മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Wednesday, February 2, 2011

വില്‍സന്റെ രണ്ടു ചെറുകഥകള്‍

സാഹിത്യവേദി പ്രതിമാസ ചര്‍ച്ചയില്‍ (ഫെബ്രുവരി) യുവകഥാകൃത്ത് ശ്രീ വില്‍സന്‍ കുര്യാക്കോസ് അവതരിപ്പിക്കുന്ന രണ്ടുകഥകള്‍.

പക്കീരിപ്പത്രോസ്

വില്‍സന്‍ കുര്യക്കോസ്

'പക്കീരിപ്പത്രോസിന്റെ ഭാര്യ മറിയക്കുട്ടിക്ക് ആറാമതും ഗര്‍ഭോണ്ടായപ്പഴാ അവനിവിടെ നിന്നും വിറ്റേച്ച് നിലമ്പൂര്‍ക്ക് പോയത്''
ഗ്രാമത്തിലെ മനുഷ്യരുടെ മുഴുവന്‍ കഥ എലമ്മച്ചേടത്തിക്ക് ഹൃദിസ്ഥമാണ്. എന്റെ വീടിന്റെ വരാന്തയില്‍ കാലും നീട്ടിയിരുന്ന് മറവിയുടെ പുകപടലം നീക്കി സാന്ദ്രമായ ഓര്‍മ്മയില്‍ തിരഞ്ഞ് അവര്‍ പറഞ്ഞു തുടങ്ങി.
''പത്രോസ് ഓപ്പറേഷനൊക്കെ ചെയ്തതായിരുന്നു. ഓപ്പറേഷനും കഴിഞ്ഞ് വക്കറ്റും മേടിച്ചോണ്ടവന്‍ വരണതെല്ലാവരും കണ്ടതല്ലെ? ഏതാണ്ടു പത്തറുപതു രൂപേം അന്നു കിട്ടിയതാ. പറഞ്ഞിട്ടെന്താ അവനതിനു മുഴുവന്‍ കുടിച്ചേച്ചല്ലേ വന്നേ. അന്നും മറിയക്കുട്ടീനെപ്പൊതിരെത്തല്ലീന്നാ കേട്ടേ. അവനിതെന്തിന്റെ കേടാരുന്നു എന്റൊടേ തമ്പുരാനേ, കുടിച്ചാ ആളൂള് ഇങ്ങനെ ചീത്തയാവ്വോ?.
മറിയക്കുട്ടീം അത്രശരിയല്ലന്നാ അളോള് പറഞ്ഞോണ്ടിരുന്നെ. ആളൂള്‌ടെ വരവും പോക്കൂക്കെ ഒണ്ടായിരുന്നൂന്നാ കേട്ടെ. സത്യം പറയാല്ലോ ഒരു മുറ്റം പോലെ ആയിരുന്നെങ്കിലും ഞാനാരേം കണ്ടിട്ടില്ല. അതിനെനിക്കെവിടെയാര്‍ന്നു ഇതൊക്കെ നോക്കയിരിക്കാന്‍ നേരം.
കൂലിപ്പണിക്കു പോവാതെ ജീവിക്കാന്‍ പറ്റ്വാര്‍ന്നോ? മറിയക്കുട്ടീനേം പറയണ്ട. അതെങ്ങനാ ഒരിയ്ക്കലെങ്കിലും സൊര്യം കൊടുക്ക്വാര്‍ന്നോ? രാത്രിമുഴുവന്‍ കുടിച്ചേച്ചുവന്നിട്ടു തല്ലും കുത്തുവല്ലാര്‍ന്നോ?
രാവിലെ പരപരാന്നു വെളുക്കുമ്പം അവന്‍ കാളവണ്ടിംകൊണ്ടു കുത്താട്ടുകളത്തിനു പോവൂല്ലാര്‍ന്നോ? പിന്നെ രാത്രിയിലെപ്പഴോ വരും.
കോരച്ചേട്ടനും അവനയത്ര പിടിക്കണില്ലാര്‍ന്നു. പിന്നെ ആരുല്ലാത്തോണ്ടാ അവനെക്കൊണ്ട് കാളവണ്ടി അടിപ്പിച്ചെ.
കോരച്ചേട്ടനു മകനൊരാളുണ്ടാര്‍ന്നത് ലഹളേംകൂട്ടി കാക്കുര്‍ക്കു പോയിത്താമസിക്ക്വല്ലാര്‍ന്നോ? അവനവിടെ എന്താര്‍ന്നു കൊഴപ്പം? പറമ്പിന്റെ അരീക്കടെ ചാലുപോലെ വെള്ളൊഴുക്കൊണ്ടാര്‍ന്നു. കിണറ്റിലാണെങ്കി തേവാന്‍മാത്രം വെള്ളോം. അവനവിടെ ആറുപറക്കണ്ടം കൃഷിയൊണ്ടാര്‍ന്നു. കരപ്പറമ്പു മുഴുവന്‍ റബ്ബറും. റബറിനന്നൊന്നും വല്ല്യ വെലയില്ലാര്‍ന്നു. ഇവിടത്തെ ഏലിക്കുട്ടിം തങ്കമ്മേയൊക്കെ അവിടെ ഞാറുപറിക്കാനും നടാനുവൊക്കെപ്പോയിക്കൊണ്ടിരുന്നതല്ലെ?
