മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Wednesday, September 28, 2016

ഒക്ടോബർമാസ സാഹിത്യ ചർച്ച







ഒരു പെണ്ണ് എഴുതുന്നത്
By ശീതൾ ബാലകൃഷ്ണൻ
ബുള്ളറ്റ് സ്റ്റണ്ട്നടത്തണമെന്നൊന്നും പറയുന്നില്ല,
പക്ഷേ പിൻ സീറ്റ് മാത്രമേ എനിക്കുള്ളൂ എന്ന് പറയരുത്.
നിന്നെ പിന്നിൽ പതിയെ പിന്തുടരുന്നതിൽ എനിക്ക് വിരോധമില്ല,ഒറ്റവഴി തീരെ ചെറുതാണെങ്കിൽ മാത്രം.
നിന്റെ ശരീരത്തിനു തന്നെ ബലം,പക്ഷെ എന്റെ ആത്മാവിനു ബലമില്ലെന്നു പറയരുത്.
നിനക്ക് ചോറ് വിളമ്പിത്തരില്ലെന്ന് ഞാൻ പറയില്ല,നീ നിന്റെ പാത്രം കഴുകില്ലെന്ന് മാത്രം പറയരുത്.
നീ എന്നെ അമ്പലത്തിൽ കയറ്റാതിരുന്നോളൂ,പക്ഷെ നീ എന്നെക്കാളും ശുദ്ധനെന്നു മാത്രം പറയരുത്.
ഞാൻ നിനക്ക് വേണ്ടി സാരിയണിയുമായിരിക്കും,പക്ഷേ ബിക്കിനിയിട്ടാൽ ബലാത്സംഗിച്ചു കളയാമെന്ന് വിചാരിച്ചേക്കരുത്.
നീ ജോലി ചെയ്തു തളർന്നിരിക്കാം,പക്ഷെ എന്റെ ചട്ടുകം പിടിച്ച കയ്യിലെ തഴമ്പ് കാണാതിരിക്കരുത്.
നീയ്യെന്നെ പെങ്ങളായി തന്നെ കാണണമെന്നില്ല,പക്ഷെ സുഹൃത്തുക്കളില്ലാത്ത നിന്നോട് എന്ത് പറയാൻ.
മുലയൂട്ടില്ലെന്നെന്നൊന്നും പറയില്ല ഞാൻ,പറയാതെ കുഞ്ഞിന്റെ ഉടുപ്പ് നീ മാറ്റുമെങ്കിൽ.
നിന്റെ സിക്സ്പ്പായ്ക്കും സെക്സ്പ്പിക്കും ആർക്കു വേണം,നെഞ്ചിൽ അലയടിക്കുന്ന സ്നേഹമില്ലെങ്കിൽ.
ബസ്സിൽ എനിക്ക് പ്രത്യേക സീറ്റൊന്നും വേണ്ട,പൊട്ടാൻ തയ്യറായി നിൽക്കുന്ന നിന്റെ ഞരമ്പ് വീട്ടിൽ വച്ചിട്ട് വന്നാൽ.
ദേവിയായിട്ടൊന്നും കാണണ്ട പൊന്നേ,ദേഹമായി മാത്രം കാണാതിരുന്നാൽ മതി.
പിടിക്കോഴിയെ കൂവ്വിക്കണമെന്നൊന്നും ഇല്ല,അല്ലെങ്കിൽ തന്നെ പിടിപ്പത് പണിയുണ്ട്.
കൊടുമുടി കീഴടക്കിയതും ബഹിരാകാശം ജയിച്ചതൊന്നും പറയുന്നില്ല,അതിൽ എന്താ ഇത്ര പറയാൻ.
ആർത്തിപ്പൂണ്ട് നീ എന്നെ നയനഭോഗം ചെയ്യുമ്പോൾ,ആക്രാന്തവുമായി മകൻ നിന്റെ പിന്നാലെ ഉണ്ടെന്ന് മാത്രം ഓർക്കുക.
നിന്റെ തലയ്ക്കു മുകളിലിരിക്കുന്നമെന്നില്ല എനിക്ക്,കൂടെയിരിക്കാനാണ് ആഗ്രഹം, വിവാഹ പന്തലിലെന്ന പോലെ.
നീ പ്രസവിക്കണമെന്ന് ഞാൻ പറയില്ല,പക്ഷെ മക്കളുടെ മൂക്കിള തുടയ്ക്കില്ലെന്ന് പറയരുത്.
അടുക്കള എന്റെ മാത്രം തടവറയാണ്,നീ പനി പൂണ്ട് വിറയാർന്നു കിടക്കുന്ന നാളുകളിൽ മാത്രം.
എന്റെ തോളുകൾ നിനക്കു തന്നെ,നിന്റെ തോളുകൾ എനിക്കുള്ളപ്പോൾ.
ഇതൊക്കെ ചോദിച്ച് വാങ്ങുന്നത്,അറിഞ്ഞ് തരാൻ നിനക്ക് നാണമില്ലാതെ പോവുമ്പോഴാണ്, ക്ഷമിക്കുക.


