മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, March 29, 2016

ഏപ്രിൽ മാസ സാഹിത്യചർച്ച

|0 comments

രുധിര  ഗീതങ്ങള്‍ 
          ++

"സ്റ്റോപ്പ്‌.!!!!!."  

 ഡ്രൈവര്‍ തെല്ലൊരമ്പരപ്പോടെ വണ്ടി ചവുട്ടി നിര്‍ത്തി
 അവിടെ ."സ്ഥലം വില്പനയ്ക്ക്" എന്ന ബോര്‍ഡുള്ള ഒരു പറമ്പ്.  
ഒന്നും മിണ്ടാതെ പുറത്തിറങ്ങി. ഹൈവേയുടെ  ഓരം ചേര്‍ന്ന് ആ  കൊന്നത്തെങ്ങ് ഇന്നും  കുലച്ച് മദിച്ച് കാറ്റില്‍ ആടി  നില്‍ക്കുന്നു. അല്പം  കൂടി കിളരം കൂട്ടിയിട്ടുണ്ട് എന്ന്  മാത്രം. ചരിത്ര സാക്ഷിയായ തെങ്ങ്. അച്യുത മേനോന്‍, ടി വി തോമസ്  മുതല്‍ എം എന്‍ ഗോവിന്ദന്‍  നായര്‍  വരെയുള്ള സഖാക്കള്‍ എത്രയോ  തവണ ഈ കല്പവൃക്ഷത്തിന്റെ ആതിഥ്യം ഏറ്റു വാങ്ങിയിരിക്കുന്നു !!!  ഓ  എന്‍ വി  കുറുപ്പും  പല കുറി  ഇവിടെ  വന്നിട്ടുണ്ട്. നേതാക്കള്‍ കൃഷ്ണപുരം  വഴി  പോകുമ്പോള്‍ കെ പി എ സിയില്‍ ഒന്ന്  കയറും. ആദ്യം  അന്വേഷിക്കുക പോറ്റി സാറിനെ  ആകും.  ഓഫീസ് സെക്രട്ടറി കാര്‍ത്തികേയന്‍  നിന്ന്  പരുങ്ങും. പിന്നെ  അതി വേഗം ഒരു  വിളിപ്പാട് അകലെയുള്ള ഈ തെങ്ങിന്റെ ചോട്ടിലെത്തും. പോറ്റി സാര്‍  ഇവിടെ തെങ്ങ് കയറ്റക്കാരന്‍ കൊച്ചുകുഞ്ഞ്,  വയനകം പാടത്തെ തലപ്പുലയന്‍ രാമകൃഷ്ണന്‍ , കൌണ്‍സിലര്‍ മനോഹരന്‍ തുടങ്ങിയ സഖാക്കളോടോത്ത് ഉശിരന്‍ ചീട്ടുകളിയില്‍ ആയിരിക്കും.
" സഹാവേ ഒന്ന്  വേം വരണേ...തിരോന്തോരത്തൂന്ന് സഹാക്കള് വന്നിട്ടോണ്ട്.." കാര്‍ത്തികേയന്‍ കിതച്ചുകൊണ്ട്  ഉച്ചത്തില്‍ പറയും.
"ഇരിക്കാന്‍  പറയടാ..വരുവാ..." ഇടം കയ്യില്‍  വിശറി പോലെ പരത്തി വെച്ച ചീട്ടുകളില്‍  നിന്നും നോട്ടം  വിടാതെ പോറ്റി സാര്‍ പറയും
അപ്പോഴേക്കും  സഖാക്കള്‍  അവിടെ  എത്തിയിരിക്കും. എന്നാലും  പോറ്റി സാര്‍ കളി  നിര്‍ത്തുന്ന പ്രശ്നമില്ല. പിന്നെ ഒപ്പമിരിക്കുന്നവരെ  കാര്‍ത്തികേയന്‍ കണ്ണുരുട്ടി വിരട്ടും. അവര്‍ എഴുനേല്‍ക്കുമ്പോള്‍ കളി നില്‍ക്കും. " കൊച്ചൂഞ്ഞേ...നാല്  കരിക്കിടടാ.." കൊച്ചുകുഞ്ഞ് അരണയെ പോലെ അതിവേഗത്തില്‍ കൊന്നത്തെങ്ങു കീഴടക്കും. നാല് കരിക്കുകള്‍ മുകളില്‍ നിന്നും അടുത്ത  കുറ്റിക്കാട്ടിലേക്ക് എറിയും. ഊര്‍ന്നിറങ്ങി വന്ന് അവ   നേതാക്കള്‍ക്ക് ചെത്തിക്കൊടുക്കും. അക്കാലത്ത് കെ പി എ സി യുടെ  മുഴുപ്പേര് ചോദിച്ചാല്‍ കാര്‍ത്തികേയന്‍ കുസൃതിച്ചിരിയോടെ പറയും. 'കേശവന്‍ പോറ്റി ആന്‍ഡ്‌ കൊമ്രെഡ്സ്'.
 കെ പി എ സിയുടെ എല്ലാമെല്ലാമായ  ജനാര്‍ദ്ദന കുറുപ്പ്  സാര്‍   ഇത്  കേട്ട്  ചിരിക്കും.  
ഈ മണ്ണ്  പോലും പോറ്റി സാര്‍  മുറുക്കിച്ച്ചുവപ്പിച്ചതാണ്പോറ്റി സാര്‍ ചീട്ടുകളിക്കിടയില്‍ വലിയ ശബ്ദഘോഷത്തോടെ പിന്നിലെ മണ്ണിലേക്ക്  നീട്ടി തുപ്പും. മണ്ണിനെ  ചുവപ്പണിയിക്കുന്ന ഈ ലായനിയുടെ നനവ്‌  നോക്കിയാണ് കാണാന്‍  വരുന്നവര്‍  ആള്‍  സ്ഥലത്തുണ്ടോ എന്ന് നിര്‍ണ്ണയിക്കുക. ഇടയ്ക്കിടെ  കെ പി എ  സിയും  ഈ തെങ്ങിന്‍  തോപ്പും  സന്ദര്‍ശിച്ചിരുന്ന ഓ എന്‍ വി,    കേശവന്‍  പോറ്റിയുടെ പ്രസംഗവും  ചലനങ്ങള്മൊക്കെ  കൃത്യമായി  അനുകരിക്കുമായിരുന്നു. ഇവിടെ  തന്നെയാണ് അവസാനമായി പോറ്റി സാറിനെ  കണ്ടതും  യാത്ര പറഞ്ഞതും....


കാല്‍  നൂറ്റാണ്ടിനു ശേഷം ഈ മണ്ണിലെക്കൊരു യാത്ര...  നന്ദി കൈലാസ് റാംജി..ഒത്തിരി  ഒത്തിരി നന്ദി...

"യു കാന്‍  ആള്‍സോ റിലാക്സ് ഫോര്‍ എ ഫ്യൂ  ഡേയ്സ്..." കേന്ദ്ര  ധനമന്ത്രി  റാംജി പെട്ടെന്ന് ഇങ്ങനെ  പറഞ്ഞപ്പോള്‍ ആകെയൊന്ന് പകച്ചു

നീണ്ട  ഇരുപത്തി  അഞ്ചു  വര്‍ഷത്തിനിടയില്‍ താന്‍  അറിയാതെ കൈലാസ്  റാംജിക്ക്  ഒരു  യാത്രയും  ഉണ്ടായിട്ടില്ല. ഭാര്യയും  കുട്ടികളും നിര്‍ബന്ധിക്കുമ്പോള്‍ ഇടയ്ക്കിടെ ലക്ഷ്മീ നാരായണ്‍ മന്ദിറിലും കോണാട്ട് പ്ലേസിലെ ഹനുമാന്‍  ക്ഷേത്രത്തിലും അക്ഷര്‍ധാമിലുമൊക്കെ  ഒരു  ഓട്ടപ്രദക്ഷിണം പതിവുണ്ട് റാംജിക്ക്. അതിരാവിലെ അഞ്ച് മണിക്ക് ഇന്‍റര്‍കോമില്‍ വിളി  വരും     താമരേ....വേഗം  തയാറാകൂ..നമുക്കല്‍പം  പുണ്യം  ശേഖരിച്ച് വരാം. ആദ്യമൊക്കെ  പ്രതിരോധിച്ചിരുന്നു. ഒരു പക്ഷെ  അല്പം  സ്വകാര്യ  നിമിഷങ്ങള്‍ കൊതിച്ചാകും ശ്യാമിനി മാഡം അമ്പലദര്‍ശനം പ്ലാന്‍  ചെയ്യുന്നത്... പല  ദിവസങ്ങളിലും ശ്യാമിനിയും മുതിര്‍ന്ന  രണ്ടു  പെണ്‍കുട്ടികളും റാംജിയെ  ചാനല്‍ തിളക്കത്തില്‍  മാത്രമാകും   കാണുക. റാംജി  പറയും : നീ കൂടെയുണ്ടായാല്‍ ഉടഞ്ഞു  പോകുന്നതല്ല  എന്റെ സ്വകാര്യത. പിന്നെ  ഏതു  യാത്ര പോകുമ്പോളും  ഒരിക്കല്‍ പോലും തടസ്സം  പറഞ്ഞിട്ടില്ല. ആ റാംജിയാണ് ഇപ്പോള്‍  ഏതോ അജ്ഞാതകേന്ദ്രത്തിലേക്ക് രഹസ്യ  യാത്ര പോകുന്നത്...!! പെട്ടെന്ന്  മനസ്സില്‍  ശൂന്യതയുടെ  ഒരു  വലിയ  മഞ്ഞു മല... കഴിഞ്ഞ  കാല്‍  നൂറ്റാണ്ടായി റാംജിക്ക്  വേണ്ടി  ഉറങ്ങുകയും  റാംജിക്ക്  വേണ്ടി മാത്രം ഉണര്‍ന്നു കഠിനമായി  ജോലി  ചെയ്യുകയുമായിരുന്നു.. വിദേശകാര്യ  മന്ത്രി  ആയിരുന്നപ്പോളും ഉറക്ക മുറിയിലേക്ക്  പോകും  വരെ ഈ  താമരാക്ഷന്‍  എന്ന ടി.ടി. നായര്‍   ഒപ്പമുണ്ടായിരുന്നു. ആ സാങ്കല്പികമല്ലാത്ത അച്ചുതണ്ട് കൂടാതെ   എന്ത് ചെയ്യാന്‍..? അതുപോലെ, താനില്ലാതെ  റാംജിക്ക് ഒരു  നിമിഷം തുടരാന്‍  കഴിയുമോ..? ഇതൊന്നുമല്ല .. ബിനിതയോട്  എന്ത്  പറയും ..? അല്ലെങ്കില്‍  തന്നെ  അവള്‍  പരിഭവം പറയും  റാംജി സാബ് ആണല്ലോ  നമ്മുടെ കുടുംബപരിപാടികളും നിയന്ത്രിക്കുന്നത്‌. എന്തായിരിക്കും  ഇങ്ങനെ  ഒരു  അവഗണനയ്ക്ക് കാരണം...? അതോ  പ്രൈം മിനിസ്റ്റര്‍  അതീവ  രഹസ്യ സ്വഭാവമുള്ള വല്ല ദൌത്യവും  നല്‍കിയോ...? രാത്രിയുടെ യൌവനം തീര്‍ന്നു  തുടങ്ങി. നിദ്ര പിടി  തരാതെ  ഒളിച്ചു കളിക്കുന്നു. സിക്രട്ടറി നിഷാ മാത്യുവിനെ വിളിച്ചുണര്‍ത്തി.  നാളെ രാവിലെ കൊച്ചി  ഓര്‍ ട്രിവാണ്ട്രം..എക്കണോമി  ക്ലാസ്  മതി.....ഞാന്‍  മാത്രം പോകുന്നു.  മറ്റാരും  അറിയണ്ട.

