മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, July 1, 2014

കഥാകാരി മാനസി സാഹിത്യവേദിയില്‍

പ്രിയപ്പെട്ട അക്ഷരസ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ജൂലൈ മാസം ആദ്യഞായറാഴ്ച (06/07/2014) കഥാകരി മാനസി 'ബലാത്സംഗത്തിന്റെ മാനങ്ങള്‍' എന്ന ലേഖനം അവതരിപ്പിക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും.

ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.


സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ജൂലൈ 06, 2014. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.


സസ്‌നേഹം
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി,
മുംബൈ

നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങുന്നതായിരിക്കും.ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കുക

മാനസി
മുംബൈ മഹാനഗരത്തില്‍ ജീവിച്ചുകൊണ്ട് കഥകളെഴുതി ആഗോള മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠനേടിയ കഥാകാരി. മലയാള കഥയില്‍ തൊണ്ണൂറുകളിലുണ്ടായ പെണ്ണെഴുത്തിന്റെ ഭാവുകത്വത്തോടൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന കഥകള്‍ മാനസി എഴുതിയിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി ലിംഗനിഷ്ഠമായ എഴുത്തിന്റെ വക്താവല്ല മാനസി.  ആത്യന്തികമായി സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെടുന്ന വര്‍ഗ്ഗത്തിനുവേണ്ടി, മാനസി അവരുടെ കഥകളിലൂടെ
ശക്തിയുക്തം വാദിക്കുന്നു. പുരുഷകേന്ദ്രീകൃതമായ സാമൂഹിക നീതിബോധങ്ങള്‍ക്കെതിരെ സ്ത്രീപക്ഷ ചിന്തയുടെ, നൈസര്‍ഗ്ഗികമായ സര്‍ഗ്ഗാത്മക സൗന്ദര്യത്തിന്റെ കലാപവും ഇടിമുഴക്കവുമാകുന്നുണ്ട് മാനസിയുടെ പല കഥകളും.

1970 മുതല്‍ ബോംബെയില്‍ താമസിക്കുന്നു. കേരളത്തിലേയും മുംബൈയിലേയും പ്രമുഖ ആനുകാലികങ്ങളില്‍ എഴുതിക്കൊണ്ടിരിക്കുന്നു. ഇടിവാളിന്റെ തേങ്ങല്‍, വെളിച്ചങ്ങളുടെ താളം (സഹോദരന്‍ പി.എ. ദിവാകരനുമായി ചേര്‍ന്ന്), കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ 'മഞ്ഞിലെ പക്ഷി', 'മാനസിയുടെ കഥകള്‍ എന്നീ സമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. പല കഥകളും ഇംഗ്ലീഷ്, മറാഠി, കന്നഡ എന്നീ ഭാഷകളില്‍ വിവര്‍ത്തനം ചെയ്തു പ്രസദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അവാര്ഡ നേടിയ 'പുനരധിവാസം' ത്തിന്റെ കഥ മാനസിയുടേതാണ് (സംവിധാനം: വി.കെ. പ്രകാശ്).
ഇപ്പോള്‍ ആശാ എഡ്യുക്കേഷന്‍ എന്ന എന്‍.ജി.ഓ യില്‍ പ്രവര്‍ത്തിക്കുന്നു. തിരുവില്വാമല പോന്നേടത്ത് അച്ചാട്ടില്‍ ജനിച്ചു. അച്ചന്‍ പി. ശിവരാമ മേനോന്‍, അമ്മ പി. എ. മാലതി അമ്മ.ബലാല്‍സംഗത്തിന്റെ മാനങ്ങള്‍
-മാനസി 
ലേഖനം

മുനയൊടിഞ്ഞ വാക്കുകള്‍. ഉപയോഗിച്ചുപയോഗിച്ചു മടുത്ത വാക്കുകള്‍. സ്ത്രീക്ക് സംഭവിക്കുന്ന ബലാല്‍സംഗത്തേക്കുറിച്ച് പറയുമ്പോള്‍ എല്ലാവര്‍ക്കും ഈ പഴകിത്തേഞ്ഞ വാക്കുകള്‍ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കേണ്ടിവരുന്നത്, സത്യത്തില്‍ അവയേക്കാള്‍ മൂര്‍ച്ചകൂടിയ വാക്കുകള്‍ കണ്ടുപിടിക്കാനാവാത്തതിനാലാണ്. ഭാഷയില്‍ നിന്നുലഭിക്കുന്ന ഏറ്റവും മൂര്‍ച്ചയുളള വാക്കുകള്‍ ഉപയോഗിച്ചാണ് ഡല്‍ഹി ബലാല്‍സംഗത്തെ മനുഷ്യത്വത്തിന്റെ തരികളെങ്കിലും മനസ്സില്‍ കൊണ്ടുനടക്കുന്ന എല്ലാവരും ഭര്‍ത്സിച്ചതും അപലപിച്ചതും. ഒരു കത്തി പോലെ ആ സംഭവത്തിലെ ക്രൂരതയും അതിലേക്കു നയിച്ച മനോഭാവങ്ങളും മനസ്സിലേക്കിറങ്ങുമ്പോള്‍ തന്നെ, എല്ലാവരും അങ്കലാപ്പോടെ മനസ്സില്‍ കൊണ്ടുനടന്ന ഒരു ചോദ്യമുണ്ട്. എന്താണൊരു പോംവഴി? എങ്ങനെയാണിത് തടയുക? കൂടുതല്‍ കര്‍ശനമായ നിയമങ്ങളും കഠിനമായശിക്ഷകളും പരിഹാരങ്ങളായി നിര്‍ദ്ദേശിക്കപ്പെടുമ്പോഴും ബലാല്‍സംഗത്തിന്റെ സംഭവ്യതയിലേക്ക് നയിക്കുന്ന സമൂഹമനസ്സിന്റെ അടിവേരുകളിലേക്ക് അവ എത്തിപ്പെടുകയില്ലല്ലൊ എന്ന് അഭിജ്ഞര്‍ വേവലാതിപ്പെട്ടു. ബലാല്‍സംഗത്തെ, ശാരീരികാക്രമണമൊ അധിക്ഷേപമോ മാത്രമായി കാണാന്‍ അനുവദിക്കാത്ത (വാസ്തവത്തില്‍ അതിനെ അങ്ങനെയേ കാണേണ്ടതുളളൂ.) ഒരു സാമൂഹ്യാന്തരീക്ഷം ഇവിടെ നിലനില്‍ക്കുന്നുഎന്നത് കാരണം   നിയമങ്ങള്‍ക്കും ശിക്ഷകള്‍ക്കുമപ്പുറം നിന്ന്  വേണം അതിനെ കാണാൻ എ ന്നത് നി നിര്‍ബന്ധിതമായി.

  ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീക്ക് 'എല്ലാം' നഷ്ടപ്പെട്ടു എന്നാണ് സമൂഹം പറയാറ്. ആ 'എല്ലാം' എന്താണ് എന്നന്വേഷിക്കുമ്പോഴാണ് ബലാല്‍സംഗത്തിന്റെ സാമൂഹ്യവും വൈകാരികവുമായ മാനങ്ങള്‍ തെളിഞ്ഞുവരുന്നത്. അവ തൊട്ടുനില്‍ക്കുന്നതാകട്ടെ, പുരുഷകേന്ദ്രീകൃത സമൂഹം രൂപപ്പെടുത്തിയിട്ടുളള സാമ്പത്തിക സംവിധാനങ്ങളിലുമാണ്. ബലാല്‍സംഗത്തെക്കുറിച്ചുളള ചര്‍ച്ചകളിലും പരിഹാര നിര്‍ദ്ദേശങ്ങളിലും നേരിടേണ്ടി വരുന്ന ഏററവും കഠിനമായ വെല്ലുവിളിയും അതുകൊണ്ടു തന്നെ  ,  സമൂഹമനസ്സില്‍ കാലാ  കാലങ്ങളായി രൂഢമൂലമായി കഴിഞ്ഞ ഈ വിശ്വാസങ്ങള്‍ സൃഷ്ടിച്ച മൂല്യബോധങ്ങളാവുകയാണ് പതിവ്..

'നല്ല' സ്ത്രീയേയും 'പൗരുഷമുളള' പുരുഷനേയും സമൂഹം നിര്‍വചിക്കുന്നതില്‍ ഈ മൂല്യ ബോധങ്ങള്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നത് അതിനാല്‍ അത്യധികം സ്വാഭാവീകമാണെന്നു കാണാം. 'ചാരിത്ര്യം' നഷ്ടപ്പെടാത്തവളാണ് അംഗീകൃതയായ നല്ല സ്ത്രീ. സമൂഹത്തിന്റെ നിയമങ്ങളെ വെല്ലുവിളിച്ച് കൊല്ലാ കൊലയൊ ചതിയോ മോഷണമൊ ചെയ്യുന്ന ഒരു സ്ത്രീയെക്കാള്‍ മോശക്കാരിയാണ് സമൂഹത്തിനു മുന്നില്‍ ആര്‍ക്കും പ്രത്യേകിച്ച് ചേതമൊന്നുമില്ലാത്തതാണെങ്കിലും ചാരിത്ര്യം നഷ്ടപ്പെട്ട സ്ത്രീ.!!!!

 കാരണം 'ചാരിത്ര്യ'മെന്ന സാമൂഹ്യനിര്‍മ്മിതി (Social construct)യുടെ അടിസ്ഥാന ഉദ്ദേശ്യം പിതൃദായിത്വ ക്രമത്തിലധിഷ്ഠിതമായ സാമ്പത്തിക സംവിധാനത്തെ നിലനിര്‍ത്തി പരിപാലിക്കലാണ്. അതിനോടുളള മനോഭാവത്തില്‍ വരുന്ന ചില്ലറ അയവുകള്‍ പോലും ആത്യന്തികമായി ചോദ്യം ചെയ്യുക പുരുഷ കേന്ദ്രീകൃത സമൂഹത്തിലെ സാമ്പത്തിക ക്രമപ്പെടുത്തലുകളെയാവും. ഒരു സമൂഹത്തിന്റെ മൂല്യബോധങ്ങളുടെ ആണിക്കല്ലില്‍ തൊടുന്ന കളിയാണിത്. നേരിടാന്‍ ഒരു പാട് മനക്കരുത്ത് വേണം. ന്യായ ബോധം വേണം.

ഇതിന്റെ ബാക്കിപത്രമാണ്, ചാരിത്ര്യഹീനയെന്നാക്ഷേപിച്ചും ചാരിത്ര്യം നഷ്ടപ്പെടുത്തിയും പെണ്ണിനെ നിലക്കുനിര്‍ത്താമെന്നും കീഴടക്കാമെന്നുമുളള ധാരണകള്‍. കീഴടക്കാന്‍ ശാരീരികശക്തിയും സമൂഹത്തിന്റെ പരോക്ഷമായ അനുവാദവുമുളളവനാണ് ഇന്ന് പുരുഷന്‍. കീഴടക്കലും വെട്ടിപ്പിടിക്കലും തന്നിഷ്ടം നടത്തലും പൗരുഷമാണ് സമൂഹത്തിന്റെ കണ്ണില്‍.  കരയാത്ത ആണാണ് ഇവിടെ ആണ്! എപ്പോഴും അധീശന്‍ താനാണെന്ന് ഉറപ്പിക്കാനുളള നിരന്തരമായ ശ്രമത്തിലാണ് പുരുഷന്‍. താഴ്ന്നുകൊടുക്കലും തോല്‍വിയും അവനു പ റഞ്ഞിട്ടുള്ളതല്ല.

