ പ്രശ്‌നങ്ങളില്‍ സ്ത്രീധന സമ്പ്രദായത്തെക്കുറിച്ചും ഭ്രൂണഹത്യയെക്കുറിച്ചുമൊക്കെ മാധ്യമങ്ങള്‍ ജനമനസ്സുകളെ ബോധവല്‍ക്കരിച്ച് മാറ്റത്തിന് സഹായകമായ ഘടകമായിത്തീര്‍ന്നിട്ടുണ്ട്. എങ്കിലും, ആക്രമണങ്ങളെ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിക്കുന്നു. ആരുഷി തല്‍വാര്‍ കേസും ജസിക്കാലാല്‍ കേസുമൊക്കെ നമുക്ക് മുന്നിലുണ്ട്. 1984 ലെ സിക്ക് കലാപത്തില്‍ കുറ്റം ചുമത്തപ്പെട്ട ഒരു നേതാവിനെ 25 വര്‍ഷങ്ങള്‍ക്കുശേഷം പോലും കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത കഥമുതല്‍ ജേര്‍ണൈല്‍സിംഗ് ആഭ്യന്തര മന്ത്രിക്കുനേരെ ഷൂ എറിഞ്ഞ കഥയും തുടര്‍ന്നുണ്ടായ രാഷ്ടീയമാറ്റങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് നാമറിഞ്ഞതാണ്. മാധ്യമപ്രവര്‍ത്തകനും എതിക്‌സിനുമിടയില്‍ ഒരു നേര്‍ത്ത രേഖമാത്രമേയുള്ളു. ലേഖകന്റെ അല്ലെങ്കില്‍ ടി.വി. അവതാരകരുടെ ഒരു വാക്കു പിഴച്ചുപോയാല്‍ ഈ രേഖമുറിച്ചു കടക്കപ്പെടും. രാഷ്ട്രീയ പാര്‍ട്ടികളില്‍, ബലാല്‍ക്കാരം, പിടിച്ചുപറി, കൊലപാതകം എന്നിവയാരോപിക്കപ്പെട്ട് ക്രിമിനല്‍ക്കേസുകളുള്ള എത്രയോ നേതാക്കളുണ്ട്. അവരെയൊന്നും മാധ്യമങ്ങള്‍ തുറന്നു കാണിക്കുന്നില്ല. മാധ്യമം വ്യക്തിപരമായ ചിന്തകള്‍ക്കുള്ള സ്ഥലമല്ലായെന്നും പക്ഷം ചേരാതെ വസ്തുതകളെ സത്യസന്ധമായി പുറത്തറിയിക്കേണ്ട സ്ഥലമാണെന്നും ജനങ്ങള്‍ തന്നെ മനസ്സിലാക്കണം. ജേര്‍ണൈല്‍ സിംഗും ഷൂസും ഒരു വാര്‍ത്തയുണ്ടാക്കണം. പക്ഷെ അത് ആക്രമണത്തിനും സത്യം മ റച്ചുവെക്കുന്നതിനുമാകരുതെന്നാണ് നാം തിരിച്ചറിയേണ്ടത്.

മുംബൈയിലും പൂനയിലും തീവ്രവാദികളുടെ ആക്രമണമുണ്ടായപ്പോള്‍ ഒരു ടെലിവിഷന്‍ ചാനല്‍ is the world coming to an end ? എന്നാണ് കാണിച്ചിരുന്നത്. ദൈവത്തിന്റെ പ്രതിനിധികളായി അവരോധിച്ചവരെ കാണിച്ച് അന്ധവിശ്വാസം കൂടുതല്‍ ശക്തമാക്കാനാണ് ആ ചാനല്‍ ശ്രമിച്ചത്. മറ്റൊന്ന് ""Breaking News’ എന്നതാണ്. ഒരു പട്ടിചത്താല്‍ പോലും അതൊരു ബ്രേക്കിംഗ് ന്യൂസാകുന്നു. നിഷ്‌ക്കളങ്കരായ ഗ്രമീണ പ്രേക്ഷകരാണ് ഇവരുടെ ഇരകള്‍. ഒരു കുഞ്ഞ് കുഴല്‍ കിണറിന്റെ ഗര്‍ത്തത്തിലകപ്പെട്ടതും അതിനെക്കുറിച്ച് ദിവസങ്ങളോളം നീണ്ടുനിന്ന റിപ്പോര്‍ട്ടിംഗും നാം കണ്ടു. മറ്റൊന്ന്, സെലിബ്രിറ്റികളുടെ ജീവിതത്തിനു കൊടുക്കുന്ന അമിത പ്രാധാന്യമാണ്. ആഗോളതലത്തില്‍ പ്രിന്‍സസ് ഡയാനയായിരുന്നു വലിയൊരിര. ഒരു സ്‌കൂളദ്ധ്യാപിക പ്രിന്‍സസായതുമുതല്‍ അവരുടെ മനുഷ്യസ്‌നേഹം നിറഞ്ഞ ഹൃദയത്തെക്കുറിച്ചൊക്കെ ലോകത്തിനോടു പറഞ്ഞ്, പറഞ്ഞ് നിരവധി കഥകള്‍ മെനഞ്ഞ, ഒടുവില്‍ അവരുടെ മരണത്തിനു തന്നെ പാപ്പരാസികളെന്ന മാധ്യമപ്രവര്‍ത്തകര്‍ കാരണക്കാരായി. മൈക്കേല്‍ ജാക്‌സണ്‍ന്റെ മരണത്തിനുശേമുണ്ടായ വിവാദ വര്‍ത്തമാനങ്ങളും നമ്മള്‍ കേള്‍ക്കാനിടയായി. ബലാല്‍ക്കാരത്തിനു വിധേയരായവരേയും പീഡനമനുഭവിക്കേണ്ടി വന്നവരേയും ഇവര്‍ വെറുതെ വിടുന്നില്ല. ജീവിത കാലം മുഴുവനുമുള്ള സാമൂഹ്യാപമാനം പേറത്തക്കവണ്ണം ഇരകളെ ഇവര്‍ തുറന്നു കാണിക്കുന്നു. ജെസീക്കാലാലിന്റേയും ആരുഷിയുടേയുമൊക്കെ പേരിനെ പരമാവധി കളങ്കപ്പെടുത്തിയവരാണ് ഇക്കൂട്ടര്‍.

