മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Thursday, April 25, 2013

പി.കെ. സുരേന്ദ്രന്‍ സാഹിത്യവേദിയില്‍

പ്രിയപ്പെട്ട അക്ഷര സ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ മെയ് മാസം ആദ്യഞായറാഴ്ച (05/05/2013) സിനിമാ നിരൂപകന്‍ പി. കെ. സുരേന്ദ്രന്‍ "സ്വപ്നങ്ങളും സിനിമയും , സിനിമയിലെ സ്വപ്നങ്ങളും" എന്ന പ്രബന്ധം അവതരിപ്പിക്കുന്നു. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യ-സിനിമാ പ്രവര്‍ത്തകരും പങ്കെടുക്കും.

ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.


സ്ഥലം: മാട്ടുംഗ കേരള ഭവന്‍ ഹാള്‍
തിയതി: മെയ് 5, 2013. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.


സസ്‌നേഹം
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി



അറിയിപ്പ്: സാഹിത്യവേദി ചര്‍ച്ച പതിവുപോലെ കൃത്യം ആറുമണിക്കുതന്നെ ആരംഭിക്കും. സഹൃദയ സുഹൃത്തുക്കള്‍ സമയത്തിന് തന്നെ എത്തിച്ചേരും എന്ന് പ്രതീക്ഷിക്കുന്നു.



പി. കെ. സുരേന്ദ്രന്‍

സിനിമയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് ഗൗരവമായ പഠനങ്ങള്‍ നടത്തുന്ന എഴുത്തുകാരനാണ് പി. കെ. സുരേന്ദ്രന്‍. ഇന്ത്യന്‍-ലോക സിനിമയുടെ ഭാവുകത്വ വികാസപരിണാമങ്ങളെ വിലയിരുത്തുന്നതോടൊപ്പം  സിനിമ നേരിടുന്ന മൂല്യപരമായ അപചയങ്ങളെ സുരേന്ദ്രന്‍ കണ്ടെത്തുകയും രൂക്ഷമായി വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നു. സുരേന്ദ്രന്റെ സിനിമാ നിരൂപണങ്ങള്‍ കലാകൗമുദി, മലയാളം വാരിക തുടങ്ങി, സിനിമയുമായി ബന്ധപ്പെട്ട മറ്റ് സമാന്തര പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ചലചിത്രോത്സവങ്ങളില്‍ പങ്കെടുക്കുകയും ഫിലിം സൊസൈറ്റികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി സുരേന്ദ്രന്‍ തന്റെ ധൈഷണിക ജീവിതത്തെ കൂടുതല്‍ കൂടുതല്‍ സാര്‍ഗ്ഗാത്മകമായി നിലനിര്‍ത്തുന്നു.
പി.കെ. സുരേന്ദ്രന്റെ ഈ മെയില്‍ വിലാസം: suren@cmie.com


സുരേന്ദ്രന്‍ വേദിയില്‍ അവതരിപ്പിക്കുന്ന പ്രബന്ധം ചുവടെ...
പി.ഡി.എഫ് ഫോര്‍മാറ്റില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

സ്വപ്നങ്ങളും സിനിമയും , സിനിമയിലെ സ്വപ്നങ്ങളും
പി.കെ. സുരേന്ദ്രന്‍



സ്വപ്നങ്ങള്‍  കാണാത്തവരായി ഈ ലോകത്തില്‍ ആരും ഉണ്ടാകില്ല.   സ്വപ്നങ്ങള്‍ കാണുന്ന കാര്യത്തില്‍ ജാതി, മത, ലിംഗ, വര്‍ണ, ദേശ, ഭാഷാ വ്യത്യാസങ്ങള്‍ ഇല്ല. സ്വപ്നങ്ങള്‍ സാര്‍വലൗകികമായ  ഒരനുഭവമാണ്.  മനസ്സിന് ജാഗ്രത്, സ്വപ്ന, സുഷുപ്തി എന്നിങ്ങനെ വ്യത്യസ്ത അവസ്ഥകള്‍ ഉണ്ടല്ലോ.    നിദ്രയില്‍ തലച്ചോറ് ഭാഗികമായി പ്രവര്‍ത്തിക്കുകയും മനസ്സ് ചെറിയ തോതില്‍ ഉണര്‍ന്നിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ നടക്കുന്ന മാനസിക പ്രവര്‍ത്തനങ്ങളാണ് സ്വപ്നങ്ങള്‍ എന്ന് ചിലര്‍. നിദ്രയുടെ ചില ഘട്ടങ്ങളില്‍ മനസ്സില്‍  അനിച്ഛാപൂര്‍വമായി രൂപപ്പെടുന്ന ദൃശ്യങ്ങളും ആശയങ്ങളും അനുഭൂതികളുമാണ് സ്വപ്നങ്ങള്‍ എന്ന് മറ്റു ചിലര്‍.

സ്വപ്നങ്ങള്‍ അബോധ മനസ്സുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നും വ്യക്തിയുടെ അബോധത്തിലെ അമര്‍ത്തിവെച്ച ആഗ്രഹ ചിന്തകളാണ് സ്വപ്നങ്ങളായി പ്രകടമാകുന്നത് എന്നാണ്  ഫ്രോയ്ഡ്  അഭിപ്രായപ്പെടുന്നത്. അബോധത്തിലേക്കുള്ള രാജപാത എന്നാണ് സ്വപ്നങ്ങളെ  അദ്ദേഹം  വിശേഷിപ്പിച്ചത്.  ഫ്രോയ്ഡിന്റെ ശിഷ്യനായിരുന്ന  യുങ് ഗുരുവിന്റെ സങ്കല്‍പ്പങ്ങളെ നിഷേധിച്ചു കൊണ്ട് സ്വപ്നങ്ങള്‍ക്ക് അതിന്റെ അര്‍ത്ഥങ്ങളെ നിഗൂഢവല്‍കരിക്കുന്ന സ്വഭാവം ഇല്ലെന്നും മറിച്ച് തുറന്ന / വിവൃതമായ സ്വഭാവമാണെന്നും പറഞ്ഞു. സ്വപ്നങ്ങളെ  വ്യക്തിയുടെ അബോധത്തില്‍ അടക്കിവച്ച ലൈംഗീക തൃഷ്ണയുടെ ബഹിര്‍സ്ഫുരണം മാത്രമായി ചുരുക്കിക്കൂടെന്നും അവയ്ക്ക് വിശാലവും സാര്‍വ ലൗകീകവുമായ തലം ഉണ്ടെന്നും അവ മനുഷ്യ മനസ്സിന്റെ അടിത്തട്ടില്‍ അടിഞ്ഞു കിടക്കുന്ന പ്രാക്തന സങ്കല്‍പ്പങ്ങളെ പ്രകടമാക്കുന്നു എന്നു കൂടി  അദ്ദേഹം  കൂട്ടി ചേര്‍ത്തു.  സ്വപ്‌നങ്ങള്‍ക്ക് പ്രതീകങ്ങളുടെയും രൂപകങ്ങളുടെയും ഭാഷയാണെന്നു  കൂടി   അദ്ദേഹം  പറഞ്ഞു. 

