മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Wednesday, January 23, 2019

ഫെബ്രുവരി മാസ സാഹിത്യ ചർച്ച


മൂത്താര്‍ സാഹിത്യം

കെ. ആര്‍. നാരായണന്‍
കുഞ്ചന്ശേഷം സംഭവിച്ച മഹാത്ഭുതം” എന്നു മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ വിശേഷിപ്പിച്ച വീ.കെ.എന്‍.ന്‍റെ പതിനാലാം ചരമവാര്‍ഷികം ഡിസംബര്‍ ഇരുപത്തി ഏഴിനായിരുന്നു. ആക്ഷേപ–പരിഹാസത്തിന്‍റെയും, ഫലിതത്തിന്‍റെയും കാരണവര്‍ - “മൂത്താര്‍സ്” – ആയിരുന്ന അദ്ദേഹത്തിന്‍റെ സാഹിത്യങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും, പ്രസിദ്ധീകരണങ്ങളും മലയാളത്തിലും, ഇംഗ്ലിഷിലും കുറച്ചൊന്നുമല്ല!പത്തൊമ്പതും, ഇരുപതും നൂറ്റാണ്ടുകളിലെ രാഷ്ട്രീയ-സാഹിത്യ-സാമുദായിക രംഗങ്ങളില്‍ വിഹരിച്ചിരുന്ന പല വന്‍ശക്തികളും, പ്രമാണികളും, കേമന്മാരും, ഇതൊന്നുമല്ലാത്ത വെറും സാധാരണക്കാരും ഒക്കെ വിവിധ പേരുകളില്‍‍‍‍, പല അവസരങ്ങളിലുമായി അദ്ദേഹത്തിന്‍റെ കൃതികളില്‍ രംഗപ്രവേശം ചെയ്തു, വായനക്കാരെ രസിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രപതികളും, പ്രധാനമന്ത്രിമാരും, മന്ത്രിമാരും, ബ്യുറോക്രാറ്റുകളും, രാഷ്ട്രീയ നേതാക്കളും, സാഹിത്യക്കാരും, കച്ചവടക്കാരും, സാധാരണ ജനങ്ങളും ആരും തന്നെ ഇതിനു വിലക്കല്ല. ഇവരെയെല്ലാം ഹാസ്യാത്മകമായി നമ്മുടെ കണ്മുമ്പില്‍ കൊണ്ടു വന്നു നിര്‍ത്തിയിരുന്നു തിരുവില്വാമലക്കാരനായ വടക്കേകൂട്ടാലെ നാരായണന്‍കുട്ടി നായര്‍ അഥവാ വീ.കെ.എന്‍. എന്ന സറ്റയരിസ്റ്റ് .

ഇന്നു ജീവിച്ചിരിപ്പില്ലെങ്കിലും, ഫലിതത്തിന്റെയും, പരിഹാസത്തിന്‍റെയും “മൂത്താരായ” ഇദ്ദേഹത്തിന്റെ ഭാവനയില്‍ രൂപം കൊണ്ട അനവധി കഥാപാത്രങ്ങള്‍ ഇന്നും തൃശ്ശൂര്‍ ജില്ലയിലും, തെക്കന്‍ മലബാറിലും, ദില്ലിയിലും, എന്നു മാത്രമല്ല കേരളത്തിലെയും, ഇന്ത്യയുടേയും പല കോണുകളിലും, പല രൂപങ്ങളിലും, ജീവിച്ചിരിപ്പുണ്ട് എന്ന് പറയാതെ വയ്യ.
മുന്‍ഗാമികള്‍:

തമിഴില്‍നിന്നും ഉരുത്തിരിഞ്ഞ ശേഷം, മലയാളഭാഷയില്‍ അനവധി ഹാസ്യസാഹിത്യക്കാരന്മാര്‍ ഉണ്ടായിരുന്നതായി കാണാം. പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്ന ആദ്യത്തെ ഒരു കവി, ഉപനയന കര്‍മ്മം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത, "തോലന്‍" എന്നറിയപ്പെട്ടിരുന്ന നമ്പൂതിരി ആയിരുന്നു. മലയാളത്തില്‍ ഗീര്‍വ്വാണം കൂട്ടിക്കുഴക്കുന്ന സവര്‍ണ്ണ സമുദായത്തിന്റെ “മണിപ്രവാള” ഭാഷയെ സ്വല്പ്പംപുഛത്തോടെ ശ്ലോകങ്ങളില്‍ പരാമര്‍ശിച്ചിരുന്ന തോലകവിയുടെ "ചക്കിദശായാംപാശി" (ചക്കി പത്തായത്തില്‍ കയറി) തുടങ്ങിയ പ്രയോഗങ്ങള്‍ വളരെ പ്രസിദ്ധങ്ങള്‍ ആയിരുന്നു അക്കാലങ്ങളില്‍. പിന്നീട്, "മുട്ടസ്സ്" നമ്പൂതിരി സഹിതം നിരവധി നര്‍മ്മ സാഹിത്യകാരന്മാർ ഉണ്ടായിരുന്നു അക്കാലത്തെ മലയാളത്തില്‍.

