മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, November 30, 2009

ഹരിലാലിന്‍റെ കവിതകള്‍


സാഹിത്യവേദി ഡിസംബര്‍ മാസ ചര്‍ച്ച

തിയതി: ഡിസംബര്‍ 6, 2009

സ്ഥലം: മുംബൈ കേരളിയ സമാജം ഓഫീസ്‌, മാട്ടുംഗ

സമയം: വൈകുന്നേരം ആറുമണി.



(സാഹിത്യ വേദിയുടെ ഡിസംബര്‍ മാസ ചര്‍ച്ചയില്‍ മുംബയിലെ യുവകവി ശ്രീ എസ്.ഹരിലാല്‍‌ അവതരിപ്പിക്കാന പോകുന്ന കവിതകളില്‍ ചിലതാണ്‌ താഴെ. പ്രിയപ്പെട്ട അക്ഷരസ്നേഹികളും സാഹിത്യവേദി പ്രവര്‍ത്തകരും കവിതകള്‍ സശ്രദ്ധം വായിച്ച്‌ സ്വന്തം അഭിപ്രായങ്ങളും വിമര്‍ശനങ്ങളും വേദിയില്‍ വന്ന്‌ അവതരിപ്പിക്കണം എന്നപേക്ഷിക്കുന്നു. ഐ. ടി. മേഖലയില്‍ സ്വന്തമായി ഒരു സ്ഥാപനം നടത്തിവരുന്ന ശ്രീ ഹരിലാല്‍ മുംബൈയിലെ അറിയപ്പെടുന്ന കവികളില്‍ ഒരാളാണ്‌. )





കട്ടുറുമ്പ് - എസ്.ഹരിലാല്‍‌



കട്ടുറുമ്പാണെന്നു നിങ്ങള്‍‌വിളിക്കുന്ന
കാട്ടുറുമ്പാണുഞാന്‍‌, കള്ളനല്ല.
പട്ടുടുപ്പില്ല, പൊട്ടില്ല, ചെരിപ്പില്ല-
യൊട്ടിമെലിഞ്ഞയെന്‍ മേനിതന്നില്‍‌‌

ചട്ടങ്ങളില്ല,യറിവില്ല ശാസ്ത്രങ്ങ-
ളൊട്ടുമേ കേട്ടതായോര്‍മ്മയില്ല,
പട്ടടയോളമെന്‍‌ കര്‍‌മ്മങ്ങളൊക്കെയും
ചിട്ടയായ് ചെയ്യണമെന്നറിയാം.

പട്ടും‌പടാതെയുമെത്രെയോ ജീവികള്‍‌
തൊട്ടടത്തുണ്ടെന്റെ കൂട്ടിനായി,
കട്ടെടുത്തെന്തിനും വമ്പുകാട്ടാനുള്ളാ-
ക്കൊട്ടും കുരവയും കൂട്ടിനില്ല.

പൊട്ടിയകണ്ണട കെട്ടിയുറപ്പിച്ചു
തട്ടിവീഴാതെ നടക്കുന്നു ഞാന്‍‌,
കിട്ടുന്ന വസ്തുക്കളൊക്കെ ചുമക്കുന്നു,


കഷ്ടപ്പെടുന്നു വിശപ്പടക്കാന്‍‌.

കാലത്തെഴുന്നേറ്റു ഭാര്യയൊരുക്കുന്ന
പ്രാതല്‍‌ കഴിച്ചു പുറത്തിറങ്ങും,
അന്തിവരേയ്ക്കും ഞാന്‍‌ നെട്ടോട്ടമോടുന്നു,
പിഞ്ചുകുഞ്ഞുങ്ങളേ, കേള്‍‌ക്ക നിങ്ങള്‍‌.

അന്തിയ്ക്കു ചന്തയില്‍‌ ചേലൊത്ത കൊട്ടയില്‍‌
ചന്തമെഴും പലഹാരമേന്തി,
ആണ്ടിത്തെരുവിലെ പണ്ടാരമമ്മൂമ്മ
പാണ്ടിപ്പൊന്‍‌ചേല‌യുടുത്തണയും;
കൈയില്‍‌ പുരളുന്ന പഞ്ചാരത്തൂളുകള്‍‌
താഴെ കുടഞ്ഞിടാറുണ്ടമ്മൂമ്മ,
ഞങ്ങളവയെടുത്തെന്നും ചുമന്നുകൊ-
ണ്ടെല്ലാവിധത്തിലും കൂട്ടിവയ്ക്കും.

