പ്രിയപ്പെട്ട അക്ഷര സ്‌നേഹികളെ,
വിനീത് നായര്‍
ആഴമുള്ള വായനയും നിരൂപണ ബുദ്ധിയും തെളിമയുറ്റ ഭാഷാ മികവും കൊണ്ട് മലയാളം ബ്ലോഗോസ്ഫിയറിലും ആനുകാലികങ്ങളിലും സ്വന്തമായ ഇടം വിനീത് കണ്ടെത്തിക്കഴിഞ്ഞു. സാഹിത്യ പഠനങ്ങളും നിരൂപണങ്ങളും കൂടാതെ സിറ്റിസണ്‍ ജേര്‍ണ്ണലിസത്തിന്റെ പുതിയ സാധ്യതകളെക്കൂടി സ്വന്തം ബ്ലോഗ്ഗിലൂടെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് വിനീത്. 'മഷിപ്പാത്രം' എന്ന വിനീതിന്റെ ബ്ലോഗ്ഗ് വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രചുര പ്രചാരം നേടിക്കഴിഞ്ഞു. മലയാള സാഹിത്യത്തിലെ പുതുനിരയിലുള്ള പല കവികളുടേയും കലാകാരന്‍മാരുടേയും അഭിമുഖങ്ങളിലൂടെ വിനീത് ബ്ലോഗ്ഗോസ്ഫീയറില്‍ സവിശേഷ ശ്രദ്ധ നേടി. ഡോംബിവ്ല്ലി സമാജത്തിന്റെ പ്രസിദ്ധീകരണമായ 'വര്‍ത്തമാന'ത്തില്‍ എഴുതിക്കൊണ്ടാണ് വിനീത് ബോംബെ നിവാസികളുടെ ശ്രദ്ധാകേന്ദ്രമാവുന്നത്. നാട്ടില്‍ മാതൃഭൂമിയടക്കമുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ തന്റെ സാന്നദ്ധ്യ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ മുംബൈ എയര്‍പോര്‍ട്ടില്‍ ഏയ്‌റനോട്ടിക്കല്‍ മെക്കാനിക്ക് രംഗത്ത് ട്രെയ്‌നിയായി ജോലി ചെയ്തുവരുന്നു. അവിവാഹിതന്‍, താമസം ഡോംബിവ്ല്ലി ബ്ലോഗ്ഗ്: http://mashippathram.blogspot.com/
സാഹിത്യവേദി ജൂണ്‍മാസ ചര്‍ച്ചയ്ക്കുവേണ്ടി വൈലോപ്പിള്ളിയുടെ കവിതകളെ അടിസ്ഥാനമാക്കി വിനീത് രചിച്ച പ്രബന്ധം.
കവിതയിലെ പുനര്‍വിന്യാസങ്ങള്‍
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ജൂലൈ മാസം ആദ്യഞായറാഴ്ച (03-07-2011) യുവ സാഹിത്യകാരന്‍ വിനീത് നായര്‍ അദ്ദേഹത്തിന്റെ വൈലോപ്പിള്ളിയുടെ കാവ്യലോകത്തെക്കുറിച്ചുള്ള 'കവിതയിലെ പുനര്‍വിന്യാസങ്ങള്‍ ' എന്ന പ്രബന്ധം അവതരിപ്പിക്കും.. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും പങ്കെടുക്കുന്നു. ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ജൂലൈ 03, 2011. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.
സസ്‌നേഹം
ഡോ. വേണുഗോപാല്‍
കണ്‍വീനര്‍, സാഹിത്യവേദി-മുംബൈ
നോട്ട്: ചര്‍ച്ചയക്ക് ആവശ്യം വേണ്ട സമയം അനുവദിക്കണമെന്നുള്ളതുകൊണ്ട് പരിപാടി കൃത്യം ആറുമണിക്കുതന്നെ തുടങ്ങുന്നതാണ്. ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യ സമയത്തുതന്നെ ഹാളില്‍ എത്തിച്ചേരാന്‍ ശ്രമിക്കുക.
സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ജൂലൈ 03, 2011. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.
സസ്‌നേഹം
ഡോ. വേണുഗോപാല്‍
കണ്‍വീനര്‍, സാഹിത്യവേദി-മുംബൈ
നോട്ട്: ചര്‍ച്ചയക്ക് ആവശ്യം വേണ്ട സമയം അനുവദിക്കണമെന്നുള്ളതുകൊണ്ട് പരിപാടി കൃത്യം ആറുമണിക്കുതന്നെ തുടങ്ങുന്നതാണ്. ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യ സമയത്തുതന്നെ ഹാളില്‍ എത്തിച്ചേരാന്‍ ശ്രമിക്കുക.
വിനീത് നായര്‍
ആഴമുള്ള വായനയും നിരൂപണ ബുദ്ധിയും തെളിമയുറ്റ ഭാഷാ മികവും കൊണ്ട് മലയാളം ബ്ലോഗോസ്ഫിയറിലും ആനുകാലികങ്ങളിലും സ്വന്തമായ ഇടം വിനീത് കണ്ടെത്തിക്കഴിഞ്ഞു. സാഹിത്യ പഠനങ്ങളും നിരൂപണങ്ങളും കൂടാതെ സിറ്റിസണ്‍ ജേര്‍ണ്ണലിസത്തിന്റെ പുതിയ സാധ്യതകളെക്കൂടി സ്വന്തം ബ്ലോഗ്ഗിലൂടെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് വിനീത്. 'മഷിപ്പാത്രം' എന്ന വിനീതിന്റെ ബ്ലോഗ്ഗ് വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രചുര പ്രചാരം നേടിക്കഴിഞ്ഞു. മലയാള സാഹിത്യത്തിലെ പുതുനിരയിലുള്ള പല കവികളുടേയും കലാകാരന്‍മാരുടേയും അഭിമുഖങ്ങളിലൂടെ വിനീത് ബ്ലോഗ്ഗോസ്ഫീയറില്‍ സവിശേഷ ശ്രദ്ധ നേടി. ഡോംബിവ്ല്ലി സമാജത്തിന്റെ പ്രസിദ്ധീകരണമായ 'വര്‍ത്തമാന'ത്തില്‍ എഴുതിക്കൊണ്ടാണ് വിനീത് ബോംബെ നിവാസികളുടെ ശ്രദ്ധാകേന്ദ്രമാവുന്നത്. നാട്ടില്‍ മാതൃഭൂമിയടക്കമുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ തന്റെ സാന്നദ്ധ്യ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ മുംബൈ എയര്‍പോര്‍ട്ടില്‍ ഏയ്‌റനോട്ടിക്കല്‍ മെക്കാനിക്ക് രംഗത്ത് ട്രെയ്‌നിയായി ജോലി ചെയ്തുവരുന്നു. അവിവാഹിതന്‍, താമസം ഡോംബിവ്ല്ലി ബ്ലോഗ്ഗ്: http://mashippathram.blogspot.com/
സാഹിത്യവേദി ജൂണ്‍മാസ ചര്‍ച്ചയ്ക്കുവേണ്ടി വൈലോപ്പിള്ളിയുടെ കവിതകളെ അടിസ്ഥാനമാക്കി വിനീത് രചിച്ച പ്രബന്ധം.
