മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Saturday, February 28, 2015

വി ടി ഗോപാലകൃഷ്ണന്‍ അവാര്‍ഡ് കൃഷ്ണകുമാറിനു്

|0 comments

കൃഷ്ണകുമാറിനെ സമ്മാനര്‍ഹനാക്കിയ  കഥകള്‍



സല്യൂട്ട്



ജെയിംസ് ജോസഫിന് ഒരാഴ്ചത്തെ അവധി കൊടുത്തു.
കൂടാതെ ഖുറാനാ സാബുതന്നെ വളിച്ചു പറഞ്ഞ് ഇന്നലെ തിരുവനന്തപുരം ഫ്‌ളൈറ്റിനുള്ള ടിക്കറ്റും.
“അരേ ആപ് ക്യാ ബാത് കര്‍ത്താ ഹൈ”
“സച്ചി”
രമണ്‍ മല്‍ഹോത്രയും വൈങ്കിടാചലവും ചര്‍ച്ച തുടര്‍ന്നു.
വര്‍ഷങ്ങളായി അവധി എടുക്കാതെ പാഴാക്കിക്കളയുന്ന ജെയിംസ് പൊടുന്നനെ എന്തിനാണാവോ അവധിക്കു പോകുന്നത്. അവധി ചോദിച്ചാല്‍ ചാടിത്തിന്നാന്‍ വരുന്ന ഖുറാനാ സാബിന്റെ മനസ്സ് ഇത്രമേല്‍ അലിയാന്‍ എന്തുണ്ടായി.
ജെയിംസിന്റെ വല്യപ്പനും വല്യമ്മച്ചിയും മരിച്ചിട്ട് കാലം ഏറെയായി. അടുത്ത ബന്ധുക്കളെന്നു പറയാന്‍ ആരും നാട്ടിലില്ല. ജെയിംസിന് നാട്ടില്‍ വീടോ മറ്റു സ്വത്തുക്കളോ ഇല്ല. സരോജിനി നഗറിലെ ഫ്‌ളാറ്റുവാങ്ങാന്‍ അഡ്വാന്‍സ് കൊടുത്തത് അപ്പച്ചന്‍ നാട്ടില്‍ വാങ്ങിയ വീടും പറമ്പും വിറ്റ പണവും കൂടി ചേര്‍ത്തായിരുന്നു.
ഇടക്കിടയ്ക്ക് നാട്ടില്‍ പോയിക്കൊണ്ടിരുന്ന അപ്പച്ചന്‍ പാര്‍ലമെന്റ് മന്ദിരത്തിനടുത്ത് തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു. തീവ്രവാദികള്‍ കൊന്ന പട്ടാളക്കാരെപ്പോലെ മടക്കികൊടുക്കേണ്ടിവരുന്ന മരണാനന്തര മെഡലുകളൊന്നും അപ്പച്ചനു കിട്ടിയില്ല.
കഴിഞ്ഞ ഇരുപതു വര്‍ഷമായി, എവിടെന്നുപോലുമറിയാത്ത ഒരു മകനൊഴികെ ജെയിംസിന് രക്തബന്ധത്തില്‍പ്പെട്ടതായി മറ്റാരുമില്ല. അമേരിക്കയിലെവിടെയോ വെള്ളക്കാരിയായ ഭാര്യയോടൊത്ത് അവന്‍ സുഖമായി ജീവിക്കുന്നുണ്ടെന്ന് ജെയിംസ് വിശ്വസിക്കുന്നു. അവന്റെ എല്ലാ പിറന്നാളിനും പള്ളിയില്‍ മെഴുകുതിരി കത്തിക്കാന്‍ ജെയിംസ് മറക്കില്ല.
അവന്റെ അമ്മച്ചിയും വല്യമ്മച്ചിയും ഒരു ദീവാളിത്തലേന്ന് സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ ബോംബിന്നിരയായത് ലോകത്തെ എല്ലാ ടെലിവിഷനുകളിലും എത്രയോ നേരം കാണിച്ചതാണ്. എന്നിട്ടും ഒന്നു വരാനോ ഒന്നു ഫോണ്‍ ചെയ്യാനോ അവനു തോന്നിയില്ല. എന്നാലും, അവന്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ പറയുന്നത് ജെയിംസ് വിശ്വസിക്കുന്നില്ല.
ചിട്ടയുള്ള ജീവിത ശൈലിയും ജീവിതത്തിന്റെ ദുരന്തങ്ങള്‍ക്കുമുന്‍പില്‍ തോറ്റുപോകാതിരിക്കാനും പട്ടാള ജീവിതം പഠിപ്പിച്ചു. എങ്കിലും ചില ഏകാന്തവേളകളില്‍ ഹൃദയംപൊട്ടി കരഞ്ഞിട്ടുണ്ട്. തിരിക്കില്ലാത്ത ദിവസങ്ങളില്‍ പള്ളിയില്‍ പോകും. ആളൊഴിഞ്ഞ ദേവാലയത്തിലെ ആള്‍ത്താരയ്ക്കു മുന്നില്‍ മുട്ടുകുത്തിനിന്നു പ്രാര്‍ത്ഥിക്കും. ചിലപ്പോള്‍ പ്രാര്‍ത്ഥന കരച്ചിലായി മാറും. കമ്പ്യൂട്ടറില്‍ പത്രമാസികകള്‍ ലഭ്യമായതില്‍പ്പിന്നെ രാവിലെ ഓഫീസിലെത്തിയാലുടന്‍ മലയാളം പത്രം വായിക്കും. പത്രത്തിലെ ചരമപംക്തി മാത്രമേ ജെയിംസിന് വേണ്ടു. ജീവിച്ചിരുന്നപ്പോള്‍ ഒരു മാധ്യമത്തിലും കണ്ടിട്ടില്ലാത്ത പല പേരുകളും ആദ്യമായി പ്രത്യക്ഷപ്പെടുന്നിടം. പട്ടാളത്തില്‍വെച്ച് തുടങ്ങിയ ശീലം, വിമാനക്കമ്പനിയിലെത്തിയപ്പോഴും തുടരുന്നു.
പരിചയമുള്ള പേരുകള്‍ കാണുമ്പോള്‍ വിശദമായി വായിക്കും. തന്റെ ഗ്രാമത്തിലെ കേട്ടുപരിചയമുള്ള വീട്ടുപേരുകള്‍ക്കൊപ്പം ചേര്‍ത്തു വായിക്കുന്ന പേരുകളെ പരിചയമുള്ള മുഖങ്ങളുമായി ബന്ധപ്പെടുത്തി നോക്കും. മിക്കപ്പോഴും ഈ ശ്രമം പരാജയത്തില്‍ വന്നെത്തും.
വല്യപ്പനൊപ്പം നാട്ടില്‍ വളര്‍ന്നപ്പോള്‍ നാട്ടുകാര്‍ക്ക് ഞാന്‍ മത്തായി മാപ്ലയുടെ കൊച്ചുമോനായിരുന്നു. ജെയിംസ് എന്ന ലളിതമായ പേരു വിളിച്ചിരുന്നത് പള്ളിക്കൂടത്തിലെ അദ്ധ്യാപകന്‍ മാത്രം. പുറമ്പോക്കിലെ കുടിലില്‍ വളരുന്ന മെലിഞ്ഞു ചടച്ച ഈ പയ്യന്റെ പേര് കൃത്യമായിട്ടറിഞ്ഞിട്ട് നാട്ടുകാര്‍ക്ക് പ്രത്യേകിച്ച് യാതൊരു കാര്യവുമില്ലല്ലൊ? വല്ലപ്പോഴും നാട്ടില്‍ വന്നിരുന്ന അപ്പച്ഛനും അമ്മച്ചിയും നാട്ടുകാര്‍ക്ക് തീരെ പരിചിതരായിരുന്നില്ല.
ഡല്‍ഹി വിട്ട് നാട്ടില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചപ്പോഴാണ് അപ്പച്ചന്‍ പത്തു സെന്റു പറമ്പും പുരയും വാങ്ങിയത്. ജീവിതമത്രയും പുറമ്പോക്കിലെ കുടിലില്‍ താമസിച്ച വല്യപ്പന്‍ ഒരുപാടു സന്തോഷിച്ചതിനാലാണ് ഹൃദയാഘാതം വന്നു മരിച്ചത്. പട്ടാളത്തില്‍ ചെരാനായി നാടുവിട്ട താനും അധികം ഈ വീട്ടില്‍ താമസിച്ചിട്ടില്ല.
പട്ടാളത്തില്‍നിന്നും വിരമിച്ച് വിമാനക്കമ്പനിയിലെ ജോലിയുമായി താന്‍ ഡല്‍ഹിക്കു വന്നശേഷമാണ് അപ്പച്ചന്‍ നാട്ടില്‍ വാങ്ങിയ വീടുവിറ്റ് തന്നോടൊപ്പം താമസമായത്. 
ഇന്നത്തെ ചരമപംക്തിയില്‍ പ്രഭുജിയുടെ പേരു വായിച്ചു. തന്റെ ബാല്യത്തില്‍ ഗ്രാമത്തില്‍ 'ജയ്ഹിന്ദ്' വിളിച്ചു നടന്ന ഒരേ ഒരാള്‍. ബ്രിട്ടീഷ് പട്ടാളവും തിരുവിതാംകൂര്‍ പോലീസും ചേര്‍ന്ന് അടിച്ചു നിലത്തിട്ടു ചവിട്ടിയപ്പോള്‍ മരിച്ചെന്നു കരുതി. പട്ടിക്കും കാക്കയ്ക്കും തിന്നാനായിട്ടുപേക്ഷിച്ച ശരീരം ചലിക്കുന്നത് ആദ്യം കണ്ടത് താനാണ്. വല്യപ്പന്‍ വെട്ടിത്തന്ന കരിക്കിലെ വെള്ളം പ്രഭുജിയുടെ വായിലൊഴിച്ചുകൊടുത്തു. ബോധം തെളിഞ്ഞപ്പോള്‍ ആദ്യം പറഞ്ഞത് 'വന്ദേമാതരം' എന്നായിരുന്നു.
രക്തം പുരണ്ട ത്രിവര്‍ണ്ണ പതാക, തോട്ടിലെ വെള്ളത്തില്‍ കുത്തിപ്പിഴിഞ്ഞിട്ട് വയലിന്റെ വരമ്പിലൂടെ സധൈര്യം നടന്നകന്ന പ്രഭുജി. സമ്പന്ന കുടുംബത്തില്‍, എല്ലാ സുഖങ്ങള്‍ക്കുമിടയില്‍ ജീവിക്കേണ്ട പ്രഭുജി എന്തിനാണീ കൊടിയും പിടിച്ചു തല്ലുകൊള്ളുന്നത്?
“കാലം നമ്മോട് ചിലതൊക്കെ ആവശ്യപ്പെടും. കാലത്തോട് മനസ്സുതുറന്നു പ്രതികരിക്കാന്‍ നമുക്കെല്ലാം കടമയുണ്ടെന്നും” പ്രഭുജി പറഞ്ഞു. അന്ന് തീരെ മനസ്സിലാവാത്ത വാക്കുകളുടെ അര്‍ത്ഥം ഇന്ന് ഉള്‍ക്കൊള്ളാന്‍ ശ്രമിക്കട്ടെ.
പട്ടാളത്തില്‍ ജോലിയുള്ളപ്പോള്‍ ഒരിക്കല്‍ നാട്ടില്‍ ചെന്നു. അന്ന് ചര്‍ക്കയില്‍ നൂലുനൂല്‍ക്കാന്‍ പഠിപ്പിക്കുന്ന പ്രഭുജിയെ കണ്ടു. പിന്നീടൊരിക്കല്‍ ചെന്നപ്പോള്‍ വിനോബാജിയുടെ ഭൂദാനപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായ പ്രഭുജിയെ കണ്ടു.
സര്‍ക്കാര്‍ ഭൂമി വ്യാജരേഖകളുണ്ടാക്കി സമ്പന്നരാവുന്നവരുടെ ഇടയില്‍ സ്വന്തം ഭൂമി പാവങ്ങള്‍ക്കു നല്‍കിയ പ്രഭുജി. മദ്യവര്‍ജ്ജനപ്രസ്ഥാനത്തിനിറങ്ങി കുറേപ്പേരുടെ കണ്ണിലും കരടായി. ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പിന്നെയും കലാപകാരിയായി ജയിലില്‍ പോയി.
താമസിക്കുന്ന വീടൊഴികെ എല്ലാം ദാനം ചെയ്തുകഴിഞ്ഞ സമയത്താണ് പ്രഭുജി സ്വാതന്ത്ര്യസമര പെന്‍ഷന് അപേക്ഷിച്ചത്. വിദേശികളില്‍നിന്ന് നാടിനെ മോചിപ്പിക്കാന്‍ സമരം നടത്തിയത് പെന്‍ഷനുവേണ്ടി രേഖകള്‍ ഉണ്ടാക്കാനായിരുന്നില്ലല്ലോ? മതിയായ രേഖകളില്ലാത്തതിനാല്‍ പ്രഭുജിക്കു സ്വാതന്ത്ര്യസമര പെന്‍ഷന്‍ നിഷേധിച്ചു.
പ്രഭുജിയെ പട്ടാളത്തിന് ഒറ്റുകൊടുത്തയാള്‍ മതിയായ രേഖകള്‍ ഹാജരാക്കി സ്വാതന്ത്ര്യ സമരപോരാളിയായി പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് ഗ്രാമത്തില്‍ മിക്കവര്‍ക്കും അറിയും.
പ്രഭുജിയെപ്പറ്റി പിന്നൊന്നും കേട്ടിട്ടില്ല. ചരമപംക്തിയില്‍ പ്രഭുജിയുടെ പേരു കണ്ടപ്പോള്‍ നാട്ടില്‍ പോയി അദ്ദേഹത്തിന്റെ മൃതദേഹത്തെ പ്രണമിക്കണം എന്ന് മനസ്സു പറഞ്ഞു. ഗാന്ധിജിയേയും തിലകനേയും നേതാജിയേയും കണ്ടിട്ടില്ലാത്ത താന്‍ കണ്ട വലിയ മനുഷ്യന്‍. മനസ്സിനെ വിലക്കാന്‍ ശ്രമിച്ചപ്പോള്‍, തന്റെ ഗ്രാമം കാണാനുള്ള അവസാന അവസരമാണിതെന്ന തോന്നല്‍ വല്ലാതെ ശക്തമായി. തന്നിലെ ഗ്രാമീണബാലനാണോ, തന്റെ ഉള്ളിലെ പട്ടാളക്കാരനാണോ അതോ താനെന്ന മനുഷ്യസ്‌നേഹിയാണോ ഇത്ര തിടുക്കത്തില്‍ തീരുമാനിച്ചത്.
ജെയിംസ് ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ മല്‍ഹോത്ര ചോദിച്ചു “ജയിംസ്ജീ, ഗാവ് മേം കുച് എമര്‍ജന്‍സി...?”
“ജി ഹാം. ഏക് നിധന്‍...'