ഒരാഴ്ച  നാട്ടില്‍ .. ആരുമറിയാതെ ചുറ്റിയലഞ്ഞു നടക്കണം.. പതിനേഴാം  വയസില്‍  നാട്  വിട്ടവനെ  നാടും  കാലവും എന്നേ മറന്നിരിക്കും...ഏതാണ്ട്  രണ്ടു മാസമായി റാംജിയുടെ രണ്ടാം ബജറ്റിനെ കുറിച്ചുള്ള പ്രഗത്ഭരുടെ നിര്‍ദേശങ്ങള്‍ ശേഖരിക്കുന്ന പണി. മറ്റൊന്നിനും  നേരമില്ല...കഴുത്തോളം വളര്‍ന്ന മുടിയും പാതി നര വീണ നീണ്ട  താടിയും നെടുമ്പാശ്ശേരിയിലെ വാഷ് റൂമില്‍ വെച്ചാണ് ശ്രദ്ധിക്കുന്നത്. പെട്ടെന്ന് ഒരു തോന്നല്‍...സ്വന്തം മുഖമൊന്നു നഗ്നമായി കാണണം. പുറത്തു വരുമ്പോള്‍  ആള്‍ കൂട്ടത്തിനിടയില്‍ വെളുത്ത യൂണിഫോമണിഞ്ഞ ഒരാള്‍ ടി.ടി. നായര്‍ എന്ന ബോര്‍ഡും പിടിച്ചു നില്‍ക്കുന്നു. കൈ വീശുമ്പോള്‍ അയാള്‍ വന്നു  ബാഗ് വാങ്ങി. വിനയത്തോടെ കാറിന്റെ പിന്‍ വാതില്‍  തുറന്നു. അയാള്‍ എന്തൊക്കെയോ  പറയുന്നു. എയര്‍ ഹോസ്റ്റ്സിന്റെ സുരക്ഷാ നിര്‍ദേശങ്ങള്‍ എന്ന പോലെ അയാളുടെ ഭാവങ്ങളും ചുണ്ടനക്കവും മ്യൂട്ട് ചെയ്തു  നോക്കിയിരുന്നു.  കാറി ലേക്ക്  കയറും മുന്‍പേ മലയാളിയായ സൂര്യനെ  നോക്കി ഒന്ന്  പുഞ്ചിരിച്ചു. ഇത് ദൈവത്തിന്റെ  നാടല്ല. സൂര്യന്റെയും സൂര്യ രശ്മിമാരുടെയും  നാടാണ്. ജനം പ്രതികാരബുദ്ധിയോടെ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഈ ഹരിതകാന്തി മങ്ങുന്നില്ല. ഈ നാടിന്റെ ഭാഷ  പോലെ  തന്നെ...

വണ്ടി നിര്‍ത്തി  അയാള്‍ ചോദിച്ചു." സര്‍...നമ്മള്‍  എങ്ങോട്ട് പോകുന്നു..? "
" ആദ്യം വൃത്തിയുള്ള ഒരു സലൂണിലേക്ക് .. ബാക്കി ആലപ്പുഴ  എത്തി   തീരുമാനിക്കാം "
വലിയ മാളിനുള്ളിലെ സലൂണ്‍. ആള്‍ വലിയ പുള്ളിയാണ് എന്ന് ഡ്രൈവര്‍ നയനസന്ദേശം കൊടുത്തിരിക്കാം. കറങ്ങുന്ന ലോഹ കസാലയിലിരുത്തി ഹെയര്‍ ഡിസൈനര്‍ ഒരു ആല്‍ബം  സമ്മാനിച്ചു. വിവിധ തരം ഹെയര്‍ സ്റൈല്‍കള്‍
" പറ്റെ വെട്ടണം"
" സര്‍..ഒരു നിമിഷം" ഇത് സാറിനു നന്നായി ചേരും. നോക്കുമ്പോള്‍ അവന്റെ   ഫോണില്‍ എന്റെ  ചിത്രം. ബുള്‍ഗാന്‍  താടിയും നെറ്റിയിലേക്ക്  പാറി വീണു കിടക്കുന്ന നീണ്ട മുടിയിഴകളുമായി സാക്ഷാല്‍ ടി ടി നായര്‍. ഈ താമരയെ  കണ്ടാല്‍ റാംജി പോലും  തിരിച്ചറിയില്ല. ബിനിതക്കും ഈ ബംഗാളി ലുക്ക് ഇഷ്ടമാകും.  ഹെയര്‍  ഡിസൈനര്‍ക്ക് നിരുപാധികം  കീഴടങ്ങി കണ്ണടച്ചിരുന്നു.   ബില്ലടച്ചു പുറത്തു  കടന്നു.  ഡ്രൈവര്‍ സ്തബ്ധനായി നില്‍ക്കുന്നു. ചെറിയ  ഒരു  ചായക്കടയുടെ മുന്നില്‍  നിര്‍ത്തി ഒരു  ബ്ലാക്ക് ടീ... പിന്‍ സീറ്റില്‍ വിശാലമായി  ചാരി ഇരുന്നു. മനസ്സ്  ഒന്ന്  ഫോര്‍മാറ്റ്  ചെയ്യണം.  കാല്‍നൂറ്റാണ്ടിന്റെ ജീവിതം  മറന്നു പഴമയില്‍ മാത്രം തത്തിക്കളിക്കണം. ഓണാട്ടുകര ഭാഷ കൊറിച്ചു നടക്കണം. ആലപ്പുഴയുടെ ഹൃദയഭാഗത്ത് പണ്ടത്തെ  പോലെ ഇന്നും റോഡ്‌കള്‍ വളഞ്ഞു പുളഞ്ഞു  കിടക്കുന്നു. എ സി ഓഫാക്കി  ഗ്ലാസ്സുകള്‍ താഴ്ത്തി
നിഷയുടെ  കാള്‍.  " സര്‍... ഹോട്ടല്‍ ബുക്ക്  ചെയ്യണ്ടേ..?"
" വേണ്ട...ഐ വില്‍  മാനേജ്" ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.   അവനും  വിശ്രമിക്കട്ടെ...!!

പിറന്ന നാട്  അടുത്തുകൊണ്ടിരിക്കുന്നു.. ഇങ്ങനെയൊരാള്‍ ലോകത്തിന്റെ  ഏതോ  മൂലയില്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് ആലോചിക്കാന്‍ പോലും ഇവിടെ  ആരുമുണ്ടാകില്ല. കൈലാസ് രാമന്‍ എന്ന യുവനേതാവിന്റെ ആശ്രിതനായി ഈ പ്രീഡിഗ്രിക്കാരന്‍ പടിയിറങ്ങുമ്പോള്‍ വീട്ടിലേക്ക് വിളിച്ചു വരുത്തി ഒരു നൂറ് രൂപാ നോട്ട് പത്രത്താളില്‍ പൊതിഞ്ഞ് കീശയില്‍ തിരുകി  തന്നത് മില്ല്  നടത്തുന്ന ഗോപാലേട്ടനാണ്. അച്ഛന്‍  ഒഴികെ എല്ലാവരും ഗോപാലന്‍ കൊച്ചാട്ടന്‍ എന്ന്  വിളിക്കും.  രണ്ടു കയ്യും ഈ തലയില്‍ വെച്ച്  കണ്ണടച്ച്  അദ്ദേഹം  പറഞ്ഞു. കൃഷ്ണപുരത്തപ്പന്‍ നിന്നെ  കാത്തു രക്ഷിക്കും. ഗോപാലേട്ടന്‍   ഇപ്പോള്‍  ഉണ്ടാകുമോ എന്തോ...? ഹൈ വേയുടെ ഇരു വശങ്ങളിലുമുള്ള വാകമരങ്ങളുടെ വിടര്‍ന്ന ശിഖരങ്ങള്‍ ആകാശം  മറച്ച് പരസ്പരം പുണരുന്നു. ഇനി  വൈകാതെ  ഈ വൃക്ഷങ്ങള്‍ വസന്തം സമ്മാനിക്കുന്ന രുധിരപുഷ്പങ്ങള്‍ അണിയും. പിന്നെ അവ രാത്രി  രാജവീഥിയുടെ മെയ്യില്‍ ചുവന്ന  ശവക്കച്ച  പുതപ്പിക്കും. അല്‍പ  ദൂരം  കൂടി  പോയാല്‍ ഇതുപോലെ  ഒരു  കൊച്ചു  കെട്ടിടം  കാണാം. ഒരു  നാടിനെ മുഴുവന്‍ ചുവപ്പണിയിക്കാന്‍ കാലത്തോടും ഫ്യൂഡല്‍ വ്യവസ്ഥകളോടും കലാപം  ചെയ്തു  ചെങ്കൊടി   പാറിച്ചിട്ടും വിനയം ഉപേക്ഷിക്കാതെ നില കൊള്ളുന്ന ഒരു സാധാരണ വീട്. ചിരിക്കാനും  കരയാനും ക്ഷോഭിക്കാനും  കഴിയുന്ന ഒരു  സ്നേഹാലയം. മുന്നിലൊരു  വലിയ  ശില്‍പം. വിശന്ന വയറിന്റെ ക്ഷോഭം പോലെ അന്തരീക്ഷത്തില്‍  ഉയര്‍ത്തിപ്പിടിച്ച അരിവാളേന്തി നില്‍ക്കുന്ന  യുവതിയും വിപ്ലവകാഹളം  മുഴക്കുന്ന  ബലിഷ്ഠനായ ചെളി  പുരണ്ട  കര്‍ഷകനും    അവിടെ  നിറപ്പകിട്ടില്ലാത്ത ഒരു ബോര്‍ഡ്. കെ പി എ സി...പുരക്കു  മീതെ  പാറിപ്പറക്കുന്ന ഒന്ന്  രണ്ടു  ചെങ്കൊടികള്‍.

