മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, May 30, 2011

മനോജ് മേനോന്‍ സാഹിത്യവേദിയില്‍

പ്രിയപ്പെട്ട അക്ഷര സ്‌നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ജൂണ്‍ മാസം ആദ്യഞായറാഴ്ച (05-06-2011) യുവ കവി മനോജ് മേനോന്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും പങ്കെടുക്കുന്നു. ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ജൂണ്‍ 05, 2011. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.

സസ്‌നേഹം
ഡോ. വേണുഗോപാല്‍
കണ്‍വീനര്‍, സാഹിത്യവേദി-മുംബൈ

നോട്ട്: ചര്‍ച്ചയക്ക് ആവശ്യം വേണ്ട സമയം അനുവദിക്കണമെന്നുള്ളതുകൊണ്ട് പരിപാടി കൃത്യം ആറുമണിക്കുതന്നെ തുടങ്ങുന്നതാണ്. ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യ സമയത്തുതന്നെ ഹാളില്‍ എത്തിച്ചേരാന്‍ ശ്രമിക്കുക.

മനോജ് മേനോന്‍
സ്വന്തം കൈയ്യൊപ്പുള്ള ബിംബങ്ങളും നവീനമായ കാവ്യഭാഷയും കൊണ്ട് സംമ്പന്നമാണ് മനോജിന്റെ കവിതകള്‍. ലളിതമായ വാഗ്മയങ്ങള്‍കൊണ്ട് ഗഹനമായ പ്രമേയങ്ങളെ കാവ്യസാന്ദ്രമായി അവതരിപ്പിക്കുന്നതിലാണ് മനോജിന്റെ വിജയം. സ്വന്തം ബ്ലോഗിലും, മലയാളത്തിലെ ഏറ്റവും മികച്ച കാവ്യ ജാലികയായ 'ഹരിതകത്തിലും' മനോജിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ മുംബൈയ് സാംസ്‌കാരിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ മനോജ് നഗരത്തിലെ കാവ്യ സദസ്സുകളിലെ സജീവ സാന്നിദ്ധ്യമാണ്. സ്വദേശം പൊന്നാനി, മലപ്പുറം ജില്ല. ഇപ്പോള്‍ മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി.
ഇമെയില്‍: menoncmanoj@gmail.com
ബ്ലോഗ്: http://thonnyaksharagal.blogspot.com/


മനോജിന്റെ വേദിയില്‍ അവതരിപ്പിക്കുന്ന കവിതകള്‍


മരിച്ചവര്‍ കൊണ്ടുപോകുന്നത്

ചെറുമന്‍ താമിക്കൊപ്പം
പടിഞ്ഞാറേ പുഴ!

മൊയ്തീന്‍ക്കയുടെ കൂടെ
കട കട കാളവണ്ടി

വറീത് മാപ്ലക്കൊപ്പം
മേരി മാതാ സിനിമ ടാക്കീസ്

ഗാന്ധിയന്‍ അപ്പുമാഷക്കൊപ്പം
ശാരദാംബിക മലയാളം മീഡിയം

സഖാവ് കരുണേട്ടനൊപ്പം
മണപ്പാട്ടെ പാടശേഖരം

ചിരുതേയിയമ്മകൊപ്പം
മാമ്പഴക്കാലം

ഇനി പറയു,
മരിച്ചവര്‍ ഒന്നും കൂടെ
കൊണ്ട് പോകുന്നില്ലെന്ന്
ആരാണു പറഞ്ഞത്?

......................................................................

ട്രാക്കില്‍ കണ്ടത്

മുഖം നിറയെ
ചുവന്ന ചുട്ടി കുത്തിയിരിക്കുന്നു
സുന്ദരന്‍ !

ഇടത്തുകാല്‍ പറിച്ചെടുത്തു
എവിടെയാ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് ?
കള്ളന്‍ !

കീശയായ കീശയൊക്കെ തപ്പിയിട്ടും
കിട്ടിയ നമ്പറില്‍ മുഴുവന്‍ വിളിച്ചിട്ടും
പിടിതരുന്നില്ല
സമര്‍ത്ഥന്‍ !

വലിയതൊക്കെ പറഞ്ഞു ഇറങ്ങിയതാവും
അതിലും വലിയതെന്തോ ചിന്തിച്ചു നടന്നുകാണും
മണ്ടന്‍ !

