(മുംബൈ സാഹിത്യവേദിയുടെ മാട്ടുംഗയില്‍ വെച്ചു നടന്ന പ്രതിമാസ ചര്‍ച്ചയില്‍ ‘മലയാളകവിതയിലെ രാധാമാധവസങ്കല്‍പം’ എന്ന വിഷയത്തെ അധികരിച്ച് യുവസാഹിത്യകാരന്‍ ജി.വിശ്വനാഥന്‍ അവതരിപ്പിച്ച പ്രബന്ധം.)
പിതാവിന്റെ വാക്ക് ചോദ്യം ചെയ്യാതെ അനുസരിക്കുകയും യുദ്ധങ്ങളിലും മൂല്യവിചാരങ്ങളിലും സമൂഹത്തിന്റെ പൊതുബോധത്തെ കാത്തുസൂക്ഷിക്കുകയുമായിരുന്നു രാമനെങ്കില്‍ പിതാവ് യൗവ്വനം ആവശ്യപ്പെട്ടപ്പോള്‍ നിഷേധിച്ച യദുവിന്റെ പിന്‍ഗാമിയായ കൃഷ്ണനാകട്ടെ പരമ്പരാഗത നിയമങ്ങളെ മറികടന്ന് പുതിയ വഴക്കങ്ങള്‍ക്ക് രൂപം നല്‍കുകയായിരുന്നു. ഒരാള്‍ എകപത്നീവ്രതക്കാരനും മറ്റയാള്‍ പതിനായിരങ്ങളുടെ പ്രണയഭാജനവും.
വേണുഗാനത്തിലൂടെ പശുക്കൂട്ടങ്ങളെ ത്രസിപ്പിക്കുന്ന ഗ്രാമീണന്‍ ചാട്ടവാറിലൂടെ കുതിരയെ നിയന്ത്രിക്കുന്ന തന്ത്രജ്ഞതയുടെ പരിവര്‍ത്തനമാണല്ലോ വൃന്ദാവന കൃഷ്ണനില്‍നിന്ന് ദ്വാരകാ കൃഷ്ണനിലേക്കുള്ള ദൂരം. പതിനാറായിരം പാല്‍ക്കാരിക്കന്യകമാരുടെ പ്രണയഭാജനമായും അത്രയുംതന്നെ രാജ്ഞിമാരുടെ ഭര്‍ത്താവുമാകുന്നു, പാലും പശുവും കാല്പനികതയും അടയാളപ്പെടുത്തുന്നു ഒരാളെങ്കില്‍, മറ്റയാള്‍ യുദ്ധവും രക്തവും അധികാരവും അടയാളമാക്കുന്നു. കാട്ടുതീയില്‍നിന്നും മഴക്കെടുതിയില്‍നിന്നും ക്രൂരജന്തുക്കളില്‍നിന്നും ഗ്രാമീണരെ രക്ഷിച്ചുപോന്ന കൗമാരധീരത, നഗരങ്ങള്‍ സൃഷ്ടിക്കുന്നതിലും അധികാരം നേടുന്നതിലും നിലനിറുത്തുന്നതിലും തന്ത്രം മെനയുന്ന സ്‌ട്രാറ്റജിസ്റ്റാവുന്നു. ഗ്രാമത്തിലേക്ക് മടങ്ങിയെത്താമെന്നു വാഗ്ദാനം നല്‍കിപ്പോയ രാധയുടെ മാധവന്‍, കുലമറ്റ് നിപതിക്കുന്നത് ഒരു സ്ത്രീശാപത്തിന്റെ ഫലമാണെന്നും ഓര്‍ക്കുക.
