പ്രിയപ്പെട്ട അക്ഷരസ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ മെയ് മാസം ആദ്യഞായറാഴ്ച (04-05-2014) യുവ കഥാകൃത്ത് ശ്രീ ജോസഫ് സെബാസ്റ്റ്യന്‍ 'മംഗലാപുരം', 'അബ്ദുള്ളയും, ഞങ്ങളും.... കാണാതായ ജബ്ബാറും' എന്നീ കഥകള്‍ അവതരിപ്പിക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും.
ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: മെയ് 04, 2014. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.
സസ്‌നേഹം
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി,
മുംബൈ
നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങുന്നതായിരിക്കും.ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കുക
ജോസഫ് സെബാസ്റ്റ്യന്‍
ശാന്തവും സൗമ്യവുമായ കലാപങ്ങള്‍കൊണ്ട് ജോസഫിന്റെ ചെറുകഥകള്‍ സാമ്പ്രദായിക ചട്ടക്കൂടുകളില്‍ നിന്ന് മോചനം പ്രാപിക്കുന്നതുകാണാം. ഒട്ടും കൃത്രിമത്വം കലരാതെയുള്ള ആവിഷ്‌ക്കരണം അദ്ദേഹത്തിന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. ഒരു ഭാഷാപരമായ ഗിമ്മിക്കുകള്‍ക്കും മുതിരാതെ സെബാസ്റ്റ്യന്‍ വളരെ സ്വാഭാവികമായി കഥപറയുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കഥകള്‍ക്ക് വായനാക്ഷമതയുണ്ട്.
ജോസഫ് സെബാസ്റ്റ്യന്‍ ഒരു സാഹിത്യകാരന്‍ എന്നതിലുപരി ഒരു ജീവകാരുണ്യപ്രവര്‍ത്തകനും, മനുഷ്യസ്‌നേഹിയും കൂടിയാണ്. കുട്ടികള്‍ക്കുവേണ്ടിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനവും അവരുടെ സമ്പൂര്‍ണ്ണ വികാസത്തിനുമായി പ്രവര്‍ത്തിക്കുന്ന മുംബൈയിലെ വെല്‍ഫെയര്‍ സൊസൈറ്റി ഫോര്‍ ഡെസ്റ്റിറ്റിയൂട്ട് ചില്‍ഡ്രന്‍ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു.
സ്വദേശം എറണാകുളം ജില്ലയിലെ പള്ളിപ്പുറം ഗ്രാമം.
പള്ളിപ്പുറത്തും, എറണാകുളത്തും മുംബൈയിലുമായി വിദ്യാഭ്യാസം.
കലകളിലൂടെയുള്ള ഹീലിംഗ് സമ്പ്രദായമായ 'ആര്‍ട്ട് ബേസ്' തെറാപ്പിയില്‍ തല്പരനാണ് അദ്ദേഹം.
ആനുകാലികങ്ങളില്‍ കഥകള്‍ എഴുതി പ്രസിദ്ധീകരിക്കാറുണ്ട്.
ഫോണ്‍: 9892490818, 9869347025
സെബാസ്റ്റ്യന്‍ വേദിയില്‍ അവതരിപ്പിക്കുന്ന കഥകള്‍
മംഗലാപുരം
പശ്ചിമ മുടിക്കെട്ടുകള്‍ പ്രഭാത വിസ്മയങ്ങള്‍ക്കായി തയ്യാറെടുക്കെ, കുടിക്കുവാനായി ഉയര്‍ത്തിയ ചായക്കോപ്പയുമായി മംഗലാപുരം സ്തംഭിച്ചു നിന്നു. വിമാനത്താവളത്തിലെ 'കഫ്റ്റീരിയ'യില്‍ ഉല്ലാസഭരിതയായി ചുടുചായ ആസ്വദിച്ചു കുടിച്ചിരുന്ന സ്ത്രീ 'ദേവി, അമ്മേ മംഗളേ...'യെന്ന് സര്‍വ്വാംഗം തളര്‍ന്ന് വിലപിക്കുമ്പോള്‍, മംഗലാപുരത്തെ 'റണ്‍വേ'യിലേയ്ക്ക് അതിവേഗത്തോടെ പാഞ്ഞെത്തിയ വിമാനം, വിറയ്ക്കുന്ന കൈകളില്‍ നിന്ന് വഴുതിയ അനേകം ചായക്കോപ്പകളോടൊപ്പം വീണുടഞ്ഞു. മരുപ്പാടങ്ങളില്‍ വിയര്‍പ്പുനനച്ച് വിരിയിച്ചെടുത്ത സ്വപ്നപുഷ്പങ്ങളുമായി തിരികെയെത്തുന്നവരില്‍ പലരും തന്റെയും അയല്‍പ്രദേശത്തേയും മക്കളായിരുന്നുവെന്ന് കാത്തിരിക്കുന്ന അവള്‍ക്കുമാത്രമേ അറിയാമായിരുന്നുള്ളുവല്ലോ. ഇങ്ങനെതകരാന്‍ മാത്രം ഏതു ദേവന്റെ അസൂയയെയാകും ജീവിതമെന്ന അശ്വമേധം അലോസരപ്പെടുത്തിയിരിക്കുക. മുനി ക്രോധത്തില്‍ ഹോമിക്കപ്പെട്ട അനേകം പുരാതനജന്മങ്ങളുടെ ഓര്‍മ്മപോലെ ഇപ്പോള്‍, വിമാനം തന്റെ മാറില്‍ കത്തിയെരിയുമ്പോഴും, അലമുറയിടുന്നവരെ മറുനെഞ്ചോട് ചേര്‍ത്ത് സാന്ത്വനിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു മംഗലാപുരം.
'കഫ്റ്റീരിയ'യില്‍ തനിക്കെതിര്‍വശം തളര്‍ന്നിരുന്ന് വിലപിക്കുന്ന സ്ത്രീയെ വിട്ട് 'ഇന്‍ഫര്‍മേഷന്‍ കൗണ്ടറി'ലേയ്ക്ക് ഓടുമ്പോള്‍ വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് അയാളെ എതിരേറ്റു. അച്ഛന്‍ കൈക്കുള്ളില്‍ നിന്ന് വിദൂരത്തേയ്ക്ക് പറന്നുയര്‍ന്ന അദൃശ്യചിറകുകളുള്ള ഒരു തങ്കസ്വപ്നമാണെന്ന് തോന്നി നരേന്ദ്രന്. ഒപ്പം, മിന്നിത്തിളങ്ങുന്ന സന്ദേശപാളികളില്‍ വിമാനങ്ങളുടെ ഇനിയുള്ള ആഗമനങ്ങളും പുറപ്പെടലുകളും റദ്ദാക്കിയിരിക്കുന്നുവെന്ന സന്ദേശം തെളിയുന്നത് കാണാനായി. സുഖാന്വേഷണവും ആഹ്‌ളാദാരവങ്ങളും പേറിയിരുന്ന അനേകം പാദങ്ങള്‍ ഒരു 'സൈറ്റ് എമര്‍ജന്‍സി'യിലേയ്ക്കും, 'എയര്‍പോര്‍ട്ട് എമര്‍ജന്‍സി'യിലൂടെയുമൊക്കെ ദ്രുതഗതം സഞ്ചരിച്ച് വാര്‍ന്നു വീഴുന്ന അവിശ്വസനീയതയുമായി നിന്നു.
തിരികെ വരുമ്പോള്‍ 'കഫ്റ്റീരിയ' വിജനമായിരുന്നു. ദേവീ വിലാപം ഉണര്‍ത്തിയ സ്ത്രീ ക്രമാധികം സ്പന്ദിക്കുന്ന ഹൃദയത്തോടെ അവിടെ തളര്‍ന്നു കിടന്നു. ചായ കുടിക്കുമ്പോള്‍ അവര്‍, 'മകള്‍ വരുന്നുണ്ട്, അവളുടെ വിവാഹമാണ്' എന്ന് ആരോടൊ ഫോണില്‍ പറഞ്ഞ് പ്രത്യാശയോടെ ചിരിക്കുന്നത് കേട്ടതാണ്. നരേന്ദ്രന്‍ അവര്‍ക്കരികില്‍ വന്ന് അവരെ തൊട്ടുവിളിച്ച് പതിയെ പറഞ്ഞു ''അമ്മേ, റണ്‍വേയില്‍ വിമാനം ചെറുതായൊന്ന് നിയന്ത്രണം വിട്ടതാണ്. അപകടസ്ഥലത്ത് എത്തുക ദുര്‍ഘടമാണ്. കുന്നിന്‍മുകളിലെ റണ്‍വേയില്‍ നിന്ന് താഴെയുള്ള അഗാധങ്ങളിലേയ്ക്കാണ് വിമാനം വീണത്. പൊള്ളലോടെ രക്ഷപ്പെട്ട കുറച്ചുപേര്‍ ആശുപത്രിയിലാണ്. ഇരുള്‍ കുറച്ചൊക്കെ തടസ്സമാണെങ്കിലും ഈയിടെ കാടിന്റെ ഓരത്തേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട കുറേപ്പേര്‍ രക്ഷപ്പെടുത്താനുണ്ട്. ഫയര്‍ഫോഴ്‌സിനോടൊപ്പം അനേകം ആംബുലന്‍സുകളുമായി രക്ഷാവിഭാഗവും സ്ഥലത്തേക്ക് പോയിട്ടുണ്ട്''.
