മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, November 25, 2013

മനോജ് മേനോന്‍ സാഹിത്യവേദിയില്‍

|1 comments
പ്രിയപ്പെട്ട അക്ഷര സ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ഡിസംബര്‍ മാസം ആദ്യ ഞായറാഴ്ച (01/12/2013) യുവ കവി ശ്രീ മനോജ് മേനോന്‍ കവിതകള്‍ അവതരിപ്പിക്കും. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും.

ചര്‍ച്ചാപരിപാടിയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്ഥലം: മാട്ടുംഗ കേരള സമാജ് ഹാള്‍
തിയതി: ഡിസംബര്‍ 01, 2013. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി.


സസ്‌നേഹം
സന്തോഷ് പല്ലശ്ശന,
കണ്‍വീനര്‍, സാഹിത്യവേദി,
മുംബൈ
 

നോട്ട്: പരിപാടി കൃത്യം 6 മണിക്കുതന്നെ തുടങ്ങുന്നതായിരിക്കും.ബഹുമാന്യ സുഹൃത്തുക്കള്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കുക


മനോജ് മേനോന്‍
സ്വന്തം കൈയ്യൊപ്പുള്ള ബിംബങ്ങളും നവീനമായ കാവ്യഭാഷയും കൊണ്ട് സംമ്പന്നമാണ് മനോജിന്റെ കവിതകള്‍. ലളിതമായ വാഗ്മയങ്ങള്‍കൊണ്ട് ഗഹനമായ പ്രമേയങ്ങളെ കാവ്യസാന്ദ്രമായി അവതരിപ്പിക്കുന്നതിലാണ് മനോജിന്റെ വിജയം. സ്വന്തം ബ്ലോഗിലും, മലയാളത്തിലെ ഏറ്റവും മികച്ച കാവ്യ ജാലികയായ 'ഹരിതകത്തിലും' മനോജിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രഥമ കവിതാ സമാഹാരം 'മരിച്ചവര്‍ കൊണ്ടുപോകുന്നത്' 2012 ല്‍ പായല്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ മുംബൈയ് സാംസ്‌കാരിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ മനോജ് നഗരത്തിലെ കാവ്യ സദസ്സുകളിലെ സജീവ സാന്നിദ്ധ്യമാണ്. സ്വദേശം പൊന്നാനി, മലപ്പുറം ജില്ല. ഇപ്പോള്‍ മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി.
ഇമെയില്‍: menoncmanoj@gmail.com
ബ്ലോഗ്: http://thonnyaksharagal.blogspot.com/ 

മനോജ് സാഹിത്യവേദിയില്‍ അവതരിപ്പിക്കുന്ന കവിതകള്‍


ബ്രേക്കിംഗ് ന്യൂസ്

നന്നേ രാവിലെ
സ്‌കൂളിലേക്കുള്ള വഴിയില്‍
ഒരു കുഞ്ഞു മഴ
വിതുമ്പിക്കരയുന്നു.

ഇന്നലെ രാവോളം
തോരാതെ തല തല്ലി
കരഞ്ഞൊടുങ്ങിയ
അമ്മമഴയെ തേടി
ഇറങ്ങിയതാവണം.

കരിവീട്ടികള്‍ക്കപ്പുറം
തൂവാക്കൊടിച്ചികള്‍ക്കിടയിലൂടെ
ഒരു കാറ്റ് അവളെ
നോട്ടമിട്ടു കഴിഞ്ഞു.

നാളെ
ഏതു പൊന്തയില്‍ നിന്ന്
ഏതു നിലയില്‍
കണ്ടെത്തിയെന്ന്
ഏതു ചാനലാവും
ആദ്യം റിപ്പോര്‍ട്ട് ചെയ്യുക?

പുലിജന്മം
ആദ്യം കണ്ണില്‍ പെട്ടത്
മരങ്ങളാണ്
അവ കൂട്ടത്തോടെ
ചുരമിറങ്ങുന്നു

പിന്നെ കണ്ടു
കാട്ടാനകളെ,
കുടുംബ, കുട്ടി,
പ്രാരാബ്ദങ്ങളോടൊപ്പം
പുഴ മുറിക്കുന്നു

പിന്നീടറിഞ്ഞു
പാമ്പുകല്‍ മാളങ്ങള്‍ വിട്ടത്
പക്ഷികള്‍  ചേക്കൊഴിഞ്ഞത്
മുയല്‍, മാല്‍,പന്നി, കുറുക്കന്‍.... ......
ഓരോന്നും
അപ്രത്യക്ഷപ്പെട്ടത്