“ഖാസ് രിസ്തദാര്‍...?”
ജയിംസ് ആണെന്നോ അല്ലെന്നോ പറഞ്ഞില്ല. രക്തബന്ധങ്ങള്‍ ബന്ധനങ്ങളാവാത്ത പ്രഭുജി, ബന്ധുവെന്ന ചെറിയ വാക്കിന് അതീതനല്ലേ...?
അതല്ലെങ്കില്‍ പ്രഭുജിയെ കാണാന്‍ എന്റെ മനസ്സു ശഠിക്കാന്‍ എന്താണു കാരണം?
വര്‍ഷങ്ങളായി മുഖത്തു വികാരങ്ങള്‍ പ്രകടമാവാത്ത ജെയിംസിന്റെ മുഖത്തെ പേശികള്‍ ഇന്നും പ്രത്യേക ചലനങ്ങളൊന്നും സൃഷ്ടിച്ചില്ല.
നിരത്തില്‍ ഒട്ടേറെ വാഹനങ്ങള്‍ ഓഫീസില്‍നിന്നും വീട്ടിലെത്താന്‍ ഒരു മണിക്കൂര്‍. ചെറിയ യാത്രകള്‍ക്കു പറ്റിയ ഒരു ബ്രീഫ്‌കേസില്‍ കുറച്ചു വസ്ത്രങ്ങള്‍ അടുക്കി. ഒഴിവുവേളകളില്‍ ജെയിംസിന്റെ തുണ പുസ്തകങ്ങളാണ്. നെല്‍സണ്‍ ഡിമിലയുടെ 'വൈല്‍ഡ് ഫയര്‍'ഉം ഡാന്‍ ബ്രൗണിന്റെ 'ഡിജിറ്റല്‍ ഫോര്‍ട്രസ്'ഉം ബ്രീഫ് കേസില്‍ ഇടംകണ്ടു.
എയര്‍പോര്‍ട്ടിലേക്കു പോകുമ്പോള്‍ താനറിയുന്ന നാട്ടിലെ, തന്നെ അറിയാത്ത ആളുകളെ കാണാന്‍ മനസ്സു തയ്യാറെടുത്തു. അഥവാ തന്നെ അറിയുന്ന ആരെയെങ്കിലും കണ്ടാല്‍ എന്തു സംസാരിക്കണമെന്നൊരു കാര്യം ജെയിംസ് ചിന്തിച്ചതേയില്ല.
വിമാനത്തിലിരുന്ന് താഴത്തെ ഭൂമിയെ നോക്കി. ചരിത്രാതീതകാലം മുതല്‍ മനുഷ്യസംസ്‌കാരം വികസിച്ച മണ്ണ്. ആദിശങ്കരനും, ബുദ്ധനും, ഗാന്ധിജിയും ജീവിച്ചു മരിച്ച കര്‍മ്മഭൂമി!
കര്‍ഷകന്റെ വിയര്‍പ്പു വീഴുമ്പോള്‍ പുളകിതയാകുന്ന മണ്ണ്. കടന്നു പോകുന്ന ഓരോ ഗ്രാമത്തിനും നഗരത്തിനും എത്രയോ സ്മരണകള്‍. ആരെല്ലാമോ അസത്യങ്ങള്‍ കുത്തിത്തിരുകിയ ചരിത്രപുസ്തകങ്ങളെ നാണിപ്പിക്കുന്ന സത്യത്തിന്റെ പല സാക്ഷ്യങ്ങള്‍ക്കു മുകളിലൂടെ പറക്കുമ്പോള്‍ ജെയിംസ് ഭാരതാംബയെ പ്രണമിച്ചു.
തിരുവനന്തപുരത്തെത്തി. ഹാന്റ് ബാഗു മാത്രമേ തന്റെ കൈയ്യിലുള്ളു. മറ്റുള്ളവര്‍ പെട്ടികള്‍ക്കും ബാഗുകള്‍ക്കുമായി ബെല്‍റ്റിനടുത്തു നില്‍ക്കുമ്പോള്‍ ജെയിംസ് എയര്‍പോര്‍ട്ടിനു പുറത്തിറങ്ങി. തന്റെ തൊട്ടുമുമ്പില്‍ നടന്ന ഒരു സംസ്ഥാന മന്ത്രി അദ്ദേഹത്തിന്റെ അനുയായികള്‍ എയര്‍പോര്‍ട്ടില്‍ വേണ്ടത്ര ആളുകൂട്ടി ഹാരാര്‍പ്പണം നടത്താത്തതിന് ദേഷ്യപ്പെടുന്നത് അല്‍പം ഉച്ഛത്തിലായിരുന്നു.
വിമാനത്താവളത്തില്‍ നിന്നും ബസ്സ്റ്റാന്റിലേക്ക് ഓട്ടോറിക്ഷയില്‍. അവിടെനിന്നും തന്റെ ഗ്രാമത്തിനടുത്തുള്ള പട്ടണം വരെ ബസ്. പിന്നെയും ഓട്ടോറിക്ഷയില്‍ തന്റെ ഗ്രാമം വരെ.
കവലയില്‍ ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി. പട്ടാളത്തില്‍വെച്ച് തന്റെ കമാന്‍ഡര്‍ സാബ് 'ഓര്‍ഗാനിക് ഗ്രോത്ത്' എന്ന പദപ്രയോഗം തങ്ങളോടും വിശദീകരിക്കാന്‍പെട്ട ഒരു ബുദ്ധിമുട്ട് ഓര്‍മ്മവരുന്നു. 'തന്റെ ഗ്രാമത്തിന്റെ വളര്‍ച്ചപോലെ' എന്നു പറഞ്ഞിരുന്നെങ്കില്‍ പിന്നെ കൂടുതലൊന്നും വിശദീകരിക്കേണ്ടായിരുന്നു. പണ്ടത്തെ ഊടുവഴികള്‍ അല്‍പമൊക്കെ വീതിയിലുള്ളതായി. ചിലയിടങ്ങളില്‍ കുറച്ചു ചെമ്മണ്ണ് വിതറിയിട്ടുണ്ട്. ചിലേടത്തൊക്കെ ഉറയ്ക്കാത്ത മണ്ണില്‍ ആരൊക്കെയോ ടാറു വിതറി പണം സമ്പാദിച്ചതിന്റെ അവശിഷ്ടങ്ങള്‍.
ആരോടും വഴിചോദിക്കാതെ പ്രഭുജിയുടെ തറവാടിനു മുന്‍പിലെത്തി. ആരൊക്കെയോ പത്തു പന്ത്രണ്ടാളുകള്‍. ബന്ധുക്കളോ നാട്ടുകാരോ ആവാം. മതില്‍ക്കെട്ടിലെ ഗേറ്റ് കടന്നു മുറ്റത്തുചെന്നു. ആരോ ഒരാള്‍ അടുത്തുവന്നു ചോദിച്ചു.