പതിനെട്ടാംനൂറ്റാണ്ടിന്‍റെ അവസാനത്തില്‍, ചാക്യാര്‍കൂത്തിന്‍റെ പാരഡി എന്നോണം "ഓട്ടംതുള്ളല്‍" എന്ന കലാസൃഷ്ടിക്കു രൂപം കൊടുത്ത കലക്കത്തു കുഞ്ചന്‍ നമ്പ്യാര്‍ ആണ് ഈ രംഗത്തെ അതികായന്‍. "പരിഹാസം" (സററയര്‍) കുഞ്ചന്‍റെ ട്രേഡ്മാര്‍ക്ക് ആയിരുന്നു.ആരുടെയും ബലഹീനതകള്‍ തുള്ളല്‍കഥകളിലൂടെ പുറത്തുകൊണ്ടു വന്നിരുന്ന നമ്പ്യാരുടെ ഹാസ്യ-പരിഹാസങ്ങള്‍ക്കു പകരം വയ്ക്കാന്‍, നൂറ്റാണ്ടുകള്‍ക്കു ശേഷം വീ.കെ.എന്‍.ന്‍റെ നര്‍മ്മത്തിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ.

. വീ. കൃഷ്ണപിള്ള, സഞ്ജയൻ (എം. ആര്‍. നായര്‍)‍, എന്‍. പീ. ചെല്ലപ്പന്‍നായര്‍, പഞ്ചു മേനോന്‍-കുഞ്ചിയമ്മ ദമ്പതികളെ സൃഷ്ടിച്ച, പീ. കെ. രാജരാജവര്‍മ്മ, .എം.കോവൂര്‍തുടങ്ങിയവര്‍, ഇരുപതാം നൂറ്റാണ്ടിലെ മലയാള ഹാസ്യ-പരിഹാസ സാഹിത്യത്തിലെ അന്യപ്രഗല്‍ഭര്‍ആയിരുന്നു. എം. ആര്‍. നായര്‍, സഞ്ജയൻ” എന്ന തന്‍റെ മാസികയിലൂടെ അന്നത്തെ സാമൂഹ്യ വ്യവസ്ഥിതികളേയും, സര്‍ക്കാരിന്‍റെ നടത്തിപ്പുകളെയും, വിചിത്രമായ സാഹിത്യ- പ്രവര്‍ത്തനങ്ങളെയും മറ്റും ചിരിയുടെ മേമ്പൊടിയോടെ വിമര്‍ശിച്ചിരുന്നു. അദ്ദേഹത്തിനു ശേഷം, .വീ.യുടെ "സ്കിറ്റുകളും, കൊവ്വൂരിന്റെ "ഹണിപുരാണങ്ങളും, "പൊങ്ങച്ചവും" മറ്റും മലയാളികള്‍ അമ്പതുകളില്‍ വായിച്ചു രസിച്ച ചില ഹാസ്യസാഹിത്യങ്ങള്‍ ആയിരുന്നു. ഏതാണ്ട് ഈ കാലത്തു തന്നെയാണ്, കാര്‍ട്ടൂണിസ്റ്റായ മലയാറ്റൂര്‍ കെ. വി. രാമകൃഷ്ണന്‍ (..എസ്സ്),നര്‍മ്മദയിലെയും, “സരസനിലെയും” ഹാസ്യ കഥകളും, "ഡോക്ടര്‍ വേഴാമ്പല്‍", “ബ്രിഗേഡിയര്‍ കഥകള്‍” തുടങ്ങിയ സൃഷ്ടികളും മലയാളത്തിനു കാഴ്ച്ച വച്ചത്.


പ്രോറ്റൊഗോണിസ്റ്റുകള്‍ :

തുശ്ശൂര്‍ ജില്ലയിലെ തിരുവില്വാമലയിലെ കര്‍ഷക തൊഴിലാളിയും, വിപ്ലവ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റിയിലെ പ്രധാനിയും, “ജര്‍മ്മനും”” (ചെറുമന്‍) മറ്റുമായ “വെള്ളച്ചി സുപ്രജയായ ചാത്തന്‍സ്” (വല്‍മീകിക്ക് ക്ഷമാപണം), കുന്നംകുളത്തെ നസ്രാണി പുസ്തക കച്ചവടക്കാരന്‍ - ‘മീ ഇട്ടൂപ്പ് ഫ്രം കേരളകോര്‍ണ്ണര്‍’ എന്നു സ്വയം പരിചയപ്പെടുത്തുന്ന- ഇട്ടൂപ്പ് മുതലാളി, പട്ടാളക്കാരന്‍ ബര്‍മ്മന്‍നായര്‍, കൃഷിഭാഗ്യം ഗോപാലന്‍നായര്‍, ഗ്രാമചതുരത്തില്‍ ചാരായക്കട നടത്തുന്ന ചാന്തപ്പന്‍, പപ്പടക്കാരി രാജി എന്ന കുലട, തേച്ചുകുളിയും, സദ്യയും, മുറുക്കും, അക്ഷരശ്ലോകവും, തലങ്ങും വിലങ്ങും സംബന്ധങ്ങളും ആയി നടന്നിരുന്ന നാണു നമ്പൂതിരി തുടങ്ങിയ എല്ലാവരും തന്‍റെ ചുറ്റുപാടുകളില്‍ നിന്നും വി.കെ.എന്‍‍. പകര്‍ത്തിയെടുത്ത ചിത്രങ്ങള്‍ ആയിരുന്നു. ഇവരില്‍ ഓരോരുത്തര്‍ക്കും അവരുടെതായ ചരിത്രവും ഉണ്ട്. ഇവരില്‍ പലരും യഥാര്‍ഥത്തില്‍ ആ പ്രദേശത്തു ‍ ജീവിച്ചിരുന്നവര്‍ തന്നെ ആയിരുന്നു എന്ന് മറ്റൊരു തിരുവിലാമലക്കാരന്‍ “എഴുത്തഛന്‍”, ഒരിക്കല്‍ മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ പറഞ്ഞിട്ടും ഉണ്ട്.