ഗതിക്കെട്ടപ്പോല്‍ തിന്നാന്
പുല്ലുപോലും കിട്ടാതായപ്പോള്‍
കാടിറങ്ങി

കണ്ട വഴിയിലൂടെയെല്ലാം
മണ്ടി
തടസ്സങ്ങളെ
എടുത്തു ചാടി
വായില് കിട്ടിയതിനെയൊക്കെ
കടിച്ചു

കാഴ്ച മങ്ങി
കാലു കഴച്ചു
ചോര തുപ്പി
മലര്ന്നടിച്ചു 

ഉന്നം തെറ്റാതെ
മണ്ടക്കടിച്ചോനെ
തോളത്തേറ്റി
നാട് അര്‍മാദിക്കുന്നു
'ഡാ നീയാള് പുലിയാടാ'

ചേരയും ചെമ്പരത്തിയും

വേലിക്കലെ ചെമ്പരത്തിയും
മുളങ്കാട്ടിലെചേരയും
എപ്പോള്‍, എങ്ങിനെ,
എന്നൊന്നുമറിയില്ല
പ്രണയത്തിലായിരുന്നു..

കരിയിലകള്‍േപോലും
ഉച്ചമയക്കത്തിലേക്കാഴുമ്പോള്‍
ചെമ്പരത്തി
ഇതളുകള്‍ ഒന്ന് കൂടെ വിടര്‍ത്തും
ചേര,
പൊത്തില്‍ നിന്നും
പുറത്തേയ്ക്ക് തല നീട്ടും

മെലിഞ്ഞ അരക്കെട്ടില്‍
പറ്റി പിടിച്ചങ്ങനെ
അവന്‍ കിടക്കവേ
അവളുടെ
എല്ലാ ഇലകളും
എഴുന്നേറ്റ് നില്ക്കും
ചോന്ന പൂ കൊണ്ട്
കവിളത്ത് തലോടും

മാപ്ലടെ പറമ്പില്‍ നിന്നും
മണപ്പാട്ടെ പറമ്പിലേക്കുള്ള
ഓട്ടത്തിനിടയില്‍
കീരിയാണത് കണ്ടു പിടിച്ചത്

മുവാണ്ടന്‍
മാവിന്റെ തുന്നാര കൊമ്പത്ത്
മയക്കത്തിലായിരുന്ന കാറ്റിനെ
എങ്ങനെയോക്കയോ
വിളിച്ചുണര്‍ത്തി വാര്‍ത്ത കൈമാറി

കാറ്റ് ,കരിയിലകളോട്
കരിയിലകള്‍ അടക്കാക്കിളികളോട്
അടക്കാക്കിളികള്‍, നീരോലിപൂക്കളോട്
നീരോലി പൂക്കള്‍, ചിറ്റാമൃത് വള്ളികളോട്
.......................
.......... ...................
വേലിയോട്
.............. ..............
.................
മുളങ്കാടിനോട് .
............... .

പിറ്റെ ദിവസം
സുബഹിക്ക് പോകുന്ന
മൊയ്ല്ല്യാരാണ് കണ്ടത്
തല്ലു കൊണ്ട് ചതഞ്ഞ് ,
ചത്ത നിലയില്‍,
ചേരയെ,

അമ്പലത്തിലേക്കുള്ള വഴിയെ
പൂജാരിയാണ് കണ്ടത്
വേരറുത്ത് നുറുക്കിയ നിലയില്‍
ചെമ്പരത്തിയെ....

അമ്മുക്കുട്ടിയും മഴയും
അമ്മുക്കുട്ടി
കാലേ തന്നെ ഉണര്‍ന്നു

മഴയും

അമ്മുക്കുട്ടി
പുത്തന്‍ മണമുള്ള
കുഞ്ഞുടുപ്പിട്ടു

മഴ
ഈറന്‍ ഉണങ്ങാത്ത
വെയിലുടുപ്പിട്ടു

അമ്മുക്കുട്ടി
ഏറെ ചന്തമുള്ള
പുള്ളിക്കുട ചൂടി

മഴ
എന്നോ തുളവീണ
തുള്ളിക്കുട നിവര്‍ത്തി

അമ്മുക്കുട്ടി
സ്‌കൂള്‍ മുറ്റത്തെ
മാവിന്‍ ചോട്ടിലെത്തി,
ചുറ്റും അമ്പരപ്പോടെ
നോക്കി,

മഴയും

അമ്മുക്കുട്ടി
ഒന്നാം ക്ലാസ്സിലെ
ഒന്നാം ബെഞ്ചിലിരുന്നു
'അമ്മേ കാണന്നേ'ന്ന്
വിതുമ്പാന്‍ തുടങ്ങി

മഴ
ക്ലാസിനു വെളിയിലെ
ചവിട്ട് പടിക്കല്‍ നിന്നു
'എനിക്കും അമ്മുക്കുട്ടിക്കൊപ്പം
പഠിച്ചണേ' ന്ന്
കരയാന്‍ തുടങ്ങി

ദൂരെ നിന്ന്
ടീച്ചറുടെ വെട്ടം കണ്ടതും
അമ്മുക്കുട്ടിയുടെ
കരച്ചില്‍ നിന്നു

മഴ
അക്ഷരങ്ങളിലേക്ക്
ആര്‍ത്തിയോടെ  നോക്കി
പിന്നേയും
കരഞ്ഞുകൊണ്ടേയിരുന്നു.

