പ്രിയപ്പെട്ട അക്ഷര സ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ജനുവരി മാസം ആദ്യഞായറാഴ്ച (06/01/2013) ശ്രീമതി മിനി എസ്. അടൂര്‍ തന്റെ 'വരയ്ക്കുകൊന്നിവരുടെ രാഷ്ട്രത്തിന്നതിര്‍വരകള്‍' എന്ന പ്രബന്ധം അവതരിപ്പിക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും പങ്കെടുക്കുന്നു. ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സ്ഥലം: മാട്ടുംഗ കേരള സമാജം
തിയതി: ജനുവരി 06, 2013. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി
സസ്‌നേഹം
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി
സാഹിത്യവേദിയുടെ എല്ലാ സുഹൃത്തുക്കള്‍ക്കും ശാന്തിയുടേയും സമാധാനത്തിന്റേയും ഐശ്യര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍
നോട്ട്: പ്രബന്ധം സ്വല്പം ദൈര്‍ഘ്യമുള്ള ഒന്നായതിനാല്‍ ചര്‍ച്ചയ്ക്ക് അവശ്യം വേണ്ട സമയം അനുവദിക്കേണ്ടതുണ്ട്. അതുകൊണ്ട് പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങും. ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുക.
മിനി എസ്. അടൂര്‍
കവിതകളിലൂടേയും സാഹിത്യ-രാഷ്ട്രീയ-സാമ്പത്തിക ലേഖനങ്ങളിലൂടേയും പ്രയോഗിക്കുന്ന-പ്രകടിപ്പിക്കുന്ന വ്യക്തമായ രാഷ്ട്രീയമാണ്, അതിലെ മൗലികതയാണ് മിനിയെന്ന എഴുത്തുകാരിയെ വേര്‍തിരിച്ചു നിര്‍ത്തുന്നത്. രാഷ്ട്രീയ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ വഴി സ്വരൂപിച്ച അനുഭവങ്ങളും, പരന്ന വായനയും കൊണ്ട് സ്ഫുടം ചെയ്‌തെടുത്ത ചിന്താലോകമാണ് മിനിയെന്ന എഴുത്തുകാരിയുടെ സര്‍ഗ്ഗാത്മക ജീവിതത്തെ നയിക്കുന്നത്്. കേരളത്തിലെ പ്രമുഖ എഴുത്തുകാരുമായി സൗഹൃദങ്ങള്‍ സൂക്ഷിക്കുകയും സംവാദങ്ങളിലേര്‍പ്പെടുകയും ചെയ്തുപോരുന്ന ഈ എഴുത്തുകാരി കുറച്ചുകാലം നിശ്ശബ്ദതതയിലായിരുന്നു. സാഹിത്യവേദിയിലൂടെ വീണ്ടും മിനി സജീവമായ സര്‍ഗ്ഗാത്മക ജീവിതത്തിലേയ്ക്ക് പുനപ്രവേശിക്കുകയാണ്.
സ്വദേശം അടൂര്‍. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി , കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദങ്ങള്‍. ശാസ്ത്രം , നിയമം , വിദ്യാഭാസം എന്നീ വിഷയങ്ങളില്‍ ബിരുദങ്ങള്‍. ജേര്‍ണലിസം, ടെലികോം ടെക്‌നോളജി , കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ഡിപ്ലോമകള്‍.
നവിമുംബൈയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സാങ്കേതിക വിഭാഗം മേധാവി. മുഖ്യധാര മാധ്യമങ്ങളടക്കം പല പ്രസിദ്ധീകരണങ്ങളിലും കഥകളും കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശ്രീമതി മിനി എസ്. അടൂര്‍ വേദിയില്‍ അവതരിപ്പിക്കുന്ന പ്രബന്ധം ഇവിടെ വായിക്കുക. പ്രബന്ധത്തിന്റെ പി.ഡി.എഫ്. വേണമെന്നുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
'വരയ്ക്കുകൊന്നിവരുടെ രാഷ്ട്രത്തിന്നതിര്‍വരകള്‍'
മിനി എസ്. അടൂര്‍
പ്രവാസം തീക്ഷ്ണതയേറിയ സാംസ്‌കാരികാനുഭവവും സ്വത്വപ്രശ്‌നവുമായി മാറിക്കഴിഞ്ഞിരിക്കുന്നു. ലോകത്താകമാനം കുടിയേറ്റങ്ങളും പലായനങ്ങളും ജീവിത സംഘര്‍ഷങ്ങളും വര്‍ദ്ധിച്ചു വരികയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി പ്രവാസികളുടെ ജീവിത വീക്ഷണങ്ങളെ തകിടം മറിക്കുന്നു. പുതിയ ലോക പ്രവാസ ചിന്ത, സ്വത്വത്തിന്റെയും ദേശീയതയുടെയും മൂല്യസങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. പ്രവാസത്തിന്റെ സങ്കീര്‍ണ്ണ പ്രകൃതിയെ, വിഹ്വലതകളെ വ്യത്യസ്ത രീതികളില്‍, ആഴത്തില്‍ അവതരിപ്പിക്കുന്ന സൃഷ്ടികള്‍ മലയാളസാഹിത്യത്തില്‍ പുത്തനുണര്‍വ്വ് സൃഷ്ടിച്ചിരിക്കുന്നു.
പ്രവാസം
നിരന്തരമായ അര്‍ത്ഥവികാസത്തിന്റെ ചരിത്രമാണ് പ്രവാസം എന്ന ആശയ കല്‍പ്പനയ്ക്കുള്ളത്. ഒരു ദേശത്തില്‍ ഉള്‍പ്പെടുന്നവരോ ഒരു പൊതുസംസ്‌കാരം പങ്കുവയ്ക്കുന്നവരോ ആയ ഒരു ജനത പലവിധ കാരണങ്ങളാല്‍ പല ദേശങ്ങളിലായി ചിതറിപ്പാര്‍ക്കുന്ന അവസ്ഥയാണ് പ്രവാസം. ഇസ്രായേലില്‍ നിന്ന് മറുനാടുകളിലേക്ക് കുടിയേറിപ്പാര്‍ത്ത ജൂതരുടെ പ്രവാസമാണ് ഇതിനു മാതൃക.
കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്തുണ്ടായ സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളോടൊപ്പം തന്നെ തൊഴില്‍ തേടിയുള്ള യാത്രകളുടെയും വേഗം കൂടുകയാണുണ്ടായത്. വാണിജ്യത്തിനും തൊഴിലിനും വേണ്ടിയും സാമ്രാജ്യാധിനിവേശങ്ങളുടെ ഫലമായും പരദേശങ്ങളിലെത്തിയവരും രാഷ്ട്രീയ കാരണങ്ങളാല്‍ ദേശാതിര്‍ത്തി കടക്കാന്‍ നിര്‍ബന്ധിതരായവരുമെല്ലാം പ്രവാസത്തിന്റെ അര്‍ത്ഥപരിധിയില്‍ ഉള്‍പ്പെടുത്തപ്പെട്ടു. വംശീയന്യൂനപക്ഷങ്ങള്‍, നാടുകടത്തപ്പെട്ടവര്‍, കുടിയേറ്റത്തൊഴിലാളികള്‍, യുദ്ധങ്ങളാല്‍ പലായനം ചെയ്യപ്പെട്ടവര്‍ എന്നിവരെയെല്ലാം പൊതുവെ പ്രവാസികളെന്നു പരിഗണിക്കപ്പെട്ടു.
ഇന്ത്യന്‍ പ്രവാസം തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും കരീബിയയിലുമൊക്കെയായി വ്യാപിച്ചുകിടക്കുന്നു. അതിനും രാഷ്ട്രീയമായ തലങ്ങളില്ലാതില്ല. പത്തൊന്‍പതാംനൂറ്റാണ്ടില്‍ യൂറോപ്യന്‍ സാമ്രാജ്യങ്ങള്‍ കരീബിയന്‍ ദ്വീപുകളിലെയും ആഫ്രിക്കയിലെയും പസഫിക് ദ്വീപുകളിലെയും കോളനികളിലേക്ക് കൊണ്ടുപോയ തൊഴിലാളികള്‍ മുതല്‍ അമേരിക്കയിലും പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലുമൊക്കെ തൊഴിലന്വേഷിച്ചെത്തിയ ഇന്നത്തെ മലയാളികള്‍വരെ പ്രവാസികളായി കണക്കാക്കപ്പെടുന്നത് ഈ അര്‍ത്ഥവികാസത്തില്‍ തന്നെയാണ്. ഇത്തരത്തില്‍ കാണുമ്പോള്‍ മലയാളിയുടെ പ്രവാസം തൊഴില്‍ പ്രവാസം തന്നെ എന്നുപറയാം.
