___________________സന്തോഷ് പല്ലശ്ശന
സ്വന്തം പ്രണയത്തെക്കുറിച്ച് , കവിതയെക്കുറിച്ച്, എഴുത്തിന്റെ അപരിചിതമായ വഴികളിലൂടെ സഞ്ചരിക്കാന്‍ നിമിത്തങ്ങളായി കൂടെ വന്നവരെക്കുറിച്ച് മുംബൈയിലെ യുവകവി മനോജ് മേനോന്‍ പറഞ്ഞു തുടങ്ങുമ്പോള്‍ നഗരത്തിനു മീതെ മഴ നേരിയ ഒരു മൂടുപടം നെയ്തുകൊണ്ടിരിക്കുകയായിരുന്നു. തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന് കടലിന്റെ സാന്ത്വന വാക്കുകള്ക്ക് ചെവിചേര്ത്ത് ഉപ്പുകാറ്റിന്റെ മാസ്മര സ്പര്ശമേറ്റുവാങ്ങിക്കൊണ്ട് നഗര ജീവിതങ്ങള്‍ അലയുന്നു. ചാറ്റല്‍ മഴയെ അവഗണിച്ചുകൊണ്ട് പരസ്പരം പുണര്ന്ന് പുതിയ ജീവിത സ്വപ്നങ്ങളെ നൂറ്റെടുത്തുകൊണ്ട് കുറേ കമിതാക്കള്‍ കടല്ത്തീരത്തെ കല്മതിലില്‍ ഇരുപ്പുതുടര്ന്നു . പ്രണയം അസ്വസ്ഥമായ ഒരനുഭൂതിയായി മനോജിന്റെ കവിതകളില്‍ കാണാനാവും. മനോജ് ആദ്യമൊക്കെ എഴുതിയിരുന്നത് ഏറേയും പ്രണയകവിതകള്‍ ആയിരുന്നു. ജീവിതത്തില്‍ ആഘോഷിക്കാനാവാതെ പോയ സ്വന്തം പ്രണയത്തെ അതിഗാഢമായി കവിതയിലൂടെ തന്നിലേക്ക് ആവാഹിക്കുകയായിരുന്നു മനോജ്. പ്രണയത്തില്‍ നിന്ന് സമകാലിക ജീവിതത്തിന്റെ പുതിയ സമസ്യകളിലേക്ക് കണ്തുതറക്കുന്ന സ്വന്തം കാവ്യചിന്തകളുടെ സഞ്ചാരത്തെക്കുറിച്ച്, പൂര്ണ്ണതയിലേക്കുള്ള കവിതയുടെ അനുയാത്രകളെക്കുറിച്ച് മനോജ് പറഞ്ഞു തുടങ്ങി.
"സ്വന്തം അനുഭൂതികളുടെ പകര്ത്തി യെഴുത്തായിരിക്കും പലര്ക്കും ആദ്യകവിത. എനിക്കും ആങ്ങിനെതന്നെയായിരുന്നു". കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ വിര്പ്പു മുട്ടിയ പ്രണയത്തെ, സ്വന്തം വ്യക്തി ജീവിതത്തില്‍ കൊണ്ടാടപ്പെടാതെപോയ അതിന്റെ അനുഭൂതികളെ, ഞാന്‍ കവിതയിലൂടെ സാക്ഷാത്കരിക്കുകയായിരുന്നു. ഞാന്‍ ആദ്യം എഴുതുന്നത് പ്രണയത്തെക്കുറിച്ചായിരുന്നു.
എങ്ങിനെയാണ് എഴുത്തിലേക്ക് വരുന്നത് ?