തിരഞ്ഞ് തിരഞ്ഞവര്‍
മോര്‍ച്ചറിയിലെത്താന്‍
രാത്രിയെങ്കിലും കഴിയില്ലേ ?

'അച്ഛാ' യെന്ന് മക്കളും
'ചേട്ടാ' യെന്ന് ഭാര്യയും
അലറി കരയുമ്പോള്‍
'പറ്റിച്ചേ ' യെന്ന് പൊട്ടിച്ചിരിക്കണേ
നിഷ്കളങ്കാ ...........

...........................................................
തുമ്പക്കുടം

അത്തപൂവിളിക്ക്
കാതോര്‍ത്തു
കണ്‍ നീട്ടി
ഒരു പാവം തുമ്പക്കുടം.

ഉള്ളിലുണ്ട്
കേട്ടറിഞ്ഞ ഓണശീലുകള്‍
ആരവങ്ങള്‍,
ആഹ്ലാദങ്ങള്‍...
ഇടവഴികള്‍ താണ്ടിയെത്തുന്ന
നന്മയുടെ ഓലകുട.

ഓരോ കാലൊച്ചയും
അടുത്തണയുമ്പോള്‍
ആശ്വസിക്കും.
കണ്ണടച്ച്,
പ്രാര്‍ത്ഥിച്ച്
കാത്തിരിക്കും
ഒരു ഉണ്ണികൈ സ്പര്‍ശം
പൂവട്ടിയില്‍
ഒരു രാത്രി
പൂക്കളത്തില്‍
ഒരു പകല്‍
അത്രയും മതി
തെക്കേ പറമ്പിലെ
തുമ്പ നാമ്പേ
നീ കിളിര്‍ത്തതു
ആണ്ടു തികയാത്ത മുത്തശ്ശിയുടെ
നെഞ്ചത്ത് തന്നെയായതു
നന്നായി
അലെങ്കില്‍ എന്നേ.......

...........................................

അഭയാര്‍ഥികള്‍

പച്ചിലകള്‍ മുഴുവന്‍
പുളിയന്‍ ഉറുമ്പുകള്‍
തീറെഴുതി എടുത്തിരിക്കുന്നു..

ശിഖിരങ്ങള്‍ തോറും
കയറി പറ്റിയിരിക്കുന്നു
ഇത്തിള്‍ കണ്ണികള്‍

വയറോഴിഞ്ഞാല്‍
ബഹളം വെച്ച് ,
വലിഞ്ഞു കയറി വരും
അണ്ണാറക്കൊട്ടന്മാര്‍

കൂടും കുടുംബവുമായി
കുടിയേറി പാര്‍ത്തിരിക്കുന്നു
അടക്കാക്കിളി കൂട്ടം

വിശ്രമത്തിന് എന്നെ പേരില്‍
അതിക്രമിച്ചു കടക്കുന്നു
പുള്ളും ചെമ്പോത്തും പനങ്കൂളനും

സ്വന്തം പറമ്പിലെ
ആഞ്ഞിലി വെട്ടി
പുരക്കൊരു വാതില് വെക്കാന്‍
ആരെയൊക്കെ കുടിയോഴിപ്പിക്കണം ?
......................................
തേവിടിശ്ശി പൂവ്

തേവിടിശ്ശി പൂവേ ,
ഉള്ളതെല്ലാം പുറത്തു കാണിച്ച്
വേലിക്കല്‍ , നിന്റെയാ നില്‍പ്പ് !

ഒന്ന് തൊട്ടാല്‍ മതി
കിടപ്പറയോളം കൂടെ പോരും
നിന്റെ മണം!

നിന്റെ നിറം . ഹോ !
പശുനെ ചവിട്ടിക്കാന്‍ പോകുമ്പോള്‍
വനജേച്ചിയില്‍ കാണാറില്ലേ ?
അത് ഒന്നുമല്ലന്നേ ....

എത്ര നോക്കി നിന്നിട്ടുണ്ട് ,
മെലിഞ്ഞ അരക്കെട്ടില്‍
ചുറ്റി വരിഞ്ഞ്‌, നട്ടുച്ചക്കുള്ള
മഞ്ഞ ചേരയുടെ കളി ! !

ഇന്നിപ്പോള്‍ എന്തേ ?
കാടും തൊടിയും ഇല്ലാത്തത് കൊണ്ടാണോ
വീട്ടു മുറ്റത്തെ പൂച്ചട്ടിയില്‍ ?