മലയാളിയുടെ പ്രവാസം പൊതുവില്‍ മുന്നോട്ടു വയ്ക്കപ്പെട്ടിട്ടുള്ള പ്രവാസ മാനദണ്ഡങ്ങളുടെ സ്വീകാര്യതകളുടെ പരിധിയില്‍ ഒതുങ്ങുന്നവയല്ല. മലയാളിയുടെ പ്രവാസത്തെപ്പറ്റി പറയുമ്പോള്‍ തൊഴില്‍ പ്രവാസം എന്ന് നിസ്സാരവല്‍ക്കരിക്കുക സാധ്യമല്ല. മലയാളിക്കുമുണ്ട് പ്രവാസത്തിന്റെ നീണ്ട ചരിത്രങ്ങള്‍. ഏതാണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ വരെ സവര്‍ണ്ണവിഭാഗങ്ങള്‍ ദളിതരെ അടിമകളാക്കി കൈമാറിയിരുന്നു കേരളത്തില്‍. ബ്രിട്ടീഷ്, ഫ്രഞ്ച്, ഡച്ച്, പോര്‍ച്ചുഗീസ് അടിമക്കച്ചവടക്കാര്‍ യൂറോപ്പിലെ കോളനികളിലേക്ക് ഇന്ത്യാക്കാരെ കയറ്റുമതിചെയ്തിരുന്നു. അടിമത്തം നിരോധിച്ചതോടെ ഇന്ത്യയില്‍ നിന്ന് തൊഴില്‍ക്കരാര്‍പ്രകാരം തൊഴിലാളികളെ കരീബിയന്‍ ദ്വീപുകളിലേയ്ക്കും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തു തുടങ്ങി. ഇത്തരത്തില്‍, ''ഇന്‍ഡെന്റര്‍ സമ്പ്രദായം'' വഴി കയറ്റി അയക്കപ്പെട്ടവര്‍ കരാര്‍ കാലാവധി തീര്‍ന്നിട്ടും എത്തപ്പെട്ടയിടങ്ങളില്‍ തന്നെ ജീവിതം തുടരുകയാണുണ്ടായത്. ശ്രീലങ്ക, മലയ, സിങ്കപ്പൂര്‍, ബര്‍മ തുടങ്ങിയ രാജ്യങ്ങളിലും മലയാളി പ്രവാസി സമൂഹം ഉണ്ടായത് ഇങ്ങനെതന്നെ. രണ്ടാം ലോക യുദ്ധത്തിനുശേഷം കേരളത്തില്‍ പുറംകുടിയേറ്റത്തിന്റെ പ്രവണതകള്‍ കണ്ടു തുടങ്ങി. മദ്രാസ്, കര്‍ണാടക, മഹാരാഷ്ട്ര, മറ്റുത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്ക് മലയാളികള്‍ കുടിയേറിപ്പാര്‍ക്കുവാന്‍ തുടങ്ങി. കാര്‍ഷികവ്യവസായിക മേഖലകളിലെ മുരടിപ്പും, ജനസംഖ്യാനിരക്കും സാക്ഷരതയും ഉയര്‍ന്നതും, മരണനിരക്ക് കുറഞ്ഞതും സൃഷ്ടിച്ച ജനസംഖ്യാവിടവും ഇതിനു കാരണമായിത്തീര്‍ന്നു. വിദ്യാസമ്പന്നരായ മലയാളികള്‍ തൊഴില്‍ തേടി, സാക്ഷരതയില്‍ പിന്നോക്കം നിന്നിരുന്ന ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറി. ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ തൊഴില്‍പ്രവാസികളായി പോയവരാണ് ആധുനിക മലയാള സാഹിത്യത്തിലെ പ്രമുഖരായ മിക്ക എഴുത്തുകാരും.
കേരളം വിപണിയുടെ സ്വന്തം നാട്.
കേരള ചരിത്രത്തില്‍ പ്രഖ്യാപിതമായ പലായനം തിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്കുള്ള കുടിയേറ്റമാണ്. കേരള സമൂഹം ഏതാണ്ട് നൂറ്റമ്പത് കൊല്ലക്കാലം കൊളോണിയല്‍ സമൂഹമായിരുന്നു. ഇന്നത്തെ കേരളത്തിലെ 'കണ്‍സ്യൂമറിസ്റ്റ്' സമൂഹം തീര്‍ത്തും ഒരു നവകൊളോണിയല്‍ സമൂഹം തന്നെ. വിഭവങ്ങള്‍ ഏതാണ്ട് മുഴുവനും ബഹുരാഷ്ട്ര കമ്പനികളുമായി ബന്ധമുള്ള കുത്തകകളാല്‍ ചൂഷണം ചെയ്യപ്പെടല്‍, കുത്തക മുതലാളിമാരുടെ വ്യവസായികോല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന മാര്‍ക്കറ്റായതിനാല്‍ സ്വന്തമായി ഉല്‍പ്പാദനം ഇല്ലാതാകല്‍, ജോലി ചെയ്യാന്‍ ശേഷിയുള്ളവരില്‍ നല്ലൊരു ഭാഗം തൊഴിലില്ലാതെയും മറുനാടുകളില്‍ തൊഴില്‍ചെയ്തും അലയല്‍, ഇതെല്ലാം പുത്തന്‍ കൊളോണിയല്‍ സമൂഹത്തിന്റെ ലക്ഷങ്ങളാണ്.
ആധുനിക പുതു കൊളോണിയല്‍ വ്യവസ്ഥ പഴയ കൊളോണിയല്‍ വ്യവസ്ഥയെക്കാള്‍ ആഴത്തില്‍ സമഗ്രമായി ജീവിതത്തെ ബാധിക്കുന്നുണ്ട്. ചില യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങളിലുണ്ടായ 'വികസനം' ഇതുവരെ ലോകത്തുണ്ടായിട്ടില്ലാത്തതരം കൃത്രിമമായ ജീവിതത്തെ സൃഷ്ടിച്ചിരിക്കയാണ്. അവികസിതവും അല്‍പവികസിതവുമായി തുടരുന്ന പലരാജ്യങ്ങളിലെയും ഭൂപ്രദേശങ്ങളിലെയും വിഭവങ്ങള്‍ ചൂഷണം ചെയ്തുകൊണ്ടാണ്, ഈ രാജ്യങ്ങളില്‍ ഇത്തരം വികസനം സാധ്യമായിട്ടുള്ളത്. ലോകത്തിന്റെ ബഹുഭൂരിപക്ഷം പ്രദേശങ്ങളില്‍ അവികസനം സാധ്യമാക്കിക്കൊണ്ടാണ് എന്ന് സാരം. അതായത്, ആധുനിക മുതലാളിത്ത വികസനത്തിന്റെ അനിവാര്യമായ മറുവശമാണ് അവികസനം.
കാര്‍ഷികവും വ്യാവസായികവുമായ അടിസ്ഥാന ഉല്‍പ്പാദനമേഖലയുടെ വികാസമാണ് ജനങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, ക്രയശേഷി തുടങ്ങി ജീവിതനിലവാരത്തെ ഒട്ടാകെ മാറ്റത്തിന് വിധേയമാക്കുന്നത്. ഇതിനനുസൃതമായിട്ടുള്ള കച്ചവടസേവനമേഖലയടക്കമുള്ള മൂന്നാം മേഖലയുടെ വികാസത്തെയാണ് ഒരു സമൂഹം ശാസ്ത്രീയമായി പുരോഗമിക്കുന്നതിന്റെ ലക്ഷണമായി കണക്കാക്കപ്പെടുക. സാമ്രാജ്യത്വമുതലാളിത്ത ചരക്കുല്‍പ്പാദനത്തിന്റെ മുരടിപ്പിനെ മറികടക്കുന്നതിന് കൊളോണിയല്‍ കാലഘട്ടം മുതല്‍ തുടക്കം കുറിച്ച നയമാണ്, കാര്‍ഷികപ്രാധാന്യമുള്ള മൂന്നാം ലോകരാജ്യ ഉല്‍പ്പാദനവ്യവസ്ഥയെ തകര്‍ക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തുകൊണ്ട് തങ്ങളുടെ സവിശേഷീകരണം ഈ സമ്പദ് വ്യവസ്ഥകളില്‍ നേടിയെടുക്കുകയെന്നത്. നവ കൊളോണിയല്‍ കൊള്ളയിലൂടെ തീക്ഷ്ണവല്‍ക്കരിക്കപ്പെട്ട ഉപഭോഗസംസ്‌കാരം കേരളത്തിന്റെ സമസ്ത മേഖലകളെയും അടക്കി വാഴുന്നു. അടിസ്ഥാന ഉല്‍പ്പാദനമേഖലയുടെ വികാസവുമായി ബന്ധപ്പെടാതെയുള്ള മൂന്നാംമേഖലയുടെ വളര്‍ച്ചയാണ് ഇന്ന് കേരളത്തില്‍ കാണാനാവുക. അതില്‍ വിദ്യാഭ്യാസരംഗമാണ് പ്രധാനം. ഇത്തരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന 'മനുഷ്യവിഭവത്തെ' ഉള്‍ക്കൊള്ളാന്‍ അതിനാല്‍ത്തന്നെ കേരളത്തിലെ കാര്‍ഷിക വ്യാവസായിക മേഖലകള്‍ക്ക് കഴിയില്ല. അപ്പോള്‍, ആ 'വിഭവം' കയറ്റുമതി ചെയ്ത് വിദേശ നാണ്യം നേടുക എന്നതാണ് നമ്മുടെ മുന്നിലെ ഏക പോംവഴി. അതായത്, വരും കാലങ്ങളില്‍ പ്രവാസത്തിന്റെ തോത് കൂടാതെ തരമില്ലെന്നുതന്നെ.
ഓരോ പ്രദേശങ്ങളിലെയും പ്രകൃതി അവിടുത്തെ മനുഷ്യരുടെ നിയന്ത്രണത്തിലായിരിക്കണം. മൂലധനശക്തികൊണ്ട് പലരാജ്യങ്ങളിലെയും മനുഷ്യരടക്കം എല്ലാ വിഭവങ്ങളെയും പുതു സാമ്രാജ്യത്വം ചൊല്‍പ്പടിയില്‍ കൊണ്ടുവരുന്നു. ഇത് വികസനരാജ്യങ്ങളിലെ മാനുഷിക ജീവിതത്തെ ഒരു തരത്തില്‍ വികൃതമാക്കുന്നു; അവികസിത രാജ്യങ്ങളിലെ ജീവിതത്തെ മറ്റൊരുതരത്തിലും. ആധുനിക സംസ്‌കൃതിയുടെ നഗ്‌നമായ അധിനിവേശം. ആഗോള തലത്തിലുള്ള ഈ വികൃതമാക്കലിന്റെ ഭാഗമായിട്ട് വേണം കേരളീയ ജീവിതത്തിലെ ജീര്‍ണ്ണവല്‍ക്കരണത്തേയും നോക്കിക്കാണാന്‍. ഇത് സാംസ്‌കാരിക ജീവിതത്തിലും ബാധകമാണ്. ഇത്തരത്തിലുള്ള ആധിപത്യമാതൃകകളെയും രീതികളെയും ആദ്യം തിരിച്ചറിയുന്നതും പ്രതികരിക്കുന്നതും സാംസ്‌കാരികരംഗത്തുള്ളവരാണ്. മാനുഷിക ഗുണങ്ങളില്ലാത്ത, കൃത്രിമവും യാന്ത്രികവുമായ സാഹചര്യങ്ങളോട് ഏറ്റവും ആദ്യം പ്രതികരിക്കുന്നത് സര്‍ഗ്ഗശേഷിയുള്ളവരാണ്. അവരുടെ സൃഷ്ടികളില്‍ ത്രസിക്കുന്നത് ഒരു ജനതയുടെ സംസ്‌കാരത്തിന്റെ തുടിപ്പുകളാണ്. സാംസ്‌കാരിക അടിമത്തിനെതിരായ വികാരമാണ്. മനുഷ്യജീവിതത്തിന്റെ അന്തരാര്‍ത്ഥങ്ങളിലേക്കിറങ്ങുന്ന കൃതികള്‍ കൊണ്ട് അവര്‍ ഇത്തരം അവസ്ഥകളെ പ്രതിക്കൂട്ടിലാക്കുന്നു. ഇങ്ങനെപറയുന്നതുകൊണ്ട്, സാഹിത്യം ആധിപത്യത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ മാത്രമാണെന്ന് അര്‍ത്ഥമില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യാപിക്കുന്ന ഒരു പ്രവര്‍ത്തനം ആണത്.