ഞാന്‍ ജനിച്ച വീട്ടില്‍ സാഹിത്യവുമായി ബന്ധമുള്ള ആരുമില്ല. എന്റെ നാട്ടില്‍ ആകെയുള്ള വായനശാല ഞാന്‍ തുറന്നു കണ്ടിട്ടില്ല. പൊന്നാനി, മലയാള സാഹിത്യത്തിന്റെ തറവാടായിരുന്നു എന്നോര്ക്കുണം. ഇടശ്ശേരി, അക്കിത്തം, സി. രാധാകൃഷ്ണന്‍, ഉറൂബ് , പി. പി. രാമചന്ദ്രന്‍, മോഹനകൃഷ്ണന്‍ കാലടി തുടങ്ങി ഒട്ടേറെ എഴുത്തുകാര്‍ എഴുതി പേരെടുത്ത നാടാണ് പൊന്നാനി. ഇതില്‍ പലരും എന്നെ സ്വാധീനിക്കുന്നത് വളരെ കാലങ്ങള്ക്ക് ശേഷമാണ്. പി. പി. രാമചന്ദ്രന്‍ മാഷ് പഠിപ്പിക്കുന്ന എ വി ഹൈ സ്കൂളിലാണ് ഞാന്‍ പഠിച്ചത്. അന്നൊന്നും ഞാന്‍ മാഷിനെ ഒരു കവിയെന്നുള്ള നിലയ്ക്ക് കൂടുതല്‍ അടുത്തറിയാന്‍ എന്തുകൊണ്ടോ ശ്രമിച്ചില്ല. ഞാന്‍ സാഹിത്യത്തിലേക്ക് ആകൃഷ്ടനാവുന്നത് വളരെ യാദൃശ്ചികമായാണ്. പത്താം തരത്തില്‍ പഠിക്കവെ ഒരിക്കല്‍ വിജു നായരങ്ങാടി മാഷിന്റെ ക്ളാസ്സില്‍ വച്ചാണ് ഞാന്‍ ഒരു നിയോഗം പോലെ കവിതയെ അടുത്തറിയുന്നത്. വയലാറിന്റെ സര്ഗ്ഗ സംഗീതം എന്ന കവിത പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. എന്താണെന്നറിയില്ല ആ ക്ളാസ്സിനു ശേഷം സാഹിത്യത്തെ ഞാന്‍ വളരെ ഗൌരവമായി കാണാന്‍ തുടങ്ങി. പാഠ്യവിഷയബാഹ്യമായ പുസ്തകങ്ങളിലേക്ക് എന്റെ ശ്രദ്ധ തിരിയുന്നുതും ആ ക്ളാസ്സിനു ശേഷമാണ്.
എപ്പോഴാണ് ആദ്യമായി കവിത എഴുതുന്നത് ?
സത്യം പറഞ്ഞാല്‍ ഞാന്‍ കവിത എഴുതാന്‍ തുടങ്ങിയിട്ട് വെറും രണ്ടു വര്ഷമേ ആയിട്ടുള്ളു. മനസ്സില്‍ മാത്രം ഞാനെന്റെ കവിതകളെ എഴുതിയും മാച്ചും നാട്ടിലെ പഠനകാലം കഴിച്ചുകൂട്ടി. നാട്ടില്‍ വച്ച് ഒരിക്കലും ഞാന്‍ കവിതയെഴുതിയിട്ടില്ല. ഈ മഹാനഗരത്തിലെ ജീവിതം എന്റെ. നാടിനെ ഒരു ദൂരക്കാഴ്ച്ചയായി കാണിച്ചുതന്നു. മുംബൈയില്‍ വന്ന് പിന്നെയും അഞ്ചു വര്ഷത്തിനു ശേഷമാണ് ഞാന്‍ കവിത എഴുതിത്തുടങ്ങുന്നത്.