ഇവരെ കൂടാതെ, അറ്റകൈക്ക് ആവശ്യം വന്നാലോ എന്നു കരുതി, ചൈനാ-യുദ്ധക്കാലത്ത് "ചൈനീസ് ഷോര്‍ട്ട് ഹാന്‍ഡ്‌-ടയിപ്പിംഗും", പാക്കിസ്ഥാന്‍ യുദ്ധക്കാലത്ത് ഉറുദു സ്റ്റെനോഗ്രാഫിയും പഠിക്കാന്‍ ആലോചിച്ച പാലക്കാട്ടു പട്ടന്മാര്‍, .എം.എസ്സ്. എന്ന കേരള ബ്രാഹ്മണന്‍, അന്നു പ്രധാന മന്ത്രിയായിരുന്ന കാശ്മീര്‍ ബ്രാഹ്മണന്‍ പണ്ഡിറ്റ്‌ നെഹ്രുവിന്‍റെ അതിഥിയായി ഡല്‍ഹിയില്‍ വച്ച് മത്സ്യവും, മാംസവും ഭക്ഷിച്ചു എന്നു കേട്ടപ്പോള്‍ ഞെട്ടിപ്പോയി. എങ്കിലും, “തിമ്പാനാ? എളംകുളം ബ്രഹ്മന്‍ മീനേം ആടേം എല്ലാം തിമ്പാനാ?..അതെല്ലാം അന്ത ജേര്‍ണലിസ്റ്റ് കോന്തികളെ ചുമ്മാ ഹ്യൂമര്‍ പണ്ണത്താന്‍ ശോല്ലിയിരുപ്പന്‍.... ആമാം” എന്ന് സ്വയം സമാധാനിക്കുന്ന സംഭവത്തെ ചിത്രീകരിക്കാന്‍ വീകെഎന്‍.ന്നു മാത്രമെ കഴിയൂ!

ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയില്‍ താമസവും, യമുനയില്‍ കുളിയും, ഹൌസ്ക്കാസില്‍ സംബന്ധവുമായി നടന്നിരുന്ന ജേണലിസ്റ്റ് പയ്യന്‍ ആണ് വീ.കെ.എന്‍.ന്‍റെ ഏറ്റവും പ്രസിദ്ധനായ പ്രോട്ടോഗോണിസ്റ്റ് – ഇംഗ്ലിഷ് സാഹിത്യത്തിലെ വോഡൌസിന്‍റെ “ജീവ്സ്നെ” പോലെ! കേണല്‍ രേണുവിന്റെ സ്ഥിരം സമ്മന്തക്കാരനും, സുനന്ദ, നീലിമാ, തുടങ്ങിയ അനവധി സോസൈറ്റി ലേഡീസുകളുടെ രഹസ്യ കാമുകനും, സിന്‍ഡിക്കേറ്റ് നേതാക്കളുടെ ശിന്നപ്പയ്യനും, ഡിലക്സ് എക്സ്‌പ്രസ്സിന്റെ ഉടമയും, സിന്‍ഡിക്കേറ്റ് സമൂഹത്തിന്റെ ഫിനാന്‍ഷിയറും മറ്റുമായ സാല്വന്‍ പ്രഭുവിന്റെ ഉപദേശകനും, വേദാന്തിയും എല്ലാം ആണ് ഈ പയ്യന്‍. ഡല്‍ഹി കഥകളിലെ മറ്റു കഥാപാത്രങ്ങള്‍ ആകട്ടെ, സ്വതന്ത്ര ഇന്ത്യയിലെ അധര്‍മ്മികളും അഴിമതിക്കാരുമായ രാഷ്ട്രീയ നേതാക്കന്‍മാരും, പണത്തിനും, പ്രശസ്തിക്കും വേണ്ടി ഉടുതുണി പോലും അഴിക്കാന്‍ മടിക്കാത്ത ഡല്‍ഹിയിലെ സൊസൈറ്റി ലേഡികളും, മറ്റുമായിരുന്നല്ലോ.

പയ്യനോട് ദില്ലിയിലെ ചെറ്റപ്പുരക്കാരി തെരുവു വേശ്യ, അവള്‍ക്ക് വസ്ത്രം മാറാനായി കുറച്ചു നേരം “സാബ്” പുറത്തിരിക്കാമോ” എന്നു ചോദിച്ചപ്പോള്‍, “നഗരത്തിലെ പട്ടി മേം സാബുമാര്‍ക്ക് ആര്‍ക്കും ഇല്ലാത്ത ഒന്നു – നാണം – നിനക്കുണ്ടഡീ” എന്നായിരുന്നു, ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാത്ത – പക്ഷെ അതേസമയം എല്ലാം ആയ - പയ്യന്‍റെ കോമ്പ്ലിമെന്റ് .

