മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, May 20, 2019

ജൂൺ മാസ സാഹിത്യ ചർച്ച







ഉഴവൂർ ശശിയുടെ കവിതകൾ


ഏകലവ്യൻ

(ന സ തം പ്രതിജഗ്രാഹ
നൈഷാദിരിതി ചിന്തയൻ
ശിഷ്യം ധനുഷി ധർമ്മ
ജ്ഞസ്തേഷാ
മേവാന്വവേഷയാ ★ (മഹാഭാരതം ആദിപർവ്വം അദ്ധ്യായം 132 ശ്ളോകം 32 )
(സാരം:- മറ്റു ശിഷ്യന്മാരുടെ ഹിതം നോക്കിയും അവൻ നിഷാദനാണെന്നു
ചിന്തിച്ചും ധർമ്മജ്ഞനായ ദ്രോണർ അവനെ (ഏകലവ്യനെ )
ശിഷ്യനായി
സ്വീകരിക്കു കയുണ്ടായില്ല)

* ഹിരണ്യധനുസ്സെന്ന നിഷാദരാജാവിന്റെ പുത്രൻ ഏകലവ്യൻ.


ഏകലവ്യൻ


(കവിത)

തൊടുത്തതതേ വിരല്‍
നമിക്കാൻ ഗുരുവിനെ  കൂപ്പിയതതേ കരം  എടുക്കാം , മഹാഗുരോ.
എനിക്കു തൊടുക്കുവാൻ മനസ്സില്‍ പിതൃചാപം
പറത്താൻ വിരലലോ  ശരത്തിൻ  മദവേഗം
ആട്ടിയോടിക്കുമ്പോഴും
അറിഞ്ഞു  പ്രതിഭതൻ
മൂർച്ചയിൽ തളിർക്കുന്ന
വില്ലിന്റെ മഹാവൃക്ഷം
എടുത്തുപോന്നീക്കാട്ടിൽ
തുടർന്നു നിഷാദന്റെ
ഒടുങ്ങാത്തതാം തൃഷ്ണ
അമ്പിന്റെ വമ്പും വീറും.
അറിയാം , എനിക്കെന്റെ വിധിയും വിഹിതവും
അറിയാം ദളിതന്റെ
അന്നവും കൊലച്ചോറും
ജ്ഞാനത്തിൽ പഴുപ്പിച്ച
ഞാണൊലി പ്രതിധ്വനി
അധികാരത്തില്‍ , ഗുരോ വിദ്യകൾ തൃണമെന്നും
വെളുത്ത ഗർവ്വങ്ങളിൽ ഗുരുത്വം ,പിണമെന്നും
പറഞ്ഞുകേട്ടിട്ടുണ്ട് !
എനിക്കും അതേ ഗതി
സമർത്ഥൻ അവൻ ശിഷ്യൻ സവ്യസാചിയാണവൻ.
അവനുമുന്നിൽ
' ഞാനോ
കർണ്ണനോ ..? '  സഹിക്കില്ല :
ഇന്ദ്രന്റെ രണനീതി,
എനിക്ക് തിട്ടം പോരാ
നേരിന്റെ ബാണങ്ങളെൻ
പോരുകൾ പോരായ്മയും
നീയല്ല, പ്രതിമയെന്നറിയാം .
പഠിക്കുമ്പോള്‍
ഞാനറിഞ്ഞതാണന്നേ
വിരലിൻ നിണപർവ്വം.
അറിഞ്ഞു വരിക്കുന്ന
ദുരന്തം അറിവെന്നു
പറഞ്ഞതെന്നാണമ്മ
ഒാർമ്മകൾ പിഴയ്ക്കുന്നു.
'കാടനു വിദ്യയെന്നോ ? '
ചിരിച്ചു ,ബുധജനം
ഏകനായ് നടന്നവൻ
വിൽപ്പിടി ഉറപ്പിച്ച് .
ആരാണ് ഗുരുവെന്ന്
ആരുമേ അറിഞ്ഞില്ല
കാലമാണല്ലോ നമ്മെ യൊറ്റുന്ന ജാലക്കാരൻ.
ശരവേഗങ്ങൾക്കൊപ്പം
ചരിക്കും സ്വധർമ്മങ്ങൾ
കാട്ടിലേമൃഗയയിൽ
സാരമേയത്തിൻ വായിൽ ചേര്‍ത്തത്
എതിർപ്പിന്റെ സപ്തസായകങ്ങളെ.
വരവുണ്ടറിഞ്ഞു ഞാന്‍
ശിഷ്യധിക്കാരത്തിന്റെ
കടയിൽ ശാപത്തിന്റെ
വീതുളി വീഴിക്കുവാൻ.
നിനവിൽ മുറിച്ചതെൻ ശിരസ്സുതന്നെയാണ്
പൊതിഞ്ഞുകൊടുത്തതോ
രുധിരപ്പെരുവിരൽ .
അറുത്തുകൊടുക്കുമ്പോൾ
പിഴച്ചതില്ലായുന്നം
ഗുരുവിൻ സ്മരണയിൽ
ലക്ഷ്യമെൻ മനം ദൃഢം .
തോറ്റതല്ലറിഞ്ഞപ്പോൾ
 അർജ്ജുനൻ
 നടുങ്ങിപ്പോയ് .
വാക്കിലെ ചോരപ്പാടിൽ
ഗുരുത്വം തളംകെട്ടി .
എടുത്തതില്ലാ ഗുരു
വിരലും ,ശിഷ്യപ്രേമോം
എടുക്കാനാവത്തതാം
വിരലിൻ ഗുരുത്വവും .
കഴിഞ്ഞൂ , ഏകലവ്യൻ
ബ്രാഹ്മണ്യം ചിരിക്കുമ്പോൾ ,
തുടങ്ങീ ഞങ്ങളെന്ന്
കാട്ടാറു കഥിക്കുന്നു.
തുരുമ്പിക്കാത്തയസ്ത്രം
കൈകളിലെടുപ്പതും
തൊടുക്കുന്നതും  മനസ്സത്രയും
വിരലാക്കി .