സ്വപ്നങ്ങളുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ഒരു കലാരൂപമാണ് സിനിമ.  സ്വപ്നങ്ങള്‍ കാണാനുള്ള നമ്മുടെ ആഗ്രഹം, സ്വപ്നങ്ങളില്‍ മതി മറക്കാനുള്ള കൊതി, സിനിമയുടെ സ്വപ്നങ്ങളിലേതുപോലുള്ള  ദൃശ്യങ്ങളുടെ ചലനാത്മകതയും മായികതയും, നമ്മോട് നേരിട്ട് സംവദിക്കുന്ന സിനിമയുടെ സ്വഭാവം (സംഗീതം പോലെ) ഇവയൊക്കെയാണ് നമ്മെ സിനിമയിലേക്ക് വളരെയധികം വലിച്ചടുപ്പിക്കുന്നത്. (സ്വപ്നങ്ങളെ പോലെ സിനിമയ്ക്കും ഒരു സാര്‍വ ലൗകിക സ്വഭാവവും അതിര്‍ത്തികള്‍ ഇല്ലാതെ സംവദിക്കാനുള്ള കഴിവുമുണ്ട്). ഇക്കാരണങ്ങള്‍ കൊണ്ടുതന്നെയാണ് സിനിമകള്‍ (ദൃശ്യങ്ങള്‍)
സ്വപ്നങ്ങളെ പോലെ നമുക്ക് പ്രിയങ്കരവും എത്ര കണ്ടാലും മതിവരാത്തതുമാകുന്നത്.
സ്വപ്നങ്ങളെയും സിനിമയെയും ബന്ധപ്പെടുത്തി പ്രശസ്ത സ്വീഡിഷ് ചലച്ചിത്ര കാരനായ   Ingmar  Bergman    ഇപ്രകാരം പറയുന്നു:   കവിതയെയും ചിത്രകലയെയുംകാള്‍ സ്വപ്നത്തിന്റെ പ്രത്യേക സ്വഭാവം അനുഭവിപ്പിക്കാന്‍ സിനിമയ്ക്കാണ് കഴിയുക. സിനിമാ തിയറ്ററിനകത്തെ പ്രകാശം മെല്ലെ മെല്ല അണയുകയും നമുക്ക് മുന്നില്‍ വെളുത്ത  തിരശ്ശീല തെളിയുകയും ചെയ്യുന്നതോടെ നമ്മുടെ ശ്രദ്ധ ചുറ്റുപാടുകളില്‍ അലഞ്ഞു നടക്കാതെയാവുകയും നോട്ടം തിരശ്ശീലയില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. 
ഇപ്രകാരം എകാഗ്രരായിരിക്കുന്ന നമുക്ക് മുന്നില്‍ ദൃശ്യങ്ങള്‍ ഒഴുകാന്‍ തുടങ്ങുന്നു. ഈ അവസ്ഥയില്‍ നമ്മുടെ ഇച്ഛ പ്രവര്‍ത്തനരഹിതമാവുകയും    ദൃശ്യങ്ങളുടെ ഒഴുക്കില്‍ നിന്ന് കാര്യങ്ങള്‍ തിരിച്ചറിയാനും അവയെ അതത് സ്ഥാനങ്ങളില്‍  പ്രതിഷ്ഠിക്കാനുള്ള നമ്മുടെ കഴിവ് നഷ്ടമാവുകയും ചെയ്യുന്നു.
നാം സംഭവങ്ങളുടെ ഒഴുക്കില്‍ മുങ്ങിപ്പോകുന്നു, ഒരു സ്വപ്നാവസ്ഥയില്‍ അകപ്പെട്ടതുപോലെ.

സിനിമ കണ്ടുകൊണ്ടിരിക്കവെ പ്രേക്ഷകന്‍ ഒരു പ്രത്യേക മാനസികാവസ്ഥയില്‍ തളച്ചിടപ്പെടുകയാണ്. പ്രേക്ഷകന്‍ കാണുന്നത് യാഥാര്‍ത്ഥ്യത്തെയല്ല, നിഴലുകളാണ്. യാഥാര്‍ത്ഥ്യത്തിന്റെ ഒരു തരത്തിലുള്ള പകര്‍പ്പ് എന്ന് വേണമെങ്കില്‍ പറയാം.  അല്ലെങ്കില്‍ കെമിക്കല്‍ റിയാലിറ്റി എന്ന് പറയാം. 
സ്വപ്നാവസ്ഥയില്‍ അനുഭവവേദ്യമാകുന്ന  യാഥാര്ത്ഥ്യത്തേക്കാള്‍ വലിയ (larger than real) ഒരു  യാഥാര്‍ത്ഥബോധം നമുക്ക് ഇപ്രകാരം നിഴലുകളുടെ പ്രദര്‍ശനത്തിലൂടെയും അനുഭവപ്പെടുന്നു. ഇതോടൊപ്പം തിയറ്ററില്‍ ഇരുന്ന് സിനിമ കാണുന്ന പ്രേക്ഷകന്റെ പ്രത്യേക അവസ്ഥയും (പ്രേക്ഷകന്റെ നിഷ് ക്രിയവും ചലനമില്ലാതെയുമുള്ള ഒരേ ഇരുപ്പ്, യാഥാര്ത്ഥ്യബോധത്തില്‍ നിന്നുള്ള വിടുതല്‍, തിയ്യറ്ററിലെ ഇരുട്ട്) ചേര്‍ന്ന് പ്രേക്ഷകന്‍ ഒരു തരം മതിഭ്രമാവസ്ഥയില്‍ എത്തപ്പെടുന്നു. സിനിമ കണ്ടുകൊണ്ടിരിക്കെയുള്ള പ്രേക്ഷകന്റെ ഈ അവസ്ഥയ്ക്ക് നിദ്രാവസ്ഥയുമായി ഏതാണ്ട് സാമ്യമുണ്ടെന്ന് ചിലര്‍ പറയുന്നു. (സിനിമയില്‍ ഒരു സെക്കന്റില്‍ ഇരുപത്തിനാല് ഫ്രെയിമുകള്‍ നീങ്ങുമ്പോള്‍ പ്രേക്ഷകന്‍ ഇരുപത്തിനാല് തവണ ഇരുട്ടിലാണെന്ന് ഓര്‍ക്കുക).

സ്വപ്നങ്ങളെ സംബന്ധിക്കുന്ന ഒരു പ്രധാന ഘടകമാണ് മറവി. അതായത്, രാത്രിയില്‍  കണ്ട ഒരു സ്വപ്നം പിറ്റേ ദിവസം ഉണരുന്ന നേരത്ത് നാം അധികം പേരും മറന്നു പോകുന്നു. ഉണര്‍ന്നു കഴിഞ്ഞാല്‍ സ്വപ്നത്തെ പൂര്‍ണമായി പുനര്‍നിര്‍മ്മിച്ചെടുക്കാന്‍ പ്രയാസം. സ്വപ്നങ്ങളിലെന്ന പോലെ സിനിമയിലും മറവിയുടെ ഒരു ഘടകമുണ്ട്. എന്തുകൊണ്ടെന്നാല്‍ ഒരു സ്വപ്നസമാനമായ അവസ്ഥയിലാണ് പ്രേക്ഷകന്‍ സിനിമ കാണുന്നത്.
ഒന്നു കൂടി വിശദമാക്കിയാല്‍, നാം രാത്രിയില്‍ കണ്ട സ്വപ്നത്തെ കുറിച്ച് പിന്നീട് മറ്റൊരാളോട് സംസാരിക്കുമ്പോള്‍  നാം കണ്ട അതേ ഒഴുക്കില്‍ അല്ലെങ്കില്‍ ക്രമത്തില്‍ / രീതിയില്‍ ആയിരിക്കില്ല പുനരാവിഷ്‌കരിക്കുന്നത്.

കാരണം സ്വപ്നത്തില്‍ കണ്ട കുറേ കാര്യങ്ങള്‍ നാം അപ്പോഴേക്കും മറന്നുപോയിരിക്കും. ഇവിടെ രാത്രി കണ്ട സ്വപ്നത്തില്‍ നിന്ന് നമുക്ക് പിറ്റേ ദിവസം ഓര്‍മ്മിക്കാന്‍ കഴിയുന്നതില്‍ നിന്ന് ഒരു പുനര്‍ തിരഞ്ഞെടുപ്പും പുനര്‍ക്രമീകരണവും നാം നടത്തുന്നു. നാം കണ്ട സ്വപ്നത്തിലെ പല കാര്യങ്ങള്‍ക്കും വേഗത, നിറം മാറ്റം സംഭവിക്കുന്നു. സിനിമാ പ്രേക്ഷകരെ പോലെ സ്വപ്നം കാണുന്നവരും യാഥാര്‍ത്യത്തെയല്ലല്ലോ കാണുന്നത്. എന്നാല്‍ രണ്ടിടത്തും തിരശ്ശീലയില്‍ ദൃശ്യങ്ങളുടെ പ്രദര്‍ശനമാണ് നടക്കുന്നത്, സ്വപ്നത്തിന്റെ തിരശ്ശീലയിലെ ദൃശ്യങ്ങള്‍.