എഴുതിത്തുടങ്ങിയിട്ട് വെറും രണ്ടുവര്ഷമേ ആയിട്ടുള്ളു എന്നത് സത്യത്തില്‍ വിസ്മയിപ്പിക്കുന്ന ഒന്നാണ്. മനോജ് ഉപയോഗിക്കുന്ന കാവ്യ സങ്കേതങ്ങളും ബിംബങ്ങളും വെറും രണ്ടുവര്ഷം കൊണ്ട് വികസിപ്പിച്ചതാണെന്ന് അതിനര്ത്ഥതമാക്കേണ്ടതില്ല. നാട്ടിലെ സാഹിത്യാനുഭവങ്ങള്ക്കൊപ്പം കവിതയുടെ അനുയാത്രകള്‍ മനോജില്‍ ആരംഭിച്ചിരിക്കണം.
അതെ. മനസ്സില്‍ എന്നും കവിതയുണ്ടായിരുന്നു. അത് എഴുതുന്നത് മുംബൈയില്‍ ചേക്കേറിയതിനുശേഷമാണെന്നു മാത്രം. മലാഡിലെ ലൈബ്രറിയില്‍ നിന്ന് എന്നും പുസ്തകങ്ങള്‍ എടുത്ത് വായിച്ചിരുന്നു. ദൈര്ഘ്യ്മേറിയ, ഓഫീസിലേക്കുള്ള ട്രെയിന്‍ യാത്രകളില്‍ പുസ്തകങ്ങളായിരുന്നു എന്നും കൂട്ട്. പിന്നെ എപ്പോഴൊ ഓര്ക്കുട്ടിലെ ചില പ്രോത്സാഹനങ്ങള്ക്ക് വഴങ്ങി കവിതയിലേക്ക് വന്നു. ആദ്യമൊക്കെ ഞാനെഴുതുന്നത് കവിതയാണോ എന്ന സംശയങ്ങള്‍ ഉണ്ടായിരുന്നു. ഓര്ക്കുട്ടിലൂടെ എന്റെ കവിതയ്ക്ക ഒരുപാട് നല്ല അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും കിട്ടി. അന്നൊക്കെ എഴുതിയിരുന്നതില്‍ അധികവും പ്രണയകവിതകള്‍ ആയിരുന്നു. പ്രണയമല്ലാത്ത ഏതെങ്കിലും വിഷയത്തില്‍ കവിത പ്രസിദ്ധീകരിച്ചാല്‍ ഉടന്‍ അഭിപ്രായങ്ങള്‍ വരും "മനോജില്‍ നിന്ന് ഞങ്ങള്‍ പ്രണയകവിതകളാണ് പ്രതീക്ഷിക്കുന്നത്" എന്നൊക്കെയാവും പ്രതികരണങ്ങള്‍. വെര്ച്വപല്‍ വേള്ഡില്‍ എന്റെ കവിതകള്ക്കുകിട്ടുന്ന മധുരമൊഴികള്‍ എന്റെ എഴുത്തിനെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയൊ എന്നൊരു സംശയം എന്നില്‍ ഉടലെടുത്തുതുടങ്ങി. പിന്നെ പുതിയ സൌഹൃദങ്ങള്‍ ഉണ്ടാവുകയും സത്യസന്ധമായ വിമര്ശനങ്ങള്‍ നേരിടാനും തുടങ്ങിയതോടെയാണ് കവിതയെഴുത്തിന് പുതിയ ഒരു തലം ഉണ്ടാകുന്നത്.
ശുദ്ധ പ്രണയ കവിതകളില്‍ നിന്ന് രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളിലേക്ക് എപ്പോഴാണ് ചുവടുമാറിയത് ?
