മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, February 8, 2010

നിലവിളികളുടെ നുറുങ്ങുകള്‍


സാഹിത്യ വേദിയുടെ കഥാചര്‍ച്ച - ഒരു റിപ്പോര്‍ട്ട്‌

സമകാലീന സാഹിത്യത്തിന്‍റെ പൊതുവായ ചില ധാരകളെ സമന്വയിപ്പിച്ചുകൊണ്ടും വീറുറ്റ ആശയ സംവാദങ്ങള്‍ കോണ്ടും മുംബയ്‌ സഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയിലെ ഫെബ്രുവരിമാസ "കഥാചര്‍ച്ച" അര്‍ത്ഥവത്തായി. യുവസാഹിത്യകാരന്‍ ശ്രീ ഹന്‍ല്ലലത്ത്‌ തന്‍റെ ഇരുപത്‌ മിനിക്കഥകള്‍ വേദിയില്‍ അവതരിപ്പിച്ചു. കഥാകൃത്ത്‌ ശ്രീ സി. പി. കൃഷ്ണകുമാര്‍ അദ്ധ്യക്ഷനായിരുന്നു. കഥാകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ ശ്രീ കെ. രാജന്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ഒറ്റ നോട്ടത്തില്‍ കവിതകളെന്നു തോന്നിപ്പിക്കുന്ന ഹന്‍ല്ലലത്തിന്‍റെ ഈ ഇരുപതു മിനിക്കഥകള്‍ അതിന്‍റെ ആവിഷ്ക്കരണ ചാരുതകൊണ്ട്‌ മികച്ചു നില്‍ക്കുന്നു എന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ആവിഷ്ക്കരണമാണ്‌ പ്രധാനം തികച്ചും സമകാലിക പരിതോവസ്ഥകളോട്‌ സജീവമായി സംവദിക്കുന്ന ഹന്‍ല്ലലത്തിന്‍റെ കഥകള്‍ അത്‌ പ്രകടിപ്പിക്കുന്ന സാമൂഹിക പ്രതിബദ്ധതകൊണ്ടുതന്നെ അംഗീകരിക്കപ്പെടേണ്ടതാണ്‌ എന്ന്‌ ശ്രീ രാജന്‍ തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് ജി. ആര്‍. കവിയൂര്‍ പ്രസംഗിച്ചു. 'അപ്രതീക്ഷിതമായ ട്വിസറ്റുകള്‍കൊണ്ടും ധ്വന്യാത്മകതകൊണ്ടും പ്രശസ്തമായ "ഹൈക്കു" കവിതകളോട്‌ ഈ കഥകള്‍ക്ക്‌ സാദൃശ്യമുണ്ട്‌. ഈ കഥകള്‍ ഫലത്തില്‍ കവിതകള്‍ തന്നെയാണെ്‌ ' അദ്ദേഹം അഭിപ്രയപ്പെട്ടു.