കവിതയിലെ പുനര്‍വിന്യാസങ്ങള്‍
കാല്പനിക ഉന്മാദിയും, കാല്പനിക കലാപകാരിയുമായിരുന്ന ചങ്ങമ്പുഴയുടെ പൂക്കാലത്ത് തന്നെ തെളിഞ്ഞൊഴുകിയ കവിതകളായിരുന്നു വൈലോപ്പിള്ളിക്കവിതകള്‍. തന്റെ നവവയസ്സിലെ ആദ്യപ്രേമമായ ആശന്‍ കവിതകളിലൂടെ മലയാളകവിതയിലേക്ക് കടന്നുവന്ന വൈലോപ്പിള്ളി കവിത, നാടകം, ആത്മകഥ എന്നീ വിഭാഗങ്ങളിലായി മുപ്പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. കന്നിക്കൊയ്ത്ത്, ശ്രീരേഖ, കുടിയൊഴിക്കല്‍, ഓണപ്പാട്ടുകള്‍, കടല്‍ക്കാക്കകള്‍, കയ്പവല്ലരി, വിട, മകരക്കൊയ്ത്ത് തുടങ്ങിയ പ്രമുഖകാവ്യങ്ങളും കാവ്യലോകസ്മരണകള്‍ എന്ന ആത്മകഥയും ഋഷ്യശൃംഗനും അലക്സാണ്ടറും എന്ന നാടകവും അദ്ദേഹത്തെ മലയാളസാഹിത്യലോകത്തില്‍ അടയാളപ്പ്ടുത്തിയ കൃതികളാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ് തുടങ്ങി അനേകം പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. കവിത്രയത്തിലൂടെ വളര്‍ച്ചയെത്തിയതായി സ്വയം പ്രഖ്യാപിച്ച മലയാളകവിത അവിടെ നിന്നും വീണ്ടും ഔന്നത്യത്തിലെത്തിയത് വൈലോപ്പിള്ളിയിലൂടെയായിരുന്നിരിക്കണം. വിഷയസ്വീകാര്യത്തിലും, ആവിഷ്കാരത്തിലും അതിനെല്ലാം നിദാനമായി വര്‍ത്തിക്കുന്ന ദര്‍ശനങ്ങളിലുമെല്ലാം തികച്ചും വ്യത്യസ്തവും നൂതനവുമായ ലോകം കണ്ടെത്തിയ വൈലോപ്പിള്ളി 1985 ലാണ് അന്തരിച്ചത്.
സ്വസ്തിയുടെ മറുപുറം തപ്പുന്ന വൈലോപ്പിള്ളി, ജീവിതത്തിന്റെ പ്രസാദാത്മകവും, വിഷാദാത്മകവുമായ വശങ്ങളെ ഒരേസമയം കാണുന്ന കണ്ണുള്ളവനായിരുന്നു. ജീവിതത്തിന്റെ സൗന്ദര്യാത്മകതയ്ക്കൊപ്പം വികൃതാവസ്ഥയെയും അദ്ദേഹം കാണുകയും തിരിച്ചറിയുകയും ചെയ്തിരുന്നു എന്ന് അദ്ദേഹത്തിന്റെ കവിതകള്‍ തെളിയിക്കുന്നുണ്ട്. യാഥാര്‍ത്ഥ്യബോധത്തില്‍ ഊന്നിനില്‍ക്കുന്ന കാല്പനികന്‍ എന്ന വിശേഷണം മാത്രം മതി മലയാളകവിതയില്‍ വൈലോപ്പിള്ളിയുടെ സ്ഥാനം എന്തായിരുന്നു എന്ന് മനസ്സിലാക്കാന്‍. സൂക്ഷ്മമായ എല്ലാ മാനസികഭാവങ്ങളും കവിതകളിലേക്കാവാഹിക്കാന്‍ കഴിയും എന്ന് തെളിയിച്ചത് ചങ്ങമ്പുഴയായിരുന്നു. എന്നാല്‍ വൈലോപ്പിള്ളിക്കവിതകള്‍ അതിസൂക്ഷ്മമായ മാനസികവ്യാപാരങ്ങളെയാണ് കവിതയിലേക്ക് കൊണ്ടുവന്നത്. അതിലൊരിക്കലും കാല്പനികതയുടെ പ്രകടസ്വഭാവങ്ങളായ അതിവൈകാരികതയും, വിഷാദാത്മകതയും ഉണ്ടായിരുന്നില്ല. അവയെല്ലാം തന്നെ വൈലോപ്പിള്ളി എന്ന കവിക്ക് അന്യമായിരുന്നു. മനുഷ്യമനസ്സിന്റെയും, മനുഷ്യപ്രകൃതിയുടെയും ആഴങ്ങളിലേക്ക് നോക്കുന്ന കവി, വ്യക്തിസ്വാതന്ത്ര്യത്തേക്കാള്‍ സമൂഹസ്വാതന്ത്ര്യം ആഗ്രഹിക്കുന്ന കവി, സത്യസൗന്ദര്യങ്ങളുടെ പരിണയമാണ് കവിത എന്ന് പറഞ്ഞ കവി തുടങ്ങി ഒരുപാട് വിശേഷണങ്ങള്‍ ഈ കവിക്ക് ചാര്‍ത്തിക്കൊടുക്കാന്‍ കഴിയും.
ഭോഗലാലസവും,സ്ത്രീകേന്ദ്രീക്രിതവും, വര്‍ണ്ണനാപ്രധാനവുമായിരുന്ന മലയാളകവിതയ് ആത്മനിവേദനതലത്തിലേക്ക് പരിവര്‍ത്തിപ്പിച്ച കവിത്രയത്തിന്റെ കാലഘട്ടത്തില്‍ നിന്ന് ഊര്‍ജ്ജം കൊണ്ടതാണ് വൈലോപ്പിള്ളിക്കവിത. ഭാവാത്മകത,പ്രണയസങ്കല്പം,സ്തീസങ്കല്പം,ആത്മാലാപം,സ്വാതന്ത്ര്യസങ്കല്പം എന്നീ തലങ്ങളില്‍ പുതുചലനങ്ങള്‍ പകര്‍ന്നു തന്നവരാണ് കവിത്രയം. ഈ പുതുകാവ്യപാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരനായാണ് വൈലോപ്പിള്ളി കാവ്യലോകത്തേക്ക് കടന്നുവരുന്നത്. ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, ഇടശ്ശേരി, എന്നീ കവികളുടെ സമകാലികനായ വൈലോപ്പിള്ളിക്ക് കാവ്യപരിശ്രമങ്ങളില്‍ ഇടശ്ശേരിയോടാണ് ചായ് വ്.
'തുടുവെള്ളാമ്പല്‍ പൊയ്കയല്ല,ജീവിതത്തിന്റെ
കടലേ,കവിതക്ക് ഞങ്ങള്‍ക്ക് മഷിപ്പാത്രം' എന്ന് കവി ഉറക്കെ പ്രഖ്യാപിച്ചത് കാല്പനികതയ്ക്ക് എതിരായി തന്നെയായിരുന്നു. അവിടെ അദ്ദേഹം ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നീലക്കടലാണ് കവിതയ്ക്ക് അടിസ്ഥാനമായി കണ്ടത്.