നരേന്ദ്രന്‍ പതറിയ ശബ്ദത്തോടെ പറഞ്ഞു നിറുത്തിയതും, സ്ത്രീ അയാളെ കെട്ടപ്പിടിച്ച് വാവിട്ട് കരഞ്ഞു. അപ്പോള്‍, മറ്റ് അനേകരോടൊപ്പം സര്‍വ്വ നിയന്ത്രണങ്ങളും ഭേദിച്ചുയര്‍ന്ന അയാളുടെയും കരച്ചില്‍ വിമാനത്താവളവും കടന്ന് മംഗലാപുരത്തിന്റെ പ്രാചീനഹൃദയങ്ങളില്‍ ഇരമ്പി. പേടിച്ചരണ്ട പ്രഭാത പക്ഷികള്‍ ഒരു വമ്പന്‍ പക്ഷി വീണതുമൂലം മൗനികളായിത്തീര്‍ന്ന ആകാശദേവന്മാര്‍ക്ക് കീഴെ പറന്നു ചിലച്ചു. ജീവന്‍ തുടിക്കുന്ന ചുവന്ന ഹൃദയവുമായി കരഞ്ഞോടിപ്പോയ ആംമ്പുലന്‍സുകള്‍ക്കുമീതെ പരന്നുപടര്‍ന്ന കരിഞ്ഞ മാംസഗന്ധത്തിനും, ഒപ്പമുയര്‍ന്ന പൊടിപടലങ്ങള്‍ക്കും പിന്നില്‍, ചുവന്നു മങ്ങിയ മേല്‍ക്കൂരകളുമായി പഴഞ്ചന്‍കെട്ടിടങ്ങള്‍ തലകുനിച്ചുനിന്നു. അവയ്ക്ക് മംഗലാപുരത്ത് ചുട്ടെടുത്ത ഓടും, കറുത്ത മുത്തുകാപ്പിയും, കശുവണ്ടിയും, ബീഡിയും കയറ്റിക്കൊണ്ട് തുറമുഖത്തേയ്ക്ക് പോകുന്ന പ്രാചീനമണങ്ങളും അവയുടെ ചരിത്രത്തിന്റെ കെട്ടടങ്ങാത്ത പൊടിപടലങ്ങളേയും മാത്രമേ അറിയാമായിരുന്നുള്ളു. പിന്നെ, തുറമുഖത്തുനിന്ന് ഇടയ്ക്കിടെ തിരികെ വരുന്ന വാഹനങ്ങള്‍ കൊണ്ടുവരുന്ന മത്സ്യഗന്ധവും.
അപ്പോള്‍, അകലങ്ങളില്‍ ചുവന്നു മങ്ങിയ കൂരകള്‍ക്കു കീഴെ വിസ്മയകരമായ ഉറക്കത്തില്‍ നിന്ന്, മംഗലാപുരമെന്ന ഭ്രമാത്മക ചിത്രത്തിലേയ്ക്ക് ദേശമുണരുമ്പോള്‍, ഇരുണ്ട പശ്ചിമ മുടിക്കെട്ടുകളില്‍ നിന്നിറങ്ങിവന്ന പ്രഭാതം സാന്ത്വനംകൊണ്ടും വേദനഹാരിയായ പ്രത്യാശകൊണ്ടും മംഗലാപുരത്തെ തഴുകി.
വിമാനത്താവളത്തിലും അപകടസ്ഥലത്തും ആശുപത്രികളിലുമായി പ്രമുഖരും നേതാക്കളും ബന്ധുമിത്രാദികളും നാട്ടുകാരും മംഗലാപുരത്ത് നിറഞ്ഞു. മൂടിക്കെട്ടിയ മനസ്സുമായി ശേഷക്രിയകള്‍ക്കുള്ള ഒരുക്കങ്ങളോട് പൊരുത്തപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്ന അവര്‍. ഇതിനിടയിലും മറ്റനേകരെപ്പോലെ ഒന്നിനോടൊന്നും പൊരുത്തപ്പെടാനാവാതെ, അച്ഛന്റെ നഷ്ടത്തെ ഉള്‍ക്കൊള്ളാനാവാതെയിരുന്നു, നരേന്ദ്രന്‍. ഏതു സന്ദര്‍ഭത്തിലും എങ്ങിനെമുന്നോട്ടു പോകാമെന്നും, രസക്കേടുകളെയെങ്ങിനെനേരിടാമെന്നും കുഞ്ഞുനാള്‍ മുതലേ പഠിപ്പിക്കുകയായിരുന്നു അച്ഛനെന്ന് നരേന്ദ്രന്‍ പലപ്പോഴും തോന്നിയിട്ടുണ്ട്. നിവര്‍ന്നു നില്‍ക്കുക എന്നാണ് അച്ഛന്‍ പറയുക. ചെയ്യുന്നതിലൊന്നും 'അറ്റാച്ച്ഡ്' ആകാതെയുള്ള ഒരു ചെയ്യല്‍! ഈ പലതും അച്ഛന് ചെയ്യാനാകുന്നതാണോ എന്ന സ്തബ്ദതയില്‍ നില്‍ക്കുമ്പോഴാകും, മംഗലാപുരത്തെ വര്‍ണ്ണ ശബളമായ ജൗളിത്തെരുവുകളില്‍നിന്ന് അന്തസ്സുള്ള വസ്ത്രങ്ങള്‍ വാങ്ങി ദരിദ്രര്‍ക്ക് സമ്മാനിക്കുക. അല്ലെങ്കില്‍ നെയ്മണമുള്ള സ്വാദിഷ്ട ഭക്ഷണങ്ങള്‍ വാങ്ങിച്ച് അവരെ അന്നമൂട്ടുക. വീട്ടിലേയ്ക്കുള്ള നീണ്ട കാര്‍യാത്രകളില്‍ പിന്‍ സീറ്റിലും ഡിക്കിയിലുമൊക്കെയായി വഴിയോരക്കച്ചവടക്കാരുടെ സമൃദ്ധമായ ആസ്വാദക വിഭവങ്ങളെല്ലാം വാങ്ങിക്കൂട്ടുക അച്ഛന് ഹരമായിരുന്നു. അപ്പോഴായിരിക്കും കടക്കാരന്റെ മക്കളാരെങ്കിലും കണ്ണില്‍പ്പെടുക. പിന്നെ അവരെക്കുറിച്ചുള്ള അന്വേഷണമായി. പഠനത്തെക്കുറിച്ചുള്ള സംഭാഷണങ്ങളായി. അവരുടെ പഠനപോരായ്മകളില്‍ പൊടുന്നനെഅനുഗ്രഹങ്ങളുടെ ഓര്‍മ്മയാകും അച്ഛന്‍. അറിയാത്തവന് പ്രതീക്ഷിക്കപ്പെടാതെ ചെയ്യപ്പെടുന്ന ചില കാര്യങ്ങള്‍. മുന്നില്‍ നില്‍ക്കുന്നവന് ഒരു വിസ്മയം. എത്ര ഭ്രമിച്ചാലും കളങ്കപ്പെട്ടുപോകാതെ ചങ്കിനെതൊടുന്ന ഒരു മാന്ത്രിക സ്പര്‍ശം. ഒരിക്കല്‍, പൊടുന്നനെവന്ന മഴമൂലം കുടിലുകെട്ടിക്കളിയുടെ രസം മുറിഞ്ഞ ഒരവധിക്കാലത്ത് വലിയ നടുമുറിയില്‍ നാട്ടിയ പുതപ്പുകളുടെ കൂടാരത്തില്‍ ചായകുടിച്ചും പഴം പൊരിച്ചു തിന്നും 'പിക്‌നിക്' നടത്തി മകനും അച്ഛനും. കൂടാരത്തിനുളളില്‍ കുഞ്ഞായിക്കിടന്ന അച്ഛന്, അച്ഛനായി അഭിനയിച്ച താന്‍ ഒരു ചുംബനം കൊടുത്തുറക്കിയത് അസ്വസ്ഥതയോടെ ഓര്‍ത്തു നരേന്ദ്രന്‍.