ഇപ്രകാരം നാം കണ്ട ഒരു സിനിമയെ കുറിച്ച് പിന്നീട് മറ്റൊരാളോട്  സംസാരിക്കുമ്പോള്‍ പലപ്പോഴും സിനിമയില്‍ കണ്ട അതേ ക്രമത്തിലായിരിക്കില്ല നാം വിവരിക്കുക. നാം കണ്ട എപ്പിസോഡുകളെ, സീക്വന്‍സുകളെ, ദൃശ്യങ്ങളെ, രൂപങ്ങളെ, ചിഹ്നങ്ങളെ ഒക്കെ നാം അപ്പോഴത്തെ മാനസികാവസ്ഥയില്‍ പുനര്‍ക്രമീകരിക്കുന്നു. പലതും വിട്ടു പോകുന്നു. ചിലപ്പോള്‍ ചിലതൊക്കെ കൂട്ടി ചേര്‍ക്കപ്പെട്ടു എന്നും വരാം. സിനിമയില്‍ അനുഭവിച്ച വേഗത, നിറങ്ങള്‍, ശബ്ദങ്ങള്‍ ഒക്കെയും പലപ്പോഴും ഒരു മനോധര്‍മ്മത്തിന് വഴി മാറുന്നു.  നാം കണ്ട ഒരു സിനിമയെക്കുറിച്ച് മറ്റൊരാളോട് സംസാരിക്കുമ്പോള്‍ സത്യത്തില്‍ ആ സിനിമയുടെ കഥയാണ്   

നാം പറയുന്നത്. താരങ്ങളെ കുറിച്ച്, കഥാപാത്രങ്ങളെ കുറിച്ച്, ഗാനങ്ങളെ കുറിച്ച്, സാങ്കേതികതയെ കുറിച്ച് ഒക്കെ. എന്നാല്‍ സിനിമ കണ്ടുകൊണ്ടിരിക്കെ നാം കടന്നുപോയ അനുഭവ / അനുഭൂതി തലം അതിന്റെ പൂര്‍ണതയില്‍ നമുക്ക് മറ്റൊരാള്ക്ക് പകര്‍ന്നുകൊടുക്കാന്‍ ആവില്ല. അതുകൊണ്ടാണ് സിനിമയെ കുറിച്ച് മറ്റൊരാളോട് സംസാരിക്കുമ്പോള്‍ 'അതൊന്ന് കണ്ടുതന്നെ അറിയണം' എന്ന് നാം പറഞ്ഞു നിര്‍ത്തുന്നത്. സിനിമയെ കുറിച്ച് എഴുതുമ്പോഴുള്ള ഒരു പ്രധാന പ്രധിസന്ധിയും ഇതുതന്നെയാണ്. ഇതിന് മറ്റൊരു കാരണം സിനിമ സ്വപ്നത്തോടെന്നപോലെ  സംഗീതത്തോടും അടുത്തു നില്ക്കുന്നു എന്നതുകൊണ്ടാണ്.    സംഗീതം നമ്മുടെ മനസ്സിനെ നേരിട്ട് സ്പര്‍ശിക്കുകയാണല്ലോ.  അതുകൊണ്ടുതന്നെയാണ് നാം കേട്ട സംഗീതം (ശബ്ദം) നമുക്ക് മറ്റൊരാളോട് പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിയാത്തത്. അത് വാക്കുകള്‍ക്ക് അതീതമാണ്. സംഗീതത്തെ കുറിച്ച് ഒരാളോട് സംസാരിക്കുമ്പോള്‍ എന്ന പോലെ സംഗീതത്തെ കുറിച്ച് എഴുതുമ്പോഴും കൃതിയെയും (text) സാങ്കേതികതെയെയും കുറിച്ച് സംസാരിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.
സ്വപ്നവും സിനിമയും തമ്മിലുള്ള ബന്ധത്തെ ചിലര്‍   ഫ്രോയ്ഡിന്റെ സ്വപ്നങ്ങള്‍ ആശയങ്ങളെ  നാടകീയമാക്കുന്നു  എന്ന  സങ്കല്പങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിച്ചിട്ടുണ്ട്. അബോധത്തിന്റെ  പ്രവര്‍ത്തനങ്ങളെ  ചിലര്‍ മൈക്രോസ്‌കോപ്പുമായും ക്യാമറയുമായും താരതമ്യം ചെയ്തിട്ടുണ്ട്. 
അങ്ങിനെ കാഴ്ചയുടെ (സിനിമയുടെ) പ്രവര്‍ത്തനങ്ങള്‍ക്കും അബോധത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും സമാനതകള്‍ കണ്ടെത്തുന്നു. സ്വപ്നങ്ങളെ നാടകീയമായ ഘടന പൊലെ, വ്യത്യസ്തങ്ങളായ രംഗങ്ങള്‍ പോലെ, എന്നാല്‍ പരസ്പരം ബന്ധപ്പെട്ടതല്ലാതെ, പലപ്പോഴും ഒരേ സമയം സംഭവിക്കാത്തതായും ചിലര്‍ കാണുന്നു. ഇതിനെ സിനിമയിലെ സീനുമായും, സീക്വന്‍സുമായും പലരും താരതമ്യം ചെയ്തിട്ടുണ്ട്.   

മറ്റുചിലര്‍ അബോധത്തെ മനസ്സിന്റെ അരങ്ങായി കാണുന്നു. അതായത് അബോധത്തിലെ കഥാപാത്രങ്ങളും സംഭവങ്ങളും അരങ്ങേറുന്ന ഒരു വേദി.   സ്വപ്നത്തിലെ കഥാപാത്രങ്ങളെ ചിലര്‍ സിനിമയിലെ നടനോടും നടിയോടും താരതമ്യം ചെയ്തിട്ടുണ്ട്. സ്വപ്നം കാണുന്ന നേരത്ത് ആ വ്യക്തി തന്നെയാണ് എല്ലാം, കഥാപാത്രങ്ങളും പ്രേക്ഷകനും. അവനവനില്‍ അഭിരമിച്ചു കൊണ്ട് എല്ലാ വേഷങ്ങളും അയാള്‍ തന്നെ ആയിത്തീരുന്നു. ഈ ഒരു അവസ്ഥ സിനിമയിലും കാണാം. സിനിമ കണ്ടുകൊണ്ടിരിക്കെ വ്യത്യസ്ത കഥാപാത്രങ്ങളുടെ മാനസീകാവസ്ഥയിലൂടെ പ്രേക്ഷകന്‍ കടന്നു പോവുകയും അവരുമായി താദാത്മ്യപ്പെടുകയും ചെയ്യുന്നു.
സ്വപ്നങ്ങള്‍ ഒരാളുടെ അമര്‍ത്തി വെക്കപ്പെട്ട ആഗ്രഹങ്ങളാണെങ്കില്‍ സിനിമാ പ്രേക്ഷകന്‍ കഥാപാത്രങ്ങളുമായി താദാത്മ്യപ്പെടുന്നതിലൂടെ തന്റെ ആഗ്രഹ ചിന്തകള്‍ക്ക് പൂര്‍ത്തീകരണം കണ്ടെത്തുന്നു.