“യാത്ര സുഖമായിരുന്നല്ലോ?”
ജെയിംസ് 'ശരി'യെന്നു മൂളി.
“ശവം എടുക്കാമെന്നു വിചാരിച്ചപ്പോഴാണ് ഗേറ്റിനകത്തേക്കു വരുന്നത് കണ്ടത്” ജെയിംസ് പ്രതികരിക്കാതെ നിന്നു.
രണ്ടുമൂന്ന് ആളുകള്‍കൂടി അടുത്തുവന്നു.
“ഇതാ കോടിത്തോര്‍ത്ത്. പെട്ടി ഇവിടെ വെച്ചിട്ട് പെട്ടെന്നു കുളിച്ചുവന്നോളു.”
“ഞാന്‍...”
“ക്ഷീണം കാണുമെന്നറിയാം. എന്നാലും പെട്ടെന്നു വേണമല്ലോ”
“നിങ്ങള്‍ മറ്റാരെയോ...''
ജെയിംസിനെ സംസാരിക്കാന്‍ അനുവദിക്കാതെ അവര്‍ ചടങ്ങുകള്‍ തുടങ്ങി. ജെയിംസിനെ സ്വന്തം ശരീരത്തിലും മനസ്സിലും നിയന്ത്രണം ഇല്ലാ എന്നു തോന്നി.
പുഴയില്‍ മുങ്ങിക്കുളിച്ച് ഈറന്‍ തോര്‍ത്തുടുത്തു വന്നു. മറ്റുള്ളവരോടൊപ്പം പ്രഭുജിയുടെ മൃതദേഹം ചിതയിലേക്കെടുത്തു. എള്ളും പൂവും നീരും അര്‍പ്പിച്ചു. ചിതയ്ക്കു തീ കൊളുത്തിയശേഷം അല്‍പം അകലെ മാറിനിന്ന് ചിതയിലേക്കു നോക്കി. കാലത്തോടുള്ള ഈ മനുഷ്യന്റെ പ്രതികരണം ഇവിടെ തീരുകയാണോ?
ജെയിംസിനടുത്തെത്തി ഒരാള്‍ സംസാരം തുടങ്ങി. “വൃദ്ധസദനത്തിലായിരുന്നു. അവശതയാണെങ്കിലും എഴുന്നേറ്റു നടക്കാമായിരുന്നു. പെട്ടെന്നു വല്ലാതെ വന്നു. ആശുപത്രിയില്‍ ചെന്ന് ഒരു മണിക്കൂറില്‍ കൂടുതലായില്ല. എത്ര പെട്ടെന്ന് എല്ലാം... അവസാനമായി ആഗ്രഹം പറഞ്ഞു. എന്നോ വിറ്റുപോയ ഈ തറവാടിന്റെ പറമ്പില്‍, എത്രയോ വര്‍ഷം മുന്‍പൊരിക്കല്‍ കണ്ട അനന്തിരവന്‍ കൊള്ളിവെക്കണമെന്ന്. അനന്തിരവന്റെ അറിയാവുന്ന വിലാസത്തില്‍ കമ്പിയടിച്ചു. ഇപ്പോഴത്തെ വീട്ടുടമയോട് പറമ്പില്‍ ശവസംസ്‌കാരത്തിന് അനുവാദം ചോദിച്ചു. ആരോരുമില്ലാത്ത പ്രഭുജിക്കുവേണ്ടി നമ്മള്‍ നാട്ടുകാര്‍ക്ക് ഇത്രയൊക്കെയല്ലേ ചെയ്യാനാവു.”
ജെയിംസ് നിശ്ശബ്ദനായി കേള്‍ക്കുകയായിരുന്നു. നാട്ടുകാരന്‍ സംസാരം തുടര്‍ന്നു: “ഇടമുറിഞ്ഞു കര്‍മ്മം കഴിഞ്ഞാല്‍ നമുക്കു പിരിയാം. നാളെ രാവിലെ അസ്ഥി ഒരു കലശത്തിലാക്കി കൊണ്ടുപോയ്‌ക്കോളു. സാര്‍ ഉത്തരേന്ത്യയിലെങ്ങോ അല്ലേ? പറ്റിയാല്‍ അസ്ഥി ഗംഗയിലൊഴുക്കു”
'ശരി' എന്നൊരു വാക്കു മാത്രമേ ജെയിംസ് പറഞ്ഞുള്ളു.