പെട്ടെന്ന് കാഠിന്യമേറിയൊരു സ്പര്‍ശം അയാളെ ഉണര്‍ത്തി. എന്തോ പറയാന്‍ വെമ്പുന്ന മട്ടില്‍ സ്ത്രീ അസ്വസ്ഥയായി മുന്നില്‍ നില്‍ക്കുന്നു. വിവരമറിഞ്ഞ് സഹായ ഹസ്തവുമായി രണ്ടിളയച്ചന്മാര്‍ മംഗലാപുരത്തെത്തിയതുപോലെ അവരെ സഹായിക്കാന്‍ ആരെങ്കിലും വന്നിരിക്കുമെന്നായിരുന്നു അയാള്‍ കരുതിയത്. എന്നാല്‍ ദുരന്തം അവരെ ക്രമാതീതമായി അടച്ചുകളഞ്ഞിരുന്നുവെന്ന് അയാള്‍ക്ക് തോന്നി. കഫ്റ്റീരിയയില്‍, മനസ്സിലുള്ളതത്രയും ഹൃദയത്തോട് ചേര്‍ത്തുവെച്ചെന്നപോലെ ആഘോഷത്തോടെ ഏറ്റുവാങ്ങിയ ഫോണ്‍, ശബ്ദിക്കാന്‍ മറന്നതുപോലെ. ചുറ്റുപാടുകളില്‍നിന്ന് പിന്‍വാങ്ങിയ മിഴികള്‍ ഉള്ളിന്റെയുള്ളിലേയ്‌ക്കെന്നവണ്ണം കയറിപ്പോയിരിക്കുന്നു.
''വിരോധമില്ലെങ്കില്‍ ദേവിക്ഷേത്രം വരെ വരൂ....''
അവര്‍ താഴ്‌ന്നൊരു ശബ്ദത്തോടെ അയാളോട് അപേക്ഷിച്ചു.
പ്രഭാത പൂജകളെല്ലാം കഴിഞ്ഞതുകൊണ്ട് തിരക്കുകുറഞ്ഞ ദേവീക്ഷേത്രത്തിനുമുന്നില്‍ പൂക്കാരികള്‍, ജമന്തിയും മുല്ലയും കനകാംബരവും കാട്ടുപൂഷ്പങ്ങളുംകൊണ്ട് കാണിക്കമാലകള്‍ തീര്‍ത്തുകൊണ്ടിരുന്നു. സ്വന്തം കൈകള്‍കൊണ്ട് കാട്ടുപുഷ്പങ്ങളുടെയൊരു മാലയൊരുക്കിയെടുത്ത് ദേവീസന്നിധാനത്തിലര്‍പ്പിച്ച് 'അമ്മേ... മംഗളേ.... മംഗളേ....'യെന്ന ദേവീനാമങ്ങളുതിര്‍ത്ത് സുകൃതങ്ങളെ മനസ്സാ നമിച്ച് അവര്‍ കണ്ണുകളടച്ചു തുറന്നു. പിന്നെ ഇവിടന്നങ്ങോട്ട് ഇനിയൊരു യാത്രയില്ലെന്ന മട്ടില്‍ സ്ഥലകാലബോധങ്ങളില്ലാതെ മിഴികള്‍ അവിടെ തറച്ചുവച്ച് ഓര്‍മ്മകളറ്റ് നിന്നു. പൂമാലയ്ക്കും പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും പൂജയ്ക്കും പണമടച്ച് ഏറെ നേരം അങ്ങനെനിന്നപ്പോള്‍ നേരം വൈകുന്നുവെന്ന തോന്നലോടെ അയാള്‍ ചെന്ന് അവരെ പതിയെ വിളിച്ചുണര്‍ത്തി.
'വരൂ അമ്മേ... പോകാം'.
ഞെട്ടിയുണര്‍ന്ന് അവര്‍ സന്നിധാനത്തില്‍ നിന്നിറങ്ങി അയാള്‍ക്കൊപ്പം നടന്നു. ആശുപത്രിയിലേയ്ക്കുള്ള വഴിയില്‍ വെച്ച് അയാള്‍ ചോദിച്ചു:
'വീട്ടില്‍ നിന്നാരും വന്നില്ലേ? ഇതേവരെയാരും വിളിച്ചില്ലേ?'
അവര്‍ ഇല്ലെന്ന് തലയനക്കി. പിന്നെ പറഞ്ഞു 'ഞാനും മകളുമാണ് വീട്!'
ആശുപത്രിയില്‍വെച്ച് അയാള്‍ വാങ്ങിക്കൊടുത്ത ചായകുടിച്ച് ദേഹം വിട്ടുകിട്ടാനുള്ള തിരിച്ചറിയല്‍ പരിശോധനയ്ക്കായി കാത്തിരിക്കുന്നവര്‍ക്കിടയില്‍ അവര്‍ ഇരുവരും ഇരുന്നു. തനിക്കു പുറകേ, അവരേയും തിരിച്ചറിയല്‍ പരിശോധനയ്ക്ക് വിളിച്ചതുപോലെ നടപടിക്രമങ്ങള്‍ക്ക് ശേഷം അച്ഛന്റെ പിന്നാലെ തന്നെ അവരുടെ മകളുടേയും ശരീരമെത്തി. വല്ലാത്തൊരു നിശ്ശബ്ദതയോടെയും മറവിയോടെയും മകളെ അവര്‍ ഏറ്റുവാങ്ങുമ്പോള്‍, പാര്‍ശ്വം തുരന്ന് ഒരു വേദന അകത്തു കയറി ആന്തരാവയവങ്ങളെയെല്ലാം മുഷ്ടിയിലാക്കി തന്നില്‍ നിന്ന് പറിച്ചെടുക്കുന്നത് പോലെ തോന്നി അപ്പോള്‍ നരേന്ദ്രന്. വേദനഒരു കൊടുങ്കാറ്റുപോലെ മനസ്സിന്റെയകങ്ങളെ ഉലയ്ക്കുന്നു. പിന്നെയെപ്പോഴോ കൊടുങ്കാറ്റ് ശമിക്കുമ്പോള്‍, ചോരയും നീരും സ്വപ്നങ്ങളുമെല്ലാം അവശേഷിപ്പിക്കാതെ കഴുകിക്കളഞ്ഞ രാസലായനികളുടെ ഗന്ധമാണ് അച്ഛനെന്ന് അയാളറിഞ്ഞു. ബലികര്‍മ്മങ്ങള്‍ ചെയ്ത് നേത്രാവതിപ്പുഴയില്‍ മുങ്ങിനിവരുമ്പോഴും രാസലായനികളുടെ വിട്ടുമാറാത്ത മണം അച്ഛന്റെ പുതുഗന്ധമായി അയാളെ പിന്തുടര്‍ന്നു. 'ഭഗവാനേ, ഏതു ഗംഗ സ്വര്‍ഗ്ഗലോകത്തു നിന്ന് വന്ന് ഒഴുകിയാലാകും ഇവിടെ മരിച്ചവരുടെ ഓര്‍മ്മകളില്‍ നിന്ന് മുക്തി നേടാനാവുക. അവരുടെ ഓര്‍മ്മകളിലേയ്‌ക്കൊരു സത്കര്‍മ്മമാകാനാവുക. അയാള്‍ നിമിത്തങ്ങള്‍ക്ക് വേണ്ടി ഒരു പ്രാര്‍ത്ഥനയായി ആകാശങ്ങളിലേയ്ക്ക് കൈകള്‍ കൂപ്പി.
അപ്പോഴൊക്കെ ദുരന്തം സമ്മാനിച്ച ശൂന്യതയുമായി പൊരുത്തപ്പെടാനാവാതെയിരുന്ന സ്ത്രീ, തന്റെ സാമിപ്യത്തില്‍ പ്രത്യാശാഭരിതയായിത്തീരുന്നുവെന്നുമാത്രം. ഇടയ്ക്കിടെ അയാള്‍ നീട്ടുന്ന കപ്പുകളില്‍ നിന്ന് ചായ മൊത്തിക്കുടിക്കുന്നത് നോക്കി നില്‍ക്കേ അയാള്‍ അറിഞ്ഞു.