മഹാഭാരതം പുരുഷന്റെ ലോകമാണ് - യുദ്ധത്തിന്റെയും അധികാരത്തിന്റെയും കഥ. ഭാഗവതം, അമ്മമാരുടെയും പ്രണയിനിമാരുടെയും ലോകവും. ഉപാധികളില്ലാത്ത പ്രണയത്തിന്റെ വൈകാരികതയാണ് വൃന്ദാവന ഗോപികമാരുടേതെങ്കില്‍ സാമൂഹികമായ ചട്ടക്കൂടുകള്‍ക്ക് സ്വീകാര്യമാവുന്ന ബന്ധമാണ് പതിനാറായിരത്തെട്ട് രാജ്ഞിമാരും കൃഷ്ണനായ ഭര്‍ത്താവും പ്രതിനിധീകരിക്കുന്നത്. രാധ, മാധവന്റെ ഭാര്യയാവുന്നില്ല; അവള്‍ക്ക് കണവന്‍ വേറെയുണ്ടുതാനും. പക്ഷേ കൃഷ്ണന്‍ പൂര്‍ണ്ണനാവുന്നത് രാധയുടെ സാമീപ്യത്തില്‍ മാത്രം. രാധ നഷ്ടപ്പെട്ട കൃഷ്ണനില്‍ സംഗീതമില്ല. വേണുഗാനത്തിന്റെ അഭാവം പ്രണയത്തിന്റെ തിരോധാനമാണ്. രാധാമാധവ സംയോഗം, ഗ്രാമത്തിനു പുറത്ത് രാത്രിയുടെ ഏകാന്തയാമങ്ങളിലാണ് സംഭവിക്കുന്നത്. പാല്‍ക്കാരികളുടെ നൃത്തച്ചുവടുകളാണ് ഈ സംയോഗത്തിനു സംരക്ഷണം നല്കുന്നത്. ഇത് സമൂഹത്തിന്റെ കാഴ്‌ചയ്ക്കു പുറത്താണ്. ഹൃദയങ്ങളുടെ അനിവാര്യമായ തൃഷ്ണയെ പ്രതിനിധാനം ചെയ്യുന്നതും. സമൂഹത്തിന്റെ മുന്നില്‍ നിഷേധിക്കപ്പെടുകയോ അടിച്ചമര്‍ത്തപ്പെടുകയോ താഴ്ത്തപ്പെടുകയോ ചെയ്യേണ്ട ഒന്നാണിത്. രാധാകൃഷ്ണ സംയോഗത്തിനു കുട ചൂടുന്നത് പാല്‍ക്കാരികളായ കുമാരികളാണ്. ഇവിടെ പുരുഷലോകത്തിന്റെ സാമീപ്യമില്ലതന്നെ.
സുഗതകുമാരിയുടെ രാധ, `മഹാരാസി'ല്‍ കൃഷ്ണസംയോഗം നടത്തി രതിനിര്‍വൃതിയടയുന്നവളാണ്. എല്ലാം മറന്നോടിയെത്താതെ, നൂറായിരം പണികളില്‍ ജന്മം തളയ്ക്കുന്ന അവള്‍, പക്ഷെ കണ്ണന്റെ കുറ്റവാളിയിലെ മദദ്രുതതാളത്തെ കാതോര്‍ത്തിരിക്കുന്നവളാണ്. `മുടിയഴിഞ്ഞണിമലര്‍ക്കുലപൊഴിഞ്ഞൊരുനാളുമാടിയിട്ടില്ല' എന്ന ഖേദം, ആടാനുള്ള അടിച്ചമര്‍ത്തപ്പെട്ട ആഗ്രഹത്തിന്റെ ബഹിര്‍സ്ഫുരണം തന്നെയാണല്ലോ. പുരുഷാധിപത്യ ലോകത്തിന്റെ മൂല്യവിചാരങ്ങളെ ചോദ്യം ചെയ്യുമ്പോഴാണ്, പുരുഷലോകത്തെത്തന്നെ മുഴുവനായി പുറത്താക്കി ഭാഗവതത്തിലെ വൃന്ദാവന കുമാരിക, രാധാമാധവ സംയോഗത്തിന് ലാസ്യനൃത്തത്തിന്റെ കവചം തീര്‍ക്കുന്നത്. സുഗതകുമാരിയുടെ രാധയ്ക്ക് മറക്കാനാവാത്തത് പൊതുബോധം രൂപപ്പെടുത്തുന്ന മൂല്യങ്ങളെത്തന്നെയാണ്. ഇത് കവിസ്വത്വത്തിന്റെ അടയാളമുദ്രയാണ്.