കവിതയുടേയും കഥയുടേയും നിയതമായ അതിരുകള്‍ എന്ത്‌ എന്നത്‌ അന്വേഷിക്കുന്നത്‌ കൌതുകകരമായിരിക്കും എന്ന്‌ ഇടതുപക്ഷ ചിന്തകനും കവിയുമായ ശ്രീ ഇ. എസ്‌. ഐ. തിലകന്‍ പറഞ്ഞു. 'പാറക്കടവിന്‍റെ സുന്ദരമായ കഥകളുടെ തുടര്‍ച്ചയാണ്‌ ഹന്‍ല്ലലത്തിന്‍റെ കഥകള്‍. ആധിമ ചരിത്രം പരിശോധിക്കുമ്പോള്‍ വെറും ഫലിതത്തിനു വേണ്ടി മാത്രം എഴുതപ്പെട്ടവയായിരുന്നു കഥകള്‍ എന്നു മനസ്സിലാക്കാം. നവോദ്ധാനത്തിന്‍റെ ആവിര്‍ഭാവത്തോടെ കഥകള്‍ മുഖ്യധാരയിലേക്ക്‌ പ്രവേശിക്കുന്നത്‌ പിന്നീട്‌ നാം കണ്ടു' ശ്രീ തിലകന്‍ പറഞ്ഞു. മനുഷ്യന്‍റെ മുറിവുകളെ തൊടാന്‍ കഥകള്‍ക്ക്‌ കഴിയണം അതോടൊപ്പം സ്വയം മുറിപ്പെടുത്തുന്നതാണ്‌ ശക്തമായ കഥകള്‍ 'ഒ. ഹെന്‍ട്രിയുടെ ലോകപ്രശ്സതമായ പലകഥകളും മിനിക്കഥകളുടെ രൂപത്തില്‍ എഴുതപ്പെട്ടവയാണ്‌' ശ്രീ തിലകന്‍ ഓര്‍മ്മിപ്പിച്ചു. കഥകള്‍ മിനിക്കഥകള്‍ ആയിക്കോട്ടെ അതുകൊണ്ട്‌ കുഴപ്പമൊന്നുമില്ല പക്ഷെ അത്‌ സമകാലിക സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തുമ്പോഴാണ്‌ മികച്ച കഥകളായി അറിയപ്പെടുന്നത്‌ അദ്ദേഹം പറഞ്ഞു നിര്‍ത്തി.

സാമൂഹ്യ ബോധം തീരേയില്ലാത്ത യുവതലമുറയ്ക്കിടയില്‍ ഇത്രയും സാമൂഹികമായി ഇടപെടല്‍ നടത്തുന്ന കഥകള്‍ എഴുതുന്ന ഹന്‍ല്ലലത്ത്‌ തന്നെ അതിശയിപ്പിക്കുന്നു എന്ന്‌ ശ്രീ വില്‍സന്‍ ബി. എ. ആര്‍. സി. പറഞ്ഞു.

മിനിക്കഥകളെ കഥകള്‍ ആയിപ്പോലും താന്‍ കാണാന്‍ ഇഷ്ടപ്പെടുന്നില്ല. നുറുങ്ങു കവിതകള്‍ മാത്രം എഴുതിയ കുഞ്ഞുണ്ണിയെ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെ അഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ അദ്ദേഹത്തിന്‍റെ കവിതകളെ അഗീകരിക്കാന്‍ താന്‍ തയ്യാറല്ല എന്ന്‌ മുംബൈ മലയാളഭൂമി പ്രത്രാധിപര്‍ ശ്രീ ശശീധരന്‍ നായര്‍ അഭിപ്രയപ്പെട്ടു. യുനിക്കോട്‌ അക്ഷരങ്ങളില്‍ ടൈപ്പുചെയ്ത്‌ വിതരണം ചെയ്യപ്പെട്ട പകര്‍പ്പുകളിലെ അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാട്ടി യുവതലമുറയുടെ അക്ഷരജ്ഞാനമില്ലായമയെ അദ്ദേഹം കളിയാക്കിയത്‌ ചര്‍ച്ചയില്‍ ചുടേറിയ വാദപ്രതിവാദങ്ങള്‍ക്ക്‌ വഴിവച്ചു.

മനസ്സില്‍ കൊളുത്തി വലിക്കുന്ന ചില കഥകള്‍ മാത്രം കണക്കിലെടുത്താല്‍ മാത്രം മതി ശ്രീ ഹന്‍ല്ലലത്തിന്‍റെ പ്രതിഭയെ തൊട്ടറിയാന്‍ എന്ന്‌ ശ്രീ ചേപ്പാട്‌ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്‌ സംസാരിക്കവെ പറഞ്ഞു.