സ്ടൂളില്‍ കിടത്തി  വെച്ച തോലുടുപ്പിട്ട ടേപ്പ് റെക്കൊര്‍ഡറില്‍ നിന്നും  ബലികുടീരങ്ങളെ....എന്ന വരികള്‍ ചുരുട്ടിയ  മുഷ്ടി  പോലെ  ഉയര്‍ന്നു  പിടയ്ക്കുമ്പോള്‍  ഗോപാലേട്ടന്‍ ദേശീയ  ഗാനം കേള്‍ക്കുന്ന പട്ടാളക്കാരനെ പോലെ അറ്റന്‍ഷനായി  നിന്ന് കണ്ണടച്ച്  ഓര്‍മകളിലെ  ചുവന്ന ലോകത്ത് മേഞ്ഞു   നടക്കും....  തോപ്പില്‍  ഭാസിയെ  പോലെ  ഗോപാലേട്ടന്‍ ആരാധിച്ചിരുന്ന  മറ്റൊരാള്‍ സ. കൃഷ്ണന്‍ കുട്ടിയാണ് . ഗോവര്‍ധനക്കുട കൊണ്ട് കാലിച്ചെറുക്കന്മാരെയൊക്കെ  സംരക്ഷിച്ച  ലോകത്തെ  പ്രഥമ  വര്‍ഗസ്നേഹി.    മൂന്നോ നാലോ വയസുള്ളപ്പോള്‍ ഗോപാലേട്ടന്‍ പുത്രന്‍ സുജനപാലനുമായി കൃഷ്ണപുരത്തപ്പന്റെ നടയില്‍  നിന്ന്  ബഹളം  കൂട്ടുന്നു. കൃഷ്ണാ  ... നിനക്കിപ്പം നാടിന്റെ  കാര്യത്തില്‍  ഒരു ശ്രദ്ധയുമില്ല...എനിക്കാകെ ചെവിത്തേട്‌ വരുന്നു..എന്തുവാ  ഇത്...?...മഴ  വേണ്ടപ്പം  വെയില്....അസ്ഥാനത്ത്  മഴ ...കതിരിലാന്നോ മഴ പെയ്യിക്കുന്നെ... ഇതുങ്ങളെല്ലാം  വെശന്ന് വരുമ്പം  നീ  പാഞ്ചാലിയുടെ പാത്രോം കൊണ്ട് ഊട്ടുപോരേല് വന്നിരുന്നു  വെളമ്പിക്കോണം.. കൊച്ചുങ്ങളെ പട്ടിണിക്കിടരുത്...ങാ...പറഞ്ഞേക്കാം. ഗോപാലേട്ടന്‍  കൈകൂപ്പി പാടി  സ്തുതിക്കില്ലെങ്കിലും   കൊച്ചാട്ടന്‍  എന്ത്  പറഞ്ഞാലും ഗോപാലകന്‍ മിണ്ടത്തില്ല..എല്ലാം അനുസരിക്കും. ഗോപാലേട്ടന്‍   കൃഷ്ണനുമായി ഇങ്ങനെ ഉഭയസംവാദം നടത്തുമ്പോള്‍ സുജനപാലനുമായി മറ്റു കുട്ടികള്‍ക്കൊപ്പം മതപാഠശാല നടത്തുന്ന തെല്ലു  തളന്തുള്ള ശിവരാമ പിള്ള  സാറിനൊപ്പം 'അഞ്ജന ശ്രീധര ' ഏറ്റു പാടി ഞങ്ങള്‍ ക്ഷേത്ര പ്രദക്ഷിണം ചെയ്യും. സാറിന്റെ മുടന്തിനൊത്ത് ശീലുകളില്‍ ശ്രീലങ്കാ പ്രക്ഷേപണം  പോലെ  തുടരെ തുടരെ ആരോഹണാവരോഹണങ്ങള്‍ കയറിക്കൂടും. ഗോപാലേട്ടന്റെ  അടുത്ത  ജോലി ദോശക്കല്ല് പോലെയുള്ള   സൂ ചിത്തുമ്പില്‍ കറങ്ങുന്ന റിക്കാര്‍ഡില്‍ നിന്നും ഗ്രാമഫോണ്‍ സംഗീതം  ഉത്പാദിപ്പിക്കുക  എന്നതാണ്. സുന്ദരാമ്മാളിനു ശേഷം മൈക്ക് 
ബാല മുരളി കൃഷ്ണക്ക്  കൈ മാറി ഗോപാലേട്ടന്‍ മഠത്തിലേക്കുള്ള ഇടവഴി  വരെ  ഒപ്പം  വരും. അപ്പോള്‍ ഇടതു  വശത്തുള്ള  ഭാര്‍ഗവീനിലയം എന്ന വിളിപ്പേരുള്ള  കെ പി എ സി ജീവന്‍  വെച്ച്  തുടങ്ങിയിരിക്കും. 'രചന- സംവിധാനം തോപ്പില്‍  ഭാസി'  കള്ളിമുണ്ടുടുത്ത് തോളില്‍ ഈരെഴയന്‍ തോര്‍ത്തിട്ടു ബീഡി പുകച്ചു കൊണ്ട്  വരാന്തയില്‍ അക്ഷമനായി ഉലാത്തുന്നുണ്ടാകും. ഉള്ളില്‍  നിന്നും ദാസേട്ടന്റെ വയലിന്‍ മൂള്ന്നുണ്ടാകും... ക്ലാര്‍നറ്റിന്റെ വിഷാദ രാഗത്തിന്‍ മേല്‍  തങ്കപ്പന്‍ ചേട്ടന്റെ  തബല ചന്നം പിന്നം പെയ്യുന്നുണ്ടാകും. അതുമല്ലെങ്കില്‍ അരവിന്ദന്റെ ചെറിയ മനുഷ്യന്റെ  മുഖച്ഛായ ഉള്ള കുരുവിക്കൂടുകാരന്‍ രവി  എന്ന  ഗായകന്‍  ഒരു സ്ടൂളില്‍ ഇരുന്ന് ' ഇന്നലെ  പെയ്ത മഴക്കിനു  കുരുക്കുമോരു' എന്ന  പാട്ട്  പാടുകയോ ' മാറില്‍  കുങ്കുമ മാലകള്‍ ' എന്ന  ഗാനത്തിനൊത്ത്  നായിക  ചുവടു  വെക്കുകയോ  ആകും

ഗോപാലേട്ടന്‍ മതിലിനു  മുകളിലൂടെ എത്തി വലിഞ്ഞു  നോക്കും. തോപ്പില്‍  ഭാസി എന്ന സ്നേഹമുള്ള വെടിമരുന്ന് ശാല ഉണ്ടോ എന്നാണ് അന്വേഷണം. റിഹെഴ്സല്‍ ക്യാമ്പ് എന്നാല്‍ സഖാവിനു ഒരു ആണവ  നിലയമാണ്. അന്യര്‍ക്ക് പ്രവേശനമില്ല. പിന്നെ ഞങ്ങളെ ഇരു തൊളിലുമേറ്റി വെച്ച്  ഗോപാലേട്ടന്‍ അഞ്ചു മിനിട്ട് നില്‍ക്കും. സുലോചന ചേച്ചി ചിലപ്പോള്‍  കൈ  വീശി ചിരിക്കും. പഴയ  'മലയാള രാജ്യ'ത്തിന്റെ  താളുകളിലെ   തുലാഭാരം, അശ്വമേധം, നിങ്ങളെന്നെ കമ്മ്യൂണിസ്ററാക്കി തുടങ്ങിയ  നാടകങ്ങളുടെ പരസ്യങ്ങളില്‍   അവിടെ കുപ്പായമില്ലാതെ  നടക്കുന്ന പല ചെറുപ്പക്കാരുടേയും  ചിത്രങ്ങള്‍  കണ്ടിട്ടുണ്ട്. അന്ന് ഗോപാലേട്ടന് ഒരു കൊച്ചു  ചായക്കടയുണ്ട്. മില്ല്  തുടങ്ങിയിട്ടില്ല. പുറത്ത് ഒരു മേശയും നാല് കൊച്ചു കസേരകളും.  പട്ടിണി ആയാലും പത്രം മുടക്കില്ല. ജനയുഗവും തനിനിറവും നിര്‍ബന്ധം.  അതിരാവിലെ സഖാവും അവിടെ കുറച്ചു നേരം വന്നിരിക്കും. കടുപ്പത്തില്‍  ഒരു  ചായയും രണ്ടു  ബീഡിയു, ഗോപാലേട്ടന്റെ  അര്‍ദ്ധപട്ടിണിക്ക് ഒരുപായം  പറഞ്ഞു കൊടുത്തതും  സഖാവ് തന്നെ. "ഗോപാലാ  നീ ബീഡി തെറുക്കാന്‍ പഠിക്ക്.. നിന്റെ കുടംബ  മഹത്വമോക്കെ അവിടെ നിക്കട്ടെ.." സഖാവിന്റെ  ഒരു  ആശ്രിതന്‍  നാലഞ്ചു ദിവസം ഗോപാലേട്ടന്റെ കടയിലിരുന്ന് അയാളെ  ഇലവെട്ടാനും  ബീഡി തെറുക്കാനും പഠിപ്പിച്ചു. വെറും ഒന്നര ഇഞ്ച് നീളമുള്ള  ഗോപാലേട്ടന്റെ ബീഡി പെട്ടെന്ന് നാട്ടില്‍ കാലുറപ്പിച്ചു. പുതുപ്പള്ളിയില്‍  നിന്നും കയര്‍  തൊഴിലാളികളും കെ പി എ സിയിലെ പുരുഷ താരങ്ങളും  ഇടയ്ക്കിടെ  കടയില്‍ വന്നു പോയി. വരുമാനം  കൂടിയതോടെ   ഗോപാലേട്ടന്റെ മകന്‍ സുജനപാലന്‍ എന്റെ  പഴയ കുപ്പായങ്ങളോടൊപ്പം പുതിയ ഉടുപ്പുകളും ധരിച്ചു തുടങ്ങി. നാടിന്റെ എല്ലാമെല്ലാമായ സ. കേശവന്‍ പോറ്റി സാര്‍ ആയിരുന്നു  ബീഡിയുടെ ഏറ്റവും  വലിയ പ്രചാരകന്‍. അവധി ദിവസങ്ങളില്‍ ഉച്ച നേരത്ത് തോപ്പില്‍ ആശാന്ബീ ഡിപ്പൊതി കൊടുക്കാന്‍  പോകുമ്പോള്‍ ഗോപാലേട്ടന്‍  എന്നെയും സുജന പാലനെയും  കൂട്ടും.. ഈ ബീഡി പൊതിയാണ് ഞങ്ങളുടെ എന്ട്രി പാസ്. സുലോചന ചേച്ചി എന്നെ കാണുമ്പോള്‍ ഓടി വരും. തുടുത്ത കവിളും നീണ്ട മുടിയുമുള്ള നാണക്കാരനായ എന്റെ  നെറ്റിയില്‍ അവര്‍  തുരു തുരെ  ഉമ്മ വെക്കും. അപ്പോള്‍ വാത്സല്യത്തിന്റെയും കുട്ടിക്കൂറാ പൌഡര്‍ന്റെ മണം മുറിയിലാകെ പടരും.  ചേച്ചി  തമാശ പറയും. "ഗോവാലഞ്ചേട്ടോ  ..ഇവനെ  എനിക്ക് തരാവോ...?" 