പൗരുഷമെന്നു ഇന്നു നാം വിവക്ഷിക്കുന്ന ശക്തിപ്രകടനമൊ ആക്രമണത്വരയൊ കീഴടക്കലൊ കരയായ്കയൊ ഒന്നും തന്നെ  പുരുഷന് സഹജമായതല്ല എന്നാണ്പക്ഷെ  മനശ്ശാസ്ത്രമതം. സാമ്പത്തിക സംവിധാനങ്ങളും മനുഷ്യന്റെ ചരിത്രവഴികളില്‍ നടന്ന സാംസ്‌ക്കാരിക ഇടപെടലുകളും ആണ് ഇന്ന് നാം പൗരുഷമെന്ന് വിവക്ഷിക്കുന്ന ധാരണയെ ഊട്ടിഉറപ്പിച്ചതത്രെ . സഹജമെന്ന് നാം ഇന്ന്  തെറ്റിദ്ധരിക്കുന്ന, (മനശ്ശാസ്ത്രമതപ്രകാരം) സ്ത്രീക്കും പുരുഷനും സമൂഹം വിധിച്ചിട്ടുളള സ്വഭാവഗുണങ്ങള്‍/ദോഷങ്ങള്‍ പലതും മനുഷ്യന്‍ 'വളര്‍ച്ച'യുടെ വഴികളില്‍ വച്ച് സ്വാംശീകരിച്ചിട്ടുളളതാണ് എന്നു കാണാം. സാമൂഹിക -സാമ്പത്തിക പരിതസ്ഥിതികള്‍ മാറുന്നതിനനുസരിച്ച് അതേ വേഗത്തില്‍ മൂല്യബോധങ്ങള്‍ മാറാറില്ല. എന്ന് ചരിത്രം  സാക്ഷ്യപ്പെടുത്തുന്നു.   ഈ വൈപരീത്യം എല്ലാക്കാലത്തും സമൂഹത്തില്‍ പ്രശ്‌നങ്ങളും പ്രതിഷേധങ്ങളും ഉയര്‍ത്തിയിട്ടുണ്ട്.


അച്ഛന്റെ അധ്വാനഫലം മക്കള്‍ മാത്രം അനുഭവിക്കണമെങ്കില്‍ അമ്മ മറ്റൊരു പുരുഷനില്‍നിന്ന് ഗര്‍ഭം ധരിച്ചുകൂടാ എന്ന കണക്കുകൂട്ടലാണ് ചാരിത്ര്യമെന്ന സാമൂഹ്യനിര്‍മ്മിതിയിലേക്ക് നയിച്ചത്. പിറ്റേ കാലത്തേക്ക് വേണ്ടി  എന്ന് മനുഷ്യൻ അന്നം സ്വരൂപിക്കാൻ തുടങ്ങിയോ, എന്ന് കുടുംബം എന്ന സാമുഹ്യവ്യവസ്ഥ രൂപം പ്രാപിക്കാൻ തുടങ്ങിയോ അന്ന്    മുതൽ  അതിന്റെ  ചട്ടക്കൂട്  നിലനിർത്താൻ   പെണ്ണിന്റെ ചാരിത്ര്യം   അത്യാവശ്യമായി വന്നു.     പൗരുഷം എന്നു നാം വിളിക്കുന്ന പല സ്വഭാവപ്രത്യേകതകളും ഉരുത്തിരിയേണ്ടി വന്നത്, കുടുംബത്തിനുളള ഭക്ഷണവും സുരക്ഷയും നല്‍കാന്‍ ആജ്ഞാപിക്കപ്പെട്ട പുരുഷന്റെ ധര്‍മ്മസങ്കടത്തില്‍ നിന്നാണ്

. ഈ കാര്യങ്ങള്‍ ഇന്ന് ഈ അര്‍ത്ഥത്തില്‍ അല്ല തിരിച്ചറിയപ്പെടുന്നത് എന്നതിനുളള കാരണം ഇവയ്ക്ക് നല്‍കിയിരിക്കുന്ന വൈകാരിക മാനങ്ങളാണ്. ഓരോ വ്യക്തിയുടെയും എല്ലുതൊടുന്ന, ശീലമായിപ്പോയ ഈ വൈകാരികതയെ മറികടക്കുക ആര്‍ക്കും, ആണിനും പെണ്ണിനും, അത്ര എളുപ്പമല്ല. നമ്മുടെ പോലീസും നീതിന്യായവ്യവസ്ഥയും വിദ്യാലയങ്ങളും രാഷ്ട്രീയക്കാരും മതനേതാക്കന്മാരും ഒക്കെ ഇതേ സമുഹത്തിന്റെ   ഭാഗമാകയാൽ  അവരെല്ലാം തന്നെ  ഈ മൂല്യബോധങ്ങളിലും അതിന്റെ വൈകാരിക മാനങ്ങളിലും വേരൂന്നിയ സോഷ്യല്‍ മെമ്മറി സ്വന്തം ഡിഎന്‍എ-യിലേക്കും ജീനുകളിലേക്കും പകര്‍ന്നുകിട്ടിയവരാണ്. അതുകൊണ്ടാണ് ഇവരൊക്കെയും, സമൂഹം പണ്ടെന്നോ കല്‍പ്പിച്ചു നല്‍കിയ നിര്‍ചനങ്ങളില്‍നിന്ന്, റോളുകളില്‍ നിന്ന് വ്യതിചലിച്ചു നടക്കുന്നവരെ അപലപിക്കുകയും സംശയദൃഷ്ട്യാ നോക്കുകയും ചെയ്യുന്നത്.