മരവിധി
വിധിയ്ക്ക് കാത്തിരിയ്ക്കുന്ന
വിചാരണ തടവുക്കാരാണ്,
ഓരോ മരങ്ങളും.

ശിക്ഷ നടപ്പാക്കുന്നതിന്,
രണ്ടുനാള്‍ മുമ്പേ മാത്രം
ഉന്നയിക്കപ്പെട്ടതൊക്കെ
തെളിയിക്കപ്പെടുന്നവര്‍.

ഹൈവേയ്ക്ക് ഓരം
ചേര്‍ന്ന്,
പന്തലിച്ചു വെന്നോ

വീട്ടുത്തറയ്ക്ക്
വിലങ്ങു തടിയായ്
നിലകൊണ്ടു വെന്നോ

പഴക്കവും അതിലേറേ
കാതലും
ഉണ്ടായി എന്നോ

വികസനത്തിന്
തടസ്സം നിലക്കുന്ന
മൂരാച്ചികള്‍ എന്നോ
ഒക്കെ ആവാം
ആരോപിക്കപ്പെടുന്ന
കുറ്റങ്ങള്‍

ഇനിയും ചിലരുണ്ട്
മോവോയിസ്റ്റ് ബന്ധം
ചാര്‍ത്തി, പ്രതിചേര്‍ക്കപ്പെടുന്ന
പാവങ്ങള്‍

ഇവരാണ്,
സ്വത്വബോധം
നശീകരണം ചെയ്യപ്പെട്ട്
ഫര്‍ണീച്ചറുകളും
കരകൗശല വസ്തുക്കളുമായ്
വിപണിയിലെത്തപ്പെടുന്നവര്‍
പല ദിക്കിലേയ്ക്ക്
പലായനം ചെയ്യപ്പെടുന്നവര്‍

ഇങ്ങനെയൊക്കെ ആണെങ്കിലും
ഒരു മരവും
കൊലക്കയറും കോടാലിയും
സ്വപ്നം കണ്ട്,
ഞെട്ടിയുണരാറില്ല,

ഒരു മരവും ഇന്നേ വരെ
അത്മഹത്യയ്ക്ക് ശ്രമിച്ചതായ്
റിപ്പോര്‍ട്ട്
ചെയ്യപെട്ടിട്ടുമില്ല

ഒന്ന്
കൊടുങ്ങലൂര്‍,ചോറ്റാനിക്കര,
കാടാമ്പുഴ, ചക്കുളത്ത്...
പേരുകള്‍  പലതായിരിക്കാം
എല്ലാം 'ഒന്ന്' തന്നെ

പറവൂര്‍, കവിയൂര്‍, കിളിരൂര്‍ , സൂര്യനെല്ലി...
മുമ്പ് പറഞ്ഞില്ലേ
പേരുകള്‍ പലതായിരിക്കാം
എല്ലാം 'ഒന്ന്' തന്നെ

ആകയാല്‍ സ്‌നേഹിതാ...........
ഒടുക്കം,
എനിക്ക് ബോധോദയം ഉണ്ടായപ്പോഴേക്കും
കാടുകളെല്ലാം വെളുത്തിരുന്നു
പുഴകളെല്ലാം വരണ്ടിരുന്നു
കുന്നുകളെല്ലാം ഇടിഞ്ഞിരുന്നു
മഴയും വെയിലും തീറെഴുതപ്പെട്ടിരുന്നു
വയലുകളും പറമ്പുകളും നികത്തപ്പെട്ടിരുന്നു

ആകയാല്‍ സ്‌നേഹിതാ,
ഞാന്‍, കാറ്റിനെ കുപ്പിയില്‍ നിറച്ച്
'പരിശുദ്ധം' എന്ന ലേബല്‍ ഒട്ടിച്ചും,
ആകാശത്തെ കഷണങ്ങളായ് മുറിച്ച്
'സുരക്ഷിതം' എന്ന് പരസ്യം ചെയ്തും
ജീവിക്കാന്‍ തുടങ്ങി ....


Followers