മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, September 30, 2014

സി.പി. കൃഷ്ണകുമാര്‍ സാഹിത്യവേദിയില്‍ (സാഹിത്യവേദി 47ാം വാര്‍ഷികം)

|0 comments
പ്രിയ സുഹൃത്തുക്കളെ,
മുംബൈ സാഹിത്യവേദി അതിന്റെ 47 ാം വയസ്സിലേക്ക് കടക്കുകയാണ്; അതിന്റെ സമാനതകളില്ലാത്ത ചരിത്ര ഗരിമയിലേക്ക് ഒരു പൊന്‍തൂവല്‍കൂടി കൂട്ടിച്ചേര്‍ക്കുന്ന അഭിമാനനിമിഷം. അക്ഷരങ്ങളോടുള്ള സ്‌നേഹവും അര്‍പ്പണവും ഒന്നുകൊണ്ടുമാത്രം ഒരിക്കല്‍പോലും മുടങ്ങാതെ നടന്നു വന്ന സാഹിത്യവേദി പ്രതിമാസ ചര്‍ച്ചകള്‍ക്ക് ഈ വരുന്ന ഒക്ടോബര്‍ 5 ന് 47 വയസ് തികയുന്നു!!!. സാമ്പ്രദായികമായ ഒരു സംഘടനയുടെ ചട്ടക്കൂടൊ, അംഗത്വമൊ, വരിസംഖ്യയോ ഒന്നുമില്ലാത്ത ഈ കൂട്ടായ്മ മലയാള സാഹിത്യ ചരിത്രത്തില്‍ത്തന്നെ ഇടംപിടിച്ചിരിക്കുന്ന വേറിട്ടൊരു ഒരു സാഹിത്യ ചര്‍ച്ചാവേദിയാണ്.
എല്ലാ മാസത്തിലേയും ആദ്യ ഞായറാഴ്ചകളില്‍ നടക്കുന്ന വേദിയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ചകള്‍ മുംബൈയിലെ എഴുത്തുകാരുടെ ആന്തരിക ജീവിതത്തിലെ സര്‍ഗ്ഗാത്മക തൃഷ്ണകളെ സജീവമായി നിലനിര്‍ത്തുന്നതിന് പ്രചോനദനമാകുന്നു. അതുകൊണ്ടുതന്നെ മുംബൈ സാഹിത്യവേദിയുടെ ഈ വാര്‍ഷികാഘോഷം അക്ഷരങ്ങളെ സ്‌നേഹിക്കുന്ന ഓരോ മുംബൈ മലയാളിയുടേയും ആഘോഷമാണ്.

 
ഈ വരുന്ന ഒക്ടോബര്‍ 5ാം തീയതി മാട്ടുംഗ കേരളഭവനത്തില്‍ നടക്കുന്ന 47ാം വാര്‍ഷികാഘോഷം മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ ലളിതമായ രീതിയിലാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്.
ഒക്ടോബര്‍ 5ന് മുംബൈ മാട്ടുംഗ കേരള സമാജത്തില്‍ വൈകുന്നേരം 5 മണിക്ക് വേദിയുടെ പ്രതിമാസ ചര്‍ച്ചയോടൊപ്പം വളരെ ലളിതമായി ചടങ്ങില്‍ വേദിയുടെ 47 ാം വാര്‍ഷികാഘോഷവും നടക്കും.


ഇത്തവണത്തെ വാര്‍ഷിക ചര്‍ച്ചയില്‍ എസ്.കെ.പൊറ്റക്കാട് അവാര്‍ഡ് ജേതാവായ കഥാകാരന്‍ ശ്രീ സി. പി. കൃഷ്ണകുമാര്‍ അദ്ദേഹത്തിന്റെ ചെറുകഥകള്‍ അവതരിപ്പിക്കുന്നു. അഖ്യാനത്തിലും ആവിഷ്‌ക്കരണത്തിലും ഭാവുകത്വത്തിലും പുതിയ സമതലങ്ങള്‍ തേടുന്ന മലയാള ചെറുകഥാ സാഹിത്യത്തെക്കുറിച്ചുള്ള ഒരു സമഗ്രസംവാദമായി ഇത്തവണത്തെ ചര്‍ച്ചയെ മാറ്റിയെടുക്കാന്‍ നിങ്ങളെല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. എല്ലാ അക്ഷരസ്‌നേഹികളേയും ഈ ചര്‍ച്ചയിലേക്ക് വിനയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
 
സ്ഥലം: മാട്ടുംഗ കേരള സമാജം
തീയതി: ഒക്ടോബര്‍ 5, ഞായറാഴ്ച
സമയം: വൈകുന്നേരം 5 മണി


സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി


സി. പി. കൃഷണകുമാര്‍
ആധുനിക മനുഷ്യന്‍ അനുഭവിക്കുന്ന വിചിത്രവും ദുരന്തപൂര്‍ണ്ണവുമായ ജീവിതാവസ്ഥകളെ ഹൃദസ്പര്‍ശിയായി അവതരിപ്പിക്കുന്നതിലാണ് സി. പി. കൃഷ്ണകുമാറിന്റെ രചനാ വൈഭവം.  കേരളത്തിലെ സമകാലിക ചെറുകഥാ സാഹിത്യരംഗത്തെ എണ്ണപ്പെടുന്ന മുംബൈ കഥകാരന്മാരിലൊരാളാണ് ഈ പ്രവാസി എഴുത്തുകാരന്‍. അദ്ധേഹത്തിന്റെ ഏറ്റവും പുതിയ നോവലായ 'ഉയരങ്ങളിലേക്ക്' എസ്. കെ. പൊറ്റക്കാട് പുരസ്‌ക്കാരത്തിന് അര്‍ഹമായി. സ്വത്വം (നോവല്‍), സെല്യൂട്ട് (ചെറുകഥാ സമാഹാരം) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികള്‍.

സ്വദേശം ആലപ്പുഴ, ചങ്ങനാശ്ശേരി എസ്. ബി. കോളേജ്, മുംബൈ യൂണിവാഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നായി കോളേജ് വിദ്യാഭ്യാസം. മുംബൈ ജമന്‍ലാല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നിന്ന് മാനേജ് മെന്റില്‍ മാസ്‌റ്റേഴ്‌സ് ബിരുദം. ഇപ്പോള്‍ മുംബൈയിലെ ഇന്‍ഫ്‌ലൈറ്റ് സര്‍വീസ് മേഖലയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. താമസം വെര്‍സോവ, മുംബൈ.





കൃഷ്ണകുമാര്‍ വേദിയില്‍ അവതരിപ്പിക്കുന്ന കഥകള്‍




സല്യൂട്ട്
ജെയിംസ് ജോസഫിന് ഒരാഴ്ചത്തെ അവധി കൊടുത്തു.
കൂടാതെ ഖുറാനാ സാബുതന്നെ വളിച്ചു പറഞ്ഞ് ഇന്നലെ തിരുവനന്തപുരം ഫ്‌ളൈറ്റിനുള്ള ടിക്കറ്റും.
“അരേ ആപ് ക്യാ ബാത് കര്‍ത്താ ഹൈ”
“സച്ചി”
രമണ്‍ മല്‍ഹോത്രയും വൈങ്കിടാചലവും ചര്‍ച്ച തുടര്‍ന്നു.
വര്‍ഷങ്ങളായി അവധി എടുക്കാതെ പാഴാക്കിക്കളയുന്ന ജെയിംസ് പൊടുന്നനെ എന്തിനാണാവോ അവധിക്കു പോകുന്നത്. അവധി ചോദിച്ചാല്‍ ചാടിത്തിന്നാന്‍ വരുന്ന ഖുറാനാ സാബിന്റെ മനസ്സ് ഇത്രമേല്‍ അലിയാന്‍ എന്തുണ്ടായി.
ജെയിംസിന്റെ വല്യപ്പനും വല്യമ്മച്ചിയും മരിച്ചിട്ട് കാലം ഏറെയായി. അടുത്ത ബന്ധുക്കളെന്നു പറയാന്‍ ആരും നാട്ടിലില്ല. ജെയിംസിന് നാട്ടില്‍ വീടോ മറ്റു സ്വത്തുക്കളോ ഇല്ല. സരോജിനി നഗറിലെ ഫ്‌ളാറ്റുവാങ്ങാന്‍ അഡ്വാന്‍സ് കൊടുത്തത് അപ്പച്ചന്‍ നാട്ടില്‍ വാങ്ങിയ വീടും പറമ്പും വിറ്റ പണവും കൂടി ചേര്‍ത്തായിരുന്നു.
ഇടക്കിടയ്ക്ക് നാട്ടില്‍ പോയിക്കൊണ്ടിരുന്ന അപ്പച്ചന്‍ പാര്‍ലമെന്റ് മന്ദിരത്തിനടുത്ത് തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു. തീവ്രവാദികള്‍ കൊന്ന പട്ടാളക്കാരെപ്പോലെ മടക്കികൊടുക്കേണ്ടിവരുന്ന മരണാനന്തര മെഡലുകളൊന്നും അപ്പച്ചനു കിട്ടിയില്ല.
കഴിഞ്ഞ ഇരുപതു വര്‍ഷമായി, എവിടെന്നുപോലുമറിയാത്ത ഒരു മകനൊഴികെ ജെയിംസിന് രക്തബന്ധത്തില്‍പ്പെട്ടതായി മറ്റാരുമില്ല. അമേരിക്കയിലെവിടെയോ വെള്ളക്കാരിയായ ഭാര്യയോടൊത്ത് അവന്‍ സുഖമായി ജീവിക്കുന്നുണ്ടെന്ന് ജെയിംസ് വിശ്വസിക്കുന്നു. അവന്റെ എല്ലാ പിറന്നാളിനും പള്ളിയില്‍ മെഴുകുതിരി കത്തിക്കാന്‍ ജെയിംസ് മറക്കില്ല.
അവന്റെ അമ്മച്ചിയും വല്യമ്മച്ചിയും ഒരു ദീവാളിത്തലേന്ന് സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ ബോംബിന്നിരയായത് ലോകത്തെ എല്ലാ ടെലിവിഷനുകളിലും എത്രയോ നേരം കാണിച്ചതാണ്. എന്നിട്ടും ഒന്നു വരാനോ ഒന്നു ഫോണ്‍ ചെയ്യാനോ അവനു തോന്നിയില്ല. എന്നാലും, അവന്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ പറയുന്നത് ജെയിംസ് വിശ്വസിക്കുന്നില്ല.
ചിട്ടയുള്ള ജീവിത ശൈലിയും ജീവിതത്തിന്റെ ദുരന്തങ്ങള്‍ക്കുമുന്‍പില്‍ തോറ്റുപോകാതിരിക്കാനും പട്ടാള ജീവിതം പഠിപ്പിച്ചു. എങ്കിലും ചില ഏകാന്തവേളകളില്‍ ഹൃദയംപൊട്ടി കരഞ്ഞിട്ടുണ്ട്. തിരിക്കില്ലാത്ത ദിവസങ്ങളില്‍ പള്ളിയില്‍ പോകും. ആളൊഴിഞ്ഞ ദേവാലയത്തിലെ ആള്‍ത്താരയ്ക്കു മുന്നില്‍ മുട്ടുകുത്തിനിന്നു പ്രാര്‍ത്ഥിക്കും. ചിലപ്പോള്‍ പ്രാര്‍ത്ഥന കരച്ചിലായി മാറും. കമ്പ്യൂട്ടറില്‍ പത്രമാസികകള്‍ ലഭ്യമായതില്‍പ്പിന്നെ രാവിലെ ഓഫീസിലെത്തിയാലുടന്‍ മലയാളം പത്രം വായിക്കും. പത്രത്തിലെ ചരമപംക്തി മാത്രമേ ജെയിംസിന് വേണ്ടു. ജീവിച്ചിരുന്നപ്പോള്‍ ഒരു മാധ്യമത്തിലും കണ്ടിട്ടില്ലാത്ത പല പേരുകളും ആദ്യമായി പ്രത്യക്ഷപ്പെടുന്നിടം. പട്ടാളത്തില്‍വെച്ച് തുടങ്ങിയ ശീലം, വിമാനക്കമ്പനിയിലെത്തിയപ്പോഴും തുടരുന്നു.
പരിചയമുള്ള പേരുകള്‍ കാണുമ്പോള്‍ വിശദമായി വായിക്കും. തന്റെ ഗ്രാമത്തിലെ കേട്ടുപരിചയമുള്ള വീട്ടുപേരുകള്‍ക്കൊപ്പം ചേര്‍ത്തു വായിക്കുന്ന പേരുകളെ പരിചയമുള്ള മുഖങ്ങളുമായി ബന്ധപ്പെടുത്തി നോക്കും. മിക്കപ്പോഴും ഈ ശ്രമം പരാജയത്തില്‍ വന്നെത്തും.
വല്യപ്പനൊപ്പം നാട്ടില്‍ വളര്‍ന്നപ്പോള്‍ നാട്ടുകാര്‍ക്ക് ഞാന്‍ മത്തായി മാപ്ലയുടെ കൊച്ചുമോനായിരുന്നു. ജെയിംസ് എന്ന ലളിതമായ പേരു വിളിച്ചിരുന്നത് പള്ളിക്കൂടത്തിലെ അദ്ധ്യാപകന്‍ മാത്രം. പുറമ്പോക്കിലെ കുടിലില്‍ വളരുന്ന മെലിഞ്ഞു ചടച്ച ഈ പയ്യന്റെ പേര് കൃത്യമായിട്ടറിഞ്ഞിട്ട് നാട്ടുകാര്‍ക്ക് പ്രത്യേകിച്ച് യാതൊരു കാര്യവുമില്ലല്ലൊ? വല്ലപ്പോഴും നാട്ടില്‍ വന്നിരുന്ന അപ്പച്ഛനും അമ്മച്ചിയും നാട്ടുകാര്‍ക്ക് തീരെ പരിചിതരായിരുന്നില്ല.
ഡല്‍ഹി വിട്ട് നാട്ടില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചപ്പോഴാണ് അപ്പച്ചന്‍ പത്തു സെന്റു പറമ്പും പുരയും വാങ്ങിയത്. ജീവിതമത്രയും പുറമ്പോക്കിലെ കുടിലില്‍ താമസിച്ച വല്യപ്പന്‍ ഒരുപാടു സന്തോഷിച്ചതിനാലാണ് ഹൃദയാഘാതം വന്നു മരിച്ചത്. പട്ടാളത്തില്‍ ചെരാനായി നാടുവിട്ട താനും അധികം ഈ വീട്ടില്‍ താമസിച്ചിട്ടില്ല.
പട്ടാളത്തില്‍നിന്നും വിരമിച്ച് വിമാനക്കമ്പനിയിലെ ജോലിയുമായി താന്‍ ഡല്‍ഹിക്കു വന്നശേഷമാണ് അപ്പച്ചന്‍ നാട്ടില്‍ വാങ്ങിയ വീടുവിറ്റ് തന്നോടൊപ്പം താമസമായത്.
ഇന്നത്തെ ചരമപംക്തിയില്‍ പ്രഭുജിയുടെ പേരു വായിച്ചു. തന്റെ ബാല്യത്തില്‍ ഗ്രാമത്തില്‍ 'ജയ്ഹിന്ദ്' വിളിച്ചു നടന്ന ഒരേ ഒരാള്‍. ബ്രിട്ടീഷ് പട്ടാളവും തിരുവിതാംകൂര്‍ പോലീസും ചേര്‍ന്ന് അടിച്ചു നിലത്തിട്ടു ചവിട്ടിയപ്പോള്‍ മരിച്ചെന്നു കരുതി. പട്ടിക്കും കാക്കയ്ക്കും തിന്നാനായിട്ടുപേക്ഷിച്ച ശരീരം ചലിക്കുന്നത് ആദ്യം കണ്ടത് താനാണ്. വല്യപ്പന്‍ വെട്ടിത്തന്ന കരിക്കിലെ വെള്ളം പ്രഭുജിയുടെ വായിലൊഴിച്ചുകൊടുത്തു. ബോധം തെളിഞ്ഞപ്പോള്‍ ആദ്യം പറഞ്ഞത് 'വന്ദേമാതരം' എന്നായിരുന്നു.
രക്തം പുരണ്ട ത്രിവര്‍ണ്ണ പതാക, തോട്ടിലെ വെള്ളത്തില്‍ കുത്തിപ്പിഴിഞ്ഞിട്ട് വയലിന്റെ വരമ്പിലൂടെ സധൈര്യം നടന്നകന്ന പ്രഭുജി. സമ്പന്ന കുടുംബത്തില്‍, എല്ലാ സുഖങ്ങള്‍ക്കുമിടയില്‍ ജീവിക്കേണ്ട പ്രഭുജി എന്തിനാണീ കൊടിയും പിടിച്ചു തല്ലുകൊള്ളുന്നത്?
“കാലം നമ്മോട് ചിലതൊക്കെ ആവശ്യപ്പെടും. കാലത്തോട് മനസ്സുതുറന്നു പ്രതികരിക്കാന്‍ നമുക്കെല്ലാം കടമയുണ്ടെന്നും” പ്രഭുജി പറഞ്ഞു. അന്ന് തീരെ മനസ്സിലാവാത്ത വാക്കുകളുടെ അര്‍ത്ഥം ഇന്ന് ഉള്‍ക്കൊള്ളാന്‍ ശ്രമിക്കട്ടെ.
പട്ടാളത്തില്‍ ജോലിയുള്ളപ്പോള്‍ ഒരിക്കല്‍ നാട്ടില്‍ ചെന്നു. അന്ന് ചര്‍ക്കയില്‍ നൂലുനൂല്‍ക്കാന്‍ പഠിപ്പിക്കുന്ന പ്രഭുജിയെ കണ്ടു. പിന്നീടൊരിക്കല്‍ ചെന്നപ്പോള്‍ വിനോബാജിയുടെ ഭൂദാനപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായ പ്രഭുജിയെ കണ്ടു.
സര്‍ക്കാര്‍ ഭൂമി വ്യാജരേഖകളുണ്ടാക്കി സമ്പന്നരാവുന്നവരുടെ ഇടയില്‍ സ്വന്തം ഭൂമി പാവങ്ങള്‍ക്കു നല്‍കിയ പ്രഭുജി. മദ്യവര്‍ജ്ജനപ്രസ്ഥാനത്തിനിറങ്ങി കുറേപ്പേരുടെ കണ്ണിലും കരടായി. ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പിന്നെയും കലാപകാരിയായി ജയിലില്‍ പോയി.
താമസിക്കുന്ന വീടൊഴികെ എല്ലാം ദാനം ചെയ്തുകഴിഞ്ഞ സമയത്താണ് പ്രഭുജി സ്വാതന്ത്ര്യസമര പെന്‍ഷന് അപേക്ഷിച്ചത്. വിദേശികളില്‍നിന്ന് നാടിനെ മോചിപ്പിക്കാന്‍ സമരം നടത്തിയത് പെന്‍ഷനുവേണ്ടി രേഖകള്‍ ഉണ്ടാക്കാനായിരുന്നില്ലല്ലോ? മതിയായ രേഖകളില്ലാത്തതിനാല്‍ പ്രഭുജിക്കു സ്വാതന്ത്ര്യസമര പെന്‍ഷന്‍ നിഷേധിച്ചു.
പ്രഭുജിയെ പട്ടാളത്തിന് ഒറ്റുകൊടുത്തയാള്‍ മതിയായ രേഖകള്‍ ഹാജരാക്കി സ്വാതന്ത്ര്യ സമരപോരാളിയായി പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് ഗ്രാമത്തില്‍ മിക്കവര്‍ക്കും അറിയും.
പ്രഭുജിയെപ്പറ്റി പിന്നൊന്നും കേട്ടിട്ടില്ല. ചരമപംക്തിയില്‍ പ്രഭുജിയുടെ പേരു കണ്ടപ്പോള്‍ നാട്ടില്‍ പോയി അദ്ദേഹത്തിന്റെ മൃതദേഹത്തെ പ്രണമിക്കണം എന്ന് മനസ്സു പറഞ്ഞു. ഗാന്ധിജിയേയും തിലകനേയും നേതാജിയേയും കണ്ടിട്ടില്ലാത്ത താന്‍ കണ്ട വലിയ മനുഷ്യന്‍. മനസ്സിനെ വിലക്കാന്‍ ശ്രമിച്ചപ്പോള്‍, തന്റെ ഗ്രാമം കാണാനുള്ള അവസാന അവസരമാണിതെന്ന തോന്നല്‍ വല്ലാതെ ശക്തമായി. തന്നിലെ ഗ്രാമീണബാലനാണോ, തന്റെ ഉള്ളിലെ പട്ടാളക്കാരനാണോ അതോ താനെന്ന മനുഷ്യസ്‌നേഹിയാണോ ഇത്ര തിടുക്കത്തില്‍ തീരുമാനിച്ചത്.
ജെയിംസ് ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ മല്‍ഹോത്ര ചോദിച്ചു “ജയിംസ്ജീ, ഗാവ് മേം കുച് എമര്‍ജന്‍സി...?”
“ജി ഹാം. ഏക് നിധന്‍...'