ഏകലവ്യനാരെന്ന മൊഴിക്കു മറുമൊഴി .....

'ഏകലവ്യനീക്കാട്ടിൻ
മലകൾ തടിനികൾ
മോഹവായ്പ്പുകൾ
പൂക്കും കാട്ടുചെമ്പകപ്പൂക്കൾ
അറിവിൻ ആദ്യക്ഷരം
മുറിക്കും കൂരമ്പിന്റെ
വാനനീതിയിൽ
ചിരം ജയിക്കും
വിദ്യാതൃഷ്ണ .'




മതിലിനിപ്പുറം



മതിലിനപ്പുറം ആരൊക്കെ എന്നതാ
ണവർ മുഴക്കുന്ന ഗംഭീരമാം മൊഴി
മതിലിനിപ്പുറം
അമ്മയും ചേച്ചിയും
അരുമയാം സഖി
ഓപ്പോളുമോർമ്മയും

സ്മൃതി വളർത്തിയ
പ്രാവിൻ കുറുകലും
കരുതലാവു
മരിവാൾ മുനകളും
ഇളകിയാടും ചിലങ്കതൻ നാദവും
കിരുകിരുക്കുന്ന റാട്ടിന്റെ താളവും

അരങ്ങിലേക്കുതുറ
ക്കുമടുക്കള
എറിഞ്ഞു കാട്ടിൽ കളഞ്ഞ കാൽചങ്ങല
അമൃതകുംഭം മറയ്ക്കും കവചവും
പൊരുതിനേടിയ
പൂമുഖത്തൂൺതുണ.

മതിലിനിപ്പുറം
കല്ലും കവണയും
കരളുകൊത്തുന്ന
തീയും കരുതലും
വിധിയെഴുതുന്ന
 തൂലികത്തുമ്പുകൾ
മുനപഴുപ്പിച്ച
രക്ഷാകവചങ്ങൾ.