"നിരക്ഷരകുക്ഷി, അക്ഷരവൈരി, “നോക്കട്ടെ” (പാര്‍ക്കലാം) എന്ന ഒറ്റപദം കൊണ്ടു രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസ് പ്രസിഡണ്ട്‌, അന്നത്തെ സര്‍ക്കാരില്‍ "ധനകാര്യം കൈകാര്യം ചെയ്തിരുന്ന പൂച്ചസന്യാസി", "പര്‍വതസ്കന്ദങ്ങളില്‍ നിന്നും തിരഞ്ഞെടുപ്പു ജയിച്ചു വന്ന കാട്ടീലന്‍, "ഗപ്പാജി.....എന്നിങ്ങനെ അന്നത്തെ കക്ഷി രാഷ്ട്രീയത്തില്‍ ഉന്നതസ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട്, പഴയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍‍ പിളര്‍പ്പുണ്ടാക്കി, സിന്‍ഡിക്കെറ്റു നിര്‍മ്മിച്ച രാഷ്ട്രീയനേതാക്കളെ അവരുടെ ശരിയായ രൂപങ്ങളില്‍ തന്നെ വായനക്കാരന്‍റെ മുന്നില്‍ കൊണ്ട് വന്നു നിര്‍ത്താന്‍‍‍, വീ.കെ.എന്‍.ന്ന് മാത്രമേ കഴിയു എന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തി ഇല്ല.


ഭാഷയും ശൈലിയും :

വീ.കെ.എന്‍. ന്‍റെ ഭാഷയ്ക്ക്‌ അതിരുകള്‍ ഇല്ലാ. പഞ്ച്’ മാസികയുടെയും, ലക്ഷ്മണ്‍ന്റെയും കാര്‍ട്ടൂണുകളുടെ നര്‍മ്മബോധവും, ചിലപ്പോള്‍ മൂര്‍ച്ചയും, അതേസമയം സാധാരണക്കാര്‍ക്ക് രുചിക്കുന്ന, അവരെ ചിരിപ്പിക്കുന്ന ഭാഷയും ഇദ്ദേഹത്തിന്‍റെ പ്രത്യേകതകള്‍ ആയിരുന്നു. മണിപ്രവാളം തൊട്ടു, സംസ്കൃതം, ആധുനിക മലയാളം, ഇംഗ്ലീഷ്, തമിഴ് തുടങ്ങിയ അനവധി ഭാഷകള്‍ - അവയുടെ സങ്കര സന്തതികള്‍ സഹിതം - വീ.കെ.എന്‍. ന്‍റെ പ്രയോഗങ്ങള്‍ക്കു വഴിമാറി കൊടുക്കാറുണ്ട്.

കേന്ദ്രമന്ത്രിയുടെ മകള്‍ ഐക്യരാഷ്ട്രസഭക്കാരി, നീലിമാ, ആല്‍പ്സ് പര്‍വതത്തെക്കുറിച്ച് താന്‍ ഇംഗ്ലിഷില്‍ എഴുതിക്കൊണ്ടിരിക്കുന്ന കവിത പോലെ ആരും ഒരു പര്‍വ്വതത്തെ വര്‍ണ്ണിച്ചിരിക്കില്ല എന്ന് ഊറ്റം കൊള്ളുമ്പോള്‍, പയ്യന്‍ മേഘസന്ദേശത്തില്‍ ഹിമവാനെക്കുറിച്ചുള്ള കാളിദാസന്റെ ശ്ലോകങ്ങള്‍ ഉദ്ധരിച്ചു വായനക്കാരേ അമ്പരപ്പിക്കുന്നു. (എന്നു മാത്രമല്ല, സ്വല്‍പം അശ്ലീലച്ചുവയുള്ള, ഒരു വെണ്‍മണി സാഹിത്യം മനസ്സില്‍ പറയുകയും കൂടി ചെയ്യുന്നു!)
1955 മുതല്‍ രണ്ടര ദശകങ്ങളോളം കാലം മലയാള ഹാസ്യ-ആക്ഷേപ സാഹിത്യത്തില്‍ പുതിയ ഒരുതരം ആംഗ്ലോ-സംസ്കൃത-ഹിന്ദുസ്ഥാനി-മലയാള ഭാഷാ ശൈലികൾ തന്നെ സൃഷ്ടിച്ചു വീ.കെ.എന്‍. മലയാളികളെ ചിരിപ്പിക്കുകയും, അതേസമയം ചിന്തിപ്പിക്കുകയും ചെയ്തിരുന്ന നിരവധി അനുഭവകഥകളും, നോവലുകളും, സററയറുകളും, മറക്കാന്‍ കഴിയാത്ത നിരവധി കഥാപാത്രങ്ങള്‍വഴി സമൂഹത്തിന്‍റെ അബദ്ധങ്ങളെയും, ബലഹീനതകളെയും, പൊള്ളത്തരങ്ങളെയും, പൊങ്ങച്ചങ്ങളെയും മറ്റും ഹാസ്യരസത്തിന്‍റെ മാധുര്യത്തില്‍ പൊതിഞ്ഞു ഒരു ചെറു പുഞ്ചിരിയോടെ മലയാളത്തിന് കാഴ്ച വച്ച ഈ രസികന്‍ എഴുത്തുകാരന്‍, പലപ്പോഴും അഭിനവകുഞ്ചന്‍നമ്പ്യാര്‍, മലയാളത്തിന്‍റെ വോഡ്ഹൌസ് എന്നു തുടങ്ങിയ വിശേഷണങ്ങളാല്‍ അറിയപ്പെട്ടിരുന്നു .