വൈലോപ്പിള്ളിയുടെ ആദ്യസമാഹാരമാണ് 'കന്നിക്കൊയ്ത്ത്'. പാരമ്പര്യത്തെയും, പൈതൃകത്തെയും കുറിച്ചുള്ള കവിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന കൃതിയാണത്. ആ സമാഹാരത്തിലെ കന്നിക്കൊയ്ത്ത് എന്ന കവിത ജീവിതം വിളയിറക്കുകയും നിയതി കൊയ്തെടുക്കുകയും ചെയ്യുക എന്നതാണ് നിയമം എന്ന് സ്ഥാപിച്ചെടുക്കുകയാണ് ചെയ്യുന്നത്. മനുഷ്യന്റെ ജീവിതപ്രേമവും,പ്രകൃതിയുടെ ക്രൗര്യവും എക്കാലത്തേയ്യും ദാര്‍ശനികപ്രശ്നമാണ്. ആ ക്രൗര്യത്തെ അതിജീവിക്കുന്ന ജീവിതം മഹത്തരമാണ്. ജീവിതത്തില്‍ അനശ്വരമായ എന്തെങ്കിലുമുണ്ടെങ്കില്‍ അത് ജീവിതത്തിന്റെ തുടര്‍ച്ചയാണ് എന്നെല്ലാം ആ കവിത നമുക്ക് കാണിച്ചുതരുന്നു.
'ഹാ വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍' എന്ന് ചോദിക്കുന്ന കവി, ശുഭപ്രതീക്ഷയോടെ മാത്രം ജീവിതത്തെ കാണുന്നവനാണ്. പ്രതിസന്ധി നിറഞ്ഞ ജീവിതത്തെ പ്രത്യാശയോടെ നേരിടാനും മൃതിയെ കീഴ്പ്പെടുത്താനുമാണ് കവി ശ്രമിക്കുന്നത്. മൃതി എപ്പോഴും ജീവിതത്തിനു മേല്‍ ചാടി വീഴാന്‍ ശ്രമിക്കുകയാണ് എന്ന് വൈലോപ്പിള്ളി പല കവിതകലിലും സൂചിപ്പിക്കുന്നുണ്ട്. 1962ല്‍ എഴുതിയ 'ചേറ്റുപുഴ' എന്ന കവിതയില്‍ ഇതേ ആശയം നമുക്ക് കാണാവുന്നതാണ്. 1961ല്‍ ഉണ്ടായ ചേറ്റുപുഴ ബസ്സപകടത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അതേവഴി ബസ്സില്‍ പോകുന്ന ചെറുപ്പക്കാരന്റെ ഫലിതം കലര്‍ന്ന വാക്കുകളിലൂടെ ഭീകരദുരന്തത്തെ കവി ഫലിതമായി ചിത്രീകരിക്കുന്നു. ഇതിലൂടെ കവി മൃത്യുവിനെ പരിഹസിക്കുകയായിരുനിരിക്കണം ചെയ്തിരിക്കുന്നത്. ബസ്സിലെ കാഴ്ചകളില്‍ ഉത്സാഹത്തിന്റെയും, ജീവിതാജയ്യതയുടെയും സൂചനകളുണ്ട്. അതിന്റെ പരകോടിയിലെത്തുമ്പോഴാണ് ബസ്സ് പാലത്തിനടുത്തെത്തുന്നത്.
'ചേറ്റുപുഴക്കൊലപ്പാലം, വേഗം
ചെറ്റു കുറയ്ക്കൂ ചങ്ങാതീ
ഇങ്ങോ മൃത്യു പതുങ്ങിയതിപ്പൊഴു
മങ്ങോരുണ്ടാമീമടയില്‍' എന്ന് ആ കവിതയിലെ യുവാവ് മരണത്തെത്തന്നെ ഫലിതവിഷയമാക്കിപ്പറയുന്നു. പുലിമടയിലെ പുലിയെപ്പോലെ, മ്രിത്യു ഒളിച്ചിരിക്കുകയാണെന്നും അവസരം നോക്കി ചാടി വീഴാന്‍ അത് കാത്തിരിക്കുകയാണെന്നും കവി സൂചിപ്പിക്കുന്നുണ്ട്.
മരണത്തിന്റെ തേര്‍ വാഴ്ചയുള്ള പാലത്തില്‍ പുതിയ ജീവിതം ചൂണ്ടലിട്ടിളകാതെയിരിക്കുന്ന കാഴ്ച കാണിച്ചുകൊണ്ടാണ് കവിത വര്‍ത്തമാനകാലത്തിലേക്ക് തിരിച്ചെത്തുന്നത്. മരണത്തെപ്പോലും ചൂണ്ടയിട്ട് ആഹാരമാക്കാന്‍ തയ്യാറായ ജീവിതം എന്ന് പാടാന്‍ ഇവിടെ വൈലോപ്പിള്ളിക്ക് മാത്രമേ കഴിയൂ.ജീവിതമരണങ്ങളുടെ സംഘര്‍ഷത്തിനു മുന്നിലും ഇളകാതിരുന്ന് മരണത്തെ കുടുക്കില്‍ പെടുത്താന്‍ ശ്രമിക്കുന്ന കാഴ്ച എത്ര മനോഹരമായാണ് കവി ചിത്രീകരിച്ചിരിക്കുന്നത്. ജീര്‍ണ്ണതയെ ചേറ്റിലാഴ്ത്തി പൂര്‍ണ്ണതയിലേക്ക് പായുകയാണ് ചേറ്റുപുഴ എന്ന് കവി ഒടുവില്‍ പ്രഖ്യാപിക്കുന്നതോടെ മരണത്തെ പുറകിലേക്ക് തള്ളി മുന്നോട്ട് കുതിക്കുകയാണ് ജീവിതത്തിന്റെ സ്വഭാവം എന്ന് വ്യക്തമാകുന്നു. ജീവിതത്തിന്റെ മുന്നേറ്റവും മരണത്തിന്റെ തിരിച്ചടിയും വേര്‍പിരിക്കാന്‍ പറ്റാത്ത വിധം ഇഴുകിച്ചേര്‍ന്നതാണെന്നും, ആ ഇഴുകിച്ചേരലാണ് ജീവിതത്തിന്റെ അപ്രതിഹത്വത്തിന്നാധാരം എന്നും കവി ഈ കവിതയിലൂടെ കണ്ടെത്തുന്നു.
മനുഷ്യവീര്യത്തെ പ്രകീര്‍ത്തിക്കുകയും,ജ്വലിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് കവിതകള്‍ വൈലോപ്പിള്ളി രചിച്ചിട്ടുണ്ട്. മല തുരക്കല്‍, പന്തങ്ങള്‍ എന്നിവ അതിന് ഉദാഹരണങ്ങളാണ്. എല്ലാ പ്രതിരോധങ്ങളെയും തകര്‍ത്തുകൊണ്ട് കുതിച്ചു പായുന്ന മാനവവീര്യത്തിന്റെ അജയ്യതയില്‍ വിശ്വസിക്കുന്ന കവി, 'ഉയിരിന്‍ കൊലക്കുടുക്കാവും കയറിനെ ഉഴിഞ്ഞാലാക്കിത്തീര്‍ക്കാന്‍' വെമ്പുന്നവനാണ്.