ചിലയിടത്
മഞ്ഞച്ച് ,
ചിലയിടത്ത് വെളുത്ത്‌
ചിലയിടത് ചോന്ന്
ചിലയിടത്ത് നീലച്ച്...
ഉം .........


എന്നാലും
എന്റെ തേവിടിശ്ശി പൂവേ,
മായുന്നില്ല !
നിന്റെയാ നില്‍പ്പ്,
നിന്റെയാ മണം , നിന്റെയാ നിറം ...
പിന്നെ..............

-- തേവിടിശ്ശി പൂവ് : അരി പൂവ്, കൊങ്ങിണി പൂവ്, കമ്മല്‍ പൂവ്

.............................................................................................


വാല്

എന്റെ പ്രേമത്തിന്
കണ്ണോ, മൂക്കോ , 'വാ'യോ , ചെവിയോ, തലയോ
ഒന്നും തന്നെ ഇല്ല!
ആകെ ഉള്ളത് ഒരു വാലാണ്
അത് കൊണ്ടാകണം
ഒരു കൊമ്പില്‍ നിന്ന് മറ്റൊന്നിലേക്കും
അതില്‍ നിന്ന് വേറൊന്നിലെക്കും
ചാടികൊണ്ടേ ഇരിക്കുന്നത് !!!
...................................................................


മുള്ളു പാതകള്‍

ഇരുപത്തിയെട്ടിനു കെട്ടിയ
കറുത്ത ചരട്.
തോന്നികുറുമ്പില്‍ നിന്നും
പൂജിച്ചു വാങ്ങിയ വെള്ളി തകിട്
മണ്ണാന്‍ കേശവന്‍ ജപിച്ചൂതിയ
മഞ്ഞ ഉറുക്ക്.
എന്നിട്ടും ,പത്തില്‍ വെച്ചെന്നെ
'
വയലാറിന്റെ 'പ്രേതം പിടികൂടി ..

ദിക്കറിയാതെ മനസ്സ് നടത്തിയ
ബൊഹീമിയന്‍ യാത്രകള്‍
വായനാ മുറിയിലെ
വിളര്‍ത്ത വെളിച്ചത്തിലൂടെ ഊര്‍ന്നു വീണ
ചിലിയന്‍ രുധിരാക്ഷരങ്ങള്‍
കാതിനെ തുളച്ച ബൊളീവിയന്‍ ഗര്‍ജനം
എന്നിട്ടും, കോളേജില്‍ വെച്ചെന്നെ
"
നന്ദിത" പ്രണയ തടവിലാക്കി


"
മരിയ" ഉറക്കം നടിച്ചുറങ്ങും
ജുഹുവിലെ "പീത സായന്തന"ത്തിലോ ?
പരിചിതമായ ഗോവന്‍ തെരുവിലെ
കശുമാ ചോട്ടിലോ ....
ഞാന്‍ ബാലചന്ദ്രന്‍ ചുള്ളികാടിന്റെ
"
ജലരഹിതമായി" കുടിച്ചിറക്കി ....

ഒരു കണ്ണില്‍ ചോരയും
മറു കണ്ണില്‍ അഗ്നിയുമായി
സച്ചിദാനന്ദന്‍

നുറുങ്ങാക്ഷരങ്ങളില്‍
ഉദ്ബോധനത്തിന്റെ
ജൈവ കോശങ്ങള്‍ നിറച്ച്
കെ ജി ശങ്കര പിള്ള

അബോധത്തിന്റെ
അടിത്തട്ടിലെവിടെയോ
കവിതയുടെ വേശ്യ ഗൃഹമുണ്ടെന്നു
മന്ത്രിച്ച്‌ അയ്യപ്പന്‍

ആധുനികതയുടെ കഞ്ചാവ് ത്തോട്ടത്തില്‍ നിന്നും
ഉത്തരാധുനികതയുടെ പെത്തഡിന്
ലഹരിയിലേക്ക്
ഇനി എത്ര ദൂരം?
എത് ഞരമ്പ് വഴി?

.......................................................


മനോജ് മേനോനയും സന്തോഷ് പല്ലശ്ശനയും ചിലവിട്ട ഒരു സായാഹ്നത്തിലെ സംഭാഷണങ്ങള്‍ ഇവിടെ...>>>


8 comments:

 • Anonymous says:
  May 30, 2011 at 10:46 PM

  vaalu, thumpakkutam, thevitissippuvu enniva tharaKeTillATHa varikal.
  matullathokke enthaanaavo!