“ഖാസ് രിസ്തദാര്‍...?”
ജയിംസ് ആണെന്നോ അല്ലെന്നോ പറഞ്ഞില്ല. രക്തബന്ധങ്ങള്‍ ബന്ധനങ്ങളാവാത്ത പ്രഭുജി, ബന്ധുവെന്ന ചെറിയ വാക്കിന് അതീതനല്ലേ...?
അതല്ലെങ്കില്‍ പ്രഭുജിയെ കാണാന്‍ എന്റെ മനസ്സു ശഠിക്കാന്‍ എന്താണു കാരണം?
വര്‍ഷങ്ങളായി മുഖത്തു വികാരങ്ങള്‍ പ്രകടമാവാത്ത ജെയിംസിന്റെ മുഖത്തെ പേശികള്‍ ഇന്നും പ്രത്യേക ചലനങ്ങളൊന്നും സൃഷ്ടിച്ചില്ല.
നിരത്തില്‍ ഒട്ടേറെ വാഹനങ്ങള്‍ ഓഫീസില്‍നിന്നും വീട്ടിലെത്താന്‍ ഒരു മണിക്കൂര്‍. ചെറിയ യാത്രകള്‍ക്കു പറ്റിയ ഒരു ബ്രീഫ്‌കേസില്‍ കുറച്ചു വസ്ത്രങ്ങള്‍ അടുക്കി. ഒഴിവുവേളകളില്‍ ജെയിംസിന്റെ തുണ പുസ്തകങ്ങളാണ്. നെല്‍സണ്‍ ഡിമിലയുടെ 'വൈല്‍ഡ് ഫയര്‍'ഉം ഡാന്‍ ബ്രൗണിന്റെ 'ഡിജിറ്റല്‍ ഫോര്‍ട്രസ്'ഉം ബ്രീഫ് കേസില്‍ ഇടംകണ്ടു.
എയര്‍പോര്‍ട്ടിലേക്കു പോകുമ്പോള്‍ താനറിയുന്ന നാട്ടിലെ, തന്നെ അറിയാത്ത ആളുകളെ കാണാന്‍ മനസ്സു തയ്യാറെടുത്തു. അഥവാ തന്നെ അറിയുന്ന ആരെയെങ്കിലും കണ്ടാല്‍ എന്തു സംസാരിക്കണമെന്നൊരു കാര്യം ജെയിംസ് ചിന്തിച്ചതേയില്ല.
വിമാനത്തിലിരുന്ന് താഴത്തെ ഭൂമിയെ നോക്കി. ചരിത്രാതീതകാലം മുതല്‍ മനുഷ്യസംസ്‌കാരം വികസിച്ച മണ്ണ്. ആദിശങ്കരനും, ബുദ്ധനും, ഗാന്ധിജിയും ജീവിച്ചു മരിച്ച കര്‍മ്മഭൂമി!
കര്‍ഷകന്റെ വിയര്‍പ്പു വീഴുമ്പോള്‍ പുളകിതയാകുന്ന മണ്ണ്. കടന്നു പോകുന്ന ഓരോ ഗ്രാമത്തിനും നഗരത്തിനും എത്രയോ സ്മരണകള്‍. ആരെല്ലാമോ അസത്യങ്ങള്‍ കുത്തിത്തിരുകിയ ചരിത്രപുസ്തകങ്ങളെ നാണിപ്പിക്കുന്ന സത്യത്തിന്റെ പല സാക്ഷ്യങ്ങള്‍ക്കു മുകളിലൂടെ പറക്കുമ്പോള്‍ ജെയിംസ് ഭാരതാംബയെ പ്രണമിച്ചു.
തിരുവനന്തപുരത്തെത്തി. ഹാന്റ് ബാഗു മാത്രമേ തന്റെ കൈയ്യിലുള്ളു. മറ്റുള്ളവര്‍ പെട്ടികള്‍ക്കും ബാഗുകള്‍ക്കുമായി ബെല്‍റ്റിനടുത്തു നില്‍ക്കുമ്പോള്‍ ജെയിംസ് എയര്‍പോര്‍ട്ടിനു പുറത്തിറങ്ങി. തന്റെ തൊട്ടുമുമ്പില്‍ നടന്ന ഒരു സംസ്ഥാന മന്ത്രി അദ്ദേഹത്തിന്റെ അനുയായികള്‍ എയര്‍പോര്‍ട്ടില്‍ വേണ്ടത്ര ആളുകൂട്ടി ഹാരാര്‍പ്പണം നടത്താത്തതിന് ദേഷ്യപ്പെടുന്നത് അല്‍പം ഉച്ഛത്തിലായിരുന്നു.
വിമാനത്താവളത്തില്‍ നിന്നും ബസ്സ്റ്റാന്റിലേക്ക് ഓട്ടോറിക്ഷയില്‍. അവിടെനിന്നും തന്റെ ഗ്രാമത്തിനടുത്തുള്ള പട്ടണം വരെ ബസ്. പിന്നെയും ഓട്ടോറിക്ഷയില്‍ തന്റെ ഗ്രാമം വരെ.
കവലയില്‍ ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി. പട്ടാളത്തില്‍വെച്ച് തന്റെ കമാന്‍ഡര്‍ സാബ് 'ഓര്‍ഗാനിക് ഗ്രോത്ത്' എന്ന പദപ്രയോഗം തങ്ങളോടും വിശദീകരിക്കാന്‍പെട്ട ഒരു ബുദ്ധിമുട്ട് ഓര്‍മ്മവരുന്നു. 'തന്റെ ഗ്രാമത്തിന്റെ വളര്‍ച്ചപോലെ' എന്നു പറഞ്ഞിരുന്നെങ്കില്‍ പിന്നെ കൂടുതലൊന്നും വിശദീകരിക്കേണ്ടായിരുന്നു. പണ്ടത്തെ ഊടുവഴികള്‍ അല്‍പമൊക്കെ വീതിയിലുള്ളതായി. ചിലയിടങ്ങളില്‍ കുറച്ചു ചെമ്മണ്ണ് വിതറിയിട്ടുണ്ട്. ചിലേടത്തൊക്കെ ഉറയ്ക്കാത്ത മണ്ണില്‍ ആരൊക്കെയോ ടാറു വിതറി പണം സമ്പാദിച്ചതിന്റെ അവശിഷ്ടങ്ങള്‍.
ആരോടും വഴിചോദിക്കാതെ പ്രഭുജിയുടെ തറവാടിനു മുന്‍പിലെത്തി. ആരൊക്കെയോ പത്തു പന്ത്രണ്ടാളുകള്‍. ബന്ധുക്കളോ നാട്ടുകാരോ ആവാം. മതില്‍ക്കെട്ടിലെ ഗേറ്റ് കടന്നു മുറ്റത്തുചെന്നു. ആരോ ഒരാള്‍ അടുത്തുവന്നു ചോദിച്ചു.

“യാത്ര സുഖമായിരുന്നല്ലോ?”
ജെയിംസ് 'ശരി'യെന്നു മൂളി.
“ശവം എടുക്കാമെന്നു വിചാരിച്ചപ്പോഴാണ് ഗേറ്റിനകത്തേക്കു വരുന്നത് കണ്ടത്” ജെയിംസ് പ്രതികരിക്കാതെ നിന്നു.
രണ്ടുമൂന്ന് ആളുകള്‍കൂടി അടുത്തുവന്നു.
“ഇതാ കോടിത്തോര്‍ത്ത്. പെട്ടി ഇവിടെ വെച്ചിട്ട് പെട്ടെന്നു കുളിച്ചുവന്നോളു.”
“ഞാന്‍...”
“ക്ഷീണം കാണുമെന്നറിയാം. എന്നാലും പെട്ടെന്നു വേണമല്ലോ”
“നിങ്ങള്‍ മറ്റാരെയോ...''
ജെയിംസിനെ സംസാരിക്കാന്‍ അനുവദിക്കാതെ അവര്‍ ചടങ്ങുകള്‍ തുടങ്ങി. ജെയിംസിനെ സ്വന്തം ശരീരത്തിലും മനസ്സിലും നിയന്ത്രണം ഇല്ലാ എന്നു തോന്നി.
പുഴയില്‍ മുങ്ങിക്കുളിച്ച് ഈറന്‍ തോര്‍ത്തുടുത്തു വന്നു. മറ്റുള്ളവരോടൊപ്പം പ്രഭുജിയുടെ മൃതദേഹം ചിതയിലേക്കെടുത്തു. എള്ളും പൂവും നീരും അര്‍പ്പിച്ചു. ചിതയ്ക്കു തീ കൊളുത്തിയശേഷം അല്‍പം അകലെ മാറിനിന്ന് ചിതയിലേക്കു നോക്കി. കാലത്തോടുള്ള ഈ മനുഷ്യന്റെ പ്രതികരണം ഇവിടെ തീരുകയാണോ?
ജെയിംസിനടുത്തെത്തി ഒരാള്‍ സംസാരം തുടങ്ങി. “വൃദ്ധസദനത്തിലായിരുന്നു. അവശതയാണെങ്കിലും എഴുന്നേറ്റു നടക്കാമായിരുന്നു. പെട്ടെന്നു വല്ലാതെ വന്നു. ആശുപത്രിയില്‍ ചെന്ന് ഒരു മണിക്കൂറില്‍ കൂടുതലായില്ല. എത്ര പെട്ടെന്ന് എല്ലാം... അവസാനമായി ആഗ്രഹം പറഞ്ഞു. എന്നോ വിറ്റുപോയ ഈ തറവാടിന്റെ പറമ്പില്‍, എത്രയോ വര്‍ഷം മുന്‍പൊരിക്കല്‍ കണ്ട അനന്തിരവന്‍ കൊള്ളിവെക്കണമെന്ന്. അനന്തിരവന്റെ അറിയാവുന്ന വിലാസത്തില്‍ കമ്പിയടിച്ചു. ഇപ്പോഴത്തെ വീട്ടുടമയോട് പറമ്പില്‍ ശവസംസ്‌കാരത്തിന് അനുവാദം ചോദിച്ചു. ആരോരുമില്ലാത്ത പ്രഭുജിക്കുവേണ്ടി നമ്മള്‍ നാട്ടുകാര്‍ക്ക് ഇത്രയൊക്കെയല്ലേ ചെയ്യാനാവു.”
ജെയിംസ് നിശ്ശബ്ദനായി കേള്‍ക്കുകയായിരുന്നു. നാട്ടുകാരന്‍ സംസാരം തുടര്‍ന്നു: “ഇടമുറിഞ്ഞു കര്‍മ്മം കഴിഞ്ഞാല്‍ നമുക്കു പിരിയാം. നാളെ രാവിലെ അസ്ഥി ഒരു കലശത്തിലാക്കി കൊണ്ടുപോയ്‌ക്കോളു. സാര്‍ ഉത്തരേന്ത്യയിലെങ്ങോ അല്ലേ? പറ്റിയാല്‍ അസ്ഥി ഗംഗയിലൊഴുക്കു”
'ശരി' എന്നൊരു വാക്കു മാത്രമേ ജെയിംസ് പറഞ്ഞുള്ളു.

ഇടമുറിഞ്ഞു കര്‍മ്മം കഴിഞ്ഞപ്പോള്‍ വീട്ടുടമസ്ഥന്‍ ജെയിംസിന്റെ അടുത്തുവന്നു. “മറ്റൊരവസരത്തിലായിരുന്നെങ്കില്‍ ഇന്നൊരു ദിവസം ഇവിടെ കൂടാമെന്നു പറഞ്ഞേനെ. കര്‍ക്കിടകമാസമല്ലേ. രാമായണം വായിക്കുമ്പോള്‍ ചില ശുദ്ധമൊക്കെ നോക്കാതെ പറ്റില്ലല്ലോ. നാളെ രാവിലെ വന്നോളു. ഞാനൊരു കലശത്തില്‍ നാലഞ്ച് അസ്ഥി എടുത്തുവെച്ചേക്കാം”
അടുത്തുനിന്ന മറ്റൊരു നാട്ടുകാരന്‍ സഹായിക്കാന്‍ മുന്നോട്ടുവന്നു.
“പട്ടണത്തിലെ ലോഡ്ജില്‍ മുറി കിട്ടും. ഒരു ദിവസത്തെ കാര്യമല്ലെയുള്ളു. കുറച്ചുകൂടി നല്ല മുറി വേണമെങ്കില്‍ ലോഡ്ജിനടുത്തുതന്നെയാണ് പുതിയ ത്രീസ്റ്റാര്‍ ഹോട്ടല്‍”.
“സാധാരണ ലോഡ്ജില്‍ താന്‍ താമസിച്ചുകൊള്ളാം” എന്നാണ് ജെയിംസ് മറുപടി പറഞ്ഞത്.
ശവസംസ്‌കാരത്തിനുടുത്ത തോര്‍ത്തുമാറി പാന്റും ഷര്‍ട്ടുമിട്ടു. കവലയില്‍ വരെ ഒപ്പം വന്ന നാട്ടുകാരിലൊരാള്‍, ഓട്ടോറിക്ഷാഡ്രൈവറോട്, തന്നെ പട്ടണത്തിലെ ലോഡ്ജില്‍ കൊണ്ടുവിടാന്‍ പറഞ്ഞു. വഴിക്കുവെച്ച് ഡ്രൈവര്‍ പറഞ്ഞു:
“കേട്ടോ സാറെ, പ്രഭുജി അനന്തിരവനെക്കൊണ്ട് ശവദാഹം നടത്തിക്കണമെന്നു പറഞ്ഞപ്പോള്‍, നടക്കാത്ത കാര്യമെന്നാണ് ഞങ്ങളെല്ലാം പറഞ്ഞത്. ഈ നാടു കണ്ടിട്ടില്ലാത്ത സാറിന്റെ മേല്‍വിലാസംപോലെ ശരിക്കറിയില്ലായിരുന്നു. പിന്നെ പോസ്റ്റോഫിസിലെ പൊന്നപ്പന്‍ സാറിന്റെ ഉത്സാഹം കൊണ്ടാണ് കമ്പി അടിച്ചത്. അങ്ങേര് കമ്പിയടിക്കാതെ, ആ കാശു വഹിച്ചെന്നുവരെയാണ് ആളുകള്‍ പറഞ്ഞുപരത്തിയത്”.
ലോഡ്ജിന്റെ മുറിക്കു നല്ല വലിപ്പമുണ്ട്. ഫാന്‍ വേഗത്തില്‍ കറങ്ങുന്നു. കര്‍ക്കിടകമാണെങ്കിലും മഴയുടെ ഒരു ലക്ഷണവുമില്ല. ജനല്‍പ്പാളികള്‍ തുറന്നിട്ട് കട്ടിലില്‍ കിടന്നു. ബ്രീഫ്‌കേസ് തുറന്ന് 'വൈല്‍ഡ് ഫയര്‍' പുസ്തകം പുറത്തെടുത്തു. പുസ്തകത്തില്‍ വായിച്ചുതീര്‍ന്ന പേജില്‍ അടയാളമായി വെച്ചിരിക്കുന്നത് കഴിഞ്ഞ റിപ്പബ്ലിക്ദിന പരേഡുകാണാന്‍ രാജ്പഥില്‍ പോയപ്പോള്‍ കിട്ടിയ ത്രിവര്‍ണ്ണപതാകയുടെ ബാഡ്ജാണ്. പുസ്തകം തുറന്നു വായന തുടര്‍ന്നു. ഉറക്കം വരുംവരെ.
രാവിലെ കുളിച്ചു തയ്യാറായി.
പ്രഭാത ഭക്ഷണം ലോഡ്ജിനടുത്തുള്ള നാടന്‍ ചായക്കടയില്‍. ബ്രീഫ്‌കേസും കൈയ്യിലെടുത്ത് ഗ്രാമത്തിലേക്ക്. ഓട്ടോറിക്ഷാഡ്രൈവര്‍ തന്റെ ഗ്രാമവാസിതന്നെ. അയാള്‍ ഒരു സംശയം ചോദിച്ചു:
“സാറെ ആരുമില്ലാതെ വൃദ്ധസദനത്തില്‍ കഴിഞ്ഞ പ്രഭുജി ശരിക്കും പണ്ടൊരു പ്രഭുവായിരുന്നെന്നു പറയുന്നത് സത്യമാണോ?”
“അങ്ങോര് പണ്ടും ഇപ്പോഴും ഒരു പ്രഭുതന്നെയാണെന്ന് എനിക്കുതോന്നുന്നു. സ്‌നേഹം അര്‍ഹിക്കാത്തൊരു സമൂഹത്തിനായി സ്വന്തം ജീവിതം കൊടുത്ത വലിയ മനുഷ്യന്‍”.
ഓട്ടോ ഡ്രൈവര്‍ ഒന്നു തിരിഞ്ഞുനോക്കി.

പ്രതീക്ഷിക്കാത്ത ഉത്തരം കേട്ട മുഖത്ത് ഒരു ഇളിഭ്യച്ചിരിയും.
പ്രഭുജിയെ അടക്കം ചെയ്ത വീടിന്റെ ഗേറ്റുകടന്ന് മുറ്റത്തെത്തി.
ഒരു സ്ത്രീ മുറ്റം തൂക്കുന്നു.
ജെയിംസിനെ കണ്ടിട്ടും അവര്‍ പണി തുടര്‍ന്നു.
“ഞാന്‍ അസ്ഥികലശം എടുക്കാന്‍ വന്നതാണ്”.
“ഇവിടുത്തെ സാറിന് ഹൃദയത്തിന്റെ അസുഖമായിട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. മാഡമറിയാതെ സാറു വലിഞ്ഞുകയറി സമ്മതിച്ചിട്ടാണ് ഇന്നലെ ആരോരുമില്ലാത്ത, ആ മൂപ്പിലാന്റെ ശവം ഇവിടുത്തെ പറമ്പില്‍ അടക്കിയത്. രാവിലെ അസ്ഥിയുടെ കാര്യം പറഞ്ഞാണ് ഭാര്യേം ഭര്‍ത്താവും കൊമ്പുകോര്‍ത്തത്. ഹൃദയം തുന്നിച്ചേര്‍ത്തിട്ടു ജീവിക്കുന്ന മനുഷ്യനാ. അങ്ങേര്‍ക്കു വല്ലോം പറ്റിയാല്‍ പിന്നെ.... സാറ് പെട്ടെന്ന് സ്ഥലം വിടാന്‍ നോക്ക്”.
“ഞാന്‍ ശവമടക്കിയിടം ഒന്നു കണ്ടോട്ടെ?” ജെയിംസ് ചോദിച്ചു.
“പെട്ടെന്നു കണ്ടിട്ടു പൊയ്‌ക്കോളു”. മുറ്റമടി തുടരുന്നതിനിടയില്‍ ആ സ്ത്രീ പറഞ്ഞു.
തീ കെട്ടടങ്ങിയ ചിതയ്ക്കരികത്ത് പൊട്ടിയ മണ്‍കലം. കലത്തിന്റെ കഷ്ണങ്ങള്‍ക്കുള്ളില്‍ ഏതാനും കരിഞ്ഞ അസ്ഥിശകലങ്ങള്‍. മുറ്റമടിക്കുന്ന സ്ത്രീ പറഞ്ഞ 'കൊമ്പുകോര്‍ക്കല്‍' ഇവിടായിരുന്നിരിക്കണം.
അല്‍പനേരം ജെയിംസിന് ഒന്നും ചിന്തിക്കാന്‍ പോലുമായില്ല.
പെട്ടെന്ന് ഇന്നലെ പുസ്തകത്തില്‍ പേജ് അടയാളമായി വെച്ച ബാഡ്ജ് രുപത്തിലുള്ള ദേശീയപതാക ഓര്‍മ്മവന്നു.
ജെയിംസ് ബ്രീഫ്‌കേസ് തുറന്നു. ബാഡ്ജ് കൈയ്യിലെടുത്തു. പട്ടാളക്കാരന്റെ അറ്റന്‍ഷന്‍ രീതിയില്‍ നിന്നു. മാര്‍ച്ചുപാസ്റ്റിന്റെ ചിട്ടയില്‍, മൂന്നു ചുവടു മുമ്പിലേക്ക്. കൈയ്യിലെ ബാഡ്ജ് രൂപത്തിലുള്ള ദേശീയ പതാക എരിഞ്ഞടങ്ങിയ ചിതയുടെ മുകളില്‍ വെച്ചു.
മൂന്നു ചുവട് പിന്നോട്ടു മാര്‍ച്ച് ചെയ്തു.
വലതുകൈ ഉയര്‍ത്തി വലതുപുരികത്തിനു മുകളില്‍വെച്ച് ഉച്ചത്തില്‍ പറഞ്ഞു:
“സെല്യൂട്ട്....”
ബ്രീഫ് കേസ് എടുത്തുകൊണ്ട്, ആ വീടിന്റെ ഗേറ്റിനു പുറത്തേക്കിറങ്ങുമ്പോള്‍ ജെയിംസ് തിരിഞ്ഞുനിന്ന് മൗനമായി പറഞ്ഞു:
“ആശുപത്രി കിടക്കയിലായ നല്ലവനായ വീട്ടുകാരാ നന്ദി”
കാലം നമ്മോട് ഇത്രയും മാത്രമാണോ ആവശ്യപ്പെടുന്നത് എന്നൊരു ചോദ്യവുമായി ജെയിംസ് ഗ്രാമത്തില്‍ നിന്നു മടങ്ങി.

