പണ്ട്
കാലത്ത് രാജാക്കന്മാരും
പിന്നെപ്പിന്നെ സായ്പന്മാരും
ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞിരുന്ന
നഗ്നദേഹങ്ങൾ ചീഞ്ഞഴിഞ്ഞിരുന്ന
കുന്നിൻ ചെരിവായതുകൊണ്ടാണ്
ആ സ്ഥലത്തിനു കെട്ടയൂർ എന്ന
പേരുണ്ടായതെന്ന് പ്രായം
ചെന്ന ചില നാട്ടുകാരും അതല്ല
മുളകൊണ്ടും ഈറ്റകൊണ്ടും
കുട്ടയുണ്ടാക്കി ഉപജീവനം
കഴിച്ചിരുന്ന പാവപ്പെട്ട
കുറത്തികളുടെ കുട്ടയൂരാണ്
കാലക്രമേണ കെട്ടയൂരായതെന്ന്
ചരിത്രകാരന്മാരും
അഭിപ്രായപ്പെട്ടിരുന്ന
മലഞ്ചെരിവിലെ ആ ഗ്രാമത്തിൽ
ജൂലൈ മൂന്നാം തീയതി രാവിലെ
പതിനൊന്നര മണിയോടെ മത്തായിച്ചൻ
ബസ്സിറങ്ങിയപ്പോൾ മഴ
പെയ്യുന്നുണ്ടായിരുന്നില്ല.
മത്തായിച്ചന്
കെട്ടയൂരിൽ സുമാർ അഞ്ചേക്കർ
സ്ഥലവും നാന്നൂറോളം ആടുകളുമുണ്ട്.
മണ്ഡരിയും
മഞ്ഞപ്പിത്തവും ഒരുമിച്ചു
നടത്തിയ പീഡന പർവ്വങ്ങളാണ്
മത്തായിച്ചനെന്ന തെക്കൻ
കേരളത്തിലെ കേരകർഷകന്‍റെ
അസ്തിത്വത്തിന് കൊള്ളി വെച്ച്,
പ്രവാസിയാക്കി
അയാളെ ആടു കർഷകനാക്കിയത്.
കുന്നിൻ
മുകളിലെ കാവൽ മാടത്തിൽ കഴിയുന്ന
ഇടയനാണ് ആടുകളുടെ കാവലിന്‍റെ
ചുമതല.
കാലം
തെറ്റി പിറന്നുവീണ കർമ്മയോഗിയാണ്
മത്തായിച്ചൻ.
പത്തു
വയസ്സ് മുതൽ പ്രകൃതിയോട്
സല്ലപിച്ചു ,കലപില
കൂട്ടി,
പിന്നെ
അതിനോട് മല്ലിട്ട് അയാൾ
കുടുംബം പുലർത്തി.
സ്ഥിരോത്സാഹിയും
അന്വേഷണകുതുകിയുമായ അയാൾ
ക്രമേണ പ്രപഞ്ചരഹസ്യങ്ങൾ
സ്വായത്തമാക്കിത്തുടങ്ങി.
പക്ഷികളുടെയും,മൃഗങ്ങളുടെയും
ഭാഷ പഠിച്ചു അവയുമായി സംവദിക്കാൻ
തുടങ്ങി.
പ്രകൃതിയെ
സ്നേഹിച്ച മത്തായിച്ചനെ
പ്രകൃതിയും പൂർണമായി വിശ്വസിച്ചു.
കെട്ടയൂരിലെ
കമ്പോളത്തിനു മുകളിലുള്ള
കുന്നിൻ മുകളിലേക്ക് ബസുകൾ
കയറില്ല.
അതുകൊണ്ട്,
ആടുകളുടെ
കാവൽമാടത്തിന് എതിരെയുള്ള
ധർമ്മരാജാവിന്റെ കോവിലിലേക്ക്
പോവാൻ വിശ്വാസികൾക്ക് അല്പം
ക്ലേശിക്കണം.
അമ്പത്തിമൂന്നു
കല്പടവുകൾ ചവിട്ടിക്കയറിയാലേ
കോവിലിലെത്തുകയുള്ളു.
കോവിലിൽ
ധർമ്മരാജാവിന്റെ പ്രതിഷ്ഠയ്ക്കു
പിറകിൽ രണ്ട് കല്പലകളിലായി
നൂറ്റാണ്ടുകൾക്കു മുമ്പ്
പ്രവാചകൻ കൈമാറിയ പ്രമാണങ്ങൾ
കാലാകാലങ്ങളായി സംരക്ഷിക്കപ്പെട്ടുവരുന്നു.
ഓരോ
കല്പലകയിലും രണ്ടുവീതം
പ്രമാണങ്ങൾ.