സ്വന്തം സ്വത്വത്തെ ഉള്ളിലടക്കി ജീവിക്കുന്ന ഒരു രാധ ഇന്ത്യന്‍ സ്‌ത്രീയില്‍ നിലീനയായുണ്ട്. ``ഏതൊരു നാരിയും രാധികയല്ലുള്ളില്‍" എന്നു സുഗതകുമാരി. അടങ്ങാത്ത ആസക്തിക്ക് ഉടമയായ കാമിനിതന്നെയാണ് സുഗതകുമാരിയുടെ രാധ; പക്ഷേ നിലവിലുള്ള സാമൂഹിക സദാചാരത്തെ വെല്ലുവിളിക്കാനാവാത്ത കവിക്ക് പ്രണയത്തെ അലൗകികമായി നിലനിര്‍ത്തേണ്ടതുണ്ട്. ഭാഗവത രാധ, പുരികം ചുളിക്കുന്ന കണവനില്‍നിന്ന് വിമോചനം പ്രഖ്യാപിച്ചിരിക്കുന്നു. പുരികം ചുളിക്കുന്ന കണവനും കരയുന്ന പൈതലിനുമായി ജന്മം തളയ്ക്കുന്നു സുഗതകുമാരിയുടെ രാധ. പുരാണരാധയില്‍നിന്നുള്ള ഈ പുറകോട്ടുപോകല്‍ കവിസ്വത്വത്തിലേക്കുള്ള തക്കോലാണ്.
തോട്ടേക്കാട്ട് ഇക്കാവമ്മ, തെക്കേടത്ത് കല്യാണിക്കുട്ടിയമ്മ തുടങ്ങി പലരും കവിതാരംഗത്തെ സ്‌ത്രീസാന്നിദ്ധ്യം അറിയിച്ചിരുന്നെങ്കിലും സ്‌ത്രീസ്വത്വത്തിന്റെ ആവിഷ്കാരം മലയാള കവിത ആദ്യമായി ദര്‍ശിച്ചത് ബാലാമണിയമ്മയിലൂടെയാണ്. ബാലാമണിയമ്മയില്‍ രാധയുടെ പുരാവൃത്തം, പ്രാപഞ്ചിക സുഖങ്ങള്‍ ക്ഷണികമാണെന്നുള്ള കണ്ടെത്തലിലേക്ക് നയിക്കുകയാണ്. സുഗതകുമാരിയുടെ രാധയുടെ വീര്‍പ്പുമുട്ടലുകളോ വികാരങ്ങളോ ഈ രാധ പങ്കുവയ്ക്കുന്നില്ല. വ്യാവഹാരിക ദു:ഖങ്ങളില്‍നിന്നും പ്രാപഞ്ചികാസക്തികളില്‍നിന്നും രാധയെ മോചിപ്പിക്കുന്ന, അവള്‍ വിലയംകൊള്ളാന്‍ ആഗ്രഹിക്കുന്ന വിജ്ഞാനമാണ് ഈ രാധയ്ക്ക് മോഹനവേണുനാദം. വേണുഗാനത്തിന്റെ ദിവ്യാഹ്വാനം, രാധയെ സ്വന്തം ശരീരത്തില്‍നിന്നുകൂടി വിമോചിപ്പിക്കുന്നതാണ്. ബാലാമണിയമ്മയിലെ കാവ്യസ്വത്വത്തിന് രാധയെ ഇങ്ങനെ കണ്ടെത്തിയേ തീരൂ.
