മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Friday, May 24, 2013

പി.കെ. മുരളീകൃഷ്ണന്‍ സാഹിത്യവേദിയില്‍

 പ്രിയപ്പെട്ട അക്ഷര സ്‌നേഹികളേ,മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ജൂണ്‍ മാസം ആദ്യഞായറാഴ്ച (02/06/2013) കവി പി.കെ. മുരളീകൃഷ്ണന്‍ കവിതകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും.
ഈ സാഹിത്യ സായാഹ്നത്തിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്ഥലം:
മാട്ടുംഗ കേരള ഭവന്‍ ഹാള്‍
തിയതി:
ജൂണ്‍ 02, 2013. ഞായറാഴ്ച
സമയം:
വൈകുന്നേരം കൃത്യം 6 മണി
സസ്‌നേഹം
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി


അറിയിപ്പ്:
സാഹിത്യവേദി ചര്‍ച്ച പതിവുപോലെ കൃത്യം ആറുമണിക്കുതന്നെ ആരംഭിക്കും. സഹൃദയ സുഹൃത്തുക്കള്‍ സമയത്തിന് തന്നെ എത്തിച്ചേരും എന്ന് പ്രതീക്ഷിക്കുന്നു.



പി.കെ. മുരളീകൃഷ്ണന്‍
പാരമ്പര്യവും പാരമ്പര്യേതരവുമായ കവിതാരീതികളുമായി സഹവര്‍ത്തിക്കുന്ന മുരളീകൃഷ്ണന്റെ കവിതകള്‍ മൗലീകതകൊണ്ട് വേറിട്ടുനില്‍ക്കാന്‍ ശ്രമിക്കുന്നു. ശബ്ദങ്ങളുടെ സരിത്സാഗരവും നിശ്ശബ്ദതയുടെ വിസ്‌ഫോടനങ്ങളും മുരളീകൃഷ്ണന്റെ കവിതകളില്‍ കാണാം. പ്രണയിക്കുമ്പോള്‍ മുരളിയുടെ കവിതകള്‍ തനികാല്‍പ്പനികമാകുന്നതും, ഉത്തരാധൂനികമായ ജീവതാവസ്ഥകളുമായി കൂട്ടിമുട്ടുമ്പോള്‍ ഇതേ കവിത ഏറെ ചടുലവും സമകാലികമാവുന്നതും കാണാം. ഏതൊരു കാവ്യസങ്കേതവും തനിക്ക് വഴങ്ങുമെന്ന് മുരളീകൃഷ്ണന്‍ ഇതിനകം തെളിയിച്ചുകഴിഞ്ഞു.

കലാകൗമുദിയിലും മുബൈയിലെ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലുമായി കവിതകള്‍, നാടകം, ചിത്രകല, സിനിമ, സംബന്ധിയായ കുറിപ്പുകള്‍, സാഹിത്യ ലേഖനങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിനിമയുമായി ഏറെകാലത്തെ സഹജീവിതമുണ്ടായിരുന്ന മുരളിയുടെ ആദ്യ ഷോര്‍ട്ട് ഫിലിം 'മുംബൈ ബ്ലൂസ്' ആണ്. കൂടാതെ ഒട്ടേറെ ചലച്ചിത്ര പ്രമുഖരുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും, ഹോട്ടല്‍ മാനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ ടൂര്‍സ് ആന്റ് ട്രാവല്‍ മാനേജുമെന്റ് എന്നിവയില്‍ ഡിപ്ലോമയും, ഹ്യൂമന്‍ റിസോഴ്‌സസിലും മാര്‍ക്കറ്റിങ്ങിലും എം ബി എ ബിരുദവുമുള്ള ശ്രീ പി. കെ. മുരളീകൃഷ്ണന്‍, മുംബൈ സര്‍വ്വകലാശാലയുടെ കീഴിലും, എ ബി ഇ (യു. കെ.), ഐ. ബി. വേള്‍ഡ് സ്‌കൂള്‍ എന്നിവയ്ക്കു കീഴിലും, മാനേജ്‌മെന്റ് വിഷയങ്ങളില്‍ ഗസ്റ്റ് ലെക്ചററും, കോര്‍പറേറ്റ്  റിക്ര്യൂട്ട്‌മെന്റ് സര്‍വീസും കോര്‍പറേറ്റ് ട്രെയിനിങ്ങും നല്കുന്ന 'എക്‌സിക്യൂട്ടീവ് ഡയറക്ഷന്‍' എന്ന സ്ഥാപനത്തിന്റെ ഡയക്ടറുമാണ്.



