മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, May 31, 2016

|0 comments

സാഹിത്യവേദി (ജൂൺ 05, 2016 )


കവിതകൾ : നികിത ഷൈൻ

1. പകലുകൾ

കവിതകൾ നിറച്ചുവച്ച
ഒരു പുസ്തകത്തിന്റെ
പിളർപ്പിലേക്ക്‌
ചുരുളുന്നു
വഴുവഴുപ്പുള്ള
ഒരു പകലിലെ
പൂച്ചകളെപ്പോലെ
ഇടക്കുള്ള ഇളംമയക്കങ്ങളിലെ
കിനാവ്....
ഉണർന്നിട്ടുള്ള
ഒരുകോപ്പച്ചായയിൽ
തെളിഞ്ഞുവരുന്ന
നിൻറെ
ചുണ്ടുകൾ.....
വല്ലാതെ രസം തോന്നുന്നുണ്ടെനിക്ക്
സന്ധ്യയിൽ,
എണ്ണമറ്റ
ആകാശചിത്രങ്ങളിൽ
ചിലതിനെ പകർത്തിയെടുത്ത്
മോഹിപ്പിച്ച
ഒന്നിനെ
'കനവിൻറെ
ഇതളെന്നു '
കുറിച്ച്
സന്ദേശമയക്കവേ
ഒരു രാത്രി
പതുങ്ങി പതുങ്ങി
പൂച്ചയെപ്പോലെ.....
കടന്നുവരുന്നു
അതാ ...തിളങ്ങുന്ന
നിന്റെതെന്നു തോന്നിപ്പിക്കുന്ന
രണ്ട്‌
പച്ചക്കണ്ണുകൾ .


2. പ്രാണവര - 1

ഒറ്റക്കൊരുടൽ
ചാവുകെന്ന
തോന്നലിന്റെ
ആദ്യത്തെ
ബിന്ദുവിൽ
സൂചികോർക്കുന്നു....
വിഭ്രാന്തിയുടെ മിനാരങ്ങൾ
മിനുസപ്പെടുന്നു....
എങ്ങുനിന്നോ
ഒരേകാന്തതാളം
വിരലിനോടു ചേരുന്നു
ഓരോനോവും
കോർക്കപ്പെടുന്നു
നൂലിടങ്ങളിൽ
പൊടിയുന്ന ചോര!!!!
ഒടുവിലത്തെ
സൂചിയിറക്കത്തിൽ
ഉടൽ
തുന്നൽച്ചിത്രത്തിൽ
വെറുതേയൊന്നു
വിരലോടിക്കുന്നു
അതാ...
പൂമ്പാറ്റകൾ
കൊർക്കപ്പെട്ട
ഓരോ
നോവിൽനിന്നും
ഓരോരോ
പൂമ്പാറ്റകൾ…
നിറയെ പൂമ്പാറ്റകൾ …..
പലനിറങ്ങളിൽ
പൂമ്പാറ്റകൾ …..
ഉടൽ
ഒരു ചിരിയെ
പൂപോലെ
ഇതളിതളായ്
വിടർത്തുന്നു.




3. പ്രാണവര - 2

വയലറ്റ് ആകാശം
അതിൽ പിങ്ക് നിറമുള്ള
നക്ഷത്രങ്ങൾ
ഓർമക്കും മറവിക്കുമിടയിലെ
ഈയാംപാറ്റകൾ
കുതിർന്ന മണ്ണിൽനിന്നും
ഒന്നായിപൊങ്ങുന്ന
രാവ് ....
പച്ചവെളിച്ചത്തിൽ
മിന്നാമിനുങ്ങുകൾ കൂട്ടമാവുന്നതിനു കീഴെ
അതാ ...രണ്ടുപേർ
കടുംനീലയായ് ഞാനും
കടുംച്ചുവപ്പായ്‌ നീയും
വെള്ളിജലത്തിലെ
ഓർക്കിഡ് പൂക്കളിൽ
ജലപ്പാമ്പുകൾ
വെറുതേ മുഖമാഴ്ത്തുമ്പോൾ
കൊരുത്തുവച്ച വിരലുകളിൽ
നമ്മൾ
മഞ്ഞുകൊണ്ടൊരു
ശിൽപം കൊത്തുന്നു .