കരുണയാലാകെത്തളര്‍ന്ന ദിവ്യമാം സ്‌മിതത്തെ സായൂജ്യമാക്കി, പ്രണയത്തെ അലൗകികതയിലേക്ക് നാടുകടത്താനുള്ള സുഗതകുമാരിയുടെ ശ്രമം, ആസക്തിയുടെ തീവ്രനിമിഷങ്ങളില്‍നിന്നും രാധയെ കൃത്രിമമായി മോചിപ്പിക്കുക മാത്രമാണ്. പ്രണയത്തിന്റെ കടുംനിറം സ്വപ്‌നം കാണുന്നവളാണ് രാധ. കൃഷ്ണസവിധത്തില്‍ മുടിയഴിഞ്ഞണിമലര്‍ക്കുലപൊഴിഞ്ഞാടിത്തിമിര്‍ക്കാനാണവളുടെ ആസക്തി; കൃഷ്ണന്റെ നീലവിരിമാറില്‍ തലചായ്‌ച്ചു നിറയാനാണ് അവളുടെ ദാഹം. ഈ ദാഹത്തെ സ്വയം അടക്കാനാഗ്രഹിക്കുന്ന കവിസ്വത്വമാണ് കൃഷ്ണ നീയെന്നെ അറിയില്ല എന്നു ഖേദപ്പെടുന്നത്.
വാക്കുകള്‍കൊണ്ട് പ്രണയത്തിന്റെ വേണുഗാനം കേള്‍പ്പിച്ച ചങ്ങമ്പുഴയുടെ രാധ പ്രണയിക്കുന്നത് പ്രണയത്തെത്തന്നെയാകുന്നത് യാദൃശ്ചികമല്ല (വൃന്ദാവനത്തിലെ രാധ). തന്റെ പ്രണയമെന്നോണം പൂത്തുവിടരുന്ന ഹേമന്തരാത്രിയും യമുനയിലെ ഓളങ്ങളും രാപ്പാടിയുടെ പാട്ടും കോരിത്തരിക്കാന്‍ ഉഴറുന്ന കാറ്റും രാധയെ പ്രണയത്തിന്റെ നിര്‍വാണ തരംഗത്തിലേക്ക് എത്തിക്കുന്നു. ഇവിടെ കൃഷ്ണന്റെ പ്രത്യക്ഷ സാമീപ്യമേയില്ല. പ്രണയം തുളുമ്പുന്ന ഓടക്കുഴലിന്റെ വിദൂരനാദംപോലും കൃഷ്ണനെന്ന കാമുകന്റെ സാമീപ്യമല്ല ഓര്‍മ്മപ്പെടുത്തുന്നത്; പ്രണയത്തെത്തന്നെ പ്രണയിക്കുന്ന ഒരു കന്യകയുടെ മാനസികാവസ്ഥയെയാണ്. കൃഷ്ണസംഗമത്തിലോ സാമീപ്യത്തിലോ അല്ല ഇവിടെ സായൂജ്യം. സ്വന്തം വികാരങ്ങള്‍ തനിക്കു തോന്നിയപോലെ പാടിയ ചങ്ങമ്പുഴക്ക് പ്രണയത്തെ അലൗകിതയിലേക്ക് നിര്‍ബന്ധപൂര്‍വം നയിക്കേണ്ടതില്ല. രതി, ചങ്ങമ്പുഴക്കവിതയില്‍ രഹസ്യസാന്നിദ്ധ്യം അല്ലായിരുന്നുതാനും. ചങ്ങമ്പുഴയ്ക്ക് പ്രണയം രതിയിലോ ഭോഗാസക്തിയിലോ മാത്രമായി തളയ്‌ക്കാന്‍ കഴിയുന്നതുമായിരുന്നില്ല. ഇവിടെ ശരീരത്തെ നിഷേധിക്കുന്നതല്ല പ്രണയം. പക്ഷെ അത് കേവലം ഒരു ഇണയിലേക്ക് ഒതുങ്ങുന്നതുമല്ല.