സുജനപാലനെ ചൂണ്ടി അയാള്‍ പറയും. "വേണോങ്കീ എവനെ എടുത്തോ ..ഇത്  മഠത്തിലെ കൊച്ചനാ". പോകും വഴി ഗോപാലേട്ടന്‍  പറഞ്ഞു. "കേരളം  ചുവപ്പിച്ചത് കൊറേ നല്ല  നേതാക്കമ്മാര്   മാത്രവല്ല. ഇവള്ടെം ജോര്‍ജിന്റെം ശബ്ദം  കൊണ്ട് കൂടിയാ ..അത്  പലരും മറന്നു...." സ്കൂളില്‍ പോകുന്ന നേരം  ഇടയ്ക്കിടെ സുലോചന ചേച്ചി ഗേറ്റില്‍ നിന്ന് കൈ വീശും. ഓണക്കാലത്ത് ഒരു ടര്‍ലിന്‍ ഷര്‍ട്ട് ഇട്ടു പൌഡര്‍ പൂശി നല്ല ഗമയില്‍ പോകുമ്പോള്‍ ചേച്ചി  കൈ മാടി വിളിച്ചു " മോനിങ്ങ് വന്നേ...    നെറ്റിയില്‍ ഉമ്മ വെച്ച്  എന്റെ  കാതില്‍ രഹസ്യം  പറയും പോലെ പാടി..."മിന്നുന്നതെന്താണയ്യയ്യ നിന്റെ  ... " അമ്മയില്ലാത്ത എന്റെ കാതില്‍ സംഗീതത്തിന്റെ  തേന്‍ മഴ ചൊരിഞ്ഞ ചേച്ചിയെ  ഞാനും ഇറുകെ കെട്ടിപ്പിടിച്ചു.

 പോറ്റിസാര്‍ കുട്ടികളോടും ഗൌരവത്തിലാണ് സംസാരിക്കുക. " കൊച്ചനേ.. ദേണ്ടെ..  നേരെ ചൊവ്വേ വല്ലോം  പഠിക്കാന്‍  നോക്കണം..ഇവിടെയിങ്ങനെ ചുറ്റി പറ്റി നടന്നാ പോര...." പോറ്റി സാറിനെ കുറിച്ച എന്തെല്ലാം  കഥകള്‍.  നാട്ടുകാരുടെ പ്രശ്നം കഴിഞ്ഞിട്ട് സാറിനു കുളിക്കാനും നനക്കാനും നേരമില്ല. നാലും കൂട്ടി  മുറുക്കുന്നവര്‍ക്ക്  ദന്തക്ഷാളനം അനിവാര്യമല്ല എന്നൊരു  തിയറി സാറിന്റെ പേരില്‍  അക്കാലത്ത്  നാട്ടില്‍ പ്രചരിച്ചിരുന്നു. മുഷിഞ്ഞ കാവി ഖദര്‍ ജൂബയും  മുണ്ടും  വേഷം. ഇടയ്ക്കിടെ കയ്യിലെ ചെളി ചൂണ്ടു വിരല്‍ കൊണ്ട് തേച്ചു തേച്ചു കസ്തൂരി  ഗുളിക  പോലെ ഉരുട്ടിയെടുക്കും. അവ അന്തരീക്ഷത്തിലേക്ക്  നീട്ടി തെറിപ്പിക്കും  അല്‍പ സമയം കിട്ടിയാല്‍  നാലാളെ കൂട്ടി ഏതെങ്കിലും. മരച്ചുവട്ടില്‍ ഇരുന്നു ചീട്ടു കളിക്കും. ആരെപ്പോള്‍ എന്ത് കാര്യത്തിന്  വിളിച്ചാലും കൂടെ ഇറങ്ങി ചെല്ലും. ചീട്ടു കളി  നിര്‍ത്തിച്ചു  കിട്ടാനാണ്‌ പ്രയാസം. പലപ്പോഴും അങ്ങനെ ഇറങ്ങുമ്പോള്‍ കളി തോറ്റ് ചെവിയില്‍ തൂക്കിയിരിക്കുന്ന ഈര്‍ക്കിലില്‍ കോര്‍ത്ത വെള്ളക്കാ കുണുക്കുകള്‍ ഊരി മാറ്റാന്‍  മറന്ന് പ്രസംഗ  വേദിയില്‍  വരെ  എത്തിയിട്ടുണ്ട്. ഒരിക്കല്‍   സഖാക്കള്‍ എല്ലാവരും  ചേര്‍ന്ന് പോറ്റി സാറിനെ  ബലാല്‍  കുളിപ്പിക്കുമ്പോള്‍  നാല് ബനിയനുകള്‍ ഇളകി വന്നു  എന്നാണു സ.  കാര്‍ത്തികേയന്‍ സൃഷ്ടിച്ച 'ഐതിഹ്യം'..

ബാല്യകാലം  എത്ര  ദീപ്തമായി ഓര്‍ക്കാന്‍  കഴിയുന്നു  !!! 

റാംജി ഇപ്പോള്‍ എവിടെ ആകും...? എന്തോ  ദുരൂഹത ഉണ്ട്. ഇന്നലെ  മുതല്‍  ഇത് വരെ ഒരിക്കല്‍ പോലും വിളിച്ചില്ല. പ്രലോഭാനവുമായി പലരും റാംജിയുടെ പിന്നാലെ ഉണ്ട്. കാല്‍ നൂറ്റാണ്ടിന്റെ ആദര്‍ശ പരിവേഷം അടിയറ വെച്ചാല്‍  പത്തു തലമുറയ്ക്ക് കഴിയാനുള്ള ഒരൊറ്റ ഡീല്‍ നടത്താം എന്ന്    വന്നാലോ..? റാംജിയും പച്ചയായ മനുഷ്യന്‍ അല്ലെ..? ആരെയും  കണ്ണടച്ച് വിശ്വസിച്ചുകൂടാ. അല്ലെങ്കില്‍  തന്നെ  ആദര്‍ശം എന്ന  വാക്ക് റാംജിക്ക് യഥാര്‍ഥത്തില്‍ യോജിക്കുമോ..? വിപ്ലവപ്രസ്ഥാനത്തെ വളര്‍ത്താന്‍ പാര്‍ട്ടി ഡല്‍ഹിയിലേക്ക് നിയോഗിച്ച ഫയര്‍ ബ്രാന്‍ഡ്   യുവനേതാവ്  എത്ര പെട്ടെന്നാണ് വര്‍ഗീയ  ഫാസിസ്റ്റുകളുടെ പിടിയില്‍ അകപ്പെട്ടത്...? റാംജിയുടെ പാര്‍ലമേന്ററി വ്യാമോഹങ്ങള്‍ എനിക്ക് പോലും തുടക്കത്തില്‍ മനസിലായില്ലല്ലോ..!!! പാര്‍ട്ടി നേതാവിന്റെ പ്രസ് സെക്രട്ടറിയായി തുടക്കം. നേതാവ് ധന മന്ത്രി ആയപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി. പ്രധാനമന്ത്രി ആയപ്പോള്‍ കാബിനറ്റ് റാങ്കുള്ള മന്ത്രി. ഇത് രണ്ടാം വട്ടം. എങ്കിലും റാംജി മതേതരത്വത്തിന്റെ അപ്പൊസ്തലനായി തുരു തുരാ പുസ്തകങ്ങള്‍ ഇറക്കി. എതിര്പക്ഷത്തിന്റെയും പ്രീതി നേടി.  പക്ഷെ  എപ്പോഴും ഒരു തരം അസഹിഷ്ണുത റാംജി യുടെ കണ്ണുകളില്‍ ചുരുണ്ട് കിടന്നു. എന്നാല്‍ റാംജി അരുതാത്ത  കാര്യങ്ങള്‍  ചെയ്തു അഴിമതിക്കാരന്‍ ആയി മാറും എന്ന് കരുതാനും വയ്യ....

ചീട്ടുകളി സംഘത്തിന്റെ മുന്നില്‍ ഇവിടെ വന്ന്പോറ്റി സാറിനോട്  യാത്ര പറഞ്ഞ  ദിവസം. ഒപ്പം  സുജനപാലനും.. ഇപ്പോഴും തെങ്ങില്‍ ആ കിളിക്കൂട് കാണാം.  മാളം  തെങ്ങിന്റെ വളര്ച്ചക്കൊത്ത് അല്പം  ഉയരത്തിലേക്ക് മാറി എന്ന് മാത്രം. അന്ന് സുജനപാലന്‍ കൂട്ടില്‍ നിന്ന് കൊച്ചു തത്തയെ  പിടിച്ച മെല്ലെ ഇറങ്ങി വരുമ്പോള്‍ പോറ്റി  സാര്‍ ക്ഷുഭിതനായി. " നിന്നെ ഇങ്ങനെ കഴുത്തില്‍ തൂക്കിയെടുത്തു കൊറേ പഴോം തന്ന്  കൂട്ടിലിട്ടാല്‍  നെനക്കെന്തോ തോന്നും..? കൊണ്ടുപോയി തിരിച്ചു വെക്കെടാ..."  .. പൊറ്റി സാറും സംഘവും  വിഹരിച്ചിരുന്ന നെല്ലിമര ചോട്ടിലെ ചീട്ടുകളിത്തട്ടില്‍ മുത്തങ്ങയും കറുകയും പരസ്പരം തൊട്ടു  നില്‍ക്കുന്നു. തൊട്ടടുത്ത ചൈനീസ് റസ്ടാറന്റില്‍ നിന്നും ഒരു ബംഗാളി ഓടിയെത്തി. ' ചിരപരിചിതനെ പോലെ അവന്‍  മൊഴിഞ്ഞു " സാര്‍നു നോട്ടവൊണ്ടോ .. ഈ സലം?. സാര്‍. ഇത് നമക്ക് ചുളു  വിലയ്ക്ക്  ഒപ്പിക്കാം. എന്നെയാ നോക്കാന്‍  ഏപ്പിച്ചിരിക്കുന്നെ" ബംഗാളി ഓണാട്ടുകരയുടെ വായ്മൊഴി പോലും  സ്വായത്തമാക്കിയിരിക്കുന്നു.  പറമ്പില്‍ അങ്ങിങ്ങായി പിഴുതു കൂട്ടിയിട്ടിരിക്കുന്ന  കമ്മ്യൂണിസ്റ്റ് പച്ചയുടെ  കൂമ്പാരം ചൂണ്ടി അയാള്‍ പച്ച മലയാളത്തില്‍ പരിദേവനപ്പെടുന്നു. "ഇതിങ്ങനെ എത്ര പിഴുതെടുത്ത്   കത്തിച്ചാലും നാല് ദേവസം കൊണ്ട് പിന്നേം  വളരും. വെള്ളോം  വാളോം  വേണ്ട. "
പഴയ കെ പി എ സിയുടെ നേരെ എതിര്‍ വശത്തായിരുന്നു ഗുപ്തന്‍  നായര്‍ സാറിന്റെ തറവാട്. . അരത്താലില്‍ രാജവര്‍മനും ശിവശങ്കര പിള്ളയും ചാവടി ശങ്കര പിള്ളയും  മറ്റും ചേര്‍ന്ന് ഗുപ്തന്‍ നായര്‍ സാറിനെ കണ്ടു സൌജന്യമായി വാങ്ങിയ സ്ഥലത്താണ് യുവജന സംഘടന ഗ്രന്ഥശാല.  നാടിന്റെ എന്നത്തെയും  സാംസ്കാരിക കേന്ദ്രം. കുട്ടികള്‍ ഇന്നും  അത് ഏറെക്കുറെ ഭംഗിയായി കൊണ്ട് പോകുന്നു. ഒരു  കാലത്ത് ഇവിടം  തമിഴ് ബ്രാഹ്മണരുടെ കേന്ദ്രമായിരുന്നത്രേ. ഇന്ന് മരുന്നിനു പോലും ചുറ്റുവട്ടത്ത്  ഒരു  പട്ടരില്ല. ദിവാന്‍  രാമസ്വാമി യുടെ ബന്ധുവായ തട്ടുടുത്ത് കോട്ടിട്ടു തലപ്പാവ് വെച്ച് നെറ്റിയില്‍ നാല് നിലയില്‍ ഭസ്മം പൂശിയ  ഒരു പെരിയ വക്കീല്‍ കോതണ്ഡ സ്വാമി ആദ്യകാലത്ത്  ജട്കാ വണ്ടിയിലും പിന്നീട് മോറിസ് മൈനറിലും പൊടി പറത്തി പായുമ്പോള്‍ നിരത്തില്‍ ഒരു  കാളവണ്ടി പോലും  ഉണ്ടായിക്കൂടാ. വേണാട്ടരചന്റെ കുതിരകളുടെ ചിന്നം വിളി പോലെ ഒരു ചിലമ്പിയ ശബ്ദം. ഏതോ വോള്‍വോ വണ്ടി ഒരു വൃദ്ധയെ രക്ഷിക്കാന്‍  സഡന്‍ ബ്രേക്കിട്ടതാണ്.. തെരുവോരത്ത് ഒരു കോറസ് മുഴങ്ങുന്നു. " റാം റാം സത്യ് ഹേ...റാം നാം സത്യ് ഹേ " ഏതോ  തെരുവ് കച്ചവടക്കാരന്റെ നാല്‍ചക്ര വണ്ടിയില്‍ ഒരു വൃദ്ധന്റെ മൃത ദേഹം. മുന്നില്‍ ഒരു യുവാവ് ധൂപം പുകയുന്ന കുടവുമായി നടക്കുന്നു.ഇതും ബംഗാളിയോ ബീഹാറിയോ  ആകണം