കാലത്തിന്റെ വെല്ലുവിളികള്‍ക്ക് നായകസ്ഥാനം ചാര്‍ത്തിക്കൊടുത്താണ് വൈലോപ്പിള്ളി ഇത്തരം കവിതകളുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കവിതയുടെ സ്വഭാവം നിരീക്ഷിക്കാനും അതില്‍ തന്റെ നിലപാടെന്തെന്ന് നിഷ്കൃഷ്ടമായി പരിശോധിച്ചറിയാനും കവി കാണിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിഷ്ഠയാണ് പല കാവ്യങ്ങള്‍ക്കും പ്രമേയമായി വികസിച്ച് വന്നിട്ടുള്ളത്. തന്റെയും സമുദായത്തിന്റെയും കാലത്തിന്റെയും നിലപാടുകളെ സ്വയം അതിലലിഞ്ഞും എന്നാല്‍ പിന്നീട് തികഞ്ഞ നിസ്സംഗതയോടെയും മൂല്യനിര്‍ണ്ണയം ചെയ്യാന്‍ ഈ കവി നടത്തുന്ന ശ്രമം മലയാളകാവ്യചരിത്രത്തില്‍ അസദൃശ്യമായി നിലകൊള്ളുന്നു. ഇതേപോലെത്തന്നെ നയവും അഭിനയവും കലര്‍ന്ന ദാമ്പത്യത്തിലെ ശീതസമരങ്ങളെയും വൈലോപ്പിള്ളി കവിതയിലേക്ക് ആവിഷ്കരിച്ചിട്ടുണ്ട്. കണ്ണീര്‍പ്പാടം, യുഗപരിവര്‍ത്തനം എന്നീ കവിതകള്‍ അതിന് ഉദാഹരണങ്ങളാണ്. ഫ്യൂഡല്‍ സൗന്ദര്യബോധത്തെ, അതിന്റെ സവിശേഷതയായ മരുമക്കത്തായത്തെ, ഇവിടെ നിലനിന്നിരുന്ന 'സംബന്ധ'രീതിയെ എല്ലാം യുഗപരിവര്‍ത്തനം എന്ന കവിതയില്‍ കവി പ്രതിപാദിക്കുന്നുണ്ട്.
വൈലോപ്പിള്ളിക്കവിതയുടെ മുഖമുദ്ര ദ്വന്ദ്വാത്മകതയാണ്. പാരമ്പര്യത്തെയും, പൈത്രികത്തെയും, ശാസ്ത്രബോധത്തെയും ഇഴചേര്‍ത്ത് രചിച്ച 'സര്‍പ്പക്കാട്' എന്ന കവിതയില്‍ സര്‍പ്പങ്ങള്‍ക്ക് പകരം ഞാഞ്ഞൂലുകളാണ് ആരാധ്യരെന്ന് കവി വ്യക്തമ്മാക്കുന്നു. അവരെ പുതിയ യുഗത്തിലെ നാഗത്താന്മാരായി അവതരിപ്പിക്കാനാണ് കവി ഈ കവിതയിലൂടെ ശ്രമിക്കുന്നത്.
വിശ്വാസങ്ങളും ആചാരങ്ങളും കെട്ടുപിണഞ്ഞ് പടര്‍ന്നു കിടക്കുന്ന സര്‍പ്പക്കാടാണ് ഭാരതീയസമൂഹം. കവിത സാമൂഹികവിമര്‍ശനമാണെന്ന് വിശ്വസിക്കുന്ന കവി പാരമ്പര്യത്തിലെ ജീര്‍ണ്ണതകളെ വെട്ടിയകറ്റാനും അതിന്റെ സത്ത നിലനിര്‍ത്താനും ബദ്ധശ്രദ്ധനാണ്. ശസ്ത്രീയബോധത്തിന്റെപിന്‍ബലത്തോടെയാണ് കവി ഇതിനെല്ലാം ശ്രമിക്കുന്നത്. അനന്തതയില്‍ വേരുകളാഴ്ത്തി പടര്‍ന്ന സര്‍പ്പക്കാട്, കവി വെട്ടിയെരിച്ച് അന്ധതയെ അകറ്റാനുള്ള വെളിച്ചമുണ്ടാക്കി. അങ്ങനെ പുതിയ തലമുറയോടായി അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.
'ഒട്ടും പേടിക്കേണ്ടെന്‍ മകനേ
മണ്ണറ പൂകിയ ഞാഞ്ഞൂളുകള്‍ തന്‍
പുറ്റുകളാണ് - ഇവയല്ലോ നമ്മുടെ
പുതിയ യുഗത്തിലെ നാഗത്താന്മാര്‍'
കര്‍ഷകബന്ധുവായ ഞാഞ്ഞൂളിനെയാണ് ആധുനിക മനുഷ്യന്‍ സര്‍പ്പങ്ങളായി ആദരിക്കേണ്ടത് എന്നൊരു ധ്വനി കൂടി കവി ഇതിലൂടെ നല്‍കുന്നു.
പാരമ്പര്യത്തിന്റെ മുള്‍പ്പടര്‍പ്പുകള്‍ വെട്ടിമാറ്റി മാത്രമെ പൈതൃകത്തിന്റെ സാരാംശങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിയൂ. അതുപോളെ സൗന്ദര്യബോധത്തോടൊപ്പം ശാസ്ത്രബോധവും ചേര്‍ന്നാലെ മനുഷ്യപുഓഗതിയിലേക്കെത്താനാവൂ എന്ന യാഥാര്‍ത്ഥ്യം കവി ഇവിടെ തിരിച്ചറിയുന്നു.
ആത്മകഥാപരമായ കവിതകളും വൈലോപ്പിള്ളി രചിച്ചിട്ടുണ്ട്. കവിയുടെ ജീവിതത്തിലെ ദയനീയമായ അനുഭവങ്ങളുടെ ശകലിതചിത്രങ്ങളാണ് ഗീതകവിഭാഗത്തില്‍ പെട്ട 'കുരുവികള്‍'. ഇതൊരു പ്രത്യേക കാലഘട്ടത്തിലെ തന്റെ ഡയറിക്കുറിപ്പുകളാണെന്ന് കവി തന്നെ പറയുന്നുണ്ട്. മുപ്പത്തിമൂന്നാം വയസ്സില്‍ രചിച്ച 'സഹ്യന്റെ മകന്‍' വ്യക്ത്യാനുഭവത്തിന്റെ വൈകാരിക സമ്മര്‍ദഫലമായുണ്ടായതാണെന്നും, 'മാമ്പഴം' കൊച്ചനുജന്റെ മരണം കവിയിലേല്പിച്ച ആഘാതമാണെന്നും കവി തന്റെ സ്വകാര്യസംഭാഷണത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് സൂചിപ്പിച്ച 'യുഗപരിവര്‍ത്തനം' എന്ന കവിത കവിയുടെ തികച്ചും വ്യക്തിപരമായ അനുഭവത്തില്‍ നിന്നും ഉടലെടുത്തതാണത്രെ. ദാമ്പത്യജീവിതം പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുമ്പോഴുള്ള നിലവിളിയാണ് ഈ കവിത. ദാമ്പത്യജീവിതത്തിന്റെ ഹൃദയരക്തം കൊണ്ടെഴുതിയ മറ്റൊരു കവിതയാണ് 'കണ്ണീര്‍പ്പാടം'. ഈ ദാമ്പത്യജീവിതത്തിന്റെ മറുപുറമാണ് 'ഉജ്ജ്വലമുഹൂര്‍ത്തം' എന്ന കവിത. സപ്തതിയോടടുത്ത് എഴുതിയ കവിതയാണ് 'സാവിത്രി'. വ്യക്തിസത്തയുടെയും സാമൂഹികസത്തയുടെയും പ്രസക്തിയും നിലനില്പും സംബന്ധിച്ച അന്വേഷണമാണ് ഈ കവിത. തീഷ്ണവൈരുദ്ധ്യങ്ങളുടെ പരസ്പര സമ്മര്‍ദ്ദവും സമന്വയവുമാണ് വൈലോപ്പിള്ളിക്കവിതയില്‍ കാണുന്നത്.