email:pk.muraleekrishnan@gmail.com
blog: http://theeraamazha.blogspot.in/



 
മുരളീകൃഷ്ണന്‍ വേദിയില്‍ അവതരിപ്പിക്കുന്ന കവിതകള്‍:
 കവിതകള്‍ പി.ഡി.എഫ്. ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



 ചോദ്യം മുട്ടുമ്പോള്‍
===================
കാല്‍പ്പനികത താളം തെറ്റിച്ച
ആരുടെ മനസ്സിലാണ്
വീണ്ടും
കലാപത്തിന്‍റെ
കരിമരുന്നൊരുങ്ങുന്നത്?
വേദനയുടെ
ഏതു സൂചീമുഖത്താണ്
പ്രണയം ഒരടയാളമാകുന്നത്?
അക്ഷരങ്ങള്‍ പൊട്ടിച്ച്
കവിതയുടെ
ക്ഷുദ്രനക്ഷത്രങ്ങള്‍
വാരി വിതറുവാന്‍
എന്നാണ് ഇനിയുമൊരാള്‍
ഉറക്കമുണര്‍ന്നെത്തുന്നത്?
മൂന്നും കൂട്ടി മുറുക്കുന്നവര്‍
ഏതു തൂവാലകൊണ്ടാണ്
കബനീനദി തുടച്ചു നീക്കാന്‍
തിടുക്കം കൂട്ടുന്നത്‌?
പകലിനെ കൂട്ടിക്കൊടുത്ത
ഏത് രാത്രിഞ്ചരനാണ്
രാവെല്ലാം  ദു:ഖപൂരിതമെന്നു
പുലമ്പുന്നത്?
ആരു നല്‍കിയ
'വാസന സോപ്പാ'ണ്
അയല്‍വക്കത്തെ
വിലാസിനിച്ചേച്ചിയുടെ
കൊച്ചുമോള്‍ക്ക്
ഒരു കൈക്കുഞ്ഞിനെ
സമ്മാനിച്ചത്?
ഏതു ഭൂഖണ്ഡത്തിലേക്കാണ്
ഇപ്പോഴും അന്വേഷണത്തിന്‍റെ
പായ്ക്കപ്പലടുക്കാത്തത്?
എതു തരംഗദൈര്‍ഘ്യത്തിനിടയിലാണ്
നമുക്കു നമ്മെത്തന്നെ
നഷ്ടപ്പെടുന്നത്?
ഏത് ഉത്തരങ്ങള്‍ക്കുമുകളിലാണ്
ഞാനീ  ചോദ്യങ്ങളെയെല്ലാം
ഇനിയും...
തിരുത്തി, മടക്കി,
യൊതുക്കി, ത്തിരുകി
ചേര്‍ത്തു വെയ്ക്കേണ്ടത്?

----------------------------------------------------------

നദി മുറിച്ചുകടക്കുമ്പോള്‍
=========================
കര്‍ണാവതി എക്സ്പ്രെസ്സ്
നദി മുറിച്ചുകടക്കുമ്പോള്‍,
വായുവേഗതകൊണ്ട്
ജലശാന്തതക്ക്
മുറിവേല്‍ക്കുകയാണ് ...