വീ.കെ.എന്‍.ന്‍റെ മലയാളത്തിന് അതിന്‍റേതായ ഒരു വിശേഷതയും, ഭംഗിയും ഉണ്ട്. സംസ്കൃതത്തിന്‍റെയും, പൌരാണിക മലയാളത്തിന്റെയും, oഗ്ലിഷിന്റെയും, പാലക്കാടന്‍ മലയാളത്തിന്റെയും, മലയാളത്തിലെ ബ്രാഹ്മണതമിഴിന്‍റെയും മറ്റും ചുവയുള്ള ഒരു പ്രത്യേക ഭാഷ വളരെ വൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്തിരുന്നു വീ.കെ.എന്‍. ഇംഗ്ലീഷ്, സംസ്കൃതം, മലയാളം എന്നീ ഭാഷകളുടെ സാഹിത്യം, ചരിത്രം, രാഷ്ട്രീയം, ഇതിലെല്ലാം പ്രാവീണ്യം ഉള്ളവര്‍ക്കു മാത്രമേ ഒരു ഭാഷയെ ഇത്തരത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളു.

മറ്റുഭാഷകളിലെ പ്രയോഗങ്ങളേയും, ഉദ്ധരണികളെയും മറ്റും പുല്ലുപോലെ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യാനുള്ള വീ.കെ.എന്‍.ന്‍റെ കഴിവ് അപാരംതന്നെ ആയിരുന്നു.ഇത്തരംവിഷയങ്ങളില്‍ അല്‍പ്പമെങ്കിലുംപ്രാവീണ്യം ഉള്ളവർക്ക്മാത്രമേ വീ.കെ.എന്‍.ന്‍റെ സാഹിത്യം പൂര്‍ണ്ണമായി മനസ്സിലാക്കുവാനും, ആസ്വദിക്കാനും കഴിയുകയുള്ളൂ.

വീ.കെ.എൻ.ന്‍റെ കൃതികൾക്ക് അപാരമായ 'പാരായണക്ഷമത' (റീഡബിലിറ്റി) ഉണ്ടായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവും ആര്‍ക്കും ഉണ്ടായിരുന്നില്ല. അതിന്നു തക്കതായ കാരണവും ഉണ്ട്. എല്ലാ കഥകളിലും, കഥക്ക് അനുയോജ്യമായരീതിയിൽ ഉദ്ധരണികളോ, വീ.കെ.എൻ. തന്നെ സ്വയം നിര്‍മ്മിച്ച അവയുടെ തര്‍ജ്ജമകളൊ ഉണ്ടാകാറുണ്ട്. ഈ ഉദ്ധരണികൾ മിക്കവയും ചരിത്രം, ശാസ്ത്രം, രാഷ്ട്രീയ ചരിത്രം, എന്നുവേണ്ട, വേദാന്ത ഗ്രന്ഥങ്ങളിൽ നിന്നുപോലും വന്നതായിരിക്കും. ഇവയുടെ തര്‍ജ്ജമകളാകട്ടെ – മിക്കവാറും ബ്രാക്കെറ്റുകളിൽ - വീ. കെ. എൻ. സ്വയം ഉണ്ടാക്കിയവയും. ഇത്തരത്തിൽ ഉള്ള തർജ്ജമകൾക്ക് മൂലകൃതികളിലെ ഉദ്ധരണികളുമായി ചിലപ്പോൾ ഒരു ബന്ധവും ഉണ്ടായി എന്നും വരില്ല.

ലോകചരിത്രത്തിലെയും, സാഹിത്യത്തിലേയും അതികായന്‍മാര്‍ - ബര്‍ട്രാണ്ട് റസ്സല്‍, ഹെമിന്ഗ്വേ, സര്‍ വിൻസ്റ്റൻ ചര്‍ച്ചില്‍, റൂസ്വെല്‍റ്റ്, ഡിഗാള്‍, സ്റ്റാലിന്‍, ഹിറ്റ്ലർ, മുസ്സോളിനി, ഗീബെല്‍സ്, ഗോരിംഗ് തുടങ്ങിയ പലരുo – അവരുടെ എല്ലാം 'ക്വോട്ടുകളും’ (ദ്ദരണികള്‍) ഓര്‍ക്കാപ്പുറത്തു കയറിവന്നു വായനക്കാരെ അമ്പരപ്പിക്കാറുണ്ട്. ഇത്തരത്തിൽ ഉള്ള ഉദ്ധരണികൾ വായനക്കാര്‍ക്കിടയിൽ അത്ഭുതവും, പുഞ്ചിരിയും, ചിലപ്പോള്‍ പൊട്ടിച്ചിരികളും ഉയര്‍ത്താറുണ്ട്. പക്ഷെ, പിന്നീട് അതേ വായനക്കാർ അതിനെക്കുറിച്ച് കൂടുതൽ ഗഹനമായി ചിന്തിക്കുമ്പോൾ അവയിലെ അന്തരാര്‍ത്ഥങ്ങളും, ദ്വയാര്‍ഥങ്ങളും, മറ്റും അവരെ സാഹിത്യത്തിന്റെയും, ചരിത്രത്തിന്റെയും പല ഊടുവഴികളിലേക്കും കടക്കാന്‍ പ്രേരിപ്പിക്കുകയും, അതിലൂടെ അവർ പുതിയ പല വ്യാഖ്യാനങ്ങളും, അര്‍ത്ഥങ്ങളും കണ്ടെത്തുകയും ചെയ്യാറുണ്ട്.