ദേശീയത, സ്വത്വം, മൂല്യങ്ങള്‍.
നാം ഇന്ന് കാണുന്ന ദേശീയത എന്നത് മനുഷ്യവികാസ ചരിത്രത്തിന്റെ ഒരു നിശ്ചിത ഘട്ടത്തില്‍ രൂപമെടുത്തതും നിലനില്‍ക്കുന്നതുമാണ്. നിശ്ചിത സാമ്പത്തിക താല്‍പ്പര്യങ്ങളാലും രാഷ്ട്രീയഘടനകളാലും നിര്‍ബന്ധപൂര്‍വ്വം സംഘടിതമാകുന്ന ഇത്തരം ദേശാതിര്‍ത്തികളും സങ്കല്‍പ്പങ്ങളും മൂല്യബോധങ്ങളും ഇതേപടി എക്കാലത്തും തുടരുന്നതല്ല എന്നതാണ് വസ്തുത. ശാസ്ത്രസാങ്കേതിക രംഗത്തെ വളര്‍ച്ച ഇതിന്റെ സാധ്യതയും ആവശ്യവും വിളംബരം ചെയ്യുന്നുണ്ട്. സാമ്പത്തിക രാഷ്ട്രീയ ചരിത്രത്തിന്റെ ഇന്നെത്തിനില്‍ക്കുന്ന ദശാസന്ധിയും പാരിസ്ഥിതിക ആഘാതങ്ങളും വിരല്‍ ചൂണ്ടുന്നതും മറ്റൊരിടത്തേയ്ക്കാകാന്‍ തരമില്ല. ഭാഷയും ആചാരങ്ങളും ആന്തരിക മൂല്യങ്ങളും ചോദ്യം ചെയ്യപ്പെടുന്നിടത്ത് ജീവിതത്തെ നേരിടുന്നത് ദുഷ്‌ക്കരമാകും. അത്തരം സാഹചര്യങ്ങളില്‍ തങ്ങളുടെ വേരുകള്‍ ഉള്ളിലിരുന്നു നീറിപ്പിടയുകയും, അതിജീവനത്തിനായി സ്വത്വത്തെ മറച്ചുപിടിച്ച് അനിഷ്ടകരമായ പാന്ഥാവുകളില്‍ക്കൂടി ജീവിതം മുന്നോട്ടു പോകേണ്ടിവരികയും ചെയ്യുമ്പോള്‍ അതിഭീകരമായ ആത്മപീഢനം അനുഭവിക്കേണ്ടി വരുന്നു. കനത്ത ശൂന്യത അനുഭവവേദ്യമാകുന്നു. ഈ ശൂന്യതയെ സഹജമായ തന്റെ നൈസര്‍ഗ്ഗികതയിലേക്ക്, സര്‍ഗ്ഗാത്മകതയിലേക്ക് പുനരുദ്ധരിക്കാന്‍, പുതിയ അനുഭവതലം സൃഷ്ടിച്ച് മറികടക്കാന്‍ എഴുത്തുകാരന്‍/എഴുത്തുകാരി ശ്രമിക്കുന്നു. ഓരോ വ്യക്തിയുടെയും സ്വത്വത്തിലക്കുള്ള തിരിഞ്ഞുനോട്ടത്തിനു ആക്കം കൂടുന്നത് അവന്‍/അവള്‍ പ്രവാസിയാകുമ്പോഴാണ് എന്നതാണ് വസ്തുത. ദേശം, പ്രകൃതി, സംസ്‌കാരം, സ്വത്വം തുടങ്ങിയവ നഷ്ടപ്പെടുന്ന അവസ്ഥ നിസ്സാരമല്ല. എത്തപ്പെട്ടയിടങ്ങളില്‍ മൂന്നാംകിട പൗരന്മാരെന്ന അവഗണന അവര്‍ അനുഭവിക്കുന്നു .
ക്രൂരമായ പരിഹാസവും പീഡനങ്ങളും ഏറ്റ് അനിഷ്ടകരമായ സാഹചര്യങ്ങളില്‍ പുതിയ സംസ്‌ക്കാരങ്ങളും സാഹചര്യങ്ങളുമായി സമരസപ്പെട്ടുപോകുവാന്‍ അസാമാന്യമായ ഇച്ഛാശക്തി കൂടിയേ തീരു. അതിജീവനത്തിന്റെ വഴികളില്‍ ചുറ്റുപാടുകള്‍ക്കനുസരിച്ച് പരിണമിക്കാനുള്ള കഴിവ് ഉയര്‍ത്തിക്കാട്ടി പ്രവാസത്തിന്റെ ദുരിതങ്ങളെ നിസ്സാരവല്‍ക്കരിക്കാനാകില്ല. അവര്‍ കടന്നുപോകുന്ന ജീവിതസന്ധികളെ അംഗീകരിച്ചേ മതിയാകു.
മനുഷ്യ സംസ്‌കാരത്തിന്റെ എക്കാലത്തെയും വലിയ പ്രതിസന്ധി അപരിചിതരെ നേരിടുക എന്നത് തന്നെയാണ്. ആത്മാവിഷ്‌ക്കാരത്തിനുള്ള സ്വാതന്ത്ര്യം കൈവരുമ്പോള്‍ തന്നെ പ്രവാസത്തിന്റെ കെടുതികള്‍ അവരുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. അശാന്തമനുഷ്യന്റെ സ്വകാര്യ സഞ്ചാരങ്ങള്‍ അവന്റെ/അവളുടെ സര്‍ഗ്ഗാത്മകതയെ ഉദ്ദീപിപ്പിക്കുന്നു. വംശാവബോധവും എത്തിച്ചേര്‍ന്ന ഇടങ്ങളിലെ സമൂഹവുമായുള്ള കലഹങ്ങളും പ്രവാസ സമൂഹങ്ങള്‍ക്കുണ്ട്. പ്രവാസി എത്തപ്പെടുന്ന നാടും ജനതയും അസമത്വവും നീതികേടും കാത്തുവയ്ക്കുമ്പോള്‍ പ്രത്യേകിച്ചും. വ്യക്തിയുടെ സ്വത്വം അവന്റെ/അവളുടെ ചുറ്റുപാടുകളുടെ ചരിത്രവും സംസ്‌കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നു. പ്രവാസ ജീവിതത്തില്‍ സംസ്‌കാരങ്ങളെ പങ്കുവയ്ക്കുകയല്ല, മറിച്ചു വിവിധ സംസ്‌കാരങ്ങളുടെ സങ്കരാവസ്ഥ സങ്കീര്‍ണ്ണമായ ജീവിതവീക്ഷണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. അതിനാല്‍ തന്നെ പുതിയ സംസ്‌കാരങ്ങളോട് മല്ലിട്ട് കൊണ്ട് മാത്രമേ പ്രവാസിക്ക് നിലനില്‍പ്പുള്ളൂ. ചരിത്രത്തിലങ്ങോളമിങ്ങോളം അരങ്ങേറിയിട്ടുള്ളതാണ് മനുഷ്യ പ്രയാണങ്ങള്‍. പ്രവാസം അനസ്യൂതമായ കാലമായിരുന്നു കഴിഞ്ഞു പോയത്. ആഗോളവല്‍ക്കരണം, സ്വതന്ത്രവ്യാപാരം, വിവരസാങ്കേതികരംഗത്തുണ്ടായ കുതിച്ചു കയറ്റം, ദൂരങ്ങളില്ലാതാക്കും വിധമുള്ള യാത്രാസൗകര്യങ്ങള്‍ എല്ലാം ഇതിന് ആക്കം കൂട്ടി. യുദ്ധാനന്തര പലായനങ്ങള്‍, അഭയാര്‍ഥികള്‍, രാഷ്ട്രീയനാടുകടത്തലുകള്‍ക്കിരയായവര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരുടെ പ്രവാസം. ഒറ്റപ്പെട്ടതോ സവിശേഷീകരിക്കപ്പെട്ടതോ അല്ലെങ്കില്‍ എണ്ണത്തില്‍ക്കുറവോ, തൊഴില്‍ തേടിയോ തൊഴില്‍പരമോ ഒക്കെയായ ദേശാന്തരവാസങ്ങളോ പലായനങ്ങളോ അല്ലാതെ കൂട്ടത്തോടെ ഇത്തരം പ്രവാഹങ്ങള്‍ എന്തുകൊണ്ട് സംഭവിക്കുന്നു എന്നത് ഒരു ദേശത്തിന്റെ പിന്നോക്കാവസ്ഥയെ കുറിക്കുന്നു. ആ സമൂഹത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നു.
പ്രവാസ എഴുത്തിലെ സര്‍ഗ്ഗവ്യാപാരങ്ങള്‍.