സാമൂഹികപരിവര്‍ത്തനത്തെ അനുകൂലിക്കുന്ന കവിയാണ് വൈലോപ്പിള്ളി. സാമൂഹികപരിവര്‍ത്തനത്തില്‍ വിപ്ലവത്തിന്റെ ആത്യന്തികത കണ്ടറിയുന്നതോടൊപ്പം അതിന്റെ സൃഷ്ട്യുന്മുഖതയെയും, നാശോന്മുഖതയെയും കുറിച്ച് ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രശസ്തകവിതയായ 'കുടിയൊഴിക്കല്‍' സാമൂഹികപരിണാമത്തിന്റെ നിര്‍ണ്ണായകഘട്ടത്തില്‍, ഒരനിവാര്യതയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഇടതുപക്ഷചിന്താഗതിയും തൊഴിലാളി സംഘടനകളും രൂപം കൊണ്ട 1920കള്‍ക്ക് ശേഷം മാറി വരുന്ന കേരളസാമൂഹ്യപരിസരമാണ് ഇതിന്റെ പശ്ചാത്തലം. 1935ല്‍ കേരളകര്‍ഷകപ്രസ്ഥാനരൂപീകരണത്തോടെ വടക്കേ മലബാറില്‍ രൂപം കൊണ്ട കര്‍ഷകസമരങ്ങള്‍ സമൂഹത്തില്‍ വലിയ ചലനങ്ങളുണ്ടാക്കി. ഫ്യൂഡലിസത്തിന്റെ ആലസ്യത്തില്‍ നിന്ന് ജന്മിത്വത്തെ ഞെട്ടിപ്പിച്ചുണര്‍ത്തിയ ഒരു ഷോക്ട്രീറ്റ്മെന്റായിരുന്നു ഈ സമരങ്ങള്‍. സാമൂഹികപ്രതിബദ്ധതയുള്ള കവിക്ക് വിപ്ലവം അനിവാര്യമാണെന്ന യാഥാര്‍ത്ഥ്യബോധമുണ്ട്. ഉപരിവര്‍ഗ്ഗക്കാരനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുകയും തൊഴിലാളി വര്‍ഗ്ഗത്തോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന കവിക്ക് വിപ്ലവത്തോടുള്ള കാഴ്ചപ്പാടെന്താണെന്ന് വ്യക്തമാക്കുന്ന കവിതയാണ് 'കുടിയൊഴിക്കല്‍'.വിപ്ലവത്തിന്റെ അനിവാര്യതയില്‍ വിശ്വസിക്കുമ്പോഴും ജന്മം കൊണ്ട് മധ്യവര്‍ഗ്ഗസംസ്കാരമുള്ള കവിയുടെ ധര്‍മ്മസങ്കടം, സംഘര്‍ഷം എന്നിവയാണ് ഇതില്‍ ആവിഷ്കരിക്കുന്നത്. വിപ്ലവത്തോടുള്ള തന്റെയും സമുദായത്തിന്റെയും കാലത്തിന്റെയും നിലപാടുകളെ വിപ്ലവത്തോട് ചേര്‍ന്നു നിന്നും നിസ്സംഗനായി നിന്നും മൂല്യനിര്‍ണ്ണയം ചെയ്യുകയാണ് കവി. വിപ്ലവത്തിന്റെ വിജയത്തില്‍ സന്തോഷിക്കുകയും അതിന്റെ രൂക്ഷതയെ ചൊല്ലി വിലപിക്കുകയും ചെയ്യുന്ന മനുഷ്യസ്നേഹാര്‍ദ്രനാണ് കവി. അതുകൊണ്ട് തന്നെയാണ് കവി ഇങ്ങനെ ചോദിക്കുന്നത്.
'വിശ്വസംസ്കാരപാലകരാകൂ
വിജ്ഞരേ യുഗം വെല്ലുവിളിപ്പൂ
ആകുമോ ഭവാന്മാര്‍ക്കു നികത്താന്‍
ലോകസാമൂഹ്യ ദുര്‍നിയമങ്ങള്‍
സ്നേഹസുന്ദര പാതയിലൂടെ?'
വൈലോപ്പിള്ളിക്കവിതയിലെ കേരളീയത :
കേരളീയപ്രകൃതിയേക്കാള്‍ കേരളീയസംസ്കൃതി നിറഞ്ഞു നില്‍ക്കുന്നുണ്ട് വൈലോപ്പിള്ളിക്കവിതയില്‍. കര്‍ഷകജീവിത പശ്ചാത്തലത്തിലാണ് ഗ്രാമജീവിതത്തിന്റെ വിശുദ്ധിയും ദൈന്യവുമെല്ലാം അദ്ദേഹം ചിത്രീകരിക്കുന്നത്. ഗ്രാമീണപ്രകൃതിയില്‍ നിന്ന് രൂപം കൊണ്ട ഇമേജറികളെക്കൊണ്ട് സമ്പന്നമാണ് ഈ കവിതകള്‍. കാല്പനികതയുടെ സ്വഭാവമായ ഗ്രാമസമ്രിദ്ധിയെ വാഴ്ത്തിപ്പാടല്‍ പല രൂപത്തില്‍ വൈലോപ്പിള്ളിക്കവിതയില്‍ കാണാം. ഗൃഹാതുരത്വമായും, ഗന്ധസ്മൃതികളായും, വെണ്മയുടെ വിശുദ്ധിയായും പല രൂപത്തില്‍ ഇത് പ്രകടമാണ്. കൊയ്ത്തുനെല്ലിന്റെ പുതുഗന്ധം, മാവിന്‍ ചുനയുടെ ഗന്ധം, പുന്നെല്ലിന്റെ പുതുമണം, ഓട്ടുകിണ്ണത്തില്‍ വിളമ്പിയ നെല്ലരിക്കഞ്ഞിയുടെ ഗന്ധം - ഇങ്ങനെ ഗന്ധബിംബങ്ങള്‍ ഗൃഹാതുരത്വത്തിന്റെ സ്വരഭേദങ്ങളായി വരുന്നു. കാലിമേക്കുന്നവരുടെ മദ്യശാലയായ കശുമാവിന്‍ തോപ്പ്, കീറത്തുണി പുതച്ച് ചവറടിച്ച് കൂട്ടി തീ കായുന്ന ഗ്രാമീണ ബാലര്‍, ശങ്കിച്ചും നീട്ടിയും ചിലയ്ക്കുന്ന കിളി, ചിരിയ്ക്കുന്ന വെള്ളില വള്ളികള്‍ നാണം കുണുങ്ങികളായ കുളക്കോഴികള്‍, കണ്മഷിയെഴുതിയ കുന്നിക്കുരു, കൂത്താടുന്ന പശുക്കുട്ടി, പുഴയില്‍ അലസമായി കണ്ണുചിമ്മിക്കിടക്കുന്ന എരുമകള്‍ തുടങ്ങിയവയുടെ കാഴ്ചപ്പുറങ്ങളിലൂടെ നാട്ടിന്‍പുറത്തിന്റെ സ്പന്ദമാപിനിയാകുന്നു ഈ കവിതകള്‍. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും വൈലോപ്പിള്ളിക്കവിതയില്‍ പ്രത്യക്ഷപ്പെടുന്നു. കാലടി പോലുള്ള തുമ്പപ്പൂ, കമ്മലിട്ട മുക്കുറ്റി, കിരീടം വച്ച ആമ്പല്‍, കാക്ക, കുളക്കോഴി, കാലന്‍ കോഴി, മാടത്ത, കരിയിലാം പീച്ചി, കുരുവി, മഞ്ഞക്കിളി, മാവ്,പ്ലാവ്, മുരുക്ക്, പുളി, നാട്ടിന്‍പുറത്തെ കൃഷിക്കാര്‍ എന്നിങ്ങനെ ജൈവവൈവിധ്യം മുഴുവന്‍ അദ്ദേഹത്തിന്റെ കാവ്യലോകത്ത് നിറഞ്ഞു നില്‍ക്കുന്നു. ഗ്രാമീണസംസ്കൃതിയുടെ ധ്വനികേന്ദ്രമായ ഓണം, വിഷു, തിരുവാതിര എന്നീ ആഘോഷങ്ങളും നാട്ടാചാരങ്ങളും ഉത്സവങ്ങളും കൊണ്ട് മുദ്രിതമാക്കപ്പെട്ടതാണ് ഈ കാവ്യവേദി. ഓണത്തെപ്പറ്റി ഏറെ എഴുതിയ കവിയാണ് വൈലോപ്പിള്ളി. ഓണത്തെക്കുറിച്ച് ധാരാളമായി എഴുതിയ മറ്റൊരു കവി പി.കുഞ്ഞിരാമന്‍ നായരാണ്. പി ക്ക് ഓണം സൗന്ദര്യവും ആഹ്ലാദവും മാത്രമാണ്. വൈലോപ്പിള്ളിക്കത് പൂര്‍ണ്ണതയുടെ സാക്ഷാത്കാരമാണ്.