2)
മൂന്നാമതൊരാൾ
By Sheethal Balakrishnan
അമ്മ അങ്ങിനെയാണ് വിളിച്ചപ്പോൾ പറഞ്ഞത്.
ക്രൂരമായ ഏകാന്തതയിൽ,ദേഹാസ്വസ്ഥ്യങ്ങളുടെ അലട്ടലുകൾക്കിടയിൽ,ചത്തു കിടക്കുന്ന ലാൻഡ് ഫോണിന്റെ അരികിൽ,വാർദ്ധക്യത്തിന്റെ സമരസപ്പെടലുകളുടെ ഇടയിൽ,ഊന്നുവടിയായി അച്ഛന്റെ തോളിൽ, മക്കളെയോർത്തിരിക്കുമ്പോൾ,മൂന്നാമതൊരാൾ!

പിക്കു!പിക്കുവെന്ന നായക്കുട്ടി.കഴിഞ്ഞ ശൈത്യകാലാവധിക്ക് നാട്ടിൽ വന്നപ്പോൾ,ഏഴ് വയസ്സുകാരൻ മകനും, പാടത്തേക്കിറങ്ങിയ അച്ഛനും, കിട്ടിയതാണീ മരിക്കാറായ നായക്കുട്ടി.അവൻ അതിനൊരു പേരിട്ടു.ഒരു ഉത്തരേന്ത്യൻ പേര്
പിക്കു.

അവധിക്കാടുവിൽ
തിരക്കിനും തീപ്പിടിപ്പിക്കുന്ന ഭർത്താവിനൊടൊപ്പം എയർപ്പോട്ടിലേക്ക് തിരിക്കുമ്പോൾ,പിക്കു മകന്റെ കാലുകൾ നക്കി തുടച്ചു.സ്നേഹത്തോടെ കാലിടകൾക്കിടയിൽ ഉരുണ്ടു കളിച്ചു.കാർ നീങ്ങിയകലുമ്പോൾ പിക്കുവിന്റെ കലമ്പലും അമ്മയുടെ വിതുമ്പലും.
അമ്മയിപ്പോൾ കൂടുതൽ സംസാരിക്കുന്നത് പിക്കുവിനോടാണ്.അച്ഛന്റെ പാടവിശേഷങ്ങളും,മക്കളുടെ ഫ്ലാറ്റ് വീരവാദങ്ങളും,കനാൽ വെള്ളം വന്നതും,ചീര ഇറുത്തതും,പ്രഷർ കൂടിയതും,മുട്ടിലെ വേദനയും,മയിലിനെ കണ്ടതും,കടുകു കഴിഞ്ഞതും,തനിയെ കരഞ്ഞതും...
പിക്കു ഇപ്പോൾ എന്തു ചെയ്യുകയാവും എന്ന് സ്ക്കൂൾ വിട്ട് വരുമ്പോൾ മകൻ ചോദിച്ചു.ഒരു പക്ഷെ അച്ഛന്റെ കാലിടകൾക്കിടയിൽ പിണഞ്ഞു മറിയുന്നുണ്ടാവും.അമ്മയുടെ സാരിത്തലപ്പിൽ കടിച്ച് ചോറിനായി പിണങ്ങുന്നുണ്ടാവും.അമ്മ പറയുന്നത് പോലെ ഊൺമേശക്കടിയിൽ ഒളിഞ്ഞു നിൽക്കുന്നുണ്ടാവും.വേദനിപ്പിക്കാതെ കടിക്കുന്നുണ്ടാവും.