ഈ പശ്ചാത്തലത്തില്‍, സ്ത്രീയുടെ വസ്ത്രധാരണവും, പെരുമാറ്റവും, ഹാവഭാവാദികളും, നടപ്പും ഇരിപ്പും ഒക്കെ  സ്വാഭാവികമായും  വിമര്‍ശനവിധേയമാകുന്നത് മനസ്സിലാക്കാവുന്നതേയുളളു. ന്യായമൊ സത്യബോധമോ അല്ല ഈ വിമര്‍ശനങ്ങള്‍ക്കു പിന്നിലെന്നര്‍ത്ഥം. സമൂഹത്തിന്റെ നിയന്ത്രണങ്ങള്‍ക്ക് പുറത്തേക്ക് കടക്കുന്ന പെണ്ണിനെ,-അതിനുളള കാരണം ഞാന്‍ മുന്‍പേ പറഞ്ഞു-യാണ് എല്ലാവര്‍ക്കും പേടി. സ്ത്രീ നിയന്തിക്കപ്പെടേണ്ടവളും പുരുഷന്‍ സ്വാഭാവികമായും നിയന്ത്രിക്കുന്നവനുമാകേണ്ട സമൂഹവിധിയും മനോഭാവവുമാണ് ബലാല്‍സംഗങ്ങളിലെ അടിസ്ഥാന ഭാവം. അതായത് ബലാല്‍സംഗം ശാരീരികാനുഭൂതിയിലല്ല മറിച്ച് കീഴടക്കുന്നവന്റെ മാനസിക  വിജയാഹ്ലാദത്തിലാണ് ഉന്നം വയ്ക്കുന്നത്. ബലാല്‍സംഗം തടയാനുളള മാര്‍ഗ്ഗങ്ങളാലോചിക്കുമ്പോള്‍, സമൂഹത്തില്‍ സ്ത്രീ-പുരുഷബന്ധങ്ങളേക്കുറിച്ചു നിലനില്‍ക്കുന്ന മനോഭാവത്തെക്കുറിച്ച് സംസാരിക്കേണ്ടിയും മനസ്സിലാക്കേണ്ടിയും വരുന്നത് അതുകൊണ്ടാണ്.

 അടിപ്പെടുത്തലിന്റെയും അധിനിവേശത്തിന്റെയും ഭാഷയാണ് ബലാല്‍സംഗമെന്നിരിക്കെ, പുരുഷാഭീഷ്ഠത്തിനു വഴങ്ങേണ്ട, എതിര്‍ക്കാന്‍ അവകാശമില്ലാത്ത, സമൂഹത്തിന്റെ നിയന്ത്രണങ്ങള്‍ തികച്ചും പാലിക്കേണ്ട വ്യക്തിയായി സ്ത്രിയെ അടയാളപ്പെടുത്തുന്നതിലെ യുക്തിയും സ്വാഭാവികമായിത്തീരുന്നു. അല്ലെങ്കില്‍ മൂന്നും നാലും വയസ്സുള്ള കുട്ടികളെയും അറുപതും എഴുപതും വയസ്സായവരേയും ബുര്‍ഖയൊ, മുഖംപോലും മൂടുംവിധം സാരിയൊ പുതച്ചു നടക്കുന്നവരേയും ആക്രമിക്കുന്നവരോട് ഏതുതരത്തിലുള്ള വസ്ത്രധാരണമാണ് അവരെ പ്രകോപിച്ചതെന്ന് മീഡിയപോലും ചോദിക്കാറില്ലല്ലൊ. വീടിന്റെ സ്വകാര്യതയില്‍ സ്വന്തം ബന്ധുക്കളും രക്ഷിതാക്കളും നടത്തുന്ന ബലാല്‍സംഗങ്ങളില്‍ എന്തു പ്രകോപനമാണ് അവര്‍ നേരിട്ടതെന്നും ആരും ചോദിക്കാറില്ല.  ഇരുട്ടത്ത് നടക്കുന്നത്, ഒറ്റക്ക് നടക്കുന്നത്, കാലുയര്‍ത്തിയിരിക്കുന്നത്. ഉറക്കെചിരിക്കുന്നത് തുടങ്ങി ഏതൊരു വ്യക്തിക്കും ചെയ്യാന്‍ അവകാശമുള്ള സാധാരണ കാര്യങ്ങള്‍പോലും സ്ത്രീയുടെ കാര്യത്തില്‍ പ്രകോപനവും പ്രലോഭനവും ആയിത്തീരുന്നു.  ജന്മത്തിലധിഷ്ഠിതമായ വിവേചനങ്ങള്‍ അരുതെന്ന് ശാഠ്യംപിടിക്കുകയും സമരം നയിക്കുകയും ചെയ്യുന്ന, പുരോഗമനവാദികളെന്ന് ലോകം  കണക്കാക്കുന്നവർ  പോലും  സ്ത്രീയുടെ  സ്വാതന്ത്ര്യത്തിന്റെ കാര്യം വരുമ്പോള്‍ പുറം തിരിഞ്ഞുനില്‍ക്കുന്നത് സാധാരണ  കാഴ്ചയാണ്  . വീട്ടിലായാലും നാട്ടിലായാലും  തനിക്കു   സ്ഥാനം നഷ്ടപ്പെട്ടാലോ എന്ന് തന്നെയാണു പേടി. പുരോഗമനം വീട്ടു വാതിൽക്കൽ വരെ മതി.        .