വിദേശ രാജ്യങ്ങളില്‍ സാമൂഹ്യ പ്രതിബദ്ധതയും ഉത്തരവാദിത്വവും കാണിക്കാന്‍ നിയമവ്യവസ്ഥകള്‍ പോലുമുണ്ട്. പട്ടാളാക്രമണ വേളയില്‍ ജനങ്ങല്‍ക്ക് ജാഗ്രതയേകുകയെന്നത് പത്ര-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ മുഖ്യ കടമയാണ്. ഇതിനായി ഇവര്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെക്കുന്നു. രാഷ്ട്രത്തെ ബാധിക്കുന്ന സാമൂഹ്യദുരന്തങ്ങളോ ഗുരുതരമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള അടിയന്തിരവാര്‍ത്തകളോ തല്‍സമയം ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്ക് നിയമ വ്യവസ്ഥയുണ്ട്. ഇന്ത്യയിലോ? ഭോപ്പാല്‍ ദുരന്തവും രണ്ടായിരത്തി അഞ്ചിലെ മുംബൈ വെള്ളപ്പൊക്കവും സുനാമിയുമൊക്കെ റിപ്പോര്‍ട്ടു ചെയ്ത രീതികള്‍ നാം വായിക്കുകയും കാണുകയും ചെയ്തു. പലരും സത്യസന്ധമായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെങ്കില്‍ അതൊക്കെ ഒരു സര്‍ക്കാര്‍ നിയമവ്യവസ്ഥയുടെ ഭാഗമായിട്ടായിരുന്നില്ലായെന്നതാണ് വസ്തുത. വ്യക്തവും സത്യസന്ധവുമായ വാര്‍ത്താ വിതരണം സമൂഹത്തിന്റെ നന്മയാകുന്നുവെന്നറിഞ്ഞിട്ടുപോലും ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാകുന്നു. പ്രേക്ഷകരുടെ ജീവിതത്തില്‍ വെറും വിനോദത്തിനു മാത്രമല്ല വിവരത്തിനുകൂടി തങ്ങളുടെ ജിഹ്വകളുടെ പ്രാധാന്യം തിരിച്ചറിയാന്‍ എത്ര മാധ്യമങ്ങള്‍ക്ക് കഴിയുന്നുണ്ട്? എത്ര മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്? ഈ ചോദ്യങ്ങള്‍ തന്നെയാണ് നാമോരോരുത്തരും ചോദിക്കേണ്ടതും.

മാസ് മീഡിയയുടെ സ്വാധീനം

വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ കൂടുമ്പോള്‍ വാര്‍ത്താ പ്രചരണത്തിന്റെ സാദ്ധ്യതയും വലുതാകുന്നു. മാധ്യമ സ്വാധീനം വര്‍ദ്ധിക്കുകയും മാധ്യമത്തിന്റെ ധാര്‍മ്മികത ആധുനിക സമൂഹത്തില്‍ പ്രധാന വസ്തുതയായി മാറുകയും ചെയ്യുന്നു. ടെലിവിഷന്‍ ന്യൂസ് റിലേയിലേക്കും റേഡിയോ പ്രക്ഷേപണത്തിലേക്കും പത്രവാര്‍ത്തകളിലേക്കും ഇപ്പോള്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലേക്കും ജനമനസ്സ് തുറക്കപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് മാസ്മീഡിയ നിത്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നു. വിസ്തൃതമായ ലൊക്കേഷനുകളില്‍ വ്യത്യസ്ഥങ്ങളും വിശാലവുമായ മാധ്യമങ്ങളിലൂടെയുള്ള സംപ്രേക്ഷണ പ്രവര്‍ത്തനങ്ങളിലേക്കാണ് ഇന്ന് മാധ്യമങ്ങളുടെ കണ്ണ്. അനിയന്ത്രിതമായ ഒരു പ്രതിലോമ മാധ്യമ പ്രവര്‍ത്തനത്തിന്റെ സാദ്ധ്യതയിലേക്കാണ് ഇത് വഴിവെക്കുന്നത്. അത് കൂടുതല്‍ അപകടകരവും വിധ്വംസകവുമാകാം.
മാധ്യമങ്ങളുടെ കയ്യേറ്റ ഭൂമികകള്‍
ഒരു ചെറിയ ഉദാഹരണ സഹിതം മാധ്യമങ്ങളുടെ കയ്യേറ്റ കഥകളിലേക്ക് ഒന്നെത്തിനോക്കാം. ഒരു സംഭാഷണ ശകലമിങ്ങനെ:
-“Hey, you look terrible this morning. What is going on?”
- “My husband keeps beating me up!”
-“Oh, don't worry, I know, a television station that can help you!”
ഇതില്‍ നിന്ന് നാം മനസ്സിലാക്കുന്നത് ഉത്തരം അന്വേഷിക്കേണ്ടവന്‍ ഉത്തരം കൊടുക്കുന്നുവെന്നാണ്. പത്രങ്ങള്‍പോലും മുന്‍പേജില്‍ വാര്‍ത്തകള്‍ക്കു പകരം ''ണവമ േശള” സ്റ്റൈല്‍ എഴുത്തിലൂടെയാണ് നീങ്ങുന്നത്. What if we have a draught? Are our community leaders prepared to handle it? ASp¯ Ipd¨p amk§Ä¡p tijw, ''What if we get too much rain and the streams overflow their banks? Are our community leaders prepared to handle it? ഇവിടെ വായനക്കാരന്‍ ചോദിക്കേണ്ടത് ''What if they reported the news and put what if stories in fantasy magazines? എന്നാണ്. ഇങ്ങനെ ചോദിക്കാന്‍ വായനക്കാരന്‍ തയ്യാറാവണം. ഭാവി പ്രവചനമല്ല മാധ്യമത്തിന്റെ ധര്‍മ്മമെന്ന് പറയേണ്ടതും പ്രതികരിക്കേണ്ടതും വായനക്കാരനാണ്, പ്രേക്ഷകനാണ്. അതിശൈത്യം മൂലം രാജസ്ഥാനില്‍ പത്തു പേര്‍ മരണപ്പെട്ടുവെന്ന വാര്‍ത്തവരുമ്പോള്‍ മരണകാരണം ''അതി ശൈത്യ'' മാണെന്നാണ് മാധ്യമത്തിന്റെ കണ്ടുപിടുത്തം. ശൈത്യത്തെ നേരിടാന്‍ ഗ്രാമീണര്‍ക്ക് ആവശ്യമായ പാര്‍പ്പിടമോ വസ്ത്രമോ ഉണ്ടായിരുന്നല്ലായെന്ന സത്യമാണ് മാധ്യമങ്ങള്‍ ബോധപൂര്‍വ്വം മറച്ചുവെയ്ക്കുന്നത്. ഇത്തരം വാര്‍ത്താലേഖനങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുകയും ഏതു മാധ്യമത്തിന്റെ സൂദശാലയിലാണ് ഇത്തരം വാര്‍ത്തകള്‍ പുഴുങ്ങിയെടുക്കുന്നതെന്നും ആ മാധ്യമത്തിന്റെ ഉദ്ദേശ്യമെന്തെന്നും മനസ്സിലാക്കി അതു തുറന്നു കാണിക്കാന്‍ ഓരോ വായനക്കാരനും സന്നദ്ധനാവണം. ''കാളനാ''വാമെങ്കില്‍ ''കാള''യുമാവാം എന്ന ശ്രീ കെ.ഇ.എന്‍ കുഞ്ഞഹമ്മദിന്റെ പ്രയോഗത്തെ വര്‍ഗ്ഗീയമായി ചിത്രീകരിച്ച ഒരു മാധ്യമപ്രവര്‍ത്തനം കേരളത്തിലുണ്ടായിട്ടുണ്ട്. ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് വഴുതി വീഴാത്ത ചിലരെങ്കിലും അതിനെ ഭക്ഷണത്തിലെ ജനാധിപത്യ ശീലങ്ങളെക്കുറിച്ചു പറയുമ്പോള്‍ സന്ദര്‍ഭത്തിനനുസരിച്ച് ആലങ്കാരികമായി പ്രയോഗിച്ചതാണെന്ന് തിരിച്ചറിയുകയും പ്രതികരിക്കുകയുമുണ്ടായിയെന്നത് ഓര്‍ക്കുന്നതോടൊപ്പം ''വ്യാപാരമേ ഹനനമാം വനവേടനുണ്ടോ. . .. വ്യാപന്നമായ് കഴുകനെന്നു കപോതമെന്നും. . . എന്ന കുമാരനാശാന്റെ വരികള്‍ കൂടി സ്മരിച്ചുപോകുന്നു.