തുടര്‍ന്ന്‌ ദേവന്‍ തറപ്പില്‍, ഹരിലാല്‍, സിബിച്ചന്‍ നെടുമുടി, ആശിഷ്‌, വിജയാ മേനോന്‍, ബാബു ശ്രീകാര്യം, സന്തോഷ്‌ പല്ലശ്ശന, നാരായണന്‍കുട്ടി, സിന്ധു സന്ദീപ്‌, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അപാരമായ സിദ്ധികള്‍കൊണ്ട്‌ അനുഗ്രഹീതനായ ശ്രീ ഹന്‍ല്ലലത്തിന്‍റെ ഒട്ടുമിക്ക കഥകളും നല്ലതാണ്‌ എങ്കിലും ചിലയിടങ്ങലില്‍ ആശങ്ങളില്‍ ആവര്‍ത്തനം കാണുന്നുണ്ട്‌ എന്ന്‌ നോവലീസ്റ്റ്‌ ശ്രീ സി. പി. കൃഷ്ണകുമാര്‍ തന്‍റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ചര്‍ച്ച ഉപസംഹരിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിനിക്കഥകള്‍ മനസ്സിനെ സ്പര്‍ശിക്കുന്നില്ല എന്ന ആരോപണം വെറും ദുരാരോപണം മാത്രമാണ്‌ പാറക്കടവിന്‍റെ വെറും രണ്ടേരണ്ടു വാചകങ്ങളില്‍ എഴുതപ്പെട്ട ഒരു കഥ ആഗോളീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സമൂഹത്തില്‍ ശക്തമായി ഇടപെടുന്നുണ്ട്‌ എന്ന്‌ പാറക്കടവിന്‍റെ പ്രസ്തുതകഥയെ ഉദ്ധരിച്ചുകൊണ്ട്‌ ഹന്‍ല്ലലത്ത്‌ തണ്റ്റെ മറുപടി പ്രസംഗം ആരംഭിച്ചു. മലയാളത്തില്‍ തൊണ്ണൂറു ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കു വാങ്ങി പാസ്സായ തനിക്ക്‌ മലായാളം നല്ല പോലെ കൈകാര്യം ചെയ്യാനറിയാം തനിക്ക്‌ അതിനു കഴിവില്ല എന്ന പറഞ്ഞാല്‍ അത്‌ അംഗീകരിച്ചു കൊടുക്കാന്‍ വിഷമമുണ്ട്‌. തനിക്ക്‌ മാര്‍ക്കിട്ടു തന്ന അദ്ധ്യാപകര്‍ ബുദ്ധിശൂന്യരല്ല എന്ന്‌ ശ്രീ ശശീധരന്‍ നായരുടെ ചര്‍ച്ചയിലെ ചില പരാമര്‍ശങ്ങളെ ഹന്‍ല്ലലത്ത്‌ ഖണ്ഡിച്ചു.

അക്കാഡമിക്ക്‌ ഡിഗ്രികള്‍കൊണ്ടുമാത്രം ഒരാള്‍ക്ക്‌ സാഹിത്യ രചന നടത്താന്‍ കഴിയില്ല ഹന്‍ല്ലലത്ത്‌ പറഞ്ഞു. തന്‍റെ വാക്കുകളെ ക്ഷമയോടെ കേള്‍ക്കുകയും തണ്റ്റെ നന്‍മയെ കരുതി മാത്രം വിമര്‍ശിക്കുകയും ചെയ്ത എല്ലാ സാഹത്യ വേദി പ്രവര്‍ത്തകര്‍ക്കും, വേദിയുടെ ബ്ളോഗ്ഗില്‍ തന്നെ വായിച്ച എല്ലാ ബ്ളോഗ്ഗ്‌ വായനക്കാര്‍ക്കും ഹന്‍ല്ലലത്ത്‌ തണ്റ്റെ നിസ്സീമമായ നന്ദി അറിയിച്ചു. വേദിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ അക്ഷര സ്നേഹികള്‍ക്കും ശ്രീ ചേപ്പാട്‌ സോമനാഥന്‍ നന്ദി പറഞ്ഞു.