ഞാന്‍ വെറുതെ ചില പ്രണയ കവിതകള്‍ എഴുതുകയായിരുന്നില്ല. മറ്റുചിലരില്‍ പ്രണയം ഏല്പ്പിച്ച മുറിവുകളെ എന്റെ കവിതയില്‍ അടയാളപ്പെടുത്തുകയായിരുന്നു. ഇത്തവണ വേദിയില്‍ അവതരിപ്പിക്കുന്ന "ശിഷ്ടം" എന്ന കവിത അത്തരത്തില്‍ ഒന്നാണ്. അടുത്ത ഒരു സുഹൃത്തിന്റെ പ്രണയദുരന്തത്തെ എന്റെക കാഴ്ചപ്പാടിലൂടെ അടയാളപ്പെടുത്താനുള്ള ഒരു ശ്രമമായിരുന്നു "ശിഷ്ടം". ഒരു പ്രമേയത്തെ വ്യക്തമായി രൂപപ്പെടുത്തി ഞാന്‍ കവിത എഴുതാറില്ല. എന്റെ ജീവിതാനുഭവങ്ങളോടുള്ള സത്യസന്ധമായ പ്രതികരണമാണ് എന്റെ കവിത. "തിരച്ചില്‍", "ജൂഹുവിലെ സന്ധ്യ" തുടങ്ങിയ കവിതകള്‍ എന്നെത്തന്നെയുള്ള പകര്ത്തിയെഴുത്തുകളാണ്.
കവിതകളില്‍ മനോജ് പിന്തുടരുന്ന ശൈലിബദ്ധതകള്‍ വിസ്മയിപ്പിക്കുന്ന ഒന്നാണ്. നിയതമായ ഒരു ശൈലിയുടെ തടവുകാരനല്ല മനോജ് എന്നാണ് തോന്നുന്നത്. പലപ്പോഴും മനോജിന്റെ കവിതകളോട് വ്യക്തിപരമായി എനിക്ക് പല വിമര്ശനങ്ങള്‍ ഉണ്ടെങ്കില്പോലും ഒരു ശൈലിയിലും അടയിരിക്കാതെ മനോജ് എഴുതുന്ന എല്ലാ കവിതകളും ഒന്നിനൊന്ന് വ്യത്യസ്തമായാണ് അനുഭവപ്പെടുന്നത്. എന്താണിതിന്റെ സത്യം ?
ഒരേ ശൈലിയുടെ തടവുകാരനായി ജീവിതകാലംമൊത്തം ഒരേ രീതിയില്‍ കവിതകള്‍ എഴുതപ്പെടുന്നുണ്ടെങ്കില്‍ അത് അതെഴുതുന്ന ആളിന്റെ പരിമിതിയേയാണ് കാണിക്കുന്നത്. ഞാന്‍ എന്നും ഒരേ ശൈലിയില്‍ എഴുതാന്‍ ശ്രമിക്കാറില്ല. ഓരോ കവിതയും അതെഴുതുന്നതിന് തൊട്ടുമുമ്പുള്ള കവിതയില്‍ നിന്ന് വ്യത്യസ്തമാകണമെന്ന് എനിക്ക് നിര്ബന്ധമുണ്ട്. ഓരോ കവിതയിലും പുതിയ ശൈലിക്കുവേണ്ടി ധ്യാനിക്കുന്നത് സത്യത്തില്‍ ഒരു വെല്ലുവിളിയാണ്.
സച്ചിദാനന്ദണ്റ്റേയും, കെ. ജി. എസ്സിണ്റ്റേയും കവിതകള്‍ നമ്മള്‍ വായിക്കുമ്പോള്‍ അതില്‍ അവരുടെ മൌലികമായ കൈയ്യൊപ്പുകള്‍ നമ്മുക്ക് കണ്ടെത്താനാവും. ഇത്തരം ഒരു മൌലികത മനോജിനും ആവശ്യം വേണ്ടതല്ലെ. . . ? സ്വന്തമായി ഒരു സങ്കേതത്തെ വികസിപ്പിച്ചെടുക്കുന്നത് വലിയ കാര്യമല്ലെ?.
എന്റെ കവിതയില്‍ മൌലികതയുണ്ടൊ എന്ന് ഞാന്‍ പറയേണ്ട കാര്യമല്ല. അത് പറയേണ്ടത് വായനക്കാരനാണ്.