അല്ലെങ്കിൽ ഉച്ചക്ക്
ഉറങ്ങുന്നുവെന്ന് നടിക്കുന്ന അച്ഛന്റെ ഒപ്പം,അതുമല്ലെങ്കിൽ മാമ്പൂക്കൾ പൂത്തു തുടങ്ങിയ മാവിന്റെ താഴെ,മക്കളെയോർത്ത് അടുത്ത വേനലവധിക്കായി നാളെണ്ണിയിരിക്കുന്ന അമ്മയോടൊപ്പം....


3)

കണ്ടവരുണ്ടോ?
By Sheethal Balakrishnan

കഴിഞ്ഞ ഞായറാഴ്ച എന്റെ പേഴ്‌സ് കളഞ്ഞുപോയി. വീട്ടിനകത്തുനിന്നാണോ അതോ പുറത്തുനിന്നാണോ നഷ്ടമായതെന്ന് ഓർക്കുന്നില്ല. ഒരു കറുത്ത പേഴ്‌സാണ്. അരികുകളിൽ തുകലുകൾ പൊതിഞ്ഞ, പഴയതെങ്കിലും മനോഹരമായ ഒരു പേഴ്‌സ്. എന്റെ പാട്ടിന്‌ സമ്മാനമായി പണ്ട് അച്ഛൻ തന്നത്. ജോലിക്കുപോക്ക് നിർത്തിയശേഷം അപൂർവമായേ ഈ പേഴ്‌സ് പുറത്തേക്ക് എടുക്കാറുണ്ടായിരുന്നുള്ളൂ. അതിൽ ഭർത്താവ് തന്ന ഒരു ക്രെഡിറ്റ് കാർഡും പിന്നെ എന്റെ  ഉപയോഗശൂന്യമായ പഴയ ഒരു ഡെബിറ്റ് കാർഡുമുണ്ട്. പിന്നെ ഞാൻ ഉരുക്കിപ്പെറുക്കി എടുത്തുവെച്ച ഒരു അയ്യായിരത്തിയഞ്ഞൂറു രൂപയും. ആശിച്ച ഒരു കരിമണിമാല വാങ്ങാൻ അദ്ദേഹമറിയാതെ കാത്തുവെച്ചതാണ്. കണ്ടുകിട്ടുന്നവർ ആ പ്ലാസ്റ്റിക്‌ കാർഡുകളും പൈസയും എടുത്തുകൊള്ളുക. പേഴ്‌സിൽ ഉണ്ടായേക്കാവുന്ന പലചരക്കുകടയിലെ ബില്ലുകൾ  ഓടയിലെറിയുക. പക്ഷേ, ശ്രദ്ധിക്കുക: പേഴ്‌സിന്റെ രഹസ്യഅറയിൽ രണ്ടുകാര്യങ്ങളുണ്ട്. ഒന്ന്, എന്റെ അച്ഛന്റെ ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് പടം. എനിക്ക് ഒരു നോക്കിന് ഉയിരും ഉടലും തരുന്ന പടം. രണ്ട്... അത് എന്റെ ഭർത്താവ് വിവാഹത്തിന്റെ ആദ്യനാളുകളിൽ എഴുതിയ മനോഹരമായ പ്രണയലേഖനമാണ്. ഞാനെന്നും വായിക്കാറുള്ള  ഒന്ന്. അത് വായി ക്കുമ്പോൾ കരിമൂടിയ അടുക്കളജനാലയിലൂടെ സൂര്യപ്രകാശം ഊർന്നിറങ്ങും. നെറ്റിയിലെ വിയർപ്പും കണ്ണീരും ഒരുമിച്ചലിയുമ്പോഴും ആ പ്രണയലേഖനം എന്നെ സാന്ത്വനപ്പെടുത്തും. പൂത്തുലഞ്ഞുനിന്ന പണ്ടത്തെ പ്രണയകാലത്തിലേക്ക് ഞാൻ തിരികെപ്പോകും. പ്രണയത്തിന്റെ നീരുറവയ്ക്കായുള്ള എന്റെ കാത്തിരിപ്പിന്റെ ഉയിരാണ് ആ  പഴയ കടലാസുകഷ്ണം. അതെ, പണമെല്ലാം എടുത്തുകൊള്ളുക. ആ കുഞ്ഞുപടവും ആ പഴയ കുറിപ്പും തിരികെനൽകുക. ഉപേക്ഷിക്കരുതേ, ഇത് ഒരു പെണ്ണിന്റെ ആത്മാവിന്റെ ആഴങ്ങളിൽനിന്നുള്ള അപേക്ഷയാണ്.