അങ്കലേശ്വറിലെ
പുകക്കുഴലുകള്‍ കരിതുപ്പിയ
സൂര്യമുഖം
ഇന്നിന്റെ
സമരപ്പന്തലൊഴിയുകയാണ്...

വാഴയും പപ്പായയും
കരിമ്പും നിലക്കടലയും
തിങ്ങിയ തോട്ടങ്ങള്‍,
പച്ച മനുഷ്യക്കൂട്ടങ്ങളെപ്പോലെ...
തോട്ടങ്ങളിലെ പാട്ട്
തോര്‍ന്നതല്ല,
കേള്‍ക്കാതെ പോയതാണ്.

ഇരുണ്ട കരകളുള്ള
വെള്ളച്ചേല ചുറ്റി,
സീമന്തരേഖയിലെ
സിന്ദൂരം മായ്ച്ച്,
മുറിവേറ്റവള്‍...
നര്‍മ്മദ.

കുഞ്ഞോളങ്ങള്‍
നീറുമ്പോഴും,
കരളേറ്റി മൂളുന്നുണ്ടാവും
കാറ്റേറ്റു പാടിപ്പോന്ന
ഒരാന്ദോളനം...
''ബചാവോ... ബചാവോ..!"

കര്‍ണാവതി എക്സ്പ്രെസ്സ്
നദി മുറിച്ചുകടക്കുകയാണ്...

----------------------------------------------------------

രണ്ടു പാതകള്‍ കണ്ടുമുട്ടിയപ്പോള്‍
=============================
പണ്ടു പണ്ട്...
രണ്ടു പാതകള്‍,
കണ്ടുമുട്ടിയപ്പോള്‍ ...

യാത്രകളേറി...
പുതിയ കടകളുണ്ടായി,
വാഹനങ്ങള്‍ പെരുകി,
കുന്നിറങ്ങിവന്നൊരു
ചെമ്മണ്‍പാത
കൂട്ടുപാതയുണ്ടാക്കി..
രാമേട്ടന്റെ  ശീട്ടിത്തുണിക്കട
മഹിമ ടെക്സ്റ്റയില്‍സായി.
ഔസേപ്പച്ചന്റെ ചായക്കട
ഡേയ്സി കോഫി ഹൗസും,
സെയ്താലിയുടെ ബാര്‍ബര്‍ ഷോപ്പ്,
അമര്‍ ജെന്റ്സ് പാര്‍ലറുമായി.
പിന്നീടാണ്
വഴിമുടക്കികളും
മൊഴിയടക്കികളും
അപകടങ്ങളും
അഴിച്ചു പണികളുമുണ്ടായതത്രേ..
പലതരം കൊടികളും,
ആപ്പീസുകളും,
അടിപിടികളുമുണ്ടായതത്രേ ...

നെഞ്ചിടിപ്പ് താങ്ങാനാവാതെ..
പിരിഞ്ഞുപോകാനിരുന്ന
നാളിലാണ്...
ആകാശത്തിലേക്കും
ഭൂമിയ്ക്കടിയിലേക്കും
പാതകളെ
ആരോ വലിച്ചു കൊണ്ടുപോയത്..

ഒരുനാള്‍
പുഴവക്കത്തു വെച്ച്
വീണ്ടും കണ്ടുമുട്ടിയപ്പോള്‍..
വലിയ പാത പറഞ്ഞു.
എത്ര നാഴികകളായി...
തമ്മില്‍ കാണാതെ...!

രാവും പകലും
നെഞ്ചിന്‍ കൂട് തകരുന്ന ജീവിതം..
ചുട്ടുപൊള്ളുന്ന ശരീരം!
കുഞ്ഞുപാത  നെടുവീര്‍പ്പിട്ടു.