നിതാന്തമായ ഒരു ഭീതിയുടെ നിഴലില്‍ സ്ത്രീക്കു ജീവിക്കേണ്ടിവരുന്നു എന്നതാണ് ഇതിന്റെ സ്ഥായിയായ ഫലം.  അവളുടെ ശരിയുടെയും തെറ്റുകളുടെയും അതിര്‍വരമ്പുകള്‍ ദിവസവും എന്നപോലെ കൂടിക്കലര്‍ന്നുകൊണ്ടിരിക്കുന്നു. ആ ശ രി കളും തെറ്റുകളും നിർണ്ണയിക്കുന്നതാവട്ടെ അവളേയല്ല താനും 
എന്നും. എന്ന് തന്നെ പറയട്ടെ,  പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പ്രശ്‌നങ്ങള്‍ മിക്കവാറും  ഒരു ചിരിയോടെ തള്ളിക്കളയുകയാണ് സമൂഹം പതിവ്. പോലീസിനോടൊ നീതിന്യാവ്യവസ്ഥയോടൊ നേതാക്കളോടൊ പരാതിപ്പെട്ടിട്ടുകാര്യമില്ല. കുറേക്കൂടി വൃത്തികെട്ടനോട്ടങ്ങള്‍, കുറേക്കൂടി അവഹേളനങ്ങള്‍, കുറേക്കൂടി വിമര്‍ശനങ്ങള്‍ അതാണു ഫലം. പല ഉന്നത   സ്ഥാപനങ്ങളിലെയും അധികൃതര്‍പോലും സ്ത്രീയുടെ വേഷധാരണം എങ്ങനെ കൂടുതല്‍ കൂടുതല്‍  “സഭ്യ” മാക്കാമെന്ന് ചിന്തിച്ച് വേവലാതിപ്പെടുന്നവരാണ്. ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാനുള്ള വ്യക്തിയുടെ അവകാശം ഇവരുടെ ചിന്തയില്‍ വരാറേയില്ല.  പോക്കറ്റില്‍ പണം ഇട്ടുനടന്നതുകൊണ്ടല്ലേ പോക്കറ്റടിക്കുന്നതെന്ന് ആരും എന്തേ ചോദിക്കാത്തത്?. ആക്രമിക്കപ്പെടുമെന്ന നിതാന്ത ഭീതിയുമായി വീട്ടിലും പുറത്തും കഴിയേണ്ടിവരുന്നവരുടെ മാനസിക സമ്മര്‍ദ്ദം, അത് സ്വഭാവത്തിലും പെരുമാറ്റത്തിലും ഉണ്ടാക്കുന്ന നിഷേധാത്മക സ്വാധീനം എന്നിവയൊന്നും പെണ്ണിന്റെ കഴിവിനേയോ കഴിവുകേടിനേയോ വിലയിരുത്തുമ്പോള്‍ പരിഗണിക്കാറില്ല.. ബലാല്‍സംഗമായാലും ഗാര്‍ഹിക പീഡനമായാലും, പരിശോധിക്കുന്ന ഡോക്ടര്‍ തൊട്ട് പരാതി രജിസ്റ്റര്‍ ചെയ്യുന്ന വനിതാ പോലീസും കോടതിയിലെ ക്ലാര്‍ക്കും വക്കീലും ജഡ്ജിയും വരെ സമൂഹത്തിന്റെ ഈ ധാരണകള്‍ പങ്കുവെക്കുന്നവരാണ്.  ഇവരോടാണ് ഒരു സ്ത്രീക്ക് എന്നും ഏറ്റമുട്ടേണ്ടിയും സുരക്ഷയ്ക്ക് യാചിക്കേണ്ടിയും വരുന്നത്.  ഫലം എന്താകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.  “അടങ്ങി ഒതുങ്ങി നടന്നാല്‍ ആരും കേറിപ്പിടിക്കില്ല” എന്ന വാചകം എല്ലാവരും ഏറെ കേള്‍ക്കുന്നതല്ലേ?