ഇടമുറിഞ്ഞു കര്‍മ്മം കഴിഞ്ഞപ്പോള്‍ വീട്ടുടമസ്ഥന്‍ ജെയിംസിന്റെ അടുത്തുവന്നു. “മറ്റൊരവസരത്തിലായിരുന്നെങ്കില്‍ ഇന്നൊരു ദിവസം ഇവിടെ കൂടാമെന്നു പറഞ്ഞേനെ. കര്‍ക്കിടകമാസമല്ലേ. രാമായണം വായിക്കുമ്പോള്‍ ചില ശുദ്ധമൊക്കെ നോക്കാതെ പറ്റില്ലല്ലോ. നാളെ രാവിലെ വന്നോളു. ഞാനൊരു കലശത്തില്‍ നാലഞ്ച് അസ്ഥി എടുത്തുവെച്ചേക്കാം”
അടുത്തുനിന്ന മറ്റൊരു നാട്ടുകാരന്‍ സഹായിക്കാന്‍ മുന്നോട്ടുവന്നു.
“പട്ടണത്തിലെ ലോഡ്ജില്‍ മുറി കിട്ടും. ഒരു ദിവസത്തെ കാര്യമല്ലെയുള്ളു. കുറച്ചുകൂടി നല്ല മുറി വേണമെങ്കില്‍ ലോഡ്ജിനടുത്തുതന്നെയാണ് പുതിയ ത്രീസ്റ്റാര്‍ ഹോട്ടല്‍”.
“സാധാരണ ലോഡ്ജില്‍ താന്‍ താമസിച്ചുകൊള്ളാം” എന്നാണ് ജെയിംസ് മറുപടി പറഞ്ഞത്.
ശവസംസ്‌കാരത്തിനുടുത്ത തോര്‍ത്തുമാറി പാന്റും ഷര്‍ട്ടുമിട്ടു. കവലയില്‍ വരെ ഒപ്പം വന്ന നാട്ടുകാരിലൊരാള്‍, ഓട്ടോറിക്ഷാഡ്രൈവറോട്, തന്നെ പട്ടണത്തിലെ ലോഡ്ജില്‍ കൊണ്ടുവിടാന്‍ പറഞ്ഞു. വഴിക്കുവെച്ച് ഡ്രൈവര്‍ പറഞ്ഞു:
“കേട്ടോ സാറെ, പ്രഭുജി അനന്തിരവനെക്കൊണ്ട് ശവദാഹം നടത്തിക്കണമെന്നു പറഞ്ഞപ്പോള്‍, നടക്കാത്ത കാര്യമെന്നാണ് ഞങ്ങളെല്ലാം പറഞ്ഞത്. ഈ നാടു കണ്ടിട്ടില്ലാത്ത സാറിന്റെ മേല്‍വിലാസംപോലെ ശരിക്കറിയില്ലായിരുന്നു. പിന്നെ പോസ്റ്റോഫിസിലെ പൊന്നപ്പന്‍ സാറിന്റെ ഉത്സാഹം കൊണ്ടാണ് കമ്പി അടിച്ചത്. അങ്ങേര് കമ്പിയടിക്കാതെ, ആ കാശു വഹിച്ചെന്നുവരെയാണ് ആളുകള്‍ പറഞ്ഞുപരത്തിയത്”.
ലോഡ്ജിന്റെ മുറിക്കു നല്ല വലിപ്പമുണ്ട്. ഫാന്‍ വേഗത്തില്‍ കറങ്ങുന്നു. കര്‍ക്കിടകമാണെങ്കിലും മഴയുടെ ഒരു ലക്ഷണവുമില്ല. ജനല്‍പ്പാളികള്‍ തുറന്നിട്ട് കട്ടിലില്‍ കിടന്നു. ബ്രീഫ്‌കേസ് തുറന്ന് 'വൈല്‍ഡ് ഫയര്‍' പുസ്തകം പുറത്തെടുത്തു. പുസ്തകത്തില്‍ വായിച്ചുതീര്‍ന്ന പേജില്‍ അടയാളമായി വെച്ചിരിക്കുന്നത് കഴിഞ്ഞ റിപ്പബ്ലിക്ദിന പരേഡുകാണാന്‍ രാജ്പഥില്‍ പോയപ്പോള്‍ കിട്ടിയ ത്രിവര്‍ണ്ണപതാകയുടെ ബാഡ്ജാണ്. പുസ്തകം തുറന്നു വായന തുടര്‍ന്നു. ഉറക്കം വരുംവരെ.
രാവിലെ കുളിച്ചു തയ്യാറായി.
പ്രഭാത ഭക്ഷണം ലോഡ്ജിനടുത്തുള്ള നാടന്‍ ചായക്കടയില്‍. ബ്രീഫ്‌കേസും കൈയ്യിലെടുത്ത് ഗ്രാമത്തിലേക്ക്. ഓട്ടോറിക്ഷാഡ്രൈവര്‍ തന്റെ ഗ്രാമവാസിതന്നെ. അയാള്‍ ഒരു സംശയം ചോദിച്ചു:
“സാറെ ആരുമില്ലാതെ വൃദ്ധസദനത്തില്‍ കഴിഞ്ഞ പ്രഭുജി ശരിക്കും പണ്ടൊരു പ്രഭുവായിരുന്നെന്നു പറയുന്നത് സത്യമാണോ?”
“അങ്ങോര് പണ്ടും ഇപ്പോഴും ഒരു പ്രഭുതന്നെയാണെന്ന് എനിക്കുതോന്നുന്നു. സ്‌നേഹം അര്‍ഹിക്കാത്തൊരു സമൂഹത്തിനായി സ്വന്തം ജീവിതം കൊടുത്ത വലിയ മനുഷ്യന്‍”.
ഓട്ടോ ഡ്രൈവര്‍ ഒന്നു തിരിഞ്ഞുനോക്കി.