ഒരു ടി.വി. അവതാരകന്‍ ഒരു ടോക് ഷോയില്‍ പാകിസ്ഥാനിലെ രാഷ്ട്രീയോപദേശകനോട് ചോദിച്ചത് ''തെരഞ്ഞെടുപ്പുവിധിക്കുശേഷം കാശ്മീരിനുമേല്‍ താങ്കളുടെ നയമെന്തായിരിക്കും സര്‍'' എന്നായിരുന്നു. ''ഞങ്ങള്‍ കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നു”വെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താങ്കളുടെ മറുപടി കേട്ട് ഞാന്‍ ഞെട്ടിപ്പോകുന്നുവെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ സത്യത്തില്‍ നമ്മളും ഞെട്ടിപ്പോയി. ഈ അവതാരകന്‍ തന്റെ പ്രൊഫഷണലിസത്തെ ധിക്കരിക്കുകമാത്രമല്ല, പാനലില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നിയോഗിക്കപ്പെട്ട വ്യക്തിയുടെ അധികാരത്തെ കടന്നാക്രമിക്കുക കൂടിയായിരുന്നുവെന്ന് നാം മനസ്സിലാക്കുമ്പോള്‍ ആരും ഞെട്ടിപ്പോകും. സത്യത്തിന്റെ പടവാളാകേണ്ട മാധ്യമങ്ങള്‍ ആ തൊഴിലിനെ ദുര്‍ബ്ബലമാക്കുന്ന കാഴ്ചയാണിതെല്ലാം.