`നാളെ വരാമെന്നോതി മധുരയ്ക്കു പോയ നാളീകലോചനനെ കാത്തു കാത്തിരുന്ന് താരുണ്യക്കടലിന്റെ വേലിയിറക്കം അനുഭവിക്കുന്ന രാധയെ ചിത്രമാക്കിയപ്പോഴും, `കന്യമാര്‍ക്കു നവാനുരാഗങ്ങള്‍ കമ്രശോണ സ്ഫടിക വളകള്‍' എന്നു വിശ്വസിച്ച വൈലോപ്പിള്ളിക്ക്, ഒരു സ്‌ത്രീഹൃദയവുമായി പൂര്‍ണ്ണ താദാത്മ്യം സാധ്യമാവുമായിരുന്നില്ലെന്നു തോന്നുന്നു. പുരുഷകാമനയിലെ വിടത്വത്തെ ആത്മപരിഹാസംകൊണ്ട് വിചാരണ ചെയ്യാന്‍ കഴിഞ്ഞ കവിക്ക്, പക്ഷേ ചങ്ങമ്പുഴയപ്പോലെ സ്ത്രൈണസ്വത്വത്തെ ഉള്‍ക്കൊള്ളാനായില്ല.
ലൈംഗികതയും ആത്മീയതയും കലാസൗന്ദര്യവും ഒന്നായിത്തീരുന്ന അനുഭവം-അങ്ങനെയൊരു പ്രണയസങ്കല്പം രാധാകൃഷ്ണപ്രണയം ഉള്‍വഹിക്കുന്നുണ്ട്.
`സത്യമാമതിനോടു
സര്‍വാത്മസൗന്ദര്യശ്രീ-
സത്താം നീ സമ്മേളിപ്പ-
തല്ലയോ സാക്ഷാല്‍ കല`
എന്ന് രാധാകൃഷ്ണസംഗമത്തിന്റെ ചിത്രം പി. കൃഷ്ണകുമാര്‍ `രാധാരമണ'നില്‍ വരച്ചുവയ്‌ക്കുന്നുണ്ട്. ഇവിടെ ശരീരങ്ങളുടെ ഉത്സവമുണ്ട്. സംഭോഗത്തിലുടെ എത്തിച്ചേരുന്ന ആനന്ദാനുഭൂതി, അദ്വൈതാനുഭൂതി തന്നെയാകുന്നു. `മെയ്യും മനവുമൊരദ്വൈതലഹരിയില്‍ നെയ്യുന്ന കൗശലം' എന്നാണു കവി, കൃഷ്ണനെക്കൊണ്ടുതന്നെ പറയിക്കുന്നത്. ബാലാമണിയമ്മ ശരീരോവത്സവങ്ങളെ പൂര്‍ണ്ണമായി തിരസ്കരിക്കുന്നു; അവിടെ ആനന്ദാനുഭൂതിയിലേക്ക് ഒരു വഴിയേയുള്ളൂ, അത് ജ്ഞാനമാര്‍ഗ്ഗമാണ്. പ്രേമത്തിന്റെ പരകോടി ശരീരബാഹ്യമാണ് എന്ന വീക്ഷണം ബാലാമണിയമ്മ പങ്കുവയ്‌ക്കുന്നുണ്ടാവണം.