പ്രതീക്ഷിക്കാത്ത ഉത്തരം കേട്ട മുഖത്ത് ഒരു ഇളിഭ്യച്ചിരിയും.
പ്രഭുജിയെ അടക്കം ചെയ്ത വീടിന്റെ ഗേറ്റുകടന്ന് മുറ്റത്തെത്തി.
ഒരു സ്ത്രീ മുറ്റം തൂക്കുന്നു.
ജെയിംസിനെ കണ്ടിട്ടും അവര്‍ പണി തുടര്‍ന്നു.
“ഞാന്‍ അസ്ഥികലശം എടുക്കാന്‍ വന്നതാണ്”.
“ഇവിടുത്തെ സാറിന് ഹൃദയത്തിന്റെ അസുഖമായിട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. മാഡമറിയാതെ സാറു വലിഞ്ഞുകയറി സമ്മതിച്ചിട്ടാണ് ഇന്നലെ ആരോരുമില്ലാത്ത, ആ മൂപ്പിലാന്റെ ശവം ഇവിടുത്തെ പറമ്പില്‍ അടക്കിയത്. രാവിലെ അസ്ഥിയുടെ കാര്യം പറഞ്ഞാണ് ഭാര്യേം ഭര്‍ത്താവും കൊമ്പുകോര്‍ത്തത്. ഹൃദയം തുന്നിച്ചേര്‍ത്തിട്ടു ജീവിക്കുന്ന മനുഷ്യനാ. അങ്ങേര്‍ക്കു വല്ലോം പറ്റിയാല്‍ പിന്നെ.... സാറ് പെട്ടെന്ന് സ്ഥലം വിടാന്‍ നോക്ക്”.
“ഞാന്‍ ശവമടക്കിയിടം ഒന്നു കണ്ടോട്ടെ?” ജെയിംസ് ചോദിച്ചു.
“പെട്ടെന്നു കണ്ടിട്ടു പൊയ്‌ക്കോളു”. മുറ്റമടി തുടരുന്നതിനിടയില്‍ ആ സ്ത്രീ പറഞ്ഞു.
തീ കെട്ടടങ്ങിയ ചിതയ്ക്കരികത്ത് പൊട്ടിയ മണ്‍കലം. കലത്തിന്റെ കഷ്ണങ്ങള്‍ക്കുള്ളില്‍ ഏതാനും കരിഞ്ഞ അസ്ഥിശകലങ്ങള്‍. മുറ്റമടിക്കുന്ന സ്ത്രീ പറഞ്ഞ 'കൊമ്പുകോര്‍ക്കല്‍' ഇവിടായിരുന്നിരിക്കണം.
അല്‍പനേരം ജെയിംസിന് ഒന്നും ചിന്തിക്കാന്‍ പോലുമായില്ല.
പെട്ടെന്ന് ഇന്നലെ പുസ്തകത്തില്‍ പേജ് അടയാളമായി വെച്ച ബാഡ്ജ് രുപത്തിലുള്ള ദേശീയപതാക ഓര്‍മ്മവന്നു.
ജെയിംസ് ബ്രീഫ്‌കേസ് തുറന്നു. ബാഡ്ജ് കൈയ്യിലെടുത്തു. പട്ടാളക്കാരന്റെ അറ്റന്‍ഷന്‍ രീതിയില്‍ നിന്നു. മാര്‍ച്ചുപാസ്റ്റിന്റെ ചിട്ടയില്‍, മൂന്നു ചുവടു മുമ്പിലേക്ക്. കൈയ്യിലെ ബാഡ്ജ് രൂപത്തിലുള്ള ദേശീയ പതാക എരിഞ്ഞടങ്ങിയ ചിതയുടെ മുകളില്‍ വെച്ചു.
മൂന്നു ചുവട് പിന്നോട്ടു മാര്‍ച്ച് ചെയ്തു.
വലതുകൈ ഉയര്‍ത്തി വലതുപുരികത്തിനു മുകളില്‍വെച്ച് ഉച്ചത്തില്‍ പറഞ്ഞു:
“സെല്യൂട്ട്....”
ബ്രീഫ് കേസ് എടുത്തുകൊണ്ട്, ആ വീടിന്റെ ഗേറ്റിനു പുറത്തേക്കിറങ്ങുമ്പോള്‍ ജെയിംസ് തിരിഞ്ഞുനിന്ന് മൗനമായി പറഞ്ഞു:
“ആശുപത്രി കിടക്കയിലായ നല്ലവനായ വീട്ടുകാരാ നന്ദി”
കാലം നമ്മോട് ഇത്രയും മാത്രമാണോ ആവശ്യപ്പെടുന്നത് എന്നൊരു ചോദ്യവുമായി ജെയിംസ് ഗ്രാമത്തില്‍ നിന്നു മടങ്ങി.

എല്‍.ഇ.ഡി കളില്‍ തെളിയാത്തത്



വൃദ്ധ സദനത്തിലെ  വലിയ ഹാളില്‍ രണ്ടു ടെലിവിഷന്‍ സെറ്റുകള്‍ ഉണ്ട്.
ഒന്ന് അമ്പതിഞ്ചിന്റെ എല്‍.ഇ.ഡി സ്‌ക്രീനും അതിനൊപ്പമുള്ള ഹോം തിയേറ്റര്‍ സംവിധാനവും.
സീരിയലുകളും സിനിമയും കാണുന്ന വൃദ്ധകളാണ് ഈ ടെലിവിഷനു മുന്‍പില്‍ ഇരിക്കുക. സായാഹ്നം ആയാല്‍ മുപ്പതു പേരെങ്കിലും അവിടെ ഉണ്ടാവും. പ്ലാസ്റ്റിക് കസേരകള്‍ ഇരിക്കാന്‍ മാത്രമല്ല വൃദ്ധകളായാല്‍ കാല്‍ ഉയര്‍ത്തി  വയ്ക്കാനും കൂടിയാവാം എന്ന് അവരില്‍ ചിലര്‍. നടക്കാനാവാതെ ചക്രക്കസേരയില്‍ സഞ്ചരിക്കുന്നവരും ഒപ്പം കൂടും. ഇഷ്ട കഥാപാത്രങ്ങളെ പറ്റിയും അവര്‍ കടന്നു പോവുന്ന അവസ്ഥകളെ പറ്റിയും ഉള്ള ഇടവേളകളിലെ ഹ്രസ്വ ചര്‍ച്ചകള്‍ ആസ്വാദനത്തിന് കൊഴുപ്പു കൂട്ടും. ചിലപ്പോഴൊക്കെ സ്‌ക്രീനില്‍ കണ്ടതിനെ വെല്ലുന്ന വൈകാരികത അവരുടെ സംസാരത്തില്‍ ഉണ്ടാവും.
അതിനു നേരെ എതിര്‍ വശത്ത് ഏതാണ്ട് നൂറടി അകലത്തില്‍, മുപ്പത്തിരണ്ടിഞ്ച് വലുപ്പമുള്ള രണ്ടാമത്തെ ടെലിവിഷന്‍. വാര്‍ത്തകള്‍, ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ തുടങ്ങിയവയൊക്കെയാണ് അതില്‍ വയ്ക്കാറുള്ളത്. വളരെ കുറച്ചുപേര്‍ മാത്രമേ അത് കാണാന്‍ ഉണ്ടാവൂ. ചിലപ്പോള്‍ ഒരാള്‍ പോലും ഉണ്ടാവില്ല.
വൈകുന്നേരങ്ങളില്‍ ശകുന്തളാ ദേവി മറ്റുള്ളവര്‍ക്കൊപ്പം ഹാളില്‍ വന്ന് ഇരിക്കും. മറ്റു വൃദ്ധകള്‍ സീരിയല്‍ കാണുമ്പോള്‍, പുസ്തകങ്ങളും പത്രവും ഒക്കെ വായിക്കും. നല്ല സിനിമയാണ് എങ്കില്‍ ശ്രദ്ധ അതില്‍ ആവും. പലപ്പോഴും ചെറിയ ടെലിവിഷനു മുന്‍പില്‍ വന്നിരുന്നു വാര്‍ത്തകള്‍ കേള്‍ക്കും, പ്രഭാഷണങ്ങള്‍ ആസ്വദിക്കും. ഇന്നലെ ടെലിവിഷന്‍ സ്‌ക്രീനില്‍ താഴെ എഴുതി വന്ന 'പണ്ഡിറ്റ് സൂര്യകാന്ത് അത്യാസന്ന നിലയില്‍' എന്ന വാര്‍ത്ത വായിച്ചു. കസേര വലിച്ചിട്ട് ടെലിവിഷനു തൊട്ടടുത്ത് ഇരുന്നു. പണ്ഡിറ്റ് സൂര്യകാന്തിന് ഹൃദയാഘാതം. പ്രായവും മറ്റസുഖങ്ങളും മൂലം മരുന്നുകളോട് പ്രതികരിക്കുന്നില്ല. അടുത്ത ഇരുപതിനാലു മണിക്കൂര്‍ നിര്‍ണ്ണായകം ആണത്രേ. അവതാരകന്‍ പഞ്ഞമില്ലാതെ പ്രകീര്‍ത്തിക്കുന്നത് കേള്‍ക്കുമ്പോള്‍ സൂര്യകാന്തിന്റെ മരണം ഏതാണ്ട് ഉറപ്പാണ് എന്ന് സ്പഷ്ടം.
ജീവിതത്തില്‍ നിന്നും ഇറങ്ങി പോയ പുരുഷന്റെ മരണം തനിക്ക് യാതൊരു പ്രാധാന്യവും ഉള്ളതല്ല. എന്നിട്ടും ഇന്ന് വാര്‍ത്ത കാണാന്‍ ഇരുന്നു. തന്റെ ജീവിതം ക്ലേശകരമായ കാലത്ത് ഒരിക്കല്‍ വീടിനു തൊട്ടടുത്ത സംഗീത സഭാ മന്ദിരത്തില്‍ അദ്ദേഹം പാടാന്‍ എത്തി. വലിയ തുകയ്ക്കുള്ള ടിക്കറ്റുകള്‍ വാങ്ങാന്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നത് കണ്ടപ്പോള്‍, റേഷന്‍ ഗോതമ്പും പഞ്ചസാരയും വാങ്ങാന്‍ വേണ്ടത്ര പണം കൈവശം ഉണ്ടോ എന്നു മാത്രമായിരുന്നു ചിന്ത. തനിക്ക് ആരുമല്ലാതായി മാറിയ  ആളുമായി ബന്ധപ്പെട്ടതൊന്നും തന്റെ വിഷയമേ ആയില്ല. പ്രശസ്തനായ ആ സംഗീതജ്ഞന്‍ വലിയ സദസ്സിന്റെ കരഘോഷങ്ങള്‍ കേള്‍ക്കുമ്പോള്‍, താന്‍ ഫ്‌ലാറ്റില്‍, മൂന്നു വിദ്യാര്‍ഥികള്‍ക്ക്  മുന്‍പില്‍ ഇരുന്ന് ഹാര്‍മോണിയം വായിച്ചു സ്വരസ്ഥാനങ്ങള്‍ പറഞ്ഞുകൊടുക്കുകയായിരുന്നു.
സംഗീതം അദ്ദേഹത്തിന് പ്രശസ്തി ഉണ്ടാക്കി കൊടുത്തു. ഒരുപാടു പണം, സമൂഹത്തില്‍ വലിയ ആദരവ്. ലോകത്തെ വലിയ കണ്‍സര്‍ട്ട് ഹാളുകളിലൊക്കെ അദ്ദേഹത്തിന്റെ ശബ്ദം പതിധ്വനിച്ചു. പലരാജ്യങ്ങളിലെ, വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവര്‍ ഈ ഇന്ത്യന്‍ ഇതിഹാസ ഗായകന്റെ ആരാധകര്‍. ഭരണാധികാരികളും, വ്യവസായ പ്രമുഖരും, പണ്ഡിതന്മാരും ശാസത്രജ്ഞരും ഒക്കെ മുന്‍ നിരയിലെ ഇരിപ്പിടങ്ങളില്‍ അദ്ദേഹത്തിന്റെ പാട്ട് തുടങ്ങാന്‍ കാത്തിരുന്നു.