കേരളീയ വര്‍ത്തമാനവും മലയാളിയും

മാധ്യമരംഗത്തെ അന്തര്‍ദ്ദേശിയവും ദേശീയവുമായ ചിന്തകള്‍ക്കിടയില്‍ അതിജീവനത്തിന്റെ കേരളീയ ഭൂപടത്തിലേക്ക് ഒന്നെത്തിനോക്കാം.
മലയാളിയുടെ ദ്വന്ദ്വാത്മക ദൈന്യതയാണ് ഒരേസമയം ഇരയും വേട്ടക്കാരനുമായി ജീവിക്കേണ്ടിവരികയെന്നത്. ഈ മുഖത്തെഴുത്തും പേറി മലയാളികള്‍ കാതങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. കുത്തകാധികാരതാല്പര്യങ്ങളും അധിനിവേശ സമ്മര്‍ദ്ദങ്ങളും കീഴടക്കപ്പെട്ട് ആഗോളവല്‍ക്കരണത്തിന്റെ മാസ്മരിക വലയത്തിലകപ്പെട്ട മലയാളി ശിക്ഷാര്‍ഹമായ സുക്ഷുപ്തിയിലാണ്. സാമ്രാജ്യത്വം, അതിന്റെ മൂലധന താല്പര്യം, അവര്‍ക്ക് ഒത്താശനല്‍കുന്ന രാഷ്ട്രീയ കൂട്ടായ്മകള്‍, ക്രിമിനല്‍ മാഫിയകള്‍, ഇതാണ് ഇന്നത്തെ കേരളീയ ഭൂപടം അടയാളപ്പെടുത്തുന്ന നിറക്കൂട്ടുകള്‍. ഇവിടെ ജീവിതം സമര്‍ത്ഥന് മാത്രമവകാശപ്പെട്ടതാണെന്ന സമര്‍ത്ഥമായ ജീവിത യുക്തിയോട് മലയാളി പൊരുത്തപ്പെട്ടു കഴിഞ്ഞു. ഒരു പൊതു രാഷ്ട്രീയ ബോധമില്ലാത്ത, രാഷ്ട്രീയ സ്വത്വമില്ലാത്ത ജനതയാണിന്ന് മലയാളികള്‍. കഥയില്‍ നിന്നും കവിതയില്‍ നിന്നും നാടകങ്ങളില്‍ നിന്നും അനുഭവങ്ങളുടെ ജീവിത കഥകള്‍ അപ്രത്യക്ഷമായപ്പോള്‍ സീരിയല്‍ പ്രിയനായി മാറിയ മലയാളി. എങ്കിലും, അസ്തിത്വത്തെക്കുറിപ്പും സുരക്ഷിതത്വത്തെക്കുറിച്ചുമുള്ള ഉല്‍ക്കണ്ഠകള്‍ ഓരോ മലയാള മനസ്സിലും കനലെരിക്കുന്നുണ്ട്. അന്നവും വായുവും വിഷലിപ്തമായിക്കൊണ്ടിരിക്കുന്നുവെന്ന് അവനറിയുന്നുമുണ്ട്. അരിവാങ്ങാന്‍ ചന്തയിലേക്കു പോകുന്നവന്റെ സഞ്ചിയും ഭിക്ഷക്കാരന്റെ ഓട്ടപ്പാത്രവും അപഹരിക്കപ്പടുന്നത് ഒരു റിയാലിറ്റി ഷോ കണക്കെ അവന്‍ കണ്ടുകൊണ്ടിരിക്കുന്നു. പ്രതികരണ ശേഷി ചോര്‍ന്നുപോയ മലയാളി ഇന്നിനെ മറന്ന് നാളെയുടെ സ്വപ്നത്തിലാണ് ജീവിക്കുന്നത്. കേരളമെന്ന കണ്‍സ്യൂമര്‍ക്കരയില്‍ അവന്‍ സുഖമായുറങ്ങുന്നു. ഒരു നൂറ്റാണ്ടു മുഴുവന്‍ മനുഷ്യനാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ജീവിത സ്വപ്നമെന്ന ഊര്‍ജ്ജം പേറിയവനാണവന്‍. പാശ്ചാത്യവും പൗരസ്ത്യവുമായ പുതു ജീവിത ദര്‍ശനവും പുത്തന്‍ ജീവിത സമവാക്യങ്ങളും അവന്റെ സ്വപ്നങ്ങള്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കപ്പെടുന്നത് ഇന്ന് അവന്റെ മേശമേല്‍ വെച്ചുതന്നെയാണ്. കുടിനീരില്ലാത്തവര്‍, പെരുകുന്ന കുട്ടിക്രിമിനലുകള്‍, ലഹരിയില്‍ മുങ്ങിത്താഴുന്ന വ്രണിത കൗമാര-യൗവന നിരാശകള്‍, ഭീതിയുടെ തീവ്രവാദ വഴികള്‍, പീഡനങ്ങളുടെ വാണിഭക്കഥകള്‍, മാഫിയകളുടെ വിളയാട്ട സ്ഥലികള്‍…. അനാഥമായ കൂട്ടക്കരച്ചിലിനിടയില്‍ രക്ഷകരും പ്രത്യയശാസ്ത്രങ്ങളും മാപ്പര്‍ഹിക്കാത്ത മൗനം പേറുമ്പോള്‍, മനുഷ്യരാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ആരോഗ്യ സമ്പന്നമായ ജീവിത സാഹചര്യത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ അവനില്‍ നിറയുമ്പോള്‍, നവോത്ഥാന പുരോഗമനപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളെക്കുറിച്ചുള്ള പുനരന്വേഷണത്തിന് അവന്‍ തയ്യാറാവണം. ഒരു പുതിയ മാധ്യമ സംസ്‌കാരത്തിന്റെ ഊര്‍ജ്ജം അവനു ലഭിച്ചത് അവിടെ നിന്നാണെന്ന് അവന്‍ തിരിച്ചറിയണം. പ്രബുദ്ധത കേരളീയ നവോത്ഥാനത്തിന്റെ സവിശേഷതയാവുകയും ''ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട്'' എന്ന മുദ്രാവാക്യവുമായി കേശവദേവിനെപ്പോലുള്ള എഴുത്തുകാര്‍ നവോത്ഥാന ദേശീയ പ്രസ്ഥാനങ്ങളുടെ ചോരതുടിക്കുന്ന സിരകളുമായി പൊതുരംഗത്തേക്കുവന്ന് കലയാണോ സമൂഹമാണോ വലുത് എന്ന ചോദ്യത്തിന് ''എന്റെ ആത്മാര്‍്ത്ഥതയും ഉത്തരവാദിത്വവും എന്നോടും എന്റെ സഹജീവികളോടുമായതിനാല്‍, സമൂഹമാണ് പ്രധാനം'' എന്നു പ്രഖ്യാപിച്ച നാടാണ് കേരളം.