മാര്‍ച്ച്‌ മാസം ആദ്യ ഞായറാഴ്ച്ച സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലുള്ള ശ്രീ വി. ടി. ഗോപാലകൃഷണന്‍ സ്മാരക പുരസ്കാരദാനമാണ്‌. അതാതു വര്‍ഷങ്ങളിലായി വേദിയില്‍ അവതരിപ്പിക്കപ്പെട്ട കൃതികളില്‍ നിന്ന്‌ മികച്ച കൃതിക്ക്‌ വി. ടി. പുരസ്കാരം നല്‍കുന്നു. നിരൂപകനും ഭാഭാ ആറ്റോമിക അന്‍ഡ്‌ റിസര്‍ച്ച്‌ സെന്‍ററിലെ ശാസ്ത്രജ്ഞനുമായിരുന്ന ശ്രീ വി. ടി. ഗോപാലകൃഷ്ണന്‍റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിണ്റ്റെ കുടുംബാംഗങ്ങള്‍ നല്‍കിവരുന്നതാണ്‌ ഈ പുരസ്കാരം. നാട്ടിലുള്ള പ്രശസ്തരായ എഴുത്തുകാരടങ്ങുന്ന ജൂറിയാണ്‌ അവാര്‍ഡ്‌ ജേതാക്കളെ കണ്ടെത്തുന്നത്‌.

അടുത്തമാസം നടക്കുന്ന അവാര്‍ഡ്‌ ദാന സമ്മേളനത്തില്‍ പ്രസ്തുത ജൂറിയിലെ എഴുത്തുകാര്‍ പങ്കെടുക്കുന്നതും കഴിഞ്ഞ ഒരു വര്‍ഷം വേദിയല്‍ അവതിരിപ്പിച്ച സൃഷ്ടികളെ വിലയിരുത്തി സംസാരിക്കുന്നതുമായിരിക്കും. ഈ മാസം അവസാനം ശ്രീ വി. ടി. ഗോപാലകൃഷണന്‍റെ സഹോദരങ്ങളായ ശ്രീ വി. ടി. വാസുദേവന്‍, ശ്രീ വി. ടി. ദാമോദരന്‍ എന്നിവരടങ്ങുന്ന വി. ടി. സ്മാരക ട്രസ്റ്റ്‌ ഭാരവാഹികള്‍ അവാര്‍ഡ്‌ ജേതാക്കളെ പ്രഖ്യപിക്കുന്നതായിരിക്കും.

മുബൈ സാഹിത്യവേദിക്കു വേണ്ടി
സന്തോഷ്‌ പല്ലശ്ശന

4 comments:

  • നന്ദന says:
    February 8, 2010 at 6:31 PM

    ഹല്ലലത്തിന്റെ കഥയുടെ വിലയിരുത്തലുകൽ

  • Anandavalli Chandran says:
    February 9, 2010 at 2:23 PM

    Sahithya vedi charchayil, pothuve
    Hanlalathnte minikkadhakalekkurichu nalla abipraayamaanu ponthivanniriykkunnennullathil santhoshiykkunnu.Ethinu vazhiyorukkiya sahithya vedi angangalkum, report theyyaraakkiya Santhoshinum nandi.

  • Anonymous says:
    February 10, 2010 at 3:40 PM

    മലയാളത്തി‍ന്റെ ഹൈക്കു
    'വിളക്ക്‌ പറയാനാരംഭിച്ചു.
    ഒരു തുള്ളി വെളിച്ചംപോലും കാണുന്നീല.
    വിളക്കു നോക്കിയതാകട്ടെ അതിന്റെ നിഴല്‍ ഭാഗത്തു മാത്രം.'
    -വിളക്ക്‌