ചില മനഃശ്ശാസ്ത്രജ്ഞര്‍ പറയുന്നത് പ്രകാശ പൂര്‍ണമായ, കറുപ്പിനാല്‍ ചുറ്റപ്പെട്ട ഒരു പ്രതലത്തിലാണ് സ്വപ്നാവസ്ഥയില്‍ സംഭവങ്ങള്‍ തെളിയുന്നത് എന്നാണ്. അതായത് ഒരു വെളുത്ത തിരശീലയിലാണ്  Dream Screen – സ്വപ്നങ്ങള്‍  പ്രദര്‍ശിപ്പിക്കപ്പെടുന്നതത്രെ. ഇതിന്  സിനിമാ തിയ്യറ്ററുമായി സാമ്യം ഉണ്ടത്രെ. തിയ്യറ്ററിനകത്തെ ഇരുട്ടില്‍ തെളിയുന്ന വെളുത്ത തിരശ്ശീലയിലാണല്ലോ സിനിമ പ്രദര്‍ശിപ്പിക്കുന്നത്.  ഈ രണ്ട് അവസ്ഥകളെയും ചിലര്‍ മയക്കം / ഉറക്കം എന്ന അവസ്ഥയുമായി ബന്ധിപ്പിക്കുന്നു. ഈ അവസ്ഥയെ ചിലര്‍  അമ്മയുടെ മുലകുടിച്ചു  കൊണ്ടുള്ള കുട്ടിയുടെ മയക്കത്തിലേക്കുള്ള തെന്നിവീഴലുമായി താരതമ്യപ്പെടുത്തുന്നു. ഉണര്‍ച്ചയ്ക്കും ഉറക്കത്തിനും ഇടയിലുള്ള ഒരു നൂല്‍പാലത്തിലൂടെ കടന്നു പോയാണത്രെ  പ്രേക്ഷകന്‍ സിനിമയുടെ കല്പ്പിത ലോകത്തിന്  കീഴ്‌പ്പെടുന്നത്.   പ്രശസ്ത ഫ്രഞ്ച് ചലച്ചിത്ര കാരനായ ഞലില ഇഹമശൃ ന്റെ അഭിപ്രായത്തില്‍ സിനിമാ തിരശ്ശീ ലയിലെ നിഴലാട്ടത്തിലും ശബ്ദങ്ങളിലും ആമാഗ്‌നരാകുന്ന പ്രേക്ഷകര്‍ ഒരു  തരം സ്വപ്നാവസ്ഥയില്‍ ആണത്രെ.   ഒരു മനഃശ്ശാസ്ത്രജ്ഞന്‍ പറയുന്നത് സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകന്റെ മാനസികാവസ്ഥ സ്വപ്നത്തിനും പകല്‍ കിനാവിനും ഇടയില്‍ എവിടെയോ ആണെന്നാണ്. സ്വപ്നമാണ് എന്തെന്നാല്‍  സാങ്കല്പികത   യാഥാര്ത്ഥ്യത്തിന് പകരമാക്കപ്പെടുന്നു.  പകല്‍ കിനാവാണ് എന്തെന്നാല്‍ പ്രേക്ഷകനില്‍ എപ്പോഴും ബോധാവസ്ഥയുടെ   / ഉണര്‍ച്ചയുടെ ഒരവസ്ഥ നിലനില്ക്കുന്നുണ്ട്.   ഇറ്റാലിയന്‍ ചലച്ചിത്ര കാരനായ പസോളിനിയെ സംബന്ധിച്ച് സിനിമ സ്വപ്നങ്ങളുടെയും ഓര്‍മകളുടെയും ലോകമാണ്. ദൃശ്യങ്ങളുടെ സംവേദ നത്തില്‍ ഈ രണ്ടു ഘടകങ്ങളും പ്രധാന പങ്ക് വഹിക്കുന്നുവത്രെ.   ഇത് ആദികാലം തൊട്ടുള്ളതും വ്യാകരണങ്ങള്‍ക്ക്  അതീതവുമാണത്രെ.   ഇങ്ങിനെ നോക്കുകയാണെങ്കില്‍ 
സ്വപ്നങ്ങള്‍  സിനിമയുടെ മുന്‍ഗാമിയാണെന്ന് പറയാം. എല്ലാ സ്വപങ്ങളും ദൃശ്യങ്ങളുടെയും ചിഹ്നങ്ങളുടെയും (im-signs) ഒരു പരമ്പരയാണ്. ഇതിന് സിനിമയിലെ സീക്വന്‍സിന്റെ സമാന സ്വഭാവമാണ് close-up, long shot എന്നിങ്ങനെ. പലരും പസോളിനിയോട് യോജിക്കുന്നു: അതായത് സ്വപ്നങ്ങള്ക്കും സിനിമയ്ക്കും ഒരേ സ്വഭാവമാണ്. ചുരുക്കി പറഞ്ഞാല്‍ സ്വപ്നങ്ങള്‍ സിനിമ പോലെയാണെന്ന് മനഃശ്ശാസ്ത്രജ്ഞര്‍ കണ്ടെത്തുമ്പോള്‍ സിനിമ സ്വപ്‌നങ്ങള്‍ പോലെയാണെന്ന് സിനിമാ ശാസ്ത്രജ്ഞര്‍ പറയുന്നു. 

സിനിമയുടെ ഈ സ്വപ്നാവസ്ഥ ജനപ്രിയ സിനിമയ്ക്ക് ഏറ്റവും അനുഗ്രഹപ്രദമായ ഒന്നാണ്.  ഈ അവസ്ഥയെ പൊലിപ്പിച്ച് കൂടുതല്‍ സ്വപ്നമയമാക്കി ഒരു ചൂഷണോപാധിയായി ഉപയോഗിക്കുകയാണ് ഈ സിനിമകള്‍. സിനിമ തീരുന്നതുവരെ പ്രേക്ഷകനെ സ്വപ്നത്തിന്റെ മായികതയില്‍ അകപ്പെടുത്തി താദാത്മ്യവല്‍ക്കരണത്തിലൂടെ അതി വൈകാരികതയില്‍ മുക്കി ഒരു ചോദ്യവും ചോദിക്കാന്‍ പ്രാപ്തി ഇല്ലാത്തവനാക്കി അവനെക്കൊണ്ട് എല്ലാം ഉപഭോഗം ചെയ്യിക്കുന്നു. ഇതിനായി പുതിയ രീതികളിലൂടെ കച്ചവടത്തിന്റെ പുതിയ സാധ്യതകള്‍ അന്വേഷിക്കുന്നു.  Dream Merchants എന്ന ഒരു പ്രയോഗം തന്നെ നിലവില്‍ ഉണ്ടല്ലോ.  

എന്നാല്‍ ഫ്രഞ്ച് ചലച്ചിത്രകാരനായ ഗൊദാര്‍ദ്, ഹംഗറിയില്‍ നിന്നുള്ള ജാന്‍സ്‌കോ, ജപ്പാനില്‍ നിന്നുള്ള നഗീസ ഓഷിമ, ഇറാനില്‍ നിന്നുള്ള അബ്ബാസ് കിയറോസ്തമി തുടങ്ങിയവര്‍ ഈ സ്വപ്നാവസ്ഥയെ, മായികതയെ അപകട കാരിയായി കാണുന്നു.  (നമ്മുടെ ഋത്വിക് ഘട്ടക്, മണി കൗള്‍, അരവിന്ദന്‍,  ജോണ് എബ്രഹാം, മൃണാള്‍ സെന്‍, കേതന്‍ മേത്ത, പരേഷ് മൊകാഷി എന്നിവരെയും ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്). ഈ മായാ പ്രപഞ്ചം (സിനിമയിലെ മറ്റ് ഘടകങ്ങള്‍ക്കൊപ്പം) പ്രേക്ഷകനെ സിനിമയ്ക്കുള്ളില്‍ അകപ്പെടുത്തുകയും അവന്റെ പ്രജ്ഞയെ മയക്കുകയും ചെയ്യുന്നു എന്ന് ഇവര്‍ വിശ്വസിക്കുന്നു.  അതുകൊണ്ട് സിനിമയുടെ സ്വപ്നത്തിന്റെയും മായികതയുടെയും അവസ്ഥകളെ തകര്‍ത്തുകൊണ്ട് താദാത്മ്യവലകരണത്തിന് ഇടം കൊടുക്കാതെ വൈകാരികതയ്ക്ക് പകരം വേവേകം ഉപയോഗിച്ച് സിനിമകാണാന്‍ പ്രേരിപ്പിച്ചു കൊണ്ട്, താന്‍ കാണുന്നത് സിനിമ മാത്രമാണെന്ന ബോധം നിരന്തരം നിലനിര്‍ത്തിക്കൊണ്ട് വിമര്‍ശനാത്മകമായി സിനിമ കാണാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന, നിഗൂഡവല്‍കരിക്കാത്ത, വിവൃതവും സുതാര്യവുമായ ഒരു സിനിമയ്ക്ക് വേണ്ടിയാണ് ഇവര്‍ പരിശ്രമിച്ചത്.  ഇതിനായി ഇവര്‍  സിനിമയില്‍  പല സങ്കേതങ്ങള്‍ ഉപയോഗിക്കുന്നു.  ചില ഉദാഹരണങ്ങള്‍:

* കഥാപാത്രങ്ങള്‍ പ്രേക്ഷകനോട്  നേരിട്ട് സംസാരിക്കുന്നു.
* താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ നടന്‍ പ്രേക്ഷകര്‍ക്ക്   പരിചയപ്പെടുത്തുന്നു.
* ദൃശ്യങ്ങള്‍ക്ക് ചേരാത്ത വിധത്തിലുള്ള ശബ്ദങ്ങള്‍. 
*  ടൈറ്റിലുകള്‍ കാണിക്കുക.  
* അസാധാരണവും അപ്രതീക്ഷിതവുമായ ക്യാമറാ ചലനങ്ങളും  ആംഗിളുകളും. 
* കാഴ്ചയെ അലോസരപ്പെടുത്തുന്ന വിധത്തിലുള്ള ചലനങ്ങളും ശബ്ദങ്ങളും.
* സൂത്രധാരന്‍.
* കോറസ്സ് 
* ശൂന്യമായ സ്‌ക്രീന്‍
* ശൈലീകൃതമായ അഭിനയം.
* ആത്മഗതങ്ങള്‍.
* വിവരണം.
* സാധാരണയില്‍ നിന്ന് വ്യത്യസ്തമായ തിളക്കം കുറഞ്ഞ നിറങ്ങള്‍.
* പുസ്തകങ്ങള്‍ വായിക്കുക / ഉദ്ധരണികള്‍ ഉപയോഗിക്കുക.
* സിനിമയ്ക്കകത്ത് സിനിമ.
* മൈക്ക് മുതലായ ഷൂട്ടിങ്ങ് ഉപകരണങ്ങള്‍ കാണിക്കുക.
* ചെത്തി മിനുക്കാത്ത, അസംസ്‌കൃതം എന്ന് തോന്നിക്കുന്ന അവസ്ഥ. 
* കഥാപാത്രങ്ങളെ വസ്തുക്കളെ പോലെ കൈകാര്യം ചെയ്യുക.
* കട്ട് ചെയ്യാതെ ദൃശ്യങ്ങളെ സ്‌ക്രീനില്‍ ദീര്‍ഘ നേരം നിലനിര്‍ത്തുക. 
* ഷോട്ടുകള്‍ പല തവണ ആവര്‍ത്തിക്കുക.
* ഡോക്യുമെന്ററി ഫൂട്ടേജ്  ഉപയോഗിക്കുക.
* ഡോക്യുമെന്ററി പോലെ രംഗങ്ങള്‍ ചിത്രീകരിക്കുക. 
* നാം കാണുന്ന സിനിമ ഒരു സിനിമാ  പ്രദര്‍ശനം ആണെന്ന രീതി.
* നാം കാണുന്ന സിനിമ ഒന്നും  കേള്‍ക്കുന്ന ശബ്ദം ആ സിനിമയിലെ കഥാപാത്രങ്ങള്‍ കാണുന്ന സിനിമയുടെതും.
* ഫീല്‍ഡിന്റെ ആഴം (Depth of field) കുറച്ച് ചിത്രീകരിക്കുക.