ഒരു ശിലാഖണ്ഡം കൊണ്ട് ചരിത്രഗതിതന്നെ മുറിച്ചു മാറ്റിയ ശ്രീ നാരായണ മൂല്യങ്ങളാണ് സാമൂഹ്യഘടന അഴിച്ചു പണിതതെന്നും തലമുറകളുടെ ജാഗ്രതയെ ജ്വലിപ്പിച്ചതെന്നും പുതിയ മലയാളിയെ ഓര്‍മ്മിപ്പിക്കാന്‍ ഇന്നത്തെ മാധ്യമങ്ങള്‍ക്കാവണം. നവോത്ഥാന പുരോഗമനപ്രസ്ഥാനങ്ങളുടെ ഭാഗം ചേര്‍ന്ന് കേരള ജനതയാര്‍ജ്ജിച്ച സമരോര്‍ജ്ജം നിര്‍വീര്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ചരിത്ര പാഠങ്ങളിലേക്ക് വെളിച്ചം വീശി, ബലിപീഠങ്ങളില്‍ ജീവിതധ്യാനമുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് അതിജീവനത്തിന്റെ ഊര്‍ജ്ജസ്വാംശീകരണത്തിനുതകുന്ന ഇടപെടലുകള്‍ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും ഇന്ന് കേരളീയ സമൂഹം ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യം നിറവേറ്റാതെ, പ്രണയവും വേര്‍പാടും സൗഹൃദവുമൊക്കെ കമ്പോളച്ചരക്കാക്കി മല്‍സരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ചെറുത്തു നില്‍ക്കുന്ന വായനക്കാരന്റേയും പ്രേക്ഷകന്റേയും സജീവതയിലൂന്നുന്ന ഒരു മാധ്യമ സംസ്‌കാരം കെട്ടിപ്പടുക്കേണ്ട കടമ ആത്യന്തികമായി സമൂഹത്തിനു തന്നെയാണെന്ന് അവന്‍ മറന്നുകൂടാ. സത്യത്തിന്റെ കണ്ണാടികളാകേണ്ട മാധ്യമങ്ങള്‍, പരദൂഷണത്തിന്റെ പാഷാണ കാലത്തിലൂടെ നമ്മെ നയിക്കുമ്പോള്‍, നങ്കൂരമടിയുന്ന ഒരു സംസ്‌കാരത്തെ കേടുതീര്‍ത്ത് വരും തലമുറയ്ക്ക് തിരിച്ചേല്‍പ്പിക്കേണ്ടത് വര്‍ത്തമാന കാലസമൂഹത്തിന്റെ ബാദ്ധ്യതയുമാണ്. ഇത് സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സമാന്തര മാധ്യമസംസ്‌കാരം വളര്‍ത്തിയെടുക്കേണ്ട ആവശ്യകതയിലേക്കൂന്നുന്നു.

ഇക്കിളി വായനക്കാരനും കപട ബുദ്ധിജീവി വായനക്കാരനുമിടയിലെ ഇനിയും കണ്ടെത്തപ്പെട്ടിട്ടില്ലാത്ത ഒരു വായനക്കാരനെ അന്വേഷിച്ചുകൊണ്ടുള്ളതാവണം ഈ ശ്രമം. ചതിക്കുഴികള്‍ നിറഞ്ഞ മാധ്യമപരിസരത്ത്, വായനക്കാരനും പ്രക്ഷകനും കുഴികളില്‍ നിന്ന് കുഴികളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഒരു പത്ര വാര്‍ത്തയുടെ കുഴിയില്‍ നിന്ന് വശ്യമായ ഒരു പരസ്യവാക്യത്തിന്റെ സൗഹൃദത്തിലൂടെ വഴുതിയിറങ്ങി, ഒരു നിക്ഷേപ പദ്ധതിയുടെ ഊരാക്കുടുക്കിലേക്ക്, ഒരു വീഡിയോ ചിത്രത്തിന്റെ വിസ്മയമന്ത്രത്തിലൂടെ ഒരു വിപണന തന്ത്രത്തിന്റെ വാരിക്കുഴിയിലേക്ക്.

ഇന്നലെയെന്നത് തച്ചുടയ്ക്കപ്പെട്ട സ്വപ്നവും നാളെയെന്നത് പേടിസ്വപ്നവുമാണെന്ന് സത്യസന്ധമായി തുറന്നു പറയാന്‍ മടിക്കുന്ന പ്രതിലോമ മാധ്യമ പ്രവര്‍ത്തനം സമൂഹത്തിനു നേരെ വല്ലുവിളിയുയര്‍ത്തുമ്പോള്‍, വ്യവസ്ഥാപിത മാധ്യമങ്ങളെ അവയുടെ ആരോപിത വിശുദ്ധിയില്‍ നിന്ന് നിലത്തിറക്കിക്കിടത്തുവാന്‍ ഒരു വായനാ സമൂഹം തയ്യാറാകുമ്പോഴേ ഗൗരവമേറുന്ന മാധ്യമ പ്രവര്‍ത്തനം സഫലമാകുകയുള്ളു. ഇതിന് വ്യവസ്ഥാപിത മാധ്യമങ്ങള്‍ മലീമസമാക്കിയ ആസ്വാദന തലങ്ങളെപ്പോലും പൊളിച്ചെഴുതേണ്ടിവരും. ദൂരക്കാഴ്ചയുള്ള ഒരു സമൂഹത്തിന്റേയും ആ സമൂഹത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള മാധ്യമങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനത്തിനു മാത്രമേ സത്യസന്ധമായ ഒരു മാധ്യമ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കഴിയൂ!.