ഭാരതീയ സ്‌ത്രീത്വത്തിന്റെ ഉത്തമനിദര്‍ശനമെന്നു ഘോഷിക്കപ്പെടുന്ന സീത നമ്മുടെ കാവ്യഭാവനയില്‍-പ്രത്യേകിച്ച് സ്‌ത്രൈണ ഭാവനയില്‍ എന്തുകൊണ്ടാവണം കാര്യമായ പ്രതികരണം സൃഷ്ടിക്കാഞ്ഞത് ? തികഞ്ഞ അരാജകത്വം നടമാടിയിരുന്ന പതിനാറാം നൂറ്റാണ്ടിലെ കേരള സമൂഹത്തില്‍ മര്യാദാപുരുഷോത്തമനായ രാമനെത്തന്നെ അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു എഴുത്തച്ഛന്. ഒരു പണത്തിനു ശരീരം വില്‍ക്കാന്‍ തയ്യാറുള്ള സ്‌ത്രീകള്‍ നിറഞ്ഞതെന്ന് സഞ്ചാരികളാല്‍ വിശേഷിപ്പിക്കപ്പെട്ട സമൂഹത്തിനു മുന്നിലാണ് `പതിവ്രതാരത്ന'മായ സീത കാവ്യഭാവനയിലൂടെ പുനഃസൃഷ്ടിക്കപ്പെട്ടത്. നമ്മുടെ നവോത്ഥാന ഘട്ടത്തിന്റെ തുടക്കത്തില്‍ത്തന്നെ രാമനെ കടുത്ത വിചാരണയ്‌ക്കു വിധേയനാക്കുന്ന സീതയെ കുമാരനാശാന്‍ സൃഷ്ടിച്ചു. പുരുഷന്മാരുടെ `ധീരമാന്യത'യ്ക്കു (ഭാര്യാത്യാഗം ചെയ്യുന്ന വീരന്‍ എന്നുള്ള മിഥ്യാഭിമാനം) നേരേ കടുത്ത വിമര്‍ശനമാണ് സീത നടത്തുന്നത്. സുപരിക്ഷിതമായ അനുരാഗമായിരുന്നു, സീതാരാമന്മാരുടേത്. `ശ്രുതി മന്ദാര മനോജ്ഞ പുഷ്പമായ് ക്ഷിതിയില്‍ സുഖമേകിനിന്ന അതിപാവനത'യെന്ന് വിവാഹത്തെ ഈ സീത വിശേഷിപ്പിക്കുന്നുമുണ്ട്. ഏകാപത്നീ വ്രതക്കാരനായ രാമനും സുപരിക്ഷിത രാഗത്തിലെ നായികയും പതിവ്രതാ രത്നവുമായ സീതയും ആശാനു ശേഷം, കാല്പനിക നവോത്ഥാന കവികളുടെ ഭാവനയെ ഏറെയൊന്നും ത്രസിപ്പിച്ചില്ല. ഇതെന്തുകൊണ്ടാവാം ? ആറാം നൂറ്റാണ്ടിലെ അരാജകത്വ സമൂഹത്തെ ഉടച്ചുവാര്‍ക്കുന്ന ദൗത്യമായിരുന്നു, അധ്യാത്മ രാമായണത്തിന്റെ പ്രചരണം സാധിച്ചത്. തുടര്‍ന്ന് വിക്ടോറിയന്‍ സദാചാര സങ്കല്പങ്ങള്‍ കൂടി ചേര്‍ന്ന് രൂപപ്പെടുത്തിയ വിശ്വാസങ്ങളുടെ മേലെയാണ് കാല്പനിക കവിതയുടെ പിറവി. കവിതയ്‌ക്ക് അതേസമയം പൊതുബോധത്തിന്റെ ഏകതാനുകതയ്‌ക്കു നേരേ കലാപം നടത്താതെയും വയ്യ. ഇവിടെ, പാരമ്പര്യഭഞ്ജകനായ കൃഷ്ണനു രാമനുമേല്‍ ഭാവനാലോകത്ത് ഇടം കിട്ടിയേ തീരൂ. പതിവ്രതാ രത്നമായ സീത പൊതുബോധത്തില്‍ ആരാധ്യയായി നിറയുമ്പോഴും ആസക്തി നിറയുന്ന ഉള്ളറയില്‍ കാമിനിയായ രാധയുമായി താദാത്മ്യം പ്രാപിക്കുകയായിരുന്നു സ്ത്രീഭാവന. ഏതൊരു നാരിയും രാധികനിയുള്ളില്‍' എന്നു സുഗതകുമാരി. വര്‍ത്തമാന പീഡിത സ്‌ത്രീത്വത്തെ ആവിഷ്കരിക്കാന്‍ ഭ്രഷ്ടയായ സീതയെ മുന്‍നിറുത്തുമ്പോഴും (പാദപ്രതിഷ്ഠ) ഈയൊരു താരതമ്യപ്പെടല്‍ അവിടെ ഉണ്ടാവുന്നില്ല.