എന്നാല്‍ മേല്‍പ്പറഞ്ഞ പിതൃദായിത്വ ക്രമത്തില്‍ നിന്നുരുത്തിരിയുന്ന സാമൂഹ്യ-സാമ്പത്തിക കാരണങ്ങള്‍ക്കപ്പുറത്തേക്കു നീളുന്ന ജൈവപരമായ ഘടകങ്ങള്‍കൂടി ബലാല്‍സംഗങ്ങള്‍ക്കു പിന്നിലുണ്ടാവാമെന്ന് നരവംശശാസ്ത്രം സൂചിപ്പിക്കുന്നുണ്ട്. മറ്റുമിക്ക ജീവജാലങ്ങളിലുമെന്നപോലെ, മനുഷ്യജാതിയിലും സ്ത്രീയേക്കാള്‍ രതിയോടുള്ള ആസ്‌ക്തി പുരുഷനിലാണ്. പ്രത്യല്പാദനം നടത്തുന്നത് രതിയിലൂടെയാണെന്നതിനാല്‍ ഈ ആസക്തി ഉണ്ടായേതീരൂ.  ജൈവപരമായി ലഭിച്ച ഈ ആസക്തി രതിയില്‍ പരിണമിക്കണമെങ്കില്‍ സ്ത്രീയെ പ്രീണിപ്പിച്ച് അവളുടെ സമ്മതം നേടിയെടുക്കുക ആവശ്യമാണ്. ഇതിന്റെ ബഹിര്‍സ്ഫുരണങ്ങളാണ്  സ്ത്രീയുടെ ശ്രദ്ധയാകര്‍ഷിക്കാനും അവളെ സന്തോഷിപ്പിക്കാനുമുള്ള ശ്രമങ്ങള്‍. (യൗവ്വനത്തിലും കൗമാരത്തിലും ഇവ കൂടുതല്‍ പ്രകടമാണ്.) ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ഉല്പാദിപ്പക്കാനും സംരക്ഷിക്കാനും പ്രാപ്തിയുള്ളവനെ തിരഞ്ഞെടുക്കാനുള്ള വാഞ്ഛ പ്രകൃതി സ്ത്രീയിലും നിക്ഷേപിക്കുന്നു എന്നാണ് നരവംശശാസ്ത്ര മതം.  അതായത് തിരഞ്ഞെടുപ്പ് സ്ത്രീയുടേതാണ്.  രതിക്കുള്ള ഇണയായി സ്ത്രീക്ക് സ്വീകാര്യനാവുക എന്നത് പുരുഷന്റെ ജൈവപരമായ ആവശ്യമാണ്.
    എന്നാല്‍ സാമൂഹ്യവും സാംസ്‌ക്കാരികവുമായ വിലക്കുകള്‍ പുരുഷന്റെ ഈ അഭിവാഞ്ഛയെ പലപ്പോഴും  നിത്യ ജീവിതത്തിൽ  തടസ്സപ്പെടുത്തുന്നുണ്ട്.  നരവംശശാസ്ത്രത്തില്‍ പ്രാഥമികമായി പഠിക്കുന്നതുതന്നെ  “Nature Versus Culture” എന്ന തത്വമാണ്.  മനുഷ്യന്റെ തലച്ചോറിന്റെ വളര്‍ച്ചയിലും പ്രത്യേകതയിലും ഊന്നിയാണ് നമ്മുടെ സാമൂഹ്യ പെരുമാറ്റങ്ങളും സാംസ്‌കാരിക ഇടപെടലുകളും രൂപപ്പെട്ടുവന്നിരിക്കുന്നത്. തോന്നുന്നതൊക്കെ തോന്നിയപോലെ ചെയ്യാതിരിക്കാനുള്ള നിയന്ത്രണങ്ങള്‍ നാം ഒരു സമൂഹം എന്ന നിലയ്ക്ക്  സ്വയം പരിശീലിക്കുന്നത് അതുകൊണ്ടു കൂടിയാണ്.  എന്നാല്‍ ഇണകളെ കണ്ടെത്താനാകുന്നില്ലെങ്കില്‍ അതുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ പലതരത്തില്‍- ബലപ്രയോഗങ്ങളടക്കം - പ്രത്യക്ഷീഭവിക്കുന്നതു കാണാം . ഇണയെകണ്ടെത്താന്‍ സാധിക്കാത്തിന്റെ വിഷമം സ്വന്തം സ്വീകാര്യതയുമായി ബന്ധപ്പെടുത്തുമ്പോള്‍ അത് ചുറ്റുമുള്ളവര്‍ക്കിടയില്‍ മോശക്കാരനാകുമോ എന്ന തോന്നലിലേക്കും തുടര്‍ന്ന് അപകര്‍ഷതാബോധത്തിലേക്കും വരെ നയിക്കുന്നു. എന്തുചെയ്തും അത് മറിക്കടക്കുക എന്നത്  അവന്റെ അവബോധത്തിന്റെ ഭാഗമാകുന്നതങ്ങനെയാണ് .സമ്മതം നേടിയെടുക്കാനായില്ലെങ്കില്‍, സമ്മതിപ്പിക്കുക എന്നാകുന്നു പ്രമാണം. സ്വന്തം കഴിവുകളും സ്ഥാനമാനങ്ങളും അന്യആകര്‍ഷണങ്ങളും പ്രദര്‍ശിപ്പിച്ചായാലും ഇത് പക്ഷേ കൂടിയേകഴിയൂ.  ബലപ്രയോഗം ഇവിടെയാണ് അവസാനവയ്‌ക്കോല്‍ തുരുമ്പാകുന്നത്. കഴിവ്, സ്ഥാനമാനങ്ങള്‍, സമ്പാദ്യം, ജോലി എന്നിങ്ങനെ പലതലങ്ങളിലും പുരുഷന്‍മാര്‍ തമ്മിലുണ്ടാകുന്ന മത്സരങ്ങളും അസൂയയുമൊക്കെ ഇതിന്റെ അടിയൊഴുക്കുകളാണ്