കോരച്ചേട്ടനിവിടേം മൂന്നാലേക്കറു പറമ്പോക്കെയുണ്ടായിരുന്നു. മോന്റെ പിള്ളേരൊക്കെയിവിടെയായിരുന്നു. ദൈവദോഷം പറയരുതല്ലൊ, പിള്ളേരെ പൊന്നുപോലെ നോക്കുവാര്‍ന്നു. ദാ, ആ പറമ്പിന്റെ അറ്റത്തല്ലായിരുന്നോ കോരച്ചേട്ടന്റെ വീട്. ഇപ്പോ, അതു പൂട്ടിക്കിടക്ക്വാ. കോരച്ചേട്ടന്‍ മരിച്ചിട്ടിപ്പോ പത്തുമുപ്പതു കൊല്ലായില്ലെ?
കോരച്ചേട്ടനെന്നെ വല്ല്യ കാര്യാര്‍ന്നു. എന്നാ, ഇച്ചിപെഴച്ചാ നല്ല തെറിം പറയും. എന്നാ നല്ല തങ്കപ്പെട്ട മനുഷ്യനല്ലാര്‍ന്നോ? ആ കുഞ്ഞിക്കാര്‍ത്തിക അവിടെക്കിടന്നു ചത്തുപോവണ്ടതല്ലാര്‍ന്നോ? ഉടുത്തേക്കണ മുണ്ടുമുഴുവന്‍ ചോരയാര്‍ന്നു. കോരച്ചേട്ടനല്ലെ, ആള്‍ക്കാരേം കൂട്ടി ആശൂത്രീലാക്കിയെ? ഡാക്ക്ട്ടറൊരുപാടു വഴക്കുപറഞ്ഞൂന്നാ കേക്കണെ. ഊത്തുഴി വൈദ്യരാ ചെയ്തത്. വല്ലോം അറഞ്ഞോണ്ടാണോ ഇതക്കെ ചെയ്യണേന്നാ ഡോക്ട്ടറു ചോദിച്ചെ. മൂന്നാലുമാസം ഗര്‍ഭോണ്ടാര്‍ന്നു. ആശൂത്രീന്നു വന്നപ്പം കുമാരനേം കൂട്ടി പെരേം വച്ച് താമസിക്കാനേര്‍പ്പാടാക്കീതും കോരച്ചേട്ടനല്ലാര്‍ന്നോ?
പക്കിരിടപ്പറേ വേലത്തക്കുഞ്ഞുപേണ്ണിന്റെ സലം മേടിച്ചല്ലെ അന്നവരു പെര വെച്ചു താമസിച്ചിരുന്നെ. കുമാരനു വേറെകുടീല് കെട്ട്യോളും മക്കളുവൊക്കെ ഒണ്ടാര്‍ന്നു. പറഞ്ഞിട്ടെന്താ! ആ കുടീലൊണ്ടായ മൂന്നു പിള്ളേരും തളര്‍ന്നു കിടക്ക്വല്ലാര്‍ന്നോ? എന്റെ പൊന്നേ, ആ ചോവത്തീനെ സമ്മതിക്കണം. മൂന്നു പിള്ളേരടെ തീട്ടോം മൂത്രോം അവളൊറ്റക്കു കോരണം. ഒരു കൈത്താങ്ങിനാരെങ്കിലും ഒണ്ടാര്‍ന്നോ?
ചൊവത്തീടെ ഗര്‍ഭപാത്രത്തിനെന്തോ തകരാറായിരുന്നു. അല്ലാണ്ടിങ്ങനെ വര്വോ? കുമാരനീക്കുടീലും മൂന്നാലു പിള്ളേരൊക്കെ ഒണ്ടായില്ലെ? ആര്‍ക്കെങ്കിലും വല്ലകൊഴപ്പണ്ടാര്‍ന്നോ?
കുമാരനോപ്പറേഷനൊന്നും ചെയ്തില്ല. ഓപ്പറേഷന്‍ ചെയ്താ പനേക്കേറാന്‍ പറ്റൂല്ലന്നാ അവര്‍ പറഞ്ഞോണ്ടിരുന്നെ. പുള്ളേരിരിക്കുന്നു. അല്ലെങ്കി ഞാന്‍ പറഞ്ഞേനെ. അണ്‍ഡ്രോയറിടാതെയാ അവന്‍ പനേക്കേറണെ. കോണകൊടുക്കൂല്ല. കോണകോന്നും അന്നു പാഷനല്ലാര്‍ന്നു. എന്നാ, അണ്‍ഡ്രോറിടാണ്‍ടെ ആതൂല്ല.