വളര്‍ച്ചയുടെ ആദ്യ പടവുകളില്‍ അനിവാര്യമായിരുന്നത്, ചിലര്‍ക്ക്   പിന്നീട് അപ്രസക്തമായി മാറും. അവയെ ഓര്‍മ്മയില്‍ നിന്നുപോലും തുടച്ചു മാറ്റുന്നത് തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് സഹായകമായെന്നും വരാം. സംഗീതത്തിലും ജീവിതത്തിലും അങ്ങനെ ഉപയോഗിച്ച് വലിച്ചെറിയാന്‍ അദ്ദേഹത്തിന് ആദ്യം ഒരു പെണ്‍കുട്ടി വേണമായിരുന്നു. ആ നിയോഗം തനിക്കായി എന്നത് യാദൃശ്ചികതയാവാം. താനല്ലെങ്കില്‍ മറ്റൊരു പെണ്‍കുട്ടി ആ അനുഭവങ്ങളിലൂടെ കടന്നു പോവുമായിരുന്നിരിക്കാം. കാടടക്കി ഭരിക്കുന്ന സിംഹത്തിന്റെ  പല്ലില്‍ ആദ്യമായി ചതഞ്ഞരഞ്ഞ മാംസം, ഏതാട്ടിന്‍കുട്ടിയുടേത് എന്നതിന് അത്ര പ്രാധാന്യമുണ്ടാവില്ല. പിന്നെയും ഒരുപാട് ഇരകളെ ചവച്ചു അരയ്ക്കുന്നതിന്റെ തുടക്കം കുറിച്ചു എന്നതാണ് പ്രധാനം.
ഗുരുനാഥനു മുന്‍പില്‍ ഒപ്പംമിരുന്ന് സംഗീതം പഠിക്കുമ്പോള്‍, അദ്ദേഹത്തിനു പലതും വഴങ്ങുമായിരുന്നില്ല. വീട്ടില്‍ വന്നിരുന്ന് തന്നോടു ചോദിച്ച് സംശയങ്ങള്‍ തീര്‍ക്കുമ്പോള്‍ അദ്ദേഹം തനിക്ക് ശിഷ്യന്‍ ആവുകയല്ല തന്നെ പ്രണയദാസി ആക്കുകയാണ് ചെയ്തത്.  രാധാകൃഷ്ണ പ്രണയ ഗീതികകള്‍ യൗവനത്തിന്റെ ചോദനകള്‍ക്കൊപ്പം ചേര്‍ന്നു. വാടക മുറിയില്‍ പലര്‍ക്കുമൊപ്പം കഴിഞ്ഞിരുന്ന സൂര്യകാന്ത് ഒറ്റയ്ക്ക് ഒരു മുറിയില്‍ കിടന്നുറങ്ങിയത് തന്റെ  വീട്ടിലാണ്. അച്ഛനും അമ്മയും ആദ്യം എതിര്‍ത്തു. എന്നിട്ടും ഒരുപാടു സ്‌നേഹിച്ചു വളര്‍ത്തി, മകളുടെ പ്രണയം അംഗീകരിക്കാന്‍ തയാറായി. ശകുന്തളാ ദേവിയ്‌ക്കൊപ്പമാണ് പൊതു വേദിയില്‍  സൂര്യകാന്ത് എന്ന ഗായകന്‍ പാടാന്‍ തുടങ്ങിയത്. പ്രണയം മറ്റെല്ലാ മോഹങ്ങളെയും അതിജീവിച്ചു. തനിക്കു കിട്ടിയ അവസരങ്ങള്‍ അദ്ദേഹത്തിനു കൊടുത്തു. തനിക്ക് കിട്ടുമായിരുന്ന പ്രശസ്തിയും ജനപ്രിയതയും സന്തോഷത്തോടെ അദ്ദേഹത്തിനു നല്‍കി.
അച്ഛനെയും അമ്മയെയും വിട്ട് അദ്ദേഹത്തോടൊപ്പം ഒരു ചെറിയ വാടക വീട്ടിലേക്കു പോയപ്പോള്‍ അനുജന്‍ ഒരുപാടു കരഞ്ഞു. ആവശ്യപ്പെടാതെ തന്നെ മകള്‍ക്കും  മരുമകനുമായി ഒരു വീടു വാങ്ങി നല്‍കി, അച്ഛന്‍ അനുജനെക്കാള്‍ തന്നെ സ്‌നേഹിച്ചിരുന്നു. സൂര്യകാന്തിന്റെ പ്രശസ്തി കൂടിയപ്പോള്‍ തന്റെ സംഗീതം വീടിന്റെ ചുവരുകള്‍ക്കുള്ളിലേക്ക് ഒതുങ്ങി. അദ്ദേഹത്തിന്റെ തെറ്റുകള്‍ തിരുത്തി പാട്ടുകള്‍ക്ക് കൃത്യത വരുത്തിയിരുന്ന ഭാര്യ, അദ്ദേഹത്തിന് ഒരു സംഗീതജ്ഞ അല്ലാതായി. സൂര്യകാന്ത് എന്ന ഭര്‍ത്താവിന്റെ  ക്രൂരതകളെ ഒളിപ്പിച്ച് തന്റെ അശാന്ത മൗനം. കലാകാരന്റെ ഹൃദയം തരളമായിരിക്കും എന്ന വിശ്വാസം മനസ്സില്‍ നിന്നും ഒഴിഞ്ഞു പോയി. പല പെണ്‍കുട്ടികള്‍ക്കുമൊപ്പം കിടക്ക പങ്കിട്ടിട്ട് അതൊക്കെ ഭാര്യയ്ക്കു മുന്‍പില്‍ വിവരിച്ചു സന്തോഷിച്ച സൂര്യകാന്ത് ലോകം അറിയുന്ന സംഗീതജ്ഞന്റെ കരിവാളിച്ച മുഖവും.
ഒരുപാടായാല്‍, പണം മനുഷ്യത്വമപഹരിക്കുന്ന ലഹരിയായി ചിലര്‍ക്ക്  അനുഭവപ്പെടും. പിന്നെയും അധികമായാല്‍ അത് മനുഷ്യത്വത്തെ കൊല ചെയ്യുന്ന വിഷമായി മാറും. ജന്മനാ ആരോഗ്യ പ്രശ്‌നമുള്ള മകനുവേണ്ടി ഒരിക്കലും മരുന്നിനുള്ള പണം പോലും സൂര്യകാന്ത് തന്നിട്ടില്ല. മുഖത്ത് കഫവും ഉമിനീരും ഒലിപ്പിച്ചു നടക്കുന്ന അവനെ വീട് വൃത്തികേടാക്കുന്ന  അശ്രീകരം എന്നു പറഞ്ഞ് അകറ്റിനിര്‍ത്തി. ആ മകന്‍ കാരണമാണ് സൂര്യകാന്ത് വീടു വിട്ടു പോയത്.
അച്ഛന് അറപ്പുണ്ടാക്കിയതോക്കെ അമ്മയ്ക്ക് മകനോടുള്ള വാത്സല്യം കൂട്ടുകയാണ് ചെയ്തത്. അവനെയും കൊണ്ട് എന്നും ഡോക്ടറുടെ അടുത്തു പോയി. വരുമാനമൊന്നുമില്ല. മരുന്നിനു വേണ്ടി വീട്ടിലെ പാത്രം വരെ വിറ്റു. നിവൃത്തിയില്ലാതെ വന്നപ്പോള്‍ സൂര്യകാന്തിനു മുന്‍പില്‍ സഹായാഭ്യര്‍ത്ഥന. തന്റെ യാചന അയാള്‍ക്ക്  അവകാശവാദമായി തോന്നി. മരണത്തോടു മല്ലിടുന്ന മകന്‍ കരുണ അര്‍ഹിക്കുന്ന ഒരു മനുഷ്യ ജീവനാണെന്നു പോലും അംഗീകരിക്കാന്‍ തയാറാവാത്ത ഔദ്ധത്യം കേട്ടു മടങ്ങി. വട്ടിപ്പലിശക്കാരില്‍ നിന്നും കടം വാങ്ങിയപണം കൊണ്ട് മരുന്ന് വാങ്ങാം. മാറി മാറി ഡോക്ടര്‍മാരെ വരുത്താം. പക്ഷെ ആയുസ്സ് അതിനുവഴങ്ങില്ല. അമ്മയുടെ വാത്സല്യം മുഴുവനും നിറഞ്ഞ വായു ശ്വസിക്കുന്നതുകൊണ്ടു മാത്രം നീട്ടിക്കിട്ടിയ ആയുസ്സ് ആയിരുന്നത്രേ അവന്റെത്. അവന് മരുന്നു മേടിക്കാന്‍ താന്‍ പോയപ്പോള്‍ ശ്വാസം അവനെ ചതിച്ചു.
മൃതദേഹം കാണാന്‍ അവന്റെ അച്ഛന്‍ വന്നില്ല. 
പലിശക്കാരന്റെ പണപ്പിരുവുകാര്‍ കുറെയൊക്കെ ദയ കാട്ടി. സൂര്യകാന്ത് വിട്ട ആളുകള്‍ കൂടുതല്‍ കണിശക്കാര്‍. അവര്‍ പറഞ്ഞ ദിവസത്തിനുള്ളില്‍  പലിശ സഹിതം കടം വീട്ടിയിരിക്കണം എന്ന താക്കീത്.
ജീവന്‍ അപകടത്തിലാണ് എന്ന് മനസ്സു പറഞ്ഞുകൊണ്ടിരുന്നു. കിട്ടിയ വിലയ്ക്ക്  വീടു വിറ്റ്  കടം വീട്ടി. മിച്ചം വന്ന പണം കൊണ്ട് നഗരത്തിന്റെ  മറ്റൊരു ഭാഗത്തു വാങ്ങിയ ചെറിയ വീട്ടിലേക്ക് താമസം മാറി. താന്‍ ആരെന്നറിയാത്ത അയല്‍ വാസികളില്‍ പലരും സൂര്യകാന്ത് എന്ന വലിയ സംഗീതജ്ഞന്റെ ആരാധകര്‍. താന്‍ ആള്‍മാറാട്ടം നടത്തുകയായിരുന്നില്ല. പക്ഷെ ആരെന്നു തുറന്നു പറയാന്‍ ഭയപ്പെട്ടു.
പണ്ഡിറ്റ് സൂര്യകാന്തിന് പുതിയ ഭാര്യയും കുടുംബവുമുണ്ടായി. ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ച മറ്റു പല ബന്ധങ്ങളും. തന്റെ ജീവിതത്തിലും മാറ്റങ്ങള്‍. അച്ഛനും അമ്മയും മരിച്ചു. അനുജന്‍ വിദേശ രാജ്യത്തു പോയി. സ്‌നേഹം കൂടുതലായതു കൊണ്ടാണ് അവനുമായുള്ള ബന്ധം അറ്റു പോയത്. ഒരിക്കലും പരസ്പരം സംസാരിക്കരുത് എന്ന് പറഞ്ഞ് അവനോടു പിരിയുമ്പോള്‍ ശബ്ദത്തില്‍  ക്രോധവും ഉള്ളില്‍ കണ്ണീരുമായിരുന്നു. തന്റെ ജീവിതത്തിലെ താളപ്പിഴകള്‍ പിന്നീട് അവനെ അസ്വസ്ഥനാക്കിക്കാണില്ല.
കുട്ടികളെ സംഗീതം പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ താന്‍ ആര് എന്ന് കൂടുതലായി അറിയാന്‍ പലരും ശ്രമിച്ചു. പാട്ടു പഠിപ്പിച്ച് വരുമാനമുണ്ടാക്കി  ജീവിക്കാന്‍ ശ്രമിക്കുന്ന ഒരു സാധു സ്ത്രീ എന്നു മാത്രമായിരുന്നു തന്റെ പ്രതികരണം. പണ്ഡിതയോ പാരമ്പര്യമുള്ളതോ ആയ ഒരു പാട്ടുകാരിയല്ല താന്‍ എന്നു പറഞ്ഞപ്പോള്‍ പലരും അവരുടെ കുട്ടികളെ തന്റെയൊപ്പം പഠിക്കാന്‍ വിട്ടില്ല. വന്നവരില്‍ ചിലര്‍ കുട്ടികളുടെ ഫീസ് കുറയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
തന്റെ ശരീരത്തിനും മുഖത്തിനും ഉണ്ടായിരിക്കുന്ന വലിയ മാറ്റങ്ങള്‍, തന്നെ, 'സാധു സംഗീത അധ്യാപിക' എന്നു മാത്രം വിളിപ്പിക്കാന്‍ യോജിച്ചതാണ്. ചെറുപ്പത്തില്‍ കണ്ടിട്ടുള്ള ആര്‍ക്കും തിരിച്ചറിയാനാവാത്ത പുതിയ രൂപം. വീണ്ടും ഒരിക്കല്‍ കൂടി ആളുകള്‍ക്കു മുന്‍പില്‍ സംഗീത സദസ്സ് നടത്താനോ, പ്രശസ്തി നേടാനോ താനില്ല. ചുറ്റുപാടുമുള്ള കുറച്ചു വിദ്യാര്‍ഥികളെമാത്രം പഠിപ്പിക്കുന്ന പാട്ട് അദ്ധ്യാപികയായി സ്വയം ഒതുങ്ങി.
പണ്ഡിറ്റ് സൂര്യകാന്ത് ഒരുപാടു പ്രശസ്തിയിലേക്ക് വളര്‍ന്നതും, ദേശീയ ബഹുമതികള്‍കൊണ്ട് ആദരിക്കപ്പെട്ടതും ഒന്നും തനിക്ക് എന്തെങ്കിലും പ്രത്യേകതയുള്ള വാര്‍ത്തകളായില്ല. ഗോസിപ്പ് കോളങ്ങളില്‍ അദ്ദേഹത്തിന്റെയും ഏതൊക്കെയോ സ്ത്രീകളുടെയും ചിത്രങ്ങള്‍ വന്നതും ശ്രദ്ധിച്ചിട്ടില്ല. തനിക്ക്, കാലം ഒരു മഹാ വൈദ്യനാണ്. മറവി പ്രിയപ്പെട്ട കൂട്ടുകാരിയും. പണ്ഡിറ്റ് സൂര്യകാന്ത് മനസ്സില്‍ നിന്നും പടിയിറങ്ങി. അദ്ദേഹത്തോടുള്ള  പ്രണയമോ, പിന്നെ ഉണ്ടായ ഭയമോ മനസ്സില്‍ ഒന്നും ശേഷിപ്പിക്കാതെ ഒഴിഞ്ഞു പോയി. ശ്രുതിയും താളവും ചേര്‍ത്തു വയ്ക്കുന്ന കണക്കുകള്‍ക്കൊപ്പം, പലവ്യഞ്ജനത്തിന്റെയും പച്ചക്കറിയുടെയും കണക്കു കൂട്ടലുകള്‍ കൂടിച്ചേര്‍ന്ന ദിവസങ്ങള്‍.
വയസ്സ് അറുപത്തി രണ്ട്. ആരോഗ്യം വളരെ മോശം. ഒറ്റയ്ക്ക് താമസം സാധ്യമല്ല. വൃദ്ധസദനത്തിലേക്ക് ആരൊക്കെയോ ചേര്‍ന്ന്  കൊണ്ടുവന്നു. ബന്ധുക്കളായി ആരുമില്ല. വീട് വിറ്റ് പണം ബാങ്കിലിട്ടത് അതിനു ശേഷം. താന്‍ മിച്ചം വച്ച് പോവുന്ന ഇത്തിരി സമ്പത്തിന് അവകാശി, ഈ വൃദ്ധസദനമാണ് എന്നെഴുതിയ ഒസ്യത്ത് അവര്‍ പോലും കണ്ടിട്ടില്ല.
പിന്നെയും പല വര്‍ഷങ്ങള്‍. അനാരോഗ്യം. ചികിത്സ. ഇപ്പോഴും വൃദ്ധസദനത്തില്‍. ഒപ്പമുണ്ടായിരുന്ന പലരും മരിച്ചു. ചിലരുടെയൊക്കെ ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുത്തു സംസ്‌കരിക്കാന്‍ കൊണ്ടുപോയി. മറ്റു ചില ശവ സംസ്‌കാരങ്ങള്‍ നടത്തിയത് വൃദ്ധ സദനക്കാര്‍ തന്നെ. പുതിയതായി എത്തുന്ന വൃദ്ധകളുടെ എണ്ണം കൂടിക്കൂടി വരുന്നു. മുറികള്‍ പങ്കിട്ടും വേദനകള്‍ പരസ്പരം പറഞ്ഞും ഏകാന്തത അകറ്റുന്ന വൃദ്ധകള്‍. സായാഹ്നങ്ങളില്‍ ടെലിവിഷനു മുന്‍പിലുള്ള കൂട്ടായ്മ. പേരുകള്‍ക്കും, ബന്ധങ്ങള്‍ക്കും,  ഇന്നലെകളിലെ സ്ഥാനമാനങ്ങള്‍ക്കും  വിലയില്ലാതായി എന്ന് തിരിച്ചറിയുന്നവര്‍. അവരില്‍ ഒരാളായി ...ശകുന്തളാ ദേവി എന്ന താനും .....