ബിനിതയോടൊപ്പം     ഇത്ര   കാലമായിട്ടും ബംഗാളി കഷിടിച്ചു  പറയാനേ  കഴിയൂ. അവള്‍  മലയാളം മണി മണി  പോലെ പറയും. എന്നാലും  വല്യമ്മക്ക്  ബല്യമ്മയെന്നും കല്യാണത്തിന് കൊല്യാണമെന്നുമേ  പറയൂ. റാംജിയോടോപ്പമല്ല  യാത്ര  എന്നറിഞ്ഞാല്‍ എന്തായിരിക്കും  അവള്‍  ചിന്തിക്കുക?  വായന  ശാലയും  കഴിഞ്ഞു  പഴയ പാലം കടന്നു ഒരു തട്ടുകടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. ആകെയുള്ള വേര് ഗോപലേട്ടനാണ്. എവിടെ നിന്നോ വെളിച്ചെണ്ണ ആട്ടുന്ന മണം വരുന്നുണ്ടോ..? അന്നൊക്കെ ഗോപാലേട്ടന്റെ കണ്ണ് തെറ്റിയാല്‍ ഞാനും  സുജനപാലനും  ഗുലാനാകും. എണ്ണപ്പാട്ടകളില്‍ നിറച്ചു വെച്ച  തേങ്ങാ പിണ്ണാക്കും കടലപ്പിണ്ണാക്കും ഞങ്ങള്‍  നിക്കറിന്റെ കീശകളില്‍  വാരി നിറയ്ക്കും. ഇരട്ടമാവിന്റെ താഴേക്കൊമ്പിലിരുന്നു കിളിച്ചുണ്ടന്‍ ബിസ്കറ്റ് പോലെ ഓരോ കഷണവും പല കുറി മണത്ത്   ആസ്വദിച്ചു തിന്നും. " ഭാരതിയേ.. ഈ  കൊച്ചന്‍   പിണ്ണാക്കെല്ലാം വാരിത്തിന്നു ചോറുണ്ണുന്നില്ലാന്നാ മഠത്തിലമ്മ പറഞ്ഞെ... ഒന്ന് കണ്ണ്  വെച്ചോണെ"  ഭാരതിയമ്മ ചിരിക്കും " പുള്ളാരല്യോ അവര്‍ക്ക് ദേനക്കെടോന്നും വരത്തില്ല. മക്കള് വീട്ടീ  പോയി ചോറുണ്ണണെ...." മില്ലിന്റെ  സ്ഥാനത്ത് ഒരു വലിയ രണ്ടു നില കെട്ടിടം. പുറത്ത് ഒരു  വൃദ്ധ  തുണികള്‍ വിരിക്കുന്നുണ്ട്‌. തൊട്ടടുത്തു വിറക് പുര പോലെ ഷീറ്റിട്ട ഒരു ചെറിയ ഷെഡ്‌ഡും കാണാം.     ദോശകള്‍  ശരവേഗത്തില്‍ മറിച്ചിട്ടുകൊണ്ട് പയ്യന്‍ പരിതപിച്ചു. "ഗോപാലേട്ടന്‍  തീരെ കെടപ്പാ..കെടത്തി കഷ്ടപ്പെടുത്താതെ അങ്ങ്  മേപ്പോട്ട് വിളിച്ചാ മതിയാരുന്നു. ആ വീട്ടിലെ ജോലിക്കാരി ഉച്ചക്ക് എന്തെങ്കിലും കൊണ്ട് കൊടുക്കും. രാത്രി ഞാന്‍ പോയി വല്ല വിധത്തിലും രണ്ടു ദോശ തീറ്റിക്കും. പോക്കറ്റടീം അടിപിടീമായി നടന്ന എനിക്ക് ഈ കൈവണ്ടീം വേടിച്ചു തന്ന്   ജീവിക്കാന്‍ പഠിപ്പിച്ചത് ഗോവാലഞ്ചേട്ടനാ.... ഇപ്പം കെടക്കുന്ന കെടപ്പ് കാണാമ്മയ്യ..." ലുങ്കിത്തലപ്പ് കൊണ്ട് കണ്ണ് തുടച്ച് പയ്യന്‍ ആരാഞ്ഞു " അതിരിക്കട്ടെ... സാറെവിടുന്നാ...? " വെറുതെ പുഞ്ചിരിച്ചു. " എനിക്കൊന്നു കാണാന്‍ പറ്റുവോ ..? " " .. അയിനെന്താ  വന്നാട്ട്".. അയാള്‍  ഗ്ലാസ് കഴുകുന്ന പയ്യന്  ചാര്‍ജ് കൊടുത്ത് ഒപ്പം  വന്നു. ഷെഡിനുള്ളില്‍ ഒരു ഇരുമ്പു കട്ടിലില്‍ ഒരു മനുഷ്യക്കോലം മറുവശം ചരിഞ്ഞ് അരിവാള് പോലെ കിടക്കുന്നു. കനച്ച എണ്ണയുടെ മണം...  പയ്യന്‍  തട്ടി വിളി ച്ച് ഗോപാലേട്ടനെ മലര്‍ത്തിക്കിടത്തി. എവിടെയും നോട്ടമുറപ്പിക്കാത്ത പീളയടിഞ്ഞ കണ്ണുകള്‍ മലര്‍ക്കെ തുറന്നിരിക്കുന്നു. വലം കൈ പിടിച്ച്  മെല്ലെ  തലോടിയപ്പോള്‍ ഒന്നിമവെട്ടി എന്റെ  മുഖത്തേക്ക് തറപ്പിച്ച് നോക്കി  പിന്നെ  മെല്ലെ  ആയാസത്തോടെ ഒന്ന് പുഞ്ചിരിച്ചു. ചുണ്ടുകള്‍ വിറക്കുന്നുണ്ട്‌. കണ്ണില്‍ നനവ്‌ പടരുന്നു...  " കുഞ്ഞേ... നീ ..നീ  നേരിയ  ശബ്ദത്തില്‍ ഗോപാലേട്ടന്‍ സംസാരിച്ചു തുടങ്ങി. " നമ്മടെ സഖാവ് കൃഷ്ണന്‍ കുട്ടി ഒന്നും  കാണാതെ  എന്നെ ഈ പരുവത്തില്‍ കെടത്തത്തില്ല. നിന്നെ ഒന്ന് കാണണം എന്ന് വല്ലാത്ത  മോഹവാരുന്നു" . പക്ഷെ വാസ്തവത്തില്‍ സ. കൃഷ്ണന്‍ ഗോപാലെട്ടനോട്  നീതി  പുലര്‍ത്തിയോ..? കൈ കൂപ്പി സ്തുതി   പാടാറില്ലെങ്കിലും ഗോപാലേട്ടന്ടെ നെഞ്ചകം എന്നും  കൃഷ്ണപുരത്തപ്പനെ ചുമന്ന് നടന്നു.. സമയം  കിട്ടുമ്പോളൊക്കെ ക്ഷേത്രത്തിലെ  പ്രദക്ഷിണ വഴിയിലെ പുല്ലുകള്‍  പറിച്ചു നീക്കി.. ദിവസേന പ്രസാദം കൊടുക്കാനുള്ള ഇലക്കീറുകള്‍ എത്തിച്ചു കൊടുത്തു.. ബീരാന്‍ കുഞ്ഞ് മുസലിയാരുടെ കടയില്‍ നിന്നും ഒന്നാം തരം ചന്ദന മുട്ടി വാങ്ങി ശാന്തിക്കാരന് കൊടുത്തുഎന്നിട്ടും ഇരുപത്തി രണ്ടാം വയസ്സില്‍ നിയമ വിദ്യാര്‍ഥി ആയിരുന്ന സുജനപാലന്‍ ആദിവാസി സമരത്തിന്ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു ജാഥ നയിച്ചത്തിന്റെ  തൊട്ടടുത്ത  രാത്രി  എതിര്‍ കക്ഷിക്കാരുടെ വെട്ടും കുത്തുമേറ്റു പിടഞ്ഞു മരിച്ചു.  ഏറെ വൈകാതെ ഭാരതിയമ്മ മഹാ രോഗിയായി. രണ്ടു മുലകളും നീക്കം ചെയ്യപ്പെട്ട ഭാരതിയമ്മ ഒരു ദിവസം ഗോപലെട്ടനോട്   ഫലിതം പറഞ്ഞു " ഇനിയിപ്പം നട്ടുച്ചയ്ക്ക് എനിക്കും നിങ്ങളെ പോലെ ഒറ്റമുണ്ടുടുത്ത്  കിണറ്റിങ്കരയില്‍ നിന്ന് കുളിക്കാം " പിന്നെ വെറും രണ്ടു മാസം.  ഒരു വേദനക്കാറ്റില്‍ അവരും പൊലിഞ്ഞു. റാംജിയാണ്  അന്ന്  ഈ  രണ്ടു വേര്പാടുകളെയും പറ്റി പറഞ്ഞത്.  