 • Anonymous says:
  May 31, 2011 at 11:18 AM

  @ anony...

  kurachu varikalokke ishtappettu... mattethokke enthaanaavo..

  ethu mattethu...?

  ningal kavitha vaayichathine abhipraayam aano ittathu...

  asahishnuthakku swayam chikilsa nadathu tto...

 • jyothi says:
  May 31, 2011 at 4:23 PM

  മനോജ്, ആശംസകൾ!

 • ആശിഷ് മുംബായ് says:
  May 31, 2011 at 11:35 PM

  all the best dear...

 • This comment has been removed by the author.
  ആശിഷ് മുംബായ് says:
  May 31, 2011 at 11:36 PM

  This comment has been removed by the author.

 • kanakkoor says:
  June 3, 2011 at 7:41 PM

  പ്രീയപ്പെട്ട മനോജ്‌ ,
  കവിതകള്‍ എല്ലാം കൊള്ളാം . അഭിനന്ദനങള്‍.
  ട്രാക്കില്‍ കണ്ടത് തുടങ്ങി ചില കവിതകള്‍ മുന്‍പ് ബ്ലോഗില്‍ കണ്ടതുമാണ് . ട്രാക്കില്‍ കണ്ടത് എന്നാ കവിത കൂടുതല്‍ ശക്തം എന്ന് തോന്നി.
  മനോജിന്റെ കവിതകള്‍ പൊതുവേ ചില പരമസത്യങ്ങള്‍ പറയുവാന്‍ നിയോഗം ഏറ്റ് നിലകൊള്ളുന്നതുപോലെ തോന്നുന്നു.
  തുമ്പക്കുടങ്ങള്‍ നിലവിളിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്‌. ഓരോ ഓണക്കാലത്തും നിരാശ കൊണ്ട് ദുഖിച്ചു തല താഴ്ത്തി അവ നില്‍ക്കും.

  മുള്ളു പാതകള്‍ എന്ന കവിത കൂട്ടത്തില്‍ ചേരുന്നില്ല . അതല്ലല്ലോ താങ്കളുടെ ശൈലി .

  അഭയാര്‍ഥികള്‍ എന്ന കവിതയിലെ ആഞ്ഞിലിയില്‍ കൂടുകെട്ടിയത് ഏത് കിളികള്‍ ആയിരുന്നു ? അടക്കാക്കിളി വീട്ടുമുറ്റത്തെ കുറ്റിചെടിയില്‍ അല്ലെ കൂടു വെക്കുക ?
  ( എന്തെങ്കിലും പറയണ്ടെ എന്ന് കരുതി വെറുതെ പറഞ്ഞതാണ്‌ )
  പിന്നെ പരിപാടിയില്‍ പങ്കെടുക്കുവാന്‍ കഴിയാതെ വന്നതില്‍ ഖേദം ഉണ്ട്.