ജീവിതാനുഭവങ്ങളുടെ ഭാവനമായ ഉദ്ഗ്രഥനങ്ങള്‍ക്കും അപഗ്രഥനങ്ങള്‍ക്കും മനുഷ്യമനസ്സില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിയും. അതിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ എഴുത്തില്‍ പ്രതിഫലിക്കുക തന്നെ ചെയ്യും. അത് ബോധപൂര്‍വ്വമല്ലെങ്കില്‍പ്പോലും. പ്രവാസത്തിന്റെ തീവ്രാനുഭവങ്ങളില്‍ നിന്ന് ഒട്ടേറെ രചനകള്‍ ഉണ്ടായിട്ടുണ്ട്. അനിഷേധ്യമായ അനുഭവതീവ്രതകള്‍ പ്രവാസ എഴുത്തിനെ അര്‍ത്ഥവും ആഴവും ഊര്‍ജ്ജസ്വലവുമുള്ളതാക്കുന്നു . താന്‍ ജീവിക്കുന്ന ചുറ്റുപാടുകളോട് ശക്തമായും സത്യസന്ധമായും പ്രതികരിക്കുകയെന്ന ശ്രമകരമായ ദൗത്യം സാഹിത്യകാരില്‍ നിക്ഷിപ്തമാണ്. തീക്ഷ്ണാനുഭവങ്ങളോടൊപ്പം രചനയിലെ ശില്‍പചാരുതയും കൂടിച്ചേരുമ്പോഴാണ് കാലാതിവര്‍ത്തികളായ സൃഷ്ടികള്‍ ഉണ്ടാവുന്നത്. പ്രവാസത്തെക്കുറിച്ചുള്ള ആശയസംഹിതകള്‍ക്ക് വഴങ്ങുന്നതല്ല ഗള്‍ഫിലെ തൊഴില്‍ പ്രവാസജീവിതം. പൗരത്വമില്ലാത്ത, നാട്ടിലേക്ക് തിരിച്ചു പോകുമെന്നുറപ്പുള്ള ഈ പ്രവാസികള്‍ സ്വത്വത്തെയും ദേശത്തെയുമൊക്കെക്കുറിച്ചുള്ള വ്യത്യസ്ഥമായ തൃഷ്ണകള്‍ പങ്കുവയ്ക്കുന്നു. മരുഭൂമിയിലെ കത്തുന്ന ജീവിതം പ്രമേയമാക്കിയ 'ആടുജീവിതം' ശ്രദ്ധ നേടിയെടുത്തത് പൊള്ളുന്ന പ്രവാസജീവിതാനുഭവങ്ങളുടെ തീക്ഷ്ണതയുമായെത്തിയ രചനയെന്നതിനാലാണ്.
പ്രവാസ ജീവിതത്തെക്കുറിച്ചുള്ള രചനകള്‍ എന്നതാണോ അതല്ല, പ്രവാസികളുടെ രചനകള്‍ എന്നതാണോ പ്രവാസ സാഹിത്യമെന്നു കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. പ്രവാസ സാഹിത്യം രൂപപ്പെടാന്‍ പ്രവാസിയാകണമെന്നില്ല. അമേരിക്കന്‍ ഇന്ത്യാക്കാരുടെ ജീവിതത്തെ എം.ടി യുടെ 'ഷെര്‍ലക്' നന്നായി പകര്‍ത്തിയിട്ടുണ്ട്. ഒ.വി.വിജയനും സക്കറിയയുമൊക്കെ പരദേശത്തിരുന്നു കേരളത്തെക്കുറിച്ചെഴുതിയവരാണ്. പ്രവാസ എഴുത്തുകാരുടെ ഭാവനാവിഷ്‌ക്കാരങ്ങളില്‍ വ്യതിരിക്തതയുണ്ട്. ജീവിതത്തിന്റെ നല്ലൊരു ഭാഗം ഇന്ത്യയില്‍ ജീവിച്ച് ദേശത്തിന്റെ അതിര്‍വരമ്പുകള്‍ വിട്ടുപോയവര്‍ തങ്ങളുടെ ദേശത്തെ ഗൃഹാതുരതയോട് കാണുന്നവരും, വിദേശത്തു തന്നെ ജനിച്ചു വളര്‍ന്നു സര്‍ഗ്ഗസൃഷ്ടികളില്‍ ഏര്‍പ്പെടുന്നവരും ഇതില്‍പ്പെടുന്നു. ദേശമേ ഇല്ലാതെ അലയുന്ന മനുഷ്യരുമുണ്ട് ഇക്കൂട്ടത്തില്‍. തങ്ങള്‍ ജീവിച്ച, ജീവിക്കുന്ന ദേശത്തിന്റെ കാഴ്ചകളെ പുനരുല്‍പ്പാദിപ്പിക്കുന്ന സൃഷ്ടികള്‍. ഓരോ താമസവും ഓരോ ഓര്‍മയായി പുനര്‍ജ്ജനിക്കുന്നു.
കഴിഞ്ഞ നൂറ്റാണ്ടിലെ പ്രവാസ എഴുത്തുകാരുടെ രചനകള്‍ പൊതുവില്‍ ദേശീയ സങ്കല്‍പ്പങ്ങളില്‍ ഒതുങ്ങി നിന്നതായിരുന്നപ്പോള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ വിഹ്വലതകള്‍ പങ്കുവയ്കുന്നവയാണ് ലോകപ്രവാസ എഴുത്തുകാരുടെ വര്‍ത്തമാനകാല കൃതികള്‍ എന്ന് പറയേണ്ടിയിരിക്കുന്നു. എല്ലാ എഴുത്തുകാരും അടിസ്ഥാനപരമായി പ്രവാസികള്‍ ആണ്. ഭാവനയുടെ ലോകത്തെ, അല്ലെങ്കില്‍ ചിന്തയുടെ ലോകത്തെ പ്രവാസം. പലപ്പോഴുമനുഭവങ്ങളിലേക്കുള്ള പരകായപ്രവേശമാണ് എഴുത്ത്. ഇബോ ഭാഷയില്‍ ഒരു ചൊല്ലുണ്ട് 'എവിടെയാണ് മഴ ആദ്യമായി ദേഹത്ത് പതിച്ചതെന്നറിയാത്തവന് എവിടെയാണ് ദേഹം ഉണക്കിയതെന്നു അറിയാനാകില്ല. എവിടെയാണ് മഴ പതിച്ചതെന്ന് എഴുത്തുകാരന്‍ ജനങ്ങള്‍ക്ക് പറഞ്ഞു കൊടുക്കണം. സൃഷ്ടിയുടെ ആവിര്‍ഭാവത്തിനു പിന്നിലുള്ള സര്‍ഗ്ഗ പ്രക്രിയയിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ നിരീക്ഷണങ്ങള്‍ സാഹിത്യത്തിലുണ്ട്.
സ്വന്തം നാടും എത്തിച്ചേരുന്ന നാടും തമ്മിലുള്ള സാംസ്‌കാരികവും സാമൂഹികവുമായ അകലങ്ങള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ ഒരെഴുത്തുകാരന്റെ സര്‍ഗ്ഗാത്മകവും സൌന്ദര്യശാസ്ത്രപരവുമായ വളര്‍ച്ചക്ക് സഹായകമാകുന്നു. അഥവാ അതിന് പ്രശ്‌നപരമായ ഒരു സമഗ്രത നല്‍കുന്നു. അനുഭവസീമകള്‍ക്കുള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന എഴുത്തുകാരന്‍/എഴുത്തുകാരി ജീവിത പ്രതിസന്ധികള്‍ക്ക് പകരം വയ്ക്കുവാനുള്ള ഉപാധിയായി എഴുത്തിനെ കാണുന്നു. എത്തിച്ചേരുന്നയിടങ്ങളിലെ ജീവിതത്തെ സ്വാര്‍ത്ഥകമായി ആവിഷ്‌ക്കരിക്കുമ്പോള്‍ അത് ജീവിതസമസ്യകളോടുള്ള സര്‍ഗ്ഗാത്മക പ്രതികരണങ്ങള്‍ ആയി മാറുന്നു. നഷ്ടപ്പെട്ടുപോകുന്ന മാനുഷിക മൂല്യങ്ങളും ജീവിതാവബോധവും അവന്റെ/അവളുടെ എഴുത്തിലേക്ക് കടന്നുവരുന്നു.
ഗൃഹാതുരത്വം ഗതകാലത്തെക്കുറിച്ചുള്ള ഉത്തമ സ്മൃതികളാണ്. അതൊരു മാനസിക പ്രതിഭാസമാണ്. സമകാലീനസാമൂഹ്യ ജീവിതത്തിന്റെ വ്യഥകളില്‍പ്പെട്ടുഴലുന്ന മനുഷ്യന്‍ അവന്റെ/അവളുടെ മനസ്സിന്റെ അകത്തളങ്ങളില്‍ ഊഷ്മളച്ഛായ പകരുവാന്‍ വേണ്ടിയുള്ള ഒരു ശ്രമം. അത് ഉത്തമമായ പല സൃഷ്ടികള്‍ക്കും വഴിയൊരുക്കി. മറ്റൊരു ദേശത്ത് മറ്റൊരു ഭാഷയില്‍ മറ്റൊരു സംസ്‌കാരത്തില്‍ ജീവിതം ചിലവഴിക്കാന്‍ വിധിക്കപ്പെടുന്ന മലയാളി അവിടുത്തെ സംസ്‌ക്കാരത്തില്‍ ഇഴചേര്‍ന്നു ജീവിക്കുമ്പോഴും സ്വന്തം നാടിനോടുള്ള മമതയും സ്‌നേഹവും കാത്തുസൂക്ഷിക്കുന്നു. കേരളത്തിനു പുറത്തു മറ്റൊരു കേരളം സൃഷ്ടിക്കുന്ന മലയാളി, ത്രിശങ്കുവിനെ പോലെ ജന്മനാടിനും എത്തപ്പെട്ടയിടത്തിനുമിടയില്‍പ്പെട്ടു ഞെരുങ്ങിപ്പോകുന്നു.