_________________________________________________________________________________


എല്‍.ഇ.ഡി കളില്‍ തെളിയാത്തത്


വൃദ്ധ സദനത്തിലെ  വലിയ ഹാളില്‍ രണ്ടു ടെലിവിഷന്‍ സെറ്റുകള്‍ ഉണ്ട്.
ഒന്ന് അമ്പതിഞ്ചിന്റെ എല്‍.ഇ.ഡി സ്‌ക്രീനും അതിനൊപ്പമുള്ള ഹോം തിയേറ്റര്‍ സംവിധാനവും.
സീരിയലുകളും സിനിമയും കാണുന്ന വൃദ്ധകളാണ് ഈ ടെലിവിഷനു മുന്‍പില്‍ ഇരിക്കുക. സായാഹ്നം ആയാല്‍ മുപ്പതു പേരെങ്കിലും അവിടെ ഉണ്ടാവും. പ്ലാസ്റ്റിക് കസേരകള്‍ ഇരിക്കാന്‍ മാത്രമല്ല വൃദ്ധകളായാല്‍ കാല്‍ ഉയര്‍ത്തി  വയ്ക്കാനും കൂടിയാവാം എന്ന് അവരില്‍ ചിലര്‍. നടക്കാനാവാതെ ചക്രക്കസേരയില്‍ സഞ്ചരിക്കുന്നവരും ഒപ്പം കൂടും. ഇഷ്ട കഥാപാത്രങ്ങളെ പറ്റിയും അവര്‍ കടന്നു പോവുന്ന അവസ്ഥകളെ പറ്റിയും ഉള്ള ഇടവേളകളിലെ ഹ്രസ്വ ചര്‍ച്ചകള്‍ ആസ്വാദനത്തിന് കൊഴുപ്പു കൂട്ടും. ചിലപ്പോഴൊക്കെ സ്‌ക്രീനില്‍ കണ്ടതിനെ വെല്ലുന്ന വൈകാരികത അവരുടെ സംസാരത്തില്‍ ഉണ്ടാവും.
അതിനു നേരെ എതിര്‍ വശത്ത് ഏതാണ്ട് നൂറടി അകലത്തില്‍, മുപ്പത്തിരണ്ടിഞ്ച് വലുപ്പമുള്ള രണ്ടാമത്തെ ടെലിവിഷന്‍. വാര്‍ത്തകള്‍, ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ തുടങ്ങിയവയൊക്കെയാണ് അതില്‍ വയ്ക്കാറുള്ളത്. വളരെ കുറച്ചുപേര്‍ മാത്രമേ അത് കാണാന്‍ ഉണ്ടാവൂ. ചിലപ്പോള്‍ ഒരാള്‍ പോലും ഉണ്ടാവില്ല.
വൈകുന്നേരങ്ങളില്‍ ശകുന്തളാ ദേവി മറ്റുള്ളവര്‍ക്കൊപ്പം ഹാളില്‍ വന്ന് ഇരിക്കും. മറ്റു വൃദ്ധകള്‍ സീരിയല്‍ കാണുമ്പോള്‍, പുസ്തകങ്ങളും പത്രവും ഒക്കെ വായിക്കും. നല്ല സിനിമയാണ് എങ്കില്‍ ശ്രദ്ധ അതില്‍ ആവും. പലപ്പോഴും ചെറിയ ടെലിവിഷനു മുന്‍പില്‍ വന്നിരുന്നു വാര്‍ത്തകള്‍ കേള്‍ക്കും, പ്രഭാഷണങ്ങള്‍ ആസ്വദിക്കും. ഇന്നലെ ടെലിവിഷന്‍ സ്‌ക്രീനില്‍ താഴെ എഴുതി വന്ന 'പണ്ഡിറ്റ് സൂര്യകാന്ത് അത്യാസന്ന നിലയില്‍' എന്ന വാര്‍ത്ത വായിച്ചു. കസേര വലിച്ചിട്ട് ടെലിവിഷനു തൊട്ടടുത്ത് ഇരുന്നു. പണ്ഡിറ്റ് സൂര്യകാന്തിന് ഹൃദയാഘാതം. പ്രായവും മറ്റസുഖങ്ങളും മൂലം മരുന്നുകളോട് പ്രതികരിക്കുന്നില്ല. അടുത്ത ഇരുപതിനാലു മണിക്കൂര്‍ നിര്‍ണ്ണായകം ആണത്രേ. അവതാരകന്‍ പഞ്ഞമില്ലാതെ പ്രകീര്‍ത്തിക്കുന്നത് കേള്‍ക്കുമ്പോള്‍ സൂര്യകാന്തിന്റെ മരണം ഏതാണ്ട് ഉറപ്പാണ് എന്ന് സ്പഷ്ടം.
ജീവിതത്തില്‍ നിന്നും ഇറങ്ങി പോയ പുരുഷന്റെ മരണം തനിക്ക് യാതൊരു പ്രാധാന്യവും ഉള്ളതല്ല. എന്നിട്ടും ഇന്ന് വാര്‍ത്ത കാണാന്‍ ഇരുന്നു. തന്റെ ജീവിതം ക്ലേശകരമായ കാലത്ത് ഒരിക്കല്‍ വീടിനു തൊട്ടടുത്ത സംഗീത സഭാ മന്ദിരത്തില്‍ അദ്ദേഹം പാടാന്‍ എത്തി. വലിയ തുകയ്ക്കുള്ള ടിക്കറ്റുകള്‍ വാങ്ങാന്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നത് കണ്ടപ്പോള്‍, റേഷന്‍ ഗോതമ്പും പഞ്ചസാരയും വാങ്ങാന്‍ വേണ്ടത്ര പണം കൈവശം ഉണ്ടോ എന്നു മാത്രമായിരുന്നു ചിന്ത. തനിക്ക് ആരുമല്ലാതായി മാറിയ  ആളുമായി ബന്ധപ്പെട്ടതൊന്നും തന്റെ വിഷയമേ ആയില്ല. പ്രശസ്തനായ ആ സംഗീതജ്ഞന്‍ വലിയ സദസ്സിന്റെ കരഘോഷങ്ങള്‍ കേള്‍ക്കുമ്പോള്‍, താന്‍ ഫ്‌ലാറ്റില്‍, മൂന്നു വിദ്യാര്‍ഥികള്‍ക്ക്  മുന്‍പില്‍ ഇരുന്ന് ഹാര്‍മോണിയം വായിച്ചു സ്വരസ്ഥാനങ്ങള്‍ പറഞ്ഞുകൊടുക്കുകയായിരുന്നു.
സംഗീതം അദ്ദേഹത്തിന് പ്രശസ്തി ഉണ്ടാക്കി കൊടുത്തു. ഒരുപാടു പണം, സമൂഹത്തില്‍ വലിയ ആദരവ്. ലോകത്തെ വലിയ കണ്‍സര്‍ട്ട് ഹാളുകളിലൊക്കെ അദ്ദേഹത്തിന്റെ ശബ്ദം പതിധ്വനിച്ചു. പലരാജ്യങ്ങളിലെ, വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവര്‍ ഈ ഇന്ത്യന്‍ ഇതിഹാസ ഗായകന്റെ ആരാധകര്‍. ഭരണാധികാരികളും, വ്യവസായ പ്രമുഖരും, പണ്ഡിതന്മാരും ശാസത്രജ്ഞരും ഒക്കെ മുന്‍ നിരയിലെ ഇരിപ്പിടങ്ങളില്‍ അദ്ദേഹത്തിന്റെ പാട്ട് തുടങ്ങാന്‍ കാത്തിരുന്നു.

വളര്‍ച്ചയുടെ ആദ്യ പടവുകളില്‍ അനിവാര്യമായിരുന്നത്, ചിലര്‍ക്ക്   പിന്നീട് അപ്രസക്തമായി മാറും. അവയെ ഓര്‍മ്മയില്‍ നിന്നുപോലും തുടച്ചു മാറ്റുന്നത് തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് സഹായകമായെന്നും വരാം. സംഗീതത്തിലും ജീവിതത്തിലും അങ്ങനെ ഉപയോഗിച്ച് വലിച്ചെറിയാന്‍ അദ്ദേഹത്തിന് ആദ്യം ഒരു പെണ്‍കുട്ടി വേണമായിരുന്നു. ആ നിയോഗം തനിക്കായി എന്നത് യാദൃശ്ചികതയാവാം. താനല്ലെങ്കില്‍ മറ്റൊരു പെണ്‍കുട്ടി ആ അനുഭവങ്ങളിലൂടെ കടന്നു പോവുമായിരുന്നിരിക്കാം. കാടടക്കി ഭരിക്കുന്ന സിംഹത്തിന്റെ  പല്ലില്‍ ആദ്യമായി ചതഞ്ഞരഞ്ഞ മാംസം, ഏതാട്ടിന്‍കുട്ടിയുടേത് എന്നതിന് അത്ര പ്രാധാന്യമുണ്ടാവില്ല. പിന്നെയും ഒരുപാട് ഇരകളെ ചവച്ചു അരയ്ക്കുന്നതിന്റെ തുടക്കം കുറിച്ചു എന്നതാണ് പ്രധാനം.
ഗുരുനാഥനു മുന്‍പില്‍ ഒപ്പംമിരുന്ന് സംഗീതം പഠിക്കുമ്പോള്‍, അദ്ദേഹത്തിനു പലതും വഴങ്ങുമായിരുന്നില്ല. വീട്ടില്‍ വന്നിരുന്ന് തന്നോടു ചോദിച്ച് സംശയങ്ങള്‍ തീര്‍ക്കുമ്പോള്‍ അദ്ദേഹം തനിക്ക് ശിഷ്യന്‍ ആവുകയല്ല തന്നെ പ്രണയദാസി ആക്കുകയാണ് ചെയ്തത്.  രാധാകൃഷ്ണ പ്രണയ ഗീതികകള്‍ യൗവനത്തിന്റെ ചോദനകള്‍ക്കൊപ്പം ചേര്‍ന്നു. വാടക മുറിയില്‍ പലര്‍ക്കുമൊപ്പം കഴിഞ്ഞിരുന്ന സൂര്യകാന്ത് ഒറ്റയ്ക്ക് ഒരു മുറിയില്‍ കിടന്നുറങ്ങിയത് തന്റെ  വീട്ടിലാണ്. അച്ഛനും അമ്മയും ആദ്യം എതിര്‍ത്തു. എന്നിട്ടും ഒരുപാടു സ്‌നേഹിച്ചു വളര്‍ത്തി, മകളുടെ പ്രണയം അംഗീകരിക്കാന്‍ തയാറായി. ശകുന്തളാ ദേവിയ്‌ക്കൊപ്പമാണ് പൊതു വേദിയില്‍  സൂര്യകാന്ത് എന്ന ഗായകന്‍ പാടാന്‍ തുടങ്ങിയത്. പ്രണയം മറ്റെല്ലാ മോഹങ്ങളെയും അതിജീവിച്ചു. തനിക്കു കിട്ടിയ അവസരങ്ങള്‍ അദ്ദേഹത്തിനു കൊടുത്തു. തനിക്ക് കിട്ടുമായിരുന്ന പ്രശസ്തിയും ജനപ്രിയതയും സന്തോഷത്തോടെ അദ്ദേഹത്തിനു നല്‍കി.
അച്ഛനെയും അമ്മയെയും വിട്ട് അദ്ദേഹത്തോടൊപ്പം ഒരു ചെറിയ വാടക വീട്ടിലേക്കു പോയപ്പോള്‍ അനുജന്‍ ഒരുപാടു കരഞ്ഞു. ആവശ്യപ്പെടാതെ തന്നെ മകള്‍ക്കും  മരുമകനുമായി ഒരു വീടു വാങ്ങി നല്‍കി, അച്ഛന്‍ അനുജനെക്കാള്‍ തന്നെ സ്‌നേഹിച്ചിരുന്നു. സൂര്യകാന്തിന്റെ പ്രശസ്തി കൂടിയപ്പോള്‍ തന്റെ സംഗീതം വീടിന്റെ ചുവരുകള്‍ക്കുള്ളിലേക്ക് ഒതുങ്ങി. അദ്ദേഹത്തിന്റെ തെറ്റുകള്‍ തിരുത്തി പാട്ടുകള്‍ക്ക് കൃത്യത വരുത്തിയിരുന്ന ഭാര്യ, അദ്ദേഹത്തിന് ഒരു സംഗീതജ്ഞ അല്ലാതായി. സൂര്യകാന്ത് എന്ന ഭര്‍ത്താവിന്റെ  ക്രൂരതകളെ ഒളിപ്പിച്ച് തന്റെ അശാന്ത മൗനം. കലാകാരന്റെ ഹൃദയം തരളമായിരിക്കും എന്ന വിശ്വാസം മനസ്സില്‍ നിന്നും ഒഴിഞ്ഞു പോയി. പല പെണ്‍കുട്ടികള്‍ക്കുമൊപ്പം കിടക്ക പങ്കിട്ടിട്ട് അതൊക്കെ ഭാര്യയ്ക്കു മുന്‍പില്‍ വിവരിച്ചു സന്തോഷിച്ച സൂര്യകാന്ത് ലോകം അറിയുന്ന സംഗീതജ്ഞന്റെ കരിവാളിച്ച മുഖവും.
ഒരുപാടായാല്‍, പണം മനുഷ്യത്വമപഹരിക്കുന്ന ലഹരിയായി ചിലര്‍ക്ക്  അനുഭവപ്പെടും. പിന്നെയും അധികമായാല്‍ അത് മനുഷ്യത്വത്തെ കൊല ചെയ്യുന്ന വിഷമായി മാറും. ജന്മനാ ആരോഗ്യ പ്രശ്‌നമുള്ള മകനുവേണ്ടി ഒരിക്കലും മരുന്നിനുള്ള പണം പോലും സൂര്യകാന്ത് തന്നിട്ടില്ല. മുഖത്ത് കഫവും ഉമിനീരും ഒലിപ്പിച്ചു നടക്കുന്ന അവനെ വീട് വൃത്തികേടാക്കുന്ന  അശ്രീകരം എന്നു പറഞ്ഞ് അകറ്റിനിര്‍ത്തി. ആ മകന്‍ കാരണമാണ് സൂര്യകാന്ത് വീടു വിട്ടു പോയത്.
അച്ഛന് അറപ്പുണ്ടാക്കിയതോക്കെ അമ്മയ്ക്ക് മകനോടുള്ള വാത്സല്യം കൂട്ടുകയാണ് ചെയ്തത്. അവനെയും കൊണ്ട് എന്നും ഡോക്ടറുടെ അടുത്തു പോയി. വരുമാനമൊന്നുമില്ല. മരുന്നിനു വേണ്ടി വീട്ടിലെ പാത്രം വരെ വിറ്റു. നിവൃത്തിയില്ലാതെ വന്നപ്പോള്‍ സൂര്യകാന്തിനു മുന്‍പില്‍ സഹായാഭ്യര്‍ത്ഥന. തന്റെ യാചന അയാള്‍ക്ക്  അവകാശവാദമായി തോന്നി. മരണത്തോടു മല്ലിടുന്ന മകന്‍ കരുണ അര്‍ഹിക്കുന്ന ഒരു മനുഷ്യ ജീവനാണെന്നു പോലും അംഗീകരിക്കാന്‍ തയാറാവാത്ത ഔദ്ധത്യം കേട്ടു മടങ്ങി. വട്ടിപ്പലിശക്കാരില്‍ നിന്നും കടം വാങ്ങിയപണം കൊണ്ട് മരുന്ന് വാങ്ങാം. മാറി മാറി ഡോക്ടര്‍മാരെ വരുത്താം. പക്ഷെ ആയുസ്സ് അതിനുവഴങ്ങില്ല. അമ്മയുടെ വാത്സല്യം മുഴുവനും നിറഞ്ഞ വായു ശ്വസിക്കുന്നതുകൊണ്ടു മാത്രം നീട്ടിക്കിട്ടിയ ആയുസ്സ് ആയിരുന്നത്രേ അവന്റെത്. അവന് മരുന്നു മേടിക്കാന്‍ താന്‍ പോയപ്പോള്‍ ശ്വാസം അവനെ ചതിച്ചു.
മൃതദേഹം കാണാന്‍ അവന്റെ അച്ഛന്‍ വന്നില്ല.
പലിശക്കാരന്റെ പണപ്പിരുവുകാര്‍ കുറെയൊക്കെ ദയ കാട്ടി. സൂര്യകാന്ത് വിട്ട ആളുകള്‍ കൂടുതല്‍ കണിശക്കാര്‍. അവര്‍ പറഞ്ഞ ദിവസത്തിനുള്ളില്‍  പലിശ സഹിതം കടം വീട്ടിയിരിക്കണം എന്ന താക്കീത്.
ജീവന്‍ അപകടത്തിലാണ് എന്ന് മനസ്സു പറഞ്ഞുകൊണ്ടിരുന്നു. കിട്ടിയ വിലയ്ക്ക്  വീടു വിറ്റ്  കടം വീട്ടി. മിച്ചം വന്ന പണം കൊണ്ട് നഗരത്തിന്റെ  മറ്റൊരു ഭാഗത്തു വാങ്ങിയ ചെറിയ വീട്ടിലേക്ക് താമസം മാറി. താന്‍ ആരെന്നറിയാത്ത അയല്‍ വാസികളില്‍ പലരും സൂര്യകാന്ത് എന്ന വലിയ സംഗീതജ്ഞന്റെ ആരാധകര്‍. താന്‍ ആള്‍മാറാട്ടം നടത്തുകയായിരുന്നില്ല. പക്ഷെ ആരെന്നു തുറന്നു പറയാന്‍ ഭയപ്പെട്ടു.
പണ്ഡിറ്റ് സൂര്യകാന്തിന് പുതിയ ഭാര്യയും കുടുംബവുമുണ്ടായി. ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ച മറ്റു പല ബന്ധങ്ങളും. തന്റെ ജീവിതത്തിലും മാറ്റങ്ങള്‍. അച്ഛനും അമ്മയും മരിച്ചു. അനുജന്‍ വിദേശ രാജ്യത്തു പോയി. സ്‌നേഹം കൂടുതലായതു കൊണ്ടാണ് അവനുമായുള്ള ബന്ധം അറ്റു പോയത്. ഒരിക്കലും പരസ്പരം സംസാരിക്കരുത് എന്ന് പറഞ്ഞ് അവനോടു പിരിയുമ്പോള്‍ ശബ്ദത്തില്‍  ക്രോധവും ഉള്ളില്‍ കണ്ണീരുമായിരുന്നു. തന്റെ ജീവിതത്തിലെ താളപ്പിഴകള്‍ പിന്നീട് അവനെ അസ്വസ്ഥനാക്കിക്കാണില്ല.
കുട്ടികളെ സംഗീതം പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ താന്‍ ആര് എന്ന് കൂടുതലായി അറിയാന്‍ പലരും ശ്രമിച്ചു. പാട്ടു പഠിപ്പിച്ച് വരുമാനമുണ്ടാക്കി  ജീവിക്കാന്‍ ശ്രമിക്കുന്ന ഒരു സാധു സ്ത്രീ എന്നു മാത്രമായിരുന്നു തന്റെ പ്രതികരണം. പണ്ഡിതയോ പാരമ്പര്യമുള്ളതോ ആയ ഒരു പാട്ടുകാരിയല്ല താന്‍ എന്നു പറഞ്ഞപ്പോള്‍ പലരും അവരുടെ കുട്ടികളെ തന്റെയൊപ്പം പഠിക്കാന്‍ വിട്ടില്ല. വന്നവരില്‍ ചിലര്‍ കുട്ടികളുടെ ഫീസ് കുറയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
തന്റെ ശരീരത്തിനും മുഖത്തിനും ഉണ്ടായിരിക്കുന്ന വലിയ മാറ്റങ്ങള്‍, തന്നെ, 'സാധു സംഗീത അധ്യാപിക' എന്നു മാത്രം വിളിപ്പിക്കാന്‍ യോജിച്ചതാണ്. ചെറുപ്പത്തില്‍ കണ്ടിട്ടുള്ള ആര്‍ക്കും തിരിച്ചറിയാനാവാത്ത പുതിയ രൂപം. വീണ്ടും ഒരിക്കല്‍ കൂടി ആളുകള്‍ക്കു മുന്‍പില്‍ സംഗീത സദസ്സ് നടത്താനോ, പ്രശസ്തി നേടാനോ താനില്ല. ചുറ്റുപാടുമുള്ള കുറച്ചു വിദ്യാര്‍ഥികളെമാത്രം പഠിപ്പിക്കുന്ന പാട്ട് അദ്ധ്യാപികയായി സ്വയം ഒതുങ്ങി.
പണ്ഡിറ്റ് സൂര്യകാന്ത് ഒരുപാടു പ്രശസ്തിയിലേക്ക് വളര്‍ന്നതും, ദേശീയ ബഹുമതികള്‍കൊണ്ട് ആദരിക്കപ്പെട്ടതും ഒന്നും തനിക്ക് എന്തെങ്കിലും പ്രത്യേകതയുള്ള വാര്‍ത്തകളായില്ല. ഗോസിപ്പ് കോളങ്ങളില്‍ അദ്ദേഹത്തിന്റെയും ഏതൊക്കെയോ സ്ത്രീകളുടെയും ചിത്രങ്ങള്‍ വന്നതും ശ്രദ്ധിച്ചിട്ടില്ല. തനിക്ക്, കാലം ഒരു മഹാ വൈദ്യനാണ്. മറവി പ്രിയപ്പെട്ട കൂട്ടുകാരിയും. പണ്ഡിറ്റ് സൂര്യകാന്ത് മനസ്സില്‍ നിന്നും പടിയിറങ്ങി. അദ്ദേഹത്തോടുള്ള  പ്രണയമോ, പിന്നെ ഉണ്ടായ ഭയമോ മനസ്സില്‍ ഒന്നും ശേഷിപ്പിക്കാതെ ഒഴിഞ്ഞു പോയി. ശ്രുതിയും താളവും ചേര്‍ത്തു വയ്ക്കുന്ന കണക്കുകള്‍ക്കൊപ്പം, പലവ്യഞ്ജനത്തിന്റെയും പച്ചക്കറിയുടെയും കണക്കു കൂട്ടലുകള്‍ കൂടിച്ചേര്‍ന്ന ദിവസങ്ങള്‍.
വയസ്സ് അറുപത്തി രണ്ട്. ആരോഗ്യം വളരെ മോശം. ഒറ്റയ്ക്ക് താമസം സാധ്യമല്ല. വൃദ്ധസദനത്തിലേക്ക് ആരൊക്കെയോ ചേര്‍ന്ന്  കൊണ്ടുവന്നു. ബന്ധുക്കളായി ആരുമില്ല. വീട് വിറ്റ് പണം ബാങ്കിലിട്ടത് അതിനു ശേഷം. താന്‍ മിച്ചം വച്ച് പോവുന്ന ഇത്തിരി സമ്പത്തിന് അവകാശി, ഈ വൃദ്ധസദനമാണ് എന്നെഴുതിയ ഒസ്യത്ത് അവര്‍ പോലും കണ്ടിട്ടില്ല.
പിന്നെയും പല വര്‍ഷങ്ങള്‍. അനാരോഗ്യം. ചികിത്സ. ഇപ്പോഴും വൃദ്ധസദനത്തില്‍. ഒപ്പമുണ്ടായിരുന്ന പലരും മരിച്ചു. ചിലരുടെയൊക്കെ ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുത്തു സംസ്‌കരിക്കാന്‍ കൊണ്ടുപോയി. മറ്റു ചില ശവ സംസ്‌കാരങ്ങള്‍ നടത്തിയത് വൃദ്ധ സദനക്കാര്‍ തന്നെ. പുതിയതായി എത്തുന്ന വൃദ്ധകളുടെ എണ്ണം കൂടിക്കൂടി വരുന്നു. മുറികള്‍ പങ്കിട്ടും വേദനകള്‍ പരസ്പരം പറഞ്ഞും ഏകാന്തത അകറ്റുന്ന വൃദ്ധകള്‍. സായാഹ്നങ്ങളില്‍ ടെലിവിഷനു മുന്‍പിലുള്ള കൂട്ടായ്മ. പേരുകള്‍ക്കും, ബന്ധങ്ങള്‍ക്കും,  ഇന്നലെകളിലെ സ്ഥാനമാനങ്ങള്‍ക്കും  വിലയില്ലാതായി എന്ന് തിരിച്ചറിയുന്നവര്‍. അവരില്‍ ഒരാളായി ...ശകുന്തളാ ദേവി എന്ന താനും .....