ബ്രഹ്തിയന്‍ നാടക സങ്കല്പങ്ങളുമായും നമ്മുടെ നാടന്‍ കലാ സങ്കല്പങ്ങളുമായും ഇവയ്ക്ക് സാമ്യമുണ്ട്.   ഇവയുടെ ഉപയോഗത്തിലൂടെ സ്‌ക്രീനിനും പ്രേക്ഷകനുമിടയിലെ സാങ്കല്പികമായ നാലാം ചുമര്‍ (Imaginery fourth wall) തകര്‍ക്കുന്നു.  ഇത്  ജനപ്രിയ സിനിമകളുടെ ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധവുമായ രീതികളില്‍ നിന്ന് വ്യത്യസ്തമായി പ്രേക്ഷകന്റെ ആസ്വാദന ശേഷിയെ മാനിക്കുകയും പ്രേക്ഷകന്റെ ക്രിയാത്മകമായ ഇടപെടലിന് അവസരം ഒരുക്കുകയും ചെയ്യുന്നു. ജനപ്രിയ സിനിമകള്‍ പ്രേക്ഷകനെ മയക്കി കിടത്തുമ്പോള്‍ നല്ല സിനിമകള്‍ പ്രേക്ഷകനെ ഉണര്‍ത്തുന്നു.



ഭാഗം:  രണ്ട്

സ്വപ്നങ്ങളുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന സിനിമയുടെ അടിസ്ഥാന സ്വഭാവം, അല്ലെങ്കില്‍ സിനിമയുടെ സ്വപ്ന സദൃശമായ പ്രകൃതം, സ്വപ്നങ്ങളെ അതി മനോഹരമായി സിനിമയില്‍ അവതരിപ്പിക്കാന്‍ വളരെയേറെ സാധ്യതകള്‍ ഒരുക്കുന്നു. ഇപ്രകാരം സ്വപ്നങ്ങളെ അവതരിപ്പിച്ച പ്രശസ്തങ്ങളായ സിനിമകള്‍ നിരവധിയാണ്. Ingmar Bergmanന്റെ Wild tSrawberries (1957) അത്തരത്തിലുള്ള ഒരു സിനിമയാണ്.  ഇസാക് ബോര്‍ഗ് എന്ന റിട്ടയേര്‍ഡ് ഡോക്ടര്‍ ആണ് സിനിമയിലെ പ്രധാന കഥാപാത്രം.  എഴുപത്തിയഞ്ചുകാരനായ ബോര്‍ഗിനാണ് സ്വീഡിഷ് ഗവണ്മെന്റിന്റെ മികച്ച ഭിഷഗ്വരനുള്ള അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.  ഈ അവാര്‍ഡ് സ്വീകരിക്കാനായി മകന്റെ ഭാര്യയോടൊപ്പം കാറില്‍ അയാള്‍ ദീര്‍ഘ ദൂരം യാത്ര ചെയ്യുകയാണ്.  അയാള്‍ക്ക് ആ കാര്‍ യാത്ര  സ്വപ്നങ്ങളിലൂടെയുള്ള  ഒരു സഞ്ചാരമായിത്തീരുന്നു. സിനിമയിലെ പ്രശസ്തമായ ഒരു സ്വപ്ന രംഗം: ബോര്‍ഗ് താന്‍ കണ്ട ഒരു സ്വപ്നത്തെ കുറിച്ച് പറയുകയാണ്. സ്വപ്നം അസാധാരണവും അസന്തോഷകരവും ആയിരുന്നു. തന്റെ പ്രഭാത നടത്ത വേളയില്‍ ഒരു ദിവസം അയാള്‍ക്ക് വഴി തെറ്റുകയും പഴയ കെട്ടിടങ്ങള്‍ അതിരിട്ട വിജനമായ ഒരു തെരുവില്‍ എത്തപ്പെടുകയും ചെയ്തു.  എതിരെ പാതയോരത്ത് സ്ഥാപിച്ചിരിക്കുന്ന ക്ലോക്കില്‍ സൂചികള്‍ കാണ്മാനില്ല. സൂക്ഷിച്ചു നോക്കി, ഇല്ല തെറ്റിയിട്ടില്ല. ക്ലോക്കിന്റെ ഫ്രെയ്മിന് കീഴ്ഭാഗത്തായി രണ്ടു കണ്ണുകളുടെ ചിത്രപ്പണി അപ്പോള്‍ കാണപ്പെട്ടു. ഒരു കണ്ണില്‍  നിന്ന് രക്തം കിനിയുന്നതായി തോന്നപ്പെട്ടു. പരിഭ്രാന്തനായ ബോര്‍ഗ് കോട്ടിന്റെ പോക്കറ്റില്‍ നിന്ന് വാച്ച് എടുത്ത് നോക്കിയപ്പോള്‍ അതിലും സൂചികള്‍ കാണ്മാനില്ല.  വീണ്ടും പരിഭ്രാന്തനായി അയാള്‍ അലഞ്ഞു.  അപ്പോള്‍ ദൂരത്തായി തൊപ്പി വച്ച ഒരു മനുഷ്യന്‍ പുറം തിരിഞ്ഞു നില്ക്കുന്നതായി കാണപ്പെട്ടു. ബോര്‍ഗ് അടുത്തുചെന്ന് പിറകില്‍ നിന്ന് അയാളുടെ ചുമലില്‍ തൊട്ടു. അപ്പോള്‍ അയാള് തിരിഞ്ഞു നോക്കി. വല്ലാത്ത ഭാവത്തോടു കൂടിയ ആ മുഖം  കണ്ട് ബോര്‍ഗ് ഞെട്ടി. (അയാള്‍ ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത ഒരു മുഖമാണോ അത്?) പെട്ടെന്ന് ആ മനുഷ്യന്‍ കുഴഞ്ഞ് നിലത്തേക്ക് വീണു. വീണു കിടക്കുന്ന അയാളുടെ ശരീരത്തില്‍ നിന്ന് രക്തം പ്രവഹിക്കുന്നതായി കാണപ്പെട്ടു.  ഭയത്തോടെ വീണ്ടും അലയുന്ന ബോര്‍ഗിന് അകലെ വളവു തിരിഞ്ഞു വരുന്ന ഒരു കുതിര വണ്ടി കാണപ്പെട്ടു. തന്നെയും കടന്ന് മുന്നോട്ടുപോയ വണ്ടിയുടെ ഒരു ഭാഗം വിളക്കുകാലില്‍ തട്ടിയപ്പോള്‍ വണ്ടിയുടെ വേഗം കുറഞ്ഞു.   വീണ്ടും മുന്നോട്ടു പോകാനുള്ള ശ്രമത്തിനിടയില്‍ വണ്ടിയുടെ ഒരു ചക്രം ഇളകി ബൊര്‍ഗിനടുത്തേക്ക്  ഉരുണ്ടു വന്നു. തകര്‍ന്ന വണ്ടിയില്‍ നിന്ന് ഇളകിപ്പോയ കുതിരകള്‍ മുന്നോട്ട് ഓടി. വണ്ടിയുടെ പിന്‍ഭാഗത്തുകൂടെ ഒരു ശവപ്പെട്ടി നിരങ്ങി താഴേക്ക് വീണു. ബോര്‍ഗ് അടുത്ത് ചെന്ന് നോക്കിയപ്പോള്‍ തകര്‍ന്ന ശവപ്പെട്ടിയ്ക്കിടയിലൂടെ ഒരു കൈ പുറത്തേക്ക് കാണുമാറായി. അയാള്‍ കുറച്ചുകൂടി അടുത്തു ചെന്ന് നോക്കിയപ്പോള്‍ കൈ അനങ്ങുന്നതായി കാണപ്പെട്ടു.  ബോര്‍ഗ് കുറച്ചുകൂടി കുനിഞ്ഞപ്പോള്‍ ആ കൈ ബോര്‍ഗിന്റെ കൈക്ക് കടന്നു പിടിച്ചു.  അപ്പോള്‍ പെട്ടിയില്‍ നിന്ന് ശവം പുറത്തേക്ക് തല നീട്ടി. ബോര്‍ഗ് ഭീതിയോടെ സൂക്ഷിച്ച് നോക്കിയപ്പോള്‍ അയാള്‍ക്ക് ആ മനുഷ്യന്‍ താന്‍ തന്നെയായി കാണപ്പെട്ടു.