.  തിരഞ്ഞെടുക്കപ്പെടാതെ പോകാനുള്ള സാധ്യതയുണ്ടെന്ന് ഭയക്കുന്നവരില്‍ ബലം പ്രയോഗിച്ചുള്ള രതി പ്രത്യുല്പാദനമെന്ന ജൈവചോദനക്ക് വഴിതുറന്നുകൊടുക്കുന്നു എന്ന അഭിപ്രായം നിലവിലുണ്ട്.  കായികശക്തിമാത്രം കണക്കിലാക്കപ്പെടുന്ന കാലമല്ല ഇന്നത്തേത് എന്നതുകൊണ്ട് ഇന്നത്തെ പുരുഷന്‍മാര്‍ക്ക് സ്ത്രീയെ പ്രീതിപ്പെടുത്താന്‍ താത്വികമായെങ്കിലും മറ്റുകഴിവുകള്‍കൂടി ആര്‍ജ്ജിക്കേണ്ടതുണ്ട്.  തന്റെ സ്വീകാര്യത ഉറപ്പുവരുത്തുന്ന ഒരു സാമൂഹ്യാന്തരീക്ഷം ആര്‍ക്കായാലും മാനസിക സമ്മര്‍ദ്ദം വളരെ കുറയ്ക്കും.  ആ അര്ത്തത്ത്തിൽ  പുരുഷന്റെ കഴിവും സ്വാധീനവും പണവും അധികാരവും ഒക്കെ ലൈംഗിക അവസരങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന ഘടകങ്ങളാണ് ഇന്ന്. 
ഈ ഘടകങ്ങളും പുരുഷന്റെ മാനസിക ഭാവങ്ങളും സ്ത്രീപുരുഷബന്ധത്തില്‍ അവന്‍ പാലിക്കുന്ന നിലപാടുകളും പെരുമാറ്റച്ചട്ടങ്ങളും ഒന്നിനൊന്ന് എന്ന അനുപാതത്തിലല്ല പ്രവര്‍ത്തിക്കുന്നത് എന്ന് പ്രത്യേകം ഓര്‍മ്മിക്കണം. ഇവയൊക്കെ അവബോധത്തെ സ്വാധീനിക്കുന്നത് വ്യക്തിത്വത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ചായതിനാല്‍ പ്രതികരണങ്ങള്‍ വ്യത്യസ്തമാകും.  അതിക്രമത്തിലേക്കും മാനസിക വൈകൃതങ്ങളിലേക്കും നയിക്കുന്ന പ്രതികരണങ്ങള്‍ വരെ സാധ്യമാണെന്ന് നരവംശശാസ്ത്രജ്ഞര്‍ സിദ്ധാന്തിക്കുന്നുണ്ട്.[ദല്‍ഹി ബലാല്സംഗം ഉദാഹരണം]. സ്വന്തം സ്വീകാര്യത ഉറപ്പിക്കണമെന്ന് വിശ്വസിച്ച് ചെയ്യുന്ന കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ വരുന്നത്, പലപ്പോഴും സാധാരണനിലയ്ക്ക് ചിന്തിക്കാന്‍പോലും കഴിയാത്തരൂപങ്ങളിലാവുന്നത് ഇതുകൊണ്ടാണത്രെ.  രതിയിലൂടെ നേടുന്ന ശാരീരിക -മാനസിക സുഖം കടന്നുള്ള, സ്ത്രീയുടെ സമ്മതത്തോടോ  അല്ലാതേയോ ഉള്ള, സ്വന്തം സ്വീകാര്യത ഉറപ്പിക്കാനുള്ള അബോധപൂര്‍വ്വമായ ശ്രമം ബലാല്‍സംഗത്തിന്റെ അടിയൊഴുക്കാവുന്നത് ഇങ്ങനെയാണ് എന്ന് അഭിജ്ഞര്‍ അഭിപ്രായപ്പെടുന്നു.  ലൈംഗിക സൗകര്യങ്ങള്‍ നേടിയെടുക്കാന്‍ പണംകൊണ്ടോ സ്വാധീനം കൊണ്ടോ കഴിവുകുറഞ്ഞവര്‍ക്കിടയില്‍ താരതമ്യേന ബലാല്‍സംഗങ്ങള്‍ കൂടുതലാവുന്നത് ഇതുകൊണ്ടാണെന്നും പറയപ്പെടുന്നുണ്ട്.

 
ജൈവചോദനയില്‍ നിന്നുയരുന്ന രതിക്കുവേണ്ടിയുള്ള തിരച്ചിലിനും സ്വീകരിക്കപ്പെടാനുള്ള അദമ്യമായ ആഗ്രഹത്തിനും പിന്നില്‍  സംഭവിച്ചുപോകുന്ന സ്വാഭാവികതകളാണ് കിടമത്സരങ്ങളും അവയില്‍ ജയിച്ചുനില്‍ക്കാനുള്ള തന്ത്രങ്ങളും. സാമൂഹികമായി തന്റെ സ്വീകാര്യത ഉറപ്പുവരുത്തുന്ന സാഹചര്യങ്ങളില്‍ (ഭാര്യ, കുടുംബം) മറ്റൊരാളില്‍ നിന്നുണ്ടായേക്കാവുന്ന കയ്യേറ്റ ങ്ങളെ കുറിച്ചുള്ള  നിരന്തരമായ വേവലാതിയും അതിനെ മറികടക്കാനുള്ള സാമൂഹ്യ-സാമ്പത്തിക സാംസ്‌കാരിക തയ്യാറെടുപ്പുകളും പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ സ്വാഭാവികമാകുന്നതും അതുകൊണ്ടാണ്.

ലൈംഗിക സമ്മര്‍ദ്ദങ്ങളും പട്ടിണിയും അനുഭവിക്കുന്ന സമൂഹത്തില്‍ ഒരു ഭാഗത്ത് സദാചാര പോലീസും മറുഭാഗത്ത് സ്ത്രീയോടുള്ള അതിക്രമങ്ങളും കൂടിക്കൊണ്ടിരിക്കും.  പരസ്പരമുള്ള ഇടപഴകലുകളോ ആരോഗ്യകരമായ സമ്പര്‍ക്കമോ ഇല്ലാത്ത രണ്ടു ലോകങ്ങളിലാണ് ഇന്ന് സ്ത്രീയും പുരുഷന്മാരും ജീവിക്കുന്നത്.  ബാല്യം മുതല്‍ നാം അടിച്ചേല്‍പ്പിക്കുന്ന വേര്‍തിരിവ് കൂടുതല്‍ കൂടുതല്‍ മാനസിക അകല്‍ച്ചയിലേക്കേ നയിക്കൂ.  തികച്ചും അനാരോഗ്യകരമായ അപരിചിതത്വം അത് ഊട്ടിയുറപ്പിക്കും. ഇന്ന് സാമൂഹ്യ സാമ്പത്തിക മാനങ്ങള്‍ക്കിടയില്‍പ്പെട്ട് ഞെരുങ്ങുന്ന സ്ത്രീ-പുരുഷബന്ധങ്ങളെയും ജൈവചോദനയില്‍ നിന്നുരുത്തിരിയുന്ന രതിയേയും കുറിച്ചുള്ള സാമൂഹ്യ മൂല്യബോധങ്ങള്‍ മാറ്റിയെഴുതാതെ ലൈംഗിക അതിക്രമങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളെ നിയന്ത്രിക്കുക അസാധ്യമാകാനാണിട. സ്ത്രീയുടെ സ്വീകാര്യതയ്ക്കായി പരാക്രമിയാകുന്ന പുരുഷന്റെ സ്വാഭാവികവും  ജൈവീകവും എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചോദനയ്ക്ക് കടിഞ്ഞാണിടാന്‍ സ്വയം ഏല്‍പ്പിക്കുന്ന ജനാധിപത്യമൂല്യങ്ങള്‍ ആവശ്യമാണ്. 