അതുകൊണ്ട് ഓണത്തെക്കുറിച്ച് നിരന്തരം പാടി, കവി സ്വന്തം കവിതയെ ഓണപ്പാട്ടുകളെന്നാണ് വിശേഷിപ്പിക്കുന്നത്. ഓണക്കവിത, ഓണക്കളിക്കാര്‍, ഓണക്കാഴ്ച, ഓണക്കിനാവ്, ഓണത്തല്ല്, ഓണപ്പാട്ടുകാര്‍, ഓണമുറ്റത്ത്, ഓണം, പൂക്കാലം, അഭിവാദനം, പൂവിളി, മാവേലി നാടു വാണീടും കാലം എന്നിങ്ങനെ ഓണത്ത് കേന്ദ്രവിഷയമാക്കിയ നിരവധി കവിതകള്‍ക്ക് പുറമെ ഓണം പരാമര്‍ശവിഷയമായ കവിതകളും ധാരാളമുണ്ട്.
'എത്ര പാട്ടുകള്‍ പാടീ നമ്മളെന്നാലോണത്തെ
പ്പറ്റി മൂളിയ പാട്ടിന്‍ മാധുരി വേറൊന്നല്ലേ' - എന്നാണ് കവി പ്രസ്താവിക്കുന്നത്.
കറുപ്പിന്റെ സൗന്ദര്യശാസ്ത്രം :
നിറങ്ങളില്‍ ഏഴഴകുള്ള കറുപ്പിനോടാവണം വൈലോപ്പിള്ളിക്കേറെയിഷ്ടം. നമ്മുടെ സൗന്ദര്യസങ്കല്പത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട നിറമാണ് കറുപ്പ്. എന്നാല്‍ ദ്രാവിഡസൗന്ദര്യശാസ്ത്രത്തില്‍ കറുപ്പിനാണ് സൗന്ദര്യത്തികവ്. ശ്യാമസുന്ദരനായ കൃഷ്ണനും ശ്യാമളനിറം പൂണ്ട ലോകാഭിരാമനായ രാമനും കാമരൂപന്മാരായിരുന്നു. ചരിത്രഗതിയിലെവിടെയോ വച്ച് കറുപ്പ് അധമനിറമായും വെളുപ്പ് വിശിഷ്ട നിറമായും മാറി. കറുത്ത സൗന്ദര്യത്തെക്കുറിച്ച് പാടിയ കവിയാണ് വൈലോപ്പിള്ളി. കറുപ്പിന്റെ മൂര്‍ത്തീരൂപമായ കാക്കയാണ് കവിക്കിഷ്ടപ്പെട്ട പക്ഷി. 'കാക്ക' എന്ന പേരിലുള്ള കവിത കവിയുടെ ഈ സൗന്ദര്യപക്ഷപാതത്തെ വെളിവാക്കുന്നുണ്ട്.
കിഴക്ക് വെള്ള കീറുമ്പോള്‍ വീട്ടുമുറ്റത്തെ പുളിമരക്കൊമ്പില്‍ വന്നിരുന്ന് വീട്ടുകാരെ വിളിച്ചുണര്‍ത്തുന്ന കാക്ക 'കൂരിരുട്ടിന്റെ കിടാത്തിയാണ്'. എന്നാല്‍ അവള്‍ പകലിന്റെ ഉറ്റതോഴിയാണ്. വീടും പരിസരവും വ്രിത്തിയാക്കുന്ന കാക്ക,
'ചീത്തകള്‍ കൊത്തിവലിക്കുകിലും,
ഏറ്റവും വ്രിത്തി വെടിപ്പെഴുന്നോള്‍' ആണ്.
വീട്ടുകാരോട് സ്നേഹമുള്ള പക്ഷിയാണെങ്കിലും തന്റെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതില്‍ ദത്തശ്രദ്ധയാണ് കാക്ക. ഗൃഹലക്ഷ്മിയുടെ നാലുകെട്ടില്‍ മാടത്ത, തത്ത, കുയില്‍, പ്രാവുകള്‍ ന്നിവ പാറിക്കളിക്കുന്നുണ്ടെങ്കിലും അവള്‍ക്കേറെയിഷ്ടം കാക്കയോടാണ്. കാരണം അവളാണ് വീടിനെ വൃത്തിയായി ശുദ്ധീകരിക്കുന്നത്.
'ലോലമായ് മൂവ്വിതളുള്ള നീല
കാലടിയെങ്ങു പതിഞ്ഞിടുന്നോ
ആ നിലമൊക്കെയും ശുദ്ധിയേല്പൂ
ചാണകവെള്ളം തളിച്ച പോലെ'
ഇതിലെ കാക്ക വെറുമൊരു പക്ഷിയല്ല. നേരം പുലരുമ്പോഴേ നാലുക്ട്ടിലെത്തി മുറ്റം അടിച്ച് തളിച്ച് പാത്രം കഴുകി നിലം തുടച്ച് വീട് വൃത്തിയാക്കുന്ന കറുത്ത പുലയക്കിടാത്തി കൂടിയാണ്. കാക്കയുടെ ചെയ്തികള്‍ വിശാലമായ അര്‍ത്ഥത്തില്‍ ഒരു ദളിത് സ്ത്രീയുടെ ചെയ്തികളായി മാറുന്നു. ഇങ്ങനെ പക്ഷികളില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവളായ കാക്ക കവിതയില്‍ അധീശവര്‍ഗ്ഗം പാര്‍ശ്വവത്കരിച്ച ദളിത് സ്ത്രീയായി മാറുന്നു. ഇവിടെ കവി ദളിതപക്ഷത്താണ്. അവരുടെ കര്‍മ്മങ്ങളോട് ആദരവുള്ളവനാണ്. കര്‍മ്മവീര്യത്തോടുള്ള കവിയുടെ ഈ ആദരവ് തന്നെയാണ് കവിയെ കര്‍ഷകപക്ഷപാതിയാക്കി മാറ്റുന്നതും.