 • SWAPNA NAIR says:
  June 6, 2011 at 2:38 PM

  ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഗ്രാമീണ വിശുദ്ധിയുടെയും നിഷ്കളങ്കതയുടെയുംനുറുങ്ങു ചിത്രങ്ങള്‍ കോറിയിടുന്നുണ്ട്'മരിച്ചവര്‍ കൊണ്ട്പോകുന്നത്'എന്ന കവിത.നാട്ടുവഴികളിലും വീട്ടുമുറ്റത്തും നാം കണ്ടു മറന്നവയൊക്കെ വിലപ്പെട്ടതായിരുന്നുവെന്നു ഓര്‍മ്മപ്പെടുത്തുന്ന കവിത.സാധാരണത്ത്വത്തില്‍ നിന്നും അസാധാരണതത്വത്തിലേക്കു സഞ്ചരിക്കുന്ന ചിന്ത അടച്ചു വച്ച ചില നോവുകളെ തുറന്നു വിടുന്നുണ്ട്.
  'അഭയാര്‍ഥി'കളും ഇത്തരത്തില്‍ ഒരു നോവ്‌ തന്നെയാണ് പകര്‍ന്നു തരുന്നത്.അനുദിനം ചുരുങ്ങി അണുകുടുംബാവസ്ഥ പ്രാപിക്കുന്ന കാലികജീവിതത്തെ ഒട്ടൊന്നു വെളിവാക്കാന്‍ കവി ശ്രമിച്ചിട്ടുണ്ട്.ഒപ്പം
  'ഭൂമിയുടെ അവകാശി'കളോട് പാലിക്കേണ്ട കേവലമര്യാദകളുംഓര്‍മ്മിപ്പിക്കുന്നു.
  'മുള്ളുപാതകള്‍' ആശയപരമായും ആഖ്യാനപരമായും മറ്റു കവിതകളില്‍ നിന്നും
  വേറിട്ട്‌ നില്‍ക്കുന്നു.സര്‍ഗ്ഗാത്മകതയുടെ നാള്‍വഴികളില്‍ ചിന്തയെഉദ്ബോധനത്തിന്റെ പാതകളിലേക്കു തിരിച്ചുവിട്ട വായനാനുഭവങ്ങളെ അനവൃതമാക്കുകയാണ് ഈ കവിതയില്‍.അത്രയൊന്നും പാരമ്പര്യാധിഷ്‌ത്തിടമല്ലാത്ത
  സ്വൊസിദ്ധിയുടെ വളര്‍ച്ചാഘട്ടങ്ങള്‍ കവിയുടെ പരിണാമകാലത്തെക്കൂടി
  അനാവരണം ചെയ്യുന്നു.കവിയുടെ പ്രസിദ്ധപ്പെടുത്തിയ ഒട്ടുമിക്ക കവിതകളും വായിച്ച ഒരു വ്യക്തി എന്ന നിലയില്‍ , പ്രണയ കവിതകളോടുള്ള കവിയുടെ ഇഷ്ട്ടം രചനകളില്‍ ഒരു പ്രേതബാധയായി കൂടിയോ എന്ന് സംശയിച്ചു പോകുന്നു.വ്യതസ്തമായ രചനാശൈലി കവി അവകാശപ്പെടുന്നുണ്ട് എങ്കിലും രണ്ടോ മൂന്നോ കവിതകള്‍ ഒഴിച്ച്ചുള്ളവക്ക് ഈ വാദംഅവകാശപ്പെടാന്‍ കഴിയുന്നില്ല.മുന്വിധിയോടെയുള്ള
  ഘടനാക്രമവും ദുര്‍ബലമായ ഇതിവൃത്തവും മനോജിന്റെ കവിതകളുടെ പോരായ്മയാണ്.ഒരേ അച്ചില്‍ വാര്‍ത്തെടുക്കപ്പെട്ട കവിതകളാണ്
  ഭൂരിപക്ഷവും.പ്രണയവും കാമവും മനുഷ്യ മനസ്സിന്റെ പകര്‍ത്തെഴുത്തലുകളാണെന്നു ന്യായീകരി്കാമെങ്കിലും രചനകളില്‍ ഇവയുടെ ബാഹുല്യം ആവര്‍ത്തന വിരസതയുളവാക്കുന്നു."വാല്" എന്ന ബിംബം കൊണ്ട് അവസാനമില്ലാത്ത പ്രണയത്തിന്റെപ്രത്യയശാസ്ത്രങ്ങളെ ദ്യോദിപ്പിക്കുകയാണ് കവി.ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു അവസ്ഥാന്തരം പ്രാപിക്കുന്ന പ്രണയാവസ്ഥയെ
  ബിംബവല്ക്കരണത്തിലൂടെ മനോഹരമായി സംവേദിപ്പിച്ചിരിക്കുന്നു 'വാലെന്ന'
  കവിതയില്‍.
  തേവിടിശ്ശി പൂവ്, ട്രാക്കില്‍ കണ്ടത് എന്നീ കവിതകള്‍ അനുവാചകന്
  പ്രത്യേകിച്ചൊന്നും നല്‍കാത്ത കവിതകളാണ്.പുതു ബിംബങ്ങളെ തേടിയുള്ള
  യാത്രയില്‍ കവിക്ക്‌ പലപ്പോഴും ഇതിവൃത്തബോധം നഷ്ട്ടപ്പെടുന്നു.വാക്കുകള്‍
  മാറ്റിമറിച്ചുള്ള കേവലമൊരു മാജിക്കായി മാത്രം ഇവ അവശേഷിക്കുന്നു.
  'തുമ്പക്കുടം' സ്ഥിരം ഓണസ്മരണകളെ പൊളിച്ചെഴുതുന്നുണ്ട് .കവിയുടെ
  സര്‍ഗ്ഗാത്മക സ്വാതന്ത്രത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണീ കവിത.അവസാന നാല്
  വരികളില്‍ ആശയവിസ്ഫോടനത്തിന്റെ അട്ടിമറി നടത്തുന്ന പുതുകവിതാ
  പ്രസ്ഥാനത്തിന്റെ സ്ഥിരം ശൈലി പ്രതിബിംബിക്കുന്നു ഈ കവിതയില്‍.
  ഇത്തരത്തില്‍ ഈ ഏഴു കവിതകളെ വിശകലനം ചെയ്യുമ്പോള്‍ ,ലളിതസുന്ദരങ്ങളായ
  പദങ്ങള്‍ കൊണ്ട് കവിഭാവന ചിറകു വിടര്‍ത്തുന്നുണ്ട് എങ്കില്‍ തന്നെയും
  മൌലികമായ യാതൊന്നും പ്രദാനം ചെയ്യാത്ത കവിതകളാണിവ എന്ന്
  ബോധ്യപ്പെടുന്നു.സാമൂഹിക സമകാലീന ജീവിതാവസ്ഥകളോട് പുറം തിരിഞ്ഞു
  നില്‍ക്കുന്ന കവി ,കവിതയെന്ന സാഹിത്യ രൂപത്തിന്റെ പ്രസക്തിയെ തന്നെ
  ചോദ്യം ചെയ്യുകയാണ്.സ്വാനുഭവങ്ങളുടെ മായാവലയത്തില്‍ നിന്നും മോചിതനാകാതെ
  കവി വിഷമിക്കുന്നു.ചിന്താശക്തി സാമൂഹിക,കാലിക പ്രശനങ്ങളോട്
  സംവദിക്കുമ്പോള്‍ മാത്രമേ ഏതൊരു സാഹിത്യ സൃഷ്ട്ടിയും
  പ്രസക്തമാകുന്നുള്ളൂ.ഈ അര്‍ത്ഥത്തില്‍ മനോജ്‌ മേനോന്‍ എന്ന കവി
  വൈകാരികമായ ഭാവതലം വെടിഞ്ഞു ഉള്‍ക്കാഴ്ച്ചയോടെ ചുറ്റുമുള്ള പരുക്കന്‍
  ജീവിതയാഥാര്‍ത്യങ്ങള്‍ കവിതകളില്‍ കൊണ്ട് വരാന്‍ ‍ശ്രമിക്കേണ്ടതാണ്.അല്ലാത്ത പക്ഷം,വൈയക്തികമായ ചില ചുരുങ്ങലുകളായി മാത്രം
  നമുക്ക് ഇദ്ദേഹത്തിന്റെ കവിതകളെ അടയാളപ്പെടുത്തെണ്ടി വരും.