ഇന്നലെ മാനമിരുണ്ടപ്പോള്‍‌ പേടിയാ-
ലെന്റെകിടാങ്ങള്‍‌ കരഞ്ഞുപോയീ,
ഇങ്ങനെയോതുന്നുവന്യോന്യമായവര്‍‌
എന്നെക്കുറിച്ചേറുമാധിയാലെ,
"വര്‍ഷവും വന്നെത്തി വര്‍ഷിക്കാന്‍‌ പേമാരി
വര്‍ദ്ധിക്കും വെള്ളം പുഴയിലെല്ലാം;
കുപ്പ നിറഞ്ഞു കലങ്ങിയൊഴുകുന്ന
കൊച്ചുനദികള്‍‌ നിറയെയുണ്ടാം
ഗര്‍ജ്ജിക്കും മേഘങ്ങള്‍‌ വീശുന്ന മിന്നല്‍‌വാള്‍‌
സ്പര്‍ശിച്ചെരിയും പലമരങ്ങള്‍‌;
എങ്ങുംനിറഞ്ഞൊഴുകുന്നൊരീ വെള്ളത്തി-
ലെങ്ങനെയച്ഛന്‍‌ പുറത്തിറങ്ങും?
പഞ്ഞമഴക്കാലം, പട്ടിണിപ്പാവങ്ങ-‌
ളെങ്ങനെ ഞങ്ങള്‍‌ വിശപ്പടക്കും?"

കേട്ടെന്റെ കെട്ടിയോള്‍‌ കുട്ടികള്‍‌ ചൊല്ലുന്ന-
തേറെ ക്ഷമയോടെ നിന്നടുക്കല്‍‌
മാറോടണച്ചു പറഞ്ഞവളീവിധം
കേള്‍ക്കുക മക്കളേ നിങ്ങളിപ്പോള്‍‌

"തെല്ലും ഭയം വേണ്ടാ, ഉണ്ടു നമുക്കെല്ലാം
പല്ലുമുറിയെ കഴിച്ചീടുവാന്‍‌,
എല്ലുമുറിയെയെന്‍‌ നാഥന്‍‌ പണിപ്പെട്ടു ,
തെല്ലുമറിയായ്‌വാന്‍‌ നമ്മളല്ലല്‍‌."

____________________________________



വളപ്പൊട്ടുകള്‍ - എസ്.ഹരിലാല്‍‌



സ്വന്തം ജനത്തിന്നിടയിലനാഥനായ്,
സ്വന്തമാത്മാവിനു പോലുമൊരന്യനായ്,
സ്വപ്നങ്ങളെന്തിനോ‌ തേങ്ങുന്നു, ‌കാതോര്‍ത്തു
സ്വല്പമീ വീഥിയില്‍‌ നില്പൂഞാനേകനായ്.

കണ്ണുകളില്‍‌ തളംകെട്ടിയ കണ്ണുനീര്‍-‌
ക്കണ്ണട ചാര്‍ത്തി തരിച്ചു നില്‍‌ക്കുന്നു ഞാന്‍;
ഓരോ നഖക്ഷതമേല്‍പ്പിച്ചകന്ന,യെ-
ന്നോര്‍മ്മപ്പുതപ്പു പുതച്ചു നില്‍ക്കുന്നു ഞാന്‍.

ആരോ പറഞ്ഞിവനന്ധനാം യാചകന്‍,
ആരെയോ തേടുന്ന മൂകനാം‌ യാത്രികന്‍‌;
ഇല്ലാ ബധിരനായ്ത്തീരാനിട, ശബ്ദ-
മെല്ലാം ശരിക്കറിഞ്ഞീടുവോനാകയാല്‍‌.

കണ്ണുനീര്‍‌ മൂടിയ കണ്ണാലെയന്ധത,
ഓര്‍മ്മ,യുറഞ്ഞടിഞ്ഞേകിയീ മൂകത,
എല്ലാം ശരിയ്ക്കു കേള്‍‌ക്കാമെന്നതാണെന്റെ
പൊള്ളും ചെവിയെപ്പൊതിഞ്ഞ ബധിരത!

അമ്മിഞ്ഞപാലിന്‍‌ നറുമണം പേറുമെ-
ന്നമ്മതന്‍‌ മാറിലുറങ്ങുന്ന ബാലനായ്,
കോരിയെടുത്തു പുണരുന്നയച്ഛന്റെ-
യോമനപൈതലാ,യോര്‍മ്മയില്‍‌ നില്‍പ്പു ഞാന്‍‌.

ബാല്യസഖിയുടെ നിര്‍മല സ്നേഹത്തി-
നോര്‍‌മ്മ മനസ്സിന്റെയുള്ളില്‍‌ തുടിക്കവെ,
ആരോ വിളിച്ചപോല്‍‌ തോന്നി തിരഞ്ഞു ഞാ-
നാരുമി,ല്ലാകെയിരുണ്ടൊരിപ്പാതയില്‍.

എന്തിനെക്കണ്ണു തിരയുന്നവിരതം,
എന്തു കേള്‍ക്കാനായ്കൊതിക്കുന്നു കാതുകള്‍,
എന്റെ ഹൃദയത്തുടിപ്പുകളെന്തിനാ-
യെന്നെയുണര്‍ത്തുന്നുറങ്ങാന്‍‌ ശ്രമിയ്ക്കവെ‌‍‌?

സ്വല്പമയവിറക്കട്ടെ ഞാനോര്‍മ്മ,യെന്‍‌
സ്വപ്നസൗധങ്ങള്‍‌ തകര്‍ന്ന വഴികളില്‍;‌
നില്‍ക്കട്ടെയല്പമെന്‍‌ മാറുപിളര്‍ന്നിറ്റ-
രക്തകണങ്ങള്‍‌ പുരണ്ട മുള്‍പ്പാതയില്‍.