    ധ്യാനനിരതനായിരിക്കുന്ന സന്യാസിയെ കാണുന്ന വഴിപോക്കരുടെ ഒരു സെന്‍ കഥയുണ്ട്‌. മദ്യപിച്ച്‌ ലെക്കുകെട്ടു വരുന്നവന്‌ തന്നെപ്പോലെ ദിക്കറിയാതെയിരിക്കുകയാണ്‌ സന്യാസിയുമെന്ന്‌ തോന്നുന്നു. ആ വഴിവന്ന ഓരോരുത്തരും ഓരോ രീതിയില്‍ സന്യാസിയെ സമീപിച്ചു. ഒടുവില്‍ വന്ന യുവസന്യാസി അദ്ദേഹത്തെ തിരിച്ചറിഞ്ഞ്‌ പരിചരിക്കുന്നു.

    പി.കെ. പാറക്കടവിന്റെ കഥകളെ സമീപിക്കുമ്പോഴും നമുക്ക്‌ അനുഭവപ്പെടുക ഈ അവസ്ഥയാണ്‌. 'കഥയോളം വലുപ്പമില്ല' എന്ന്‌ വിവേചിച്ച്‌ 'കൊച്ചുകഥ'യെന്ന്‌ നാം പറയുമ്പോള്‍ പാറക്കടവ്‌ ചിരിയോടെ മാറിനില്‍ക്കുന്നു. കവിതയാണെന്ന്‌ കവി അയ്യപ്പപ്പണിക്കര്‍. വെളുത്ത കുഞ്ഞു കാന്‍വാസില്‍ കറുത്ത അക്ഷരങ്ങളാല്‍ വരച്ചിടുന്ന ബഹുവര്‍ണ പെയ്ന്‍റിംഗുകളാണ്‌ അവയെന്ന്‌ ചിത്രകാരനു തോന്നാം. ഇവയോരോന്നും ദര്‍ശനങ്ങള്‍ തന്നെയാണെന്ന്‌ പുസ്തകം മടക്കിവെച്ചുള്ള മനോവായനയില്‍ തെളിയുന്നു. ദര്‍ശനങ്ങള്‍ നിറഞ്ഞ കവിതകളാണ്‌ പാറക്കടവിന്റെ കഥകള്‍ എന്ന തിരിച്ചറിവ്‌ ഇവിടെനിന്നാണുണ്ടാവുക. തന്റെ രചനകള്‍ 'കഥ'യെന്ന പേരില്‍ അറിയപ്പെടാന്‍ എഴുത്തുകാരന്‍ ഇഷ്ടപ്പെടുന്നതും അതുകൊണ്ടാവണം. കുറഞ്ഞ വരികളില്‍ വിസ്തൃതമായ ഒരു ലോകത്തിന്റെ നോവും പിടച്ചിലുകളും മൗനത്തിന്റെ നിലവിളികളും കവിയുടെ കൈയടക്കത്തോടെ ചേര്‍ത്തുവെക്കുന്നതില്‍ ഈ കഥാകൃത്ത്‌ സവിശേഷ വൈഭവം പ്രകടിപ്പിക്കുന്നു.

    ഈ കുറിപ്പിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച, മൂന്നു വരിയില്‍ നിരയൊത്തടുക്കിയ ഏതാനും വാക്കുകള്‍- നിങ്ങള്‍ അവയെ ഏതു കള്ളിയില്‍പ്പെടുത്തും?

    പൂര്‍ണ പബ്ലിക്കേഷന്‍സ്‌ പ്രസിദ്ധീകരിച്ച 'പി.കെ. പാറക്കടവിന്റെ കഥകള്‍' എന്ന പുതിയ പുസ്തകത്തില്‍ നിന്നെടുത്ത ഒരു രചനയാണിത്‌. വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളോടും സാമൂഹിക പ്രശ്നങ്ങളോടുമുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ വിഷയമാവുന്ന നിരവധി രചനകള്‍ ഉള്‍പ്പെടെ 271 കഥകളുടെ സമാഹാരമാണിത്‌.