പണ്ഡിറ്റ് സൂര്യകാന്ത് മരിച്ചു. സംഗീത ലോകത്തെ കുലപതിയുടെ കലാ സപര്യയാണ് ടെലിവിഷനില്‍ കുറെ നേരമായി കാണിക്കുന്നത്.
നഷ്ട ബോധമോ ആഴമുള്ള വേദനയോ ഉണ്ടാക്കുന്നില്ല എങ്കിലും മനസ്സിലൂടെ വീശുന്ന നൊമ്പരക്കാറ്റിനെ തടയാന്‍ തനിക്കാവുന്നില്ല.
കാലവും മറവിയും അല്‍പനേരത്തേക്ക് കൂട്ടുപേക്ഷിച്ചു.
കലാ ഹൃദയങ്ങള്‍ തരളമാണെന്ന് ആവര്‍ത്തിച്ചു പറയുന്ന തന്നിലെ കൗമാരം, താനെന്ന വൃദ്ധയെ തോല്‍പ്പിച്ച  ഇത്തിരി നിമിഷങ്ങള്‍.
കണ്ണുകള്‍ക്കു –മുന്‍പിലെ ചലിക്കുന്ന ദൃശ്യങ്ങള്‍ക്കപ്പുറം, എന്നോ തമസ്‌ക്കരിക്കപ്പെട്ട ചില ഓര്‍മ്മച്ചിത്രങ്ങള്‍ നിറം മങ്ങിത്തെളിഞ്ഞു.
എതിര്‍വശത്തെ ടെലിവിഷനില്‍ മഹാഭാരതം സീരിയലിനിടയ്ക്കുള്ള പരസ്യമായതിനാല്‍ ചില വൃദ്ധകള്‍ വെള്ളം കുടിക്കാനും മൂത്രമൊഴിക്കാനും ഒക്കെയായി എഴുന്നേറ്റു നടന്നു.
'എന്താ ചേച്ചി, പ്രധാന വാര്‍ത്ത വല്ലതുമാണോ ശ്രദ്ധിച്ചു കാണുന്നത്'
കാലമെന്ന മഹാവൈദ്യനും, മറവി എന്ന കൂട്ടുകാരിയും വീണ്ടും ഒപ്പമെത്തി.
'കൊള്ളാവുന്ന വാര്‍ത്തയൊന്നുമില്ല. ഏതോ ഒരു പാട്ടുകാരന്‍ ചത്തു പോയത്രെ. കുറെ നേരമായിട്ട് അതു മാതമാണ് കാണിക്കുന്നത്'
ശകുന്തളാ ദേവി എഴുന്നേറ്റു. ചൂടുള്ള ചുക്കുവെള്ളം കുടിക്കാന്‍, മറ്റുള്ള വൃദ്ധകള്‍ക്കൊപ്പം നടന്നു.