നൂറ്റാണ്ടുകളായി
കെട്ടയൂരുകാർ പാലിച്ചുപോന്ന
മൂല്യസംഘിത.
ജനനവും
മരണവും ആഘോഷങ്ങളുമൊക്കെ
കൊണ്ടാടുമ്പോൾ അവർ പ്രമാണങ്ങൾ
ഭക്തിയോടെ ഉരുവിട്ടുകൊണ്ടിരുന്നു.
കുന്നിനോട്
ചേർന്നുള്ള "
ഇരുണ്ടമല
"
യിലെ
കത്തിക്കാളുന്ന സൂര്യനോ,
ഋതുഭേദങ്ങൾക്കോ,
കടന്നുകയറുന്ന
പടിഞ്ഞാറൻ കാറ്റിനോ
വിശ്വാസപ്രമാണങ്ങളെ തൊടാനായില്ല.
ഊരുകാരുടെ
ജീവിതചക്രവും നാലുപ്രമാണങ്ങളാൽ
ഉരുളപ്പെട്ടു.
കുന്നിന്‍റെ
അങ്ങേ ചെരിവിൽ മണ്ണിൽ
പണിയെടുക്കുന്നവരുടെ മാടങ്ങൾ.
അവയ്ക്കുള്ളിൽ
ഇരുട്ടിനേക്കാൾ കനമുള്ള
വിശപ്പും,
പൂർവികരുടെ
തേങ്ങലുകളും,
അമ്മമാരുടെ
ആശങ്കകളും തളം കെട്ടി
നിന്നിരുന്നു.
മത്തായിച്ചൻ
ധർമ്മരാജനെ ധ്യാനിച്ച്
കല്പടവുകൾ കയറാൻ തുടങ്ങി.
തനിക്ക്
വയസ്സ് അറുപതായി.
അധ്വാനത്തിന്‍റെ
സുവർണ ജൂബിലിയായി.
അന്നമ്മയെ
കല്യാണം കഴിച്ചതിന്റെ നാല്പതാം
വാർഷികവും അടുത്തു.
അയാൾ
മനസ്സിലോർത്തു,
ഇനിയുമെത്ര
പടവെട്ടലുകൾ ബാക്കി?
ക്ഷീണം
കൊണ്ട് പതിനൊന്നാം പടവിൽ
മത്തായിച്ചൻ അല്പമിരുന്നു.
പെട്ടെന്നാണ്
ഒരാട്ടിൻ കുട്ടിയുടെ ദീനരോദനം
കേട്ടത്.
തലയുയർത്തി
നോക്കിയപ്പോഴേക്കും ഒരു
പെണ്ണാട്ടിൻ കുട്ടി താഴോട്ട്
ചാടിയിറങ്ങി,
വേച്ചു
വേച്ചു മാടങ്ങളുടെ മറവിലേക്ക്
നീങ്ങുന്നു.
കഷ്ടം
മുഖം കാണാനൊത്തില്ല,
പക്ഷേ
അതിന്‍റെ ദേഹത്തുനിന്നും
ചോര കിനിയുന്നുണ്ട്.
ഇരുണ്ടമലയിലെ
ചെന്നായ പിടിച്ചതാണോ ?
ഇടയനെയും
കാണാനില്ലല്ലോ?
മത്തായിച്ചൻ
അസ്വസ്ഥനായി.
നാന്നൂറോളം
ആടുകളെ തീറ്റിവളർത്തി
വലുതാക്കാനായി ഇടയനെ
ഏൽപ്പിച്ചതാണ്.
തനിക്ക്
ഇവയെകുറിച്ച് ഏറെ പ്രതീക്ഷകളുമുണ്ട്.
പക്ഷേ,
ആടിന്‍റെ
കരച്ചിൽ കേട്ടിട്ടും ഇടയനെ
കാണാനില്ലല്ലോ !
അവനെവിടെ
?
ദാസന്മാർക്കും
വകതിരിവില്ലാതായോ ?
ക്ഷീണമെല്ലാം
കാറ്റിൽ പറത്തി മത്തായിച്ചൻ
വീണ്ടും പടവുകൾ കയറാൻ തുടങ്ങി.
പക്ഷേ
അയാളുടെ ആറാമിന്ദ്രിയം എന്തോ
അപകടം മണത്തു.
ചെന്നായയുടെ
ചൂരുണ്ടോ പടിഞ്ഞാറൻ കാറ്റിന്
?
നാല്പതാമത്തെ
പടവിലെത്തിയപ്പോൾ അതിലെ
കല്ലുകൾ ഇളകിയിരിക്കുന്നത്
അയാൾ കണ്ടു.