ഞാന്‍  അടുത്തിരിക്കുമ്പോള്‍ ഗോപാലേട്ടന്റെ കണ്ണുകളിലെ പ്രകാശം ജീവോര്‍ജമായി പരിണമിച്ച് മെയ്യാകെ  പടര്‍ന്നു കയറുന്നു. കട്ടിലിന്റെ തലയ്ക്കല്‍ പിടിച്ച് മെല്ലെ എഴുനേറ്റു നിവര്‍ന്നിരിക്കുന്നു.വിറയാര്‍ന്ന ശബ്ദത്തിന്റെ സ്കെയില്‍ നേര്‍  രേഖയിലൂടെയാകുന്നു.   പിറ്റേന്ന്  രാവിലെ പയ്യന്റെ സഹായത്തോടെ  ഗോപാലേട്ടന്‍ കിണറ്റങ്കരയിലിരുന്ന് ഇളം ചൂട് വെള്ളത്തില്‍ കുളിച്ചു. മെല്ലെ ചുവടു വെച്ച് വന്ന് കാറിന്റെ മുന്‍ സീറ്റില്‍ ഇടം പിടിച്ചു. കെ പി എ സി ജംഗ്ഷനില്‍ എത്തിയപ്പോള്‍ ഇളം വെയിലില്‍ പാറിക്കളിക്കുന്ന ചെങ്കൊടിയിലേക്ക് . പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയും പോലെ ഒന്ന് തലയുയര്‍ത്തി നോക്കി അനന്തരം കഴുത്തില്‍ കുരുക്ക് ചാര്‍ത്തപ്പെട്ടവനെപോലെ ആ മുഖത്തെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി. പിന്നെ അവ മെല്ലെ അയഞ്ഞ് ഒരു നേര്‍ത്ത പുഞ്ചിരിക്ക് വഴി മാറി.. ഗോപാലേട്ടന്റെ ഇടത്തെ വിരലുകള്‍ ഏതോ മൌനഗീതത്തിന്  താളം പിടിക്കുന്നു.  അവിടെ നിന്നും നേരെ കൃഷ്ണപുരത്തപ്പന്റെ നടയിലേക്ക്. പഴയ ദേവസ്വം ബോര്‍ഡ് മെംബര്‍ ചേലകം ഗോവിന്ദന്‍ നമ്പൂതിരി ഉച്ചത്തില്‍ കൈകൂപ്പി  പ്രാര്‍ഥിക്കുന്നു. ശത്രുസംഹാരത്തിന് ദ്വാരകേശന് കാണിക്കയിട്ട് കൊട്ടേഷന്‍ കൊടുക്കാന്‍  വേണ്ടി മാത്രമാണ് അയാള്‍  വരാറ്. അതറിയുന്ന മറ്റൊരു നമ്പൂതിരി ശ്രീകോവിലില്‍ കണ്ണന്‍റെ കണ്ണും കാതും മൂടി വിഗ്രഹം  മറഞ്ഞിരുന്ന് ചന്ദനം ചാര്‍ത്തുന്നു. ഉച്ചഭാഷിണിയിലൂടെ സഹസ്രനാമം  മുഴങ്ങുന്നു..." അനേക രൂപ രൂപായ വിഷ്ണവേ പ്രഭ വിഷ്ണവേ..."  ഗോപാലേട്ടന്‍ ഒരു നിമിഷം  ചെറു കാറ്റില്‍ സന്തോഷം കൊണ്ട് ത്രസിക്കുന്ന ആലിലക്കൂട്ടം നോക്കി നിന്നു. പിന്നെ  കൊടിമരത്തിന്റെ ഉച്ചിയിലേക്ക് ഒന്ന് കണ്ണെറിഞ്ഞു. ശേഷം വിഷാദഹാസത്തോടെ അയാള്‍ മന്ത്രിച്ചു." കൃഷ്ണന്‍ കുട്ടീ.....സഖാവേ.. നീ ഞാന്‍ വിചാരിച്ച പോലെ എന്നെ കൈവിട്ടില്ല.  എനിക്ക് കൊള്ളി വെക്കാന്‍ ഇവനെ തന്നെ  അവസാന കാലത്ത് കൊണ്ടുത്തന്നല്ലോ.. ലാല്‍ സലാം." എന്റെ കൈ പിടിച്ച് പടികളിറങ്ങി കാറില്‍ കയറും മുന്‍പ് പൊടുന്നനെ ഇറുകെ കെട്ടിപ്പുണര്‍ന്നുകൊണ്ട് ഗോപാലേട്ടന്‍ തേങ്ങി .." നീ  എന്റെ   സുജനപാലന്‍ തന്നെ .."  

  ഷെഡഡില്‍ എത്തി ഞങ്ങള്‍  മാത്രമായപ്പോള്‍ തലയണച്ചോട്ടില്‍ നിന്നും ഒരു താക്കോല്‍ കൂട്ടം സമ്മാനിച്ച്‌ കൊണ്ട് ഉന്മേഷഭരിതനായി  ഗോപാലേട്ടന്‍ പറഞ്ഞു.. "ഇത് നിനക്കുള്ള സമ്മാനം. എന്റെ വകയല്ല. നിന്റെ അച്ഛന്‍ അനന്തന്‍ മേനോന്റെ മഠത്തില്‍ തറവാടിന്റെ... " ക്ഷോഭം നിയന്ത്രിക്കാനായില്ല. എനിക്ക് വേണ്ട  അയാളുടെ ഒന്നും..ഗോപാലേട്ടന്‍ ഇനി അയാളുടെ പേര്‍ ഉച്ചരികരുത്.." ഗോപാലേട്ടനും കഴിയുന്നത്ര  ശബ്ദം ഉയര്‍ത്തി " നീ കേട്ടേ  ഒക്കത്തോള്ളൂ.. സ്വന്തം  ഭാര്യയെ കൊന്നു കിണറ്റിലിട്ട ആള്‍ എന്നല്ലേ നിന്നെ നാട്ടുകാര്‍ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്..? എന്നാല്‍ സത്യം അതൊന്നുവല്ല. കല്യാണം  കഴിഞ്ഞ് നാല് കൊല്ലം കഴിഞ്ഞിട്ടും പഴയ കാമുകന്‍ ദിവസവും സന്ദര്‍ശനം തുടര്‍ന്നാല്‍ നീ ആണെങ്കില്‍ എന്ത് ചെയ്യും...? പ്രകടിപ്പിക്കാന്‍ അറിയില്ലെങ്കിലും നിന്നോട് അനന്തന് എന്തോരിഷ്ടവായിരുന്നു..!!! നിന്നോട് ഒരിക്കലും പറയരുത് എന്ന് വിചാരിച്ചതാ.. എങ്കിലും... നീ ഞെട്ടരുത്. നിനക്ക് ഏഴെട്ടു  വയസുള്ളപ്പോള്‍ പട്ടാപ്പകല്‍ അനന്തന്‍ കണ്ട കാഴ്ച അവന്‍ വേദനയോടെ എന്നോട് പറഞ്ഞിട്ടുണ്ട്, നിന്റമ്മയെ അയാള്‍ കൊന്നതല്ല  കുറ്റബോധം കൊണ്ടുള്ള അവരുടെ കര്‍മ്മം തന്നെയാ.. നീ പോയ ശേഷവും നിന്നെ കുറിച്ചു എപ്പോഴും  പറയുമായിരുന്നു. മരിക്കും മുന്‍പ് ഒന്ന് കാണണമെന്ന് മോഹിച്ചിരുന്നു. കൈലാസ് രാമന്‍ നിര്‍ബന്ധിച്ചിട്ടു പോലും അനന്തന്റെ അന്ത്യ കര്‍മ്മത്തിനും   നീ വന്നില്ല..." നേര്‍ത്ത കിതപ്പോടെ ഗോപാലേട്ടന്‍ ഓര്‍മ്മകള്‍ക്ക് കൈ വിലങ്ങിട്ടു

 നിര്‍ബന്ധമായി പിടിപ്പിച്ച താക്കോല്‍ കൂട്ടം കയ്യിലിരുന്നു വിറക്കുന്നു. ഒന്നും മിണ്ടാതെ പുറത്തിറഞ്ഞി. മഠത്തില്‍ തറവാട്ടില്‍ രണ്ടു കൊല്ലമായി ആള്‍ പാര്‍പ്പില്ല എന്ന് തോന്നുകയില്ല. ഗോപാലേട്ടന്‍ എല്ലാം വേണ്ട പോലെ പരിപാലിച്ചു കാണും. പൂമുഖത്തോട് ചേര്‍ന്ന അച്ഛന്റെ പുസ്തക  മുറിയില്‍ കയറി. ചുവരില്‍ ഞാനും അമ്മയും നന്നായി ചിരിച്ചുകൊണ്ട് ഗൌരവക്കാരനായ അച്ഛന്റെ ഇരുപുറത്തും നില്‍ക്കുന്ന ഒരു ഫോട്ടോ..തൊട്ടടുത്തു വലിയ കാന്‍വാസില്‍ അമ്മൂമ്മ. തെല്ലു പൊടി പിടിച്ച കണ്ണട മേശപ്പുറത്തെ ശബ്ദതാരാവലിയുടെ മേല്‍ കാലുകള്‍ നീട്ടി കിടക്കുന്നു. ഗ്രന്ഥം  തുറക്കുമ്പോള്‍ ആദ്യത്തെ പേജില്‍ എന്‍സിസി യൂണിഫോമിട്ട എന്റെ ബാല്യ കാല ചിത്രം....   പടിയിറങ്ങി ലോഡ്ജു മുറിയിലെത്തി. പോകും വഴി ഡ്രൈവറോട് പറഞ്ഞു. " മിക്കവാറും ഞാന്‍ നാളെ തന്നെ മടങ്ങും..."   രാത്രി നന്നേ വൈകിയിട്ടും ഉറക്കം വരാതെമലര്‍ന്നു കിടന്നു. റാംജിയുടെ ഒരു വിളി പോലും വന്നില്ല. റാംജിക്ക് എല്ലാം അറിയാം. അതുകൊണ്ടാവണമല്ലോ നാളിതു വരെ സ്വന്തം അനുജനായി തന്നെ എന്നെ സംരക്ഷിച്ചു വന്നത്.... ഇനി വീണ്ടും രാജധാനിയിലെ റോബോട്ട് ജീവിതത്തിലേക്ക് മടങ്ങണോ.? എത്ര  നന്മകള്‍ ഉണ്ടായിട്ടും അച്ഛന്റെനാടിനെ സ്നേഹിക്കാന്‍ കഴിഞ്ഞിരുന്നില്ല.. അച്ഛന്‍ ഇവിടെയുണ്ട് എന്ന ഒറ്റ കാരണത്താല്‍. ബിനീത ഇപ്പോഴും പറയും. അര്ര്‍ക്ക് വേണ്ടിയാണ് നമ്മള്‍ ഇങ്ങനെ ഒട്ടകത്തെ പോലെ പണി എടുക്കുന്നത്..? ഉള്ള സമ്പാദ്യവുമായി നമുക്ക് നിങ്ങളുടെ നാട്ടിലേക്ക് പോകാം. പാവലും പടവലവും നട്ടു വളര്‍ത്തി നമുക്കവിടെ ശുദ്ധ വായു ശ്വസിച്ചു ശാന്തമായി കഴിയാം... അങ്ങിനെ തന്നെ ആയാലോ..? ഒപ്പം ഗോപാലേട്ടനെയും കൂട്ടാം.    