പക്കീരിടെ പനേം ചെത്തിക്കൊണ്ടിരുന്നതവനാ. അവന്‍ മറിയക്കുട്ടിക്കു മതുരക്കള്ളു കൊടുക്വാര്‍ന്നു. ദേഹം മുഴുവന്‍ ഏതാണ്ടു കുരുവന്നു പൊട്ടി കുറെനാളു കെടപ്പിലായിട്ടാ അവന്‍ മരിച്ചത്.
ഏലമ്മച്ചേടത്തി ഒന്നു നിര്‍ത്തി. പിന്നെ നെടുവിര്‍പ്പിട്ടു. വീണ്ടും പറഞ്ഞുതുടങ്ങി.
പക്കിരിക്കിവിടെനിന്നു വിറ്റേച്ചു പോവണ്ട വല്ല കാര്യൊണ്ടാര്‍ന്നോ? മൂന്നേക്കറു സലം പെരയിരിക്കണ്ടേടത്തൊണ്ടാര്‍ന്നു. പിന്നെ മെയിന്‍ റോഡിന്റെ സൈഡിലൊരു പീടികേം. ആ. . . . ഒരു കണക്കിനു വിറ്റേച്ചു പോയതും നന്നായി. ഇവിടെ മാനമായിട്ടു ജീവിക്കാന്‍ പറ്റ്വാര്‍ന്നോ?
ഓപ്പറേഷന്‍ തകരാറാണെന്നാ ഡോക്ട്ടറു പറഞ്ഞെ. ആള്‍ക്കാരു വിശ്വസിക്കോ?
മറിയക്കുട്ടീനേം പറയണ്ട. അവര്‍ക്കു കുടുംബ ജീവിതം ഒണ്ടാര്‍ന്നോ? കാര്യം അഞ്ചാറുപിള്ളേരൊക്കെ ഒണ്ടായി. പത്രോസിനു പിള്ളേരോടും സ്‌നേഹവില്ലാര്‍ന്നു. പിള്ളേരെ തെങ്ങേക്കെട്ടിയല്ലെ തല്ലിക്കൊണ്ടിരുന്നെ! ഇവിടത്താമ്പ്രന്നോന്‍ പോയി അവനെ വഴക്കും പറഞ്ഞഴിച്ചുവിടും.
എന്നാ പുള്ളേരു ഗൊണം പിടിച്ചോ? കെട്ട്യോളു ഗൊണം പിടിച്ചോ? തല്ല്യാലും കൊട്ട്യാലുവൊന്നും ആരും ഗൊണം പിടിക്കില്ല. കൊണം പിടക്കാനൊള്ളതാണെങ്കിലേ കൊണം പിടിക്കൂ.
ഇവിടത്താമ്പ്രന്നോനും ആദ്യം കുടിയല്ലാര്‍ന്നോ? എന്റെ പൊന്നേ, വൈകുന്നേരം കള്ളും ചാരായോം കുടിച്ചേച്ചുവന്ന് എന്നെ എന്തോരുവാ തല്ലിയേക്കണെ! കയ്യും കണക്കൂല്ല. അവസാനം വെള്ളറെങ്ങാതെയല്ലെ മരിച്ചത്. വായിക്ക്യാന്‍സറായിരുന്നു. ഇവിടത്താമ്പ്രാന്നോന്‍ കൂടി നിര്‍ത്തിയെപ്പിന്നെ മരിക്കുന്നതു വരെ കുടിച്ചിട്ടില്ല. മുറുക്കുവാര്‍ന്നു. മുറുക്കുകാരണാ വായിക്കാന്‍സറു വന്നേന്നാ ഡാക്കിട്ടറു പറഞ്ഞെ.
പക്കീരിം അന്നു പള്ളീലുവച്ചു സത്യം ചെയ്തതാ കുടിക്കൂല്ലാന്ന്. മൂന്നാലു മാസം കുടിച്ചില്ല. പിന്നേം അവന്‍ കുടിതൊടങ്ങി. കാളവണ്ടിം കൊണ്ട് നാടുനീളെ നടക്കുമ്പം കുടിയ്ക്കാതെ പറ്റൂല്ലന്നാ അവന്‍ പറഞ്ഞോണ്ടിരിക്കുന്ന ന്യായം.
അവന്റെ പുളുവടികേട്ടാ ആരും മയങ്ങിപ്പോവും.
ഒരീസം കാളവണ്ടീം കൊണ്ടു വരുമ്പം നേരം വെളുക്കാനായി കാളേന്മാരാണെങ്കി, വായീന്ന് പതേം ഒലിപ്പിച്ച് തളര്‍ന്ന അതൂങ്ങടെ വയറ് തണ്ടെല്ലോടൊട്ടിക്കിടക്കുന്നു.
കോരച്ചേട്ടനു സകിക്ക്വോ? അങ്ങേരു പുള്ളേരെപ്പോലെ നോക്കണ കാളേന്മാരല്ലെ! അന്നവിടെ നിന്നിറക്കി വിട്ടൂന്നാ കേക്കണേ.
അവന്‍ പറയണ ന്യായം കേക്കണം.