സ്വന്തം സംസ്‌കാരത്തില്‍ നിന്ന് അകന്നു അന്യസംസ്‌കൃതിയില്‍ വേരുകള്‍ ഇല്ലാതെ അന്യതാബോധത്തോടെ കഴിയേണ്ടി വരുമ്പോള്‍ നഷ്ടപ്പെട്ട സ്വത്വബോധം വീണ്ടെടുക്കുവാനുള്ള ശ്രമം പ്രവാസി എഴുത്തുകാരുടെ സൃഷ്ടികള്‍ക്ക് ഊര്‍ജ്ജവും ആവേശവും പകരുന്നു. മനുഷ്യ പുരോഗതിയെ തുണയ്ക്കുന്ന എല്ലാ സര്‍ഗ്ഗവ്യാപാരങ്ങളും സമൂഹത്തില്‍ വ്യക്തികള്‍ അവരുടെ 'ഞാന്‍' എന്ന അസ്തിത്വത്തെ സ്ഥാപിക്കാന്‍ ശീലിച്ചതിന്റെ പരിണതഫലങ്ങള്‍ ആണ്. അടിച്ചമര്‍ത്തപ്പെടുന്ന ഒരു ജനതയുടെ പ്രതിരോധങ്ങളെ ചരിത്രാഖ്യായികളാക്കി മാറ്റുവാന്‍ എഴുത്തുകാര്‍ക്ക് കഴിയുന്നു.നാം ജീവിക്കുന്ന ചുറ്റുപാടുകള്‍ക്ക് ശക്തവും സത്യസന്ധവുമായി പ്രതികരിക്കുകയെന്ന ശ്രമകരമായ ദൗത്യം സാഹിത്യകാരില്‍ നിക്ഷിപ്തമാണ്. എഴുത്തുകാരന്‍ ക്രാന്തദര്‍ശിയാണെന്നും തൂലിക പടവാളാണെന്നുമൊക്കെ പറയുന്നതിന്റെ സാംഗത്യം അത് തന്നെ. മാറ്റിയെഴുതപ്പെടുന്ന സംസ്‌കാരങ്ങള്‍, നിരന്തരം ചൂഷണം ചെയ്യപ്പെടുന്ന ജനത, അടിച്ചേല്‍പ്പിക്കപ്പെടുന്ന മൂല്യബോധങ്ങള്‍, സാമൂഹ്യ കാഴ്ചപ്പാടുള്ള ഒരു എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ രചനകള്‍ പ്രതിരോധപരമാകാതെ തരമില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ ജീവിതത്തിലേക്കും പ്രതിരോധത്തിലെക്കും ഇറങ്ങിച്ചെല്ലുകയും പൊതുധാരാ രാഷ്ട്രീയം തമസ്‌ക്കരിക്കുന്ന ജൈവിക ബോധങ്ങളുടെ ഇടങ്ങളില്‍ സൂക്ഷ്മ രാഷ്ട്രീയ ബോധം എഴുത്തിലേക്ക് കൊണ്ട് വരികയുമാണ് പ്രവാസ എഴുത്തുകാര്‍. അന്യതാബോധത്തിന്റെ അസ്വസ്ഥതകളും ഉപരിഭോഗസംസ്‌കാരത്തിന്റെ നീരാളിപ്പിടുത്തവും വിഷയമാകുന്ന രചനകള്‍ പ്രവാസികളുടെതായി കാണാം.
എഴുത്ത് ഒരു ബൗദ്ധികമായ മാനസികാവിഷ്‌ക്കാരമാണ്. എങ്കിലും ജീവിതത്തില്‍നിന്നും എഴുത്തിലേക്ക് ചില പ്രേരണകള്‍ സ്വാഭാവികം. പ്രവാസ ജീവിതത്തിന് നല്‍കാവുന്ന വ്യത്യസ്തമായ വീക്ഷണങ്ങളും ഉള്‍ക്കാഴ്ചകളും സംവേദങ്ങളെ കീഴ്‌മേല്‍ മറിക്കുമ്പോള്‍(മൂല്യബോധത്തിന്റെയും മാനവികതയുടെയും) ജീവിതത്തിന്റെ ആഴവും ഭൗതികലോകത്തിന്റെ സങ്കീര്‍ണ്ണതകളും സൃഷ്ടികളിലേക്ക് വരിക സ്വാഭാവികം. മഹാസമസ്യകളെയും മനുഷ്യന്റെ ഭാഗധേയങ്ങളെയുമെല്ലാം സ്പര്‍ശിക്കുന്ന ഇതിവൃത്തങ്ങള്‍ കൈകാര്യംചെയ്യാന്‍ മലയാളി പ്രവാസിക്ക് കഴിയുന്നു. പരദേശ ജീവിതം കേന്ദ്രമാക്കിയുള്ള എഴുത്ത് മലയാളത്തില്‍ ആവിര്‍ഭവിച്ചത് 1960 കള്‍ക്ക് ശേഷമാണ് എന്ന് പറയാം. മനുഷ്യന്റെ ഒറ്റപ്പെടലുകളെയും ചെറുത്തു നില്‍പ്പുകളെയും ഇതിവൃത്തമാക്കി വരുന്ന പ്രവാസ എഴുത്തുകാരുടെ രചനകള്‍ വിപുലമാക്കി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ കാരണങ്ങളാല്‍ പ്രവാസികളാകാന്‍ നിര്‍ബന്ധിതരാക്കപ്പെട്ട എഴുത്തുകാര്‍, തങ്ങളുടെ ദേശനഷ്ടത്തെ സ്വത്വാന്വേഷണത്തിലേക്കും ആത്മാവിഷ്‌ക്കാരത്തിലേക്കുമുള്ള ഉപാധികള്‍ ആയി കാണുന്നതു വിരളമല്ല.
പ്രവാസ എഴുത്ത് മലയാള സാഹിത്യത്തില്‍.
ബാഹ്യാന്തര്യ പ്രവാസികളും ആഭ്യന്തര പ്രവാസികളുമായ ഒട്ടേറെ എഴുത്തുകാര്‍ മലയാള സാഹിത്യത്തില്‍ ഉണ്ട്. വിലാസിനി, ആനന്ദ്, മാധവിക്കുട്ടി, കാക്കനാടന്‍, യു.പി.ജയരാജ്, എം.പി.നാരായണപിള്ള, ഒ.വി.വിജയന്‍, എം.മുകുന്ദന്‍, സേതു, വി.കെ.എന്‍, സക്കറിയ, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയവരെല്ലാം എഴുത്തിന്റെ ലോകത്തേയ്‌ക്കെത്തുന്നത് ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ തന്നെയാണ്. പ്രവാസ ജീവിതാനുഭവങ്ങളുടെ കരുത്ത് ബഷീര്‍ സാഹിത്യത്തിലും കാണാം. മലയാള ഗദ്യസാഹിത്യം പ്രവാസ രചനകളാല്‍ സമ്പന്നമായപ്പോള്‍ കാവ്യശാഖയ്ക്കത് ഏതാണ്ട് അന്യമാവുകയാണുണ്ടായത്. എം.ഗോവിന്ദന്‍, എം.എന്‍.പാലൂര്‍, കടമ്മനിട്ട രാമകൃഷ്ണന്‍ തുടങ്ങിയവരൊക്കെ പ്രവാസ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയവര്‍ തന്നെ.
പ്രവാസ മലയാളി എഴുത്തുകാരില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നവരാണ് ആനന്ദും സി.രാധാകൃഷ്ണനും. രണ്ടുപേരും കേരളത്തിന് പുറത്തുള്ള പരിസരങ്ങളെക്കുറിച്ചെഴുതിയവരാണ്. ആധുനിക മലയാള സാഹിത്യം നമ്മുടെ സംവേദനതലങ്ങളെ പിടിച്ചുലച്ചപ്പോഴോക്കെയും അതിന്റെ കുത്തൊഴുക്കിനടിപ്പെട്ടുപോകാതെ വഴിമാറി നടന്ന എഴുത്തുകാരനാണ് സി.രാധാകൃഷ്ണന്‍. അദ്ദേഹം ജീവിതത്തിന്റെ ഏറെക്കാലവും ഒരു പ്രവാസിയായിരുന്നു. അദ്ദേഹത്തിന്റെ സൃഷ്ടികളുടെ പരിസരം കേരളത്തിനു പുറത്തായിരിക്കുമ്പോഴും പല കഥാപാത്രങ്ങളും മലയാളികള്‍ അല്ലാതിരിക്കുമ്പോഴും സ്വത്വം നഷ്ടപ്പെടാത്തവരാണ്. മലയാളിയുടെ സ്വത്വഗുണത്തോട് ബന്ധപ്പെടുത്തിയാണ് ഇവയുടെ സൃഷ്ടി. തന്റെ സമകാലികരായ എഴുത്തുകാര്‍ ആധുനികതയുടെ സൌന്ദര്യ പ്രതിഭാസത്തില്‍ മുങ്ങിപ്പോയപ്പോള്‍ ലോകാവസ്ഥയെയും മനുഷ്യാവസ്ഥകളെയും സൂക്ഷ്മമായി നിരീക്ഷിച്ച് മൂല്യബോധത്തിന്റെയും മാനവികതയുടെയും ഗാഥകള്‍ രചിക്കുവാനുള്ള ശ്രമമാണ് സി.രാധാകൃഷ്ണന്റെ രചനകളില്‍ കാണുന്നത്.
വായനയുടെ പ്രത്യക്ഷങ്ങളില്‍ നിന്ന്.
വ്യത്യസ്തമായ ആഖ്യാനങ്ങളിലൂടെയും അനുഭവമേഖലകളിലൂടെയും പ്രവാസരചനകള്‍ മലയാള സാഹിത്യത്തില്‍ പുതിയ തരംഗങ്ങള്‍ സൃഷ്ടിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. തൊഴില്‍ പ്രവാസത്തിന്റെ കാണാക്കയങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന കൃതിയാണ് ബെന്യാമിന്റെ 'ആടുജീവിതം'. മനുഷ്യബോധത്തിന്റെ നവീകരണ തലങ്ങളിലൂടെ കടന്നുപോകാത്ത, പ്രാകൃതമനുഷ്യരുടെ കീഴില്‍ എത്തപ്പെട്ട മലയാളിയുടെ ദാരുണമായ ജീവിതസാഹചര്യങ്ങളെ വൈകാരിക തീവ്രതയോടെ അവതരിപ്പിക്കുന്ന 'ആടുജീവിതം' ഏറെ വായിക്കപ്പെട്ട കൃതിയാണ്. മലയാള ഭാവനയും എഴുത്തും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. സേതുവിന്റെ 'മറുപിറവി', ടി.ഡി.രാമകൃഷ്ണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര' തുടങ്ങിയ രചനകളെല്ലാം മലയാള ഭാവനാസ്മൃതികളെ മാറ്റിമറിച്ചിരിക്കുന്നു. കാതലുള്ള പ്രവാസ രചനകള്‍ ആണ് ആനന്ദിന്റെ 'അപഹരിക്കപ്പെട്ട ദൈവങ്ങള്‍' മുകുന്ദന്റെ 'പ്രവാസം' തുടങ്ങിയവ.