ശരിയാണ്. ഏതൊരു നല്ല കവിയെ എടുത്താലും അവരുടെ ശൈലിയില്‍ എഴുത്തിന്റെ തുടക്കം മുതല്‍ അവസാനഘട്ടം വരെ പലവികാസ പരിണാമങ്ങള്‍ കാണാന്‍ കഴിയും. ഉദാഹരണത്തിന് സച്ചിദാനന്ദന്റെ "ഇവനെക്കൂടി" എന്ന കവിത വായിച്ചിട്ട് ഇന്നത്തെ സച്ചിദാനന്ദനെ വായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്വന്തം ശൈലിയില്‍ ഒരുപാട് വികാസങ്ങളും പരീക്ഷണങ്ങളും പരിവര്ത്തനങ്ങളും ഉണ്ടായതായി കണ്ടെത്താന്‍ കഴിയും. ഞാന്‍ പറഞ്ഞു വരുന്നത് എഴുത്തുകാരന്റെ ശൈലിയെക്കുറിച്ചല്ല. സച്ചിദാനന്ദന്റെ കവിതയില്‍ അദ്ദേഹത്തിന്റെ സ്വന്തം ചില ബിംബങ്ങളെ കണ്ടെടുക്കാനാവും. അത് സച്ചിദാനന്ദനുമാത്രം കൊത്തിയെടുക്കാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ മൌലികമായ ബിംബങ്ങളാണ്. അതിനേയാണ് ഇവിടെ ഞാന്‍ മൌലികത എന്നതുകൊണ്ട് ഉദ്ദേശിച്ചത്.
പലശൈലീ വ്യത്യാസങ്ങള്ക്ക് ഞാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആത്യന്തികമായ എന്റെ ലക്ഷ്യം പുതുകവിതയില്‍ എന്റെ സ്വന്തം വഴി വെട്ടാനാണ്.
എഴുതാന്‍ തുടങ്ങിയിട്ട് രണ്ടു വര്ഷമായി എന്നു പറഞ്ഞുവല്ലോ. എഴുത്തിന്റെ ഈ രണ്ടു വര്ഷത്തെ തിരിഞ്ഞു നോക്കുമ്പോള്‍. . . .
ഒത്തിരി വളരാനും പഠിക്കാനുമുണ്ട്. ഒട്ടും വായനയില്ലാതിരുന്ന ഒരു കാലത്താണ് ഞാന്‍ കവിതകള്‍ എഴുതിത്തുടങ്ങുന്നത്. എന്നാല്‍ ഇപ്പോള്‍ വായന സജീവമാണ്. അതിന്റെ ഗുണപരമായ മാറ്റങ്ങള്‍ എന്റെ. കവിതകളില്‍ കാണാനുണ്ട്. ഓര്ക്കൂ്ട്ടില്‍ വന്ന ഒരു കവിത വായിച്ചിട്ട് മുംബൈയിലെ ഒരു യുവകവി ബി. എം. അജിത് കുമാര്‍ എന്നെ ഒരിക്കല്‍ ഫോണില്‍ വിളിച്ചു. അദ്ദേഹമാണ് എന്നെ മുംബൈ സാഹിത്യവേദിയിലേക്ക് ക്ഷണിക്കുന്നത്. പരിചയപ്പെട്ടതിന്റെ മൂന്നാം നാള്‍ ഞങ്ങള്‍ ഒരുമിച്ച് ഇടതുപക്ഷ ചിന്തകനും കവിയും നിരൂപകനുമായ ശ്രീ തിലകന്‍ സാറിനെ കാണാന്‍ ചെന്നു. അദ്ദേഹവുമായി ഞങ്ങള്‍ കുറേ സംസാരിച്ചു. പിന്നെ ഞങ്ങള്‍ ഒരുമിച്ച് മുംബയ് കവി ഡോ. ഹരികുമാറിനെ ചെന്നു കണ്ടു. സാഹിത്യ ചര്ച്ച്കള്‍ നടത്തി. ഇവരൊന്നും ഇങ്ങിനെ കവിതയെഴുതണം എന്നെന്നോടു പറഞ്ഞില്ല. പക്ഷെ പുതിയ ചില ദിശാബോധങ്ങള്‍ എന്നിലുണ്ടാക്കാന്‍ ഇവരുമായുള്ള സൌഹൃദങ്ങള്ക്കു കഴിഞ്ഞു.