പണ്ഡിറ്റ് സൂര്യകാന്ത് മരിച്ചു. സംഗീത ലോകത്തെ കുലപതിയുടെ കലാ സപര്യയാണ് ടെലിവിഷനില്‍ കുറെ നേരമായി കാണിക്കുന്നത്.
നഷ്ട ബോധമോ ആഴമുള്ള വേദനയോ ഉണ്ടാക്കുന്നില്ല എങ്കിലും മനസ്സിലൂടെ വീശുന്ന നൊമ്പരക്കാറ്റിനെ തടയാന്‍ തനിക്കാവുന്നില്ല.
കാലവും മറവിയും അല്‍പനേരത്തേക്ക് കൂട്ടുപേക്ഷിച്ചു.
കലാ ഹൃദയങ്ങള്‍ തരളമാണെന്ന് ആവര്‍ത്തിച്ചു പറയുന്ന തന്നിലെ കൗമാരം, താനെന്ന വൃദ്ധയെ തോല്‍പ്പിച്ച  ഇത്തിരി നിമിഷങ്ങള്‍.
കണ്ണുകള്‍ക്കു –മുന്‍പിലെ ചലിക്കുന്ന ദൃശ്യങ്ങള്‍ക്കപ്പുറം, എന്നോ തമസ്‌ക്കരിക്കപ്പെട്ട ചില ഓര്‍മ്മച്ചിത്രങ്ങള്‍ നിറം മങ്ങിത്തെളിഞ്ഞു.
എതിര്‍വശത്തെ ടെലിവിഷനില്‍ മഹാഭാരതം സീരിയലിനിടയ്ക്കുള്ള പരസ്യമായതിനാല്‍ ചില വൃദ്ധകള്‍ വെള്ളം കുടിക്കാനും മൂത്രമൊഴിക്കാനും ഒക്കെയായി എഴുന്നേറ്റു നടന്നു.
'എന്താ ചേച്ചി, പ്രധാന വാര്‍ത്ത വല്ലതുമാണോ ശ്രദ്ധിച്ചു കാണുന്നത്'
കാലമെന്ന മഹാവൈദ്യനും, മറവി എന്ന കൂട്ടുകാരിയും വീണ്ടും ഒപ്പമെത്തി.
'കൊള്ളാവുന്ന വാര്‍ത്തയൊന്നുമില്ല. ഏതോ ഒരു പാട്ടുകാരന്‍ ചത്തു പോയത്രെ. കുറെ നേരമായിട്ട് അതു മാതമാണ് കാണിക്കുന്നത്'
ശകുന്തളാ ദേവി എഴുന്നേറ്റു. ചൂടുള്ള ചുക്കുവെള്ളം കുടിക്കാന്‍, മറ്റുള്ള വൃദ്ധകള്‍ക്കൊപ്പം നടന്നു.

_________________________________________________________________________________


ഭ്രാന്തന്മാര്‍ കൂവുമ്പോള്‍

എന്നെ നിരന്തരം അവഹേളിച്ചവരേ നിങ്ങള്‍ക്കു നന്ദി.
എന്നെ നൊമ്പരപ്പെടുത്തിയും വേദനിപ്പിച്ചും ആത്മസുഖം നേടിയ സഹപാഠികളോടും നന്ദിയുണ്ട്.
സഹതാപം അഭിനയിക്കുകയും, ഒപ്പം എന്റെ കണ്ണീര്‍ കണ്ട് രസിക്കുകയും ചെയ്ത വികൃത മുഖങ്ങളെ ഞാന്‍ മറന്നു കഴിഞ്ഞിരിക്കുന്നു.
ഒളിവിലും നേരിലും എന്നെ ഭത്സിച്ച കപട സദാചാര സംരക്ഷകര്‍ക്കു  നല്‍കാന്‍ ഒരുപാടു മറുപടികളുണ്ട്. അതൊക്കെ  കേള്‍ക്കാന്‍മാത്രം ത്രാണി അവര്‍ക്കുണ്ടാവില്ല.
ആഴമുള്ള പുഴയില്‍ തള്ളിയിടപ്പെട്ടവന്‍  മരിക്കാതിരിക്കാന്‍ ശ്രമിക്കും. അങ്ങനെ നീന്തല്‍ പഠിച്ചവന് ഏതു പുഴയുടെ ആഴവും ഭയമുണ്ടാക്കില്ല. വഞ്ചിക്കപ്പെട്ടവള്‍ക്കും അത്തരമൊരു ഊര്‍ജ്ജം സ്വന്തമാകും.
ഇനിയും കുട്ടിത്തം മാറാത്ത കൗമാരത്തില്‍ എനിക്ക് അത്രയേറെ അറിവും പക്വതയും ഉണ്ടാവാത്തത് സ്വാഭാവികം. ശ്രദ്ധക്കുറവാണോ മനുഷ്യരുടെ മേലുള്ള അമിത വിശ്വാസമാണോ എന്നെ ഈ ചതിയില്‍ പെടുത്തിയത് എന്ന് പറയാന്‍ ആവുന്നില്ല. സഹപാഠിക്കൊപ്പം ഇത്തിരി കളി തമാശ പറയുന്നതോ, ഒപ്പമിരുന്ന് മിഠായി തിന്നുന്നതോ കൊച്ചു കുട്ടികള്‍ക്ക് അരുതാത്ത കാര്യമൊന്നുമല്ല. ലോകത്തെ മുഴുവന്‍ സംശയത്തോടെ നോക്കണമെന്ന് അപ്പോള്‍ ഞാന്‍ ധരിച്ചിരുന്നില്ല.
പുഞ്ചിരിയും വഞ്ചനയും, മുഖവും നിഴലുമാവുന്നത് ഞാന്‍ കണ്ടു. പക്ഷെ ഇരയായി മാറിയ ശേഷമാണ് അത് തിരിച്ചറിഞ്ഞത് എന്നു മാത്രം.
ഒരു ദിവസം കൊണ്ട് ഈ ലോകം എനിയ്ക്ക് വ്യത്യസ്തമായി. ഇന്നലെ വരെ ഞാന്‍ കണ്ട ആളുകള്‍ക്കൊക്കെ പുതിയ മുഖവും സ്വരവും ഉള്ളതായി  എനിക്ക് തോന്നി. വാക്കുകള്‍ക്കും ഭാവങ്ങള്‍ക്കും പുതിയ അര്‍ത്ഥങ്ങള്‍. എന്നെ തോല്‍പ്പിക്കാന്‍ ഒരുപാടുപേര്‍. ആള്‍ക്കൂട്ടത്തിനിടയില്‍ ആരൊക്കെയാണ് എനിക്കെതിരെ ആയുധങ്ങളുമായി നില്‍ക്കുന്നത് എന്നു തിരിച്ചറിയാന്‍ വയ്യ. അവര്‍ക്കിടയില്‍ ആയുധമില്ലാത്ത ഞാന്‍  നേരിന്റെ! കവചമിട്ടു നിന്നു. സത്യത്തിന്റെ കവചത്തിന് എന്നെ മുറിവേല്‍ക്കാതെ രക്ഷിക്കായില്ല. ചില മുറിപ്പാടുകള്‍ വല്ലാതെ ആഴം കൂടിയവയും. എന്നെ ഞാനായിമാത്രം സ്‌നേഹിച്ചു ഒപ്പം നിന്ന ഏതാനും പേര്‍ക്കും മുറിവുകള്‍. ആരുടെ നേര്‍ക്കെന്നോ, എന്തിനെന്നോ അറിയാതെ അസ്ത്രം തൊടുത്തവര്‍, മുറിവേറ്റവന്‍ കുറ്റക്കാരന്‍ എന്നു ഭേരി മുഴക്കി.
ഒരുപാടു വേദന അനുഭവിക്കുന്നയാള്‍ ക്രമേണ അതിന്റെ കാഠിന്യം അറിയാതാവും എന്നതിന് ഉദാഹരണം ഞാന്‍ തന്നെ. അത് അബോധാവസ്ഥയോ ദേഹത്തിന്റെ നിര്‍ജ്ജീവാവസ്ഥയോ അല്ല. വേദനകളെ അതിജീവിക്കാനുള്ള മനസ്സിന്റെ സാധ്യതകളില്‍ ഒന്നാണ്.
എന്നെ തുണച്ചു സംസാരിക്കാന്‍ കുറേപ്പേര്‍. സ്ത്രീ സുരക്ഷയെ പറ്റിയും മനുഷ്യാവകാശ ധ്വംസനത്തെ പറ്റിയും ആവേശത്തോടെ സംസാരിക്കുകയും പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യാനും ആളുകള്‍. മുറിവേറ്റ മനസ്സിന് അത് കുറെ ആശ്വാസം തന്നു എന്നത് സത്യമാണ്.
മറ്റു ചിലര്‍ അവരുടെ ഭാവനയില്‍ സൃഷ്ടിച്ച ലൈംഗിക ആരാചകത്വങ്ങളിലെ വൃത്തികെട്ട നായികയായി എന്നെ പ്രതിഷ്ഠിച്ചു. അപവാദങ്ങള്‍ പറയാനും ഭത്സിക്കാനും അവസരം കാത്തിരുന്നവര്‍  അവരുടെ മനസ്സിലെ അഴുക്കത്രയും ഒഴുക്കി.
ജീവിതം അധികം കാണാത്ത എനിക്ക് ദാര്‍ശ്ശനികത എന്തെന്നറിയില്ല.  വേദനിക്കുന്നവന്‍ സാധിക്കുന്നിടത്തൊക്കെ ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കണമെന്ന് ഞാന്‍ പെട്ടെന്ന് പഠിച്ചു. എന്നെ സഹായിക്കാനെത്തിയ പലര്‍ക്കും അവരുടെ മറ്റു ലക്ഷ്യങ്ങളിലേക്കുള്ള മാര്‍ഗ്ഗം മാത്രമാണിത് എന്ന് ഞാന്‍ അറിഞ്ഞു. പക്ഷെ അതുകൊണ്ട് എന്റെ  മനസ്സിന് അവര്‍ നല്‍കിയ സാന്ത്വനം ഒട്ടും പ്രാധാന്യം കുറഞ്ഞതാവുന്നില്ല.