സേതുവിന്റെ 'മറുപിറവി'
വ്യത്യസ്ഥമായ ആഖ്യാനരീതിയാല്‍ മലയാളസാഹിത്യത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ് സേതു. സ്വന്തം ദേശത്തിന്റെ സ്വത്വ, സംസ്‌കാരങ്ങള്‍ തേടിക്കൊണ്ടുള്ള ഒരു അന്വേഷണ യാത്രയാണ് 'മറുപിറവി'. അസാധാരണമായ സര്‍ഗ്ഗാത്മകതയോടെയത് അവതരിപ്പിക്കുകയും ചെയ്യുന്നു. ഒരു പ്രദേശം തന്നെ ചരിത്രത്തില്‍ പ്രവാസം അനുഭവിക്കുന്നതിന്റെ തലമാണ് നവകൊളോണിയലിസവുമായി ബന്ധപ്പെട്ടു ഇന്ന് കേരളത്തിനുള്ളത്. ഇത്തരം ഘട്ടത്തില്‍ സമൂഹവും വ്യക്തിയുമൊക്കെത്തന്നെ പിന്‍വഴികളിലേക്ക്, വേരുകളിലേക്ക് തിരിഞ്ഞു നോക്കുക സ്വാഭാവികമാണ്. സ്വത്വം തേടിയുള്ള, ചരിത്രത്തിലേക്കുള്ള ഈ പ്രയാണം സ്വാഭാവികമായും തങ്ങളുടെ സംസ്‌കാരത്തെ, ജീവതത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയാണ്. മറുപിറവിയില്‍ അടിസ്ഥാനധാരയായി പറയുന്നത് വേരുകളെക്കുറിച്ചുള്ള ബോധ്യമാണ്. ചരിത്രത്തിനപ്പുറമായി തന്റെ വേര് എവിടെയാണ് എന്ന ബോധ്യം. നോവല്‍ ഉള്‍ക്കൊള്ളുന്ന പരിസരം എന്ന് പറയുന്നത് മുസിരിസും അതിന്റെ സാംസ്‌ക്കാരിക മഹിമയുമാണ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നക്ഷത്രങ്ങളുടെ അടയാളം നോക്കി അറിയാത്ത ദേശങ്ങള്‍ തേടിവന്ന പ്രാചീനനാവികരെ സേതുവിന്റെ ഭാവന അതിമനോഹരമായി വരച്ചു കാട്ടുന്നു. ഇവിടെ താമസിച്ചിരുന്ന ജൂതന്മാരുടെ ജീവിതവും അവരുടെ തിരിച്ചുപോക്കും നോവലില്‍ വിഷയമാണ്. ഒരുകാലത്ത് ഇന്ത്യയുടെയും ലോകത്തിന്റെയും തന്നെ പ്രധാനപ്പെട്ട ചരക്കു കൈമാറ്റ കേന്ദ്രങ്ങളിലൊന്നായിരുന്നു കേരളം. അതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഭൗതികവും സാംസ്‌കാരികവുമായ വളര്‍ച്ചയുടെ ഘട്ടത്തില്‍ നിന്നും നോവല്‍ അവസാനിക്കുന്നത് വല്ലാര്‍പ്പാടത്തിന്റെ പശ്ചാത്തലത്തിലാണ്.
ഭാവനയിലൂടെയും മിത്തിലൂടെയും മുസിരിസിനെ നോവലില്‍ പുനര്‍നിര്‍മ്മിക്കുന്നു. മുസിരിസ് ഖനനങ്ങളില്‍ നിന്ന് കിട്ടിയിട്ടുള്ള അടയാളങ്ങളില്‍ നിന്നും വളര്‍ത്തിയെടുത്തുണ്ടാകുന്ന ഒരു ചരിത്രം നോവലിന്റെ ശില്‍പ്പത്തിനു ഇടിവ് തട്ടാത്തവിധം ചേര്‍ത്തിട്ടുണ്ട്. മഹാനഗരങ്ങളില്‍ നിന്ന് നാടിന്റെ നന്മ തേടിയെത്തുന്നവരും മണ്ണിനെആരാധിച്ച പഴയ മനുഷ്യരും നോവലിന്റെ സ്വാഭാവികതയോട് ചേര്‍ന്ന്‌നില്‍ക്കുന്നു. മണ്ണ് മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. നമ്മുടെ കാര്‍ഷിക സംസ്‌കാരം നമ്മള്‍ കൈവിട്ടുകളഞ്ഞതാണ്. മറുപിറവിയിലൂടെ സേതു സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത് നമ്മുടെ കാര്‍ഷിക സംസ്‌കാരത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ്. മലയാളിയുടെ മറുപിറവി മണ്ണിനെ സ്‌നേഹിക്കുവാനുള്ളതായിരിക്കട്ടെ എന്ന് സേതു ഈ നോവലിലൂടെ പറയാന്‍ ശ്രമിക്കുന്നു. മറവിയില്‍ ആണ്ടു പോയ മുസിരിസിന്റെ മറുപിറവി സംഭവിക്കുന്ന വര്‍ത്തമാനകാലം.
നോവല്‍ വര്‍ത്തമാനകാലത്തിലേക്ക് കടക്കുമ്പോള്‍ 'നവവികസനത്തിന്റെ' പുറകിലെ രാഷ്ട്രീയ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ മാറ്റിനിര്‍ത്തപ്പെടുന്നു. എഴുത്തുകാരന്‍ ഉള്‍ക്കാഴ്ചകള്‍ നഷ്ടപ്പെട്ട് പ്രതലക്കാഴ്ചകളിലേക്ക് തെന്നിവീഴുന്നു. “അവളുടെ(മുചിരിയുടെ) ഇനിയും മുറിയാത്ത പൊക്കിള്‍ക്കൊടി വല്ലാര്‍പ്പാടത്തേക്ക് നീളുന്നു.” എന്ന് പറയുമ്പോള്‍ അത് നവകൊളോണിയലിസത്തിന്റെ ഇത്തിള്‍ക്കണ്ണി വേരാണെന്ന് ചെറുമരങ്ങള്‍ വിളിച്ച് പറഞ്ഞെന്നിരിക്കും.
ആനന്ദിന്റെ 'അപഹരിക്കപ്പെട്ട ദൈവങ്ങള്‍'
മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. ആനന്ദിന്റെ രചനയെക്കുറിച്ച് പറയുമ്പോള്‍ 'ആള്‍ക്കൂട്ട'ത്തെക്കുറിച്ച് പറയാതിരിക്കുക വയ്യ. മുംബൈയുടെ ആള്‍ക്കൂട്ട മനസ്സ് മലയാളിക്ക് തുറന്നിട്ട് കൊടുത്തത് ആനന്ദിന്റെ ''ആള്‍ക്കൂട്ടം'' ആണ്. ആള്‍ക്കൂട്ടം ഒരു നഗരത്തിന്റെ കഥയല്ല, നഗരങ്ങളുടെ കഥയാണ്. നഗരജീവിതം ആനന്ദില്‍ ഉണര്‍ത്തിയ പ്രതികരണങ്ങള്‍ ആണ് യഥാര്‍ത്ഥത്തില്‍ ''ആള്‍ക്കൂട്ടം'' എന്ന നോവല്‍. സാമൂഹ്യ ജീവിതത്തോടും ചരിത്ര വികാസത്തോടു തന്നെയും നിഷേധാത്മക നിലപാടുകളാണ് ആനന്ദിന്റെ രചനകളില്‍ കണ്ടുവരുന്നത്. സ്വത്വം, സ്വാതന്ത്ര്യം, വ്യക്തിത്വം തുടങ്ങിയ വിഷയങ്ങളെപ്പറ്റി യാന്ത്രികമായ വീക്ഷണങ്ങള്‍ ആണ് ആനന്ദ് വച്ച് പുലര്‍ത്തുന്നത്. ആള്‍ക്കൂട്ടം പങ്കുവയ്ക്കുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രശ്‌നപരിസരങ്ങളെയാണ്. മുംബൈ മഹാനഗരത്തിന്റെ ജീവിതയാഥാര്‍ത്യങ്ങളെ അനുഭവങ്ങളുടെ തീക്ഷ്ണതകളില്‍ നിന്ന് ആവിഷ്‌ക്കരിക്കുകയിരുന്നു ആനന്ദ്. വിവധ ദേശങ്ങളില്‍ നിന്ന് തൊഴില്‍ തേടി മുംബൈയില്‍ എത്തിയവരാണ് നോവലിലെ കഥാപാത്രങ്ങളില്‍ പലരും. വ്യക്തിയും സമൂഹത്തെയും വിരുദ്ധചേരികളിലാണ് ആനന്ദ് കാണുന്നത്. മുതലാളിത്തവല്‍ക്കരണമാണ് വ്യക്തികളെ അന്യവല്‍ക്കരിക്കുന്നത് എന്നത് ആനന്ദ് കണക്കിലെടുക്കുന്നില്ല. ചിന്തകളുടെയും വികാരങ്ങളുടെയും വിഭ്രാത്മകതയിലേക്ക് വായനക്കാരെ എത്തിക്കുന്ന രചനാരീതിയാണ് ആനന്ദിന്റേത്. നീതി സ്വാതന്ത്ര്യബോധങ്ങളുടെ വിചാരണകളിലൂടെ ഭരണകൂട വിമര്‍ശനങ്ങളിലേക്ക് ആനന്ദ് നമ്മെ കുരുക്കിയിടുകയാണുണ്ടായത്. ഘടനയിലും ദര്‍ശനത്തിലും വേറിട്ട ഇടപെടലുകളാണ് ആനന്ദിന്റെ നോവലുകള്‍. യാഥാസ്ഥിതികതക്ക് നേരെയുള്ള വിരല്‍ ചൂണ്ടലുകള്‍.