ഒന്ന് മയങ്ങുമ്പോള്‍ വാതിലില്‍ മുട്ടുന്ന ബെയറര്‍. " സാര്‍ ആരോ കാണാന്‍ വന്നിരിക്കുന്നു " സ്റെയര്‍കേസില്‍ നിന്നേ കണ്ടു. തട്ടുകടയിലെ പയ്യന്‍. അവന്‍ നന്നേ അസ്വസ്ഥനാണ് " സര്‍...നമ്മുടെ  ഗോപാലേട്ടന്‍..!!  രാത്രി ഭക്ഷണം കഴിഞ്ഞു കിടന്നതാണ്. രാത്രി പത്തരയോടെ വല്ലാത്ത ശ്വാസംമുട്ടല്‍. മാത്യൂ ഡോക്ടറെ കൊണ്ടുവന്നു. പക്ഷെ..." മുകളിലേക്ക് നോക്കിയുള്ള ഗോപാലേട്ടന്റെ കിടപ്പ് കണ്ടാല്‍ അവിടെ ഒരു ചെങ്കൊടി പാറിപ്പറക്കുന്നുണ്ട് എന്ന് തോന്നും.. ഗള്‍ഫ്കാരന്‍ ഷഡിന്റെ പിന്നില്‍ തന്നെ ചിതയൊരുക്കാന്‍ അനുമതി തന്നു. കര്‍മ്മങ്ങളെല്ലാം കഴിഞ്ഞു ഏറെ നേരം  ചിതക്ക്‌ മുന്നില്‍ നിന്ന്. പൊന്നരിവാളമ്പിളി ഗോപാലേട്ടന്റെ ചിതക്കുമീതെ മെല്ലെ ചലിച്ചു കൊണ്ടിരുന്നു. ഏക താരകം മൌനം പൂണ്ടു കണ്ണ് ചിമ്മി. ഒടുവില്‍ ചിതയിലെ അഗ്നി ഒതുങ്ങി നെഞ്ചിന്‍ കൂടിലെ ചുവന്ന കനല്‍ ചില്ലകളെ നോക്കി മുഷ്ടി  ഉയര്‍ത്തി ഉച്ചത്തില്‍ പറഞ്ഞു. ലാല്‍ സലാം സഖാവേ...   മടങ്ങുമ്പോള്‍ കെ പി എ സിയുടെ കവാടത്തില്‍ നേരിയ നിലാവില്‍ ഒരാള്‍ രൂപം. ചുണ്ടില്‍ ഒരു കുള്ളന്‍ ബീഡി കത്തിയെരിയുന്നു ചൂണ്ടു വിരല്‍ കൊണ്ട് ഇടം കയ്യില്‍ നിന്നും കസ്തൂരി ഗുളികകള്‍ ഉരുട്ടിയെടുക്കുകയാണ് പോറ്റി സാര്‍. " എന്തുവാ കൊച്ചനെ ഈ പാതിരായ്ക്ക് തേരാ പാരാ നടക്കുന്നെ' പടിവാതിലില്‍ വക്കീല്‍ കുപ്പായമിട്ട് നില്‍ക്കുന്ന സുലോചന ചേച്ചി. " ഈ കൊച്ചനെ എനിക്ക് തരുവോ ഗോവാലഞ്ചേട്ടാ ..."   റിസപ്ഷന്റെ ഇടതു വശത്തുള്ള ഗ്രന്ഥപ്പുരയില്‍ വെളിച്ചമുണ്ട്. മൂന്നാല് പേര്‍ വട്ടത്തിലിരിക്കുന്നത് തുറന്നിട്ട  ജാലകത്തിലൂടെ കാണാം. പണ്ടിവര്‍ സംഘമായി റാംജിയെ കാണാന്‍ വന്നിട്ടുണ്ട്. സിക്രട്ടറി ഷാജഹാന്‍ വക്കീലും ഗോപാലകൃഷ്ണ പിള്ളയും പിന്നോരാളും മധ്യത്തില്‍ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച സാക്ഷാല്‍ റാംജിയും !!!!! ചുറ്റും കുറെ പഴയ ബ്ലാക്ക് ആണ്ട് വൈറ്റ് ആല്‍ബങ്ങള്‍.ജനാര്‍ദന കുറുപ്പിന്റെയും പോറ്റി സാറിന്റെയും സുലോചന ചേച്ചിയുടെയും ജോര്‍ജിന്റെയുമോക്കെ ചിത്രങ്ങള്‍..

അനുമതി ചോദിക്കാതെ ഉള്ളിലേക്ക് കടന്നു ചെന്നപ്പോള്‍ റാംജിയുടെ മുഖത്ത് ഒരേ സമയം അത്ഭുതവും ആഹ്ലാദവും നിറഞ്ഞു. റാംജി മൊഴിഞ്ഞു. " നീ നമ്മടെ സി ബി ഐക്കാരെയും വെല്ലുന്ന സി ഐ ഡി നസീര്‍ ആണല്ലോ ..താമരെ.."
ഒട്ടും ചിരി  വന്നില്ല. റാംജിയെ അടിമുടി നോക്കി മൌനം നുണഞ്ഞു നിന്നു. റാംജി തുടര്‍ന്നു " നിന്നെ ഇക്കുറി യു പി വഴി രാജ്യസഭയിലേക്ക്  കടത്തണം എന്ന് ഞാന്‍ പി എമ്മിനോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ തത്കാലം ഒരു ബ്രേക്ക് എടുക്കുന്നു... കുറച്ചുകാലം ഇവരുടെയൊക്കെ ഒപ്പം...."

" ഞാനും" പെട്ടെന്നായിരുന്നു എന്റെ പ്രതികരണം
മുറിയില്‍ നിന്നും ഞങ്ങള്‍ പുറത്തിറങ്ങി. വഴിവിളക്കിന്റെ മഞ്ഞ വെളിച്ചത്തില്‍ തെരുവ് നഗ്നത പുതച്ചു കിടക്കുന്നു.
ഗേറ്റ് വരെ എത്തിയപ്പോള്‍ എനിക്ക് ഒന്ന് കരയാന്‍ തോന്നി. " ചേട്ടാ" ഞാന്‍ പതിയെ വിളിച്ചു. പെട്ടെന്ന് ഞാനാ നെഞ്ചിലേക്ക് വീണു.
അപ്പോള്‍.... ഉള്ളില്‍ റിഹേര്‍സല്‍ ക്യാമ്പിന്റെ ഇടവേളയാകണം.... ഒരു പഴയ പാട്ട് മുഴങ്ങുന്നു.....


"തുഞ്ചന്‍ പറമ്പിലെ തത്തേ വരൂ ... പഞ്ചവര്‍ണ്ണക്കിളി തതത്തേ........"

ആന്റി നാഷണല്‍

സുരേഷ് വര്‍മ.


സരസ്വതി  അമ്മ  ടീച്ചര്‍  നിന്ന്  വിറക്കുകയാണ്..
അവര്‍  കമല്‍ വാസുദേവന്‍റെ കോളറില്‍ പിടിച്ചിട്ടുണ്ട്.
ഉന്തിത്തള്ളി അവനെ  അവര്‍ ഹെഡ് മാസ്ടറുടെ മുന്നില്‍  നിര്‍ത്തി..
സര്‍... ഉടന്‍  പോലിസിനെ  വിളിക്കണം ... ഇവന്‍  രാജ്യദ്രോഹി  ആണ്.."
ഹെഡ് മാസ്റര്‍  കണ്ണടയുടെ  മുകളിലൂടെ കമലിന്‍റെ മുഖത്തേക്ക് മെല്ലെ  ഒന്ന്  പാളി നോക്കിബോട്ടപകടത്തില്‍ മാതാപിതാക്കള്‍ മരിച്ചതോടെ നാല്  കൊല്ലം  പഠിത്തം  നഷ്ടപ്പെട്ട  പയ്യനാണ്ഏതോ  പാവം കോടീശ്വരന്‍റെ  സഹായത്തോടെയാണ് അവനിപ്പോള്‍  പഠിക്കുന്നത്.
പകരം  അയാളുടെ  വീട്ടുപണികള്‍ പാതിയും  അവന്‍  ചെയ്യണം. നല്ല  പ്രസംഗകന്‍...നന്നായി കവിത എഴുതും.
ശാന്തനാണ്. . മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ക്കൊപ്പമൊന്നും കണ്ടിട്ടില്ല. എങ്കിലും  അവന്റെ  കണ്ണുകളില്‍ എപ്പോളും  ഒരു  ചുവന്ന തിരിനാളം കത്തി നിന്നിരുന്നു. സ്കൂളിന്‍റെ വലിയ നടുമുറ്റം ഒന്നാം തരം പുല്‍മേടാക്കിയത് ഇവന്‍റെ നേതൃത്വത്തിലാണ്.

എന്താ  സരസ്വതി  അമ്മ സാറേ  കാര്യം..? " ഹെഡ് മാസ്റര്‍ ഈര്‍ഷ്യയോടെ  ആരാഞ്ഞു.
"സാറിതൊന്ന്  നോക്ക്പച്ച  പുറം  ചട്ടയുള്ള ഒരു  നോട്ട് ബുക്ക് അവര്‍  മേശപ്പുറത്തേക്ക്  വലിച്ചെറിഞ്ഞു.
ഹെഡ് മാസ്റര്‍ പതിയെ  താളുകള്‍ മറിച്ചു. അങ്ങിങ്ങ് ചുവന്ന മഷി കൊണ്ട്  അടിവരയിട്ടിട്ടുണ്ട്. തീയതിയിട്ട  ഡയറി കുറിപ്പുകള്‍  ആണ്.മുന്നൂറു പേജെങ്കിലും  വരുന്ന ഡയറിയില്‍ ഏറിയാല്‍  നാലഞ്ചിടത്തു മാത്രം  ചുവന്ന  അടിവരകള്‍..
ടീച്ചര്‍ ചാര്‍ത്തിയ ചുവന്ന  വരകളുടെ  മുകളിലൂടെ  മാത്രം ഹെഡ്മാസ്ടറുടെ കണ്‍മുനകള്‍  ചരിച്ചു. " ....അടുത്ത ജന്മം എനിക്കു വാസിം  അക്രം  ആകണം  എത്ര ചടുലവും കാവ്യാത്മകവുമായാണ്‌  അയാളുടെ  ബൌളിംഗ്.. സച്ചിനെ  പോലും  വിറപ്പിച്ച  യോര്‍ക്കറുകള്‍......."