ആട്ടിയോടിച്ചതു മറ്റാരുമല്ലെന്റെ-
യാകാത്ത പാവം പറവക്കുരുന്നിനെ;
ആത്മസുഹൃത്തുക്കളാണവര്‍‌ ഞാനെന്റെ-
യാത്മാവിനുള്ളില്‍‌ പ്രതിഷ്ഠിച്ചിരിത്തിയോര്‍‌.

തൊട്ടടുത്തായി വിതുമ്പുന്നതാരെന്നു-
തൊട്ടറിയാന്‍ ഞാനിരുളില്‍ പരതവെ;


പൊട്ടിച്ചെറിഞ്ഞയാ കുപ്പി വളപ്പൊട്ടു
പെട്ടു മുറിഞ്ഞെന്റെ കൗമാര ചിന്തകള്‍.‌

പൊട്ടിത്തകരാന്‍‌തുടിക്കുന്ന കണ്ണുനീര്‍-‌
പ്പൊട്ടുകളേന്തി വിതുമ്പുന്നചുണ്ടിനെ
പല്ലാലമര്‍ത്തിയടക്കിയെന്‍സ്വപ്നങ്ങ-
ളെല്ലാം ബലിനല്‍കി നില്പു നിശബ്ദനായ്.

ഒന്നുമാശിക്കാതെ സ്നേഹച്ചവരില്‍നി-
ന്നെന്നും തിരസ്കാരമേറ്റവനെങ്കിലും,
കാലത്തിനഗ്നിയില്‍‌ ഹോമിച്ചു സര്‍വ്വവും,
കാണുന്നു ഞാനിന്നീ ലോകം കുടും‌ബമായ്.

____________________________________



മോക്ഷം - എസ്.ഹരിലാല്‍‌



ആസ്തികനായ ഞാന്‍‌ സ്ത്രൈണസൌന്ദര്യത്താ-
ലാത്മബലമറ്റു നാസ്തികനാകയോ?
നിശ്ചലയായയെന്‍ വിഗ്രഹദേവിയോ
നിശ്ചിന്തയായ നിന്‍‌ ശാലീന ഭംഗിയോ
ഏതിനെ പൂജിക്കണമെന്നറിയാതെ
എന്നോ പൊളിഞ്ഞിരുട്ടേറുമിക്കോവിലി-
ലെണ്ണയില്ലാതെ കരിന്തിരി കത്തുന്നൊ-
രേകാന്ത ദീപം‌പോല്‍‌ കെട്ടടങ്ങുന്നു ഞാന്‍‌.

നിത്യഷഡകര്‍മ്മശ്രദ്ധ കുറഞ്ഞതും,


ന്യാസജപങ്ങളിടറിയൊഴിഞ്ഞതും
ദര്‍ഭക്കുളത്തില്‍‌ ജപിക്കേണ്ട ഗായത്രി
നിന്‍‌ നാമജല്‍പനരൂപത്തിലായതും
പൂര്‍വ്വകര്‍മ്മങ്ങളെ പശ്ചാത്കര്‍മങ്ങളായ്
പൂജാവിധികളിന്‍‌ഭേദം അവജ്ഞയായ്
മോഹിനിയായി നീ യോഗീഹൃദയത്തില്‍‌‌
തീരാത്ത വാഞ്ഛയുണര്‍ത്താന്‍‌ സമര്‍‌ത്ഥയോ?

ദൂരെ എവിടെയോയുള്ള നിന്‍‌മാസ്മര-
വാസനാമോഹിതമന്ദപവനനായ്,
നിഴലെന്നപോല്‍‌ നിന്‍‌ പാദരേണുക്കളെ-
പുണരാന്‍‌ കൊതിച്ചക്ഷമനായിരിപ്പൂ

ഋഷിശ്ഛന്ദദേവതാന്യാസം മറന്നു,
ശതധാരമന്ത്രജപവും മുടങ്ങി
നിര്‍മാല്യകലശം ചമതയ്ക്കുമീതെ
നീര്‍‌സ്പര്‍‌ശരഹിതമായെന്നേ കിടപ്പൂ

ക്ഷാത്രേയതേജോമയം നിന്റെ നേത്രങ്ങള്‍
മാത്രം സ്മരിച്ചു തനിച്ചിരിക്കുന്നു ഞാന്‍‌
കാവ്യാന്തരീക്ഷംജ്വലിപ്പിക്കുമുജ്ജ്വല
കാന്തയായ് മന്ത്രധ്വനിയില്‍‌ പ്രണവമായ്
ബീജാക്ഷരങ്ങളില്‍‌ ക്ലീംകാര നാദമായ്
ശീതള ചന്ദനസ്പര്‍‌ശാനുഭൂതിയായ്
സ്വാഹയായഗ്നിയില്‍‌ ത്രൈലോക്യ സമ്മോഹ
സൌരഭ്യ ഗന്ധമായ് ധൂപച്ചുരുളയായ്