കാളവണ്ടിംകൊണ്ടു ലോഡെറക്കിയേച്ചു വരുമ്പം വഴീലൊരു മരം വീണു കെടക്ക്വാര്‍ന്നൂന്നോ, അതു വെട്ടി മാറ്റിച്ചിട്ടു വണ്ടിംകൊണ്ടു പോന്നപ്പം കാശെല്ലാം തീര്‍ന്നൂന്നോ. . .പക്കീരി ആരാ മോന്‍! അവന്‍ കള്ളു കുടിച്ചു കാണും
പിന്നെയാ അവന്‍ കൂലിപ്പണിക്കുപോവാന്തൊടങ്ങിയെ. അതുകൊണ്ടു വല്ലോം അവനു കുടിക്കാന്‍ തെകയുവാര്‍ന്നോ? പിന്നെ സലം വിറ്റു കുടിതൊടങ്ങി. പത്തുസെന്റു ചുമ്മാരിനു കൊടുത്തു. അതിന്റെ കാശു തീര്‍ന്നപ്പം പത്തു സെന്റു ഓനച്ചനു കൊടുത്തു. അങ്ങനെ സലം മക്കവാറും വിറ്റു മുടിച്ചു. മറിയക്കുട്ടിക്കു ഗര്‍ഭോണ്ടെന്നു കേട്ടപ്പം പിന്നെ നാട്ടിലും നിക്കാമ്മേലാണ്ടായി. അങ്ങനെയാ പെരേം ബാക്കിയൊള്ള സലോം വിറ്റേച്ച് നിലമ്പൂര്‍ക്കുപോയേ.
ഒന്നും പറയാതിരിക്കുവാ ഭേദം. ഞാനൊരൂസം അവിടെപ്പോയതല്ലെ. എന്റെ ദൈവം തമ്പുരാനേ, എന്നാ കുന്നിന്റെ മോളിലാ വീട്, കറന്റൂല്ല, വെള്ളോല്ല. വെള്ളത്തിനാണെ രണ്ടുനാഴിക നടക്കണം. പേടിച്ചിട്ടവിടെയെങ്ങനെയാ കിടക്കണേന്നറിയില്ല!
പറമ്പിന്റരീന്നേ കാടല്ലെ! എന്നാ, വെറകെടുക്കാമ്പോലും വനത്തിക്കേറാന്‍ പറ്റൂല്ലാത്രെ. റിസേറു പോറസ്റ്റാന്നാ പറഞ്ഞെ. ഉള്ളില്‍ പോയാ പോറസ്റ്റുകാരു പിടിച്ചിടിക്കൂത്രേ. എന്നാലും പക്കീരി പോറസ്റ്റുകാരുടെ കുടെപ്പോകും കണ്ട മുയലിനേം പക്ഷീനേയൊക്കെ പിടിച്ചോണ്ടു വരൂന്നാ മറിയക്കുട്ടി പറഞ്ഞെ. അല്ലാതെ കൂലിപ്പണിയ്‌ക്കൊന്നും പോവാന്‍ പറ്റൂല്ലാര്‍ന്നൂന്ന്.
മറിയ്ക്കുട്ടീനെക്കാണണം, എല്ലരിച്ചിരിക്കുണു. മൂത്ത രണ്ടാമ്പിള്ളേരും കൂലിപ്പണിക്കു പോവാറുണ്ടെന്നാ പറഞ്ഞെ. ആ തത്തപ്പെണ്ണിന്റെ കാര്യം ചോദിച്ചപ്പോ മറിയക്കുട്ടി അങ്കപ്പൊഴുകാലെ കരഞ്ഞു. എന്റോടേ തമ്പുരാനേ, അതു തൂങ്ങിച്ചത്തില്ലേ? ഞാനിതൊന്നും അറിഞ്ഞോണ്ടല്ല ചോദിച്ചത്.
നാട്ടുകാരു പറയണത് ചാവുമ്പം മൂന്നുമാസം ഗര്‍ഭോണ്ടാര്‍ന്നൂന്നാ. ആരാണ് ആങ്ങളച്ചെറക്കന്‍ ചോദിച്ചപ്പൊ പെണ്ണ് ദേഷ്യപ്പെട്ട് നീയല്ലേടാന്നു ചോദിച്ചുത്രേ. ആ ചേറുക്കന്‍ ആപ്പപ്പോയി വെഷം കഴിച്ചു ചത്തു.
ഒരു ചെറുക്കന്‍ വീട്ടിലൊന്നും കൊടുക്കൂല്ലന്നാ കേട്ടെ. അവനോടാരു ചോദിക്കാനാ. പത്രോസിനു വയസ്സായില്ലെ. മറിയക്കുട്ടി ചോദിച്ചാ അവന്‍ വകവയ്ക്കുവോ? അവളേം തെറീം പറഞ്ഞിട്ട് വീട്ടിലൊള്ളതു കൂടി എടുത്തോണ്ടു പോകൂന്നാകേട്ടേ.

പത്രോസ്സെത്ര തല്ലീതാ ചെറുപ്പത്തില്?