പ്രണയ കവിതകള്‍ എഴുതിക്കൊണ്ടാണല്ലൊ തുടക്കം. പതുക്കെ പതുക്കെ ഉത്തരാധൂനിക സങ്കേതങ്ങളിലേക്കും ഗദ്യത്തിന്റെ പുതിയ സാദ്ധ്യതകളിലേക്കും കവിത തിടം വയ്ക്കുന്നതു കണ്ടു അതിനെക്കുറിച്ച്.. . .
ഞാന്‍ എഴുതിയ കവിതകളില്‍ നല്ല കവിതകള്‍ എല്ലാം എഴുതപ്പെട്ടിട്ടുള്ളത് ഗദ്യത്തിലാണ്. ഒരു തുടക്കക്കാരനായിട്ടുപോലും പുതുകവിതയുടെ ഫോര്മാറ്റിനെ ഉള്ക്കൊള്ളാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടായില്ല.
ഉത്താരാധൂനിക കവിതയെക്കുറിച്ച്. . .
ഉത്തരാധൂനിക കവിതയില്‍ നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങളുണ്ട്. ഡി.സി. ബുക്സ് പോലെയുള്ള വന്കിട പ്രസാധകരിലൂടെ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ട പുതുകവികളുടെ കവിതകളില്‍ മുപ്പത്തഞ്ചെണ്ണമെടുത്താല്‍ അതില്‍ കൊള്ളാവുന്നത് അഞ്ചോ എട്ടോ മാത്രമായിരിക്കും. ബാക്കി കവിതകള്‍ മൊത്തം ഗിമ്മിക്കായിരിക്കും. പുതിയ എഴുത്തുകാരെ സ്വാധീനിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നത് പലപ്പോഴും ഇത്തരം ഗമ്മിക്കുകവിതകളായിരിക്കും. എന്നാല്‍ ചുള്ളികാടിനെയും അയ്യപ്പനെയും പോലുള്ള നമ്മുക്കു തൊട്ടുമുന്പുള്ള തലമുറയുടെ കവികളില്‍ ഇത്തരം അപചയം കാണാനാവില്ല. പുതു കവിതകളുടെ ഒരു രീതി എന്നു പറയുന്നത് ഇത്തിരി നര്മ്മം, ദുരൂഹത, പിന്നെ അവസാന വരികളില്‍ ഒളിപ്പിച്ചു വച്ച ട്വിസ്റ്റ്. . . കഴിഞ്ഞു. . .. ഭൂരിപക്ഷം കവിതകളും വായനക്കാരന് ഒന്നും നല്കുന്നില്ല എന്നതാണ് ഇതിന്റെ ഒരു ദുരന്തം.
സാഹിത്യ വേദി എത്രമാത്രം താങ്കളിലെ കവിയെ സഹായിച്ചു?.
സാഹിത്യ വേദിയലൂടെ ഉടലെടുത്ത സൌഹൃദങ്ങള്‍ എന്നേയും എന്റെ കവിതകളേയും മെച്ചപ്പെടുത്തിയെടുക്കാന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. സത്യസന്ധവും നിശിതവുമായ വിമര്ശ്നങ്ങളാണ് സാഹിത്യവേദിയുടെ മുഖമുദ്ര. ബ്ളോഗ്ഗുകളില്‍ ഇത്തരം സത്യസന്ധമായ വിമര്ശ്നങ്ങള്‍ കാണാനാവില്ല. വേദിയില്‍ വരാന്‍ കഴിഞ്ഞതും സൃഷ്ടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതും ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. സാഹിത്യവേദിയോടും കണ്വീ്നര്‍ ചേപ്പാട് സേമനാദനോടും അകമഴിഞ്ഞ നന്ദിയുണ്ട്.