മുഷിഞ്ഞ മേലുടുപ്പഴിച്ചുവെച്ച്‌
ഒരു രാത്രി
പുഴയില്‍ ചാടിയ പാതകള്‍
പുലര്‍ച്ചെ, പുഴയ്ക്കക്കരെ..
രണ്ടു ചെമ്മണ്‍ പാതകളായി...
ദൂരെ.. ദൂരെ..
പൊടിഞ്ഞ മണ്ണിലൂടെ ...
ഇടിയുന്ന കുന്നിലേയ്ക്കോടിക്കയറി..

----------------------------------------------------------

സുന്ദരയക്ഷി
=============
രാവിതേറെയായ്,
മനോജാലകം തുറന്നിട്ടി-
ങ്ങിരിപ്പാണൊരു വരി
വളര്‍ന്നില്ലിതുവരെ...
ബന്ധിതം മൗനഗ്രസ്ത-
മെന്‍ഹൃദ്സ്പന്ദ, മകാ-
രണമായ് നിലച്ചെന്നോ
ബോധത്തിനന്തര്‍ധാര?
കാറ്റടിക്കുന്നോ പന-
മ്പട്ടയില്‍, കാലൊച്ചതന്‍ -
മന്ദ്രമധുരം ചോരുന്നോ?
കാച്ചെണ്ണ മണത്തുവോ?
ദൂരെനിന്നെത്തുന്നേതു
ഹരിതദ്യുതി പിളര്‍-
ന്നീടുന്നു,  ധൂപക്കടല്‍-
ക്കോളിലീ ജനല്‍ത്തോണി!
കണ്ണുകളവ്യക്തമാ-
ണെങ്കിലും കുറുനിര -
യിളകാതൊഴുകുന്നി-
തേതുസുന്ദര രൂപം!
യക്ഷിയാകുമോ?
സൈബര്‍ നിലാവില്‍
മുങ്ങിത്തോര്‍ത്തി
രക്തമൂറ്റുവാന്‍ വഴി -
തെറ്റിയിങ്ങണഞ്ഞതോ?
ഇല്ലിവള്‍ വിളിച്ചില്ല,
മുറുക്കാന്‍ ചോദിച്ചില്ലൊ -
രിഷ്ടവും നടിച്ചില്ല,
ചൊല്ലിയില്ലൊരു വാക്കും!
ആരു നീ? വഴിപോക്കന്‍ -
ഞാനല്ല, നീയാണെന്ന-
വാക്കു കേട്ടിട്ടും കൂസ-
ലില്ലാതെ നില്‍പ്പാണവള്‍!
ചോദ്യമതാവര്‍ത്തിക്കേ...
കണ്ടു ഞാനാകണ്ണുക-
ളെന്‍റെ കാതിലെക്കമ്മല്‍ -
ക്കല്ലുപോല്‍ തിളങ്ങുന്നു...
കാതു പൊത്തിയെന്‍ കണ്‍ക -
ളിറുക്കിയടയ്ക്കവേ,
പാലപ്പൂ മണം പര-
ന്നസ്ഥികള്‍ പൂവിട്ടുപോയ്..!

----------------------------------------------------------


വിരല്‍ത്തുമ്പില്‍ പുഴ

====================
ഒരിക്കല്‍, ഭൂപടത്തിലെന്‍
ചെറുവിരലിഴഞ്ഞപ്പോള്‍
പറഞ്ഞുപോയച്ഛന്‍, പുഴ, 
'മൃദുവിരല്‍ തുടുത്ത പോല്‍'
വിരല്‍ത്തുമ്പില്‍ തുളുമ്പിയ
പുഴയടുത്തറിഞ്ഞപ്പോള്‍ 
മൊഴിഞ്ഞുപോയമ്മ, പുഴ 
'മലര്‍ക്കതിര്‍ കുടഞ്ഞപോല്‍'
നിളയെന്നും പേരാറെന്നും
വിളിച്ചു, കണ്‍കുളിര്‍പ്പിച്ച
ഗുരുനാഥന്‍ വിരല്‍ ചൂണ്ടി
'നമിയ്‌ക്കേണ, മിവള്‍ 'ഗംഗ'!'
പുതിയ ഭൂപടത്തില്‍ ഞാന്‍
പുഴയിന്നു തിരയുമ്പോള്‍
മെലിഞ്ഞൊട്ടി, വരണ്ടേതു
വിരലെന്‍നേര്‍ക്കുയരുന്നൂ?