അങ്ങനെയായിരുന്നു ഇടയ്ക്കിടെയുള്ള അന്വേഷണക്കമ്മീഷന്റെ വരവില്‍ അയാള്‍ക്കൊപ്പം അവരും കമ്മീഷനെക്കാണാന്‍ മംഗലാപുരത്ത് എത്തിയത്. ഓഫീസിനുമുന്നില്‍ ഇരുന്നിരുന്നു മടുത്തപ്പോഴൊക്കെ അവരെഴുന്നേറ്റ് പഴയ 'ടെര്‍മിനലി'നരികില്‍ കാട്ടില്‍ നിന്ന് വാരിക്കൂട്ടിയിട്ടിരുന്ന വിമാനാവശിഷ്ടങ്ങള്‍ക്ക് മുന്നില്‍ച്ചെന്ന് നിന്നു. പലതും ചോദിച്ച് ഉത്തരം കിട്ടാതായപ്പോള്‍ 'പറക്കാനറിയാത്തൊരു കള്ളപ്പക്ഷിയല്ലേ നീ' എന്ന് കുറ്റപ്പെടുത്തി. അവള്‍, തന്റെ മകള്‍, ഈ കള്ളപ്പക്ഷിയെ വെടിഞ്ഞ് വെറുമൊരു പുഷ്പക വിമാനത്തിലല്ലേ കയറേണ്ടിയിരുന്നതെന്ന് സ്വയം തര്‍ക്കിച്ചു. പിന്നെ, മക്കളെയെല്ലാം ഭക്ഷിച്ച് വയറുപൊട്ടിച്ചത്ത പുരാതനപക്ഷിയെപ്പോലെയാണല്ലോ നീയെന്ന് ദേഷ്യം പറഞ്ഞു.
ഇങ്ങനെയൊക്കെ അറ്റ ഓര്‍മ്മകളെ കൂട്ടിച്ചേര്‍ക്കാന്‍ പാടുപെടുമ്പോഴൊക്കെ, അയാള്‍ ചെന്ന് അവരെ വിളിച്ചു. അപ്പോഴെല്ലാം പൊടുന്നനെപിന്തിരിഞ്ഞ് അവര്‍ 'ടെര്‍മിനലി'ലേയ്ക്ക് കൂടെപ്പോന്നു. അന്വേഷണക്കമ്മീഷനുമുന്നില്‍, കൂടുതലായൊന്നും ഓര്‍മ്മിപ്പിക്കാത്ത രാസലായനി മണക്കുന്ന മസ്തിഷ്‌ക്കവുമായി, ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതാവുമ്പോള്‍ പലപ്പോഴും അവര്‍ക്ക് തുണയായി ചെല്ലേണ്ടിവന്നു. അപ്രതീക്ഷിത ദുരന്തങ്ങള്‍ വരുത്തിവയ്ക്കുന്ന ഒരു തുടര്‍ദുരന്തം പോലെ, അവരേതോ മറവിയിലേയ്ക്കും പിന്നെ അസ്വസ്ഥമായൊരു ഉന്മാദത്തിലേയ്ക്കും തെന്നുകയാണെന്ന് സംശയിച്ചു അയാള്‍.
ഉന്മാദവും അസ്വസ്ഥതയും ഏറിയൊരു സമയത്തായിരുന്നു അവര്‍ വീണ്ടും വന്നത്. 'വിരോധമില്ലെങ്കില്‍ വരു, നമുക്ക് അപകടസ്ഥലത്തേക്ക് പോയിട്ടു വരാം'. അവര്‍ ഒരപേക്ഷപോലെ മുന്നില്‍ നിന്നു.
അപകടസ്ഥലത്ത് എത്തുമ്പോള്‍ അവിടെ പണിതുയര്‍ത്തിയ ദുരന്തസ്മാരകത്തില്‍ പുഷ്പങ്ങള്‍ ചാര്‍ത്തുന്ന ഒരേയൊരു കര്‍മ്മത്തില്‍മാത്രം വ്യാപൃതയായിരുന്നു ഒരേഴുവയസ്സുകാരി. അവളെ ബലം പ്രയോഗിച്ചും അനുനയിപ്പിച്ചും അവിടെ നിന്ന് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു പാവം പിടിച്ച ഒരു കൂട്ടം സ്ത്രീകള്‍. സ്മാരകത്തിനരികെ പുതുനാമ്പുകളുടെ പച്ചപ്പില്‍ അവള്‍ പെറുക്കിക്കൊണ്ടുവന്ന വലുതും ചെറുതുമായ കാട്ടുപുഷ്പങ്ങളത്രയും ചിതറിക്കിടന്നു. വിഷാദിയായ കുട്ടിക്കത് അവളുടെ അമ്മയുടേതുകൂടിയായൊരു സ്മാരകമായിരുന്നുവെങ്കിലും, കൂടെയുള്ള സ്ത്രീകള്‍ അവളുടെയമ്മ മരിച്ചിട്ടില്ലെന്നും അവര്‍ ദൂരേയ്ക്കുപോയതാകാമെന്നും ഉറങ്ങുകയാണെന്നുമെല്ലാം പര്‌സപര വിരുദ്ധമായിപ്പറഞ്ഞ് കുട്ടിയെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചു. എങ്കില്‍പ്പിന്നെ ഒരിക്കലുമില്ലാത്തവണ്ണം ഇത്രയെല്ലാം ദുഖം എന്തിനാണിവരെല്ലാം അണിയുന്നതെന്ന വിശ്വാസം കുട്ടിയെ അലട്ടി. ഉറങ്ങാനാവാതെ, വീട്ടിലേയ്ക്ക് പോകാനാവാതെ പുഷ്പങ്ങള്‍ പെറുക്കിയും അവിടെത്തന്നെ കുത്തിയിരുന്നും അവള്‍ സമയം ചെലവിട്ടു. വാസ്തവത്തില്‍, മംഗലാപുരത്തെ റണ്‍വേയില്‍ പാഞ്ഞിറങ്ങിയ വിമാനം റണ്‍വേയും കടന്ന് കാട്ടില്‍ പൂക്കള്‍ പെറുക്കുന്ന മംഗളയുടെ നേര്‍ക്കാണ് കത്തിവീണതെന്ന സത്യം പറയാന്‍ അവര്‍ക്കറിയില്ലായിരുന്നു. പൊതുവഴിയിലുപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്കുകളും കുപ്പികളും പെറുക്കിയെടുക്കുന്നതിനിടയില്‍, ദേവീക്ഷേത്രത്തില്‍ കാട്ടുപുഷ്പങ്ങള്‍ കൊടുത്താല്‍ തരക്കേടില്ലാത്ത കാശുകിട്ടുന്നതുകൊണ്ട് പൂപെറുക്കാന്‍ കാട്ടിനുള്ളിലേയ്ക്ക് കയറിയതായിരുന്നു മംഗള.
അവര്‍ വല്ലാത്തൊരു വേഗത്തോടെ കുട്ടിയ്ക്കരുകിലിരുന്നുകൊണ്ട് താഴെ ചിതറിക്കിടന്നിരുന്ന പൂക്കളെല്ലാം അടുക്കി വെച്ചു. ജീവിതമാണ് അപ്പോള്‍ അവര്‍ അടുക്കിവയ്ക്കുന്നതെന്ന് തോന്നി. പൊടുന്നനെഅവര്‍ക്കരുകിലിരുന്ന കുട്ടി എഴുന്നേറ്റ് അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു. പിന്നെ അവരോടൊപ്പം അവളും പൂക്കള്‍ പെറുക്കി വച്ചു. കുട്ടി കരയുന്നത് കണ്ടാവണം വലിയൊരു മഞ്ഞുകട്ടയുരുകുന്നത് പോലെ നിശ്ശബ്ദമായി അവരും കരഞ്ഞു. കരയുമ്പോള്‍ പ്രജ്ഞയില്‍ നിന്ന് ഉന്മാദിയായ ആ മരവിപ്പ് അകന്നുപോകുന്നതുപോലെ. കുട്ടിയുടെ നെറുകയില്‍ അവര്‍ തലോടുമ്പോള്‍, അകത്ത് വന്‍ തിരകള്‍ ശാന്തമാവുന്നത് പോലെ.