തന്റെ മിക്ക സിനിമകളിലും ബര്‍ഗ് മാന്‍ സ്വപ്നങ്ങളുടെ വിഹ്വല ലോകത്തെ ഭാവനാല്മകമായി ഉപയോഗിച്ചിട്ടുണ്ട്.  ഒരു പാതിരിയുടെ മകനായി ജനിച്ച അദ്ദേഹം പിതാവിന്റെ കഠിന നിയന്ത്രണത്തിലാണ് കുട്ടിക്കാലം പിന്നിട്ടത്. ഈ തീവ്രാനുഭവങ്ങള്‍ ക്രൂരനായ പിതാവിനെ വളരെയധികം വെറുക്കാനും  പുഛിക്കാനും അധികാരത്തിന്റെ ആള്‍ രൂപം എന്ന നിലയില്‍ കാണാനും നിമിത്തമായി. തന്നെ എന്നും വേട്ടയാടിക്കൊണ്ടിരുന്ന ഈ  അനുഭവങ്ങള്‍ അദ്ദേ ഹത്തിന്റെ മിക്ക സിനിമകളിലും  ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്നുണ്ട്. (മുകളില്‍  വിവരിച്ച സ്വപ്നത്തിലെ താന്‍  ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത ആ മുഖം പിതാവിന്റെത് തന്നെയാണോ?). ഇതുതന്നെയായിരിക്കണം കര്‍ശനമായ ദൈവ വിശ്വാസത്തില്‍ ചിട്ടപ്പെടുത്തിയ കുട്ടിക്കാലം പിന്നിടേണ്ടിവന്ന  ബര്‍ഗ് മാനെ കാണപ്പെടുന്ന പിതൃസ്ഥാനത്തേക്ക്  കാണപ്പെടാത്ത ദൈവത്തെ  പ്രതിഷ്ഠിക്കാന്‍ പ്രേരിപ്പിച്ചത്.  അദ്ദേഹം 19982ല്‍  സംവിധാനം ചെയ്ത Fanny and Alexander എന്ന സിനിമ ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ഏകാന്തത, മരണം, രോഗം, വെറുപ്പ്, നിന്ദ, സ്‌നേഹരാഹിത്യം, സ്ത്രീ മനശാസ്ത്രം, ദൈവാസ്തിത്വത്തെ കുറിച്ചുള്ള സംശയങ്ങളും ചോദ്യങ്ങളും, സംവേദനത്തിന്റെ പ്രതിസന്ധി, ലൈംഗീകത, യുദ്ധം  തത്വ ചിന്താപരമായ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ സിനിമകളുടെ പൊതു സ്വഭാവം ഇതാണ്. പീഡാനുഭവങ്ങളുടെ നടുവിലേക്ക് വലിച്ചെറിയപ്പെട്ടതായി  ഈ സിനിമകള്‍ കാണുമ്പോള്‍ നമുക്ക് അനുഭവപ്പെടുന്നു. 

സാല്‍വദോര്‍ ദാലിയുമായി ചേര്‍ന്ന് തിരക്കഥയെഴുതി സ്പാനിഷ് ചലച്ചിത്രകാരനായ ലുയി ബുന്വേല്‍ സംവിധാനം ചെയ്ത നിശബ്ദ ലഘു ചിത്രമാണ് Un Chien Andalou (1929). സാമ്പ്രദായിക രീതിയിലുള്ള കഥയോ അതുകൊണ്ടുതന്നെ കഥാകഥന രീതിയോ പിന്തുടരാത്ത ഈ സിനിമ സാമ്പ്രദായിക കാല സങ്കല്‍പ്പത്തെയും അട്ടിമറിക്കുന്നു. നമ്മെ വിഭ്രമിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാല്‍ സമൃദ്ധമായ ഈ സിനിമ  മനോവിജ്ഞാനത്തിന്റെ അടിയൊഴുക്കുള്ള ഒരു സര്‍റിയലിസ്റ്റ് സ്വപ്നം ആണെന്ന് പറയാം. താന്‍ കണ്ട ഒരു സ്വപ്നത്തെ കുറിച്ച് ബുന്വേല്‍ ഒരിക്കല്‍ ദാലിയോട് പറഞ്ഞു: ഒരു മേഘക്കീറ് പൂര്‍ണ ചന്ദ്രനെ രണ്ടായി കീറുന്നതുപോലെ ഒരു ക്ഷൗര കത്തികൊണ്ട് കണ്ണ് കീറുന്നതായിരുന്നു സ്വപ്നം. അപ്പോള്‍ ദാലി താന്‍ കണ്ട ഒരു സ്വപ്നത്തെ കുറിച്ച് ബുന്വേലിനോട് പറഞ്ഞു: ഉറുമ്പുകള്‍ കൂട്ടംകൂട്ടമായി ഒരു കൈപ്പത്തിയെ പൊതിയുന്നതായിരുന്നു ആ സ്വപ്നം. ഇവിടെനിന്നാണ് രണ്ടുപേരും ചേര്‍ന്ന് തിരക്കഥ എഴുത്ത് ആരംഭിക്കുന്നത്. (ഈ രണ്ട് സ്വപ്ന ദൃശ്യങ്ങളും ക്ലോസപ്പില്‍ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്). സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനും നടിയും പിന്നീട് ആത്മഹത്യ ചെയ്തു. നടന്‍ അധികമാത്രയില്‍ മയക്കുമരുന്ന് കഴിച്ച് ഒരു ഹോട്ടല്‍ മുറിയിലും, നടി ഒരു പൊതു ചത്വരത്തില്‍ സ്വയം അഗ്‌നിക്കിരയാക്കിയും. ഫ്രോയിഡിന്റെയും മറ്റും മനശ്ശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ഈ സിനിമയ്ക്ക് നിരവധി വ്യാഖാനങ്ങള്‍ ഉണ്ടായിട്ടുണ്ട്.  അമര്‍ത്തിവെക്കപ്പെട്ട മനുഷ്യ വികാരങ്ങളെ കുറിച്ച് നമ്മുടെ യുക്തിസഹമായ വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങാത്ത, മാനസീകാപഗ്രഥന  തലങ്ങലുള്ള ഒരു സിനിമയാണ് ഇതെന്ന് ബുന്വേല്‍ തന്നെ പറഞ്ഞിട്ടുണ്ട്. 