സാല്വൻ പ്രഭുവാണെന്നു തെറ്റിദ്ധരിച്ചു, അയാളുടെ അനുയായി 'ഭഗവാന്‍ സഹായിയെ' പണ്ട് -ആഫ്രിക്കൻ വനാന്തരങ്ങളിൽ ഡോ. ഡേവിഡ് ലിവിംഗ്സ്റ്റനെ തേടി വന്നവർ ചോദിച്ചപോലെ "മിസ്റ്റർ സാല്വൻ, ഐ പ്രേസ്യൂം" എന്ന ചോദ്യവും, ഗോരിങ്ങിന്റെ 'When I hear the word culture, I reach for my revolver' എന്ന ചരിത്ര പ്രസിദ്ധമായ വചനവും, ചാൾസ് ഡിഗോള്ളിന്റെ 'ഡബിൾക്രോസ്' ചെയ്യുന്ന സ്വഭാവത്തെ പരാമര്‍ശിക്കുന്ന സർ. വിന്‍സ്റ്റന്‍റെ, "The biggest cross I am carrying is the cross of Lawrence" എന്ന മനോഹരമായ വചനങ്ങളും എല്ലാം എഴുത്തുകാരന്റെ അറിവിന്റെ പശ്ചാത്തലത്തെ ഇടയ്ക്കിടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

അതുപോലെതന്നെ, തുടക്കത്തില്‍ സാക്ഷാൽ കൊണ്ഗ്രസ്സുകാരനും, പിന്നീടു സോഷ്യലിസ്റ്റ് നേതാവും ആയി തീര്‍ന്ന അശോക്‌ മെഹ്ത്തയുടെ കണ്ടുപിടുത്തമായിരുന്ന Urban-rural Conflict എന്ന പ്രയോഗത്തെ കുറിച്ചു സാല്വൻ പ്രഭുവിന്നു പയ്യന്‍സ് സ്റ്റഡിക്ലാസ് എടുക്കുന്ന അവസരത്തിൽ ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ ചുരുളുകൾ അഴിഞ്ഞു വീഴുന്നത് വായനക്കാര്‍ കാണുന്നു.

എയിന്‍സ്റ്റീനിന്റെ E=MC2 എന്ന ഫോര്‍മുലയുടെ, പയ്യന്‍റെ സ്വതസിദ്ധമായ സ്റ്റൈലിലുള്ള വിശ്ലേഷണം കേട്ട് വിരണ്ട സാല്വന്‍ പ്രഭുവിനോട്‌ തത്വശാസ്ത്രം വച്ചു കാച്ചുന്ന പയ്യന്‍സ്, വായനക്കാർക്ക് ‘ഇവനാരു ആധുനിക എയിന്‍സ്റ്റീനോ അല്ലാ ഏൾ ബര്‍ട്രാണ്ട് റസ്സൽ സായിപ്പോ’ എന്നൊക്കെ തോന്നി പോകാറുണ്ട്. ഇക്കാരണങ്ങൾ എല്ലാം കൊണ്ടു തന്നെ ആണത്രെ വീ.കെ.എൻ. വായനാശീലമുള്ള അഭ്യസ്തവിദ്യരുടെ പ്രത്യേക ബഹുമാനവും, പ്രശംസയും നേടുന്നത്.

കൂട്ടത്തില്‍ പറയട്ടെ, ഭക്ഷണത്തിലും, രതി വിഷയത്തിലും വീ.കെ.എന്‍. കഥാപാത്രങ്ങളുടെ കമ്പം അതിപ്രസിദ്ധമത്രേ. ഉദ്ദണ്‍ഡ ശാസ്ത്രിക്ക് ശേഷം സംഭവിച്ച “പ്രൌഡസ്ത്രീ രസികനായ” ഡല്‍ഹിയിലെ പയ്യന്‍സുo, മുറുകി നടക്കുന്ന നാടന്‍ സുരതo അനുഭവിച്ചു നടക്കുന്ന നാടന്‍ നമ്പൂതിരിമാരും, പ്രമാണിമാരും, അതുപോലെ തന്നെ പരപുരുഷപ്രാപികളായ നാടന്‍ സ്ത്രീകളും, ഡല്‍ഹി സൊസൈറ്റികളിലെ വനിതാ രത്നങ്ങളും എല്ലാം വീ.കെ.എന്‍. കഥകളില്‍ ധാരാളമായി തന്നെ കാണപ്പെടാറൂണ്ട്. തെക്കന്‍ മലബാറുകാരന്‍ നാണു നമ്പൂരി, കുളക്കടവില്‍ ഇരുന്നു സ്വശരീരത്തില്‍ എണ്ണ തേച്ചു വിസ്തരിച്ചുള്ള കുളിക്ക് തയ്യാറാവുമ്പോള്‍, അവിടെ എത്തുന്ന കുട്ടിപ്പട്ടരുടെ അത്താഴത്തിനുള്ള വിഭവങ്ങളെക്കുറിച്ചുള്ള വര്‍ണ്ണന, തിരുമേനിക്ക് “മുറുകി നടക്കുന്ന നാടന്‍ സുരതo അനുഭവിക്കുന്ന പോലെയാണത്രെ തോന്നിയത്. മലയാളത്തില്‍ മറ്റൊരു എഴുത്തുകാരനും ഭക്ഷണത്തെയും, രതിയെയും ഇങ്ങിനെ ആസ്വദിച്ചു എഴുതിയതായി കണ്ടിട്ടില്ല. എങ്കിലും, കഥകളുടെ അന്ത:സത്തയെയോ, ഒഴുക്കിനെയോ ഒരിക്കലും ബാധിക്കാത്ത വിധം കടന്നു പോകുന്നു ഈ പ്രയോഗങ്ങള്‍ എന്നതാണ് വീ.കെ.എന്‍. കഥകളുടെ ഭംഗി.