സ്ത്രീയുടെ തലോടലേറ്റാവാം, പാവം പിടിച്ച സ്ത്രീകളെയെല്ലാം കരയിപ്പിച്ചുകൊണ്ട് കുട്ടി പതിയെ ചിരിച്ചു. അപ്പോള്‍ ഉള്ളിലിരുന്ന് ഉത്സാഹിയായ അച്ഛന്‍ അയാളോട് പറഞ്ഞു 'പഠിക്കോന്ന് ചോദിക്കൂ കുട്ടിയോട്. പഠിക്കോന്ന് ചോദിക്കൂ പൊന്നും കുടത്തിനോട്!
അബ്ദുള്ളയും, ഞങ്ങളും.... കാണാതായ ജബ്ബാറും
ചന്തയിലെ കയറ്റിറക്കുതൊഴിലാളികളായ ഞങ്ങള്‍ കുറച്ചുപേര്‍, പ്രായാധിക്യംകൊണ്ടും മുദ്രാവാക്യങ്ങള്‍ മുഴക്കി സ്വയം അടഞ്ഞുപോയതുകൊണ്ടും സ്വതന്ത്രതൊഴിലാളികളായിത്തീര്‍ന്ന ഞങ്ങള്‍.... രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങള്‍ ചേര്‍ത്തുവെച്ചാലുണ്ടാവുന്ന ചന്തയുടെ വിസ്തൃതിയില്‍, കായക്കുലകളും പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ധാന്യച്ചാക്കുകളുമിറക്കിവച്ചും, പിന്നെയവ അനേകരായ ചില്ലറക്കച്ചവടക്കാരുടെ വണ്ടികളില്‍ കയറ്റിവിട്ടും, ക്ഷീണിതരായി... വീര്‍പ്പുമുട്ടിക്കുന്ന അവരവരുടെ ജീവിതക്കോട്ടകളിലേയ്ക്ക് പോവുകയാണ് പതിവ്. കള്ളുകുടിച്ചോ, അത് പറ്റിയില്ലെങ്കില്‍ യുസഫ് വൈദ്യരുടെ കൂട്ടരിഷ്ടമോ അടിച്ച് ക്ഷീണം തീര്‍ത്തിരുന്ന പഴഞ്ചന്‍ ലൊട്ടുലൊടുക്ക് യന്ത്രങ്ങളായിരുന്നു ഞങ്ങളില്‍ പലരും.
കൊടും ചൂടുള്ള പകലുകളും മഴയും മഞ്ഞും പിന്നെ പണിക്കൂടുതലുള്ള ചന്തരാവുകളും ലൊട്ടുലൊടുക്കുകളായ ഞങ്ങളെ കൂടുതല്‍ പ്രഹരിച്ച് വീണ്ടും പഴഞ്ചനാക്കിക്കൊണ്ടിരുന്നുവെങ്കിലും, ചുമട് തലയില്‍വച്ചാല്‍ കാലുകളില്‍നിന്ന് ശരീരത്തിലേയ്ക്ക് വല്ലാത്തൊരു ശക്തിയും വേഗതയും സന്നിവേശിച്ച് 'വഴി... വഴി'യെന്ന് ഉറക്കെവിളിച്ച് ലക്ഷ്യസ്ഥാനത്ത് ഭാരമെത്തിക്കുകയാണ് പതിവ്. ചുമക്കാന്‍ പറ്റാത്ത വലിയ ഭാരങ്ങളാണെങ്കില്‍ തലമാറിച്ചുമന്ന് പലരായി ലക്ഷ്യത്തിലെത്തിച്ചു. ചാക്കുകള്‍, കുട്ടകള്‍, പെട്ടികള്‍, കെട്ടുകള്‍ ഇങ്ങനെപല ഭാരങ്ങളും ഞങ്ങളുടെ തലയിലൂടെ മാറി മാറി നാനാദിക്കുകളിലേയ്ക്ക് പോയിരുന്നു.
....ഇതിനെയെല്ലാം ചന്തപ്പണിയെന്ന ഓമനപ്പേരിട്ട് വിളിച്ച് ഞങ്ങള്‍ ജീവിച്ചു. നക്ഷത്രത്തിളക്കമോ സൂര്യസ്പര്‍ശമോ കടന്നെത്താത്തതെന്ന് തോന്നിക്കുന്ന ആന്തരിക ജീവിതമുള്ള പരുക്കന്മാരായിരുന്നു പലരും. വിരസമായി ജീവിതത്തില്‍ അനേകം മഴ നനഞ്ഞെങ്കിലും ക്ഷീണം തീര്‍ന്ന് ചൈതന്യം പകരുന്ന മഴയനുഭവം ഞങ്ങളിലില്ലായിരുന്നു. ചന്തയിലെ അനേകമായ വാകമരങ്ങള്‍ തണലിനോടൊപ്പം പൊഴിച്ചിരുന്ന പൂക്കളെല്ലാം ചവിട്ടിമെതിച്ച് പോകുമ്പോള്‍, തലയിലെല്ലാം ഒന്നും കാണാനാവാത്തവിധം ഭാരങ്ങളാണെന്ന് ഞങ്ങള്‍ ഊഹിച്ചു. ചുമടെടുക്കുന്നവന് ഭാരത്തെക്കുറിച്ചുമാത്രമുള്ള ഓര്‍മ്മ. അങ്ങനെഞങ്ങളെടുത്ത പല ഭാരങ്ങളും പലരുടേയും വീട്ടുവളപ്പില്‍നിന്ന് വന്ന സ്വപ്നങ്ങളായിരുന്നു. പേറിയവയില്‍, വാസനത്തൈലങ്ങളും പൊടികളും എണ്ണകളുമായി നാനാവിധ ഗന്ധങ്ങളുണ്ടായിരുന്നു. ചുമടുതന്നവന്‍ സ്വന്തം വ്യഥകളും വേവലാതികളുംകൊണ്ട് നട്ടുനനച്ചവയായിരുന്നു ഞങ്ങള്‍ ചന്തയില്‍ ഇറക്കിവച്ച നിറങ്ങളിലധികവും. വളരെ സൂക്ഷിച്ച്, സ്വന്തം ഹൃദയത്തെയെന്നവണ്ണമായിരുന്നു ഇതെല്ലാം. അവര്‍ ഞങ്ങളുടെ തലയില്‍ എടുത്തുവച്ചുതന്നത്. അതുകൊണ്ടുതന്നെ, ചന്തയ്ക്ക് പുറത്ത് കൂടുതല്‍ കൂലികിട്ടുന്ന അറവുവേലയോ, മണല്‍വാരുപണിയോ, മലകളിടിച്ച് ടിപ്പര്‍ ലോറിയിലാക്കുന്ന കല്ല് പണിയോ ഞങ്ങളെ ആകര്‍ഷിച്ചില്ല. ഇതിനെക്കാളെല്ലാം ഇഷ്ടമായിരുന്നു, ഞങ്ങള്‍ക്കെല്ലാം ഈ ചന്തപ്പണിയോട്.
ചന്തപ്പണിയില്ലാത്തപ്പോഴൊക്കെ തൂക്കമിടുന്ന തുലാസുകളില്‍ ഇഷ്ടാനിഷ്ടങ്ങളുടെ ജീവിതം വച്ച് ഞങ്ങള്‍ അളന്നു. അല്ലെങ്കില്‍ പത്രം വായിച്ചോ ചീട്ടുകളിച്ചോ പൊതു നിരത്തിനരികിലെ ഓലപ്പുരയില്‍ ഭാരമേറിയ മനസ്സുമായി ഞങ്ങള്‍ വിശ്രമിച്ചു. വിയര്‍പ്പും ബീഡിപ്പുകയും ചില്ലറയസഭ്യങ്ങളും ഞങ്ങളുടെ വിനോദങ്ങളുടെ ഉല്‍പ്പന്നങ്ങളായി വിശ്രമപ്പുരയെ ഉണര്‍ത്തി നിറുത്തും. ഇങ്ങനെയുള്ള ഞങ്ങളുടെ ദൈനം ദിനജീവിതത്തിലേയ്ക്ക് ഒരു മഴക്കാലത്ത് കുടയില്ലാതെയെത്തിയ സന്തോഷമായിരുന്നു അബ്ദുള്ള. സത്യത്തില്‍ അബ്ദുള്ള അവിടെയെത്തിയപ്പോള്‍ പൊടുന്നനെമഴ പെയ്യുകയായിരുന്നു. കുടയില്ലാതെ നിന്ന് വിശ്രമപ്പുരയിലെ ശബ്ദകോലാഹലങ്ങളിലേയ്ക്ക് ചെവിയോര്‍ത്ത് കാഴ്ചയില്ലാത്ത മുഖത്ത് നനഞ്ഞു പടര്‍ന്നു കൊണ്ടിരുന്ന ചിരിയിലൂടെ അബ്ദുള്ള ചോദിച്ചു ''ഖാദറില്ലേ? ഞമ്മടെ ഖാദറ്?''