വഴിവക്കില്‍, ഒത്തൊരുമിച്ച് കൊഞ്ഞനം കുത്തുന്ന ഉത്തരം മുട്ടലുകളോടും, കലാ-സാഹിത്യ-മാധ്യമ രംഗങ്ങളിലെ കൂപമണ്ഡൂകങ്ങളോടും, വിസ്‌കി ജേര്‍ണലിസത്തിന്റെ ജാരസന്തതികളുടെ വായ്‌ക്കൊളുത്തുകളോടും, പുച്ചയ്ക്ക് മണികെട്ടാനൊരുങ്ങുന്നവന്റെ മണി അടിച്ചുമാറ്റുന്ന പുതിയ വീരപ്പന്‍മാരോടും, തര്‍ക്കിച്ചിട്ട് കാര്യമില്ല. കൂട്ടത്തിലെ കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് തിരസ്‌കരിക്കുകതന്നെയാണ് ബുദ്ധി. ''സന്ധ്യയും പ്രഭാതവും ആരെയും കാത്തുനില്‍ക്കുന്നില്ലായെന്ന്'' വൈകിയാണെങ്കിലും അവരറിഞ്ഞുകൊള്ളട്ടെ! അതാണ് ചരിത്ര പാഠവും!
ഭാവി ആശങ്കാജനകമാണെങ്കിലും ഉത്തരം വിദൂരമാകുമ്പോള്‍ വിശ്വാസം തന്നെ ഉത്തരമാകാം എന്ന എം. എന്‍. വിജയന്‍ മാസ്റ്ററുടെ വാക്കുകളോര്‍ത്തുകൊണ്ട്, വലിയ വിശ്വാസത്തകര്‍ച്ച നേരിടുമ്പോഴും എന്തിലെങ്കിലും വെറുതെ പ്രതീക്ഷവെച്ചിരിക്കുകയെന്ന മലയാളിശീലവുമായി നമുക്ക് മുന്നോട്ടു പോകാം. ആരോഗ്യകരമായ ഒരു മാധ്യമ സംസ്‌കാരം സമൂലമായ സമൂഹ്യപരിവര്‍ത്തനത്തിനുതകുന്നതാക്കാന്‍ ഒരുമിച്ച് പരിശ്രമിക്കുകയും ചെയ്യാം!.
*******

പ്രൊഫ. പി. കെ. മുരളീകൃഷ്ണന്‍ സാഹിത്യ വേദിയില്‍

|0 comments
പ്രിയരേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ചയില്‍ ഡിസംബര്‍ മാസം ആദ്യ ഞായറാഴ്ച (05/12/2010) വൈകുന്നേരം 6 മണിക്ക് പ്രൊഫ. പി. കെ. മുരളീകൃഷ്ണന്‍ ആദ്ദേഹത്തിന്റെ 'വളരണം, ഒരു സമാന്തര മാധ്യമ സംസ്‌കാരം!' എന്ന പ്രബന്ധം അവതരിപ്പിക്കുന്നു. തുടര്‍ന്നു നടക്കുന്ന ചര്‍ച്ചയില്‍ മുംബൈയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരും പങ്കെടുക്കും.
പ്രസ്തുത ചര്‍ച്ചയിലേക്ക് മുംബൈയിലെ എല്ലാ അക്ഷരസ്‌നേഹികളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
തീയതി:
ഡിസംബര്‍ 5ാം തിയതി, ഞായറാഴ്ച
സമയം:
വൈകുന്നേരം കൃത്യം 6 മണി
സ്ഥലം:
കേരള ഭവനം ഹാള്‍, മാട്ടുംഗ
വിശദവിവരങ്ങള്‍ക്ക് 8767955545, 9920410030 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

ആദരപൂര്‍വ്വം
ഡോ. വേണുഗോപാല്‍
കണ്‍വീനര്‍, സാഹിത്യവേദി മുംബൈ.
നോട്ട്: അവതരിപ്പിക്കപ്പെടുന്ന പ്രബന്ധം ഏറെ ദീര്‍ഘമായതിനാല്‍ പരിപാടി കൃത്യം ആറുമണിക്ക് തന്നെ ആരംഭിക്കുന്നതാണ്. അതുകൊണ്ട് എല്ലാ സുഹൃത്തുക്കളും കൃത്യസമയത്തുതന്നെ എത്തിച്ചേരാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പി. കെ. മുരളീകൃഷ്ണന്‍
മുംബൈയുടെ സമകാലിക സാഹിത്യത്തില്‍ സജീവമായി ഇടപെടുന്ന മുരളകൃഷ്ണന്റെ സര്‍ഗ്ഗാത്മക ജീവിതം എഴുത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. നാടകത്തിലും സിനിമയിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലുമായി മുരളികൃഷ്ണന്‍ മുംബൈയില്‍ സജീവമാണ്. കലാകൗമുദിയിലും മുബൈയിലെ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലുമായി കവിതകളും, നാടകം, ചിത്രകല, സിനിമ, സംബന്ധിയായ കുറിപ്പുകളും സാഹിത്യ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1998-ല്‍ മാധ്യമങ്ങളെ
ക്കുറിച്ചുള്ള ഒരു പഠനത്തിന് അദ്ദേഹത്തെ 'നവകം' അവാര്‍ഡിന് അര്‍ഹനാക്കി. സിനിമയുമായി ഏറെകാലത്തെ സഹജീവതമുണ്ടായിരുന്ന മുരളിയുടെ ആദ്യ ഷോര്‍ട്ട് ഫിലിം 'മുംബൈ ബ്ലൂസ്' ആണ്. കൂടാതെ ഒട്ടേറെ ചലചിത്ര പ്രമുഖരുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ മുബൈ കര്‍ജത്തിലെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഐ.ഐ.എമ്.എസ്) ഹ്യമന്‍ റിസോര്‍സസ് വിഭാഗം പ്രൊഫസറായി ജോലി നോക്കുന്നു.



പി. കെ. മുരളീകൃഷ്ണന്റെ വേദിയില്‍ അവതരിപ്പിക്കുന്ന ലേഖനം
'വളരണം, ഒരു സമാന്തരം മാധ്യമ സംസ്‌കാരം!'>>>>

Tuesday, November 2, 2010

ആശിഷ് എബ്രഹാം സാഹിത്യവേദിയില്‍

|0 comments
പ്രിയരെ,
മുംബൈയ് സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ നവംബര്‍ മാസം ആദ്യ ഞായറാഴ്ച (7-11-2010) വൈകുന്നേരം 6ന് യുവകവി ആശിഷ് എബ്രഹം സ്വന്തം കവിതകള്‍ അവതരിപ്പിക്കുന്നു. തുടര്‍ന്നു നടക്കുന്ന ചര്‍ച്ചയില്‍ മുംബയിലെ എഴുത്തുകാരും സാഹിത്യാസ്വദകരും പങ്കെടുക്കും.