കുറ്റവാളി രക്ഷപ്പെടാന്‍ പഴുതുകള്‍ കണ്ടെത്തും. ഇര സ്വയം കുരുക്കില്‍ ചെന്നു വീണു എന്ന കുറ്റ ബോധത്തിലും. ആരെല്ലാം ബഹളം വച്ചാലും കുറ്റം തെളിയിക്കപ്പെടാനാവാതെ വരുന്ന സാഹചര്യം. നീണ്ടു പോവുന്ന തെളിവെടുപ്പുകളും വിചാരണകളും അവഹേളനമായി അനുഭവപ്പെടുക. പോലീസുകാരില്‍ നിന്നും വക്കീലന്മാരില്‍ നിന്നും മോചനം വേണമെന്ന് ഇരയുടെ മനസ്സ് പ്രാര്‍ത്ഥിക്കുന്ന അവസ്ഥ. എനിക്കു വേണ്ടി ശബ്ദിച്ചിരുന്നവരും, അപഖ്യാതി പറഞ്ഞിരുന്നവരും ഏതാണ്ട് കാഴ്ചക്കാര്‍ ആയിരിക്കുന്നു. ചിലരുടെ കുടിപ്പകയ്ക്ക് ഇനി ഞാന്‍ യോജിച്ച ഒരു കരു അല്ലാതായിരിക്കുന്നു. നിസ്സഹായത എന്ന് പലരും പറയുന്ന സ്ഥിതി.
ചുറ്റുമുള്ള എല്ലാവരുടെയും കണ്ണുകള്‍ എന്റെ! നേര്‍ക്കാകും എന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. ഒരു പക്ഷെ വേണ്ട സമയത്ത്   കുറേപ്പേരെങ്കിലും ഇത്തിരി ശ്രദ്ധ നല്കിയിരുന്നുവെങ്കില്‍ എനിക്ക് സംഭവിച്ചതൊന്നും ഉണ്ടാവുകയില്ലായിരുന്നു. പിന്നീട്, ഒരുപാടു പേര്‍ എന്നെ നോക്കാന്‍ മാത്രമായി കാത്തിരുന്നു. ദുഷിച്ച കണ്ണുകളുടെയും വെറി പൂണ്ട നാവുകളുടെയും നേര്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ എനിക്കായില്ല.
ഒരു കിരാതന്റെ അതിക്രമം എന്റെ  ജീവിതത്തിനെ താളം തെറ്റിയ്ക്കുക. നീളുന്ന നിയമ പ്രക്രിയയുടെ തണലില്‍ അവന്‍ സാധാരണ പോലെ ജീവിക്കുകയും. സങ്കടവും പരാതിയുമായി നശിപ്പിക്കാനല്ല ജീവിതം. എങ്ങു നിന്നോ കിട്ടിയ ശക്തിയില്‍ മുന്‍പോട്ടു പോകാന്‍ ഞാന്‍ ശ്രമിച്ചു. അപ്പോഴും എന്നെ സ്‌നേഹിക്കുന്ന ഇത്തിരിപ്പേര്‍ മാത്രം ഒപ്പം.
ഞാന്‍ ആര്‍ക്കും വിധേയപ്പെടാന്‍ സമ്മതിച്ചിട്ടില്ല. ആവുന്നത്ര പ്രതിരോധിക്കുകയും ചെയ്തു. ചതിവിലൂടെ എന്റെ ശരീരത്തെ ഉപഭോഗ വസ്തുവാക്കി മാറ്റിയവനാണ് കളങ്കപ്പെട്ടവന്‍. അവനെയാണ് ചാരിത്ര്യം നഷ്ടപ്പെട്ട നീചന്‍ എന്ന്  വിളിക്കണ്ടത്. വിദ്യാലയത്തിലും, തൊഴിലിടങ്ങളിലും, പൊതുനിരത്തിലുമൊക്കെ  അപഹസിക്കപ്പെടെണ്ടതും അവനാണ്. എല്ലാവരാലും അധിക്ഷേപിക്കപ്പെടേണ്ടവന്‍. അവനെ രക്ഷിക്കാനായി ഇരയെ അപഹസിക്കുന്ന വികല ബുദ്ധികള്‍ നിയമത്തിലെ പഴുതുകള്‍ കണ്ടെത്താന്‍ പാടു പെടുകയാവും. നിയമ പരിഹാരങ്ങള്‍ക്ക് സമയമെടുക്കും. പണവും പിടിപാടുമില്ലാത്ത എനിക്ക് കടക്കാനുള്ള കീഴക്കാം തൂക്കായ മെഴുക്കു പാത. അടി പതറാതെ, ശ്രദ്ധ പോവാതെയുള്ള  ചുവടുവയ്പുകള്‍ അവിടെ ആവശ്യമാണ്. ആത്മാഭിമാനത്തോടെ ജീവിക്കുക എന്നത് എനിക്ക് ഇന്നത്തെ അനിവാര്യതയും.
ആരൊക്കെയോ പറഞ്ഞു തരുന്നത് ആവര്‍ത്തിക്കാന്‍ എന്റെ നാവ് ഇപ്പോള്‍ തയാറല്ല. ആരുടെയൊക്കെയോ ഈണങ്ങള്‍ക്കൊത്ത് ഇനി എന്റെ! ചുണ്ടുകള്‍ മൂളുകയില്ല. ചാരിത്ര്യം എന്നും, സദാചാരം എന്നുമൊക്കെ പറയുന്ന വാക്കുകളുടെ അര്‍ത്ഥം എങ്ങനെയൊക്കെ മാറ്റി മാറ്റി എഴുതപ്പെടുന്നു എന്ന് എനിക്കിപ്പോള്‍ കൃത്യമായി അറിയാം. ആരുടെയും സഹതാപവും കരുണയും ആവരുത് എന്റെ ശക്തി എന്ന് ഞാന്‍ സ്വയം പഠിച്ചു.
ഈ വെറിപിടിച്ച മനുഷ്യരെ എനിക്കിപ്പോള്‍ ഭയമില്ല. അവര്‍ കല്‍പ്പിച്ചു തരുന്ന ചാരിത്ര്യവും അഭിമാനവും എത്ര അര്‍ത്ഥ ശൂന്യം എന്ന് അവര്‍ക്കുതന്നെ അറിയാം. അവരുടെ വിഡ്ഢിത്തത്തിനൊപ്പം കൂടുന്നവരെ ഭ്രാന്തന്മാര്‍ എന്നു ഞാന്‍ വിളിക്കും. ഭ്രാന്തന്മാര്‍ കൂവുമ്പോള്‍ ഒപ്പം കൂവുന്ന മറ്റൊരു ഭ്രാന്തിയല്ല ഞാന്‍.
വീണ്ടും ഞാന്‍ കാലുറപ്പിച്ചു നടക്കുന്നു. തലയുയര്‍ത്തിയും കണ്ണുകള്‍ തുറന്നും. ചുറ്റിലുമുള്ള ഓരോ നേരിയ ശബ്ദവും എന്റെ കാതുകളില്‍ പതിയാതെ പോവില്ല. കുട്ടിത്തം വിടാന്‍ മടിക്കുന്ന എന്റെ മനസ്സിനോട് ഞാന്‍ പറഞ്ഞു 'ഇനിമുതല്‍ കൂടുതല്‍ സൂക്ഷിക്കണം. കഴുകന്മാരില്‍ നിന്നും ഒളിക്കാനല്ല, ഇരയെന്നു കരുതി അടുക്കരുത് എന്ന് അവര്‍ക്ക്  മുന്നറിയിപ്പു നല്‍കാന്‍'



 

Sunday, September 28, 2014

സാഹിത്യവേദിക്ക് 47 വയസ്സ്‌

|0 comments
പ്രിയ സുഹൃത്തുക്കളെ,
മുംബൈ സാഹിത്യവേദി അതിന്റെ 47 ാം വയസ്സിലേക്ക് കടക്കുകയാണ്; അതിന്റെ സമാനതകളില്ലാത്ത ചരിത്ര ഗരിമയിലേക്ക് ഒരു പൊന്‍തൂവല്‍കൂടി കൂട്ടിച്ചേര്‍ക്കുന്ന അഭിമാനനിമിഷം. അക്ഷരങ്ങളോടുള്ള സ്‌നേഹവും അര്‍പ്പണവും ഒന്നുകൊണ്ടുമാത്രം ഒരിക്കല്‍പോലും മുടങ്ങാതെ നടന്നു വന്ന സാഹിത്യവേദി പ്രതിമാസ ചര്‍ച്ചകള്‍ക്ക് ഈ വരുന്ന ഒക്ടോബര്‍ 5 ന് 47 വയസ് തികയുന്നു!!!. സാമ്പ്രദായികമായ ഒരു സംഘടനയുടെ ചട്ടക്കൂടൊ, അംഗത്വമൊ, വരിസംഖ്യയോ ഒന്നുമില്ലാത്ത ഈ കൂട്ടായ്മ മലയാള സാഹിത്യ ചരിത്രത്തില്‍ത്തന്നെ ഇടംപിടിച്ചിരിക്കുന്ന വേറിട്ടൊരു ഒരു സാഹിത്യ ചര്‍ച്ചാവേദിയാണ്.

എല്ലാ മാസത്തിലേയും ആദ്യ ഞായറാഴ്ചകളില്‍ നടക്കുന്ന വേദിയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ചകള്‍ മുംബൈയിലെ എഴുത്തുകാരുടെ ആന്തരിക ജീവിതത്തിലെ സര്‍ഗ്ഗാത്മക തൃഷ്ണകളെ സജീവമായി നിലനിര്‍ത്തുന്നതിന് പ്രചോനദനമാകുന്നു. അതുകൊണ്ടുതന്നെ മുംബൈ സാഹിത്യവേദിയുടെ ഈ വാര്‍ഷികാഘോഷം അക്ഷരങ്ങളെ സ്‌നേഹിക്കുന്ന ഓരോ മുംബൈ മലയാളിയുടേയും ആഘോഷമാണ്.

 ഈ വരുന്ന ഒക്ടോബര്‍ 5ാം തീയതി മാട്ടുംഗ കേരളഭവനത്തില്‍ നടക്കുന്ന 47ാം വാര്‍ഷികാഘോഷം മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ ലളിതമായ രീതിയിലാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്.
ഒക്ടോബര്‍ 5ന് മുംബൈ മാട്ടുംഗ കേരള സമാജത്തില്‍ വൈകുന്നേരം 5 മണിക്ക് വേദിയുടെ പ്രതിമാസ ചര്‍ച്ചയോടൊപ്പം വളരെ ലളിതമായി ചടങ്ങില്‍ വേദിയുടെ 47 ാം വാര്‍ഷികാഘോഷവും നടക്കും.


ഇത്തവണത്തെ വാര്‍ഷിക ചര്‍ച്ചയില്‍ എസ്.കെ.പൊറ്റക്കാട് അവാര്‍ഡ് ജേതാവായ കഥാകാരന്‍ ശ്രീ സി. പി. കൃഷ്ണകുമാര്‍ അദ്ദേഹത്തിന്റെ ചെറുകഥകള്‍ അവതരിപ്പിക്കുന്നു. അഖ്യാനത്തിലും ആവിഷ്‌ക്കരണത്തിലും ഭാവുകത്വത്തിലും പുതിയ സമതലങ്ങള്‍ തേടുന്ന മലയാള ചെറുകഥാ സാഹിത്യത്തെക്കുറിച്ചുള്ള ഒരു സമഗ്രസംവാദമായി ഇത്തവണത്തെ ചര്‍ച്ചയെ മാറ്റിയെടുക്കാന്‍ നിങ്ങളെല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. എല്ലാ അക്ഷരസ്‌നേഹികളേയും ഈ ചര്‍ച്ചയിലേക്ക് വിനയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
 
സ്ഥലം: മാട്ടുംഗ കേരള സമാജം
തീയതി: ഒക്ടോബര്‍ 5, ഞായറാഴ്ച
സമയം: വൈകുന്നേരം 5 മണി


സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി

Sunday, September 7, 2014

റിയാസ് റഫീഖ് സാഹിത്യവേദിയില്‍

|0 comments
പ്രിയപ്പെട്ട അക്ഷരസ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ച സെപ്തംബര്‍ മാസം 14ാം തീയതി (14/09/2014) യുവകഥാകൃത്ത് റിയാസ് റഫീഖ് 'ഹാജിയലി മസ്ദിജിലെ മഗ്‌രിബ്', 'ചിത്രശലഭങ്ങളുടെ കാറ്റ്' എന്നീ കഥകള്‍ അവതരിപ്പിക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ പ്രമുഖ കഥാകൃത്തുക്കളും മറ്റ് എഴുത്തുകാരും, സാഹിത്യാസ്വാദകരും പങ്കെടുക്കും.

ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.


സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: സെപ്തംബര്‍ 14, 2014. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.


സസ്‌നേഹം
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി,
മുംബൈ

നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങുന്നതായിരിക്കും.ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കുക


റിയാസ് റഫീഖ്

മലയാളകഥയ്‌ക്കൊരു വാഗ്ദാനമാണ് റിയാസ്. തന്റെ ബ്ലോഗില്‍ പ്രസിദ്ധികരിച്ച ആദ്യകഥ 'ഹാജിയലി മസ്ദിജിലെ മഗ്‌രിബ്' ഒരുപാട് സൈബര്‍ വായനക്കാരുടെ മനസ്സ് കീഴടക്കി. നീരീഷണങ്ങളിലും, ആവിഷ്‌ക്കരണത്തിലും റിയാസ് സൂക്ഷിക്കുന്ന ഫ്രഷ്‌നസ്സ് സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ആദ്യമുതല്‍ അവസാനം വരെ ചെടിപ്പില്ലാതെ വായിപ്പിക്കുന്ന ഒരു ശക്തി റഫീഖിന്റെ കഥകള്‍ക്കുണ്ട്.
മതനിരപേക്ഷതയും, മനുഷ്യത്വവും ഉയര്‍ത്തിപ്പിക്കുന്ന കഥകളാണ് റിയാസ് എഴുതുന്നത്. മലയാള കഥാ സാഹിത്യത്തില്‍ സ്വന്തമായ ഒരു മുറിപണിയാന്‍ റിയാസിന് കഴിയും എന്ന് പ്രത്യാശിക്കാം.

കോട്ടയം ജില്ലയിലെ കടുംതുരുത്തി സ്വദേശിയായ റിയാസ് ഇപ്പോള്‍ മുംബൈയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ എന്‍ജിയനറായി ജോലി ചെയ്യുന്നു.



റിയാസ് വേദിയില്‍ അവതരിപ്പിക്കുന്ന രണ്ടു കഥകള്‍

ഹാജിയാലി മസ്ജിദിലെ മഗ്‌രിബ്
പകുതി ഓടും, ബാക്കി ആസ്ബറ്റോസ് ഷീറ്റുമിട്ട തന്റെ ചെത്തിത്തേക്കാത്ത കുഞ്ഞു വീട്ടില്‍നിന്നും ഒരു പകലും രാത്രിയും സഞ്ചരിച്ച് ആയിരത്തിയഞ്ഞൂറു കിലോമീറ്റര്‍ ദൂരെ, ഒരിടത്തെത്തിയെന്ന് ഉമ്മര്‍കോയക്ക് ഒട്ടും വിശ്വസിക്കുവാനായില്ല.
തീവണ്ടിയെപോലെ തല ഇപ്പോഴും കുലുങ്ങുന്നു.
ആദ്യമായിട്ടാണ് ഉമ്മര്‍കോയ തീവണ്ടിയില്‍ യാത്ര ചെയ്തത്. രാത്രിയില്‍ തീരെ ഉറങ്ങാനും സാധിച്ചില്ല. കണ്ണുകളടച്ചപ്പോഴെല്ലാം തൊട്ടടുത്ത നിമിഷം വലിയൊരു അപകടമുണ്ടാകുമെന്ന തോന്നലില്‍ അയാള്‍ ഞെട്ടിയുണര്‍ന്നിരുന്നു.
തന്റെ ജാഗ്രതകൊണ്ട് അപകടം ഇല്ലാതാക്കാന്‍ കഴിയില്ല എന്നയാള്‍ക്കറിയാം. പക്ഷേ അസ്‌ന, അവള്‍ക്ക് ആറുവയസ്സാണ്, ഉറങ്ങിക്കിടക്കുമ്പോള്‍ അവളെ ആരെങ്കിലും എടുത്തോണ്ട് പോയാലോ?
എന്തെങ്കിലും സംഭവിച്ചാല്‍ അസ്‌നയുടെ ഉമ്മയോട് എന്തു പറയും?
ഉമ്മര്‍കോയ കണ്ണുകള്‍ തുറന്നുവെച്ച്, അവള്‍ ഉറങ്ങുന്നതും നോക്കി നേരം വെളുപ്പിക്കുകയായിരുന്നു.
ആ സ്‌റ്റേഷനപ്പുറം കടലാണ്. ആ പ്ലാറ്റ്‌ഫോമില്‍ തീവണ്ടിപ്പാളങ്ങള്‍ അവസാനിക്കുന്നു.
തീവണ്ടിപ്പാളങ്ങള്‍ എവിടെ ചെന്നായിരിക്കും അവസാനിക്കുകയെന്ന് ഉമ്മര്‍കോയ പലതവണ ആലോചിച്ചു നോക്കിയിട്ടുണ്ട്. പ്രപഞ്ചത്തിന്റെ അവസാനം എവിടെ എന്നതുപോലെ ഒരെത്തും പിടിയും കിട്ടിയിട്ടില്ല! അയാളുടെ ഭാവനകള്‍ക്കപ്പുറമായിരുന്നു തീവണ്ടിപ്പാളങ്ങള്‍ അവസാനിക്കുന്ന നഗരം!
ഒരു മഹാസാഗരത്തിലേക്ക് ഒഴുകിപോകുന്ന നദിയെപോലെ പ്ലാറ്റ്‌ഫോമിലൂടെ മനുഷ്യന്മാരുടെ ഒരു നദി ഒഴുകിപോകുന്നു. ഉമ്മര്‍കോയയും അസ്‌നയും അത്രയും ആളുകളെ ആദ്യമായിട്ടാണ് ഒരുമിച്ചു കാണുന്നതുതന്നെ.

കൂടുതല്‍ ആളുകള്‍ ഇറങ്ങുന്ന വഴിയിലൂടെ അയാള്‍ പുറത്തിറങ്ങി. പുറമേനിന്നു നോക്കുമ്പോള്‍ സ്‌റ്റേഷന്‍ അസാമാന്യവലിപ്പമുള്ള ഒരു ക്രിസ്ത്യന്‍ പള്ളിപോലുണ്ട്.
ബ്രിട്ടിഷുകാര്‍ പണിതതുകൊണ്ടാകും!.
ആ സ്‌റ്റേഷന്റെ ഏറ്റവും മുകളില്‍ ഒരു ഘടികാരമുണ്ട്. ജീവനുള്ള ഒരു ഘടികാരം. ആ ഘടികാരത്തിന് നഗരക്കാഴ്ചകള്‍ മുഴുവനും കാണാന്‍ സാധിക്കും. നഗരം ചലിക്കുന്നതു തന്നെ ആ ഘടികാരത്തിന്റെ ആജ്ഞയിലാണ്.
അസ്‌നയും ചുറ്റുപാടുകളെല്ലാം നോക്കി അത്ഭുതപ്പെട്ടു നില്‍ക്കുകയാണ്. ഇന്നലെ തീവണ്ടിയില്‍ കയറിയപ്പോള്‍ മുതല്‍ അസ്‌നയുടെ മുഖത്ത് അത്ഭുതമാണ്. മലയുടേയോ, വെള്ളച്ചാട്ടത്തിന്റെയോ, അസ്തമയ സൂര്യന്റേയോ കാഴ്ച്ചകള്‍കണ്ടപ്പോളെല്ലാം അവള്‍ വികട ശബ്ദമുണ്ടാക്കി ഉമ്മര്‍കോയയെ ആ ദൃശ്യങ്ങളെല്ലാം കാണിച്ചു കൊടുക്കുമായിരുന്നു.
അസ്‌നയുടെ വികട ശബ്ദം കേട്ട് അരികിലിരുന്ന ചെറുപ്പകാരി ചോദിച്ചു.
'കുട്ടിക്ക് സംസാരിക്കാനകില്ലേ..? പാവം. കണ്ടാല്‍ തോന്നുകയേ ഇല്ല'

അതു കേട്ടപ്പോള്‍ ഉമ്മര്‍കോയക്ക് സങ്കടം വന്നു. പലരും പലയിടങ്ങളില്‍ വെച്ചും ഈ ചോദ്യം ചോദിക്കാറുണ്ട്. അപ്പോഴെല്ലാം ഉമ്മര്‍കോയക്കു സങ്കടം വരും.
അയാള്‍ സങ്കടം പുറത്തുകാട്ടാതെ പറഞ്ഞു:
'അസ്‌നക്ക് ഇപ്പോ സംസാരിക്കാനാവില്ല എന്നേയുളൂ.., ഉടനേ പറ്റും. അതിനുവേണ്ടിയാണീയാത്രപോലും'
തീവണ്ടിപ്പാളങ്ങള്‍ തീരുന്ന നഗരത്തില്‍ ഒരു സ്ഥാപനമുണ്ട്. സാധാരണക്കാരായ ആളുകളെ സഹായിക്കാനായി ധനികനായ ഒരാള്‍ തന്റെ മരിച്ചു പോയ മകളുടെ പേരില്‍ തുടങ്ങിയതാണ് ആ സ്ഥാപനം. അസ്‌നയുടെ ചികിത്സയ്ക്കും ഓപ്പറേഷനുംവേണ്ട എല്ലാ ചിലവും അവര്‍ വഹിക്കും. അതിനു മുന്‍പെ അവര്‍ക്ക് കാര്യങ്ങള്‍ നേരിട്ടറിയണം. കുട്ടിയെ കാണണം. വരുമാനസര്‍ട്ടിഫിക്കറ്റ് കാണണം. തട്ടിപ്പുകാര്‍ ഏറെയുള്ള കാലമാണ്. ആരും അവരവരുടെ പ്രയത്‌നത്തിന്റെ ഫലം അനര്‍ഹര്‍ക്കുപോകാന്‍ ആഗ്രഹിക്കില്ലല്ലോ? പുണ്യത്തിന്റെ കാര്യമാകുമ്പോള്‍ പ്രത്യേകിച്ചും.
ഈ വര്‍ത്തമാനം കേട്ട് വേറെ രണ്ടു മൂന്നു പേരുംകൂടെ സംഭാഷണത്തില്‍ ചേര്‍ന്നു. അവരുടെ അഭിപ്രായത്തില്‍ ഈ ധനികന്‍ ഹവാലാ പണത്തിന്റെ ഏജന്റാണ്. ബ്ലാക്ക് മണി വെളുപ്പിക്കാനുള്ള അയാളുടെ ഒരു തട്ടിപ്പാണ് ഈ സ്ഥാപനവും കാരുണ്യ പ്രവര്‍ത്തനങ്ങളും.

ഉമ്മര്‍കോയ അതൊന്നും ശ്രദ്ധിക്കാന്‍ പോയില്ല. ഒന്നുമില്ലെങ്കിലും അയാള്‍ സഹായിക്കാമെന്ന് വാഗ്ദാനം തന്നില്ലേ?ചികിത്സക്കു പണം കണ്ടെത്താന്‍  കയറിയിറങ്ങാന്‍ ഒരിടവും ബാക്കിയില്ല. ജുമായ്ക്കു പള്ളികളായ പള്ളികളെല്ലാം നടന്നിരന്നിട്ടും കിട്ടിയത് വണ്ടിക്കൂലിക്കു പോലും തികഞ്ഞിട്ടില്ല. ധനികന്റെ ഉപദേശം എന്തെങ്കിലും ആയിക്കോട്ടെ പടച്ചോന്‍കാത്തോളും!
ആ ചെറുപ്പക്കാരി തന്നെയാണ്  സ്ഥാപനത്തിലേക്കു പോകാനുള്ള വഴി പറഞ്ഞു കൊടുത്തത്. ഉമ്മര്‍കോയക്ക് മറ്റൊന്നുകൂടെ ചോദിക്കാന്നുണ്ടായിരുന്നു. പക്ഷേ ഒന്നും ചോദിക്കാതെ അയാള്‍ സംശയിച്ചുനിന്നതേയുള്ളൂ.