എന്നിട്ടു ഗൊണം പിടിച്ചോ? ഒക്കെ ഓടേ തമ്പുരാന്‍ നിശ്ചയിക്കണപോലെ വരൂന്നിതാ പറയണെ.
പത്രോസിനെന്നെ വല്ല്യകാര്യാര്‍ന്നു. എന്നാ വിശേഷവെന്റേലമ്മച്ചേടത്തിയേന്നും പറഞ്ഞവനോടിവന്നു. അവന്റെ കോലം കണ്ടാ സകിക്കൂല്ല. എനിക്കു കരച്ചിലു വന്നു ഞാങ്കരണ കണ്ടപ്പം അവനും കരഞ്ഞു. ഞങ്ങളിവിടെ ഒരേ പെരേപ്പോലെ കഴിഞ്ഞതല്ലെ.
രണ്ടീസം താമസിച്ചിട്ടു പോയാമതീന്ന് മറിയക്കുട്ടിക്കൊരേ നിര്‍ബ്ബന്തം. അത്താഴം വെയ്ക്കാനരിയില്ലാര്‍ന്നു. കപ്പ പുഴുങ്ങി മീങ്കറീം ഒണ്ടാര്‍ന്നു. പത്രോസെവിടെനിന്നോ പിടിച്ചോണ്ടുവന്നതാന്നു പറഞ്ഞു. മൂന്നു നേരോം കപ്പയാ.
ഞാഞ്ചെന്നതല്ലേന്നും പറഞ്ഞ് അരീം സമാനോം മേടിക്കാന്നു പറഞ്ഞതാ. ഞാനാ പറഞ്ഞത് വേണ്ടാന്ന് റേഷങ്കടേപ്പോവാനാണെങ്കി അഞ്ചെട്ടുനാഴികനടന്നു ടൗണിപ്പോണം. ഞാമ്പിറ്റേ ദിവസം പോന്നു. പോരാന്നേരം നൂറുറുപേം കൊടുത്തു. രൂപവേണ്ടാന്നവളൊരുപാടു പറഞ്ഞു.
ഇനിയെന്നാ കാണുന്നേന്റെലമ്മച്ചേടത്തിയേന്നും പറഞ്ഞ് അവളു കരയാന്തൊടങ്ങി. ഞങ്ങളൊരുപാടുനേരം കെട്ടിപ്പിടിച്ചു കരഞ്ഞു.
ഇപ്പൊ, അവരൊക്കെ അവടെയൊണ്ടോ ആവോ? കൊല്ലം പത്തു മുപ്പത്തഞ്ചായില്ലേ! പത്രോസ്സിന്റെ പെരയിരിക്കണേടത്തിപ്പം വാര്‍ക്കപ്പെരയാ. പറമ്പിന്റെ മൂലേല് രണ്ടു കാളിപ്പന കൊലയ്ക്കാറായി നിപ്പൊണ്ട്. ചെത്താന്‍ കൊടുക്കുവോ ആവോ! അല്ലെങ്കി, ആരുചെത്താനാ! അവിടെത്താമസിക്കണോരുവായിട്ടു ഞാനൊന്നും മിണ്ടാറൂല്ല, അവിടെപ്പോവാറൂല്ല.
*********
ഏലമ്മച്ചേടത്തിയുടെ തലച്ചോറില്‍ ഒരു കാളവണ്ടിവന്നു നിന്നു. കാളവണ്ടിയില്‍നിന്നും പത്രോസ് ചാടിയിറങ്ങുന്നത് നിഴലുപോലെ അവര്‍ കണ്ടു. അവര്‍ക്കു പേടിയായി. പറമ്പിന്റെ മൂലയില്‍ നില്ക്കുന്ന കാളിപ്പനേം, പനയില്‍ കള്ളുചെത്തുന്ന കുമാരനേം, അടുക്കള വരാന്തയിലിരുന്നു കറിയ്ക്കരിയുന്ന മറിയക്കുട്ടീനേം അവര്‍ കണ്ടു. അവരുടെ മനസ്സൊന്നു കാളി. പത്രോസിന്നേരത്ത് കാളവണ്ടീമായിവിടെ! പത്രോസിന്റെ കണ്ണില്‍ ആനാദിയായ കോപം തളം കെട്ടിനിന്നിരുന്നു. മറിയക്കുട്ടി പേടിച്ച് അടുക്കളയില്‍ കയറി ഒളിക്കുന്നതവര്‍ കണ്ടു കുമാരനെ നോക്കിപ്പത്രോസലറി.
''അണ്‍ഡ്രോറിടാതെയാണോടാ പട്ടി പനേക്കേറണത്?''
ആ അക്രോശം ഏലമ്മച്ചേടത്തിയുടെ തലച്ചോറില്‍ ഇടിമിന്നലായി. അവര്‍ പിറകോട്ടു മലച്ചുവീണ് അനന്തതയില്‍ കണ്ണും നട്ട് കിടന്നു.