വിശ്രമപ്പുരയ്ക്കും അബ്ദുള്ള നിന്നിരുന്ന നിരത്തിനുമിടയില്‍ ഒരു കൊച്ച് ഓടയുണ്ടായിരുന്നു. തിടുക്കത്തില്‍ നടന്നാല്‍ കാഴ്ചയില്ലാത്ത അബ്ദുള്ള ഓടയിലേയ്ക്ക് തെന്നിവീണേക്കാം. അബ്ദുള്ളയുടെ അന്വേഷണം കേട്ട് പുറത്തിറങ്ങിയ ഖാദര്‍ ശുഷ്‌കമായ അയാളുടെ കൈയ്യില്‍ പതിയെ പിടിച്ചപ്പോള്‍, എന്തോ ഒരിഷ്ടക്കേട് പോലെ അയാള്‍ കൈകുടഞ്ഞുകൊണ്ട് ചിരിച്ചു ''ഇങ്ങള് കൈയ്യേക്കേറി പിടിക്കാ.... അന്ധന്റെ വഴിമുടക്കാതെ കൈയ്യെടുത്താട്ടേ ഖാദറേ.....''
കൈയ്യെടുത്തതും ഓടയ്ക്കരികിലെ സിമന്റ്തറയില്‍ കാല്‌കൊണ്ട് പതിയെ പരതിപ്പരതി, ഓടകടന്ന് വിശ്രമപ്പുരയിലെ ചാര്‍ത്തില്‍ അബ്ദുള്ള സാവധാനം നിന്നു. അബ്ദുള്ളയുടെ ശബ്ദം കേട്ടാവണം ഞങ്ങളുടെ ചീട്ടുകളിയും ബഹളവുമെല്ലാം ഒരു നിമിഷം നിലച്ചിരുന്നു. അപ്പോള്‍ തോളിലെ തുവര്‍ത്തെടുത്ത് അടഞ്ഞ ദ്വാരങ്ങള്‍ പോലുള്ള കണ്ണുകള്‍ തുടച്ച് ഖാദറിനോട് ഉച്ചത്തില്‍പ്പറഞ്ഞു ''അപ്പോഴേ ഖാദറേ, ഇനി ആ കൈയ്യിങ്ങ് തരൂ.... എവിടെയാ നിങ്ങടെ പുരയുടെ വാതില്. ഞമ്മള്‍ക്ക് ഈ വഴിയും ഓടയുമൊക്കെയേ നിശ്ചയമുള്ളു. പിന്നെ നെങ്ങടെയൊക്കെ ശബ്ദങ്ങളും...''
വിശ്രമപ്പുരയുടെ പരുഷമായ അന്തരീക്ഷത്തില്‍ ചീട്ടുകളിക്കാരില്‍ നിന്നുയര്‍ന്ന ചീത്ത വിളിയും ബീഡിപ്പുകയുടെ ഗന്ധവും അബ്ദുള്ളയെ പുറത്തെ മഴയെക്കാളേറെ അലട്ടിയിരുന്നിരിക്കണം. പുകയും ബഹളവും കല്ലേറ് പോലുള്ള മഴയും വീര്‍പ്പുമുട്ടലായി ഉള്ളിലൂടെ അലമുറയിട്ട് വന്നപ്പോള്‍ കൈയ്യിലെ തുണിസഞ്ചിയില്‍നിന്ന് ചന്ദനത്തിരികളെടുത്ത് ഖാദര്‍ക്ക് കൊടുത്തിട്ട് അയാള്‍ പറഞ്ഞു ''കത്തിച്ചു വയ്ക്കയിത്! കത്തിച്ചു വയ്ക്കയിത്!!.
കത്തിച്ചുവച്ച ചന്ദനത്തിരിയില്‍ നിന്നുയര്‍ന്ന ഹൃദ്യമായ ഗന്ധം പുരയില്‍ പരന്നതാകാം ബീഡികള്‍ പലരും പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. 'നല്ല സുഗന്ധം' എന്ന് പലരും പറഞ്ഞപ്പോള്‍ 'ആസ്വദിക്കാ അത്.... അസ്വദിക്കാ അത്....' എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു അയാള്‍. എന്തെങ്കിലും പറഞ്ഞാല്‍ ആവര്‍ത്തിക്കുക പതിവാക്കിയിരുന്നു അബ്ദുള്ള. ആദ്യം പറയുക ഉച്ചത്തിലാവും, ഞങ്ങള്‍ക്കെല്ലാം കേള്‍ക്കാന്‍ വേണ്ടി. രണ്ടാമത്തേത് വളരെ പതിയെ തന്നോട് തന്നെയും. ചന്ദനത്തിരിയുടെ സുഗന്ധം നിറഞ്ഞ മുറിയില്‍ കൗതുകമുള്ള കുശലവുമായി ചുറ്റുംകൂടിയ ഞങ്ങളില്‍ നിന്ന് വിടര്‍ന്ന മൂക്കുകൊണ്ട് അബ്ദുള്ള ചന്തയുടെ ഗന്ധങ്ങള്‍ ശ്വസിച്ചെടുക്കുകയായിരുന്നു. ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് അബ്ദുള്ള ഓരോരുത്തര്‍ക്കും നേരെ മൂക്കുവിടര്‍ത്തി പറഞ്ഞു ''ഞിങ്ങള് പൊക്കീത് മാമ്പഴം, ഞിങ്ങള് പൊക്കീത് വരിക്കച്ചക്ക... ഞിങ്ങള് പൊക്കീത് എണ്ണയും പിണ്ണാക്കും, ഞിങ്ങള്‍ പൊക്കീത് മസാല... ഞിങ്ങള് പൊക്കീത് പൂക്കൊട്ട...., വിസ്മയപ്പെടുത്തുന്ന ഘ്രാണശക്തിയോടെ അബ്ദുള്ള ഓരോരുത്തരെക്കുറിച്ചും പറഞ്ഞുകൊണ്ടിരുന്നു. എപ്പഴോ കൊച്ചുകുട്ടികളെപ്പോലെയായിപ്പോയ ഞങ്ങള്‍ ബാല്യകാല സുഹൃത്തുക്കളെപ്പോലെ ചിരിച്ചും കളി പറഞ്ഞും സിമന്റ്തിണ്ണയില്‍ ഇരുന്നു. അപ്പോള്‍ സഞ്ചിയിലുണ്ടായിരുന്ന അത്തറുകുപ്പിയെടുത്ത് മണപ്പിച്ചുകൊണ്ട് ഒരു തുടര്‍ച്ചയെന്നോണം അബ്ദുള്ള പറയാന്‍ തുടങ്ങി ''ചക്ക പഴുത്ത് മാമ്പഴങ്ങള്‍ പഴുത്ത് നമ്മെ സന്തോഷിപ്പിക്കുന്നതുപോലെ, തേങ്ങാപ്പിണ്ണാക്കിന്റെ മണവും മസാലകളുടെ ഗന്ധവും മസ്തിഷ്‌ക്കങ്ങളെയുണര്‍ത്തുന്നതുപോലെ പൂക്കുട്ടകളും അത്തറും സെന്റും സൗരഭ്യം കൊണ്ട് നമ്മെ പ്രസന്നരാക്കുന്നതുപോലെ, സര്‍വ്വശക്തനായ തമ്പുരാന്റെ ഗന്ധം നമ്മുടെയകങ്ങളെ നിറച്ച് അലങ്കാരിതമാക്കട്ടെ!
.... എന്തോ സുഖകരമായൊരു ആവര്‍ത്തനമായിരുന്നു ഞങ്ങള്‍ക്കിത്. അബ്ദുള്ള പറഞ്ഞത് ഞങ്ങള്‍ പലരും ഏറ്റുപറഞ്ഞുവെന്ന് തോന്നി ''ചക്ക പഴുത്ത് .... മാമ്പഴങ്ങള്‍ പഴുത്ത് ...