ഉമ്മര്‍കോയ ധരിച്ചിരുന്നത് മുഷിഞ്ഞ വസ്ത്രങ്ങളായിരുന്നു. അയാള്‍  കറുത്തിട്ടാണ്. താടിരോമങ്ങള്‍ നരച്ചതാണ്. ഒറ്റനോട്ടത്തില്‍ ഉമ്മര്‍കോയയോട് ആര്‍ക്കും അടുപ്പമോ സൗഹൃദമോ തോന്നില്ല. പിന്നെ തീവ്രവാദികള്‍ അഴിഞ്ഞാടുന്നകാലമാണ്. താടിയും നെറ്റിത്തഴമ്പും മുക്കാല്‍ മുണ്ടും കണ്ടാല്‍തന്നെ മിക്കവാറും ആളുകള്‍ക്ക് സംശയമാണ്. പോരാത്തതിന് കൂടുതല്‍ സംസാരിക്കാന്‍ ശ്രമിക്കുന്നത് തെറ്റീധാരണയുണ്ടാക്കിയാലോ?
അയാള്‍ അക്കാര്യം ചോദിച്ചില്ല. 'പടച്ചോന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതു നടന്നോളൂം'
ആ ചോദിക്കാനുണ്ടായിരുന്ന കാര്യം അയാളുടെ ഏറ്റവും വലിയ സ്വകാര്യ സ്വപ്നത്തെ പറ്റിയുള്ളതായിരുന്നു.!
വാപ്പുമ്മാ പറഞ്ഞ കുട്ടികഥകേട്ട ദിവസം മുതല്‍ ഒളിഞ്ഞും തെളിഞ്ഞും കണ്ട്, അയാള്‍കൊപ്പം വളര്‍ന്നു വലുതായി വയസ്സായഒരു സ്വപ്നം.
സ്വപ്‌നങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകുമോ?

മനുഷ്യന്‍ ദൂരത്തെ വേഗം കൊണ്ടു കീഴടക്കുന്നതിനു മുന്‍പുള്ള കാലം. അന്നു മനുഷ്യര്‍ കാളവണ്ടിയിലും പല്ലക്കിലുമായിരുന്നു യാത്രചെയ്തിരുന്നത്. ഒരിക്കല്‍  പതിവിലേറേ തണുപ്പുള്ള ഒരു മഞ്ഞുകാലത്ത് വാപ്പുമ്മയുടെ വല്യാപ്പ, കൊടും കാട്ടിലൂടെ ഒറ്റക്ക് ഒരു യാത്രപോകാന്‍ തീരുമാനിച്ചു. കാതങ്ങള്‍ ദൂരെയുള്ള, ഈ നഗരത്തിലേക്ക്.
വല്യാപ്പക്ക് ഒറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ . ഈ നഗരത്തിലെ ഹാജിയാലി മസ്ജിദ്!!

ചുവന്നു തുടുത്ത അസ്തമയ സൂര്യന്റെ പശ്ചാത്തലത്തില്‍ കടല്‍ക്കാറ്റേറ്റ്, ഹാജിയാലി പള്ളീയുടെ തൂണില്‍ചാരി വിശ്രമിക്കണം. പിന്നെ ഉള്ളറിഞ്ഞൊരു മഗ്‌രിബ് നമസ്‌കാരം. അതു മാത്രമായിരുന്നു വല്യാപ്പയുടെ ലക്ഷ്യം. ഹാജിയാലിപള്ളീലെ നമസ്‌കാരത്തിനു മക്കാ മസ്ജിദിലെ നമസ്‌കാരത്തിന്റെ പുണ്യം കിട്ടൂത്രെ.
അങ്ങനെ വെള്ള തുണിയില്‍ പൊതിഞ്ഞ ഭാണ്ഡവുമായി വല്യാപ്പ പുറപ്പെട്ടു. പക്ഷേ വല്യാപ്പ എവിടേയും എത്തിയില്ല. യാത്രതുടങ്ങി രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോള്‍ വല്യാപ്പ മരിച്ചുപോയി. പാമ്പ് കടിച്ചതെന്നു ചിലര്‍ പറഞ്ഞു. മറ്റുചിലര്‍ കാട്ടാന ചവിട്ടിയതാണെന്നും. സത്യം ആര്‍ക്കും അറിയില്ല. പക്ഷേ വല്യാപ്പ ലക്ഷ്യത്തിലെത്താതെ മരിച്ചുപോയി. ആ സത്യം മറ്റുചരാചരാങ്ങള്‍ക്കൊപ്പം തണുത്തു മരവിച്ചു നിന്നു.

വല്യാപ്പയുടെ പേരും ഉമ്മര്‍കോയ എന്നായിരുന്നു.!
അയാളുടെ കുട്ടിമനസ്സിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചതും ആ സാമ്യംതന്നെയായിരുന്നു. അന്നു മുതല്‍ അയാള്‍ക്കൊപ്പമുണ്ട് ഹാജിയാലി പള്ളിയിലെ മഗ്‌രിബ് നമസ്‌കാരം. അസ്തമയ സൂര്യന്റെ ചുവന്ന പ്രകാശത്തിലുള്ള പള്ളിയും ചുറ്റുപാടും അയാള്‍ പലതവണ സ്വപ്നത്തില്‍ കണ്ടിട്ടുവരെയുണ്ട്.
'വലുതാകുമ്പോള്‍ ഞാനും പോകും' അയാളുടെ  കുഞ്ഞു മനസ്സ് മന്ത്രിച്ചു.
പക്ഷേ വലുതായപ്പോള്‍ തന്റെ ആഗ്രഹം സ്വകാര്യതയിലൊളിപ്പിക്കേണ്ടിവന്നു ഉമ്മര്‍കോയക്ക്. ഒരു കുടുംബത്തിന്റെ വിശപ്പുമാറ്റാന്‍ തൊണ്ടപൊട്ടുവോളം ഉച്ചത്തില്‍ വാങ്ക് കൊടുത്തു ജീവിക്കുന്ന ഒരു ദരിദ്ര മുക്രിയുടെ സ്വപ്നങ്ങള്‍ക്ക് എന്തു പ്രസക്തിയാണുള്ളത്?
എങ്കിലും  പടച്ചവന്റെ തീരുമാനങ്ങള്‍ വിചിത്രവും  അര്‍ത്ഥമുള്ളതുമായിരിക്കും.
അസ്‌നയുടെ കാര്യത്തിനാണെങ്കിലും ഹാജിയാലി ഷേക്കിന്റെ മണ്ണില്‍ വരാന്‍ കഴിഞ്ഞത് അയാള്‍ക്കു ആശ്ച്ചര്യമായി തോന്നി.
ഹാജി അലി ഷേക്ക്!.  വാപ്പുമ്മ പറഞ്ഞുകേട്ടിട്ടുള്ള കഥയാണ് .

'അദ്ദേഹം നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഈ നഗരത്തിലെ ഏറ്റവും ധനികനായ വ്യാപാരിയായിരുന്നു. അദ്ദേഹത്തിന്റെ സാധുക്കളോടുള്ള ദയയും സ്‌നേഹവും അക്കാലത്ത് ദൂരദേശങ്ങളില്‍ പോലും പ്രശസ്തമായിരുന്നു. ഭിക്ഷക്കാരും അടിമകളും ഹാജി അലി ഷേക്കിനെപറ്റി പാടി സന്തോഷം കണ്ടെത്തി. പക്ഷേ ഹാജി അലി ഷേക്കിന് ഒന്നിലും സന്തോഷം കിട്ടിയിരുന്നില്ല. ലോകത്തു നിലനില്‍ക്കുന്ന ദുഃഖങ്ങള്‍ അദ്ദേഹത്തിന്റേതു കൂടിയായതുപോലെ..! ഒടുവില്‍ തന്റെ സ്വത്തുവകകളെല്ലാം ദാനം കൊടുത്തശേഷം നീക്കിവച്ചിരുന്ന തുകകൊണ്ട് കടലിനഭിമുഖമായി ഒരു മസ്ജിദ് പണികഴിപ്പിച്ചു. പിന്നെ ആ മസ്ജിദില്‍ മഗ്‌രിബ് നമസ്‌കരിച്ച ശേഷം വെള്ള വസ്ത്രം ധരിച്ച്, വെള്ള തുണിയില്‍ പൊതിഞ്ഞ ഭാണ്ഡവുമായി  ഷേക്ക് മക്കയിലേക്കു യാത്രയായി. പിന്നീട് അദ്ദേഹം മടങ്ങിവന്നില്ല. അങ്ങനെ കാലം കുറേ കഴിഞ്ഞപ്പോള്‍ ആ മസ്ജിദ് ഹാജിയാലി മസ്ജിദ് എന്നറിയപ്പെട്ടു. അശരണര്‍ക്കും ദരിദ്രര്‍ക്കും അതു മക്കാ മസ്ജിദിനോളം പുണ്യമുള്ളതായി. കരയില്‍നിന്നും അല്പം ദൂരെ കടലിലേക്കിറങ്ങിയുള്ള ഒരു കുഞ്ഞുദ്വീപിലായിരുന്നു ഹാജിയാലി പള്ളി പണിതത്. കടലിനുമേലെ ഉയര്‍ന്നു നില്‍ക്കുന്ന, കാല്‍പാദത്തിന്റെ അത്രമാത്രം വലിപ്പമുള്ള, ചിതറിക്കിടക്കുന്ന പാറകളില്‍ ചവിട്ടിവേണം പള്ളിയിലേക്കു പോകാന്‍. ആ പാറകള്‍ക്കുമുണ്ട് ഒരു വിശേഷം. ജീവിതത്തിലെ ഒരോരോ പരീക്ഷണങ്ങളുടെ പ്രതീകമാണ് ആ പാറകല്ലുകള്‍. ഒരു യഥാര്‍ത വിശ്വാസിക്കു മാത്രമേ ആ പാറകളില്‍ ചവിട്ടിപോകാന്‍ പറ്റൂ. പാപങ്ങള്‍ ചെയ്തവര്‍ക്കു നടുവിലെത്തുമ്പോള്‍ തലകറങ്ങും. അവര്‍ കടലിലേക്കു മറിഞ്ഞുവീണ് മീനുകള്‍ക്കു ഭക്ഷണമായിത്തീരും.'
ആത്മശുദ്ധിയുടെ പരീക്ഷണമാണത്!
പാറക്കല്ലുകളില്‍ ചവിട്ടിപോകാന്‍ ഉമ്മര്‍കോയക്ക് തെല്ലും ഭയമില്ല. അറിഞ്ഞുകൊണ്ട് ഒരു തെറ്റുപോലും അയാള്‍ ചെയ്തിട്ടില്ല. പടച്ചവന് അടിമപ്പെട്ടു മാത്രമേ അയാള്‍ ജീവിച്ചിട്ടുള്ളൂ.
തനിക്കും മഗ്‌രിബു നമസ്‌ക്കരിക്കണം. പിതാമഹന്മാരുടെ ആഗ്രഹം അങ്ങനെ നിറവേറട്ടെ.
ചെറുപ്പക്കാരി പറഞ്ഞുതന്ന വഴി കിറുകൃത്യമായിരുന്നു. ഭാഷ അറിയില്ല, ആദ്യമായാണ് ഈ നഗരത്തില്‍, ചെറുപ്പക്കാരി പറഞ്ഞുതന്ന അടയാളങ്ങള്‍ നോക്കിപോയതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.
അതങ്ങനെയാണ് വഴിയടയാളങ്ങള്‍ പറഞ്ഞുതരാന്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായ കഴിവുണ്ട്. അസ്‌നയുടെ ഉമ്മയും അങ്ങനെയാണ്. സംശയിക്കാതെ, ഹാജി അലി പള്ളിയിലേക്കുള്ള വഴികൂടി ചോദിച്ചു മനസ്സിലാക്കാമായിരുന്നു!
ലളിതമായിരുന്നു സ്ഥാപനത്തിലെ ഔപചാരികതകള്‍. ഫോമ് പൂരിപ്പിക്കാനും പരിശോധിക്കാനുമായി ഒരു മലയാളി തന്നെയുണ്ടായത് ഭാഗ്യമായി. എല്ലാം കഴിഞ്ഞ് അയാള്‍ സന്തോഷപൂര്‍വം പറഞ്ഞു.:
'ഇനി നിങ്ങള്‍ക്ക് ധൈര്യമയി തിരികെ പോകാം! കുറച്ചു ദിവസംകൂടി കഴിഞ്ഞാല്‍, അസ്‌നയുടെ ഓപ്പറേഷന്‍ തിയതിയും ബാക്കിഎല്ലാ കാര്യങ്ങളും വിശദമായിത്തന്നെ അറിയിക്കാം.., കോയാ.. പടച്ചോനാണ് നിങ്ങളെ ഇവിടെ എത്തിച്ചത്. അവന്റെ ദയ നിങ്ങള്‍ക്കൊപ്പമുണ്ട്!'
ഉമ്മര്‍കോയ തീവണ്ടിയില്‍ സഹയാത്രികര്‍ പറഞ്ഞ കാര്യങ്ങള്‍ അയാളുമായി പങ്കുവച്ചു. കാര്യം കേട്ട് അയാള്‍ ഞെട്ടിത്തരിച്ചു. ചുറ്റുപാടുമുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നു നോക്കി. പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു:
'ഉമ്മര്‍കോയാ..,നിങ്ങള്‍ ഒരു നിഷ്‌ക്കളങ്കനായതുകൊണ്ടാണ് ഇതു ചോദിച്ചതെന്ന് എനിക്കറിയാം. ഇനി മറ്റാരോടും ഇത് ചോദിക്കാന്‍ നിക്കണ്ടാ.., കമ്പനിയുടെ ശത്രുക്കള്‍ പറഞ്ഞുപരത്തുന്ന നൂണകഥകളാണിതെല്ലാം..'
അയാള്‍ക്ക് അതു ചോദിക്കേണ്ടിയിരുന്നില്ല എന്നു തോന്നി.
നന്ദി പറഞ്ഞു തിരികെയിറങ്ങുമ്പോള്‍ ഉമ്മര്‍കോയയെ അയാള്‍ ഒരു കാര്യം  ഓര്‍മ്മിപ്പിച്ചു.
'കോയാ.. നന്ദി എന്നോടല്ല. പടച്ചവനോടു പറയൂ.., ഹാജി അലിയെ പോലെ ദയാലുവാണ് ഈ സ്ഥാപനത്തിന്റെ യജമാനന്‍. നിങ്ങളുടെ ദുവായില്‍ യജമാനനെ കൂടി ഉള്‍പെടുത്തുക'
ഉമ്മര്‍കോയ നന്ദിയോടെ തലയാട്ടി.
തിരികെ പോകുവാനുള്ള വണ്ടി രാത്രി വൈകിയാണ് പുറപ്പെടുക. സമയം ആവശ്യത്തിനുണ്ട്. ഹാജി അലി മസ്ജിദിലേക്കുള്ളവഴി ഉമ്മര്‍കോയ ആ മലയാളിയോട് ചോദിച്ചു മനസ്സിലാക്കിയിരുന്നു.
ഉമ്മര്‍കോയയുടെ തളര്‍ന്നു കിടന്നിരുന്ന മഗ്‌രിബ് മോഹം വീണ്ടും ശക്തമായി.
ഉമ്മര്‍കോയ അയാള്‍ പറഞ്ഞ അടയാളങ്ങള്‍ നോക്കി മസ്ജിദിലേക്കു പുറപ്പെട്ടു. പക്ഷേ അടയാളങ്ങള്‍ക്ക് കൃത്യതയുണ്ടായിരുന്നില്ല. ഉമ്മര്‍കോയക്കു വഴിതെറ്റി. എങ്കിലും അയാള്‍ അന്വേഷണം നിര്‍ത്തിയില്ല. ഭാഷയറിയിതെ വഴിയറിയാതെ ഉമ്മര്‍കോയ പാളങ്ങള്‍ തീരുന്ന നഗരത്തില്‍ അലഞ്ഞുനടന്നു. കുറച്ചു നടന്നപ്പോഴേക്കും അസ്‌ന തളര്‍ന്നു.
അവള്‍ കൊച്ചു കുട്ടിയല്ലേ? അഭിലാഷങ്ങളേയും ജീവിതലക്ഷ്യത്തേയും പറ്റിയെല്ലാം അവള്‍ക്കെന്തറിയാം?
പിന്നീട് അയാള്‍ തന്റെ മകളെ തോളില്‍ ഇരുത്തിയാണ് മുന്നോട്ടു നടന്നത്. അസ്‌നക്കും അതിഷ്ടമായി. വാപ്പയുടെ തോളില്‍ഇരുന്നു ലോകം കാണുക!
എത്രനേരം അങ്ങനെ നടന്നുവെന്ന് അയാള്‍ക്കറിയില്ല. മഗ്‌രിബിന് ഇനി അധിക സമയമില്ല.
ഉമ്മര്‍കോയക്കു നിരാശയായി.
അസ്‌നയാണ് ആദ്യമായി മസ്ജിദ് കണ്ടത്. തീവണ്ടിയിലിരുന്നുണ്ടാക്കിയതുപോലെ ഒരു വികട ശബ്ദമുണ്ടാക്കി അവള്‍ പള്ളിക്കുനേരെ വിരല്‍ ചൂണ്ടി.
ഹാജിയാലി മസ്ജിദിലേക്കണ് പോകേണ്ടതെന്ന് അസ്‌നക്ക് എങ്ങനെ മനസ്സിലായി? അയാള്‍ക്ക് ആശ്ചര്യമായി. തന്റെ സ്വപ്നത്തെ പറ്റി അസ്‌നയുടെ ഉമ്മായോടു പോലും ഒന്നും പറഞ്ഞിട്ടില്ല.
പിതാവിനു പുത്രിയോടു സംസാരിക്കാന്‍ ശബ്ദങ്ങളുടെ ആവശ്യമില്ല. ആത്മബന്ധങ്ങളുടെ സംഘര്‍ഷങ്ങളും തലോടലുകളുമാണ് അവരുടെ യഥാര്‍ത്ഥ ഭാഷ.
ഒരതീന്ദ്രിയശക്തി അവിടെ പ്രവര്‍ത്തിക്കുന്നതുപോലെ അയാള്‍ക്കു തോന്നി. പിന്നെ അളക്കാനാവാത്ത ആവേശത്തോടെ അയാള്‍ മസ്ജിദ് ലക്ഷ്യമാക്കി നടന്നു.
പക്ഷേ കാര്യങ്ങള്‍ അത്രക്ക് സുഖമുള്ളതായിരുന്നില്ല. മസ്ജിദിന്റെ കാവല്‍ക്കാരന്‍ ഉമ്മര്‍കോയയെ അകത്തുപോകുന്നതുതടഞ്ഞു! മസ്ജിദിനു അതിന്റെതായ നിയമങ്ങളുണ്ട്. മസ്ജിദില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. അതിപ്പോള്‍ കൊച്ചുകുട്ടിയാണെങ്കില്‍ പോലും!
ആരുടെ നിയമം? ആരുണ്ടാക്കിയ നിയമം? ഈ നിയമത്തെ പറ്റിയൊന്നും വാപ്പുമ്മ ഒന്നും പറയാതിരുന്നതെന്താണ്?
പാറാവുകാരനതൊന്നും അറിയില്ല. അയാള്‍ക്കു നല്‍കിയിരിക്കുന്ന ജോലി അയാള്‍ ചെയ്യുന്നു, പക്ഷേ ഇതു പുതിയ നിയമമൊന്നുമല്ല. തലമുറകളായി മസ്ജിദിന്റെ പാറാവുജോലി ചെയ്യുന്ന വംശത്തിലെ ഒരംഗമാണ് അയാളും. അയാളുടെ പിതാമഹന്മാരുടെ കാലത്തും ഇതേ നിയമമുണ്ടായിരുന്നു. അവരാരും ഹാജി അലിയിടെ പവിത്രമന്ദിരത്തില്‍ സ്ത്രീകളെ കാലുകുത്താന്‍ സമ്മതിച്ചിട്ടില്ല.
ഉമ്മര്‍കോയ ധര്‍മ്മ സങ്കടത്തിലായി. അസ്‌നയെ തനിച്ചാക്കി എങ്ങനെ അകത്തുപോകും. പടിവാതില്‍ വരെ വന്നിട്ടും നമസ്‌ക്കരിക്കാതെ പോയാല്‍ പിതാമഹന്‍മാരുടെ ശാപം!. ആ കുറ്റബോധത്തില്‍ തന്റെ ശിഷ്ട്ട ജീവിതം നരകതുല്യമാകും.
എന്തുചെയ്യണമെന്നറിയാതെ ഉമ്മര്‍കോയക്ക് കരച്ചില്‍ വന്നു.
അയാളുടെ ധര്‍മ്മ സങ്കടം കണ്ട് ദയതോന്നിയ പാറാവുകാരന്‍ ഒരു കാര്യം പറഞ്ഞു.
'അവിടെ അല്പം മാറി  സ്ത്രീകള്‍ക്കുമാത്രമുള്ള ഒരു വിശ്രമകേന്ദ്രമുണ്ട്. ഉമ്മര്‍കോയയെപോലെ സ്തീകളേയും പെണ്‍കുട്ടികളേയും കൊണ്ടുവരുന്നവര്‍ അവിടെയാണ് ഏല്‍പ്പിക്കുക. വിശ്രമകേന്ദ്രത്തില്‍ പ്രാര്‍ത്ഥിക്കാനും വിനോദത്തിനുമുള്ള ഏര്‍പ്പാടുണ്ട്. കുട്ടികള്‍ക്കു കളിക്കാനുള്ള സൗകര്യമുണ്ട്. അവര്‍ പുറത്തേക്കു പോകാതിരിക്കാന്‍ ശക്തരായ കാവല്‍കാരുണ്ട്. മണിക്കൂറടിസ്ഥാനത്തില്‍ ചെറിയൊരു തുക ഈടാക്കും. പിന്നെ ഏല്‍പ്പിക്കുന്ന പുരുഷന്റെ മേല്‍വിലാസവും തെളിവുമെല്ലാം കൃത്യമായിരിക്കണം. ചില വിരുതന്മാര്‍ വയസായ മാതാപിതാക്കളേയും ആവശ്യമില്ലാത്തവരേയും ഏല്‍പ്പിച്ചു കടന്നു കളയാറുണ്ട്. അത്തരക്കാരെ പിടികൂടാനാണ്. കൂടാതെ അവിടെ ഏല്‍പ്പിച്ചു എന്നതിനു തെളിവായി ഒരു രസീതു തരും. തിരികെചെല്ലുമ്പോള്‍ ആ രസീതുമായി വേണം പോകാന്‍'
അയാള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തു.
വിചിത്രമാണ് ഒരോരോ നിയമങ്ങള്‍. മനുഷ്യന്റെ ഒരോരോ ആവശ്യങ്ങള്‍തന്നെയല്ലേ ഈ നിയമങ്ങളുടെ സൃഷ്ടാവ്!. മനുഷ്യന്‍ അവന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ച് നിയമങ്ങളുണ്ടാക്കുന്നു. പിന്നെ അതടിച്ചേല്‍പ്പിക്കുന്നു. ലംഘിക്കുന്നവരെ ശിക്ഷിക്കുന്നു. ഒടുവില്‍ അവന്‍ തന്നെത്താന്‍ ആ നിയമത്തിന്റെ ഗര്‍ത്തത്തില്‍ വീണു നരകിക്കുന്നു.
ഇഹലോകത്തെ ഏറ്റവും വലിയ അനീതിയാണീ നിയമങ്ങള്‍.
പക്ഷേ ഇപ്പോള്‍ വിശ്രമകേന്ദ്രമല്ലാതെ മറ്റൊരു ആശ്രയമില്ല. കുറഞ്ഞ പക്ഷം വിശ്രമകേന്ദ്രം സുരക്ഷിതമല്ലേ.
സമാധാനമായി നമസ്‌ക്കരിച്ചു വരാമല്ലോ.
വിശ്രമകേന്ദ്രത്തില്‍ വിവിധ പ്രായത്തിലുള്ള പെണ്‍കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്നു. അസ്‌നയുടെ ഉടമസ്ഥതക്ക് എഴുതിത്തന്ന രശീത് അയാള്‍ ഭദ്രമായി വച്ചു. വീണ്ടും വീണ്ടും അതവിടെയില്ലേ എന്നു പരിശോധിച്ചു.
പിതാവിന്റെയും പുത്രിയുടേയും ബന്ധം ആ രസീതിലേക്കു ചുരുങ്ങിയതുപോലെ!
മറ്റു പെണ്‍കുട്ടികളുടെ കൂട്ടത്തിലും അസ്‌നതന്നെയാണ് ഏറ്റവും സുന്ദരി. തന്റെ വൈരൂപ്യമൊന്നും അവള്‍ക്കു കിട്ടിയിട്ടില്ല. അസ്‌നക്ക് അവളുടെ ഉമ്മായുടെ നിറവും ഭംഗിയുമാണ്.
പുറപ്പെടുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറയുന്നതുപോലെ ഉമ്മര്‍കോയക്കു തോന്നിയിരുന്നു. വാപ്പയുടെ ആഗ്രഹത്തിനു തടസ്സം നില്‍ക്കുവാന്‍ അസ്‌നയും ആഗ്രഹിച്ചിരുന്നില്ല. അവള്‍ കണ്ണുകള്‍ തൂകാതെ തന്റെ ദുഖം കടിച്ചമര്‍ത്തി.
എന്തായാലും അവളെ സുരക്ഷിതമായി ഒരിടത്തു ഏല്‍പ്പിക്കാനായല്ലോ? ഇനി സമാധാനമായി മഗ്‌രിബ് നമസ്‌ക്കരിക്കാം.