"...കണ്ടോ  ...കണ്ടോ  സാറേ... ഭാരത രത്നം സച്ചിനെ സ്ഥിരമായി  ഉപദ്രവിച്ച  പാക്കിസ്ഥാനിയാ  എവന്‍റെ ഇഷ്ട താരം..!!!! " 
അയിനെന്താ..?" ഹെഡ്മാസ്റര്‍ നിഷ്കളങ്കമായി ചോദിച്ചു.
.. നിങ്ങളും  നാലാം  വേദമാണല്ല്... നിങ്ങക്കങ്ങനേ  തോന്നത്തോള്ളു... ഹെഡ്  മാസ്റര്‍  മൌനം  പുതച്ചുകൊണ്ട്  താളുകള്‍  മറിച്ചു.

....  ഇന്നലെ  കോവളം  ബീച്ചില്‍  കുറെ  പാക്കിസ്ഥാനികളെ  പരിചയപ്പെടാന്‍  ഇടയായി. അവിടുത്തെ  സാധാരണ  മനുഷ്യര്‍ എത്രയോ  നല്ലവരാണ് എന്ന്  തോന്നിപ്പോയി.... കസബിന്‍റെ  മുഴുപ്പട്ടിണിയെ ആണ് തീവ്രവാദികള്‍  ചൂഷണം  ചെയ്തത്....
.... ഹുസ്സൈന് മുന്‍പോ അതിനു ശേഷമോ അതുപോലെ  ഒരു  ചിത്രകാരന്‍  ഉണ്ടായിട്ടില്ല... ഇനി  ഉണ്ടാകുകയുമില്ല....
ഉറഞ്ഞു  തുള്ളുന്ന സരസ്വതി അമ്മ  സാറിനു പിന്തുണയുമായി മലയാളം താമരാക്ഷന്‍ സാറും  ഭൌതിക ശാസ്ത്രം  ഭാനുമതീ രാഘവനും ഓടിയെത്തി. പിന്നെയും  അധ്യാപകര്‍ കടന്നു  വന്നുകൊണ്ടിരുന്നു..എല്ലാവരും  ഹെഡ് മാസ്ടറെ ഘരാവോ ചെയ്യും പോലെ ചുറ്റും വളഞ്ഞു നിന്ന്  ആക്രോശിക്കുന്നു.. "  പോലീസിനെ  വിളിക്കുക...ഇവനെ  ഉടനടി കൈമാറുക.."  വാക്കുകള്‍ക്കു  മുദ്രാവാക്യത്തിന്‍റെ സ്വഭാവം  കൈവന്നതോടെ ഒരു  പിന്തുണ  തേടി  ഹെഡ് മാസ്റര്‍ ചുറ്റും  നോക്കി. ഒന്നും  കേള്‍ക്കാത്തത്  പോലെ  അറബിസാര്‍ തന്‍റെ ഉറുമാല്‍ നെറ്റി  മറച്ചു  കെട്ടി  മെല്ലെ  ഗേറ്റിനു  അഭിമുഖമായി  നടന്നു. ഹെഡ്  മാസ്റര്‍ ഏതാണ്ട് അര മണിക്കൂര്‍  നേരം ഡയറി കുറിപ്പുകളിലൂടെ  സഞ്ചരിച്ചു.. സരസ്വതി  അമ്മ  സാര്‍  മൌനത്തെ  ഉച്ചത്തില്‍  തച്ചുടച്ചു.       " സാര്‍... ടൈം  പാസ്  ചെയ്യുകയാണ്...അല്ലെ...? സ്കൂള്‍  സമയം  കഴിഞ്ഞാല്‍ അവനെ  രക്ഷിക്കാമല്ലോ..." ഹെഡ് മാസ്റററും കൂട്ട്  പ്രതി  ആണ്  എന്ന മട്ടിലാണ് ടീച്ചറിന്‍റെ ആക്രോശം
" സാറിനു ഞാന്‍  പത്തു  മിനിറ്റ് തരും... അതിനകം പോലീസിനെ  വിളിച്ചിരിക്കണം "  സരസ്വതി  അമ്മ  സാര്‍ കൊടുങ്കാറ്റ് പോലെ  പുറത്തേക്ക്  പാഞ്ഞു
പതിനെട്ടുകാരന്‍റെ അത് ലറ്റിക് ശരീരവും പതിമൂന്നുകാരന്‍റെ നിഷ്കളങ്ക  മുഖവുമുള്ള കമല്‍ ഭീതിയോടെ  തലകുനിച്ചു  നിന്നു
" എന്താ  കുഞ്ഞേ...ഇതൊക്കെ..?" ഹെഡ് മാസ്റര്‍  ദയനീയമായി  ചോദിച്ചു.  
" സര്‍...അതെന്‍റെ സ്വകാര്യ ഡയറിയാണ്‌ .. അതില്‍  തെറ്റായി  ഒന്നുമില്ല. ആ ബുക്കില്‍   എന്‍റെ  ചില  കവിതകളൊക്കെ ഉണ്ട്. സരസ്വതി അമ്മ  സാറിന്‍റെ ക്ലാസ് നടക്കുമ്പോള്‍ ഞാന്‍ പോലും   അറിയാതെ അടുത്തിരുന്ന സലിം അതൊക്കെ  വായിക്കുകയായിരുന്നു. അവന്‍റെ കയ്യില്‍  നിന്നാണ് സാര്‍ ഇത്  പിടിച്ചെടുത്തത്...."
" ങാ... നീ  ക്ലാസീ പോ.." അവന്‍  തല  കുനിച്ച് പുറത്തിറങ്ങി.
" സാര്‍...എന്ത്  തീരുമാനിച്ചു...?" വീണ്ടും  സരസ്വതി  അമ്മ  സാറിന്‍റെ ശബ്ദം  ഉയരുന്നു.
ഉറച്ച ശബ്ദത്തില്‍ ഹെഡ്  മാസ്റര്‍ പറഞ്ഞു " തത്ക്കാലം ഒരു  നടപടിയും ഉദ്ദേശിക്കുന്നില്ല..അവന്‍  ഒരു  പാവം  കുട്ടി. നിങ്ങളും ഒരമ്മ  അല്ലെ...? " സരസ്വതി അമ്മ സാര്‍ മേശപ്പുറത്ത് കിടന്ന നോട്ട് ബുക്ക് കൈക്കലാക്കി പല്ല്  ഞെരിച്ചു  പുറത്തു കടന്നു.. അവര്‍ പിറുപിറുത്തു "... ഇനി എന്ത്  ചെയ്യണം  എന്ന് എനിക്കറിയാം"

വൈകുന്നേരം ക്ലാസ് വിട്ടു. കുട്ടികള്‍  ആരവത്തോടെ പൊട്ടിയ അണക്കെട്ടില്‍ നിന്നുള്ള  ജലപ്രവാഹം പോലെ പുറത്തിറങ്ങി. ഗേറ്റിനു പുറത്ത് ഒരു പോലിസ് ജീപ്പ്. സലീമും കമലും ഗേറ്റിന് വെളിയില്‍  എത്തിയതും അരയില്‍ തോക്ക്  തിരുകിയ കമാന്‍ഡോകളെ  അനുസ്മരിപ്പിക്കുന്ന  രണ്ടു പോലീസുകാര്‍ ഇരുവരെയും  ചുരുട്ടിയെടുത്തു വണ്ടിയിലേക്ക് എറിഞ്ഞു.

രാത്രി  മുതല്‍ ബ്രേക്കിംഗ് ന്യൂസുകള്‍ ചാനലുകളില്‍ തകര്‍ത്ത് പെയ്തു. രണ്ടു  വിദ്യാര്‍ഥികള്‍ക്കും അയല്‍ രാജ്യത്തെ തീവ്രവാദ സംഘടനകളുമായി അടുത്ത  ബന്ധം  ഉണ്ടെന്നു  സംശയിക്കപ്പെടുന്നു. എല്ലാം ഹെഡ് മാസ്ടറുടെ ഒത്താശയോടെ ആകാനുള്ള  സാധ്യതയും  തള്ളിക്കളയാന്‍  കഴിയില്ലെന്ന് ചില സഹ അധ്യാപകര്‍. നാളിതു  വരെ  ഒരു  സ്വ. ലേ. യുടെ പോലും പാദസ്പര്‍ശം ഏറ്റിട്ടില്ലാത്ത ചില്ലക്കര ഗവ. ഹൈ സ്കൂളിന്‍റെ പരിസരത്ത്  ചാനല്‍ മാലാഖമാരും കാമറ തൊഴിലാളികളും ചുറ്റിത്തിരിയുന്നു. സ്ഥിരം ടെലിവിഷന്‍ ചര്‍ച്ചാ വിശാരദന്മാര്‍ ഇന്‍ഡ്യന്‍ പീനല്‍ കോഡിലെ 124A, 153A, 66A പരിച്ചെദങ്ങളുടെ തല  നാരിഴ  കീറി മുറിക്കുന്നു..  ചില്ലക്കര  സ്കൂളിലെ  കുട്ടികള്‍  രണ്ടു  തട്ടാകുന്നു. രണ്ടു ദിവസം ക്ലാസുകള്‍  നിശ്ചലം...

അന്ന്  വൈകുന്നേരം സ്വന്തം ഓഫീസ് മുറി പൂട്ടിയിറങ്ങും  മുന്‍പ് ഹെഡ് മാസ്റര്‍ ഇന്ത്യയുടെ  ഭൂപടത്തിനു  തൊട്ടു മുന്നില്‍  സൂക്ഷിച്ചിരിക്കുന്ന ഉച്ചഭാഷിണിയെ വാത്സല്യത്തോടെ ഒന്ന്  തലോടി...

അപ്പോള്‍ അസംബ്ലിയിലെ ദേശീയഗാനത്തിന്  ശേഷം പുല്‍ക്കൊടികളെപ്പോലും പ്രകമ്പനം  കൊള്ളിക്കുന്ന കമല്‍ വാസുദേവന്‍റെ പതിവ് ഗര്‍ജ്ജനസ്വരം ഹെഡ് മാസ്റര്‍ സാക്കീര്‍ ഹുസ്സൈന്‍റെ മസ്തിഷ്കത്തില്‍ തുടരെ തുടരെ  മുഴങ്ങിക്കൊണ്ടിരുന്നു.

ജയ് ഹിന്ദ്‌...ജയ്ഹിന്ദ്‌....ജയ് ഹിന്ദ്‌..!!!!


(തീര്‍ന്നു



Followers