കല്ലുകൾക്കിടയിൽ
ഒരു ചെറിയ പ്ലാസ്റ്റിക് കൂട്
മടക്കിയൊതുക്കി ഭദ്രമായി
വെച്ചിരിക്കുന്നു.
ഇടയന്‍റെതായിരിക്കും.
മത്തായിച്ചൻ
ആ കൂടെടുത്തു ശ്രദ്ധയോടെ
തുറന്നു,
അതിനുള്ളിൽ
ഒരു കൈപ്പുസ്തകം.
ഇടയന്‍റെ
കണക്കു പുസ്തകമായിരിക്കും.
മത്തായിച്ചൻ
ആ ഡയറി മെല്ലെത്തുറന്നു.
കീറി
മാറ്റപ്പെട്ട താളുകളേറെ..
ഒടുവിൽ
വടിവൊത്ത അക്ഷരങ്ങൾ
കുത്തികുറിച്ചിരിക്കുന്നു.
ജൂൺ
15
–“ മഴ
തുടങ്ങി,
നനഞ്ഞൊട്ടിയാണ്
ശ്രീകോവിലിലെത്തിയത്.
ജൂൺ
16
- മാടത്തിൻ
മുറ്റത്ത് മുല്ല പൂത്തു.
ജൂൺ
17
- ഇരുണ്ടമലയുടെ
വശ്യഭംഗി..
ജൂൺ
18
- വിശപ്പിന്റെ
വിളി..
ജൂൺ
20
- ഇടയൻ
കുറെ സംസാരിച്ചു.
ജൂൺ
22
- ഇടയൻ
യാത്രപോയി..
എനിക്കും
ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ..”
അപ്പോഴാണ്
ഡയറി ഇടയന്റേതല്ലെന്ന്
മത്തായിച്ചന് മനസ്സിലായത്.
അല്ലെങ്കിലും
ഇത്രയും നല്ല കൈയക്ഷരം
അധികാരിക്ക് ചേരില്ല.
ഈ
ഡയറി മറ്റാരുടെയോ ജീവിതമാണ്.
പക്ഷെ
ഇടയനെക്കുറിച്ചുള്ള കാര്യങ്ങൾ
താനുമറിയണം.
തെല്ലുശങ്കയോടെ
മത്തായിച്ചൻ വീണ്ടും ഡയറിയുടെ
താളുകൾ മറിച്ചു.
താനറിയാതെ
ഇടയൻ എങ്ങോട്ടാണ് യാത്ര പോയത്
?
ജൂൺ
30
– “ഇടയൻ
കൊണ്ടുവന്ന വലിയതോട്ടത്തിലെ
ആപ്പിൾ തിന്നാൻ ഞാൻ കാവൽ
മാടത്തിൽ കയറി.”
ജൂലൈ
3-“ഇതാരുമറിയരുത്……
അറിഞ്ഞാൽ
കല്പലകയിലെ പ്രമാണങ്ങളിലൊന്ന്
മാഞ്ഞു പോയത് ലോകമറിയും,
ഉരുൾപൊട്ടലിൽ
ഊര് നശിക്കും,
വിശ്വാസങ്ങൾ
തകരും,
അതു
പാടില്ല.”
ഡയറി
വായിച്ചുകഴിഞ്ഞിട്ടും
മത്തായിച്ചനൊന്നും കാര്യമായി
മനസ്സിലായില്ല.
ഈ
പുതുതലമുറയെ മനസിലാക്കുക
എളുപ്പമല്ല.
ഒന്നും
തെളിച്ചു പറയില്ല.
എന്നാൽ
തറുതല പറയാൻ ബഹുമിടുക്കർ.
കോലം
കെട്ട കാലം അയാൾക്ക് ദേഷ്യവും
സങ്കടവും തോന്നി കല്പലകയിലെ
പ്രമാണം മാഞ്ഞു പോകുകയോ?
അയാൾ
തിടുക്കത്തിൽ കല്പടവുകൾ
ചവിട്ടിക്കയറി.
കാവൽമാടം
അടഞ്ഞു കിടക്കുന്നു.
ശ്രീകോവിലിലെ
കെടാവിളക്ക് കരിന്തിരി
കത്തുന്നു.
ഇടയനെവിടെ
?
മത്തായിച്ചൻ
ധർമ്മരാജനെ വന്ദിച്ചു.
പിന്നെ
വിളക്കിലെ തിരി തെളിയിച്ചു.
അല്പം
മുമ്പ് വായിച്ച ഡയറിയിലെ
ചൂടാറാത്ത ചോരയുടെ മണമുള്ള
അവസാന വരി അയാളുടെ മനസ്സിൽ
ആകാംഷയുടെ തിരകളുണ്ടാക്കി.
ഹൃദയത്തിനു
ദ്രുത താളം..
കണ്ണുകളിൽ
ഇരുട്ട് കയറുന്നു.