ഹാജി അലി മസ്ജിദിലെ മഗ്‌രിബ്!. അയാള്‍ക്ക് അത്ഭുതം തോന്നി.

കടലിനു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന പാറകളില്‍ ചവിട്ടി ഒട്ടനവധി പേര്‍ മസ്ജിദിലേക്കു നടന്നു പോകുന്നുണ്ടായിരുന്നു. അല്‍പനേരം ആരെങ്കിലും കടലിലേക്കു വീഴുന്നുണ്ടോ എന്നയാള്‍ നോക്കിനിന്നു. പക്ഷേ ആരും തന്നെ വീണില്ല.
'മുത്തു മുഹമ്മദ് നബി സെല്ലലാഹു അലൈയ്‌വ സെല്ലമ്മയുടെ കബറിടത്തിനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന മസ്ജിദാണ്. അവിടെ എത്തിപെട്ടാല്‍ തന്നെ മനുഷ്യന്റെ എല്ലാ പാപവും പൊറുത്തുകിട്ടും' വാപ്പുമ്മയുടെ വാക്കുകള്‍.
പാറക്കല്ലുകള്‍ തുടങ്ങുന്നതിനു സമീപത്തായി കരയിലിരുന്ന് ഫക്കീറന്മാര്‍ ഗസല്‍ പാടുന്നു.
ഗസലുകള്‍ ഉമ്മര്‍കോയക്കു വലിയ ഇഷ്ട്ടമാണ്. സംഗീതം പഠിച്ചിട്ടില്ലെങ്കിലും വാക്കുകളുടെ അര്‍ഥം അറിയില്ലെങ്കിലും അയാള്‍ ഗസലുകള്‍ ആസ്വദിക്കാന്‍ ശീലിച്ചിരുന്നു. മറ്റൊരിക്കലായിരുന്നുവെങ്കില്‍ അയാള്‍ ആ ചെറു സദസ്സിനൊപ്പം ചേര്‍ന്നേനെ. പക്ഷേ ഇപ്പോള്‍ അതിനുള്ള അവസരമല്ല. ഇത് പിതാമഹന്‍മാരുടെ അഭിലാഷം നിറവേറ്റാനുള്ള ദുര്‍ലഭ നിമിഷങ്ങളാണ്.
ചുവന്നു തുടുത്ത അസ്തമയ സൂര്യന്റെ പശ്ചാത്തലത്തില്‍ അയാള്‍ പാറകളില്‍ ചവിട്ടി യാത്ര ആരംഭിച്ചു. ഒരു കൗതുകത്തിന് അയാള്‍ പാറക്കല്ലുകള്‍ എണ്ണുവാന്‍ തുടങ്ങി.
മുന്‍പിലും പിറകിലുമെല്ലാം നിറയെ വെള്ള വസ്ത്രം ധരിച്ച തീര്‍ത്ഥാടകരാണ്. അവര്‍ ഉറച്ച ശബ്ദത്തില്‍ റബ്ബിനെ വാഴ്ത്തി, തക്ബീര്‍ ചൊല്ലി.
ചുവന്ന പ്രകാശത്തില്‍ കുളിച്ചു, ആകാശത്തിലേക്കു ഉയര്‍ന്നുനില്‍ക്കുന്ന മിനാരങ്ങള്‍ കണ്ടപ്പോള്‍ ഉമ്മര്‍കോയയുടെ കണ്ണുകള്‍ നിറഞ്ഞുപോയി. പാറക്കല്ലുകളുടെ എണ്ണം തെറ്റി. അല്ലെങ്കിലും എണ്ണത്തില്‍ എന്തിരിക്കുന്നു. വെള്ളത്തിനടിയിലെ വലിയൊരു പാറയുടെ നിമ്‌നോന്നതങ്ങളല്ലേ ഇതെല്ലാം. പ്രതലത്തിനു മുകളില്‍ നമുക്ക് പലതായികാണുന്നു അത്രമാത്രം.
ഉമ്മര്‍കോയ സ്വപ്നത്തില്‍ കണ്ടതുപോലെ തന്നെയായിരുന്നു മസ്ജിദും പരിസരവുമെല്ലാം. അതിലും അതിശയകരം മഗ്‌രിബിനു വാങ്ക് കൊടുക്കുത്തതു ഉമ്മര്‍കോയയായിരുന്നു. അവിചാരിതമായി മസ്ജിദിലെ ഇമാം ഉമ്മര്‍കോയയോട് വാങ്ക് കൊടുക്കുവാന്‍ പറഞ്ഞു. സംശയിച്ചുനിന്നപ്പോള്‍  ഇമാം മന്ദഹസിച്ചുകൊണ്ട് പറഞ്ഞു.
'ഇന്നു നിങ്ങള്‍ക്കു മാത്രമേ അതിനുള്ള അര്‍ഹതയുളൂ'
പിതാമഹന്മാരുടെ അനുഗ്രഹം!. അല്ലാതെ എന്താണ്?
ഇമാമിന്റെ തൊട്ടു പുറകിലെ വരിയില്‍ നിന്ന്! ഉമ്മര്‍കോയ, ഒരോരോ നിമിഷത്തേയും ഗാഢമായി ആശ്ലേഷിച്ചുകൊണ്ട് നമസ്‌ക്കരിച്ചു. പുണ്യത്തിന്റെ ആധിക്യത്താല്‍ ഉമ്മര്‍കോയക്കു പിതാമഹന്മാരുടെ സാന്നിധ്യം അനുഭവപെട്ടു.!
നമസ്‌ക്കരിച്ചു കഴിഞ്ഞു മടങ്ങാന്‍ തുടങ്ങവേ ഉമ്മര്‍കോയ മസ്ജിദിലേക്കൊന്നു തിരിഞ്ഞു നോക്കി.
'ഇത്രയും ഭംഗിയിള്ള സ്ഥലം മറ്റൊരിടത്തും ഉണ്ടാകില്ല. അസ്‌ന, അവള്‍ ഇതു കണ്ടിരുന്നെങ്കില്‍ സന്തോഷം കൊണ്ട് തുള്ളീ ചാടിയേനെ!. പാവം. അവളിപ്പോള്‍ എന്തുചെയ്യുകയായിരിക്കും. അവള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ എന്തുരസമായേനെ. ഒരാണ്‍കുട്ടിയുടെ വേഷം കെട്ടിച്ചു കൂടെ കൊണ്ടുവന്നാല്‍ മതിയായിരുന്നു. എത്ര സുരക്ഷിതമാണെങ്കിലും അവളെ ഒറ്റക്കാകേണ്ടിയിരുന്നില്ല. കുട്ടികളെ തട്ടിയെടുത്ത് കണ്ണില്‍ ഈയം ഉരുക്കി ഒഴിച്ചു കാഴ്ച്ച ശക്തി ഇല്ലാതാക്കി ഭിക്ഷാടനത്തിനയക്കുന്നവരുടെ നഗരമാണ്. പെണ്‍കുട്ടികളെ വര്‍ഷങ്ങളോളം ഇരുട്ടറയിലടച്ച്, ചുവന്ന തെരുവില്‍ വിറ്റ് ജീവിക്കുന്നവരുടേതും കൂടിയാണീ നഗരം'
നിര്‍വൃതിയുടെ ഇടയിലും ഉമ്മര്‍കോയയുടെ മനസൊന്നു നീറി.
തിരികെ എത്തിയപ്പോള്‍ തീരം വിജനമായിരുന്നു. ഗസല്‍ പാടുന്ന ഫക്കീറന്മാരില്ല. വഴി വാണിഭക്കാരില്ല. അങ്ങനെ ആരെങ്കിലും അവിടെ ഉണ്ടായിരുന്നു എന്നതിനു ഒരു തെളിവുപോലും ഇല്ല.
വെള്ള വസ്ത്രം ധരിച്ച തീര്‍ത്ഥാടകര്‍ ധൃതിയില്‍ പലവഴിയിലേക്കു പിരിഞ്ഞുപോയി. ഇരുട്ട് നന്നായി പരന്നിട്ടുണ്ട്.
ആ പാറാവുകാരനെവിടെ? അയാളെയും കാണാനില്ല.
ഉമ്മര്‍കോയക്ക് എന്തോ ചതിവു പറ്റിയതുപോലെ തോന്നി. ഭയത്തോടെ അയാള്‍ വിശ്രമകേന്ദ്രമിരുന്നിടത്തേക്കു ഓടിചെന്നു. പക്ഷേ ആ കാഴ്ച്ചകണ്ട് അയാള്‍ ഞെട്ടി വിറച്ചുപോയി. അവിടെ അങ്ങനെയൊരു വിശ്രമകേന്ദ്രമേ ഇല്ലായിരുന്നു. പകരം അവിടെ ഒരു മദ്യശാല.
ഉമ്മര്‍കോയയുടെ കൈകാലുകള്‍ക്ക് സ്വാധീനം നഷ്ട്ടപെട്ടുവോ? അയാള്‍ മദ്യപിച്ചവനെപോലെ പുലമ്പി.
മദ്യശാലയുടെ പാറാവുകാരനും മസ്ജിദിന്റെ പാറാവുകാരനും ഒരേ മുഖഛായ.
ഏതാണു സത്യം? ഏതാണ് മിഥ്യാ? അസ്‌നയെവിടെ? ഉമ്മര്‍കോയ ഉച്ചത്തില്‍ അലറി.
ഉമ്മര്‍കോയ പറയുന്നത് ആരും വിശ്വസിക്കുന്നില്ല. തെളിവിനായിതന്ന രസീതിലെ അക്ഷരങ്ങള്‍ കടല്‍ വെള്ളം വീണ് അവ്യക്തമായിപോയിരുന്നു.
നീലമഷി പടര്‍ന്ന കടലാസ് ആകാശത്തിന്റെ ചിത്രം പോലെ കാണപ്പെട്ടു.
ശബ്ദം...അതു ദുര്‍ബലന്റെ പ്രതിഷേധ മാര്‍ഗമാണ്. ഉമ്മര്‍കോയയും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി പ്രതിഷേധിച്ചു. ശക്തന്മാര്‍ക്ക് മുന്‍പില്‍ ദുര്‍ബലന്റെ പ്രതിഷേധം യാചനയായി. യാചന രോദനവും പുലമ്പലുമായി.
പുലമ്പല്‍ കേട്ടു പാറാവുകാരന്‍ അക്ഷമനാകുകയായിരുന്നു. മദ്യശാലയിലേക്കു തള്ളികയറാന്‍ ശ്രമിച്ചതിനു അയാളും കൂട്ടാളികളും ചേര്‍ന്നു മര്‍ദ്ദിച്ചവശനാക്കി ഒരു ഗര്‍ത്തത്തിലേക്ക് ഉമ്മര്‍കോയയെ എറിഞ്ഞു.
ആ ഗര്‍ത്തത്തില്‍ വെറെയും ആളുകളുണ്ടായിരുന്നു. എല്ലാവരും ഉമ്മര്‍കോയയെപോലെ സമാനമായ രീതിയില്‍ വഞ്ചിക്കപെട്ടവര്‍. ആ ഗര്‍ത്തത്തില്‍ നിന്നു നോക്കിയാല്‍ നിലാവില്‍ മുങ്ങിനില്‍ക്കുന്ന ഹാജി അലി മസ്ജിദ് കാണാം.
വേലിയേറ്റമാണ്. പാറകല്ലുകള്‍ തീരെ ചെറുതായിരിക്കുന്നു.
യഥാര്‍ത്ഥത്തില്‍ മസ്ജിദ് ഏറ്റവും മനോഹരമായികാണപ്പെട്ടത് ആ ഗര്‍ത്തത്തിലെ കാഴ്ച്ചയിലായിരുന്നു. ചതിക്കപെട്ടവര്‍ അതിന്റെ മാസ്മരിക സൗന്ദര്യത്തില്‍ മയങ്ങിക്കിടകയാണ്. ശക്തികൂടിയ ലഹരി പദാര്‍ത്ഥം ഉപയോഗിച്ചപോലെ!
ശരീരത്തുനിന്നാകമാനം എല്ലുകള്‍ നുറുങ്ങിയ വേദന. നിസ്‌കാരത്തഴമ്പില്‍ നിന്നും ചോരയൊലിക്കുന്നു.
ഇല്ല. താന്‍ പറയുന്നതൊന്നും ഈ ലോകം വിശ്വസിക്കില്ല. ഈ ലോകത്തിന് അതൊന്നും മനസ്സിലാകില്ല.
സ്വപ്‌നങ്ങള്‍ മുറിഞ്ഞാല്‍ ചോര വരുമോ ?
'തമ്പുരാനേ നീയെന്നെ പരീക്ഷിക്കരുതേ'
അയാള്‍ ആകാശത്തേക്കു കൈകള്‍ ഉയര്‍ത്തി അപേക്ഷിച്ചു.
ജീവിതത്തിന്റെ പാളങ്ങള്‍ ഒരിടത്തും അവസാനിക്കാറില്ല. അന്ത്യമില്ലാത്ത ഒരു ദുരൂഹ  സ്വപ്നംപോലെ അത് നീണ്ടു നിവര്‍ന്നുകിടക്കും.
ഉമ്മര്‍കോയ ഗര്‍ത്തത്തിനു മുകളീലേക്കുവലിഞ്ഞു കയറി, ചോരയൊലിക്കുന്ന നെറ്റിയുമായി വേച്ചുവേച് പാളങ്ങളവസാനിച്ചനഗരത്തില്‍ മകളെ തേടിനടക്കവെ അയാളുടെ ആത്മാവ് ആ ചിതറിയ പാറകള്‍ക്കു മുകളില്‍ന്നിന്ന് കടലിന്റെ ആഴങ്ങളിലേക്കു വീണു.

ആത്മാവിനെ  ഭക്ഷിക്കാന്‍  മത്സ്യങ്ങള്‍ തിരക്കുകൂട്ടി.