അവളെഴുതിയ സീതായനങ്ങളിൽ
ചോദ്യമായി തൊടുക്കും
തുടിപ്പുകൾ
മതിലിനിപ്പുറം
സ്മാർത്തവിചാരണ
അഹമഹമെന്ന
ആണിൻ പുളപ്പുകൾ

തെരുവിലട്ടിയായ്
വിൽക്കുന്ന മാനങ്ങൾ
നിലവിളിക്കുന്ന
ആത്മപ്രഹർഷങ്ങൾ
കവിതയായി പതിച്ച
മഴുമുന
കഥകളാവും
മതിലിലെ കാഴ്ചകൾ

ചതുരുപായത്തിലുന്തും
കാലാളുകൾ
പൊരുതിനേടിയതത്രയും
പെണ്ണിന്റെ
പുതിയ ശക്തികൾ
 വാക്കിൻ കനലുകൾ
വൻമതിലുകൾ
മുത്തശ്ശി മുകിലുകൾ

ഇവരൊടുക്കത്തെ
സഹനപർവ്വങ്ങളെ
പണികയാണാ
തകരാത്ത കോട്ടയിൽ
മലകളായി ചവിട്ടി കുതിക്കുവോർ
ഹൃദയമായി
ചുവപ്പിച്ചു കാക്കുവോർ.

 മനസ്സിലത്രയും കാനനനേരുകൾ
കവിതയാക്കി ചമച്ചേ വരുന്നവർ
തളരുകില്ലവർ കന്മദം
തോറ്റിയോർ മുലയറുത്തവർ
നേരിൽ കിളിർത്തവർ

ഇവര്‍ വരുമ്പോൾ
പുരങ്ങളെരിഞ്ഞിടും
കാൽത്തളകളിൽ
യുഗസന്ധ്യ പൂത്തിടും 
പുലരിസൂര്യൻ
രചിച്ചിടും കൈരളി
പെണ്ണിനാർത്തവ
ചെന്നിണച്ചോപ്പിനാൽ ...



കള്ളത്തിരുമാലികൾ



നിന്നോടുപറഞ്ഞതത്രയും
ഹിതം തന്നെ ...
അഹിതം , അവളോടുമാത്രം.
നിന്നോടു കൊഞ്ചുമ്പോൾ
ഞങ്ങളുടെ കുട്ടികള്‍ നിലവിളിക്കുകയായിരുന്നു.
മുറ്റത്തു
വീണുപൊട്ടിയ പാത്രങ്ങൾ
തൂത്തുവാരി  ,
പൊങ്ങാത്ത കാലുകള്‍
വലിച്ചു വലിച്ച്
എനിക്ക് വെള്ളം അനത്തുകയായിരുന്നു.
അവളപ്പോൾ.
കുളിമുറി വഴുകാതെ കഴുകുകയായിരുന്നു.
ചെകിടിൽ പതിച്ച
കൈപ്പാടുകളെ
അഴിച്ചെടുത്ത്
ഉപ്പുവെള്ളത്തിൽ മുക്കുകയായിരുന്നു.
മുഷിഞ്ഞ
മാക്സി തോർത്തുകൊണ്ട് തുടയ്ക്കുകയായിരുന്നു.
എന്റെ ഗൗരവത്തിലേക്ക്
മൗനത്തിലേക്ക്
മീൻകറിയും
ചോറും
ഉള്ളിത്തോരനും
നീക്കി വെച്ച് ചിരിയാൽ മെഴുക്കുപുരട്ടുകയായിരുന്നു.
നിന്റെ ക്യൂട്ടക്സ് അടർന്നതിൽ വേവലാതിപ്പെട്ട എന്നെ വരവീണകൈകൊണ്ട് തഴുകിത്തഴുകി
ഉടൽ വെക്ക കെട്ട് അവള്‍ ഉറങ്ങിയപ്പോൾ
നിന്റെ
ചെരിഞ്ഞുകിടപ്പിന്റെ , അടിവയറിന്റെ ,
 തത്സമയ ചിത്രങ്ങള്‍  ചോദിച്ച്
ഞാന്‍ വിരഹനാടകം
ആദ്യയങ്കം
രംഗത്തെടുത്തലക്കി .
ചാറ്റിച്ചാറ്റി
ജനൽപടിയിലുറങ്ങിയ
എന്നെ പുതപ്പായി
അവള്‍ പുതച്ചുറങ്ങി
അതിരാവിലെ
വെള്ളം പിടിച്ച്
മുറി അടിച്ച്
ചപ്പാത്തിയും
കുറുമയും ഉണ്ടാക്കി
കുട്ടികളെ ഒരുക്കി
ടിഫിൻ നിറച്ച്
ചുരിദാറിട്ട്
ചുന്നി മടക്കി
ബാഗില്‍ വെച്ച്
അടുക്കള അടച്ച്
ബ്രേക്ക് ഫാസ്റ്റ്
മേശയിൽ അടച്ചുവെച്ച്  8.45 ന്റെ 'സംഗീത 'പിടിക്കാന്‍
വേദനയുടെ നടപ്പുവേഗമായി
അവള്‍ പോകുമ്പോള്‍
ഞാന്‍ ഓഫീസില്‍  കള്ളക്കഥകൊണ്ട്
അവധി അപേക്ഷ കൊടുത്ത് രണ്ടാം പുലരിച്ചാറ്റ് തുടങ്ങി .
നിന്റെ ചേട്ടനപ്പോള്‍ ആസ്മയുടെ കുറുകലും
 കഫവും തുപ്പി
കുട്ടികളെ സൈക്കളിലിരുത്തി
അവരുടെ സ്ക്കൂളിലേക്കും
അയാളുടെ തൊഴിലുറപ്പിടത്തേക്കും
മയിൽ വാഹനം ചവിട്ടി ..
ഞാന്‍ നിന്നെ ഈളയും വീട്ടുചൊരുക്കും
ചേര്‍ത്ത് വിളിച്ചു ..
കള്ളീ..
നീയോ ഉടൽമുറുക്കങ്ങളും
അക്കമഞ്ഞയും
ചേർത്ത് വിളിച്ചു ..
കള്ളാ...
അങ്ങനെ
അങ്ങനെ ......
ഉച്ചയായി
വെയിൽ മാഞ്ഞു
സന്ധ്യവളർന്നു..
ആവർത്തനത്തിന്റെ
അഹിതം
ഹിതമാക്കി
കൂടണയും
വീട്ടിലെ കൂട്ടുകളേ
എത്ര വലിയ
നുണമരം
ഒളിപ്പിച്ചാണ് നാം
സത്യങ്ങളെ
കുടഞ്ഞുകളയുന്നത്...?