സഹ്യന്റെ മകനിലെ മാനവികത :
വൈലോപ്പിള്ളിക്കവിതകളുടെ പൊതുസ്വഭാവത്തില്‍ നിന്നും അല്പം വ്യത്യസ്തമാണ് 'സഹ്യന്റെ മകന്‍'. രൂപലാളിത്യം വൈലോപ്പിള്ളിക്കവിതകളുടെ സവിശേഷതയെങ്കില്‍ ഈ കവിത രൂപഘടനയില്‍ സങ്കീര്‍ണ്ണതയുള്ളതാണ്.
'സഹ്യന്റെ മകനി'ലെ സ്ഥലകാലങ്ങള്‍ ഒരമ്പലമുറ്റവും ആത്രിയിലെ എഴുന്നള്ളിപ്പും ആനയോട്ടവുമാണ്. ഒരുത്സവത്തിന്റെ വിവരണത്തോടെ കവിത തുടങ്ങുന്നു.
"ഉത്സവം നടക്കയാണമ്പലമുറ്റത്തുയര്‍
ന്നുജ്ജ്വലല്‍ ദീവെട്ടികളിളക്കും വെളിച്ചത്തില്‍
പതയും നെറ്റിപ്പട്ടപ്പൊന്നരുവികളോടും
പതിനഞ്ചാനക്കരിമ്പാറകളുടെ മുമ്പില്‍
വാദ്യമേളത്തിന്‍ താളപാതത്തില്‍ തലയാട്ടി
പ്പൂത്ത താഴ്വരപോലെ മരുവീ പുരുഷാരം."
പതിനഞ്ചാനകളില്‍ 'കുറുമ്പനാണോ നടുക്കെഴും കൊമ്പന്‍' എന്ന് സംഘമായി മുറുക്കിക്കൊണ്ടിരുന്ന ചിലര്‍ അഭിപ്രായപ്പെട്ടു. മദപ്പാട് മാറാത്ത കൊമ്പനെ തലയെടുപ്പിന്റെ പേരില്‍ കൂച്ചുവിലങ്ങിട്ട് എഴുന്നള്ളിച്ചതാണ്. ഉറക്കമൊഴിക്കല്‍ അവനെ ഒന്നുകൂടി അസ്വസ്ഥനാക്കി. അവന്‍ ദിവാസ്വപ്നത്തിലാണ്. സഹ്യകാനനങ്ങളില്‍ താന്‍ ഒരൊറ്റയാനായി വിലസി നടന്നിരുന്നതിന്റെ സ്മരണ അവന്റെ തലയ്ക്കുള്ളില്‍ തിളച്ചുമറിഞ്ഞു. ഒരു വസന്തകാലത്തിലെ രാവും പകലും കാമാസക്തനായി അലഞ്ഞു നടന്ന അവന്‍, മുന്നിലൊരാനക്കൂട്ടത്തെ കാണുന്നു. അതിലെ പിടിയാനകളിലൊന്നിനോട് ചേരാന്‍ അവന്‍ മുന്നോട്ടായുന്നതോടെ കൂച്ചുവിലങ്ങ് പൊട്ടുന്നു. കാലില്‍ ചുറ്റിയ ഏതോ കാട്ടുവള്ളികള്‍ പൊട്ടുന്നതായി അവന് തോന്നി. പുറത്തിരുന്ന എഴുന്നള്ളിപ്പുകാരന്‍ ഉരുണ്ട്പെരണ്ട് വീഴുന്നു.
വാനരം പുറത്തേറി മറിയുന്നുവോ എന്ന് അവന്‍ ശങ്കിക്കുന്നു. ജനങ്ങള്‍ പരിഭ്രമിച്ച് പരക്കം പായുന്നു. തന്റെ കാല്‍ച്ചുവട്ടില്‍ ചെടികള്‍ കരയുന്നതായും താന്‍ ഉരിഞ്ഞെടുത്ത മരക്കൊമ്പുകളില്‍ നിന്ന് രക്തം വാര്‍ന്ന് വീഴുന്നതായും അവന് തോന്നുന്നു. അല്പ നിമിഷങ്ങള്‍ക്കുള്ളില്‍ അമ്പലമതില്‍ക്കെട്ട് നിശബ്ദമായി. വെളിച്ചം കെട്ടു. ആന വീണ്ടും തന്റെ കൂട്ടുകാര്‍ക്കടുത്തേക്ക് നീങ്ങി. പിടിയാനയുടെ കാലില്‍ തുമ്പിക്കൈ കൊണ്ട് പ്രണയപൂര്‍വ്വം ചുറ്റിപ്പിടിച്ചു. അതോടെ ഉത്സവപ്പന്തലിലെ കുലവാഴ ഒടിഞ്ഞു വീണു. പെട്ടെന്ന് കൂട്ടത്തിലെ ഒറ്റയാന്‍ തന്നോട് ഏറ്റുമുട്ടാന്‍ വരുന്നതായി ആനയ്ക്ക് തോന്നി. സര്‍വ്വശക്തിയുമെടുത്ത് അവന്റെ നേര്‍ക്ക് തന്റെ ക്രൂരമായ കൊമ്പുകള്‍ ചേര്‍ത്ത് ചിഹ്നം വിളിച്ചു. അപ്പോള്‍ ഗോപുരമതിലാകെ ഇടിഞ്ഞു തകര്‍ന്നു വീണു. നേരം വെളുത്തപ്പോള്‍ പട്ടാളക്കാരന്‍ തോക്കുമായി വന്ന് ആനയെ വെടി വയ്ക്കുന്നു. കൊടിയ നിലവിളിയോടെ ആന പിടഞ്ഞു വീഴുന്നു.
"ദ്യോവിനെ വിറപ്പിയ്ക്കുമാവിളി കേട്ടോ മണി
ക്കോവിലില്‍ മയങ്ങുന്ന മാനവരുടെ ദൈവം
എങ്കിലുമതുചെന്നു മാറ്റൊലിക്കൊണ്ടൂ പുത
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തില്‍"
സഹ്യന്റെ പപിതൃഹൃദയമാണ് ആനയുടെ നിലവിളി കേട്ടത്. സുഖാലസ്യത്തില്‍ മയങ്ങുന്ന മാനവരുടെ ദൈവം അത് കേട്ടില്ല. ഇതാണ് കഥാസാരം.