കവിതയിലൂടെ വളരെ ഹ്രസ്വമായ തന്റെ യാത്രകളെക്കുറിച്ച് പറഞ്ഞു നിര്ത്തുമ്പോള്‍ മനോജ് തന്നിലെ കവിയെ സ്വയം തൊട്ടറിയുകയായിരുന്നു. നരമാന്പോയണ്റ്റില്‍ നിന്ന് ഞങ്ങള്‍ തിരികെ നടക്കുമ്പോള്‍ മഴമേഘങ്ങള്ക്കിടയില്‍ നിന്ന് ചുവന്നു തുടുത്ത സൂര്യന്‍ കടലില്‍ മുങ്ങാന്‍ തുടങ്ങിയിരുന്നു. മനോജിന്റെ വരികള്‍ കടമെടുത്താല്‍ " സന്ധ്യയുടെ അവസാനതുള്ളി രക്തവുമൂറ്റി ദാഹം തീര്‍ത്തു വിറകൊള്ളുന്ന കടല്‍ "
പ്രിയപ്പെട്ട അക്ഷരസ്നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്ച്ചയില് ആഗസ്ത് മാസം ആദ്യ ഞായറാഴ്ച്ച യുവ കവി ശ്രീ മനോജ് മേനോന്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരള ഭവനത്തില് വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില് മുംബൈയിലെ പ്രമുഖ എഴുത്തുകാരും സാഹിത്യ ആസ്വാദകരും പങ്കെടുക്കും. പ്രസ്തുതപാരിപാടിയിലേക്ക് മുംബൈയിലെ എല്ലാ അക്ഷരസ്നേഹികളേയും വിനയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സ്ഥലം: മാട്ടുംഗ കേരളം ഭവനം
സമയം: വൈകുന്നേരം 6 മണി
തീയതി: ആഗസ്ത് 1, 2010 ഞായറാഴ്ച്ച
ചേപ്പാട് സോമനാദന്‍
കണ്‍വീനര്‍,
സാഹിത്യവേദി
മുംബൈയിലെ നരിമാന്‍ പോയന്റില്‍ വച്ച് മനോജ് മോനോനും മുംബൈ കവി സന്തോഷ് പല്ലശ്ശനയും ഒത്തുകൂടിയപ്പോള്‍ .......
ഇനിയും ഉയരങ്ങൾ കീഴടക്കാനായ് മാനോജിനു ഹൃദയപൂർവം ആശംസകൾ!
മനോജ് .......
വളരെ സന്തോഷം ....ഇനിയും ഒരുപാടു
അവസരങ്ങളും ...നല്ല ചിന്തകളും ,,എഴുത്തുകളും
ഉണ്ടാകട്ടെ ...ആശംസകള്‍
മനോജ് മേനോന് എല്ലാ ഭാവുകങ്ങളും നേരുന്നു..
മനോജ് നല്ല കവിതകള്‍ ഇനിയുമെഴുതട്ടെ ..
ആശംസകള്‍...
മനോജ് നല്ല കവിതകള്‍ ഇനിയുമെഴുതട്ടെ ..
ആശംസകള്‍...
വാക്ക്, തിരച്ചില്‍ എന്നീ കവിതകള്‍ കൂടുതല്‍ ബോധിച്ചു..എല്ലാ ആശംസകളും..
ആശംസകള്‍.. കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു...
Krishna
Best wishes!
എല്ലാ ഭാവുകങ്ങളും നേരുന്നു..
വളരെ നല്ല ഒരു അനുഭവം മനോജ് മേനോനും ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ആശസംകള്‍ ..... നന്ദി !!!!
Best Wishes Manoj!
This comment has been removed by the author.