_____________________________________________________________________________

ചിത്രശലഭങ്ങളുടെ കാറ്റ്
കുഞ്ഞാറ്റ കിളിയെ ഭയന്ന് പൂവരശിന്റെ ഇലക്കടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു ചിത്രശലഭം. പഴുത്തു മഞ്ഞിച്ച ഇലയാണ്. ശലഭത്തിന്റെ നിറവും മഞ്ഞയാണ്. കുഞ്ഞാറ്റകിളിക്കു പെട്ടന്നു കണ്ടുപിടിക്കാനാകില്ല..!
ഒളിച്ചിരിക്കുക എന്നത് ചിത്രശലഭത്തിന്റെയും കണ്ടുപിടിക്കുക എന്നത് കുഞ്ഞാറ്റക്കിളിയുടെയും ദൗത്യമാണ്. നിലനില്‍പ്പിനു വേണ്ടിയുള്ള അതിജീവന മാര്‍ഗം. പരിണാമമെന്ന കുത്തൊഴുക്കില്‍ വന്നടിഞ്ഞ നിയമമാണത്. അതില്‍ ഇത്തവണ ജയിച്ചത് കുഞ്ഞാറ്റക്കിളിയായിരുന്നു. കാണാന്‍ ഭംഗിയുള്ള ചിറകുകള്‍ ശരീരത്തോടു ചേര്‍ത്തു വച്ച്, ഒരഭ്യാസിയെപോലെ ചെറുതെങ്കിലും ഉരുക്കുപോലുള്ള ചുണ്ടുകള്‍ നീട്ടി കുഞ്ഞാറ്റക്കിളി ചിത്രശലഭത്തിനുനേര്‍ക്ക് പാഞ്ഞടുത്തു. തനിക്കു നേരെനീണ്ടു വരുന്ന ഉരുക്കു ചുണ്ടുകള്‍ കണ്ടു വിരണ്ട ശലഭം തന്റെ ദുര്‍ബലമായ ചിറകുകള്‍ വിടര്‍ത്തി അന്തരീക്ഷവായുവിനെ തള്ളി.
അങ്ങനെയാണ് ഇളം കാറ്റ് വീശാന്‍ തുടങ്ങിയത്.
'എല്ലാ കാറ്റുംകൊടുംകാറ്റും തുടങ്ങുന്നത് ചിത്രശലഭങ്ങളില്‍ നിന്നാണ്. അവയുടെ ഭയന്നു വിരണ്ട മര്‍മ്മരങ്ങളാണീ കാറ്റുകളെല്ലാം'
ഭംഗിയുള്ള കുഞ്ഞാറ്റകിളിയുടെ ആഹാരമായിത്തീരും മുന്‍പ് ശലഭം തള്ളി നീക്കിയ വായു കുറ്റികാട്ടില്‍ കൂട്ടമായി ഒളിച്ചിരുന്ന ചിത്രശലഭങ്ങളെ ഭയപ്പെടുത്തി. അവര്‍ ഒരേ വേഗതയിലും താളത്തിലും ചിറകുകള്‍ വീശി അന്തരീക്ഷത്തില്‍ പ്രകമ്പനമുണ്ടാക്കികൊണ്ട് പറന്നുയര്‍ന്നു.
അങ്ങനെ ആ പ്രകമ്പനം ഒരു കാറ്റായി വീശാന്‍ തുടങ്ങി. കാറ്റ് കൊടുംങ്കാട്ടിലെ പൂക്കളോടും ഇലക്കളോടും ദുഖം പറഞ്ഞു. പൂക്കളും ഇലകളും ചിത്രശലഭങ്ങളുടെ ആത്മബന്ധുവാണ്. സ്വതവേ ശാന്തരെങ്കിലും  ശലഭങ്ങളുടെ കഥ കേട്ടപ്പോള്‍ അവര്‍ക്കു ദേഷ്യം വന്നു. അവര്‍ തങ്ങളെ കൊണ്ടാകും വിധം ശരീരമിളക്കി കാറ്റിനെ കൊടും കാറ്റാക്കി.
അങ്ങനെ ആത്മ ബന്ധനത്തിന്റെ ചങ്ങലയിലെന്ന പോലെ കാറ്റും കൊടുംങ്കാറ്റും ഉണ്ടായി.
ലക്ഷ്യമില്ലാതെ അലറി നടന്നിരുന്ന കൊടുംങ്കാറ്റ് കരയുടെ മാറിടം പോലെ ഉയര്‍ന്നു നിലക്കുന്ന മലയില്‍ തട്ടി ദിശമാറി മനുഷ്യര്‍ അധിവസിക്കുന്ന നഗരത്തിലേക്കു സഞ്ചരിച്ചു.
പ്രപഞ്ചരഹസ്യങ്ങള്‍ തേടിയിറങ്ങിയതുപോലെ കാറ്റ് മുന്നോട്ടു കുതിച്ചു. കൊടുംങ്കാട്ടില്‍ നിന്നും ഉയര്‍ത്തികൊണ്ടുവന്ന കരിയിലകളുമായാണ് കാറ്റിന്റെ യാത്ര.
വന്യവും ശക്തവുമായിരുന്നെങ്കിലും ദൂരെ അസ്തമയ സൂര്യനില്‍ മുങ്ങികിടക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ കാടുകണ്ടപ്പോള്‍ കൊടുംങ്കാറ്റിനും അത്ഭുതം തോന്നി.
ചക്രവാള സൂര്യന്‍ പോയ്മറയുന്നതാണെങ്കിലും അതില്‍ പ്രതീക്ഷയുടെ ഒരിറ്റു ജീവന്‍ ബാക്കിയുണ്ടാകും. മറ്റൊരു പുലര്‍ കാലത്തിന്റെ ! എന്തു ചെയ്യണമെന്നറിയാതെ കാറ്റ് ഒരു നിമിഷം ആ നഗരത്തിന്റെ അതിര്‍ത്തിയില്‍ സംശയിച്ചു നിന്നു.

അതേ അസ്തമയ സൂര്യനഭിമുഖമായി ആ നഗരത്തിലെ ഏറ്റവും ഉയരം കൂടിയ ഒരു കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ വീതികുറഞ്ഞ അരമതിലിനു മുകളില്‍ നിന്നുകൊണ്ട് ഭൂമിയിലേക്കു നോക്കി നില്‍ക്കുകയായിരുന്നു അയാളപ്പോള്‍.
താഴെ ഭൂമിയില്‍ മനുഷ്യരും വാഹനങ്ങളും ഉറുമ്പുകളെപോലെ ഉരുണ്ടുണ്ടുരുണ്ട് പോകുന്നു.
അന്തരീക്ഷത്തിന്റെ ആഴം കടലാഴത്തതിനേക്കാളും ഭയാനകമാണ്.
ചിത്രശലഭത്തെ പോലെ ഭയമായിരുന്നു അയാളുടെ സ്ഥായീ ഭാവം. എവിടേയും ഇരിക്കാനാവില്ല. ഒരിലയും ശലഭത്തിനു സുരക്ഷിതമല്ലാത്തതുപോലെ ഒരിടത്തും അയാള്‍ക്കു ധൈര്യം കിട്ടിയില്ല. എന്തിനും ഏതിനും ഭയം. ആദിയും അന്തവുമില്ലാത്ത ഭയം. കൂട്ടുകാര്‍ക്കെല്ലാം അവനൊരു തമാശയായിരുന്നു. മറ്റുള്ളവര്‍ക്ക് ഭയത്തിന്റെ മാനദണ്ഡവും.
ഒരാളുടെ കണ്ണുകളില്‍ പോലും നോക്കുവാനാകാതെ തല താഴ്ത്തി ഒട്ടകത്തെ പോലെ കൂനി നടക്കുന്നവന്‍.
എന്ന്, എപ്പോള്‍ മുതല്‍ ? എന്തുകൊണ്ടാണ് ഇത്രയും ഭയം?
ചോദ്യങ്ങള്‍ കുറെയുണ്ടായിരുന്നു അയാളുടെയുള്ളില്‍. ഒരുപക്ഷേ ഭയപ്പെടുക എന്നത് അയാളുടെ ജീവിത ദൗത്യമാകാം.
ഒന്നിനുമല്ലാതെ ഭയപ്പെടുക.

ധീരതയ്ക്കുള്ള ബഹുമതി കിട്ടിയ ഒരു പട്ടാളക്കരന്റെ മകനാണയാള്‍. ആ പട്ടാളക്കാരന് എങ്ങനെ ഇത്ര ഭീരുവായ ഒരു മകനുണ്ടാകും?
അന്ന് അച്ഛന്‍ അമ്മയുടെ ചാരിത്ര്യത്തെ സംശയിച്ച ദിവസമാണ് അയാളുടെ കുട്ടിമനസ്സിന് ആദ്യമായി വേദനിച്ചത്. സങ്കടവും ദേഷ്യവും കൊണ്ട് അമ്മ വിങ്ങിപൊട്ടി കരയുന്നതു കേട്ടപ്പോള്‍ തന്റെ ജന്മത്തെ ശപിച്ച് വീടുവിട്ടിറങ്ങിയതാണ്.
കാലം എത്ര കടന്നു പോയെന്ന് അയാള്‍ക്കു തന്നെ തിട്ടമില്ല !!
ധീരത തെളിയിക്കാന്‍ അച്ഛനെപോലെ പട്ടാളത്തില്‍ ചേരാം. യുദ്ധമുണ്ടായാല്‍ പങ്കെടുക്കാം.
 യുദ്ധങ്ങല്‍ തന്നെ ഭീരുത്വമല്ലെ?
ഭൂമി സൃഷ്ട്ടിച്ചപ്പോള്‍ ഇല്ലാതിരുന്ന അതിരുകളുണ്ടാക്കി പരസ്പ്പരം കൊല്ലുന്നതു ധീരതയാണോ? ഏതു പുല്‍മേട്ടിലാണ് കളിക്കേണ്ടതെന്ന് ചിത്രശലഭങ്ങളെ വിലക്കുന്നതാണോ ധീരത?
ആ നഗരത്തിലെ അധോലോക നായകനെ തിരഞ്ഞു നടന്ന്, കണ്ടുപിടിച്ചു കൊല്ലാം  പക്ഷേ അയാള്‍ ഇല്ലെങ്കില്‍ മറ്റൊരാള്‍ അവിടെ ഉണ്ടാകും.
ഒരു ജീവനെടുത്തു കിട്ടുന്ന ധീരത വ്യാജമാണ്.

ഭരണകൂടത്തിന്റെ ഭീകര നിയമങ്ങള്‍ക്കെതിരേ നിരന്തരം സമരം നടത്തുന്ന നഗരമാണത്. ആ സമരത്തിന്റെ മുന്‍പില്‍ ചെന്നു നിന്ന് മുദ്രാവാക്യം വിളിക്കാം. പോലീസിന്റെ തല്ലുകൊണ്ട് ജീവന്‍ പോകും വരെ സമരം ചെയ്യാം.  പ്രതിഷേധിക്കാം. പക്ഷേ ഇതെല്ലാം ചെയ്യുന്നത് അനേകം പേരുടെ ജീവനെടുത്ത ഒരു കലാപത്തിന്റെ സൂത്രധാരനായ നേതാവിന്റെ അധികാരക്കൊതിക്കു വേണ്ടിയാണെന്നു വന്നാലോ?
ഈ വിരോധാഭാസത്തില്‍ എവിടെയാണ് ധീരത?
ചിത്രശലഭങ്ങള്‍ക്ക് ഭക്ഷ്യശൃംഖലയിലെ ബന്ധുവായ കുഞ്ഞാറ്റക്കിളി ശത്രുവാകുന്നതുപോലെ, മനുഷ്യര്‍ക്ക് ഈ ലോകതറവാടില്‍ ജനിച്ചു വീഴുന്ന എല്ല ഇരുകാലികളും ശത്രുക്കളാണ്. സംശയത്തോടെയും ഭയത്തോടെയുമല്ലാതെ അവര്‍ക്കു പരസ്പ്പരം നോക്കാനാവില്ല. നിശബ്ദമായി നില്‍ക്കുന്ന, ഒരു വരിയുടെ മുന്‍പിലും പിന്‍പിലും നില്‍ക്കുന്നവര്‍ ശത്രുകളാണെന്ന് അവന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചുകൊണ്ടിരിക്കും. ഒരിക്കല്‍ തീര്‍ന്നു പോയേക്കാവുന്ന ശ്വാസവും വായുവും ജലവും ഉപയോഗിച്ചു തീര്‍ക്കാന്‍ വന്ന ശത്രു!
ആ ശത്രുത മറച്ചു പിടിക്കാനുള്ള പൊയ്മുഖങ്ങളാല്‍ സമൃദ്ധമാണ് മനുഷ്യരുടെ വ്യവസ്ഥകളും നിയമങ്ങളും. അത്തരമൊരു ലോകത്ത് എങ്ങനെ ഭയപ്പെടാതെ ജീവിക്കും.
ചിത്രശലഭങ്ങളുടെ കൊടുംങ്കാറ്റുപോലെ ശത്രുക്കളുടെ കൊടുംങ്കാറ്റും ഒരിക്കല്‍ ഉണ്ടാകുമായീക്കും..!

ഭയം വസിക്കുന്ന ശരീരവുമായി, ഒരാളുടേയും മുഖത്തു നോക്കാനുള്ള ധൈര്യം പോലുമില്ലാതെ, കുറ്റിത്താടി വളര്‍ത്തിയ മുഖവുമായി അയാള്‍ പലയിടങ്ങളില്‍ സഞ്ചരിച്ചു. പലയിടങ്ങളില്‍ പലപല ജോലികള്‍ചെയ്തു. ചിലയിടങ്ങളില്‍ ഹോട്ടല്‍ ജോലിക്കാരനായി. ചിലയിടങ്ങളില്‍ റിക്ഷാക്കാരനായി. ചിലയിടങ്ങളില്‍ പൊതുനിരത്ത് വൃത്തിയാക്കുന്നവരുടെ കൂട്ടത്തില്‍!
കാലം അങ്ങനെ മഹാ മുനിയെപ്പോലെ കടന്നുപോകവേ മരുഭൂമിയുടെ ഓര്‍മകളില്‍ പെയ്ത ഒരേ ഒരു മഴയെന്ന പോലെ ആ ഭയത്തിന്റെയും ശത്രുതയുടേയും ഭൂമിയില്‍ അയാള്‍ ആ കാഴ്ച്ച കണ്ടു.
അതൊരു വേശ്യാലയം ആയിരുന്നു.

പകല്‍ മുഴുവനും ജോലിചെയ്തു കിട്ടുന്ന തുട്ടുകള്‍കൊണ്ട് അയാള്‍ അവിടേക്കു പോകും. അവളുടെ കണ്ണുകള്‍ക്കു വല്ലാത്ത ആഴമുണ്ടായിരുന്നു. അയാള്‍ പണം കൊടുത്തു. വാടകക്കെടുത്തിരുന്നത് അവളുടെ ശരീരമായിരുന്നില്ല. അവളുടെ ആ തവിട്ടു നിറമുള്ള കണ്ണുകളായിരുന്നു.
അളക്കുവാനാകാത്തത്ര ആവേശത്തോടെ അയാള്‍ ആ കണ്ണുകളുടെ വശ്യതയില്‍ നോക്കി ഇരിക്കും. അങ്ങനെ നോക്കിയിരിക്കുമ്പോള്‍ അയാള്‍  അവാച്യമായ ആശ്വാസം അനുഭവിച്ചിരുന്നു.
ആദ്യമാദ്യം അവള്‍ക്ക് ദേഷ്യവും സഹതാപവുമെല്ലാം തോന്നിയിരുന്നു. പിന്നെ സാവധാനം അവളും അവന്റെ കണ്ണുകളുമായി പ്രണയത്തിലായി.
കണ്ണുകളില്‍ കണ്ണുകള്‍ കോര്‍ത്ത് എത്ര മഴയും വേനലും മഞ്ഞും കഴിഞ്ഞു പോയെന്ന് അവര്‍ക്കറിയില്ല! കാലങ്ങള്‍ കാണാതെ അവരുടെ മിഴികള്‍ പ്രണയിച്ചു കൊണ്ടേയിരുന്നു.
'പ്രണയം..! അതാകാം ഭയമില്ലാത്തവന്റെ ഭാവം '
അവള്‍ അതു തിരുത്തി: 'പ്രതീക്ഷകള്‍.. പ്രതീക്ഷകളുള്ളവനാണ് ഭയമില്ലാത്തവന്‍'
അയാള്‍ക്കതു മനസ്സിലായില്ല.

വേശ്യകള്‍ ബെഞ്ചാരെകളെ പോലെയാണ്. അവര്‍ക്ക് സ്വന്തമായി ഒരു ദേശമോ നഗരമോ ഇല്ല.വിയര്‍പ്പുമണമുള്ള ഇടുങ്ങിയ മുറികളാണവരുടെ ലോകം. ദേശങ്ങള്‍ മാറുന്നത് അവര്‍ അറിയാറില്ല. ഭിത്തികളുടെ നിറം മങ്ങുന്നതു മാത്രമാണ് അവരറിയുക.
അന്ന് അവള്‍ ഭിത്തികള്‍ മങ്ങിയ മറ്റൊരു ലോകത്തിലേക്കു യാത്ര പോവുകയായിരുന്നു.
എന്നെന്നേക്കുമായി അവളുടെ കണ്ണുകള്‍ വാടകക്കെടുക്കുവാന്‍ അവന്‍ തയ്യാറാണ്. പക്ഷേ അതവള്‍ വിലക്കി.
കുഞ്ഞാറ്റകിളിയുടെ ഇരയാവുക ചിത്രശലഭത്തിന്റെ നിയോഗമാണ്. എതു കൊടും കാട്ടില്‍ പോയൊളിച്ചാലും ആ നിയോഗത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാവില്ല. ഒരു വേശ്യയായി ജീവിക്കുക അവളുടെ നിയോഗമാണ്. മറ്റെന്തു ചെയ്താലും അവള്‍ക്ക് ഭയപ്പെട്ടു മാത്രമേ ജീവിക്കാനാകൂ..
വേശ്യകളുടെ അദൃശ്യമായ ചിറകുകള്‍ക്ക് ഒരു കൊടുംങ്കാറ്റുണ്ടാക്കാന്‍ പറ്റുമോ? എങ്കില്‍ ഒരു പക്ഷേ ലോകത്തെ മുഴുവനും കടപുഴക്കി എറിയാന്‍ തക്ക ശക്തമാകും അത്!
ആര്‍ദ്രമായ, ക്ഷീണിച്ച കണ്ണുകള്‍ ചിമ്മി യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവള്‍ വീണ്ടും മന്ത്രിച്ചു.
'പ്രതീക്ഷകള്‍... പ്രതീക്ഷകള്‍ മാത്രമാണ് ഒരു ധീരന്റെ ഭാവം'
ചിത്രശലഭങ്ങളുടെ കാറ്റ് നഗരത്തിലെത്തിയ ദിവസമായിരുന്നു അത്. ചക്രവാളത്തിന്റെ പ്രതീക്ഷകള്‍ കണ്ട് അന്തം വിട്ടുനിന്ന കൊടുംങ്കാറ്റ്, പിന്നെ മുന്നോട്ട് സംശയത്തോടെ നീങ്ങികൊണ്ടിരുന്നപ്പോള്‍, ആ നഗരത്തിലെ ഏറ്റവും ഉരയരം കൂടിയ കെട്ടിടത്തിനു മുകളില്‍ നിന്നുകൊണ്ട് ചുവന്ന ആകാശവും അന്തരീക്ഷത്തിന്റെ ആഴവും നോക്കി നില്‍ക്കുകയായിരുന്നു അയാള്‍.
ചിത്രശലഭങ്ങളുടെ കാറ്റ് ആദ്യം അയാളുടെ നെറ്റിയിലേയും കക്ഷങ്ങളിലേയും വിയര്‍പ്പൊപ്പിയെടുത്തു. പിന്നെ  വല്ലാത്ത വന്യതയോടെ കാട്ടിലെ കരിയിലകള്‍ക്കൊപ്പം അയാളെയും ചേര്‍ത്തു. ചക്രവാളം കണ്ട് വിരണ്ടോടുന്ന പക്ഷികളെ പോലെ ചിത്രശലഭങ്ങളുടെ കാറ്റും കരിയിലകളും കടലില്‍ മുങ്ങക്കൊണ്ടിരിക്കുന്ന സൂര്യനെ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.




Followers