----------------------------------------------------------

അവസ്ഥാന്തരം
================
പ്രിയ സുഹൃത്തെ, മറക്കാം നമുക്കിനി
പോയ നാളുകള്‍ പാഴ്ക്കിനാക്കാഴ്ചകള്‍
പ്രണയ ഗാഥകള്‍ മാധവമാക്കിയ
പകലറുതികള്‍ പാഷാണ രാത്രികള്‍
ദുരിത കാന്താര സീമകള്‍ ചുംബിച്ച
ദ്രുത വിലാപനം സാമസായന്തനം.
ഇനി മറക്കാം സുഹൃത്തെ നമുക്കൊരാ-
പഴയ പാതയും രുചിത പാഥേയവും
പുകയിലച്ചുരുളിലൊരുകവിള്‍ത്തേയില-
ക്കറയിലെരിയുന്ന ബോധ സംഘര്‍ഷവും
ഒരു വികാരം ഒരേ സ്വരം സത്വര-
മൊരു സമീരണ സമര സഞ്ചാരണം.
അറികയാണു ഞാനിന്നലെയീമെയില്‍ -
ച്ചിരിയിലൂടെ നിന്‍ കാലവും ലോകവും
വെറുതെയെന്തിനൊരോണമാശംസകള്‍
ധ്രുതി പിടിച്ച നിന്‍ ജീവിത രഥ്യയില്‍
വര്‍ഷമേറെക്കടന്നുപോയ് നിന്റെ നാ -
ത്തുമ്പിലിന്നും തുളുമ്പുന്ന വാക്കുകള്‍
ഫേഷനോ വൃഥാ വേഷമോ വേര്‍പാടിന്‍ -
ഭാഷയോ വേട്ടയാടും വസന്തമോ?
എന്തെഴുതും നിനക്കു ഞാനോര്‍മ്മയില്‍ -
ത്തങ്ങിനില്ക്കുന്ന ചിങ്ങ സമ്മാനമായ്
സ്മരണപോലും വിപണനം ചെയ്യുമീ-
മരണ മാത്സര്യ മാസ്മര സന്ധ്യയില്‍
നെടിയ തവളയെക്കൊന്ന നീര്‍ക്കോലിപോല്‍
കൊടിയ പാത വിഴുങ്ങീ വരമ്പുകള്‍
നെല്ലിപ്പൂവില്ല പൂവറുക്കാന്‍ചോറ്റു -
പാത്രമില്ല ചോറില്ലാവയല്‍കളില്‍
മാളുകുട്ടിയാശാരിച്ചിയില്ല, പൂ-
വട്ടിയില്ല ചിരട്ടത്തവിയില്ല
കാളിയില്ല കണ്ടാരനില്ല, മുളം -
കുട്ടയില്ല മുറമില്ല ചന്തയില്‍
തുമ്പയും പൂത്തുമ്പിയും തോഴരാം
കൊച്ചുകോല്‍പ്പൂവും കോളാമ്പിച്ചേച്ചിയും
വിട്ടുപോയീ വിറങ്ങലിച്ചിപ്പൊഴും
നിന്നു തേങ്ങുന്നു കുഞ്ഞു മുക്കുറ്റികള്‍
പ്രിയ സുഹൃത്തെ, നിന്നോര്‍മ്മക്കുറിപ്പുപോല്‍
നയന ശോഭയാകട്ടെ നിന്നോണവും
ഇതളറുക്കാതിരിക്കട്ടെ വാക്കുകള്‍
ഇമ മുറിക്കാതിരിക്കട്ടെ കാഴ്ച്ചകള്‍
ഓണമുണ്ടെന്റെ ടെലിവിഷന്‍ ചാനലില്‍
ഓണമുണ്ടെന്റെ ഈമെയില്‍ പെട്ടിയില്‍
ഓണമുണ്ടൊരു പൂക്കളപ്പോരിലു-
മോണമുണ്ടീ റെഡിമേഡു സദ്യയില്‍
അച്ചടിച്ചെത്തുമോണപ്പതിപ്പിലു-
മുണ്ടൊരോണമൊരോര്‍മ്മയായ് തേങ്ങലായ്
അന്നൊരോണമില്ലാത്തവര്‍ക്കൂട്ടുവാന്‍
ഇന്നൊരോണമുണ്ടാക്കുവോര്‍ക്കുണ്ണുവാന്‍
പ്രിയ സുഹൃത്തെ മടക്കയാണീമെയില്‍ -
ക്കുറി, മനസ്സിന്നവസ്ഥാന്തരങ്ങളില്‍
നന്ദി ഓര്‍മ്മതന്‍ പുസ്തകത്താളിലെ
തുണ്ടു പീലിക്കു, മാവളപ്പൊട്ടിനും!