നാസരന്ധ്രങ്ങളില്‍‌ ഹൃദ്യസുഗന്ധമായ്
ഗൂഢമന്ത്രാങ്കിത മാന്ത്രികഗ്രന്ഥമായ്
കര്‍‌പ്പൂരദീപത്തിലേറും പ്രകാശമായ്
വീരാളിപ്പട്ടിന്റെ ചെഞ്ചോരചന്തമായ്
വശ്യമനോഹര നെയ്ത്തിരിനാളമായ്
വൈഡൂര്യ മാണിക്ക സമ്മിശ്ര വര്‍ണ്ണമായ്
നീയെന്നിലിന്നു നിറയവേ കൈവല്യ-
മാര്‍‌ഗ്ഗം തിരയുന്ന ശാക്തേയനായി ഞാന്‍‌

ഈശാനകോണിലെ ദീപം നൈരിത്രമായ്
സങ്കല്പപൂജ നിന്‍‌‌സങ്കല്പസ്വപ്നമായ്
ധ്യാനവും മന്ത്രവും പൂജാവിധികളും
ശ്രീബലിതര്‍പ്പണം നിത്ത്യ നിവേദ്യവും
നീരാജനത്തിന്റെ രത്നപ്രഭാപൂര
മേകുന്ന ചിത്രവുമെത്രവിചിത്രമായ്
മാറുന്നു നിന്റെയാ മോഹനരൂപത്തി-
ലാളുന്നുവെത്ര ശമീഗര്‍ഭജല്പനം.

അംഗകരന്ന്യാസതന്ത്രവിധികളില്‍‌
‌ചഞ്ചലമാം മൃദുലാംഗുലി കണ്ടു ഞാന്‍‌
ഷോഡശദശ,മപ്പത്മപാദങ്ങള്‍‌ക്കു
ഭൂപുരംതീര്‍ക്കുന്ന പാദസരങ്ങളില്‍‌
മിശ്രത്രിപുടാദി താളസ്സമ്മിശ്രനായ്
മായാമാളവഗൌളയായൊഴുകി ഞാന്‍‌.

വിപ്രത്ത്വമെന്നില്‍‌ തളച്ചവികാരങ്ങള്‍‌
വിപ്ലവരൂപമായ് ക്ഷത്രിയ ഭാവമായ്,
മാസ്മരദീപപ്രഭാവലയത്തിലാ-
യാത്മാഹുതിചെയ്യും മൂഢശലഭമായ് ,
ഭൂസുരനെന്നയെന്‍‌ ഭാവം ത്യജിച്ചെന്റെ
യജ്ഞോപവീത വിലക്കു ലംഘിച്ചിതാ
സോപാനസംഗീതനാദമായ് സ്നേഹാര്‍ദ്ര-


ഭാവമായ് നിന്നിലലിഞ്ഞുചേര്‍ന്നീടുവാന്‍‌
ഭാസുര സ്വപ്നങ്ങളെല്ലാം ചമതപോ-
ലാഹുതി ചെയ്തുഭയാര്‍‌ത്ഥിയായ് നില്പൂ ഞാന്‍‌.





____________________________________

അമ്മപോയാലുമിളയമ്മ വാഴുക - എസ്.ഹരിലാല്‍‌
(മറാഠി പഴഞ്ചൊല്ല്)



ഇളയമ്മമാറില്‍‌ നുകരും സ്നേഹ-
മമൃതാണെനിക്കു മറാഠി,
മലയാളവാത്സല്യസ്തന്യം‌ പോലെ
മധുര,മിതുമെത്ര ധന്യം!

ഒരു വൃക്ഷശാഖയിലൊപ്പം പൂത്ത
മലരുകളാണിവര്‍‌ രണ്ടും,
ചാണകത്തറകളുയര്‍ത്തും മല-
നാടിന്റെ മണമാണിവള്‍ക്കും

നദികള്‍തന്‍‌ പച്ചക്കുളിര്‍മ,യമ്മ
മടിയിലെ മാറാത്തയോര്‍മ്മ
അറിയുന്നു ഞാനതുപോലെ നിന്റെ
പുഴകള്‍‌ തരുന്ന കുളിര്‍മ

അറിയാതെ തെല്ലു വലഞ്ഞു നിന്റെ
മലയാളമല്ലാത്ത ഭാഷ
അറിയാതെയല്ലോ വളര്‍ന്നു ബാല്യ-
മതുപോലെയമ്മതന്‍‌ ഭാഷ

ഇളയമ്മജീവിച്ചിരിക്കി,ലമ്മ
അകലത്തിലല്ലെന്ന ചൊല്ല് *
അറിയുന്നു സത്യമാണെന്ന് നിന്റെ-
യതിരില്ലാ സ്നേഹത്തിലിന്ന്

തുടരെക്കളിക്കുവാനാശ നിന്റെ-
മടിയിലുറങ്ങുംവരേക്കും
നിറയെ നീ സ്നേഹിച്ചുവെന്നെ ഇപ്പോ-
ളിളയമ്മേ നീയുമെന്നമ്മ.



____________________________________

ത്യാഗം - എസ്.ഹരിലാല്‍‌



ചാറെഴും ഞാവല്‍‌പഴത്തുമ്പിലൂറിയ
ചേലെഴും നീര്‍‌ക്കണമോതി മന്ദം:-
"സൂര്യാ, നിനക്കറിയാമോ? അറിഞ്ഞു ഞാന്‍‌
സൂക്ഷ്മമീസത്യം, ഞാനൊന്നുമല്ല".