കുടിയേറ്റത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ സങ്കീര്‍ണ്ണതകള്‍ വിശകലനം ചെയ്യുന്നു 'അപഹരിക്കപ്പെട്ട ദൈവങ്ങള്‍'. ഭൂതവും ഭാവിയും ഇല്ലാത്ത, ചരിത്രത്തിനു വെളിയിലേക്ക് സ്ഥലഭ്രഷ്ടരാക്കപ്പെട്ട ആധുനിക നാഗരികതയെ പ്രവാസത്തിന്റെ അസാധാരണ രൂപങ്ങളിലൊന്നായി ആനന്ദ് അവതരിപ്പിക്കുന്നു ഈ നോവലില്‍. ഗൃഹം എന്നത് വേരുകളോ വ്യക്തതയോ ഇല്ലാതെ ഒരു സങ്കല്‍പ്പം മാത്രമായിത്തീരുന്ന നാടോടിത്തത്തെ അഥവാ ആധുനിക നാഗരികതയെക്കുറിച്ചാണ് ആനന്ദ് ഈ നോവലില്‍ ചര്‍ച്ച ചെയ്യുന്നത്. തീക്ഷ്ണ ജീവിതാനുഭവങ്ങളോട്, ആസക്തികളോട് മൂല്യവത്തായി പ്രതികരിക്കുവാന്‍ നാഗരിക മനുഷ്യനു കഴിയുന്നില്ല. 'ആത്മഹത്യക്കും കൊലയ്ക്കുമിടയിലൂടെ ആര്‍ത്തനാദം പോലെ പായുന്നു' 'നാടോടി' ജീവിതങ്ങള്‍. ജന്മനാട്ടില്‍ നിഷ്‌കാസിതരായിതീര്‍ന്ന ബന്ദികളാണ് നാഗരികരെന്ന ചിന്ത ആനന്ദിന്റെ 'അപഹരിക്കപ്പെട്ട ദൈവങ്ങള്‍' എന്ന നോവല്‍ ശക്തമായി കൈമാറുന്നുണ്ട്.
'മതിലുകള്‍ ഇല്ലാതായിത്തീരുകയാണ്
ആര്‍ക്കും ആരുമായിത്തീരാം.
ആര്‍ ആരാണെന്ന് ചോദിക്കരുത്.
എല്ലാവരും എല്ലാവരുമാണ്'
ദൈവം നമ്മുടെ ഉള്ളിലെ മനുഷ്യത്വമാണ്. മനുഷ്യത്വത്തിന്റെ സ്പര്‍ശങ്ങളൊക്കെയും ദൈവസ്പര്‍ശങ്ങളാണ്. നമ്മുടെ ദൈവങ്ങള്‍ അപഹരിക്കപ്പെട്ടിരിക്കുന്നു. അതേക്കുറിച്ചുള്ള ആനന്ദിന്റെ വ്യാകുലതയാണ് 'അപഹരിക്കപ്പെട്ട ദൈവങ്ങള്‍' എന്ന നോവല്‍. നോവല്‍ നടത്തങ്ങളില്‍ നിറയുന്ന ചിന്ത എഴുത്തുകാരന്റെ തന്നെ ചിന്തകളാണ്, അത് തന്നെയാണ് നോവലിന്റെ ഊര്‍ജ്ജവും.
മുകുന്ദന്റെ 'പ്രവാസം'.
മലയാളികളുടെ മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന പ്രവാസി എഴുത്തുകാരനാണ് എം മുകുന്ദന്‍. മലയാള പ്രവാസത്തിന്റെ ധ്യാനാത്മക ചരിത്ര സഞ്ചാര വിവരണമാണ് മുകുന്ദന്റെ 'പ്രവാസം'. അവതരണത്തില്‍ വ്യത്യസ്ഥത പുലര്‍ത്തുന്നു ഈ കൃതി . നമ്മുടെ സഞ്ചാര സാഹിത്യകാരന്‍ എസ്.കെ.പൊറ്റക്കാടിനെക്കൊണ്ടും, തന്നെക്കൊണ്ടും ആഖ്യാനമൊരുക്കി സംഭവങ്ങളെ ക്രമമില്ലാതെ ചേര്‍ത്ത് വച്ച് വികസിപ്പിച്ച സങ്കേതമാണ് 'പ്രവാസ'ത്തിനുള്ളത്. ദില്ലിയില്‍ കഴിയുന്ന മുകുന്ദന്‍ പ്രവാസിയും പ്രവാസത്തിന്റെ ആഖ്യാതാവുമായി മാറുന്നു കഥയില്‍. മലയാളിയുടെ കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്തെ പ്രവാസജീവിതം ഈ നോവലിന്റെ വിഷയമാകുന്നു. ദേശാന്തരങ്ങളിലേക്ക് വ്യാപിച്ചു കിടക്കുന്നു ഈ കഥ. തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍, പേര്‍ഷ്യന്‍ ഗള്‍ഫ്‌രാജ്യങ്ങള്‍, അമേരിക്ക തുടങ്ങിയ ഇടങ്ങളിലേക്കുള്ള മലയാളിയുടെ കുടിയേറ്റസഞ്ചാരങ്ങളുടെ കഥ.
പ്രവാസത്തിന്റെ സങ്കീര്‍ണ്ണതകളെക്കാളേറെ വൈകാരിക സാമൂഹിക ചരിത്രത്തിനു പ്രാമുഖ്യം നല്‍കിയിരിക്കുന്ന രചനയാണ് 'പ്രവാസം'. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ജീവിക്കുന്ന കഥാപാത്രങ്ങളെയാണ് 'പ്രവാസത്തില്‍' നാം കാണുന്നത്. പ്രവാസിയുടെ വൈകാരികാനുഭവങ്ങള്‍ കഥയില്‍ കടന്നുവരുന്നു. അവരുടെ മാത്രമല്ല അവരുടെ കുടുംബത്തിന്റേയും കൂട്ടുകാരുടെയും ഗ്രാമത്തിന്റേയും കഥകൂടിയാവുന്നു പ്രവാസം. നിര്‍ധനരായി മടങ്ങി വരുന്ന പ്രവാസി എങ്ങനെയാവും സ്വീകരിക്കപ്പെടുക എന്നതും നോവലില്‍ വിഷയമാകുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രവാസിയിലാണ് നോവല്‍ അവസാനിക്കുന്നത്.
ജീവിതം തന്നെ ഒരു പ്രവാസമാണ്.
പ്രവാസം അവസാനിപ്പിച്ച് നാം എങ്ങോട്ടാണ് പോകുക?
എവിടെയാണ് നമ്മുടെ വീട്?
എന്നിങ്ങനെചോദ്യങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട് മുകുന്ദന്‍ കഥയിലൂടെ കടന്നു പോകുന്നു.
പാര്‍ശ്വലോക പ്രവേശനങ്ങള്‍
അതിവേഗത്തില്‍ ബഹുമുഖമായി വളരുകയും പരിണമിക്കുകയും ചെയ്യുന്ന പുതിയ അനുഭവമേഖലകള്‍ ആവിഷ്‌ക്കാരത്തിന്റെ പുതിയ സാധ്യതകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഒരു തരം പാര്‍ശ്വലോക പ്രവേശനങ്ങള്‍. പ്രവാസി എഴുത്തിനെക്കുറിച്ചുള്ള ഏതു ചിന്തയിലും വിട്ടുപോന്ന ഇടവും എത്തിച്ചേര്‍ന്ന നാടും കടന്നു വരും. ആവശ്യങ്ങളും അതിജീവനവും പ്രതീക്ഷകളും ഒക്കെ കൂടിക്കലര്‍ന്ന യാഥാര്‍ത്ഥ്യം. പ്രവാസിയുടെ ജീവിതം വെയിലത്ത് നിവര്‍ത്തിയ കുടപോലെയാണെന്നു എം.എന്‍.വിജയന്‍ മാഷ് ഒരിക്കല്‍ പറഞ്ഞു. നിഴല്‍ തേടുന്നവര്‍ പക്ഷെ പിടി വിടുന്നില്ല. ചൂടാറുവോളം കുട മടക്കുന്നില്ല. വിട്ടുപോന്ന ഇടങ്ങളെ സമസ്ത ഇന്ദ്രിയങ്ങളും കൊണ്ട് അറിഞ്ഞ്, എത്തിച്ചേര്‍ന്ന ഇടങ്ങളില്‍ ഇരുന്നവര്‍ എഴുതുന്നു.
വ്യത്യസ്തമായ അനുഭവ തീവ്രതകളില്‍ ഒരുപാട് മലയാളികള്‍ പ്രവാസ ജീവിതം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. കേരളം ഉള്ളിലിരുന്നു നീറുന്നവരാണ് മലയാളികളില്‍ ഏറെയും. പരദേശത്തേക്ക് പ്രതീക്ഷകളുടെ തേര്‍തെളിച്ച് അപരിചിതമായ മേച്ചില്‍പ്പുറങ്ങളില്‍ മെച്ചപ്പെട്ട ജീവിതം തേടിപ്പോകുന്ന ഒരു ജനതയ്ക്ക് വംശാവബോധം ഒരു നിത്യസമരമായി മാറാതിരിക്കുക വയ്യ. ഉപഭോഗതൃഷ്ണയ്ക്ക് വിലയായി പ്രവാസത്തെ സ്വീകരിക്കുന്നവരുമുണ്ട്. അവര്‍ക്ക് പ്രവാസം ഒരു നൊമ്പരമായിക്കൊള്ളണമെന്നില്ല. തിരിച്ചുപോകുവാനുള്ള തടസ്സം ഉപഭോഗതയുടെ ആധിക്യംതന്നെയാണെന്നും വരാം. പ്രവാസ ജീവിതത്തിന്റെ കഷ്ടതകളെക്കാള്‍ തിരിച്ചുപോകേണ്ടി വന്നാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പ്രവാസജീവിതം തുടരാന്‍ പലരെയും നിര്‍ബന്ധിതരാക്കുന്നു. ജീവിതാവസ്ഥകള്‍ മെച്ചപ്പെടുന്നതുകൊണ്ട് ജീവിതം മെച്ചവും പൂര്‍ണ്ണവുമായിത്തീരണമെന്നില്ല. അധിനിവേശ സംസ്‌കൃതിയെ എതിര്‍ത്തുകൊണ്ട് പൊട്ടിപ്പുറപ്പെട്ട സമരങ്ങള്‍ ക്ഷേമരാഷ്ട്രങ്ങളുടെ രൂപീകരണത്തിനു കാരണമായിത്തീര്‍ന്നു, എങ്കിലും പ്രവാസ ജൈത്രയാത്ര തുടര്‍ന്ന് കൊണ്ടിരിക്കുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ചു ഇന്ന് സാംസ്‌കാരികാധിനിവേശമാണ് നടക്കുന്നത്, ഒരു നാടിന്റെ സാംസ്‌കാരിക ബോധത്തെ കെടുത്തും വിധം അധീശത്വം സ്ഥാപിക്കല്‍. ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും വൈവിധ്യങ്ങളെ തൊട്ടറിയുന്ന പഠനങ്ങള്‍ മലയാള സാഹിത്യത്തില്‍ ഇനിയുമുണ്ടാകേണ്ടിയിരിക്കുന്നു.