മഴ നിന്നപ്പോള്‍ അബ്ദുള്ള വാതിലിലൂടെ പതിയെ പുറത്തിറങ്ങുകയും നിരത്തിലൂടെ കാലുകള്‍ പരത്തിക്കൊണ്ട് സാവധാനം പോവുകയും ചെയ്തില്ലെങ്കിലും, പലപ്പോഴായി വിശ്രമപ്പുരയില്‍ വരുകയും സംഗീതത്തിലൂടേയും കവിതകളിലൂടേയും പ്രാര്‍ത്ഥനയിലൂടേയും ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ട് വിശ്രമത്തിന്റേയും കാത്തിരിപ്പിന്റേതുമായ ഇടവേളകളില്‍ ചന്തയുടെ വൈവിധ്യങ്ങളിലേക്ക് ഞങ്ങളുടെ അന്വേഷണങ്ങളെ തുറന്നിടുകയും ചെയ്തു. ചുമടെടുപ്പിലൂടെ കണ്ടിരുന്ന വ്യവസ്ഥാപിതമായ ഞങ്ങളുടെ പരുക്കന്‍ ജീവിതത്തെ ഈ അന്വേഷണങ്ങളിലൂടെ അബ്ദുള്ള മാറ്റിമറിച്ച് കഴിഞ്ഞിരുന്നു. സഹജീവിനത്തിന്റെ പുതിയ താളങ്ങള്‍ ആന്തരികമായ ചെറിയ മാറ്റങ്ങളായി ഞങ്ങളുടെ ഊര്‍ജ്ജസ്രോതസ്സുകളെ വര്‍ദ്ധിപ്പിച്ചിരുന്നു. നവോന്മേഷവും ചുറുചുറുക്കും ആന്തരിക മാറ്റത്തിന്റെ അടയാളങ്ങളായി ഞങ്ങളെ പ്രകാശിപ്പിച്ച് തുടങ്ങിയിരുന്നു.
ആയിടെയാണ് മലകളിടിച്ച് 'ടിപ്പര്‍'ലോറിയിലാക്കുന്ന കല്ലപണി ഉപേക്ഷിച്ച് ജബ്ബാര്‍ ഞങ്ങളോടൊപ്പം ചന്തപ്പണിക്ക് കൂടിയത്. വളരെ തടിച്ച് നടക്കുമ്പോള്‍ തുളുമ്പുന്ന ശരീരമുള്ള അയാള്‍ക്ക്, ശരീരംപോലെ തന്നെ ദുരാഗ്രഹവും ഏറെയായിരുന്നു. നിഷ്‌ക്കളങ്കമായ പത്രം വായനയിലൂടേയും ചീട്ടുകളിയിലൂടെയും ഊട്ടിയുറപ്പിക്കപ്പെട്ടിരുന്ന ഞങ്ങളുടെ ഉള്‍ സൗഹൃദങ്ങള്‍ അയാള്‍ക്ക് ഇഷ്ടമില്ലാത്തതുപോലെ. ആരോ പെരിയൊരാള്‍ സമ്മാനിച്ച സില്‍ക്കിന്റെയൊരു മേല്‍വസ്ത്രം തോളില്‍ തൂക്കി അയാള്‍ വിശ്രമപ്പുരയ്ക്കുമുന്നില്‍ എല്ലായ്‌പ്പോഴും കാണപ്പെട്ടു. ആദ്യമൊക്കെ പലരും ചില്ലറ സൊറ പറഞ്ഞ് കൂട്ടിരുന്നെങ്കിലും നിസ്സാരമായ ഞങ്ങളുടെ വിനോദങ്ങളില്‍ പങ്കുചേരാത്തതിലുള്ള അരോചകത അയാളെ പതിയെ ഒറ്റപ്പെടുത്തുകയായിരുന്നു. പിന്നെ അകാരണമായി വാശി പിടിച്ച് ഞങ്ങളില്‍ പലരേയും കൂടെ നിറുത്താന്‍ ഒരു ശ്രമം നടത്തി. അതും പരാജയപ്പെട്ടപ്പോള്‍ ഞങ്ങളോടും ചുറ്റുപാടുകളോടും ദേഷ്യപ്പെട്ട്, വള്ളങ്ങളും മിനിലോറികളും ചന്തസാമാനങ്ങള്‍ കാത്ത് കിടക്കുന്ന മീന്‍ ചന്തയിലെ അറവുശാലയില്‍ വിശ്രമസമയങ്ങള്‍ ചെലവഴിക്കാന്‍ തുടങ്ങി. അവിടത്തെ ഇറച്ചിപ്പണിയില്‍നിന്ന് സമ്പാദിക്കുന്ന മാംസവും കൈയ്യില്‍ ഒതുങ്ങിക്കിട്ടുന്ന മത്സ്യങ്ങളുംകൊണ്ട് എത്രയും വേഗം വല്ലാത്ത തിടുക്കത്തോടെ വീട്ടിലേയ്ക്ക് പോവുക അയാളുടെ പതിവായിരുന്നു.
സഹജീവനത്തിന്റെ ആന്തരികമായ പുതിയ താളം ജബ്ബാറിനുവേണ്ടിയും ആഗ്രഹിച്ചിരുന്നതുകൊണ്ട് പലപ്പോഴായി ഞങ്ങള്‍ നടത്തിയ കൊച്ചു ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. നിരന്തരമായ ഞങ്ങളുടെ ശ്രമങ്ങളേയും ചന്തയുടെ വൈവിധ്യങ്ങളിലേയ്ക്കുള്ള സൂക്ഷ്മാന്വേഷങ്ങളേയും കളിയാക്കിച്ചിരിച്ച് 'ആ ആനക്കുരുടനെഞാന്‍ കാണുന്നുണ്ട്' എന്ന് പ്രകടമായ ഇഷ്ടക്കേടോടെ മുറുമുറുത്ത് മീന്‍ ചന്തയിലേയ്ക്ക് പലപ്പോഴും അയാള്‍ ഒഴിഞ്ഞുപോയിരുന്നു. ഇങ്ങനെയുള്ള ഒരുച്ചവിശ്രമത്തിലേയ്ക്കായിരുന്നു അബ്ദുള്ള പതിയെ പരതിപ്പരതി നടന്നുവന്നത്. അടുത്ത ദിവസം പൊതു ചന്തയായിരുന്നതുകൊണ്ട് പൊടിമില്ലുകളിലും കൊല്ലന്റെ ആലയിലും മറ്റും പരിശ്രമങ്ങള്‍ താളാത്മകമായ സ്പന്ദനമാകുന്നത് കേള്‍ക്കാമായിരുന്നു. ഈ സ്പന്ദനങ്ങളായിരുന്നു അപ്പോള്‍ അബ്ദുള്ളയെ അങ്ങോട്ട് കൊണ്ടുവന്നതെന്ന് തോന്നി. അകത്തുവന്നതും കൈയ്യിലെ പുല്ലാംകുഴലെടുത്ത് വല്ലാത്തൊരു ഊഷ്മളതയോടെ ഹൃദയസ്പര്‍ശിയായി അയാള്‍ വായിക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്കത് ഗംഭീരവും ഒപ്പം കുറച്ചൊക്കെ അജ്ഞേയവുമായിരുന്നുവെങ്കിലും, തേഞ്ഞുപോയ ധിഷണയെ ഉത്തേജിപ്പിക്കുന്ന, ഹൃദയാന്തരങ്ങളെ സ്പര്‍ശിക്കുന്ന തീവ്രാനുരാഗം പോലെ, ആഴക്കടലിന്റെ സംഗീത നിശ്വാസം പോലെ ഞങ്ങളുടെ പുരയിലാകമാനം അത് അലയടിച്ചു. ഗൃഹാതുരമായ ഈ അഭൗമസംഗീതത്തില്‍ ഞങ്ങള്‍ ലയിച്ചിരിക്കേ, ജബ്ബാര്‍ വല്ലാത്തൊരു വെറുപ്പോടെ വിശ്രമപ്പുരയ്ക്കു മുന്നിലെ ചാര്‍ത്തില്‍ ഇരുന്നു. പിന്നെ ഒരു കൊടുങ്കാറ്റുപോലെ അയാള്‍ അകത്തേയ്ക്ക് ഓടിക്കയറി. എന്തോ അയാള്‍ക്ക് ഇതൊന്നും ആസ്വദിക്കാനോ സഹിക്കാനോ കഴിയുന്നില്ലായിരുന്നു. അബ്ദുള്ളയുടെ സംഗീതധാര ശ്വാസം മുട്ടിക്കുന്നതുപോയെയായിരുന്നു ജബ്ബാറിന്. അടുത്തേയ്ക്ക് പാഞ്ഞുവന്ന കാലടികളേയും തിങ്ങുന്ന ശ്വാസത്തേയും പെറുക്കിയെടുത്തിട്ടന്നവണ്ണം അബ്ദുള്ളയുടെ പുല്ലാംങ്കുഴല്‍നാദം നിലച്ചു. ജബ്ബാറിന്റെ അലര്‍ച്ച ഞങ്ങളെയെല്ലാം അമ്പരപ്പിച്ചു. 'കുരുടന്‍ ഇവരെ ആനച്ചന്ദം പഠിപ്പിക്കുകയാ?' ഒച്ചയുയര്‍ത്തിക്കൊണ്ട് അബ്ദുള്ളയ്ക്കു മുന്നില്‍ നിന്ന് അയാള്‍ കിതച്ചു.