4. പുറപ്പെട്ടുപോകുന്നവരോട്


രാപ്പാട്ടുകളുടെ കാവൽക്കാരാ...
ഒരു നോവേറ്റു പാട്ടിൻ
ഈണമായ് വരിക
ഒരീണത്തിന്റെ
അപ്പുറത്തും ഇപ്പുറത്തുമായിട്ടിരിക്കാം
ഇടയ്ക്കു വിരൽ തൊട്ടും
കണ്ണിൽ ചിരിച്ചും
പാട്ടലൊരു
പാതിര
തീർത്തു തരിക
മധുരവും ലഹരിയും
ഇണചേർന്നിട്ട്
പ്രണയം പൂത്ത വീഞ്ഞിനാൽ
ഒടുവിലത്തെ
ഈ രാവുതീണ്ടുക-
കണ്ണുകളെ ഇറുക്കിയടക്കുക-
കൺപോളകൾക്കുള്ളിൽ നിന്ന്
നെഞ്ചകങ്ങലിലേക്കുള്ള
ഇരുട്ടിലേക്ക്
ഞാൻ വീണുകൊള്ളട്ടെ -
ഇപ്പോളെനിക്ക്
വിരിയിച്ചെടുക്കാം
കണ്പീലികളിൽ നിന്നും
കറുത്ത പൂവുകൾ
നിനക്കോർമയില്ലേ
നീ, എനിക്കയച്ച
ആ കവിത
ഒറ്റപ്പെടലിന്റെ
ചില
വിഷാദഭാവങ്ങളിൽ മാത്രം
കാണാൻ കഴിയുന്ന
കറുത്ത പൂവുകളെ പറ്റി
ഇപ്പോഴതിന്
വാടിയ കമേലിയപ്പൂക്കളുടെ മണമാണ്
ഒരുതരം
ഉപേക്ഷിക്കപ്പെടലുകളുടെ
വിചിത്രമായ ചിത്രത്തുന്നലുകളുള്ള
ഒരു ചിറകു തന്നിട്ട് പോവുക
അത്രയും നേർത്ത്
നേർത്ത് നേർത്ത്
നിന്റെ തണുത്ത ആകാശങ്ങളിൽ
മാഞ്ഞു മാഞ്ഞു പോവാനാണ്
മറഞ്ഞേ പോവാനാണ് .


5. അളവുകൾ

കൃത്യമായോരളവിൽ
തിട്ടപ്പെടുത്തിയതാണ്
പെൺകാലുകൾക്കിടക്കുള്ള
അകലം
അക്ഷാംശ രേഖാംശങ്ങൾ
ഒന്നിനുമീതെ ഒന്നൊന്നു
കയറ്റിവെക്കുകിൽ
പഴകിയ കണ്ണുകളിൽ
കാഴ്ച കടുത്ത്
കൂവും:
"അഹങ്കാരി"
അല്പമൊന്നകത്തി വച്ചിരുന്നാൽ
അമ്മക്കൺകൾ
പിച്ചിപറിക്കും
പിറുപിറുക്കും
ആയാസത്തിൽ ഒന്നാട്ടുക വയ്യ....
ചമ്രത്തിൽ നിന്നൊന്നു
പിറകിലേക്ക്
മടക്കുകിൽ ബലിക്കാലത്രെ
പെണ്ണായിരിക്കയാൽ,
അരുതായ്കയാൽ തന്നെയാവണം
അമർത്തിച്ചവുട്ടിയും
ഒച്ചയുണ്ടാക്കിയും
ഒറ്റക്കാലിൽ ച്ചാടിച്ചാടി
ദൂരമളന്നും
കട്ടിലിന്നരുകിലെ
തുറന്ന ജനലിലെ
ലോഹത്തകിടിലേക്ക്
കാലുകളെ കുത്തനെ ചാരിവച്ച്
ഒരു പ്രതിഷേധകാലം മുഴുവൻ
കൌമാരമായത്
തുടർച്ചയെന്നോണം
ഭോഗത്തിനായല്ലാതെ
തീർത്തും നഗ്നമായി
കാലകത്തി മലർന്നുകിടക്കുന്നോരുത്തിയെ,
അവളുടെ തിരശ്ചീന ആകാശങ്ങളെ
പകർത്തുന്ന
എണ്ണഛായാചിത്രങ്ങളോട്
എനിക്കിത്തരം
ഉന്മാദങ്ങൾ


Followers