ഒരു ശുഭാപ്തി വിശ്വാസിയുടെ ആത്മഹത്യ
വില്‍സന്‍ കുര്യക്കോസ
ഈയിടെയായി തനിക്കെന്തോ കുഴപ്പമുണ്ടെന്ന് ആയാള്‍ക്കു തോന്നിത്തുടങ്ങി. ഭാര്യ അയാളോട് അങ്ങനെ സൂചിപ്പിക്കുകയുമുണ്ടായി. നിങ്ങള്‍ ഇപ്പോള്‍ അകാരണമായി കോപിക്കുന്നു എന്തുപറ്റിയെന്ന് ഭാര്യ ചോദിക്കാറുണ്ട്, പിന്നെ അവള്‍ വിധിയെപ്പഴിച്ചുകൊണ്ടിരിക്കും.
താന്‍ പണ്ടത്തെതിനേക്കാള്‍ ഉദാസീനനായി എന്ന് അയാള്‍ക്കും തോന്നിത്തുടങ്ങി. എപ്പോഴും ഉറങ്ങാന്‍ തോന്നുന്നു. ഉറക്കം വരാന്‍ എന്താണു മാര്‍ഗ്ഗമെന്ന് അയാള്‍ ചിന്തിച്ചു തുടങ്ങി. ഉറക്കം തൂങ്ങിയിരിക്കുന്ന ആള്‍ക്ക് ആരും ഉറക്ക ഗുളിക കൊടുക്കില്ലല്ലൊ. അതുകൊണ്ട് ഡോക്ടറെ കാണാനുള്ള പദ്ധതി ഉപേക്ഷിച്ചു.
തനിക്ക് അസാധാരണമായി ഒന്നുമില്ലെന്ന് ഉറപ്പുവരുത്താന്‍ അയാള്‍ പലപ്പോഴും ശ്രമിച്ചുനോക്കി. എന്നാല്‍ നിസ്സാര കാര്യത്തിന് തന്നെ കുറ്റം പറയുകയും തന്നോട് കോപിക്കുകയും ചെയ്യുന്നുവെന്ന് ഭാര്യ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
ഒരു സ്വപ്നം കണ്ടതു മുതലാണ് താന്‍ അസാധാരണമായി പെരുമാറാന്‍ തുടങ്ങിയതെന്ന് അയാള്‍ക്കു തോന്നി. ആ സ്വപ്നം ആവര്‍ത്തിച്ചുകാണാനും തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ സ്വപ്നം വരുന്നതും കാത്ത് വെറുതെ കിടക്കാനും തുടങ്ങി. ഓഫീസില്‍ പോലും കണ്ണടച്ചിരുന്ന് സ്വപ്നത്തിനു വേണ്ടി കാത്തിരിക്കും.
സഹപ്രവര്‍ത്തകര്‍ പലപ്പോഴും എന്താ സ്വപ്നം കാണുകയാണോ എന്നു ചോദിക്കാറുണ്ട്. അപ്പോള്‍ തന്റെ ശ്രമം തിരിച്ചറിഞ്ഞതിലുള്ള ജാള്യതയോടെ ''നല്ല സുഖം തോന്നുന്നില്ല'' എന്നു പറയുകയാണ് പതിവ്.
അയാള്‍ അസുഖത്തിന്റെ മുഖം മൂടി അണിയാന്‍ ശ്രമിച്ചു ''എന്റെ കൈകള്‍ വേദനിക്കുന്നു, എനിക്കു നല്ല സുഖം തോന്നുന്നില്ല'' എന്നിങ്ങനെ ഭാര്യ കേള്‍ക്കെ പറഞ്ഞു തുടങ്ങി.
''നിങ്ങള്‍ക്ക് വെറുതെ തോന്നുന്നതാ'' എന്നു ഭാര്യ പരിഹസിച്ചു.
''സാര്‍, ഞാനൊരു സ്വപ്നം കാണുന്നു, എപ്പോഴും സ്വപ്നം കാണാന്‍ കൊതിക്കുന്നു എന്നോ മറ്റോ ഒരു ഡോക്ടറോട് പറയുന്നതിനെപ്പറ്റി സ്ങ്കല്പിച്ചു നോക്കി. വിദഗ്ധനായ ഒരു മനശാസ്ത്രജ്ഞനെപ്പോലും വിഷമിപ്പിക്കുന്നതായിരിക്കും ആ ചോദ്യം എന്നയാള്‍ക്കുതോന്നി. 'സുഹൃത്തേ, നിങ്ങള്‍ക്കൊരസുഖവുമില്ല, എല്ലാം നിങ്ങളുടെ തോന്നലാണ്' എന്നായിരിക്കും ഉത്തരം. ചിലപ്പോള്‍ വിചിത്രമായ ഒരു ഇംഗ്ലീഷു പദംകൊണ്ട് അസുഖത്തിന്റെ പേരും പറഞ്ഞെന്നിരിക്കും.