ഇവിടെ കൊലയാളിയായ ആനയെ വെടിവച്ചു കൊല്ലുന്നു. ആന അതിന്റെ ജന്മവാസനയുടെ പുറകെ പോയതുകൊണ്ടാണ് അതിനെ നിഗ്രഹിക്കേണ്ടി വന്നത്. ആന ആളുകളെ കൊന്നുവെങ്കിലും ആനയെ വെടിവച്ചു കൊല്ലുമ്പോള്‍ ആനയോട് സഹാനുഭൂതി തോന്നുന്നത് സ്വാഭാവികമാണ്. ഈ കവിത കേവലം ആനയോടുള്ള സഹാനുഭൂതിയെ മാത്രമല്ല കാണിച്ചുതരുന്നത്. മനുഷ്യന്‍ മദാന്ധനായി ഭ്രമാത്മകചിത്തനാവുന്ന അവസ്ഥയെക്കുറിച്ചും ഇത് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. സ്നേഹിക്കാനുള്ള വ്യഗ്രതയും ഹിംസിക്കാനുള്ള ഔത്സുക്യവും ഒരേ സമയമാണ് ആനയുടെ മനസ്സിലുണ്ടാവുന്നത്. സ്നേഹിക്കാനും ദ്രോഹിക്കാനുമുള്ള വാസന പുണ്യപാപങ്ങളെപ്പോലെ സുഖദുഃഖങ്ങളെപ്പോലെ കയ്പും മധുരവും പോലെ കെട്ടുപിണഞ്ഞു കിടക്കുന്ന മാനസികഘടന മനുഷ്യനിലുമുണ്ട്. അവന്‍ ആര്‍ജ്ജിക്കുന്ന സംസ്കാരത്തിലൂടെ ദ്രോഹവാസനയെ നിയന്ത്രിക്കാന്‍ അവന്‍ ശ്രമിക്കുകയാണ്. എന്നിട്ടും ചിലപ്പോള്‍ അവനതിന് കഴിയാതെ പോകുന്നുണ്ട്. സംസ്കാരപാരമ്പര്യങ്ങളും ജന്മവാസനയും പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെടുമ്പോള്‍ ജന്മവാസന സംസ്കാരപാരമ്പര്യത്തെ അതിജീവിക്കുകയും അതിന്റെ അനിയന്ത്രിതത്വം അപായത്തിലേക്ക് എത്തിക്കുകയും ചെയ്യും. കാട്ടിലെ ആന ജന്മവാസനയ്ക്കനുസരിച്ച് സ്വച്ഛന്ദമായി വിഹരിക്കുന്ന പ്രാകൃതനാണ്. നാട്ടിലെത്തിയ അവനെ ചട്ടം പഠിപ്പിച്ച് നാഗരികനാക്കിയതാണ്. പ്രാക്രിതമനുഷ്യന്‍ നാഗരികമനുഷ്യനിലേക്കെത്തുന്നതും ഇത്തരം ചട്ടങ്ങള്‍ക്ക് വിധേയനായിട്ടാണ്. സമൂഹത്തിലെ പെരുമാറ്റ സംഹിതകളാണ് ആ ചട്ടങ്ങള്‍. സമൂഹജീവിയായ മനുഷ്യന്‍ ഹൃദയപ്രേരണകള്‍ പലതിനെയും നിയന്ത്രിച്ചുകൊണ്ടും അടക്കിപ്പിടിച്ചുകൊണ്ടുമാണ് മാന്യനായി മാറുന്നത്. അവനിലെ പ്രാകൃതന്‍ പല അവസരങ്ങളിലും വെളിയിലേക്ക് വരും. സമൂഹമര്യാദ അതിനെ വിലക്കുന്നതിനാല്‍ അവന്‍ നിയന്ത്രണ വിധേയനായി പെരുമാറുന്നു. ഒരു കുറ്റവാളിയെ വിചാരണ ചെയ്യുമ്പോള്‍ അയാളുടെ മാനസികാവസ്ഥ നാം ചിന്തിക്കാറില്ല. ഒരു മാനസികാപഗ്രഥനം നടത്തിയാല്‍ ഒരുപക്ഷേ ആ കുറ്റവാളിയോട് നമുക്കും സഹാനുഭൂതി തോന്നിയേക്കാം. മദയാനയുടെ ദുരന്തത്തില്‍ വായനക്കാരനു തോന്നുന്ന സഹാനുഭൂതിക്ക് നിദാനം അവന്റെ മാനസിക ഘടനയാണ്. നാട്ടാന കാട്ടാനയാകുമ്പോള്‍ അവന്‍ അപകടകാരിയാവുന്നു. നാഗരികന്‍ പ്രാക്രിതനാവുന്നതും ഇതുപോലെത്തന്നെ അപകടകരമാണ്. വൈലോപ്പിള്ളിയുടെ മറ്റ് കവിതകളില്‍ നിന്ന് വ്യത്യസ്തമായി ഇതിന്റെ രൂപരചന സങ്കീര്‍ണ്ണമാണ്. ആനയുടെ സ്വപ്നമണ്ഡലത്തിലെ കാടിനെ അവതരിപ്പിക്കുമ്പോള്‍ ഉപയോഗിക്കുന്ന പല പദങ്ങളും മനുഷ്യ സമൂഹവുമായി ബന്ധപ്പെട്ടതാണ്. ആര്‍ദ്രത, സ്വജനസ്നേഹം, യൗവ്വനപ്പുളപ്പ്, സംഘര്‍ഷസംരംഭങ്ങള്‍, ഭീകരത, ഭീരുവിന്റെ പരപുച്ഛം, ബലഹീനത തുടങ്ങിയ പദങ്ങളുടെ പ്രതിധ്വനി മനുഷ്യജീവിതത്തിലേക്ക് വ്യാപരിപ്പിക്കുമ്പോള്‍ അന്ധമായ ജന്മവാസന കൊണ്ട് അനിയന്ത്രിതനായി, മദാന്ധനായി ജീവിതദുരന്തത്തിലേക്ക് ചങ്ങല പൊട്ടിച്ചു പായുന്ന മനുഷ്യാവസ്ഥയെക്കൂടി ദര്‍ശിക്കാനാവും. കാടനായ മനുഷ്യനും കാടനായ ആനയും, ഇരുവരുടേയും ജന്മസ്ഥലം സംസ്ക്രിതി കലരാത്ത കൊടുംകാടാണ്. കാടിന്റെ വന്യാവസ്ഥയും നാടിന്റെ മാന്യാവസ്ഥയും പരസ്പരം ഇണങ്ങി നില്‍ക്കുന്നവയല്ല. കാടന്‍/നാടന്‍, പ്രാകൃതന്‍/സംസ്കൃതന്‍ എന്നീ ദ്വന്ദങ്ങളുടെ വൈരുദ്ധ്യം കൂടി ഇതിലൂടെ പ്രകടമാവുന്നുണ്ട്.
സ്വന്തം കാലഘട്ടത്തിന്റെ ഹൃദയത്തുടിപ്പുകളെ പ്രതിധ്വനിപ്പിക്കുന്നതാണ് വൈലോപ്പിള്ളിക്കവിത. മാനുഷികവികാരങ്ങളെ മാനിക്കുന്ന മഹത്തായ ജീവിതത്തെ പ്രകീര്‍ത്തിക്കുന്ന മനുഷ്യകഥാനുയായിയായ കവി കാവ്യലോകത്ത് തന്റെ ഒച്ച വേറിട്ട് കേള്‍പ്പിക്കുന്നവനാണ്.
താൻ ഒരു വാഗ്ദാനം ആണെന്ന് ഇതിനകം തെളിയിച്ച് കഴിഞ്ഞ വിനീത് നായർക്ക് അഭിനന്ദനങ്ങൾ. മുംബൈ സാഹിത്യവേദിയ്ക്ക് പൂച്ചെണ്ട്.
bestwishes, vineeth....
BEST WISHES.....