പ്രസ്തുത പരിപാടിയിലേക്ക് എല്ലാ അക്ഷരസ്‌നേഹികളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്ഥലം: കേരള ഭവന്‍, മാട്ടുംഗാ
തീയതി: നവംബര്‍ 7, 2010, ഞായറാഴ്ച
സമയം: വൈകുന്നേരം 6 മണി

സസ്‌നേഹം
ഡോ. വേണുഗോപാല്‍,
കണ്‍വീനര്‍, സാഹിത്യവേദി മുംബൈ.

ആശിഷ് എബ്രഹാം
പുതുകവിതയുടെ നവ ഭാവുകത്വങ്ങളെ സ്വന്തം കിവതയിലേക്ക് സ്വാം
ശീകരിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന ഒരു യുവകവിയാണ് ശ്രീ ആശിഷ് എബ്രഹാം. മുംബൈയിലേയും നാട്ടിലേയും കൊച്ചു കൊച്ചു പ്രസിദ്ധീകരണങ്ങളില്‍ സ്വന്തം കവിതകള്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്‌. കൂടാതെ 'പ്രതിരൂപം' എന്നു പേരുള്ള തന്റെ സ്വന്തം ബ്ലോഗ്ഗിലൂടെ മലയാളം ബ്ലോഗോസ്ഫിയറില്‍ ആശിഷ് സജീവമാണ്.
ഇടതുപക്ഷ സഹയാത്രകനായ ആശിഷ്, ഒരുകാലത്ത് പുരോഗമനകലാസാഹിത്യ സംഘത്തിന്റെ സാഹിത്യ സാംസ്‌കാരിക പരിപാടികളില്‍ സജീവസാന്നിധ്യമായിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി
മുംബൈയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജരായി ജോലി നോക്കുന്നു. വളരെ യാദൃശ്ചികമായാണ് സാഹിത്യവേദിയില്‍ എത്തിപ്പെടുന്നതും വേദിയുടെ
സാഹിത്യ ചര്‍ച്ചകളില്‍ സജീവമാകുന്നതും. എഴുത്തിലും ദര്‍ശനത്തിലും പുതിയ ചില കരുത്തുകള്‍ പകര്‍ന്നു തരുന്ന മുംബൈയ്
സാഹിത്യവേദിയില്‍ തന്റെ സൃഷ്ടികള്‍ അവതരിപ്പിക്കാന്‍ കൈവന്ന ഈ അവസരത്തെ ഒരു ഭാഗ്യമായി ശ്രീ ആശിഷ് വിലയിരുത്തുന്നു. മുംബൈയിലെ പുതുനിരയിലുള്ള എഴുത്തുകാര്‍ വേദിയില്‍ സ്വന്തം സൃഷ്്ടികള്‍ അവതരിപ്പിച്ചതിനു ശേഷം അവരുടെ സര്‍ഗ്ഗാത്മകതയില്‍ വന്നിട്ടുള്ള നല്ലമാറ്റങ്ങളെ ആശിഷ് ഉല്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട് അതാണ് വേദിയില്‍ വരാനും സൃഷ്ടികള്‍ അവതരിപ്പിക്കാനുമുള്ള തന്റെ പ്രചോദനം എന്ന് ആശിഷ് പറയുന്നു.

ആശിഷ് എബ്രഹാമിന്റെ കവിതകള്‍


"വോട്ട് ബാങ്കുകള്‍ "

പൂരപ്പറമ്പില്

കൂട്ടം തെറ്റി കരഞ്ഞ

പൈതലിനെ റാഞ്ചി

പറന്ന കഴുകന്

കരള്കൊത്തികീറി

വിഴുങ്ങുമ്പോള്

ഗാസ ...ഗാസ ...

എന്നുറക്കെ കരഞ്ഞ

കാപട്യമേ...

നിന്റെ ഉപ്പുരസമില്ലാത്ത

കണ്ണുനീര്പാടങ്ങളില്

വിത്തെറിഞ്ഞു

"വോട്ട് "

മുളപ്പിക്കുന്ന

കക്ഷിരാഷ്ട്രീയ ബുദ്ധിയെ ....

മുക്തകണ്ഠം പ്രശംസിക്കാതെ

വയ്യെനിക്കത്രമേല്ല്

കേമമീ നാട്യം,...

ബഹുരസം ....

ഗാസ ...ഗാസ ...



.......യന്ത്രം .......


സമയത്തൊരിക്കലും
വന്നിട്ടില്ല
പോകരുതെന്ന്
യാചിച്ചതോരിക്കലും
കേട്ടിട്ടുമില്ല

വരവിനും
പോക്കിനുമിടയില്
ചിലച്ചു തളര്ന്ന
പഴഞ്ചന്ക്ലോക്കിനും

ചിതല്തിന്നുന്ന
മച്ചിനും കീഴില്

തുരുമ്പിച്ചൊരു
തയ്യല്യന്ത്രം മാത്രം
നിര്ത്താതെ
കരഞ്ഞുകൊണ്ടിരുന്നു



നിഴലുകള്‍ മാത്രം....


നിന്‍റെ ഓര്‍മകള്‍ക്ക്
എന്‍റെ രക്തത്തിന്‍റെ
മണമുണ്ട്


ആത്മാവില്‍
പ്രേതാവേശത്തിന്റെ
കനല് വീഴുമ്പോഴും
ബോധം വീണ്ടെടുത്തത്
ഓര്‍മകളില്‍
ഇല്ലതാവാനാണ്

ശൂന്യമായ ഹൃദയം
കാലത്തിന്റെ
ഇടവഴികളില്‍
ചിന്ത മുറിഞ്ഞു
നില്‍ക്കുമ്പോള്‍

ഒന്നുമില്ലായ്മയുടെ
കടുംശ്രുതികള്‍
ആത്മരോദനങ്ങളില്‍
വിസ്മൃതമാവുന്നു..

നിലയറ്റു പോകുമ്പോള്‍
വിരല് കോര്‍ക്കാന്‍
നിഴലുകള്‍ മാത്രം

പാതിമുറിഞ്ഞ
കവിതകളില്‍
എന്‍റെ ഹൃദയം
കൊര്‍ക്കപ്പെടുമ്പോള്‍
വിഹ്വലതയുടെ
അവസാന
നാഴികമണിയും
അടിച്ചു
കഴിഞ്ഞിരുന്നു



മടങ്ങി പോകുന്നവന്‍...