കാറ്റതുകേട്ടുപഠിച്ചു മനഃപാഠ-
മാക്കിയുരുവിട്ടു കാട്ടിലെങ്ങും
പക്ഷിമൃഗാദികള്‍‌ക്കൊപ്പം ചിരിയോടെ
പച്ചമരങ്ങളതേറ്റുപാടി.

ഏറുന്ന മോദമോടെല്ലാരുമൂഴിയില്‍‌
പാടുന്നുവൊന്നായാമോക്ഷഗാനം,
പാടെ,പഠിക്കെയാനന്ദാതിരേകത്താല്‍‌
പാടുന്നു വീണ്ടും, "ഞാനൊന്നുമല്ല".

ഉത്സാഹമേറുമീ സത്യമഹോത്സവം
ഉള്‍ത്താരിലെങ്ങും പ്രഭ നിറക്കെ,
നാദലയത്തിന്‍‌ പ്രപഞ്ചമീ സത്യത്തെ
നാളെയ്ക്കുവേണ്ടിയുമുച്ചരിച്ചു.

കണ്‍ചോരയില്ലാത്ത മര്‍ത്ത്യനതുകേള്‍ക്കെ
കണ്ണു തുറന്നു ചിരിച്ചുറക്കെ:-
"ഞാനെന്ന ഞാനല്ലാതാരുണ്ടീ ഭൂമിയില്‍‌"
ആവിധം പാടിരസിച്ചു പിന്നെ.

എന്നിലേക്കെല്ലാം ഞാന്‍‌ തന്നിഷ്ടംചെയ്യുമെ-
ന്നുള്ളില്‍നിനച്ചിട്ടഹന്തയാലെ,
പൊള്ളുന്ന കൈകളാല്‍‌ കൊന്നുമുടിച്ചവന്‍‌
കൊള്ളയാല്‍‌ ലോകം‌ പിടിച്ചടക്കി.

ഒന്നുമല്ലാത്തവരൊന്നുമുരിയാടാ-
തെല്ലാം ത്യജിച്ചു പൊറുത്തുനിന്നു.
എല്ലാംനിയന്താവിലര്‍പ്പിച്ചവര്‍പാടി
"ഒന്നുമല്ല ഞങ്ങ, ളൊന്നുമല്ല."

ഏറുന്ന മാനവസ്വാര്‍ത്ഥത നല്‍കുന്ന
വേദനയേറ്റ,വരോതി മെല്ലെ,
നമ്മിലൊരുവനാം‌ മര്‍ത്ത്യനിതെങ്ങനെ
കൊള്ളരുതാത്തവനായി മാറി?

ജ്ഞാനം സുഷുപ്തിയില്‍‌നിന്നുണര്‍ത്തെ സ്നേഹ-
മോതുന്നെന്നാത്മാവിലീവിധേന:-
'ത്യാഗം പരമാത്മദര്‍ശനം, പാരിതില്‍‌
പാരമ്യഭക്തിമറ്റൊന്നുമില്ല.'


19 comments:

  • സാഹിത്യവേദി മുംബൈ says:
    November 30, 2009 at 11:45 PM

    ഇവിടെ ഇടുന്ന കമെന്‍റുകളില്‍ കഴമ്പുള്ളവ സാഹിത്യവേദിയുടെ ചര്‍ച്ചയില്‍ പ്രത്യേകം വായിക്കുന്നതായിരിക്കും. എല്ലാവരും ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കും എന്ന വിശ്വാസത്തോടെ

    സാഹിത്യവേദിക്കു വേണ്ടി
    സന്തോഷ്‌ പല്ലശ്ശന

  • ......... says:
    December 1, 2009 at 2:06 PM

    ഇത്രയധികം പദസമ്പത്തും വൃത്തബദ്ധതയും ഉള്ള കവി ഇക്കാലത്തും....!!! നല്ല കവിതകള്‍.. ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന്‌ ആഗ്രമുണ്ട്‌ പക്ഷെ ദൂരം ഒരു പ്രശ്നമാണ്‌. സാഹിത്യവേദിയെക്കുറിച്ച്‌ അടുത്ത ചില മുംബൈ സുഹൃത്തുക്കള്‍ പറഞ്ഞറിയാം.

    ഈ നല്ല കവിതകള്‍ ഇവിടെ പങ്കുവെച്ച ഹരിലാലിനും സാഹിത്യവേദിയുടെ പ്രവര്‍ത്തകര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. ഹരിലാല്‍ വളരെ നല്ല കവിയാണ്‌ എന്ന്‌ ഈ കവിതകള്‍ വിളിച്ചു പറയുന്നു.