അയാൾ
കല്പലകയിലേക്ക് ഒന്നു സൂക്ഷിച്ചു
നോക്കി..
സത്യം!
കല്പലകയിലെ
പ്രമാണങ്ങളിലൊന്ന്
അപ്രത്യക്ഷമായിരിക്കുന്നു.
മത്തായിച്ചനെന്ന
പുരുഷന്‍റെ സിരകളിലേക്ക്
ക്ഷോഭം പടർന്നുകയറി.
പ്രകൃതി
അപമാനിക്കപ്പെട്ടിരിക്കുന്നു..പാടില്ല..
മണ്ണും
പെണ്ണും കരയാൻ പാടില്ല.
വിശ്വാസങ്ങൾ
സംരക്ഷിക്കപ്പെടണം.
വിനാശത്തിന്‍റെ
ഉരുൾപൊട്ടലുണ്ടാകരുത്.
അയാൾ
ഇടയന്‍റെ കാവൽമാടത്തിലേക്ക്
കുതിച്ചു.
മലമുകളിലെ
മാടത്തിനു താഴെ കുറ്റിക്കാട്ടിൽ
ഏറെ ആടിൻ രോമങ്ങൾ..ഉണങ്ങിയ
തോലുകൾ..
അയാൾ
തിരിഞ്ഞ് ധർമ്മരാജാവിനെ
നോക്കി നെഞ്ചുപൊട്ടി ചോദിച്ചു..
“നീയുറങ്ങുകയായിരുന്നോ
?
എന്റെ
ആടുകൾക്കെന്തുപറ്റി ?
ഇടയനെവിടെ”
?
പെട്ടെന്ന്
മാനം കറുത്തു,
രൗദ്ര
പ്രകൃതിയുണർന്നു കൊടുങ്കാറ്റായി,
കാവൽമാടത്തിന്‍റെ
വാതിൽ തകർത്ത് അകത്തു കടന്നു.
ആകെ
അലങ്കോലപ്പെട്ടു കിടക്കുന്ന
ഭക്ഷണ മേശ,
ഒഴിഞ്ഞ
വീഞ്ഞു കുപ്പികളിൽ ഈച്ചയാർക്കുന്നു.
മേശക്കു
താഴെ ചോരത്തുള്ളികൾ!
ഭാരം
കൂടുതലുള്ളവ താഴേക്ക് വരുമല്ലോ
?
കാവൽമാടത്തിനു
വെളിയിൽ മഴയുടെ പെരുമ്പറ.
കുഞ്ഞാടുകളുടെ
നെഞ്ചിടിപ്പുകൾ ദിഗന്തങ്ങൾ
പിളർത്തി.
കിടപ്പുമുറിയിലെ
മരക്കട്ടിലിൽ തളർന്നുറങ്ങുന്ന
ചെന്നായുടെ മുഖമുള്ളൊരാൾ!
താഴെ
ചീന്തിയെറിയപ്പെട്ട
പുസ്തകതാളുകള്‍.
Lavanyashastram.
പെട്ടെന്ന്,
രണ്ട്
ബലിഷ്ഠകരങ്ങൾ കട്ടിലിലെ
കഴുത്തിൽ അതിശക്തിയായി
പിടിമുറുക്കി.
ഒന്നു
പിടയാൻ പോലും അവസരം നൽകാതെ.
അതുകണ്ട്
മഴമേഘങ്ങൾ പൊട്ടിച്ചിരിച്ചു.
മഹത്തായ
അധ്വാനത്തിന്റെ അനർഘനിമിഷങ്ങളിൽ
സ്വർഗം ഉദ്ഘോഷിച്ച പോലെ ആ
മനുഷ്യപുത്രന് തോന്നി –
“ഇവനെന്റെ
പ്രിയപുത്രൻ.”
പതിയെപ്പതിയെ
മഴയൊടുങ്ങി,
മാനം
തെളിഞ്ഞു,
ശ്രീകോവിലിലെ
ഓട്ടുമണി മുഴങ്ങി.
ഒരു
വെള്ളരിപ്രാവ് പറന്നിറങ്ങി
വന്ന് കല്പലകയിൽ കൊക്കുരുമ്മി
മാഞ്ഞുപോയ പ്രമാണത്തെ
വീണ്ടെടുത്തു.
പ്രകൃതിയുടെ
കൈ പിടിച്ച് കുന്നിറങ്ങി
വന്ന മത്തായിച്ചനെന്ന
പച്ചമനുഷ്യനെ വാരിപ്പുണരാൻ
ചരിത്രത്തിന്‍റെ താളുകള്‍
ഇന്നും കാത്തുനില്‍ക്കുന്നു...
*******
0 comments:
Post a Comment