പൊതുബോധത്തെ - അത് പുരുഷബോധംതന്നെയാണല്ലോ - പ്രകടമായി ചോദ്യം ചെയ്യുന്ന ഒന്നായി ഇത്തരം ആവിഷ്കാരങ്ങള്‍ സുഗതകുമാരിയില്‍ പരിണമിക്കുക വയ്യ. പുരുഷന്‍ എതിര്‍ത്തേക്കാവുന്ന വിഷയങ്ങള്‍ ഇവിടെ സ്വീകരിക്കപ്പെടുന്നില്ല. അതുകൊണ്ടാണ് രതി തൃഷ്ണകള്‍ ദിവ്യപ്രണയ ഭാവങ്ങള്‍കൊണ്ട് മറയ്‌ക്കപ്പെടേണ്ടിവരുന്നത്. അമ്പാടി വിട്ട് കണ്ണന്‍ നഗരവാസിയായതിനു ശേഷം രാധയ്ക്കെന്തുപറ്റിയെന്ന് സുഗതകുമാരി അന്വേഷിക്കുന്നുണ്ട് (രാധയെവിടെ?). രാധയുടെ തീവ്രവും ആര്‍ദ്രവുമായ പ്രണയത്തെ തൃണവല്‍ഗണിക്കാന്‍ കൃഷ്ണനെങ്ങനെ കഴിഞ്ഞു! വൃന്ദാവന കൃഷ്ണനില്‍നിന്ന് ദ്വാരകാകൃഷ്ണനിലേക്കുള്ള മാറ്റമാണ് ഇതിനുത്തരം. ദ്വാരകാകൃഷ്ണനു വന്നനുഭവിച്ച മാറ്റത്തില്‍, കൃഷ്ണന്‍ സ്വയം നടത്തുന്ന വിചാരണ ജി. ശങ്കരക്കുറുപ്പ് കാവ്യാനുഭവമാക്കിയിട്ടുണ്ട് (ഓടക്കുഴല്‍ തേടി).
എനിക്കിനിത്തിരഞ്ഞാലും
എന്നോടക്കുഴല്‍ കിട്ടുമോ ?
ചിരകാലത്തെ വേര്‍പാടില്‍
ചിതലായ് പോയിരിക്കുമോ?
ദില്ലിയില്‍ എം.പിയായി താമസിക്കുന്ന കാലത്തിന്റെ രചനയില്‍, രാധ ഒരു സൂചനയായിപ്പോലും കടന്നുവരുന്നില്ല. കൃഷ്ണനുമായി സ്വയം ഐഡന്റിഫൈ ചെയ്യേണ്ടിയിരുന്നു. ജിക്ക് രാധ വിഷയമാകാതിരുന്നത് സ്വാഭാവികം.