----------------------------------------------------------
ജനല്‍മൊഴികള്‍
==================
അല്ലെയോ തണല്‍മരം,
നിന്നില കൊഴിയാറായ്..
പച്ചില ഞരമ്പിന്റെ
നീരൊലി നിലക്കാറായ്..
വേരുകളുണങ്ങുന്നു,
വഴിയില്‍ ചില്ലക്കമ്പിന്‍ -
വില്ലുകളൊടിച്ചിട്ട
കാറ്റിന്‍ പ്രകമ്പനം.
കൂടൊഴിഞ്ഞെവിടേക്കു
പറന്നൂ കിളിക്കൂട്ടം
കാടൊഴിയുന്നോ, ദൂര-
ക്കാഴ്ചയാകുന്നോ ജന്മം!
കുനിയുക, വരളുമ്പോള്‍
മണ്‍ചുമര്‍ നിഴല്‍ തീര്‍ത്ത
ശീതളച്ചെരിവിലേ-
ക്കൊരുകുളിര്‍ക്കാലം വരെ.
വേപഥു മുക്കിത്തോര്‍ത്തി-
യുണക്കാന്‍  വിരിച്ചിട്ടൊ  -
രമ്മതന്‍ മടിക്കുത്തിന്‍
നനവിത്തിരി നല്‍കാം...
പിന്നില്‍ നിന്‍ തോഴര്‍ തന്നെ
പല രൂപത്തില്‍ പല -
ഭാവത്തിലിരിക്കുന്നു-
ണ്ടുണ്ണുന്നുണ്ടുറങ്ങുന്നു.
മറയായ്‌, മരവിപ്പായ്,
ചെറുതായ് ചുമര്‍ ചാരി,
വളരും മുന്‍പേ വെട്ടി-
ച്ചുരുക്കി മണ്‍ചട്ടിയില്‍..
നിറയെ കുഞ്ഞിപ്പൂക്കള്‍
നിരന്നു ചിരിച്ചു കൊ -
ണ്ടിരുഭാഗത്തും, മുറ്റം
വെയിലിന്‍ കളിക്കളം...
ചായുക, മടിക്കേണ്ട
കവികള്‍ പണ്ടേ പാടി -
ക്കേട്ടതീ മണ്ണില്‍ മീന-
മാസമോ, തീചാമുണ്ഡി!
അല്ലെയോ തണല്‍മരം,
തലയാട്ടുന്നോ, തെന്നല്‍
പിന്നെയും പുറത്തൊന്നു
തന്നു പാഞ്ഞുവോ, ദൂരെ..!

0 comments:

Followers