    നീട്ടിപ്പരത്തി കഥകള്‍ പറയാന്‍ നമുക്ക്‌ ഏറെപ്പേരുണ്ട്‌. ചുരുക്കിപ്പറയാന്‍ അറിയുക കവിക്കാണ്‌. അങ്ങനെയുള്ള കഥകള്‍ പറയാന്‍ നമുക്ക്‌ ഏറെപ്പേരില്ല. ലോകത്തിന്‌ ഒരു ഖലീല്‍ ജിബ്രാന്‍ ഉണ്ടായിരുന്നെങ്കില്‍ മലയാളത്തിന്‌ ഒരാള്‍ മാത്രം. പകരക്കാരില്ലാത്ത ഈ രചനാ ശൈലി പാറക്കടവിന്‌ സ്വന്തം. സെന്‍ കഥകളുടെയും ജാപ്പനീസ്‌ ഹൈക്കുവിന്റെയും ദാര്‍ശനികതയും ജിബ്രാന്‍ കഥകളുടെ ഒതുക്കവും ഇവയ്ക്കുണ്ട്‌. അദ്ദേഹത്തിന്റെ ആറുവരി കഥയെ നമുക്ക്‌ അറുപത്‌ വരിയിലോ ആറു പേജിലോ ഉപന്യസിക്കാം. ജീവിതത്തെ, അതിന്റെ മേച്ചില്‍പ്പുറങ്ങളെ സൂക്ഷ്മതയോടെ സമീപിക്കുന്നതിലും ആവിഷ്ക്കരിക്കുന്നതിലും കഥാകാരന്‍ വിജയിക്കുന്നു.

    സാഹിത്യത്തെ വിഭജിച്ചും വിവേചിച്ചും വിവിധ കള്ളികളില്‍ ഒതുക്കാന്‍ നാം ശ്രമിക്കുമ്പോള്‍ ഒരു കുഞ്ഞുകഥയായി പാറക്കടവ്‌ വരച്ചിടുന്ന വാക്കുകള്‍, ചുറ്റുമുള്ള കള്ളികള്‍ ഭേദിച്ച്‌ പുറത്തുകടന്ന്‌ മറ്റ്‌ കള്ളികളിലേക്ക്‌ എത്തിനോക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഈ കഥാപുസ്തകത്തില്‍ ഉടനീളം നമുക്കനുഭവിക്കാം. ഒപ്പം, ഇത്രയേറെ വൈവിധ്യമുള്ള വിഷയങ്ങളില്‍ ഇടപെടുകയും സാമൂഹിക പ്രശ്നങ്ങളോട്‌ യഥാസമയം രചനകളിലൂടെ പ്രതികരിക്കുകയും ചെയ്യുന്ന എഴുത്തുകാര്‍ വേറെയില്ലെന്ന തിരിച്ചറിവും ഈ പുസ്തകം നമുക്ക്‌ പകര്‍ന്നുതരുന്നു.

    എം. കുഞ്ഞാപ്പ
    Published in തര്‍ജ്ജനി, ഡിസംബര്‍ 2006, Volume 2, No. 12

  • ടി. കെ. ഉണ്ണി says:
    April 10, 2010 at 2:20 PM

    നവാഗത കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ എഴുത്തുകാരനാണ്‌ ശ്രീ. ഹനൻലലത്ത്‌. അദ്ദേഹത്തിന്റെ ഏതാനും കഥകളെ പരിചയപ്പെടുന്നതിന്ന് കഴിഞ്ഞിട്ടുണ്ട്‌...അദ്ദഹത്തിന്നും അദ്ദേഹത്തിന്റെ കഥകളെസ്സംബന്ധിച്ച്‌ ചർച്ച സംഘടിപ്പിച്ച മുംബൈസാഹിത്യവേദിക്കും ആശംസകൾ..

Followers