വി.കെ.എന്‍. ചരിത്രം:

1955-ല്‍ ആണ് വീ.കെ.എന്‍. തന്‍റെ നാടന്‍ ചെറുകഥകളിലൂടെ സാഹിത്യ രംഗത്ത് കടന്നു വരുന്നത്. ഏതാണ്ട് 1975 വരെ തിരുവില്വാമലയിലേയും, ത്രിശ്ശുരിലെയും, പിന്നീട് ദില്ലിയിലെയും കഥകളിലൂടെ സമുദായത്തിലെ ബലഹീനതകള്‍ക്ക്കണ്ണാടി പിടിച്ചുകാട്ടിയിരുന്നു ഈ അഭിനവ കുഞ്ചന്‍ .
1932 ഏപ്രില്6 ന്നും, 2004 ജനുവരി 25ന്നും ഇടക്കുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വീ.കെ.എന്‍, ഒരു മലബാര്‍ ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥന്‍ ആയിരുന്നു. അക്കാലത്തു തന്നെ മലയാളം, സംസ്കൃതം, ഇംഗ്ലിഷ് തുടങ്ങിയ ഭാഷകളില്‍ അപാരമായ കഴിവുo പാണ്ഡിത്യവും സമ്പാദിച്ചിരുന്നു. 1959-ന്നും 1969-ന്നും ഇടയ്ക്കു ഡല്‍ഹിയില്‍ ഒരു പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് മലയാളത്തിലെ അന്നത്തെ പ്രഗല്‍ഭ എഴുത്തുകാര്‍ ആയിരുന്ന എം മുകുന്ദന്‍, . വീ. വിജയന്‍, കാക്കനാടന്‍ തുടങ്ങിയവരുടെ സുഹൃദ് വലയത്തിലെ ഒരംഗവും കൂടി ആയിരുന്നു. ഡല്‍ഹിയിലെ ജീവിതം, ഒരുപക്ഷെ, അന്നത്തെ രാഷ്ട്രീയ-സാമൂഹിക പരിതസ്ഥിതികളെ ശരിക്കും വിലയിരുത്തുവാന്‍ വളരെ ഉപകരിച്ചു എന്ന് വേണം കരുതാന്‍. അക്കാലത്തെ പല അനുഭവങ്ങളും പയ്യന്‍റെ ഡെല്‍ഹിയിലെ പരാക്രമങ്ങളിലും (അഡ്വന്‍ചെര്‍സ്), "ആരോഹണം", സിന്‍ഡിക്കെററു" തുടങ്ങിയ നോവലുകളിലും, പയ്യന്‍ കഥകളിലും മറ്റും പ്രതിഫലിക്കുന്നുമുണ്ട്‌.


വീ.കെ.എന്‍. 14 നോവലുകളും, 20 ചെറുകഥാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട്. ഈ ചെറുകഥകള്‍ പല പത്രമാസികകളില്‍ പ്രസിദ്ധീകരിച്ചവ ആയിരുന്നു. അദ്ദേഹത്തിന്റെ "പിതാമഹന്‍, അധികാരം, അനന്തരം, അസുരവാണി, പെണ്‍പട, കാവി, ജനറല്‍ചാത്തന്‍സ്, മഞ്ചല്‍, സര്‍.ചാത്തു, പയ്യന്‍ കഥകള്‍, ജനറല്‍ ചാത്തന്‍സ്, ആരോഹണം, സിന്‍ഡിക്കേറ്റ്, അധികാരം തുടങ്ങിയ കൃതികള്‍ വളരെയധികം വായനക്കാരെ ആകര്‍ഷിച്ചവയാണ്. പയ്യന്‍ കഥകള്‍, സര്‍ ചാത്തുവിന്റെ റൂളിംഗ്, ഹാജ്യാരു, മാനാഞ്ചിറ ടെസ്റ്റ്, വീ.കെ.എന്‍.കഥകള്‍, അമ്പതുകഥകള്‍, ഒരു നൂറു മിനികഥകള്‍, അയ്യായിരവുംകോപ്പും , നാണ്വായരു, പയ്യന്‍, കാലഘട്ടത്തിലെ പയ്യന്‍, തുടങ്ങിയ നിരവധി കഥാ സമാഹാരങ്ങളും പ്രസിദ്ധങ്ങള്‍‍ ആയിരുന്നു. കൂടാതെ, വീ.കെ.എന്‍.ന്‍റെ "അധികാരം" എന്ന നോവല്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഒരു "ഓപ്ഷണല്‍ നോണ്‍-ഡിററയിൽഡ് പുസ്തകവും ആയിരുന്നു.