സ്വപ്നങ്ങളെയും സിനിമയെയും കുറിച്ചുള്ള ചര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ട ഒരു ചലച്ചിത്രകാരനാണ് റഷ്യയില്‍ നിന്നുള്ള Andrei Tarkovsky.  സിനിമകള്‍ അദ്ദേഹത്തിന്റെ  മനസ്സില്‍ ഉരുവം കൊള്ളുന്നതുതന്നെ സ്വപ്നങ്ങളുടെയും ഓര്‍മകളുടെയും തലത്തിലാണ്.  ഇവയുടെ കാവ്യാല്മകമായ ദൃശ്യാനുഭൂതിയാണ് അദ്ദേഹത്തിന്റെ സിനിമകള്‍ പകരുന്നത്.  അദ്ദേഹത്തിന്റെ  ആദ്യ ഫീച്ചര്‍ സിനിമയായ  Ivan's  Childhood (1962) ഒരു സ്വപ്നത്തിലാണ് ആരംഭിക്കുന്നത്.  (പട്ടാളത്തില്‍ സേവനം അനുഷ്ഠിക്കുന്ന  ഐവാന്‍ എന്ന ബാലന്റെ അനുഭവങ്ങളാണ് സിനിമ). 
 ആദ്യം കുയില്‍ നാദമാണ് നാം കേള്‍ക്കുന്നത്. പിന്നെ ശബ്ദം ശ്രദ്ധിച്ചുകൊണ്ട് ചെടികള്‍ക്കിടയില്‍ ഐവാന്റെ മുഖം. അവന് ആ കൂജനം വളരെ ഇഷ്ട്ടപ്പെട്ടു. പിന്നെ നാം കാണുന്നത് പ്രകൃതിയില്‍ ചുറ്റിനടക്കുന്ന ഐവാനെയാണ്. അപ്പോള്‍ അതാ അവനെ നോക്കി ഒരു ആട്. ചെടിത്തലപ്പുകളില്‍ പറന്നു നടക്കുന്ന ശലഭങ്ങള്‍. ചെറു വൃക്ഷത്തലപ്പുകളെ വകഞ്ഞുമാറ്റി സന്തോഷത്താല്‍ ഒച്ചവച്ച്  ചിരിച്ചുകൊണ്ട് ഐവാന്‍ നടന്നു.  വീണ്ടും കുയില്‍ നാദം.  അവന്‍ ശ്രദ്ധിച്ചു. അപ്പോള്‍ വൃക്ഷ ശിഖരങ്ങള്‍ക്കിടയിലൂടെ സൂര്യ രശ്മികളുടെ ഒരു പാളി അവന്റെ മുഖത്തടിച്ചു.  അവന് അത് നന്നേ ഇഷ്ടപ്പെട്ടു. അവന്‍ പുരികങ്ങള്‍ക്ക് മുകളില്‍  കൈവച്ച് സൂര്യ രശ്മിയുടെ പാളിയിലേക്ക് സന്തോഷത്തോടെ നോക്കി. തിരിഞ്ഞു നോക്കുമ്പോള്‍ അല്പം അകലെയായി  അമ്മ.   അവന്‍ ഓടി അമ്മയ്ക്ക് അടുത്തെത്തി. അമ്മ വെള്ളം നിറച്ച ബക്കറ്റ് താഴെ വെച്ചപ്പോള്‍ അവന്‍ കുനിഞ്ഞിരുന്ന്  ബക്കറ്റിലേക്ക് മുഖം താഴ്ത്തി വെള്ളം കുടിച്ചു. ദാഹശമന ശേഷം ബക്കറ്റില്‍ നിന്ന് മുഖമുയര്‍ത്തി കുയില്‍ നാദം കേട്ടകാര്യം അമ്മയെ അറിയിച്ചു.   അന്നേരം   അമ്മ ചിരിച്ചു തുടങ്ങി. അപ്പോള്‍ നമുക്ക് കേള്‍ക്കുമാറാകുന്നത്  വെടിയൊച്ചയും നിലവിളിയും.  പിന്നീട് നാം കാണുന്നത് പട്ടാള ബാരക്കില്‍ നിന്ന് ഞെട്ടിയുണരുന്ന ഐവാനെയാണ്. 

ഇതേ സിനിമയിലെ മറ്റൊരു സ്വപ്ന രംഗം: ബോംബിംഗിന്റെ കാതടപ്പിക്കുന്ന ശബ്ദത്തില്‍നിന്ന് ദൃശ്യം മുറിയുമ്പോള്‍ മഴപെയ്യുകയാണ്. മരങ്ങള്‍ കമാനം തീര്‍ത്ത വഴിയിലൂടെ ദൂരെ നിന്ന് ഒരു വാഹനം വരികയാണ്. അതൊരു ആപ്പിള്‍ നിറച്ച വാഹനമാണ്. വാഹനത്തിന്റെ തുറന്നു കിടക്കുന്ന പിന്‍ഭാഗത്തിലൂടെ ഫ്രെയിമില്‍ ആപ്പിളുകള്‍ വന്നു വീഴുന്നു.  ഇടിയും മിന്നലും. ഐവാനും മറ്റൊരു ബാലികയും (സഹോദരിയായിരിക്കാം) വാഹനത്തില്‍ ആപ്പിളുകള്‍ക്ക് മുകളില്‍  ഇരിക്കുന്നുണ്ട്. മഴ നനഞ്ഞുകൊണ്ട് രണ്ടുപേരും യാത്ര ആസ്വദിക്കുകയാണ്. അവന്‍ ഒരു ആപ്പിള്‍ എടുത്ത് ബാലികയ്ക്ക് നീട്ടുന്നു. അവള്‍ വേണ്ടെന്നു പറഞ്ഞു. വീണ്ടും നല്ല ഒന്ന് തിരഞ്ഞെടുത്ത് അവള്‍ക്ക് നീട്ടുന്നു. അവള്‍ പ്രതികരിക്കുന്നില്ല. അവന്റെ കയ്യിലെ ആപ്പിളിന് മുകളില്‍ മഴ. നീങ്ങിക്കൊണ്ടിരിക്കുന്ന വാഹനത്തിലെ ആപ്പിളിനു  മുകളിലും മഴ സ്പര്‍ശം. വിവിധ ഭാവങ്ങളില്‍ ബാലികയുടെ മുഖം. വാഹനം വേഗത്തില്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ പിന്‍ഭാഗത്തുകൂടെ  ആപ്പിളുകള്‍ താഴേക്ക്  വീഴുന്നു. അപ്പോള്‍ ഫ്രെയിമിലേക്ക് കുതിരകള്‍ കടന്നു വരുന്നു. ആപ്പിള്‍ തിന്നുന്ന കുതിരയുടെ  സമീപ ദൃശ്യം.  വഴിനീളെ വാഹനത്തില്‍ നിന്ന് ആപ്പിള്‍ വീഴുന്നു. ആപ്പിള്‍ തിന്നുകൊണ്ട് കുതിരകള്‍. സ്വപ്ന സദൃശമായ അന്തരീക്ഷത്തില്‍ കുതിരകളെ പിന്നിലാക്കി കടല്‍ തീരത്തു കൂടെ വേഗത്തില്‍  പോകുന്ന  വാഹനം.


സ്വപ്നങ്ങളുടെയും ഓര്‍മകളുടെയും മഹത്തായ ഉദാഹരണമായി പരാമര്‍ശിക്കപ്പെടെണ്ടത് അദ്ദേഹത്തിന്റെ Mirror (1975) എന്ന സിനിമയാണ്. ഒരു ബാലന്റെ ദൃഷ്ടി കോണിലൂടെയുള്ള ഈ സിനിമ ഘടികാര സൂചിയുടെ പിടിയില്‍ നില്‍ക്കാത്ത ഒരു കാല സങ്കല്‍പം അവതരിപ്പിക്കുന്നു. തകര്‍ന്ന കണ്ണാടിയിലെ ശ്ലഥ ബിംബങ്ങളെ ഓര്‍മിപ്പിക്കുന്ന ഈ സിനിമ കാണുമ്പോള്‍ സ്വപ്നങ്ങളും ഓര്‍മകളും കണ്ണുപൊത്തി കളിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു.  ഒരു തലത്തില്‍ ബാല്യകാല സ്മൃതികളെ കുറിച്ച്, ബന്ധങ്ങളെ കുറിച്ച്, സ്‌നേഹത്തെ കുറിച്ച്, കടപ്പാടുകളെ കുറിച്ച്, യുദ്ധത്തെ കുറിച്ച്, ചരിത്രത്തെ കുറിച്ച്, രാഷ്ട്രത്തെ കുറിച്ച്, കലയെ കുറിച്ച് ഒക്കെയാണ് ഈ സിനിമ എന്നു പറയാം.

ജാപ്പാനീസ് ചലച്ചിത്രകാരനായ Akira Kurasawa-bpsS Dreams (1990) വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു സിനിമയാണ്.  എട്ടു ഭാഗങ്ങളിലായി തിരിച്ചിരിക്കുന്ന ഈ സിനിമ കുറോസാവയുടെ എട്ട് സ്വപ്നങ്ങളെ ആധാരമാക്കിയുള്ളതാണ്. ബാല്യം, യുദ്ധം, പരിസ്ഥിതി, ആണവ ഭീകരത എന്നിവയൊക്കെയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. വാന്‍ഗോഗിന്റെ നിറ സമൃദ്ധമായ ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരു ഭാഗം. ഒരു ചിത്രകലാ വിദ്യാര്‍ഥി വാന്‍ഗോഗിന്റെ ചിത്രങ്ങളിലൂടെ നടത്തുന്ന യാത്ര (physical) പോലെയാണ് ഈ ഭാഗം.  