സ്വാശ്രയത്തിലൂന്നിയ പ്രതിരോധം.
ബഹുരാഷ്ട്ര കുത്തകകള്‍ ഇന്നാട്ടിലെ ഭൂമി വില്‍ക്കാനും വാങ്ങാനും, നമ്മുടെ വിഭവശേഷിയും അധ്വാനവും നിര്‍ബാധം ചൂഷണം ചെയ്യാനും അനുമതി നല്‍കുന്ന, ചില്ലറ വില്‍പ്പനയടക്കമുള്ള, വിപണിയെ പൂര്‍ണ്ണമായും തുറന്നു കൊടുക്കുന്ന, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണമടക്കം ജനങ്ങളുടെ അടിസ്ഥാനആവശ്യങ്ങളെയും അവകാശങ്ങളെയും നിഷേധിക്കുന്ന 'വികസന' നയങ്ങള്‍ തകൃതിയായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. സബ്‌സിഡികളും ക്ഷേമരാഷ്ട്ര പദ്ധതികളും നിര്‍ത്തലാക്കിയ ജനാധിപത്യരാഷ്ട്രീയ സംവിധാനം കമ്മീഷന്‍ എജന്റുമാരുടെ അഴിമതിയില്‍ മുങ്ങിക്കുളിച്ചുകൊണ്ട് അടിച്ചേല്‍പ്പിക്കുന്ന ഈ 'ആസൂത്രിത വികസന' പദ്ധതികള്‍ക്കെതിരെ സ്വാശ്രിത വികസനത്തിന്റെ സാധ്യതകള്‍ക്ക് വേണ്ടി നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്. പ്രാദേശികമായ ജനകീയ പ്രതിരോധശ്രമങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ ചെറുത്തു നില്‍പ്പുകളും പ്രസക്തമാകുന്നത് ഇത്‌കൊണ്ട് തന്നെ. അതിലൂടെ മാത്രമേ നമ്മുടെ ദേശത്തെ, നമ്മുടെ ജനതയെ, നമ്മുടെ ഭാഷയെ, നമ്മുടെ സംസ്‌കാരത്തെ, നമ്മുടെ സ്വത്വത്തെ തന്നെ നമുക്ക് തിരിച്ചു പിടിക്കുവാനാകൂ.
ഗള്‍ഫ് എന്ന അക്കരപ്പച്ച തേടിവന്നു നിരാശരായ ഒട്ടേറെ മലയാളികള്‍ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതുകാണാം. മടങ്ങിപ്പോകണമെന്ന അനിവാര്യത ഓരോ ഗള്‍ഫ് പ്രവാസി മലയാളിയ്ക്കുമുണ്ട്. കേരളം മനസ്സില്‍ സൂക്ഷിച്ചുവച്ചു കേരളത്തില്‍ ജീവിച്ചതിലും ഇരട്ടിയോ അതിലധികമോ പരദേശത്തു ജീവിക്കുവാന്‍ വിധിക്കപ്പെട്ടവര്‍. നിലനില്‍പ്പിനായുള്ള സമരങ്ങള്‍ക്കിടയിലും തിരിച്ചുപോകലെന്ന യാഥാര്‍ത്ഥ്യം അവരെ ആശങ്കാകുലരാക്കുന്നു. സ്വന്തം പൗരന്മാരെ പോറ്റാനാവാത്ത ഒരു രാജ്യത്തെ ജനതയ്ക്ക് സാമ്പത്തികഭദ്രതയെന്ന അടിസ്ഥാനാവാശ്യത്തിനു മുന്‍പില്‍ സംതൃപ്തമായൊരു ജീവിതംതേടി ജന്മനാടുപേക്ഷിച്ചു പോകാന്‍ നിര്‍ബന്ധിതരാകുന്നു. സ്വന്തം ജനതയുടെ യൗവ്വനവും സ്വപ്നങ്ങളും വിറ്റപണം കൊണ്ട് കൂടുതല്‍ വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍, ആചാരങ്ങളും ഭാഷയും മൂല്യങ്ങളും ചോദ്യം ചെയ്യപ്പെടുന്ന ഇടങ്ങളില്‍ പരിഹാസ്യരായി സ്വത്വത്തെ ഒളിപ്പിച്ചുവയ്ക്കാന്‍ നിര്‍ബന്ധിതരായിക്കൊണ്ടിരിക്കുന്നത് വിസ്മരിക്കപ്പെടുന്നു. സ്വത്വം, രാഷ്ട്രം, സംസ്‌കാരം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പ്രവാസ പഠന തത്വങ്ങള്‍ക്ക് താല്‍ക്കാലിക തൊഴില്‍ പ്രവാസികളായിക്കഴിയുന്നവരെ പരിഗണിക്കാന്‍ പരിമിതികള്‍ ഏറും.
ആഗോള സാമ്പത്തിക പ്രതിസന്ധി ലോകത്തെ മുഴുവന്‍ പ്രവാസികളുടെയും ജീവിത വീക്ഷണങ്ങളെയും തകിടം മറിച്ചിരിക്കയാണ്. ഇനിയെന്ത്? എന്ന നീറുന്ന ചിന്തയാണ് പ്രവാസിയെ ഉലയ്ക്കുന്നത്. ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടു ദേശീയതയും തത്വസംഹിതകളെയും പുനര്‍വിചിന്തനങ്ങള്‍ക്കു വിധേയമാക്കുവാന്‍ പ്രവാസിമലയാളി തയ്യാറാവുന്നു. പ്രവാസത്തിന്റെ കെടുതികള്‍ ഏറ്റുവാങ്ങി അരക്ഷിതമായ ജീവിതാവസ്ഥകളില്‍ നിന്ന് അനിവാര്യമായ ഒരു തിരിച്ചുവരവിനൊരുങ്ങുന്ന ജനതയെ ഓര്‍ത്ത് ജന്മനാട് ആകുലപ്പെടുന്നു. സ്വന്തം ജനതയുടെ ബുദ്ധിയും അദ്ധ്വാനശീലത്തെയും അപരിചിതമായ മേച്ചില്‍പ്പുറങ്ങളിലേക്ക് ചേക്കേറുവാനുള്ള വഴികളൊരുക്കിവച്ച്, പോയവര്‍ മടങ്ങി വരാതിരിക്കുവാനുള്ള ആശങ്കകള്‍ ഊതിപ്പെരുപ്പിച്ച് പ്രവാസത്തെ പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ നാട് എങ്ങനെയാണ് അവരെ സ്വീകരിക്കുക? ചോദ്യങ്ങള്‍ ഏറെയുണ്ട്, ഉത്തരങ്ങള്‍ കുറവും. പ്രവാസത്തില്‍ നിന്നുള്ള മോചനവും അതിജീവനവും അസാധ്യമാക്കുന്ന ഇത്തരം ഘടകങ്ങള്‍ തന്നെയാണ്, കേരളം ഉള്ളിലിരുന്നു നീറുന്ന മലയാളികളെ പ്രവാസം തുടരാന്‍ നിര്‍ബന്ധിതരാക്കുന്നതിന്റെ കാരണങ്ങള്‍.
പ്രവാസികളുടെ തിരിച്ചു വരവും അതിജീവനവും ദേശീയ കാഴ്ചപ്പാടില്‍ നോക്കിക്കാണേണ്ട സമസ്യയാണ്. പ്രവാസികളുടെ തിരിച്ചു വരവിനെ കേവലം സാമൂഹിക പ്രശ്‌നമായിട്ടല്ല കാണേണ്ടത്, അതൊരു രാഷ്ട്രീയ പ്രശ്‌നം തന്നെയാണ്. തിരിച്ചു വരുന്നവരെ പുനരധിവസിപ്പിക്കുവാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. പ്രവാസത്തെക്കുറിച്ചു സൂക്ഷ്മവും സമഗ്രവുമായ അന്വേഷണ വിശകലനങ്ങളിലൂടെ സിദ്ധാന്തവല്‍ക്കരിക്കേണ്ട നിരവധി നിരീക്ഷണങ്ങളും ആശങ്കകളും പ്രകാശിപ്പിക്കുന്നു. ഇനിയും വികസിപ്പിക്കപ്പെടുകയും വിപുലീകരിക്കപ്പെടുകയും ചെയ്യേണ്ട ഒട്ടേറെ പ്രവാസകാര്യങ്ങള്‍ ബാക്കിയാകുന്നുണ്ട്. കൂടുതല്‍തെളിഞ്ഞതും ഉയര്‍ന്നതുമായ പഠനങ്ങളിലേക്ക് പ്രവാസം എത്തട്ടെ. ജീവിതത്തെ ജീവിതയോഗ്യമാക്കിത്തീര്‍ക്കുവാനുള്ള പഠനങ്ങളിലേക്ക്.
അടിക്കുറിപ്പ്.
“എവിടെയെവിടങ്ങളില്‍ ചട്ടിപുറത്തെടു
ത്തെറിയപ്പെടുന്നുണ്ടിപ്പാരിടത്തില്‍
അവിടെയവിടങ്ങളില്‍ചേര്‍ത്തു വരയ്ക്കുകൊ
ന്നിവരുടെ രാഷ്ട്രത്തിന്നതിര്‍വരകള്‍”
(ഇടശ്ശേരി)