രാധയുടെ ഭാഗത്തുനിന്ന്,
`അവള്‍ രാഗമേകിയോള്‍ ഇടയനല്ലാ, രാജ
കുലജാതന്‍ എങ്ങള്‍ക്ക് ദൈവമല്ലോ
മുറുകില്ല പീതാംബരാഞ്ചലവും പാവ-
മവള്‍തന്‍ പരുത്ത ചേലാഞ്ചവവും'
എന്ന് കണ്ടെത്തുന്നു, സുഗതകുമാരി. എന്നാല്‍ കുടിലതയാര്‍ന്ന അധികാരപ്രമത്തതയുടെ കൈയില്‍ ആര്‍ദ്രപ്രണയം എങ്ങിനെ ഞെരിഞ്ഞമരുന്നു എന്ന കൃഷ്ണവിചാരണ കവി ഉള്ളില്‍ സൂക്ഷിക്കുന്നതേയുള്ളൂ. ഇതും കവിസ്വത്വത്തിന്റെ ഒരു പ്രത്യേകത തന്നെയാണ്. ``ഇത്ര കുടിലത്വമുണ്ടായൊരുത്തനെ പൃത്ഥിയിലെങ്ങുമേ കണ്ടീല കേശവാ" എന്ന് മറ്റൊരു സ്‌ത്രീയെക്കൊണ്ട് എഴുത്തച്‌ഛന്‍ നടത്തിയ വിചാരണ ഇവിടെ ഓര്‍ക്കുക.
ഇവള്‍ നിന്റെ പണ്ടത്തെ രാധ നീ കാണുകില്ലറിയിടെ യിവളെത്ര മാറി
ഇവള്‍ മാരിക്കില്ല, ഇവള്‍ക്കില്ല ശാന്തി...
എന്നിങ്ങനെ ഇന്ത്യന്‍ ജീവിതം തമസ്കരിച്ചുകൊണ്ടിരിക്കുന്ന സ്‌ത്രീത്വത്തിന്റെ പ്രതിനിധിയായി രാധയെ മാറ്റിയെടുക്കുന്നുണ്ടങ്കിലും പുരുഷാധിപത്യത്തിന്റെ പ്രതിനിധിയായി കൃഷ്ണന്‍ പ്രതിയാക്കപ്പെടുന്നില്ല. `അനുഭൂതിയുടെ വൃന്ദാവനത്തില്‍ വേട്ടപ്പട്ടിയെപ്പോലെ ചുറ്റിനടക്കുന്ന കൃഷ്ണാ നീയെന്നെ രാധയാക്കരുതേ!' എന്ന് സ്‌ത്രീപക്ഷത്തുനിന്ന് കൃഷ്ണനെ പരിഹസിക്കാന്‍ ചേപ്പാട് സോമനാഥന്‍ ശ്രമിച്ചിട്ടുണ്ട് (രാധയാക്കരുതേ). സ്‌ത്രീയെപ്പോലെതന്നെ പ്രകൃതിയും നേരിടുന്ന തമസ്‌കരണം ഏറെ കാവ്യവിഷയമാക്കിയ കവിയാണല്ലോ സുഗതകുമാരി. എന്നാല്‍ ചൂഷിതയായ ഭൂമിക്കുവേണ്ടി വിലപിക്കുമ്പോഴും ആധിപത്യശക്തികളെ വിചാരണ ചെയ്യുക അവരുടെ വഴിയാവുന്നില്ല. നാഗരികന്റെ അധികാരാവസ്ഥ (പീതാംബരാഞ്ചലം) യാണ് ഗ്രാമീണകന്യകയുടെ പ്രണയത്തെ ചവിട്ടിമെതിക്കുന്നതെന്ന് കണ്ടെത്തിയാലും സുഗതകുമാരിയുടെ രാധ ആഗ്രഹിക്കുന്നത്. `അറിയുന്നു നിന്നെ ഞാന്‍ അറിയുന്നു ഗോപികേ' എന്നൊരു മറുപടി മാത്രമാണെന്നും വരാം.
ഹൃദയം മാത്രം, എത്ര ദൂരം!
2 hours ago
ee prabandham apoornamaayi nilkunnu. prabandhakaaran bhaaratha sthree akath raadhayaayirikke seethayenna mootupatamaninju natakkukayaanennaano samarthhikkaan udhesichath! atho, sugathakumaari maamsabadhamaaya pranayamaanu bhaaratha sthreekk enn vilambaram cheyyunnu enno? paavam aadhunika vaayanakkaarikalkk onnum manasilaayilla.