________________________________________________________________

മുംബൈ സാഹിത്യ വേദി

|0 comments

ഈ മഹാനഗരത്തിന്റെ മുഖമുദ്രയായ, ദുഃ ഖങ്ങളോടും, ദുരന്തങ്ങളോടും ,അനീതികളോടും, അതിക്ക്രമങ്ങളോടും , അധാര്‍മ്മികതളോടും , അസമത്വങ്ങളോടും , അന്ധവിശ്വാസങ്ങളോടും , യാന്ത്രികമായി സമരസപ്പെട്ടു പോകാന്‍ ബൗദ്ധി കമായി ഷണ്ഡത്വം ഏറ്റുവാങ്ങുന്നവരെ അതില്‍ നിന്നു പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് സാഹിത്യവേദി ചെയ്യുന്നത് .ആരേയും അതിശയിപ്പിക്കുന്ന സരളതയും അരേയും മോഹിപ്പിക്കുന്ന ആശയ സംവാദവുമാണു ഒരു ക്ളാസ്സ് മുറിയില്‍ ഒതുങ്ങാവുന്നത്ര ആളുകളുടെ കൂട്ടായ്മ കഴിഞ്ഞ 47 വര്‍ഷമായി അനവരതം അവിരാമം നടത്തികൊണ്ടിരിക്കുന്നത്.

വില്‍സണ്‍
കണ്‍വീനര്‍ 
മുംബൈ സാഹിത്യ വേദി

Monday, February 23, 2015

വി ടി സ്മാരക പുരസ്കാരം

|0 comments


|0 comments

Monday, February 9, 2015

|0 comments

Followers