 • നഷ്ട വസന്തങ്ങള്‍ക്കു നേരെ ഉള്ള പ്രയാണങ്ങളില്‍
  പ്രണയ നഷ്ടങ്ങളും ഗൃഹാതുരകളും കെട്ടി വരിഞ്ഞു
  ക്യാ പ്പ്സുളിളിലായി ഒതുക്കുമ്പോള്‍
  ചില കയിപ്പുകള്‍ ചോര്ന്നു പോകുന്നു
  നാക്കിനും അണ്ണാക്കിനിടയില്‍ വച്ച്
  അല്പ്പമുകുടി ശ്രേദ്ധിച്ചാല്‍ കുറച്ചു കുടി
  മനോഹാരിത നഷ്ടപെടാതെ കാക്കാം
  പഴയതില്‍ നിന്നും വളരെ മാറ്റങ്ങള്‍ വന്നിടുണ്ട് മനോജിന്റെ കവിതകള്‍ക്ക്
  കാലം മാറുമ്പോള്‍ വയസ്സേറുമ്പോള്‍ ചിന്തകള്‍ക്കും മാറ്റം മുണ്ടാകട്ടെ മലയാളത്തിനു
  ഒരു നല്ല കവി മുംബയില്‍ നിന്നും ഉയര്‍ത്തെഴുനെല്‍ക്കട്ടെ എന്ന് ആശംസിക്കുന്നു
  എല്ലാവിധ നന്മകളും നേരുന്നു മുംബയില്‍ ഇല്ലയിരുന്നതിനാലും സമയ കുറവുകൊണ്ട്‌ ഇപ്പോള്‍ നാട്ടിലിരുന്നാണ് ഓടി പിടിച്ചു അഭിപ്രായം എഴുതുന്നത്‌ all the best

Followers