രാവിന്റെ
നിശബ്ദ്ധതയില്‍
നിഴല്‍ ചേര്‍ന്നുറങ്ങിയ
മൃതിയുടെ
അനുരണനങ്ങള്‍ക്ക്
ചെവിയോര്‍ത്തു
കവിത കുറുകിയ
ഹൃദയവുമായി
ഇന്നലെ
ഇതു വഴിപോയ
ഒരു രാപ്പാടിയുടെ
ശബ്ദ്ധം കൂടി നിലച്ചു

വഴിയോരങ്ങളില്‍
സമധിയാകുന്ന
സ്വപ്നങ്ങളെ
ബലിചോറുരുട്ടി
കറുത്തവാവിന്റെ
കദനം കണ്ണ് നീരായോഴുക്കി
ഞാനിനിയും
മുന്നേറട്ടെ

എനിക്ക്
ഒരു കുമ്പിള്‍
കഞ്ഞിക്കായി ഇരന്നു
നില്‍ക്കുന്ന
നിന്റെ വയറിന്റെ
കാളല്‍ തുണയുണ്ട്

ഒരിക്കലും
അസ്തമിക്കാത്ത
ഈ പകലിന്റെ
വറുതിയില്‍
ഉരുകിയോലിക്കുമ്പോള്‍
ഇനിയൊരു
ഉഷസിന്റെ
ഊഷ്മളത
കൊതിക്കുന്നതെങ്ങനെ

ഔപചാരികതയുടെ
ശവപറമ്പില്‍വച്ച്
കാലം എന്നോടോതിയ
നന്ദി വാക്കിന്റെ
ദഹനം കഴിഞ്ഞു
ഞാനിതാ മടങ്ങി പോകുന്നു


മഞ്ചാടി മുത്തുകള്‍...

സന്ധ്യേ ..

നിന്റെ ചുവപ്പില്നിന്നും

വിപ്ലവം

വിട... പറഞ്ഞകന്നുവോ ?

സന്ധ്യേ ..

നിറം മങ്ങിയ

സായാഹ്നകാഴ്ചകളില്

നിന്റെ പ്രണയത്തിന്റെ

വിരഹനോവുകള്

ചുരത്തിയ

മിഴിനീരില്

ഒരു

മഴവില്ല് വിരിയുന്നത്

കാണാന്കൊതിച്ച

ഞാന്‍ .....

പടിഞ്ഞാറന്മാനത്ത്

നിന്റെ

കടക്കണ്ണില്നിന്നും

അടര്ന്നു വീണ

അടങ്ങാത്ത

ദാഹത്തിന്റെ

മഞ്ചാടികുരുക്കള്

പെറുക്കികൂട്ടി

കാത്തിരിക്കുന്നത്

നാളത്തെ

പ്രഭാതത്തില്

നിന്നെ

പുണര്ന്നുമ്മവച്ചുണത്തി

നീ പകര്ന്ന

മഞ്ചാടി മുത്തില്

തുടിക്കുന്ന

ചുവപ്പ് നിന്റെ ആഴങ്ങളില്

ആഴ്ത്തി ...

പുത്തനൊരു വിപ്ലവത്തിന്റെ

നിര്വൃതിയായ്

നിന്നില്

അലിയുവാന്മാത്രം


പ്രതി രൂപം

എനിക്കൊരു വരികവിത കടം തരുമോ

പ്രണയത്തെ ബാഷ്പ്പീകരിച്ചു

ജീവിതത്തെ പ്രകീര്ത്തിച്ചു

മൃതിയെ ഞാനൊന്നു

പരിഹസിക്കട്ടെ

എനിക്കോരിറ്റു സ്നേഹം

കടം തരുമോ

മൌനം വരിയുടച്ച

രാവിന്റെ വിഹ്വലതകളില്

അവളുടെ താലി മാലയില്

കുരുക്കാന്

എന്റെ പൌരുഷം

ഉരുക്കിയെടുത്ത

വിഷ ബീജങ്ങളെ

ഞാനൊന്നു വിതക്കും വരെ

എനിക്കൊരു

ജന്മം കടം തരാമോ

കപിലവസ്തുവില്ജനിച്ചു

അയോധ്യയില്വളര്ന്നു

ഹീരാ ഹുഹയില്ഉറങ്ങി

ഞാനെന്റെ ചിന്തകളെ

കാല്വരിയിലെ

കുന്നിന്മുകളില്

കുരിശിലേറ്റട്ടെ

ഞാന്പറയാനും

നീ അറിയാനും വൈകിയ

സത്യം ഇനി പറയട്ടെ

നിന്റെ........

പ്രതി രൂപം മാത്രമാണ് ഞാന്



ഓളങ്ങള്ക്കപ്പുറം


അകലെയീ
ഓളങ്ങള്ക്കപ്പുറം
കാണാച്ചുഴികളുടെ
ആഴങ്ങളില്
ഒരു മുത്തുണ്ട്
കൂട്ടരേ...

മുത്തു തേടി
കനവിന്റെ
സ്വപ്നതീരത്തേക്കു
തുഴയെറിഞ്ഞകലുമൊരു
യാത്രികന്ഞാന്

തരിക നീ കാലമേ
മമ ജീവല്
പ്രതീക്ഷകള്ക്കുമേല്
വര്ണാഭമാകുമൊരു
നല്കാഴ്ച

തരിക നീ ലോകമേ
ഋതു പകര്ച്ചകളില്
നിശ ചുരത്തിയ
നിലാവിന്റെ
ധവള പുഷ്പ്പങ്ങള്

തരിക നീ പകലിന്റെ
കാരുണ്യമേ ...
ഒഴിഞ്ഞ വയറിനു
ഒരു പിടി അന്നവും
തകര്ന്ന കിനവുകളില്
ഒരിറ്റു പ്രതീക്ഷയുടെ
ചെങ്കനലും .






Followers