ഇറ്റലിയില്‍ നിന്നുള്ള എലഹഹശിശയാണ് സ്വപ്നങ്ങളുടെ വിഭ്രമാത്മകത സിനിമയില്‍ ഉപയോഗിച്ച മറ്റൊരു ചലച്ചിത്രകാരന്‍. അദ്ദേഹത്തിന്റെ 8 1/2 (1963)  എന്ന സിനിമ ബര്‍ഗ് മാന്‍ സിനിമകളിലെതുപോലെ മനശ്ശാസ്ത്രപരമായ തലങ്ങലുള്ള സ്വപ്ന ദൃശ്യങ്ങളാല്‍ സമൃദ്ധമാണ്. ഇപ്രകാരം പരാമര്‍ശിക്കപ്പെടെണ്ടുന്ന മറ്റൊരു സിനിമയാണ് ജോര്‍ജിയന്‍ സംവിധായകനായ Tengiz Abuladze-bpsS Repentance (1984).  Colour of Pomegranates (1968) പോലുള്ള സിനിമകളുടെ സംവിധായകനായ അര്‍മേനിയയില്‍ നിന്നുള്ള Sergei Paranjanov-ന്റെ സിനിമകളും ഇതുപോലെ പരാമര്‍ശിക്കപ്പെടെണ്ടുന്നതാണ്. ഇപ്രകാരം  പരാമര്‍ശിക്കപ്പെടെണ്ടുന്ന പുതിയ കാലത്തെ സിനിമകളാണ് തായി ലാന്റില്‍ നിന്നുള്ള Apichtpong Weerasethakul സംവിധാനം ചെയ്ത Uncle Bonmee Who Can Recall His Past Lives (2010)ഉം ഇറാനില്‍ നിന്നുള്ള Shirin Neshat സംവിധാനം ചെയ്ത Women Without Men (2009)ഉം.

Uncle Bonmee എന്ന സിനിമ കാണുമ്പോള്‍ അസംഭവ്യം എന്നു തോന്നുന്ന തരത്തിലുള്ള ഒരു അതീത ലോകത്തില്‍ എത്തപ്പെട്ടതായി നമുക്ക് അനുഭവപ്പെടുന്നു. കിഡ്‌നി സംബന്ധിയായ രോഗം പിടിപെട്ട് ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ എത്തി നില്ക്കുന്ന വൃദ്ധനായ ബൂന്‍മാനാണ് സിനിമയിലെ പ്രധാന കഥാപാത്രം. വിശാലമായ പ്രകൃതിയും, മൃഗങ്ങളും, ചെറു ജീവികളും നിറഞ്ഞ ഒരു ലോകമാണ് അയാളുടെ ബാഹ്യ പ്രകൃതി. അയാളുടെ സ്വപ്നങ്ങളാണോ ഓര്‍മകളാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മായ കാഴ്ചകള്‍ നിറഞ്ഞതാണ് അകം പ്രകൃതി. മരിച്ചവരും വീട് വിട്ട് ഇറങ്ങിപോയവരും മനുഷ്യന്റെയും മൃഗങ്ങളുടെയും രൂപമെടുത്ത് അയാള്‍ക്ക് കാണുമാറാകുന്നു.  ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരും തമ്മില്‍ വളരെ സ്വാഭാവികമായി, തീരെ നാടകീയത ഇല്ലാതെ ഇടപഴകുകയും സംസാരിക്കുകയും ചെയ്യുന്നു.  ജീവിതം, മരണം, അതീത ജീവിതം, ലൈംഗീകത എന്നിവയ്‌ക്കൊപ്പം ബൂന്‍മാന്റെ രാഷ്ട്രീയ ഭൂതകാലവും സിനിമ അവതരിപ്പിക്കുന്നു.  

ഈ സിനിമ പോലെതന്നെ Women Without Men എന്ന സിനിമയും മാജിക്കല്‍ റിയലിസത്തിന്റെ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. (ഖബറടക്കപ്പെട്ട ഒരു കഥാപാത്രം ശബ്ദിക്കുന്നതായി, തന്നെ പേരെടുത്ത് വിളിക്കുന്നതായി തോന്നിയ മറ്റൊരു കഥാപാത്രം ശവക്കുഴി മാന്തി നോക്കുമ്പോള്‍ മരിച്ചുപോയ കഥാപാത്രം ജീവനോടെ പുറത്തു വരുന്നു).   വ്യത്യസ്ത സാമൂഹ്യാവസ്ഥയിലുള്ള നാല് ഇറാനിയന്‍ സ്ത്രീകളാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ഇറാനിലെ പ്രക്ഷുബ്ദമായ രാഷ്ട്രീയാന്തരീക്ഷമാണ് സിനിമയുടെ പശ്ചാത്തലം. (ബ്രിട്ടീഷുകാരുടെയും അമേരിക്കയുടെയും പിന്തുണയോടെ നിലവിലുള്ള ഗവര്‍മെന്റിനെ അട്ടിമറിച്ച് ഷായെ അധികാരത്തില്‍ കൊണ്ടുവന്ന 1953ലെ സംഭവങ്ങള്‍). ഇറാനിലെ സ്ത്രീകളുടെ അവസ്ഥ, പുരുഷാധിപത്യത്തിനും ഭരണകൂടത്തിനും എതിരെയുള്ള പ്രക്ഷോഭങ്ങള്‍, ലൈംഗീകത, ആത്മഹത്യ ഇവയൊക്കെ സിനിമ കൈകാര്യം ചെയ്യുന്നു.

സ്വപ്നങ്ങളെ ക്രിയാത്മകവും ഭാവനാല്മകവും ആയി  സിനിമയില്‍  എപ്രകാരം  ഉപയോഗിക്കാമെന്ന് നാം മുകളില്‍ കണ്ടു കഴിഞ്ഞു. എന്നാല്‍ നമ്മുടെ ജനപ്രിയ സിനിമകള്‍ എന്താണ് ചെയ്യുന്നത്?  ജനപ്രിയ സിനിമയുടെ ഒരു പ്രധാന ഘടകങ്ങളാണല്ലോ സ്വപ്നങ്ങള്‍.  ദൃശ്യ ധൂര്‍ത്തിലൂടെ ആണിനും പെണ്ണിനും എക്‌സ്ട്രാകള്‍ക്കൊപ്പം ആടിപ്പാടാനുള്ളതാണ് ഇവിടെ സ്വപ്നങ്ങള്‍.  അല്ലെങ്കില്‍ സ്വപ്നങ്ങള്‍ പ്രേതങ്ങളെ വരുത്തി പ്രേക്ഷകനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താനും അല്ലെങ്കില്‍ സാങ്കേതിക വിസ്മയങ്ങള്‍ തീര്‍ത്ത് പ്രേക്ഷകനെ അമ്പരപ്പിക്കാനുള്ളതാണ്.  ഇവിടെ സ്വപ്നങ്ങള്‍ ഉപയോഗിക്കുന്നത് പ്രേക്ഷകനെ ഒന്നുകൂടി സ്വപ്നത്തിന്റെ മായികതയില്‍ അകപ്പെടുതാനാണ്. സിനിമയുടെ സ്വപ്നാവസ്ഥയോടുള്ള ബന്ധം ഈ പ്രക്രിയ എളുപ്പമല്ലാതാക്കുന്നു, ആക്കം കൂട്ടുന്നു. സിനിമ കണ്ടുകൊണ്ടിരിക്കെ (അതുകൊണ്ട് തന്നെ സിനിമ കഴിഞ്ഞാലും) ജീവിത യാഥാര്‍ത്യങ്ങളെ കുറിച്ച് പ്രേക്ഷകന്‍  ഒരിക്കലും ബോധവാനാകരുത് എന്ന് നിര്‍ബന്ധമുള്ള ഈ സിനിമകള്‍ സ്വപ്നങ്ങളിലൂടെ അവനെ ജീവിതത്തില്‍ നിന്ന് ഒളിച്ചോടാന്‍ പ്രേരിപ്പിക്കുന്നു.  എന്നാല്‍ മുകളില്‍ പരാമര്‍ശിച്ചത് പോലുള്ള നല്ല സിനിമകള്‍ പ്രേക്ഷകനെ വീണ്ടും വീണ്ടും ജീവിതവുമായി അടുപ്പിക്കുന്നു.  ജീവിതത്തിന്റെ സങ്കീര്‍ണതകളെ കുറിച്ച്, മനുഷ്യാസ്തിത്വത്തെ കുറിച്ച്,  ഉദ്വിഗ്‌നതകളെകുറിച്ച് പ്രേക്ഷകനെ നിരന്തരം ബോധാവാനാക്കുന്നു.

0 comments:

Followers