മിന്നാമിനുങ്ങ്




വാൽ തുമ്പിൽ ഒരു തരി
വെളിച്ചവുമായാണ്
പറന്നിറങ്ങിയത്...
പ്രകാശത്തിന്റെ
മഹാസമുദ്രമെന്ന
പ്രതീക്ഷയിൽ
       
എന്റെ ഇത്തിരി വെട്ടം
അധികപ്പറ്റാവുമെന്ന
വേവലാതിപ്പെട്ടു...

ഒരൊറ്റനക്ഷത്രം
വഴിതെറ്റിവന്നതിനെ
താൻ പോരുമയുടെ
ആന്ധ്യം ചൂഴ്ന്നുനിന്നു

വലിയ തമോഗർത്തങ്ങളിൽ തട്ടി
ചിറകുമുറിയുമ്പോഴും
വഴിതെറ്റിവന്ന ആ  ഉഡു
അടയാളം വെച്ച് പിച്ച നടന്നു...
അന്ധകാരനാഴി ഞങ്ങള്‍ക്ക്
താണ്ടാതിരിക്കാമായിരുന്നു...
എന്തോ ഞാന്‍ വെളിച്ചം ഓളപ്പാത്തിയിൽ തൂവി
ജലസമാധി സ്വപ്നം കണ്ടു
ഒറ്റനക്ഷത്രം രാവേറെയായ
പ്പോൾ കാലത്തിന്റെ
പാലത്തിലൂടെ
ഓളപ്പാത്തിയിലെത്തി
ഒളിപ്പിച്ചു വെച്ച ഇത്തിരി
വെട്ടം അവിടെ..

എടുത്ത് പറന്നുയരുക...

എനിക്ക് ഇനിയും
വെളിച്ചപ്പൊട്ടുകളൂതി
യജ്ഞവേദി
ജ്യോതിർമയമാക്കാനാവും

അനന്തമായ ചാക്രീകതയുടെ
തുടരെഴുത്താവുന്നു ഞാന്‍

*******************



0 comments:

Followers