4)

അയാളും ഞാനും തമ്മിൽ
By ശീതൾ ബാലകൃഷ്ണൻ
എനിക്ക് കണ്ടാൽ കലി കയറും.കുളിമുറിയിൽ നിന്ന് കാല് തുടയ്ക്കാതെ.നനഞ്ഞ തോർത്ത കിടക്കയിൽ എറിഞ്ഞ്.ഒരു ഷർട്ടിന് നൂറു ഷർട്ടുകൾ നിരത്തിയിട്ട്.ധരിച്ച മുണ്ട് മുറിയുടെ മൂലയിലെറിഞ്ഞ്.കുട്ടികളെപ്പോലെ വീടാകെ അലങ്കോലമാക്കി.

ഞാൻ കലിയിറങ്ങുമ്പോൾ.മുറിയൊക്കെ അടിച്ച് തുടച്ച് വൃത്തിയാക്കി.വസ്ത്രങ്ങളൊക്കെ അലക്കി തേച്ച് അടുക്കി.കുളിച്ച് ഈറനായി ഭഗവാന്റെ മുന്നിൽ
ഒരു തിരി തെളിയിക്കും.

അയാൾക്ക് എന്നെ കണ്ടാൽ കനിവൂറും.കുട്ടിയെപ്പോലെ ശകാരം നിന്ന് കേൾക്കും.മുടിയിഴകളിൽ പ്രണയപൂർവ്വം വിരലോടിച്ച്.അലങ്കോലമായ എന്റെ ചിന്തകളെ അടുക്കി.ഒരു പറ്റം പുസ്തകങ്ങളുടെ ഇടയിൽ ഇരുത്തി.കയ്യിലൊരു സിരാവീര്യത്തിന്റെ പേനയും പിടിപ്പിച്ച്
എന്റെ ആത്മാവിലൊരു തിരി തെളിയിക്കും.


അവളുടെ ഒപ്പ് 
By ശീതൾ ബാലകൃഷ്ണൻ
അവൾ കെട്ടിത്തൂങ്ങി മരിച്ചു.ഇന്നാണ് തൂങ്ങിയത്.കവലയിലെ മാവിൽ.ഒരു ചീന്ത് തുണി ദേഹത്തില്ലാതെ.അവൾ കാറ്റത്ത് ആടി നിന്നു.മരത്തിന്റെ കടയ്ക്കൽ
അവൾ ആത്മഹത്യാക്കുറിപ്പ് പതിച്ചു വെച്ചിരുന്നു.ആ കുറിപ്പ് ഇങ്ങിനെ വായിച്ചു.
"മതിയാവോളം കണ്ട ശേഷം
കയർ അറുത്ത് ഇറക്കിയാൽ മതി.ഇനിയും മതിയായില്ലെങ്കിൽ
നഗ്നയായിത്തന്നെ പൊതുദർശനത്തിനു വെയ്ക്കാം.റീത്ത് കൊണ്ട് മൂടരുത്.പിന്നെ ബലാൽസംഗം ചെയ്യേണ്ടവർക്ക്
വരിവരിയായി മോർച്ചറിയിൽ വരാം.എന്നിട്ടും കൊതി തീരാത്തവർ ക്ഷമിക്കുക.കാത്തിരിക്കുക.എത്ര ശവങ്ങൾ വരാനിരിക്കുന്നു.സഹാനുഭൂതിയോടെ.ഒപ്പ്."അവസാനത്തെ അവളുടെ ഒപ്പ്.അവസാനിക്കാത്ത അവളുടെ ഒപ്പ്.


1 comments:

  • റോസാപ്പൂക്കള്‍ says:
    September 29, 2016 at 6:15 PM

    ശീതളിന് ആശംസകള്‍. മുംബെയില്‍ വെച്ച് ഈ എട്ടത്തിയമ്മയെ സന്തോഷ്‌ പരിചയപ്പെടുത്തിയില്ലല്ലോ എന്ന പരിഭവവും

Followers