    ഒരിക്കല്‍ കൂടി ഭാവുകങ്ങള്‍

  • S.Harilal says:
    December 1, 2009 at 3:43 PM

    പ്രിയ അനന്തന്‍ താങ്കളുടെ സ്നേഹവും പ്രചോദനവും മലയാളത്തില്‍ ഇനിയും എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നു.
    സസ്നേഹം
    എസ്.ഹരിലാല്‍

  • grkaviyoor says:
    December 1, 2009 at 4:40 PM

    ഹരിയും സിംഹവും ഒരുപോലെ
    ഹരിച്ചും ഗുണിച്ചും ശിഷ്ടമില്ലത്ത കവിത
    ഹൃത്തില്‍ സുഖം മുണ്ടോ എന്ന് അന്വേഷിക്കുന്ന സുഹൃത്ത്
    ഹരി ലാലിനു എല്ലാവിധ ഭാവുഗങ്ങള്‍ നേരുന്നു

  • jwala says:
    December 1, 2009 at 5:35 PM

    sahitya vedikkum harilalinum asamsakal

  • JIGISH says:
    December 1, 2009 at 7:08 PM

    ഹരിയുടെ കവിതകള്‍ തീര്‍ച്ചയായും പോയകാല ത്തെക്കുറിച്ചും മനുഷ്യനന്മയെക്കുറിച്ചുമുള്ള ഗൃഹതുരമായ ഒരു സുവിശേഷമായി മാറുന്നുണ്ട്.! കവിമനസ്സിലെ സ്നേഹം വരികളിലേക്കു വാര്‍ന്നുവീഴുന്നതു കാണാന്‍ കൌതുകമുണ്ട്!

    പുതിയ കാലത്തിന്റെ സങ്കീര്‍ണ്ണതകള്‍ എത്രത്തോളം ഈ കവിതകള്‍ക്കു പ്രതിഫലിപ്പിക്കാന്‍ കഴിയും എന്നു കൂടി ചിന്തിക്കേണ്ടതാണെന്നു തോന്നുന്നു.! പദസ്വാധീനം അന്യാദൃശമാണ്; വിശേഷിച്ച് വായനയുടെ ഈ അപചയ കാലത്ത്.. വൃത്തനിബദ്ധമായി എഴുതുന്നതില്‍ തെറ്റൊന്നുമില്ല; പക്ഷേ, പ്രാസത്തിനു വേണ്ടിയുള്ള പ്രാസം കേള്‍ക്കാന്‍ ഇമ്പമുണ്ടെങ്കിലും കവിതയുടെ ആത്മാവിന് മങ്ങലേല്‍പ്പിക്കും.!!

    പരിപാടിക്ക് എല്ലാ ആശംസകളും നേരുന്നു.!
    ഹരിയ്ക്കും..!

  • സന്തോഷ്‌ പല്ലശ്ശന says:
    December 1, 2009 at 7:16 PM

    ആനന്ദനും ജിഗീഷിനും പ്രത്യേക നന്ദി പറയുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍ പരിപാടിയില്‍ പ്രത്യേകം വായിക്കുന്നതായിരിക്കും (കവിയൂരിന്‌ നന്ദി പറയുന്നില്ല കാരണം കവിയൂറ്‍ സാഹിത്യവേദിയില്‍ സജീവമായി പങ്കെടുക്കുന്ന ഒരു അക്ഷരസ്നേഹിയാണ്‌ എന്നതുകൊണ്ടാണ്‌)

    ജ്വാലക്ക്‌: എന്‍റെ സ്വന്തം പേരിലും വേദിയുടെ പേരിലും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

    സാഹിത്യ വേദിക്കു വേണ്ടി
    സന്തോഷ്‌ പല്ലശ്ശന
    (ബ്ളോഗ്ഗ്‌ അഡ്മിന്‍)

  • ടി. കെ. ഉണ്ണി says:
    December 1, 2009 at 7:46 PM

    ശ്രീ. ഹരിലാലിന്റെ കവിതകളെല്ലാം വളരെ നന്നായിരിക്കുന്നു..
    പദസമ്പത്തും താളബോധവും ഒരു പരിധിവരെ വൃത്തനിബദ്ധവുമായ
    കവിതകൾ ഇക്കാലത്ത്‌ കുറഞ്ഞുവരുന്നതായിട്ടാണ്‌കാണുന്നത്‌….
    അതിന്നൊരപവാദമാണ്‌ ഈ യുവകവി...ഹരിലാലിന്റെ ഏതാനും കവിതകൾ വായിക്കാനിടവരുന്നത്‌ "വാക്കി"ലെത്തിയതിന്ന് ശേഷമാണ്‌..മുംബൈയിലെ ഈ യുവകവിക്ക്‌ കൂടുതൽ ഉരങ്ങളിലെത്താൻ കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു...
    സസ്നേഹം...

  • പ്രൊമിത്യൂസ് says:
    December 2, 2009 at 10:02 AM

    എല്ലാം ശരിയ്ക്കു കേള്‍‌ക്കാമെന്നതാണെന്റെ
    പൊള്ളും ചെവിയെപ്പൊതിഞ്ഞ ബധിരത!