അതുകൊണ്ടാണ് അയാള്‍ സ്വപ്നത്തെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. ഒരു പക്ഷെ, തന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഈ സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ കിട്ടിയേക്കുമെന്ന് അയാള്‍ക്കു തോന്നി. സ്വപ്നങ്ങള്‍ വ്യഖ്യാനിച്ചു പഠിക്കുന്ന ചില വൈജ്ഞാനിക ശാഖകളെപ്പറ്റി അയാള്‍ കേട്ടിട്ടുണ്ട്. അയാള്‍ എന്നും ഒരേ സ്വപ്നം കാണുന്നു, സ്വപ്നം ഓര്‍ത്തിരിക്കുകയും വീണ്ടും കാണാന്‍ കോതിക്കുകയും ചെയ്യുന്നു.
അയാള്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്ത് പ്രേമിച്ചിട്ടുള്ള ഒരു പെണ്ണിന്റെ രൂപമാണ് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 'നിന്റെ കണ്ണുകള്‍ നീലത്തടാകമാണ്' നിന്റെ ചുണ്ടിലെ മാണിക്യക്കല്ലുണ്ട് എനിക്കു തരുമോ?' എന്നും മറ്റും പ്രേമലോലനായി അയാള്‍ അവളോട് പറഞ്ഞിട്ടുണ്ട്.
അതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് അയാള്‍ തീര്‍ച്ചപ്പെടുത്തി. ഇപ്പോള്‍ സ്വപ്നത്തില്‍ അവള്‍ സദാ കടന്നു വന്ന് സമനില തെറ്റിക്കുന്നതാണ് മനസ്സിലാകാത്തത്. ഏതായാലും അവളെപ്പറ്റികൂടൂതല്‍ ചിന്തിക്കുന്നതാണ് ഒരു പക്ഷെ സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കാന്‍ സാഹായിക്കുക എന്നും അയാള്‍ക്ക് തോന്നിത്തുടങ്ങി.
അതുകൊണ്ട് അയാള്‍ തന്റെ പ്രേമത്തെക്കുറിച്ചും അതിലെ നായികയെക്കുറിച്ചും ഓര്‍ക്കാന്‍ തുടങ്ങി. ഒരു വര്‍ഷമേ അവളെ പ്രേമിച്ചുട്ടുള്ളു. എങ്കിലും അവളെക്കുറിച്ചെല്ലാം അവള്‍ പറഞ്ഞിട്ടുണ്ടായിരുന്നു. സ്‌നേഹം പിടിച്ചുപറ്റാനാവാം, അവളുടെ അമ്മ പ്രസവത്തോടെ മരിച്ചതും അച്ഛന്‍ വേറെ വിവാഹം കഴിച്ചതും, അമ്മാവന്‍ അവളെ വളര്‍ത്തിയതും മറ്റും. . . ആലോചിച്ചപ്പോള്‍ അയാള്‍ക്കു വളരെ രസം തോന്നി. തന്റെ ഭാര്യയുടെ സ്ഥാനത്ത് അവളെ സങ്കല്പിച്ചു നോക്കി. ഉറക്കത്തില്‍ ഒരിക്കള്‍ അവളുടെ പേരെടുത്തു വിളിച്ചതായി ഭാര്യ പറഞ്ഞിരുന്നു. വളരെ കൗതുകമായ ഒരു പേരായിരുന്നു അവള്‍ക്ക്. അയാള്‍ അവളെ ഒരു പ്രത്യേക പേരിലാണ് വിളിച്ചിരുന്നത്. നീ ചേര്‍ത്തല കാര്‍ത്ത്യായനി ആണോ? എന്നോ മറ്റോ അയാള്‍ അവളെ കളിയാക്കിയിട്ടുമുണ്ട്. പിന്നെ അയാള്‍ കാര്‍ത്ത്യായനിയെന്നാണ് അവളെ വിളിക്കാണ്.
അവിടെയാണ് കുഴപ്പം ആരംഭിച്ചതെന്ന് തോന്നുന്നു. 'പ്രേമ ലോലര്‍ സ്വപ്നലോകം ചമയ്ക്കുന്നു' എന്നോ മറ്റോ അര്‍ത്ഥത്തിലുള്ള ഒരു കവിത വായിച്ചിട്ടുള്ളത് അയാളോര്‍ത്തു. ഈയിടെക്ക് ചില കവിതകള്‍ അയാള്‍ ഉറക്കെ പാടാനും തുടങ്ങിയിട്ടുണ്ട്.
ഒരിയ്ക്കല്‍ ഭാര്യ അയാളുടെ വായ് പൊത്തിപ്പിടിക്കുക പോലും ഉണ്ടായി.

സ്വപ്നത്തില്‍ കാര്‍ത്ത്യായനി തന്നെയാണ് പ്രത്യക്ഷപ്പെടുന്നതെന്ന് അയാള്‍ക്കുറപ്പായി. അടുത്തിടെ കണ്ട സ്വപ്നത്തില്‍ അവള്‍ തന്നോടെന്തോ പറയാന്‍ ഭാവിക്കുന്നുമുണ്ടായിരുന്നു. മറ്റൊരവസരത്തില്‍ അവള്‍ മാലാഖമാരോടൊത്ത് ഒരു കുഞ്ഞുമായി പ്രത്യക്ഷപ്പെട്ട് അയാളുടെ നേരേ കുട്ടിയെ നീട്ടുകയുമുണ്ടായി.