 ലൈംഗീതകയിലായാലും അതിനുപുറത്തായാലും പരിപാലിക്കപ്പെടേണ്ട മൂല്യബോധമാണ്, ബലപ്രയോഗത്തെ നിഷേധിക്കുന്ന മൂല്യബോധം.  ഒപ്പംതന്നെ, വെല്ലുവിളിക്കുകയും തിരുത്തിക്കുറിക്കുകയും ചെയ്യേണ്ടവയാണ് പിതൃദായിത്വക്രമത്തിലുള്ള സമൂഹത്തില്‍ നിലനില്‍ക്കുന്ന മൂല്യബോധങ്ങളും. പ്രകൃതിയും സംസ്‌ക്കാരവും തമ്മിലുള്ള ഇടച്ചില്‍, കലഹം നമ്മുടെ ജീവിത പരിണാമങ്ങളുടെ ചരിത്രത്തിന്റെ ഭാഗമാണ്. ആകാതെ വയ്യ. മൃഗങ്ങളില്‍ നിന്ന് നമ്മെ വേര്‍തിരിച്ചുനിര്‍ത്തുന്ന ഘടകം “സംസ്‌ക്കാര”മാണ്.  സമൂഹത്തിന്റെ ചില പൊതുധാരണയ്ക്കനുസരിച്ച് [അവ വസ്തു നിഷ്തമായി നോക്കിയാൽ  നീതിയുക്തമാല്ലെന്നു കാണാം]  നിയന്ത്രണങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുകയും അവ നിരന്തരം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നതാണ് ജനാധിപത്യമെന്ന മൂല്യബോധത്തിന്റെ ആണിക്കല്ല്. ബലപ്രയോഗങ്ങളും അസഹിഷ്ണുതയും തന്നിഷ്ടം നോക്കലും അപക്വമായ ഒരു സമൂഹമനസ്സിനെ ദ്യോതിപ്പിക്കുന്നു എന്നതാണ് ഇവിടെ  പേടി. ബലാല്‍സംഗത്തിന്റെ മാനങ്ങള്‍ രതിയോ ചാരിത്ര്യനഷ്ടമോ സ്ത്രീയുടെ പരിശുദ്ധിയോ ഒന്നുമായിട്ടല്ല ബന്ധപ്പെടുന്നത്. മറിച്ച് തികഞ്ഞ അതിക്രമവും അരാജകത്വവും ജനാധിപത്യമൂല്യലംഘനവുമായിട്ടാണ്
; അപരിഷ്‌കൃത മനോഭാവവുമായിട്ടാണ്. അതിനാല്‍ തന്നെ, അതിന് തടയിടേണ്ടത് നീതിബോധമുളള എല്ലാവരുടെയും ചുമതലയായേ പറ്റു . തട്ടിപ്പറിക്കലും കയ്യൂക്കാല്‍ കീഴടക്കലും സര്‍വ്വസാധാരണമാകുന്ന ഒരു സമൂഹത്തിന്റെ ഭാവി ആര്‍ക്കും അത്യധികം ഭീതിജനകമാണു  എന്നത് സുവ്യക്തമാത്രേ..

1 comments:

  • narayanan says:
    July 1, 2014 at 9:07 PM

    നമ്മുടെ സ്ത്രീകൾ നേരിടുന്ന അക്രമങ്ങളും നീതികേടുകളും ഭീതിജനകം തന്നെ. പരിഹാരമായി നാം ചെയ്യേണ്ടത്, ശ്രീമതി മാനസി സൂചിപ്പിച്ച പോലെ ജനാധിപത്യത്തിൻറ്റെ വേരുകൾ ശക്തിപ്പെടുത്തുകയാണ്. ഔദ്യോഗികമായ തലത്തിൽ എന്നല്ല സാമൂഹ്യവും സാംസ്ക്കാരികവുമായ എല്ലാ കൂട്ടായ്മകളുടെ തലങ്ങളിലും അത് പ്രാവർത്തികമാക്കിയേ തീരൂ. പ്രൊഫസർ അമർത്ത്യ സെൻ ചൂണ്ടിക്കാണിച്ചപോലെ സ്ത്രീസ്വാതന്ത്ര്യത്തിൻറ്റെ കാര്യത്തിൽ, അയൽക്കാരായ ചൈനയുടെ മാത്രമല്ല, ബാംഗ്ലാദേശിൻറ്റെയും, ശ്രീലങ്കയുടെയും, നേപ്പാളിൻറ്റെയും പിന്നിലാണ്,ഖാപ്പ് പഞ്ചായത്തുകളുടെയും ദുരഭിമാനക്കൊലകളുടെയും രാജ്യമായ ഭാരതം. നാമാശ്രയിക്കുന്ന സാമ്പത്തികമായ വളർച്ചയെന്ന പാത, ശരാശരികളുടെ മരീചികളിലൂടെ സാധാരണക്കാരനെ നേർവഴിക്ക് നയിക്കുന്നില്ല. ശരിയായ ബോധവൽക്കരണത്തിനോ ആത്മബലത്തിനോ പോരാത്ത വിദ്യാഭ്യാസരീതികൾ വരും തലമുറകളെ തളർത്തുകയും പിഴച്ച ശീലങ്ങളിലേക്കും കുററകൃത്യങ്ങളിലേക്കും നയിക്കുകയും ചെയ്യുന്ന ശോചനീയാവസ്ഥ മാററി ക്ഷേമവും സ്ത്രീപുരുഷസമത്ത്വവും നേടുന്ന, പ്രവർത്തനപഥം നാം സ്വീകരിക്കുകതന്നെ വേണം.
    pvnnair

Followers