    ഈ വരികള്‍ തന്നെ ആണ് ഒരു കവിയുടെ അടയാളം. 'വളപ്പൊട്ടുകളില്‍' കുറച്ചേറെ വാചാലനാകുന്നത് ഗൃഹാതുരനായ ഒരു പ്രവാസിയുടെ (ഏതൊരു പ്രവാസിയുടെയും) ചിത്രം തന്നെയാണ്. കാവ്യ ഭംഗി ചോരാതെ വൃത്തത്തില്‍ എഴുതാന്‍ ഹരി ലാലിന് കഴിയുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. അതിനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ചിലയിടത്തെങ്കിലും മുഴച്ചു നില്‍ക്കുന്ന വാചാലതയാകുന്നു.
    ഒളിച്ചു കളികള്‍ ഇല്ലാതെ കവിത അനുവാചകനിലേക്ക് നേരിട്ട് കടന്നു ചെല്ലുന്നുണ്ട്. ചിലപ്പോള്‍ അത് കവിതകള്‍ക്ക് മാത്രമുള്ള ഗൂഡമായ സൌന്ദര്യത്തെ ബാധിക്കുന്നും ഉണ്ട്. കവിതകളെ കുറിച്ച് ഈയുള്ളവന്‍റെ സങ്കല്‍പ്പങ്ങളുടെ പ്രശ്നമാവാനും സാധ്യതയുണ്ട്, ഈ അഭിപ്രായത്തിന്..

    കവി സ്വയം വിമര്‍ശകന്‍ ആവുന്നതും,തത്വ ചിന്തകന്‍ ആവുന്നതും സ്വന്തം കാഴ്ചപ്പാടുകളെ, ജീവിതത്തെ ഒരു പൊതു തലത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നതും ആനന്ദകരമായ കാര്യം തന്നെയാണ്. കവി തന്നെ കുറിച്ച് പറയുമ്പോള്‍ അത് വായനക്കാരന്‍ അവനെ കുറിച്ച് വായിക്കുമ്പോള്‍ ഇത്തരം കവിതകളുടെ ധര്‍മ്മം പൂര്‍ത്തിയാവുന്നു.
    നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കളങ്കത്തില്‍ ഒന്നായ ഈയൊരു ദിവസം തന്നെ പ്രതീക്ഷകളുടെ ചില നാരുകള്‍ അവശേഷിപ്പിക്കാന്‍ ഈ വരികള്‍ക്കും, സാഹിത്യ വേദിയുടെ ഉദ്യമത്തിനും ആശംസകള്‍. ഇത് ആ ദിനത്തില്‍ പിറന്നു പോയ ഒരുത്തന്‍റെ വേദന.

    "കാലത്തിനഗ്നിയില്‍‌ ഹോമിച്ചു സര്‍വ്വവും,
    കാണുന്നു ഞാനിന്നീ ലോകം കുടും‌ബമായ്...."

    ഈ വരികള്‍ സാര്‍ഥകമാകട്ടെ...!!!

    സ്നേഹം.

  • പ്രൊമിത്യൂസ് says:
    December 2, 2009 at 10:06 AM

    നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കളങ്കത്തില്‍ ഒന്നായ ഈയൊരു ദിവസം തന്നെ പ്രതീക്ഷകളുടെ ചില നാരുകള്‍ അവശേഷിപ്പിക്കാന്‍ ഈ വരികള്‍ക്കും, സാഹിത്യ വേദിയുടെ ഉദ്യമത്തിനും കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ.

  • സാഹിത്യവേദി മുംബൈ says:
    December 2, 2009 at 10:29 AM

    പ്രിയപ്പെട്ട ടി. കെ. ഉണ്ണിയേട്ടന്‍, പ്രൊമിത്യൂസ്‌ വളരെ നന്ദിയുണ്ട്‌ ഈ തുറന്ന അഭിപ്രായങ്ങള്‍ക്ക്‌. അടുത്ത വേദിയുടെ സാഹിത്യ ചര്‍ച്ച ഇപ്പൊതന്നെ സജീവമായി എന്നുറപ്പിക്കാം. നിങ്ങളുടെ അഭിപ്രായങ്ങള്‍ സന്തോഷത്തോടെ ഞാന്‍ തന്നെ വേദിയില്‍ വായിക്കുന്നതായിരിക്കും നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഹരിലാലിന്‍റേ മറുപടി വേദിക്കു ശേഷമുള്ള റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിക്കുന്നതായിരിക്കും.

    എസ്‌. കെ പൊറ്റക്കാട്‌, സി. രാധകൃഷ്ണന്‍, വി.ടി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സ്ഥാപകാഗങ്ങളായി സാഹിത്യവേദി ഒരു തവണ പോലും മുടങ്ങാതെ കഴിഞ്ഞ നാല്‍പത്തിമൂന്നു വര്‍ഷമായി നടന്നു വരുന്നു എന്നത്‌ മലയാള സാഹിത്യ ചരിത്രത്തിലെ തന്നെ ഒരു അപൂര്‍വ്വതയാണ്‌. സാഹിത്യവേദി ബ്ളോഗ്ഗില്‍ ഞാന്‍ ഉടന്‍ തന്നെ "വാക്ക്‌" ന്‍റെ ടാഗ്‌ ഇടുന്നതാണ്‌. വൈകിയുദിച്ച ഈ ബുദ്ധിയോട്‌ വാക്കിന്‍റെ സാരഥികള്‍ പൊറുക്കണം.

    പരോക്ഷമായി വാക്കിലെ അംഗങ്ങളും സാഹിത്യവേദി ചര്‍ച്ചയില്‍ പങ്കെടുക്കുന്നു എന്നത്‌ വളരെ സന്തോഷമുള്ള ഒരു കാര്യമാണ്‌.