"ആരോഹണം" 1969-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും, വീ.കെ.എന്‍. ന്‍റെ സാഹിത്യസേവനം 1978-ലെ എം.പീ. പോൾഅവാര്‍ഡും, "പയ്യന്‍കഥകള്‍" 1982-ൽ സാഹിത്യ അക്കാദമി അവാര്‍ഡും നേടിയിട്ടുണ്ട്. ഇതിനെല്ലാം ഉപരി, മുട്ടത്തുവര്‍ക്കി അവാര്‍ഡു (1997), 1987-ലെ "റിലിജിയസ് ഹാര്‍മണി അവാര്‍ഡ്” തുടങ്ങിയ പുരസ്കാരങ്ങളും വീ.കെ.എന്‍. ന്നു ലഭിച്ചിട്ടുണ്ട്.

മലയാള സാഹിത്യത്തിലെ ഒട്ടനേകം കൃതികള്‍ മറ്റു ഭാഷകളിലേക്ക് പരിഭാഷ/തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ, ഒരു പക്ഷെ, വീ.കെ.എന്‍. സാഹിത്യത്തെ അന്യഭാഷകളിലേക്ക് വിവര്‍ത്തനം/തര്‍ജ്ജമ ചെയ്യാന്‍ അത്ര എളുപ്പം അല്ലാത്തത് കൊണ്ടായിരിക്കാം, പൊതുവേ അദ്ദേഹത്തിന്‍റെ കൃതികള്‍ ഒന്നും മറ്റു ഭാഷകളില്‍ കാണപ്പെടാത്തത്. എങ്കിലും, വീ.കെ.എന്‍. സ്വയം തന്‍റെ “ആരോഹണം” എന്ന കൃതിയെ ഇംഗ്ലിഷില്‍ “ബോവൈന്‍ ബ്യൂഗിള്‍സ്” (Bovine Bugles) എന്ന പേരില്‍ എഴുതുകയുണ്ടായി.


എഴുത്തും, സാഹിത്യവും മാത്രമല്ല, ജീവിതം തന്നെ ഒരു തമാശയായി കണ്ടിരുന്ന ഒരു വ്യക്തി കൂടി ആയിരുന്നു ഇദ്ദേഹം. കുറെക്കാലം മുമ്പ്, പത്ര/സാഹിത്യലോകത്ത് ഇദ്ദേഹം മരിച്ചു എന്ന ഒരു കിംവദന്തി പരക്കുകയുണ്ടായി.
വാര്‍ത്തയുടെ സത്യസ്ഥിതി അറിയുവാൻ പത്രക്കാർ പരക്കം പാഞ്ഞുകൊണ്ടിരുന്നപ്പോൾ, അവര്‍ക്ക് മറ്റൊരു ഫോണ്‍ സന്ദേശം ലഭിച്ചുവത്രേ:

"ഇതു വീ.കെ.എൻ. ആണ് സംസാരിക്കുന്നതു. ഞാൻ ഇതുവരെ മരിച്ചിട്ടില്ലെന്നുo, മരിക്കുന്നതിനു തൊട്ടുമുമ്പ് നിങ്ങളെയെല്ലാം വേണ്ടപോലെ അറിയിക്കുന്നതും ആയിരിക്കും എന്നും അറിയിച്ചുകൊള്ളുന്നു.

ഇതായിരുന്നു ചുരുക്കത്തിൽ വീ.കെ.എൻ.

എന്നു മാത്രമല്ല, മരിച്ച ശേഷം മറൂലോകത്ത്, പ്രാതലിനു പൂപോലത്തെ ഇഡലിയും, മുളകുപൊടിയും, നാളികേര ചമ്മന്തിയും കിട്ടുമോ എന്ന് അന്വേഷിച്ച രസികനും കൂടി ആയിരുന്നുവത്രേ അദ്ദേഹം.

വീ.കെ.എന്‍. ഭാഷയും ശൈലിയും അനുകരിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. പക്ഷെ, മലയാളത്തിൽ ഒരേ ഒരു “മൂത്താര്‍സ്” മാത്രമേ ഉണ്ടായിട്ടുള്ളൂ - ഉണ്ടാവുകയുo ഉള്ളൂ - എന്നാണു മറ്റൊരു തിരുവില്വാമലക്കാരന്‍ ആയ എഴുത്തച്ഛന്‍റെ വിശ്വാസം. മലയാളത്തിലെ വായനക്കാരുടെയും വിശ്വാസo അതു തന്നെയല്ലേ?!!

                                                      ********


1 comments:

  • Unknown says:
    March 8, 2020 at 9:12 AM

    സർ_ കഥാസമാഹാരങ്ങൾ - 2019-20 തിലേക്ക് അവാർഡിന് കൃതികൾ ക്ഷണിച്ചിട്ടുണ്ടോ? ദയവായി - 944632848 വാട്ട് ആപ്പ് നമ്പരിൽ വിവരം അറിയിക്കുമല്ലോ?

Followers