സ്വപ്നങ്ങള്‍ എപ്പോഴും അപ്രതീക്ഷിതമായി അവസാനിക്കുമായിരുന്നു 'തനിക്കു നേരേ നീട്ടിയ കുട്ടിയ്‌ക്കെന്തുപറ്റി? മാലാഖമാരോടൊത്ത് അവള്‍ എന്തു ചെയ്യുന്നു? എന്നൊക്കെ ആലോചിച്ച് അയാള്‍ വിഷമിച്ചു. ഒരു പക്ഷെ തന്റെ പ്രേമം അപ്രതീക്ഷിതമായി അവസാനിച്ചതു കൊണ്ടായിരിക്കാം. സ്വപ്നങ്ങളും അങ്ങനെയാകുന്നതെന്ന് അയാള്‍ക്കുതോന്നി.
സ്വപ്നങ്ങള്‍ക്ക് നൈരന്തര്യമായി ഒരു നീണ്ട കഥാ സ്വഭാവമുണ്ടായതായി അയാള്‍ കേട്ടിട്ടില്ല. സ്വപ്നങ്ങള്‍ അപ്രതീക്ഷിതമായി അവസാനിച്ചില്ലായിരുന്നെങ്കില്‍, ഇടമുറിഞ്ഞ് പോകാതിരുന്നെങ്കില്‍ അയാള്‍ക്ക് അസാധാരണത്വം ഒന്നുമുണ്ടാകുമായിരുന്നില്ല.
എന്തുതന്നെയായാലും ചില ടിവി സീരിയലുകളുടെ ആകാംക്ഷയും കൗതുകവുമാണ് സ്വപ്നങ്ങള്‍ ഉണ്ടാക്കുന്നതെന്ന് അയാള്‍ക്കു തോന്നി. അതുകൊണ്ടായിരിക്കാം അയാള്‍ കൂടുതല്‍ സ്വപ്നം കാണാന്‍ കൊതിച്ചത്. സ്വപ്നം കാണണമെങ്കില്‍ ഉറങ്ങണം. അയാള്‍ നിരുത്സാഹിയും ഉറക്കം തൂങ്ങിയുമായി മറ്റുള്ളവര്‍ക്കും തോന്നിയത് അതുകൊണ്ടായിരിക്കാം. അതോര്‍ത്തപ്പോള്‍ അയാള്‍ ഉറക്കെച്ചിരിച്ചു. നിങ്ങള്‍ ഉറക്കെച്ചിരിക്കുന്നതെന്തിനാണെന്ന് ഭാര്യ അയോളോടു ചോദിച്ചു തുടങ്ങി. അയാള്‍ പലപ്പോഴും ചിരിച്ചൊഴിയുകയാണ് പതിവ്. ചിരി ആരോഗ്യത്തിനു നല്ലതാണ് അതുകൊണ്ട് ചിരിച്ചു എന്നു പറയുകയായിരുന്നു കൂടുതല്‍ നല്ലതെന്ന് ഇപ്പോളയാള്‍ക്കു തോന്നി.
അങ്ങനെ ഉറക്കം തുങ്ങിയും ഉറക്കം അഭിനയിച്ചും അയാള്‍ക്കിപ്പോള്‍ ഉറക്കം വരാതെയായി.
''നിങ്ങള്‍ക്കൊരു ഡോക്ടറെക്കണ്ടുകൂടെ ഇപ്പോള്‍ തീരെ ഉറങ്ങുന്നില്ലല്ലോ'' എന്ന് ഭാര്യ അയാളെ ഉപദേശിച്ചു.
മഞ്ഞനിറത്തിലുള്ള ഈ ഗുളിക മൂന്നു നേരം ഓരോന്നും വെളുത്ത ചെറിയ ഗുളിക കിടക്കാന്‍ നേരത്ത് ഒരെണ്ണം വീതവും കഴിക്കാന്‍ ഡോക്ടര്‍ ഉപദേശിച്ചു. പക്ഷെ, ഓരോ രാത്രിയും ഉറങ്ങി സ്വപ്നങ്ങള്‍ മുറിഞ്ഞുപോയി തന്റെ കാര്‍ത്ത്യായനിയ്‌ക്കെന്തുപറ്റി എന്നറിയാതെ വരുന്നത് അയാളുടെ പ്രശ്‌നം സങ്കീര്‍ണ്ണമാക്കി. അതുകൊണ്ട് വെളുത്ത ഗുളികകള്‍ ഒന്നിച്ചു വിഴുങ്ങി അയാള്‍ ഇടമുറിയാത്ത സ്വപ്നത്തിനായി കാത്തു കിടന്നു.


2 comments:

  • കഥ പറയാന്‍ അറിയുന്ന വിത്സന്റെ രണ്ടു നല്ല കഥകള്‍ .. ആശംസകള്‍ ****

  • Anonymous says:
    February 9, 2011 at 9:33 PM

    nannayi parangirikkunnu...
    congrats...

    Baji Odamveli, Bahrain

Followers