    സാഹിത്യവേദിക്കു വേണ്ടി
    സന്തോഷ്‌ പല്ലശ്ശന
    ബ്ളോഗ്ഗ്‌ അഡ്മിന്‍)

  • ആശംസകള്‍

  • Unknown says:
    December 2, 2009 at 1:26 PM

    Excellent literature materials in malayalam.

    God bless you.

    Jacob Abraham.

  • ഏ.ആര്‍. നജീം says:
    December 2, 2009 at 11:11 PM

    ഹരിലാലിന്റെ കവിതകള്‍ വായിച്ചു വന്നപ്പോള്‍ സ്വാഭാവികമായും എനിക്ക് തോന്നിയത്. IT തട്ടകമാക്കി പ്രവര്‍ത്ഥിക്കുന്ന ഇദ്ദേഹം ബൂലോകത്ത് വരാറില്ലെ എന്ന്. ശ്രീ: ഹരിലാലിന്റെ കമന്റ് കണ്ടപ്പോഴാണ് ശ്രദ്ധിക്കുന്നത്. കുറേ നല്ല പോസ്റ്റുകളുമായി അദ്ദേഹത്തിനും നല്ലൊരു ബ്ലോഗ് ഉണ്ട്. പക്ഷേ, എന്ത് കൊണ്ടോ ആധികമാരും കാണാറില്ലെന്ന് തോന്നുന്നു അഗ്രിഗേറ്ററും കാണിക്കുന്നില്ലെന്നാ തോന്നുന്നേ.. ഒന്നു ശ്രദ്ധിക്കണേ...

    ശ്രീ ഹരിലാലിനും ഈ സംരഭത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മറ്റെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍

  • കണ്ണുകളില്‍‌ തളംകെട്ടിയ കണ്ണുനീര്‍-‌
    ക്കണ്ണട ചാര്‍ത്തി തരിച്ചു നില്‍‌ക്കുന്നു ഞാന്‍;
    ഓരോ നഖക്ഷതമേല്‍പ്പിച്ചകന്ന,യെ-
    ന്നോര്‍മ്മപ്പുതപ്പു പുതച്ചു നില്‍ക്കുന്നു ഞാന്‍

    ആർദ്രമാണ് വരികളെല്ലാം തന്നെ . ആശംസകൾ !!!

    മറ്റൊരു മുംബൈക്കാരി :)

  • Anandavalli Chandran says:
    December 3, 2009 at 4:06 PM

    Harilalintae kavithakalaellaam
    shlaakhaneeyavum onninonnu maechappaettavayumaanu. Aashaya sampatthum pada sampatthum vaenduvolam ee kavithakalil olinjum,thaelinjum minnimarayunnunnundaennullathil addaehatthinnu abimaaniykkaam.
    Sahithyavediykkum,Lalinnum baavukangal.

  • സാഹിത്യവേദി മുംബൈ says:
    December 4, 2009 at 5:41 PM

    മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍, ജേക്കബ്‌, എ. ആര്‍, നജീം, പ്രിയ ഉണ്ണികൃഷ്ണന്‍, ആനന്ദവല്ലി ടീച്ചര്‍... എല്ലാവര്‍ക്കും സാഹിത്യവേദിയുടെ പേരിലും സ്വന്തം പേരിലും നന്ദി അറിയിക്കുന്നു...
    സന്തോഷ്‌ പല്ലശ്ശന
    (ബ്ളോഗ്ഗ്‌ അഡ്മിന്‍)

  • മലയാളി ആണ് എന്ന് പലര്‍ക്കും തിരിച്ചറിയാന്‍ കഴിയാതെ പോയ തന്റെ ഭൂതകാലത്തെ കുറിച്ച് ലാല്‍ പറഞ്ഞത് ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു ...ഇത്രയും ഭാവനകളെ ഉള്ളില്‍ ഒതുക്കി ഇത്രയും കാലം അപരിചിത നായ് നില്‍ക്കാന്‍ എങ്ങനെ കഴിഞ്ഞു !!!??
    ഹിന്ദിയിലും ,മറാട്ടിയിലും നല്ല കവിതകള്‍ എഴുതുന്ന ലാലിന്റെ മലയാളവും അതിസുന്ദരം ..ചിന്തനീയം ....
    വാക്കുകളിലെ ദാര്ശിനികത ലളിതമായ് അനുവാച്ചകരിലേക്ക് പകര്‍ന്നുനല്‍കാന്‍ കവിക്ക്‌ കഴിഞ്ഞിരിക്കുന്നു ...നല്ല വരികള്‍...****

  • എം.കെ.നംബിയാര്‍(mk nambiear) says:
    December 9, 2009 at 12:39 AM

    ആധുനികതയില്‍ നിന്നും അത്യന്താധുനികതയിലേക്കുമാത്രമല്ല,അടുക്കുംചിട്ടയോടെ,ലക്ഷണയുക്തമായകവിതകള്‍,പുതുമയോടെ താങ്കള്‍ രചിച്ചിരിക്കുന്നു.ആശംസകളോടെ.
    എംകെനംബിയാര്‍

Followers