അന്ധകാരത്തിന്റെയൊരു കമ്പളത്തില്‍നിന്നാണ് ജബ്ബാറിന്റെ വാക്കുകള്‍ വരുന്നതെന്ന് തോന്നി. കണ്ണുണ്ടായിട്ടും കാണാനാവാത്തത് പോലെയുള്ള ഇരുട്ടില്‍ 'ആനയും കുരുടന്മാരും' എന്ന കഥാപാഠം ജബ്ബാറിനാല്‍ തുറക്കപ്പെട്ട് ഞങ്ങള്‍ക്ക് മുന്നില്‍ കിടന്നു. പുല്ലാംകുഴല്‍ നാദം നിലച്ചെങ്കിലും അവിടേയ്ക്ക് മുറിയാതെ വീണുകൊണ്ടിരുന്ന പൊടിമില്ലിന്റെയും ആലയുടേയും ശബ്ദങ്ങളില്‍ താളമിട്ട് മാഞ്ഞുപോയ ചിരി വീണ്ടെടുക്കാന്‍ ശ്രമിക്കുകയായിരുന്നു അബ്ദുള്ള. ജബ്ബാറാകട്ടെ വെറുപ്പോടെ ഞങ്ങളെയെല്ലാം നോക്കിക്കൊണ്ടിരുന്നു. ഞങ്ങളില്‍ പലര്‍ക്കും അയാളെ തല്ലിച്ചതക്കണമെന്നുണ്ടായിരുന്നു. വിശ്രമപ്പുരയില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയിറക്കി ആട്ടിയോടിക്കണമെന്നുണ്ടായിരുന്നു. പൊടുന്നനെ, ഒറ്റപ്പെട്ടുപോയ ജബ്ബാറിന്റെ ശബ്ദത്തെ ഞെരിച്ചുകൊണ്ട്, പുറത്ത് റോഡിലൂടെ കാളവണ്ടിയുടെയൊരു ശബ്ദം, അവയുടെ കഴുത്തിലെ മണിനാദത്തോടെയും ചാട്ടവാറുകളുടെ മുഴക്കത്തോടെയും അകത്തേയ്ക്ക് വീണു.
അപ്പോള്‍, ഇരുന്നിടത്തുനിന്ന് അബ്ദുള്ള പൊടുന്നനെമുട്ടുകാലുകളിലൂടെയെഴുന്നേറ്റ് സാങ്കല്പികമായൊരു അച്ചുതണ്ടിലെന്നപോലെ നിന്ന് 'ലാ ഇലാഹ, ഇല്‍ അള്ളാഹ്' എന്ന് മന്ത്രിച്ചുകൊണ്ട് കറങ്ങിത്തിരിയാന്‍ തുടങ്ങി. അബ്ദുള്ളയുടെ കറങ്ങലിന് ശാന്തമായൊരു വേഗമുണ്ടായിരുന്നു. ശബ്ദം മന്ത്രപൂര്‍ണ്ണമായൊരു ധ്വനിയോടെ കമ്പനം കൊണ്ടിരുന്നു. പതിയെ.... പലരും, ശാന്തമായ ആ വേഗത്തിലേയ്ക്ക്, മന്ത്രപൂര്‍ണ്ണമായ ധ്വനിയിലേയ്ക്ക് ഉണര്‍ന്നു കഴിഞ്ഞിരുന്നു. ചന്തയിലെ ദുരിത ജന്മമനുഭവിക്കുന്ന ഏതൊരുവനും മോഹിക്കുന്ന പുതുജന്മംപോലെ, അധമവികാരങ്ങളെ കാല്‍ക്കീഴിലമര്‍ത്തി അന്തസത്തയെ മോചിപ്പിച്ചെടുത്തപോലെ, വിത്തുകള്‍ മുളച്ച് അതിന്റെ നാമ്പുകള്‍ പുറത്തേയ്ക്ക് കൈനീട്ടുന്നപോലെ ഞങ്ങളില്‍ പലരും അബ്ദുള്ളയോടൊപ്പം കറങ്ങാന്‍ തുടങ്ങിയിരുന്നു. ഞങ്ങളപ്പോള്‍ ആലയിലേയും പൊടിമില്ലിന്റേയും ശബ്ദങ്ങളിലേയ്ക്കും, ബോട്ട് നിര്‍മ്മാണശാലയിലെ പഞ്ഞിയടിശബ്ദങ്ങളിലേയ്ക്കും അതിനെയെല്ലാം കൊണ്ടുവന്നിരുന്ന കാറ്റിലേയ്ക്കും അലിഞ്ഞു. കാറ്റിനപ്പുറത്ത് അണ്ടകടാഹത്തില്‍ ഗോളങ്ങളായും ഭൂഗോളമായും കറങ്ങിത്തിരിഞ്ഞ് സമയാസമയങ്ങളേയും രാത്രിപകലുകളേയും സൂര്യചന്ദ്രന്മാരേയും കാറ്റ് മഴ വേനല്‍ തണുപ്പിനേയും കൊണ്ട് ഞങ്ങളെ പ്രഹരിച്ചുകൊണ്ടിരുന്ന അദൃശ്യമായ ഈശ്വരതാങ്ങളിലേയ്ക്ക് പതിയെപ്പതിയെ അഴിഞ്ഞു.
...പിന്നെയെപ്പഴോ കണ്ണുതുറന്നപ്പോള്‍ ഞങ്ങള്‍ കരഞ്ഞിരുന്നു. മനസ്സില്‍ നിന്ന് ഭാരങ്ങള്‍ പലതും നീങ്ങിപ്പോയിരുന്നു. കണ്ണുനീര്‍ തുടച്ചുമാറ്റാതെ ഞങ്ങളിരിക്കവേ അബ്ദുള്ള തന്റെ രക്തം കിനിഞ്ഞുതുടങ്ങിയ കണ്ണുകളൊപ്പി അയാളുടെ ജീവിതകഥയുടെ തുടക്കമെന്നോണം പറയാന്‍ തുടങ്ങി. കേള്‍ക്കാനായി ഞങ്ങള്‍ കാതുകൂര്‍പ്പിച്ചപ്പോള്‍ എന്തോ അത് പൊടുന്നനെഅവസാനിച്ചുവെന്നും തോന്നി. അപ്പോള്‍ അയാള്‍ പറഞ്ഞു ''അന്ന്.... ലഹള അലറിയെത്തിയ നരോദയിലെ കത്തുന്ന തെരുവുകളിലൊന്നില്‍ കുമിഞ്ഞുയരുന്ന പുകയിലേയ്ക്ക് ശ്വാസം മുട്ടി വീണതായിരുന്നു. ഉണര്‍ന്നപ്പോള്‍ കണ്ണുകള്‍ പിഴുതെടുക്കപ്പെട്ടിരുന്നു... ഇടയ്‌ക്കൊക്കെ ചില ഓര്‍മ്മകള്‍ ഇങ്ങനെകണ്ണുകളെ ഈറനണിയിക്കുന്നു....''
ഒരു നേര്‍ത്ത ചിരിയോടെ അയാള്‍ പുറത്തേയ്ക്ക് പതിയെ നടന്നു. ഒന്നും പറയാതെ പോകുന്ന പതിവ് മാറ്റി അപ്പോളയാള്‍ കൈകള്‍ വായുവില്‍ ഉയര്‍ത്തി വീശുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. ഒരാശ്വാസത്തിനായി പതിവുപോലെ എങ്ങോ അബ്ദുള്ള പോയിരിക്കാമെന്ന് ഞങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നു. പിന്നീട് ചന്തപ്പണിക്ക് വരാതായ ജബ്ബാറും, അയാളുടെ തിരോധാനം ചന്തയുടെ ബഹളങ്ങളില്‍ മുങ്ങിപ്പോയെങ്കിലും... അയാളും എങ്ങോ പോയിരിക്കാമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.